Sunday, 22 July, 2007

ചിമ്മാരുമറിയം - 15

പുതിയ ലോകം (ചിമ്മാരുമറിയം - 15)അങ്ങുകിഴക്ക് ആനമുടിയ്ക്കും അകലെയായ് വെളിച്ചത്തിന്റെ ചെറിയ ചാലുകള്‍ ഇരുളിനുമേലെ ചിത്രം വരയ്ക്കാന്‍ തുടങ്ങിയതേയുള്ളു....

മറിയം തട്ടിപ്പിടഞ്ഞു കിടക്കപ്പായില്‍ എഴുന്നേറ്റിരുന്നു....
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും പ്രഭാതത്തില്‍ പതിവായ് ചൊല്ലി കാഴ്ചവച്ചിരുന്ന നെടുങ്കന്‍ നമസ്കാരങ്ങള്‍ക്ക് പകരമായ് തിടുക്കത്തില്‍ ഒരു സ്തുതി ചൊല്ലിപ്രഭാതപ്രാര്‍ത്ഥന അവസാനിപ്പിച്ചു.

ഏറുമാടത്തിന്റെ ഒഴിഞ്ഞകോണില്‍ തൂക്കിയിട്ടിരിക്കുന്ന ചിരയ്ക്കാക്കുടുക്കയ്ക്കരികില്‍ വന്ന് മറിയം തെല്ലൊന്നുനിന്നു. ഉപ്പും കരിക്കട്ടയും കൂട്ടിപ്പൊടിച്ച മിശ്രിതമാണതില്‍... വെള്ളിച്ചില്ലുപോലെ തിളങ്ങുന്ന പല്ലുകളുടെ രഹസ്യം... അതിനെ പാടെ അവഗണിച്ചു അവള്‍ പണിയായുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. വട്ടവാള്‍ മഴു വെട്ടുകത്തി കയര്‍ എല്ലാം എടുത്തുകൊണ്ട് യാത്ര പുറപ്പെടുകയായ്.
കിഴക്കേ ചക്രവാളത്തില്‍ വീണ വെള്ളിവരകള്‍ കാടിന്റെ കനമേറിയ മേലാപ്പും കടന്ന് കുടിയേറ്റക്കാരുടെ ഇടയിലേക്ക് മടിച്ചുമടിച്ച് ഇറങ്ങിവന്നുതുടങ്ങി...


മറിയം മരത്തിന്റെ മുകളില്‍ നിന്നും കയറിന്റെ കെട്ട് താഴേയ്ക്കിട്ടു.....

"പാമ്പ് ...പാമ്പ് ....കടവുളേ.... കാപ്പാത്തുംങ്കോ....." കയറുചെന്ന് താഴെപതിക്കുന്ന ശബ്ദത്തിനു പകരം ഒരു നിലവിളിയാണ് അവിടെ ഉയര്‍ന്നത്.

"ആരെടാത്?..." മറിയം വിളിച്ചുചോദിച്ചു...

"ഇതു നാന്ന്താനമ്മാ....വെള്ളച്ചാമി.." പേടിച്ചരണ്ട ശബ്ദം മരത്തിനു താഴേനിന്നും.

" നിനക്കീനേരത്തിവിടെന്തുകാര്യം...." കലിതുള്ളിയാണു മറിയം മരത്തില്‍നിന്നും ഇറങ്ങിയത്..
മറിയത്തിന്റെ മട്ടും ഭാവവും മാറിയെന്നറിഞ്ഞ വെള്ളച്ചാമി പിന്നേയും പേടിച്ചു...

"അത്...നാന്‍ വന്ത്.... "

"നിന്നോടു ഞാന്‍ ഇന്നലെ എന്താ പറഞ്ഞുവിട്ടത്.... പിന്നേം നീ ഇവിടെക്കിടന്നു ചുറ്റിക്കറങ്ങുന്നതിന്റെ ഉദ്ധേശമെന്താണ്..."

........

ഒന്നും ഉരിയാടാതെ വെള്ളച്ചാമി തലയും കുമ്പിട്ടുനില്പ്പായി. കാര്യം പറഞ്ഞാന്‍ അവന്‍ ഇന്നലെ തിരിച്ചുപോയതായിരുന്നു. പാതിരാത്രിയായിട്ടും അവനുറങ്ങാല്‍ കഴിഞ്ഞില്ലാ. മറിയം ഒറ്റയ്ക്ക് കാടിന്റെ നടുവില്‍ ഒരേറുമാടത്തില്‍ കിടക്കുന്നു. അവളുടെ അസുഖം ശരിക്കും ഭേതമായിട്ടില്ലാ...എന്തെങ്കിലും ഒരാപത്തുവന്നുവിളിച്ചാല്‍ വിളിപ്പുറത്തൊന്നും ഒരു മനുഷ്യനുമില്ലാ. പാവം തമിഴന്‍ തിരിച്ചുവന്നു പാതിരാതൊട്ട് മരത്തിനു കീഴെ മറിയത്തിനു കാവലിരിക്കുകയായിരുന്നു...

വെള്ളച്ചാമിയുടെ ആത്മാര്‍ത്ഥതയില്‍ മറിയത്തിനു സംശയമൊന്നും ഉണ്ടായിട്ടല്ലാ, കുറഞ്ഞപക്ഷം കഴിഞ്ഞ ഒരാഴ്ചയായ് അവന്‍ കഴിക്കുന്ന ത്യാഗം അവിസ്മരണീയമാണ്താനും. എങ്കിലും കാട്ടുമൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന രാത്രിനേരത്ത് മഞ്ഞും തണുപ്പുമടിച്ച് വെറും മരച്ചുവട്ടില്‍ ഒരു പെണ്ണിനു കാവലിരിക്കുകയെന്നുന്നുവച്ചാല്‍....

"നീയെനിക്ക് കാവലിരിക്കാന്‍ വന്നതാണോ...പൈത്യക്കാരാ..." ഗൗരവം വിടാതെയാണു മറിയം ചോദിച്ചത്..

"ആമാ... ഉന്നെയ് തനിയെവിടാന്‍ മനസുവരലാമ്മാ..." വെള്ളച്ചാമി പറഞ്ഞു.

" ഒരു കയറുവീണപ്പോള്‍ പാമ്പെന്നും പറഞ്ഞു കരഞ്ഞോടിയ ധൈര്യശാലിയെത്തന്നെ കാവലിനു കിട്ടിയല്ലോ...ഭാഗ്യം.." മറിയത്തിനു ചിരിവന്നുപോയ്.

മറിയം ചിരിച്ചപ്പോഴാണു വെള്ളച്ചാമിക്കു സമാധാനമായത്..

"അമ്മാ നാന്‍ ഇങ്കെ രൊമ്പനേരം ജാഗ്രതയായ് ഇരുന്താച്ച്.... എപ്പളുതാന്‍ തൂക്കം വന്തെതെന്നു ഞാപകമില്ലൈ... അതുക്കപ്പുറമെന്നാച്ചെന്ന് തെരിയുമാ.?...അന്തമരത്തിനുമേലെ... പരമശിവന്‍ വന്താച്ച് പാര്‍‌വ്വതീദേവി വന്താച്ച്..... റൊമ്പനേരം രണ്ടാളും നൃത്തമാടിയാച്ച് ...നിജമാ...... പ്രമാദമാന നൃത്തം..." വെള്ളച്ചാമിയുടെ മുഖത്ത് ഭക്തിപാരവശ്യം.

സ്വപനത്തിലാണെങ്കില്‍കൂടി ഭഗവാന്റെ നൃത്തം, അതും ഭാര്യയോടൊന്നിച്ചുള്ളത് കാണാനൊത്തത് നിസാര കാര്യമല്ലല്ലോ. ചടുലമായ ചുവടുകള്‍ കണ്ട് രസിച്ചിരുന്നപ്പോഴാണ് മറിയം വലിച്ചെറിഞ്ഞ കയറ്വന്ന് അവന്റെ തലയില്‍ വീണത്. ഭഗവാന്റെ ഫാസ്റ്റ് മൂവ്മെന്റ്റിസിനിടയില്‍ കഴുത്തില്‍ കിടന്ന പാമ്പ് സ്ലിപ്പായ് താഴെ കളികണ്ടുനിന്നിരുന്ന തന്റെ തലയില്‍ വീണതാണെന്നു കരുതിയാണ് പാവം പേടിച്ചുകരഞ്ഞത്.


മറിയം തിരക്കിലായിരുന്നു... പണിയായുധങ്ങളുമായ് അവള്‍ തിടുക്കത്തില്‍ പുഴക്കരയിലേക്ക് നടന്നു...

എങ്ങോട്ടെന്നോ എന്തിനെന്നോ അറിയാതെ എന്തിനും തയ്യാറായ് വെള്ളച്ചാമിയും കൂടെനടന്നു.
പുഴക്കരയിലെ മുളങ്കാടിനടുത്തെത്തിയപ്പോള്‍ മറിയം യാത്രനിര്‍ത്തി...

"എനിക്കീ പുഴയിലൂടെയാണിനി സഞ്ചരിക്കാനുള്ളത്......"

മറിയം പറഞ്ഞുതീരേണ്ട താമസം വെള്ളച്ചാമി വെട്ടുകത്തിയുമായ് മുളം കൂട്ടത്തിലേക്കുകയറി. കാട്ടുതാളരിഞ്ഞുകൂട്ടുന്ന ലാഘവത്തോടെ അവന്‍ മൂപ്പെത്തിയ മുളകള്‍ വെട്ടിവീഴ്ത്തിത്തുടങ്ങി. അസാമാന്യമായ കൈവേഗവും മെയ്‌വഴക്കവും ഒത്തിണിങ്ങിയ വെള്ളച്ചാമിയെ ആദ്യമായ് കാണുന്നതുപോലെ മറിയം തെല്ലുനേരം നോക്കിനിന്നു.

"എനിക്ക് പുഴകടക്കാന്‍ തല്‍ക്കാലം ഒരു ചങ്ങാടം കെട്ടിയാല്‍ മതി....പാലം പണിയുന്നത് പിന്നീടാകാം..." തെല്ലുകളിയായിട്ടാണെങ്കിലും മറിയം ഇങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ വെള്ളച്ചാമി ആ കാട്ടിലെ മുളകളെല്ലാം അരിഞ്ഞു തള്ളിയേനെ.

അവര്‍ ഇരുവരും ചേര്‍ന്ന് മുളകള്‍ ആവശ്യത്തുനുനീളത്തില്‍ മുറിച്ച് ചെത്തിയൊരുക്കി. കാട്ടുവള്ളികളും കയറുമുപയോഗിച്ച് അവയെല്ലാം ചേര്‍ത്തു വരിഞ്ഞുമുറുക്കി ചങ്ങാടം വെള്ളത്തിലിറക്കി. ആഴത്തിനുമീതെ നില്‍ക്കാന്‍ പോന്നതരത്തില്‍ നീളവും ബലവുമുള്ള ഒരു മുള ഊന്നുകോലാക്കി അവര്‍ പുഴയിലൂടെയുള്ള യാത്ര ആരംഭിച്ചു.

മുതിരപ്പുഴ അലസമായ് ഒഴുകുന്ന വേനല്‍ക്കാലം. മൂന്നാര്‍ പദ്ധതിയുടെ ഭാഗമായ്‌വന്ന ആനയിറങ്കല്‍ ഡാം മുതിരപ്പുഴയിലെ നീരൊഴുക്കിന്റെ അഹങ്കാരം തെല്ലൊന്നു കുറച്ചിട്ട് നാളുകളേറെ ആയിട്ടുമില്ല. ഒഴുക്കിനെതിരെയുള്ള യാത്ര എന്നിട്ടും ആയാസകരമായിരുന്നു... എത്ര പ്രയാസപ്പെട്ടായാലും ഒഴുക്കിനെതിരെ സഞ്ചരിക്കാനാണ് മറിയത്തിനു താല്പര്യം. കാലം അവളെ പടിപ്പിച്ച പാഠം അതാണ്. ഒഴുക്കിലൂടെ പോയാല്‍ പുഴക്കിഷ്ടമുള്ളയിടങ്ങളിലെ എത്തൂ അവിടെയൊന്നും മറിയം സ്വപ്നത്തില്‍ കണ്ട പാലും തേനുമൊഴുകുന്ന ഭൂമി ഉണ്ടായിരിക്കാന്‍ തരമില്ലാ.

പുഴയുടെ ഇരുവശവും ഏലക്കാടുകളുണ്ട്. ചില ഭാഗങ്ങളില്‍ കാടുതെളിച്ച് തൈലപ്പുല്ലുകൃഷിയും തുടങ്ങിയിട്ടുണ്ട്. കണ്ണെത്തും ദൂരത്തെഭൂമിയെല്ലാം വന്‍ മുതലാളിമാരുടെ കൈകളില്‍ കുരുങ്ങിക്കിടക്കുന്നു.

കുറേയേറെനേരത്തെ യാത്രയ്ക്കുശേഷം പുഴയുടെ ഭാവം മാറുന്നത് അവരിരുവരും അറിഞ്ഞു. ഒഴുക്കിന്റെ ശക്തി കൂടുകയും, പുഴയില്‍ അങ്ങിങ്ങായ് പാറക്കെട്ടുകള്‍ ദൃശ്യമാവുകയും ചെയ്തപ്പോള്‍ ചങ്ങാടം ഉപേക്ഷിച്ച് മുന്നേറാന്‍ മറിയം തീര്‍ച്ചയാക്കി.


വഴുവഴുപ്പുള്ള കല്ലുകളില്‍ ചവിട്ടി ശക്തിയുള്ള നീരൊഴുക്കില്‍ വീണുപോവാതുള്ള യാത്ര വളരെ ശ്രമകരമായിരുന്നു. ഏറെ താമസിയാതെ പുഴയ്ക്കിരുവശവും കരിംപാറക്കെട്ടുകള്‍നിറഞ്ഞ ചെങ്കുത്തായ മലനിരകള്‍ കാണപ്പെട്ടുതുടങ്ങി. കാടിന്റെ ഇരുളിമയും പച്ചപ്പും തീരെയില്ലാത്തിടം.

പാറക്കെട്ടിനുമുകളിലെ മണ്ണില്‍ വീണ ഹതഭാഗ്യരായ വടവൃക്ഷങ്ങളുടെ കുഞ്ഞുങ്ങള്‍ വേരോട്ടമില്ലാതെ കുള്ളന്മാരായ് അവിടെയുമിവിടെയും വിളറിനില്‍ക്കുന്നു. കുറ്റിക്കാടും വള്ളിപ്പടര്‍പ്പുകളും സുലഭം.


"ഇനി എനിക്കീ മലകയറണം..." മറിയം ആത്മഗതമായാണതുപറഞ്ഞത്...

വെള്ളച്ചാമി അമ്പരന്നുപോയ്...

മണ്ണില്‍ കനകം വിളയിച്ച് ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയുമായ് കാടുകയറിവരുന്ന ഒരു മനുഷ്യനും ഒന്നുനോക്കിയാല്‍ പിന്നീടൊന്നുകൂടി തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കാത്ത പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞ കുന്നിന്‍പുറം നോക്കി മറിയം നിന്നപ്പോള്‍.... ആ കണ്ണുകളില്‍ കണ്ട തിളക്കത്തിന്റെ പൊരുള്‍ .... അതു മനസിലാക്കാന്‍ വെള്ളച്ചാമിയുടെ ചെറിയ ബുദ്ധിതീരെ മതിയാവില്ല.

മറിയം മലകയറാന്‍ തുടങ്ങി...

സംശയിച്ചുനിന്ന വെള്ളച്ചാമിയോട് തിരിഞ്ഞു നോക്കാതെ മറിയം പറഞ്ഞു....

"തിരിച്ചുപോകു.... ഈ മലകയറാന്‍ വലിയ പ്രയാസമായിരിക്കും... തിരിച്ചിറങ്ങാന്‍ അതിലേറെയും"

മറിയം വീണ്ടും കയറുകയാണ്...

വെള്ളച്ചാമിക്ക് കണ്ണില്‍ ഇരുട്ടുകയറുന്നതായ് തോന്നി. പുഴയിലെ വെള്ളമല്ലാതെ ഒന്നും അവനിന്ന് കഴിച്ചിട്ടില്ല. ആനയെ തിന്നാലും ഇനിയും എന്തെങ്കിലുമുണ്ടോ എന്നു ചോദിക്കുന്ന പ്രകൃതമാ.. പാവം തളര്‍ന്നിരുന്നുപോയ്. വള്ളിക്കെട്ടുകളില്‍ പിടിച്ച് പാറയുടെ ചെരിവുകളിലൂടെ കയറിപോക്കുന്ന മറിയത്തെ തലയുയര്‍ത്തി നോക്കിയ വെള്ളച്ചാമി ഞെട്ടിപ്പോയ്..

സാക്ഷാല്‍ ശ്രീ പാര്‌വ്വതി.... മലകയറിപ്പോവുകയാണ് ദേവി..

വെള്ളച്ചാമിക്ക് ഒരു കാര്യം ഉറപ്പായ്. മറിയത്തിന്റെ രൂപ്ത്തില്‍ തന്റെ മുമ്പില്‍ ജീവിച്ചിരുന്നത് വെറും മനുഷ്യസ്ത്രീയല്ലാ. ദേവിയാണ്... ദേവി. കഴിഞ്ഞ രാത്രിയിലെ സ്വപ്നവും ചേര്‍ത്ത് വായിച്ചപ്പോള്‍ എല്ലാം വ്യക്തമായ്...

"അമ്മാ....തായേ...ദേവീ മന്നിച്ചിടുങ്കോ..."

ഭക്തിയുടെ കാലിന്മേല്‍ ചെങ്കുത്തായ പാറപ്പുറത്തോടെ വെള്ളച്ചാമി ഓടിക്കയറി. തളര്‍ച്ച അവനെ പാടെ വിട്ടുമാറിയിരുന്നു.

...............................

മലയുടെ മുകളിലെത്തിയപ്പോള്‍ ഇരുളുവീഴാന്‍ അധികനേരം ബാക്കിയുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചത്തില്‍ താരതമ്യേന നിരപ്പാര്‍ന്ന ഭൂമിയാണ് കണ്മുമ്പില്‍ കാണുന്നത്. അകലെ കാട്ടാനക്കൂട്ടം നടന്നുനീങ്ങുന്നു.
വെള്ളച്ചാമി ഭക്തിയുടെ ലഹരിയില്‍നിന്നും അപ്പോഴും മോചിതനായിരുന്നില്ല. തനിക്കുചുറ്റും ഇരുളുവീഴുന്നതോ വന്യമൃഗങ്ങള്‍ വിഹരിക്കുന്നതോ അവന്‍ കാര്യമാക്കിയില്ല.

പാറക്കെട്ടിന്റെ ചെരിവില്‍ പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ഒരു മരത്തില്‍ രാത്രി കഴിച്ചുകൂട്ടാനായ് അവര്‍ കയറി. മരത്തില്‍ പടര്ന്നുകിടന്ന കാട്ടുവള്ളിയൊന്നിളക്കി വെള്ളച്ചാമി തന്റെ അരയിലൂടെ ചുറ്റി. തലേ ദിവസത്തെ പോലെ മരക്കൊമ്പില്‍ നൃത്തമുണ്ടായാല്‍ ... കുലുക്കത്തില്‍ പാമ്പിനുപറ്റിയതുപോലെ താഴെ വീഴാനിടവരരുത്.

മറിയം തളര്‍ന്ന് മരക്കൊമ്പില്‍ ചാരിയിരുന്നു. കട്ടപിടിച്ച ഇരുളുവന്ന് കാഴ്ചകളെ കണ്ണില്‍നിന്നു മറച്ചപ്പോഴും താന്‍ തേടിവന്ന പാലും തേനുമൊഴുകുന്ന ഭൂമിയാണ് ഇരുളില്‍ മറഞ്ഞതെന്നു മറിയം അറിഞ്ഞിരുന്നില്ല.

(തുടരും)

Sunday, 8 July, 2007

ചിമ്മാരുമറിയം - 14

പുതിയ ദൗത്യം (ചിമ്മാരുമറിയം ഭാഗം - 14)

കാട്ടിലെ വീട്ടില്‍ തിരിച്ചെത്തിയ മറിയം കുറെദിവസങ്ങള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. തിരിച്ചുവന്നാല്‍ ഉടന്‍ വീടിന്റെ പണി ആരംഭിക്കണമെന്ന് കരുതിയാണ് യാത്രപോയത് എന്നാല്‍ തിരിച്ചുവന്നപ്പോഴാകട്ടെ അതിലും അത്യാവശ്യമായ ചില കാര്യങ്ങള്‍ തനിക്ക് ചെയ്തുതീര്‍ക്കാന്‍ ഉണ്ടെന്ന് മറിയം തിരിച്ചറിഞ്ഞിരുന്നു. പട്ടിണിയും പരിവട്ടവുമായ് കഴിയുന്ന പാവങ്ങളെ തന്നാല്‍ ആകുന്നപോലെ സഹായിക്കണം.

മുതിരപ്പുഴ നിറഞ്ഞൊഴുകുകയാണ്...

തീരത്തെ പാറയില്‍ ഇരുന്ന് മറിയം പുഴവെള്ളത്തില്‍ കാല്‍നനച്ചു. തണുപ്പ് കാലുകളിലൂടെ തലച്ചോറുവരെ അരിച്ചുകയറുന്നതുപോലെ അവള്‍ക്ക് തോന്നി. തല തണുത്തു, ചൂടുപിടിച്ച ചിന്തകളും. ഇളവെയില്‍ മെത്തവിരിച്ച പാറയില്‍ അവള്‍ തലചായ്ചു. മനോഹരമായ കാലുകള്‍ അപ്പോഴും തെളിവെള്ളത്തില്‍ ഓളങ്ങള്‍ വിരിച്ചുകൊണ്ടിരുന്നു. മലനീരിന്റെ കുളിരും ഇളം വെയിലിന്റെ ചൂടും ജീവിതത്തിലെ സുഖവും ദുഖവുമായ് മറിയത്തിനുതോന്നി; ശരിയായ അനുപാദത്തില്‍ അവ ചേര്‍ന്നപ്പോല്‍ ചിന്തകളില്ലാത്ത ലോകത്തിലേയ്ക്ക് മറിയം വഴുതിവീണു...കണ്ണുകള്‍കൂമ്പി.

......................

ചുട്ടുപഴുത്ത മണലിലൂടെ വാടിത്തളര്‍ന്ന് ഒരു സംഘം ആളുകള്‍ നീങ്ങുകയാണ്. ജീവിതത്തിന്റെ കടുത്ത താപത്തില്‍ കരിവാളിച്ച മുഖമാണ് എല്ലാവര്‍ക്കും. നരച്ച താടിയും മുടിയുമുള്ള ഒരാളാണ് സംഘത്തെ നയിക്കുന്നത്. തിളങ്ങുന്ന കണ്ണുകളുള്ള ഒരു പടുവൃദ്ധന്‍, പ്രതീക്ഷയുടെ ഒരു പച്ചതുരുത്ത് ആ കണ്ണുകള്‍ നാളുകളായ് പരതുന്നുണ്ട്. തേനും പാലുമൊഴുകുന്ന ഒരു ദേശം... വഴിയില്‍ പലരും മരിച്ചുവീഴുന്നു... പഴിപറഞ്ഞും പല്ലുകടിച്ചും യാത്രതുടരുന്ന സംഘത്തില്‍നിന്നും വൃദ്ധന്‍ മറിയത്തെ അടുത്തുവിളിച്ചു, അധികാരത്തിന്റെ വടി അവളെയേല്പ്പിച്ചിട്ട് അയാള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലേക്ക് പറന്നു കയറി. കാനാന്‍ ദേശത്തേയ്ക്ക് നീവേണം ഇനി ഇവരെ നയിക്കാനെന്ന് ഒരു അരുളപ്പാടും മേഘങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ്...


"മറിയാമ്മോ......ഈ പാറപ്പുറത്ത് ബന്നുകിടന്ന് ഒറങ്ങാനെക്കൊണ്ട് അനക്ക് പുരാന്ത് പിടിച്ചാ.."

മറിയം മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു.... കണ്മുന്‍പില്‍ പാലും തേനുമൊഴുകുന്ന മുതിരപ്പുഴ, പുഴയ്ക്ക് മറുകരയില്‍ കാനാന്‍ദേശം. കിടന്നകിടപ്പില്‍ മറിയം ആയാസത്തോടെ തലതിരിച്ചുനോക്കി പടച്ചട്ടയും കിന്നരിതലപ്പാവും വച്ച് ഫറവോ....

"ജ്ജ് എന്തിനാണി പൊരിവെയിലത്ത് ഇബടബന്ന് കെടക്കണീ..." ഫറവോ ചോദിക്കുകയാണ് കൈയും കാലും അനക്കാനാവാതെ മറിയം കിടന്നു... രാജകിങ്കരന്റെ വാള്‍ തന്റെ ശിരസും ഉടലും വേര്‍പെടുത്തുത്താനുയരുന്നപോലെ അവള്‍ക്ക് തോന്നി...

"അള്ളാ... ചുട്ട് പൊള്ളണപനിയാണല്ലാ..." മറിയത്തിന്റെ നെറ്റിയില്‍ കൈവച്ചുകൊണ്ട് ആസ്യത്താത്ത കാര്‍ത്ത്യാനിയോട് പറഞ്ഞു.

"ഒന്നു താങ്ങിക്കോളില്‍ ... കുടീലോട്ടെടുക്കാം" ആസ്യത്താത്തയും കാര്‍ത്ത്യാനിയും കൂടി മറിയത്തെ താങ്ങിയെടുത്ത് അവളുടെ വീട്ടിലേക്ക് നടന്നു. മറിയം ഒന്നും അറിഞ്ഞില്ലാ അവളുടെ ചിന്തകളില്‍ അപ്പോഴും തേനും പാലുമൊഴുകുന്ന കാനാന്‍ ദേശം നിറഞ്ഞുനിന്നിരിന്നു.


മറിയത്തിനു പിടിപെട്ടത് മലമ്പനിയായിരുന്നു. തീരെ അപ്രതീക്ഷിതമായ് ആ സമയം ആസ്യത്താത്ത അവിടെ വന്നെത്തിയത്. ഏറുമാടത്തിന്റെ ചുവട്ടിലെ തണലില്‍ കിടക്കവിരിച്ച് മറിയത്തെ കിടത്തി. ആസ്യത്താത്ത മറിയത്തെ ശുശ്രൂഷിച്ചപ്പോള്‍ കാര്‍ത്യായനി ചില ഓഷധങ്ങല്‍ എടുത്തുവരാനായ് അവരുടെ വീട്ടിലേക്ക് പോയ്.

ഏകദേശം ഒരാഴ്ചയോളം മറിയം കടുത്ത രോഗബാധയില്‍ ആയിരുന്നു. മനോഹരമായ അവളുടെ മുടിയിഴകള്‍ ഒട്ടുമുക്കാലും കൊഴിഞ്ഞുപോയ്. ചുണ്ട് ഒരു വശത്തേയ്ക്ക് കോടി മുഖത്തിന്റെ ഭംഗിയും നഷ്ടപ്പെട്ടു. ജീവന്‍ തന്നെയും തിരിച്ചുകിട്ടുമെന്ന് കരുതിയതല്ലാ... ചില പച്ചമരുന്നുകളിട്ടു കാര്‍ത്യായനി തിളപ്പിച്ച വെള്ളവും രാപകല്‍ ഉറക്കമൊഴിഞ്ഞിരുന്നുള്ള ആസ്യത്താത്തായുടെ പരിചരണവും മറിയത്തെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.


ഈ ദിവസങ്ങളിലെല്ലാം വെള്ളച്ചാമി ഒരു നിഴലുപോലെ അവിടെ ചുറ്റിപ്പറ്റിനിന്നിരുന്നു. ആസ്യത്താത്തയുടെ വിളിപ്പുറത്തു എന്തുസഹായവും ചെയ്യാന്‍ തയ്യാറായ് അവനുണ്ടായിരുന്നു. മറിയം ഏഴാം ദിവസമാണ് വളരെ ആയാസപ്പെട്ട് ഏറുമാടത്തിലോട്ട് കയറിയത്. അന്നുതന്നെ വെള്ളച്ചാമി എവിടെനിന്നോ ഒരു കാട്ടുമുയലിനെ പിടിച്ചുകൊണ്ടുവന്നു. അതിനെ തൊലിയുരിഞ്ഞു സൂപ്പുവച്ചുകൊടുത്തതും അവന്‍‌തന്നെ. പിന്നീടുള്ള ദിവസങ്ങളില്‍ വെള്ളച്ചാമി പിടിച്ചുകൊണ്ടുവന്ന കാട്ടുകുരങ്ങ്, മലയണ്ണാന്‍, മരപ്പട്ടി, കടവാവല്‍, ഉടുമ്പ്, മുള്ളന്‍പന്നി ഇവയെല്ലാം സൂപ്പായ് മറിയം കഴിച്ചു. അവള്‍ നന്ദിയോടെ വെള്ളച്ചാമിയെ നോക്കി...ആ നോട്ടത്തില്‍ നന്ദിപ്രകാശനത്തിലുമുപരിയായതെന്തൊക്കെയോ ഉണ്ടായിരുന്നു.... ആ ഒരു നോട്ടം മാത്രം മതിയായിരുന്നു വെള്ളച്ചാമിക്കു ജീവിതസായൂജ്യമടയുവാന്‍.... മുഴുമുഴുത്ത കാട്ടുപന്നികളുടെ പുറകെ അവന്‍ ലക്കുകെട്ട് ഓടി...


മറിയം പതിയെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്നു. എറുമാടത്തിനു താഴെയിറങ്ങി തന്റെ കൃഷിയിടത്തിലൂടെ നടന്നപ്പോള്‍ തന്നെ എല്ലാ തളര്‍ച്ചയും അവളെ വിട്ടുമാറി. ആസ്യത്താത്ത സഹതാപത്തോടെ മറിയത്തിന്റെ മുഖത്തുനോക്കി നിന്നു.

മാനത്തുനിന്നും ചിറകറ്റ് ഭൂമിയില്‍ വീണ ഒരു മാലാഖയാണ് മറിയമെന്ന് അവര്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അവളുടെ സൗന്ദര്യം കണ്ണിമയ്ക്കാതെ നോക്കി നിന്നവരുടെ കൂട്ടത്തില്‍ ആസ്യത്താത്തയുമുണ്ട്. രോഗം വന്നുതിരിച്ചുപോയപ്പോള്‍ മറിയത്തിന്റെ പനംകുലപോലുള്ളമുടിയും മുഖലാവണ്യവും എടുത്തുകൊണ്ട് പോയിരുന്നു....ജീവന്‍ തിരിച്ചുനല്‍കിയതുതന്നെ ഭാഗ്യം.


"മറിയാമോ... അന്നെബന്നുകണ്ട് അത്യാബിശമായി ഒരു കാര്യം പറയാനെക്കൊണ്ടാ ഞമ്മളുബന്നത്. അന്നേംകൊണ്ട് അന്നേക്കന്നു തിരിച്ചു പോബാന്നു ഞമ്മളുകരുതി..... ഇപ്പോത്തന്നെ ബല്ലാണ്ട് വൈകീക്കണു... അബടത്തെ കാര്യങ്ങള്‍ അനക്കറിയാല്ലാ ...എല്ലാം ഹലാക്കിന്റെ അബലും കഞ്ഞീം ആയീക്കണുണ്ടാവും"

മറിയം മറുപടി ഒന്നും പറഞ്ഞില്ലാ. അവള്‍ ആസ്യത്താത്തായുടെ മുഖത്ത് കൗതുകത്തോടെ നോക്കിനിന്നു.... ആദ്യമായ് കാണുന്നതുപോലെ. അവള്‍ തന്റെ അമ്മയുടെ രൂപമാണവിടെ കണ്ടത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആസ്യത്താത്തായുടെ രൂപത്തില്‍ അവതരിച്ച പെറ്റമ്മ.


"അബടേ ബെള്ളത്തീന്നു ബെളിച്ചമൊണ്ടാക്കാന്‍ പണിക്കാരെ എടുക്കണ്!!... മോള് ഉമ്മാനോടൊപ്പം പോന്നോളിന്‍..ഈ കാട്ടിലു കെടന്നു അന്റെ ജീബിതം ബെടക്കാക്കാനു ഞമ്മളു ശമ്മതിക്കൂലാ..." മൂന്നാറിലും പരിസരങ്ങളിലുമായ് പണിതീര്‍ന്ന ജലവൈദ്യുത പദ്ധതിയുടെ പള്ളിവാസല്‍ പവ്വര്‍ ഹൗസിലേക്ക് ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളായവര്‍ക്കാണു മുന്‍‌ഗണന.

മറിയം അനുകൂലമായ് ഒന്നുമൂളിയാല്‍ മതി അവള്‍ക്ക് അവിടെജോലിയില്‍ പ്രവേശിക്കാം. കാരണം തിരുവിതാംകൂറിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റിന്റെ അമ്മയായിരുന്നു ചിമ്മാരുമറിയം.


നിര്‍മ്മാണപ്രവര്‍ത്തനത്തിനിടയില്‍ വിദേശികളും സ്വദേശികളുമായ ഉദ്യോഗപ്രമുഖര്ക്കു‍മുതല്‍‍ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കുവരെ ആഹാരം വച്ചുവിളമ്പിയത് മറിയമായിരുന്നു.

മഹാരാജാവു ശ്രീചിത്തിരതിരുനാള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാണാന്‍ മൂന്നാര്‍ സന്ദര്‍ശിച്ച വേളയില്‍ പാല്‍ക്കഞ്ഞികുടിച്ചത് മറിയത്തിന്റെ കാന്റീനില്‍നിന്നായിരുന്നു. അസ്സമയത്ത് വന്നുകയറിയ രാജാവ് പാല്‍ക്കഞ്ഞി ചോദിച്ചപ്പോള്‍ ആസ്യത്താത്ത ഒന്നുപരിഭ്രമിച്ചുപോയ്... മറിയം ഒട്ടും കൂസാതെ പണിക്കാര്‍ക്ക് വിളമ്പിയ കഞ്ഞിയുടെ ബാക്കിയില്‍ കാന്റീന്റെ പുറകില്‍ മേഞ്ഞുനടന്നിരുന്ന ഒരാടിന്റെ പാല്‍ ഡയറക്റ്റായ് കറന്നൊഴിച്ചാണ് പ്രശ്നം പരിഹരിച്ചത്. പള്ളിക്കഞ്ഞികുടിച്ച് പെരുത്തിഷ്ടമായ രാജാവന്ന് മറിയത്തിനോട് അനന്ദപുരിക്ക് തന്റെ കൂടെ പോരുന്നോ എന്ന് കളിയായ് ചോദിക്കുകയുമുണ്ടായ്. അന്നു രാജാവ് തന്റെ ചെറുവിരലില്‍ അധികപറ്റായ് കിടന്നിരുന്ന വജ്രം പതിച്ച മോതിരം ഊരിയെടുത്ത് മറിയത്തിനു നല്‍കാന്‍ കുറേ പിടിപിടിച്ചതായിരുന്നു. വല്ലാത്തമുറുക്കമായതിനാല്‍ ആ ശ്രമം നടന്നില്ല.


ഇവരെകൂടാതെ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ വരുമ്പോള്‍ എല്ലാം മറിയത്തിന്റെ കാന്റീനില്‍ വന്നു ദോശയും സാമ്പാറും കഴിച്ചിരുന്നു.


കുറേ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇങ്ങനെ ഒരു തൊഴിലവസരം തന്റെ മുമ്പില്‍ തുറന്നുകിട്ടിയിരുന്നതെങ്കില്‍ മറിയം ഒന്നും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെട്ടേനെ... അതും അനന്തപ്ത്മനാഭന്റെ പത്തു ചക്രം കിട്ടുന്ന തൊഴില്‍... പക്ഷേ ഇപ്പോള്‍ അവളുടെ മനസില്‍ നിറയെ മരുഭൂമിയിലൂടെ ഉഴലുന്ന ജനങ്ങളും കാണാമറയത്തുള്ള പാലും തേനുമൊഴുകുന്ന കാനാന്‍ ദേശവുമാണ്.


"ഞാന്‍ ഇവിടം വിട്ട് ഇനി എങ്ങോട്ടും വരുന്നില്ലുമ്മാ..." ........ആസ്യത്താത്ത ഈ മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ലാ... എങ്കിലും മറിയത്തിനെ കണ്ണുകളിള്‍ നോക്കിയ ആസ്യത്താത്തയ്ക്ക് ഒരു കാര്യം ഉറപ്പായ്... തനിക്ക് പരിചയമുള്ള, കഥകളെ പ്രണയിക്കുന്ന കൊച്ചുപെണ്ണ് മറിയമല്ലാ ഇത്. അവള്‍ എന്തെല്ലാമോ കരുതിക്കൂട്ടി ഉറപ്പിച്ചിരിക്കുന്നപോലെ.

മറിയത്തിനെ അവളുടെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നു ബോധ്യമായപ്പോള്‍ ആസ്യത്താത്ത ഇങ്ങനെ ഒരു നിര്‍ദേശം വച്ചു.


"ജ്ജ് ബരണില്ലങ്കി മേണ്ടാ... അന്റെ മാപ്പിളേനെ ഞമ്മടെകൂടെ ബിട്...എന്തെങ്കിലും തൊയിലു ചെയ്ത് ജീബിക്കട്ടെ...ഓരെക്കൊണ്ട് ഇബടെ ബല്യകാര്യമൊന്നുമില്ലല്ല.."

മറിയം കാട്ടില്‍ ഒറ്റപ്പെടുമെന്നറിയാമെങ്കിലും ഇതുപോലൊരു സുവര്‍ണ്ണാവസരം കളഞ്ഞുകുളിക്കുന്നതില്‍ ആസ്യത്താത്തയ്ക്ക് വല്ലാത്ത സങ്കടമായിരുന്നു.

"ഉമ്മാടെ കൂടെ പൊയ്ക്കോളു..." മറിയം പൈലോയോടു പറഞ്ഞു. അനുസരണയുള്ള കുട്ടിയായ് പൈലോ ആസ്യത്താത്തയോടൊപ്പം നടന്നുനീങ്ങുന്നത് അവള്‍ നിര്‌വ്വികാരയായ് നോക്കിനിന്നു.

നേരം സന്ത്യമയങ്ങിയപ്പോള്‍ മറിയം ഏറുമാടത്തില്‍ തിരിച്ചുകയറി. തെല്ലുകഴിഞ്ഞില്ലാ ഒരു ഉടുമ്പിനെയും തൂക്കിയെടുത്ത് വെള്ളച്ചാമി താഴെവന്നു വിളി തുടങ്ങി....

"അമ്മാ... ഉടുമ്പു...ഉടുമ്പു... ഉടലുക്ക് രൊമ്പ നല്ലാര്‍ക്ക്... "

"കയറിവാ..." മറിയം വിളിച്ചു.

കാട്ടുടുമ്പിനെ വെള്ളച്ചാമി മറിയത്തിന്റെ മുമ്പില്‍ ഇട്ടുകൊടുത്തു... ജീവന്‍ പിരിഞ്ഞിട്ടില്ലാ... ആ ജീവിയുടെ വാല് മെല്ലെ ചലിച്ചുകൊണ്ടിരിരുന്നത് അരണ്ട വെളിച്ചത്തില്‍ മറിയം കണ്ടു.

"അമ്മാ .... ഇതിനുടെ നാവ് നീങ്കള്‍ ഉയിരോടെ ശാപ്പിടവേണ്ടും... ഇതു ഉടമ്പുക്ക് രൊമ്പ നല്ലമരുന്തുതാന്‍... ഇതുക്ക് ബധലായ് ഇന്ത ഉലകത്തിലേതുമേ കിടയാത്..."


ഉടുമ്പിന്റെ നാവു പിഴുതെടുക്കാന്‍ മുതിരുന്ന വെള്ളച്ചാമിയെ മറിയം വിലക്കി...

"നേരമൊരുപാടായ്... ഇനി നീ പൊയ്ക്കോളു..."

ഒന്നും മിണ്ടാതെ വെള്ളച്ചാമി ഏറുമാടത്തില്‍ നിന്നും താഴെയിറങ്ങി ഇരുളില്‍ മറഞ്ഞു. ജീവിതത്തില്‍ ആദ്യമായ് മറിയം തനിച്ചായ്....


നെരിപ്പോടിലെ വിറകുമുട്ടികളെ തീനാളങ്ങള്‍ തിന്നുതീര്‍ത്തപ്പോള്‍ മുറിയില്‍ കനലിന്റെ തിളക്കം മാത്രമായ്... കനലിനെ ചാരം പതിയെ പതിയെ പൊതിഞ്ഞപ്പോള്‍ കാത്തിരുന്ന ഇരുട്ട് എല്ലായിടവും കൈയടക്കി.... മറിയം ഉറങ്ങി.... പിറ്റേന്ന് ഉണരുന്നതുവരെ.


(തുടരും...)