Thursday, 17 May, 2007

ചിമ്മാരു മറിയം -9

എലയനോറയുടെ ശ‌വകുടീരം (ചിമ്മാരു മറിയം -9)

പിറ്റേന്നു രാവിലെതന്നെ ചിമ്മാരുമറിയത്തിനെയും പൈലോയെയും കൂട്ടി ആസ്യത്താത്ത മൂന്നാര്‍ ടൗണ്‍ കാണാനിറങ്ങി. അതി കഠിനമായ കുളിരില്‍ പല്ലുകള്‍ കൂട്ടയടിനടത്തിയപ്പോള്‍ പൈലോ കമ്പിളിപ്പുതപ്പിനകത്തെ പഴയ കാഴ്ചകളിലേയ്ക്ക് തിരിച്ചുപോയ്.

ആസ്യത്താത്തായുടെ കൈപിടിച്ച് മറിയം നടന്നു. പുറത്തു തൂക്കിയ വലിയ കൂടകളുമായ് കലപില പേശുന്ന തമിഴത്തികള്‍ കൊളുന്തുനുള്ളാന്‍ പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്.

" ജ്ജ് പത്തുബരിഷത്തിനു മുമ്പേയാണ് ബന്നിരുന്നെങ്കി ഉമ്മാ തീബണ്ടി കാട്ടിത്തരാര്ന്ന്... കയറിമ്മെതൂങ്ങി ഈ ദുനിയാവു മൊത്തം ചിറ്റണ ബണ്ടീം ഒണ്ടാര്‍ന്ന്... എല്ലാം ആ മയയത്ത് ഒലിച്ചുപോയില്ലെ ന്റെ ബദരീങ്ങളെ...."

ആസ്യത്താത്തയുടെ കണ്ണുകള്‍ നിറഞ്ഞു. ഫിന്‍ലെ കമ്പനിയുടെ കുണ്ടള റയില്‍‌വേയും, മൂന്നാര്‍ റോപ്‌വേയും മഴയത്തൊലിച്ചിട്ടാവില്ല ഉമ്മാ കരയുന്നത്... ആ മഴയില്‍തന്നെയാണ് അവരുടെ ഭര്‍ത്താവിന്റേതടക്കം മറ്റനേകം മനുഷ്യ ജീവിതങ്ങള്‍ മലവെള്ളപ്പാച്ചിലിന്‍ ഒലിച്ചത്.

കുന്നിന്‍ ചെരിവില്‍ കരിംകല്ലില്‍ പണിതുയര്‍ത്തിയ പടുകൂറ്റന് ദേവാലയം കണ്ടപ്പോള്‍ മറിയം മനസിലോര്‍ത്തു നാട്ടില്‍നിന്നും കാട്ടില്‍ കയറിയ ശേഷം ആദ്യമായാണ് ഒരു ദേവാലയം അടുത്തുകാണുന്നത്.

"ആ കാണണ പള്ളിപ്പറമ്പിലാണ് എലബനോറ മദാമ്മേടെ കബറ്... ആ കത കേട്ടാ മോളേ ഖ്ല്‍ബു നുറുങ്ങും.. "

കേരളത്തിന്റെ ടാജ്മഹല്‍ എന്ന് പില്‍കാലത്തറിയപ്പെടാന്‍ തുടങ്ങിയ വെള്ളക്കാരുടെ ദേവാലയത്തിനെയും ആ ദേവാലയനിര്‍മ്മാണത്തിനു കാരണമായ എലയനോറ നൈറ്റിന്റെ അകാല നിര്യാണത്തിന്റെയും കഥയുടെ ചെപ്പുകള്‍ തുറക്കുകയായിരുന്നു ആസ്യത്താത്ത.

" റഹീമിന്റെ ബാപ്പാ ഇബടെ ബന്നേനും ഒരു ബര്‍ഷം മുമ്പ് നടന്ന ശംങ്ങതിയാണ്.... ഇപ്പോരു പത്ത് മുപ്പത്തഞ്ച് ബരി‍ഷം കയിഞ്ഞിരിക്കണ്......" ഇളവെയിലും കൊണ്ട് തേയിലച്ചെടികള്‍ക്കടുത്ത് ഒരു പാറമേലിരുന്ന് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...


മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള... മൂന്നു പുഴകളൊഴുകുന്ന മൂന്നാര്‍ മലമുകളില്‍ കുളിരിനു പഞ്ഞമില്ലായിരുന്നു. അവിടെ ഒരു വേനല്‍ക്കാല വിശ്രമ സങ്കേതമൊരുക്കുക എന്ന് സായിപ്പ് ആഗ്രഹിച്ചില്ലെങ്കിലേ അതിശയമുള്ളു.

നോര്‍ത്ത് ട്രാവണ്‍കൂര്‍ ലാന്‍ഡ് പ്ലാന്റിഗ് ആന്‍ഡ് അഗ്രികള്‍ചര്‍ സൊസൈറ്റി എന്ന ഒരു കുടയുണ്ടാക്കി മിടുക്കന്മാരായ കുറേ സായിപ്പുമാര്‍ അതിനടിയില്‍ അണിനിരന്നത് തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് പത്തുചക്രം കീശയിലാക്കാനാണ്; എന്നാല്‍ പൂഞ്ഞാര്‍ രാജാവുമായ് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം കണ്ണന്‍ദേവന്‍ മല മൊത്തമായ് വിഴുങ്ങിയപ്പോള്‍ തോട്ടനിര്‍മ്മാണമായിരുന്നില്ല സായിപ്പിന്റെ പ്രധാന ലക്ഷ്യം.

സായിപ്പ് കണ്ണന്‍ദേവന്‍ മലമുകളില്‍ കാട് വെട്ടിത്തെളിച്ച് കാപ്പി നട്ടുനോക്കി, കശുമാവ് നട്ടു നോക്കി ഏലം നട്ടുനോക്കി ഒന്നും ശരിയായില്ല വെറും ലാഭം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ എപ്പോഴെ കളഞ്ഞിട്ട് പോയേനെ.... അവസാനം ഷാര്‍പ്പ് സായിപ്പ് മനോഹരമായ കൈകൊണ്ട് ഒരു തെയ്‌ലച്ചെടി കുഴിച്ചു വച്ചതുമുതല്‍ മൂന്നാറിന്റെ ചരിത്രം മാറുകയായിരുന്നു. അമ്പത് ഏക്കര്‍ കാട് വെട്ടിത്തെളിച്ച് നിറയെ തെയ്‌ലച്ചെടികള്‍ ഷാര്‍പ്പ് ഷാര്‍പ്പായ് നട്ടുവളര്‍ത്തി, പാര്‍വ്വതി എസ്റ്റേറ്റ് എന്ന് അതിനു പേരും കൊടുത്തു അതായിരുന്നു ഹൈറേഞ്ചിലെ ആദ്യത്തെ തേയിലത്തോട്ടം.

"ആ ബര്‍ശത്തിലാണ് മോളെ... കെണ്ടിറി സായിപ്പും മദാമ്മേം മലകേറി ഇബടെ ബരണത്..." ആസ്യത്താത്ത കഥ തുടര്‍ന്നു

മലകളില്‍നിന്നു താഴ്വരകളിലേയ്ക്കും താഴ്വരയില്‍നിന്ന് അടുത്ത മലകളിലേയ്ക്കും തോട്ടം വളര്‍ത്താനുള്ള ദൗത്യവുമായാണ് ഹെന്‍‌റി നൈറ്റ് എന്ന യുവ പ്ലാന്റ്റര്‍ ഭാര്യ എലയനോറയോടൊപ്പം മൂന്നാറിലെത്തുന്നത്.

വിവാഹം കഴിഞ്ഞിട്ട് പുതുമോടി മാറാത്ത സായിപ്പും മദാമ്മയും ഹണിമൂണ്‍ മൂഡിലാണ് മൂന്നാറില്‍ വന്നിറങ്ങുന്നതുതന്നെ.

വന്നദിവസം തന്നെ മൂന്നാറിന്റെ പ്രകൃതിസൗന്ദര്യം കണ്ട് മതിമറന്ന് ഹെന്‍‌റിയും എലയനോറയും മലഞ്ചെരിവിലൂടെ കൈകോര്‍ത്തു നടക്കുകയായിരുന്നു..

"ഡാര്‍ളിഗ്...ഞാനൊരു ആഗ്രഹം പറയട്ടേ?..." എലയനോറ ഹെന്‍‌റിയോട് ചോദിച്ചു.

"ഒന്നാക്കുന്നതെന്തിനു സ്വീറ്റ്ഹാര്‍ട്ട്..... ആഗ്രഹങ്ങള്‍ മുഴുവനും പോരട്ടെ..." പുതുമോടിയായതുകൊണ്ട് ഹെന്‍‌റി പിശുക്കൊന്നും കാണിച്ചില്ല...

"ഒരേയൊരാഗ്രഹം മാത്രം ഡിയര്‍....ഞാനിവിടെവച്ചു മരിച്ചാല്‍ എന്റെ ശരീരം ഈ മണ്ണില്‍ അടക്കം ചെയ്യണം... ഈ സുന്ദരമായ പ്രകൃതിയും മണ്ണും വിട്ട് എനിക്കെവിടെയും പോകേണ്ട..."

എലവനോറപറഞ്ഞത് ഹൃദയത്തില്‍ തട്ടിയായിരുന്നു.... മൂന്നാറിനെ ഇത്രയധികം സ്നേഹിച്ച മറ്റൊരാള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു!


അന്നു രാത്രിയില്‍ എലയനോറ അസുഖം ബാധിച്ച് കിടപ്പാകുന്നു... പിറ്റേന്ന് പാതിരായ്ക്ക് മരിക്കുന്നു രണ്ടുദിവസം തികച്ച് ആ സ്വപ്നഭൂമിയില്‍ കഴിയാന്‍ വിധി ആ യുവതിയെ അനുവദിച്ചില്ല.

തന്റെ പ്രാണപ്രേയസിയുടെ ചേതനയറ്റശരീരം, അവള്‍ എവിടെനിന്ന് തന്റെ ആഗ്രഹം വെളിപ്പെടുത്തിയോ അവിടെത്തന്നെ അടക്കം ചെയ്തു ഹെന്‍‌റി സായിപ്പ്. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്നോര്‍ത്തയാള്‍ വര്‍ഷങ്ങളോളം വിലപിച്ചു.


"മതാമ്മേന്റെ കബറടക്കം കയിഞ്ഞ് അഞ്ചാരു ബര്‍ശോംകൂടി കയിഞ്ഞാണ് കബറിനോട്ചേര്‍ന്ന് പള്ളിപണിയണത് ..... ഈ പുതിയ്പള്ളി ഇബട പണിതബര്‍ശത്തിലാണ് റഹീമിന്റെ ബാപ്പ ഞമ്മളെ ഇങ്ങോട്ട് കൊണ്ട്ബന്നത്.." പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനെന്ന മട്ടില്‍ ആസ്യത്താത്ത കുറേനേരം മൗനമായിരുന്നു...

"അന്ന് റഹീമിന്റെ ബാപ്പ ഞമ്മളോട് പറഞ്ഞതെന്താണന്ന് അനക്ക് കേക്കണാ.... ന്റെഹൂറി...ജ്ജ് ഈ മലേമ്മെനിന്ന് ഹറാമ്പിറന്ന മോഹങ്ള് മോഹിക്കല്ലെ...ഞമ്മക്കിവിടെ ഒരു താജുമഹാലൊണ്ടാക്കാനെക്കൊണ്ട് ശാതിക്കൂല..."

ആസ്യത്താത്ത മറിയത്തിന്റെ കണ്ണൂകളില്‍ നോക്കി എന്നിട്ട് തുടര്‍ന്നു.

"ന്നിട്ട് അബസാനം മതാമ്മേന്പ്പോലെ ....ന്റെ റഹീമിന്റെബാപ്പായും ഈ മണ്ണിലു............" പറഞ്ഞുതീര്‍ക്കാന്‍ ഉമ്മായ്ക്കായില്ല...

ഉള്ളിന്റെയുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ ചിമ്മരുമറിയത്തിനു തോന്നി.

അവള്‍ കണ്ണുകളുയര്‍ത്തി മലഞ്ചെരുവിലെ ദേവാലയത്തിലേക്ക് നോക്കി ...
അവിടെ അപ്പോള്‍ മണിമുഴങ്ങുന്നുണ്ടായിരുന്നു. ആ മണിനാദം നേര്‍ത്ത അലകളായ് മലകളില്‍തട്ടി തിരിച്ചുവരുന്നു... എലയനോറ നൈറ്റിന്റെ സംഗീതമായിരിക്കാമത്... സുലൈമാന്‍ മരയ്ക്കാരും മാര്‍ട്ടിന്‍ ടോബിയും അതിനോടൊപ്പം മൂളുന്നുമുണ്ടാവാം.(ഇനീം കഥകളുണ്ട്)

Wednesday, 16 May, 2007

ചിമ്മാരുമറിയം - 8

മൂന്നാറിലേയ്ക്ക് (ചിമ്മാരുമറിയം - 8)


കാട്ടിലെ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ചിമ്മാരുമറിയം പഠിച്ചത് റപ്പേലാശാനില്‍നിന്നായിരുന്നു.

കാട്ടുമൃഗങ്ങളോടെങ്ങനെ പെരുമാറണം എന്നതായിരുന്നു ഏറ്റവും ആദ്യമായ് പഠിപ്പിച്ചത്. ആനക്കൂട്ടത്തെകണ്ടാല്‍ എന്തുചെയ്യണം, ഒറ്റയാന്‍ വരുമ്പോളെടുക്കേണ്ട മുന്‍‌കരുതലുകള്‍, കാട്ടുപോത്തിനു മുമ്പില്പെട്ടാല്‍ എന്തു ചെയ്യണം, മലമ്പാമ്പിനെ എങ്ങിനെ ഏറിയണം....

മറിയത്തിനു കാട്ടില്‍ ഏറ്റവും പേടിയുണ്ടായിരുന്നത് തോട്ടപ്പുഴുവിനെയായിരുന്നു. തലമുടിനാരിലും ചെറിയോരു തോട്ടപ്പുഴു......കാലില്‍ കടിച്ചാല്‍ അറിയുകയില്ല. രക്തം കുടിച്ച് കുടിച്ച് പെരുവിരലിനോളം വലുതാകുന്നതു കാണുമ്പോള്‍ പേടിയാകും.

ഒരിക്കല്‍ മറിയത്തിന്റെ കാലില്‍ തോട്ടപ്പുഴു കടിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് ഓടി... കാട്ടാനയെപ്പോലും പേടിയില്ലാത്ത മറിയത്തിന്റെ കരച്ചിലും ഓട്ടവും കണ്ടപ്പോള്‍ ആശാനടക്കം എല്ലാവരും പേടിച്ചുപോയ്. കാര്യമെന്താണെന്നറിഞ്ഞപ്പോള്‍ ആശാന്‍ ഒരു നുള്ളു പുകയിലപ്പൊടിയെടുത്ത് പുഴുവിന്റെ തലയിലിട്ടു പുഴു കടിവിട്ടു താഴെവീണു.

"കണ്ടാടാ... ഈ തോട്ടപ്പുഴൂം എന്നാപ്പോലെ പൊടിവലിക്കാരനാണുകെട്ടാ " ആശാന്‍ പുഴുവിനെ തോണ്ടിയെടുത്ത് അടുപ്പിലെറിഞ്ഞു.


മറിയത്തിന്റെ അസാമാന്യമായ കൈവേഗവും പുരുഷന്മാരെപ്പോലും തോല്പിക്കുന്ന കരുത്തും ധൈര്യവും എല്ലാത്തിലുമുപരിയായ ബുദ്ധിശക്തിയും ആശാനില്‍ അത്ഭുതമുളവാക്കി.

സമയാസമയങ്ങളില്‍ രുചികരമായ് ആഹാരം പാകപ്പെടുത്തി എല്ലാവര്‍ക്കും വിളമ്പുമ്പോള്‍ മറിയം ഒരു തികഞ്ഞ വീട്ടമ്മയാകും. മരം‌മുറിക്കാനും വടംകെട്ടിവലിക്കാനും അറുത്ത് ഉരുപ്പിടികളാക്കാനും തലച്ചുമടായ് മുതലാളിയുടെ ബംഗ്ലാവിലെത്തിക്കാനും മറ്റുപണിക്കാരോടൊപ്പം ചാടിയിറങ്ങുമ്പോള്‍ മറിയത്തില്‍ പുരുഷ ലക്ഷണങ്ങള്‍ മാത്രമേ കാണു.


ആദ്യകാലങ്ങളില്‍ റപ്പേലാശാന്‍ മറിയത്തിനെ വിലക്കാന്‍ ശ്രമിച്ചിരുന്നു.

"മകാളെ... ആണുങ്ങ ചെയ്യണ ജ്വോലി നിന്നേക്കൊണ്ടെടുപ്പിക്കണതൊരു ശേലുകേടാണല്ലാ... സമയാ സമയത്തിരി കഞ്ഞിയുണ്ടാക്കി തരണം അതിലുകൂടുതലൊന്നും നുമ്മ പ്രതീഷിക്കണില്ലാട്ടാ... നീ മേലാത്ത പണിക്കൊന്നും നിക്കണ്ടാ.."

മറിയത്തിനു മേലാത്ത പണിയൊന്നുമില്ലാ എന്ന് ആശാനു വല്യ താമസം കൂടാതെ മനസിലായ്. പൈലോയെ പണികള്‍ പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ആശാന്‍ എല്ലാവരും കേള്‍ക്കെത്തന്നെ ആ കാര്യം പറയുകയും ചെയ്തു...

"ദൈവം രണ്ടാക്കുംകൂടി കൊടുക്കേണ്ട സാമര്‍ത്യമുണ്ടല്ലാ....ഒരാക്കങ്ങ കൊടുത്തു ...അത്രേയൊള്ള്.... "


അങ്ങിനെയിരിക്കേയൊരു ദിവസമാണ് കുര്യേപ്പുമുതലാളി തോട്ടത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സമയക്കുറവുമൂലം റപ്പേലാശാനെ വന്നുകാണാതെ ആളെവിട്ട് ബംഗ്ലാവിലേയ്ക്ക് വിളിപ്പിക്കുകയാണു ചെയ്തത്.

പണിക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ചിമ്മാരുമറിയത്തിനെക്കുറിച്ച് ആശാന്‍ മുതലാളിയോട് പറയുകയുണ്ടായ്. മറിയത്തിന്റെ കഥകള്‍കേട്ട മുതലാളി അക്ഷരാര്‍ത്ഥത്തില്‍ വായ്പിളര്‍ന്ന് ഇരുന്നുപോയ്. എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് മറിയാസാഹസങ്ങള്‍ നേരില്‍ കാണാന്‍മുതലാളി ഇറങ്ങിപുറപ്പെട്ടു.


ഉച്ചഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്ന മറിയം കറിയില്‍ ചേര്‍ക്കാന്‍ ഉപ്പോ മുളകോ എടുക്കാനായ് ഏറുമാടത്തിനുമുകളില്‍ കയറിയിരുന്ന സമയത്താണ് മുതലാളിയും ആശാനും മരത്തിനു താഴെ വന്നത്. ഇതൊന്നുമറിയാതെ മറിയം സമയലാഭത്തിനായ് ഏണിയിലൂടെ ഇറങ്ങാതെ മരകൊമ്പില്‍ കെട്ടിയിരുന്ന കയറുവഴി താഴേയ്ക്ക് ഊര്‍ന്നിറങ്ങുകയാണ്ചെയ്തത്. വന്നിറങ്ങിയത് മുതലാളിയുടെ മുമ്പിലും. മുതലാളിമാത്രമല്ല ആശാനും കണ്ണുതള്ളിനിന്നുപോയ്. മരത്തിനുമുകളില്‍നിന്നും താഴെയ്ക്കും താഴെനിന്നു മുകളിലേയ്ക്കും സാധനങ്ങള്‍ കെട്ടിയിറക്കാനും കയറ്റാനുമുള്ള ലക്ഷ്യം മാത്രമേ ആ കയറവിടെ കെട്ടിയപ്പോള്‍ ആശാന് ഉണ്ടായിരുന്നൊള്ളു.

ചരിത്രത്തിലാദ്യമായ് കുര്യേപ്പു മുതലാളി അന്ന് പണിക്കാരോടൊപ്പംമിരുന്ന് ആഹാരം കഴിച്ചു... മുതലാളിയുടെ ജീവിതത്തിലന്നോളം കഴിച്ചതില്‍ ഏറ്റവും രുചികരമായ ആഹാരം.


ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ റപ്പേലാശാന്റെ കാട്ടിലെ ദൗത്യം പൂര്‍ത്തിയായ്. ശിഷ്യന്മാരെയെല്ലാം അടുത്ത്‌വിളിച്ച് ആശാന്‍ ഇങ്ങനെപ്റഞ്ഞു...

"മക്കളേ... നുമ്മ പണിനിര്‍ത്തണയാണ്... ഇനിയീ മലേം കാടും കേറിയിറങ്ങാ ആശാനു ശ്ക്‌തിയില്ലകേട്ടാ... കുടുമ്മത്ത്പോണം ഇത്തിരി വിശ്രമിക്കണം.... കര്‍ത്താവു വിളിക്കുമ്പ അങ്ങാ പോണം.."

പുതിയ ജോലികള്‍ ശിഷ്യന്മാരെ പറ്ഞ്ഞ് ഏല്പിച്ചതിനു ശേഷം ആശാന്‍ മറിയത്തിനെ അടുത്ത് വിളിച്ചു.കുറച്ചുപണം അവളുടെ കൈയ്യില്‍ ഏല്പിച്ചിട്ട് പറഞ്ഞു.

"നിന്നെപ്പിരിയാന്‍ ആശാനു സങ്കടമുണ്ട് കേട്ടാ... ന്നാലും പിരിയാതെ പറ്റില്ലല്ലാ.. ...മകാള് ഒന്നുകൊണ്ടും പേടിക്കണ്ട... ആശാന്‍ മൊതലാളിയോട്പറഞ്ഞ് എല്ലാം ഏര്‍‍പ്പാടാക്കീട്ടൊണ്ട്കെട്ടാ..."

ഏറുമാടം ഇരിക്കുന്ന സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി മറിയത്തിനു പണിക്കൂലിയായ് കൊടുക്കാനും, അതിനോടു ചേര്ന്നുള്ളോരു അഞ്ചേക്കര്‍ ഭൂമി തെളിച്ച് കൃഷിചെയ്യാന്‍ അനുവദിക്കാനും ആ സ്ഥലത്തിന്റെ വില സാവധാനം തന്നുതീര്‍ത്തുകൊള്ളുമെന്നും മറിയത്തിനുവേണ്ടി ആശാന്‍ മുതലാളിയോട് ശുപാര്‍ശചെയ്തിരുന്നു. മുതലാളി അതേപടി ചെയ്യുകയും മറിയം മണ്ണിനുടമയാവുകയും ചെയ്തു.


ഏറുമാടത്തിനകത്ത് പെരുമാറിക്കൊണ്ടിരുന്ന എല്ലാ സാധനങ്ങളും അത്യാവശ്യം വേണ്ട പണി ആയുധങ്ങളും മറിയത്തിനു കൊടുത്തിട്ട് ആശാനും ശിഷ്യന്മാരും കാടിറങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ തനിക്ക് കിട്ടിയ മണ്ണിലെ കാട് വെട്ടിത്തെളിക്കാനുള്ള ശ്രമത്തിലായിരുന്നു മറിയം. എന്നാല്‍ വീട്ടിലുണ്ടായിരുന്ന അരിയും മറ്റ് ആഹാര സാധനങ്ങളും തീര്‍ന്നപ്പോള്‍ കാട്ടില്‍നിന്നും പുറത്തിറങ്ങാതെ അവര്‍ക്ക് മറ്റുമാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.


അന്നു രാത്രി ഉറക്കത്തില്‍ മറിയം ജനിച്ചുവളര്‍ന്ന വീടും മരിച്ചുപോയ അമ്മയെയും സ്വപ്നം കണ്ടു... അമ്മയോടു കൂടെ കുറവിലങ്ങാട്ട് പള്ളിയിലേയ്ക്ക് തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ അമ്മയുടെ രൂപവും ഭാവവും മാറുകയാണ്....തലയില്‍ തട്ടമിട്ട ആസ്യത്താത്തയുടെ രൂപമായിരുന്നു അമ്മയ്ക്ക്..

മറിയം ഞെട്ടിയുണര്‍ന്നു... പതിവില്ലാതെ അവള്‍ക്ക് പേടിതോന്നിപൈലോയോട് ചേര്‍ന്നുകിടന്നിട്ട് അവള്‍ അയാളെ കുലുക്കിവിളിച്ചു....

അതേയ്...നാളെ നമുക്ക് ഒരിടം വരെ പോകണം...

ഉം.... അയാള്‍ മൂളി. ഉറക്കത്തിലാണോയെന്നറിയില്ല.


പിറ്റേന്നു മറിയം പൈലോയെയും കൂട്ടി കാട്ടുവഴിയിലൂടെ തിരിച്ചുനടന്നു. കുര്യേപ്പുമുതലാളിയുടെ ബംഗ്ലാവും കല്ലാര്‍ മുതിരപ്പുഴയില്‍ ചേരുന്ന കല്ലാറുകൂട്ടിയും കടന്ന് കൂമ്പന്‍‌പാറ മലയുടെ താഴ്വാരത്തിലൂടെ...

കൂമ്പന്‍പാറയിലെത്തിയപ്പോള്‍ മറിയത്തിനു കാര്‍ത്ത്യാനിചേച്ചിയെ ഓര്‍മ്മവരികയും പൈലോയെയും കൂട്ടി അവരുടെ വീട്ടിലേക്കു കടന്നുചെല്ലുകയും ചെയ്തു. ചെറുതെങ്കിലും കരിങ്കല്ലാല്‍ കെട്ടിയ ബലമുള്ള ഭിത്തികളുണ്ടായിരുന്നു ആ വീടിന്. കുര്യേപ്പുമുതലാളിയുടെ ബംഗ്ലാവിനു ചുറ്റുമുള്ളപോലെ ആഴത്തില്‍ കിടങ്ങുംതീര്‍ത്തിരുന്നു വീടിനുചുറ്റും.

സ്നേഹോഷ്മളമായ സ്വീകരണമാണ് അവിടെ മറിയത്തിനും പൈലോയ്ക്കും ലഭിച്ചത്. തന്റെ ആദ്യയാത്രയില്‍ ബസില്‍ വച്ച് ക്ണ്ടുമുട്ടുകയും അളന്നുതൂക്കി മാത്രം സംസാരിക്കുകയും ചെയ്തിരുന്ന കാതില്‍ തോടയിട്ട ആ സ്ത്രീയേയല്ല ഇവിടെ കാണുന്നത്. വാതോരാതെ വിശേഷങ്ങള്‍ പറയുന്ന വീട്ടുകാരി. റപ്പേലാശാനും കൂട്ടരും പോയതിനു ശേഷം മനുഷ്യരെ കാണാതിരുന്ന മറിയത്തിനു സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു ആ കൊച്ചുവീട്ടില്‍.

വീട്ടിലേയ്ക്ക് അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ കോതമംഗലത്തിനു പോകുന്നതിലും എളുപ്പം മൂന്നാറിനു പോകുന്നതായിരിക്കുമെന്ന് കാര്‍ത്ത്യാനിചേച്ചിയുടെ ഭര്‍ത്താവ് മറിയത്തിനോട് പറഞ്ഞു. അതു തന്നെയായിരുന്നു മറിയത്തിന്റേം ആഗ്രഹം... ആസ്യത്താത്തായെ കാണാമല്ലോ.

മൂന്നാറിലേയ്ക്ക് പിറ്റെദിവസമെ വണ്ടിയൊള്ളു. അന്നത്തെ ദിവസം സന്തോഷമായ് കാര്‍ത്ത്യാനിചേച്ചിയുടെ വീട്ടില്‍ ഉറങ്ങി.... എത്രയോ മാസങ്ങളായ് മരത്തിനു മുകളില്‍ ഉറങ്ങുന്നു.

പിറ്റേന്ന് ഉച്ചഭക്ഷണവും കഴിഞ്ഞാണ് മറിയവും പൈലോയും കാര്‍ത്ത്യാനിചേച്ചിയോടും കുടുമ്പത്തോടും യാത്രപറഞ്ഞിറങ്ങിയത്. അടിമാലിയില്‍ നിന്നും വീണ്ടും സ്വരാജ് ബസ്സില്‍ തന്നെയായിരുന്നു യാത്ര.

"ഇത്തവണ പെട്ടി എടുത്തില്ലേ പെങ്ങളേ .." പഴയ കണ്ടക്ടര്‍ മറിയത്തെ കണ്ടതേ തിരിച്ചറിഞ്ഞു..

മറിയം വീണ്ടും യാത്ര ആരംഭിച്ചു...വെള്ളക്കാരുടെ കിഴക്കന്‍ മലയിലെ സാമ്രാജ്യത്തിലേയ്ക്ക്... സഹ്യന്റെ തോളത്തുള്ള മൂന്നാറിലോട്ട്...


മലമുകളില്‍ മൂന്നാറൊരു വിസ്മയ ലോകമാണ് മറിയത്തിനു മുമ്പില്‍ തുറന്നത്.... വനത്തിന്റെ ഇരുളും കാഴ്ചയുടെ അടവും പെട്ടന്നകന്നു. നോട്ടമെത്താത്തിടത്തോളം പച്ചപരവതാനി വിരിച്ച് തേയിലചെടികള്‍... വെണ്‍‌മേഘങ്ങള്‍ ഭൂമിയിലേക്കിറങ്ങിവരുന്നു. കലപിലകൂട്ടി നടന്നുനീങ്ങുന്ന തോട്ടം തൊഴിലാളികളില്‍ കൂടുതലും സ്ത്രീകളാണ്. കുതിരപ്പുറത്ത് ചാടിത്തുള്ളിനീങ്ങുന്ന വെള്ളക്കാര്‍....എല്ലാം പുതുമയുള്ള കാഴ്ചകള്‍തന്നെ.

ആസ്യത്താത്തയുടെ പീടിക കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.... മൂവന്തിക്ക് തിരക്കിട്ട കച്ചവടം നടക്കുന്ന നേരമാണ്. അടുത്തു വന്നപ്പോഴാണ് താത്താ മറിയത്തിനെ കണ്ടത്...

"അള്ളാ...പടച്ചോനെ ആരാ യീ ബന്നേക്കണേ... അന്നെ യിന്നലേം ഞമ്മള് കിനാവുകണ്ടീക്കുണു മോളെ.."ആസ്യത്താത്ത പീടികയില്‍നിന്നും ചാടിയിറങ്ങിവന്ന് മറിയത്തിനെ കെട്ടിപ്പിടിച്ചു...

"എടാ ബലാലെ അനക്ക് ബേണോങ്ങി കച്ചോടം നടത്ത്വോ... പീട്യാ അടയ്ക്യോ ന്താന്നുബച്ചാ ചെയ്തോളിന്‍...ഞമമളു ബീട്ടിപോണ് ...അനക്കറിയോ യിതാരാ ബന്നേക്കണീന്ന്... ന്റെ പുന്നാര മോളാണ്...മൊഞ്ചത്തി..."

മറിയത്തിനേം കൂട്ടി ആസ്യത്താത്താ അവരുടെ വീട്ടിലേയ്ക്ക് നടന്നു.


(മൂന്നാറിന്റെ ചരിത്രവുമായ് അടുത്ത പോസ്റ്റ് തുടരും)

Friday, 6 April, 2007

ഒന്ന് വച്ചാല്‍ രണ്ട്

നാട്ടുകവലയ്ക്ക് ഇന്നീക്കാണുന്ന പത്രാസും പ്രൗഡീം ഒരു എഴുപത്തഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ നാട്ടുകവല അന്ന് വെറും കാട്ട്‌കവല..... കാട്ടാനേം, കാട്ടുപോത്തും, കാട്ടുകടുവയും വിഹരിച്ചിരുന്ന ഘോരവനം.

കാലക്രമത്തില്‍ കാട്തെളിഞ്ഞു കവലയായ്.....

ചായക്കടവന്നു റേഷന്‍‌കട വന്നു പലചരക്ക്‌വ്യാപാരം‌വന്നു പിന്നെ പൗരന്മാര്‍ക്ക് ചീട്ട്‌കളിച്ചിരിക്കാന്‍ ഒരു 'സ്പോര്‍ട്ട്‌സ് ക്ലബും' സ്ഥാപിതമായപ്പോള്‍ ഇടുക്കി ജില്ലയിലെ മറ്റേതു കുടിയേറ്റ ഗ്രാമങ്ങളോടും കിടപിടിക്കാന്‍ ഞങ്ങളുടെ നാട്ട്‌കവലയും പ്രാപ്തമായ്.

ആദ്യകാലകുടിയേറ്റക്കാര്‍ക്ക് മതങ്ങളില്ലായിരുന്നു... അവര്‍ ബാലാരിഷ്ടതകള്‍ പിന്നിട്ട് മടിയില്പത്ത് പുത്തനൊക്കെ ആയതിനു ശേഷമാണ് കവലയില്‍ മതങ്ങള്‍ വന്നത്.

ആദ്യം സ്ഥാപിതമായത് കത്തോലിക്കാ പള്ളിവക കുരിശ്, വിത്ത്- വായ് പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം ' വലതുകൈ കൊടുക്കുന്നത് ഇടത്കൈ അറിയരുത്' എന്നെഴുതിയത്.

വല്യ താമസമില്ലാതെ ഓപ്പോസിറ്റ് സൈഡില്‍ വേറൊരുകുരിശ്....യാക്കോബായ പള്ളിവക അതിനും വായ്പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം, അവിടെ 'ഇടത്കൈ കൊടുക്കുന്നത് വലതുകൈയും അറിയരുത് ' എന്നാണ് എഴുതിയിരുന്നത്.

അടുത്തത് മുസ്ലീംങ്ങളുടെ ഊഴമായിരുന്നു. പച്ച ചന്ദ്രനും പച്ച നക്ഷത്രവും ഒക്കെ വരച്ച അവരുടെ ഭണ്ഡാരവും വായ്പിളര്‍ന്നിരുന്നു അതില്‍ ' ദാനധര്‍മ്മങ്ങള്‍ ആപത്ത്‌കളെ തടയും' എന്നതായിരുന്നു തിരുവെഴുത്ത്.

കുടിയേറ്റക്കാരുടെ ഏരിയ ആയതുകൊണ്ടാണോ എന്തോ ഭാരതത്തില്‍ പണ്ട് തൊട്ടേയുള്ളവര്‍ ഏറ്റവും അവസാനമാണ് വന്നത്. വായ് പിളര്‍ന്നിരിക്കുന്ന അവരുടെ വക ഭണ്ഡാരത്തില്‍ 'നാട്ട്‌കവല ശ്രീ ധര്‍മ്മശാസ്താവിന്റെ കാണിക്കവഞ്ചി' എന്നെഴുതിയിരിക്കുന്നു.

മത സൗഹാര്‍ദ്ധം കളിയാടാന്‍ തുടങ്ങിയ നേരത്താണ് കവലയുടെ ഒത്തനടുക്ക് പോക്കറ്റടിക്കാരന്‍ കുഞ്ഞൗസേപ്പ് കുത്തിയിരുന്നത്. മുന്‍പില്‍ പടം വിരിച്ച് അവന്‍ കിലുക്കിക്കുത്തി.....

"ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ടിം"

വയ് രാജാ വയ് ഒന്ന് വച്ചാല്‍ രണ്ട്.....രണ്ട് വച്ചാല്‍ നാല്...
താരതമ്മ്യേനെ ഭേതപ്പെട്ട ഓഫര്‍...

പാവം വിശ്വാസികള്‍ കണ്‍ഫ്യൂസ്ഡായ്....

ആരെ വിശ്വസിക്കും? എവിടെ പണമെറിയും?....

Saturday, 31 March, 2007

പ്രാര്‍ത്ഥന

ആവര്‍ഷം ഇടവപ്പാതി പിറന്നത്‌ നല്ല ആഘോഷമായിട്ടായിരുന്നു....
തുള്ളിക്കൊന്നരക്കുടം പേമാരി.....
മാനത്തെ പടക്കപ്പുരയ്ക്കു തീപിടിച്ചപോലെ ഇടിവെട്ട്‌...
അതിനെല്ലാം പുറമെ മര്‍ദ്ധം ന്യൂനം എന്നും പറഞ്ഞുവീശുന്ന കാറ്റ്‌...

എറണാകുളത്തുനിന്നു അപ്പച്ചന്റെ ചേട്ടനും, പെരുംബാവൂരില്‍നിന്നും അമ്മൂമ്മയുടെ നാത്തൂനും, കിഴക്കമ്പലത്തുനിന്ന് അകന്ന ബന്ധത്തിലുള്ള തൊമ്മന്‍ചേട്ടനും ഒന്നിച്ചു വിരുന്നു വന്നപോലുള്ള അവസ്ഥ.

പതിവുപോലെ മഴയും ഇടിയും കാറ്റും തകര്‍ക്കുന്ന ഒരു വൈകുന്നേരം. അപ്പച്ചന്‍ വീട്ടിലില്ലാത്ത സമയം. ഉരുള്‍ പൊട്ടലിന്റെ ഭീഷണിയുള്ള സ്ഥലമായതിനാല്‍ അമ്മ കരയാന്‍ തുടങ്ങി....(അപ്പച്ചനുണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍ പിടിച്ചു നിര്‍ത്തിയിട്ടല്ല...എന്നാലും ഒരു ധൈര്യം...). ചേട്ടന്മാരും ചേച്ചിയും പേടിച്ച്‌ കോറസ്സായ്‌ കരഞ്ഞുതുടങ്ങി....ഞാന്‍ മാത്രം കരഞ്ഞില്ല...എനിക്കു പണ്ടിനാലെ പേടിയെന്താണെന്നറിയില്ല.

ജന്മനാ കലാകാരനായ എനിക്ക്‌ മഴയത്തിറങ്ങി നനയാനും മഴയുടെ സംഗീതം ശ്രവിച്ച്‌ ഇറവെള്ളത്തില്‍ നീന്താനും പിന്നെ ഇടിമിന്നലിനെ തൊട്ടുനോക്കാനുമൊക്കെയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെകൊണ്ട്‌ വടിയെടുപ്പിക്കണ്ട എന്നുകരുതി അടുപ്പിന്‍ചുവട്ടില്‍ തീയും കാഞ്ഞിരിക്കുന്ന സമയത്ത്‌ മുറ്റത്തിന്റെ പടിഞ്ഞാറുവശത്തുനിന്ന ഞാലിപ്പൂവന്‍വാഴ അതിന്റെ മൂപ്പെത്താത്ത കുലയുമായ്‌ നിലംപതിക്കുന്നു......
മനോഹരമായ കാഴ്ച്ച... കുറെ ദിവസങ്ങളായിട്ടു ഞാന്‍ ആ വാഴച്ചുണ്ടില്‍ നിന്നും എങ്ങിനെ തേനെടുക്കാം എന്ന ആലോചനയിലായിരുന്നു...

അമ്മ കരച്ചിലിന്റെ വോള്യം കൂട്ടി...ചേട്ടന്മാരും ചേച്ചിയും അമ്മയോട്‌ അനുഭാവം പ്രകടിപ്പിച്ചു...ഇവര്‍ക്കെല്ലാം എന്താണു പറ്റിയതെന്നറിയാതെ ഞാന്‍ ജനാലയിലൂടെ മഴകണ്ടുനിന്നു...

കാറ്റ്‌, 'ഇതൊന്നുമല്ല ഇനീമുണ്ട്‌ നമ്പറുകള്‍....' എന്നുപറഞ്ഞ്‌ പൂര്‍വ്വാതികം ശക്തിയോടെ വീശാന്‍ തുടങ്ങി.

ചാക്കോച്ചായീടെ വളപ്പിലെ അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്നിരുന്ന അടയ്ക്കാമരങ്ങള്‍ തലകുനിച്ച്‌ ഭൂമി തൊട്ടുവണങ്ങിയിട്ടും കാറ്റ്‌ വെറുതെവിട്ടില്ല... സി.ഐ.ഡി. മൂസയുടെ കഥകളില്‍ ബോംബുപൊട്ടുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള, "പളാര്‍!!!!....." എന്ന ശബ്ദത്തോടെ രണ്ടെണ്ണം ഒടിഞ്ഞുവീണു.

ഇപ്പ്രാവശ്യം വല്യേട്ടന്‍ കരച്ചില്‍ നിറുത്തി ...ചിരിച്ചു...ഞാനും ചിരിച്ചു..ബാക്കിയെല്ലാവരും കരച്ചില്‍ തുടര്‍ന്നു....

കാറ്റിന്റെ അടുത്ത നടപടി വയ്ക്കോലു മേഞ്ഞ ഞങ്ങളുടെ പാവം പുരയുടെ മേല്‍ക്കൂരയിന്മേലായിരുന്നു....ഒരുവശം കൂളായിട്ടങ്ങുകൊണ്ടുപോയ്‌...കരച്ചിലുകാര്‍ മേല്‍സ്ഥായില്‍ കരയാനാരംഭിച്ചു...വല്യേട്ടന്‍ കാലുമാറി അവരുടെ കൂടെ കൂടി...

വീടിന്റെ മുകളില്‍ മേച്ചിലുപോയ ഭാഗത്തൂടെ ആകാശവും ആകാശത്തില്‍ Z Z Z എന്നെഴുതിയപോലെ കൊള്ളിയാന്‍ മിന്നണതും, മഴവെള്ളം ഡയറക്റ്റായ്‌ ചാണകംമെഴുകിയ നടുമുറിയില്‍ വീഴുന്നതും കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു...ഞാന്‍ ആസ്വതിച്ചു കണ്ടു...

"എന്റെ പൊന്നിങ്കുരിശുമുത്തപ്പാ...എന്റെ കുഞ്ഞുങ്ങളേയും വീടിനേയും കാത്തുകൊള്ളണെ...പുതുഞ്ഞായറാഴ്ച്ച കുരിശുമ്പിടിച്ച്‌ മലകയറിക്കോളാമ്മെ...", അമ്മ തുറന്ന മേല്‍ക്കൂരയിലൂടെ ഉന്നതങ്ങളിലെയ്ക്ക്‌ നോക്കി ഒരു വിശ്വാസ പ്രഖ്യാപനം നടത്തിയപ്പോള്‍ കാറ്റ്‌ പിടിച്ച്‌ കെട്ടിയതുപോലെ നിന്നു...

"നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു ഗുണം...വിശപ്പും മാറും മീശയും മിനുക്കാം..." എന്ന് മീശയില്ലാത്ത എന്റെ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞത്‌ എന്ത്‌ ഉദ്ധ്യേശിച്ചാണെന്നറിയില്ല... പക്ഷേ ഈ മാതിരി മഴ പെയ്താല്‍ രണ്ടുണ്ട്‌ ഗുണം എന്നു ഞാന്‍ പറയുന്നു... ഒന്ന് വീടിന്റെ അകത്തുതന്നെ കളിവള്ളമൊഴുക്കി കളിക്കാം പിന്നെ പുതു ഞായറാഴ്ച്ച മലയാറ്റൂരും പരിസരവും സന്ദര്‍ശിക്കാം...

എന്നാണു മലയാറ്റൂര്‍ പുതുഞ്ഞായറാഴ്ച്ച എന്നറിയാന്‍ അമ്മൂമ്മയെ സമീപിച്ചപ്പോള്‍ അത്‌ മീനമാസത്തിലാണെന്നുള്ള മറുപടി കിട്ടി.

മീന മാസം എപ്പോള്‍ വരുമെന്നറിയാന്‍ അമ്മയോടു ചോദിച്ചപ്പോള്‍ അത്‌ വല്യ സ്കൂളുപൂട്ടിനോട്‌ അനുബന്ധിച്ചാണെന്നറിയാന്‍ കഴിഞ്ഞു...

എന്നാണു വല്യ സ്കൂളുപൂട്ടെന്നു എല്‍.പി. സ്കൂളിലെ പ്യൂണിനോട്‌ ചോദിച്ചപ്പോള്‍, ഇത്തവണ സ്കൂള്‍ പൂട്ടണില്ലായെന്നാണു മറുപടി...വാതിലുപോലുമില്ലാത്ത സ്കൂള്‍ പൂട്ടാന്‍ നടക്കാതെ പോയ്‌ നാലക്ഷരം പഠിക്കാന്‍ നോക്കട ചെക്കാന്നും പറഞ്ഞാണു അങ്ങേരോടിച്ചത്‌...

ആകെ മൊത്തം ടൊട്ടലീ കണ്‍ഫ്യൂഷനാരുന്നു കുറെക്കാലത്തെയ്ക്ക്‌....

പുതു ഞായറാഴ്ച്ച പോയാലും എവിടെവരെപോകും?.... അവസാനം ആ സുദിനവും വന്നെത്തി...

ചട്ടയും വിശറിവാലിട്ട മുണ്ടും കാതില്‍ ഉഴുന്നുവടപോലുള്ള കുണുക്കും ഒക്കെയിട്ട അമ്മൂമ്മ ഏറ്റവും മുമ്പില്‍, പത്താം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാന്റി അമ്മൂമ്മയുടെ പിറകില്‍, എറ്റവും പിറകില്‍ കുരിശ്‌ കയ്യില്‍പിടിച്ചുകൊണ്ട്‌ അമ്മ അമ്മയുടെ കയ്യില്‍പിടിച്ച്‌ ഞാനും.

"രണ്ടുകുരിശുകള്‍ വേണോടീ?..." എന്ന് അപ്പച്ചന്റെ അമ്മയോടുള്ള ചോദ്യം എനിക്കിട്ടു താങ്ങിയതാണെന്ന് ആ ചെറുപ്രായത്തിലും എനിക്കു മനസ്സിലായ്‌...എന്തായിരുന്നു അക്കാലത്തെ എന്റെ ബുദ്ധി...എന്തായിരുന്നു എന്റെ റേയ്ഞ്ച്‌...

നാട്ടുകവലയില്‍ നിന്നും മലയാറ്റൂര്‍ സ്പെഷ്യല്‍ എന്ന ബോര്‍ഡുവച്ച ഒരു ബസ്സില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു...വിശ്വാസികളുടെ തിരക്ക്‌ മലയാറ്റൂരിലുള്ളതിലും കൂടുതല്‍ അനുഭവപ്പെടുന്നത്‌ ബസ്സിനുള്ളിലാണല്ലോ ...യാത്ര ദുരിതപൂര്‍ണ്ണമായിരുന്നു...

അടിമാലിയും കഴിഞ്ഞ്‌ വണ്ടി വാളറ കാട്ടിലൂടെയുള്ള സിഗ്‌-സാഗ്‌-സാഗ്‌-സിഗ്‌ വഴികളിലൂടെ ചീറിപ്പാഞ്ഞപ്പോള്‍ വര്‍ഷത്തില്‍ ഏറിയാല്‍ ഒരിക്കല്‍മാത്രം വാഹനത്തില്‍ കയറുന്ന ഞങ്ങള്‍ സകുടുമ്പം യാത്ര പരമാവധി ആഘോഷമാക്കുന്നതിന്റെ ഭാഗമായ്‌ ചെറിയ ചെറിയ വാളുകള്‍ നിര്‍മ്മിക്കാനാരംഭിച്ചു...

ഞങ്ങളുടെ അതേ കാറ്റഗറിയില്‍പ്പെട്ട അനേകം സഹയാത്രികരുണ്ടായിരുന്നതിനാല്‍ ആശ്വാസമായ്‌...എന്റെ അമ്മ 'വാള്‍ട്ടര്‍'ആകുമ്പോള്‍ കുരിശ്‌ അടുത്തിരിക്കുന്ന ചേച്ചി പിടിക്കും ...ആ ചേച്ചീടെ ടേണ്‍വരുമ്പോള്‍ അവരുടെ നാലുമാസ്സം പ്രായമായ കുഞ്ഞിനെ അമ്മയെടുത്ത്‌ വിണ്ടോസീറ്റ്‌ അവര്‍ക്കുനല്‍കും ... ആര്‍ക്കും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള, പരസ്പരം സഹകരിച്ചു വാളുകള്‍ പണിത ആ യാത്രപോലെ മറ്റൊരു യാത്ര പിന്നീട്‌ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതായ്‌ ഓര്‍ക്കുന്നില്ല...ശരിക്കും മാവേലികേരളത്തിലെ ട്രാന്‍സ്പോര്‍ട്ട്‌ സര്‍വ്വീസായിരുന്നു അത്‌.

മര്യാദ രാമനായ ബസ്സ്‌ ഡ്രൈവര്‍ ചീയപ്പാറ വാട്ടര്‍ ഫാളിന്റെ അടുത്ത്‌ വണ്ടി നിറുത്തിത്തരികയും എല്ലാവരും അവിടെ ഇടത്തരം അലക്കും കുളിയും നടത്തുകയും ചെയ്തു....(നല്ല വേനല്‍ക്കാലമായിട്ടും അവിടെ നന്നായ്‌ വെള്ളച്ചാട്ടമുണ്ടായിരുന്നു അക്കാലത്‌... ഇന്നാണെങ്കില്‍ വെറും പാറക്കെട്ടു മാത്രം കാണാം...)

എകദേശം രണ്ടുമണിയോടുകൂടി ഞങ്ങള്‍ പെരിയാറിന്റെ തീരത്തുള്ള മലയാറ്റൂര്‍ വലിയപള്ളിയുടെ പരിസരത്ത്‌ വണ്ടിയിറങ്ങി...ചീയപ്പാറയില്‍ തുടങ്ങിവച്ച അലക്കും കുളിയും ആഘോഷമായി പെരിയാറ്റില്‍ പൂര്‍ത്തിയാക്കി. മണലില്‍ കുറേനേരം വിശ്രമിച്ചിട്ട്‌ വെയിലാറിയ തക്കം നോക്കി മല കയറാനാരംഭിച്ചു.

തികച്ചും ഉല്ലാസപ്രദമായിരുന്നു പിനീടുള്ള യാത്ര. ഇടുക്കി ജില്ലയിലെ ചെങ്കുത്തായ മലകള്‍ കയറി ഇറങ്ങുന്നവരായതിനാലും, വിശ്വാസത്തിന്റെ ചിറകിലുള്ള യാത്ര ആയതിനാലും ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല.

മലമുകളിലെ പള്ളിയിലെ അത്ഭുത ഉറവയില്‍ നിന്നും വെള്ളംകുടിച്ചു. വി. തോമാസ്‌ സ്ലീഹായുടെ കാല്‍പാദം പതിഞ്ഞിട്ടുണ്ടെന്നു പറയുന്ന പാറയില്‍ കയറി, പിന്നെ സ്വര്‍ണ്ണക്കുരിശു മുളച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ചാപ്പലില്‍ കയറി...

കൗതുകത്തോടെ നാലുപാടും നോക്കി കാഴ്ച്ചകള്‍ കണ്ടു നടന്ന എന്നോട്‌ മുട്ടിന്‍മേല്‍നിന്നു ആവശ്യങ്ങള്‍ പറഞ്ഞ്‌ പ്രാര്‍ത്ഥിക്കാന്‍ അമ്മ ആവശ്യപ്പെട്ടു...കുഞ്ഞുമക്കള്‍ ചോദിക്കുന്നതെന്തും മുത്തപ്പന്‍ തരുമത്രേ...

ഭക്തിപൂര്‍വം കൈയ്കള്‍ കൂപ്പി കണ്ണുകള്‍ അടച്ച്‌ തീഷ്ണമായ്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു....

"കഴിഞ്ഞ മഴയത്ത്‌ വീടുപൊളിച്ചപോലുള്ള ഒരു കാറ്റ്‌ ഈ വര്‍ഷവും അനുവദിച്ചു തരണേ എന്റെ മുത്തപ്പാ... "

Sunday, 18 February, 2007

ഡല്‍ഹി മാഫിയ 2

ചാക്കൊച്ചായീടെ ഹിന്ദി കേരളത്തിലെ 'സുഖമാ' ഹിന്ദിയാണു, പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കേറ്റ്‌ ചില്ലിട്ടു ഭിത്തിയില്‍ ഇഷ്ട്ടന്റെ അമ്മൂമ്മയുടെ മാലയിട്ട ഫോട്ടൊയുടെ അടുത്തു തന്നെ തൂക്കീട്ടുമുണ്ട്‌, പക്ഷെ ഡെല്‍ഹിയില്‍ 'സുഖമ' ഹിന്ദി ദുഖമാ ഹിന്ദിയായ്‌ മാറുന്നതിനു എനിക്കു സാക്ഷിയാകേണ്ടിവന്നു.

ബിജു ചെറിയാന്റെ രാജാ ഗാര്‍ഡനിലുള്ള വീട്തേടിയുള്ള യാത്രയില്‍ ടാക്സിക്കാരനായ പഞ്ചാബിയുടെ ചോദ്യങ്ങള്‍ക്ക്‌ ചാക്കോച്ചായി 'ങേ...ഹേ...ഹായ്‌...ഹും...ങും!!!' എന്നൊക്കെയുള്ള, ഗ്രാമറാല്‍ സമ്പുഷ്ടമായ 'സുഖമാ' ഹിന്ദിയില്‍ മറുപടിപറഞ്ഞപ്പോള്‍... "ബാന്‍ ചൂത്‌" എന്നു മാത്രം ആ പഞ്ചാബി ഡ്രൈവര്‍ പ്രതിവചിച്ചു.

പിന്നീട്‌ റോങ്ങ്‌ സൈഡിലൂടെ ഒരു ചുള്ളന്‍ ബൈക്കുകാരന്‍ തന്റെ വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്തപ്പോളും, തിടുക്കക്കാരനായ ഒരു കാല്‍നടക്കാരന്‍ വണ്ടിക്കു കുറുകെചാടിയപ്പോളും,
വണ്ടി ട്രാഫിക്‌ ജാമില്‍ കിടന്നപ്പോളും,
സിഗ്നല്‍ലൈറ്റ്‌ ചെമപ്പുകണ്ണുതുറന്നു നോക്കിയപ്പോളും...വീണ്ടും വീണ്ടുമാ 'വാക്ക്‌' അയാള്‍ ആവര്‍ത്തിക്കുന്നതു കേട്ടു...

ചിലപ്പോള്‍ പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെപോലും അയാള്‍ അതേ വാക്ക്‌ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടുമിരുന്നു...

അന്നു ഞാന്‍ എന്റെ എളിയ ബുദ്ധിയില്‍ ചിന്തിച്ചത്‌, ഇയാള്‍ പഞ്ച പാണ്ടവന്മാര്‍ക്കു പണ്ട്‌ പറ്റിയതുപോലുള്ള വല്ല കള്ള ചൂതുകളിയിലും തോറ്റ ഒരു പഞ്ചാബി രാജാവായിരിക്കുമെന്നാണു.

തന്റെ കൊട്ടാരം ഒരു മാര്‍ക്ക്‌ 3 അംബാസിഡര്‍ കാറും, ചെങ്കോല്‍ ഒരു ഗിയര്‍ ലിവറും, കിരീടം മുഷിഞ്ഞുനാറിയ അഞ്ചാറുമീറ്റര്‍ തുണിയുടെ ഒരു കെട്ടുമായ്‌ മാറിയതിന്റെ അമര്‍ഷത്തിലായിരിക്കും ഇയാള്‍ ഈ ചൂതുകളിയുടെ കാര്യം എപ്പോളും പറയുന്നത്‌.

ഏറെ താമസ്സിയാതെ ഞങ്ങള്‍ രാജാഗാര്‍ഡന്‍ എന്‍ -134 നു സമീപം എത്തി. ചോദിച്ച കാശ്‌ ടാക്സിക്കൂലിയായി കൊടുത്തതുകൊണ്ടാണോ എന്നറിയില്ല, തടിയന്‍ പഞ്ചാബി ചൂതുകളിയെപ്പറ്റി ഒന്നും പറഞ്ഞില്ല പകരം ചിരിച്ചു...'ധന്യവാര്‍' എന്നുപറഞ്ഞ്‌ അയാളുടെ പോക്കിനു പോയി.

വലിയ ഒരു പൂന്തോട്ടവും അതിനു നടുവിലായി ഒരു കൊട്ടാരം പോലുള്ള വീടും പ്രതീക്ഷിച്ച്‌ വന്ന എന്റെ മുമ്പില്‍ മലിന ജലമൊഴുകുന്ന ഓടയും ഇടുങ്ങിയ ഗലികളും....

ഓ..ദൈവമെ...രാജാവിന്റെ പൂന്തോട്ടം ഈ മാതിരിയാണെങ്കില്‍; സാധാ പ്രജകളുടെ പൂന്തോട്ടം ഇവിടെ എങ്ങിനെയായിരിക്കും ഞാന്‍ ചാക്കൂച്ചായിനെ ഒന്നു പാളിനോക്കി.. ഹേ..പുള്ളിക്കരനൊരു ഭാവവ്യത്യാസവുമില്ല......

നിന്റെയല്ലെ കൂട്ടുകാരന്‍ ഇതിലും കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല എന്ന മട്ടില്‍ നില്‍ക്കുകയാണെന്നു തോന്നി...അതൊ മാഫിയ പുറകെവരുന്നു എന്ന ഭയത്തില്‍ ഇന്ദ്രിയങ്ങള്‍ പണിമുടക്കിയതാണോയെന്നും അറിയില്ല.

സമയം എട്ടുമണി രാത്രിയോടടുത്തു..ഷീണവും വിശപ്പും അതിനുപുറമെ അപരിചിതമായ സ്ഥലത്ത്‌ ഇനിയെന്തുചെയ്യണം എന്നറിയാതെയുള്ള നില്‍പ്പും...

ഏതായാലും എന്‍-134 എന്നെഴുതിയ വീട്ടില്‍ കയറി 'സുഖമ' ഹിന്ദി പരീക്ഷിച്ചുനോക്കാം എന്നു തീര്‍ച്ചയാക്കി. ഭാഗ്യത്തിനു വലതുകാലെടുത്തുവച്ച്‌ കയറിയത്‌ പാന്‍പരാഗ്‌, സിഗററ്റ്‌, ദേശി ചാരായം തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലേക്കാണു.

എന്റെ കൂട്ടുകാരനായതുകൊണ്ട്‌ പുകഴ്ത്തിപ്പറയുകയാണെന്നോര്‍ക്കരുത്‌, ബിജു ചെറിയാന്‍ ഈ ഏരിയയില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കടയിലെ ഒരു സ്ഥിരം സന്ദര്‍ശ്കനായിരിക്കും...

കടക്കാരനോടു ഒരുവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാകാന്‍ ചാക്കോച്ചായി പെടാപ്പാടുപെടുന്ന നേരത്ത്‌ ഒരു മലയാളി ദൈവദൂതനേപ്പോലെ അവിടെ വന്നുചേരുകയാണു...

ഈ മദ്രാസി അളിയന്മാര്‍ക്കെന്താണു വേണ്ടതെന്നു ചോദിക്കാന്‍ കടക്കാരന്‍ പറഞ്ഞതനുസരിച്ച്‌ ദൈവദൂതന്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും...മാഫിയ ഓടിച്ചതൊഴികേയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.

ബിജു ചെറിയാന്‍ എന്ന ഒരു മലയാളിയെ പേര്‍സണലായി അറിയില്ലന്നും, സതീശന്‍ എന്ന തന്റെ ഒരു സുഹൃത്ത്‌ വസിക്കുന്നത്‌ എന്‍ 134 ലെ ഒരു മാളത്തിലാണെന്നും, അതുപോലെ അനേകം സതീശന്മാരും അനേകം മാളങ്ങളും ചേരുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പ്ലെക്സാണിതെന്നും ദൈവദൂതന്‍ പറഞ്ഞു.

അങ്ങോട്ടുള്ള പ്രവേശന കവാടം പുറകുവശത്തെ ഗലിയില്‍ നിന്നാണെന്നും, ഞാന്‍ കൊണ്ടുപോയി കാണിച്ചുതരാം എന്നും കൂട്ടിച്ചേര്‍ത്ത്‌ ആ നല്ല ദൈവദൂതന്‍ കടയില്‍നിന്നും ഒരു മാലയിടാന്‍ മാത്രം നീളത്തില്‍ പാന്‍പരാഗും രണ്ടുപായ്ക്കറ്റ്‌ സിഗര്‍റ്റും വാങ്ങി തിരിച്ചെത്തി.

ഞങ്ങള്‍ മൂന്നാളും കൂടി ബിജവിന്റെ മാളം അന്യേഷിച്ച്‌ വീടിന്റെ പിന്‍വശത്തെ ഇടുങ്ങിയ ഗലിയിലെത്തി. വീടിന്റെ വാതില്‍ പൂര്‍ണ്ണമായും മറച്ചുകൊണ്ട്‌ ഒരു കയറുകട്ടില്‍ നടവഴിയിലിട്ട്‌ അതില്‍ ഏകദേശം ഒരുക്വിന്റലോളം തൂക്കംവരുന്ന ഒരു തള്ളമ്മ കിടക്കുന്നു.

മക്കാ മാലിക്കത്തിയാ...എന്നു പതുക്കെ ഞങ്ങളോടുപറഞ്ഞ്‌ വളരെ ഭവ്യതയോടെ ദൈവദൂതന്‍ തള്ളമ്മയെ വണങ്ങിയിട്ട്‌ മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങിയതായിരുന്നു...

ഇടിവെട്ടുന്ന സ്വരത്തില്‍ തള്ളമ്മ അലറി..

"കാം..ജ്യാരേ...?"

പിന്നെ പൂരത്തിനു മാലപ്പടക്കം പൊട്ടുന്നതുപോലെ ഗ്രാമ ഭാഷയില്‍ ഒരലക്കായിരുന്നു...

ഇതിനിടയില്‍ ചാക്കൊച്ചായി ഒരു കണ്ടുപിടുത്തം നടത്തി എന്നോടു സ്വകാര്യമായി പറഞ്ഞു.."ഈ തള്ളയ്ക്കു ഹിന്ദി ഒരു ചുക്കുമറിയില്ല കേട്ടില്ലെ പറഞ്ഞത്‌...'കാംജ്യാരേന്ന്...' കഹാം ജാ രെഹാഹേ എന്നു വേണം ചോദിക്കാന്‍".

ഞാന്‍ ജീവിതത്തിലാദ്യമായിട്ട്‌...എന്നിലും പ്രായത്തില്‍മൂത്തവനും, അടുത്ത ബന്ദുവുമായ ചാക്കൊച്ചായിയെ എന്റെ കണ്ണുകള്‍ ഉരുട്ടാവുന്നതിന്റെ മാക്സിമം ഉരുട്ടി ഒരു നോട്ടം നോക്കിപ്പോയി...എന്നൊടു ക്ഷമിക്കുക..

തള്ളമ്മ പറയുന്നതിന്റെസാരം ദൈവദൂതന്‍ വിവരിച്ചതിങ്ങനെ...പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ താമസ്സിക്കുന്ന മാളങ്ങളില്‍ രാത്രി എട്ടുമണിക്കു ശേഷം സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

ലേഡീസ്‌ ഹോസ്റ്റലിനു ചുറ്റി നടക്കുന്ന പൂവാലന്മാരെ മേട്രന്‍ ആട്ടിപ്പായിക്കുന്നതുപോലെ ഞങ്ങളെ ആട്ടിയോടിക്കുകയാണു തള്ളമ്മ.

ആ സമയം ബോംബെയിലേയും ഡല്‍ഹിയിലേയും വാടക കെട്ടിട മാഫിയകളേപ്പറ്റി ചാക്കൊച്ചായി ചുരുക്കത്തില്‍ ഒന്നു വിവരിച്ചു...

ഒരുനിലയും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ മൂന്നും നാലും നിലകളിലെത്തിയത്‌ കേരളാ എക്സ്പ്രസ്സില്‍ ദിനംതോറും വന്നിറങ്ങുന്ന മലയാളികളെ ചൂഷണം ചെയ്താണെന്നും...ഇവര്‍ തീര്‍ത്ത മാളങ്ങളുപേക്ഷിച്ചു എല്ലാമലയാളികളും ഒരു ദിവസ്സം തിരിച്ചുപോയാല്‍ ഇവരെല്ലാം മൂക്കുകൊണ്ട്‌ "ങാ..ങേ...ഹാ...ഹും..."എന്ന് വരയ്ക്കുമെന്നും ചാക്കൊച്ചായി വിശ്വസിക്കുന്നു.

പക്ഷേ അക്ഷരാര്‍ത്ഥില്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍ മൂക്കുകൊണ്ട്‌ 'ക്ഷ' വരച്ചു നിന്നപ്പോളാണു ഭാഗ്യത്തിനു സതീശന്‍ നാലാംനിലയില്‍നിന്നൂം ഭൂമിയിലേക്കിറങ്ങിവന്നത്‌.

പെട്ടിയും പ്രമാണവുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ സതീശന്‍ ക്യാഹൂവാ എന്നമട്ടില്‍ ഞങ്ങളെ ഒന്നു നോക്കിയിട്ട്‌ ദൈവദൂതനോട്‌, ഞങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.

അല്‍പ സമയത്തിനു ശേഷം രണ്ടാളുംകൂടി ഞങ്ങളുടെ അടുത്ത്‌ വന്നു.

"നിങ്ങളുടെ കൂട്ടുകാരനെ പിടികിട്ടി..സതീശന്റെ സഹമുറിയനാ...സന്തോഷമായില്ലേ" എന്നു ദൈവദൂതന്‍ അരുളിചെയ്തപ്പോള്‍ എങ്ങിനെ ആമനുഷ്യനോടു നന്ദിപറയണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയായിരുന്നു...

പക്ഷേ സതീശന്‍ വല്യ ഗൗരവത്തിലാണെന്നു തോന്നി...

"ഹലോ..എന്റെ പേര്‍ സുന്ദരന്‍, ഇതെന്റെ അച്ചാച്ചന്‍ ചക്കോച്ചായി...നിങ്ങളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം" എന്നു വളരെ മര്യാദയോടെ പറഞ്ഞു ഷെയിക്‍ഹാന്റിനായി കൈനീട്ടിയ എന്റെമുമ്പില്‍, ദേഹത്തുതൊട്ടുള്ള കളിവേണ്ട എന്ന മട്ടില്‍ രണ്ടുകയ്യും കൂപ്പി ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റയ്‌ലില്‍ "നമസ്കാരം" എന്നുപറഞ്ഞൊഴിഞ്ഞു സതീശന്‍....അഹങ്കാരി...

"ഞാന്‍ ചപ്പാത്തിക്ക്‌ ആട്ട കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു...അല്‍പം വെള്ളംകൂടിപ്പോയി...കടയടക്കുന്നതിനുമുമ്പേ കുറച്ച്‌ ആട്ടകൂടി വങ്ങി കൊണ്ടുവന്നാലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പറ്റു...കൈകഴുകാതെ തിടുക്കത്തില്‍ ഓടുകയായിരുന്നു..."

എന്നു സതീശന്‍ പറഞ്ഞപ്പോള്‍ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ അഹങ്കാരിയെന്നു വിളിച്ചല്ലൊ എന്നോര്‍ത്തായിരുന്നു എനിക്കു സങ്കടം...സുന്ദരമായ എന്റെ കയ്യില്‍ ആട്ട പറ്റാതിരിക്കാനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍...

"ചേട്ടന്‍ എന്റെ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ കൂടെയാണല്ലേ താമസ്സിക്കുന്നത്‌..." എന്ന എന്റെ ചോദ്യത്തിനു

"അല്ല...ഞാന്‍ അവന്റെകൂടെയല്ല അവന്‍ എന്റെ കൂടെയാണു താമസം" എന്നായിരുന്നു സതീശന്റെ ഉത്തരം...

"ബിജു റൂമിലുണ്ടോ...ഞങ്ങള്‍ വരുന്ന കാര്യം പറഞ്ഞ്‌ അവനെഴുതിയിരുന്നു...റെയില്‍വേ സ്റ്റേഷനില്‍ കാണാതെ ഞങ്ങളൊന്നുപേടിച്ചു..ഇപ്പോളാണാശ്യാസമായത്‌..." എന്നു ഞാന്‍ പറഞ്ഞപ്പോള്

"‍ആശ്യസിക്കാന്‍ വരട്ടെ..ബിജു ഇവിടെയില്ല...ജോലിക്കുപോയിരിക്കുന്നു ....രാത്രിയില്‍ എപ്പോളാണു ജോലികഴിഞ്ഞ്‌ വരുന്നതെന്നു പറയാന്‍പറ്റില്ല..."എന്നായിരുന്നു സതീശന്റെ മറുപടി.

"നമ്മള്‍ക്ക്‌ റൂമിലേയ്ക്ക്‌ പോകാം..അവിടെയാകുമ്പോള്‍ ഇരുന്നു സംസാരിക്കാമല്ലോ...ബിജു വരുമ്പോള്‍ വരട്ടെ എന്നെകാണുമ്പോള്‍ അവന്‍ വണ്ടറടിക്കണം...പിന്നെ ഞാന്‍ ഇനി നിങ്ങളുടെ ഒപ്പം കൂടാനുള്ള തയ്യാറേടുപ്പിലാവന്നിരിക്കുന്നത്‌...ദേ...പെട്ടികണ്ടില്ലെ" എന്നുള്ള എന്റെ തീര്‍ത്തും ന്യായമായ അഭ്യര്‍ത്ഥനയെ മുഖവിലയ്ക്കുപോലുമെടുക്കാതെ സതീശന്‍ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.......

"പൊന്നു സുഹൃത്തേ ചതിക്കരുത്‌ നിങ്ങളുടെ കൂട്ടുകാരനെ കൂടെ താമസ്സിപ്പിച്ച്‌ ഞാന്‍ ആപ്പിലായിരിക്കുകയാ...

...ഇപ്പോള്‍ നിങ്ങളെ ഞാന്‍ റൂമിലോട്ടു വിളിച്ചാല്‍ ഒന്നിരിക്കാന്‍ പറയാന്‍ ഒരു ചെയര്‍പോലുമില്ല...
അല്ല ചെയറുവാങ്ങി ഇടാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല ആകെയുള്ള സ്ഥലത്ത്‌ എന്റെ കട്ടിലിട്ടിരിക്കുകയാ.... അതേലോട്ടാണു ഞാന്‍ ഇന്നത്തേക്കും നാളെരാവിലത്തേക്കുമുള്ള ചപ്പാത്തി പരത്തിവയ്ക്കാന്‍ പോകുന്നത്‌...
അല്ലങ്കില്‍ ആ കട്ടിലില്‍ കുറച്ചുനേരമെങ്കിലും നിങ്ങള്‍ക്കിരിക്കാമായിരുന്നു.... ബിജു വരുമ്പോള്‍ ബാക്കിയുള്ള സ്ഥലത്ത്‌ കിടക്കവിരിച്ച്‌ അവനും കിടക്കും...പിന്നെ ഒരു കൊതുകിനുപോലും മാന്യമര്യാദ്യ്ക്ക്‌ പറക്കാനുള്ള സ്ഥലം എന്റെ റൂമില്‍ഇല്ല ....

നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരുവഴിയെ കാണുന്നുള്ളു....

ഗോവിന്ദപുരിയിലുള്ള 'ഗോഷല്‍ ഡിസൈന്‍സ്‌ ആന്‍ഡ്‌ എക്സ്പോര്‍ട്ട്സ്‌' എന്ന സ്ഥാപനത്തില്‍ പൂഞ്ഞാറുകാരന്‍ ഒരു സജി പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്നുണ്ട്‌ അവിടെ ചെന്നു അയാളെ കണ്ടാല്‍ താമസത്തിനുള്ള സ്ഥലം അറെഞ്ച്‌ ചെയ്തു തന്നു സഹായിക്കും...

അവിടെയാണു നിങ്ങളുടെ പ്രിയ സുഹ്രുത്ത്‌ ബിജു ജോലിചെയ്തുകൊണ്ടിരിക്കുന്നത്‌..."


സതീശനോടും കൂട്ടുകാരനോടും നന്ദിപറഞ്ഞു രാജാവിന്റെ പൂന്തോട്ടത്തില്‍നിന്നും ഗോവിന്ദന്റെപുരിയിലേയ്ക്ക്‌ ഒരു ഓട്ടോയില്‍ ഞങ്ങള്‍ യാത്രതിരിച്ചു...

ഞാന്‍ ബിജുവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായതുകൊണ്ട്‌ അവന്റെ കമ്പനിവക ഗെസ്റ്റ്‌ ഹൗസില്‍ ഞങ്ങള്‍ക്കു താമസസൗകര്യം ഒരുക്കിത്തരുമായിരിക്കും ...

ഗോവിന്ദപുരി കണ്ടപ്പോള്‍, രാജാ ഗാര്‍ഡനു ആ പേരിട്ടിരിക്കുന്നതില്‍ ഒരുതെറ്റും പറയാനില്ലെന്നു ബോദ്യമായി...

നമ്മുടെ കോതമംഗലത്തിനടുത്തുള്ള പോത്താനിക്കാട്‌ എന്ന സ്ഥലപ്പേരാണു ഗോവിന്ദപുരിക്ക്‌ കുറച്ചുകൂടി നന്നായ്‌ ഇണങ്ങുന്നത്‌. പോത്തുകള്‍ പലപ്രാവശ്യം ഞങ്ങളുടെ ഓട്ടോ തടഞ്ഞിടുകയുണ്ടായി.

ഗോയല്‍ എക്സ്പോര്‍ട്ടിങ്ങ്‌ കമ്പനിയുടെ കാര്യം പറഞ്ഞാല്‍, ഞങ്ങള്‍ കരുതിയപോലെ കറങ്ങുന്ന കസേരയിലിരിക്കുന്ന ബോസുമാരോ മിനിസ്കേര്‍ട്ടിട്ട്‌ ഓടിനടക്കുന്ന വനിതാ സെക്രട്ടറിമാരോ ഒന്നുമില്ലത്ത ഒരു സ്ഥാപനം

തറ എന്നു പറയാന്‍ പറ്റില്ല...
അതിലും താഴെ.....
ബേസ്‌മന്റ്‌...

ബേസ്‌മെന്റിലേക്കുള്ള പടികളിറങ്ങിചെന്ന ഞങ്ങള്‍ക്ക്‌, കോട്ടയം അയ്യപ്പാസില്‍ കയറിയാലുണ്ടാകുന്ന ഫീലിങ്ങാണുണ്ടായത്‌. അതിവിശാലമായ ഷോറൂം...

വലിയ ഹാളിന്റെ മുക്കിലും മൂലയിലും കുന്നുകൂടിക്കിടക്കുന്ന തുണിക്കെട്ടുകള്‍, വിദേശയാത്രയ്ക്കൊരുങ്ങുന്ന വിവിധതരം വസ്ത്രങ്ങള്‍

പാരഗണ്‍ ചെരുപ്പിന്റെയത്ര കനമുള്ള സുക്കാ റൊട്ടി പച്ചമുളകും, സബോള വട്ടത്തിലരിഞ്ഞതും കൂട്ടി കറുമുറെ തിന്നുന്ന ബീഹാറീ ജെനറല്‍ മാനേജരുടെ അടുത്തിരിരുന്നു ബിസിനസ്സ്‌ തന്ത്രങ്ങള്‍ മെനയുന്നു പ്രൊഡക്ഷന്‍ മാനേജര്‍ പൂഞ്ഞാര്‍ സജി...

ഒരുവശത്തായി മലപോലെ കൂട്ടിയിട്ടിരിക്കുന്ന എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കളസങ്ങള്‍ക്കു ദ്രുദഗതിയില്‍ വള്ളികോര്‍ത്ത്‌ തള്ളുന്ന ചുറുചുറുക്കുള്ള കുറേയേറെ ചെറുപ്പക്കാര്‍....

അവരുടെഇടയില്‍ ഞാന്‍ ഇത്രയും നേരം തേടിയലഞ്ഞവനും...പ്രലോഭനപരമായ ഒരു കത്തയച്ച്‌ എന്നെ ഡല്‍ഹിയിലോളം വരുത്തിച്ചവനുമായ എന്റെ പ്രിയപ്പെട്ടവന്‍..സാക്ഷാല്‍ ബിജു ചെറിയാന്‍...
പല വര്‍ണ്ണങ്ങളില്‍ പലപല തരങ്ങളില്‍ പട്ടിലും, ലിനനിലും, കോട്ടനിലുമുള്ള കളസങ്ങള്‍ വള്ളികോര്‍ത്ത്‌ തള്ളുകയാണവന്‍....

ഇവിടെ കളറുകള്‍ക്കൊറു പഞ്ഞവുമില്ലന്നു പറഞ്ഞത്‌ എത്രശരി!!!...
മാസ്സം അയ്യായിരം തടയുമെന്നുപറഞ്ഞതും ശരി...മലപോലെയല്ലെ കൂട്ടിയിട്ടിരിക്കുന്നത്‌!

എന്നാലും എന്റെ സുഹൃത്തേ ...പോറ്റിഹോട്ടലില്‍നിന്നും നിനക്കു ഞാനെത്ര ഊണുവാങ്ങി തന്നിട്ടുള്ളതാ....
അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം........

Thursday, 15 February, 2007

ഡല്‍ഹി മാഫിയ

പ്രിയപ്പെട്ട സുന്ദര,

നീ എന്നെ മറന്നിട്ടില്ലന്നു കരുതുന്നു, ഞാന്‍ എന്നും നിന്റെ കാര്യം ഓര്‍ക്കും എന്തു രസ്സമായിരുന്നു നമ്മുടെ കോളേജ്‌ലൈഫ്‌.

നമ്മുടെ കൂട്ടുകാരെ ആരെക്കണ്ടാലും നീ എന്റെ അന്വേഷണം അറിയിക്കണം.

പിന്നെ...നീ ഇപ്പോള്‍ എന്തുചെയ്യുന്നു, കോപ്പ്രേറ്റീവ്‌ സൊസൈറ്റിയില്‍ പറഞ്ഞ ജോലി ശരിയായോ?

ഞാനിപ്പോള്‍ തലസ്ഥാനത്താണു സുഹൃത്തെ...ഇവിടെ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോഗ്രാമിംഗ്‌ പഠിക്കുന്നു ഒപ്പം പാര്‍ട്ട്‌ ടൈം ജോലിയും ചെയ്യുന്നു. മാസ്സം ഒരയ്യായിരമെങ്കിലും തടയും. പിന്നെ ഇവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ലിഷ്ട..ജീവിതം സുഖം.

ഇനിയെല്ലാം അടുത്ത കത്തില്‍. അവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു. നീ മറുപടി അയക്കുമല്ലോ,

എന്നു നിന്റെ കൂട്ടുകാരന്‍,

ബിജു ചെറിയാന്
‍എന്‍-134
രാജാ ഗാര്‍ഡന്
‍ന്യൂഡല്‍ഹി

ബി.കോം പഠനത്തിനു ശേഷം വെറുതെ കോക്കൊയുടെ ചുവടുകിളച്ചു നടന്ന ഞാന്‍ എന്റെ പ്രിയ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ അപ്രതീക്ഷിതമായ്‌ കത്ത്‌ എത്ര ആവൃത്തി വായിച്ചു എന്നു എനിക്കുതന്നെ അറിയില്ല...

സ്നേഹമുള്ളവനാണു ബിജു... ഒരു നല്ലകാലം വന്നപ്പോള്‍ ആദ്യം എന്നെ ഓര്‍ത്തല്ലൊ.

പോറ്റിഹോട്ടലില്‍ നിന്നും ഞാന്‍ എത്ര വട്ടം അവനു ഊണുവാങ്ങി കൊടുത്തിട്ടുള്ളതാ... അടിമാലി മാതായില്‍ എത്രയോ മാറ്റിനികള്‍ എന്റെ ചെലവില്‍ കണ്ടിട്ടുള്ളവനാ... ഒന്നും മറന്നിട്ടില്ല നന്ദിയുള്ളവനാ...ആദ്യം എനിക്കുതന്നെ കത്തെഴുതിയില്ലെ..


ഗള്‍ഫില്‍നിന്നും കൊച്ചേട്ടന്റെ കത്ത്‌വരുമ്പോള്‍ ചേടത്തിയമ്മ കച്ചിത്തുറുവിന്റേം മറപ്പുരയുടെം മറവില്‍ നിന്നു പല ആവൃത്തി ആ കത്തു വായിക്കുകയും നെടുവീര്‍പ്പിടുകയും കുറെക്കഴിഞ്ഞ്‌ പിന്നേം വായിക്കുകയും പിന്നേം നെടുവീര്‍പ്പിടുകയും ചെയ്യുന്നതു മനസ്സിലാക്കാം...പക്ഷേ എനിക്കിതെന്തു സംഭവിച്ചു എന്നു ന്യായമായൊരു സംശയം എന്റെ അമ്മയ്ക്കുണ്ടായതില്‍ തെറ്റുപറയാനൊക്കില്ല.

അമ്മ ഒരു പട്ടാളക്കാരന്റെ മകളായതിനാലാണൊ എന്തൊ ചില പട്ടാള ചിട്ടകളും രഹസ്യാന്വേഷണങ്ങളും വീട്ടില്‍ പതിവായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി, ഇളയ പുത്രന്റെ കയ്യില്‍ എന്തോ അത്ര പന്തിയല്ലാത്ത ഒരു കത്ത്‌ വന്നുപെട്ടിട്ടുണ്ട്‌ എന്ന തെറ്റിദ്ധാരണയുടെ പുറത്ത്‌, അമ്മ എന്റെ പ്രിയ സുഹൃത്ത്‌ ബിജു ചെറിയാന്‍ എനിക്കയച്ച്‌ ലവ്‌ ലെറ്റര്‍ തട്ടിയെടുത്തു.

മറ്റുള്ളവര്‍ക്കുവരുന്ന കത്തുകള്‍ അവരുടെ അനുവാദമില്ലാതെ വായിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയവനോട്‌ 'പോടാ പുല്ലേ' എന്നു പറഞ്ഞുകൊണ്ട്‌ കണ്ണാടിയെടുത്തുവച്ച്‌ അമ്മ രണ്ടാവൃത്തി ആ കത്ത്‌ വായിച്ചു.

എന്റെ സുഹൃത്ത്‌ ബിജുവിനോടുള്ള സ്നേഹം കൊണ്ടോ സിമ്പതികൊണ്ടോ ഒന്നുമല്ല അമ്മ കത്ത്‌ അരിച്ചു പെറുക്കുന്നത്‌ ...അതില്‍ എന്തെങ്കിലും കൊളുത്തുകളുണ്ടെങ്കില്‍ കണ്ടുപിടിച്ചിട്ട്‌ എന്നെ ചോദ്യം ചെയ്യാനാണു.

വി. മത്തായി സ്ലീഹ എനിക്ക്‌ പ്രൈവറ്റായി ഒരു സുവിശേഷം എഴുതി അയച്ചാലും എന്റെ അമ്മ കണ്ണാടിവച്ചു മനസ്സിരുത്തി രണ്ടാവര്‍ത്തി വായിച്ചാല്‍ അതിലും ചില കൊളുത്തുകള്‍ കണ്ടുപിടിക്കും.
പിന്നെയാ ബിജു ചെറിയാന്‍...

"എടാ...അവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ല അല്ലേ ...ഇതിലെന്തോ ഗൂഡാര്‍ത്ഥമുണ്ടല്ലോ..."
അമ്മ മര്‍മ്മസ്ഥാനത്ത്‌ തന്നെ പിടിച്ചു...

എടീ റോസിയേ...ഈ 'കളര്‍' എന്നുവച്ചാല്‍ എന്താടീ? അമ്മ ചേച്ചിയുടെ സഹായം തേടി.

ചരക്ക്‌, പീസ്‌, ലയിന്‍ തുടങ്ങിയ പഴയ പദങ്ങളു മാത്രമേ ചേച്ചിയുടെ വൊക്കാബുലറീല്‍ ഉണ്ടായിരുന്നൊള്ളു...മുഴുവനും പഠിച്ച്‌ പാസ്സാകുന്നതിനുമുമ്പേ പിടിച്ച്‌ കെട്ടിച്ചതിന്റെ ദോഷം!!

"അമ്മെ ഡെല്‍ഹിയിലെ കളറുകള്‍ എന്നു പറഞ്ഞാല്‍ ഹോളിയായിരിക്കും ഉദ്ധ്യേശിച്ചിരിക്കുന്നത്‌... നിറങ്ങളുടെ ഉത്സവമല്ലേ ഹോളി." അമ്മായിയമ്മേം മരുമോളും അങ്ങിനെ ഒരു തീരുമാനത്തിലെത്തിയാല്‍ എനിക്കു കൊള്ളാം...

"ശരിയാണമ്മെ...ഹോളിതന്നെയാ ....ഇന്നാളുനമ്മള്‍ ടെലിവിഷനില്‍ കണ്ടില്ലേ ഡല്‍ഹിയില്‍ ആളുകള്‍ കളറടിച്ചു കളിക്കണത്‌...അതുതന്നെ ഈ കളര്‍" എന്നു പറഞ്ഞു ഞാന്‍ സ്ഥലം കാലിയാക്കാന്‍ നോക്കിയ നേരത്ത്‌ അമ്മ പറഞ്ഞു ..

"എന്നാലും എനിക്കത്ര വിശ്യാസമായിട്ടില്ല"

"അതു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടെലിവിഷനില്‍ കാണുന്നതു കൊണ്ടാണ്‍...കളറു കലക്കിയാലും കരി കലക്കിയാലും ഒരുപോലിരിക്കും...എത്ര നാളായി പറയുന്നു ഒരു കളര്‍ ടെലിവിഷന്‍ വാങ്ങാന്‍..." ചേചി പറഞ്ഞത്‌ സീരിയസ്സായിട്ടായിരുന്നു.

"എടീ ..എനിക്കു വിശ്യാസമാകാത്തത്‌ ടെലിവിഷനെയല്ല...ഇവന്റെ കൂട്ടുകാരനെയാ"
എന്നെ ചൂണ്ടി അമ്മ പറഞ്ഞപ്പോള്‍, എത്രയും പെട്ടെന്ന് ഈ നാട്ടില്‍ നിന്നും രക്ഷപെടുന്നതെങ്ങനേ എന്നാണു ഞാന്‍ ചിന്തിച്ചത്‌, അല്ലെങ്കില്‍ ബിജുചെറിയാന്റെ അടുത്തകത്തില്‍ കളറുകളുടെ പടം വരച്ചു ഭാഗങ്ങളടയാളപ്പെടുത്തിയതോ, കളറുകളെക്കുറിച്ചുള്ള ഉപന്ന്യാസമോ വന്നാല്‍ അമ്മയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരും.

ഒരു പ്രവാസ ജീവിതത്തിനുള്ള പ്ലാനോ തയ്യാറെടുപ്പുകളോ അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. ബിജുവിന്റെ പുതിയ സെറ്റപ്പും പ്രതാപവും നാട്ടുകവല വിടാനുള്ള ഒരു പ്രചോതനമായിത്തീരുകയായിരുന്നു.

ഒരുള്‍വിളി...'ചലോ ചലോ ഡല്‍ഹി' എന്നാരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നപോലെ... ഇനി ആലോചിക്കാനില്ല പോവുക തന്നെ...

ഡല്‍ഹി യാത്രക്കുവെണ്ടി വിസ സ്റ്റാമ്പുചെയ്യാന്‍ ഞാന്‍ സമര്‍പ്പിച്ച അപേക്ഷ അപ്പച്ചന്‍ നിര്‍ദാഷീണ്യം തള്ളിക്കളഞ്ഞു...

"അറിയോം കേക്കോം ഇല്ലാത്ത നാട്‌...എവിടെ താമസ്സിയ്ക്കും, എന്തു കഴിക്കും ആരുണ്ട്‌ സഹായിക്കാന്‍" ഇതെല്ലാമായിരുന്നു അപേക്ഷ തള്ളിയതിന്റെ കാരണമായി അമ്പാസിഡര്‍ പറഞ്ഞത്‌.

എല്ലാത്തിനും ചേര്‍ത്ത്‌ എനിക്കൊറ്റ ഉത്തരമേ പറയാനുണ്ടായിരുന്നൊള്ളു...'ബിജു ചെറിയാന്‍'
ഞാന്‍ ബിജു ചെറിയാന്റെ വീട്ടില്‍ താമസ്സിക്കും,
ഞാന്‍ ബിജു ചെറിയാന്റെ കൂടെ ആഹാരം കഴിക്കും,
ഞാന്‍ ബിജു ചെറിയാനാല്‍ സഹായിക്കപ്പെടും...

എന്നിലും ഉയരം കുറഞ്ഞവന്‍,സൗന്ദര്യം കുറഞ്ഞവന്‍, ബുദ്ധി കുറഞ്ഞവന്‍...എന്നിട്ടുംഅവന്‍ കമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പഠിക്കുന്നു..ഞാന്‍ തൊഴുത്തില്‍ ചാണകം വടിക്കുന്നു...അവന്‍ മാസ്സം അയ്യായിരം രൂപയ്ക്കു പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു ഞാന്‍ അഞ്ചു പൈസ പോലും കിട്ടതെ ഫുള്‍ടൈം ജോലി ചെയ്യുന്നു...അവന്‍ രാജാ ഗാര്‍ഡനില്‍ താമസിക്കുന്നു ഞാന്‍ രാജാക്കാട്ടില്‍ താമസ്സിക്കുന്നു...

വളരെ നാളത്തെ നിരാഹാരത്തിനും (നിശാഹാരത്തൊടുകൂടിയത്‌) പണിമുടക്ക്‌, ഹര്‍ത്താല്‍ ബന്ത്‌ തുടങ്ങിയ സമര മുറകള്‍ക്കും ഒടുവില്‍ എനിക്കു ഡല്‍ഹിക്കു പോകാനുള്ള വിസ അപ്പച്ചന്‍ അടിച്ചുതന്നു.

"ആദ്യമായി ദീര്‍ഘയാത്ര ചെയ്യുന്നതല്ലേ... ചാക്കോച്ചായീനേം കൂട്ടിപോയാല്‍ മതി..അവനാകുമ്പം രണ്ടു പ്രാവശ്യം ബോംബേയ്ക്ക്‌ പോയിട്ടുള്ള പരിചയം ഉണ്ടല്ലോ..പോരാത്തതിനു ഹിന്ദീം വശമുണ്ട്‌" എന്നമ്മ പറഞ്ഞു..

ചാക്കോച്ചായി ഞങ്ങളുടെ ഒരു അടുത്ത ബന്ദുവാണു, ഒറിജിനല്‍ പേര്‍ ജേക്കബ്‌. ആവശ്യമുണ്ടായിട്ടല്ല...എങ്കിലും ഇരിക്കട്ടെ ഒരു ജേക്കബ്‌ കൂടെ, ഇനി അതിന്റെ പേരില്‍ അടിച്ച വിസ ക്യാന്‍സലാക്കിക്കളയേണ്ട.

മുന്നൂറ്റിതൊണ്ണൂറ്റിയഞ്ചു രൂപ വീതം മുടക്കി കേരളാ എക്സ്‌പ്രസ്സിന്റെ സെക്കന്റ്‌ ക്ലാസ്സ്‌ സ്ലീപ്പര്‍ കോച്ചില്‍ ന്യൂഡല്‍ഹിവരെ ചെന്നെത്താനുമ്മാത്രം പോന്ന രണ്ടു ടിക്കറ്റുകള്‍ എടുത്ത്‌ കീശയിലിട്ട്‌ യാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു.

ബിജുവിനു, യാത്ര തുടങ്ങുന്ന ദിവസ്സം ട്രെയിന്‍ അവിടെ എത്തുന്ന ദിവസ്സം സമയം കോച്ച്‌ നമ്പര്‍ സീറ്റ്‌ നമ്പര്‍ ഇതെല്ലാം കാണിച്ച്‌ ഒരു നീണ്ട കത്ത്‌ അഡ്വാന്‍സായി പൂശി.

ഞാന്‍ ബിജുവിനിഷ്ടമുള്ള ഉണക്കക്കപ്പ, ഉണക്ക മീന്‍, അച്ചാറുകള്‍, അവുലോസുണ്ടാ, നേന്ത്രയ്ക്കാ ഉപ്പേരി അങ്ങിനെ കണസാ കുണസാ സാധനങ്ങള്‍ പെട്ടിയില്‍ അടുക്കുമ്പോള്‍, ചാക്കോച്ചായി യാത്രക്കായി ഒരു ഷര്‍ട്ടും, ആ ഷര്‍ട്ടിനകത്തിടാനൊരു ബനിയനും ആ ബനിയനകത്ത്‌ സ്പെഷ്യലായി ഒരു പോക്കറ്റും ആ പോക്കറ്റിലിടാന്‍ നിറയെ കാശും എന്റെ അപ്പച്ചന്‍ വഴിയായി സങ്കടിപ്പിച്ചു.

ഞാന്‍ ഡെല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതില്‍ എന്റെ അമ്മൂമ്മ ഒത്തിരി സങ്കടപ്പെട്ടു. ഞങ്ങളുതമ്മിലുള്ള ഇരിപ്പ്‌ അങ്ങനെയായിരുന്നു. പോകുന്നതിന്റെ തലേന്നു എന്റെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു..

"എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും".

എന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നതുകൊണ്ട്‌ സീറ്റുകളില്‍ എല്ലാം നിറയെ ആളുകളുണ്ടായിരുന്നു. വണ്ടിയില്‍ കയറിയപ്പോള്‍മുതല്‍ ചാക്കോച്ചായി ഉപദേശങ്ങള്‍ ആരംഭിച്ചു.
ട്രെയിന്‍ യാത്രയില്‍ സൂക്ഷിക്കെണ്ട കാര്യങ്ങള്‍. റയില്‍വേ സ്റ്റേഷനിലും ട്രെയിനിനുള്ളിലും ഉള്ള ചെറിയ പിടിച്ചുപറിക്കാര്‍ തുടങ്ങി വലിയ മോഷണ മാഫിയകളെക്കുറിച്ചുവരെ ഇഷ്ടന്‍ വായ്തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

കേരളം മുതല്‍ ഡെല്‍ഹി വരേയും നീളുന്ന അവരുടെ നെറ്റ്വര്‍ക്ക്‌, ഉദാഹരണത്തിനു ഒരു യാത്രക്കാരന്റെ കയ്യില്‍ പണമോ വിലപിടിപ്പുള്ള മേറ്റ്‌ന്തങ്കിലുമോ ഉണ്ടെന്നു ഒരു കുഞ്ഞുമാഫിയക്കു തോന്നിയാല്‍മതി ആ യാത്രയിലുടനീളമുള്ള മാഫിയാ ചെയിനെ മൊത്തത്തില്‍ വിവരമറിയിക്കും. യാത്രയിലെവിടെയെങ്കിലും വച്ചു ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ കൊള്ള നടത്തുകയും ചെയ്യും....

പാലക്കാടു കഴിങ്ങപ്പോള്‍ സത്യമായിട്ടും ഞാന്‍ മയങ്ങിപ്പോയി...പിന്നെ സേലത്തു ചെന്നപ്പോളാണെന്നുതോന്നുന്നു ഞാനുണര്‍ന്നത്‌, അപ്പോളും ചാക്കോച്ചായി സംസാരിച്ചുകോണ്ടേയിരിക്കുന്നു...

"ഇപ്പോള്‍ മനസ്സിലായോ ഇത്രയും പോക്കറ്റുകള്‍ വെളിയിലുള്ളപ്പോള്‍ ഞാനെന്തിനാ ബനിയത്തിന്റെ അകത്ത്‌ ഒരു പോക്കറ്റ്‌ ഉണ്ടാക്കിച്ചതെന്ന്?"

"മനസ്സിലായി..കേരളം തുടങ്ങി ഡല്‍ഹി വരെയുള്ള ചെറുതും വലുതുമായ സകലമാന മാഫിയകളേം പറ്റിക്കാനായിട്ട്‌" ഈ ചാക്കോച്ചായീടെ ഒരു ബുദ്ധിയേ...ഇഷ്ട്ടന്‍ ഞങ്ങളുടെ കവലയിലൊന്നും ജനിക്കേണ്ട ആളല്ലന്നു എനിക്കു പിന്നേം തോന്നി.

അവസാനം ഡല്‍ഹിയിലെത്തി...ഭാഗ്യത്തിനു വണ്ടി കൃത്യസമയത്തു തന്നെ എത്തിച്ചേര്‍ന്നു.
അല്ലെങ്കില്‍ ബിജു കാത്തിരുന്നു വിഷമിച്ചെനെ...

കാത്തിരുന്നു വിഷമിച്ചു...
ഞങ്ങള്‍...ബിജുവിനെ...

ഏകദേശം രണ്ടുമണിക്കൂറുനേരം അവിടെ നോക്കി നിന്നിട്ടും അവന്‍ വന്നില്ല. ഇവനു കോള്ളേജില്‍പഠിക്കുന്ന കാലത്ത്‌ പോറ്റിഹോട്ടലില്‍നിന്നും....
അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല.

ചാക്കോച്ചായി നെര്‍വ്വസ്സാകാനും കുത്തുവാക്കുകള്‍ (എന്നെം എന്റെ ഫ്രണ്ടിനേം)പറയാനും തുടങ്ങി. പുള്ളിക്കാരനേം പറഞ്ഞിട്ടു കാര്യമില്ല അപരിചിതമായ സ്ഥലത്ത്‌ അതും മാഫിയകള്‍ ഒത്തിരിയുള്ള അസ്സമയത്ത്‌, ഒരു കങ്കാരു തന്റെ കുഞ്ഞിനെ എന്നപോലെ മാറത്തെ രഹസ്യ സ്ഞ്ചിയില്‍ ആയിരക്കണക്കുനു രൂപയും വച്ചുകൊണ്ട്‌ നില്‍ക്കുന്നതിലെ റിസ്ക്‌ പുള്ളിക്കു നന്നായിട്ടറിയാം.

ബിജുവിനു തിരക്കുണ്ടാവും...കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ കട്ട്ചൈത്‌ വരാന്‍ അത്ര എളുപ്പമായിരിക്കില്ല അല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് അവധികിട്ടിക്കാണില്ല...ചിലപ്പോള്‍ എന്റെ എഴുത്ത്‌ മിസ്സായിട്ടുണ്ടാകുമോ? ഇന്ത്യയില്‍ അങ്ങിനേം സംഭവിക്കാമല്ലോ...ഏതായാലും അവന്റെ താമസ്സ സ്ഥലം തേടിപ്പിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ബോംബേ എക്സ്‌പീരിയെന്‍സും ഹിന്ദി ഭൂഷനും കൈമുതലായുള്ള ചാക്കോച്ചായി കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ഭയപ്പെടണം.

സ്റ്റേഷനു പുറത്തിറങ്ങിയപ്പോള്‍ നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു...ഉച്ച്യ്ക്കു ട്രെയിനിലേ ആഹാരം വാങ്ങി കഴിക്കാതിരുന്നത്‌ മനപ്പൂര്‍വമാണു. കാരണം ബിജുവിന്റെ വീട്ടില്‍ എനിക്കായി വളരെ ഹെവിയായിത്തന്നെ സദ്യ ഒരുക്കിയിട്ടുണ്ടാവും...ഞാന്‍ ശരിക്കും കഴിച്ചില്ലങ്കില്‍ തീര്‍ച്ചയായും അവനു വിഷമമാവും...(പോറ്റി ഹോട്ടലില്‍നിന്നും ഞാന്‍ അവനു ഒരുപാട്‌ ഊനുവാങ്ങിക്കൊടുത്തിട്ടുള്ളതല്ലെ...)

വഴിവക്കിലിരുന്നൊരു പഴക്കച്ചവടക്കാരന്‍ "സേവ്‌..സേവ്‌.." എന്നുറക്കെ എന്നെ നോക്കി വിളിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു അയാളെന്തോ അപകടത്തില്‍പെട്ടിട്ട്‌ എന്നോടു സഹായം ചോദിക്കുകയാണെന്ന്.

നല്ല ഫ്രെഷ്‌ കാഷ്മീരി ആപ്പിള്‍ കണ്ടപ്പോള്‍ ചാക്കോച്ചായിക്കു വിശപ്പു വര്‍ദ്ധിച്ചു (എനിക്കും)കച്ചവടക്കാരന്റെ അരികില്‍ചെന്നു മുഴുത്ത ഒരാപ്പിളില്‍ ചൂണ്ടിക്കൊണ്ട്‌ ചാക്കൊച്ചായി ഹിന്ദി പറയാനാരംഭിച്ചു

"ദോ ദേദീജിയെ"

ചാക്കോച്ചായീടെ ഹിന്ദി കേട്ടിട്ട്‌ അസൂയകൊണ്ടാണോ എന്നറിയില്ല ആ ജാട്ട്‌ കച്ചവടക്കാരന്‍ ഞങ്ങളെ രണ്ടാളേം കുറേനേരം തറപ്പിച്ചു നോക്കി.....എന്നിട്ടു രണ്ടാപ്പിളെടുത്ത്‌ തൂക്കം നോക്കി അഞ്ചു രൂപ കൊടുക്കാന്‍ പറഞ്ഞുകൊണ്ടു ചാക്കോച്ചായിയുടെ കയ്യില്‍ കൊടുത്തു.

ഇവനെ കണ്ടാല്‍ ഒരു മാഫിയ ലുക്കുണ്ടല്ലോ എന്നടക്കം പറഞ്ഞാണു ചാക്കോച്ചായി അഞ്ചുരൂപ കച്ചവടക്കാരനു കൊടുത്തത്‌.

അടുത്ത്‌ നിമിഷം എന്താണു നടക്കുന്നത്‌ എന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനുമുമ്പെ ഭീമാകാരനായ ആ കച്ചവടക്കാരന്‍ ഒരു കത്തിയെടുത്ത്‌ ഞങ്ങളുടെ നേരെ വീശിക്കൊണ്ടു.....
"ചാക്കൂ ചായിയേ" എന്നു പറഞ്ഞതും.......

ഓടിക്കോടാ സുന്ദരാാ...എന്നും പറഞ്ഞു ചാക്കോച്ചായിയും പുറകെ ഞാനും പ്രാണനും കൊണ്ടോടിയതും മാത്രമെ ഓര്‍മ്മയുള്ളു.....

ഭാഗ്യത്തിനു ഒരു ടാക്സി കാര്‍ എതിരെ വന്നതിനെ ബുദ്ധിപൂര്‍വ്വം കൈകാണിച്ചു നിര്‍ത്തി ചാക്കൊച്ചായിരും പുറകെ ഞാനും അതില്‍കയറിപ്പറ്റിയപ്പോളാണു ശ്വാസം നേരെവീണത്‌.

"ഇപ്പോള്‍ ഞാന്‍ പറഞ്ഞത്‌ നിനക്കു വിശ്വാസമായിക്കാണുമല്ലോ ഇല്ലെ?" ചാക്കോച്ചായി ചോദിച്ചു...

"മാഫിയ ശരിക്കും നമ്മുടെ പുറകേയുണ്ട്‌...നമ്മുടെ സകല ഡീറ്റയില്‍സും അവമ്മാര്‍ക്കു കിട്ടിക്കഴിഞ്ഞു....കേട്ടില്ലെ അവന്‍ കത്തിയെടുത്തപ്പോള്‍ എന്റെ പേരു വിളിച്ചത്‌......ചാക്കൂച്ചായിയേന്ന്!!! "

....ഓ...ഈ മാഫിയകളുടെ ഒരു കാര്യമേ.....

___________________________________
ഡല്‍ഹി മാഫിയ (തുടരും)

Wednesday, 24 January, 2007

മുള്ളന്‍പന്നി

ഓമനേടത്തി സ്വന്തം മക്കളേക്കാളും കാര്യമായി വളര്‍ത്തി കൊണ്ടുവന്ന തന്റെ വളപ്പിലെ കപ്പ ചേന ചേംബ്‌ കാച്ചില്‍ മുതലായ കിഴങ്ങു വര്‍ഗത്തില്‍ പെട്ട എല്ലാ വിളകളും ഒരു സുപ്രഭാതത്തില്‍ ആരോ മാന്തിയതായി കണ്ടു. മുട്ടത്തോട്ടിലെ ആന്റപ്പന്‍ വന്നു കപ്പത്തോട്ടത്തില്‍ നടത്തിയ ഗെവേഷണത്തിന്റെ ഫലമായി മുള്ളന്‍പന്നി എന്ന ജീവിയുടെ ചില പീലികള്‍ കണ്ടുപിടിക്കയും കൃഷിക്കു നാശം വരുത്തിയതു മുള്ളന്‍പന്നി തന്നേ എന്നു സ്ഥിരീകരിക്കുകയും ചെയ്തു.

തന്റെ ഭര്‍ത്താവിന്റെ അകന്ന ബെന്തത്തില്‍പ്പെട്ട സുന്ദരനും വെള്ള എന്ന വട്ടപ്പേരില്‍ വിളിക്കപ്പെടുന്നവനുമായ സുരേന്ദ്രനു "മുള്ളന്‍പന്നി ഈസ്‌ സീരിയസ്‌ സ്റ്റാര്‍ട്ട്‌ ഇമ്മിടിയറ്റ്‌ലീ" എന്ന അടിയന്തിര സന്ദേസം അയക്കാന്‍ ഓമനെടത്തിക്കു രണ്ടാമതൊന്നു ചിന്തിക്കെണ്ട കാര്യമുണ്ടായില്ല.

പനചെത്ത്‌ തൊഴിലായി സ്വീകരിച്ചിരുന്നവന്‍ സുരേന്ദ്രന്‍ ഒരു ദിവസം പനയില്‍ നിന്നും 10 ലിറ്റര്‍ കള്ളുമായി മണ്ണിലോട്ടു പറന്നിറങ്ങിയവന്‍... ഭൂഗുരുദ്ധ ബെലമുണ്ടങ്കില്‍ വെറും ആപ്പിള്‍ മാത്രമല്ല ആളും താഴെപ്പോരും എന്നും, തറയില്‍ വന്നു മൂടിടിച്ചുവീണാല് ‍നട്ടെല്ലിനു പരിക്കുപറ്റുമെന്നും സ്വന്തം അനുഭവത്തിലൂടെ മാലോകര്‍ക്കു കാണിച്ചുകൊടുത്തവനും ഈ സുരേന്ദ്രനല്ലാതെ മറ്റാരുമായിരുന്നില്ല.

ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നതിനിടയിലാണ്‍സുരേന്ദ്രനു ഓമനേട്ടത്തിയുടെ അടിയന്തിര സന്ദേശം ലഭിച്ചത്‌. വൈദ്യരുടെ വിലക്കുകളെ പോലും വകവെയ്ക്കാതെ ഈ വേട്ടക്കാരന്‍ മുള്ളന്‍പന്നിയെ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണു.

അയാള്‍ ഞങ്ങളുടെ നാട്ടില്‍ വന്നിറങ്ങിയതെങ്ങിനെ എന്നതു ഇന്നും നാട്ടുകാരുടെ ഇടയിലൊരു തര്‍ക്ക വിഷയമാണു. മുട്ടത്തോടന്റെ പാടവും തോടും ചാടിക്കടന്നാണെന്നു ചിലര്‍ പറയും..‍ അല്ല മുതിരപ്പുഴ നീന്തിക്കടന്നാനെന്നു വേറെചിലര്‍...മറ്റുചിലരാകട്ടെ പൊടിപ്പും തൊങ്ങലും ഒക്കെ ഫിറ്റുചെയ്തു ഒരു പട്ടിയുടെ പുറത്തുകയറി ...തോക്കുംകടിച്ചുപിടിച്ചു...പുഴനീന്തി...മൃഗയ സ്റ്റയിലില്‍ എന്നു പറയുന്നു...

ഏതായാലും ഒരുകാര്യം ശരിയാണു നേരായവഴിക്കു നടന്നല്ല വന്നത്‌ . കാരണം ഞങ്ങളുടെ നാട്ടിലെ എല്ലാ കപില്‍ദേവന്മാരും അന്നു പഞ്ചായത്തു വഴിയില്‍ മടക്കില ബാറ്റും ഓലപ്പന്തുമായി വണ്‍ഡേ മാച്ചുന്നുണ്ടായിരുന്നു...ആരുടേയും കണ്ണില്‍ പെടാതെ അതുവഴി കടന്നുപോകാന്‍ കഴിയില്ല.

ആദ്യമായി ഈ മാന്യ വേട്ടക്കാരനെ കാണാനുള്ള ഭാഗ്യം ലഭിച്ചതു ഞങ്ങളുടെ സംഘത്തിലെ സാഹസികന്മാര്‍ക്കാണു. ഓമനേട്ടത്തിയുടെ മൂത്തമകള്‍ ശ്രീലെക്ഷ്മിയും ഇളയ മകള്‍ ശ്രീലേഖയും എപ്പോളാണു കുളിക്കുന്നതു, ഏതുസോപ്പണു തേയ്ക്കുന്നതു...മുതലായ കാര്യങ്ങളില്‍ ഗവേഷണം നടത്തുന്നവരായിരുന്നു ഈ സാഹസീകന്മാര്‍.

അന്നു വൈകുന്നേരം കുളിക്കടവില്‍നിന്നും തുണിയലക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഗവേഷണത്തിന്റെ ഭാഗമായി ഈ സാഹസീകന്മാര്‍ കടവിന്റെ പരിസരത്തുള്ള ഒരു കശുമാവില്‍ വളരെ കഷ്ടപ്പാടു സഹിച്ചു വലിഞ്ഞുകയറി...മഴക്കാലമായതുകൊണ്ടു വളരെ റിസ്കാ...സ്ലിപ്പുചെയ്താല്‍ പിന്നെ അനിസ്പ്രേയുടെ ഗതിയാകും ..പൊടിപോലുമില്ല കണ്ടുപിടിക്കാന്‍...

മരത്തിന്റെ മുകളില്‍ ചെന്നുനോക്കിയപ്പോള്‍ കഷ്ടപ്പെട്ടതു വെറുതെയായി...കുളിക്കുന്നതു ഓമനേട്ടത്തി...ഏതായാലും കയറിയതല്ലെ ഓമനേട്ടത്തിയെങ്കിലോമനേട്ടത്തി...അപ്പൊളാണു അവരതു കണ്ടതു കുളത്തിന്റെ കരയില്‍ ഒരാള്‍ഒരു കസേരയൊക്കെ ഇട്ടു കൂളായിട്ടിരുന്നു ഓമനേട്ടത്തിയോടു സംസാരിക്കുന്നു...

നാട്ടുകാരു പാവം കുട്ടികള്‍കഷ്ടപ്പെട്ടു മരത്തില്‍ കയറി ഒളിച്ചിരുന്നു ഗ്രൈന്‍സൊടെ കാണുംബോള്‍ ഒരുവരത്തന്‍ ഡോള്‍ബി തീയറ്ററില്‍ സറൗണ്ടു സിസ്റ്റമൊക്കെവച്ചു രസിച്ചിരിക്കുന്നു. പനയില്‍നിന്നുവീണു നടുഒടിഞ്ഞവന്‍ പിന്നെ എന്തുചെയ്യണമായിരുന്നു?

ഏതായാലും ഞങ്ങളുടെ സംഘത്തിലെ 007 ഏജന്റുമാരുടെ അന്വേഷണത്തില്‍ ഈ വരത്തന്റെ പല നിഗൂഡതകളും അനാവരണം ചെയ്യപ്പെട്ടു...ഉയരം കുറഞ്ഞ സുന്ദരന്‍ വയസ്‌ 22 കളര്‍ വെള്ള...വട്ടപ്പേരും വെള്ള...തൊഴില്‍ചെത്ത്‌ ഒഴിവുകാല വിനോദവും ചെത്ത്‌. ഇവനു വെള്ള എന്ന പേരു വീഴാനുള്ള കാരണമായി രണ്ടുകാര്യങ്ങളാണു പറഞ്ഞുകേള്‍ക്കുന്നതു. ഒന്നു കറുത്തനിറമുള്ളവര്‍ മാത്രമുള്ള ഫാമിലിയിലെ ഏക വെള്ളക്കാരന്‍...രണ്ടാമത്തെ കാരണം സദാ സമയവും വെള്ളത്തിലായിരിക്കും എന്നതുതന്നെ.

രാത്രികാലങ്ങളില്‍ 6 ബാറ്ററിയുടെ ടോര്‍ച്ചും നാടന്‍ തോക്കുമായി കാട്ടുമുയല്‍, പാറചാത്തന്‍, മരപ്പെട്ടി എന്നീ കാട്ടുജീവികളേയും...അതിനെ ഒന്നും കിട്ടിയില്ലങ്കില്‍ കോഴി, ആടു, നാട്ടുമുയല്‍ മുതലായ വളര്‍ത്തു മൃഗങ്ങളേയും വേട്ടയാടുന്നവനാണു വെള്ള....ഇങ്ങനെയുള്ള ഒരു മുതലിനെയാ മുള്ളനെപ്പിടിക്കാന്‍ ഓമനേട്ടത്തി വിളിച്ചുവരുത്തിയിരിക്കുന്നതു...കുളിക്കടവിലും അടുക്കളയിലും അമ്മിത്തറയിലും... എന്തിനു പറയുന്നു എവിടെയെല്ലാം ഇരിക്കാമോ അവിടെയെല്ലാം ഇരുന്നുകൊണ്ട്‌ വെള്ളയും ഓമനേട്ടത്തിയും മുള്ളന്റെ ക്രൂരകൃത്യങ്ങളെപ്പറ്റി ചര്‍ച്ചനടത്തി...കപ്പയും ചേനയും മാത്രമല്ല അതിര്‍ത്തിക്കല്ലുപോലും ഈ നശിച്ചമുള്ളന്‍ മാന്തിയെന്നു ഓമനേട്ടത്തി പരാതി വെള്ളയോടു പറഞ്ഞു.

അതിര്‍ത്തിക്കല്ലുമാന്തിയതു അടുത്തവീട്ടിലെ ചേട്ടനായിരിക്കുമെന്നും മുള്ളന്‍ അത്രക്കും തരംതാണ ജീവിയല്ലഎന്നും വെള്ള അനുഭവത്തിന്റെ പുറത്തു വാധിച്ചു...അന്നു അര്‍ദ്ധരാത്രിയോടെ മുള്ളനെപിടിക്കാന്‍ കുടുക്കുവയ്ക്കാനുള്ള തീരുമാനമെടുത്തു രണ്ടാളും ചര്‍ച്ച മതിയാക്കി. പിറ്റേന്നുതന്നേ പലരൂപത്തിലും പലഭാവത്തിലുമുള്ള മുള്ളങ്കുടുക്കുകള്‍ ഓമനേട്ടത്തിയുടെ വളപ്പില്‍ തലങ്ങും വിലങ്ങും സ്ഥാനമ്പിടിച്ചു.

ആദ്യ ദിവസംതന്നെ കുടുക്കു തന്റെ തനിക്കൊണം കാണിച്ചു...ശ്രീലക്ഷ്മിയുടെ അരുമയായ പുസ്സി ക്യാറ്റ്‌ കുടുങ്ങി. പൂച്ചേങ്കി പൂച്ച ഐശ്വര്യമായിവന്നു കയറിയതല്ലെ തട്ടിത്തിന്നാം...എന്നു വെള്ളപറഞ്ഞപ്പോള്‍ നടുങ്ങിയതു ഞങ്ങളുടെ പഞ്ചായത്തു മൊത്തത്തിലാണു.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു കുടുക്കില്‍ മുള്ളന്‍പോയിട്ടു മുള്ളന്റെ പീലിപോലും വീണില്ല..പക്ഷേ അടുത്തുള്ള വീടുകളിലെ കോഴി ആട്‌ മുയല്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങല്‍ കുടുക്കില്‍ വീഴാതെതന്നേ അപ്രത്യക്ഷരായിക്കൊണ്ടിരുന്നു. ശരിയായ തെളിവുകളോ അടയാളങ്ങളോ ഇല്ലാതെ നടു ഒടിഞ്ഞിരിക്കുന്ന ഒരാളെ പഴിക്കുന്നതു ശരിയല്ലല്ലോ...ഇനി വെള്ളയുടെ മറവില്‍ വേറെവല്ല കള്ളന്മാരുമാണോ ഈ നാട്ടുമൃഗവേട്ട നടത്തിയതെന്നും സംശയിക്കേണ്ടുന്ന കാര്യമാണു.

1 മാസം കടന്നുപോയി...ഓമനേട്ടത്തിക്കു വെള്ളയിലും അവന്റെ കുടുക്കിലുമുള്ള വിശ്വാസം മൊത്തമായും ചില്ലറയായും നഷ്ടപ്പെട്ടു..കൂടുതല്‍ വിശ്വാസം ഇപ്പൊള്‍ മുള്ളനോടായി. കപ്പത്തോട്ടം പട കഴിഞ്ഞ പടക്കളം പോലെ കിടക്കുന്നു... മുള്ളന്‍ എന്ന മാരണം ഒഴിഞ്ഞില്ലങ്കിലും ഈ വെള്ള എന്ന മാരണം ഒന്നു ഒഴിഞ്ഞുതന്നെങ്കില്‍ എന്നുവരെ ചിന്തിച്ചുപോയി..

പിറ്റേന്നു ഓമനേട്ടത്തിയുടെ പ്രഭാതം പൊട്ടിവിടര്‍ന്നതു പതിവു ബെഡ്‌ കൊഫീം കൊണ്ടുവരുന്ന മകളെ കാണുന്നില്ല എന്ന വാര്‍ത്തയുമായാണു. കൂട്ടത്തില്‍ വെള്ളയേയും കാണുന്നില്ല...മുള്ളനെപ്പിടിക്കാന്‍ വന്നവന്‍ പെണ്ണിനേം കൊണ്ടുപൊയോ ഭഗവാനേ...ഓമനേട്ടത്തി തലയില്‍ കൈവച്ചുനിന്നുപോയി.

ഓമനേട്ടത്തി ഓടിവാ..ഓടിവാ..നാട്ടുകാരേ..ഓടിവാ..എന്ന ആന്റപ്പന്റെ അലര്‍ച്ചകേട്ടു കപ്പത്തോട്ടത്തിലേക്കു ആളുകള്‍ ഓടിക്കൂടി...ഈശ്വരന്മാരേ രണ്ടുംകൂടി ഇനിവല്ല വെഷോമടിച്ചോ...ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ ഞാന്‍ നടത്തിത്തരില്ലായിരുന്നൊ മോളേ.... എന്നുമ്പറഞ്ഞു അലമുറയിട്ടാണു ഓമനേട്ടത്തി വളപ്പിലോട്ടു പാഞ്ഞതു.

പക്ഷേ സംഭവം അതൊന്നുമല്ലായിരുന്നു...അവസാനം വെള്ളയുടെ കുടുക്കില്‍ ഒരു മുള്ളന്‍പന്നി ഏകദേശം എട്ട്‌ എട്ടരക്കിലോവരും. റബര്‍ വെട്ടാന്‍ പോയ വഴി ആന്റപ്പനാണു കണ്ടത്‌ പട്ടി കടിച്ചുവലിക്കുന്നു.വെള്ള ഈ സമയം ഇതൊന്നുമറിയാതെ ശ്രീലക്ഷ്മിയേംകൊണ്ടു പാലായനം ചെയ്യുകയായിരുന്നു...എവിടെ വേട്ടക്കുപോയാലും ഏതെങ്കിലും ഒരു മൃഗത്തെകിട്ടാതെ ഞാന്‍ മടങ്ങില്ല എന്ന അഹങ്കാരത്തോടെ...

അവസാനം ദീര്‍ഘ നിശ്വാസത്തൊടെ ഓമനേട്ടത്തി പറഞ്ഞു മുള്ളന്റെ ശല്യവും ഒഴിഞ്ഞു വെള്ളയുടെ ശല്യവും ഒഴിഞ്ഞു ...പിന്നെ ഒരു വലിയ ഭാരം തലയില്‍നിന്നും ഫ്രീയായി ഇറങ്ങിപ്പോവുകേംചെയ്തു.

Tuesday, 23 January, 2007

മള്‍ട്ടി തങ്കച്ചന്‍

അടിമാലിയില്‍ നിന്നും രാവിലെ പത്രക്കെട്ടുകളുമായിവന്ന ജീപ്പ്കാരാണു അച്ചടിക്കാത്ത ആ ചൂടുള്ള വാര്‍ത്ത ഞങ്ങലുടെ കവലയില്‍ പ്രചരിപ്പിച്ചത്‌... മള്‍ട്ടി തങ്കച്ചന്‍ അവശനിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നു. കേട്ടവരെല്ലം താടിക്കുകൈയും കൊടുത്തു ഒരു നില്‍പ്പായിരുന്നു...ഇന്നലെ വൈകിട്ടുംകൂടി ഇതിലെ പയറുപോലെ നടന്നതല്ലെ..ഇത്രയൊക്കെയേയുള്ളു മനുഷ്യന്റെ കാര്യം!!!

വീട്ടിലെ പശുവിന്റെ പാലെല്ലാം കറന്നെടുത്‌ നാട്ടുകാര്‍ക്കു ചായ ഉണ്ടാക്കി കൊടുക്കാനായി ചായക്കടക്കാരന്‍ പാച്ചുനായരെ ഏല്‍പ്പിച്ചിട്ടു ഞാന്‍ അതേ നായരോടുതന്നെ ഒരു കട്ടന്‍ ചായ വങ്ങി സ്വിപ്പുചെയ്തു നില്‍ക്കുമ്പൊളാണു ഈ ഹോട്ട്ന്യൂസ്‌ കവലയില്‍ ഡിലേമ വിതച്ചതു.

ഊഹാപോഹങ്ങള്‍ കവലയില്‍ പ്രചരിച്ചുതുടങ്ങിയപ്പോളെക്കും മുട്ടത്തോട്ടില്‍ ആന്റപ്പന്‍ കവലയില്‍ ലാന്റുചെയ്തു. തങ്കച്ചനു മള്‍ട്ടി എന്നപേരുകൊടുത്തു ആധരിച്ചതു ഈ ആന്റപ്പനാണു...ഈ പേരു കൊടുക്കനുള്ള കാരണമായി ആന്റപ്പന്‍ പറഞ്ഞതു ഒന്നിലതികം മേഘലകളില്‍ കഴിവു തെളിയിച്ചവനാണു തങ്കച്ചന്‍ എന്നതാണു...നന്നായി കള്ളുകുടിക്കും, ബീഡി വലിക്കും, റമ്മി കളിക്കും...ഒഴിവുസമയങ്ങളില്‍ പണിക്കുപോകും... കവല മൂപ്പമ്മാരുടെ ഇടയില്‍ വേണ്ട ഈ അടിസ്ഥാന ഗുണങ്ങളുടെ ഒരു പെര്‍ഫെക്ട്‌ ബ്ലെണ്ടായിരുന്നു മള്‍ട്ടി തങ്കച്ചന്‍

ഇനി ആന്റപ്പന്‍ പറയട്ടെ ബാക്കികാര്യങ്ങള്‍..അവനല്ലെ മള്‍ട്ടിയുടെ അടുത്ത സുഹ്രുത്തും മനസാക്ഷി സൂഷിപ്പുകാരനും..തന്നെയുമല്ല ഇന്നലെ രണ്ടാളുംകൂടിയല്ലെ ചീട്ടുകളിയുംകഴിഞ്ഞു 3 കിലോമീറ്റര്‍ അകലേയുള്ള കല്ലാറുകുട്ടി ഷാപ്പില്‍ നല്ല അന്തിക്കള്ളുകുടിക്കാന്‍പോയതു.മുള്‍ട്ടി ലാസ്റ്റുബസ്സ്‌ മിസ്സുചെയ്തകലിപ്പില്‍ പോയവഴിക്കെല്ലാം ബെസ്സുടമ, ഡ്രൈവര്‍, കണ്ടക്ടര്‍, കിളി പിന്നെ ആ ട്രിപ്പില്‍ യാത്ര ചെയ്ത പാവം യാത്രക്കാര്‍ എന്നിവരെയെല്ലാം യാതൊരുവിധ പക്ഷഭേതവും കാട്ടാതെ ധാരാളം തെറികള്‍ വിളിക്കുകയുണ്ടായി.

ഷാപ്പില്‍ ചെന്നു രണ്ടാളും അത്യാവശ്യം നന്നായി കള്ളടിക്കയും കപ്പയും കല്ലാറുകൂട്ടിയാറ്റില്‍ നിന്നും ഫ്രെഷായിപ്പിടിച്ച മീന്‍ പുളിയിട്ടുപറ്റിച്ചതും ഒക്കെ കഴിച്ചു...ഇതെല്ലാം പതിവു കാര്യങ്ങല്‍തന്നെ.പക്ഷേ ഏതോ ഒരു ഷാപ്പുമേറ്റിന്റെ ബെര്‍ത്തുഡേയ്‌ പ്രമാണിച്ചു വിതരണം ചെയ്ത കഞ്ചാവു ഫില്‍ ചെയ്ത ഒരു പ്രെത്യേകതരം സമോസ കഴിച്ചു...കഴിച്ചുതീരുന്നതിനുമുമ്പേ താന്‍ പറന്നുപോകുന്നതായി ആന്റപ്പനു തോന്നി...പറന്നുപോയി പുഴയില്‍ വീണാലോ എന്നു പേടിച്ചു വഴിയരുകില്‍ കിടന്ന ഒരു വലിയ കല്ലെടുത്തു കൈയ്യില്‍ താങ്ങിപ്പിടിച്ചാണു അവന്‍ നടന്നതു.

ആ രണ്ടു ഇണക്കിളികള്‍ ഒഴുകിയും പറന്നുമായി പാതിരാത്രിയോടെ കവലയില്‍ തിരിച്ചെത്തി...പൊതുമരാമത്തു വകുപ്പിന്റെ ടാറിട്ട സ്റ്റയിലന്‍ വഴിയുടെ അരികിലുള്ള സ്വന്തം വീട്ടിലോട്ടു മള്‍ട്ടിയും പഞ്ചായത്തിന്റെ വക വെറും കല്ലുവിരിച്ച പ്രാകൃതമായ വഴിയിലൂടെ ആന്റപ്പന്‍ തന്റെയും വീട്ടിലോട്ടു ഗുഡ്‌ നൈറ്റു പറഞ്ഞു പിരിഞ്ഞു.

പിന്നെയുള്ള വിവരങ്ങല്‍ ആന്റപ്പനും അറിയില്ല പണ്ടിനാലെ വിവരം കുറഞ്ഞ കൂട്ടത്തിലുമാണവന്‍.

ഇനിയെന്തുവേണം എന്ന ചോദ്യത്തിനു എപ്പൊളും മറുപടി ഇടക്കാട്ടു അവറാന്‍ തന്നെ...കവല മൂപ്പമ്മാരുടെ ഇടയിലെ മൂപ്പന്‍ ആരന്നുചോതിച്ചാല്‍ ഒരു ഉത്തരം മാത്രമേ ഞങ്ങള്‍ക്കൊള്ളു...ഇടക്കാട്ടു അവറാന്‍...

കോട്ടക്കകത്തു ഷാജിയുടെ 10 എന്ന ഭാഗ്യനംബറുള്ള കമാന്റര്‍ ജീപ്പില്‍ കവലയിലെ മൂപ്പന്മാര്‍ അവറാച്ചന്‍ ചേട്ടന്റെ നേതൃത്തത്തില്‍ ഒരു 10-12 പേരു ഇരുന്നും, ഞങ്ങള്‍ 3-4 എര്‍ത്തുകള്‍ തൂങ്ങിനിന്നും മള്‍ട്ടി കിടക്കുന്ന അടിമാലി മോര്‍ണിംഗ്‌ സ്റ്റാര്‍ എന്ന ആശുപത്രിയില്‍ കുരേ ഓറഞ്ചും മുന്തിരിയും ഒക്കെയായി എത്തി.ഓ...ആ കിടപ്പുകണ്ടാല്‍ ആരും സഹിക്കില്ല...നിറയേ തെറ്റുകള്‍ എഴുതിയ കുട്ടിയുടെ പരീക്ഷപേപ്പറില്‍ മനസാക്ഷി ഇല്ലത്ത അദ്യാപകന്‍ ചുവപ്പുമഷിക്കു വെരകിയതുപോലെ ആയിരുന്നു മള്‍ട്ടിയുടെ ദേഹം...നിറയേ വെട്ടും തിരുത്തുമായി കിടക്കുന്നു.

വളരെ അവശനാണെങ്കിലും മുള്‍ട്ടി ഇത്രയും തന്റെ നാട്ടുകാരോടു പറഞ്ഞു...രാത്രി ആന്റപ്പനോടു യാത്രയുമ്പറഞ്ഞു വീട്ടിലോട്ടുചെന്നു കട്ടിലില്‍ കയറി കിടന്നതുമാത്രമേ ഓര്‍മ്മയുള്ളു...പിന്നെ കണ്ണുതുരക്കുംബോള്‍ ദേ..ഇവിടെകിടക്കുന്നു...പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചത്‌ എല്ലാവരുംകൂടിയാണു...അതിനും രാഷ്ട്രീയ സ്വാധീനം കൂടുതലുള്ള അവറാന്‍ ചേട്ടന്‍ തന്നെ മുബില്‍ നിന്നു. പോലീസ്‌ എന്നു കേട്ടപ്പൊള്‍ ഞാനും ആന്റപ്പനും വേറെ അപ്രെസക്തരായ ചിലരും എന്തൊ ചില അത്യാവശ്യ കാര്യങ്ങല്‍ ചെയ്യാനെന്ന ഭാവേന അവിടെ നിന്നും വലിഞ്ഞു ശരീരം രെക്ഷിച്ചു.

തിരിച്ചുപോന്ന വഴിയില്‍ ആന്റപ്പന്റെ അപാര ബുദ്ധിയുള്ള തലയില്‍ മിന്നല്‍ പിണര്‍ പോലെ ഒരോര്‍മ്മ തെളിഞ്ഞു...മള്‍ട്ടിയുടെ വീടു വഴിയുടെ വലതുവശത്തായി കുത്തുകല്ലുകള്‍ ഇറങ്ങിപോകുബോള്‍ കാണുന്നതല്ലേ...പിന്നെ..പിന്നെ ഇന്നലെ അവന്‍ എന്തിനാ വഴിയുടെ ഇടതുവശത്തുള്ള മേരിച്ചേച്ചിയുടെ വീട്ടിലോട്ടു കയറിപ്പോയതു...

കേസുകൊടുക്കല്ലേ...ചിലപ്പോള്‍ വാതി പ്രതിയാകും എന്നുവിളിച്ചുപറയാന്‍ അവറാന്‍ ചേട്ട്ന്റെ മൊബെയില്‍ ഫോണ്‍ നംബര്‍ തിരയുന്നതിനിടയില്‍ ഞാന്‍ ചിന്തിച്ചു പാവം മള്‍ട്ടി...ഒന്നും അവന്റെ കുറ്റമല്ല...ഒക്കെ ആ കഞ്ചാവുഫില്‍ ചെയ്ത സമോസ പറ്റിച്ച പണിയാ...