ആവര്‍ഷം ഇടവപ്പാതി പിറന്നത് നല്ല ആഘോഷമായിട്ടായിരുന്നു....
തുള്ളിക്കൊന്നരക്കുടം പേമാരി.....
മാനത്തെ പടക്കപ്പുരയ്ക്കു തീപിടിച്ചപോലെ ഇടിവെട്ട്...
അതിനെല്ലാം പുറമെ മര്‍ദ്ധം ന്യൂനം എന്നും പറഞ്ഞുവീശുന്ന കാറ്റ്...
എറണാകുളത്തുനിന്നു അപ്പച്ചന്റെ ചേട്ടനും, പെരുംബാവൂരില്‍നിന്നും അമ്മൂമ്മയുടെ നാത്തൂനും, കിഴക്കമ്പലത്തുനിന്ന് അകന്ന ബന്ധത്തിലുള്ള തൊമ്മന്‍ചേട്ടനും ഒന്നിച്ചു വിരുന്നു വന്നപോലുള്ള അവസ്ഥ.
പതിവുപോലെ മഴയും ഇടിയും കാറ്റും തകര്‍ക്കുന്ന ഒരു വൈകുന്നേരം. അപ്പച്ചന്‍ വീട്ടിലില്ലാത്ത സമയം. ഉരുള്‍ പൊട്ടലിന്റെ ഭീഷണിയുള്ള സ്ഥലമായതിനാല്‍ അമ്മ കരയാന്‍ തുടങ്ങി....(അപ്പച്ചനുണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍ പിടിച്ചു നിര്‍ത്തിയിട്ടല്ല...എന്നാലും ഒരു ധൈര്യം...). ചേട്ടന്മാരും ചേച്ചിയും പേടിച്ച് കോറസ്സായ് കരഞ്ഞുതുടങ്ങി....ഞാന്‍ മാത്രം കരഞ്ഞില്ല...എനിക്കു പണ്ടിനാലെ പേടിയെന്താണെന്നറിയില്ല.
ജന്മനാ കലാകാരനായ എനിക്ക് മഴയത്തിറങ്ങി നനയാനും മഴയുടെ സംഗീതം ശ്രവിച്ച് ഇറവെള്ളത്തില്‍ നീന്താനും പിന്നെ ഇടിമിന്നലിനെ തൊട്ടുനോക്കാനുമൊക്കെയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെകൊണ്ട് വടിയെടുപ്പിക്കണ്ട എന്നുകരുതി അടുപ്പിന്‍ചുവട്ടില്‍ തീയും കാഞ്ഞിരിക്കുന്ന സമയത്ത് മുറ്റത്തിന്റെ പടിഞ്ഞാറുവശത്തുനിന്ന ഞാലിപ്പൂവന്‍വാഴ അതിന്റെ മൂപ്പെത്താത്ത കുലയുമായ് നിലംപതിക്കുന്നു......
മനോഹരമായ കാഴ്ച്ച... കുറെ ദിവസങ്ങളായിട്ടു ഞാന്‍ ആ വാഴച്ചുണ്ടില്‍ നിന്നും എങ്ങിനെ തേനെടുക്കാം എന്ന ആലോചനയിലായിരുന്നു...
അമ്മ കരച്ചിലിന്റെ വോള്യം കൂട്ടി...ചേട്ടന്മാരും ചേച്ചിയും അമ്മയോട് അനുഭാവം പ്രകടിപ്പിച്ചു...ഇവര്‍ക്കെല്ലാം എന്താണു പറ്റിയതെന്നറിയാതെ ഞാന്‍ ജനാലയിലൂടെ മഴകണ്ടുനിന്നു...
കാറ്റ്, 'ഇതൊന്നുമല്ല ഇനീമുണ്ട് നമ്പറുകള്‍....' എന്നുപറഞ്ഞ് പൂര്‍വ്വാതികം ശക്തിയോടെ വീശാന്‍ തുടങ്ങി.
ചാക്കോച്ചായീടെ വളപ്പിലെ അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്നിരുന്ന അടയ്ക്കാമരങ്ങള്‍ തലകുനിച്ച് ഭൂമി തൊട്ടുവണങ്ങിയിട്ടും കാറ്റ് വെറുതെവിട്ടില്ല... സി.ഐ.ഡി. മൂസയുടെ കഥകളില്‍ ബോംബുപൊട്ടുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള, "പളാര്‍!!!!....." എന്ന ശബ്ദത്തോടെ രണ്ടെണ്ണം ഒടിഞ്ഞുവീണു.
ഇപ്പ്രാവശ്യം വല്യേട്ടന്‍ കരച്ചില്‍ നിറുത്തി ...ചിരിച്ചു...ഞാനും ചിരിച്ചു..ബാക്കിയെല്ലാവരും കരച്ചില്‍ തുടര്‍ന്നു....
കാറ്റിന്റെ അടുത്ത നടപടി വയ്ക്കോലു മേഞ്ഞ ഞങ്ങളുടെ പാവം പുരയുടെ മേല്‍ക്കൂരയിന്മേലായിരുന്നു....ഒരുവശം കൂളായിട്ടങ്ങുകൊണ്ടുപോയ്...കരച്ചിലുകാര്‍ മേല്‍സ്ഥായില്‍ കരയാനാരംഭിച്ചു...വല്യേട്ടന്‍ കാലുമാറി അവരുടെ കൂടെ കൂടി...
വീടിന്റെ മുകളില്‍ മേച്ചിലുപോയ ഭാഗത്തൂടെ ആകാശവും ആകാശത്തില്‍ Z Z Z എന്നെഴുതിയപോലെ കൊള്ളിയാന്‍ മിന്നണതും, മഴവെള്ളം ഡയറക്റ്റായ് ചാണകംമെഴുകിയ നടുമുറിയില്‍ വീഴുന്നതും കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു...ഞാന്‍ ആസ്വതിച്ചു കണ്ടു...
"എന്റെ പൊന്നിങ്കുരിശുമുത്തപ്പാ...എന്റെ കുഞ്ഞുങ്ങളേയും വീടിനേയും കാത്തുകൊള്ളണെ...പുതുഞ്ഞായറാഴ്ച്ച കുരിശുമ്പിടിച്ച് മലകയറിക്കോളാമ്മെ...", അമ്മ തുറന്ന മേല്‍ക്കൂരയിലൂടെ ഉന്നതങ്ങളിലെയ്ക്ക് നോക്കി ഒരു വിശ്വാസ പ്രഖ്യാപനം നടത്തിയപ്പോള്‍ കാറ്റ് പിടിച്ച് കെട്ടിയതുപോലെ നിന്നു...
"നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു ഗുണം...വിശപ്പും മാറും മീശയും മിനുക്കാം..." എന്ന് മീശയില്ലാത്ത എന്റെ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞത് എന്ത് ഉദ്ധ്യേശിച്ചാണെന്നറിയില്ല... പക്ഷേ ഈ മാതിരി മഴ പെയ്താല്‍ രണ്ടുണ്ട് ഗുണം എന്നു ഞാന്‍ പറയുന്നു... ഒന്ന് വീടിന്റെ അകത്തുതന്നെ കളിവള്ളമൊഴുക്കി കളിക്കാം പിന്നെ പുതു ഞായറാഴ്ച്ച മലയാറ്റൂരും പരിസരവും സന്ദര്‍ശിക്കാം...
എന്നാണു മലയാറ്റൂര്‍ പുതുഞ്ഞായറാഴ്ച്ച എന്നറിയാന്‍ അമ്മൂമ്മയെ സമീപിച്ചപ്പോള്‍ അത് മീനമാസത്തിലാണെന്നുള്ള മറുപടി കിട്ടി.
മീന മാസം എപ്പോള്‍ വരുമെന്നറിയാന്‍ അമ്മയോടു ചോദിച്ചപ്പോള്‍ അത് വല്യ സ്കൂളുപൂട്ടിനോട് അനുബന്ധിച്ചാണെന്നറിയാന്‍ കഴിഞ്ഞു...
എന്നാണു വല്യ സ്കൂളുപൂട്ടെന്നു എല്‍.പി. സ്കൂളിലെ പ്യൂണിനോട് ചോദിച്ചപ്പോള്‍, ഇത്തവണ സ്കൂള്‍ പൂട്ടണില്ലായെന്നാണു മറുപടി...വാതിലുപോലുമില്ലാത്ത സ്കൂള്‍ പൂട്ടാന്‍ നടക്കാതെ പോയ് നാലക്ഷരം പഠിക്കാന്‍ നോക്കട ചെക്കാന്നും പറഞ്ഞാണു അങ്ങേരോടിച്ചത്...
ആകെ മൊത്തം ടൊട്ടലീ കണ്‍ഫ്യൂഷനാരുന്നു കുറെക്കാലത്തെയ്ക്ക്....
പുതു ഞായറാഴ്ച്ച പോയാലും എവിടെവരെപോകും?.... അവസാനം ആ സുദിനവും വന്നെത്തി...
ചട്ടയും വിശറിവാലിട്ട മുണ്ടും കാതില്‍ ഉഴുന്നുവടപോലുള്ള കുണുക്കും ഒക്കെയിട്ട അമ്മൂമ്മ ഏറ്റവും മുമ്പില്‍, പത്താം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാന്റി അമ്മൂമ്മയുടെ പിറകില്‍, എറ്റവും പിറകില്‍ കുരിശ് കയ്യില്‍പിടിച്ചുകൊണ്ട് അമ്മ അമ്മയുടെ കയ്യില്‍പിടിച്ച് ഞാനും.
"രണ്ടുകുരിശുകള്‍ വേണോടീ?..." എന്ന് അപ്പച്ചന്റെ അമ്മയോടുള്ള ചോദ്യം എനിക്കിട്ടു താങ്ങിയതാണെന്ന് ആ ചെറുപ്രായത്തിലും എനിക്കു മനസ്സിലായ്...എന്തായിരുന്നു അക്കാലത്തെ എന്റെ ബുദ്ധി...എന്തായിരുന്നു എന്റെ റേയ്ഞ്ച്...
നാട്ടുകവലയില്‍ നിന്നും മലയാറ്റൂര്‍ സ്പെഷ്യല്‍ എന്ന ബോര്‍ഡുവച്ച ഒരു ബസ്സില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു...വിശ്വാസികളുടെ തിരക്ക് മലയാറ്റൂരിലുള്ളതിലും കൂടുതല്‍ അനുഭവപ്പെടുന്നത് ബസ്സിനുള്ളിലാണല്ലോ ...യാത്ര ദുരിതപൂര്‍ണ്ണമായിരുന്നു...
അടിമാലിയും കഴിഞ്ഞ് വണ്ടി വാളറ കാട്ടിലൂടെയുള്ള സിഗ്-സാഗ്-സാഗ്-സിഗ് വഴികളിലൂടെ ചീറിപ്പാഞ്ഞപ്പോള്‍ വര്‍ഷത്തില്‍ ഏറിയാല്‍ ഒരിക്കല്‍മാത്രം വാഹനത്തില്‍ കയറുന്ന ഞങ്ങള്‍ സകുടുമ്പം യാത്ര പരമാവധി ആഘോഷമാക്കുന്നതിന്റെ ഭാഗമായ് ചെറിയ ചെറിയ വാളുകള്‍ നിര്‍മ്മിക്കാനാരംഭിച്ചു...
ഞങ്ങളുടെ അതേ കാറ്റഗറിയില്‍പ്പെട്ട അനേകം സഹയാത്രികരുണ്ടായിരുന്നതിനാല്‍ ആശ്വാസമായ്...എന്റെ അമ്മ 'വാള്‍ട്ടര്‍'ആകുമ്പോള്‍ കുരിശ് അടുത്തിരിക്കുന്ന ചേച്ചി പിടിക്കും ...ആ ചേച്ചീടെ ടേണ്‍വരുമ്പോള്‍ അവരുടെ നാലുമാസ്സം പ്രായമായ കുഞ്ഞിനെ അമ്മയെടുത്ത് വിണ്ടോസീറ്റ് അവര്‍ക്കുനല്‍കും ... ആര്‍ക്കും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള, പരസ്പരം സഹകരിച്ചു വാളുകള്‍ പണിത ആ യാത്രപോലെ മറ്റൊരു യാത്ര പിന്നീട് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതായ് ഓര്‍ക്കുന്നില്ല...ശരിക്കും മാവേലികേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസായിരുന്നു അത്.
മര്യാദ രാമനായ ബസ്സ് ഡ്രൈവര്‍ ചീയപ്പാറ വാട്ടര്‍ ഫാളിന്റെ അടുത്ത് വണ്ടി നിറുത്തിത്തരികയും എല്ലാവരും അവിടെ ഇടത്തരം അലക്കും കുളിയും നടത്തുകയും ചെയ്തു....(നല്ല വേനല്‍ക്കാലമായിട്ടും അവിടെ നന്നായ് വെള്ളച്ചാട്ടമുണ്ടായിരുന്നു അക്കാലത്... ഇന്നാണെങ്കില്‍ വെറും പാറക്കെട്ടു മാത്രം കാണാം...)
എകദേശം രണ്ടുമണിയോടുകൂടി ഞങ്ങള്‍ പെരിയാറിന്റെ തീരത്തുള്ള മലയാറ്റൂര്‍ വലിയപള്ളിയുടെ പരിസരത്ത് വണ്ടിയിറങ്ങി...ചീയപ്പാറയില്‍ തുടങ്ങിവച്ച അലക്കും കുളിയും ആഘോഷമായി പെരിയാറ്റില്‍ പൂര്‍ത്തിയാക്കി. മണലില്‍ കുറേനേരം വിശ്രമിച്ചിട്ട് വെയിലാറിയ തക്കം നോക്കി മല കയറാനാരംഭിച്ചു.
തികച്ചും ഉല്ലാസപ്രദമായിരുന്നു പിനീടുള്ള യാത്ര. ഇടുക്കി ജില്ലയിലെ ചെങ്കുത്തായ മലകള്‍ കയറി ഇറങ്ങുന്നവരായതിനാലും, വിശ്വാസത്തിന്റെ ചിറകിലുള്ള യാത്ര ആയതിനാലും ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല.
മലമുകളിലെ പള്ളിയിലെ അത്ഭുത ഉറവയില്‍ നിന്നും വെള്ളംകുടിച്ചു. വി. തോമാസ് സ്ലീഹായുടെ കാല്‍പാദം പതിഞ്ഞിട്ടുണ്ടെന്നു പറയുന്ന പാറയില്‍ കയറി, പിന്നെ സ്വര്‍ണ്ണക്കുരിശു മുളച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ചാപ്പലില്‍ കയറി...
കൗതുകത്തോടെ നാലുപാടും നോക്കി കാഴ്ച്ചകള്‍ കണ്ടു നടന്ന എന്നോട് മുട്ടിന്‍മേല്‍നിന്നു ആവശ്യങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അമ്മ ആവശ്യപ്പെട്ടു...കുഞ്ഞുമക്കള്‍ ചോദിക്കുന്നതെന്തും മുത്തപ്പന്‍ തരുമത്രേ...
ഭക്തിപൂര്‍വം കൈയ്കള്‍ കൂപ്പി കണ്ണുകള്‍ അടച്ച് തീഷ്ണമായ് ഞാന്‍ പ്രാര്‍ത്ഥിച്ചു....
"കഴിഞ്ഞ മഴയത്ത് വീടുപൊളിച്ചപോലുള്ള ഒരു കാറ്റ് ഈ വര്‍ഷവും അനുവദിച്ചു തരണേ എന്റെ മുത്തപ്പാ... "
22 comments:
കൊടുങ്കാറ്റിനും പേമാരിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന
സുന്ദരാ സൂപ്പര്‍ എഴുത്ത്. കലക്കി എന്ന് പറഞ്ഞാല്‍ പോരാ.കുട്ടിക്കാലത്തെ സംഭവങ്ങള്‍ എനിക്ക് വളരെ പ്രീയപ്പെട്ടതാണ് എന്നും.
ഇവിടെ ഒരു മഴയെ പള്ളികേറ്റിയ ആ ശ്രമത്തെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റുന്നില്ല.
പോരട്ടെ ഓരോന്നായി.
ഹ ഹ സുന്ദരോ, കീറന്‍ പോസ്റ്റ്..!
ആ രണ്ടാമത്തെ പാര തന്നെ അലക്കിപ്പൊളിച്ചു.
കഴിഞ്ഞ കുറെ പോസ്റ്റുകള്‍ മിസ്സായിരുന്നു, എല്ലാം വായിച്ചു കിടിലന്‍.
ആഹാ സുന്ദരം സുന്ദരാ
അസ്സല്‍ എഴുത്ത്
കീപ്പിറ്റപ്പ് :)
അക്ഷരത്തെറ്റുകള്‍ ഒന്നൂടെ നോക്കി തിരുത്തികൂടേ.
പാവം സുന്ദരന്റെ അമ്മ!
:)
രസകരമായ കഥ :) കൊള്ളാം ... ഇങ്ങനെ “സുന്ദര” കഥകള്‍ പോരട്ടേ!!
ഹായ് സുന്ദര്‍,
....(അപ്പച്ചനുണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍ പിടിച്ചു നിര്‍ത്തിയിട്ടല്ല...എന്നാലും ഒരു ധൈര്യം...).
ഇതാണു ഹാസ്യം. തകര്‍ത്തൂ. തകര്‍ത്തു ഥരിഫണമാക്കി.
സസ്നേഹം
ആവനാഴി
ജീവിതത്തിലെ തിരിച്ഛടികളേയും ലാഘവബുദ്ധിയോടെ നര്‍മ്മത്തോടെ കാണാനുള്ള സുന്ദരന്റെ ശൈലി...വളരെ നന്നായിട്ടുണ്ട്.
കഥ നന്നായി കേട്ടോ സുന്ദരാ...
സുന്ദരമായ ശൈലി തന്നെ.
രണ്ടുകുരിശുകള്‍ വേണോടീ?..." എന്ന് അപ്പച്ചന്റെ അമ്മയോടുള്ള ചോദ്യം എനിക്കിട്ടു താങ്ങിയതാണെന്ന് ആ ചെറുപ്രായത്തിലും എനിക്കു മനസ്സിലായ്...എന്തായിരുന്നു അക്കാലത്തെ എന്റെ ബുദ്ധി...എന്തായിരുന്നു എന്റെ റേയ്ഞ്ച്...
- സുന്ദരോ, ഇത് ഗംഭീരം. സുന്ദരന്റെ പോസ്റ്റുകളില്‍ വച്ച് എനിക്കേറ്റവും ഇഷ്ടപെട്ടത് ഇതാണെന്നു പറഞ്ഞാല്‍.
മഴയുടേയും, കാറ്റിന്റേയും, കാറ്റത്താടുന്ന കവുങ്ങിന്റേയും ഒക്കെ വിവരണം തകര്‍ത്തു.
സുന്ദരാ.. വളരെ നന്നായിട്ടുണ്ട്. കലക്കന്‍.
‘ഡാ എഴുതുവാണേ ഇങ്ങിനെ എഴുതണമെടാ പോത്തേ... എന്നെന്റെ മനസ്സ് എന്നോട് പറയുന്നു‘
ശ്രമിക്കാം എന്ന് ഞാനും.
കലക്കന്‍ വിവരണം.
കാറ്റിന്റെയും മഴയുറ്റേയും വിവരണം ഇതിനെക്കാള്‍ നന്നായി ഞാന്‍ എവിടെയും വായിച്ചിട്ടില്ല.
സുന്ദരന് ആശംസകള്‍.
സുന്ദരാ, അനുഭവങ്ങളുടെ ചൂട് ഹാസ്യത്തിലായാലും ശക്തം. യാത്രയും പ്രാര്‍ത്ഥനയും കിടിലന്‍.
സുന്ദരന് സാറേ, സുന്ദരന്‍ സാറേ കലക്കി കേട്ടൊ, അടിപൊളി.
ഞാന്‍ ആദ്യമായാ ഇവിടെ. പഴേ സാധനങ്ങള്‍ ഒക്കെയൊന്നു നോക്കട്ടെ.
ഇതും കലക്കി, സുന്ദരാ!
-വായിച്ച് കഴിഞ്ഞ്, കണ്ണടച്ചിരുന്ന്, ഒന്നു കൂടി ആ വിവരണം മനസ്സില്‍ കണ്ടൂ ഞാന്‍!
ഒരു കാര്യം എനിക്ക് മനസ്സിലായി....ഇടീം മഴേം വന്നില്ലായിരുന്നെങ്കില്‍ തേന്‍ കുടിക്കാന്‍ വേണ്ടി സുന്ദരന്‍ ആ വാഴ കട വച്ച് വെട്ടിയേനേ......
അപ്പച്ചന്‍ ഉണ്ടായിരുന്നെങ്കില്‍....എന്നു തുടങ്ങണ കീറു കലക്കി....
kalakki
:))
മര്യാദ രാമനായ ബസ്സ് ഡ്രൈവര്‍ ചീയപ്പാറ വാട്ടര്‍ ഫാളിന്റെ അടുത്ത് വണ്ടി നിറുത്തിത്തരികയും എല്ലാവരും അവിടെ ഇടത്തരം അലക്കും കുളിയും നടത്തുകയും ചെയ്തു....(നല്ല വേനല്‍ക്കാലമായിട്ടും അവിടെ നന്നായ് വെള്ളച്ചാട്ടമുണ്ടായിരുന്നു അക്കാലത്... ഇന്നാണെങ്കില്‍ വെറും പാറക്കെട്ടു മാത്രം കാണാം
ngyaaaa hahahhaha
irikkatte ente vaka oru kalabhavana mani chiri
പ്രാര്‍ത്ഥന മുത്തപ്പന്‍ മൈന്‍ഡ് ചെയ്തോ..
പ്രിയപ്പെട്ട...
സതീശ് മാക്കോത്ത്
ഉത്സവം
ആഷ
സാജന്‍
സ്വപ്നാടകന്‍
ആവനാഴി
സന്തോഷ് ബാലകൃഷ്ണന്‍
ശ്രീ
കുറുമാന്‍
വിശാലമനസ്കന്‍
ഇക്കാസ്ജി ആനന്ദ്ജി
കുട്ടന്‍ മേനോന്‍
തമനു
കൈതമുള്ള്
സാന്‍ഡോസ്
ദിവ
മനു
സിജു
നിങ്ങളോടുള്ള എന്റെ നന്ദി വാക്കുകളില്‍ ഒതുക്കാനാവില്ല....
വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും .....
സുന്ദരന്റെ നന്ദി...നമസ്കാരം
:-)
സുന്ദരന്റെ സുന്ദരമായ രചന....!!! നല്ല എഴുത്ത്..!! അക്ഷര തെറ്റ് ശ്രദ്ധിക്കണേ...ഭാവുകങ്ങൾ കൂട്ടുകാരാ..:))
Post a Comment