Wednesday 18 June, 2008

അടയാളം

ടെലഫോണ്‍ നിറുത്താതെ മണിയടിക്കുന്നതു കേട്ടാണ് എമ്മാനുവേലച്ചന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്...ആരാണാവോ ഈ വെളുപ്പാംങ്കാലത്ത്! പാതിതുറന്നമിഴികളാല്‍ ചുമരിലെക്ലോക്കിലെക്കു പാളിനോക്കിയപ്പോള്‍ മണിഎട്ടേകാല്‍ ‌കഴിഞ്ഞിരിക്കുന്നു.... അപ്പോള്‍ തീരെവെളുപ്പാങ്കാലമെന്നു പറയാന്‍വയ്യ. ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. ശനിയാഴ്ചകളില്‍ ചാപ്പലിലെ കുര്‍ബാന വൈകുന്നേരമായതിനാല്‍ അല്പം നേരം വൈകിഉണര്‍ന്നാല്‍ മതിയല്ലൊ എന്ന ധൈര്യത്തിലായിരുന്നു പാതിരാ കഴിഞ്ഞിട്ടും കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്നത്. ഉറക്കച്ചടവ് വിട്ടുമാറാത്ത കണ്ണുകള്‍ ഇരുകൈകള്‍കൊണ്ടും കൂട്ടിത്തിരുമ്മി അച്ചന്‍ ഒരു വേള കട്ടിലില്‍ ചടഞ്ഞിരുന്നു... പിന്നെ ഉറക്കെ ഒരു കോട്ടുവായിട്ടു. ഒട്ടും രസമല്ലാത്ത മട്ടില്‍ മേശമേലിരുന്നു ബഹളം വയ്ക്കുന്ന ടെലഫോണിനെ ഒന്നു നോക്കി, ഇരുന്ന ഇരുപ്പില്‍ ആയാസപ്പെട്ട് കൈയെത്തിച്ച് അതെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും മണിയടിനിലച്ചു.



അത്യാവശ്യമുള്ളവര്‍ വീണ്ടും വിളിക്കട്ടേ. അച്ചന്മാരും മനുഷ്യരല്ലെ...കക്കൂസിലായിരിക്കും എന്നോര്‍ത്തിട്ടെങ്കിലും അല്പം കഴിഞ്ഞ് വിളിക്കാമല്ലോ. താഴെ മഠം‌വക ആശുപത്രിയില്‍ പിടിവിട്ട കേസുകള്‍ വല്ലതും വന്നിട്ടുണ്ടാകുമോ ആവോ... അന്ത്യകൂദാശകിട്ടാതെ ആരേലും അങ്ങേലോകത്തേക്കു പോയാല്‍ അതിന്റെ ഉത്തരവാദിത്യത്തില്‍ നിന്നും തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലാ. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.


രാവിലെ ഉറക്കമുണര്‍ന്നാല്‍ പല്ലുപോലും തേയ്ക്കുന്നതിനു മുമ്പെ ഒരു കാപ്പികുടിക്കണശീലം പണ്ടുണ്ടായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടതു ഈ ശീലമൊന്നു മാറ്റിയെടുക്കാനായിരുന്നു. ആദ്യകാലത്ത് ആരും കാണാതെ പച്ചവെള്ളത്തില്‍ കാപ്പിപ്പൊടി കലക്കി കുടിച്ചിട്ടുണ്ട്. പലപ്രാവശ്യം പൗരോഹിത്യത്തിലേക്കുള്ള വിളിമറന്ന് പെട്ടിയും കിടക്കയുമെടുത്ത് തിരികെ പോരാന്‍ തുനിഞ്ഞതാ... അപ്പോഴെല്ലാം ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു ചോദ്യം...'മാനുവേല്‍...ക്വോവാദീസ്?'. അതു ദൈവത്തിന്റെ വിളിയായ് തിരിച്ചറിഞ്ഞു... അങ്ങിനെ ശീലങ്ങളും ശീലക്കേടുകളും മാറിമറിഞ്ഞതിനൊപ്പം കാലക്രമത്തില്‍ മാനുവേല്‍‍ റവ. ഫാ‍. എമ്മാനുവേല്‍ ആയിമാറി.



അച്ചന്‍ സാവധാനത്തില്‍ അടുക്കളയിലേക്ക് നടന്നു. ഒരു കുശിനിക്കാരനുണ്ടായിരുന്നതിനെ ദുര്‍‌വാശികാട്ടി പിണക്കി അയക്കേണ്ടായിരുന്നു. അതുകൊന്ണ്ടിപ്പോള്‍ എന്തായി... ആഗ്രഹമുള്ള ആഹാരം വല്ലതും കഴിക്കണമെങ്കില്‍ വല്ല മാമോദീസായോ, കല്യാണമോ വരണം. ബാക്കി ദിവസങ്ങളില്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍മാര്‍ കൊടുത്തയക്കുന്നതെന്താണെന്നുവച്ചാല്‍ അത്... മിക്കവാറും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങായിരിക്കും.

അച്ചന്‍ കാപ്പിക്കുള്ള വെള്ളമെടുത്ത് അടുപ്പത്ത് വച്ചതിനു ശേഷം വരാന്തയിലേക്കുവന്നു അവിടെ കിടന്ന ദിനപ്പത്രവും എടുത്തുകൊണ്ട് ബാത്തുറൂമില്‍ കയറി കതകടച്ചുകുറ്റിയിട്ടു. ശ്വസ്തമായ് ഇരുപ്പുറപ്പിച്ചു പത്രത്തിന്റെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു തുടങ്ങിയതേ വീണ്ടും ടെലഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി...


ഒരു പ്രകാരത്തില്‍ ഓടിപ്പിടഞ്ഞ് ടെലഫോണിനടുത്ത് എത്തിയപ്പോഴേക്കും മണിനാദം വീണ്ടുംമുറിഞ്ഞു.
അശ്വസ്തയോടെ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലെത്തിയ അച്ചന്‍ അറിയാതെ വിളിച്ചുപോയ് 'ജീസസ്സ്...' വിരസമായ് ആരംഭിച്ച ഒരു പ്രഭാതത്തിന്റെ തുടര്‍ചലനങ്ങളെന്നപോലെ അടുപ്പത്ത് വച്ച വെള്ളം മുഴുവനും തിളച്ചുവറ്റിയിരിക്കുന്നു. ഇന്നിനി കട്ടന്‍ കാപ്പി വേണ്ട...



ആരായിരിക്കും രാവിലെ രണ്ടുപ്രാവശ്യം വിളിച്ചത് എന്നോര്‍ത്തുകൊണ്ട് അച്ചന്‍ കിടപ്പുമുറിയിലേക്ക് തിരിച്ചുവന്നു. ചുവരിലെ ക്ലോക്കില്‍ അപ്പോള്‍ ഒമ്പതുമണിയാവാന്‍ ഏതാനും മിനിറ്റുകളുടെ കുറവേ ഉണ്ടായിരുന്നൊള്ളു. മഠത്തില്‍ നിന്നും ബ്രേക്ഫാസ്റ്റ് കൊടുത്തയക്കാന്‍ ഇനിയും അരമണിക്കൂറുകൂടി കഴിയണം. ശനിയാഴ്ച ദിവസങ്ങളില്‍ അങ്ങിനെ മതിയെന്നു അച്ചന്‍ ആവശ്യപ്പെട്ടിട്ടാണ് അല്ലെങ്കില്‍ ബാക്കി ദിവസങ്ങളിലെപോലെ എട്ടുമണിക്കുതന്നെ കൊടുത്തയച്ചേനെ.



മാനുവേലച്ചന്‍ നീണ്ട‌വെള്ളക്കുപ്പായമെടുത്ത് ധരിച്ച് തിടുക്കത്തില്‍ ബട്ടന്‍സുകള്‍ അതാതിന്റെ തുളകളില്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഈ നീണ്ടകുപ്പായത്തിലെ എണ്ണമില്ലാത്ത കുടുക്കുകളാണോ പലരേയും പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന് മാനുവേലച്ചന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ടെലഫോണ്‍ ബെല്ലടിച്ചു...
ഇപ്രാവശ്യം പിഴച്ചില്ലാ... മണിനാദം നിലയ്ക്കും‌മുമ്പെ അച്ചന്‍ ഫോണ്‍ കൈക്കലാക്കി...



"ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..."


"അച്ചോ...ഇതു കോണ്‍‌വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...."


"ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..."


"ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...."


"എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..."

ബീപ്..ബീപ് ...ബീപ്... ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.



അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.
കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍‌വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.

മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...

"എന്താ മദറെ പ്രശ്നം?.."


"പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരു കാണിച്ചുതരാം ഒരു സന്തോഷ വര്‍ത്തമാനമാണ്."


"അതെന്താണെന്നൊന്നു പറഞ്ഞൂടെ...." കുന്നുകയറിതിടുക്കത്തില്‍ നടന്നതിന്റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.


"അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടെന്ന് വേഗം തീരുമാനിക്കണം..."



മാനുവേലച്ചന്റെ കൈയില്പിടിച്ച് വലിച്ചുകൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണൂമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായ്.

"അച്ചനിതേലൊന്നു നോക്കിക്കെ..."


മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിന്മെല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.

"എന്തായിത്...ചപ്പാത്തീയല്ലെ!!!...." അച്ചനു കാര്യത്തിന്റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...

"ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്റെ പ്രതിരൂപം കാണുന്നില്ലെ അച്ചോ?"



ശരിയാണ്. പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്റെ പടയാളികള്‍...


"ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?... അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍."


"ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?" അച്ചന്‍ ചോദിച്ചു...


"റോസിലി സിസ്റ്ററിനാ..."


"ഇന്നു ആഹാരമുണ്ടാക്കുന്നത് എന്റെ ഊഴമായിരുന്നു. എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. " റോസിലി സിസ്റ്റര്‍ പറഞ്ഞു.


മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ് അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.

"മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ..."


ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.



"കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? " അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ് ദിവ്യചൈതന്യമെന്നപോലെ ആവിപറക്കുന്നുണ്ടായിരുന്നു.



മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങുകറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...

അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.


ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ മദറമ്മ മരവിച്ചു നിന്നുപോയ്.



കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...
"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്റെ തിരക്കുകളിലേക്ക്.

Friday 18 January, 2008

തേങ്ങാക്കച്ചവടക്കാരന്റെ മകള്‍ ജന്നിഫര്‍

കിട്ടന്‍ കണിയാരുടെ പ്രവചനങ്ങളില്‍ നാട്ടുകവലയിലാര്‍ക്കും തീരെമതിപ്പില്ലായിരുന്നെങ്കിലും എന്റെ അനുഭവം നേരെമറിച്ചാണ്. കണിയാരുപറഞ്ഞിട്ടുള്ളകാര്യങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നു.



ഏഴാംക്ലാസില്‍ പഠിക്കണകാലത്താണെന്നുതോന്നുന്നു ‍ കടവില്‍ കുളിക്കാന്‍പോയപ്പോള്‍ കൂട്ടുകാരന്‍ ഷുക്കൂറുമായൊരു വാക്കേറ്റം... വാക്കേറ്റം മൂത്ത് കയ്യാങ്കളിയായ്... എന്റെ വാസനസോപ്പെടുത്ത് അവന്‍ മുതിരപ്പുഴയുടെ വിരിമാറിലേക്ക് ഒരു ഏറുകൊടുത്തു... നടുതേഞ്ഞു പാലം പോലായ സോപ്പാരുന്നെങ്കിലും മേത്ത് കൊള്ളിക്കാതെ തേച്ചാല്‍ ഒരു മൂന്നുമാസക്കാലംവരെ പാട്ടും പാടി ഉപയോഗിക്കാരുന്നു...


എനിക്ക് എന്നെപിടിച്ചാല്‍ കിട്ടാതായിപ്പോയി.... കൈപ്പാങ്ങിനു കിട്ടിയത് അലക്കി പാറപ്പുറത്തുവിരിച്ചിരുന്ന ഷുക്കൂറിന്റെ കളസം... അവന്റെ ബാപ്പ കഴിഞ്ഞവരവിനു ഖത്തറീന്നുകൊണ്ടുവന്നത്... സുല്‍ത്താന്മാരൊക്കെ ഉപയോഗിക്കണ ടൈപ്പ് പള പളാന്നുള്ളത്... ക്ഷണനേരത്തിനുള്ളില്‍ എന്റെ സോപ്പുപോയതിന്റെം അപ്പുറത്ത് ഷുക്കൂറിന്റെ കളസവും മുങ്ങിത്താണു..



ഷുക്കൂറ് കരഞ്ഞുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടി... പണ്ട് ആര്‍ക്കമിഡീസ് ഓടിയ അതെ പാറ്റേണില്‍.ഒരു ചെറിയ വ്യതാസമുണ്ടായതെന്താന്നുവച്ചാല്‍ ആര്‍ക്കമിഡീസ് വിളിച്ചുകൂവിയത് 'യൂറേക്കാ യൂറേക്കാന്ന് ..' ഷുക്കൂറു വിളിച്ചുകൂവിയതു 'സുബേറിക്കാ... സുബേറിക്കാന്ന്' , അത്രമാത്രം.



ഞാനും ഷുക്കൂറുമായ് വാക്കേറ്റമുണ്ടായപ്പോള്‍ കിട്ടന്‍ കണിയാന്‍ കടവിലുണ്ടായിരുന്നു... പാറപ്പുറത്തിരുന്ന് മെല്ലിച്ചശരീരത്തില്‍ ആയാസപ്പെട്ട് എണ്ണതേച്ച് പിടിപ്പിക്കുകയായിരുന്നു മൂപ്പര്. എഴുന്നേറ്റുവന്നൊരുതടസ്സം പിടിക്കുകയാവട്ടെ, കൊള്ളാവുന്ന ഉപദേശങ്ങളുപറഞ്ഞു ഞങ്ങളെ പിന്തിരിപ്പിക്കുകയാകട്ടെ ഒന്നും ചെയ്തില്ലാ പൊട്ടന്‍ കണിയാര്...


എല്ലാം കഴിഞ്ഞപ്പോള്‍ എന്നോടായ് ഒരു പ്രവചനം .......


'നിനക്ക് അപ്പന്റെകയ്യീന്നു നല്ല ചുട്ടയടികിട്ടാനുള്ള യോഗം കാണുന്നു...'


ദക്ഷിണപോലും വാങ്ങാതെ നടത്തിയ ആ പ്രവചനം അക്ഷരം പ്രതി ഫലിച്ചു... ഷുക്കൂറിന്റെ കളസം നിമജ്‌ജനം ചെയ്തവകയില്‍ എനിക്ക് അപ്പന്റെകൈയില്‍ നിന്നും വേണ്ടുവോളം കിട്ടി...
(ഷുക്കൂറിന്റെ ഇക്കാ സുബൈറിന്റെ കൈയ്യില്‍നിന്നുകൂടി കിട്ടുമെന്നു കരുതിയതാണ്. പക്ഷെ എന്റെ ഭാഗ്യത്തിനു 'പകരത്തിനു പകരം' എന്ന പ്രതികാരമുറയാണ് അവമ്മാരു പ്ലാന്‍ ചെയ്തത്. കുറേ വര്‍ഷങ്ങളോളം രണ്ടാളും തക്കം പാര്‍ത്തു എന്റെ പിന്നാലെ നടന്നു നോക്കി.... മണ്ടന്മാര്‍, ഞാന്‍ പിന്നെം എത്രയോ വര്‍ഷംകഴിഞ്ഞാ അവരന്വേഷിച്ചുനടന്ന സാധനമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയത്... )


കിട്ടന്‍ കണിയാരുടെ രണ്ടാമത്തെ പ്രവചനം വന്നത് ഒരു പഞ്ഞകര്‍ക്കിടമാസത്തില്‍ നനഞ്ഞുപായലുപിടിച്ചുകിടന്ന‍ പ്ലാവിന്മേല്‍ ഞാന്‍ ചക്കപറിക്കാന്‍ വലിഞ്ഞുകേറിക്കൊണ്ടിരിക്കുകയായിരുന്നു ...


'വീഴും ചെക്കാ വീഴും ചെക്കാ...'


വീണു...പുതമണ്ണിലായിരുന്നതിനാല്‍ വല്യ ഏനക്കേടില്ലാതെ തന്നെത്താന്‍ എഴുന്നേല്‍ക്കാന്‍ പറ്റി.

'വീഴും ചക്ക വീഴും ചക്ക' എന്നായിരുന്നു ഞാന്‍ കേട്ടത് ... അല്ലെങ്കില്‍ കണിയാനെ ധിക്കരിച്ച് ഞാനൊരുസാഹസ പ്രവൃത്തിക്ക് മുതിരില്ലായിരുന്നു....


പിന്നൊരു ഓണത്തിന്റെയന്നു ജയന്റെ 'മനുഷ്യമൃഗം' സിനിമ കാണാന്‍ ഓടിയപ്പോള്‍ കിട്ടന്‍ കണിയാരു പ്രവചിച്ചു '


'ഓടണ്ടാ... ടിക്കറ്റ് കിട്ടൂല്ലാ' അതും കൃത്യമായ് ഫലിച്ചു.

പത്താംക്ലാസില്‍ ഞാന്‍ തോക്കുമെന്ന് ക്ലാസ്ടീച്ചര്‍ പുഷ്പലത.. ജയിക്കുമെന്ന് കിട്ടന്‍ കണിയാന്‍.... അവസാനം ടീച്ചറു തോറ്റു ഞാനും കണിയാനും ജയിച്ചു.

ഇതുകൂടാതെ താരതമ്യേന ലഘുവായ മറ്റനേകം പ്രവചനങ്ങളും എന്നേക്കുറിച്ചുനടത്തി കിട്ടന്‍ കണീയാന്‍ വിജയശ്രീ ലാളിതനായിട്ടുണ്ട്.


പിന്നീടുള്ള കുറേവര്‍ഷങ്ങള്‍ ഞാന്‍ ഉപരിപഠനത്തിന്റെ പേരിലും, ഉദ്യേഗത്തിന്റെ പേരിലും ‍ നാട്ടുകവലയ്ക്ക് പുറത്തായിരുന്നതിനാല്‍ കണിയാര്ക്ക് പ്രവചനങ്ങള്‍ നടത്തി എന്നെ കഷ്ടപ്പെടുത്താന്‍ അവസരം കിട്ടിയില്ലാ.


വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍കാണുകയുണ്ടായി ..അപ്പോഴേക്കും കിട്ടന്‍ കണിയാന്‍ അവശനായിരുന്നു...വടികുത്തി കിതച്ച് കിതച്ച് മലകയറുന്നു... എന്നെ കണ്ടപ്പോള്‍ ആളു തിരിഞ്ഞുനിന്നു.... കുടിശികയെല്ലാം ചേര്‍ത്ത് ഒരു ബംബര്‍ പ്രവചനമങ്ങ് നടത്തി...


'കുഞ്ഞെ...നെന്റെ ജീവിതത്തിലേക്ക് ഐശ്വര്യദേവതകേറി വിളയാടാന്‍ പോകുന്നു...'

അന്ന് ആദ്യമായ് ഞാന്‍ കണിയാര്‍ക്ക് ദക്ഷിണകൊടുത്തു. നല്ല പ്രവചനം നടത്തിയതിനു മാത്രമായിട്ടല്ലാ... അന്നുകൊടുത്തില്ലായെങ്കില്‍ പിന്നെ ഒരിക്കലും കൊടുക്കാന്‍ പറ്റിയില്ലങ്കിലോ എന്ന തോന്നലുകൊണ്ടും കൂടിയായിരുന്നു ...


പ്രവചനം കഴിഞ്ഞിട്ട് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പെ ഐശ്വര്യദേവതയുടെ ചില അനക്കങ്ങള്‍ കണ്ടുതുടങ്ങി.... ഇമെയില്‍ വഴിയാണ് ഐശ്വര്യദേവത എന്നെത്തെടിയെത്തിയത്... അതും ഞാനുമായ് വിവാഹബന്ധത്തിനുപോലും തയ്യാറായിട്ട്.


ആ ദേവതയുടെ പേര് ജന്നിഫര്‍...

ഐശ്വര്യവുമായ്‌വരുന്ന ദേവതയാണെങ്കില്‍കൂടി ആകുട്ടിയുടെ ജീവിതത്തില്‍ കുറേനാളായിട്ട് ദുരന്തങ്ങളുടെ സീരിയല്‍ എപ്പിസോഡുകളായ് അരങ്ങേറുകയാണ് ...

അവളുടെ കദനകഥകള്‍ വിവരിച്ചെഴുതിയ ഇമെയില്‍ വായിച്ചപ്പോല്‍ രണ്ടുതുള്ളിക്കണ്ണീര്‍ അടര്‍ന്നുകീബോഡില്‍ വീണു... കംമ്പ്യൂട്ടര്‍വരെ എന്താചെയ്യേണ്ടതെന്നറിയാതെ ഹാങ്ങായ്നിന്നുപോയ്...അത്രയ്ക്കും ടച്ചിംഗായിരുന്നു...

സെനഗലിലെ ഒരു പാവം കോടീശ്വരനായിരുന്ന ഡോ. ജൂഡ് കതക്കാനയുടെ ഒരേയൊരു മകളാണ് ജന്നീഫര്‍. കതക്കാനയുടെ മെയിന്‍ബിസിനസ്സ് തേങ്ങാക്കച്ചവടവും ഹോബി തെങ്ങുകയറ്റവുമായിരുന്നു. ഒരിക്കല്‍ തന്റെ തെങ്ങിന്‍തോട്ടത്തിലൂടെ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു തേങ്ങ തലയില്‍ വീണ് കതക്കാനയുടെ കഥകഴിയുന്നു.


ഒരു നിയോഗംപോലെ സെനഗലില്‍ പിറ്റേദിവസംമുതല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ യുദ്ധത്തില്‍ ജന്നീഫറിനു അവളുടെ അമ്മയെയും നഷ്ടപ്പെട്ടു. കോടിക്കണക്കിനു തേങ്ങയും അതിനടുത്ത കൊപ്ര, പിണ്ണാക്ക്, വെളിച്ചെണ്ണ, ചിരട്ട, ചൂട്ട്, ഈര്‍ക്കിളിച്ചൂല്,‍ മടല്,കോഞ്ഞാട്ട എല്ലാം ഇട്ടെറിഞ്ഞ് ജന്നീഫറിനു ജീവനുംകൊണ്ട് ഓടേണ്ടിവന്നു.

ജന്നീഫറിന്റെ ഓട്ടം അവസാനിച്ചത് ഒരു റെഫ്യൂജിക്യാമ്പിലാണ്.


ക്യാമ്പിന്റെ നടത്തിപ്പുകാരന്‍ ഫാദര്‍ വളരെ നല്ലമനുഷ്യന്‍ ..ജന്നീഫറിനോട് മാത്രം എന്തൊരു ഇഷ്ടമാണ് അച്ചന്. അച്ചന്റെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കുപ്പായം, കുരിശ് എന്തുവേണമെങ്കിലും ജന്നീഫറിനെടുത്ത് ഉപയോഗിക്കാം...

അച്ചന്റെ പരിപാവനമായ ലാപ്ടോപ്പില്‍ എന്തെങ്കിലുമൊരു വഴികാണിച്ചുതരണേ ദൈവമെ എന്നുപറഞ്ഞു ജന്നിഫര്‍ ക്ലിക്കിയപ്പോള്‍ ആദ്യം പൊങ്ങിവന്നത് 'ശാതീ.കോമില്‍' മാസങ്ങളായ് പച്ചതൊടാതെ കിടന്ന എന്റെ പ്രൊഫൈല്‍..... ആവഴിക്കാണ് എന്നെക്കണ്ടെത്തിയതെന്ന് അവള്‍പറയുന്നു...കിട്ടന്‍ കണിയാരുടെ പ്രവചനമാണെന്ന് ഞാനും കരുതുന്നു.


ജന്നീഫറിന്റെ പപ്പ മകളുടെ കല്യാണാവശ്യത്തിനായ് ബാങ്കില്‍ ഒരു ചെറിയ തുക നിക്ഷേപിച്ചിരുന്നു. പക്ഷെ മകളെ ഒരുത്തനുകൈപിടിച്ചുകൊടുക്കാതെ കാലത്തെ പോയ് കൃത്യമായ് തേങ്ങയ്ക്കടിയില്‍ തലവച്ചുകൊടുത്തു പാവം. അയാള്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാകട്ടേ ജന്നീഫറിനു എടുക്കാനോ ഉപയോഗിക്കാനോ പറ്റില്ലാ. സെനഗലില്‍ അഭയാര്‍ത്ഥികള്‍ക്ക് കാശ് കൈകാര്യം ചെയ്യാന്‍ അവകാശമില്ലന്നാണ് നിയമം. തേങ്ങക്കച്ചവടത്തിലൂടെ ഉണ്ടാക്കിയ കാശെല്ലാം പട്ടിയുടെമുമ്പില്‍ മുഴുവന്‍തേങ്ങയെന്നപോലെ ബാങ്കില്‍ കിടക്കുന്നു.


ആ കാശെല്ലാം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടോ എന്നാണ് ജന്നിഫര്‍ ആശങ്കയോടെ എന്നോടു ചോദിക്കുന്നത്... കൂടുതലൊന്നുമില്ലാ എല്ലാംകൂടിതൂത്തുവാരിയെടുത്താല്‍ ഒരു ഏഴര മില്യന്‍ ഡോളര്‍..


പണം എന്റെ അക്കൗണ്ടില്‍ വന്നുകഴിഞ്ഞാല്‍ ജന്നീഫറിനു ടിക്കറ്റിനും യാത്രചെലവിനുമുള്ള കാശ് അയച്ചുകൊടുക്കണം. പാവം കുട്ടി.... ചുണ്ണാമ്പുമലയുടെ മുകളിലിരുന്നിട്ട് ഒരുകഷണം ചോക്ക് തരൂ ചേട്ടാന്ന് .... എന്നോട്.


നല്ലൊരു മറുപടി അയക്കണമല്ലോ... ഫസ്റ്റ് ഇമ്പ്രഷന്‍ ....


പ്രിയ ജനീഫര്‍

കത്തുവായിച്ചു എന്റെ കരളലിഞ്ഞുപോയ്...

(കരളലിഞ്ഞെന്നെഴുതിയാല്‍ ഞാനൊരു കള്ളുകുടിയനാണെന്ന് അവള്‍ കരുതുമോ? ... എന്തായാലും കിടക്കട്ടെ എഴുതിയതല്ലെ.)

മോളുടെ കതക്കാന പപ്പയുടെ അകാലനിര്യാണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞാന്‍ ഇനി ആരെ അമ്മായിഅപ്പാന്നുവിളിക്കും... എന്റെ ഭാഗ്യദോഷം. ആഫ്രിക്കന്‍ തേങ്ങയ്ക്ക് നല്ല വലിപ്പമാണല്ലെ... ഞാന്‍ ഓര്‍ക്കുകയായിരുന്നു... പപ്പ തേങ്ങാബിസിനസ്സ് എന്റെ നാട്ടിലായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഒരിക്കലും തേങ്ങതലയില്‍ വീണ് ദുര്‍മരണപ്പെടില്ലായിരുന്നു....ഇവിടെ തെങ്ങിനെല്ലാം മണ്ടരിബാധയാണുകുട്ടി...തേങ്ങയെല്ലാം ടെന്നീസുബോളുപോലായ്പ്പോയ്...ങും...

ആ റവറന്‍ ഫാദറിനെ എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണം... ഡോളറെല്ലാം ട്രാന്‍സ്ഫര്‍ ചെയ്തുകഴിഞ്ഞ് നമുക്ക് എന്തെങ്കിലുമൊരു സമ്മാനം ഫാദറിനു കൊടുക്കണം...ഇത്രയും സഹായിച്ച ആളല്ലെ. ഒരു പാര്‍ക്കര്‍ പേനയോ...കുന്തുരിക്കമിട്ടുവയ്ക്കണപാത്രമോ...മെഴുകുതിരിക്കാലോ എന്താ ഇഷ്ടമാകണേന്നുവച്ചാല്‍ അത്....

മറുപടി അയക്കാന്‍ താമസിക്കരുതെ ചേട്ടന്‍ കാത്തിരിക്കും....

എന്റെ മെസ്സെജ് അവിടെ എത്തുന്നതിനും മുമ്പെ ജന്നിഫറിന്റെ മറുപടിവന്നുകഴിഞ്ഞു!!!


ഫോട്ടോസഹിതം.നാമമാത്രവസ്ത്രധാരിണിയായ കറുത്ത സുന്ദരി... കോടീശ്വരിയാണെന്നുപറഞ്ഞിട്ടെന്തുകാര്യം. അത്യാവശ്യത്തിനു വസ്ത്രം‌പോലുമില്ല.

ഇനി ഒരു പക്ഷെ സെനഗലില്‍ കല്യാണാലോചനയ്ക്ക് ഇമ്മാതിരി ഫോട്ടോകളായിരിക്കും അയക്കേണ്ടത്.

ഒരുകണക്കിനു നോക്കിയാല്‍ നന്നായേയുള്ളു. നരിയാണിതൊട്ട് ഉച്ചന്തലവരെ വിശകലനം ചെയ്യാന്‍ പറ്റും....


നമ്മുടെ നാട്ടുനടപ്പനുസരിച്ചാണു കാര്യങ്ങള്‍ചെയ്യണതെന്നുവച്ചാല്‍ ‍ എന്തെങ്കിലും ഡിഫറ്റുണ്ടെങ്കില്‍ കല്യാണംകഴിഞ്ഞിട്ടല്ലെ അറിയാന്‍ പറ്റു.


പൈലിച്ചേട്ടന്റെ മകനു പറ്റിയ അബദ്ധം ഒന്നുമാത്രമോര്‍ത്താല്‍ മതി...

പെണ്ണുകാണാന്‍ പോയപ്പോള്‍ അവലോസുണ്ടയിലുനോക്കിയിരുന്നു... കല്യാണം കഴിഞ്ഞപ്പോള്‍ പെണ്ണിന്റെ ദേഹത്തുമുഴുവന്‍ ചുണങ്ങാണെന്നും പറഞ്ഞ് മോചനത്തിനു നടക്കുന്നു.


സുബൈറിനു മലപ്പുറ്ത്തുനിന്നും കല്യാണമുറപ്പിച്ചപ്പോള്‍ പെണ്ണിന്റെ ഫോട്ടോ ഞങ്ങളെയൊക്കെ കാണിച്ചുതന്നു.... മൊത്തം പറുതയിട്ടുമൂടിനില്‍ക്കുന്നു... പെണ്ണാണോ..പെണ്ണിന്റെ ഉമ്മയാണോ അതോ ബാപ്പയാണോ...പടച്ചോനുമാത്രമറിയാം. ഈ കേസിലൊക്കെ ചുണങ്ങുകള്‍ കണ്ടുപിടിക്കപ്പെടുമ്പോഴേക്കും വല്ലാണ്ട് താമസിച്ചുപോയിട്ടുണ്ടാവും.


ഫോട്ടത്തോടൊപ്പം ജന്നിഫറിന്റെ വളരെ പ്രധാനപ്പെട്ട ഒരു മെസ്സെജും ഉണ്ടായിരുന്നു.

എന്റെ മധുരഹൃദയ സുന്ദരാ... എന്നുപറഞ്ഞുതുടങ്ങിയ കത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു...

അവളുടെ അപ്പന്‍ പണംകൊണ്ടുപോയ് പണ്ടാരമടങ്ങിയിരിക്കണത് റോയല്‍‍ബാങ്ക് ഓഫ് സ്കോട്ട്ലണ്ടിലാണ്... അവിടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ഓപ്പീസറായ് 'ഡോ. ഗുഡ്വിന്‍ റെഡ് ഇഫ്മായില്‍' എന്ന ഒരു സായിപ്പ്...


അങ്ങേര്‍ക്ക് ഞാന്‍ ഒരു മെസ്സെജ് അത്യാവശ്യമായിട്ട് അയക്കണം. ചത്തുപോയ എന്റെ അമ്മായിഅപ്പന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടുകവല സഹകരണബാങ്കിലെക്ക് മാറ്റണമെന്നും പറഞ്ഞ്.... ആ മൂപ്പിലാന്റെ ഇമെയില്‍ അഡ്രസ്സ് 'ഗുഡ്‌വിന്‍@റെഡിഫ്മായില്‍.കോം'


റെഡ് ഇഫ്മായിലിനു അപ്പോള്‍ തന്നെ ഒരു മെയില്‍ പൂശി.



കാര്യങ്ങള്‍ സീരിയസ്സായ് വരുകയാണ് ഇനി പതുക്കെ വീട്ടില്‍ പറയണം. കല്യാണാലോചനയുടെ പേരില്‍ ബ്രോക്കറുമാര്‍ എല്ലാആഴ്ചയും വീട്ടില്‍ വന്ന് ഭക്ഷണവുംകഴിച്ച് വഴിച്ചെലവിനുള്ള കാശും കൊണ്ടുപോകുന്നുണ്ട് അതു നിര്‍ത്തണം.

ഞാനൊരു പെണ്ണിനെ സ്വന്തനിലയില്‍ കണ്ടെത്തിയെന്നുകേള്‍ക്കുമ്പോള്‍ അപ്പച്ചന്‍ പൊട്ടിത്തെറിക്കും എന്നുകരുതിയ ഞാന്‍ മണ്ടനായ്...അപ്പച്ചന്‍ പൊട്ടിത്തെറിച്ചില്ലാന്നുമാത്രമല്ല ഒന്നു ചീറ്റിയതുപോലുമില്ല...

'നന്നായ്... എപ്പോഴാ പെണ്ണിനെകാണാന്‍ ഞങ്ങള്‍ പോകേണ്ടത് ?' അപ്പച്ചന്റെ ചോദ്യം


നല്ല കാര്യമായ്...പെണ്ണിനെ കാണാന്‍ ...സെനഗലിലെ റെഫ്യൂജി ക്യാമ്പിലോട്ട് അപ്പച്ചന്‍, അമ്മ, അപ്പൂപ്പന്‍ ചേട്ടന്‍, ചേട്ടന്റെ ഭാര്യ, കുട്ടിയാന്റി, മറിയാമച്ചിയാന്റി, കുഞ്ഞ്പ്പന്‍‌ചാച്ചന്‍ ... എല്ലാവരെയും കൂട്ടി പോകുന്നത് ഞാന്‍ ഭാവനയില്‍ കണ്ടുനോക്കി.



ജന്നിയുടെ പപ്പ മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതൊക്കെ ആര്‍ഭാടമായ്തന്നെ നടന്നേനെ...

പെണ്ണിന്റെ ആള്‍ക്കാര്‍ വിമാനത്തിനു കൊച്ചിയില്‍ വന്നിറങ്ങി കുറേ ഹെലികോപ്റ്റര്‍ വാടകയ്ക്ക് വിളിച്ച് നാട്ടുകവല പാറപ്പുറത്തുവന്നിറങ്ങുന്നതും... ആറടിപ്പൊക്കമെങ്കിലും മിനിമമുള്ള അമ്മായിഅപ്പനും നീഗ്രോ ബന്ധുജനങ്ങളും കട്ടിളപ്പടിയില്‍ തലമുട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് കുനിഞ്ഞുകടക്കുന്നതും. എന്നെ കാണുമ്പോള്‍ മകളുടെ കണ്ടെത്തല്‍ ഒട്ടും മോശമായില്ലല്ലോ എന്ന ചാരിതാര്‍ത്യത്തില്‍ എന്നെ മാറിമാറി കെട്ടിപ്പിടിച്ച് അവശനാക്കുന്നതും ...


സെനഗലിലെ കതക്കാനയുടെ കൊട്ടാരത്തിലേക്ക് ഞാനും എന്റെ ബന്ധുജനങ്ങളും അഭയാര്‍ത്ഥികളെപ്പോലെ പെണ്ണുകാണാന്‍ ചെല്ലുന്നതും...ആഫ്രിക്കന്‍ കാപ്പികുടിക്കുന്നതും (ആഫ്രിക്കയില്‍ കാപ്പിയുണ്ടോ? അതോ കാപ്പിരിമാത്രമെയൊള്ളൊ...ആ ) ഇതു പഴയ കാലമൊന്നുമല്ലാലൊ...കുട്ടികള്‍ക്ക് എന്തെങ്കിലും തനിച്ചു പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആയിക്കോട്ടെ നമുക്ക് ആ മരുഭൂമിയിലേക്ക് മാറി നിന്നു സംസാരിക്കാം എന്നും പറഞ്ഞ് ഞങ്ങളെ തനിച്ചാക്കി എല്ലാ മാരണങ്ങളും കൊട്ടാരത്തില്‍ നിന്നും പുറത്തെയ്ക്ക് ഒഴിവായ്ത്തന്നു സഹായിക്കുന്നതും.... മനോഹര സ്വപ്നങ്ങള്‍.



പിറ്റെന്നു മെയില്‍ തുറന്നപ്പോള്‍ ജന്നിയുടെ മറുപടി...


സുന്ദരേട്ടാ... പപ്പായുടെ കാശ് ഏട്ടന്റെ അക്കൗണ്ടിലേക്ക് മറിക്കാന്‍ ചില നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.... ജന്നീഫര്‍ പറയുന്നതെന്താന്നുവച്ചാല്‍...


അമ്മായിഅപ്പന്‍ കാര്‍ന്നോരു തെങ്ങിന്തോട്ടത്തിലൂടെ നടന്നപ്പോള്‍ തേങ്ങയാണോ പട്ടയാണോ തലയില്‍ വീണത് അതോ ആരെങ്കിലും പുറകില്‍നിന്നും കല്ലിനു വീക്കികൊന്നതാണോ എന്നുള്ളതിനു കോടതിയില്‍ നിന്നും ലീഗലൈസുചെയ്ത് സര്‍ട്ടിഫിക്കേറ്റ് കിട്ടണം ...അത് വാങ്ങി ബാങ്കില്‍ കൊടുത്താലെ റെഡ് ഇഫ്മായില്‍ പണം വിട്ടുതരു. ഒന്നും രണ്ടും ഡോളറിന്റെ കളിയല്ലാലൊ... കുറച്ചു നൂലാമാലകളൊക്കെ ഇല്ലങ്കിലാ ഒരു പ്രയാസം തോന്നുക.


കോടതിയില്‍ പോയ് സര്‍ട്ടിഫിക്കേറ്റ് റെഡിയാക്കാന്‍ ഒരു വക്കീലിനെയും ജന്നിഫര്‍ തന്നെ കണ്ടെത്തിയിരുന്നു...അയാളുടെ പേര് ബാരിസ്റ്റര്‍ മക്കിന്‍ ജിം മായില്‍, ഇമെയില്‍ അഡ്രസ് ബാരി‌_മക്കിന്‍@ജിമെയില്‍.കോം. അയാള്‍ക്കും ഞാന്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മെയില്‍ അയക്കണം... കേരളത്തിലെപ്പോലെ തന്നെ സെനഗലിലും ആണുങ്ങളാണ് മെയിന്‍ കാര്യങ്ങള്‍ഡീലുചെയ്യേണ്ടത്...

വക്കീലിനും ജന്നി പറഞ്ഞപ്രകാരത്തില്‍ മെയില്‍ അയച്ചു...

ദിവസങ്ങള്‍ അടുത്തുവന്നുകൊണ്ടിരിക്കയാണ്. കല്യാണത്തിനു മുന്‍പെ വീടൊന്ന് കെട്ടിമേഞ്ഞ് ചുവരിലൊക്കെ ഇത്തിരി വെള്ളവലിക്കണം.... പുതിയ വീടു പണിയുന്നതൊക്കെ പെണ്ണുവന്നിട്ട്, അവളുടെ ഇഷ്ടംകൂടി നോക്കിയിട്ട് വേണം.


അപ്പച്ചനോട് സംസാരിക്കാന്‍ അന്നുവൈകുന്നേരം വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മൂമ്മ മാത്രമെ വീട്ടിലുണ്ടായിരുന്നൊള്ളു...

'ടാ...നീ കണ്ടുപിടിച്ച പെണ്ണിന്റെ വീട്ടിലു വല്ലതുമൊള്ളതാണോ.... അതോ തൊലിവെളുപ്പുമാത്രം നോക്കികെട്ടാനാണോ നിന്റെ പ്ലാന്‍...'

'തൊലിവെളുപ്പോ...അമ്മൂമ്മ എന്തു വര്‍ത്താനാ ഈ പറയണെ...'


ഞാന്‍ കെട്ടണ പെണ്ണ് എന്നിലും കറുത്തതായിരിക്കണം എന്ന് എനിക്ക് പണ്ടിനാലെ നിര്‍ബന്ധമുണ്ട്... ഇതെന്റെ ഭാഗ്യത്തിനു ഒത്തുകിട്ടുകേം ചെയ്തു.


'തൊക എന്തുകിട്ടുമെടാ?' അമ്മൂ പ്രധാനവിഷയത്തിലേക്ക് കടന്നു..


ഏഴര മില്യന്‍.... ഡോളറ്

അത്രേയൊള്ളോ.... വടക്കേതിലെ പൗലോസിനു അഞ്ചുലക്ഷോം മാരുതിക്കാറും കിട്ടിയല്ലോ....

ഏഴരമില്യന്‍ ഡോളറെവിടെ പൗലോസിന്റെ ലക്ഷവും കാറുമെവിടെ.... ഞാന്‍ വിവരിച്ചുകൊടുക്കാന്‍ പോയില്ലാ. ഇഡ്യന്‍ രൂപയിലാക്കി പറഞ്ഞാല്‍ അമ്മൂമ്മ ആനിമിഷം ചുമരിന്മേലോട്ട് കയറും എന്നത് ഉറപ്പ്. പിന്നെ എന്റെ കല്യാണം ഒരു വെജിറ്റബിള്‍ ദുരന്തമായ് മാറ്റേണ്ടിവരും...‍



ജന്നീഫര്‍ വന്നിട്ടുവേണം നാട്ടുകവലയില്‍ തൊഴിലില്ലാതെ നടക്കുന്ന എന്റെ കൂട്ടുകാരന്‍ ആന്റപ്പന്‍, ചാക്കോച്ചി, ഇബ്രാഹിംകുട്ടി എന്നിവര്‍ക്കും ആഫ്രിക്കയില്‍ നിന്നും പെണ്ണാലോചിക്കാന്‍.... അവിടെ തേങ്ങാക്കച്ചവടക്കാര്‍ വേറെ കാണാതിരിക്കുമോ... തേങ്ങ പൊഴിയാതിരിക്കുമോ. നാട്ടുകവല ഇന്‍ഡോആഫ്രിക്കന്‍ സം‌യുക്തസംരംഭമായ് വളര്‍ന്നുവികസിക്കുന്നതും പാല്‍ക്കാപ്പിക്കളറുള്ള പുതിയ തലമുറ കവലയിലാകെ ഓടിനടക്കുന്നതും സ്വപ്നംകണ്ട് ഞാന്‍ ഉറങ്ങി.



പിറ്റേന്ന് ബാരിസ്റ്റര്‍ ജിം‌മെയിലിന്റെ മെസ്സെജുണ്ടായിരുന്നു... കോടതി ചെലവിലേക്കായ് ഒരു രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ എത്രയും പെട്ടന്ന് അയച്ചുകൊടുക്കണം പോലും...

കഷ്ടകാലത്തിനു എന്റെ കൈയിലുണ്ടായിരുന്ന കാശെല്ലാം വീട് വെള്ളപൂശാനും ഓലകെട്ടിമേയാനുമായ് നാട്ടിലെക്ക് അയച്ചുകൊടുത്തതെയൊള്ളു... അല്ലെങ്കിലും രണ്ടായിരത്തഞ്ഞൂറ് ഡോളര്‍ എന്നുപറയണത് എന്നെക്കൊണ്ട് തനിയെ എടുത്തുപൊക്കാന്‍ പറ്റാത്ത തുകയാണ്.



കാശ് പെട്ടന്ന് അയക്കണം...

എന്റെ മുമ്പില്‍ ഒരു വഴിയെ കണ്ടൊള്ളു... ജന്നീഫറിന്റെ കെയര്‍ ടേക്കറായ റവ. ഫാ.യോട് കടംചോദിക്കുക...

അപ്പോള്‍ തന്നെ മെയിലയച്ചു... പണം കിട്ടുമ്പോള്‍ വേണമെങ്കില്‍ മൂവായിരത്തഞ്ഞൂറ് തിരിച്ചുകൊടുക്കാലോ...



പിറ്റേന്ന് റവറന്‍ ഫാദറിന്റെ ഒട്ടും റവറന്റല്ലാത്താ മറുപടികിട്ടി.... അതെന്താന്ന് എഴുതാന്‍പറ്റില്ല. ഫാദര്‍ ദേഷ്യപ്പെട്ടതിലും കാര്യമുണ്ട്... ഒരു രണ്ടായിരത്തഞ്ഞൂറ് ഡാളര്‍ എടുക്കാനില്ലാത്തവനൊക്കെ എങ്ങിനെ ഒരു പെണ്ണിനെ പിടിച്ചുകൊടുക്കും... അങ്ങെരാണല്ലോ ജന്നിയുടെ രക്ഷാധികാരി.



ഫാദര്‍ മുര്‍കോപിയാണെങ്കിലും ഞങ്ങളെ സഹായിക്കാതിരിക്കില്ലാ എന്നുഞാന്‍ വിശ്വസിക്കുന്നു...

...............

കുറെ നാളായ് ജന്നിയുടെ മെസ്സെജ് കിട്ടിയിട്ട്.... അവള്‍ എന്നെത്തേടി ഇന്ത്യയിലേക്ക് പോന്നു എന്നാണ് തോന്നുന്നത്. പാവം വിമാനത്തിനുപോരാന്‍ കാശില്ലാഞ്ഞിട്ട് കരമാര്‍ഗ്ഗമായിരിക്കും വരുന്നത്. എത്രനാളെടുക്കുമാവോ ഇങ്ങെത്താന്‍. ഓര്‍ത്തിട്ടൊരു സമാദാനവുമില്ലാ.


കോപ്പറേറ്റീവ് ബാങ്കിലെ എന്റെ അക്കൗണ്ട് ബാലന്‍സ് ഇപ്പോഴും നൂറ്റി ഇരുപത്തിമൂന്നുരൂപ അമ്പതുപൈസയില്‍ തന്നെ നില്‍ക്കുന്നു....

തേങ്ങെം കൊപ്രേം വെളിച്ചെണ്ണയുമൊക്കെയായിട്ടാവും അമ്മായപ്പന്‍ നിക്ഷേപിച്ചുവച്ചിരിക്കുന്നത്. ട്രാന്‍സ്ഫറായ് വരാന്‍ കുറേ കാലമെടുക്കുമായിരിക്കും.
കാത്തിരിക്കാം....