Friday, 18 January, 2008

തേങ്ങാക്കച്ചവടക്കാരന്റെ മകള്‍ ജന്നിഫര്‍

കിട്ടന്‍ കണിയാരുടെ പ്രവചനങ്ങളില്‍ നാട്ടുകവലയിലാര്‍ക്കും തീരെമതിപ്പില്ലായിരുന്നെങ്കിലും എന്റെ അനുഭവം നേരെമറിച്ചാണ്. കണിയാരുപറഞ്ഞിട്ടുള്ളകാര്യങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നു.


ഏഴാംക്ലാസില്‍ പഠിക്കണകാലത്താണെന്നുതോന്നുന്നു ‍ കടവില്‍ കുളിക്കാന്‍പോയപ്പോള്‍ കൂട്ടുകാരന്‍ ഷുക്കൂറുമായൊരു വാക്കേറ്റം... വാക്കേറ്റം മൂത്ത് കയ്യാങ്കളിയായ്... എന്റെ വാസനസോപ്പെടുത്ത് അവന്‍ മുതിരപ്പുഴയുടെ വിരിമാറിലേക്ക് ഒരു ഏറുകൊടുത്തു... നടുതേഞ്ഞു പാലം പോലായ സോപ്പാരുന്നെങ്കിലും മേത്ത് കൊള്ളിക്കാതെ തേച്ചാല്‍ ഒരു മൂന്നുമാസക്കാലംവരെ പാട്ടും പാടി ഉപയോഗിക്കാരുന്നു...

എനിക്ക് എന്നെപിടിച്ചാല്‍ കിട്ടാതായിപ്പോയി.... കൈപ്പാങ്ങിനു കിട്ടിയത് അലക്കി പാറപ്പുറത്തുവിരിച്ചിരുന്ന ഷുക്കൂറിന്റെ കളസം... അവന്റെ ബാപ്പ കഴിഞ്ഞവരവിനു ഖത്തറീന്നുകൊണ്ടുവന്നത്... സുല്‍ത്താന്മാരൊക്കെ ഉപയോഗിക്കണ ടൈപ്പ് പള പളാന്നുള്ളത്... ക്ഷണനേരത്തിനുള്ളില്‍ എന്റെ സോപ്പുപോയതിന്റെം അപ്പുറത്ത് ഷുക്കൂറിന്റെ കളസവും മുങ്ങിത്താണു..


ഷുക്കൂറ് കരഞ്ഞുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടി... പണ്ട് ആര്‍ക്കമിഡീസ് ഓടിയ അതെ പാറ്റേണില്‍.ഒരു ചെറിയ വ്യതാസമുണ്ടായതെന്താന്നുവച്ചാല്‍ ആര്‍ക്കമിഡീസ് വിളിച്ചുകൂവിയത് 'യൂറേക്കാ യൂറേക്കാന്ന് ..' ഷുക്കൂറു വിളിച്ചുകൂവിയതു 'സുബേറിക്കാ... സുബേറിക്കാന്ന്' , അത്രമാത്രം.


ഞാനും ഷുക്കൂറുമായ് വാക്കേറ്റമുണ്ടായപ്പോള്‍ കിട്ടന്‍ കണിയാന്‍ കടവിലുണ്ടായിരുന്നു... പാറപ്പുറത്തിരുന്ന് മെല്ലിച്ചശരീരത്തില്‍ ആയാസപ്പെട്ട് എണ്ണതേച്ച് പിടിപ്പിക്കുകയായിരുന്നു മൂപ്പര്. എഴുന്നേറ്റുവന്നൊരുതടസ്സം പിടിക്കുകയാവട്ടെ, കൊള്ളാവുന്ന ഉപദേശങ്ങളുപറഞ്ഞു ഞങ്ങളെ പിന്തിരിപ്പിക്കുകയാകട്ടെ ഒന്നും ചെയ്തില്ലാ പൊട്ടന്‍ കണിയാര്...

എല്ലാം കഴിഞ്ഞപ്പോള്‍ എന്നോടായ് ഒരു പ്രവചനം .......

'നിനക്ക് അപ്പന്റെകയ്യീന്നു നല്ല ചുട്ടയടികിട്ടാനുള്ള യോഗം കാണുന്നു...'

ദക്ഷിണപോലും വാങ്ങാതെ നടത്തിയ ആ പ്രവചനം അക്ഷരം പ്രതി ഫലിച്ചു... ഷുക്കൂറിന്റെ കളസം നിമജ്‌ജനം ചെയ്തവകയില്‍ എനിക്ക് അപ്പന്റെകൈയില്‍ നിന്നും വേണ്ടുവോളം കിട്ടി...
(ഷുക്കൂറിന്റെ ഇക്കാ സുബൈറിന്റെ കൈയ്യില്‍നിന്നുകൂടി കിട്ടുമെന്നു കരുതിയതാണ്. പക്ഷെ എന്റെ ഭാഗ്യത്തിനു 'പകരത്തിനു പകരം' എന്ന പ്രതികാരമുറയാണ് അവമ്മാരു പ്ലാന്‍ ചെയ്തത്. കുറേ വര്‍ഷങ്ങളോളം രണ്ടാളും തക്കം പാര്‍ത്തു എന്റെ പിന്നാലെ നടന്നു നോക്കി.... മണ്ടന്മാര്‍, ഞാന്‍ പിന്നെം എത്രയോ വര്‍ഷംകഴിഞ്ഞാ അവരന്വേഷിച്ചുനടന്ന സാധനമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയത്... )

കിട്ടന്‍ കണിയാരുടെ രണ്ടാമത്തെ പ്രവചനം വന്നത് ഒരു പഞ്ഞകര്‍ക്കിടമാസത്തില്‍ നനഞ്ഞുപായലുപിടിച്ചുകിടന്ന‍ പ്ലാവിന്മേല്‍ ഞാന്‍ ചക്കപറിക്കാന്‍ വലിഞ്ഞുകേറിക്കൊണ്ടിരിക്കുകയായിരുന്നു ...

'വീഴും ചെക്കാ വീഴും ചെക്കാ...'

വീണു...പുതമണ്ണിലായിരുന്നതിനാല്‍ വല്യ ഏനക്കേടില്ലാതെ തന്നെത്താന്‍ എഴുന്നേല്‍ക്കാന്‍ പറ്റി.
'വീഴും ചക്ക വീഴും ചക്ക' എന്നായിരുന്നു ഞാന്‍ കേട്ടത് ... അല്ലെങ്കില്‍ കണിയാനെ ധിക്കരിച്ച് ഞാനൊരുസാഹസ പ്രവൃത്തിക്ക് മുതിരില്ലായിരുന്നു....

പിന്നൊരു ഓണത്തിന്റെയന്നു ജയന്റെ 'മനുഷ്യമൃഗം' സിനിമ കാണാന്‍ ഓടിയപ്പോള്‍ കിട്ടന്‍ കണിയാരു പ്രവചിച്ചു '

'ഓടണ്ടാ... ടിക്കറ്റ് കിട്ടൂല്ലാ' അതും കൃത്യമായ് ഫലിച്ചു.

പത്താംക്ലാസില്‍ ഞാന്‍ തോക്കുമെന്ന് ക്ലാസ്ടീച്ചര്‍ പുഷ്പലത.. ജയിക്കുമെന്ന് കിട്ടന്‍ കണിയാന്‍.... അവസാനം ടീച്ചറു തോറ്റു ഞാനും കണിയാനും ജയിച്ചു.

ഇതുകൂടാതെ താരതമ്യേന ലഘുവായ മറ്റനേകം പ്രവചനങ്ങളും എന്നേക്കുറിച്ചുനടത്തി കിട്ടന്‍ കണീയാന്‍ വിജയശ്രീ ലാളിതനായിട്ടുണ്ട്.


പിന്നീടുള്ള കുറേവര്‍ഷങ്ങള്‍ ഞാന്‍ ഉപരിപഠനത്തിന്റെ പേരിലും, ഉദ്യേഗത്തിന്റെ പേരിലും ‍ നാട്ടുകവലയ്ക്ക് പുറത്തായിരുന്നതിനാല്‍ കണിയാര്ക്ക് പ്രവചനങ്ങള്‍ നടത്തി എന്നെ കഷ്ടപ്പെടുത്താന്‍ അവസരം കിട്ടിയില്ലാ.


വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍കാണുകയുണ്ടായി ..അപ്പോഴേക്കും കിട്ടന്‍ കണിയാന്‍ അവശനായിരുന്നു...വടികുത്തി കിതച്ച് കിതച്ച് മലകയറുന്നു... എന്നെ കണ്ടപ്പോള്‍ ആളു തിരിഞ്ഞുനിന്നു.... കുടിശികയെല്ലാം ചേര്‍ത്ത് ഒരു ബംബര്‍ പ്രവചനമങ്ങ് നടത്തി...


'കുഞ്ഞെ...നെന്റെ ജീവിതത്തിലേക്ക് ഐശ്വര്യദേവതകേറി വിളയാടാന്‍ പോകുന്നു...'

അന്ന് ആദ്യമായ് ഞാന്‍ കണിയാര്‍ക്ക് ദക്ഷിണകൊടുത്തു. നല്ല പ്രവചനം നടത്തിയതിനു മാത്രമായിട്ടല്ലാ... അന്നുകൊടുത്തില്ലായെങ്കില്‍ പിന്നെ ഒരിക്കലും കൊടുക്കാന്‍ പറ്റിയില്ലങ്കിലോ എന്ന തോന്നലുകൊണ്ടും കൂടിയായിരുന്നു ...


പ്രവചനം കഴിഞ്ഞിട്ട് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പെ ഐശ്വര്യദേവതയുടെ ചില അനക്കങ്ങള്‍ കണ്ടുതുടങ്ങി.... ഇമെയില്‍ വഴിയാണ് ഐശ്വര്യദേവത എന്നെത്തെടിയെത്തിയത്... അതും ഞാനുമായ് വിവാഹബന്ധത്തിനുപോലും തയ്യാറായിട്ട്.

ആ ദേവതയുടെ പേര് ജന്നിഫര്‍...

ഐശ്വര്യവുമായ്‌വരുന്ന ദേവതയാണെങ്കില്‍കൂടി ആകുട്ടിയുടെ ജീവിതത്തില്‍ കുറേനാളായിട്ട് ദുരന്തങ്ങളുടെ സീരിയല്‍ എപ്പിസോഡുകളായ് അരങ്ങേറുകയാണ് ...

അവളുടെ കദനകഥകള്‍ വിവരിച്ചെഴുതിയ ഇമെയില്‍ വായിച്ചപ്പോല്‍ രണ്ടുതുള്ളിക്കണ്ണീര്‍ അടര്‍ന്നുകീബോഡില്‍ വീണു... കംമ്പ്യൂട്ടര്‍വരെ എന്താചെയ്യേണ്ടതെന്നറിയാതെ ഹാങ്ങായ്നിന്നുപോയ്...അത്രയ്ക്കും ടച്ചിംഗായിരുന്നു...

സെനഗലിലെ ഒരു പാവം കോടീശ്വരനായിരുന്ന ഡോ. ജൂഡ് കതക്കാനയുടെ ഒരേയൊരു മകളാണ് ജന്നീഫര്‍. കതക്കാനയുടെ മെയിന്‍ബിസിനസ്സ് തേങ്ങാക്കച്ചവടവും ഹോബി തെങ്ങുകയറ്റവുമായിരുന്നു. ഒരിക്കല്‍ തന്റെ തെങ്ങിന്‍തോട്ടത്തിലൂടെ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു തേങ്ങ തലയില്‍ വീണ് കതക്കാനയുടെ കഥകഴിയുന്നു.

ഒരു നിയോഗംപോലെ സെനഗലില്‍ പിറ്റേദിവസംമുതല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ യുദ്ധത്തില്‍ ജന്നീഫറിനു അവളുടെ അമ്മയെയും നഷ്ടപ്പെട്ടു. കോടിക്കണക്കിനു തേങ്ങയും അതിനടുത്ത കൊപ്ര, പിണ്ണാക്ക്, വെളിച്ചെണ്ണ, ചിരട്ട, ചൂട്ട്, ഈര്‍ക്കിളിച്ചൂല്,‍ മടല്,കോഞ്ഞാട്ട എല്ലാം ഇട്ടെറിഞ്ഞ് ജന്നീഫറിനു ജീവനുംകൊണ്ട് ഓടേണ്ടിവന്നു.

ജന്നീഫറിന്റെ ഓട്ടം അവസാനിച്ചത് ഒരു റെഫ്യൂജിക്യാമ്പിലാണ്.

ക്യാമ്പിന്റെ നടത്തിപ്പുകാരന്‍ ഫാദര്‍ വളരെ നല്ലമനുഷ്യന്‍ ..ജന്നീഫറിനോട് മാത്രം എന്തൊരു ഇഷ്ടമാണ് അച്ചന്. അച്ചന്റെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കുപ്പായം, കുരിശ് എന്തുവേണമെങ്കിലും ജന്നീഫറിനെടുത്ത് ഉപയോഗിക്കാം...

അച്ചന്റെ പരിപാവനമായ ലാപ്ടോപ്പില്‍ എന്തെങ്കിലുമൊരു വഴികാണിച്ചുതരണേ ദൈവമെ എന്നുപറഞ്ഞു ജന്നിഫര്‍ ക്ലിക്കിയപ്പോള്‍ ആദ്യം പൊങ്ങിവന്നത് 'ശാതീ.കോമില്‍' മാസങ്ങളായ് പച്ചതൊടാതെ കിടന്ന എന്റെ പ്രൊഫൈല്‍..... ആവഴിക്കാണ് എന്നെക്കണ്ടെത്തിയതെന്ന് അവള്‍പറയുന്നു...കിട്ടന്‍ കണിയാരുടെ പ്രവചനമാണെന്ന് ഞാനും കരുതുന്നു.

ജന്നീഫറിന്റെ പപ്പ മകളുടെ കല്യാണാവശ്യത്തിനായ് ബാങ്കില്‍ ഒരു ചെറിയ തുക നിക്ഷേപിച്ചിരുന്നു. പക്ഷെ മകളെ ഒരുത്തനുകൈപിടിച്ചുകൊടുക്കാതെ കാലത്തെ പോയ് കൃത്യമായ് തേങ്ങയ്ക്കടിയില്‍ തലവച്ചുകൊടുത്തു പാവം. അയാള്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാകട്ടേ ജന്നീഫറിനു എടുക്കാനോ ഉപയോഗിക്കാനോ പറ്റില്ലാ. സെനഗലില്‍ അഭയാര്‍ത്ഥികള്‍ക്ക് കാശ് കൈകാര്യം ചെയ്യാന്‍ അവകാശമില്ലന്നാണ് നിയമം. തേങ്ങക്കച്ചവടത്തിലൂടെ ഉണ്ടാക്കിയ കാശെല്ലാം പട്ടിയുടെമുമ്പില്‍ മുഴുവന്‍തേങ്ങയെന്നപോലെ ബാങ്കില്‍ കിടക്കുന്നു.

ആ കാശെല്ലാം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടോ എന്നാണ് ജന്നിഫര്‍ ആശങ്കയോടെ എന്നോടു ചോദിക്കുന്നത്... കൂടുതലൊന്നുമില്ലാ എല്ലാംകൂടിതൂത്തുവാരിയെടുത്താല്‍ ഒരു ഏഴര മില്യന്‍ ഡോളര്‍..

പണം എന്റെ അക്കൗണ്ടില്‍ വന്നുകഴിഞ്ഞാല്‍ ജന്നീഫറിനു ടിക്കറ്റിനും യാത്രചെലവിനുമുള്ള കാശ് അയച്ചുകൊടുക്കണം. പാവം കുട്ടി.... ചുണ്ണാമ്പുമലയുടെ മുകളിലിരുന്നിട്ട് ഒരുകഷണം ചോക്ക് തരൂ ചേട്ടാന്ന് .... എന്നോട്.

നല്ലൊരു മറുപടി അയക്കണമല്ലോ... ഫസ്റ്റ് ഇമ്പ്രഷന്‍ ....

പ്രിയ ജനീഫര്‍

കത്തുവായിച്ചു എന്റെ കരളലിഞ്ഞുപോയ്...
(കരളലിഞ്ഞെന്നെഴുതിയാല്‍ ഞാനൊരു കള്ളുകുടിയനാണെന്ന് അവള്‍ കരുതുമോ? ... എന്തായാലും കിടക്കട്ടെ എഴുതിയതല്ലെ.)
മോളുടെ കതക്കാന പപ്പയുടെ അകാലനിര്യാണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞാന്‍ ഇനി ആരെ അമ്മായിഅപ്പാന്നുവിളിക്കും... എന്റെ ഭാഗ്യദോഷം. ആഫ്രിക്കന്‍ തേങ്ങയ്ക്ക് നല്ല വലിപ്പമാണല്ലെ... ഞാന്‍ ഓര്‍ക്കുകയായിരുന്നു... പപ്പ തേങ്ങാബിസിനസ്സ് എന്റെ നാട്ടിലായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഒരിക്കലും തേങ്ങതലയില്‍ വീണ് ദുര്‍മരണപ്പെടില്ലായിരുന്നു....ഇവിടെ തെങ്ങിനെല്ലാം മണ്ടരിബാധയാണുകുട്ടി...തേങ്ങയെല്ലാം ടെന്നീസുബോളുപോലായ്പ്പോയ്...ങും...

ആ റവറന്‍ ഫാദറിനെ എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണം... ഡോളറെല്ലാം ട്രാന്‍സ്ഫര്‍ ചെയ്തുകഴിഞ്ഞ് നമുക്ക് എന്തെങ്കിലുമൊരു സമ്മാനം ഫാദറിനു കൊടുക്കണം...ഇത്രയും സഹായിച്ച ആളല്ലെ. ഒരു പാര്‍ക്കര്‍ പേനയോ...കുന്തുരിക്കമിട്ടുവയ്ക്കണപാത്രമോ...മെഴുകുതിരിക്കാലോ എന്താ ഇഷ്ടമാകണേന്നുവച്ചാല്‍ അത്....

മറുപടി അയക്കാന്‍ താമസിക്കരുതെ ചേട്ടന്‍ കാത്തിരിക്കും....

എന്റെ മെസ്സെജ് അവിടെ എത്തുന്നതിനും മുമ്പെ ജന്നിഫറിന്റെ മറുപടിവന്നുകഴിഞ്ഞു!!!

ഫോട്ടോസഹിതം.നാമമാത്രവസ്ത്രധാരിണിയായ കറുത്ത സുന്ദരി... കോടീശ്വരിയാണെന്നുപറഞ്ഞിട്ടെന്തുകാര്യം. അത്യാവശ്യത്തിനു വസ്ത്രം‌പോലുമില്ല.

ഇനി ഒരു പക്ഷെ സെനഗലില്‍ കല്യാണാലോചനയ്ക്ക് ഇമ്മാതിരി ഫോട്ടോകളായിരിക്കും അയക്കേണ്ടത്.
ഒരുകണക്കിനു നോക്കിയാല്‍ നന്നായേയുള്ളു. നരിയാണിതൊട്ട് ഉച്ചന്തലവരെ വിശകലനം ചെയ്യാന്‍ പറ്റും....

നമ്മുടെ നാട്ടുനടപ്പനുസരിച്ചാണു കാര്യങ്ങള്‍ചെയ്യണതെന്നുവച്ചാല്‍ ‍ എന്തെങ്കിലും ഡിഫറ്റുണ്ടെങ്കില്‍ കല്യാണംകഴിഞ്ഞിട്ടല്ലെ അറിയാന്‍ പറ്റു.


പൈലിച്ചേട്ടന്റെ മകനു പറ്റിയ അബദ്ധം ഒന്നുമാത്രമോര്‍ത്താല്‍ മതി...
പെണ്ണുകാണാന്‍ പോയപ്പോള്‍ അവലോസുണ്ടയിലുനോക്കിയിരുന്നു... കല്യാണം കഴിഞ്ഞപ്പോള്‍ പെണ്ണിന്റെ ദേഹത്തുമുഴുവന്‍ ചുണങ്ങാണെന്നും പറഞ്ഞ് മോചനത്തിനു നടക്കുന്നു.


സുബൈറിനു മലപ്പുറ്ത്തുനിന്നും കല്യാണമുറപ്പിച്ചപ്പോള്‍ പെണ്ണിന്റെ ഫോട്ടോ ഞങ്ങളെയൊക്കെ കാണിച്ചുതന്നു.... മൊത്തം പറുതയിട്ടുമൂടിനില്‍ക്കുന്നു... പെണ്ണാണോ..പെണ്ണിന്റെ ഉമ്മയാണോ അതോ ബാപ്പയാണോ...പടച്ചോനുമാത്രമറിയാം. ഈ കേസിലൊക്കെ ചുണങ്ങുകള്‍ കണ്ടുപിടിക്കപ്പെടുമ്പോഴേക്കും വല്ലാണ്ട് താമസിച്ചുപോയിട്ടുണ്ടാവും.


ഫോട്ടത്തോടൊപ്പം ജന്നിഫറിന്റെ വളരെ പ്രധാനപ്പെട്ട ഒരു മെസ്സെജും ഉണ്ടായിരുന്നു.

എന്റെ മധുരഹൃദയ സുന്ദരാ... എന്നുപറഞ്ഞുതുടങ്ങിയ കത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു...

അവളുടെ അപ്പന്‍ പണംകൊണ്ടുപോയ് പണ്ടാരമടങ്ങിയിരിക്കണത് റോയല്‍‍ബാങ്ക് ഓഫ് സ്കോട്ട്ലണ്ടിലാണ്... അവിടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ഓപ്പീസറായ് 'ഡോ. ഗുഡ്വിന്‍ റെഡ് ഇഫ്മായില്‍' എന്ന ഒരു സായിപ്പ്...

അങ്ങേര്‍ക്ക് ഞാന്‍ ഒരു മെസ്സെജ് അത്യാവശ്യമായിട്ട് അയക്കണം. ചത്തുപോയ എന്റെ അമ്മായിഅപ്പന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടുകവല സഹകരണബാങ്കിലെക്ക് മാറ്റണമെന്നും പറഞ്ഞ്.... ആ മൂപ്പിലാന്റെ ഇമെയില്‍ അഡ്രസ്സ്
'ഗുഡ്‌വിന്‍@റെഡിഫ്മായില്‍.കോം'

റെഡ് ഇഫ്മായിലിനു അപ്പോള്‍ തന്നെ ഒരു മെയില്‍ പൂശി.


കാര്യങ്ങള്‍ സീരിയസ്സായ് വരുകയാണ് ഇനി പതുക്കെ വീട്ടില്‍ പറയണം. കല്യാണാലോചനയുടെ പേരില്‍ ബ്രോക്കറുമാര്‍ എല്ലാആഴ്ചയും വീട്ടില്‍ വന്ന് ഭക്ഷണവുംകഴിച്ച് വഴിച്ചെലവിനുള്ള കാശും കൊണ്ടുപോകുന്നുണ്ട് അതു നിര്‍ത്തണം.

ഞാനൊരു പെണ്ണിനെ സ്വന്തനിലയില്‍ കണ്ടെത്തിയെന്നുകേള്‍ക്കുമ്പോള്‍ അപ്പച്ചന്‍ പൊട്ടിത്തെറിക്കും എന്നുകരുതിയ ഞാന്‍ മണ്ടനായ്...അപ്പച്ചന്‍ പൊട്ടിത്തെറിച്ചില്ലാന്നുമാത്രമല്ല ഒന്നു ചീറ്റിയതുപോലുമില്ല...

'നന്നായ്... എപ്പോഴാ പെണ്ണിനെകാണാന്‍ ഞങ്ങള്‍ പോകേണ്ടത് ?' അപ്പച്ചന്റെ ചോദ്യം


നല്ല കാര്യമായ്...പെണ്ണിനെ കാണാന്‍ ...സെനഗലിലെ റെഫ്യൂജി ക്യാമ്പിലോട്ട് അപ്പച്ചന്‍, അമ്മ, അപ്പൂപ്പന്‍ ചേട്ടന്‍, ചേട്ടന്റെ ഭാര്യ, കുട്ടിയാന്റി, മറിയാമച്ചിയാന്റി, കുഞ്ഞ്പ്പന്‍‌ചാച്ചന്‍ ... എല്ലാവരെയും കൂട്ടി പോകുന്നത് ഞാന്‍ ഭാവനയില്‍ കണ്ടുനോക്കി.


ജന്നിയുടെ പപ്പ മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതൊക്കെ ആര്‍ഭാടമായ്തന്നെ നടന്നേനെ...

പെണ്ണിന്റെ ആള്‍ക്കാര്‍ വിമാനത്തിനു കൊച്ചിയില്‍ വന്നിറങ്ങി കുറേ ഹെലികോപ്റ്റര്‍ വാടകയ്ക്ക് വിളിച്ച് നാട്ടുകവല പാറപ്പുറത്തുവന്നിറങ്ങുന്നതും... ആറടിപ്പൊക്കമെങ്കിലും മിനിമമുള്ള അമ്മായിഅപ്പനും നീഗ്രോ ബന്ധുജനങ്ങളും കട്ടിളപ്പടിയില്‍ തലമുട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് കുനിഞ്ഞുകടക്കുന്നതും. എന്നെ കാണുമ്പോള്‍ മകളുടെ കണ്ടെത്തല്‍ ഒട്ടും മോശമായില്ലല്ലോ എന്ന ചാരിതാര്‍ത്യത്തില്‍ എന്നെ മാറിമാറി കെട്ടിപ്പിടിച്ച് അവശനാക്കുന്നതും ...

സെനഗലിലെ കതക്കാനയുടെ കൊട്ടാരത്തിലേക്ക് ഞാനും എന്റെ ബന്ധുജനങ്ങളും അഭയാര്‍ത്ഥികളെപ്പോലെ പെണ്ണുകാണാന്‍ ചെല്ലുന്നതും...ആഫ്രിക്കന്‍ കാപ്പികുടിക്കുന്നതും (ആഫ്രിക്കയില്‍ കാപ്പിയുണ്ടോ? അതോ കാപ്പിരിമാത്രമെയൊള്ളൊ...ആ ) ഇതു പഴയ കാലമൊന്നുമല്ലാലൊ...കുട്ടികള്‍ക്ക് എന്തെങ്കിലും തനിച്ചു പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ നമുക്ക് ആ മരുഭൂമിയിലേക്ക് മാറി നിന്നു സംസാരിക്കാം എന്നും പറഞ്ഞ് ഞങ്ങളെ തനിച്ചാക്കി എല്ലാ മാരണങ്ങളും കൊട്ടാരത്തില്‍ നിന്നും പുറത്തെയ്ക്ക് ഒഴിവായ്ത്തന്നു സഹായിക്കുന്നതും.... മനോഹര സ്വപ്നങ്ങള്‍.


പിറ്റെന്നു മെയില്‍ തുറന്നപ്പോള്‍ ജന്നിയുടെ മറുപടി...

സുന്ദരേട്ടാ... പപ്പായുടെ കാശ് ഏട്ടന്റെ അക്കൗണ്ടിലേക്ക് മറിക്കാന്‍ ചില നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.... ജന്നീഫര്‍ പറയുന്നതെന്താന്നുവച്ചാല്‍...


അമ്മായിഅപ്പന്‍ കാര്‍ന്നോരു തെങ്ങിന്തോട്ടത്തിലൂടെ നടന്നപ്പോള്‍ തേങ്ങയാണോ പട്ടയാണോ തലയില്‍ വീണത് അതോ ആരെങ്കിലും പുറകില്‍നിന്നും കല്ലിനു വീക്കികൊന്നതാണോ എന്നുള്ളതിനു കോടതിയില്‍ നിന്നും ലീഗലൈസുചെയ്ത് സര്‍ട്ടിഫിക്കേറ്റ് കിട്ടണം ...അത് വാങ്ങി ബാങ്കില്‍ കൊടുത്താലെ റെഡ് ഇഫ്മായില്‍ പണം വിട്ടുതരു. ഒന്നും രണ്ടും ഡോളറിന്റെ കളിയല്ലാലൊ... കുറച്ചു നൂലാമാലകളൊക്കെ ഇല്ലങ്കിലാ ഒരു പ്രയാസം തോന്നുക.


കോടതിയില്‍ പോയ് സര്‍ട്ടിഫിക്കേറ്റ് റെഡിയാക്കാന്‍ ഒരു വക്കീലിനെയും ജന്നിഫര്‍ തന്നെ കണ്ടെത്തിയിരുന്നു...അയാളുടെ പേര് ബാരിസ്റ്റര്‍ മക്കിന്‍ ജിം മായില്‍, ഇമെയില്‍ അഡ്രസ്
ബാരി‌_മക്കിന്‍@ജിമെയില്‍.കോം. അയാള്‍ക്കും ഞാന്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മെയില്‍ അയക്കണം... കേരളത്തിലെപ്പോലെ തന്നെ സെനഗലിലും ആണുങ്ങളാണ് മെയിന്‍ കാര്യങ്ങള്‍ഡീലുചെയ്യേണ്ടത്...

വക്കീലിനും ജന്നി പറഞ്ഞപ്രകാരത്തില്‍ മെയില്‍ അയച്ചു...

ദിവസങ്ങള്‍ അടുത്തുവന്നുകൊണ്ടിരിക്കയാണ്. കല്യാണത്തിനു മുന്‍പെ വീടൊന്ന് കെട്ടിമേഞ്ഞ് ചുവരിലൊക്കെ ഇത്തിരി വെള്ളവലിക്കണം.... പുതിയ വീടു പണിയുന്നതൊക്കെ പെണ്ണുവന്നിട്ട്, അവളുടെ ഇഷ്ടംകൂടി നോക്കിയിട്ട് വേണം.


അപ്പച്ചനോട് സംസാരിക്കാന്‍ അന്നുവൈകുന്നേരം വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മൂമ്മ മാത്രമെ വീട്ടിലുണ്ടായിരുന്നൊള്ളു...

'ടാ...നീ കണ്ടുപിടിച്ച പെണ്ണിന്റെ വീട്ടിലു വല്ലതുമൊള്ളതാണോ.... അതോ തൊലിവെളുപ്പുമാത്രം നോക്കികെട്ടാനാണോ നിന്റെ പ്ലാന്‍...'

'തൊലിവെളുപ്പോ...അമ്മൂമ്മ എന്തു വര്‍ത്താനാ ഈ പറയണെ...'

ഞാന്‍ കെട്ടണ പെണ്ണ് എന്നിലും കറുത്തതായിരിക്കണം എന്ന് എനിക്ക് പണ്ടിനാലെ നിര്‍ബന്ധമുണ്ട്... ഇതെന്റെ ഭാഗ്യത്തിനു ഒത്തുകിട്ടുകേം ചെയ്തു.


'തൊക എന്തുകിട്ടുമെടാ?' അമ്മൂ പ്രധാനവിഷയത്തിലേക്ക് കടന്നു..


ഏഴര മില്യന്‍.... ഡോളറ്

അത്രേയൊള്ളോ.... വടക്കേതിലെ പൗലോസിനു അഞ്ചുലക്ഷോം മാരുതിക്കാറും കിട്ടിയല്ലോ....

ഏഴരമില്യന്‍ ഡോളറെവിടെ പൗലോസിന്റെ ലക്ഷവും കാറുമെവിടെ.... ഞാന്‍ വിവരിച്ചുകൊടുക്കാന്‍ പോയില്ലാ. ഇഡ്യന്‍ രൂപയിലാക്കി പറഞ്ഞാല്‍ അമ്മൂമ്മ ആനിമിഷം ചുമരിന്മേലോട്ട് കയറും എന്നത് ഉറപ്പ്. പിന്നെ എന്റെ കല്യാണം ഒരു വെജിറ്റബിള്‍ ദുരന്തമായ് മാറ്റേണ്ടിവരും...‍


ജന്നീഫര്‍ വന്നിട്ടുവേണം നാട്ടുകവലയില്‍ തൊഴിലില്ലാതെ നടക്കുന്ന എന്റെ കൂട്ടുകാരന്‍ ആന്റപ്പന്‍, ചാക്കോച്ചി, ഇബ്രാഹിംകുട്ടി എന്നിവര്‍ക്കും ആഫ്രിക്കയില്‍ നിന്നും പെണ്ണാലോചിക്കാന്‍.... അവിടെ തേങ്ങാക്കച്ചവടക്കാര്‍ വേറെ കാണാതിരിക്കുമോ... തേങ്ങ പൊഴിയാതിരിക്കുമോ. നാട്ടുകവല ഇന്‍ഡോആഫ്രിക്കന്‍ സം‌യുക്തസംരംഭമായ് വളര്‍ന്നുവികസിക്കുന്നതും പാല്‍ക്കാപ്പിക്കളറുള്ള പുതിയ തലമുറ കവലയിലാകെ ഓടിനടക്കുന്നതും സ്വപ്നംകണ്ട് ഞാന്‍ ഉറങ്ങി.


പിറ്റേന്ന് ബാരിസ്റ്റര്‍ ജിം‌മെയിലിന്റെ മെസ്സെജുണ്ടായിരുന്നു... കോടതി ചെലവിലേക്കായ് ഒരു രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ എത്രയും പെട്ടന്ന് അയച്ചുകൊടുക്കണം പോലും...

കഷ്ടകാലത്തിനു എന്റെ കൈയിലുണ്ടായിരുന്ന കാശെല്ലാം വീട് വെള്ളപൂശാനും ഓലകെട്ടിമേയാനുമായ് നാട്ടിലെക്ക് അയച്ചുകൊടുത്തതെയൊള്ളു... അല്ലെങ്കിലും രണ്ടായിരത്തഞ്ഞൂറ് ഡോളര്‍ എന്നുപറയണത് എന്നെക്കൊണ്ട് തനിയെ എടുത്തുപൊക്കാന്‍ പറ്റാത്ത തുകയാണ്.


കാശ് പെട്ടന്ന് അയക്കണം...
എന്റെ മുമ്പില്‍ ഒരു വഴിയെ കണ്ടൊള്ളു... ജന്നീഫറിന്റെ കെയര്‍ ടേക്കറായ റവ. ഫാ.യോട് കടംചോദിക്കുക...
അപ്പോള്‍ തന്നെ മെയിലയച്ചു... പണം കിട്ടുമ്പോള്‍ വേണമെങ്കില്‍ മൂവായിരത്തഞ്ഞൂറ് തിരിച്ചുകൊടുക്കാലോ...


പിറ്റേന്ന് റവറന്‍ ഫാദറിന്റെ ഒട്ടും റവറന്റല്ലാത്താ മറുപടികിട്ടി.... അതെന്താന്ന് എഴുതാന്‍പറ്റില്ല. ഫാദര്‍ ദേഷ്യപ്പെട്ടതിലും കാര്യമുണ്ട്... ഒരു രണ്ടായിരത്തഞ്ഞൂറ് ഡാളര്‍ എടുക്കാനില്ലാത്തവനൊക്കെ എങ്ങിനെ ഒരു പെണ്ണിനെ പിടിച്ചുകൊടുക്കും... അങ്ങെരാണല്ലോ ജന്നിയുടെ രക്ഷാധികാരി.


ഫാദര്‍ മുര്‍കോപിയാണെങ്കിലും ഞങ്ങളെ സഹായിക്കാതിരിക്കില്ലാ എന്നുഞാന്‍ വിശ്വസിക്കുന്നു...

...............

കുറെ നാളായ് ജന്നിയുടെ മെസ്സെജ് കിട്ടിയിട്ട്.... അവള്‍ എന്നെത്തേടി ഇന്ത്യയിലേക്ക് പോന്നു എന്നാണ് തോന്നുന്നത്. പാവം വിമാനത്തിനുപോരാന്‍ കാശില്ലാഞ്ഞിട്ട് കരമാര്‍ഗ്ഗമായിരിക്കും വരുന്നത്. എത്രനാളെടുക്കുമാവോ ഇങ്ങെത്താന്‍. ഓര്‍ത്തിട്ടൊരു സമാദാനവുമില്ലാ.


കോപ്പറേറ്റീവ് ബാങ്കിലെ എന്റെ അക്കൗണ്ട് ബാലന്‍സ് ഇപ്പോഴും നൂറ്റി ഇരുപത്തിമൂന്നുരൂപ അമ്പതുപൈസയില്‍ തന്നെ നില്‍ക്കുന്നു....

തേങ്ങെം കൊപ്രേം വെളിച്ചെണ്ണയുമൊക്കെയായിട്ടാവും അമ്മായപ്പന്‍ നിക്ഷേപിച്ചുവച്ചിരിക്കുന്നത്. ട്രാന്‍സ്ഫറായ് വരാന്‍ കുറേ കാലമെടുക്കുമായിരിക്കും.
കാത്തിരിക്കാം....

Saturday, 12 January, 2008

ഹെയര്‍സ്റ്റൈല്‍...

പട്ടണത്തിലെ കാളേജില്‍നിന്നും ഓണാവധിക്ക് നാട്ടില്‍ വന്നത് ഒത്തിരി പ്രതീക്ഷകളോടെയായിരുന്നു. എന്നാല്‍ നാട്ടുകവലയില്‍ ബസ്സിറങ്ങിയപ്പോള്‍മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍...

പരിഷ്കാരമെന്തെന്നറിയാത്ത എന്റെ നാട്ടുകാരായ പുവ്വര്‍ കണ്ട്രി ഫെല്ലോസ് എന്നെനോക്കി അടക്കം പറയാനും ചിരിക്കാനുമാരംഭിച്ചു...

'ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!'
ചായക്കടയില്‍നിന്നും കുഞ്ഞൗസേപ്പ് വിളിച്ചുചോദിക്കുകയാണ്...
കോറസായ് പലതരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികള്‍.

എന്റെ ജീന്‍സിനെ പരിഹസിക്കുന്നതാണ്.

മൂട് വെട്ടിക്കീറിയ പഴന്ചന്‍കൈലിയും മുട്ടോളം ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍‍‌വെയറും കിഴുത്തവീണ ബനിയനും ധരിച്ചുനടക്കുന്നവരാണ് 'മേഡ് ഇന്‍ തായ്‌ലാന്‍ഡ്' ജീന്‍സിട്ടുവന്നിരിക്കുന്ന എന്നെ കളിയാക്കിചിരിക്കുന്നത്...


ബോട്ട്‌ജെട്ടിക്കടുത്തുള്ള ഫുഡ്പാത്തില്‍ കച്ചവടക്കാരന്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു ജീന്‍സുകള്‍. അതിനിടയില്‍ എത്രനേരം തിരഞ്ഞിട്ടാണ് എന്റെ അരവണ്ണത്തിനോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നതൊരെണ്ണം കണ്ടുകിട്ടിയത്, അതും പഴയത്. ഭൂകമ്പബാധിത പ്രദേശത്തെ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസം‌മുഴുവനും സ്വന്തം ഭാര്യയെ തേടിനടന്നിട്ട് ഒടുവില്‍ അമ്മായിഅമ്മയെ കണ്ടെത്തിയ ബോലാറാമിന്റെ ദുരവസ്തയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത്;

എന്നാലും നാട്ടുകവലയിലെ ജീനുകളെപ്പറ്റിയോ ജീന്‍സുകളെപ്പറ്റിയോ ഗ്രാഹ്യമില്ലാത്ത ജനങ്ങളുടെഇടയില്‍ ഒരു പത്തുദിവസം വീശിനടക്കാന്‍ ഇതൊക്കെ ധാരാളം എന്നുകരുതിവന്നപ്പോഴാണ്.... തലയ്ക്കുനട്ടപ്ര അടിക്കുന്ന ചോദ്യം...

ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!വീട്ടില്‍ വന്നുകയറിയപ്പോള്‍ അതിലും ഗുരുതരമായ പ്രശ്നങ്ങളാണ്...

ഇതെന്താടാ നിന്റെ തലയില്‍? അപ്പൂപ്പന്‍ ചോദിക്കുന്നു..

എന്റെ തലയില്‍ ഒന്നുമില്ലാലോ... എന്താ ചോദിച്ചെ?

'നിന്റെ തലയ്ക്കകത്തെകാര്യമല്ലാ ചോദിച്ചെ... ഈ മുടിയെന്താ കാണിച്ചുവച്ചേക്കുന്നേന്നാ ചോദിച്ചെ...'

'ഓ... അതോ... അതാണു ലേറ്റസ്റ്റ്ഫാഷന്‍...'

'ഡീയേയ്...കുഞ്ഞേലിയേ.... ദേണ്ടെ നിന്റെ എളേമോന്‍ ഭാഷ്യനും തലയിലേറ്റിവന്നിരിക്കുന്നു....'


അടുക്കളയില്‍ എന്തോ തിരക്കിട്ട് ചമച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ ശ്രദ്ധ എന്റെ ലേറ്റസ്റ്റ് ഹെയര്‍ സ്റ്റൈലിലേക്ക് തിരിക്കാനാണ് കാര്‍ന്നോരുടെ ശ്രമം.

മുടിയുടെ ഇരുവശങ്ങളും പുതുതായ് ക്യാമ്പില്‍ പ്രവേശിച്ച പട്ടാളക്കാരന്റെ സ്റ്റൈലില്‍ തലയോട്ടി കാണാവുന്നവിധത്തില്‍ പറ്റെവെട്ടിയിട്ട്...മുന്‍‌വശത്തുള്ളമുടി നീളത്തില്‍ ലിയനാര്‍ഡോ ഡിസ്കാപ്രിയോ സ്റ്റൈലില്‍ മുറിച്ച്...പിന്‍ഭാഗം പ്രത്യേകിച്ചൊരു സ്റ്റൈലുമില്ലാതെ സ്വതന്ത്രമായ് നീട്ടിയിട്ടിരിക്കുന്ന നൂതനമായ ഒരു ഹെയര്‍സ്റ്റൈലാണ് ഞാനും പരിഷ്കാരികളായ എന്റെ കോളേജ്മേറ്റ്സും ആകാലയളവില്‍ സ്വീകരിച്ചിരുന്നത്.


അമ്മ ആദ്യദര്‍ശനത്തില്‍ ഒന്നും പറഞ്ഞില്ലാ...താടയ്ക്ക് കൈയുംകൊടുത്ത് രണ്ടുമിനിറ്റ് നോക്കിനിന്നു....
ഇഷ്ടപ്പെട്ടോ... അതോ ഇഷ്ടപ്പെട്ടില്ലെ.... ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വല്ലാത്തൊരു നില്പ്.


'അപ്പന്‍ വന്ന് കാണനേനുമുമ്പെ ഈ അങ്കവാലൊക്കെ കൊണ്ടോയ് മുറിച്ചുകളഞ്ഞോ ...ന്നിട്ട് വീട്ടിലേക്ക് കയറിയാമതി..' അമ്മയ്ക്ക് തീരെ ഇഷ്ടായില്ലാ...

'തീരെ മനസ്സില്ലാ...
ഞാന്‍ പട്ടണത്തിലെ കാളേജില്പഠിക്കുന്നു എന്നൊരു വിചാരമുണ്ടോ അമ്മയ്ക്ക്...
നാടോടുമ്പോള്‍ നടുകെഓടണമെന്നാ പ്രമാണം...സൈഡിലൂടെ ഓടാനെങ്കിലും എന്നെ അനുവദിച്ചുകൂടെ...

അങ്കവാലെന്നുപറഞ്ഞ് അപമാനിച്ച ഈ സാധനം മുറിച്ചുകളഞ്ഞിട്ട് ഞാന്‍ പത്തുദിവസം കഴിയുമ്പോള്‍ എങ്ങിനെ എന്റെ കൂട്ടുകാരുടെ ഇടയിലേക്ക് തിരികെപോകും.മനീഷ്കുമാറിന്റെയും അജീഷ്മോന്റെയും തോളത്തുഞാനെങ്ങിനെ കൈയിടും... കാമ്പസില്‍ എങ്ങിനെ തലഉയര്‍ത്തിനടക്കും...'

ഇങ്ങനെയൊന്നും പറഞ്ഞില്ലാ...മനസ്സില്‍ ഓര്‍ത്തതെയൊള്ളു.
കാരണം മുറ്റത്ത് അപ്പോഴും മുള്ളവള്ളി പടര്‍ന്നുനില്‍ക്കുന്നുണ്ടായിരുന്നു.... കുറേവര്‍ഷങ്ങള്‍ക്കുമുമ്പെ ഈ ഹെയര്‍കട്ട് പ്രശ്നത്തിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍'വേഗം പോയ് വെട്ടിച്ച് കളയെടാ......' എന്നലറിക്കൊണ്ട് മുല്ലവള്ളിപൊട്ടിച്ച് അമ്മ എന്റെ പൃഷ്ടഭാഗത്തിട്ടു രണ്ടുപൂശുതന്നതിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നു. അതിന്റെ തിണര്‍പ്പ് ചാക്കുപോലുള്ള് ജീന്‍സിനുപുറത്തൂടെ കൈയോടിച്ചിട്ടും അനുഭവപ്പെടുന്നതുപോലെ തോന്നി.

ഓര്‍മ്മകള്‍ മുടിയിഴകളില്‍ പിടിച്ച് പഴയകാലത്തിന്റെ ഏടുകളിലേക്ക് വലിഞ്ഞുകയറുകയാണ്...

........................................

മുല്ലവള്ളിയും ഗന്ദരാജനും നന്ത്യാര്‍‌വട്ടവും തെച്ചിയും പിന്നെ പേരറിയാവുന്നതും അറിയാന്‍പാടില്ലാത്തതുമായ മറ്റുപൂച്ചെടികളും സമൃദ്ധമായ് വളരുന്ന ഞങ്ങളുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലും കഷ്ടപ്പെട്ടു പിച്ചവയ്ക്കുന്ന എന്റെ ശൈശവം.

എന്നെ പൊക്കിയെടുത്ത് തോളത്തിരുത്തി മൂന്നുകിലോമീറ്റര്‍ അകലെയുള്ള ബാര്‍ബര്‍ഷോപ്പിലേക്ക് അപ്പച്ചന്‍ കൊണ്ടുപോയത് ഓര്‍ക്കുന്നു.
കുതിരപ്പുറത്തിരിക്കുന്നതുപോലെ ഉയരമുള്ള ഒരു കസേരയില്‍ ഇരുത്തിയതും വെള്ളത്തുണികൊണ്ട് കസേരയോട്ചേര്‍ത്ത് അനങ്ങാനാവാത്തവിധം ബന്ധിച്ചതും...

'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....' അപ്പച്ചന്‍ നിര്‍ദ്ധേശംകൊടുത്തു

സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്‍...

ഗുരുസ്വാമി പറ്റെവെട്ടി...

എന്നിട്ടും തൃപ്തിയാകാതെ ഗുരുസ്വാമി പച്ചക്കുതിരയുടെ ഷേപ്പുള്ള ഒരു യന്ത്രം പുറത്തെടുത്തു തലയുടെപുറകില്‍ വച്ചു

' ക്ണിക്കും..ക്ണിക്കും..ക്ണിക്കും..'

മുടിയെല്ലാം പറിച്ചെടുക്കുന്നപോലെ...കണ്ണുനിറഞ്ഞൊഴുകിപ്പോയി...തോളത്ത് എടുത്ത്കൊണ്ടുപോകുന്ന പരുവം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ കൈപിടിച്ച് നടത്തികൊണ്ടുപോകാന്‍ തുടങ്ങി...

ബാര്‍ബര്‍ഷാപ്പിലെ കുതിരപ്പുറംമ്പോലുള്ള കസേരയില്‍ ഇരുത്തി..

'പറ്റെവെട്ടിയേരെ ഗുരുസ്വാമി....' പഴയ നിര്‍ദ്ധേശം..

പഴയ ഗുരുസ്വാമി, പഴയ വെള്ളത്തുണി കെട്ട്, പഴയകത്രിക, പഴയ പച്ചക്കുതിരയന്ത്രം...
സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്

‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും

എല്ലാം പഴയതുപോലെ തുടര്‍ന്നു....സ്കൂളില്‍ പോകുന്നപ്രായമായപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്.
മുടിനീട്ടിയും, ഭംഗിയായ് മുറിച്ചും ക്ലാസിലെത്തുന്ന സഹപാഠികളെ അസൂയയോടെ നോക്കിനിന്നുപോയിട്ടുണ്ട്. മാമാട്ടികുട്ടിയമ്മ സ്റ്റൈലിന്റെ ഓള്‍ഡ്‌വെര്‍ഷനായ 'ബ്രൂസിലികട്ട്' അതായിരുന്നു അക്കാലത്തെ എന്റെ ദിവാസ്വപ്നം.


ബാര്‍ബര്‍ഷോപ്പിലെ പഴയ കുതിരപ്പുറം കസേരയില്‍ കയറിയിരിക്കുമ്പോള്‍ ക്ഷുരകന് നിര്‍ദ്ധേശം കൊടുക്കാന്‍ അപ്പച്ചന്‍ അക്കാലത്തും മറന്നിരുന്നില്ലാ...

'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....'
ഓ..കഷ്ടമുണ്ടെ. തയ്യല്‍ക്കാരന്റെ അടുത്ത് വര്‍ഷത്തിലൊരിക്കലാണ് ഒരു ട്രൗസറും ഷര്‍ട്ടും തുന്നിക്കാന്‍ ചെല്ലുന്നത്... അവിടെ അപ്പച്ചന്‍പറയും 'രണ്ടിഞ്ച് കൂട്ടിയിട് ..രണ്ടിഞ്ച് കൂട്ടിയിട്...'തയ്യല്‍ക്കാരനോട് പറയുന്നത് ജീവിതത്തിലൊരിക്കലെങ്കിലും ബാര്‍ബറോട് പറഞ്ഞിരുന്നെങ്കില്‍...


അല്പംകൂടി തിരിച്ചറിവായപ്പോള്‍ അപ്പച്ചന്‍ കേള്‍ക്കാതെ ഞാന്‍ ബാര്‍ബറോട് പറഞ്ഞുതുടങ്ങി...

'ഒരു ബ്രൂസിലിക്കട്ട്...'

'ആമാ...'

സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്

‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും ...എല്ലാം പഴയതുപോലെതന്നെ

പ്രതീക്ഷകൈവെടിയാതെ അടുത്തപ്രാവശ്യം പറയും...

'ഒരു സ്റ്റെപ്കട്ട്..'

'ആമാ...'

അതിനടുത്ത പ്രാവശ്യം

'ഒരു ഡിസ്കോ കട്ട്'

'ആമാ...'

ആമാ...ആമാ... വെട്ടെല്ലാംകഴിഞ്ഞ് കണ്ണാടിയില്‍ നോക്കുമ്പോള്‍ തലയിലെഴുത്തുവരെ വായിക്കാന്‍ സാധിക്കും...'ജീവിതത്തിലൊരിക്കലും സ്വന്ത ഇഷ്ടപ്രകാരം മുടിമുറിക്കാന്‍യോഗമില്ലാത്തവന്‍' എന്നാണെന്റെ തലയിലെഴുത്ത് ...

സില്‍ക്കിനു സമയായ എന്റെ ഹെയര്‍സ്റ്റൈലെല്ലാം ക്ഷുരകന്‍ അടിച്ചുകൂട്ടി കണ്ട അണ്ടന്റെയും അഴകോടന്റെയും രോമങ്ങളോട് ചേര്ക്കുമ്പോള്‍ ഉള്ളില്‍ ചോരപൊടിയുന്നുണ്ടാവും.


ഓരോപ്രാവശ്യവും മുടിവെട്ടിന്റെ പേരില്‍ പുത്രാവകാശ ധ്വംസനം നടത്തിക്കഴിഞ്ഞതിനു ശേഷം കോമ്പന്‍സേഷനായ് തൊട്ടടുത്തുള്ള പരമുനായരുടെ ചായക്കടയില്‍നിന്നും ചൂടന്‍പരിപ്പുവടവാങ്ങിത്തരുമായിരുന്നു അപ്പച്ചന്‍.


സ്വന്തം ഗുരുനാഥനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്ത യൂദാസിന്റെ മുമ്പില്‍ മുപ്പതുവെള്ളിക്കാശ് ......എന്റെമുമ്പിലെ പ്ലേറ്റില്‍ ആവിപറക്കുന്ന പരിപ്പുവടകള്‍ ...
കുറ്റബോധത്തോടെയല്ലെ അതു തിന്നാന്‍ സാധിക്കൂ.....

പിന്നെ പരമുനായരുടെ പരിപ്പുവടയ്ക്ക് എല്ലാ വേദനകളും ശമിപ്പിക്കാനുള്ള ഒരു ഹീലിംഗ്പവ്വര്‍ ഉണ്ടായിരുന്നുവെന്നകാര്യം സമ്മതിക്കാതിരിക്കാന്നാവില്ലാ.


*******

ഗുരുസ്വാമിയുടെ ഷൗരക്കടയ്ക്ക് ചില പരിഷ്കാരങ്ങളൊക്കെ വന്നിരിക്കുന്നു. ഫ്രന്‍ഡെല്ലാം ഗ്ലാസിട്ടിരിക്കുന്നു. ഒരു കാസറ്റ്പ്ലെയര്‍ ഫുള്‍ടൈം തമിഴ്പാട്ട് പാടിക്കൊണ്ടിരിക്കുന്നു...കുതിരപ്പുറമ്പോലുള്ള മരക്കസേരകള്‍ക്കുപകരം. കറങ്ങുന്ന സിംഹാസനങ്ങള്....

ഗുരുസ്വാമി വെട്ടെല്ലാംനിര്‍ത്തി മേല്‍നോട്ടം മാത്രമായിരിക്കുന്നു...കൂലിക്കാരു രണ്ടുപേരാണ് ഇപ്പോള്‍ സ്നില്‍... സ്നില്‍... സ്നില്‍... വയ്ക്കുന്നത്


ഞാന്‍ കസേരയില്‍ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനോക്കി...കുഴപ്പമില്ലാ രസമുണ്ട്. ഞാന്‍ വലുതായ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് ഇതുപോലൊരു കസേര വീട്ടില്‍ വാങ്ങിയിടും...ഷൗരക്കടതുടങ്ങാനല്ലാ ...വെറുതെയിരുന്ന് റിലാക്സ്ചെയ്യാന്‍.


വെള്ളത്തുണിയിട്ട് വരിഞ്ഞുകെട്ടിയിട്ട് കൂലിക്കാരന്‍ പയ്യന്‍ ചോദിച്ചു...

'എന്നാസ്റ്റൈല്‍ വേണം?'...

'നിന്റെ കൈയ്യില്‍ എന്തൊക്കെയുണ്ട് ?'

മഷ്റൂം, അപ്പാച്ചി, രജനി, അമിതാബച്ചന്‍,

........

'പറ്റെയങ്ങുവെട്ടിയേരെ..... വേഗം വേണം നായരുടെ കടയില്‍ പരിപ്പുവട തീരുന്നതിനുമുമ്പെ ....'

അവന്റെ ഒരു മഷ്റൂമും അമിതാബച്ചനും.....
എനിക്ക് വീട്ടില്‍ കയറേണ്ടേടാ തമിഴാ..


അങ്ങിനെ ലിയനാര്‍ഡോ ഡിസ്കാപ്രിയോയും മാമാട്ടിക്കുട്ടിയമ്മയും എന്റെ തലയില്‍നിന്നും ഇറങ്ങി ഗുരുസ്വാമിയുടെ ഷൗരക്കടയുടെ ഒരുമൂലക്ക് സാധാരണക്കാരുടെ രോമങ്ങള്‍ക്കൊപ്പം കൂട്ടുകൂടിയപ്പോള്‍ ഞാന്‍ പരമുനായരുടെ ചായക്കട ലക്ഷ്യമാക്കിനടന്നു....

പരിപ്പുവടതിന്നിട്ട് നേരെ വീട്ടിലേയ്ക്കും......

അനുസരണയുള്ള കുഞ്ഞാടായ്...

-------------------------
http://gorgazola.blogspot.com/ (ഇതു എന്റെ പുതിയ പാചകബ്ലോഗാണുകേട്ടോ....സൂ വിന്റെ കറിവേപ്പിലപോലെ, സാന്‍ഡോസിന്റെ അലുമിനിയക്കലം‌പോലെ... പേരു ഗൊര്‍ഗന്‍സോള....)

Friday, 4 January, 2008

ഫോക്സ് പ്രോ...

അങ്ങ് അമേരിക്കാവില്‍ ആഷ്ടന്_ടെറ്റും, ഫോക്സ് സോഫ്ട്‌വെയറും കടിപിടി ആരംഭിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞങ്ങളുടെ നാട്ടുകവലയില്‍ ഫോക്സുകള്‍ കടിപിടികൂടിയിരുന്നു. ഫുള്‍ട്ടന്‍ സായ്‌വും ബില്‍ ‍സായ്‌വും ഫോക്സ് പ്രോഎന്നു ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്തുപോലും മിക്കരാത്രികളിലും ഞങ്ങളുടെ വീട്ടിലെ കോഴിക്കൂടിനടിയില്‍ ഫോക്സ് പ്രോ അരങ്ങേറിയിരുന്നു.


നാട്ടുകവലയിലെ ചിമ്മാരുമറിയംപാറയുടെ ചരിവുകളില്‍ ധാരാളം അള്ളുകളുണ്ട്, പരിസരങ്ങളില്‍ ഇടതൂര്‍ന്നുവളരുന്ന തെരുവപ്പുല്ലിന്റെ മറവും...കുറുക്കന്മാര്‍ക്ക് സ്വൈരവിഹാരത്തിനു മറ്റെന്തുവേണം.


ആയിരത്തിതൊള്ളായിരത്തി എമ്പതുകളുടെ തുടക്കത്തില്‍ നാട്ടുകവലയില്‍ കുറുക്കന്മാരുടെ ശല്യം ഗണ്യമായ് വര്‍ദ്ധിക്കുകയുണ്ടായ്. ഫാമിലിയെപ്പറ്റിയോ ഫാമിലിപ്ലാനിംഗിനെപ്പറ്റിയോ യാതൊരുവിധ ധാരണയോ മതിപ്പോ ഇല്ലാത്ത കുറുക്കന്മാരായിരുന്നു അക്കാലത്തുണ്ടായിരുന്നവയില്‍ ഏറിയപങ്കും.


എന്റെ അമ്മൂമ്മയുടെ അഭിപ്രായം കാടുകയറിപ്പോകുന്ന കണ്ടന്‍ പൂച്ചകളാണ് പിന്നീട് കുറുക്കന്മാരായ് കോഴിമോഷണത്തിനു തിരിച്ചുവരുന്നതെന്നാണ്. ഇതൊരു കിറുക്കന്‍ ചിന്താഗതിയാണെന്നു പറഞ്ഞ് ഞാന്‍ തര്‍ക്കിക്കും.


പലകാലത്തായ് ഞങ്ങളുടെ വീട്ടില്‍നിന്നും പ്രായപൂത്തിയായ കണ്ടന്‍പൂച്ചകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷരായിട്ടുണ്ട്.... പുരുഷന്‍, ഹനുമാന്‍, മണിക്കുട്ടന്‍...എന്നിവര്‍ അവരില്‍ പ്രമുഖര്‍. ചോറും വിളമ്പിവച്ച് എത്രയോ ദിവസം കാത്തിരുന്നിട്ടുണ്ട് ഞങ്ങള്‍.... കാടുകയറിപ്പോയ കണ്ടന്മാര്‍ ഞങ്ങളെ മണ്ടമാരാക്കി....ആരും തിരിച്ചുവന്നിട്ടില്ലാ.

ദിവസവും ഇറച്ചിക്കറിവയ്ക്കുന്ന അലിമാമായുടെ വീട്ടില്‍നിന്നും കാടുകയറിപ്പോയ കണ്ടന്‍പൂച്ചപോലും ഇതുവരെ തിരിച്ചുവന്നിട്ടില്ലാ; അമ്പുപെരുന്നാളും ക്രിസ്മസ്സും ഒഴികെയുള്ളദിവസ്സങ്ങളില്‍ കപ്ലങ്ങയും കുമ്പളങ്ങളും ചക്കുക്കുരുവും കറിവയ്ക്കുന്ന ഞങ്ങളുടെ വീട്ടിലെ പൂച്ചകള്‍ മടങ്ങിവരണമെന്നാഗ്രഹിച്ചാല്‍ അതിനെ അത്യാഗ്രഹം എന്നല്ലെ പറയാന്‍പറ്റു...


കുടുമ്പജീവിതം മടുത്ത് എല്ലാം ഇട്ടെറിഞ്ഞിട്ട് വാനപ്രസ്ഥത്തിനു പോവുകയാണ് കണ്ടന്‍പൂച്ചകള്‍ .... അവരാണ്ര് രാത്രിയില്‍ വന്നു കോഴികളെ പിടിക്കുന്നതെന്ന് അമ്മൂമ്മ....

മുഴുത്ത ടര്‍ക്കിക്കോഴിയെ ഫ്രീയായിട്ട് കൊടുക്കാന്നുപറഞ്ഞാല്പോലും അവര്‍ തിരിച്ചുവരില്ലാന്ന് ഞാന്‍....
കാരണം കുടുമ്പജീവിതം അത്രകണ്ട് മടുത്തിട്ടാണ് അവര്‍ വീടുവിട്ടുപോയത്.....

ഞങ്ങളുടെയൊക്കെ വീടല്ലെ പൂച്ചകളെ കുറ്റം പറഞ്ഞിട്ട് കാര്യോണ്ടോ? കാട്ടില്‍കയറാന്‍ പേടിയായിട്ടാ അല്ലെങ്കില്‍ ഞാനൊക്കെ എത്രപ്രാവശ്യം വാനപ്രസ്ഥത്തിനുപോയേനെ...


ചുരുക്കത്തില്‍ പറഞ്ഞാല്‍ കോഴിക്കള്ളന്മാരു കുറുക്കന്മാരുകാരണം രാത്രി മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റിയിരുന്നില്ലാ എന്നതാണ് സത്യം. മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി നല്ല സ്വപ്നവും കണ്ടുറങ്ങുമ്പോഴായിരിക്കും...

കീ....ഈ...യോ.....കീ....ഈ...യോ.....

കോഴിക്കൂട്ടില്‍നിന്നും അപകടസയറണ്‍മുഴങ്ങുന്നു. ...

ഈ സയറണ്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് ഏതോ ഒരു കോഴിയുടെ കാലിന്മേല്‍ ഫോക്സ് പ്രോ ആരംഭിച്ചിരിക്കുന്നു.

അപൂര്‍വ്വം ചിലദിവസങ്ങളില്‍ കോഴിയുടെ കഴുത്തിലായിരിക്കും കുറുക്കന്‍ പ്രോഗ്രാം തുടങ്ങുന്നത് ..... അപ്പോള്‍ യാതൊരു ബഹളവും കേള്‍ക്കില്ലാ...നമുക്ക് സുഖമായ് ഉറങ്ങാം, നേരം വെളുക്കുന്നതുവരെ ...നേരം‌വെളുക്കുമ്പോള്‍ 'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് ചങ്കത്തിടിച്ച് അമ്മയുടെ വക സൈറണ്‍ ആരംഭിക്കും......


കീ....ഈ...യോ..... എന്നു കോഴി സൈറണ്‍ കൊടുത്താല്‍ ഉടന്‍തന്നെ

ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്.... ........ എന്നും വിളിച്ച് അമ്മ ചാടിയെഴുന്നേല്‍ക്കുന്നു...

വെളക്കെവിടെടീ......... വടിയെവിടെടീ............... അലറിക്കൊണ്ട് അപ്പച്ചന്‍ അതിനൊപ്പം....

'പിടിയെടാ..പിടിയെടാ ' പാറപ്പുറത്ത് ചിരട്ട ഉറയ്ക്കുന്നതിനു സമാനമായ റഫ് ആന്‍ഡ് ടഫ് വോയ്സില്‍ വിളിച്ച് പട്ടാളമപ്പൂപ്പന്‍.
(പിടിയെടാ എന്നുപറയുന്നത് കുറുക്കനോട് കോഴിയെ പിടിക്കാനല്ലാ...കൈസറിനോട് കുറുക്കനെപിടിക്കാനാണ്.... വെറുതെ ഒരു ആഗ്രഹത്തിനു പറയുന്നെന്നെയുള്ളു...)


ബഹളക്കാരുടെ സംഘം വടിയും വിളക്കും ഒക്കെയായ് ചെല്ലുമ്പോഴേക്കും പലപ്പോഴും കോഴിക്കൂടിനടിയിലിരുന്ന് ഫോക്സ് തന്റെപ്രോഗ്രാം മുഴുവന്‍ എററൊന്നുമില്ലാതെ റണ്‍ ചെയ്തിട്ടുണ്ടാകുമെന്നുമാത്രമല്ല കോഴിയേംകൊണ്ട് വടക്കോട്ട് അതിവേഗം റണ്‍ ‍ചെയ്തിട്ടുമുണ്ടാവും...


പ്രോഗ്രാമില്‍ ചില മൈനര്‍ പ്രോംബ്ലംസ് ഒക്കെ വരുന്ന ദിവസങ്ങളില്‍ ചിലപ്പോള്‍ കോഴിയുടെ കാല് അല്ലെങ്കില്‍ നെഞ്ചില്‍നിന്നൊരു പീസ് ഒക്കെ കടിച്ചെടുത്തിട്ട് ഫോക്സ് തടിതപ്പും.... അതൊരു നല്ലകാര്യമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്....കുമ്പളങ്ങാ കറിക്കുപകരം പിറ്റേന്ന് വികലാംഗകോഴിക്കറിയുണ്ടാവും... 'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് അമ്മ ഇടയ്ക്കിടയ്ക്ക് ചങ്കത്തിടിക്കുന്നതൊഴിച്ചാല്‍ കൂട്ടാന്‍ കുഴപ്പമില്ലാ...
അതിപ്പോള്‍ പൂവന്‍ കോഴിയാണ് കുറുക്കന്‍പിടിച്ചുപോണതെങ്കിലും അമ്മ ഈ മുട്ടയുടെ കാര്യം പറഞ്ഞാണ് ചങ്കത്തിടിക്കാറ്...


പാതിരായില്‍ കുറുക്കനെ പിടിക്കാന്‍ പോയ അമ്മ, അപ്പച്ചന്‍, അപ്പൂപ്പന്‍ മൂവര്‍ സംഘം മടങ്ങിവരുന്ന വഴിയില്‍ 'ഞാനൊന്നും അറിഞ്ഞില്ലെ നാരായണാ.....' എന്നമട്ടില്‍ തിണ്ണയില്‍ കിടന്നുറങ്ങുന്നു കൈസര്‍ ....

'പ്ലാം.....'
കൊടുക്കും അപ്പച്ചന്‍ വടിവീശി അവന്റെ നടുമ്പുറത്തിനൊന്ന്....
'തിന്നുമുടിക്കാന്‍ മാത്രം കൊള്ളാം....അസ്സത്ത്..'


കാര്യം ശരിയാണ്. കൈസറിന്റെ കൈയാണോ, കാലാണോ, വാലാണോ വളരുന്നെതെന്നോര്‍ത്ത് വളര്‍ത്തികൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ക്കും ചില സ്വപ്നങ്ങളുണ്ടായിരുന്നു....ആവശ്യനേരത്ത് കുരയ്ക്കുകയും അത്യാവശ്യമാണെങ്കില്‍ കടിക്കുകയും ചെയ്യുന്ന ഒരു ശുനകനായ് അവന്‍ വളര്‍ന്നുവരുമെന്ന സ്വപ്നം.


കൈസറാകട്ടെ വായില്‍ കോലിട്ടുകുത്തിയാല്പോലും കടിക്കില്ലാത്ത ജനുസ്... വെറുതെ തമാശയ്ക്കുപോലുമൊന്ന് കുരയ്ക്കില്ലാ... പക്ഷെ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, കൈസറിന്റെ സ്നേഹം... ഇത്രയും ശക്തിയില്‍ വാലാട്ടുന്ന മറ്റൊരു നായെ ഞാന്‍ ഇന്നുവരെ ലോകത്തെവിടെയും കണ്ടിട്ടില്ലാ.

കുറുക്കന്‍ വന്നാലും കോഴിവന്നാലും കള്ളന്‍ വന്നാലും കത്തനാരുവന്നാലും ഈ വാലുകൊണ്ടുള്ള അഭ്യാസം മാത്രമെ കൈസറിനു വശമൊള്ളു.

കുറുക്കനോടുള്ള കലി പട്ടിയുടെ പുറത്ത് തീര്‍ക്കുന്ന അപ്പച്ചനോടും കൈസറ് വാലുവീശി ടാങ്ക്സ് പറയുന്നു.... മറ്റേതുപട്ടികളാണെങ്കിലും പല്ലെല്ലാം കടിച്ചുപിടിച്ച് 'ഗ്‌ഗ്‌ഗ്‌ര്‍‌‌ര്‍‌ര്‍‌ര്‍.....' എന്നെങ്കിലും കേള്‍പ്പിച്ചേനെ.

ഉറങ്ങിക്കിടക്കണ വളര്‍ത്തുനായുടെ നടുംപുറംനോക്കിയടിച്ചത് വല്യമിടുക്കായിപ്പോയ്.... ചുണയുണ്ടെങ്കില്‍ ആ കുറുക്കനിട്ടൊന്നടിക്ക് കാണട്ടെ... എന്നു ചോദിക്കണമട്ടില്‍ ഒരിക്കലും കൈസര്‍ അപ്പച്ചനെ നോക്കിയിട്ടേയില്ലാ...


തിണ്ണയില്‍നിന്നും വീടിനകത്തെയ്ക്ക് കയറുന്ന അപ്പച്ചനു വന്‍‌തോതില്‍ പ്രകോപനം ഉണ്ടാക്കികൊണ്ട് ചുരുണ്ടുകൂടികിടന്നുറങ്ങുന്നു ചേട്ടന്‍... ചേട്ടനോട് ചേര്‍ന്നുമറ്റൊരു ചുരുളായ് ഞാന്‍...

'ഈ ബഹളമെല്ലാമുണ്ടായിട്ട് കിടന്നുറങ്ങുന്നകണ്ടില്ലേ.... യെവമ്മാരെ കട്ടിലോടുകൂടി ചവിട്ടിമറിക്കാന്‍ തോന്നുന്നു....' അപ്പച്ചന്‍ പല്ലിറുമ്മി.

ഇങ്ങനെ പറയാറെയുള്ളു...ഒരിക്കലും കട്ടിലുചവിട്ടിമറിച്ചിട്ടില്ലാ. അതത്ര ഏഴുപ്പവുമല്ലാലൊ.


ചേട്ടന്‍ ഉറക്കം അഭിനയിച്ചുകിടക്കുന്നു എന്ന സത്യം എനിക്കും, ഞാന്‍ ഉറക്കം നടിക്കുന്നു എന്നു ചേട്ടനും അറിയാം. ഈ തണുപ്പത്ത് എഴുന്നേറ്റുചെന്നാലും ചെന്നില്ലങ്കിലും സംഭവിക്കാനുള്ളതു സംഭവിക്കും...കാരണം ഫോക്സ്പ്രോ എന്നുപറയുന്നത് വളരെ ഫാസ്റ്റ് പ്രോഗ്രാമാണ്...

കുറുക്കന്‍ കടിച്ചു ചാവാനാ കോഴിയുടെ വിധിയെങ്കില്‍ കുട്ടികള്‍‍ക്കെന്തുചെയ്യാന്‍ കഴിയും. കോഴിയുടെ തലവര മനുഷ്യരായിട്ട് മാറ്റിവരയ്ക്കാന്‍ കഴിയുമോ. മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയണ ഒരേയൊരു കാര്യം മോശമായ വരയുള്ള ആ തലയങ്ങുമൊത്തമായ് വെട്ടിമാറ്റുക എന്നതുമാത്രം. തലയില്ലാത്ത കോഴിയുടെ തലവരയ്ക്ക് പ്രശക്തിയില്ലല്ലോ... കറിക്ക് പ്രശസ്തി കൂടുകയും ചെയ്യും.


പിറ്റേന്ന് നേരം വെളുക്കുമ്പോഴെ അനുശോജനവുമായ് അയല്‍‌വാസി ഗോപാലന്‍ വൈദ്യന്‍ വരും.

ഇന്നലെ രാത്രി ബഹളം കേട്ടല്ലോ... കൊണ്ടുപോയോ?...

'ഒന്നും പറയണ്ടെന്റെ വൈദ്യരെ... ദിവസ്സോം മുടങ്ങാതെ മുട്ടയിടുന്ന കോഴിയാരുന്നു... ഒരു രണ്ട് രണ്ടര കിലോയ്ക്ക് ഒരു കുറവുമില്ലാ.... '

അമ്മ പറഞ്ഞത് പാവം കുറുക്കനെങ്ങനും കേട്ടിരുന്നെങ്കില്‍ സമയവും കാലവും നോക്കാതെ അവന്‍ കൂക്കിവിളിച്ചേനെ.....ഒരുരാത്രി മെനക്കേടിനു കിട്ടിയത് ഒരുകിലോപോലുമില്ലാത്ത കോഴിയും രണ്ടരക്കിലോ പേരുദോഷവും...'


'കോഴിക്കൂടിനടിയില്‍ ഒരു എലിക്കത്രിക കെണിച്ചുവച്ചുനോക്കിക്കൂടെ?... '


' ഓ ഒരുകാര്യവുമില്ലെന്നെ.... എത്രപ്രാവശ്യം ചെയ്തിരിക്കുന്നു. അവസാനം ഇവിടുത്തെ പൂച്ചതന്നെ പോയ്ചാടി..'


' അതിപ്പോള്‍ എന്താ പറയ്കാ... കുറുക്കനോളം കൗശലമുള്ളൊരു ജീവി ഭൂമിയില്‍ വേറെയില്ലാ...കെണിയിലൊക്കെ വീഴ്ത്താന്‍ വല്യപാടാ..'


'കല്‍ക്കട്ടായീന്ന് മോന്റെ കത്ത് വന്നോ... അവരീവര്‍‍ഷം വരുന്നൊണ്ടോ?..'

'ഒന്നും പറയണ്ടാകുഞ്ഞെ അവിടുത്തെകാര്യമെല്ലാം വല്യകഷ്ടത്തിലാ... എണ്ണിച്ചുട്ട അപ്പം‌പോലെ കിട്ടണ മാസശംബളം എന്തിനാ തികയ്കാ... അവന്റെ പെണ്ണുമ്പിള്ളയ്ക്കാണേല്‍ ചുരുക്കി ചെലവുചെയ്ത് ജീവിക്കാനും അറിയില്ലാ...ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലും കൂടി പോയ്ത്തുടങ്ങീലെ ...ഒന്നും മിച്ചമില്ലാന്നാ അവന്‍ പറയണത്.... വീട്ടിലേക്കൊരു പത്തുപൈസാ അയച്ചിട്ട് മാസം അഞ്ച്ചാറായ്... ഉം...അവരുടെകാര്യങ്ങളെങ്കിലും മുടക്കില്ലാതെ നടക്കണെന്നുകേട്ടാമതിയാരുന്നു...'


' ഈ ചെക്കന്‍ ഈ കണ്ടനാട്ടിലൊക്കെ പോയ്ക്കിടന്നു ഇത്ര കഷ്ടപ്പെടണതെന്തിനാ... പത്തും പലതുമൊന്നുമില്ലാലോ ഒറ്റമോല്ലെയുള്ളു ... കൂലിപ്പണിയെടുത്തായാലും സ്വന്തം നാട്ടില്‍ കഴിയണ സുഖംകിട്ടോ അന്യനാട്ടില്‍... അവനിവിടെയുണ്ടെങ്കില്‍ വയസായ കാര്‍ന്നോന്മാര്ക്കൊമൊരു തുണയാകില്ലെ ...'


'അതൊക്കെ പറഞ്ഞുകൊടുത്തു ചെയ്യിക്കണ്ടപ്രായം കഴിഞ്ഞില്ലെ....ഇനി അവര്‍ക്ക് സ്വയം തോന്നിചെയ്യണെങ്കില്‍ ചെയ്യട്ടെ... എന്നാല്‍ ഞാനിറങ്ങണു മോളെ...' ഗോപാലന്‍ വൈദ്യര്‍ പോകാനിറങ്ങുകയാണ്..


'എന്താ ഇത്ര തിടുക്കം...പശുവിനെ കറക്കാനാളു പോയിട്ടുണ്ട്. അല്പം കൂടി നിന്നാല്‍ ചായകുടിച്ചിട്ടുപോകാം...'


'വേണ്ട മോളെ... അല്പം തിടുക്കമുണ്ട്, ഞാന്‍ ഇത്തിരി പച്ചമരുന്നു തേടിയിറങ്ങീതാ.. ഒരു മരുന്നുകാച്ചാന്‍..' വൈദ്യര്‍ ചായപോലുംകുടിക്കാതെ കൊച്ചുവെളുപ്പാന്‍ കാലത്ത് പച്ചമരുന്ന് തേടിയിറങ്ങി....

എന്തിനാണാവോ ഗോപാലന്‍ വൈദ്യര്‍ ഇങ്ങനെ മരുന്നു കാച്ചി കൂട്ടണത്....നാട്ടുകവലയിലെയൊ പരിസരപ്രദേശത്തെയൊ ഒരുമനുഷ്യനും ഇങ്ങരുടെ അടുത്ത് ചികിത്സയ്ക്കോ മരുന്നിനോ വരാറില്ലാ.. അവസാനമായ് വന്നത് കടപ്ലാരി അന്നതള്ളയാണ് - രണ്ടുവര്‍ഷം മുമ്പെ, രോഗം മുടിപൊഴിച്ചില്‍. ചികിത്സയൊക്കെ കഴിഞ്ഞു... ഇപ്പോള്‍ പള്ളിയില്‍ പോകുമ്പോള്‍ മാത്രമല്ലാ കുളിക്കുമ്പോള്‍ പോലും തലയില്‍നിന്നും പുതമുണ്ട് മാറ്റാറില്ലാ...


കഴിഞ്ഞ ആഴ്ച കറുമ്പിപിടയെ കുറുക്കന്‍ പിടിച്ചുപോയതിന്റെ പിറ്റേന്നും വൈദ്യര്‍ പച്ചമരുന്നുപറിക്കാന്‍ കാട്ടില്‍ പോയിരുന്നു.

അന്ന് കറ്റാര്‍വാഴയുടെ പോളയെടുക്കാനാണ് പോയത്. കറ്റാര്‍‌വാഴയുടെ പോളയിട്ട് കാച്ചുന്ന പ്രത്യെകതരം എണ്ണ മുടിവളരാന്‍ അത്യുത്തമമാണത്രെ... വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലങ്കില്‍ ഉള്ളം‌കൈയില്പോലും രോമം വളരുമത്രെ...

ഈ മരുന്ന് ആ കടപ്ലാരി തള്ളയുടെ തലയില്‍ ഇത്തിരിതേച്ചുകൊടുത്താല്‍ എന്താ ഈ വൈദ്യര്‍ക്ക്.... ഒരുപക്ഷെ തലയില്‍ എണ്ണതേയ്ക്കാന്‍ ചെല്ലുന്ന വൈദ്യരുടെ തലതന്നെ പോയെന്നിരിക്കും.... അത്രയ്ക്ക് ദേഷ്യത്തിലാണ് തള്ളമ്മ.


'വൈദ്യരിന്നു ദശപുഷ്പം അന്യേഷിച്ചാണ് പോയേക്കണത്...' വല്യേട്ടന്‍ പറഞ്ഞു...

'എന്താ ദശപുഷ്പം എന്നുവച്ചാല്‍....'

'ദശയെന്നാല്‍ മാംസം.....അപ്പോള്‍ ദശപുഷ്പം മാംസപുഷ്പം.....മാംസപുഷ്പം കിട്ടാന്‍ വല്ല കശാപ്പുകടയിലും പോകാതെ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് വൈദ്യരെന്തിനാണാവോ കാടുകയറുന്നത്..' കൊച്ചേട്ടന്‍ പറഞ്ഞു...


'പോടാ മണ്ടാ....ദശമെന്നാല്‍ പത്ത് എന്നാണ് അര്‍ത്ഥം....ദശപുഷ്പം എന്നാല്‍ പത്തുപുഷ്പം എന്നും...' വല്യേട്ടന്‍

പത്തുപൂവ് പറിക്കാന്‍ വൈദ്യര്‍ക്ക് കാട്ടില്‍തന്നെ പോണോ? നാട്ടിലെങ്ങും കിട്ടില്ലെ.?... ഈ വര്‍ഷം മകരമാസത്തിലും ഓണമുണ്ടോ ... പൂക്കളമിട്ടുകളിക്കാന്‍?

നൂറുനൂറു സംശയങ്ങള്‍....


ആരുടെയെങ്കിലും കോഴിയെ കുറുക്കന്‍ പിടിക്കുന്നതിനു പിന്നാലെയുള്ള വൈദ്യരുടെ പച്ചമരുന്ന് പര്യവേഷണത്തില്‍ എന്തൊക്കെയൊ ദുരൂഹത തോന്നിയിട്ടാണ് വല്യേട്ടന്‍ വൈദ്യരു പോയ വഴിക്ക് നിരീഷണത്തിനിറങ്ങിയത്... വല്യേട്ടനോടൊപ്പം ഞാനുംകൂടി...ദശപുഷ്പം കാണുക എന്ന ഒറ്റ ലക്ഷ്യമേ എനിക്കുണ്ടായിരുന്നൊള്ളു.


കോഴിയുടെ പപ്പുംതൂവലും ചിതറിക്കിടക്കുന്ന വഴിച്ചാലുനോക്കി വൈദ്യര്‍ മുന്നേറുകയാണ്. മേച്ചില്പുല്ലുകള്‍ വകഞ്ഞുമാറ്റി...ചിലന്തിവലകള്‍ തകര്‍ത്ത്...


ചിമ്മാരുമറിയംപാറപ്പുറത്തെത്തിയപ്പോള്‍ വൈദ്യര്‍ പിന്നില്‍ കാല്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കുകയും ഞങ്ങളെ കണ്ടെത്തുകയും ചെയ്തു.... മുഖത്തും തലയിലും നെഞ്ചത്തും ചിലന്തിവലകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വൈദ്യരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.....ആദ്യത്തെ സ്പൈഡര്‍മാന്‍.


'എന്താ രണ്ടാളുംകൂടി....' വൈദ്യര്‍ ഒരു വളിച്ച ചിരി പാസാക്കി..പിന്നെ പാറപ്പുറത്തിരുന്നു മുറുക്കാന്‍ പൊതി അഴിച്ചു വിസ്തരിച്ചു മുറുക്കാന്‍ ആരംഭിച്ചു....


'ഞങ്ങള്‍ക്ക് ആ ദശപുഷ്പം ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു...' ചേട്ടന്‍ പറഞ്ഞു

'ക്രാ....ഭൂ.... ' രണ്ടുവിരല്‍ ചുണ്ടിചേര്ത്തുപിടിച്ച് നീട്ടിത്തുപ്പി വൈദ്യര്‍ പാറപ്പുറം മെനകേടാക്കി...

'അതു മക്കളെ...അങ്ങിനെ കാണാനും മാത്രമൊന്നുമില്ലാ...കൊറേ പച്ചമരുന്നുകള്‍...പൂവാംകുറുന്തല്‍, മുയല്‍ചെവിയന്‍, കറുക, നിലപ്പന, കുഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറുപൂള, തിരുതാളി, ഉഴിഞ്ഞ, മുക്കൂറ്റി..... മനസ്സിലായോ വല്ലതും...'


കുഞ്ഞുണ്ണിയെ മാത്രം മനസിലായ്....വേറെ ആരേം അറിയില്ലാ....


'എല്ലാമൊന്നും ഈകാട്ടില്‍ കിട്ടില്ലാ....നിലപ്പനയും മുയല്‍ചെവിയനും കിട്ടാതിരിക്കില്ലാ...എന്നാല്‍ മക്കളിവിടെയിരിക്ക്...ഞാന്‍ തോഴോട്ടിറങ്ങി നോക്കട്ടെ...' വൈദ്യര്‍ കീഴ്ക്കാം തൂക്കായ ചരിവിലൂടെ താഴേക്ക് കഷ്ടപ്പെട്ടിറങ്ങിപ്പോയ്..


രാവിലെ ഇത്രിടം വരെ കഷ്ടപ്പെട്ടുവന്നിട്ട് വെറുതെ മടങ്ങാന്‍ ഞങ്ങള്‍ക്കും പ്രയാസം...നിലെപ്പനയെങ്കില്‍ നിലപ്പന മുയല്‍ചെവിയനെങ്കില്‍ അത്...എന്തെങ്കിലും കണ്ടിട്ടേ മടങ്ങുന്നൊള്ളു എന്ന തീരുമാനത്തില്‍ ഞങ്ങള്‍ വീണ്ടും വൈദ്യരറിയാതെ വൈദ്യരെ പിന്തുടര്‍ന്നു....ഏറെ താമസിയാതെ പാറക്കെട്ടിന്റെ താഴെ ചെരിവില്‍ മണ്ണില്‍ കുത്തിയിരുന്ന് മാന്തുന്ന വൈദ്യരെ ഞങ്ങള്‍ കണ്ടെത്തി. കല്ലുകള്‍‍ക്കിടയില്‍ മറഞ്ഞിരുന്ന് ഞങ്ങള്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്നുനോക്കി.

അള്ളുകള്‍ക്ക് എതിര്‍‌വശത്തായ് ഇളകിയ മണ്ണില്‍ വൈദ്യര്‍ രണ്ടുകൈകൊണ്ടും ഉത്സാഹിച്ച് മാന്തുകയാണ്.
ഏതെങ്കിലും ഔഷധസസ്സ്യത്തിന്റെ വേരായിരിക്കും വൈദ്യര്‍ തിരയുന്നതെന്നുകരുതിയ ഞങ്ങള്‍ക്ക് തെറ്റി.... മണ്ണുമാന്തി വൈദ്യര്‍ പൊക്കിയെടുത്തത് തലേന്നു രാത്രിവരെ ഞഞ്ഞളുടെ കോഴിക്കൂടിനലങ്കാരവും കുറുക്കന്മാര്‍ക്ക് പ്രലോഭനവുമായിരുന്നു ഞങ്ങളുടെ സ്വന്തം കോഴിയുടെ ചേതനയറ്റശരീരം...

ഷോക്ക്....

തലേന്നുരാത്രി ഞങ്ങളുടെ ഉറക്കം കെടുത്തിയത്.... കൈസറിനു അപ്പച്ചന്റെ കൈയില്‍നിന്നും തല്ലുവാങ്ങിക്കൊടുത്തത്... അമ്മയെകൊണ്ട് കാലത്തുമുതല്‍ നെഞ്ചത്തിടിപ്പിച്ചത്....എന്താണ് കുറുക്കാ ഈ പ്രോഗ്രാമിന്റെ അര്‍ത്ഥം ... ഈമണ്ണില്‍കൊണ്ടുവന്നു കുഴിച്ചുമൂടാനാണോ ഇത്രവലിയ സാഹസം കാട്ടണത്?....


വൈദ്യരുടെ കയ്യിലിരുന്ന കോഴിപ്പിടയുടെ ശരീരം ഞാനൊന്നേ നോക്കിയൊള്ളു... സുന്ദരിയായ പുള്ളിപ്പിടയെ കുറുക്കന്‍ കടിച്ചുകീറി ആകെ വികൃതമാക്കിയിരിന്നു. ചോരയും പൂഴിമണ്ണും കൂടിക്കലര്‍ന്ന്... കണ്ടാല്‍ അറപ്പുളവാക്കുന്ന രീതിയില്‍...

കേവലം നിസാരമായ ഒരു പൂവ് പൊഴിഞ്ഞ് വീണുകിടക്കണകണ്ടപ്പോള്‍ 'ശ്രീഭൂവിലസ്തിരം അസംശയ‌മിന്നുനിന്റെ ആഹൂതിയെങ്ങുപുനരെങ്ങുകിടപ്പതോര്‍ത്താല്' എന്നു പാടിയ ആശാനെങ്ങാനും ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ മനോഹരമായ മറ്റൊരുകവിത മലയാളത്തിനു കിട്ടുകില്ലായിരുന്നൂന്നാരറിഞ്ഞു...


കോഴിയെ കൂടയിലിട്ട് തിരിഞ്ഞുനടക്കണ വൈദ്യരോട് വല്യേട്ടന്റെ വക ചോദ്യം ഉടനെയുണ്ടായ്....

'ദശപുഷ്പം കിട്ടിയോ വൈദ്യരെ?'....


ശബ്ദംകേട്ടഭാഗത്തെയ്ക്ക് നോക്കിയ വൈദ്യര്‍ക്ക് പാറയുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഞങ്ങളുടെ തലമാത്രമെ കാണാന്‍ കഴിയുകയൊള്ളു...


പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിപ്പാത്രത്തിലിരുന്ന് ചില ചോദ്യങ്ങള്‍ ചോദിച്ച് ഹേറോദേശ് രാജാവിനെ പേടിപ്പിച്ചപോലെ പാറപ്പുറത്ത് കാണപ്പെട്ട വല്യേട്ടന്റെ തല വൈദ്യരെയും വല്ലാതെ പേടിപ്പിച്ചു..

'യ്യോ കുഞ്ഞേ ആരോടും പറയരുതെ...ദാരിദ്ര്യം കൊണ്ടാണെ.... നാണംകെടുത്തരുത്...'


ആരുടെയെങ്കിലും കോഴികളെ കുറുക്കന്‍ പിടിക്കുന്നതിന്റെ പിറകേയുള്ള വൈദ്യരുടെ പച്ചമരുന്നു പര്യവേഷണ രഹസ്യത്തിന്റെ ചുരുളുകളങ്ങിനെ അഴിയുകയായി...


കുറുക്കന്റെ മനശാസ്ത്രം നന്നായ് അറിയാവുന്ന വൈദ്യര്‍ പറഞ്ഞുതുടങ്ങി....

ഇരയെപിടിച്ചാല്‍ ഒറ്റദിവസം കൊണ്ട് അതിനെ തിന്നുതീര്‍ക്കാതെ പിറ്റെദിവസത്തെയ്ക്ക് സൂക്ഷിച്ചുവയ്ക്കുന്ന ബുദ്ധിശാലികളാണ് കുറുക്കന്മാര്‍. ഇരയുടെ ശരീരഭാഗത്തിലെ എളുപ്പം ചീത്തയാകുന്ന ആന്തരാവയവങ്ങളാണ് കുറുക്കന്‍ ആദ്യദിവസം ആഹരിക്കുന്നത്. ബാക്കിഭാഗം പെട്ടെന്ന് ചീത്തയാകാതിരിക്കാനായിട്ട് മണ്ണില്‍ കുഴിച്ചിടുകയാണ്....

'ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയാണുമക്കളെ കുറുക്കന്‍... 'ഫോക്സ്പ്രൊയ്ക്ക് ഗോപാലന്‍ വൈദ്യരുടെ വക ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍.........


മണ്ണില്‍ കുഴിച്ചിട്ട കോഴിയെ മാന്തിയെടുത്ത് ശാപ്പിടാന്‍ തിരികെവരുന്ന പാവം
കുറുക്കനെക്കുറിച്ചായിരുന്നു ആ ദിവസ്സം മുഴുവന്‍ എന്റെ വിചാരം... കുറേ നേരം മണ്ണില്‍ മാന്തിയിട്ടും കോഴിയെ കിട്ടാതെവരുമ്പോല്‍ ഇളിഭ്യനായ് മടങ്ങുന്ന പാവം കുറുക്കന്‍...


ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയേതാണു എന്നുചോദിച്ചാല്‍...... രണ്ടാമതൊന്നു ആലോചിക്കാതെ ആ കുറുക്കന്‍ മറുപടി പറഞ്ഞേനെ .....


'ഗോപാലന്‍ വൈദ്യന്‍!!!...അല്ലാതാരാ.'