Friday, 26 October, 2007

പട്ടാളം‌അപ്പൂപ്പന്‍ ഇനി ഓര്‍മ്മകളില്‍

കുപ്പികള്‍ തേടി കുപ്പികള്‍ തേടികുതിച്ചുപായുന്നപ്പാപ്പാ...
റിട്ട് പട്ടാളക്കാരാ...റിട്ട് പട്ടാളക്കാരാ...
നിന്നോട് ഞാനൊരു കിന്നാരം പറഞ്ഞോട്ടെ...

(നാട്ടുകവലയില്‍നിന്നും വല്യബാഗും തോളില്‍തൂക്കി കൊച്ചിനേവല്‍ബേസ് ക്യാന്റീനില്‍നിന്നും മിലട്ടറി ക്വാട്ടാവാങ്ങാനായ്പോകുന്ന അപ്പൂപ്പനു യാത്രാ‌മംഗളമായ് കൊച്ചുമക്കള്‍ പാടിയിരുന്ന പാട്ട്....ഇനി ഈ പാട്ട് പാടി ഞങ്ങള്‍ ആരെ യാത്രയാക്കും.......)


പട്ടാളമപ്പൂപ്പന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 (24.10.2007)നു ഞങ്ങളെ വിട്ടുപിരിഞ്ഞു... ആറടിമണ്ണില്‍ മരണമൊരുക്കിയ ഡ്രഞ്ചില്‍ ആ വിമുക്തഭടന്‍ തന്റെ ഭൗതീകശരീരം ഒളിപ്പിച്ചു...ഒരിക്കലും തിരിച്ചുകയറാനാവാത്തവിധം... !!!...


കുറ്റിത്താടിമുഖത്തുരച്ച്...'അപ്പച്ചന്റെ മോനെ....' എന്നുവിളിക്കുന്ന ആ വിളിയിലാണ് എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്..
കാതിരുമാപ്ലയുടെ കടയില്‍നിന്നും രാവിലെചായകുടിച്ചുമടങ്ങിവരും‌വഴി വാഴയിലയില്പൊതിഞ്ഞുകൊണ്ടുവരുന്ന - കയ്യാത്തായുടെ സ്പെഷ്യല്‍ മെയ്ഡ്-പട്ടിനാക്കിന്റെപോലും കനമില്ലാത്ത വെള്ളേപ്പം...
എല്‍.പി സ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന കാലത്ത് വഴിസൈഡില്‍ നിന്നു കുട്ടികളെ തെറിവിളിച്ചിരുന്ന അച്ചന്‍‌കുഞ്ഞിനെ പട്ടാളസ്റ്റൈലില്‍ വിരട്ടിയോടിച്ചത്...
പത്താംക്ലാസില്‍ ക്ലാസുവാങ്ങിപാസായാല്‍ വാങ്ങിത്തരാന്നുപറഞ്ഞ (ഇതുവരെ വാങ്ങിത്തരാത്ത) അറ്റ്ലസ് സൈക്കിള്‍
പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ ഭണ്‍ഢാരം ഞങ്ങള്‍ക്കായ് തുറന്നത്...
ഓര്‍മ്മകള്‍ അവസാനിക്കില്ലാ.......

ചിമ്മാരുമറിയത്തെയും എന്നെയും നാട്ടുകവല ബ്ലോഗിനെയും പെരുവഴിയിലാക്കിപട്ടാളം അപ്പൂപ്പന്‍ യാത്രയായ്.... നീണ്ട തൊണ്ണൂറ്റഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനു തിരശീലയിട്ടുകൊണ്ട്.... മറ്റേതോ ലോകത്തെയ്ക്ക് ...

പാരലല്‍ യൂണിവേഴ്സ് എന്നൊന്ന് ഉണ്ടെങ്കില്‍ ഇനിതിരിച്ചറിയാം.... എവിടെനിന്നു പൊട്ടിച്ചിരി കേള്‍ക്കുന്നു എന്നുമാത്രം നോക്കിയാല്‍മതി.... ഡ്രൈഹ്യൂമറിനു ബ്രിട്ടീഷുകാര്‍പോലും വാഴച്ചാലി വര്‍ഗ്ഗീസെന്ന എന്റെ അപ്പൂപ്പനെ കണ്ട്പഠിക്കണം.

Thursday, 18 October, 2007

ചിമ്മാരുമറിയം - 25

കുറവന്‍‌മല കുറത്തിമല ( ചിമ്മാരുമറിയം - 25)

പാലരുവി പതഞ്ഞൊഴുകുന്ന സുന്ദരമായ മലയോരം... പണ്ട് പണ്ട് അവിടെ ഒരു കുറവനും കുറത്തിയും കുടിലുകെട്ടിതാമസിച്ചിരുന്നു...

പരസ്പരം പ്രണയിക്കുന്നതില്‍ മത്സരമായിരുന്നു കുറവനും കുറത്തിയും. രാവിനോ പകലിനോ ഊണിനോ ഉറക്കത്തിനൊ ഒരുനിമിഷം‌പോലും അവരെ വേര്‍തിരിക്കാനായിരുന്നില്ലാ.....

ചന്ദ്രന്‍ ഇവരുടെ മാനത്തുവരുമ്പോഴെല്ലാം പതിവിലധികം തേന്‍പൊഴിക്കുക പതിവാണ്...... അതില്‍ അതിസ്വോഭാവികത ഇല്ലതാനും... എന്നാല്‍ സൂര്യന്‍...തനിക്ക് തേന്‍പൊഴിച്ചു ശീലമില്ലങ്കില്‍കൂടി ഈ കുറവന്റെം കുറത്തീടെം അനിര്‍വ്വചനീയ സ്നേഹത്തിനുമുമ്പില്‍ തേനല്ലാതെ മറ്റെന്തുപൊഴിക്കും എന്നുകരുതിമാത്രം തേന്‍പൊഴിച്ചിരുന്നു...
.
പിന്നെ മാനത്തൂന്ന് തേന്മഴ....

മരക്കൊമ്പുകളില്‍എല്ലാം വലിയതേനീച്ചയുടെ വന്‍‌തേന്‍സംഭരണികള്‍

മണ്ണിലെ പൊത്തുകളിലും കല്ലിടുക്കുകളിലും കുറ്റിപ്പല്ലീ എന്ന കുഞ്ഞന്‍തേനീച്ചയുടെ തേന്‍സംഭരണികള്‍...

എന്തിനുപറയുന്നു.... കുറവനും കുറത്തിയും ജീവിച്ചിരുന്ന മേഘലയിലെ കുളവിക്കൂടുകളില്പോലും അക്കാലത്ത് നിറയെ തേനായിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞുനടക്കുന്നത്...


ദേവന്മാര്‍ക്ക് മൊത്തത്തില്‍ പ്രത്യേകിച്ച് പരമശിവന് കുറവനോടും കുറത്തിയോടും വല്ലാത്ത മതിപ്പായിത്തീര്‍ന്നപ്പോള്‍ ശ്രീപാര്‍വ്വതീദേവിയടക്കമുള്ള സകലമാന സ്വര്‍ലോകവാസികളായ സ്ത്രീരത്നങ്ങളും കടുത്ത അസൂയ‌യോടെയാണ് കുറവകുടുമ്പത്തെ നോക്കിക്കണ്ടത്.

അവസാനം പാര്‍വ്വതീദേവി കടുത്ത ഒരു തീരുമാനമെടുത്തു. കുറവനെയും കുറത്തിയേയും പരസ്പരം ചേരാനാവാത്തവണ്ണം അകറ്റുക....


പാലരുവിയില്‍ പതിവുള്ളനീരാട്ടിനു കുറവനും കുറത്തിയും രാവിലെവന്നപ്പോള്‍ അരുവിയില്‍ തേനൊഴുകാന്‍ തുടങ്ങി... കുളിച്ചും കുളിപ്പിച്ചും രണ്ടാളും കരയ്ക്ക് കയറിയപ്പോള്‍ അതി ത്വേജസിയായ ഒരു സ്ത്രീ അവരുടെമുമ്പില്‍ പ്രത്യക്ഷപ്പെട്ടു.... ശ്രീപാര്‍വ്വതിയല്ലാതെ മറ്റാരുമായിരുന്നില്ലാ അത്....

കുറവനും കുറത്തിയും ദേവിയെ സാഷ്ടാംഗം‌പ്രണമിച്ചു....

'എനിക്ക് വല്ലാതെ വിശക്കുന്നു....നിങ്ങളുടെ കൂരയില്‍ എന്താണ് എനിക്ക് കഴിക്കാനായിട്ടുള്ളത്...' ദേവി ചോദിച്ചു....

'തേനട...' കുറവനും കുറത്തിയും ഒന്നിച്ചുമറുപടി പറഞ്ഞു....

'മൊത്തം തേന്മയമാണല്ലോ... എതായാലും ഞാനൊന്നു നീന്തിക്കുളിച്ചുവരട്ടെ...ഞാന്‍ വരുന്നതുവരെ നിങ്ങള്‍ രണ്ടാളും ഈ അരുവിയുടെ ഇരുകരയിലുമായ് എന്നെ കാത്തുനില്‍ക്കണം.. ഞാന്‍ വരാതെ നില്‍ക്കുന്നിടത്തുനിന്ന് അനങ്ങരുത്...'

ഇത്രയും പറഞ്ഞ് ദേവി അരുവിയിലിറങ്ങി... ഒഴുക്കിനെതിരെ നീന്തിപ്പോയ്.... പിന്നെ തിരികെ വന്നിട്ടില്ലാ ഇന്നുവരെ....


കുറവനും കുറത്തിയും അരുവിയുടെ ഇരുപുറത്തും കാത്തുനിന്നു....കാലങ്ങളോളം...

അവസാനം അവര്‍ വന്മലകളായ് രൂപാന്തരപ്പെട്ടു...വഴിക്കണ്ണുമായ് ദേവിയെ കാത്തുനില്‍ക്കുന്നു.... ദേവിക്കെന്തുപറ്റി എന്ന ആകുലതയോടെ.... പരസ്പരം ചേരാനാവാതെ നിസംഗതയോടെ....

ദേവി എവിടെതിരിച്ചുവരാന്‍...ഇടുക്കിയില്‍നിന്നു നീന്തിയ ദേവി കുളമാവുവഴി ദേവലോകത്തോട്ട് എന്നെപോയിരുന്നു....

കാലങ്ങള്‍ ഏറെചെന്നപ്പോള്‍ കുറവന്‍ മലയുടെ പ്രതീക്ഷ നശിച്ചു...എന്നാല്‍ കുറത്തിമല ദേവിയെ ഇപ്പോഴും പ്രതീക്ഷിക്കുന്നതായ് പരിസരവാസികള്‍ വിശ്വസിക്കുന്നു... അതിനാലാണത്രെ കുറത്തിമല കുറവന്മലയേക്കാളും ഉയരത്തില്‍ വളര്‍ന്നതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതും...!!!

പരമശിവന്‍ ഈ സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ വളരെ താമസിച്ചിരുന്നു...അപ്പോള്‍തന്നെ പരിഹാരത്തിനായ് ശ്രമിക്കുകയുണ്ടായി. കുറവനെയും കുറത്തിയെയും എങ്ങിനെയെങ്കിലും പഴയതുപോലെ യോചിപ്പിക്കാനുള്ള ദൗത്യവും ഏല്പിച്ചു തന്റെ ഭൂതഗണത്തില്‍നിന്നും മിടുക്കനായ ഒരാളെ ഭൂമിയിലോട്ട് അയക്കാന്‍ തീരുമാനിച്ചു...


പക്ഷേ ഇങ്ങനെ ഒരു ചതിചെയ്തുവച്ചിരിക്കുന്നിടത്തോട്ട് പോകാന്‍ ആരും തയ്യാറല്ലായിരുന്നു... അതും തനികാടന്‍ സ്വഭാവക്കാരായ ഇടുക്കിക്കാരുടെ അടുത്തെയ്ക്ക് (പണ്ട്...ഇപ്പോള്‍ ഒത്തിരി നന്നായി).


അവസാനം ഭഗവാന്‍ ഹെഡ്‌ലൈറ്റടിക്കും എന്നസ്ഥിതിവന്നപ്പോള്‍ ഭൂതഗണത്തിലൊന്ന് മനസില്ലാമനസോടെ ഇടുക്കിയിലെക്ക് പുറപ്പെട്ടു.... നേരെ വന്ന് ലാന്‍ഡ്ചെയ്യുന്നതു ബുദ്ധിമോശമാണെന്നറിയാവുന്നതുകൊണ്ട് ഒരു വളഞ്ഞവഴി സ്വീകരിച്ചു...

ഇടുക്കിയില്‍ അക്കാലത്ത് വസിച്ചിരുന്നത് മലയരയന്മാരായിരുന്നു. അരയന്മാരുടെ രാജാവിന്റെ വീട്ടില്‍ ഒരു കുഞ്ഞ്‌വാവയായ് പരമശിവ ദൗത്യവാഹകന്‍ പിറവിയെടുത്തു.....അരയരാജാവിനു വളരെ വര്‍ഷങ്ങളുടെ ശ്രമഫലമായ് കിട്ടിയ മിടുമിടുക്കനൊരാണ്‍കുട്ടി...

ഇതു ശിവന്റെ പാളയത്തില്‍നിന്നും വന്നതാണെന്നറിയാതെ തന്റെ മിടുക്കില്‍ അഭിമാനിച്ചുകൊണ്ട് രാജാവ്.

'നമ്മ രാശാവ് ബയങ്കരമാനയാള്....'
അരയപ്രജകള്‍ ശിശുവിന് ഒന്നാന്തരം ഒരു പേരുവിളിച്ചു....

കൊലുമ്പന്‍...

ആ കുഞ്ഞുവാവയാണ് പില്‍ക്കാലത്ത് ചരിത്രപ്രസിദ്ധനായ ശ്രീ. കരുവേലയന്‍ കൊലുമ്പന്‍... കുറവന്‍ മലയെയും കുറത്തിമലയേയും തമ്മില്‍ യോചിപ്പിച്ച ഇടുക്കി ഡാമിന്റെ ഉത്ഭവത്തിനു കാരണക്കാരനും അയാള്‍തന്നെ.

സംഭവം നടക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ്. ബ്രിട്ടീഷുകാരായ അനേകം പ്ലാന്റര്‍മാര്‍ ഹൈറെയ്ച് മേഘലകളില്‍ വെട്ടും കിളയുമായ് നടക്കുന്ന കാലം.

പീരിമേട് മലങ്കര എസ്റ്റെറ്റ് സൂപ്രണ്ട് ജോണ്‍സായ്‌വും മാനേജര്‍ മാത്യൂസായ്‌വും എസ്റ്റേറ്റില്‍ ജോലിയില്ലാതിരിന്നിട്ടാവില്ലാ തോക്കുമെടുത്ത് കാടുകയറിയത്...ഒക്കെ മുകളിലിരിക്കുന്നവന്റെ തീരുമാനം..
വേട്ടയ്ക്ക് എന്നപേരില്‍ വെറുതെ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ് അവസാനം അണ്ണന്മാര്‍ക്ക് വഴിതെറ്റി... അതുപ്രത്യേകം പറയേണ്ടകാര്യമില്ലാലൊ...മഹാരാജാക്കന്മാര്‍ക്കും സായിപ്പുമാര്‍ക്കും കാട്ടിലായാലുംശരി നാട്ടിലായാലും ശരി വേട്ടയ്ക്ക്‌പോകുമ്പോള്‍ വഴിതെറ്റുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു....ഇവര്‍ വഴിതെറ്റാന്‍‌വേണ്ടിമാത്രമാണോ വേട്ടയ്ക്ക് പോകുന്നതെന്നുപോലും സംശയിക്കേണ്ടിയിരുന്നു അക്കാലത്ത്.

വഴിതെറ്റി കരുവേലയന്‍ കൊലുംബന്റെ അരയ സാമ്രാജ്യത്തിലാണ് സായിപ്പുമാര്‍ വന്നെത്തിയത്.... കൊലുമ്പനാകട്ടേ കുറവന്‍ മലയെയും കുറത്തിമലയേയും ഒന്നുകൂട്ടിമുട്ടിക്കാന്‍ കെല്പ്പുള്ളവരെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായിരുന്നു.

സായിപ്പുമാര്‍ക്ക് തിരികെ പോകാന്‍ വഴികാട്ടുന്നതിനിടയില്‍ കരുവേലയന്‍ കൊലുമ്പന്‍ കുറവന്റെയും കുറത്തിയുടെയും കഥകള്‍മുഴുവന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു. കഥകള്‍ കേട്ടപ്പോള്‍ ... മലകള്‍ നേരില്‍കണ്ടപ്പോള്‍.. അതിനിടയിലൂടെയുള്ളനീരൊഴുക്കുകണ്ടപ്പോള്‍ ജോണ്‍സായ്പ്പിന്റെ മനസിലും മലകളെത്തമ്മില്‍ കെട്ടിച്ചാല്‍വളരെ നന്നായിരിക്കും എന്ന ആശയം വളരെ ശക്തമായ് ഉത്ഭവിച്ചു....

തിരികെ എസ്റ്റേറ്റിലെത്തിയ സായിപ്പ് മനസില്‍ വരച്ചത് കടലാസില്‍ പകര്‍ത്തി...വീണ്ടും കുറവന്മലയും കുറത്തിമലയും കൊലുമ്പനോടൊപ്പം സന്ദര്‍ശിച്ചു.....വീണ്ടും വീണ്ടും പുതിയതായ് വരച്ചു... അവസാനം ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവിനു കുറവന്മലയേയും കുറത്തിമലയേയും ഒരു അണക്കെട്ടിനാല്‍ ബന്ധിപ്പിക്കുന്നതിനേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌സമര്‍പ്പിക്കുകയാണ്....


ആയിരത്തി തൊള്ളായിരത്തി നാല്പത്തിഏഴില്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ധേശപ്രകാരം രാജ്യത്തെ പ്രധാന ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ സായ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച് ഭേതഗതികള്‍‌വരുത്തി. അമ്പത്തിആറില്‍ കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയ്ക്കായ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അറുപത്തിയൊന്നില്‍ പ്ലാനിംഗ്കമ്മീഷന്‍ സന്തോഷത്തോടെ ഇടുക്കി ആര്ച്ച്ഡാമിനു നിര്‍മ്മാണാനുമതി കൊടുക്കുകയും ചെയ്തു...


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നില്‍ പദ്ധതിയുമായ് ബന്ധപ്പെട്ട നിര്‍മ്മാണ‌പ്രവൃത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും അനേകകാലമായ് പരസ്പരം പുണരാന്‍ കാത്തിരുന്ന കുറവനെയും കുറത്തിയേയും കൂട്ടിക്കെട്ടിയ ആര്‍ച്ച്ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊമ്പതിലാണ്.

എഴുപത്തിമൂന്നില്‍ പണിപൂര്‍ത്തിയായപ്പോള്‍ കുറവന്റെയും കുറത്തിയുടെയും നീണ്ടകാത്തിരുപ്പവസാനിച്ചു....

പക്ഷേ ഇപ്പോള്‍ തേനല്ലാഇടുക്കിയിലൊഴുകുന്നത് ...അടുത്തോടെപോയാല്തന്നെ കരിച്ച് ഭസ്മമാക്കാന്‍ പോന്നത്ര ശക്തിയുള്ള ഹൈവോള്‍ട്ടേജ് കരണ്ടാണ്. ഇനി ഒരു ദേവിയും അവിടെക്കിടന്നു നീന്താന്‍ കുറവനും കുറത്തിയും സമ്മതിക്കുമെന്ന് തോന്നുന്നില്ലാ....

എന്തായാലും നമുക്ക് ഏഷ്യയിലെതന്നെ ഏറ്റവും‌വലിയ ആര്ച്ച‌ഡാം കിട്ടിയല്ലോ...അതിനു ശ്രീപാര്‍വ്വതി പരമശിവായ ഭൂതഗണായ കൊലുംബായ സായ്പ്പായ കാനഡയാ പഞ്ചവത്സര പദ്ധതിയായ നമഹ:

.................................

ഇടുക്കിയില്‍ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ ആരംഭിച്ച് ഏകദേശം ഒരുവര്‍ഷംകൂടികഴിഞ്ഞാണ് പന്നിയാര്‍ ജലവൈദ്ധ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയാകുന്നത്. പന്നിയാര്‍ പവ്വര്‍ഹൗസിന്റെ ആസ്ഥാനമായ വെള്ളത്തൂവലില്‍നിന്നും നിര്‍മ്മാണ സാമഗ്രികളും തൊഴിലാളികളും ഇടുക്കിയിലോട്ട് ഇതിനോടകം നീങ്ങിത്തുടങ്ങിയിരുന്നു.

മണല്‍മാഫിയ തലവനായിരുന്ന ചിമ്മാരു ഔസേപ്പും തോമായും പുതിയ പദ്ധതിപ്രദേശത്തെയ്ക്ക് തങ്ങളുടെ സേവനം നീക്കുന്നതിന്റെ ഭാഗമായ് ചിലകരാറുകള്‍ സംസാരിച്ച് ഉറപ്പിക്കാന്‍ ചീഫ് എക്സികൂട്ടിവ് എഞ്ചിനീയറേയും പ്രതീക്ഷിച്ച് വെള്ളത്തൂവലില്‍ തന്നെയുള്ള പഴയ പവ്വര്‍ഹൗസിന്റെ (ചെങ്കുളം - 1954) വാതുക്കല്‍ നില്‍ക്കുന്നനേരത്താണ് കാക്കിപാന്റൊക്കെയിട്ട് ഒരു പാവത്താന്‍ കൂനിക്കൂടിയിരിക്കുന്നത്കാണുന്നത്.

'ചേട്ടായീ...ലതു നമ്മടെ പെങ്ങടെകെട്ടിയോനെപ്പോലുണ്ടല്ലൊ.. ' ചിമ്മാരുതോമാ ഔസേപ്പിനോട്പറഞ്ഞു.

'ശരിയാണല്ലോടാ തോമാച്ചാ....'

അത്...ചിമ്മാരുമറിയത്തിന്റെ കെട്ടിയവന്‍ പൈലോതന്നെ സാക്ഷാല്‍ കടുത്തുരുത്തിക്കാരന്‍ പൈലോ... ചെങ്കുളം പവ്വര്‍ഹൗസിലെ കരുത്തനായ ഒരു പോരാളി!!.


നാട്ടുകവലയില്‍ പെങ്ങളുടെ ഔദാര്യം യാചിച്ച് തെണ്ടിത്തിരിഞ്ഞു വന്നുകയറിയിട്ട് വര്‍ഷം കുറേയായെങ്കിലും ചേട്ടനും അനിയനും പെങ്ങളെ കെട്ടിയവനെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ ഇപ്പോഴാണ്....

അളിയാ....
അളിയാ....

രണ്ടളിയന്മ്മാരും പൈലോയ്ക്ക് നേരെ ഓടിയടുത്തു...

പൗലോ പകച്ചുപോയ്. എഴുന്നേറ്റോടാന്‍ മടിയായതുകൊണ്ട് ഒന്നുകൂടി ചുരുണ്ടുകൂടിയിരുന്നു...


(തുടരും)

Wednesday, 17 October, 2007

ചിമ്മാരുമറിയം - 24

ഇടുക്കിയില്‍ ഡാം ഉണ്ടായതെങ്ങിനെ (ചിമ്മാരുമറിയം - 24)


പൈലോ കവലയില്‍ വന്നിറങ്ങിയത് ഔദ്ധ്യേഗികവേഷത്തിലാണ്.
പണ്ട് ആസ്യാത്താത്തായുടെ കൂടെ മലയിറങ്ങിപോയപ്പോള്‍ മുണ്ട് സ്വന്തമായ് മടക്കിക്കുത്താന്‍ പോലുമറിയാത്ത മനുഷ്യനായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നതോ കാല്‍സ്രായിലിറങ്ങി. വിധിയുടെ ഓരോരോ മറിമായങ്ങളെ.

പള്ളിവാസന്‍ പവ്വര്‍ഹൗസില്‍ ഒരു വര്‍ക്കറായ് പൗലോ ജോലിക്കുകയറിയപ്പോള്‍ ആരും കരുതിയില്ലാ അയാള്‍ക്ക് അവിടെ സ്ഥിരമായ് നിയമനം കിട്ടുമെന്നു.

പൗലോയെ ജോലിയില്‍ ചേര്‍ക്കാന്‍ മൂന്നാറിലേക്ക് കൂട്ടികൊണ്ടുവന്ന ആസ്യത്താത്തയ്ക്ക് മറിയത്തെ എങ്ങിനെയെങ്കിലും കാട്ടില്‍നിന്നും പുറത്തുകൊണ്ടുവരണം എന്ന ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നൊള്ളു. പൗലോയെ തിരക്കി മറിയം എന്തായാലും വരാതിരിക്കില്ലാ എന്നു അവര്‍ കരുതിയിരുന്നിരിക്കണം....


പലര്‍ക്കുമെന്നപോലെ ആസ്യത്താത്തയ്ക്കും കണക്കുകൂട്ടലുകള്‍ പിഴച്ചു. മറിയത്തിനു മുമ്പില്‍ ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നൊള്ളു...നാട്ടുകവല, ആലക്ഷ്യത്തിലെക്ക് വച്ചകാല്‍ പിന്നോട്ട് എടുക്കാന്‍ മറിയം ഒരിക്കലും തയ്യാറല്ലായിരുന്നു.... ബന്ധങ്ങളും കടപ്പാടുകളും ആ ലക്ഷ്യത്തിനുമുമ്പില്‍ അവള്‍ പാടെ വിസ്മരിച്ചതാവാം അല്ലെങ്കില്‍ കടുത്ത പനിബാധയില്‍ ചിത്തഭ്രമം ഉണ്ടായിരിക്കാം...


പൗലോയുടെ നല്ലകാലത്തിനാണ് കരണ്ടുണ്ടാക്കുന്ന കമ്പനിയില്‍ ജോലികിട്ടിയത്. സര്‍‌‌‌‌‌‌‌‌‌വ്വീസ് ബുക്കില്‍ ഒരിക്കലും പൗലൊയെപറ്റി മോശമായ റിമാര്‍ക്സ് ഒന്നും വന്നതുമില്ല. അവിടെയുള്ള മറ്റുസ്റ്റാഫുകളെ അപേക്ഷിച്ച് പൗലോ ഒട്ടും മോശക്കാരനായിരുന്നില്ല എന്നുവേണം കരുതാന്‍.


പൗലോയും സംഘവും എങ്ങിനെയാണുജോലിചെയ്യുന്നത് എന്ന്‌നോക്കാം. ഒരു വിളക്കുമരം കവലയില്‍ സ്ഥാപിക്കാന്‍ കരണ്ടുകമ്പനിയിലെ പത്തുപേരടങ്ങുന്ന ഒരു സംഘം പുറപ്പെടുകയാണ് രാവിലെ. ഒരു ഉന്തുവണ്ടിയില്‍ നെടുനീളത്തില്‍ വച്ചുകെട്ടിയിരിക്കുന്നു തേക്കുമരത്തിന്റെ പോസ്റ്റ്. മുന്നൂറുമീറ്റര്‍ അകലം താണ്ടാന്‍ ഒന്നരമണിക്കൂര്‍. പിന്നെ കവലയിലെ ചായക്കടയില്‍ ചെറിയ ഒരു വിശ്രമം ചായയും പലഹാരങ്ങളോടും കൂടി. പോസ്റ്റ് കുഴിച്ചിടേണ്ട സ്ഥലത്തുവന്ന് എങ്ങിനെ കുഴിയെടുക്കണം എന്നതിനെപ്പറ്റി നീണ്ട ചര്‍ച്ച...അപ്പോഴേയ്ക്കും ഉച്ചയൂണിനു സമയമാവും... ഊണ് പിന്നെ നീണ്ടവിശ്രമം. നാലുമണിക്ക് ചായകുടിക്കാന്‍ പോകുന്നതിനുമുമ്പെ പത്തുപേരുകൂടി കുഴികുത്തി പത്തുചിരട്ട മണ്ണെങ്കിലും മാറ്റിയിരിക്കും. നാലുമണിക്ക് ചായക്കടയില്‍ നിന്നും കിട്ടുന്ന അതിചൂടന്‍ മൂന്നാര്‍ ഫിന്‍ലേ തെയ്‌ലവെള്ളം ഊതിയാറ്റി കുടിച്ച് തീര്‍ക്കുമ്പോഴേയ്ക്കും പവ്വര്‍ഹൗസില്‍നിന്നും അഞ്ചുമണിയുടെ സൈറണ്‍ മുഴങ്ങിയിരിക്കും. പണിയായുധങ്ങള്‍ തിരികെവയ്ക്കാന്‍ വരുന്നത് ഓവര്‍ടൈം ഡ്യൂട്ടി..


ഈ ജാതി മല്ലന്‍പണി മൂന്നുനാലു ദിവസം ചെയ്യുമ്പോള്‍ നാലടിആഴത്തില്‍ കുഴികുത്തി ഒരു പോസ്റ്റ് ഉയര്ത്തിയിരിക്കും.... തൊട്ടടുത്തുള്ള ഉറുമ്പിന്‍പുറ്റില്‍ പത്തുറുമ്പുകള്‍ ആസമയംകൊണ്ട് നാല്പതടിയോളം കുഴികുത്തിയിട്ടുണ്ടാവും.


ഈ മലയാളത്താന്മാരുടെ പണിയോടുള്ള ഉത്സാഹം കണ്ട് മനസുനിറഞ്ഞതുകൊണ്ടാണ് ടോബിസായിപ്പ് തേയിലക്കമ്പനിക്കുള്ള പണിക്കാരെ തമിഴ്നാട്ടില്‍നിന്നും ഇറക്കുമതിചെയ്തത്.
കരണ്ടുകമ്പനി ഒന്നിനൊന്നു നഷ്ടത്തിലേയ്ക്കും തേയ്‌ലകമ്പനി ഒന്നിനൊന്നു ലാഭത്തിലേയ്ക്കും പോയത് ഈ തൊഴിലാളികളുടെ മിടുക്കല്ലാതെ മറ്റൊന്നുമായിരിക്കില്ല.


ആദ്യകാലങ്ങളില്‍ കരണ്ടുകമ്പനി മാനേജുമെന്റിനെ വലച്ചിരുന്ന വലിയൊരു പ്രതിസന്ധിയായിരുന്നു ‍തൊഴിലാളികള്‍ക്ക് ട്രാന്‍സ്ഫര്‍കൊടുക്കാന്‍ സാധിക്കുന്നില്ലായെന്നുള്ളത്. മലയാളക്കരയ്ക്ക് ആകെ ഒരു പവ്വര്‍ഹൗസല്ലെയൊള്ളു... കുറച്ചുനേരം വാല്‍‌വുഹൗസിലോട്ട് വിടാം...കുറച്ചുനേരം ഡാംസൈറ്റില്‍ വിടാം... ഇതൊന്നുമല്ലാതെ നേരെചൊവ്വെഒരു ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ കഴിഞ്ഞത് ചെങ്കുളം പവ്വര്‍ഹൗസ് കമ്മീഷന്‍ ചെയ്തതിനു ശേഷമാണ്.


ആദ്യബാച്ചില്‍ പൗലോയ്ക്കും നറുക്കുവീണു. ചിത്തിരപുരം പവ്വര്‍ഹൗസില്‍നിന്നും തങ്ങളുടെ വിലയേറിയ സേവനം ചെങ്കുളം പവ്വര്‍ഹൗസിലേക്ക് കൊണ്ടുവന്ന തൊഴിലാളികളുടെ കൂടെയാണു ചന്നം‌പിന്നം മഴചാറുന്ന ഒരു സായാഹ്നത്തില്‍ പൈലോ നാട്ടുകവലതാണ്ടിയത്. നേരെ കമ്പനിവക താല്‍കാലിക കോളനിയിലേക്കായിരുന്നു അയാള്‍ പോയത്. താന്‍ വന്നിറങ്ങിയ നാട്ടുകവലയുടെ സൃഷ്ടാവ് തന്റെ ഭാര്യ ചിമ്മാരുമറിയമാണെന്നു പാവത്താന്‍ അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല.


മനപ്പൂര്‍വ്വമല്ലെങ്കിലും, പൈലോയുടെ നാട്ടുകവലയിലേക്കുള്ള പ്രവേശനം പ്രതിസന്ധികളുടെ ഒരു പ്രളയംതന്നെ നാട്ടുകവലയില്‍ ഉയര്‍ത്തുമെന്ന് ആദിവസങ്ങളില്‍ ആരും കരുതിയിരുന്നില്ലാ. എല്ലാവരും തിരക്കിലായിരുന്നു.


അക്കാലത്ത് നാട്ടുകവലയിലും പരിസരങ്ങളിലുമായ് പവ്വര്‍ പ്രൊജറ്റുകളുടെ പ്രളയമായിരുന്നു...തലവേദനയങ്ങുതീരുംമുമ്പെ പേറ്റുനോവുതുടങ്ങീന്നുപറയണപോലെ... ചെങ്കുളം പദ്ധതി കഴിഞ്ഞപ്പോ പന്നിയാര്‍ പദ്ധതി ആരംഭിച്ചു...അതിനിടയില്‍ നേര്യമംഗലം പദ്ധതിയുടെ ഭാഗമായ് കല്ലാര്‍കൂട്ടിയില്‍ ഡാം പനംകൂട്ടിയില്‍ പവ്വര്‍ ഹൗസ്. വെളിച്ചത്തിന്റെ നാടാകുവാന്‍ തിരഞ്ഞെടുക്കപ്പെട്ട നാട്ടുകവലയും പരിസരപ്രദേശങ്ങളും പകലെന്നപോലെ രാത്രിയും ഉണര്‍ന്നിരുന്നു...നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായ്.


ചിമ്മാരുമറിയത്തിന്റെ വില്ലിക്സ് മഞ്ഞക്കിളി തമിഴ്നാട്ബോഡറില്‍കൊണ്ടുപോയ് മറിച്ചതിന്റെയും ഒരു സഹജീവി മരിച്ചതിന്റെയും ഷോക്കില്‍നിന്നു പൂര്‍ണ്ണമായ് മോചിതനാകാതിരുന്ന വാഴച്ചാലി വര്‍ഗ്ഗീസ് ഒഴികെ അക്കാലത്ത് നാട്ടുകവലയില്‍ ആരും ജോലിചെയ്യാതെ നടന്നിരുന്നില്ല. കുറ്റബോധവും സ്വതസിദ്ധമായ മടിയും വര്‍ഗ്ഗീസിനെ ഒരുജോലിയും ചെയ്യാന്‍ അനുവദിച്ചില്ലാന്നുപറയുന്നതായിരിക്കും കൂടുതല്‍ ശരി.


' സഡണ്‍ ബ്രേയ്ക്കിട്ടാല്‍ മതിയായിരുന്നു...''സഡണ്‍ ബ്രേയ്ക്കിട്ടാല്‍ മതിയായിരുന്നു...'

ആരോടെന്നില്ലാതെ വര്‍ഗ്ഗീസ് സഡണ്‍ബ്രേയ്ക്കിന്റെകാര്യം പറഞ്ഞുനടക്കുന്നതെന്താണെന്നു ആദ്യംകാലങ്ങളില്‍ പലര്‍ക്കും മനസിലായിരുന്നില്ലാ. ചാരായം തലയ്ക്കുപിടിച്ച കാട്ടുമത്തായ് കയറ്റംകയറിവരുകയായിരുന്ന ജീപ്പിന്റെ ക്ലച്ച് അറിയാതെ ചവുട്ടിപ്പിടിച്ചപ്പോള്‍ തനിക്ക് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടാന്‍ തോന്നാതിരുന്നതല്ലെ അപകടത്തിന്റെ കാരണം എന്നതാണ് വര്‍ഗ്ഗീസിന്റെ മനസുനീറ്റിക്കൊണ്ടിരുന്ന സംഗതി.


വെള്ളച്ചാമിക്ക് എന്നിട്ടും കാര്യങ്ങള്‍ മനസിലായില്ലാ.... 'വറുകീസ് ക്ലച്ചിറുന്താച്ച്, ബ്രായ്ക്ക് ഇരുന്താച്ച്, ആക്സിലേറ്ററിരുന്താച്ച്...ചടണ്‍‌ബ്രാക്ക് എങ്കെയിറുന്താച്....ഒന്നുമേപുരിയിലെ..'


കാര്യങ്ങള്‍ വല്യകുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍...വര്‍ഗ്ഗീസിനെ സ്വൈര്യമായ് വിരഹിച്ചിരിക്കാന്‍ നാട്ടുകവലയിലെ സ്ത്രീജനങ്ങള് സമ്മതിച്ചിട്ടുവേണ്ടെ.


"വര്‍ഗ്ഗീസുചേട്ടാ ...ചേട്ടന്‍ ഒന്നുവീട്ടിലോളം വരുമോ...അവിടെ ആണുങ്ങളാരുമില്ലാ..."

''വര്‍ഗ്ഗീസേട്ടാ...നാളെ എന്റെവീട്ടില്‍ ...ഞാന്‍ കാത്തിരിക്കും...''

"മറ്റന്നാള് എന്റെവീട്ടില്‍...''

"ആദ്യം എന്റെവീട്ടില്‍ വാചേട്ടാ... അതുകഴിഞ്ഞുമതി ലവളുമാരുടെയടുത്ത്...." പലപ്രായത്തിലും തരത്തിലും‌പെട്ട സ്ത്രീജനങ്ങള്‍ യുവകോമളനായ വര്‍ഗ്ഗീസിന്റെ വീട്ടുവളപ്പില്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ ഹൈറേഞ്ചില്‍ ആദ്യമായ് പുരുഷപീഢനത്തിന്റെ കാലം ആരംഭിക്കുകയായിരുന്നു.


വീട്ടിലെ ആണുങ്ങള്‍ എല്ലാം പവ്വര്‍ഹൗസ് ഡാം പൈപ്പ്‌ലൈന്‍ കരണ്ട് എന്നൊക്കെപറഞ്ഞ് വീട്‌വിട്ടിറങ്ങിയപ്പോള്‍ നാട്ടുകവലയിലെ വീട്ടമ്മമാര്‍ക്ക് ഗാര്‍ഹീകാവശ്യത്തിനുള്ള കപ്പ, ചേമ്പ്, ചേന, കാച്ചില്‍ എന്നിവയൊന്നും സമയാസമയങ്ങളില്‍ കൃഷിചെയ്യാനുള്ള ആവതില്ലാതായി. സ്റ്റാമിനകൂടിയ ജനുസില്പെട്ടസ്ത്രീകള്‍ വെട്ടാനും കിളയ്ക്കാനും തയ്യാറായിരുന്നെങ്കിലും എല്ലാര്‍ക്കുംതന്നെ മുലകുടിമാറാത്ത ഒന്നും അതിലധികവും കുട്ടികളുള്ളകാലവും. ഈ ദുരവസ്തയിലാണ് വെറുതെകുത്തിയിരുന്നു സമയംകളയുന്ന വര്‍ഗ്ഗീസിനെ ശല്യംചെയ്യാന്‍ പെണ്ണുങ്ങള്‍ നിര്‍ബന്ധിതരായത്.


പട്ടംകോളനിയില്‍ പട്ടയത്തോടെ താണുപിള്ളസര്‍ പതിച്ചുകൊടുത്ത ഒന്നാംന്തരംഭൂമിയില്‍ ഒരു തൂമ്പപോലും കിളയ്ക്കാതെ ...പെടുവിലയ്ക്ക് വിറ്റുകളഞ്ഞിട്ടുവന്നിരിക്കുന്ന ആളിനെയാണ് കൂലിപ്പണിക്ക് പെണ്ണുങ്ങള്‍ പ്രലോഭിപ്പിക്കുന്നത്.


ശല്യം സഹിക്കവയ്യാതായ ഒരുദിവസമാണ് പ്രാക്കുംനേര്‍ച്ചയുമായ് വര്‍ഗ്ഗീസ് ഓമനേട്ടത്തിയുടെ വീട്ടുവളപ്പില്‍ ചേനകൃഷിചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.


വീടിന്റെ ചേരിനുമുകളില്‍ അടുക്കിവച്ചിരുന്ന ചേനയുടെ മുളകള്‍ കുട്ടിയാനയുടെ കൊമ്പിനോളം നീണ്ടിരുന്നു....

'കണ്ടോ വര്‍ഗ്ഗീസെ....ഇതൊക്കെകണ്ടിട്ട് സഹിക്കാന്‍പറ്റണില്ലാ..'

'ശരിയാ... ചേരിന്റെപൊക്കത്തായ്പോയ് ല്ലങ്കില്‍ ഇബടെത്തന്നെവച്ച് മണ്ണിട്ട്‌മൂടിയാമതിയാരുന്നു...അടുത്ത ആഴ്ച പറിച്ച് കറിയും‌വെയ്ക്കാം..'


ചേനകള്‍ താഴെയിറക്കി നടനായ് കൊണ്ടുപോകുന്നവര്‍ഗ്ഗീസിനോട് ഓമനേട്ടത്തി വിളിച്ചുപറഞ്ഞു...

'മുളയൊടിയാതെ സൂക്ഷിച്ച് മുറിച്ച് നടണം....'

.... വര്‍ഗ്ഗീസ് വളപ്പില്‍ അവിടിവിടെയായ് മുട്ടന്‍‌കുഴികള്‍കുത്തി...

മുറിച്ചില്ലാ...മറിച്ചു...
മുള അടിയിലേക്ക്-

ചേനകള്‍ എല്ലാം തലതിരിച്ചുവച്ച് മണ്ണിട്ടുമൂടി പണിക്കൂലിപോലും ചോദിക്കാതെ ആള് സ്ഥലം‌വിട്ടു.ഈ ചേനകളെല്ലാം നേരെചൊവ്വെകുഴിച്ചുവച്ചാല്‍ പിന്നെ അതുപ‌റിക്കാനും വര്‍ഗ്ഗീസ്തന്നെ മെനക്കെടെണ്ടിവരും...


പന്നിയാര്‍ പവ്വര്‍ഹൗസിന്റെ പണികഴിഞ്ഞാലും നാട്ടുകവലയില്‍ ആണുങ്ങള്‍ക്ക് ചേനയോ കപ്പയോ നടാന്‍ സമയം കിട്ടാന്‍പോകുന്നില്ലാ... ഇടുക്കിയില്‍ വമ്പനൊരു ഡാം കെട്ടാനുള്ള പ്ലാനെല്ലാം അണിയറയില്‍ തയ്യാറായ്ക്കൊണ്ടിരിക്കുന്നു.


നാട്ടുകവലയില്‍ കുടിയേറിയ പല അത്താഴ പഷ്ണിക്കാരും പ്രമാണിമാരായ് വളര്‍ന്നുവരാന്‍‌തുടങ്ങിയകാലമായിരുന്നു അത്.
നാട്ടുകവല വളരുന്നതിനനുസരിച്ച്... അവിടുത്തെ പ്രചകള്‍ വളരുന്നതിനനുസരിച്ച് ചിമ്മാരുമറിയം ചെറുതാവുകയായിരുന്നോ?


കടപൂട്ടിയതിനുശേഷം മറിയത്തിനെ കൂടുതലൊന്നും കവലയില്‍ കാണാറേയില്ലാ... ഒരുചരിത്രത്തിന്റെ സ്മാരകം‌പോലെ മറിയത്തിന്റെ ഏറുമാടം. സമയാസമയങ്ങളില്‍ കെട്ടിമേയാത്തതിനാല്‍ മഴയത്ത് അത് ചോര്‍ന്നൊലിക്കുകയും സൂക്ഷിച്ച് നടന്നില്ലങ്കില്‍ താഴെവീഴുന്നപരുവത്തില്‍ അടിവാരികള്‍ ദ്രവിച്ചുംതുടങ്ങുകയും ചെയ്തിരുന്നു. എങ്കിലും മറിയം താഴെയിറങ്ങിയില്ലാ.... ഉയരത്തില്‍ ഇരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന രാജാവായല്ലാ മറിയം അവിടെ വസിച്ചിരുന്നത്.... വീക്ഷാഗോപുരത്തില്‍ കണ്ണുചിമ്മാതെ കാത്തിരിക്കുന്ന കാവല്‍ക്കാരനെപ്പോലെയാണ്.

തന്റെ ആവശ്യം വരുമ്പോള്‍ ചാടിവീഴാന്‍ തയ്യാറായിരിക്കുന്ന കാവല്‍ക്കാരി.

തല്‍ക്കാലം മറിയത്തിനെ ആവശ്യമില്ലാത്തവണ്ണം വളര്‍ന്ന നാട്ടുകവയ്ക്ക് പില്‍കാലം മറിയമൊരനാവശ്യമായ് മാറുമെന്ന് ആരെങ്കിലും കരുതിയോ?....

മറിയത്തിന്റെ ആങ്ങളമാരായ ചിമ്മാരുഔസേപ്പ്, ചിമ്മാരുതോമസൂട്ടി പിന്നെ കപ്യാരുകുഞ്ഞവിരാ...ഇവരായിരുന്നു നാട്ടുകവലയിലെ പുതുമടിശീലക്കാരില്‍ പ്രമുഖര്‍...ജലവൈദ്ധ്യുതപദ്ധതികളുടെ നിര്‍മ്മാണത്തിനു വേണ്ടുന്ന മണല്‍ എത്തിച്ചുകൊടുക്കാന്‍ കരാറെടുത്തിരുന്നത് ഇവര്‍ മൂവരും ചേര്‍ന്നായിരുന്നു.


മുതിരപ്പുഴയും പെരിയാറും സംഗമിക്കുന്ന പനംകൂട്ടി...അവിടെ പുഴയുടെ ആഴങ്ങളില്‍ വല്യ മണല്ക്കെട്ടുകള്‍ ഉണ്ടായിരുന്നു. പെരിയാറ് ഭാര്യ മുതിരപ്പുഴയുമായ് ചുറ്റിപ്പിണയുന്ന വമ്പന്‍ മണല്‍ക്കിടക്കകള്‍ ...
പുഴകള്‍ ക്ഷീണിച്ചു പതിയെ ഒഴുകുന്നനേരത്ത് കൂലിക്കാരെനിര്‍ത്തി ഈ മണലുമുഴുവന്‍ വാരിവിറ്റാണ് ഇവമ്മാരു പണം‌വാരിയത്. പണംകുന്നുകൂടിയപ്പോള്‍ അഭിമാനവും അതിന് അകമ്പടിയായ് അഹങ്കാരവും കുന്നുകൂടി.


ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊന്നില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്ലാനിംഗ് കമ്മീഷന്‍ ഇടുക്കി പദ്ധതിക്കു പച്ചക്കൊടിവീശിയപ്പോള്‍ കല്ലാറുകൂട്ടി സെന്റ് ജോസഫ് ദേവാലയത്തിന്റെ കല്‍ക്കുരിശുതറയില്‍ കിന്‍ഡലുകണക്കുനു മെഴുകുതിരിയാണ് ഔസേപ്പ്, തോമാസ്, കുഞ്ഞവിരാ മണല്‍ത്രയം കത്തിച്ചുതീര്‍ത്തത്.


ഇടുക്കിയില്‍ ആര്‍ച്ച്ഡാം‌ വരാനുണ്ടായ സാഹചര്യം മൂന്നാര്‍ തേയിലത്തോട്ടംപള്ളിയിലെ ഇംഗ്ലീഷുകാരന്‍ പാതിരി ഫ്രാങ്ക്ലിനുമായ് ദൈവംതമ്പുരാന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ടാക്കിയ കരാറിന്റെ പിന്‍ബലത്തിലാണെന്ന് ക്രിസ്ത്യാനികള്‍ നാട്ടുകവലയില്‍ പറഞ്ഞുനടക്കുന്നു... (ഉടമ്പടി പഴയലക്കങ്ങളില്‍).
അതല്ലാ....കൈലാസനാഥനായ സാക്ഷാല്‍ ശ്രീ പരമേശരന്‍, തന്റെ ഭാര്യകാണിച്ച തോന്ന്യാസത്തിന്റെ ഫലമായ് പരസ്പരം ചേരാനാകാതെ നിന്നുപോയ ഒരുപാവം 'കുറവനും' 'കുറത്തിക്കും' അനുവദിച്ച വിവാഹബന്ധമാണ് ഇടുക്കിഡാം എന്ന് ഹിന്ദുക്കള്‍.... ഏതാണാവോ ശരി....

...............................

ഒരിക്കല്‍ കൈലാസനാഥന്‍ ഭാര്യ പാര്‍വ്വതീദേവിയുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങി മഞ്ഞിന്റെപുറത്ത് സുഖമായ് ഇരിക്കുന്നനേരത്ത് ദേവി ചോദിച്ചു...

'പ്രിയപ്പെട്ടവനേ... ഈരേഴുപതിനാലുലോകങ്ങളില്‍ പരതിയാലും എന്നെക്കാള്‍ സ്നേഹവതിയായ ഒരു ഭാര്യയെ കണ്ടെത്താനാവുമോ?...'

'പ്രിയേ.... ഞാനും നൂറ്റാണ്ടുകളായ് ഈ അന്വേഷണത്തിലായിരുന്നു...അല്പം പ്രയാസപ്പെട്ടാണെങ്കിലും ഒരു ജോടിയെ കണ്ടുപിടിച്ചു.... ...ദാ നോക്കു..'

പരമശിവന്‍ കൈചൂണ്ടിയപ്പോള് അന്തരീക്ഷത്തില്‍ പ്ലാസ്മാദ്രവം നാല്പത്തിരണ്ടിച്ചുനീളത്തില്‍ വ്യാപിക്കുകയും...കിസ്റ്റല്‍ ക്ലിയറായ് അവിടെ വിദൂര ചിത്രങ്ങള്‍ തെളിയുകയും ചെയ്തു....


ഭൂമി...ഏഷ്യാഭൂഗണ്ഡം...ഭാരതമഹാരാജ്യം...അതിന്റെ തെക്കെയറ്റം കുന്നും പാറക്കെട്ടും നിറഞ്ഞവനം...


ശ്രീപാര്‍വ്വതിദേവി നെറ്റിചുളിച്ച് കണവനെ നോക്കുന്നനേരത്ത് പ്ലാസ്മയില്‍ ഒരു കുറവന്റെയും അവന്റെ പതിവൃതയും സ്നേഹസമ്പന്നയുമായ ഭാര്യ കുറത്തിയുടേയും ചിത്രം തെളിഞ്ഞു.


(ഇടുക്കി ഡാംചരിത്രവുമായ് തുടരും)