Sunday, 23 September, 2007

ചിമ്മാരുമറിയം - 23

ചെങ്കുളം - പന്നിയാര്‍ പവ്വര്‍ഹൗസുകള്‍ (ചിമ്മാരുമറിയം - 23)


മുതിരപ്പുഴ പണ്ടുതൊട്ടേ ഒഴുകുന്നതിങ്ങനെയായിരുന്നു; സഹ്യാദ്രിയില്‍ജനനം, വനത്തിലൂടെ കുളിരും പുതച്ച് സ്വതന്ത്രമായ ഒഴുക്ക്. മലമുകളിലെ നൂല്‍മഴയുടെ സമൃദ്ധിയും സുലഭമായ ഉറവക്കണ്ണുകളും കരുത്തുചോരാതെ അവളെ വര്‍ഷത്തിലെന്നപോലെ വേനലിലും കാത്തിരുന്നു. അവളുടെ കൗമാരത്തില്‍ കളിചിരിയുമായ് കൂട്ടുകൂടാന്‍ പന്നിയാറും പിന്നെ കല്ലാറും വന്നെത്തും..... യൗവ്വനത്തില്‍ പെരിയാറിന്റെ മാറിലേയ്ക്ക് അവള്‍ പടര്‍ന്നുകയറും.
അവിടെ അവള്‍ക്ക് സ്വന്തം പേരുനഷടമാവും. താമസിയാതെ ഉപ്പുവെള്ളത്തില്‍ മുങ്ങി മരണവും സംഭവിക്കും.

ഉയരങ്ങളില്‍നിന്നും തെളിനീരുമായ് ഒഴുകുന്നവഴിയില്‍ അവള്‍ ജലപാത‌മാവും....അവളില്‍ ചുഴികള്‍ വിരിയും... അടിയൊഴുക്കുകള്‍ ഉണ്ടാവും.... ഈ ജലപാതത്തിന്റെ കരുത്തോ, ചുഴികളുടെയും അടിയൊഴുക്കിന്റേയും വേഗമോ പ്ണ്ട് ആരും അറിഞ്ഞിരുന്നില്ല, അവള്‍പോലും. യഥാര്‍ദ്ധത്തില്‍ അവളുടെ കരുത്തെന്താണെന്ന് ലോകം അറിഞ്ഞതും അളന്നതും അവളുടെ ഒഴുക്കിനും സ്വാതന്ത്യത്തിനുമെതിരെ അണക്കെട്ടുകള്‍ ഉയര്‍ന്നപ്പോഴാണ്. മനുഷ്യന്‍ വരച്ച വരകളിലൂടെ ഒഴുകി കൂറ്റന്‍ യന്ത്രങ്ങള്‍ കടഞ്ഞ് അവള്‍ നാടിനു വെളിച്ചമായ്, ദാഹിക്കുന്നവനു കുടിനീരായ്.


ഒന്നോര്‍ത്താല്‍ ചിമ്മാരുമറിയവും മുതിരപ്പുഴയും നേര്‍സോദരിമാരാണ്.

ചിമ്മാരുമറിയം ജനിച്ചത് സമൃദ്ധിയുടെ നടുവില്‍... മാതാപിതാക്കളും പന്ത്രണ്ട് സഹോദരന്മാരും അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉറ്റുനോക്കി ചുറ്റിനും...കളിചിരിയുമായ് കൗമാരം. യൗവ്വനാരംഭത്തിനുമുമ്പെ വിവാഹം.

അവിടെ അവള്‍ക്ക് പേരുനഷ്ടമായേനെ..താലികെട്ടിയവന്‍ കാട്ടുന്ന ചാലിലൂടെ ഒഴുകി ആ ജീവിതം ഒരിക്കല്‍ അവസാനിച്ചേനെ...സമൃദ്ധിയുടെ നടുവിലായിരുന്നെങ്കില്‍ എന്തായിരുന്നു തന്റെകരുത്തന്നും നിയോഗമെന്നും അറിയാതെ ആജീവിതവും അധികമാരാലും അറിയപ്പെടാതെ മണ്ണിലലിഞ്ഞേനെ....
പ്രതിസന്ധികളുടെ തടയണകള്‍ ജീവിതത്തിന്റെ സമൃദ്ധിക്കും ഒഴുക്കിനുമെതിരെ ഉയര്‍ന്നപ്പോഴാണ് ചിമ്മാരുമറിയത്തിന്റെ കരുത്ത് തിരിച്ചറിയപ്പെട്ടത്...ആ കരുത്താണ് അനേകര്‍ക്ക് വെളിച്ചവും ജീവിതമാര്‍ഗ്ഗവുമായ് മാറിയത്..... മുതിരപ്പുഴയെപ്പോലെ.

സ്വതന്ത ഭാരതത്തിന്റെ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍തന്നെ നാട്ടുകവലയും സ്ഥാനം‌പിടിച്ചിരുന്നു. അതിനു കാരണമായതോ നിറഞ്ഞൊഴുകുന്ന ഈ പുഴതന്നെ.

തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്ധ്യുതപദ്ധതിയായ മൂന്നാര്‍ പള്ളിവാസല്‍ പവ്വര്‍ഹൗസിലെ ജര്‍മ്മന്‍ നിര്‍മ്മിത ജനറേറ്ററുകളോട് മല്ലടിച്ച് ക്ഷീണിച്ചുപുറത്തുചാടുന്ന മുതിരപ്പുഴയ്ക്ക് ഒഴുകാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരിക്കും!..... ക്ഷീണിച്ച പുഴയെ പമ്പുചെയ്ത് ചെങ്കുളം തടാകത്തിലെത്തിക്കുന്നിടത്തുനിന്നും കേരളത്തിലെ രണ്ടാമത്തെ ഹൈഡ്രോ ഇലക്ട്രിക് പവ്വര്‍ പ്രോജക്റ്റ് ആരംഭിക്കുകയാണ്.

ചെങ്കുളം തടാകത്തില് ‍വിശ്രമിച്ച് കരുത്ത് വീണ്ടെടുക്കുന്ന പുഴ മനുഷ്യരുടെ ഇഷ്ടത്തിനു ഒഴുകുകയാണ്....തുരങ്കത്തിലൂടെ. നാട്ടുകവലമലയുടെ തൊട്ടടുത്ത മലയായ എലിക്കുന്നിന്റെ നെറുകയില്‍ ഉയര്‍ത്തിയ കൂറ്റന്‍സംഭരണിയില്‍ പിന്നെ തടവുശിക്ഷ.

തടവറയില്‍നിന്നും മോചിതയാകുന്ന പുഴ കീഴ്ക്കാംതൂക്കായമലഞ്ചെരുവിലൂടെ വിതാനിച്ച ഭീമന്‍ പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൂടെ അന്തം‌വിട്ടൊരു പാച്ചിലാണ് വെളിച്ചംകാണാതെയുള്ള മരണപ്പാച്ചില്‍.... നാട്ടുകവലയുടെ താഴ്വാരത്തിലെ പവ്വര്‍ഹൗസില്‍ ഒരുക്കിയ നാലു ജലച്ചക്രങ്ങളുടെമേല്‍ കരുത്തും കലിയുമടക്കി പുഴ വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് കടക്കും.... അവിടെ ചോരുന്ന പുഴയുടെ ഒഴുക്കിനെ ലോഹനിര്‍മ്മിത ചാലകങ്ങളില്‍ ആവാഹിച്ചെടുക്കുമ്പോള്‍ അത് നാടിനു വെളിച്ചമാക്കും.


വെള്ളം തൂവിത്തെറിക്കുന്ന ആ താഴ്വര വെള്ളത്തൂവല്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

ചെങ്കുളം ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ് ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലന്വേഷകരുടെ കുടിയേറ്റം വീണ്ടും ശക്തിപ്രാപിച്ചു. വനത്തില്‍ പദ്ധതിയുടെ സിരാകേന്ദ്രമായ വെള്ളത്തൂവലിനോട് എറ്റവും അടുത്തുകിടക്കുന്ന ജനവാസകേന്ദ്രമെന്നനിലയില്‍ നാട്ടുകവലയിലായിരുന്നു ഏറ്റവും വലിയതിരക്കായത്.

നാട്ടുകവലമലയുടെ കിഴക്കേചരിവുമുഴുവനും മറിയം ടെമ്പററികോളനിക്കായ് വിട്ടുകൊടുത്തു. ആയിരക്കണക്കിനു തൊഴിലാളികളും കച്ചവടക്കാരും കരാറുകാരും, വിദേശികളും സ്വദേശികളുമായ മേലുദ്ധ്യോഗസ്ഥന്മാരുമായ് നാട്ടുകവല വനത്തിനു നടുവില്‍ ഒരുകൊച്ചുപട്ടണം‌പോലെ ഉയരുകയായിരുന്നു.

പീരുമുഹമ്മദുസേട്ടു ചിമ്മാരുമറിയത്തിനായ് നിര്‍മ്മിച്ചുനല്‍കിയ മണ്‍പാത വീതികൂട്ടി ടാറിട്ടു. എക്സ്മിലട്ടറി വാഴച്ചാലിവര്‍ഗ്ഗീസ് ചിമ്മാരുമറിയത്തിന്റെ നാച്ചക്ക്രമഞ്ഞക്കിളിയെ മാത്രം തെളിച്ചിരുന്ന വഴിയിലൂടെ അസംഖ്യം നാച്ചക്ക്രവാഹനങ്ങളും അവയെകൂടാതെ ആറും എട്ടും പത്തും ....ചിലപ്പോള്‍ അതിലധികവും ചക്ക്രങ്ങളുള്ള കൂറ്റന്‍ ട്രക്കുകളും ഓടിത്തുടങ്ങി.


കവലയിലെ ഒട്ടുമിക്കആണുങ്ങളും തല്‍ക്കാലത്തേക്ക് കൃഷിപ്പണിക്ക് അവധികൊടുത്തിട്ട് പവ്വര്‍ ഹൗസിന്റെയും അനുബന്ധ പദ്ധതികളുടെയും നിര്‍‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ്.


മറിയത്തിന്റെ പലചരക്കുപീടികയില്‍ തിരക്കിട്ടകച്ചവട‌മായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. ആഴ്ചയില്‍ ഒരു പ്രാവശ്യം തമിഴ്നാട്ടില്‍നിന്നും പലചരക്കെടുക്കാന്‍ ഓട്ടം‌പോയിരുന്ന മഞ്ഞക്കിളിക്ക് ദിവസം രണ്ടു ട്രിപ്പൊക്കെ എടുക്കേണ്ടിവന്നു. വെള്ളച്ചാമിക്കും വര്‍ഗ്ഗീസിനും ലോഡിംഗും അണ്‍ലോഡിംഗുമായ് നടുവൊടിയാത്തദിവസങ്ങള്‍ പിന്നീടുണ്ടായിട്ടില്ലായെന്നുവേണം പറയാന്‍.

ഈ അവസരത്തിലാണ് കാട്ടുമത്തായി എന്ന കരുത്തനായ പുലയ യുവാവിനെ പര്‍ച്ചെയ്സിംഗ് അസിസ്റ്റന്റായ് ഇരുവരും കൂടെകൂട്ടിയത്. ചിമ്മാരുമറിയത്തിന്റെ കച്ചവടം പൂട്ടാനുള്ള ഒരു മുടിഞ്ഞ നിയമനമായ് അത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിണമിക്കുകയും ചെയ്തു.


അന്നൊരുദിവസം തമിഴ്നാട്ടിലെ കമ്പം‌മെട്ടില്‍നിന്നും വണ്ടിനിറയെ സാധനങ്ങളുമായ് മൂവര്‍സംഘം ചുരംകയറിവരുന്നതിനിടയിലാണ് തികച്ചും അനാവശ്യമായ ഒരു ചോദനം എക്സ്മിലിട്ടറിക്കാരനുണ്ടായത്. കാട്ടുമരത്തിന്റെ വേരും തൊലിയിമിട്ട് ആദിവാസികള്‍ വാറ്റിയെടുക്കുന്ന ഒരു തരം ചാരായമുണ്ട് അത് അല്പം കഴിക്കണം. യാത്രക്കിടയില്‍ ഇത്തരം ഔഷധസേവ വര്‍ഗ്ഗീസിനു പതിവാണ്. ഒരു കമ്പനിക്ക് ചിലപ്പോള്‍ വെള്ളച്ചാമിയും കൂടും.

മലകയറ്റം പൂര്‍ത്തിയായിട്ടില്ലാ. ഒരു പ്രത്യേക പോയന്റില്‍ മഞ്ഞക്കിളിയെ ഒതുക്കിയിട്ട് വര്‍ഗ്ഗീസ് ചാടിയിറങ്ങി. വഴിയുടെ ഓരംചേര്‍ന്നുനിന്ന് ആനച്ചൂരുണ്ടോ എന്ന് മണം‌പിടിച്ചുനോക്കി.....ചുറ്റും കാടാണ്.

കാട്ടുമത്തായി ആദ്യമായിട്ടാണീവഴിക്ക് അവനൊന്നും മനസിലായില്ല.

"കൂയ്....കൂയ്.... "

വര്‍ഗ്ഗീസിന്റെ കൂക്കുവിളി കാടുകയറി. അതുവെറുമൊരു വനരോദനമായില്ലാ..

"ഓയ്...ഓയ്.... "

വനത്തില്‍നിന്ന് മറുപടിയും കിട്ടി.

താമസിയാതെ ഒരു മുതുവാന്‍ മുളംകുറ്റികളില്‍ വീര്യമുള്ള റാക്കുമായ് വന്നു. വര്‍ഗീസ് ആവശ്യത്തിനുകുടിച്ചു വെള്ളച്ചാമിയും കുടിച്ചു ബാക്കിവന്നത് കാട്ടുമത്തായിക്കുംകൊടുത്തു.

'ഉള്ള്കത്തണല്ലോ തമ്പ്രാ... ' തീക്കട്ടവിഴുങ്ങിയിട്ടെന്നപോലെ കാട്ടുമത്തായി വായ്‌പിളര്‍ന്നുനിന്നു.അവന്‍ ആദ്യമായിട്ടാണ് മദ്യപിക്കുന്നത്....(അവസാനമായിട്ടും.)

വണ്ടിയില്‍നിന്നും കുറച്ച് പുകയിലയും ചക്കരയും എടുത്തുകൊടുത്ത് മുതുവാനെ തിരിച്ചയച്ചു. ഹാപ്പിയായ് അവന്‍ കാട്ടിലേയ്ക്ക് ഊളിയിട്ടപ്പോള്‍ മൂവര്‍സംഘം വെരിവെരി ഹാപ്പിയായ് യാത്രതുടര്‍ന്നു. പട്ടാളത്തില്‍ വച്ച് കുതിരയ്ക്ക് മൈലേജുകൂട്ടാല്‍ ഉപയോഗിക്കുന്ന റം ഉപയോഗിച്ച് ശീലമുള്ളതിനാല്‍ വര്‍ഗ്ഗീസിനു ഇതൊന്നും പുത്തരിയല്ലായിരിക്കാം. കാട്ടുമത്തായിക്ക് റാക്ക് തലയ്ക്ക്‌പിടിച്ചു...അവനുമത്തായി.

വണ്ടി ചുരം കയറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് വണ്ടിയുടെ മുന്നോട്ടുള്ള ചലനം നിലച്ചു.... പിന്നിലേക്ക് ഉരുളാനാരംഭിച്ചു. വര്‍ഗീസ്സ് ആക്സിലേറ്ററില്‍ കാലുമൊത്തമായ്ഊന്നിയിട്ടും രക്ഷയുണ്ടായില്ലാ. ബ്രേയ്ക്ക് ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല...

'അയ്യോ....ചാടിക്കോ'

അസാമാന്യമെയ് വഴക്കമുണ്ടായിരുന്ന വെള്ളച്ചാമി ഇടതുവശത്തേയ്ക്കും പട്ടാളത്തില്‍ ഡൈവിംങ്ങിനു പ്രത്യേക പരിശീലനം ലഭിച്ചിരുന്ന വര്‍ഗ്ഗീസ് വലതുവശത്തേയ്ക്കും ചാടി രക്ഷപെട്ടപ്പോള്‍ ഈ രണ്ടു മഹാന്മാരുടെയും നടുവിലായിരുന്ന- മെയ്‌വഴക്കമോ മിലട്ടറി പരിശീലനമോ ലഭിച്ചിട്ടില്ലാത്ത കാട്ടുമത്തായിയെയുംകൊണ്ട് മഞ്ഞക്കിളി അഗാധമായ ഗര്‍ദ്ധത്തിലേക്ക് പറന്നിറങ്ങി. അപ്പോഴും ആ യുവാവിന്റെ വലതുകാല്‍ വണ്ടിയുടെ ക്ലച്ചില്‍ അമര്‍ന്നുതന്നെയിരുന്നു. അതുതന്നെയായിരുന്നു അപകടകാരണവും.


വര്‍ഗ്ഗീസ് പിന്നീട് കുറേനാളത്തെക്ക് ഷോക്കിലായിരുന്നു. ചിമ്മാരുമറിയത്തിനെ അഭിമുഖീകരിക്കാനുള്ള പേടികൊണ്ട് നാട്ടുകവലയിലേക്ക് വരാന്‍പോലും അയാള്‍ മടിച്ചു. പട്ടംകോളനിയില്‍ തനിക്കു സര്‍ക്കാരനുവദിച്ചുതന്ന ഭൂമിവിറ്റ് ആ കാശുമായാണ് ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടുകവലയില്‍ മറിയത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

മറിയം ആ കാശുവാങ്ങിയില്ല വര്‍ഗ്ഗീസിനെ ശകാരിച്ചുമില്ലാ. കാട്ടുമത്തായിയുടെ കുടുമ്പത്തിനു കഴിയുന്ന സഹായം ചെയ്യാന്‍ പറഞ്ഞു അത്രമാത്രം.


മറിയം പിന്നീട് വണ്ടിവാങ്ങിയില്ലാ. പലചരക്ക് പീടിക തുടര്‍ന്ന് നടത്തിയുമില്ല. മറിയം നാട്ടുകവലയില്‍ പീടിക തുറന്നത് തനിക്കുവേണ്ടിയല്ലാ അവിടുത്തെ പാവങ്ങള്‍ക്കുവേണ്ടിയാണ്....വണ്ടിവാങ്ങിയത് തനിക്കുവേണ്ടിയല്ലാ പീടികയുടെ നടത്തിപ്പിനുവേണ്ടിയാണ്. ഇപ്പോള്‍ നാട്ടുകവല സ്വയം പര്യാപ്തതയിലെത്തിയിരിക്കുന്നു...ഇനി ചിമ്മാരുമറിയത്തിന്റെ പീടികയോ, മഞ്ഞക്കിളിയോ അവിടെ ആവശ്യമില്ലാ.


ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയായ മുറയ്ക്ക് വെള്ളത്തൂവല്‍ വീണ്ടുമൊരു വന്‍ പദ്ധതിക്കു വേദിയാവുകയായ്....

പന്നിയാര്‍ ജലവൈദ്യുതപദ്ധതി.

മുതിരപ്പുഴയിലെ വെള്ളം വെറുതെ ഒഴുകിപോയതുകൊണ്ട് ആര്‍ക്ക്‌ഗുണം, വെള്ളത്തൂവലില്‍ നിന്നും ആറുകിലോമീറ്റര്‍ കിഴക്ക് പൊന്മുടിയില് വലിയ അണക്കെട്ടും അതിനോടനുബന്ധിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായ് പന്നിയാര്‍ പദ്ധതി പുരോഗമിക്കുന്നു....

ആദിവസങ്ങളിലാണ് പൈലോ നാട്ടുകവലയില്‍ വന്നിറങ്ങിയത്.


(തുടരും)

Tuesday, 11 September, 2007

ചിമ്മാരുമറിയം - 22

കേരളപ്പിറവി (ചിമ്മാരുമറിയം - 22)

തന്നെ ഏല്പ്പിച്ച ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ നെടുങ്ങാടിയച്ചന്‍ നാട്ടുകവലയില്‍ പള്ളിപണി ആരംഭിക്കാനുള്ള അവസാനവട്ടചര്‍ച്ചയ്ക്ക് ചിമ്മാരുമറിയത്തിനടുത്തിരുന്നു. കടുപ്പമുള്ള വട്ടമേശപോലെ നാട്ടുകവലപാറപ്പുറം അവര്‍ക്കുമുമ്പില്‍.

നാട്ടുകവലയില്‍ കുടിയേറിയിരിക്കുന്നവരില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്... അവരെല്ലാം ഒരുകുടുമ്പത്തിലെ അംഗങ്ങളെപ്പോലെയാണ് കഴിഞ്ഞുവരുന്നത്. അവരുടെ ഇടയില്‍ ഒരു പള്ളി പണിതുയര്‍ത്തിയാല്‍ അതു മനുഷ്യനെ തമ്മിലടുപ്പിക്കുകയല്ല പകരം തമ്മിലടിപ്പിക്കുകയെയുള്ളുവെന്നും ഇല്ലാത്ത അതിരുകള്‍ തീര്‍ത്ത് ഓരോരുത്തരും തന്നിലെക്കുതന്നെതിരിയാനും അതു കാരണമാകുമെന്നുമായിരുന്നു ചിമ്മാരുമറിയത്തിന്റെ അഭിപ്രായം.

ചുരുക്കത്തില്‍ നാട്ടുകവലയെന്ന വാഗ്ദാനഭൂമിയില്‍ തല്‍കാലം പള്ളിയോ അമ്പലമോ മോസ്കോ ഒന്നും മറിയം അനുവദിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ താന്‍ എല്ലുമുറിയെ പണിയെടുത്ത് ആദ്യമായ് സ്വന്തമാക്കിയ മണ്ണ്... കല്ലാറുകുട്ടിപ്പുഴയുടെ തീരത്തുള്ള അഞ്ചേക്കര്‍ ഭൂമി, അത് ഇഷ്ടദാനമായ് മറിയം പള്ളിക്കുനല്‍കി.

"ഞാന്‍ അവിടെപ്പോയ് പള്ളിവച്ചോളാം...പക്ഷേ നിങ്ങളൊന്നോര്‍ക്കണം മറിയാമ്മോ. മരിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ശരീരം അവിടെവരെ എടുത്തുകൊണ്ടുവരേണ്ടിവരും തിരുകര്‍മ്മങ്ങളുചെയ്ത് മറവുചെയ്യാന്‍... ഇവിടെ ഒരു പള്ളിവച്ചാല്‍ വെറുതെ ആളുകളെ കഷ്ടപ്പെടുത്തണോ...." നെടുങ്ങാടിയച്ചന്‍ അവസാനത്തെ അമ്പയച്ചുനോക്കുകയാണ്.

"മനുഷ്യാ നീ മണ്ണാകുന്നു...നീ മണ്ണിലേക്ക് മടങ്ങും എന്നാ തമ്പുരാന്‍പറഞ്ഞിരിക്കുന്നതച്ചോ...ഞാന്‍ ഈ മണ്ണിലേക്ക് മടങ്ങിക്കോളാം... എന്നെ ആരും പള്ളിയിലേക്കെടുക്കേണ്ടാ...."

മറിയം ചര്‍ച്ച അവസാനിപ്പിച്ചു.

അഞ്ചേക്കര്‍ ഭൂമിയുടെ ആധാരവുമായ് നെടുങ്ങാടിയച്ചന്‍ മലയിറങ്ങിയപ്പോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.... സുഹൃദജപമായിരിക്കില്ലാന്ന് നിശ്ചയം.

'ഇതൊരുമാതിരി മറ്റേപരിപാടിയായിപ്പോയ്' എന്നായിരിന്നിരിക്കുമോ...ആവോ.

മറിയത്തിന്റെ വിയര്‍പ്പ് ആദ്യം‌വീണമണ്ണില്‍ താമസിയാതെ ഒരു ദേവാലയം സ്ഥാപിതമായ്...
(കാലക്രമത്തില്‍ അല്പം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറിയെങ്കിലും ആ ദേവാലയം ഇന്നും നിലനില്‍ക്കുന്നു.)

നാട്ടുകവല വളരുകയായിരുന്നു....

ചിമ്മാരുമറിയം ദാനമായ് നല്‍കിയ ഭൂമിയെ കുടിയേറ്റ കര്‍ഷകര്‍ കീഴ്മേല്‍ മറിച്ചു. വന്മരങ്ങളുടെ കുറ്റിയും വേരും പിഴുതും, കല്ലുടച്ച് കയ്യാലകള്‍ തീര്‍ത്തും പുതുമണ്ണിനെ അവര്‍ പരുവപ്പെടുത്തി. അവരുടെ വിയര്‍പ്പുമണികള്‍ മണ്ണിനീര്‍പ്പം കൂട്ടിയപ്പോള്‍ മണ്ണിലെറിഞ്ഞ വിത്തുകളെല്ലാം കരുത്തോടെ മുളച്ചുപൊന്തി.

ആണും പെണ്ണും തോളോടു തോള്‍ചേര്‍ന്നു മുന്നേറിയപ്പോള്‍ അതിരുകളും അവകാശികളുമില്ലാതെ കിടന്ന കാട് അവരുടെ കരുത്തിനുമുമ്പില്‍ പിന്നെയും വഴിമാറിക്കൊടുത്തു, കൃഷിയിടങ്ങള്‍ വളര്‍ന്നു. അവര്‍ മണ്ണില്‍ വിതച്ചവിത്തുകള്‍പോലെതന്നെ മാംസത്തില്‍ വിതച്ചവിത്തുകളും കുരുത്തപ്പോള്‍ നാട്ടുകവലയ്ക്ക് കൂടുതല്‍ അവകാശികളുമുണ്ടായ്.


എല്ലാം നോക്കിക്കണ്ട്കൊണ്ട് ചിമ്മാരുമറിയം എന്നും കുറേനേരം മലമുകളിലിരിക്കും. താഴ്വരയിലാകെ ചെറിയ ചെറിയ വീടുകള്‍. വീടുകള്‍ക്ക് ചുറ്റും പച്ചപ്പിന്റെ സമൃദ്ധി. വീട്ടുമുറ്റത്ത് കുട്ടികളുടെ കളിചിരികള്‍....

ഇനി ഏറെകാലം ഈ കാഴ്ചകള്‍ കണ്ടിരിക്കാനാവില്ലാ... മുള്ളുമുരിക്കിലൂടെ കുരുമുളകുവള്ളികള്‍ വളരുകയല്ലാ....ഒഴുകുകയാണ്, മേലോട്ട്. മാവും പ്ലാവും കാപ്പിയും അടയ്ക്കാമരവും തെങ്ങുമെല്ലാം ചേര്‍ന്ന് മറിയത്തിനുമുമ്പില്‍ പച്ചപ്പിന്റെ മതില്‍കെട്ട് തീര്‍ക്കുകയാണ്. കാഴ്ചകളെ കണ്ണില്‍നിന്നും മറച്ചാലും ആ മതില്‍കെട്ടിനുള്ളില്‍ നിന്നും സമൃദ്ധിക്ക് പുറത്തേക്കിറങ്ങാന്‍‍ പഴുതുകളുണ്ടാവില്ല. അതായിരുന്നു മറിയം ആഗ്രഹിച്ചതും.


തിരുക്കൊച്ചിയുടെ ചരിത്രത്തിലാദ്യമായ് ന്യായവിലഷോപ്പ് തുടങ്ങിയത് ചിമ്മാരുമറിയം ആയിരിക്കണം. ഒരു പൈസപോലും ലാഭമെടുക്കാതയാണ് മറിയം നാട്ടുകവലയില്‍ നിത്യോപയോഗസാധനങ്ങള്‍ വിറ്റഴിച്ചിരുന്നത്.
കച്ചവടകാര്യങ്ങളുടെ മേല്‍നോട്ടം വെള്ളച്ചാമിക്കായിരുന്നു. മഞ്ഞക്കിളിയെ പറപ്പിച്ചു ഒപ്പം വര്‍ഗ്ഗീസുമുണ്ടാവും. മൂന്നാറില്‍നിന്നും കോതമംഗലത്തുനിന്നും തമിഴ്നാട്ടിലെ ബോഡി, കംപം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം മുടക്കം കൂടാതെ പലചരക്കുകള്‍ നാട്ടുകവലയിലെത്തിയിരുന്നതിന്റെ മിടുക്ക് ഇവര്‍ക്കു രണ്ടാള്‍ക്കുമായിരുന്നു.


മറിയത്തോടുള്ള സഹവാസം വെള്ളച്ചാമിയില് ഏറെ മാറ്റങ്ങള്‍ വരുത്തി. കാട്ടുമൃഗങ്ങളുടെ പുറകെയുള്ള അന്തം‌വിട്ട ഓട്ടമെല്ലാം നിറുത്തി ഒരു വിശ്വസ്തനായ സഹചാരിയായ് അയാള്‍ മറിയത്തോടൊപ്പം നിന്നു.
വാഴച്ചാലി വര്‍ഗ്ഗീസ്സ് മാത്രമായിരുന്നു മറിയത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പംവളരാന്‍ കൂട്ടാക്കാതെനിന്ന ഒരേയൊരു വ്യക്തി.

ഒരു ഡ്രൈവര്‍ എന്നനിലയില്‍ മിടുമിടുക്കന്‍...പക്ഷെ ഒഴിവുസമയങ്ങളില്‍ തനിക്കുകിട്ടിയ ഭൂമിയില്‍ ഒരു തൂമ്പയെടുത്ത് കൊത്താന്‍പോലും അയാള്‍ കൂട്ടാക്കിയില്ലാ. അബദ്ധ‌വശാലെങ്ങാനും ഒരു തൂമ്പകയ്യിലെടുത്താല്‍ വണ്ടിയുടെ ഗിയര്‍ മാറുന്നതുപോലെ അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് നിന്ന് പട്ടാളക്കഥകള്‍ പറഞ്ഞുതുടങ്ങും. ചുരുക്കത്തില്‍ വര്‍ഗ്ഗീസ് പണിക്കിറങ്ങിയാല്‍ പണിയെടുക്കുന്നവര്‍ പോലും പണിനിര്ത്തി കഥയും കേട്ടുനില്‌പാകും.


ഒരിക്കല്‍ രണ്ടാംലോകമയായുദ്ധത്തിന്റെ ചരിത്രവും പറഞ്ഞ് കുറേആളുകളുടെ ജോലിയും തടസപ്പെടുത്തി നില്‍ക്കുന്ന നേരത്ത് അപ്രതീക്ഷിതമായ് ചിമ്മാരുമറിയം ശകാരത്തിന്റെ ആറ്റം‌ബോമ്പുകള്‍ വര്‍ഷിച്ചുകൊണ്ട് വര്‍ഗ്ഗീസിനുമുമ്പില്‍ ചാടിവീണു. ചരിത്രം മുഴുവനും കേട്ടില്ലായെങ്കിലും എങ്ങിനെയാണ് സഖ്യകക്ഷികളുടെ മുമ്പില്‍ ജര്‍മ്മിനി തോറ്റോടിയെതെന്ന് ചുറ്റും നിന്നവര്‍ അന്നു കണ്ടുമനസിലാക്കി.


ഒരു കര്‍ഷകപുത്രനായ് ജനിച്ച് കര്‍ഷകനായ് വളര്‍ന്ന മനുഷ്യനെ മണ്ണിനോട് അലര്‍ജിയുള്ളവനാക്കിയതിനു ഉത്തരവാധികള്‍ ആരാണ്... ബ്രിട്ടീഷ് പട്ടാളമേതാവികളോ...ഇന്ത്യന്‍ പട്ടാളമേതാവികളോ... ഉത്തരമില്ലാത്ത ചോദ്യമായ് അതിന്നും അവശേഷിക്കുന്നു.


നാട്ടുകവല ഉണ്ടായ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഭാഷയുടെഅടിസ്ഥാനത്തിലുള്ള ഉടച്ച്‌വാര്‍ക്കല്‍ ഇന്ത്യയൊട്ടാകെ നടന്നത്. തിരുവിതാംകൂറും കൊച്ചിയും മലബാറും എല്ലാം ചരിത്രത്തിന്റെ താളുകളിലേക്കൊതുങ്ങിയപ്പോള്‍ കേരളം പിറക്കുകയായ്. മലയാള ഭാഷ സംസാരിക്കുകയും തേങ്ങയും വെളിച്ചെണ്ണയും ഒരുപാടുപയോഗിക്കുകയും ചെയ്യുന്നവര്‍ക്കായുള്ള സംസ്ഥാനം.

മൂന്നാറിലെയും പരിസരങ്ങളിലേയും ‍തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും ജോലിക്കായ് എത്തിയിരുന്നവരില്‍ ഏറിയ ഭാഗവും തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. തോട്ടം മേഘലയിലെ തമിഴരുടെ ഈ ഭൂരിപക്ഷം മൂന്നാറുള്‍പ്പെടെയുള്ള ഹൈറേഞ്ചിന്റെ വലിയൊരു ഭാഗം തമിഴ്നാട്ടില്‍ ലയിക്കുന്നതിനുള്ള വഴിമരുന്നിട്ടു.


കന്യാകുമാരി തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍പോലും മലയാളിക്ക് ഇത്ര നഷ്ടമോ ദു:ഖമോ തോന്നിയില്ലാ... കേരളം ഒരു ഭ്രാന്താലയമാണെന്നു പരസ്യമായ് വിളിച്ച സ്വാമിയുടെ ഇരിപ്പിടമല്ലെ ....അതു തമിഴ്നാടെടുത്തോട്ടെ എന്നായിരുന്നിരിക്കാം ശരാശരിമലയാളിയുടെ കാഴ്ചപ്പാട്...പക്ഷെ മൂന്നാറെങ്ങിനെ വിട്ടുകൊടുക്കും.


തമിഴരും മലയാളികളും ഏറ്റുമുട്ടലുകള്‍ ആരംഭിച്ചപ്പോള്‍ അവസാന വിധിപറയാനായ് അധികാരികള്‍ തലയെണ്ണം നോക്കാന്‍ തീരുമാനിച്ചു.


നിലവിലുള്ള കണക്കിന്‍പ്രകാരം തമിഴുപേശുന്നവര്‍ മലയാളം പറയുന്നവരെക്കാള്‍ അല്പം കൂടുതലായ് കണ്ടെത്തി. ഇതു തമിഴ്നാടെന്നും പറഞ്ഞ് സഹ്യന്റെ വിരിമാറിലൂടെ ചെമപ്പുമഷിക്ക് അതിരുവരച്ചുതുടങ്ങിയതായിരുന്നു മേലാളന്മാര്‍........


അപ്പോഴാണ് ഇതുവരെ കണക്കില്‍ പെടാതെകിടക്കുന്ന ഒരു കുടിയേറ്റഗ്രാമത്തിന്റെ വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചത്. അത് ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയല്ലാതെ മറ്റൊന്നുമായിരുന്നില്ലാ... അവിടെ നിന്നും തമിഴ്സംസാരിക്കുന്ന ഒരാളെപ്പോലും കിട്ടിയില്ലാ....വെള്ളച്ചാമിപോലും അവിടെ മലയാളം സംസാരിച്ചുതുടങ്ങിയിരുന്നു...... ഫലമോ തോട്ടം മേഘലയില്‍ മലയാളികള്‍ ഭൂരിപക്ഷംനേടുകയും മൂന്നാര്‍ കേരളത്തില്‍ ചേര്‍ക്കപ്പെടുകയുംചെയ്തു.


ചിമ്മാരുമറിയമോ നാട്ടുകവലയിലെ കുടിയേറ്റക്കാരോ മലയാളക്കരയ്ക്കായ് തങ്ങള്‍ നേടിയെടുത്തതെന്താണെന്ന് അന്നൊന്നും അറിഞ്ഞിട്ടുണ്ടാവില്ലാ.
തിരുവിതാംകൂറായാലും തിരുക്കൊച്ചിയായാലും കേരളമായാലും തമിഴ്നാടായാലും അവര്‍ക്കെന്താ....പട്ടിണികൂടാതെ ജീവിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചെ അവര്‍ചിന്തിക്കുന്നൊള്ളു.... സ്വന്തം കൃഷിഭൂമിയുടെ അതിരിനെപ്പറ്റിയോ അളവിനെപ്പറ്റിയോപോലും അവര്‍ക്ക് നിശ്ചയമില്ലാ. പിന്നെ എങ്ങിനെയാണവര്‍ നാടിന്റെ അതിരിനെക്കുറിച്ച ആകുലപ്പെടുന്നത്.


(തുടരും)

Thursday, 6 September, 2007

ചിമ്മാരുമറിയം - 21

ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി (ചിമ്മാരുമറിയം - 21)നാട്ടുകവലയില്‍ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ആഹാരാവശ്യങ്ങള്‍ക്കുവേണ്ടുന്ന സാധനങ്ങളുടെ ദൗര്‍ലഭ്യമായിരുന്നു ആദ്യകാല പ്രതിസന്ധികളില്‍ മുഖ്യം.

അരിയും മറ്റുപലവ്യഞ്ചനങ്ങളും വാങ്ങാന്‍ ദിവസങ്ങളോളം നീണ്ടയാത്രതന്നെ വേണ്ടിയിരുന്നതിനാല്‍ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. തമിഴ്നാട്ടില്‍നിന്നും ഇത്യാതി വ്സ്തുക്കള്‍ തലച്ചുമടായ് കൊണ്ടുവന്ന് കുടിയേറ്റഗ്രാമങ്ങളില്‍ കഴുത്തറപ്പന്‍ വിലയ്ക്കു വില്‍ക്കുന്ന അണ്ണാച്ചിമാരെ ആശ്രയിച്ചു കൂടുതല്‍ കാലം മുന്നോട്ടുപോകാനാവില്ലാ എന്ന ഘട്ടമായ്.


പ്രശ്നത്തിനു ശാശ്വതമായ ഒരു പരിഹാരംകാണാന്‍ ചിമ്മാരുമറിയം തലപുകഞ്ഞ് നടക്കുന്ന നേരത്താണ് നെടുങ്ങാടിയച്ചന്‍ മലകയറി എത്തുന്നത്.

ഹൈറെഞ്ചിലെ കുടിയേറ്റമേഘലകളില്‍ പള്ളികള്‍ സ്ഥാപിച്ച് ജനങ്ങളെ വിശ്വാസജീവിതത്തില്‍ നിന്നും അകന്നുപോകാതെ പിടിച്ചുനിര്‍ത്തുക എന്ന ഭാരിച്ച് ദൗത്യമാകുന്ന കുരിശ് പാവം കൊച്ചച്ചന്മാരുടെ ചുമലില്‍ വച്ചുകൊടുത്തിട്ട് മെത്രാനച്ചന്‍ അരമനയിലിരുന്ന് കൈചൂണ്ടും; ഗാഗുല്‍ത്താമലയിലും മുന്തിയ ഇനം മലകളിലേക്ക്. അവിടെയാകട്ടെ കുടിയേറിയിരിക്കുന്നതില്‍ ഭൂരിഭാഗവും യൂദാസ്,പീലാത്തോസ്, കയ്യാഫാസ് പിന്മുറയില്പെട്ടവരും. ചിമ്മാരുമറിയത്തെ സ്വാധീനിച്ച് നാട്ടുകവലയില്‍ ഒരു പള്ളി സ്ഥാപിക്കാം എന്ന ശുഭപ്രതീക്ഷയുംകൊണ്ടാണ് നെടുങ്ങാടിയച്ചന്‍ കഷ്ടപ്പെട്ടു മലകയറിവന്നതുതന്നെ.


"ആദ്യം വിശക്കുന്നവനു ആഹാരംകൊടുക്കണമച്ചോ..... വയറെരിയണ മനുഷേന്മാര് വേദം കേള്‍ക്കാന്‍ നിന്നുതരൂല്ലാ..."

ചിമ്മാരുമറിയത്തെ അനുഭവം പഠിപ്പിച്ച ദൈവശാസ്ത്രവും നെടുങ്ങാടിയച്ചന്‍ സെമിനാരിയില്‍ പഠിച്ച ദൈവശാസ്ത്രവും തമ്മില്‍ നാട്ടുകവല പാറപ്പുറത്തിരുന്നേറ്റുമുട്ടി.

അവസാനം അച്ചന്‍ തോറ്റു....ആദ്യം കവലയില്‍ ഒരു പലവ്യജ്ഞനക്കട...അതിനു ശേഷം പള്ളി പണിയുടെ കാര്യം ആലോചിക്കാം. മറിയം വിധികല്പ്പിച്ചു.


നാട്ടുകവലയില് കടയുടെ നിര്‍മ്മാണമെല്ലാം കഴിഞ്ഞപ്പോള്‍ പുതിയ പ്രതിസന്ധി തലപൊക്കി. ഏറ്റവും അടുത്ത ചന്ത മൂന്നാറിലാണുള്ളത്. അവിടെനിന്നും മൊത്തമായ് വാങ്ങുന്ന സാധനങ്ങള്‍ കവലയിലെത്തിക്കുമ്പോള്‍ ചുമട്ടുകൂലിയും വണ്ടിക്കൂലിയും എല്ലാംകൂടി വലിയ തുക അതികച്ചെലവുവരുന്നു. പരിഹാരമാര്‍ഗ്ഗം മറിയത്തിനു ഉപദേശിച്ചുകൊടുത്തത് നെടുങ്ങാടിയച്ചനായിരുന്നു... ഒരു വാഹനം വാങ്ങുക.


വണ്ടിവാങ്ങുകയാണെങ്കില്‍ കാളവണ്ടി ഒഴികെ മറ്റേതെങ്കിലും വണ്ടി വാങ്ങിയാല്‍ മതിയെന്നു കപ്യാരുകുഞ്ഞവിരാ അഭിപ്രായപ്പെട്ടു. ഒരു കാളവണ്ടിയും മൂന്നുകാളകളും (ഒന്ന് മരുമകന്‍) തന്റെ ജീവിതത്തില്‍ വരുത്തിയ നാശനഷടത്തിന്റെ കഥ അയാള്‍ പുനസം‌പ്രേഷണവും ആരംഭിച്ചു.

നാട്ടുകവലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പുവച്ചുനോക്കുമ്പോള്‍ ഒരു പതിനഞ്ചു ആരോഗ്യ ദൃഢഗാത്രന്മാരായ കാളകളെങ്കിലും വേണ്ടിവരും ഒരു ഇടത്തരം വണ്ടി വലിച്ചു മലമുകളിലെത്തിക്കാന്‍. അതൊന്നും പ്രായോഗികമല്ലാത്തതിനാലാണ് ഒരു ജീപ്പുവാങ്ങുന്നതിനെക്കുറിച്ച് മറിയവും അച്ചനും ചിന്തിച്ചുതുടങ്ങിയത്.


പിന്നീടുള്ള ദിവസങ്ങളില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ച അച്ചനു മറിയത്തിനുവേണ്ടി ഒരു വണ്ടിബ്രോക്കറെപ്പോലെ അലയേണ്ടിവന്നു. കുറേ ദിവസങ്ങള്‍ അലഞ്ഞുതിരിഞ്ഞിട്ടും കാര്യങ്ങള്‍ക്കു തീരുമാനമായില്ല. മെത്രാനച്ചനെങ്ങാനും ഇതറിഞ്ഞിരുന്നെങ്കില്‍ പെട്ടന്നുതീരുമാനമായേനെ.... അച്ചന്റെകാര്യത്തില്‍.


അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ബൈബിള്‍ വാക്യം എത്ര ശരിയാണെന്നു സ്വന്തം ജീവിതാനുഭവം ഉദ്ധരിച്ച് പ്രസംഗിക്കാന്‍ അച്ചനു താമസിയാതെ അവസരമുണ്ടായ്. നെല്ലിമറ്റംകാരന്‍ മാട്ടേല്‍ കുഞ്ഞേട്ടനെന്ന ജന്മിയുടെ മഞ്ഞക്കിളിക്ക് ചിമ്മാരുമറിയത്തിനുവേണ്ടി അച്ചന്‍ അച്ചാരം കൊടുത്തു.


ഏതോ പട്ടാള‌ക്യാമ്പില്‍നിന്നും പടിയടച്ചു പിണ്ഢം‌വച്ച പച്ച‌ച്ചാണകത്തിന്റെ കളറുള്ള 'അമേരിക്കന്‍ വില്ലിക്സ്' നാച്ചക്രവാഹനം- അതു ലേലത്തില്‍ പിടിച്ച് തേച്ചുകഴുകി മഞ്ഞക്കളറടിച്ച് തന്റെ അഭിമാനത്തിന്റെ അടയാളമാക്കിമാറ്റിയെടുത്തതിന്റെ മുഴുവന്‍ ക്രഡിറ്റും മാട്ടേകുഞ്ഞേട്ടനവകാശപ്പെട്ടതാണ്. പൊടിയും കരിപ്പുകയും പറപ്പിച്ചു മുതലാളി തന്റെ വാഹനത്തില്‍ പായുന്നത് വഴിയരുകില്‍ കൗതുകത്തോടെ നോക്കിനിന്നിരുന്ന നാട്ടുകാരാണ് ആദ്യം വിളിച്ചത്....മാട്ടേകുഞ്ഞേട്ടന്റെ മഞ്ഞക്കിളി.


സന്തോഷവാര്‍ത്തയുമായ് നാട്ടുകവലയില് തിരിച്ചെത്തിയ അച്ചനു ഗംഭീര വരവേല്പ്പാണുലഭിച്ചത്. നാട്ടുകവലയുടെ പുരോഗതിയില്‍ നാഴികക്കല്ലായ ഒരു സംഭവമായിരുന്നു പ്രസ്തുത വണ്ടിക്കച്ചവടം. ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി നാട്ടുകവലയില്‍ പാറാന്‍പോകുന്നതിന്റെ സന്തോഷം എല്ലാവര്‍ക്കും. അവസരം മുതലാക്കി അച്ചന്‍ മറിയത്തോടു ചോദിച്ചു...

"അപ്പോള്‍ പള്ളിക്കുള്ള സ്ഥലമിങ്ങു കാണിച്ചുതന്നാല്‍ കുരിശങ്ങുവച്ചേക്കാരുന്നു..."

കുരിശു തല്‍ക്കാലം അച്ചന്റെ തോളില്‍ തന്നെയിരുന്നതെയൊള്ളു. കാരണം ഒരു വണ്ടിക്ക് അഡ്വാന്‍സുകൊടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിച്ചില്ലല്ലോ. വണ്ടി ആരാണ് ഓടിക്കുക എന്നതായ് പുതിയപ്രശ്നം. ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളിയെ പറപ്പിക്കാന്‍ ഒരു ഡ്രൈവറെ കണ്ടുപിടിക്കുക എന്നദൗത്യമാകുന്ന കുരിശും അച്ചന്‍ തന്നെ തോളിലേറ്റി.... എങ്ങിനെയെങ്കിലും പള്ളിപണിയാനുള്ള സ്ഥലം വാങ്ങിച്ചെടുക്കേണ്ടെ.


തിരുക്കൊച്ചിം മലബാറും കൂട്ടി മൊത്തത്തില്‍ അരിച്ചുപെറുക്കിയാലും കൈയുടെയും കാലിന്റെയും വിരലുകള്‍തികച്ചെണ്ണാനുള്ള ഡ്രൈവര്‍മാരെപ്പോലും കിട്ടാനില്ലാത്ത സമയം. ഒരു ജീപ്പ് ഡ്രൈവറെ അന്യേഷിച്ചുകണ്ടെത്തുന്നതാണ് യഥാര്‍ത്തപീഡാനുഭവമെന്ന് തന്റെ പ്രസംഗങ്ങളില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് നെടുങ്ങാടിയച്ചന്‍ ചിന്തിച്ചുതുടങ്ങി.

കപ്യാരുകുഞ്ഞവിരായുടെ മകളും മരുമകനും നാട്ടുകവലയിലെത്തിയത് ഈ ദിവസങ്ങളിലാണ്. ഓനച്ചനു ജീപ്പോടിക്കാന്‍ അറിയാമെന്ന് ആളുകള്‍ പറഞ്ഞതുകേട്ടാണ് നെടുങ്ങാടിയച്ചന്‍ ഓടിക്കിതച്ച് ഓനച്ചനെകാണാനെത്തിയത്.

"ജീപ്പുഞാനോടിച്ചോളാം.... പക്ഷേ വേറെ ഒരു ഡ്രൈവറേംകൂടി അടുത്തിരുത്തണം..." ഓനച്ചന്‍ പറഞ്ഞു.

"ഓ! ജീസസ്സ്... ഇതെന്തൊരു പരീക്ഷണം... ഒരു ജീപ്പോടിക്കാന്‍ രണ്ടു
ഡ്രൈവര്‍മാര്‍ ..... ഇവനെന്താണുപറയുന്നതെന്ന് ഇവനറിയുന്നില്ല, ഇവനോട് പൊറുക്കേണമെ."

"ഒന്നെങ്കി ബ്രെയിക്ക് അല്ലെങ്കി ക്ലച്ച്.....ഏതുഞാന്‍ ചവിട്ടണോന്ന് അച്ചന്‍പറഞ്ഞോ, രണ്ടുംകൂടി എനിക്കുമേലാ"

പാവം ഓനച്ചന്‍; അവന്റെ ഒരുകാലു കാളവണ്ടിക്ക് ഊടുവച്ചവകയില്‍ ഒരുപ്പോക്കായ് പോയില്ലെ. ഒരു മുടന്തനെ സൗഖ്യമാക്കാന്‍പോലും തന്നെക്കൊണ്ടിതുവരെ കഴിഞ്ഞിട്ടില്ലാ പിന്നല്ലെ ഒരു കാലുമൊത്തത്തില്‍ പോയവന്റെകാര്യം...അച്ചനാകേസുവിട്ടു.

നാട്ടുകവലയില്‍ പള്ളിപണിയാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ തന്നെ നെടുങ്ങാടിയച്ചന്‍ തീര്‍ച്ചപ്പെടുത്തി. ചിമ്മാരുമറിയത്തോടു യാത്രപോലും പറയാതെ അച്ചന്‍ മലയിറങ്ങാന്‍ തുടങ്ങി. യാത്രപറയാന്‍ ചെന്നാല്‍ ചിലപ്പോള്‍ പോകാന്‍ അനുവദിച്ചെന്നുവരില്ലാ.... മറിയത്തിന്റെ സമ്പ്യാദ്യത്തില്‍നിന്നും നല്ലൊരുതുക താനായിട്ടു കൊണ്ടുപോയ് മഞ്ഞക്കിളിക്ക് അച്ചാരം കൊടുത്തിരിക്കുകയാണ്.

പാതിവഴിയില്‍ എതിരെ വന്ന ഒരു അപരിചിതന്‍ അച്ചനോടു ചോദിച്ചു.

"ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ടോ...."

" ഈ മലയങ്ങു കയറിച്ചെന്നാല്‍ നാട്ടുകവലയായ്...... ഇവിടെ പരിചയമില്ലാത്ത ആളാന്നുമനസിലായ്... എവിടെന്നാ?... " അച്ചന്‍ ചോദിച്ചു.

"ഞാന്‍ പട്ടം കോളനിയില്‍നിന്നും വരുവാ... കിഴക്കമ്പലമാണ് സ്വദേശം. ഇവിടെ ഒരു ഡ്രൈവറെ അന്വേഷിക്കുന്നെന്ന് കേട്ട് വന്നതാ...ഞാനൊരു വിമുക്തഭടനാണെ..."

കൊടിയവേനലില്‍ ദാഹിച്ചുവലങ്ങിരിക്കുന്ന വേഴാമ്പലിന്റെ തലയിലോട്ട് അപ്രതീക്ഷിതമായ് ശക്തമായ മഴപെയ്യുന്നു....വെറും‌മഴയല്ലാ ആലിപ്പഴത്തോടുകൂടിയത്. അതേ അനുഭവമാണ് നെടുങ്ങാടിയച്ചനുണ്ടായത്.

"വരു ഞാന്‍ വഴികാട്ടിത്തരാം..." അച്ചന്‍ വീണ്ടും നാട്ടുകവലയില്‍ പണിയാന്‍പോകുന്ന പള്ളിയുടെ മടക്കിവച്ച പ്ലാന്‍ മനസില്‍ നിവര്‍ത്തിയിട്ടു.

"അച്ചനു ബുദ്ധിമുട്ടാവില്ലേ?....വഴിപറഞ്ഞുതന്നാല്‍മതി ഞാന്‍ തനിച്ചുപോക്കോളാം..."

"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍ വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം"

എങ്ങിനെയെങ്കിലും ഈ മുതലിനെ എത്രയും പെട്ടന്നു മറിയച്ചേടത്തിയുടെ മുമ്പില്‍ ഹാജരാക്കുക എന്നതുമാത്രമായിരുന്നു അച്ചന്റെ ആവശ്യം.

വാഴച്ചാലി വര്‍ഗ്ഗീസ് നാട്ടുകവലയില്‍ കാലുകുത്തി. അതുവരെ നാട്ടുകവലയില്‍ വന്നുചേര്‍ന്ന ആരെയും‌പോലല്ലാ വര്‍ഗ്ഗീസിന്റെ വരവു. നാട്ടുകവല വര്‍ഗ്ഗീസിനെ കാത്തിരിക്കുകയായിരുന്നു...അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വര്‍ഗ്ഗീസിന്റെ സേവനം കൂടിയേ കഴിയുമായിരുന്നോള്ളു.

മറിയം പാറപ്പുറത്ത് ഉയര്‍ന്ന സ്ഥലത്തിരുന്നു....

വര്‍ഗ്ഗീസിനു അത് അത്രയങ്ങ് ഇഷ്ടപ്പെട്ടില്ലാ. പട്ടാളത്തില്‍ വച്ചുതന്നെ മേംസാബുമാര്‍ കമാന്‍ഡുചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വര്‍ഗ്ഗീസ് ഇടയാന്‍ തുടങ്ങിയത്. പിടക്കോഴി കൂവുന്ന വീടും പെണ്ണുഭരിക്കുന്ന നാടും മുടിയും എന്നതാണ് വര്‍ഗ്ഗീസിന്റെ ഫിലോസഫി.

ഇന്റര്‌വ്യൂ ആരംഭിച്ചു. ചിമ്മാരുമറിയത്തിനുവേണ്ടി അച്ചനാണു ചോദ്യങ്ങള്‍ ആരംഭിച്ചത്...

"നിങ്ങള്‍ക്ക് ജീപ്പോടിക്കാനറിയുമോ?.."

"അറിയാമോന്നോ....അതെന്തു ചോദ്യം, തെര്‍ട്ടി സിക്സിലാണെന്നുതോന്നുന്നു... ഞാന്‍ നാസിക്കില്‍നിന്നും രണ്ടുമാസത്തെ അവധിക്കായ് നാട്ടിലോട്ട് പോരുന്ന സമയം. കോയമ്പത്തൂരുവന്നപ്പോള്‍ ഡ്രൈവര്‍ക്ക് ഒരു നെഞ്ചുവേദന...യാത്ര അവിടെ മുടങ്ങേണ്ടതായിരുന്നു....ഞാന്‍ ഡ്രൈവര്‍സീറ്റേലോട്ടങ്ങുകയറീട്ട് പിന്നെ ആലുവയില്‍വന്നിട്ടാ വണ്ടിനിറുത്തണെ....അതും കല്‍ക്കരി തീര്‍ന്നിട്ട് അല്ലെങ്കില്‍ എറണാകുളത്തേ നിര്‍ത്തുവാരുന്നൊള്ളു..." വര്‍ഗ്ഗീസ് വാചാലനായ്. അയാള്‍ ഒരു റിട്ട്. പട്ടാളക്കാരനാണെന്നോര്‍ക്കണം.

"ജീസസ്സ് കല്‍ക്കരിയിലോടിക്കുന്ന ജീപ്പോ .... ആദ്യമായിട്ടുകേള്‍ക്കുന്നു. " അച്ചനു അത്ഭുതമായ്.

"ജീപ്പാണന്നാരുപറഞ്ഞു ...തീവണ്ടിയാണുഞാന്‍ ഓടിച്ചത്....."

"ആളുമോശമല്ലാലോ.... ..."

"അതുശരി...അപ്പോള്‍ നയണ്ടീന്‍ ഫോര്‍ട്ടിവണ്ണിലു ഞാന്‍ ബാംബെ ഹാര്‍ബറില്‍ ഒരു കപ്പല്‍ തിരിച്ചിട്ടകാര്യം കേട്ടാലോ.... ഞങ്ങള്‍ യുദ്ധത്തിനുള്ള........"
വര്‍ഗ്ഗീസ് പറഞ്ഞുതുടങ്ങിയതേയൊള്ളു പൂര്‍ത്തിയാക്കാനൊത്തില്ലാ....

"ഫാ.......ഇവിടാരും കപ്പലും തീവണ്ടീം വാങ്ങീട്ടില്ലാ...നിനക്ക് ജീപ്പോടിക്കാനറിയാമോന്നാ ചോദിച്ചെ...അറിയാമെങ്കി ഇവിടെനിന്നോ...ഇല്ലങ്കില്‍ വന്നപോലെ തിരിച്ചുവിട്ടോ.."
പട്ടാളബഡായികള്‍കേട്ട് മറിയത്തിനു ചെകിടിച്ചു. അവര്‍ കലിതുള്ളി എഴുന്നേറ്റുപോയ്.

മറിയത്തിന്റെ ഭാവപകര്‍ച്ചകണ്ട് വര്‍ഗ്ഗീസ് നടുങ്ങിപ്പോയ്. അയാള്‍ ഇന്നുവരെ കണ്ടിരുന്ന സ്ത്രീകള്‍ കയര്‍ത്തുസംസാരിക്കുമ്പോള്‍പോലും ബന്ധനത്തിലായ മാന്‍പേട രക്ഷപെടാനായ് കുതറുമ്പോള്‍ കാട്ടുന്ന ചേഷ്ടകളാണ് അവരില്‍ ദൃശ്യമായിരുന്നത്. ആ ദൈന്യത കാണുവാനായ്തന്നെ അയാള്‍ പട്ടാള മേലധികാരികളുടെ ഭാര്യമാരെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു..... എന്നാല്‍ നാട്ടുകവലയില്‍ പെട്ടുപോയ്, ഒരു ഈറ്റപ്പുലിയുടെ ശൗര്യമാണ് ചിമ്മാരുമറിയത്തിന്റെ കണ്ണുകളില്‍ വര്‍ഗ്ഗീസിനു കാണാന്‍ കഴിഞ്ഞത്.

കൂടുതലു കഥകളൊന്നും പറയാന്‍ നില്‍ക്കാതെ വര്‍ഗ്ഗീസ് മലയിറങ്ങി. കൂടെ അച്ചനുമുണ്ടായിരുന്നു. നേരെ നെല്ലിമറ്റത്തിനു.

പിറ്റേന്നു ഉച്ചയാകുന്നതിനുമുമ്പെ നാട്ടുകവലയില്‍ ഇരമ്പംകേട്ടു... ആളുകളെല്ലാം കാഴ്ചകാണാന്‍ ഓടിക്കൂടി പൊടിയും കരിപ്പുകയും പറത്തി നാട്ടുകവലയുടെ വിരിമാറിലേക്ക് ആദ്യമായ് ഒരു വാഹനം കയറിവന്നു. വാഴച്ചാലി ഉലഹന്നാന്‍ വര്‍ഗ്ഗീസ് ഓടിച്ച് കയറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

മഞ്ഞക്കിളി....
ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി.....

ആളുകള്‍ ആര്‍ത്തുവിളിച്ചു.

(തുടരാം..)