Sunday, 30 December, 2007

ബ്രിജ്‌വിഹാരത്തിലൊരു പുതുവത്സരം

ഡിസംബറിലെ ഒടുക്കത്തെആഴ്ച....
മാസവും വര്‍ഷവും എല്ലാം ഒന്നിച്ചുതീരാന്‍പോണു.

തീരാതെകിടക്കണത് ജോലികളുമാത്രം. പഴയവര്ഷത്തിന്റെ ഫയലുകള്‍ എങ്ങനെയെങ്കിലും ചുരുട്ടികെട്ടി ക്ലോസുചെയ്യാനായ് ഡിപ്പാര്‍ട്ടുമെന്റ്മൊത്തമായ് ആഞ്ഞുപിടിക്കണനേരം ...


മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വാഴക്കൂമ്പില്‍ അറഞ്ഞുകൊത്തുന്ന അമ്മായിയമ്മയെപ്പോലെ കീബോര്‍ഡില്‍ വിരലുകള്‍ കൊത്തിയിരിക്കുന്ന നേരത്താണ് ആപ്പിസിലെ പ്യൂണ്‍ അന്നത്തെ മെയിലില്‍ വന്നതും, സാമാന്യം വലിപ്പമുള്ളതുമായ ഒരു എന്‍വലപ്പ് എന്റെ ടേബിളിലോട്ട് വലിച്ചെറിഞ്ഞിട്ട് പോയത്...മാക്സിമം ബഹുമാനത്തോടെ.


കീബോഡില്‍നിന്നും കൈയെടുക്കാതെതന്നെ ഞാനൊന്നു പാളിനോക്കി... വന്നുപതിച്ച സംഭവം ഒരു കല്യാണ ക്ഷണപത്രമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഏതുപൊട്ടനും മനസ്സിലാലും...എനിക്കും മനസ്സിലായി.
കവറിനു മുകളില്‍തന്നെ സ്വര്‍ണ്ണ‌വര്‍ണ്ണത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നത് 'വെഡിംഗ്' എന്നാണോ 'വെല്‍ഡിംഗ്' എന്നാണോ എന്ന് വായിക്കാന്‍ പറ്റുന്നില്ലാ...


വിലകുറഞ്ഞ പ്രിംന്റിംഗായതിനാലാണെന്നുതോന്നുന്നു ദീര്‍ഘയാത്രക്കിടയില്‍ അക്ഷരങ്ങള്‍ പൊടിഞ്ഞും തേഞ്ഞും പോയിരിക്കുന്നു.... ഇതൊക്കെതന്നെ ധാരാളം, അല്ലെങ്കില്‍തന്നെ ഒരു കല്യാണംനടത്തുമ്പോള്‍ എന്തൊക്കെയാ ചെലവുകള്‍.... ഒരു ഇന്‍‌വിറ്റെഷന്‍ കാര്ഡ് പ്രിന്റ്ചെയ്യാന്‍ വേണ്ടിമാത്രം നൂറും നൂറ്റമ്പതും മുടക്കുന്നതുകൊണ്ടെന്തുനേട്ടം... സമയാസമയത്ത് ആ പാചകക്കാരനു നൂറും നൂറ്റമ്പതും (ഒഴിച്ച്)കൊടുത്താല്‍ സദ്യയെങ്കിലും വെടിപ്പാകും...


വെല്‍‍ഡിംഗിന്റെ താഴെയായ് രണ്ട് ഇണക്കുരുവികളുടെ ചിത്രമാണ്...അതും ഗോള്‍ഡ് കളര്‍, കൊക്കുരുമുകയാണോ കൊത്തുകൂടുകയാണോന്ന് നിശ്ചയമില്ലാ... സാരമില്ല അതെല്ലാം കല്യാണം കഴിഞ്ഞ് മനസ്സിലാക്കാവുന്നതല്ലെയൊള്ളു.

അതിനടിയിലായ് ........ .

'മോളിക്കുട്ടി വിത്ത് ജോസുകുട്ടി'

യ്യോ.....


ഞാന്‍ ഭാവിജീവിതത്തെക്കുറിച്ചു നെയ്തുകൂട്ടണ സീരിയല്‍ സ്വപ്നങ്ങളിലെ നായികയല്ലെ ഈ മോളിക്കുട്ടി. ജസ്റ്റ് പത്തുമിനിറ്റുമുമ്പെ ഞാന്‍ സ്വപ്നത്തിന്റെ ഒരു എപ്പിസോഡ് അവസാനിപ്പിച്ചതെയൊള്ളാരുന്നു... അടുത്ത എപ്പിസോഡില്‍ മോളിക്കുട്ടിയെ പതിവു വേഷമായ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ധരിപ്പിച്ചാലോ എന്നു ചിന്തിച്ചിരുന്നപ്പോഴാ ഉല്‍ക്കപോലെ അവളുടെ കല്യാണക്കുറിവന്നുപതിച്ചത്...


എന്റെമാത്രം സ്വന്തമെന്നുകരുതി ഞാന്‍ ഇത്രനാളും സ്നേഹിച്ചുനടന്ന മോളിക്കുട്ടിയെ ഏതോ ഒരു വിത്ത്‌‌ജോസൂട്ടി വെല്‍ഡ് ചെയ്യാന്‍ പോകുന്നു.......

തലയ്ക്കുമുകളില്‍ പിടിപ്പിച്ചിരുന്ന അലമാരയാണോ അതിനും മുകളില്‍ പിടിപ്പിച്ചിരിക്കുന്ന എയര്‍കണ്ടീഷണറാണോ ...എന്താണെന്നറിയില്ലാ, എന്തോ എന്റെ തലയില്‍ വന്നുപതിക്കുന്നതുപോലെ തോന്നി.... കണ്ണില്‍ ഇരുട്ടുകയറി, അതുതോന്നലായിരുന്നില്ലാ... ഞാന്‍ നിലംപതിച്ചു...

........

മുഖത്ത് അതിശക്തമായ് വെള്ളം വന്നുപതിച്ചപ്പോഴാണ് വളരെ അപൂര്‍വ്വമായ് മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചുവന്നത്.... വെള്ളം കുടയുന്നത് പ്രിയപ്പെട്ടകൂട്ടുകാരന്‍ മനു ആയിരിക്കണം..... ഇത്രശക്തിയില്‍ വെള്ളമടിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക....

മനു എന്നെ പിടിച്ച് കസേരയില്‍ ഇരുത്തി...

'ഡാ കുഞ്ഞെ... ആ കഴുവര്‍‍ടെമോള് നിന്നെവലിപ്പിച്ചിട്ട് പോയിക്കളഞ്ഞു ഇല്ലെ?.....'

മനു..അവന്‍ കല്യാണക്കുറി കണ്ടിരിക്കുന്നു.... എന്റെ ജീവിതത്തിലേക്ക് പവര്‍കട്ടുമായ് വന്നുകയറിയ ആ കുറിമാനത്തെ ഒരിക്കല്‍കൂടി ഞാന്‍ പാളിനോക്കി... ഒരിക്കല്‍കൂടി ബോധംകെട്ടുവീഴാനുള്ള ശേഷിയില്ലാതെ കസേരയില്‍ ചാഞ്ഞിരുന്നു...

എന്നാലും മോളിക്കുട്ടി ...അവള്‍ക്കെങ്ങിനെ എന്നോടിങ്ങനെയൊക്കെ പെരുമാറാന്‍ തോന്നി....


'ഡാ ചെക്കാ.... നിന്നെയൊക്കെ ശീലയൂരിയടിക്കണം.... ആ എന്തിരവള്‍ക്ക്‌വേണ്ടി കാശെത്രപൊടിച്ചെടാ നീ... നിന്നോടന്നുഞാന്‍ പറഞ്ഞതല്ലെ?...... ' മനു ഉറഞ്ഞുതുള്ളുകയാണ്.

'ക്യാ ഹോഗയാ യാര്‍?...' എച്ച്.ആര്‍.ഡി ഡിവിഷനിലെ മനോജ് ഗുപ്ത... ആളുകള്‍ കൂടുകയാണ്

' ഓ... ഒന്നുമില്ലമച്ചു... ഇവന്റെ ഗേള്‍ഫ്രന്‍ഡിന്റെ കല്യാണത്തിന്റെ ഇന്‍‌വിറ്റേഷന്‍ വന്നതാ...' മനു എത്ര നിസ്സാരമായിട്ടാണ് സംസാരിക്കുന്നത്...


മനോജ് ഗുപ്ത മിഴിച്ചുനില്‍ക്കുന്നു..... മലയാളത്തില്‍ പറഞ്ഞിട്ട് മനസ്സിലാകാഞ്ഞിട്ടോ.. അതോ ഇതിലൊക്കെ എന്താണിത്ര വിഷമിക്കാന്‍ എന്നുകരുതിയിട്ടോ... അറിയില്ലാ.

' കോയീബാത്ത് നഹിയാര്‍ ...ചിന്താമത്കരോ ......' എന്റെ തോളത്തുതട്ടി മനോജ് ഗുപ്ത പറഞ്ഞ സാന്ത്വന വാക്കുകള്‍ക്കും എന്റെഉള്ളിലെ നീറ്റല്‍ കുറയ്ക്കുവാന്‍ കഴിഞ്ഞില്ലാ....ഒരു തമിഴത്തി പെണ്ണിനെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍നിന്നും പുറത്താക്കപ്പെട്ട ഗുപ്താപയ്യന്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതായിരിക്കാം... ഒരപകടമൊഴിവായതോര്‍ത്തു സന്തോഷിക്കാന്‍....

പക്ഷെ

മോളിക്കുട്ടി...അവള്‍ക്കെങ്ങിനെ എന്നോട് ഇങ്ങനെ പെരുമാറാന്‍ കഴിഞ്ഞു....


'അവള്‍ നാട്ടില്പോകുമ്പോള്‍ ഇരുപതിനായിരം രൂപ കടംകൊടുക്കണമെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ ....കൊടുത്തോ?....' മനു രഹസ്യമായ് ചോദിച്ചു..

'ഇല്ലാ കൊടുക്കാന്‍ പറ്റിയില്ലാ... അവള്‍ക്ക് നാട്ടില്‍നിന്നും ഫോണ്‍‌വന്നിട്ട് പെട്ടന്നങ്ങുപോകേണ്ടിവന്നില്ലെ...അപ്പനുസുഖമില്ലാന്നുംപറഞ്ഞ്.... ഞാന്‍ രാവിലെ ബാങ്കില്‍നിന്നും കാശുമെടുത്ത് റയില്‍‌വെ സ്റ്റേഷന്‍വരെ ചെന്നതാ ... അപ്പോഴേക്കും ട്രെയിന്‍ വിട്ടു...'


'ഭാഗ്യം ...കെയെസാര്‍ട്ടീസിയെലൊക്കെ ചാടിതൂങ്ങുന്നപോലെ തൂങ്ങാതിരുന്നത്... ഇവിടന്നു വിട്ടാല്‍ അങ്ങു ഫരീദാബാദിലേ നിര്‍ത്തു... ഏതായാലും നീവാ... ലഞ്ച് കഴിച്ചിട്ട് വന്നിട്ട് ബാക്കി പറയാം..... ' മനു


ലഞ്ച്കഴിക്കാന്‍.... എന്നോട് ....ആപ്പിസിലെ ഗഡ്‌വാളിപ്പെണ്ണ് ശിവാനി ഒരുദിവസം ഗുഡ്മോണിംഗ് പറഞ്ഞിട്ട് മറുപടി പറയാതെപോയതിനാല്‍ ലഞ്ച്കഴിക്കാനാവാതെ വിഷമിച്ച എന്നെപ്പോലുള്ള ലോലഹൃദയനോട്... അതും മോളിക്കുട്ടിയുടെ കല്യാണക്കുറി കൈപ്പറ്റിയിട്ട് മണിക്കൂറുകള്‍ പോലും കഴിയും മുമ്പെ... ലഞ്ച് കഴിക്കാമെന്ന്!!!....

അവനതു പറഞ്ഞില്ലങ്കിലെ അത്ഭുതമൊള്ളു.... പണ്ട് നെഹ്റുപ്ലേസില്‍ ഭൂമികുലുക്കമുണ്ടായന്ന് എല്ലാവരും ഇറങ്ങി ഓടിയപ്പോഴും കൂളായിട്ടിരുന്നു ശാപ്പാടടിച്ചവനല്ലെ...


'കണ്ടവളുമാര്‍ക്ക് പത്തും ഇരുപതും ആയിരം കൊണ്ടുകൊടുത്തിട്ട് മൂന്നുരൂപായുടെ ഛോലാകുല്‍ചവാങ്ങിക്കഴിച്ച് ജീവിക്കണ യെവനെയൊക്കെ ശീലയൂരിയടിക്കണം....ഒരിക്കലും നനയ്ക്കാത്തശീലയൂരി ....' മനു ദേഷ്യപ്പെട്ടാണുപോയത്...


മനുപോയപ്പോള്‍ സജിമോന്‍ വന്നു ....

കേരളത്തില്‍ ചൂടുകൂടുതലാണെന്നുപറഞ്ഞ് ജോലി രാജിവച്ച് മദ്രാസില്‍ ജോലിതേടിപ്പോയവന്‍ ...അവിടെനിന്നും ഡല്‍ഹിയില്‍ എത്തിയവന്‍...

അല്പനേരം തനിച്ചിരുന്നു വിരഹിക്കാന്‍ എന്നെഅനുവദിക്കാതെ സജിമോന്‍ ചോദ്യങ്ങളാരംഭിച്ചു...

'എന്നാ അവളുടെ കല്യാണം?...'

'നാളെകഴിഞ്ഞ്'

'അപ്പോള്‍ കല്യാണത്തിനിനി വെറും രണ്ടേ രണ്ടുദിവസം മാത്രമെ ബാക്കിയൊള്ളു... കേരള എക്സ്പ്രസിനു കയറി നാട്ടിലെത്താന്‍ തന്നെ മൂന്നുദിവസം വേണം... ഏഴായിരം രൂപമുടക്കാന്‍ പറ്റുമോ?..'

'എന്തിനാ സജിമോനെ...'

'പറന്ന് പോണം... വിമാനത്തിനു....എന്നാലെ കല്യാണത്തിനു മുമ്പെ നാട്ടിലെത്താന് പ്റ്റു....'

എഴായിരം രൂപയും പൊടിച്ച് വിമാനത്തിലേറി മോളിക്കുട്ടിയുടെ കല്യാണത്തിനു മുമ്പെ അവിടെ എത്തിയിട്ട്?... സദ്യയുണ്ട്പോരാനൊ..? അതോ ദൂരെമാറിനിന്നു ' മാനസ മൈനേ വറൂ...' എന്ന് പാടാനോ..?


പാടാനാണെങ്കില്‍ ഇവിടിരുന്ന് ആ മുഹൂര്‍ത്തം നോക്കി പാടിയാലും പോരെ...എനിക്കൊന്നും മനസ്സിലായില്ലാ...'

'ആ കല്യാണം മൊടക്കണം...' സജിമോന്‍ സീരിയസാണ് ...

അത് അവന്റെ കണ്ണുകളില്‍ നോക്കിയാല്‍ മനസ്സിലാകും...
സജിമോന്‍ ഒരു വാക്ക് പറഞ്ഞാല്‍ രജനീകാന്തിനേക്കാളും കഷ്ടമാണ്...

'അവള്അയച്ച പഴയ് ലെറ്ററുകളും ഫോട്ടോകളും ഒക്കെ എടുത്തിട്ടുവേണം പോകാന്‍...പെട്ടന്നുതന്നെ അതിന്റെ കുറെ ഫോട്ടോകോപ്പികളും എടുക്കണം...ഒറിജിനല്‍ എപ്പോഴും നമ്മുടെ കയ്യില്‍ സൂക്ഷിക്കണം... നാട്ടിലെത്തിയാല്‍ നേരെ അവളെകെട്ടാന്‍പോണചെറുക്കന്റെവീട്ടില്‍ചെന്ന് ഒരു ഫോട്ടോകോപ്പി ചുമരിലൊട്ടിക്കണം.... ബാക്കിയുള്ളത് വിതരണം ചെയ്യണം....അടുത്തവീടുകളിലും ... കവലയിലും...'


സജിമോന്‍ പറയണതിലും കാര്യമുണ്ട് പക്ഷെ എന്തുചെയ്യാനാ മോളിക്കുട്ടി എനിക്ക് ആകെപ്പാടെ ഒരേയൊരു കത്തെ അയച്ചിട്ടൊള്ളു... അതവളുടെ കല്യാണക്കുറിയാണ്... (അതേലെയ്ക്കു നോക്കിയപ്പോള്‍ പിന്നെം തലചുറ്റാന്‍ തുടങ്ങി...)


ഒരേഫ്ലാറ്റിലെ അടുത്തടുത്ത മുറികളില്‍ താമസിച്ചിരുന്നവരായതിനാല്‍ ആത്മഗതങ്ങള്‍പോലും പരസ്പരം കേള്‍ക്കാന്‍പറ്റുന്ന് അകലമല്ലെ ഉണ്ടായിരുന്നൊള്ളു....പിന്നെ എങ്ങിനെ കത്തെഴുതാന്‍.

ലാല്‍ക്കിലയിലൊക്കെപോയ് മതിലില്‍ ചാരിനിന്നു കുറച്ചു നല്ല ഫോട്ടോസൊക്കെ എടുക്കാന്‍ പ്ലാന്‍ചെയ്തിരുന്നപ്പോഴാ അവളുടെ അപ്പനുവലിവുകൂടിയതുംപറഞ്ഞ് ഫോണ്‍‌വന്നതും അവള്‍ നാട്ടിലേക്ക് പോയതും...


'വേറെ എന്തെങ്കിലും തെളിവുകളുണ്ടോ സുന്ദരാ തന്റെകയ്യില്‍... ഒന്നോര്‍ത്തുനോക്കിക്കെ... ടൈം ഈസ് നോട്ട് ഫ്ലെക്സിബിള്‍...വേഗം വേണം...' സജിമോന് എങ്ങിനെയെങ്കിലും എന്നെ സഹായിക്കണമെന്നുണ്ട്..


'ശര്‍മ്മാജിയുടെ പലചരക്കുകടയില്‍നിന്നും എന്റെ അക്കൗന്‍ഡില്‍ മോളിക്കുട്ടി പലപ്പോഴായ് വാങ്ങിയ അരി, പാല്‍, പഞ്ചസാര മറ്റ് അല്ലറചില്ലറ സാധനങ്ങള്‍....അതിനു പറ്റുബുക്കില്‍ തെളിവുണ്ട്... അതിന്റെ ഫോട്ടോകോപ്പിയെടുപ്പിച്ചാലോ?.....'


' അതുമതിയാകും...കോപ്പിയെടുത്ത് ശര്‍മ്മാജിയെകൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിച്ചിട്ട് നാലായിട്ട്‌മടക്കി..... ബാക്കിഞാന്‍ പറയുന്നില്ലാ...' സജിമോന്‍ എന്റെ കേസുവിട്ടു ലേഡീസ് കൂടുതലുള്ള ഡിപ്പാര്‍ട്ടുമെന്റുനോക്കി റൗന്‍ഡ്‌സിനുപോയി.


ഞാന്‍ തനിയെ വിരഹിച്ചിരിക്കാന്‍ തയ്യാറെടുത്തതും മനു തിരിച്ചെത്തി....

'അവന്റെ ഒരു മോളിക്കുട്ടി....കളഞ്ഞിട്ട് പോടെയ്.......' ആഹാരംകഴിഞ്ഞുവന്നപാടെ കൂടുതല്‍ ശക്തിയായ് ശകാരം ആരംഭിച്ചു...

അവനതുപറയാം... പത്തനംതിട്ടകളക്ടറാപ്പീസിന്റവിടന്ന് കോട്ടയംനാഗമ്പടംമൈതാനംവരെ ചങ്ങലപിടിക്കാനും‌മാത്രം കാമുകിമാരുള്ള അവന് ഒന്നല്ല പത്തെണ്ണം ഒരുമിച്ചുകെട്ടിപ്പോയാലും നോപ്രോബ്ലം.


'എടാ കുഞ്ഞെ... നിന്നോട് ഞാന്‍ നേരത്തെപറഞ്ഞതല്ലെ ആവശ്യമില്ലാത്തപണിക്ക് പോകരുതെന്ന് ....ഇനിയിരുന്നു മോങ്ങാതെ സ്വന്തംകാര്യംനോക്ക്....ബി പ്രാക്ടികല്‍ ....' മനു


'നീ എന്തുതേങ്ങാന്നാ പറഞ്ഞത്...' എനിക്കും ദേഷ്യം വന്നു...

'മോളിക്കുട്ടിക്ക് എന്നോടുള്ള വികാരം പ്രണയമല്ലാതെ മറ്റൊന്നുമല്ലെന്ന് ചില നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും ഒരു ക്വാളിറ്റി ടെസ്റ്റിലൂടെ അതെന്റെമുമ്പില്‍ തെളിയിക്കുകയും ചെയ്തത് നീതന്നെയല്ലേടാ ദുഷ്ടാ... എന്നിട്ടിപ്പം അവളുകാലുമാറിയ ഒപ്പം നീ വാക്കുമാറ്റുന്നോ?'

സംഭവം ഇങ്ങനെ....

മോളിക്കുട്ടി പതിവായ് നേരംപരപരാന്നു വെളുക്കുന്നതിനുമുമ്പെ എഴുന്നേല്‍ക്കുന്ന പ്രകൃത്ക്കാരിയാണ്...വളര്‍ത്തുദോഷം
നേരത്തെവെളുക്കാന്‍ നേരം‌പോലും മടിക്കുന്ന വിന്റര്‍‍സീസണില്‍ പരപരാന്ന് അവള്‍ തേങ്ങാചിരകുന്നതിന്റെ ശബ്ദംകേട്ടാണ് സൂര്യനുദിച്ചിരുന്നത്.

മടിച്ചിപ്പാറുക്കളായ അവളുടെ സഹമുറിയത്തികള്‍ ..'നാശം...നാശം' എന്നു പുലമ്പീട്ട് ഇംഗ്ലീഷ്‌വല്യക്ഷരം 'ജി' പോലെ കിടന്നുറങ്ങുമ്പോഴും മോളിക്കുട്ടി അടുക്കളയില്‍ ജോലികള്‍ ചെയ്തുകൊണ്ടെയിരിക്കും....


കാപ്പി തയ്യാറായാല്‍ മോളിക്കുട്ടി വല്യവെട്ടുഗ്ലാസ്സില്‍ നിറയെ ആവിപറക്കുന്ന കാപ്പിയും പകര്‍ന്ന് എന്നെവന്നു വിളിക്കും... കട്ടിലില്‍ കിടന്നുതന്നെ ഞാന്‍ കാപ്പിവാങ്ങി ഒരുകവിള്‍ കുടിക്കുന്നതുപോലെ ആക്ട്ചെയ്തിട്ട് ...'കൊള്ളാം നന്നായിരിക്കുന്നു' എന്നുപറയും.


മോളിക്കുട്ടി പോയ്ക്കഴിയുമ്പോല്‍ കാപ്പികൊണ്ടുപോയ് കമഴ്ത്തിക്കളഞ്ഞിട്ട് ഓടിവന്ന് ഗ്ലാസ് കട്ടിലിനടിയില്‍ വയ്ക്കുകയും വീണ്ടും കിടന്ന് ഉറങ്ങുകയും ചെയ്യും... കാപ്പിമോശമായിട്ടല്ലാ.... എനിക്ക് കാപ്പിയും ചായയും പണ്ടിനാലെ അലര്‍ജിയാണ്.


പ്രഭാതത്തില്‍ ബഡ്കോഫിയുമായ് വന്ന് സ്നേഹത്തോടെ വിളിക്കുന്ന മോളിക്കുട്ടി....ആ സുന്ദര നിമിഷങ്ങളെ കേവലം അലര്‍ജിയുടെ പേരുപറഞ്ഞ് നഷ്ടപ്പെടുത്താന്‍ മനസ്സുവരാത്തതിനാല് ഞാന്‍ ഈ രഹസ്യം വെളിപ്പെടുത്താനും‌പോയില്ലാ.


അങ്ങിനെയിരിക്കെ ഒരുദിവസം ബ്രിജ്‌വിഹാരം മനു എന്റെവീട്ടില്‍ വരുന്നു... ഓള്ഡ് മങ്കിവേണം, പൊന്മന്കുഞ്ഞ് എവിടെ, കല്യാണിപോലുമില്ലെ എന്നൊക്കെ മനുചോദിക്കുന്നുണ്ട് ഞാനതൊന്നും കേള്‍‍ക്കാത്തമട്ടില്‍ നടന്നു... മോളിക്കുട്ടിയെങ്ങാനുമറിഞ്ഞാല്‍ മോശമല്ലെ....


പതിവുപോലെ അത്താഴത്തിനു നായരുചേട്ടന്റെ കടയിലേക്ക് പോകാന്‍ തീരുമാനമായ്. സരളച്ചേച്ചീടെ കൈകൊണ്ട് കാലാക്കിയത് കഴിക്കാന്‍ വേണ്ടിക്കൂടിയാണ് മനു വല്ലപ്പോഴും ശ്രീനിവാസപുരത്തെയ്ക്ക് വരുന്നതുതന്നെ.

അപ്പോഴാണ് മോളിക്കുട്ടി കടന്നുവന്നത്.

'ആഹാരം ഇപ്പോള്‍ തരാട്ടോ...കറിക്കൊന്നു വറുത്തിടേണ്ട താമസ്സം മാത്രം...' കുണുങ്ങി ചിരിച്ചിട്ട് അവള്‍ കറിക്ക് കടുക് വറുക്കാന്‍ പോയി...

'അളിയാ...ഇതാണോ നീ പറഞ്ഞ ബഡ്കോഫീ... സെറ്റപ്പ് കൊള്ളാലോ...' മനു


ചോറ് വിളമ്പിയതും മോളിക്കുട്ടിതന്നെ....
സൈഡില്‍ മീന്‍ കറിയും മീന്‍ വറുത്തതുമുണ്ടായിരുന്നു...
നാം മലയാളികളാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒന്നാംന്തരം വടുകപ്പുളിയന്‍ നാരങ്ങാ അച്ചാറും വേപ്പിലക്കട്ടിയും പിന്നീട് വിളമ്പി....
അടുത്തതായ് നാം ഇപ്പോള്‍ കേരളത്തിലല്ലാ ഡല്‍ഹിയിലാണെന്ന് എന്നോര്‍മ്മിപ്പിക്കുവാന്‍ ആലു ഗോപിസുക്കാ, എന്തുവിചാരിച്ചാലും പ്രശ്നമില്ലാ എന്നമട്ടില്‍ പഞ്ചാബി പപ്പടംപൊള്ളിച്ചതും വച്ചിട്ട് ഞങ്ങള്‍ ഊണുകഴിയുന്നതുവരെ അവള് വാതില്പ്പടിയില്‍ ചാരിനിന്നു...

' സൂപ്പര്‍ മച്ചാ...സൂപ്പര്‍... ' മനു ശരിക്കും കഴിച്ചു...ഞാനും

'ഒരുപാടു നാളായ് പെങ്ങളെ ഇത്രയും രുചികരമായ് ആഹാരം കഴിച്ചിട്ട്... കോന്നീലെ സ്വന്തം‌വീട്ടിലിരുന്നു കഴിച്ചപോലെ തോന്നി...' സാധാരണഗതിയില്‍ എന്തുവെട്ടിയരിഞ്ഞു വേവിച്ചുകൊടുത്താലും സൂപ്പര്‍ ..സൂപ്പര്‍ എന്നു പറയുന്ന മനു മോളിക്കുട്ടിക്ക് കോമ്പ്ലിമെന്റ് പറഞ്ഞത് കാര്യമായിത്തന്നെയാണെന്നു ഞാന്‍ കരുതുന്നു.


രാവിലെ പതിവുപോലെ ബഡ്കോഫി വന്നു...രണ്ടാള്‍ക്കും.

'അളിയാ ...നീ കള്ളുകുടി നിര്‍ത്തി കാപ്പികുടി തുടങ്ങിയോ.... ഓരോരോ മാറ്റങ്ങളെ....' മനു

' അളിയാ പതുക്കെ ...അവളുകേള്‍ക്കല്ലെ. ഞാന്‍ കാപ്പികുടിക്കില്ലാന്നുള്ളകാര്യം അവള്‍ക്കറിയില്ലാ...ഞാന്‍ പതിവായ് കാപ്പി കമിഴ്ത്തിക്കളയുകയാ...'


' ഇന്നേതായാലും കമഴ്ത്തണ്ടാ ...രണ്ടുഗ്ലാസ് കാപ്പിയൊക്കെ കുടിക്കാനുള്ള ആളില്ലെ ഞാന്‍....' മനു അവനു കൊടുത്ത കാപ്പികുടികഴിഞ്ഞ് എന്റെ വീതം കാപ്പിയും വാങ്ങിക്കുടിച്ചു.....

'സുന്ദരാ എത്രനാളായ് ഈ കാപ്പിയില്‍ കലക്കിയ പ്രണയം തുടങ്ങിയിട്ട്..'

'പ്രണയം! .... ഇതുവരെ അതങ്ങോട്ട് ഉറപ്പായിട്ടില്ലാ..'


'എന്നാല്‍ ഉറപ്പിച്ചോ ... ആ പെങ്കൊച്ചിനു നിന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നപ്പോള്‍ തൊട്ട് ഞാന്‍ ശ്രദ്ധിക്കുന്നതാ... ഈ കാപ്പികുടിച്ചപ്പോള്‍ എനിക്കുറപ്പായ്... ' മനുവെന്നാല്‍ മനശാസ്ത്രം അറിയാവുന്നവന്‍ എന്നര്‍ത്ഥം... കുറഞ്ഞപക്ഷം സ്ത്രീകളുടെ.

'അതെന്താ കാപ്പികുടിച്ചപ്പോള്‍ പ്രത്യേകിച്ചൊരുറപ്പുവരാന്‍ കാര്യം?...' എനിക്ക് മനസിലായില്ലാ

'അവള്‍ എനിക്കുതന്ന കാപ്പിയില്‍ പാലും പഞ്ചസാരയും കുറവായിരുന്നു....നിനക്കുവേണ്ടി തന്നതില്‍ ആവിശ്യത്തിലധികം പഞ്ചസാരയും പാലും....' മനുവിന്റെ നിഗമനം....


സബ്ജറ്റ് നോളജുള്ള എന്റെ ഉറ്റചങ്ങാതിയുടെ ക്വാളിറ്റി ടെസ്റ്റ് റിസല്‍ട്ട് കിട്ടിയ ശേഷമാ ഞാന്‍ ആഞ്ഞ് പ്രണയിക്കാന്‍ തുടങ്ങിയത്. എന്നിട്ടിപ്പോള്‍ എന്തായി. നാളെകഴിഞ്ഞ് അവള്‍ വിത്ത് ജോസൂട്ടി...പഞ്ചസാര കൂടുതല്‍ കലക്കിയാല്‍ പ്രണയമല്ലാ പ്രമേഹമാണെന്ന് ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു........

ഓഫീസില്‍ സംഭവം പരക്കാന്‍ തുടങ്ങി‍... കാഴ്ചബംഗ്ലാവിലെ മൃഗത്തെ നോക്കിക്കാണുന്നപോലെ പെണ്ണുങ്ങള്‍ ചില്ലുവാതിലിനു വെളിയില്‍നിന്നും എന്നെ നോക്കുകയും അടക്കംപറഞ്ഞു ചിരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോല്‍ ഹാഫ് ഡേ ലീവെഴുതിക്കൊടുത്ത് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.


വീട്ടില്‍ വന്ന് കഞ്ഞിയും വെള്ളവും കുടിക്കാതെ സുഖമായിട്ട് വിരഹിച്ചുകിടന്നു. പിറ്റേന്ന് ലീവ് ഒരു ദിവസത്തെയ്ക്ക് കൂടിനീട്ടിയെടുത്ത് വിരഹിച്ചു. അതിനുപിറ്റേന്ന് ലീവ് വീണ്ടും ഒരു ദിവസത്തെയ്ക്കുകൂടി നീട്ടുകയും വെറുതെ മനോവിചാരങ്ങളെ കുട്ടനാട്ടുള്ള മോളിക്കുട്ടിയുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തു...

കല്യാണം ഇപ്പോള്‍ കഴിഞ്ഞകാണും... സദ്യകഴിക്കുകയായിരിക്കും... ബിരിയാണിയായിരിക്കും... ബിരിയാണികഴിക്കുമ്പോള്‍ അവള്‍ എന്നെ ഓര്ക്കുമായിരിക്കുമോ?..... ഗോവിന്ദപുരിയില്‍നിന്നും ഞാന്‍ പാഴ്സല്‍ വാങ്ങിക്കൊണ്ടുവന്നുകൊടുത്ത ബിരിയാണിയെക്കുറിച്ച് എന്തായാലും ഓര്‍ക്കാതിരിക്കില്ല....കുറഞ്ഞപക്ഷം കഴിച്ചുകൊണ്ടിരിക്കുന്ന കല്യാണ ബിരിയാണിയുമായ് ഒരു താരതമ്യപഠനത്തിനെങ്കിലും...


ഞാന്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി....

കണ്ണ് നന്നായ് കുഴിഞ്ഞിട്ടുണ്ട്...കൊള്ളാം. പക്ഷെ മുഖത്ത് രോമവളര്‍ച്ച അത്രയങ്ങട് പോരാ, പാരമ്പര്യം....

മുഖത്ത് കൂടിയഅളവില്‍ നിരാശതളംകെട്ടിനിര്‍ത്താന്‍ കരുത്തുള്ള രോമങ്ങളില്ലാത്തതില്‍ എനിക്ക് കടുത്ത നിരാശതോന്നി.


വൈകുന്നേരമായപ്പോള്‍ മനു എന്നെകാണാന്‍ വന്നു...

'..?£;$%&$%$.... ' വന്നപാടെ കുറെ നല്ല പേരുകള്‍ എന്നെ വിളിച്ചു.

'നിനക്കറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത?....' മനു ചോദിച്ചു

'ഇന്ന് എന്റെ എല്ലാമെല്ലാ മായിരുന്ന മോളിക്കുട്ടി..... ' എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലാ


'മോളിക്കുട്ടി ...അവളോട് പോകാന്‍പറ അളിയാ.....'മോളി കുട്ടി'പോയാ 'മോളി വല്യതു'വരും...ഇല്ലങ്കില്‍ നമ്മളുവരുത്തും... ... ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്ന്... ഗെറ്റ് റെഡിമാന്‍... ലെറ്റ്സ് ഗോ ബ്രിജ് ‌വിഹാരം... നമുക്ക് രണ്ട് ബിയറടിച്ച് പഴയ വര്‍ഷത്തെ യാത്രയാക്കാം.... രണ്ട് സ്മാളടിച്ച് പുതിയവര്‍ഷത്തെ സ്വീകരിക്കാം....കമാണ്‍... ക്യുക്ക്...ക്യുക്ക്...' മനു വിളിച്ചു...സ്നേഹത്തോടെ.


എല്ലാം മറക്കാന്‍ എനിക്കും ഒരു യാത്ര ആവശ്യമായിരുന്നു...
കാപ്പിയുടെ പൊള്ളുന്ന ഓര്‍മ്മയില്‍നിന്നും കള്ളിന്റെ കുളിരുള്ള റിയാലിറ്റിയിലേക്ക്.
പഴയ വര്‍ഷത്തില്‍നിന്നും പുതിയവര്‍ഷത്തിലേക്ക്.

മനുവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍... രണ്ടുകൈകൊണ്ടും അവനെ വട്ടമിട്ടുപിടിക്കാന് ശ്രമിച്ചിട്ട് പിടികൂടാത്തതിനാല്‍ വെറുതെ ഫോര്‍മാലിറ്റിക്ക് തോളത്തുകൈവച്ചിരുന്നു... ബൈക്ക് ബ്രിജ്‌വിഹാരത്തിലേക്ക് കുതിക്കുകയാണ്....

ചെളിവെള്ളം ഒഴുകുന്ന യമുനാനദി ക്രോസ് ചെയ്തപ്പോള്‍ എന്നിലെ കവി ഉണര്‍ന്നു...

ബ്രിജ്ജ്‌വിഹാരം വിളിക്കുന്നു....
വിരഹിക്കാനിനി നേരമില്ലാ
പോയ്മറയുന്ന പഴയവര്‍ഷത്തില്
‍നിന്‍ഓര്‍മ്മകള്‍കൂട്ടിപ്പൊതിയുന്നുഞാന്‍
...............................

മഹാകവി മുന്നിലിരുന്നിട്ടാണോന്നറിയില്ലാ പതിവുപോലുള്ള ഒഴുക്കുകിട്ടാത്തതിനാല്‍ കവിത നിര്‍ത്തി....


ബ്രിജ്‌വിഹാര്‍ ഇതാ കണ്മുമ്പില്‍ ....

മദ്യഷാപ്പിന്റെ പിന്നിലെ ചായ്പ്പില്‍ ഡിസംബറിന്റെ തണുപ്പിനെ വകവയ്ക്കാതെ ഞങ്ങള്‍ തണുത്തബിയറില്‍ ആരംഭിച്ചു...

കിംഗ്ഫിഷര്‍ കിട്ടിയില്ലാ....

പകരം കല്യാണി വന്നു...

' കല്യാണീ തഗണം മൂന്ന് ഗുരു രണ്ടോട് ചേരുകില്‍..' എന്നാണത്രെ ശാസ്ത്രം പറയുന്നത് ..
അതുതെറ്റിക്കുന്നത് ശരിയല്ലാത്തതിനാല്‍ തഗണം തിഗുണം രണ്ടാമത്തെകുപ്പിയും ഫിനിഷ്ചെയ്തു....

'അളിയാ....മോളിക്കുട്ടി ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നുണ്ടോ?...' മനുചോദിച്ചു...

'ചെറുതായിട്ട്...'

'എന്നാല്‍ അളിയന്‍ ഇവിടിരുന്നു ഒരു വിരഹ ഗാനം പാടിക്കോ...ഞാന്‍ ടപ്പേന്ന് വന്നേക്കാം....പിന്നെ വ്യോളിയം കൂടരുതെട്ടോ ഇത് ഡല്‍ഹിയല്ലാ...സ്റ്റേറ്റ് മാറിയാണ്...'

മൂത്രമൊഴിക്കാനാണോ എന്തോ മനു പെട്ടന്നി‌റങ്ങി ഓടുന്നകണ്ടു...


തിരിച്ചുവന്നപ്പോള്‍ മനുവിനെ എനിക്ക് നാലായ് തോന്നി.. രണ്ടുബിയറിനു ഇത്രയും കിക്കുണ്ടായാല്‍ ബിയറുണ്ടാക്കിയ കമ്പനിക്കാരനുനഷ്ടം എനിക്ക് ലാഭം.... ഞാന്‍ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി... വെറുതെ തോന്നിയതാ...മനു അവന്റെ മൂന്നുകൂട്ടുകാരെയും കൂട്ടി തിരിച്ചുവന്നതാണ്.

'ഒരു ചെകുത്താന്‍ പോയ് അവനിലും ശക്തരായ ഒന്നിലതികം ചെകുത്താന്മാരുമായ് മടങ്ങിവരും...' എന്ന ബൈബിള്‍ വാക്യം എനിക്കോര്‍മ്മവന്നു. ബാറിലിരുന്ന് ബൈബിള്‍ പറയാന്‍ കൊള്ളാത്തതിനാല്‍ മിണ്ടിയില്ല.

പ്രസന്നന്‍, കണ്ണന്‍, ഗുരുജി.... ത്രയം


ഇവമ്മാരെ കണ്ടതെ ബാറുകാരന്‍ ഗോഡൗണിലിരിക്കണകുപ്പിമുഴുവന്‍ എടുത്തിട്ടുവരാന്‍ ആളെവിട്ടുകഴിഞ്ഞു...

' അളിയമ്മാരെ... സുന്ദനു ഒരു പ്രണയ നൈരാശ്യം നമുക്കതൊന്നു മാറ്റിക്കൊടുക്കണ്ടെ...' മനു

'ഒന്നെയൊള്ളോ.... പുവര്‍ ബായ്....മിനിമം ഒന്‍പത് പ്രണയനൈരാശ്യമെങ്കിലും കാണും ഈ കണ്ണന്റെ കൈവശം.... പ്രസന്നനാണെങ്കില്‍ ഇപ്പോള്‍ എണ്ണമൊന്നും നിശ്ചയമേയില്ലാ....' ഗുരുജി...

'പ്രസന്നനു പണ്ടും എണ്ണം നിശ്ചയമില്ലാ...' കണ്ണന്‍

കൂട്ടുകാരിലേറ്റംതലയെടുപ്പ് ഗുരുജിക്കാണ്... മനുവിന്റെ അകന്ന ബന്ധുവും ബ്രിജ്‌വിഹാരത്തിലെ സഹലകലാവല്ലവനുമായ രാധാകൃഷ്ണന്‍നായര്‍, നാട്ടുകാരുടെ പ്രിയങ്കരനായ ഗുരുജി.....


ഞാന്‍ ബ്രിജ്‌വിഹാരത്തില്‍ ആദ്യംമായ് ചെന്നകാലത്ത് ഗുരുജി ഏതോ ഒരു സ്കൂളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു... സോമപാനത്തിന്റെ കൂടുതലുകൊണ്ട് ക്ലാസിക്കല്‍ഡാന്‍സ് സിനിമാറ്റിക് ഡാന്‍സായ് മാറിപ്പോയതിനാല്‍ ജോലി നഷ്ടമായഹതഭാഗ്യന്‍.

എന്നാല്‍ പ്രതിഭയുള്ളവനെ പിടിച്ചുകെട്ടാനാര്‍ക്കുകഴിയും ...ഒരാഴ്ചക്കുള്ളില്‍ തൊട്ടടുത്ത സ്കൂളില്‍ ഡ്രില്‍ മാസ്റ്ററായിട്ടാണ് ഗുരുജി പ്രത്യക്ഷപ്പെടുന്നത്.. പിറ്റെമാസം വേറൊരുസ്കൂളിലെ കളരിപ്പയറ്റ്മാഷ്, പിന്നെ കരാട്ടെ മാഷ്, .....


'മാഷ്ക്ക് ഇപ്പോള്‍ എന്താണ് പൊസിഷന്‍?...' ഞാന്‍ ഗുരുജിയോട് ചോദിച്ചു

'ഞാനിപ്പോള്‍ യോഗാസനം... '

'അതല്ലാ ...ഞാന്‍ ചോദിച്ചത് എന്തുജോലിയാണ്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ്...'


'അതുതന്നെയാ പറഞ്ഞത്...ഞാന്‍ ഇപ്പോള്‍ ഗംഗാറാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യോഗാദ്ധ്യാപകനാണ്..... '

ചാരായ ഷാപ്പിലെ ഓള്‍ഡ് സ്റ്റോക്കും കീശയും കാലിയായപ്പോല്‍ പഴയവര്ഷം ബ്രിജ്‌വിഹാറിനെ അനുഗ്രഹിച്ചിട്ട് കടന്നുപോയി....


പുതിയ വര്‍ഷം പിറന്നപ്പോള്‍ ഞങ്ങള്‍ അതിനെ വരവേല്‍ക്കാനായ് കുറച്ചുനേരം പാര്‍ക്കിലൂടെ നടന്നു....


പിന്നെ പുതിയവര്‍ഷത്തില്‍ അല്പംകൂടി ഡീസന്റായിരിക്കണം എന്ന ആഗ്രഹത്തോടെ വിദേശമദ്യം മാത്രം കിട്ടുന്ന ബാറിലെയ്ക്ക് നടന്നു.

അവിടെനിന്നും എന്തൊക്കെയൊ കഴിച്ചു... കൈകഴുകാനായ് കൊടുത്ത ചൂടുവെള്ളത്തില്‍ ഗുരുജി നാരങ്ങയും സോപ്പും ചേര്‍ത്തു... പിന്നെ അറിഞ്ഞോ അറിയാതെയോ അതും കുടിച്ചു. ഞങ്ങള്‍ ആദരവോടെ അദ്ധേഹത്തെ നമിച്ചു...


വീണ്ടും പാര്‍ക്കില്‍...

മനുവും പ്രസന്നനും കണ്ണനും പാര്‍ക്കിലൂടെ സീനറികണ്ടു നടന്നപ്പോള്‍.... നടന്നാല്‍ വീണുപോകുന്നു എന്നതിനാല്‍ ഗുരുജി ഒരു ബഞ്ചില്‍ ഇരുന്നു...യോഗാഭ്യാസത്തില്‍ താല്പര്യമുള്ളതിനാല്‍ ഞാന്‍ ഗുരുജിയോടൊപ്പം കൂടി .

യോഗാഭ്യാസത്തിന്റെ ഹീലിംഗ്പവ്വറിനെപ്പറ്റി ഗുരുജി സംസാരിച്ചുതുടങ്ങി...
ആസനങ്ങള്‍ എല്ലാംതെന്നെ ദു:ഖങ്ങളെ അകറ്റാന്‍ പര്യാപ്തമാണെന്നും ... ഉള്ളിലുള്ള എല്ലാവിഷമങ്ങളെയും പുറത്തുകളയാന്‍ ശീര്ഷാസനം അത്യുത്തമമാണെന്നും ഗുരുജി പറഞ്ഞു....


ചെറുപ്പത്തില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് വൈകുന്നേരങ്ങളില്‍ കുട്ടുകാരൊത്ത് ചിലകസര്‍ത്തുകള്‍ കാട്ടിനടന്നകാലം എനിക്കോര്‍മ്മവന്നു. തലനിലത്തുകുത്തി കാലുമേലോട്ടുയര്‍ത്തി നില്‍ക്കാന്‍ പരിശീലിച്ചിരുന്നല്ലോ.. അതുതന്നെയാണോ ഇങ്ങേരുപറയുന്ന ഈ ശീര്‍ഷാസനം.


ഉള്ളിലെ ദുഖം ഈ ആസനത്തിലൂടെ പുറത്തുപോകുമെങ്കില്‍ അതൊരു നല്ലകാര്യമാണല്ലോ എന്നോര്‍ത്ത് ഞാനൊരല്പനേരം പാര്‍ക്കില്‍ ഉച്ചിയുംകുത്തിനിന്നു......

രണ്ടുമിനിറ്റു കഴിഞ്ഞില്ലാ.... ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു... ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി... ഉള്ളില്‍നിന്നും പുറത്തുപോയ ദു:ഖം ദുരന്തമായിത്തീരുന്നതിനുമുമ്പെ ഞങ്ങള്‍ സ്ഥലം കാലിയാക്കി....


മനുവിന്റെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ നേരം വെളുപ്പിനുമൂന്നുമണി...

പിറ്റേന്ന് എപ്പോഴാണുണര്‍ന്നതെന്നെനിക്കറിയില്ലാ...

ഉണര്‍ന്നപ്പോല്‍ ബ്രിജ്‌വിഹാരത്തിലെ മലയാളികളില്‍ പലരും മനുവിന്റെ വീട്ടിലുണ്ട്... വീണ്ടും പുതിയ ആളുകള്‍പലരും വരുന്നു... പോകുന്നു...അടക്കം പറയുന്നു..

'നല്ല ഉറക്കമാണെന്നാ തോന്നുന്നെ...ശ്ശ്ശ്ശ് പതുക്കെ ശബ്ദമുണ്ടാക്കാതെവാ...'

'അങ്ങോട്ടിത്തിരി മാറെടോ ഞങ്ങള്‍ക്കും കാണണ്ടെ...'

'ഇങ്ങേരാ ഇന്നലെ പാര്‍ക്കില്‍ ഉച്ചിയും കുത്തിനിന്നു വാളുവെച്ചത്....'

'ഓഹോ... ആദ്യമായിട്ട ഇങ്ങനെ ഒരു സംഭവം കേള്‍ക്കണത്..'


ബ്രിജ് വിഹാരത്തിലെ മലയാളി പ്രജകള്‍ ഒരു എന്നെക്കാണാനാണ് തള്ളിത്തള്ളിവരുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചാടിയെഴുന്നേറ്റു...

ബഷീറിക്കാന്റെ റബര്മൂക്കന്‍ അമ്മയോട് പറഞ്ഞതുപോലെ ഞാനും പറഞ്ഞുപോയ്...
'ഈ മൂശാട്ടകളെ ആട്ടിപുറത്ത്ചാടിച്ചിട്ട് വാതിലടച്ചെ....'

........

പിറ്റേന്ന് ബ്രിജ്‌വിഹാരത്തില്‍നിന്നും തിരിച്ചുപോകാനിറങ്ങുമ്പോള്‍ മനുചോദിച്ചു....


'അളിയാ...ഇപ്പോള്‍ എന്തെങ്കിലും പ്രയാസം മനസ്സില്‍...ഇനിയും മോളിക്കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ബാക്കി നില്‍ക്കുന്നുണ്ടോ?...'

'ഹേയ്... തീരെയില്ലാ, മോളിക്കുട്ടിയെ ഓര്‍ത്തിനി ജോസുകുട്ടി പ്രയാസപ്പെട്ടോളും .. പക്ഷെഎനിക്ക് വേറൊരു

പ്രയാസമുണ്ട്....'

അതെന്താ?...


ബ്രിജ്‌വിഹാരത്തില്‍ നിന്നും തിരിച്ചുപോകാനുള്ള പ്രയാസം...
നിന്നെവിട്ട് പിരിയാനുള്ള പ്രയാസം...

Monday, 17 December, 2007

ചിമ്മാരുമറിയം - 27

മണ്ണിന്റെമറിയം മണ്ണിലലിയുന്നു

നാട്ടുകവലയിലെ ജീവിതം വിരസമായ് തോന്നിയ നാളുകളൊന്നില്‍ പുതിയ മേച്ചില്പുറങ്ങള്‍തേടിയുള്ള മറ്റൊരു സാഹസികയാത്രയ്ക്ക് എക്സ് മിലട്ടറി വര്‍ഗ്ഗീസ് കോപ്പുകൂട്ടിത്തുടങ്ങി.

അന്നത്തെ ജീവിതത്തിനായുള്ള അപ്പം തേടി കവലയിലെത്തിയ കുടിയേറ്റക്കാര്‍.... ഇപ്പോള്‍ അവര്‍ നാളെത്തെയും മറ്റെന്നാളെത്തയും ജീവിതത്തിന്റെ പിറകെ പായുന്നതിരക്കിലാണ്, ഇന്നലകളെ മറന്നുള്ള ഓട്ടം, ഇന്നത്തെ ജീവിതത്തെ പാടെ ഉപേക്ഷിച്ച ഓട്ടം.

ജറുസലെം ദേവാലയത്തിനുള്ളില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കിട്ട് ചാട്ടാവാറിനു നല്ല പൂശുകൊടുത്തിട്ട് - കുഞ്ഞുങ്ങളെ എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ മാര്‍ക്കറ്റാക്കിമാറ്റിയോ?... എന്നുചോദിക്കുന്ന യേശുക്രിസ്തുവിനെ മിക്കരാത്രിയിലും വര്‍ഗ്ഗീസ് സ്വപ്നം കണ്ടിരുന്നു.
പകല്‍ വെറുതെ കുത്തിയിരുന്നു ആ സ്വപനത്തിന്റെ വ്യാഖ്യാനമായ് ദിവാസ്വപ്നങ്ങള്‍ കാണുന്നതും ആയിടെ വര്‍ഗ്ഗീസ് പതിവാക്കിയിരുന്നു -

ഒരു ചാട്ടാവാറുമായ്‌ ചിമ്മാരുമറിയം പാറപ്പുറത്തുനിന്ന് ഇറങ്ങിവരുന്നു... നാട്ടുകവലയില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ് രൂപാന്തരം സംഭവിച്ച അന്തേവാസികളെ അടിച്ചോടിച്ച് കവല ശുദ്ധീകരിക്കുന്നു... ഓടാന്‍ ശേഷിയില്ലാത്തവരെ കഴുത്തില്‍ കല്ലുകെട്ടി മുതിരപ്പുഴയില്‍ താഴ്ത്തുന്നു.....

കവലയില്‍ ഒന്നും സംഭവിച്ചില്ലാ...

ചിമ്മാരുമറിയം ചാട്ടയെടുത്തില്ലാ. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവര്‍ പതിവുപോലെ ഇളം‌വെയിലും കാഞ്ഞ് ഉയര്‍ന്ന പാറപ്പുറത്തിരുന്നു. നാട്ടുകവലയുടെ ഭാവപ്പകര്‍ച്ചയില്‍ അസ്വഭാവികമായ് അവര്‍ ഒന്നും കണ്ടിരുന്നില്ലാന്നുതോന്നും.

നടുന്നതൊരുവന്‍..
നനയ്ക്കുന്നത് മറ്റൊരുവന്‍..
വളര്‍ത്തുന്നത് വേറൊരുവന്‍...


വര്‍ഗ്ഗീസിനുണ്ടോ ഇതൊക്കെ മനസിലാവുന്നു... പൊതുവെ സഞ്ചാരപ്രിയനായതുകൊണ്ടും ഒരുകാര്യത്തിലും ഉറച്ചുനില്‍ക്കുന്ന സ്വഭാവം പണ്ടിനാലെ ഇല്ലാത്തതിനാലും എങ്ങോട്ടെങ്കിലും പോയേതീരു എന്നനിലപാടിനു മാറ്റമില്ലാതെ നടക്കുന്ന ആദിവസങ്ങളിലാണ് തികച്ചും അശുഭകരമായ ഒരു സംഭവം നാട്ടുകവലയിലുണ്ടായത്.

കല്ലാറുകുട്ടിപുഴയില്‍ മീന്‍പിടിക്കാന്‍ പോയിട്ട് വെള്ളച്ചാമി കാട്ടുവഴിയിലൂടെ രാത്രി തപ്പിതടഞ്ഞുവരുന്നതിനിടയില്‍ ഇരുട്ടിന്റെ മറപറ്റിനിന്നു ആരോ ചാമിയെ വെട്ടിപരുക്കേല്പിച്ചു. കൊല്ലാനായ് വെട്ടിയതായിരിക്കണം. കൊടുവാളിനുള്ള വെട്ട് തോളെല്ലിനാണ് കൊണ്ടത്.

അല്പം മാറി വെട്ട് മൂക്കിനായിരുന്നു കൊണ്ടിരുന്നതെങ്കില്‍ തികച്ചും സര്‍.സി.പി സ്റ്റൈല്‍ ആകുമായിരുന്നു...കഴുത്തിനായിരുന്നെങ്കില്‍ ഡഡ്ബോഡി സ്റ്റൈലും... ചാമിയുടെ ആയുസിന്റെ ബലംകൊണ്ടായിരിക്കണം വെട്ടു പ്രതീക്ഷിച്ചത്ര മെച്ചമായില്ല.

ഇരുട്ടിന്റെ മറവില്‍ ക്ഷണനേരത്തിനിടയില്‍ സംഭവിച്ചതാകയാല്‍ വെളളച്ചാമിക്ക് പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ലാ. ആരോടും ശത്രുതയില്ലാത്തതിനാലും തന്നോട് ആര്‍ക്കും ശത്രുത ഉണ്ടാകാനുള്ള കാര്യമില്ലാത്തതിനാലും തന്നെ വെട്ടിയത് മനുഷ്യരാരുമാവില്ലാ.... താന്‍ കൊന്നൊടുക്കിയ കാട്ടുമൃഗങ്ങളുടെ ദുരാത്മാവുകളായിരിക്കും എന്നാണ് വെള്ളച്ചാമി വിശ്വസിച്ചിരുന്നത് (കാട്ടുമൃഗങ്ങള്‍ക്കും ആത്മാവോ!!! മണ്ടന്‍)

തന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ വെള്ളച്ചാമിക്ക് വെട്ട്‌കിട്ടിയപ്പോള്‍ പട്ടാളക്കാരനായിരുന്ന വര്‍ഗ്ഗീസിനു പ്രതികരിക്കാതിരിക്കാനായില്ലാ. അടുത്തവെട്ടുവരുന്നതിനുമുമ്പെ എത്രയും പെട്ടന്ന് ഈ നാടുതന്നെവിടാനുള്ള തീരുമാനത്തിലൂടെ എക്സ് മിലട്ടറി ആ പ്രതികരണം നടപ്പാക്കി.

ചിമ്മാരുമറിയത്തെ കണ്ട് യാത്രപറയണം. എങ്ങോട്ടാണ് പോകുന്നതെന്നുചോദിച്ചാല്‍ പറയാന്‍ മറുപടിയില്ലാ എന്നതാണ് പ്രശ്നം. പട്ടാളത്തിലേയ്ക്കുതന്നെ തിരിച്ചുപോവുകയാണെന്നുപറയാം...


വര്‍ഗ്ഗീസ് ചിമ്മാരുമറിയത്തിന്റെ ഏറുമാടത്തിനോടടുത്തപ്പോള്‍ തന്നെ ബഹളം കേള്‍ക്കുന്നുണ്ടായിരുന്നു...
ഏറുമാടത്തിനു താഴെയുള്ള പാറപ്പുറത്ത് മറിയം ഇരിക്കുന്നു....നാലുചുറ്റും കടന്നല്‍കൂടിളകിയപോലെ ബാക്കിയുള്ള ചിമ്മാരു ഫാമിലി മൊത്തം.

'ഇവനാരാന്നു നിനക്കറിയ്വോ???'

ചിമ്മാരു കുടുമ്പത്തിലെ തലമൂത്ത ചേട്ടായ് പൗലോയെ ചൂണ്ടി ചോദിക്കുകയാണ്... ചോദ്യം സാക്ഷാല്‍ ചിമ്മാരുമറിയത്തോടുതന്നെ...

വലിയ പാടത്തിന്റെ നടുവില്‍ കിളികളെവിരട്ടാന്‍ കോലം‌വയ്ക്കുന്നതുപോലെ പൗലോയെ മുമ്പില്‍ നിര്‍ത്തിയിട്ടുണ്ട്.

ആരെപ്പേടിപ്പിക്കാനാണാവോ ഈ കോലം ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചത്...
കതിരുവിളഞ്ഞ പാടത്തു കോലംനാട്ടുമ്പോള്‍ കിളികള്‍ പേടിക്കും ....
'ചട്ടിത്തലയും കീറിയ ഷര്‍ട്ടും പാന്റ്സും ഉള്ളില്‍ വയ്ക്കോലുമായ് മുതലാളി വരമ്പില്‍ നില്‍ക്കുന്നു....ഓടിക്കൊടാ ഓടിക്കോടാ' എന്നും പറഞ്ഞ് കിളികള്‍ പ്രാണനും‌കൊണ്ട് പറന്നകലും...
എന്നാല്‍ സത്യാവസ്ഥ അതൊന്നുമല്ലല്ലോ... മുതലാളി മഞ്ഞും തണുപ്പുമടിക്കാതെ വീട്ടിലിരുന്നു ചരടുവലിക്കുന്നു.....ഒന്നുമറിയാതെ കോലം വരമ്പത്തുനില്‍ക്കുന്നു....വിളകൊയ്യുന്നതുവരെ...അതിനുശേഷം കുപ്പയ്ക്കൊപ്പം കത്തിച്ചാമ്പലാകാനുള്ള ജന്മം.

പൗലോയെ കോലംകെട്ടിച്ചു മുന്നില്‍നിറുത്തിയതിനുപിന്നില്‍ നാട്ടുകവലയിലെ പുതുമടിശീലക്കാര്‍ക്കും ഇതുപോലെ ഒരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ചിമ്മാരുമറിയത്തെ വിചാരണചെയ്യുക.

'ഇവനാരാണെന്ന് പറയെടീ....' ചിമ്മാരു ഔസേപ്പ് കോമരം‌പോലെ തുള്ളുകയാണ്..

സംഭവസ്ഥലത്തിനോട് അതികം അടുക്കുന്നതു പന്തിയല്ലായെന്നു ബുദ്ധിമാനായ വര്‍ഗ്ഗീസിനു ആരും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടകാര്യമില്ലാത്തതിനാല്‍ വഴിയരുകിലെ വലിയ താന്നിമരത്തിനു പിന്നില്‍ എക്സ് ജവാന്‍ ഒളിച്ചുനിന്നു.....

പട്ടാളത്തിലാരുന്നപ്പോള്‍ അതീവ രഹസ്യമായി നടന്നിട്ടുള്ള ചില കോറ്ട്ട്മാര്‍ഷ്വലുകള്‍ ഒളിച്ചുനിന്നു കേട്ടിട്ടുള്ള ആളാണ്... പിന്നെയാ ഇത്.


'നിനക്കാ തമിഴനുമായിട്ടെന്താ ഏര്‍പ്പാട്?....'

'വന്ന കാലംതൊട്ട് ചോദിക്കണോന്നോര്‍ത്തു ഞങ്ങളിരിക്കണതാ...പിന്നെ അന്നത്തെ ഗതികേടുകൊണ്ട് മിണ്ടാതെ നടന്നുന്നെയൊള്ളു....ഇനി ഇതിങ്ങനെവിട്ടാല്‍ പറ്റില്ലാലോ..'

'ഞങ്ങളുടെവീട്ടിലും മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളും ഒക്കെ വളര്‍ന്നുവരുന്നുണ്ട്... നാത്തൂന്റെ ഈ ദുര്‍നടപ്പുകാരണം അവര്‍ക്കൊരു നല്ലജീവിതം കിട്ടുമോ...'

നാത്തൂന്മാരുടെ പരാതി...

'ആ പാണ്ടി ഇന്നലെ രക്ഷപെട്ടതുപോലെ ഇനി രക്ഷപെടൂന്നുകരുതണ്ടാ......'അതു പറഞ്ഞതാരാണെന്നു വ്യക്തമായില്ലാ എന്നാലും കാര്യങ്ങള്‍ ഏകദേശം വ്യക്തമാവുകയാണ് ....

വെള്ളച്ചാമിയെ അപായപ്പെടുത്താല്‍ ശ്രമിച്ചത് ചിമ്മാരുകുടുമ്പക്കാരാണ്.

നാട്ടുകവലയില്‍ ആദ്യമായ് മനുഷ്യന്‍ മനുഷ്യനുനേരെ കൊല്ലാനായ് ആയുധമുയര്‍ത്തിയ സംഭവം അതായിരുന്നു.

ഇനി എന്തും സംഭവിക്കാം...

മറിയം ഇപ്പോള്‍ ഒരു പെണ്‍പുലിയായ് ചാടിയെഴുന്നേല്‍ക്കാം.... മുറിവേറ്റ പുലിയെപ്പോലെ അവള്‍ ചാടിവീണ് തന്റെ ശത്രുക്കളെ കടിച്ചുകീറുമായിരിക്കാം...
വര്‍ഗ്ഗീസ് കാട്ടുചെടികള്‍ക്കിടയിലൂടെ സസൂക്ഷ്മം നോക്കിയിരുന്നു.....
പക്ഷെ ഒന്നും സംഭവിച്ചില്ലാ....

മറിയം നിസംഗതയോടെ എല്ലാം കേട്ടിരിക്കുന്നു...
ശക്തിയുടെ ഹേതുവായിരുന്ന നീണ്ടമുടി മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ദുര്‍ബലനായ് മാറിയ സാംസനെപ്പോലെ ക്ഷീണിതയായ് കാണപ്പെട്ടു ചിമ്മാരുമറിയം...
മറിയത്തിന്റെ ശക്തിയെല്ലാം ഊറ്റിയെടുത്ത് നാട്ടുകവല വളര്‍ന്നു വലുതായ്...മറിയത്തെ വിചാരണചെയ്യാനും മാത്രം ശക്തമായ്.


കെട്ടിയ പുരുഷനെ എവിടേയ്ക്കൊ പറഞ്ഞുവിട്ടിട്ട് ഒരു തമിഴനോടൊപ്പം കാട്ടില്‍ ഒന്നിച്ചുതാമസിച്ചു എന്നതുകൂടാതെ മറിയത്തിനെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും പലതുമുയര്‍ന്നുവന്നു....
കാടുവെട്ടിത്തെളിച്ചതു കൂടപ്പിറപ്പുകള്‍ക്കു മാത്രമായ് നല്‍കാതെ കണ്ണില്‍ കണ്ട അലവലാതികള്‍ക്കൊക്കെ വീതം‌വച്ചുകൊടുത്തു എന്നതായിരുന്നു ഏറ്റവും ഗുരുതരമായ ആരോപണം.

ഇന്നത്തോടെ നിര്‍ത്തിക്കോണം തോന്ന്യാസം....മര്യാദക്കല്ലങ്കില്‍ കൊന്നു കുഴിച്ചുമൂടും...
അന്ത്യശാസനവും പുറപ്പെടുവിച്ച് പ്രമാണിമാര്‍ അവരവരുടെ വഴിക്കു മടങ്ങി. പൈലോയുടെ കാര്യം പിന്നീടാരും ഓര്‍ത്തില്ലാ.

എന്താ ചെയ്യേണ്ടതെന്നറിയാതെ പൗലോ കുറച്ചുനേരം പകച്ചുനിന്നു. അയാള്‍ക്കൊന്നും മനസ്സിലായില്ലാ. എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നകന്നു.
സ്നേഹമുള്ള ആങ്ങളമാരും പരിപാരങ്ങളും തിരിച്ചുപോയ്കഴിഞ്ഞിട്ടും മറിയം ഇരുന്നിടത്തുനിന്നും എഴുന്നേറ്റില്ലാ...

ദാരിദ്രത്തിന്റെയും പീഡകളുടെയും വന്‍‌കടലില്‍ മറിയം മുങ്ങിത്താണപ്പോല്‍ ഒരു കച്ചിത്തുരുമ്പിട്ടുകൊടുത്തു പോലും സഹായിക്കാത്ത ആങ്ങളമാര്‍... സങ്കടങ്ങളുടെ പെരുമഴ അവള്‍ ഒറ്റയ്ക്കുതോര്ത്തിയുണക്കിയപ്പോഴും, പ്രതിസന്ധിയുടെ കരകാണാക്കടല്‍ ഒറ്റയ്ക്കു നീന്തിക്കടന്നപ്പോഴും കൂടെക്കാണാതിരുന്ന കൂടപ്പിറപ്പുകള്‍.

........

മറിയത്തിന്റെ ശക്തിക്ഷയം ഏറ്റവും കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കിയത് വെള്ളച്ചാമിയെ ആയിരുന്നിരിക്കണം. ദൈവീകപരിവേഷം നഷ്ടമായ മറിയത്തെയും നാട്ടുകവലെയെയും ഉപേക്ഷിച്ച് വെള്ളച്ചാമിയും നാടുവിട്ടു... ഒരുപക്ഷെ മറിയം വെള്ളച്ചാമിയോട് കവലവിട്ടുപോകാന്‍ പറഞ്ഞിട്ടുണ്ടാകാം... അല്ലെങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടവുമായിരിക്കാം.
മറിയം തീര്‍ത്തും ഒറ്റപ്പെട്ടനാളുകളായിരുന്നു പിന്നീട്...

അവളുടെ ക്ഷേമാന്വേഷണങ്ങള്‍ക്കായ് ആരും വരാനുണ്ടായിരുന്നില്ല. ആഹാരം കഴിക്കാനുള്ള വകതേടി മറിയം വീടുവിട്ടുപോയില്ല... ആരും കൊണ്ടുവന്നുകൊടുത്തതുമില്ല.

വളരെ അപൂര്‍വ്വമായ് മാത്രം ചിരിക്കുന്ന എന്നാല്‍ ഒരിക്കലും കരയാത്ത പ്രകൃതമായിരുന്നു ചിമ്മാരുമറിയത്തിന്റെത്. അതു മനസ്സിലാക്കിയിട്ടാണെന്നുതോന്നുന്നു പ്രകൃതി കരയാനാരംഭിച്ചു.

ഹൈറേഞ്ചിന്റെ ചരിത്രത്തിലെ അവസാനത്തെ നൂല്‍മഴ്യായിരുന്നു അത്. നീണ്ട ഇരുപത്തെട്ടുദിവസങ്ങള്‍ തോരാതെപെയ്ത നൂല്‍‍മഴ. മാംസത്തില്‍നിന്നും അസ്തിയിലേക്കും അവിടെ നിന്ന് മജ്ജയിലേക്കും തണുപ്പിന്റെ സൂചിമുനകള്‍ തറയ്ക്കുന്ന നൂല്‍‍മഴ.

നാട്ടുകവലയിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ വീടിനു വെളിയില്പോലും ഇറങ്ങാന്‍ മടിച്ച് അടുപ്പിന്റെ ചുവട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്ന ദിവസങ്ങള്‍. കാട്ടുമൃഗങ്ങള്‍പോലും ഇരതേടാനാവാതെ മാളങ്ങളിലും മരച്ചുവടുകളിലും ചുരുണ്ടുകൂടിയ ദിവസങ്ങള്‍.

കാറ്റോ കോളോ ഇടിയോ മിന്നലോ ഒന്നുമില്ലാതെ... ആകാശത്തുനിന്നും നേര്‌രേഖയില്‍ വലിച്ച നേര്‍ത്ത വെള്ളിക്കമ്പികള്‍ പോലെ മഴ... തോരാതെ... തോരാതെ...


കെട്ടിമേയാതെയും അറ്റകുറ്റപ്പണികള്‍ നടത്താതെയും കിടന്നിരുന്ന ചിമ്മാരുമറിയത്തിന്റെ ജീര്‍ണ്ണിച്ച ഏറുമാടത്തില്‍ ഒരു തടസവുമില്ലാതെ മഴയിറങ്ങിച്ചെന്നു. വെള്ളിനൂലുകള്‍ കൊണ്ട് ചിമ്മാരുവിനെ മഴപൊതിഞ്ഞു.... മറിയത്തിനു കുളിരുതോന്നിയില്ലാ. മഴയെന്നും അവളുടെ ലഹരിയായിരുന്നു.
എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ ആയിരം കൈകളുമായ് തന്നെ തഴുകാന്‍..തനിക്കുവേണ്ടിമാത്രം വിരുന്നുവന്ന മഴ... മറിയം വഴുക്കുന്ന ഏണിയിലൂടെ ഏറുമാടത്തില്‍നിന്നും ആയാസപ്പെട്ട് താഴെയിറങ്ങി...വിശാലമായ പാറപ്പുറത്തു നിന്നും ഇരുന്നും കിടന്നും കൊതിതീരെ മഴനഞ്ഞു... ഉള്ളിന്റെയുള്ളില്‍ കത്തിജ്വലിച്ചുനിന്ന ജീവന്റെകനല്‍ കെടുവോളം... ആകനല്‍ വമിക്കുന്ന ചൂടാറിത്തണുക്കുവോളം ....
.........
മഴതുടങ്ങി പതിനെട്ടാംദിവസം. നാട്ടുകവലയിലെ ഭേതപ്പെട്ട പ്രജകളിലൊരുവന്‍ കൊച്ചൗസേപ്പ് മഴയെ വകവയ്ക്കാതെ വീടിനു വെളിയിലിറങ്ങി... വീട്ടിലെ ആഹാരസാധനങ്ങളെല്ലാം തീര്‍ന്നതിനാലാണ് അല്ലെങ്കില്‍ പുറത്തിറങ്ങില്ലാരുന്നു. ഒരുചുവട് കപ്പപിഴുതെടുത്താല്‍ കുട്ടികള്‍ക്കും ഭാര്യകുട്ടിയമ്മയ്ക്കും തനിക്കും ഒരാഴ്ചതിന്നാലും തീരാത്തത്ര കിട്ടും. വീടിന്റെ മുറ്റത്തിനുതാഴെ നല്ലൊന്നാന്തരം കപ്പ പാകമായ് നില്‍ക്കുന്നുണ്ട് അതിലൊന്ന് പിഴുതെടുത്ത് വീട്ടിലേക്ക് കയറിപോകേണ്ട കൊച്ചൗസേപ്പിന്റെ മനസ്സില്‍ അപ്രതീക്ഷിതമായ് ഒരു പ്രലോഭനം വന്നിടിച്ചു.

വെള്ളച്ചാമി നാടുവിട്ടുപോയിട്ട് കുറേദിവസങ്ങളായല്ലോ... ചിമ്മാരുമറിയത്തിന്റെ ഏറുമാടത്തിനു താഴെ ചാമി കുറെ കൃഷികളൊക്കെ നടത്തിയിട്ടുണ്ടായിരുന്നു. അവകാശി ഒളിച്ചോടിയ നിരാശയില്‍ നില്‍ക്കുന്ന മരച്ചീനികള്‍ക്കും വേണ്ടെ ഒരു ശാപമോക്ഷം.... ചുരുക്കത്തില്‍ പറഞ്ഞാല്‍ മഴയുടെ മറവില്‍ ഒരു ചെറിയ കപ്പമോഷണം അത്രയെ കൊച്ചൗസേപ്പ് കരുതിയിരുന്നൊള്ളു. പക്ഷെ പ്രകൃതിയുടെ ഒരു വിളിയായിരുന്നു അതെന്ന് കൊച്ചൗസേപ്പ് കരുതിയിട്ടുണ്ടാവാനെ സാധ്യതയില്ലാ....

വെള്ളച്ചാമിയുടെ വളപ്പില്‍ കയറാനോ കപ്പപറിക്കാനൊ ഒന്നും കൊച്ചൗസേപ്പിനു കഴിഞ്ഞില്ലാ...
ചിമ്മാരുമറിയത്തിന്റെ അഴുകിത്തുടങ്ങിയ ദേഹം പാറപ്പുറത്ത് കിടക്കുന്നത് കണ്ട് കൊച്ചൗസേപ്പ് പേടിച്ചലറിപ്പോയ്...

താമസിയാതെ ഓലക്കുടയും ശീലക്കുടയും ഒക്കെപിടിച്ച് പലരും വന്നു...പല അഭിപ്രായങ്ങള്‍ പറഞ്ഞു തണുപ്പുസഹിക്കാനാവാതെ പലരും തിരിച്ചുപോയ് ...അപ്പോഴും മൃതദേഹം അവിടെത്തന്നെകിടക്കുന്നു... മഴവെള്ളത്തില്‍ കലര്‍ന്ന് അല്പാല്പമായ് അത് നാട്ടുകവലയുടെ മണ്ണില്‍ കലരുകയാണ്...
എനിക്കീമണ്ണില്‍തന്നെ ചേര്‍ന്നാല്‍മതിയെന്ന് നെടുങ്ങാടിയച്ചനോട് ഒരിക്കല്‍ ചിമ്മാരുമറിയം പറഞ്ഞത് അറമ്പറ്റുകയാണ്.'

ചിമ്മാരു സഹോദരന്മാര്‍ കുറെസമയത്തിനു ശേഷം മൃതദേഹം മറവുചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു...അതിപ്രകാരമായിരുന്നു.

കരടിവര്‍ഗ്ഗീസ് എന്നറിയപ്പെടുന്ന ഒരാള്‍ അക്കാലത്ത് നാട്ടുകവലയുടെ തൊട്ടടുത്ത പ്രദേശമായ വെള്ളത്തൂവലില്‍ താമസിച്ചിരുന്നു. കാട്ടിലെ വന്‍‍മരങ്ങളില്നിന്നും തേനെടുക്കുകയാണ് ഇയാളുടെപ്രധാനജോലി. അതാണെന്നുതോന്നുന്നു കരടി എന്ന വിളിപ്പേരിനുപിന്നില്‍. ഒഴിവുസമയങ്ങളില്‍ പുഴയില്‍നിന്നും മീന്‍പിടിച്ചു വില്‍‍ക്കുന്നതും കരടിവര്‍ഗ്ഗീസിന്റെ തൊഴില്‍തന്നെ എന്നാല്‍ ഇതിനെല്ലാം പുറമെ ശവക്കുഴിവെട്ട്എന്ന മഹത്തായകര്‍‍മ്മവും കരടിവര്‍ഗ്ഗീസ് നിര്‍വ്വഹിച്ചിരുന്നു, എപ്പോഴുമില്ലാ ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം.

വെട്ടുകൂലിക്കുപുറമെ നിര്‍ബന്ധമായും കൊടുക്കേണ്ട വാറ്റുചാരായം കുടിച്ചിട്ട് കരടിവര്‍ഗ്ഗീസ് എന്തുകൊണ്ടാണ് താന്‍ ശവക്കുഴികള്‍ വെട്ടുന്നതെന്ന് നാട്ടുകാരോട് വെളിപ്പെടുത്തും.

'ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെത്താനെ കെടക്കാനിടമുണ്ടാക്കാം...എന്നാല്‍ മരിച്ചോര്ക്ക് തന്നെത്താനെ കുഴിവെട്ടി അതിലിറങ്ങികിടക്കാന്‍ പറ്റൂല്ലാലോ അതുകൊണ്ട് ഞാന്‍ അവരെ സഹായിക്കുന്നു...'

ചിമ്മാരുമറിയത്തിനുവേണ്ടി കുഴിവെട്ടുക മാത്രമല്ലാ ശരീരം പഴമ്പായില്‍ പൊതിഞ്ഞു അലലെയുള്ള പള്ളി‌സ്മശാനം വരെ എത്തിക്കുക എന്ന ദൗത്യവും നിര്‍ബന്ധപൂര്‍വ്വം കരടിയുടെ തലയില്‍ വച്ചുകെട്ടി വേണ്ടപ്പെട്ടവര്‍.

മഴ...സഹിക്കാന്‍ വയ്യാത്തതണുപ്പ്...അഴുകിയ ജഢം...കരടിവര്‍ഗ്ഗീസിന്റെ എതിര്‍‌വാതങ്ങളെ പണവും നാട്ടുകവലയുടെ ലഹരിയായ മറ്റത്തിറോസ വാറ്റിയെടുക്കുന്ന ഡബിള്‍സ്ടോംഗ് ചാരായവും കൊടുത്ത് ചിമ്മാരു സഹോദരന്മാര്‍ ഒതുക്കി.

കരടിവര്‍ഗ്ഗീസ് അയാളുടെ ഏതാനും ശിങ്കിടികളുടെ പിന്‍ബലത്തില്‍ ... അവരെല്ലാവരും മൊത്തമായ് മറ്റത്തിറോസയുടെ വാറ്റുചാരായത്തിന്റെ പിന്‍ബലത്തില്‍.... ഒരു പഴംചാക്കില്‍ മറിയത്തിന്റെ ശരീരം വാരിക്കെട്ടി ഒരു പലകയില്‍ വച്ചുകെട്ടി മലയുടെ അടിവാരത്തിലേക്ക് എടുത്തുകൊണ്ടുപോയ്....


പള്ളിയിലേക്ക് ഞങ്ങള്‍ എത്തിക്കോളാം എന്നുപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും എല്ലാം വീടുകളിലേക്ക് മടങ്ങി. ഉത്തരവാദിത്യപ്പെട്ട ഒരാളും ആ മൃതശരീരത്തെ അനുഗമിച്ചില്ലാ... അപ്പോഴും മഴകൂടെയുണ്ടായിരുന്നു.

മനസില്ലാമനസോടെ വീട്ടുകാരില്‍ചിലരും ചുരുക്കംചില നാട്ടുകാരും പള്ളിവരെ പോവുകയുണ്ടായി. അവിടെ കരടിയുമില്ലാ കുഴിയുമില്ലാ അച്ചനുമില്ലാ കപ്യാരുമില്ലാ മറിയത്തിന്റെ ദേഹവുമില്ലാ.... തണുപ്പത്ത് മനുഷ്യനെ മെനക്കെടുത്തീന്നും പറഞ്ഞ് പിറുപിറുത്ത് എല്ലാവരും അവരവരുടെ മാളങ്ങളിലെക്ക് തിരിച്ചുകയറി....

മറിയത്തിന്റെ ശരീരം എന്തുചെയ്തെന്നതിനെപ്പറ്റി ആരും പിന്നീട് അന്വേഷിച്ചില്ലാ...അതിനെപ്പറ്റി ഓര്‍ത്തതുമില്ലാ. ഇരുപത്തെട്ടാംപക്കം മഴമാറി മാനം തെളിഞ്ഞപ്പോള്‍ എല്ലാവരും ജീവിതത്തിന്റെ തിരക്കിലേക്ക് വീണ്ടും ഊളിയിട്ടിറങ്ങി.
....................................

ചായക്കടയിലെ കേള്വിക്കാരുടെയിടയില്‍ ചരിത്രം പറഞ്ഞുനിര്‍ത്തുന്നതിനിടയില്‍ പലപ്പോഴും പട്ടാളമപ്പൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.... അപ്പൂപ്പന്റെ മാത്രമല്ല മറ്റുപലരുടെയും...

മറിയത്തിന്റെ ശരീരവുമായ് പോയവഴിക്ക് സഹിക്കാന്‍ വയ്യാത്ത തണുപ്പിനാല്‍ കരടിവര്‍ഗ്ഗീസിനെഒറ്റയ്ക്കാക്കി കൂട്ടുകാരെല്ലാം കടന്നുകളഞ്ഞെന്നും തനിക്കൊറ്റയ്ക്ക് മൃതശരീരം പള്ളിസെമിത്തെരിവരെ എത്തിക്കാനുള്ള ആവതില്ലാത്തതിനാല് തൊട്ടടുത്തുണ്ടായിരുന്ന ചതുപ്പിലെക്ക് ചിമ്മാരുമറിയത്തിന്റെ ദേഹം താഴ്ത്തിക്കളഞ്ഞെന്നും വര്‍ഗ്ഗീസ് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയതായ് പട്ടാളമപ്പൂപ്പന്‍ അന്നവിടെ വെളിപ്പെടുത്തി......

നാട്ടുകവലവിട്ട് എങ്ങോട്ടും പോകാന്‍ കൂട്ടാക്കാത്ത ചിമ്മാരുമറിയത്തിന്റെ ഉറച്ചതീരുമാനവും കടുത്ത ആഗ്രഹവുംകാരണമായിരിക്കാം ഇങ്ങനെയൊക്കെ സംഭവിച്ചത്.

അമ്മഞ്ചേരി ജോസുചേട്ടന്‍ ക്ലബുതുറക്കാനെത്തി....

ചായക്കടയില് നിന്നും ക്ലബിലേക്കുനടക്കുന്നതിനിടയിലും ക്ലബിന്റെ അസ്തിവാരം താങ്ങി ചതുപ്പില്‍കിടക്കുന്ന ചിമ്മാരുമറിയത്തിന്റെ അസ്തികൂടമാണ് എന്റെ മനസ്സില്‍ നിറഞ്ഞുനിന്നത്....മറ്റുചിന്തകളിലേക്ക് മനസുതിരിച്ചാലും കുറേക്കാലത്തെക്ക് മറിയത്തിന്റെ അസ്തികൂടം എന്റെ ചിന്തകളെ വിടാതെ പിന്തുടര്‍ന്നു....

പിന്നീടുള്ള ദിവസങ്ങളില്‍ ലൈബ്രറിയിലെ അലമാരത്തട്ടുകളില്‍ ഞാന്‍ ഒരിക്കലും കണ്ടെത്താനാവില്ലായെന്നറിയാമെങ്കിലും വെറുതെ തിരഞ്ഞിരുന്നു....
ചിമ്മാരുമറിയത്തിന്റെ ആരും എഴുതാത്ത ജീവചരിത്രം...............

(അവസാനിച്ചു)


____________________________________________

പിന്‍കുറിപ്പ്-

ഇടുക്കി പദ്ധതിപൂര്‍ത്തിയായ് അതികനാള്‍ കഴിയുന്നതിനുമുമ്പെ നാട്ടുകവലയിലെ പുതുമടിശീലക്കാരെല്ലാം ചിമ്മാരുമറിയത്തിന്റെ വിയര്‍പ്പുവീണമണ്ണ് കിട്ടിയ കാശിനുവിറ്റ് ഹൈറേഞ്ചുവിട്ടു...

പഴയതലമുറയില്‍ പെട്ട ഏതാനും പാവപ്പെട്ട കര്‍ഷകരെകൂടാതെ മറിയത്തിന്റെ കാലശേഷം വന്നുപെട്ട പുതുപ്പാര്‍ട്ടികളാണിന്നു നാട്ടുകവലയില്‍ ഏറിയപങ്കും. മറിയം കണ്ടെത്തി തന്റെ ചോരയും നീരും കൊടുത്ത് വളര്‍ത്തിയെടുത്ത സ്വപ്നഭൂമിയിലെ പച്ചപ്പ് ഇന്നും നിലനില്‍ക്കുന്നുവെങ്കിലും കാര്‍ഷികമേഘലയുടെ മൊത്തത്തിലുള്ള പരാജയം നാട്ടുകവലയുടെ മക്കളായ ഞങ്ങളുടെ ജീവിതവും ദുസഹമാക്കി...
പുതിയ തലമുറ കുടിയിറക്കത്തിലാണ്...
പ്രവാസത്തിലേക്കുള്ള കുടിയിറക്കം.

ചിമ്മാരുമറിയം സംഭമാണോ എന്നു ചോദിച്ചവരോട്....

ഏതെങ്കിലും ടിയേറ്റഗ്രാമങ്ങളില്‍ പോകാന്‍ അവസരംകിട്ടിയാല്‍ പഴയതലമുറയില്പെട്ട ആരോടെങ്കിലും കഥകള്‍ ചോദിക്കുക.... അല്പം ക്ഷമയോടെ അവരെകേള്‍ക്കുക....എത്രയെത്ര മറിയാമ്മമാരെയും മറിയപ്പന്മാരെയുംകുറിച്ച് നിങ്ങള്‍ക്കു അവര്‍ പറഞ്ഞുതരും.

ഈ കഥ പെട്ടെന്നുനിര്‍ത്തല്ലെ എന്നുപറഞ്ഞവരുടെ (ചുരുക്കമെങ്കിലും) സ്നേഹത്തിനുമുമ്പില്‍ എനിക്ക് വാക്കുകളില്ലാ... ജോലിസമയത്തുകിട്ടുന്ന ഇടവേളകളിലാണ് ഞാന്‍ എഴുതിയിരുന്നത്.... ഇപ്പോള്‍ പഴയതുപോലെ സമയംകിട്ടുന്നില്ലാ... അതിനാലാണ് തുടര്‍ക്കഥ സമയനിഷ്ടയോടെ കൊണ്ടുപോകാന്‍ എനിക്കിക്ക് കഴിയാതെപോയതും കൂടുതല്‍ ലക്കങ്ങളിലേക്ക് നീട്ടാനാവാതെ ഇവിടെ ചുരുക്കത്തില്‍ അവസാനിപ്പിക്കേണ്ടിവന്നതും.

സമയംകിട്ടുന്നമുറയ്ക്ക് നാട്ടുകവലയുടെ പറയാത്ത കഥകളുമായ് ഞാന്‍ ഇനിയും വരും...അതില്‍ ചിമ്മാരുമറിയവും ഇതുവരെ പറയാത്തതും പറഞ്ഞതുമായ മറ്റനേകം ആളുകളും വരാനിരിക്കുന്നു
ഇതെന്റെ അംബതാമത്തെ പോസ്റ്റാണ്
ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം എന്നും പറയാം.

Tuesday, 4 December, 2007

ചിമ്മാരുമറിയം - 26

ചുരുളഴിയുന്ന രഹസ്യം.... (ചിമ്മാരുമറിയം - 26)

നാട്ടുകവല 1988 ഒരു സായാഹ്നം.

മന്നാത്തച്ചന്‍ വടിയും കുത്തിപ്പിടിച്ച് വളരെ കഷ്ടപ്പെട്ട് കുന്നിറങ്ങിവരുന്നു.. താഴ്വരയിലെ ചിമ്മാരുമറിയം ലൈബ്രറി കം റിക്രിയേഷന്‍ ക്ലബിലോട്ട് ചീട്ട്‌കളിക്കാനുള്ള യാത്രയിലാണ്.

'കിളവനു വീട്ടില്‍ കുത്തിയിരുന്നാല്പോരെ...വയസാങ്കാലത്ത് വഴിയിലെങ്ങാനും വീണുകിടന്ന് മനുഷ്യരെക്കൊണ്ട് മക്കളെ ചീത്തവിളിപ്പിക്കാന്‍...'
മന്നാത്തച്ചന്റെ പതിവു സായാഹ്ന സവാരിയെ മരുമകള്‍ തുറിച്ചുനോക്കി അമര്‍ഷത്തോടെ ഇങ്ങനെ പ്രതികരിക്കുമ്പോള്‍....

'വൈകുന്നേരങ്ങളില്‍ അപ്പന്‍ മലകയറിയിറങ്ങുന്നത് ഒരു നല്ല എക്സര്‍സൈസല്ലെ... രക്തയോട്ടംകൂടി ശരീരത്തിനു ബലംകിട്ടും..പിന്നെ റമ്മികളിയില്‍നിന്നും മാനസീകോല്ലാസവും...'
പട്ടാളക്കാരനായ മകന്റെ അഭിപ്രായം ഇങ്ങനെയാണ്.
കഴിഞ്ഞപ്രാവശ്യം അവധിക്കുവന്നപ്പോള്‍ ക്ലബിലെക്ക് നാലുകസേരയും പിന്നെ വിന്നറിന്റെ ആറുകുത്ത് കാര്‍ഡ്സും സംഭാവനചെയ്യുകയും ചെയ്തിട്ടാണ് ജയ് ജവാന്‍ അതിര്‍ത്തിയിലേക്ക് മടങ്ങിയത്.

മക്കള്‍ സിന്ദാബാദ്...മരുമക്കള്‍ മൂര്‍ദ്ധാബാദ് എന്ന് വയസാങ്കാലത്ത് കാര്‍ന്നോരെക്കൊണ്ട് കഷ്ടപ്പെട്ടു വിളിപ്പിക്കേണ്ട വല്ലകാര്യമുണ്ടാരുന്നോ....

താഴ്വരയിലേക്കുള്ള യാത്രാമദ്ധ്യേ പഴയതടിപ്പാലം... പാലത്തിനടിയിലൂടെ കുണുങ്ങിയൊഴുകുന്നു അമ്മായിത്തോട്..മുതിരപ്പുഴയാറിന് നാട്ടുകവലയുടെവക ഒരുചെറിയസപ്പോര്‍ട്ട്. അതങ്ങനെ സദാസമയവും പതഞ്ഞൊഴുകുകയാണ്....

മന്നാത്തച്ചന്‍ പതിവുപോലെ പാലത്തിന്റെ കൈവരിയില്‍ ചാരിനിന്നു....ക്രമംതെറ്റിയ ശ്വാസതാളം ചിട്ടപ്പെടുത്താനുള്ള പുറപ്പാടില്‍ ആഞ്ഞാഞ്ഞ് വലിച്ചു.

'ആരെങ്കിലുമൊക്കെ എവിടേങ്കിലും കുളിക്വോ നനയ്ക്വോ ചെയ്യണൊണ്ടാവും... അല്ലാണ്ടിത്ര പതയാന്‍ കാര്യമില്ലാ...' എന്ന റീസണബിളായ ഒരു കമന്റ് അമ്മായിത്തോടിനെ നോക്കി പാസാക്കുകയും ചെയ്തു.

മന്നാത്തച്ചന്‍ ആള്പഴഞ്ചനാണെങ്കിലും നാട്ടുകവലയ്ക്ക് പുതുസാണ്....ചിമ്മാരുമറിയത്തിന്റെ കാലശേഷം വന്നുപെട്ടവരില്‍ ഒരാള്‍. ഇയാള്‍ വരുന്നതിനുമുമ്പും ഈ തോടിങ്ങനെ പതഞ്ഞൊഴുകിയിരുന്നു...നാട്ടുകവലയിലെ അന്തേവാസികള്‍ സോപ്പുപയോഗിക്കാതെകുളിച്ചിരുന്നകാലത്തും...പിന്നീട് തീരെ പതയില്ലാത്ത അലക്കുസോപ്പ് തേച്ചുകുളിച്ചിരുന്നകാലത്തും...

അക്കാലത്ത് തോടിനു പ്രത്യേകമായ ഒരു പേരില്ലായിരുന്നു എന്ന ഒരു കുറവുമാത്രമെ ഉണ്ടായിരുന്നൊള്ളു...

പേരുവന്നത് അടുത്തകാലത്ത് ...കാരണഭൂതയായത് കാരയ്ക്കല്‍ അമ്മായി എന്ന് എല്ലാവരാലും വിളിക്കപ്പെട്ടിരുന്ന കാരയ്ക്കലെ കമലാക്ഷി.... തോടിനു പേരുവീഴാനുള്ള വീഴ്ചക്കിടയില്‍ കമലാക്ഷിചേച്ചിക്ക് നഷ്ടമായത് ഒരു മുഴുത്തതേങ്ങാമുറിയും സ്വന്തം ജീവനും...

പെര്‍മിഷ്ന്‍ ചോദിക്കാതെ തന്റെ അടുക്കളിയില്‍ കയറി, ചിരവകാണാത്ത ഒന്നാന്തരം ഒരു തേങ്ങാമുറിയും കടിച്ചെടുത്തോണ്ട് ഓടിയ പത്മനാഭനാശാരീടെ പെറ്റ് ടിപ്പൂ... ടിപ്പൂന്റെപിറകെ 'നീയോ ഞാനോ' ന്നും ചോദിച്ചോണ്ട് ഓടിയ കാരയ്ക്കല്‍ അമ്മായി ഈ തോടുചാടുന്നതിനിടയിലാണ് കാലുവഴുതി കല്ലില്‍ തലയടിച്ചുവീണത്. അമ്മായീടെ ദേഹീ ദേഹത്തില്‍നിന്നും മേലോട്ട് ഒരുമിന്നല്‍‌പിണര്‍ക്കണക്കെ പാഞ്ഞപ്പോള്‍ ടിപ്പൂ കപ്പത്തോട്ടം‌വഴി അവന്റെ ജീവനുംകൊണ്ട് ഒരു മിന്നല്പിണര്‍പോലെ പായുകയായിരുന്നു...-

ഏതായാലും പരേതയോടുള്ള ആദരസൂചകമായ് നാട്ടുകവലനിവാസികള്‍ പേരും‌പെരുമയുമൊന്നും ഇല്ലാതെ വര്‍ഷങ്ങളോളം ഒഴുകിയ തോടിനു അമ്മായിത്തോടെന്ന പേരുചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.... ദൈവാനുഗ്രഹത്താല്‍ ആപേര് ഇന്നും അങ്ങിനെതന്നെ നിലനില്‍ക്കുന്നു... അമ്മായിചാടിയതിലും ഗംഭീരമായ ഒരു ചാട്ടം ഇനി ആരെങ്കിലും ചാടുന്നവരെ അതങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും.

അമ്മായിത്തോടിന്റെ കരയിലിരുന്ന് മന്നാത്തച്ചന്‍ ആയാസപ്പെട്ട് ശ്വാസം‌വലിക്കുന്നതിനിടയിലാണ് പട്ടാളമപ്പൂപ്പനും ഞാനും എന്റെ കൂട്ടുകാരന്‍ കല്ലൂട്ടിചാക്കോച്ചിയും കുന്നിറങ്ങിവരുന്നത്...
ശനിയാഴ്ച ആയതിനാല്‍ ലൈബ്രറിയില്‍നിന്നും എന്തെങ്കിലും പുസ്തകം എടുത്ത്കൊണ്ടുവരാം എന്നുള്ള ലക്ഷ്യമാണ് എനിക്കും ചാക്കോച്ചിക്കും.

ലൈബ്രറി തുടങ്ങിയ അന്നുതൊട്ട് അമ്മഞ്ചേരി ജോസേട്ടനാണ് നടത്തിപ്പുകാരന്‍. കോട്ടയം പുഷ്പനാഥിനും ഏറ്റുമാനൂര്‍ ശിവകുമാറിനും അപ്പുറത്ത് മറ്റൊരു സാഹിത്യകാരനില്ലാ എന്നശക്തമായ വിശ്വാസം കാലങ്ങളായ് വച്ചുപുലര്‍ത്തുന്ന ജോസേട്ടന്റെ ഭരണകാലത്ത് എവിടെത്തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം മാന്ത്രീക നോവലുകളല്ലാതെ മറ്റൊന്നും തടഞ്ഞിരുന്നില്ലാ.

നാട്ടുകവലയിലെ കുട്ടികള്‍ക്ക് അക്കാലങ്ങളില്‍ രാത്രി‍കാളകളായിരുന്നു...അഥവാ കാളരാത്രികളായിരുന്നു. കറുത്ത ളോഹയിട്ട് ഇരുളിന്റെ മറവില്‍നിന്നും ഇറങ്ങിവരുന്ന വിക്ടറച്ചന്‍...കൈയ്യിലെ ആറാമത്തെ എക്സ്ടാ വിരലില്‍നിന്നും പേനാകത്തിപോലുള്ള നഖം ഒരുകാരണവുമില്ലാതെപുറത്തിറക്കി മനുഷ്യന്റെ കൊരവള്ളിക്കു കുത്തിക്കയറ്റുന്നതും സര്‍ബത്തുകുടിക്കണപോലെ ഈസിയായ് ചോരവലിച്ചുകുടിക്കണതും....

പിന്നെ ചുണ്ണാമ്പിങ്ങ് എടുത്തുതന്നിട്ട് നീയൊക്കെ മൂത്രമൊഴിച്ചാമതി... എന്നുംപറഞ്ഞ് മുറ്റത്തുനില്‍ക്കണ യക്ഷികളും... അക്കാലത്തു പേടിച്ചിട്ട് ഞങ്ങള്‍കുട്ടികളും ചുരുക്കം ചില മുതിര്‍ന്നവരും രാത്രികാലങ്ങളില്‍ വീടിനുള്ളില്‍ ബക്കറ്റുകള്‍ക്ക് ഓവര്‍ടൈം ഡ്യൂട്ടികൊടുത്തിരുന്നു....

രാത്രിചെലവഴിക്കാന്‍ അല്പം പ്രയാസമുണ്ടെങ്കിലും എന്തെങ്കിലും വായിച്ച്‌വളര്‍ന്നില്ലെങ്കില്‍ മോശമാണല്ലോ എന്ന ഒറ്റകാരണത്താലാണ് ഞങ്ങള്‍ ലൈബ്രറിയിലേക്ക് പിന്നേം പിന്നേം പോണത്.

ഞങ്ങള്‍ തടിപ്പാലത്തിങ്കല്‍ എത്തുമ്പോഴും മന്നാത്തച്ചന്‍ ട്രാക്ക്‌തെറ്റിത്തന്നെയാണ് ശ്വാസംവലിച്ച് നില്‍ക്കുന്നത്..

'അളിയോ...ഇറക്കമിറങ്ങുമ്പോള്‍ ഇതാണ്‌വലിയെങ്കില്‍ തിരിച്ചുകയറുമ്പോള്‍ എന്തായിരിക്കും...വീട്ടിലിരുന്നൂടെ.' പട്ടാളമപ്പൂപ്പന്‍ മന്നാത്തച്ചനു ഇരയിട്ടു...

'നീപോടാ.....കഴു.....' കാര്‍ന്നോര്‍ക്ക് ബാക്കി പറയാന്‍ പറ്റീലാ...
ശ്വാസതടസ്സംകൊണ്ട് ദോഷങ്ങളുള്ളതുപോലെ ചില ഗുണങ്ങളുമുണ്ടെന്ന് അന്ന് തീരുമാനമായ്.

ഞങ്ങള്‍ ക്ലബിന്റെ പരിസരത്തെത്തിയപ്പോല്‍ പതിവുകാരില്‍ പലരും നേരത്തെതന്നെ എത്തിയിട്ടുണ്ട്... ജോസേട്ടന്‍ ഇതുവരെ എത്തിയിട്ടുമില്ലാ...ക്ലബ്തുറന്നിട്ടുമില്ലാ... അങ്ങേരെവിടെയോ പ്രേതത്തെ ഒഴിപ്പിച്ചോണ്ട്‌വരാന്‍ പോയതാണെന്ന് തോന്നുന്നു. ലൈബ്രറിയില്‍ കൊണ്ടുവന്ന് കുടിയിരുത്താന്‍.

'വാ അളിയാ...ഒരുകാലിച്ചായകുടിച്ചിട്ടുവരാം.... നിനക്കുവേണോടാ..?' പട്ടാളമപ്പൂപ്പന്‍ കുട്ടിയമ്മയുടെ ചായക്കടയെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ എനിക്കും കിട്ടി ഒരോഫര്‍...


'ഇങ്ങേര്‍ക്ക് കുട്ടിയമ്മേടെ ശീലകഴുകിയവെള്ളം രണ്ടുനേരം കുടിച്ചില്ലായെങ്കില്‍ ഉറക്കം വരില്ലാ..' ഇത് അമ്മൂമ്മയുടെ വക അപ്പൂപ്പനെക്കുറിച്ചുള്ള സ്റ്റേറ്റ്മെന്റ്.

സംഭവം നൂറുശതമാനവും ശരിയുമണ് ... അപ്പൂപ്പനു മന്നാത്തച്ചനെപ്പോലെ ചീട്ടുകളിയിലോ...ജോസേട്ടനെപ്പോലെ മന്ത്രവാദനോവലുകളിലോ... ക്ഷീണം പാപ്പനെപ്പോലെ സ്പോര്‍ട്ട്സിലോ കാര്യമായ താല്പര്യം ഒന്നുംതന്നെ ഉണ്ടായിരുന്നില്ലാ. മലയിറങ്ങുന്നതിന്റെ മുഖ്യ ലക്ഷ്യം രണ്ടുനേരവും മുടങ്ങാതെ സേവിച്ചിരുന്ന കുട്ടിയമ്മയുടെ ശീലകഴുകിയ ചായവെള്ളംതന്നെ...
(അക്കാലത്ത് ചായക്കടകളില്‍ ഒരുത്രം ശീലയില്‍ ചായപ്പൊടിയിട്ടാരുന്നു ചായ ഉണ്ടാക്കിയിരുന്നെ....മറ്റൊയാതോരുതരം ശീലയെയും കുറിച്ചല്ലാ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്....അമ്മൂമ്മ അങ്ങിനെ വിചാരിച്ചിട്ടുംകൂടിയുണ്ടാവില്ലാ...അമ്മൂമ്മയാണെ സത്യം)

രാവിലെയാണെങ്കില്‍ അപ്പൂപ്പനോടൊത്ത് ചായക്കടയില്‍ പോകാന്‍ എനിക്ക് വല്യതാല്പര്യമായിരുന്നു.... പട്ടിനാക്കിന്റെ കനത്തില്‍ കുട്ടിയമ്മ ചുട്ടെടുക്കുന്ന ഒന്നാന്തരം വെള്ളയപ്പം...ചമ്മന്തിയൊക്കെ ഒഴിച്ച് കഴിക്കാം. വൈകിട്ട് വെറും ചായമാത്രം എനിക്ക് ചായയോട് താല്പര്യം തീരെകുറവാണുതാനും.... എങ്കിലും ഞാന്‍ പോകും...കാരണം ചായക്കടകളിലെ പെര്‍ഫട്ബ്ലെന്‍ഡ് ചായ മുന്നില്‍ വരുമ്പോഴാണ് കുടിയേറ്റക്കിളവന്മാര്‍ ഇതുവരെ കേള്‍ക്കാത്ത പല ചരിത്രത്തിന്റെം കെട്ടുകളഴിക്കുന്നത്.

ചായക്കടയിലിരുന്നാല്‍ ക്ലബിന്റെ പിന്‍ഭാഗം കാണാം...

ചിമ്മാരുമറിയംമെമ്മോറിയല്‍ ക്ലബ് സ്ഥാപിതമായിട്ട് വര്‍ഷം ഒന്നാകാന്‍ പോകുന്നു. ഇതുവരെ അതിനൊരു രജിസ്ട്രേഷനുവേണ്ടകാര്യം ആരും ചെയ്തിട്ടില്ലാ.

പഞ്ചായത്ത് ഇലക്ഷ്ന്‍‌കഴിഞ്ഞതിനുശേഷം ഇടതനോ വലതനോ ക്ലബിന്റെകാര്യത്തില്‍ ഒരു താല്പര്യവുമില്ല. രണ്ടുപക്ഷവും സീറ്റുകള്‍ ഒപ്പത്തിനൊപ്പം പിടിച്ചതിനാലും കാലുകള്‍ മാറി മാറി എല്ലാ മെമ്പറുമാരുടെയും കാലുകള്‍ പണ്ടേ കുഴഞ്ഞതിനാലും ആവര്‍ഷം ഇരുപാര്‍ട്ടിയും ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാറി മാറി ഭരിക്കുകയായിരുന്നു.

എന്തൊക്കെ മേളമാരുന്നു കഴിഞ്ഞവര്‍ഷം... മറിയത്തിന്റെ പ്രതിമ സ്ഥാപിക്കും...കെട്ടിടം വെട്ടുകല്ലിനുകെട്ടിവാര്‍ക്കും. സ്വന്തമായ് മൈക്കുസെറ്റുവാങ്ങും. പ്ലെഗ്രൗണ്ടുണ്ടാക്കും....


മാളിയെക്കക്കാരുടെ വീടിനു പെയിന്റടിച്ചിട്ടു പോണവഴിക്ക് പെയിന്റ്പാട്ടേടെമൂട്ടില്‍ ടര്‍പ്പനൊഴിച്ചിളക്കി പാവം വേലന്‍ നാരായണന്‍ -'ചിമ്മാരുമറിയം ആഴ്സ് & പോഴ്സ് ക്ലബ്' - എന്ന് ക്ലബിന്റെ ഭിത്തിയില്‍ എഴുതി വച്ചസംഭവമൊഴികെ...പറയത്തക്ക പരിഷ്കാരമൊന്നും കഴിഞ്ഞ ഒരുവര്‍ഷമായിട്ട് അവിടെ നടന്നിട്ടില്ല.

'ക്ലബുള്ളതിനാല്‍ പോലീസിനെ പേടിക്കാതെ ഇരുന്നു ശീട്ട്‌കളിക്കാലോ....' ഷീണം പാപ്പന്‍ പറഞ്ഞു.

'തേ ...അപ്പറഞ്ഞത് കാര്യം...'
മന്നാത്തച്ചന്റെവക സപ്പോര്‍ട്ട്. സപ്പോര്‍ട്ട്ചെയ്തില്ലങ്കിലെ അതിശയമൊള്ളു കാരണം ഈ പ്രായത്തില്‍ പോലീസല്ലാ പട്ടാളം ഫുള്‍ബറ്റാലിന്‍ വന്നാലും ഓടാനുള്ള ശേഷി മന്നാത്തച്ചനില്ലാ...അതുതന്നെ.

ഞാനിന്നും ഓര്‍ക്കുന്നു... കളിയും കാര്യവും പറഞ്ഞിരുന്നു കവലമൂപ്പന്മാര്‍ ചായകുടിച്ചുകൊണ്ടിരുന്ന ആ വൈകുന്നേരം... അന്നാണ് പട്ടാളമപ്പൂപ്പന്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തപറഞ്ഞത്...


'ചിമ്മാരുമറിയത്തിന്റെ മൃതദേഹം ഈ ക്ലബ് പണിയണേനുമുമ്പെ ഇവിടുണ്ടായിരുന്ന ചതുപ്പില്ലെ ...അതിലാണ് അടക്കം ചെയ്തിരുന്നത്.... അടക്കംചെയ്തെന്നുപറഞ്ഞാല്‍ ശരിയാവൂല്ലാ...കൊണ്ടുവന്നു ചവിട്ടിത്താഴ്ത്തിയത്...'
......
......

'അപ്പോള്‍ ഇടവകപ്പള്ളീലെ സെമിത്തേരീലോട്ട് കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയന്നാണല്ലോ കേട്ടുകേള്‍‌വി...'

'കേട്ടുകേള്വി... നല്ല ഉറപ്പുള്ള അസ്ഥിയാ മറിയപ്പെങ്ങടെ... ഇപ്പോള്‍ മാന്തിനോക്കിയാലും അത് ജീര്‍ണ്ണിക്കാതെ ഇവിടെത്തന്നെകാണും....കാലങ്ങളോളം...'

പട്ടാളം അപ്പൂപ്പന്‍ വെറും കാലിച്ചായേടെപുറത്ത് തള്ളിയ വെറും‌വാക്കായിരുന്നില്ലാ അത്.

അതുപറഞ്ഞപ്പോള്‍ യുദ്ധഭൂമിയില്‍നിന്നും ശത്രുക്കള്‍ക്കെതിരെ 'പോയിന്റ്ത്രിനോട്ട്‌ത്രി' റൈഫിളില്‍ ഉന്നം‌പിടിക്കുന്ന പടയാളിയുടെ രൗദ്രഭാവമായിരുന്നു ആമുഖത്ത്.

വായിലേക്ക് ഒഴിച്ച ചൂടുചായ ഇറക്കാന്‍പോലും മറന്ന് ഇരുന്നുപോയ് പലരും.

ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയില്‍നിന്നും ഒരു സമൂഹത്തിനെമൊത്തം സമൃദ്ധിയുടെ പച്ചപ്പിലേക്കു കൈപിടിച്ചുനടത്തിയ ചിമ്മാരുമറിയം ഒരു ചെളിക്കുണ്ടില്‍ അന്ത്യവിശ്രമംകൊള്ളുന്നു...

അവസാനമായ് ഹൈറേഞ്ചില്‍ പെയ്ത ഒരുമാസം നീണ്ടുനിന്ന നൂല്‍മഴയെയും....
ചിമ്മാരുമറിയത്തിന്റെ അവസാന നാളുകളെയും കുറിച്ചുള്ള കഥ പട്ടാളമപ്പൂപ്പന്‍ പറഞ്ഞുതുടങ്ങി...


(അവസാനിക്കാനായ് ഒരിക്കല്‍കൂടി തുടരും...)