Saturday 31 March 2007

പ്രാര്‍ത്ഥന

ആവര്‍ഷം ഇടവപ്പാതി പിറന്നത്‌ നല്ല ആഘോഷമായിട്ടായിരുന്നു....
തുള്ളിക്കൊന്നരക്കുടം പേമാരി.....
മാനത്തെ പടക്കപ്പുരയ്ക്കു തീപിടിച്ചപോലെ ഇടിവെട്ട്‌...
അതിനെല്ലാം പുറമെ മര്‍ദ്ധം ന്യൂനം എന്നും പറഞ്ഞുവീശുന്ന കാറ്റ്‌...

എറണാകുളത്തുനിന്നു അപ്പച്ചന്റെ ചേട്ടനും, പെരുംബാവൂരില്‍നിന്നും അമ്മൂമ്മയുടെ നാത്തൂനും, കിഴക്കമ്പലത്തുനിന്ന് അകന്ന ബന്ധത്തിലുള്ള തൊമ്മന്‍ചേട്ടനും ഒന്നിച്ചു വിരുന്നു വന്നപോലുള്ള അവസ്ഥ.

പതിവുപോലെ മഴയും ഇടിയും കാറ്റും തകര്‍ക്കുന്ന ഒരു വൈകുന്നേരം. അപ്പച്ചന്‍ വീട്ടിലില്ലാത്ത സമയം. ഉരുള്‍ പൊട്ടലിന്റെ ഭീഷണിയുള്ള സ്ഥലമായതിനാല്‍ അമ്മ കരയാന്‍ തുടങ്ങി....(അപ്പച്ചനുണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍ പിടിച്ചു നിര്‍ത്തിയിട്ടല്ല...എന്നാലും ഒരു ധൈര്യം...). ചേട്ടന്മാരും ചേച്ചിയും പേടിച്ച്‌ കോറസ്സായ്‌ കരഞ്ഞുതുടങ്ങി....ഞാന്‍ മാത്രം കരഞ്ഞില്ല...എനിക്കു പണ്ടിനാലെ പേടിയെന്താണെന്നറിയില്ല.

ജന്മനാ കലാകാരനായ എനിക്ക്‌ മഴയത്തിറങ്ങി നനയാനും മഴയുടെ സംഗീതം ശ്രവിച്ച്‌ ഇറവെള്ളത്തില്‍ നീന്താനും പിന്നെ ഇടിമിന്നലിനെ തൊട്ടുനോക്കാനുമൊക്കെയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെകൊണ്ട്‌ വടിയെടുപ്പിക്കണ്ട എന്നുകരുതി അടുപ്പിന്‍ചുവട്ടില്‍ തീയും കാഞ്ഞിരിക്കുന്ന സമയത്ത്‌ മുറ്റത്തിന്റെ പടിഞ്ഞാറുവശത്തുനിന്ന ഞാലിപ്പൂവന്‍വാഴ അതിന്റെ മൂപ്പെത്താത്ത കുലയുമായ്‌ നിലംപതിക്കുന്നു......
മനോഹരമായ കാഴ്ച്ച... കുറെ ദിവസങ്ങളായിട്ടു ഞാന്‍ ആ വാഴച്ചുണ്ടില്‍ നിന്നും എങ്ങിനെ തേനെടുക്കാം എന്ന ആലോചനയിലായിരുന്നു...

അമ്മ കരച്ചിലിന്റെ വോള്യം കൂട്ടി...ചേട്ടന്മാരും ചേച്ചിയും അമ്മയോട്‌ അനുഭാവം പ്രകടിപ്പിച്ചു...ഇവര്‍ക്കെല്ലാം എന്താണു പറ്റിയതെന്നറിയാതെ ഞാന്‍ ജനാലയിലൂടെ മഴകണ്ടുനിന്നു...

കാറ്റ്‌, 'ഇതൊന്നുമല്ല ഇനീമുണ്ട്‌ നമ്പറുകള്‍....' എന്നുപറഞ്ഞ്‌ പൂര്‍വ്വാതികം ശക്തിയോടെ വീശാന്‍ തുടങ്ങി.

ചാക്കോച്ചായീടെ വളപ്പിലെ അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്നിരുന്ന അടയ്ക്കാമരങ്ങള്‍ തലകുനിച്ച്‌ ഭൂമി തൊട്ടുവണങ്ങിയിട്ടും കാറ്റ്‌ വെറുതെവിട്ടില്ല... സി.ഐ.ഡി. മൂസയുടെ കഥകളില്‍ ബോംബുപൊട്ടുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള, "പളാര്‍!!!!....." എന്ന ശബ്ദത്തോടെ രണ്ടെണ്ണം ഒടിഞ്ഞുവീണു.

ഇപ്പ്രാവശ്യം വല്യേട്ടന്‍ കരച്ചില്‍ നിറുത്തി ...ചിരിച്ചു...ഞാനും ചിരിച്ചു..ബാക്കിയെല്ലാവരും കരച്ചില്‍ തുടര്‍ന്നു....

കാറ്റിന്റെ അടുത്ത നടപടി വയ്ക്കോലു മേഞ്ഞ ഞങ്ങളുടെ പാവം പുരയുടെ മേല്‍ക്കൂരയിന്മേലായിരുന്നു....ഒരുവശം കൂളായിട്ടങ്ങുകൊണ്ടുപോയ്‌...കരച്ചിലുകാര്‍ മേല്‍സ്ഥായില്‍ കരയാനാരംഭിച്ചു...വല്യേട്ടന്‍ കാലുമാറി അവരുടെ കൂടെ കൂടി...

വീടിന്റെ മുകളില്‍ മേച്ചിലുപോയ ഭാഗത്തൂടെ ആകാശവും ആകാശത്തില്‍ Z Z Z എന്നെഴുതിയപോലെ കൊള്ളിയാന്‍ മിന്നണതും, മഴവെള്ളം ഡയറക്റ്റായ്‌ ചാണകംമെഴുകിയ നടുമുറിയില്‍ വീഴുന്നതും കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു...ഞാന്‍ ആസ്വതിച്ചു കണ്ടു...

"എന്റെ പൊന്നിങ്കുരിശുമുത്തപ്പാ...എന്റെ കുഞ്ഞുങ്ങളേയും വീടിനേയും കാത്തുകൊള്ളണെ...പുതുഞ്ഞായറാഴ്ച്ച കുരിശുമ്പിടിച്ച്‌ മലകയറിക്കോളാമ്മെ...", അമ്മ തുറന്ന മേല്‍ക്കൂരയിലൂടെ ഉന്നതങ്ങളിലെയ്ക്ക്‌ നോക്കി ഒരു വിശ്വാസ പ്രഖ്യാപനം നടത്തിയപ്പോള്‍ കാറ്റ്‌ പിടിച്ച്‌ കെട്ടിയതുപോലെ നിന്നു...

"നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു ഗുണം...വിശപ്പും മാറും മീശയും മിനുക്കാം..." എന്ന് മീശയില്ലാത്ത എന്റെ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞത്‌ എന്ത്‌ ഉദ്ധ്യേശിച്ചാണെന്നറിയില്ല... പക്ഷേ ഈ മാതിരി മഴ പെയ്താല്‍ രണ്ടുണ്ട്‌ ഗുണം എന്നു ഞാന്‍ പറയുന്നു... ഒന്ന് വീടിന്റെ അകത്തുതന്നെ കളിവള്ളമൊഴുക്കി കളിക്കാം പിന്നെ പുതു ഞായറാഴ്ച്ച മലയാറ്റൂരും പരിസരവും സന്ദര്‍ശിക്കാം...

എന്നാണു മലയാറ്റൂര്‍ പുതുഞ്ഞായറാഴ്ച്ച എന്നറിയാന്‍ അമ്മൂമ്മയെ സമീപിച്ചപ്പോള്‍ അത്‌ മീനമാസത്തിലാണെന്നുള്ള മറുപടി കിട്ടി.

മീന മാസം എപ്പോള്‍ വരുമെന്നറിയാന്‍ അമ്മയോടു ചോദിച്ചപ്പോള്‍ അത്‌ വല്യ സ്കൂളുപൂട്ടിനോട്‌ അനുബന്ധിച്ചാണെന്നറിയാന്‍ കഴിഞ്ഞു...

എന്നാണു വല്യ സ്കൂളുപൂട്ടെന്നു എല്‍.പി. സ്കൂളിലെ പ്യൂണിനോട്‌ ചോദിച്ചപ്പോള്‍, ഇത്തവണ സ്കൂള്‍ പൂട്ടണില്ലായെന്നാണു മറുപടി...വാതിലുപോലുമില്ലാത്ത സ്കൂള്‍ പൂട്ടാന്‍ നടക്കാതെ പോയ്‌ നാലക്ഷരം പഠിക്കാന്‍ നോക്കട ചെക്കാന്നും പറഞ്ഞാണു അങ്ങേരോടിച്ചത്‌...

ആകെ മൊത്തം ടൊട്ടലീ കണ്‍ഫ്യൂഷനാരുന്നു കുറെക്കാലത്തെയ്ക്ക്‌....

പുതു ഞായറാഴ്ച്ച പോയാലും എവിടെവരെപോകും?.... അവസാനം ആ സുദിനവും വന്നെത്തി...

ചട്ടയും വിശറിവാലിട്ട മുണ്ടും കാതില്‍ ഉഴുന്നുവടപോലുള്ള കുണുക്കും ഒക്കെയിട്ട അമ്മൂമ്മ ഏറ്റവും മുമ്പില്‍, പത്താം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാന്റി അമ്മൂമ്മയുടെ പിറകില്‍, എറ്റവും പിറകില്‍ കുരിശ്‌ കയ്യില്‍പിടിച്ചുകൊണ്ട്‌ അമ്മ അമ്മയുടെ കയ്യില്‍പിടിച്ച്‌ ഞാനും.

"രണ്ടുകുരിശുകള്‍ വേണോടീ?..." എന്ന് അപ്പച്ചന്റെ അമ്മയോടുള്ള ചോദ്യം എനിക്കിട്ടു താങ്ങിയതാണെന്ന് ആ ചെറുപ്രായത്തിലും എനിക്കു മനസ്സിലായ്‌...എന്തായിരുന്നു അക്കാലത്തെ എന്റെ ബുദ്ധി...എന്തായിരുന്നു എന്റെ റേയ്ഞ്ച്‌...

നാട്ടുകവലയില്‍ നിന്നും മലയാറ്റൂര്‍ സ്പെഷ്യല്‍ എന്ന ബോര്‍ഡുവച്ച ഒരു ബസ്സില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു...വിശ്വാസികളുടെ തിരക്ക്‌ മലയാറ്റൂരിലുള്ളതിലും കൂടുതല്‍ അനുഭവപ്പെടുന്നത്‌ ബസ്സിനുള്ളിലാണല്ലോ ...യാത്ര ദുരിതപൂര്‍ണ്ണമായിരുന്നു...

അടിമാലിയും കഴിഞ്ഞ്‌ വണ്ടി വാളറ കാട്ടിലൂടെയുള്ള സിഗ്‌-സാഗ്‌-സാഗ്‌-സിഗ്‌ വഴികളിലൂടെ ചീറിപ്പാഞ്ഞപ്പോള്‍ വര്‍ഷത്തില്‍ ഏറിയാല്‍ ഒരിക്കല്‍മാത്രം വാഹനത്തില്‍ കയറുന്ന ഞങ്ങള്‍ സകുടുമ്പം യാത്ര പരമാവധി ആഘോഷമാക്കുന്നതിന്റെ ഭാഗമായ്‌ ചെറിയ ചെറിയ വാളുകള്‍ നിര്‍മ്മിക്കാനാരംഭിച്ചു...

ഞങ്ങളുടെ അതേ കാറ്റഗറിയില്‍പ്പെട്ട അനേകം സഹയാത്രികരുണ്ടായിരുന്നതിനാല്‍ ആശ്വാസമായ്‌...എന്റെ അമ്മ 'വാള്‍ട്ടര്‍'ആകുമ്പോള്‍ കുരിശ്‌ അടുത്തിരിക്കുന്ന ചേച്ചി പിടിക്കും ...ആ ചേച്ചീടെ ടേണ്‍വരുമ്പോള്‍ അവരുടെ നാലുമാസ്സം പ്രായമായ കുഞ്ഞിനെ അമ്മയെടുത്ത്‌ വിണ്ടോസീറ്റ്‌ അവര്‍ക്കുനല്‍കും ... ആര്‍ക്കും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള, പരസ്പരം സഹകരിച്ചു വാളുകള്‍ പണിത ആ യാത്രപോലെ മറ്റൊരു യാത്ര പിന്നീട്‌ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതായ്‌ ഓര്‍ക്കുന്നില്ല...ശരിക്കും മാവേലികേരളത്തിലെ ട്രാന്‍സ്പോര്‍ട്ട്‌ സര്‍വ്വീസായിരുന്നു അത്‌.

മര്യാദ രാമനായ ബസ്സ്‌ ഡ്രൈവര്‍ ചീയപ്പാറ വാട്ടര്‍ ഫാളിന്റെ അടുത്ത്‌ വണ്ടി നിറുത്തിത്തരികയും എല്ലാവരും അവിടെ ഇടത്തരം അലക്കും കുളിയും നടത്തുകയും ചെയ്തു....(നല്ല വേനല്‍ക്കാലമായിട്ടും അവിടെ നന്നായ്‌ വെള്ളച്ചാട്ടമുണ്ടായിരുന്നു അക്കാലത്‌... ഇന്നാണെങ്കില്‍ വെറും പാറക്കെട്ടു മാത്രം കാണാം...)

എകദേശം രണ്ടുമണിയോടുകൂടി ഞങ്ങള്‍ പെരിയാറിന്റെ തീരത്തുള്ള മലയാറ്റൂര്‍ വലിയപള്ളിയുടെ പരിസരത്ത്‌ വണ്ടിയിറങ്ങി...ചീയപ്പാറയില്‍ തുടങ്ങിവച്ച അലക്കും കുളിയും ആഘോഷമായി പെരിയാറ്റില്‍ പൂര്‍ത്തിയാക്കി. മണലില്‍ കുറേനേരം വിശ്രമിച്ചിട്ട്‌ വെയിലാറിയ തക്കം നോക്കി മല കയറാനാരംഭിച്ചു.

തികച്ചും ഉല്ലാസപ്രദമായിരുന്നു പിനീടുള്ള യാത്ര. ഇടുക്കി ജില്ലയിലെ ചെങ്കുത്തായ മലകള്‍ കയറി ഇറങ്ങുന്നവരായതിനാലും, വിശ്വാസത്തിന്റെ ചിറകിലുള്ള യാത്ര ആയതിനാലും ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല.

മലമുകളിലെ പള്ളിയിലെ അത്ഭുത ഉറവയില്‍ നിന്നും വെള്ളംകുടിച്ചു. വി. തോമാസ്‌ സ്ലീഹായുടെ കാല്‍പാദം പതിഞ്ഞിട്ടുണ്ടെന്നു പറയുന്ന പാറയില്‍ കയറി, പിന്നെ സ്വര്‍ണ്ണക്കുരിശു മുളച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ചാപ്പലില്‍ കയറി...

കൗതുകത്തോടെ നാലുപാടും നോക്കി കാഴ്ച്ചകള്‍ കണ്ടു നടന്ന എന്നോട്‌ മുട്ടിന്‍മേല്‍നിന്നു ആവശ്യങ്ങള്‍ പറഞ്ഞ്‌ പ്രാര്‍ത്ഥിക്കാന്‍ അമ്മ ആവശ്യപ്പെട്ടു...കുഞ്ഞുമക്കള്‍ ചോദിക്കുന്നതെന്തും മുത്തപ്പന്‍ തരുമത്രേ...

ഭക്തിപൂര്‍വം കൈയ്കള്‍ കൂപ്പി കണ്ണുകള്‍ അടച്ച്‌ തീഷ്ണമായ്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു....

"കഴിഞ്ഞ മഴയത്ത്‌ വീടുപൊളിച്ചപോലുള്ള ഒരു കാറ്റ്‌ ഈ വര്‍ഷവും അനുവദിച്ചു തരണേ എന്റെ മുത്തപ്പാ... "

Tuesday 20 March 2007

ചതി..

കവലയിലെ ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ പുതുതായി സ്ഥലംമാറിവന്ന നളിനി ടീച്ചറിനു ആര്‍ഭാടമായ ഒരു വരവേല്‍പ്പാണു ലഭിച്ചത്‌.

സ്കൂള്‍ ഗ്രൗണ്ടില്‍ എല്ലാകുട്ടികളും റബര്‍തൈ നട്ടതുമാതിരി കിറുകൃത്യമായി അണിനിരന്നു. ക്രെഡിറ്റ്‌ മുഴുവന്‍ ഒരു കൃഷിക്കാരനുംകൂടിയായിരുന്ന ഞങ്ങളുടെ ട്രില്‍ മാഷിനു. ലീലാമ്മ, സുശീല, ഷാഹിറാ എന്നീ ആ(അ)സ്ഥാന ഗായികമാരുടെ അതിഗംഭീരമായ അഖിലാണ്ടമണ്ഢലം അണിയിച്ചൊരുക്കലായിരുന്നു ആദ്യയിനം...

പിന്നെ സ്കറിയാസാര്‍ (ഹെഡ്മാഷ്‌) നളിനി ടീച്ചറിനെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടിങ്ങനെ പറഞ്ഞു...

"ഇനി പരീക്ഷയ്ക്കു തോറ്റിട്ട്‌ ബയോളജി പഠിപ്പിക്കാന്‍ ടീച്ചറില്ല...ബയോളജി പഠിപ്പിപ്പിക്കാന്‍ ടീച്ചറില്ല എന്നുമ്പറഞ്ഞ്‌ ആരുമിങ്ങ്‌ പോരേണ്ട ....ഇതാ നില്‍ക്കുന്നു ഒന്നാന്തരം ബയോളജി ടീച്ചര്‍ ഒരെണ്ണം..."

കൈയ്യടി....

"ടീച്ചറെ ഇവിടെ ലാബും എക്വിപ്മെന്റ്സും ഒന്നുമില്ലങ്കിലും ഇഷ്ടമ്പോലെ തവളേം പാമ്പും എട്ടുകാലീം ഒക്കെ കിട്ടും ... എന്താ വേന്‍ണ്ടേന്നു വച്ചാല്‍ പറഞ്ഞാമതി ഇവമ്മാരു പിടിച്ചുകൊണ്ടുവന്നു തരും ....മുഴുവോനെയോ ..പീസുപീസാക്കിയോ എങ്ങനെയാന്നു വച്ചാല്‍ പഠിപ്പിക്കുക അതെല്ലാം ടീച്ചറിന്റെ ഇഷ്ടം"

പിന്നെയും കൈയ്യടി...

അക്കാലത്ത്‌ ഞങ്ങള്‍ക്കു കൈയ്യടിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടാ....(ഒരിക്കല്‍ ഇഗ്ലീഷ്‌ ടീച്ചര്‍ ട്രീസ കോരയുടെ കുട്ടിക്കു ടൈഫോയിട്‌ പിടിപെട്ട്‌ സീരിയസായി ഹോസ്പിറ്റലില്‍ അഡ്മിറ്റായ കാര്യംപറഞ്ഞപ്പോളും ഇതുപോലെ കൈയ്യടിക്കുകയുണ്ടായി). മതി മതി എന്നുപറഞ്ഞു സാറുമാരാരെങ്കിലും വിലക്കിയില്ലങ്കില്‍ നാലുമണിയ്ക്കു കൂട്ടമണി അടിക്കണവരേയും കൈയ്യടിച്ചുനില്‍ക്കാന്‍ എല്ലാവരും തയ്യാര്‍...ഒരു ദിവസം പോയ്ക്കിട്ടുമല്ലോ...

നന്ദിപ്രസംഗത്തില്‍ നളിനി ടീച്ചര്‍ ഇങ്ങനെ പറഞ്ഞു...

"പ്രിയപ്പെട്ട കുട്ടികളെ ....ഇതെല്ലാം കാണുമ്പോള്‍ എന്റെ കണ്ണു നിറയുകയാണു....സന്തോഷംകൊണ്ട്‌"

കണ്ണുനിറയുകയാണെന്നു ടീച്ചര്‍ പറഞ്ഞത്‌ പരമാര്‍ത്ഥം....ആദ്യമായിട്ടു ഞങ്ങളുടെ സ്കൂളില്‍ വരുന്ന എല്ലാ ടീച്ചര്‍മാര്‍ക്കും കണ്ണുനിറയാറുണ്ട്‌.... പിന്നെ സന്തോഷംകൊണ്ടാണു കണ്ണു നിറഞ്ഞത്‌ എന്നു പറഞ്ഞതില്‍ എത്രമാത്രം ശരിയുണ്ടെന്നു പിറ്റേന്നുമുതല്‍ ട്രാന്‍സ്ഫറിനു ശ്രമിക്കുന്നതു കാണുമ്പോള്‍ മനസ്സില്ലാക്കാവുന്നതേയുള്ളു...

ഏതായാലും ട്രില്‍മാഷ്‌ അസമ്പ്ലി പിരിച്ചുവിട്ടു...ജെയ്ഹിന്ദ്‌... എല്ലാരും ഗോ ടു അവരവരുടെ ക്ലാസ്സ്‌.......

നളിനി ടീച്ചര്‍ നാട്ടിന്‍പുറത്തൊരു മോഡല്‍ ഹൈസ്കൂളില്‍ ടീച്ചറായിരുന്നു. തടിമാടനും വക്കീലുമായ ഒരു ഭര്‍ത്താവും, ഏട്ടം ക്ലാസ്സില്‍ പഠിക്കുന്ന തങ്കക്കുടം പോലൊരു മകളും അടങ്ങിയ ചെറിയകുടുമ്പം സന്തുഷ്ട കുടുമ്പമായി ടീച്ചര്‍ കഴിയുന്ന കാലത്തായിരുന്നു കാട്ടിന്‍പുറമായ ഞങ്ങളുടെ കവലയിലോട്ടുള്ള വിളിവന്നത്‌.

നിത്യവും രാവിലെ കുളിച്ച്‌ ഈറനുടുത്ത്‌ അടുത്തുള്ള ക്ഷേത്രത്തിലെ ദേവിയെ തൊഴുതിരുന്ന ടീച്ചര്‍ ദേവിയോട്‌, "ദേവി...അവിടുത്തെ ഈ ക്ഷേത്രത്തില്‍ സ്ഥിരമായി പ്രതിഷ്ടിച്ചിരുത്തിയിരിക്കുന്നപോലേ എന്നെയും പെന്‍ഷനാകുന്നവരേയും മോഡല്‍സ്കൂളില്‍ തന്നെ ഇരുത്തിതരേണമേ " എന്നു സ്ഥിരമായ്‌ അപേക്ഷിക്കുകയും പ്രത്യേക എഫെക്ട്‌ കിട്ടാനായ്‌ ഇടയ്ക്കിടയ്ക്ക്‌ തകര്‍പ്പന്‍ വെടികള്‍ വഴിപാടായ്‌ കഴിക്കുകയും ചെയ്തിരുന്നു...എന്നിട്ടും രക്ഷയുണ്ടായില്ല...

"ഈ നാട്ടില്‍ തല്‍ക്കാലം ഒരു സ്ഥിരപ്രതിഷ്ട മതിയെന്റെ നളിനി.." എന്ന നിലപാടാണു ദേവി സ്വീകരിച്ചത്‌.ഞങ്ങളുടെ ഹെഡ്മാഷ്‌ പറയുന്നപോലെ ഒരു ബയോളജി ടീച്ചര്‍ക്കു സന്തോഷം പകരുന്ന ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഉണ്ടിവിടെ...അതിപ്പോള്‍ സുവോളജി ആയാലും ബോട്ടണിയായാലും സന്തോഷത്തിനു ഒരു കുറവുമുണ്ടാകില്ല...പാമ്പുകള്‍ തവളകള്‍ എലികള്‍ ചെറിയ ടൈപ്പ്‌ ഡിനോസറുകള്‍ (ഓന്ത്‌ എന്നാണെന്നു തോന്നുന്നു ഇവയുടെ ശാസ്ത്രനാമം) അത്യപൂര്‍വ്വങ്ങളായ സസ്യങ്ങള്‍ ......

പക്ഷേ ഇതുമാത്രം മതിയോ ഒരു ബയോളജി ടീച്ചറിനു ജീവിക്കാന്‍...

താമസിക്കാന്‍ പറ്റിയ നല്ല വീടുകിട്ടാനില്ല... റാങ്ക്‌ പ്രതീക്ഷയുള്ള മകള്‍ക്കുപഠിക്കാന്‍ പറ്റിയ സ്റ്റാന്‍ഡേര്‍ഡുള്ള ഒരു സ്കൂളുപോലും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലെങ്ങുമില്ല ...നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത്‌ രണ്ടുകിലോമീറ്ററെങ്കിലും നടക്കണം.....

ഇതൊക്കെ ഓര്‍ത്തായിരിക്കാം ടീച്ചറിണ്ടെ കണ്ണില്‍ നിന്നും സന്തോഷാശൃക്കള്‍ പൊഴിഞ്ഞത്‌.

"ഞങ്ങളും ഇവിടെ വന്നപ്പോള്‍ ഈ പ്രയാസമൊക്കെകണ്ടു പരിഭ്രമിച്ചതാ...പക്ഷേ ഒന്നുരണ്ടുമാസം കഴിയുമ്പോള്‍ എല്ലാം ശീലമായിക്കോള്ളും" എന്ന ഉപദേശമാണു പഴയ അദ്യാപികമാര്‍ സൗജന്യമായി നളിനി ടീച്ചറിനു കൊടുത്തത്‌.

സുകുമാരി ടീച്ചര്‍, രാജമ്മ ടീച്ചര്‍, ശങ്കുണ്ണി സാര്‍ ...ഇവരെയെല്ലാം പോലെ ലളിതടീച്ചറും ഇലക്ട്രിസിറ്റി ബോര്‍ഡുവക ക്വാട്ടേര്‍സില്‍ താമസം തുടങ്ങി.

ഈ അവസരത്തിലാണു ഞാനും നളിനിടീച്ചറും തമ്മില്‍ ഒരു ബിസിനസ്സ്‌ ഡീലുറപ്പിക്കുന്നത്‌.

വീട്ടിലെ അമ്പിളിപശു ചുരത്തുന്ന ഔഷധവീര്യമുള്ള പാല്‍ ഒരുതുള്ളിപോലും വീട്ടിലെടുക്കാതെ ന്യായമായ രീതിയില്‍ വെള്ളവും ചേര്‍ത്ത്‌ പാച്ചുനായരുടെ ചായക്കടയില്‍ കൊടുക്കാനായ്‌ ഓടുന്ന നേരത്താണു ടീച്ചര്‍ എന്നെപിടികൂടിയത്‌. ദിവസവും അരലിറ്റര്‍ പാല്‍ ടീച്ചറിന്റെ വീട്ടില്‍ കൊടുക്കണം എന്ന ഡിമാന്റ്‌ അംഗീകരിക്കാന്‍ എനിക്കു സന്തോഷമേ ഉണ്ടായിരുന്നൊള്ളു. അമ്പിളിപ്പശുവിന്റെ പാലുമുഴുവന്‍ ചായക്കടയില്‍ വെറും ആപ്പ ഊപ്പ ലോക്കല്‍സ്‌ വന്നു കുടിച്ചിട്ടുപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ നളിനിടീച്ചറും മകളും കുടിക്കുന്നതു തന്നെ...ടീച്ചര്‍ പാലുകുടിച്ചാല്‍ അതിന്റെ ഗുണം ഞാനുള്‍പ്പെടുന്ന സ്കൂളിലെ മൊത്തം കുട്ടികള്‍ക്കും കൂടിയാണു ലഭിക്കുന്നത്‌.

ഗുരുഭക്തി കൂടിയ ഇനത്തില്‍ പെട്ട ഞാന്‍ ചായക്കടയില്‍ കൊടുക്കുന്നതിലും ക്വാളിറ്റി കൂടിയ പാല്‍ ടീച്ചറിനുകൊടുക്കണം എന്ന ആഗ്രഹത്തിന്‍ പുറത്ത്‌ എന്റെ അമ്മയോട്‌ പറഞ്ഞു..

"അമ്മെ ടീച്ചറിനു കൊടുക്കനുള്ള പാലില്‍ വെള്ളമൊഴിക്കരുത്‌"

"പാലില്‍ വെള്ളമൊഴിക്കാതെ വിറ്റാല്‍ പശുവിന്റെ അകിടിനു കേടാ...." എന്നായിരുന്നു അമ്മയുടെ മറുപടി.


ടീച്ചറിനു കൊടുക്കുന്ന പാലിന്റെ ക്വാളിറ്റി കൂട്ടാന്‍ ചായക്കടയില്‍ കൊടുക്കുന്ന പാലിന്റെ ക്വാളിറ്റി വീണ്ടും വെള്ളം ചേര്‍ത്ത്‌ കുറയ്ക്കുക എന്ന ഒറ്റ വഴിമാത്രമേ ഞാന്‍ കണ്ടൊള്ളു....(എന്റെ ഗുരുഭക്തി എന്നേക്കൊണ്ടതൊക്കെ ചെയ്യിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി)

കവലയിലെ കടയില്‍ നിന്നും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കാനും എന്റെ സഹായം ടീച്ചറിനാവശ്യമായ്‌വന്നു. ഈ കച്ചവടത്തില്‍ എനിക്കു ആഴ്ച്ചതോറും കുറഞ്ഞത്‌ ഒരു രണ്ടു രൂപയെങ്കിലും ടിപ്പായും ലഭിച്ചിരുന്നു.

അതിനെല്ലാം പുറമെ ഞങ്ങളുടെ സ്കൂളിലെ കുട്ടികളില്‍ നളിനി ടീച്ചറിനു ഏറ്റവും ഇഷ്ടം എന്നോടായിരുന്നു...മറ്റുകുട്ടികള്‍ക്ക്‌ അതില്‍ എന്നോടുണ്ടായിരുന്ന അസൂയ ചില്ലറയല്ല. ഞാന്‍ പരീക്ഷയില്‍ തോറ്റാലൊ, പഠിക്കാതെ വന്നാലൊ ക്ലാസില്‍ കയറാതെ സൈക്കിളുചവിട്ടാന്‍ പോയാലൊ ...ടീച്ചറിനൊരുപരാതിയുമില്ല. മറ്റുള്ളവരാണെങ്കില്‍ നല്ല ചുട്ട അടികൊടുക്കുകയും ചെയ്യും...

ഇങ്ങനെ കാര്യങ്ങളു സ്മൂത്തായി പോയ്ക്കൊണ്ടിരുന്നപ്പോളാണു ഞങ്ങളുടെ സ്കൂളിലെ ചില പൂവാലന്മാര്‍ ടീച്ചറിന്റെ മകളുടെ ഗ്ലാമര്‍ കണ്ട്‌ ഭ്രമിച്ചുപോയത്‌. പല പല വോള്‍ട്ടേജിലുള്ള ലയിനുകളും വലിച്ചുകൊണ്ട്‌ കുറെനാള്‍ പെണ്ണിന്റെ പുറകേ ഇവന്മാര്‍ ചുറ്റിത്തിരിഞ്ഞു...പക്ഷെ മീറ്ററുപിടിപ്പിച്ചു കണക്ഷന്‍ കൊടുക്കാന്‍ ഒരുത്തനും കഴിഞ്ഞില്ല.

ടീച്ചറിന്റെ വീട്ടില്‍ എനിക്കുള്ള പൊസിഷന്‍ അറിയാവുന്ന ലയിന്മാന്മാര്‍ പിന്നെ എന്റെ പുറകെ നടക്കാന്‍ തുടങ്ങി.

പിന്നീട്‌ എനിക്കു നല്ലകാലമായിരുന്നു...എന്നും ചെലവുചെയ്യാന്‍ ആളുകളേറെ ....വെറും പത്തുപൈസാ മിഢായി ഇരന്നാല്‍പോലും വാങ്ങിത്തരാതിരുന്നവമാര്‍ പൊറോട്ടയും മുട്ടക്കറിയും ഒക്കെ വാങ്ങിത്തന്ന് എന്നെ വല്ലാതെ സ്നേഹിക്കാന്‍ തുടങ്ങി...

"രണ്ടുനാഴി അരിയുടെ ചോറുണ്ടാലും മതിയാവാത്ത ചെറുക്കനാ അവനെയൊന്നു ഡോക്ടറെ കാണിക്കണം ഈയിടയായ്‌ ആഹാരം തീരെ കഴിക്കുന്നില്ല!!!..." എന്നെന്റെ അമ്മയേകൊണ്ടു ഇവന്മാരു പറയിപ്പിച്ചു.....

പക്ഷേ ഹെവി ആഹാരം വാങ്ങിത്തരുന്നതിനൊപ്പം ഹെവി ഉത്തരവാദിത്യങ്ങളും ഇവന്മാരെന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങി...ടീച്ചറിണ്ടെ മകള്‍ക്കുകൊടുക്കാന്‍ ചില സമ്മാനങ്ങള്‍, കാര്‍ഡുകള്‍ ചെറിയ ഉപന്യാസങ്ങള്‍......ഇവയില്‍ സമ്മാനങ്ങള്‍ ഞാനെടുക്കുകയും ഉപന്യാസങ്ങളും കാര്‍ഡുകളും വായിച്ചിട്ട്‌ കീറിക്കളയുകയും ചെയ്തുപോന്നു.....

വിശ്യാസ വഞ്ചനയാണു ഞാന്‍ കാണിക്കുന്നതെന്നെനിക്കറിയാം...തിന്നപൊറൊട്ടയ്ക്കുള്ള നന്ദിയെങ്കിലും കാണിക്കണമെന്നും അറിയാം... പക്ഷേ ഇവമ്മാരൊന്നും വിചാരിക്കുന്നതുപോലെ അത്ര എളുപ്പ്മല്ലായിരുന്നു കാര്യങ്ങളുടെ കിടപ്പ്‌..

ഞാന്‍ ടീച്ചറിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെങ്കിലും ഒരിക്കല്‍പോലും ടീച്ചറിന്റെ മകളോട്‌ മിണ്ടുകയോ...എന്തിനു, അവളുടെ മുഖത്ത്‌ നോക്കുകപോലും ചെയ്തിട്ടില്ലാ.അടുത്തുവരുമ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കുന്നതും, ഒരിക്കല്‍ മത്സരത്തില്‍ ഒന്നാം സമ്മനംകിട്ടിയ എന്റെ പുഞ്ചിരി അവളുടെമുമ്പില്‍ പൊഴിക്കുന്നതും, കുശലങ്ങള്‍ ചോദിക്കുന്നതും ഒക്കെ സ്വപ്നം കാണാറുണ്ടായിരുന്നു...

ചില ദിവസങ്ങളില്‍ ടീച്ചര്‍ മകളോടു പറയും "മണിക്കുട്ടീ...സുന്ദരന്റെ കൈയീന്നാ പാല്‍ക്കുപ്പിവാങ്ങിച്ചോളു....ആ സഞ്ചിയെടുത്ത്‌ സുന്ദരന്റെ കൈയില്‍ കൊടുത്തോളു " എന്നൊക്കെ ...

പക്ഷേ ആളടുത്തുവരുമ്പോള്‍..പണ്ടു ശിശുദിനത്തിനു പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറിയ അവസ്ഥയില്‍ ഒന്നും മിണ്ടാതെ തറയില്‍ നോക്കി നില്‍ക്കാനേ എനിക്കു കഴിഞ്ഞിരുന്നൊള്ളു...(ഇതിനെ ഒക്കെ ആയിരിക്കാം അടക്കമൊതുക്കം എന്നും നാട്ടുമ്പുറത്തിന്റെ പരിശുദ്ധിയെന്നും ഒക്കെ വിളിക്കുന്നത്‌!!)

ഈ അവസ്ഥയിലുള്ള ഞാനെങ്ങിനെ എന്റെ സുഹൃത്തുക്കളുടെ ഹൈപവ്വര്‍ ഉപന്യാസങ്ങളും, രണ്ടുകുരുവികള്‍ കൊക്കുരുമുന്ന പടമുള്ള കാര്‍ഡുകളും, ഐ ലവ്‌യു എന്നെഴുതിയ സമ്മാനങ്ങളും അവള്‍ക്കുകൊടുക്കും...

ഇതൊന്നും പൊറൊട്ട മുട്ടക്കറിയുടെ ചാറും കൂട്ടി കുഴച്ചടിക്കുന്ന അത്ര ഈസിയായ പണിയല്ലന്നേ...ഇതൊന്നും പറഞ്ഞാല്‍ ആ മണ്ടന്മാര്‍ക്കു മനസ്സിലാവുകയില്ല അതുകൊണ്ട്‌ ഞാന്‍......

റോയിയോട്‌ ഹോട്ടലില്‍ വച്ച്‌, " നീ ഇന്നലെ ത്തന്ന കത്ത്‌ ഞാന്‍ അവള്‍ക്കുകൊടുത്തപ്പോള്‍ ...ഓ..അവളുതെ മുഖം ചെമന്നുതുടുത്തു....മറുപടി ക്രിസ്തുമസ്സ്‌ പരീക്ഷ കഴിയുന്ന അന്നുതരാമെന്നു പറഞ്ഞ്‌... ഒരു പൊറോട്ടകൂടിയാവാമില്ലേ..."എന്നൊക്കെ പറയും അപ്പോള്‍ അവനും സന്തോഷം എനിക്കും സന്തോഷം.

ഈ കാര്യം തന്നെ വേണുവിണോടും, ഷാജിയോടും, ആന്റോയോടും...പല അവസരത്തില്‍ ചെറിയ ചെറിയ ചെയ്ഞ്ചുകള്‍ വരുത്തി പറഞ്ഞു മോശമല്ലാത്ത രീതിയില്‍ ഞാന്‍ ജീവിച്ചു പോന്നു....ടീച്ചര്‍ മകള്‍ക്കു ടി.സി. വാങ്ങി ഏതോ നല്ലയൊരു ബോര്‍ഡിംഗ്‌ സ്കൂളിലാക്കുന്നതുവരെ...

ഇവിടെ നിര്‍ത്തിയാല്‍ കൊച്ചിന്റെ ഭാവി പോകും എന്നുമ്പറഞ്ഞാണാ കടുംകൈ ടീച്ചര്‍ ചെയ്തത്‌...

പൂവാലന്മാരെല്ലാം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയപ്പോള്‍ ഒരു ജീരകമിഢായിക്കുപോലും മാര്‍ഗ്ഗമില്ലാത്തവനായ്‌ ഞാന്‍ അലഞ്ഞുതിരിഞ്ഞു...

"നമ്മടെ സര്‍ക്കാരാശൂത്രീലെ പുതിയ ഡാക്ടറില്ലേ..മിടുമിടുക്കനാ...ഇവിടുത്തെ എളേവന്‍ വിശപ്പില്ലതായപ്പം ഒന്നുകൊണ്ടോയിക്കാണിച്ചു...പുറത്തേയ്ക്കു കുറിച്ചുതന്നേയൊള്ളു...മരുന്നു വാങ്ങികൊടുത്തുപോലുമില്ല.....ഇപ്പം ഒരു സ്റ്റാമ്പൊട്ടിക്കാന്‍പോലും ചോറിന്‍പറ്റു ഞങ്ങടെവീട്ടിലെടുക്കാനില്ല..."അമ്മ വേലിക്കനിന്ന് അടുത്തവീട്ടിലെ റാഹേലു ചേടത്തിയോടു എന്റെ തിരിച്ചുവന്ന വിശപ്പിനെക്കുറിച്ചു സംസാരിക്കുകയാണ്‍....കേട്ടുനില്‍ക്കുന്ന പെണ്‍കൂട്ടമെല്ലാം ചിരിച്ചുമറിയുന്നു....

എന്നാലുമെന്റെ നളിനിടീച്ചറെ എന്റെ പൊറോട്ടയില്‍ കോക്രോച്ചിനെപിടിച്ചിട്ടല്ലൊ......

Tuesday 13 March 2007

മണലെഴുത്ത്‌

ഒരുകാലത്ത്‌ നാട്ടുകവലയിലെ എല്ലാകുട്ടികളും ചക്കരയുണ്ട ആശാന്റെ കളരിയിലാണു എഴുത്ത്‌ പഠിക്കാന്‍ പോയിരുന്നത്‌.

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം 'നമസ്കാരം ഗുരുദേവാ' എന്നുപറഞ്ഞു തൊഴുതു നില്‍ക്കുന്ന ശിഷ്യഗണങ്ങളേക്കൊണ്ട്‌ പഞ്ചായത്ത്‌ നിറഞ്ഞുകവിഞ്ഞപ്പോള്‍,
"ഈ പോക്കുപോയാല്‍ ലോകം മുഴുവന്‍ എന്റെ ശിഷ്യന്മാരെക്കൊണ്ടു നിറയും" എന്ന ഒരു എടുത്താല്‍ പൊങ്ങാത്ത പ്രവചനവും ആശാന്‍ നടത്തുകയുണ്ടായി.

ആശാന്റെ പ്രവചനത്തെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കവലയിലെ അക്കാലത്തെ ജനന നിരക്ക്‌...എന്തുമാത്രം പടുകുരുപ്പുകളെയാ ആശാന്‍ അവിടെ പഠിപ്പിച്ചു തള്ളിയത്‌...ഒരെളുപ്പത്തിനു പറയാന്‍ വീടൊന്നുക്ക്‌ പത്ത്‌ ശിഷ്യന്മാര്‍ എന്നതായിരുന്നു കണക്ക്‌.

ഈ ആശാന്റെ പേരെന്താണെന്നു ചോദിച്ചാല്‍ കാക്കത്തൊള്ളായിരം ശിഷ്യന്മാരും ആശാന്‍ പഠിപ്പിച്ച അക്ഷരമാലയിലെ 'ക'യും 'ഷ'യും കൂട്ടി എഴുതിനില്‍ക്കുകയേയുള്ളു......ആര്‍ക്കുമറിയില്ല ഗുരുവിന്റെ നാമം.... കേള്‍ക്കെ ആശാനേന്നും... , കേള്‍ക്കാതെ ചക്കരയുണ്ടഅശാനേന്നും വിളിക്കും.

ആശാന്റെ വലത്തു കൈയുടെ മുട്ടിന്മേലുള്ള മുഴുത്ത ഒരു മുഴയാണീ വിളിപ്പേരിന്റെ അടിസ്ഥാനം. ആശാന്‍ മണലില്‍ അക്ഷരങ്ങള്‍ എഴുതി മായ്ക്കുമ്പോള്‍ പഠിച്ചുപഠിച്ച്‌ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹമുള്ള ശിഷ്യന്മാര്‍ അക്ഷരങ്ങളേയും...ഗവേഷകരാകാന്‍ താല്‍പര്യമുള്ള ശിഷ്യന്മാര്‍ ആശാന്റെ ഉണ്ടയും (കൈമുട്ടിന്മേലുള്ള) നോക്കിയിരുന്നു കാലം കഴിച്ചിരുന്നു ആ നല്ല നാളുകളില്‍....

അപ്രതീക്ഷിതമായി ആശാനു ശനിദിശ ആരംഭിക്കുന്നു...ശനി വന്നതോ ....വെള്ളയുടുപ്പും തലയില്‍ മുണ്ടും കഴുത്തില്‍ കുരിശും ഒക്കെയിട്ട കന്യാസ്ത്രീ രൂപത്തിലും. കവലയുടെ വിദ്യാഭ്യാസ മേഖലയിലെ ആശാന്റെ കുത്തക പൊളിക്കാനായ്‌ പള്ളിവക പ്രൈമറി സ്കൂളിനോടു ചേര്‍ന്ന് കന്യാസ്ത്രീമാര്‍ ഒരു നഴ്സറിസ്കൂള്‍ ആരംഭിച്ചു.

കളിക്കുതിരയിലേറ്റി കളിപ്പിക്കാം... കളിയൂഞ്ഞാലാട്ടിത്തരാം... എന്നെല്ലാം പറഞ്ഞ്‌ കുറേയേറെ കുട്ടികളെ അവര്‍ വശീകരിച്ചു... മലയാളത്തോടൊപ്പം ഇംഗ്ലീഷും പഠിപ്പിക്കാം എന്നുംപറഞ്ഞ്‌ കുട്ടികളുടെ അപ്പനമ്മമാരേയും വശീകരിച്ചു...കലാശക്കൊട്ടായ്‌ കന്യാസ്ത്രീകള്‍ കവലയിലെ ഭൂരിഭാഗം വരുന്ന ക്രിസ്ത്യന്‍ വീടുകളില്‍ കയറി കുരിശും കൊന്തയും കാശുരൂപവും വിതരണം നടത്തിയതോടെ എല്ലാം പൂര്‍ത്തിയായി...

ഫലമോ...സ്ക്രീനും ഹാളും നിറഞ്ഞോടിയിരുന്ന ജയമാലിനി ഫിലിം മാറ്റിയിട്ട്‌ കുമാരസംഭവം ഓടിച്ച വെള്ളത്തൂവല്‍ വിജയാ ടാക്കീസിന്റേം...ചക്കരയുണ്ട ആശാന്റെ എഴുത്തുപുരയുടേം സ്ഥിതി ഏകദേശം ഒന്നു തന്നെയായിരുന്നു.

പുതിയ ബേഗും പുതിയ ഉടുപ്പും കഴുത്തുമ്മേ കുടുക്കും കാലുമ്മ്മെ ഷൂസും ഒക്കെയായി പുതുകുരുപ്പുകള്‍ എഴുത്തുപുരയ്ക്കുമുമ്പിലൂടെ നഴ്സറിസ്കൂളിളോട്ടൊഴുകിയപ്പോള്‍ ഇമിറ്റേഷന്‍ ചക്കരയുണ്ട കാണിച്ച്‌ ഒരു വശീകരണ ശ്രമത്തിനു ആശാനും മുതിര്‍ന്നു...എന്നാല്‍ ഒറിജിനല്‍ അരിയുണ്ടയും എള്ളുണ്ടയും കുട്ടികള്‍ക്കു കൈക്കൂലി കൊടുത്ത്‌ കന്യാസ്ത്രിയമ്മമാര്‍ തിരിച്ചടിച്ചു.

കവലയിലെ ഏകദേശം എല്ലാ വീടുകളിലും 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഹിറ്റ്‌ ഗാനം പലവുരു ഉയര്‍ന്നിട്ടും ... ഞാന്‍ ഈ നാട്ടുകാരനല്ലേ!!!... എന്ന മട്ടിലാരുന്നു എന്റെ അപ്പച്ചന്റെ പെരുമാറ്റം.

കവലയിലെ എല്ലാകുട്ടികളേയും പോലെ കളിക്കുതിരയും കളിയൂഞ്ഞാലും മോഹിച്ച എനിക്കു വിധിച്ചതോ ചക്കരയുണ്ട ആശാന്റെ കീഴില്‍ മണലെഴുത്ത്‌...കൂട്ടുകാരെല്ലാം മുത്തുപിടിപ്പിച്ച സ്ലേറ്റിലും കടലാസ്സിലും ഒക്കെ എഴുതുമ്പോള്‍ കുഞ്ഞിളം വിരലിനാല്‍ ഞാനെഴുതേണ്ടതു മണലില്‍...

ഭാവി ജീവിതത്തിന്റെ അടിത്തറ സുശ്ക്തമാകണമെങ്കില്‍ അടിസ്ഥാനം ആശാങ്കളരിയില്‍ തന്നെയിടണം എന്നാണു അപ്പച്ചന്റെ നിലപാട്‌....നഴ്സറിസ്കൂളിലെ ഉയര്‍ന്ന നിരക്കിലുള്ള ഫീസല്ലെ ഇത്തരം പഴഞ്ചന്‍ തത്വ ശാസ്ത്രങ്ങള്‍ അപ്പച്ചനെ കൊണ്ട്‌ പറയിപ്പിച്ചത്‌ എന്ന് ഇന്നും ഞാന്‍ ബലമായി സംശയിക്കുന്നു.

കീഴ്ക്കോടതി ശിക്ഷ വിധിച്ച പ്രതി മേല്‍ക്കോടതിയേ സമീപിക്കുന്നതുപോലെ ഞാന്‍ പട്ടാളം അപ്പൂപ്പന്റെ അടുത്ത്‌ അപ്പീലിനു പോയ്നോക്കി...

എനിക്കു മണലില്‍ എഴുതുന്ന ആശാന്‍ കളരി വേണ്ട നഴ്സറിസ്കൂളില്‍ വിടാന്‍ ശുപാര്‍ശ ചെയ്യണം എന്നു പറഞ്ഞപ്പോള്‍ പട്ടാളക്കാരന്‍ ചോദിക്കുകയാ...

"മുതിരപ്പുഴ ആറിനു കുറുകേ പാലം പണിതപ്പോള്‍ കമ്പീം മെറ്റലും സിമന്റും പിന്നെ മണലും അല്ലെ ചേര്‍ത്തത്‌...കളിക്കുതിരേം കളിയൂഞ്ഞാലും ബൂക്കും കല്ലുപെന്‍സിലും ഒന്നുമല്ലാല്ലോ...." ജവാന്‍ പറഞ്ഞുവരുന്നത്‌ എന്താണെന്നു വച്ചാല്‍ വിദ്യാഭ്യാസത്തിനു കോണ്‍ക്രീറ്റുപോലെ ഉറച്ച അടിത്തറ കിട്ടാനാണു മണലില്‍ എഴുതുന്നതെന്നാണു.

അങ്ങിനെയാണെങ്കില്‍ വല്യേട്ടന്‍ എഴുതേണ്ടത്‌ മിറ്റലിലും കൊച്ചേട്ടനെഴുതേണ്ടത്‌ കമ്പിയിലും ചേച്ചി എഴുതേണ്ടതു സിമന്റിലുമല്ലേ എന്ന എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ പട്ടാള ക്യാമ്പിലേയ്ക്കു മടങ്ങുകയാണുണ്ടായത്‌....അപ്പൂപ്പന്‍ യുദ്ധത്തില്‍ തോറ്റുപോട്ടെ....

എന്റെ ആശാന്‍ കളരി ജീവിത കാലത്ത്‌ ആശാന്‍ മണലില്‍ എഴുതിയ അക്ഷരങ്ങളേക്കാളും കൂടുതല്‍ ഞാന്‍ ഉറ്റുനോക്കിയത്‌ ആശാന്റെ കൈമുട്ടിലെ ആ ഉണ്ടയാണു...കൈയുടെ ഓരോ ചലനത്തിനും ഒപ്പിച്ചു ചലിക്കുന്ന ആ ഉണ്ടയാണു ഞങ്ങളില്‍ പലരുടേയും ഹോംസിക്നെസ്സ്‌ മറ്റിത്തന്നത്‌. ഈ ആശാന്റെ ശിഷ്യന്മാര്‍ ഞാനടക്കം അക്ഷരത്തെറ്റോടുകൂടി എഴുതുതാനുള്ള കാരണവും ഈ ഉണ്ട നോട്ടം തന്നെയല്ലെ എന്നും ഞാന്‍ ബലമായ്‌ സംശയിക്കുന്നു. (പഠിക്കാന്‍ വിട്ടകാലത്ത്‌ ഉണ്ടയും നോക്കി നടന്നു എന്ന പഴംചൊല്ല് നാട്ടുകവലയില്‍ ഉണ്ടായതിങ്ങനെയാണു)

വര്‍ഷങ്ങള്‍ ഒരുപാടുകഴിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ആശാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു...എന്തൊക്കെപറഞ്ഞാലും എഴുത്തുപുരയിലെ മണലെഴുത്തില്‍ നിന്നാണു വളരെ മനോഹരമായ കൈയക്ഷരം എനിക്കു ലഭിച്ചത്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു ഒപ്പം പ്രിയപ്പെട്ട ആശാനെ നന്ദിയോടെ സ്മരിക്കുന്നു.

ഈയിടെ ഒരു ഇറ്റാലിയന്‍ സഹപ്രവര്‍ത്തകന്‍ എന്റെ മനോഹരമായ കൈയക്ഷരം കണ്ട്‌ അത്ഭുതപ്പെട്ട്‌ ചോദിച്ചു ..

"സുന്ദരാ എങ്ങിനെ നിനക്കിത്ര സുന്ദരമായി എഴുതാന്‍ കഴിയുന്നു?..."

ആശാങ്കളരിയിലെ മണലെഴുത്ത്‌!!....അതിനാണു ഞാന്‍ ഫുള്‍ ക്രെഡിറ്റും കൊടുത്തത്‌.

കാടിവെള്ളത്തിനു പകരം കള്ളുകുടിച്ച പോത്ത്‌ കണ്ടം ഉഴുതതുപോലെയുള്ള അവന്റെ കയ്യക്ഷരത്തില്‍ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവന്‍ അവനോടു തന്നെ പറഞ്ഞു...

"ഇറ്റലിയിലും കുട്ടികള്‍ക്ക്‌ മണലെഴുത്ത്‌ നിര്‍ബന്ധമാക്കണം ...എന്നാലേ നല്ല കയ്യക്ഷരത്തില്‍ എഴുതുന്ന പുതിയ തലമുറ ഇവിടെ ഉണ്ടാകൂ...."

....പിന്നെ പിന്നെ ഒരുപാടെഴുതിയതുതന്നേ........മണലുകണ്ടാല്‍ തുണിയുംപറിച്ചെറിഞ്ഞിട്ട്‌ അതിന്മേലോട്ട്‌ മലര്‍ന്നുകിടക്കണ ഇവന്റെയൊക്കെ കൈയക്ഷരം നന്നാക്കാന്‍ രണ്ടുകൈമുട്ടിലും ഉണ്ടയുള്ള ആശാന്‍ വന്നാല്‍പോലും നടക്കില്ല ....നടക്കില്ല....നടക്കില്ല!!!..

Sunday 11 March 2007

ജിജോയും അവന്റെ ഫാദറും പിന്നെ ഞാനും

ശ്രീനിവാസ്പുരിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌ ആരാണെന്നു ചോദിച്ചാല്‍ എനിക്കു രണ്ടാമതൊന്ന് ചിന്തിക്കെണ്ട കാര്യമില്ല ജിജോ എന്നു പറയാന്‍.

അവന്‍ എന്നേപ്പോലെ സുന്ദരനാണു....എന്നേക്കാളും മൂന്നിരട്ടി ഫിഗറുള്ളവനാണു....ഡബിള്‍ ചങ്കനാണു...

ഒരിക്കല്‍ മലയാളീ അസ്സോസിയേഷന്റെ വാര്‍ഷികത്തിനു വലിക്കാന്‍ കൊണ്ടുവന്ന ഒന്നാന്തരം വടം കൊടുവാളിനു വെട്ടി രണ്ട്‌ പീസാക്കിമാറ്റിയിട്ട്‌ "പുവര്‍ ക്വാളിറ്റി" എന്നുപറഞ്ഞ വിനീത മാനസ്സനാണവന്‍.

എന്റെ കാലുകളുടെ വണ്ണം അവന്റെ കൈകള്‍ക്കുണ്ടായിരുന്നതിനാല്‍ കയ്യെത്താ ദൂരത്ത്‌ മാറി നിന്നിട്ടാണെങ്കിലും ഒരിക്കല്‍, " നിന്റെ അപ്പനിട്ടു ഇന്നു ഞാന്‍ രണ്ടുപൊട്ടിക്കും" എന്ന് അവന്റെ മുഖത്തുനോക്കിപറയേണ്ട ഗതികേട്‌ എനിക്കുണ്ടായി.

ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല.....

ഡല്‍ഹിയില്‍ ചെന്നതിന്റെ പിറ്റേന്നാരംഭിച്ചതാണു തൊഴിലന്വേഷണം...പരിചയമില്ലാത്ത ഭാഷയും അത്രപോലും പരിചയമില്ലാത്ത വഴികളും...പത്രത്താളുകളില്‍ ജോലിക്ക്‌ ആളുകളെ ആവശ്യമുണ്ടെന്ന പരസ്യം കാണുമ്പോള്‍ മുതല്‍ അന്വേഷിച്ചാല്‍ ഇന്റര്‍വ്യൂവും കഴിഞ്ഞ്‌, നിയമനവും കഴിഞ്ഞ്‌, ആദ്യ മാസത്തെ ശമ്പളവും കൊടുത്തുകഴിഞ്ഞിട്ടാവും ഞാന്‍ സ്ഥലം കണ്ടുപിടിച്ചെത്തുന്നത്‌.

ഈ ദുരവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ഭാരമേറിയതെങ്കിലും തന്റെ ഇരുകരങ്ങളും നീട്ടിവന്നവനാണു ജിജോ.... ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ 'തൊഴിലന്വേഷകരെ ഇതിലേ..ഇതിലേ'യും ചുരുട്ടിപ്പിടിച്ച്‌ ന്യൂഡല്‍ഹിയുടേയും ഓള്‍ഡ്‌ഡല്‍ഹിയുടെയും അറയും നിരയും അരിച്ചുപെറുക്കിയവരാണു ഞങ്ങള്‍.

"യൂ ആര്‍ അണ്‍ ഫിറ്റ്‌" എന്നുകേള്‍ക്കുമ്പോള്‍ വെറും കരിമ്പിന്‍ നീരുവാങ്ങിക്കുടിച്ച്‌ ദുഖം പങ്കിട്ടവരും പങ്കിട്ട്‌ പങ്കിട്ട്‌ ദുഖമെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പെപ്സി വാങ്ങിക്കുടിച്ച്‌ 'ആഹാ!' ളാദിച്ചവരും ഞങ്ങള്‍.

ഒരു മാസ്സത്തെ നിരന്തരമായ തൊഴിലന്വേഷണത്തിനു ശേഷം ഒരാഴ്ച്ചത്തെ ലീവെടുത്ത്‌ ഫുള്‍ടൈം പാര്‍ക്കില്‍ ക്രിക്കറ്റു കളിച്ച്‌ അര്‍മാദിച്ചുനടന്ന ആ നല്ല നാളുകളില്‍ ലോകമനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ശ്രീനിവാസ്പുരിയില്‍ അരങ്ങേറി‌....സതീശന്‍ബായി എന്നറിയപ്പെടുന്ന ഒരു ഡല്‍ഹി മലയാളീ പൗരന്റെ വീടിന്റെ പൂട്ട്‌ പട്ടാപകല്‍ തല്ലിപ്പൊളിച്ച്‌ പതിനായിരത്തോളം രൂപയുടെ ഇലക്ട്രോണിക്സ്‌ സാധനങ്ങളും, ചിട്ടിപിടിച്ചുവച്ചിരുന്ന നാല്‍പത്തയ്യായിരത്തോളം രൂപയും, നാട്ടില്‍ പെങ്ങളുടെ കല്യാണത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന മൂന്നരപ്പവന്‍ പൊന്നും ഏതോ ചില ______മക്കള്‍ അടിച്ചുമാറ്റിക്കൊണ്ടുപോയി.

ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയ സതീശന്‍ബായി ഒരു വര്‍ഷത്തെ തന്റെ പരിശ്രമ ഫലം ഒരു ദിവസ്സംകൊണ്ട്‌ അപ്രത്യക്ഷമായതറിഞ്ഞ്‌ ജലപാനംപോലും കഴിക്കാതെ ശൂന്യതയിലേക്കു നോക്കി കുത്തിയിരിപ്പാരംഭിച്ചു....എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കണം എന്നറിയാതെ അടുത്ത സുഹൃത്തുക്കള്‍ മൗനത്തില്‍ പങ്കു ചേര്‍ന്ന് ഒഴിവുകണ്ടിടത്തെല്ലാം കുത്തിയിരുന്നപ്പോള്‍; ഒരേഒരാള്‍ മാത്രം കഡോര, കിഡോര, കടിന, കിടിനമായ ഒരു പ്രസ്ഥാവനയുമായി രംഗത്തുവന്നു...

"എന്റെ മോനേം അവന്റെ പുതിയ കൂട്ടുകാരനേം പിടിച്ച്‌ നാലു പൂശുപൂശിയാല്‍ കളവുമുതല്‍ പോയ വഴിയേതിരിച്ചുവരും"

ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കിയതിനു ഈ കലാകാരന്‍ പറയുന്ന കാരണം ...

"അവമ്മാരുമാത്രമേ തൊഴില്‍ രഹിതരായ്‌ ഈ കോളനിയില്‍ ഉള്ളു എന്നാണു."

സ്വന്തം മകനേയുംകൂടി കക്ഷിചേര്‍ത്ത്‌ മനോഹരമായ ഒരു പ്രസ്ഥാവനഇറക്കിയ ഈ കലാകാരനിട്ട്‌ രണ്ടുപൊട്ടിക്കും എന്നാണു ആമകന്റെ മുഖത്തുനോക്കി കയ്യകലത്തില്‍ നിന്നാണെങ്കിലും ഞാന്‍ പറഞ്ഞത്‌.

അപ്പോള്‍ ജിജോ അവന്റെ കഥപറഞ്ഞതിങ്ങനെ....

നാട്ടില്‍ നിലയും വിലയും ഉള്ള ഒരു കുടുമ്പത്തില്‍ പിറന്ന ഒരു 'പടുകുരുപ്പാ'യിരുന്നു അവന്റെ താതന്‍. വീതമായികിട്ടിയ കുടുമ്പസ്വത്തെല്ലാം കുടിച്ചും കളിച്ചും മുടിച്ചു. കടം കേറിമൂടി നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ രാവുക്ക്‌ രാമാനം നാടുവിടുന്നു, ഒരു കൈക്കുഞ്ഞുമായി ഭാര്യയും പുറകേ.

അവസാനം ഡല്‍ഹിയില്‍ വന്നടിഞ്ഞു...

അവിടെയും വളരെ മനോഹരമായി വെള്ളമടി തുടരുന്നു. അമ്മ സ്വന്തം താലിമാല വിറ്റ്‌ (ഭാഗ്യത്തിനോ..ദൗര്‍ഭാഗ്യത്തിനോ അതുമാത്രം അവശേഷിച്ചിരുന്നു) ഒരു തയ്യല്‍മിഷ്യന്‍ വാങ്ങി രാപകലില്ലാതെ ചക്രം ചവിട്ടി കുടുമ്പം മുന്‍പോട്ടുകൊണ്ടുപോകുമ്പോഴും... ചില്ലറ നാണയങ്ങളും വീട്ടുപകരണങ്ങളും അപഹരിക്കാനും പിന്നെ കഞ്ഞികുടിക്കാനും മാത്രമേ കലാകാരന്‍ വീട്ടില്‍ വന്നിരുന്നൊള്ളു.

നന്നായ്‌ പഠിക്കാനുള്ള കഴിവുണ്ടായിരുന്ന ജിജോ പ്ലെസ്‌ ടു പോലും മുഴുമിപ്പിക്കാതെ വിഷാദരോഗത്തിനു അടിമയായിത്തീര്‍ന്നു.

ഈ ലോകത്തില്‍ കിട്ടാവുന്ന എത്രമുന്തിയ തരം ഫില്‍റ്റര്‍ വച്ചരിച്ചാലും ജിജോയുടെ അപ്പനില്‍നിന്നും ഒരു തരി നന്മ തിരിച്ചെടുക്കാനാവില്ല എന്നത്‌ ഞാനും നേരിട്ടനുഭവിച്ച സത്യം.

** ** ** ** ** ** ** **
കാലം പല അത്ഭുതങ്ങള്‍ക്കും സാക്ഷി ആകേണ്ടിവന്നിട്ടുണ്ടല്ലോ അതുപോലെയൊന്ന്, എനിക്കും ജോലിയായി...
പിന്നെ ചില വര്‍ഷങ്ങളും കഴിഞ്ഞു...

എല്ലാ വൈകുന്നേരങ്ങളിലും ജിജോ എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഒരു ദിവസംപോലും അവനെന്നെയോ എനിക്കവനെയോ കാണാതിരിക്കാന്‍ വയ്യാത്ത അവസ്ഥ. എനിക്ക്‌ ജിജോ സ്വന്തം അനിയനേപ്പോലെ ആയിത്തീര്‍ന്ന ആ കാലങ്ങളില്‍ വീട്ടില്‍ വന്നാലുടന്‍ തന്നെ എന്റെ ഗിറ്റാര്‍ എടുത്ത്‌ അവന്‍ പാടും... ശ്രീനിവാസപുരിയിലെ ഒരു മലയാളിക്കും മനസ്വിലാകാത്ത ഭാഷയില്‍ ....

"യെങ്കാ...പിങ്കാ മാലുപ്പുട്ടാളാ...
മാലുപ്പുട്ടാളാ....യെനഗേ മാലുപ്പുട്ടാളാ....
യെങ്കാ പിങ്കാ പുതീഗന ബുട്ടാളാ...
ചമഗ്‌ ചമഗ്‌ മപ്പീലു ബക്കേയാവരു പുട്ടാളാ
യെങ്കാ പിങ്കാ മാലുപ്പുട്ടാളാ"

എത്ര ചോദിച്ചിട്ടും ഈ പാട്ടിന്റെ അര്‍ത്ഥം ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടില്ലവന്‍..

ഉള്ളിന്റെ ഉള്ളിലെ വിങ്ങല്‍ ഏതോ ഒരു ആദിവാസി ഭാഷയില്‍ പാടുന്നതായിരിക്കാമെന്നാണു എന്റെ കസിന്‍ ജോബിയുടെ വിലയിരുത്തല്‍...

പതിവിനു വിവരീതമായി ഒരു ദിവസം ജിജോ എന്റെ വീട്ടില്‍ വന്നില്ല. എന്താണു കാരണം എന്നറിയാന്‍ ഞാനും ജോബിയും അവന്റെ വീട്ടില്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ അവിടെയെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല. അടുത്ത വീട്ടിലുള്ളവരോടു ചോദിച്ചപ്പോളാണു ഞെട്ടിക്കുന്ന ആ വാര്‍ത്ത ഞങ്ങളറിഞ്ഞത്‌.

ജിജോയുടെ പിതാശ്രീ അന്തരിച്ചു....

.സംഭവം ഇങ്ങനെ...ഉച്ചയൂണിനു ശേഷം കട്ടിലില്‍ മലര്‍ന്നുകിടന്നു വിശ്രമിക്കുകയായിരുന്ന കഥാപുരുഷന്‍ സീലിങ്ങില്‍ ഫാന്‍ കൊളുത്തിയിടാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ കൊളുത്ത്‌ കാണുകയും തന്റെ വകയായി എന്റെങ്കിലും അവിടെ തൂക്കണമല്ലോ എന്നോര്‍ത്ത്‌ സ്വയം അതിമ്മേലോട്ടു തൂങ്ങുകയുമാണുണ്ടായത്‌.

പിറ്റേന്നു ഗവണ്മെന്റാശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃദദേഹം ഏറ്റുവാങ്ങാന്‍ അടുത്ത പരിചയക്കാരായ ഞങ്ങള്‍ എല്ലാം പോയിരുന്നു. ശവശരീരങ്ങള്‍ കണ്ടാല്‍ തലകറങ്ങും എന്ന ഒറ്റക്കാരണത്താല്‍ ഒരു മരണവീട്ടില്‍പോലും പോയിട്ടില്ലാത്ത എന്റെ കസിന്‍ ജോബിയും ഫ്രണ്ട്ഷിപ്പിന്റെ ആഴം ഒന്നുകൊണ്ടുമാത്രമാണു കൂടെ വന്നത്‌.

മോര്‍ച്ചറിയുടെ വരാന്തയില്‍ കുത്തിയിരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്ന ഞങ്ങളുടെ പുറകില്‍ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ ഏതാനും പരേതന്മ്മാരെ കൊണ്ടുവന്നു കിടത്തിയത്‌ ചര്‍ച്ചയുടെ ചൂടില്‍ ആരും ശ്രദ്ധിച്ചില്ല. ജീവിതത്തിലൊരിക്കലും കണ്ടിട്ടുകൂടിയില്ലാത്ത ഏതോ ഒരു മനുഷ്യന്റെ ബോഡിയെ തഴുകിക്കൊണ്ടിരുന്ന ജോബി അവിചാരിതമായൊന്നു തിരിഞ്ഞുനോക്കുകയും അഭിപ്രായമൊന്നും പറയാതെ നിലംപതിക്കുകയും ചെയ്തു.

രണ്ടുലിറ്റരിന്റെ ബിസ്‌ലേരി മിനറല്‍ വാട്ടര്‍ ബോട്ടില്‍ തിടുക്കത്തില്‍ വാങ്ങിക്കൊണ്ടുവന്നു. അരലിറ്ററോളം വിലയേറിയ വെള്ളം മുഖത്തു തളിച്ചതിനു ശേഷമാണു അവന്‍ കണ്ണുതുറന്നത്‌...ബാക്കി ഒന്നര ലിറ്റര്‍ വെള്ളം ഒറ്റയിരുപ്പില്‍ കുടിക്കുകയും ചെയ്തു.

പിതാ ശ്രീയുടെ ബോഡി ഒപ്പിട്ടുവാങ്ങാന്‍ മോര്‍ച്ചറിക്കകത്തോട്ടു പോയ ജിജോ മതിലുമ്മേല്‍ അടിച്ച പന്തുപോലെയാണു തിരിച്ചു വന്നത്‌. മോര്‍ച്ചറിയിലെ മണം സഹിക്കവയ്യാത്തതിനാല്‍ മൂക്കും വായും മൂടിക്കെട്ടാന്‍ ഒരു ടവ്വല് ചോദിക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ഗ്യാങ്ങില്‍ ജോബി മാത്രമേ അന്നു ടവ്വല്‍ ഉപയോഗിചിരുന്നൊള്ളു...അവനാണെങ്കില്‍ വിയര്‍പ്പിന്റെ അസുഖം കൂടുതലുള്ളവനും....

ജോബിയുടെ ടവ്വല്‍ വാങ്ങി മൂക്കിനോടടുപ്പിച്ച ജിജോ പെട്ടന്നു തന്നെ ടവ്വല്‍ തിരിച്ചുകൊടുത്തിട്ടു പറഞ്ഞു "പൊന്നു സുഹൃത്തേ മോര്‍ച്ചറി ഇത്രയൊന്നുമില്ലാട്ടൊ"...

അന്തിമ ശുശ്രൂഷകള്‍ക്കായി പരേതന്റെ ദേഹം പള്ളിയകത്ത്‌ വച്ചപ്പോള്‍ കര്‍മ്മങ്ങള്‍ക്കു നേതൃത്തം നല്‍കാന്‍ വന്നത്‌ ആയിടെ നാട്ടില്‍നിന്നും എത്തിയ ഒരു കൊച്ചച്ചനായിരുന്നു. പരേതനെ എന്നല്ല, ആകൂട്ടത്തിലുള്ള ആരേയും തന്നെ ഇതിനുമുമ്പു കണ്ടിട്ടും കൂടിയില്ലാത്ത കൊച്ചച്ചന്‍ ചടങ്ങുകള്‍ ആരംഭിച്ചു.

പെട്ടന്നു പള്ളിയിലെ കരണ്ട്‌ പോവുകയും ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാല്‍ പ്രാര്‍ത്ഥനകള്‍ ശരിയായ്‌ ചൊല്ലാന്‍ അച്ചനു സാധിക്കാതെ വരികയും ചെയ്തു. പള്ളിയുടെ ഒരു മൂലയ്ക്കു മാറി ചുരുണ്ടുകൂടി നിന്നിരുന്ന ജോബിയെ കൈകാട്ടി വിളിച്ച്‌ അച്ചന്‍ പറഞ്ഞു, "താനോരു മെഴുകുതിരിയും കത്തിച്ചുപിടിച്ചിവിടെ നില്‍ക്കു..."

മെഴുകുതിരിയുമായ്‌ ജോബി വന്നപ്പോള്‍ അച്ചന്‍ വീണ്ടും വായന ആരംഭിച്ചു...
"ഒന്നുകില്‍ അച്ചന്റെ പുറത്ത്‌ അല്ലെങ്കില്‍ ഡെഡ്‌ ബോഡീടെ നെഞ്ചത്ത്‌" എന്ന പഴംചൊല്ലിനെ സാധൂകരിക്കാന്‍ എവിടെയെങ്കിലും ജോബി വീഴും എന്നു കരുതിയവര്‍ വെറുതേ മണ്ടന്മാരായി... ജോബി വീണില്ല...അന്നത്തോടെ അവന്റെ പേടി മാറുകയാണുണ്ടായത്‌.

അവസാനമായി അച്ചന്റെ വക ചരമപ്രസംഘം ആരംഭിച്ചു...

മരിച്ചവരെപ്പറ്റി നല്ലതു മാത്രമേ പറയാവൂ എന്ന ഒരു കീഴ്‌വഴക്കം ഉള്ളതിനാലും, പരേതനെ വ്യക്തിപരമായ്‌ അറിയില്ലാത്തതിനാലും അച്ചന്‍ തന്റെ പ്രസംഗത്തിനിടയില്‍ ഇങ്ങനെയെല്ലാം പറയുകയുണ്ടായി...

"ഈ മകന്റെ ജീവിതം ഇവിടെ കൂടിയിരിക്കുന്ന നമുക്കോരൊരുത്തര്‍ക്കും മാതൃകയാണു...ഒരു നല്ല ക്രിസ്ത്യാനി എങ്ങിനെ ജീവിക്കണമെന്നു,...സഹജീവികളോട്‌ എങ്ങനെ പെരുമാറണമെന്ന് അഥവാ എങ്ങിനെ ബിഹേവു ചെയ്യണമെന്ന് ...തന്റെ ജീവിതത്തിലൂടെ നമുക്ക്‌ കാട്ടിത്തന്നിരിക്കുകയാണ്‍......നമുക്കു മനസ്സിലാക്കിത്തന്നിരിക്കുകയാണ്‍....."

"ഒരു നല്ല ഭര്‍ത്താവായി അഥവാ ഗൃഹ നാഥനായി,..കുടുമ്പ നാഥനായി...ഒരു നല്ല പിതാവായി...സ്നേഹമുള്ള ഒരപ്പച്ചനായി...ഒരു ഫാദറായീ.................."

പ്രസംഗം അങ്ങിനെ നീളുമ്പോള്‍ ജിജോയുടെ അമ്മ വിതുമ്പിക്കരച്ചില്‍ നിറുത്തി ചുറ്റും നോക്കിയിട്ട്‌ അടുത്തിരുന്ന മകന്റെ ചെവിയില്‍ എന്തോ ചോദിക്കുകയുണ്ടായി.....

"മരിച്ചത്‌ നമ്മുടെ അപ്പച്ചന്‍ തന്നെയല്ലേ മോനേ....?!!!" എന്നായിരിക്കാം.

Wednesday 7 March 2007

വേലിയില്‍ ഇരുന്നത്‌

രാവിലെ ഒമ്പതുമണിതൊട്ട്‌ വൈകുന്നേരം അഞ്ചുമണിവരെ ആപ്പീസില്‍ കുത്തിയിരുന്ന് ജോലിചെയ്തുകഴിഞ്ഞ്‌ എത്രയും പെട്ടന്നു വീട്ടിലെത്താനായി എല്ലാ ജോലിക്കാരും അവരുടെ കെട്ടും ഭാണ്ഡവും മുറുക്കുന്ന നേരത്ത്‌ തമിഴന്‍ മാനേജരുവന്ന് പറയും -

"റൊമ്പ അര്‍ജന്റാന ഒറു വേലയിരുക്ക്‌ ...അന്ത ഐ.ഡി.ബി.ഐ. പ്രൊജെക്ടില്ലയാ....ബ്ല..ബ്ല..ബ്ല...ബ്ല..............."

ഒരു മൂന്നു മണിക്കൂറുകൂടി ആരെങ്കിലും എന്നോടൊപ്പം ഇവിടെ കുത്തിയിരിക്കണം. അതി ഭീകരമായ ഒരു പ്രോജക്ട്‌ ഉണ്ടാക്കി നമുക്ക്‌ എം.ഡി. യുടെ മേശപ്പുറത്ത്‌ ഇന്നുതന്നെ തട്ടിയേച്ചു പോകണം ...നാലെ രാവിലെ വരുമ്പോള്‍ കണ്ട്‌ ഞെട്ടട്ടെ..എന്നെല്ലാമാണു തമിഴന്‍ പറയുന്നത്‌.

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ അഞ്ചുമണിവരെ വെറുതെ പഞ്ചസാരയും കലക്കി കണ്ട ഗോസായിപെണ്ണുങ്ങളുടെ മുമ്പിലൂടെ സ്പ്രേ ചെയ്തു നടന്നിട്ട്‌ അഞ്ചുമണികഴിഞ്ഞപ്പോളാണ്‍ ജോലിചെയ്യാന്‍ വരുന്നത്‌...

ഒരു ശരാശരി ജീവനക്കാരന്‍ എങ്ങിനെ പ്രതികരിക്കും...

"സാര്‍..ദിസ്‌ ഈസ്‌ റ്റൂ മച്‌ സാര്‍...
ഇന്നേയ്ക്കു വീട്ടില്‍ അര്‍ജന്റായി ഒരു വേലയിറുക്ക്‌ സാര്‍...എന്നെ വിട്ടിടിങ്കോ.."

എന്നാല്‍ സുന്ദരനായ ഈ ഞാന്‍ മാത്രം എക്സ്ട്രാ ഡ്യൂട്ടീടെ കാര്യം ആരുപറഞ്ഞാലും ഇങ്ങനയേ പ്രതികരിക്കൂ....

"വിത്ത്‌ ഗ്രേറ്റ്‌ പ്ലെഷര്‍ സാര്‍..."

ജോലിയോട്‌ അന്നും ഇന്നും എനിക്കുള്ള ആത്മാര്‍ത്ഥ....അതൊന്നുകൊണ്ടുമാത്രമാണ്‍...(കള ..കള..വെറുതെ ഓവറാക്കണ്ട)

എട്ടുമണിവരെ ആപ്പീസില്‍ എന്തെങ്കിലും കാരണം പറഞ്ഞു കുത്തിയിരുന്നാല്‍ ഒരു അമ്പത്‌ രൂപ ആട്ടോചാര്‍ജായി എഴുതിയെടുക്കാം. ആപ്പീസില്‍നിന്നും ഒരുപാട്‌ അകലെ താമസ്സിക്കുന്ന മനുവിനാണെങ്കില്‍ ഈ അമ്പതിന്റെ പുറത്ത്‌ വേറെ ഒരു അമ്പത്‌ ഇട്ടാലെ വീട്ടില്‍ ചെന്നെത്താന്‍ പറ്റു. എന്നാല്‍ ഞാനാകട്ടെ ഈ അമ്പതു രൂപയെ പോക്കറ്റിലിട്ട്‌ വഴിയുടെ ഓരംചേര്‍ന്ന് അരമണികൂര്‍ നടന്ന് വീട്ടിലെത്തും.

നേരത്തെ വീട്ടിലൊട്ടു ഓടിപ്പാഞ്ഞ്‌ ചെന്നിട്ടും പ്രത്യേക ഗുണമൊന്നും ഇല്ല....
ആട്ടകുഴയ്ക്കുക, പിന്നെ അതുരുട്ടുക, പിന്നെ അത്‌ പരത്തുക, പിന്നെ അതു ചുട്ടെടുക്കുക... അറുബോര്‍...

എന്നാല്‍ എട്ടുമണിവരെ ജോലിചെയ്താല്‍ നേരെ നായരുചേട്ടന്റെ കടയിലോട്ട്‌ പോയാല്‍ മതി അവിടെ ഒരു ടൊന്റി മണീസ്‌ വീശിയാല്‍; കുഴക്കുക പിന്നെ ഉരുട്ടുക പിന്നെ ഡയറക്റ്റായി വിഴുങ്ങുക എന്നീ മൂന്നെ മൂന്നു പണിയില്‍ കാര്യങ്ങല്‍ തീര്‍ക്കാം. പരത്താനും ചുടാനും ഒന്നും നില്‍ക്കേണ്ട...

നാട്ടിലെ സ്വന്തം വീടിന്റെ അടുക്കളയില്‍ ഇരുന്ന് കഴിക്കുന്ന ഒരു ഫീലിങ്ങാണു നായരുചേട്ടന്റെ കടയിലെ ആഹാരത്തെ കൂടുതല്‍ രുചികരമാക്കുന്നത്‌...നായരുചേട്ടനും സരളച്ചേച്ചിയും പതിവായ്‌ കസ്റ്റമേഴ്സിന്റെ മുമ്പില്‍ വച്ചു നടത്തുന്ന ചില കശപിശകള്‍ പുതുമുഖങ്ങള്‍ക്ക്‌ അരോചകമായി തോന്നിയാലും പതിവായ്‌ ഇതെല്ലാം കേള്‍ക്കുന്ന ഞങ്ങള്‍ക്ക്‌ കറിയില്ലാതെ ചോറുണ്ണുന്നതിലും പ്രയാസമാണ്‍ ഈ കശപിശ കേള്‍ക്കാതെ ചോറുണ്ണുന്നത്‌....

അങ്ങിനെ ജനുവരിമാസത്തിലെ കുളിരുള്ള ഒരു രാത്രിയില്‍ ഓവര്‍ടൈം ഡ്യൂട്ടിയും കഴിഞ്ഞ്‌ അമ്പതു രൂപ ആട്ടോചാര്‍ജും വാങ്ങി പോക്കറ്റില്‍ ഇട്ട്‌ ഞാന്‍ ആപ്പീസില്‍ നിന്നും ഇറങ്ങി. പതിവുപൊലെ രാത്രിയാത്ര ലോട്ടസ്‌ ടെമ്പിളിന്റെ മുമ്പിലൂടെ തന്നെ...നിയോന്‍ പ്രഭയില്‍ ആ മാര്‍ബിള്‍ മന്ദിരം കണ്ണിനു മാത്രമല്ല കരളിനും കുളിരേകും..എന്റെ മനസ്സില്‍ ടാജ്‌ മഹലിലും ഒരു പടിമുകളിലാണ്‍ ലോട്ടസ്‌ ടെമ്പിളിന്റെ ശില്‍പഭംഗി.

ലോട്ടസ്‌ ടെമ്പിളില്‍ നിന്നും ഓക്കല പച്ചക്കറി മൊത്തവ്യാപാര ചന്തയുടെ ഓരം ചേര്‍ന്നു വച്ചുപിടിച്ചാല്‍ പത്തുമിനിറ്റിനകം ഓക്കല റെയില്‍വേ സ്റ്റേഷനായി....റെയില്‍ പാളത്തിന്റെ ഇപ്പുറത്തുള്ള, എരുമകളും എരുമകളിലും വിലകുറഞ്ഞ കുറേയേറെ മനുഷ്യജീവികളും വസിക്കുന്ന ഇടുങ്ങിയ തെരുവും മുറിച്ചുകടന്നാല്‍ എന്റെ സ്വന്തം ഗ്രാമമായി...ശ്രീനിവാസ്പുരി...

നായരുചേട്ടന്റെ കടയില്‍ ഊണു ക്ലോസ്‌ എന്ന ബോര്‍ഡ്‌ തൂങ്ങുന്നതിനുമുമ്പേ എത്തണമെന്ന ആഗ്രഹത്തില്‍ വേഗത്തിലും, എരുമച്ചാണകത്തില്‍ ചവിട്ടി ഷൂസിനു പുറമെ മറ്റൊരു ഷൂസുണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധയോടും ഞാന്‍ മുന്നേറുമ്പോള്‍, വഴിയരുകില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന ഒരപൂര്‍വ കാഴ്ച കണ്ടു.

ഒരു പോളിത്തീന്‍ കവറില്‍ എന്തൊ ഒരു സാധനം തൂക്കിപ്പിടിച്ച്‌ ഒരു ബീഹാറി നില്‍ക്കുന്നു..

"ഓര്‍ തോഡാ ദേദോനാ...ഓര്‍ തോഡാ ദേദോനാ" എന്നു പറഞ്ഞ്‌ ഒരാള്‍ അവന്റെ അടുത്ത്‌ ചുറ്റിപറ്റിനില്‍ക്കുന്നു...

"ഗര്‍ ജാ...സാലേ കുത്തേ..മദ്രാസീ..." എന്നെല്ലാം പറഞ്ഞ്‌ ബീഹാറി അയാളെ ആട്ടി ഓടിക്കാന്‍ നോക്കുന്നു...

എന്നെ കണ്ടതും അയാള്‍ എന്റെ നേരെ നടന്നു വന്നു...(ഇഴഞ്ഞു വന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി) വെളിച്ചക്കുറവുള്ളതിനാല്‍ ആളടുത്തു വന്നപ്പോളാണു മനസ്സിലായത്‌..ഒരു പാവം മലയാളി പൗരന്‍....

ഞങ്ങളുതമ്മില്‍ വലിയ ഫ്രണ്ട്ഷിപ്പ്‌ ഒന്നും ഇല്ലങ്കിലും പരസ്പരമറിയാം...രാജു എന്നാണീ ചങ്ങാതീടെ പേര്‍...വന്നപാടെ എന്നോട്‌ ഒരഞ്ചുരൂപ വേണമെന്നാവശ്യ്പ്പെട്ടു...അത്യാവശ്യമാണത്രേ...

മൂന്നോ നാലോ എക്സ്ട്രാ കാലുകള്‍ വച്ചുകെട്ടികൊടുത്താല്‍ പോലും നേരെ നില്‍ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ലാ...അത്രയ്ക്കും ഫോമിലാണാശാന്‍.

ഇവന്റെ കെട്ട്യോള്‍ തങ്കമണി ആളൊരല്‍പ്പം പിശകാ.. ഈ കോലത്തില്‍ വീട്ടിലോട്ടു ചെന്നാല്‍ ഇവനെ എടുത്തിട്ടു ചവിട്ടും എന്ന കാര്യം ഉറപ്പ്‌....അപ്പോള്‍ അഞ്ചു രൂപ ചോദിച്ചത്‌ തൈരുവാങ്ങിക്കുടിച്ച്‌ സ്റ്റബിലിറ്റി വീണ്ടെടുക്കാനായിരിക്കും...ബീഹാറി തൈരുകച്ചവടക്കാരന്‍ ആയിരിക്കാം...

ഞാന്‍ ആ പാവത്തിനു അഞ്ചു രൂപ കൊടുത്തു...

പണ്ടിനാലെ ഞാന്‍ അങ്ങിനെ ഒരു പ്രകൃതമാ...ആരു ചോദിച്ചാലും വാരിക്കോരിക്കൊടുക്കും...

നിന്റെ വൈഫിന്റെ സ്വഭാവം നിനക്കു നന്നായി അറിയാവുന്നതല്ലെ രാജൂ...ഇങ്ങനെ ഓവറായി അടിക്കാമൊ... ഇനി അടിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുറഞ്ഞപക്ഷം തൈരുമേടിക്കാനുള്ള പണം മാറ്റിവച്ചിട്ടു വേണ്ടെ ....ഇന്നിപ്പോള്‍ ഞാന്‍ ഇതുവഴി വന്നു... എന്നും എനിക്ക്‌ ഓവര്‍ടൈം കിട്ടിക്കോളണമെന്നില്ലാട്ടൊ....എന്നെല്ലാം രാജുവിനെ ഉപദേശിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു പക്ഷേ അതിലും നല്ലത്‌ തൊട്ടപ്പുറം നില്‍ക്കുന്ന എരുമയുടെ ചെവിയില്‍ ഒരു പാട്ടുപാടുന്നതായിരിക്കും എന്ന തിരിച്ചറിവില്‍ ഞാന്‍ സയിലനായി നിന്നു...

രാജൂ ഇഴഞ്ഞിഴഞ്ഞ്‌ ബീഹാറിയേ സമീപിക്കുന്നതിനിടയില്‍ ഒരു സൈക്കിള്‍ റിക്ഷാ ചീറിപ്പാഞ്ഞുവന്ന് ബീഹാറിയുടെ മുമ്പില്‍ സൈഡാക്കി...റിക്ഷാ വാലാ ചാടിയിറങ്ങി ബീഹാറിയുടെ മുമ്പില്‍ കൈക്കുമ്പിള്‍ നീട്ടി കുനിഞ്ഞുനിന്നു....പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ നില്‍ക്കുന്നതുപോലെ.

ബീഹാറി പോളിത്തീന്‍ ബാഗില്‍ നിന്നും ആ കൈക്കുമ്പിളിലോട്ട്‌ ഒരു നിശ്ചിത അളവില്‍ ഒഴിച്ചുകൊടുക്കുന്നു...പണവും കൊടുത്ത്‌ റിക്ഷാവാല സ്റ്റാന്റ്‌ വിട്ടപ്പോല്‍ നമ്മുടെ രാജുവിന്റെ ഊഴമായി....

എന്നൊടു വങ്ങിയ അഞ്ചു രൂപ ബീഹാറിക്കു കൊടുത്തിട്ട്‌ രാജുവും കൈക്കുമ്പിള്‍ കാട്ടി കുനിഞ്ഞു നില്‍ക്കുകയാണു...ബീഹാറി പോളിത്തീന്‍ ബാഗില്‍ നിന്നും രാജുവിനും ഒഴിച്ചുകൊടുത്തു...

"ഓര്‍ തോഡാ ദേദോനാ...ഓര്‍ തോഡാ ദേദോനാ"

"ഗര്‍ ജാ...സാലേ കുത്തേ..മദ്രാസീ... "ബാക്കിയെല്ലാം പഴയതുപോലെ...

നല്ല ദേശി ചാരായത്തിന്റെ മണം അവിടെ വ്യാപിച്ചപ്പോളാണു ഇതുവെറും മോരുംവെള്ളം കച്ചവടമല്ല സൈക്കിള്‍ റിക്ഷാക്കാരുടെ പെട്രോള്‍ പമ്പാണെന്നു മനസ്സിലായത്‌.

നായരുടെ കട അടയ്ക്കുന്നതിനുമുമ്പേ എത്തണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത്‌ വണ്ടിവിടാന്‍ തുടങ്ങിയ എന്നെ രാജു പുറകില്‍നിന്നും വിളിച്ചു...

"എടോ...താനെങ്ങോട്ടാ ഈ വായുഗുളിക വാങ്ങാന്‍ പോണപോലോടണത്‌....എനിക്ക്‌ സംസാരിക്കാനുണ്ട്‌.."

ആഹാ...സാര്‍, ചേട്ടാ എന്നെല്ലാം വിളിച്ചു തുടങ്ങിയവനു തിരിച്ചറിവായിക്കഴിഞ്ഞു...അവസാനംകഴിച്ചതാണു തിരിച്ചറിവിന്റെ ബ്രാന്റ്‌.

ഞാന്‍ എന്തിനാ ഇങ്ങനെ അടിക്കണതെന്നറിയാമോ...മനപ്രയാസംകൊണ്ടാ..മനപ്രയാസംകൊണ്ട്‌.

"എന്താണാവോ ഇത്രയും മനപ്രയാസം വരാന്‍ കാരണം?.." ഞാന്‍ ചോദിച്ചു.

"എന്റെ ഭാര്യ എന്നെ പറഞ്ഞു പറ്റിച്ചു ഡല്‍ഹിയില്‍ വരുത്തിയതാ...നാട്ടില്‍ ഞാന്‍ അന്തസായി ജോലിചെയ്ത്‌ ജീവിച്ചിരുന്നതാ ഇവിടെ എനിക്കു ജോലിയും ഇല്ല കൂലിയും ഇല്ല...ഒക്കെ അവളുകാരണമാ. .. തനിക്കറിയാമോ ഞങ്ങളുടെ കല്യാണത്തിനുമുമ്പേ അവള്‍ എന്നോടെന്താണു പറഞ്ഞതെന്നു..."

അതു ഞാനെങ്ങിനെ അറിയാനാ സുഹൃത്തെ...നിങ്ങളുടെ കല്യാണത്തിനുമുമ്പെ, അവള്‍ എന്നോടുപറഞ്ഞകാര്യമാണെങ്കില്‍ ഓര്‍ത്തുനോക്കിയിട്ടു പറയാം (അങ്ങിനെ ഞാന്‍ പറഞ്ഞില്ല വെറുതെ മനസ്സില്‍ വിചാരിച്ചേയുള്ളു വെറുതെ അഞ്ചു രൂപകൊടുത്തിട്ട്‌ അടിവാങ്ങണോ)

"അവള്‍ എന്നോടു പറഞ്ഞത്‌ അവള്‍ക്ക്‌ ഡെല്‍ഹിയില്‍ ഒരു ജപ്പാന്‍ കമ്പനിയില്‍ ഉയര്‍ന്ന പോസ്റ്റിലുള്ള ജോലിയാന്നാ ...ഇവിടെ വന്നപ്പോളല്ലെ പേനയില്‍ മഷി ഒഴിക്കണ പണിയാണെന്നു മനസ്സിലായത്‌..." രാജു കൂട്ടിച്ചേര്‍ത്തു.

തങ്കമണി പറഞ്ഞതില്‍ തെറ്റൊന്നുമില്ല ...അവള്‍ ജോലിചെയ്യുന്ന ലക്ഷ്ര്‍ പെന്‍ കമ്പനിക്ക്‌ ജപ്പാന്‍ കൊളാബ്രേഷനുള്ളതാണു...പിന്നെ ഉയര്‍ന്ന പോസ്റ്റിലെന്നു പറഞ്ഞത്‌ ഏറ്റവും മുകളിലെ നിലയില്‍ എന്നും ആകാമല്ലൊ. (ഇതും ഞാന്‍ പറഞ്ഞില്ല വെറുതെ അഞ്ചുരൂപകൊടുത്ത്‌...)

"മഷിയൊഴിക്കുന്ന ജോലി മോശം ജോലിയാണോ രാജൂ?...നീ ഇവിടെ വന്നിട്ട്‌ ഒരു വര്‍ഷമായില്ലെ...ഇതുവരെയും ഒരു ജോലിക്കും പോയിട്ടില്ലന്നാണല്ലോ കേള്‍ക്കുന്നത്‌...ദിവസവും ആഹാരം കഴിക്കുന്നത്‌ അവളീ മഷിയൊഴിച്ചുണ്ടാക്കിയ കാശുകൊണ്ടല്ലെ ?..." ഇതു ഞാന്‍ ചോദിച്ചതാണു...എനിക്ക്‌ എന്നോടു തന്നെ മതിപ്പു തോന്നിയ നിമിഷങ്ങള്‍ ..ഓ..തങ്കമണിയെങ്ങാനും ഇതുകേട്ടിരുന്നെങ്കില്‍ എന്നേപ്പറ്റിയുള്ള മതിപ്പ്‌ ക്വിന്റലുകണക്കിനു കൂടിയേനെ.

"അതുപിന്നെ എനിക്കറിയാവുന്ന ജോലികിട്ടിയാലല്ലെ എനിക്കു ചെയ്യാന്‍ പറ്റു...എനിക്കു റബറുവെട്ടാന്‍ മാത്രമേ അറിയൂ...ഇവിടെ ഒരു റബറെങ്കിലും ഉണ്ടോ...ഡല്‍ഹിയാണത്രേ ഡല്‍ഹി...ഫൂൂ ......." രാജു നീട്ടിത്തുപ്പി.

അവന്‍ പറഞ്ഞതു ശരിയാ ഇവിടെ ആകെയുള്ള റബര്‍ വണ്ടീടെ ടയറാ...അതുമ്മെ വെട്ടാന്‍ പറ്റില്ലല്ലൊ..

"ഞാന്‍ നാട്ടിലോട്ടു തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു..അവളിവിടെ ജപ്പാന്‍ കമ്പനിയും കെട്ടിപ്പിടിച്ചിരിക്കാന്‍ തന്നെയാ തീരുമാനം...അവളെന്റെ കൂടെ വരുന്നില്ലായെങ്കില്‍ നാളെ ഞാന്‍ കേരളാ എക്സ്പ്രസ്സ്‌ കേറും" രാജു പറഞ്ഞു.

"അതുതന്നെയാ രാജൂ നല്ലത്‌ നീ നാട്ടില്‍ ചെന്ന് ജോലിയൊക്കെ ശരിയാക്ക്‌ എന്നിട്ട്‌ അവളെ വിളിച്ചാല്‍ വരാണ്ടിരിക്കില്ല ...എന്നാല്‍ ഞാന്‍ പോട്ടെ ഒരു പാടു താമസ്സിച്ചു.." എനിക്കീ പാമ്പിന്റെ ചുറ്റ്‌ എങ്ങിനേങ്കിലും ഒന്നഴിഞ്ഞുകിട്ടിയാല്‍ മതിയെന്നായിരുന്നു.

"അതേയ്‌..ഞാന്‍ കെരള എക്സ്പ്രസ്സ്‌ കേറും എന്നു പറഞ്ഞതിനര്‍ത്ഥം അതിന്റെ അടീലോട്ടു കേറും എന്നാ...അല്ലതെ അകത്തോട്ടു കേറും എന്നല്ല...മര്യാദയ്ക്ക്‌ എന്റെ കൂടെ വീട്ടിലോളം വന്ന് അവളെ കാര്യം പറഞ്ഞ്‌ മനസ്സിലാക്ക്‌...അല്ലെങ്കില്‍ നാളെ ഈ നേരത്ത്‌ ഞാനില്ല..." രാജു പറഞ്ഞു.

ഇവിടെ ഞാന്‍ കുടുങ്ങി...ഒരു മനുഷ്യ ജീവനാണു കണ്മുമ്പില്‍ കിടന്നു പാമ്പുപോലാടുന്നത്‌...കണ്ടില്ലാന്നു നടിച്ചു പോകാം പക്ഷേ ...
അടുത്തിടയാണു ഒരു ഫ്രണ്ടിന്റെ അപ്പന്‍ പാരച്യൂട്ടിലിറങ്ങിയത്‌...ഇവമ്മാര്‍ക്കൊക്കെ എപ്പോഴാ വാക്കു പാലിക്കാന്‍ തോന്നണതെന്നു പറയാന്‍ പറ്റില്ല...

രാജുവിനെ താങ്ങിപ്പിടിച്ച്‌ 'ജെ' ബ്ലോക്കിലുള്ള അവന്റെ വാടക വീടിലെത്തിച്ചത്‌ വളരെ പ്രയാസപ്പെട്ടാണ്‍...തങ്കമണി വന്നു വാതില്‍ തുറന്നതും രാജു ചാടിയകത്തുകേറി കട്ടിലിലോട്ടു മറിഞ്ഞു....നാളെ നേരത്തേ എഴുന്നേറ്റു വണ്ടിക്കടവയ്ക്കാന്‍ പോടെണ്ടതല്ലേ!!

"തങ്കമണീ എനിക്കു നിന്നോടൊരു കാര്യം പറയാനുണ്ട്‌" വലിയ മുഖവുരയൊന്നും കൂടാതെ ഞാന്‍ തുടങ്ങിയതാ...

"വേണ്ടെടാ.....എന്റെ കെട്ട്യോനെ കള്ളുമേടിച്ചുകോടുത്ത്‌ ഒരു മൂലയ്ക്കു കിടത്തീട്ട്‌ നിന്നേപ്പോലുള്ള ആഭാസന്മാര്‍ക്ക്‌ എന്താണു പറയാനുള്ളതെന്ന് എനിക്കറിയാം....പക്ഷെ അതെന്റെയടുത്ത്‌ നടക്കില്ല..." തങ്കമണി പറഞ്ഞു തീര്‍ന്നില്ല -

ഞാന്‍ ഓടി...ഒളിമ്പിക്സിനോടണപോലെ ഓടി...

Monday 5 March 2007

ഒരു ധാരണപ്പിശക്‌

ആലുവയിലുള്ള അമ്മായിയുടെ വീട്ടിലെ കാവല്‍ക്കാരി 'ഡോണ' അവളുടെ കടിഞ്ഞൂല്‍ പ്രസവത്തിനു തയ്യാറെടുക്കുന്ന വിവരം വളരെ താമസ്സിച്ചാണു കവലയിലെ എന്റെ വീട്ടിലറിഞ്ഞത്‌.

"അല്ലെങ്കിലും നിന്റെ വീട്ടുകാര്‍ നല്ലകാര്യങ്ങളൊന്നും സമയത്തിനും കാലത്തിനും നമ്മളെ അറിയിക്കാറില്ലല്ലോ" അപ്പച്ചന്‍ പറഞ്ഞു.

അമ്മായി വല്യ ചതിയാ ചെയ്തത്‌...അമ്മായിയുടെ വീട്ടില്‍ ചെല്ലുമ്പോളൊക്കെ ഞങ്ങള്‍ ആദരവോടും അല്‍പം ഭയത്തോടും ഈ കാവല്‍ക്കരിയെ നോക്കി നിന്നിട്ടുള്ളതാണു. അവളുടെ ഹൈലോങ്ങ്‌ ചെയ്സും കാരെള്ളിന്റെ കളറും, കുതിരയേപ്പോലുള്ള കുതിപ്പും, ബോബ്കട്ട്‌ ചെയ്ത വാലും... എല്ലാം...എല്ലാം.

ഇവള്‍ക്കു കുടുമ്പവും കുട്ടികളും ഒക്കെ ആകുന്ന കാലത്ത്‌ ഇവരുടെ ഒരു ബ്രാഞ്ച്‌ ഞങ്ങടെ നാട്ടുകവലയിലും തുടങ്ങണം എന്ന് ഞങ്ങള്‍ വളരെയതികം ആഗ്രഹിച്ചിരുന്നു.

"വെറും ചാവാലിപ്പട്ടികളെ വളര്‍ത്തുന്ന പോലെ വളര്‍ത്താന്‍ പറ്റിയ ഇനമല്ലിത്‌...ഇത്‌ സൈസുമാറിയതാ...ഡോബര്‍മാന്‍ എന്നു കേട്ടിട്ടുണ്ടോ...ഡോബര്‍മാന്‍,... ഇതു നിങ്ങളെക്കൊണ്ട്‌ കൂട്ടിയാല്‍ കൂടുന്ന സാധനമല്ല മക്കളെ." ഇതാണമ്മായീടെ ലൈന്‍.

അഭിമാനത്തിന്റെ അടിവരമ്പില്‍ സ്പര്‍ശിച്ച ഈ പ്രഖ്യാപനം അമ്മായി നടത്തിയ ആ നിമിഷം തന്നെ ഞാനും കൊച്ചേട്ടനും അമ്മായീടെ വീട്ടില്‍നിന്നും പിണങ്ങിയിറങ്ങാന്‍ തുടങ്ങിയതാണു...പക്ഷേ നേരം വളരെ വൈകിയതിനാല്‍ അന്നവിടെ കിടന്നിട്ട്‌ പിറ്റേന്നു രാവിലത്തെ ബ്രേയ്‌ക്‍ഫാസ്റ്റും കഴിച്ചിട്ട്‌ പിണങ്ങിയിറങ്ങി.

മൂന്നാറിലെ തേയ്‌ലക്കും, അമ്മയും അയല്‍ക്കൂട്ടം പെണ്ണുങ്ങളും ചേര്‍ന്നുണ്ടാക്കുന്ന സ്പെഷ്യല്‍ കാപ്പിപ്പൊടിക്കും പിന്നെ ഞങ്ങളുടെ സ്വന്തം വളപ്പില്‍ രാസവളമോ കീട നാശിനികളോ ഉപയോഗിക്കാതെ അപ്പച്ചന്‍ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളുടെ വീതത്തിനും മാസ്സം തോറും നാട്ടുകവലയിലെ ഞങ്ങളുടെ വീട്ടില്‍ വരുന്ന അമ്മായിക്കിട്ടൊന്നു കൊട്ടാന്‍ തക്കംനോക്കി ഞാനുമിരുന്നു.

പതിവുപോലൊരു വൈകുന്നേരം പതിവു പല്ലവിയും പാടി അമ്മായിയെത്തി...

"എന്റെ വീട്ടില്‍ കെട്ടിയോനും പിള്ളേര്‍ക്കും മാര്‍ക്കറ്റില്‍നിന്നും എന്തു സാധനം മേടിച്ചു കറിവച്ച്‌ കൊടുത്താലും ഇഷ്ടപ്പെടില്ല...ചേച്ചീടെ വീട്ടീന്നു കൊണ്ടുവരുന്ന പാവയ്ക്കയും പടവലങ്ങയുമൊക്കെ കറിവച്ചു കൊടുത്താല്‍ ചട്ടി വടിച്ചു കൂട്ടിക്കോളും"

"നിങ്ങളുടെ ഒരു പട്ടിക്കുഞ്ഞിനെ ഞങ്ങള്‍ കൂട്ടിയാല്‍ കൂടില്ലായെങ്കില്‍ ഇനിമേലാല്‍ ഇവിടന്നു സാധനങ്ങള്‍ കൊണ്ടുപോയ്‌ കറിവെച്ച്‌ നിങ്ങള്‍ കൂട്ടിയാലും കൂടില്ല" ....

എന്നു പറഞ്ഞതു ഞാന്‍ തന്നെ എന്റെ സ്വന്തം ഐഡിയായില്‍...അതിന്റെ കോപ്പി റൈറ്റും എനിക്കുതന്നെ ചെട്ടന്മാര്‍ക്കതില്‍ പങ്കില്ല.

വീട്ടിലെ ഇളയ കുട്ടിയായാലുള്ള ഏറ്റവും വലിയ അഡ്വാന്റേജാണിത്‌, അമ്മായിയോട്‌ ഇങ്ങനെയൊക്കെ എന്തെങ്കിലും പറയണമെന്ന് എന്റെ അമ്മ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം....പറഞ്ഞാല്‍ പിന്നെയത്‌ നാത്തൂന്‍ പാരാ... നാത്തൂന്‍ പോരാ... എന്നൊക്കെ വ്യഖ്യാനിക്കപ്പെടും.

മാതാപിതാക്കളുടെ ഇമ്മാതിരിയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ എന്നേക്കൊണ്ട്‌ ആകുംവിധം ഭംഗിയായ്‌ നടത്തികൊടുത്തുകൊണ്ടിരുന്ന എന്റെ ബാല്യകാലത്ത്‌, പ്രതിഫലമായി ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എങ്കില്‍കൂടി...എല്ലായിപ്പൊഴുംതന്നെ അമ്മയുടെ വക സമ്മാനം 'ഉടനടി'കിട്ടാറുണ്ടായിരുന്നു.

അമ്മായീടെ മുഖമന്നു വട്ടയപ്പം പോലെ വീര്‍ത്തുവെങ്കിലും ഞങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെട്ടു..."അവനു പട്ടിക്കുഞ്ഞിനെ കൊടുക്കില്ലാന്നു പറഞ്ഞതിന്റെ ദേഷ്യമാ എന്നോട്‌....ഈ പേറിലെ അഞ്ചുകുഞ്ഞുങ്ങള്‍ക്കുവരെ ബുക്കിങ്ങായിപ്പോയി..ആറാമതൊരെണ്ണം ഉണ്ടായാല്‍ കൊടുത്തേക്കാം.... അല്ലെങ്കില്‍ അടുത്ത പേറുവരെ കാത്തിരിക്കാന്‍ പറ..എന്നാലും അവനെന്നൊടിങ്ങനെ പറഞ്ഞല്ലോ..." അത്താഴത്തിനു ശേഷം അടുക്കളയില്‍നിന്ന് അമ്മയോട്‌ രഹസ്യമായിട്ടാണിത്‌ പറഞ്ഞതെങ്കിലും ഒളിച്ചുനിന്ന് ഞാനത്‌ കേള്‍ക്കുകയുണ്ടായി.

പിറ്റേന്ന് രണ്ടുകൈയ്യിലും തൂക്കിയെടുക്കാന്‍ പറ്റാവുന്നത്ര സാധനങ്ങളുമായി വീട്ടില്‍നിന്നും ഇറങ്ങിയ അമ്മായി നടക്കല്ലില്‍ വാലാട്ടി നിന്നിരുന്ന സ്നേഹത്തിന്റെ പ്രതീകമായ ഞങ്ങളുടെ കൈസറിനിട്ട്‌ 'ഹൈഹീല്‍' വച്ച്‌ ഒരു ചവിട്ടു കൊടുത്തു....കൂടെ ഒരു കമന്റും...

"ഈ വക വര്‍ഗ്ഗത്തെ ഈ നാട്ടില്‍ നിന്നുതന്നെ ഓടിക്കാതെ ഡോബര്‍മാന്റെ കുഞ്ഞിനെ വളര്‍ത്തീട്ടു കാര്യമില്ല..."

കൈസര്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കവലയിലെ എല്ലാ ചാവാലി ബ്രാന്‍ഡുകള്‍ക്കുമിട്ടാണ്‍ അന്നാ ചവിട്ടേറ്റത്‌.


പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അമ്മായീടെ ഡോബര്‍ വുമണിനു കടിഞ്ഞൂല്‍ പേറില്‍ മിനിമം ആറു ഡോബര്‍ ബേബികള്‍ ഉണ്ടാകുകയാണെങ്കില്‍ മാത്രം സുഖപ്രസവം അനുവദിച്ചു കൊടുക്കണമേ... എന്നു തമ്പുരാന്‍ കര്‍ത്താവിനോടു മുട്ടിപ്പായി പ്രാര്‍ത്ഥന ആരംഭിച്ചു.

എന്റെ പ്രാര്‍ത്ഥനയുടെ പവ്വര്‍ കൊണ്ടാണെന്നു ഞാനും ...മൃഗ ഡോക്ടറുടെ മിടുക്കുകൊണ്ടാണെന്ന് അമ്മായീം പറയുന്നു...........പട്ടി പെറ്റു, ആറുകുഞ്ഞുങ്ങള്‍...

അമ്മായി വാക്കുമാറുന്നതിനുമുമ്പേ ഞങ്ങളുടെ വീതം ഞങ്ങളുമേടിച്ചു. ഒരുപാട്‌ കരാറുകളെല്ലാം അംഗീകരിക്കേണ്ടി വന്നു എന്നാലും....

ചന്നം പിന്നം മഴചാറുന്ന ഒരു വൈകുന്നേരമാണ്‍ ഡോബര്‍ ബേബി കവലയിലെ വീട്ടിലെത്തുന്നത്‌. അന്നു തന്നെ തങ്കപ്പനാശാരിയെ വിളിച്ച്‌ ഒന്നാന്തരമൊരു പട്ടിക്കൂ(വീ)ട്‌ ഉണ്ടാക്കാനുള്ള കരാറുകൊടുക്കുകയാണു. ഈ തങ്കപ്പനാശാരിയാണു ഖത്തറിലെ സുല്‍ത്താന്റെ കൊട്ടാരം പുതിക്കിപണിതപ്പോള്‍ മൊത്തം മരപ്പണികളുടേയും മേല്‍നോട്ടം വഹിച്ചത്‌.

അമ്മായീടെ നിര്‍ദ്ധേശപ്രകാരം അപ്പച്ചന്‍ ഡോഗ്‌ ട്രെയ്നറായി ചാര്‍ജെടുത്തു. ആഹാരം കൊടുക്കുന്നതും, നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതും പലരുകൂടി ചെയ്യെണ്ടകാര്യമല്ലന്നാണ്‍ ഒരു നല്ല നായ്‌ പരിശീലകയായ അമ്മായീടെ അഭിപ്രായം.

ഒരു പ്രസവത്തിലുണ്ടായ ആറുകുട്ടികള്‍ക്കും അവരുടെ അമ്മയുടെ പേരിന്റെ ആദ്യ അക്ഷരമായ 'ഡി' യില്‍ത്തുടങ്ങുന്ന പേരിട്ടുവിളിക്കണം എന്നു കരാറില്‍ പറഞ്ഞിട്ടുള്ളതനുസരിച്ച്‌ ഞങ്ങള്‍ ഡോബര്‍ ബേബിയെ ഡാല്‍വിന്‍ എന്ന കിണ്ണങ്കാച്ചി പേരിട്ടുവിളിച്ചു. ..അന്നേദിവസ്സം കവലയില്‍ മിഢായിവിതരണമൊക്കെ നടത്തി.

വെറും കൈസര്‍, ടിപ്പു, കൂക്കുരു എന്ന പഴഞ്ചന്‍ പേരുകളില്‍ മാത്രം അറിയപ്പെട്ടിരുന്ന ആ പഞ്ചായത്തിലുള്ള സകലമാന ശുനകന്മാരും അന്നു രാത്രി മുഴുവനും ഓളിയിടുകയുണ്ടായി....പ്രതിക്ഷേതമാണോ...ആഹ്ലാദമാണോ എന്നറിയില്ല...

ഡാല്‍വിനു ദുര്‍മാതൃക ആകാതിരിക്കാന്‍ കൈസറിനെ തൊമ്മന്‍ ചേട്ടന്റെ (റെഡ്‌ അലര്‍ട്ട്‌ എന്ന പോസ്റ്റ്‌ കാണുക) വീട്ടിലേയ്ക്ക്‌ നാടുകടത്തി ഒരിക്കലും കുരച്ചിട്ടില്ലാത്ത കൈസര്‍ ഒരു ഊമയായിരുന്നോ എന്ന സംശയം ഇപ്പൊളും ബാക്കി. ആരെക്കണ്ടാലും വാലാട്ടിനില്‍ക്കുന്നതിനാല്‍ വാലാട്ട്‌ കുഞ്ഞിക്കണ്ണന്‍ എന്ന പുതിയ പേരിലാണ്‍ തൊമ്മഞ്ചേട്ടന്റെ വീട്ടില്‍ കൈസര്‍ അറിയപ്പെടുന്നത്‌.


ഡാല്‍വിന്റെ വരവോടുകൂടി പാച്ചുനായരുടെ ചായക്കടയുമായ്‌ ഉണ്ടായിരുന്ന രണ്ടുലിറ്റര്‍ പാലിന്റെ ബിസിനസ്സ്‌ നിന്നുപോയി.

കറുകറുത്ത ഡാല്‍വിന്‍ വെളുവെളുത്ത പാല്‍ 'ബ്ലക്ക്‌..' 'ബ്ലക്ക്‌..' എന്ന് നക്കിക്കുടിക്കുമ്പോള്‍ ഡാല്‍വിനിലും കറുത്ത കട്ടങ്കാപ്പി കുടിച്ചു ഞങ്ങള്‍ സന്തോഷത്തോടെ ആ കാഴ്ച്ച നോക്കി നിന്നിട്ടുണ്ട്‌.


നിങ്ങളുടെ പുതിയ പട്ടീനെയൊന്ന് കാണാന്‍ വന്നതാ എന്ന് പറഞ്ഞ്‌ വീട്ടില്‍ കയറിവന്ന ഷീണംപാപ്പനോട്‌ അപ്പച്ചന്‍ കുറേ തട്ടിക്കയറി...ഡാല്‍വിനെ ഒന്നു കാണാന്‍ വന്നതാണെന്നോ, ഡോബര്‍മാന്‍ എന്തെടുക്കുന്നു എന്നോ ചോദിച്ചിരുന്നെങ്കില്‍ ആവശ്യമില്ലാതെ ഈ ശകാരം കേള്‍ക്കെണ്ടി വരില്ലായിരുന്നു.

ഡാല്‍വിന്റെ വാലുമുറിക്കലിനു നൂറാള്‍ക്കുള്ള സദ്യ ഉണ്ടായിരുന്നു...വല്യേട്ടന്റെ കൊച്ചിന്റെ ഒന്നാം പിറന്നാളിനുപോലും ഇത്രയും വലിയ സദ്യ നടത്തിയില്ല...അതിന്റെ പരാതി ഇന്നും ചേടത്തിയമ്മക്കു തീര്‍ന്നിട്ടില്ല.

വെള്ളത്തൂവലിലെ ബേക്കറിക്കാരന്‍ പീതാമ്പരന്‍ ആദ്യമായി പട്ടിബിസ്ക്കറ്റ്‌ എന്ന ഐറ്റം ഉണ്ടാക്കിയത്‌ ഡാല്‍വിനു വേണ്ടിയായിരുന്നു...വലിയ കാഡ്‌ബോഡ്‌ പെട്ടിയില്‍ നിറച്ച്‌, സൈക്കിളിന്റെ പിറകില്‍ വച്ചു കെട്ടി കൊണ്ടുവരുന്ന ബിസ്കറ്റുകള്‍ അപ്പച്ചന്‍ ഓരോ കൂടും പ്രത്യേകം പ്രത്യേകം സീരിയല്‍ നമ്പറിട്ട്‌ പത്തായത്തില്‍ അടുക്കി വച്ചിരുന്നു...ഞങ്ങള്‍ എടുത്ത്‌ തിന്നാതെ.

കൈസറിനു പഴംകഞ്ഞിവെള്ളം മാത്രം കൊടുത്താല്‍ മതിയായിരുന്നു...ഇത്‌ ഈ പോക്കുപോയാല്‍ നമ്മളെ കുത്തുപാളയെടുപ്പിക്കും എന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. എങ്കിലും ഡാല്‍വിന്‍ വന്നതിനുശേഷമാണു കവലയില്‍ ഞങ്ങള്‍ക്കൊരു നിലയും വിലയും ഒക്കെ ആയത്‌.

രാവിലെ അപ്പച്ചന്‍ അര ലിറ്റര്‍ പാലില്‍ ഒരു ഡസന്‍ പട്ടി ബിസ്കറ്റ്‌ പൊടിച്ച്‌ ചേര്‍ത്ത്‌ ഒരു സമീകൃതാഹാരം തയ്യാറാക്കും....

"ഡാല്‍വിന്‍...കമാണ്‍..." എന്നു വിളിക്കുന്നതും നൂറെ നൂറില്‍ പറന്നൊരു വരവുണ്ട്‌ ഡാല്‍വിന്‍...

വന്ന് പട്ടിബിസ്കറ്റും പാലും കൂടിക്കുഴഞ്ഞ മിശ്രിതത്തിലോട്ട്‌ മൂക്കും കുത്തിയൊരു ക്രാഷ്‌ ലാന്‍ഡിങ്ങ്‌...അമ്മായീടെ ആക്ക്രാന്തം അതുപടി പകര്‍ത്തികൊണ്ടുവന്നിരിക്കുകയാണെന്നു തോന്നും.

ട്രെയ്നിങ്ങിന്റെ ഭാഗമായി ഒരു ചൂരവടിയൊക്കെ അപ്പച്ചന്‍ കരുതിയിട്ടുണ്ട്‌...ഞങ്ങളെ ഉദ്ധേശിച്ച്‌ വാങ്ങിയതാ...വിചാരിച്ച ഗുണം കിട്ടീല്ല...എന്നാല്‍ ഡോബര്‍മാനിലുംകൂടി പരീക്ഷിച്ചു നോക്കാനുള്ള പുറപ്പാടിലാ..

ആഹാര സാധനങ്ങള്‍ കൊടുക്കുമ്പോള്‍ ആക്ക്രാന്തത്തോടെ ചാടിവീണാല്‍ ഉടനടി അടികൊടുക്കുക എന്നതാണ്‍ പാഠം ഒന്ന്.

"ഡാല്‍വിന്‍ ടേയ്ക്കിറ്റ്‌" എന്നു പറയുമ്പോള്‍ ആഹാരം കഴിക്കുക എന്നത്‌ പാഠം രണ്ട്‌.

ഇതെല്ലാം പഠിച്ചെടുക്കാന്‍ ഒരുപാട്‌ അടിയും ഡാല്‍വിന്‍ അപ്പച്ചന്റെ കൈയ്യില്‍നിന്നും മേടിച്ചുകൂട്ടിയിട്ടുണ്ട്‌.

കാലചക്രം ഉരുളുന്നതിനൊപ്പം ഡാല്‍വിന്‍ വളര്‍ന്നു...കുറച്ചേറെക്കാര്യങ്ങള്‍ പഠിച്ചു...

ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും....കിടക്കാന്‍ പറഞ്ഞാള്‍ കിടക്കും ഷെയ്ക്‌ക്‍ഹാന്റ്‌ തരും...പന്തെറിഞ്ഞാല്‍ എടുത്ത്‌ കൊണ്ടുവരും...

അപ്പച്ചന്‍ അത്ര മോശം ഡോഗ്‌ ട്രെയ്നര്‍ അല്ലായെന്ന് ഞങ്ങള്‍ക്കും ബോദ്യമായി, അമ്മായീടേം സര്‍ട്ടിഫിക്കേറ്റ്‌ കിട്ടി.

ഈ ട്രെയിനിങ്ങ്‌ മക്കള്‍ക്കും കൂടി കൊടുക്കാന്‍ പാടില്ലേ മനുഷ്യാ.. എന്നാണു അമ്മ ചോദിച്ചത്‌.


പെട്ടെന്നൊരു ദിവസം എന്തോ അത്യാവശ്യം പ്രമാണിച്ച്‌ അപ്പച്ചനു ഗൂടല്ലൂരിലുള്ള കൊച്ചാപ്പന്റെ വീട്ടില്‍ പോകേണ്ടി വന്നപ്പോളാണു കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌. ഡാല്‍വിന്‍ ബിസ്കറ്റും പാലും ഒക്കെ നിറുത്തി ദിവസത്തിലൊരുനേരം മാത്രം നല്ല നോന്‍വെജ്‌ ഒക്കെകൂട്ടി ഒരു പെരുംതീറ്റ തിന്നുന്ന കാലം.

ആഹാരമൊക്കെ പതിവുപോലെ തയ്യാറാക്കി വച്ചിട്ട്‌, "ഡാല്‍വിന്‍ കമോണ്‍ ...ടേയ്ക്കിറ്റ്‌ " എന്നു ഞങ്ങള്‍ പറഞ്ഞിട്ട്‌ ഡാല്‍വിന്‍ തിരിഞ്ഞുപോലും നോക്കുന്നില്ല...ആളുമാറി ആളുമാറി വിളിച്ചു നോക്കി...രക്ഷയില്ല...

മലയാളത്തിലും തമിഴിലും പിന്നെ പട്ടാളം അപ്പൂപ്പന്‍ ഹിന്ദിയിലും ഒക്കെ വിളിച്ചു....ഡാല്‍വിന്‍ വന്നില്ല ...ആഹാരം കഴിച്ചില്ല.

ആളുമാറിയതിന്റെ പരിഭവമാണെന്നുകരുതി....പിറ്റേന്ന് ശരിയായിക്കോളും എന്ന പ്രതീക്ഷയില്‍ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്നും 'ചങ്കരന്‍ വീണ്ടും കേര(ള)ത്തില്‍ത്തന്നെ....

'ഗൂഡല്ലൂര്‍ക്ക്‌ അര്‍ജന്റായീ ട്രങ്ക്‌ കോള്‍ പോയി....കൊച്ചാപ്പന്റെ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടാത്ത കാലമായിരുന്നു. അടുത്ത വീട്ടിലെ നമ്പറിലാണു വിളിക്കുന്നത്‌.വളരെ കഷ്ടപ്പെട്ട്‌ വൈകുന്നേരത്തോടെ അപ്പച്ചനെ ലൈനില്‍കിട്ടി.... 'ഡാല്‍വിന്‍ ആഹാരം കഴിക്കുന്നില്ല അപ്പച്ചന്‍ എത്രയും പെട്ടന്നു തിരിച്ചുവരണം' എന്നു പറഞ്ഞ്‌ കാര്യങ്ങളുടെ ഗുരുതരാവസ്ഥ വിവരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ...അപ്പച്ചനിടയ്ക്കുകയറിപ്പറഞ്ഞു..

"ങാ...ഞാനാക്കാര്യം പറയാന്‍ വിട്ടുപോയ്‌...ഡാല്‍വിനു ആഹാരം വിളമ്പിവച്ചിട്ട്‌ 'കമോണ്‍ ടെയ്ക്കിറ്റ്‌' എന്നു പറയുന്ന ഒപ്പം ചൂരവടികൊണ്ട്‌ ഒരു അടിയും കൊടുക്കണം എന്നാലെ അവന്‍ ആഹാരം കഴിക്കു..."

പറഞ്ഞതുപോലെ ചൂരല്‍ പ്രയോഗം നടത്തിയപ്പോള്‍ ഡാല്‍വിന്‍ ആഹാരം കഴിച്ചു...എല്ലാവരും ഹാപ്പിയായി.

പിന്നീട്‌ ഇതേക്കുറിച്ച്‌ അപ്പച്ചനോടു ചോദിച്ചപ്പോള്‍ "ട്രെയ്നിങ്ങിനിടയില്‍ പറ്റിയ ഒരു ധാരണപ്പിശക്‌" എന്നാണു അപ്പച്ചന്‍ മറുപടി പറഞ്ഞത്‌.

ഇതിലും ബുദ്ധി കൈസറിനായിരുന്നു എന്ന് അമ്മയും പറഞ്ഞു.