Thursday, 21 June, 2007

ചിമ്മാരുമറിയം 13

പിറന്ന നാടിന്റെ ദു:ഖം (ചിമ്മാരുമറിയം ഭാഗം - 13)


സാമ്പത്തീക നില ഭദ്രമായപ്പോള്‍ ചിമ്മാരുമറിയം മരത്തിന്റെമുകളില്‍ നിന്നും താഴെയിറങ്ങാന്‍ ആഗ്രഹിച്ചു. കുര്യേപ്പുമുതലാളി പുതുതായ് പണികഴിപ്പിക്കുന്ന എസ്റ്റേറ്റുബംഗ്ലാവിന്റെയത്ര വലുതല്ലെങ്കിലും കരിങ്കല്ലുകൊണ്ടുകെട്ടിയ ഉറപ്പുള്ള ഒരു വീടുതനിക്കും വേണം. കാട്ടാനയുടെ ശല്യം കാര്യമായ് ഇപ്പോള്‍ ഇല്ലെങ്കിലും തന്റെ വീടിനു ചുറ്റും കിടങ്ങുകുഴിപ്പിക്കണം.... രാത്രിയില്‍ ഉറക്കമിളച്ചു കാവലിരിക്കാനൊന്നും ഇനി വയ്യ.

മറിയം ആഗ്രഹിക്കട്ടെ...ഇതുവരെ അവള്‍ എന്തെങ്കിലും ആഗ്രഹിച്ചിരുന്നതായ് ആര്‍ക്കും അറിയില്ലാ... അവളുടെ ആഗ്രഹങ്ങളെ ഗൗനിക്കാന്‍ അവള്‍ക്കുപോലും സാഹചര്യമുണ്ടായിരുന്നില്ലാ എന്നതാണു സത്യം.

വീടുപണി തുടങ്ങുന്നതിനുമുമ്പെ കുര്യേപ്പുമുതലാളിക്കുകൊടുക്കാനുള്ള പണം കൊടുത്തുതീര്ക്കണം. പണം കൊടുത്തുതീര്‍ക്കാനുള്ള അവധി പിന്നെയും കുറേയേറെ വര്‍ഷങ്ങള്‍കൂടിയുണ്ടായിരുന്നെങ്കിലും താന്‍ ആദ്യമായ് പണിയിക്കുന്ന വീട് മറ്റാരോടും ബാധ്യതയില്ലാത്ത മണ്ണിലായിരുന്നാല്‍ കൂടുതല്‍ നല്ലതായിരിക്കും എന്ന് മറിയത്തിനു തോന്നി.

"നാളേ.. നമുക്ക് കോതോംങ്ങലം വരെയൊന്നുപോണം..." രാത്രിയില്‍ മറിയം പൈലോയോടു പറഞ്ഞു...

"ഉം..." അയാള്‍ ഉറങ്ങിയിട്ടില്ലാ....

എന്തിനാണെന്നോ എപ്പോഴാണെന്നോ അയാള്‍ ചോദിച്ചില്ല... അങ്ങിനെ ഒരു രീതി അയാള്‍ക്കില്ലാത്തതിനാല്‍ ആ സംഭാഷണം അവിടെ അവസാനിച്ചു...കുറച്ചുകഴിഞ്ഞപ്പോള്‍ അയാളുടെ കൂര്‍ക്കം വലി ഏറുമാടത്തില്‍ മുഴങ്ങി. പുറത്ത് പാതിരാ പക്ഷികള്‍ അതിനൊപ്പിച്ച് മൂളി...

മറിയം തിരിഞ്ഞുകിടന്നു...രാത്രിയിലെപ്പോഴൊ അവളും ഉറങ്ങിപ്പോയ്.

രാവിലെ മറിയം കോടിമുണ്ട് ഞൊറിഞ്ഞുടുത്ത് പുതിയ ചട്ടയും കസവിന്റെ പൂക്കള്‍ തുന്നിയ നേര്യതും പുതച്ചു യാത്രയ്ക്ക് തയ്യാറായ്, പുത്തന്‍ മുണ്ടും കുപ്പായവുമിട്ട് പൈലോയും. വിശറിവാലിളക്കി മറിയം മുമ്പില്‍ നടന്നു പിന്നാലെ നിഴല്പോലെ കണവനും.

കാടെല്ലാം തെളിഞ്ഞുപോയിരിക്കുന്നു. വഴിയും വീതികൂട്ടി വെട്ടിയിരിക്കുന്നു. ഇപ്പോള്‍ അടിമാലിയില്‍ നിന്നും കുര്യേപ്പുമുതലാളിയുടെ ജീപ്പിനാണ് പുതിയ ബംഗ്ലാവിനുള്ള പണിസാധനങ്ങള്‍ എത്തിക്കുന്നത്. ബംഗ്ലാവിന്റെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.

മറിയവും പൈലോയും കടന്നുപോയപ്പോള്‍ മാനത്തുനിന്നും പൊട്ടിവീണതുപോലെ വെള്ളച്ചാമി മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കൂടെ വന്ന പണിക്കാരെല്ലാം മടങ്ങിയിട്ടും വെള്ളച്ചാമി തിരിച്ചുപോകാനുള്ള ഭാവമില്ലാ. അയാള്‍ക്ക് ബോഡിനായ്ക്കന്നൂരില്‍ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ഇല്ലന്നാണു ജനസംസാരം.

"അമ്മാ... ഇതുകേള്, അതുക്ക് പിന്നാടി കാട്ടുപന്നി തിരുമ്പിവന്തതെയില്ലൈ!!!... നാന്‍ എന്ന പ്രമാദമാന വെടിതാന്‍ വെടിച്ചതെന്ന് തെരിഞ്ചാച്ചാ...." ഊളച്ചിരിയും ചിരിച്ചുനില്‍ക്കുന്നു വെള്ളച്ചാമി.

"വഴീന്നുമാറിനിക്കടാ കാട്ടുപന്നീ...." ഈ ജാതി കേസുകളെ നിറുത്തണ്ടിടത്തു നിറുത്താന്‍ മറിയത്തിനറിയാം.

കല്ലാറുകൂട്ടി കടവു കടന്നു കയറാന്‍ തടിപ്പാലമിട്ടിരിക്കുന്നു... ഇപ്പോള്‍ കാലുനനയ്ക്കാതെ കടന്നുപോകാം. തണുത്തവെള്ളത്തില്‍ കാലുനനയ്ക്കുന്നത് ഒരു സുഖം തന്നെയാ മറിയം പഴയതുപോലെ വെള്ളത്തിലിറങ്ങിയാണ് പുഴകടന്നത്.


കാര്‍ത്ത്യാനി ചേച്ചിയുടെ വീടിനടുത്തെത്തുന്നതു വരെ ഈ വഴിയില്‍ ഒരു വീടുപോലും പണ്ടില്ലായിരുന്നു. ഇപ്പോള്‍ പുതിയ ചില വീടുകള്‍ വഴിയരുകില്‍ തന്നെ കാണാം. വെട്ടും കിളയുമായ് പുതുമണ്ണിനെ പരുവപ്പെടുത്താന്‍ കുടിയേറ്റകര്‍ഷകര്‍ രാവിലെതന്നെ ഇറങ്ങിയിട്ടുണ്ട്.


പ്തിവുപോലെ മറിയം കാര്‍ത്ത്യാനി ചേച്ചിയെ കാണാന്‍ വേണ്ടിയാണ് അവരുടെ വീട്ടില്‍ കടന്നുചെന്നത്. ആവഴിയെ പോകുമ്പോഴൊക്കെ ആ വീട്ടില്‍ കടന്നുചെന്ന് പഴയ സൗഹൃദം പുതുക്കാതെ മറിയം പോകാറില്ലാ. അവിടുന്ന് കിട്ടിയ ഇടങ്ങഴി മുതിരയാണല്ലോ അവളുടെ മണ്ണില്‍ ആദ്യമായ് പച്ച നാമ്പുകള്‍ വിരിച്ചത്.

മറിയവും പൈലോയും കോതമംഗലത്തിനു പോകുന്നു എന്നുകേട്ടപ്പോള്‍ കാര്‍ത്ത്യാനിചേച്ചിയും ‍കൂടെകൂടി. പെരുമ്പാവൂരിലുള്ള തന്റെ തറവാട്ടില്‍ ഇടയ്ക്കിടയ്ക്ക് പോയ് കുറച്ചുദിവസം താമസിച്ച് നാത്തൂന്മാരെക്കൊണ്ട് പറയിക്കുക എന്നത് അവരുടെ ഒരു ശീലമായ് മാറിയിരുന്നു.


അടിമാലിയിലും ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പഴയ ഷെഡ് ഇരുന്ന ഭാഗത്ത് ഒരു ചായക്കടയും കൂടുതല്‍ അകലെയല്ലാതെ ചില വീടുകളും കാണാം. പഴയ സ്വരാജ് ബസു സര്‍വ്വീസ് നിറുത്തി. ഇപ്പോള്‍ സി.ടി. എസ്സ് എന്ന പേരില്‍ കുറച്ചുംകൂടി വലിപ്പമുള്ള ഒരു ബസാണ് കോതമംഗലത്തിനു പോകുന്നത്.


പത്തു വര്‍ഷത്തിനു ശേഷം ആദ്യമായ് മറിയം മലയിറങ്ങുകയാണ്. കടം കൊണ്ട് ദീപാളികുളിച്ച് ഇരുട്ടിലൂടെ മലമുകളിലേയ്ക്ക് കയറിയ കൊച്ചുപെണ്ണു മറിയമല്ലാ ഇപ്പോള്‍ തിരിച്ചിറങ്ങുന്നത്. സ്വപരിശ്രമത്താല്‍ ജീവിതത്തിനെ വരുതിയില്‍ നിറുത്തിയ പക്വതയുള്ള ഒരു സ്ത്രീയാണ്.


അടിമാലി വിട്ടു കുറച്ചുകഴിഞ്ഞതും ഇരുളുമൂടിയ വനമായ്. ഈ വനത്തിനുമാത്രം ഒരു മാറ്റവും വന്നിട്ടില്ല. കാട്ടുമൃഗങ്ങള്‍ ഇപ്പോളും ഇവിടെ സ്വൈരവിഹാരം നടത്തുന്നു. പഴയ ഇടുങ്ങിയ വഴിയും അങ്ങിനെതന്നെയുണ്ട്. വാളറക്കുത്തിലും ചീയപ്പാറക്കുത്തിലും ജലപാതം പഴയതുപോലെ ശക്തം.
നേര്യമംഗലത്തു ചെന്നപ്പോള്‍ പുതിയ പാലത്തിലൂടെയായിരുന്നു പെരിയാറുകടന്നത്. പള്ളിവാസല്‍ പവ്വര്‍ഹൗസും, മൂന്നാറിലും മാട്ടുപ്പെട്ടിയിലും അണക്കെട്ടും നിര്‍മ്മിച്ചതിന്റെ മുന്നോടിയായ് പണിതീര്‍ത്തതായിരുന്നു പുതിയ പാലം.

നേര്യമംഗലത്തു വെള്ളം കുടിക്കാനും വിശ്രമിക്കാനും അരമണിക്കൂറോളം താമസമെടുത്തിട്ട് സി.ടി.എസ്സ് യാത്രതുടര്‍ന്നു.

കോഴിപ്പിള്ളിക്കവലകടന്ന് പരിശുദ്ധ ബസേലിയൂസ് തിരുമേനിയുടെ കബറിടമായ ചെറുപള്ളിത്താഴെ വണ്ടിയെത്തി. അപകടമില്ലാതെ മലമുകളില്‍നിന്നും താഴെയിറക്കിതന്നതിന്റെ നന്ദിസൂചകമായ് യാത്രക്കാരെല്ലാം ചെറിയ നാണയങ്ങള്‍ ഭ്ണ്ഡാരത്തില്‍ വലിച്ചെറിഞ്ഞു. മറിയം ഒരു പിടി നാണയങ്ങളാണ് വാരിയെറിഞ്ഞത്. പഴയ കുടിശികയും ഒത്തിരി തന്നതിന്റെ നന്ദിയും ചേര്‍ത്ത്...


കാര്‍ത്ത്യാനിചേച്ചിയോട് യാത്രയും പറഞ്ഞ് മറിയം വഴിപിരിഞ്ഞു. കുര്യേപ്പുമുതലാളിയുടെ വീട് അന്യേഷിച്ച് കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. അക്കാലത്ത് കോതമംഗലത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായിരുന്നു കുര്യേപ്പുമുതലാളി.


മറിയവും പൈലോയും കടന്നുചെന്നപ്പോള്‍ പൂമുഖത്ത് ചാരുകസേരയില്‍ ചാരിക്കിടക്കുകയാണ് മുതലാളി. അടുത്ത് വന്നശേഷമാണ് മുതലാളിക്ക് ആളെമനസിലായത്. കസേരയില്‍നിന്നും ബദ്ധപ്പെട്ട് എഴുന്നേറ്റുമുതലാളി. ചിമ്മാരുമറിയത്തോട് കുര്യേപ്പുമുതലാളിക്ക് ഒരു ആരാധനകലര്‍ന്ന ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്.

"ടീ തെയ്യാമോ...താരാ വ്ന്നെക്കണെന്ന് നോക്ക്യേ..." മുതലാളി വിളിച്ചുപറഞ്ഞു. മുടിമുഴുവന്‍ പഞ്ഞിക്കുടം പോലെ നരച്ച ഒരു സ്ത്രീയായിരുന്നു മുതലാളിയുടെ ഭാര്യ. മറിയം ആദ്യമായാണു അവരെ കാണുന്നത്.


"ഇതാണ് ചിമ്മാരുമറിയം...നമ്മടെ തോട്ടത്തിലെ....ഞാന്‍ പറഞ്ഞിട്ടില്ലേ..." മുതലാളി പരിചയപ്പെടുത്തേണ്ട താമസം തെയ്യാമ്മ മുറ്റത്തിറങ്ങിവന്നു മറിയത്തെ കെട്ടിപ്പിടിച്ചു...

"അകത്തെയ്ക്ക് വാ..."

"യ്യോ വേണ്ട ഞങ്ങളിവിടെ നിന്നോളാം.."

"അതെന്താ ഞങ്ങളു മനുഷ്യരല്ലേ... മറിയാമ്മ ഇങ്ങുവന്നെ ഞാന്‍ നിന്നെയൊന്നുകാണാന്‍ എത്ര ആശിച്ചിരുന്നു എന്നറിയാമോ? " തെയ്യാമ പറഞ്ഞത് വെറും ഭംഗിവാക്കായിരുന്നില്ല.

കുര്യേപ്പുമുതലാളിയും കുടുമ്പവും പാവപ്പെട്ടവരോട് എന്നും കരുണയോടെയെ പെരുമാറിയിട്ടൊള്ളു. ഹൈറേഞ്ചിലെ ആദ്യകാല കുടിയെറ്റക്കാരില്‍ പലരും ആ കാരുണ്യത്തിന്റെ തണലില്‍ വളര്‍ന്നുകയറിയവരാണ്.

മുതലാളി തന്നെ അലട്ടുന്ന വാതരോഗത്തെപ്പറ്റിയും. മൂത്ത മകന്‍ കാട്ടില്‍ പണികഴിപ്പിക്കുന്ന ബംഗ്ലാവിനെപ്പറ്റിയും. പുതുതായ് ആയിരം ഏക്കര്‍ സ്ഥലത്തു കൃഷിചെയ്യാന്‍ പോകുന്ന തൈലപ്പുല്ലിനെക്കുറിച്ചും നിറയെ സംസാരിച്ചു.

കൊടുക്കാനുള്ളതില്‍ നിന്നും കുറച്ചേറെ സംഖ്യ ഇളവുചെയ്തുകൊടുത്തു മുതലാളി. ഉച്ചയൂണിന്റെ സമയം കഴിഞ്ഞിരുന്നെങ്കിലും ആഹാരം നിര്‍ബന്ധിച്ചു കഴിപ്പിച്ചിട്ടെ വീട്ടമ്മ അവരെ പോകാനനുവദിച്ചൊള്ളു.

യാത്രപറഞ്ഞിറങ്ങിയപ്പോള്‍ മുതലാളി എന്തോ ഓര്‍ത്തിട്ടെന്നപോലെ പൊട്ടിച്ചിരിച്ചു...
മറിയം പകച്ചുനിന്നുപോയതുകണ്ടു മുതലാളി ചോദിച്ചു...

" ഇപ്പോഴും കയറ്റവും ഇറക്കവും വടത്തിലൂടെ തന്നെയാണോ?.."

മറിയം നാണിച്ചു തലതാഴ്ത്തി നിന്നുപോയ്..... ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം.കോതമംഗലം വരെ വന്ന സ്ഥിതിക്ക് കുറവിലങ്ങാട്ടുവരെ പോകാന്‍ മറിയം തീരുമാനിച്ചു. തന്റെ കൂടപ്പിറപ്പുകളെ കാണാനുള്ള മോഹം മറിയത്തിനുള്ളില്‍ തലപൊക്കിതുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായിരുന്നു. തന്റെ ദുരിതകാലത്ത് തന്നെ തള്ളിക്കളഞ്ഞ ആങ്ങളമാരോടുള്ള വാശിയും വൈരാഗ്യവും കാലം അവളില്‍ നിന്നും മായിച്ചുകളഞ്ഞിരുന്നു.

"നിന്റെ ആങ്ങളമാരുടെയടുത്തേയ്ക്ക് എന്റെ പട്ടിപോകും..." എന്ന് പൈലോ പറഞ്ഞില്ല...

അയാള്‍ അങ്ങിനെയെങ്ങാനും ഒന്നു പറഞ്ഞ് തിരിച്ചുപോയിരുന്നെങ്കില്‍ മറിയം അനുസരണയോടെയും സന്തോഷത്തോടെയും അയാളുടെ പിന്നാലെ പോയേനെ. അങ്ങിനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ അന്നു കോതമംഗലത്താകാശത്തൂടെ കാക്കകള്‍ മലര്‍ന്നു പറന്നും പോയേനെ!!

അങ്ങിനെ ഒന്നും സംഭവിച്ചില്ല...

മറിയവും പൈലോയും കുറവിലങ്ങാട്ടെത്തിയപ്പോള്‍ നേരം രാത്രിയായിരുന്നു. കവലയില്‍ നിന്നും ഏറ്റവും അടുത്തുള്ള വെല്യാങ്ങളയുടെ വീട്ടിലേയ്ക്ക് ചെന്നെത്താന്‍ പാടമിറങ്ങിക്കടക്കേണം. പാടമിറങ്ങിക്കടന്നുപോകാന്‍ വെളിച്ചം കൂടാതെവയ്യ.

പരിസരത്തുള്ള ഒരു വീട്ടിലും വെളിച്ചമുണ്ടായിരുന്നില്ല... കുട്ടികളുടെ കരച്ചിലും, മുതിര്‍ന്നവരുടെ പ്രാക്കും വിളിയും പലവീടുകളില്‍നിന്നും കേള്‍ക്കാമായിരുന്നു.

മറിയം അമ്മയുടെ അകന്ന ബന്ധത്തില്പെട്ട കപ്യാരു കുഞ്ഞവിരയുടെ വീടിനോളം തപ്പിതടഞ്ഞെത്തി. ആ വീടും ഇരുളിലായിരുന്നു. അവിടാര്‍ക്കും തന്നെ മറിയത്തെ മനസിലായതുകൂടിയില്ല. വര്‍ഷമെത്രകഴിഞ്ഞിരിക്കുന്നു അവള്‍ ആ നാടുവിട്ടിട്ട്, വെളിച്ചമുണ്ടെങ്കില്‍കൂടി മനസിലാകാത്തവിധം അവള്‍ മാറിപ്പോയിരുന്നു.


ചൂട്ടുകറ്റകളില്‍ ഏറ്റവും മോശമായ വയ്കോല്‍ ചൂട്ടാണ് അവിടെനിന്നും തരപ്പെട്ടത്. ഒരു പ്രകാരത്തില്‍ പാട മിറങ്ങിക്കടന്നു. വഴിതെറ്റിയില്ല പടിക്കലെത്തിയപ്പോഴെ വീടിന്റെ ഉമ്മറത്തുനിന്നും ചോദ്യമുയര്‍ന്നു...

"ആരാദ് ..."

വല്യാങ്ങളയുടെ ശബ്ദത്തിനു ഒരു മാറ്റവുമില്ല. പള്ളിമണിയുടെ മുഴക്കവും, ചിമ്മാരുതാഴത്ത് ഔസേപ്പിന്റെ ശബ്ദവും ഒരുപോലയെന്നായിരുന്നു ഒരു കാലത്ത് നാട്ടിലെ ആളുകള്‍ പറഞ്ഞു നടന്നിരുന്നത്. ഞായറാഴ്ചകളില്‍ സുറിയാനി കുര്‍ബാനകള്‍ക്ക് അര്ത്ഥമറിയാതെ അലറിപ്പാടിയിരുന്നത് ഔസേപ്പായിരുന്നു.

ശബ്ദം ക്ഷയിച്ചില്ലെങ്കിലും തന്റെ മൂത്താങ്ങള പത്തുവര്‍ഷംകൊണ്ട് പടുവൃദ്ധനായ് മാറിയെന്ന് അരണ്ടവെളിച്ചത്തിലും മറിയം തിരിച്ചറിഞ്ഞു.

വീടിന്റെ കോലായെല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായ് കഴിയുന്ന ആ ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലൊന്നായിരുന്നു അതും.

"നീപോയതിനു ശേഷം കഷ്ടകാലമായിരുന്നു മറിയാമെ...ശാപം കിട്ടിയതുപോലെ എല്ലാം നശിച്ചു..." വിശേഷങ്ങള്‍ പറഞ്ഞുവന്നപ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു...

"കുടിക്കാന്‍ വല്ലതും...." നാത്തൂന്റെ വക ഉപചാരം...

ചോദിച്ചതല്ലാതെ ഒന്നും കിട്ടിയില്ല ...കൊടുക്കാന്മാത്രം അവിടെ ഒന്നും ഉണ്ടായിരുന്നില്ല.

"ഇക്കൊല്ലം കൃഷി പിഴച്ചു. പിന്നെ യുദ്ധവുംകൂടി ആയപ്പോള്‍ ഒന്നും കിട്ടാനില്ലാതെയായ്..." ഔസേപ്പ് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു..

രണ്ടാം ലോക മഹായദ്ധകാലമായിരുന്നു.നാട്ടില്‍ മുഴുവന്‍ ഷാമം,
ആഹാരത്തിനു വകയില്ല, വീടുകളില്‍ വിളക്കെരിക്കാനുള്ള മണ്ണെണ്ണപോലും കിട്ടാനില്ല.

ഹിറ്റ്ലര്‍, റോം ബെര്‍ളിന്‍ ടോക്കിയോ അച്ചുത്ണ്ട്, സ്ഖ്യ കക്ഷികളുടെ പ്രതിരോധം... യാത്രയില്‍ പലയിടത്തും പലരും ഇതൊക്കെ ചര്‍ച്ചചെയ്യുന്നതു കേട്ടെങ്കിലും മറിയമതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആര്‍ ആര്‍ക്കുവേണ്ടി എവിടെ എന്തിനു യുദ്ധം ചെയ്യുന്നു?... മറിയത്തിനൊന്നും മനസിലായതുമില്ല. ഒന്നു മാത്രം മനസിലായ് തന്റെ വീടും വീട്ടുകാരും, നാടും നാട്ടുകാരും ദുരിതത്തിലാണ്.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. രാവിലെ മറിയം ഉണര്‍ന്നു പള്ളിയില്പോയി... അപ്പന്റെയും അമ്മയുടെയും കുഴിമാടത്തില്‍ പോയ് പ്രാര്‍ത്ഥിച്ചു. വിശുദ്ധ്കുര്‍ബാനയില്‍ പങ്കുകൊണ്ടു.

കുര്‍ബാനയ്ക്കു ശേഷം ആരോ വിളമ്പിയ നേര്‍ച്ച ചോറിനായ് പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ പട്ടികളെപ്പോലെ പള്ളിമുറ്റത്തു കടിപിടികൂടുന്നതു കണ്ടു.. അതില്‍ മറിയത്തിന്റെ വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നു.

വിങ്ങുന്ന ഹൃദയവുമായാണ് മറിയം ഹൈറേഞ്ചിലേക്ക് മടങ്ങിയത്. ആരോടും പറയാത്ത ചില കടുത്ത തീരുമാനങ്ങള്‍ മനസ്സിലുറപ്പിക്കുകയും ചെയ്തിരുന്നു. വലിയൊരു വിഭാഗം ജനതയുടെ പട്ടിണിയില്‍നിന്നുള്ള കരകയറ്റവും, ചിമ്മാരുമറിയത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റവും ആതീരുമാനങ്ങളുടെ അനന്തരഫലമായിരുന്നു.

(തുടരും)

Tuesday, 12 June, 2007

ചിമ്മാരുമറിയം - 12

വരുന്നു സര്‍. സി.പി (ചിമ്മാരുമറിയം ഭാഗം - 12)

മൂന്നാറിലെ കഥകളും കണ്ടിട്ടില്ലാത്ത കാഴ്ചകളും ആസ്യത്താത്തായുടെ പരിചരണവും ചിമ്മാരുമറിയത്തിനു ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങള്‍ പ്രധാനംചെയ്തു. എങ്കിലും കാടിന്റെ വിളിക്കെതിരെ പുറംതിരിഞ്ഞുനില്‍കാന്‍ അവള്‍ക്കായില്ല.

തിരിച്ചുപോകാനായ് വട്ടം കൂട്ടിയ മറിയത്തെ തടയാന്‍ ആസ്യത്താത്തയുടെ ഉപദേശങ്ങള്‍ക്കും കഴിയാതെപോയ്.

"ജ്ജ് എന്തിനാണിപ്പ ആ കാട്ടിലുപോയ് ഒറ്റയ്ക്ക് പാര്‍ക്കണത്...ഇബെടെങ്ങാനും ബല്ല ബേലേംശെയ്ത് പത്തു കായുണ്ടാക്കാബ്ബാടില്ലെ അനക്ക്...."

മരക്കൊമ്പത്തായാലും അവള്‍ക്കുമുണ്ട് ഒരു വീട്...ഒത്തിരി കഷ്ടപ്പെട്ട് സമ്പാദിച്ചത്. കൊടും കാടിന്റെ നടുക്കായിക്കോട്ടെ സ്വന്തം വീടുതരുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും സന്തോഷവും അതൊന്നു വേറെതന്നെയല്ലെ.

മറ്റൊരാളുടെ വിശാലമായ തോട്ടത്തില്‍ ആയാസമില്ലാതെ കൊളുന്തുനുള്ളുന്നതിലും മറിയത്തിനിഷ്ടം സ്വന്തം മണ്ണിലെ മുള്ളുകള്‍ക്കും പടര്‍പ്പുകള്‍ക്കുമിടയില്‍ വിയര്‍പ്പൊഴുക്കാനാണ്.

അരിയും മറ്റ് അവശ്യ സാധനങ്ങളും സങ്കടിപ്പിച്ച് പുലര്‍ച്ചയ്ക്കുള്ള ബസില്‍ മറിയം അടിമാലിക്ക് തിരിച്ചു. ഒരു നിഴലുപോലെ കൂടെ ഭര്‍ത്താവും.

തിരിച്ചുപോകും വഴിയും കാര്‍ത്ത്യാനിചേച്ചിയുടെ വീട്ടില്‍ കയറാനും ക്ഷേമാന്യേഷണങ്ങള്‍ നടത്താനും അവള്‍ മറന്നില്ല. മറിയത്തിനു പുതുമണ്ണില്‍ നട്ടുവളര്‍ത്താനായ് മാവ് പ്ലാവ് എന്നിവയുടെ തൈയ് കാര്‍ത്ത്യാനിച്ചേച്ചിയുടെ ഭര്‍ത്താവ് കൊടുത്തുവിട്ടു, കൂടാതെ ഇടങ്ങഴിമുതിരയും.

വനത്തിലെ ഏറുമാടത്തില്‍ വന്നെത്തിയതെ മറിയം തുണിപോലും മാറാതെ മഴൂവും കൊടുവാളും തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങി. കൈത്തരിപ്പുതീര്‍ക്കാന്‍ പാഴ്മരങ്ങള്‍ വെട്ടിവീഴ്ത്തിയും അടിക്കാടുകള്‍ അരിഞ്ഞുതള്ളിയും അവള്‍ മുന്നേറി. കാടുകിടുങ്ങി... കാട്ടുമൃഗങ്ങള്‍ ഓടിയൊളിച്ചു. തായ് വേരുകള്‍ ആഴത്തിലോടിയിരുന്നതിനാല്‍ വന്മരങ്ങള്‍ ഓടാനാവാതെ പേടിച്ചുനിന്നു.

ഏറെത്താമസിയാതെ മറിയം രണ്ടേക്കര്‍ഭൂമി വെട്ടിത്തെളിച്ച് അഗ്നിയാല്‍ സ്പുടംചെയ്തെടുത്തു.

കാര്‍ത്യാനിച്ചേച്ചി പുഴുങ്ങിത്തിന്നാന്‍കൊടുത്ത ഇടങ്ങഴിമുതിര പുതുമണ്ണില്‍ വിതച്ചു... അവിടെ പുതിയ ഒരു കര്‍ഷക പിറക്കുകയാണ്.

കാട്ടിലെ പുതുമണ്ണില്‍ പൊന്നുവിളയുമെന്നതാണ് കുടിയേറ്റ കര്‍ഷകന്റെ ഏറ്റവും വലിയ ഭാഗ്യം എന്നാല്‍ വിളയുന്നപൊന്നിനെ അനുഭവിക്കണമെങ്കില്‍ രാവും പകലും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കണം. ആനയും കാട്ടുപോത്തുമൊക്കെയാണ് എതിരാളികള്‍.

ചിമ്മാരുമറിയത്തിന്റെ അഭിപ്രായത്തില്‍ ആനകളും കാട്ടുപോത്തും മര്യാദക്കാരാണ്. ഇടയ്ക്കെങ്ങാനും വഴിതെറ്റി ഇവയെങ്ങാനും മറിയത്തിന്റെ സാമ്രാജ്യത്തില്‍ കടന്നാല്‍.." ആരടാവിടെ ..ഞാനങ്ങോട്ട് ഇറങ്ങിവന്നാലുണ്ടല്ലോ.." ഇത്രേം പറഞ്ഞാന്‍ മതി ... അവറ്റകളു പിന്മാറിക്കൊള്ളും. പേടിച്ചിട്ടായിരിക്കാം അല്ലെങ്കില്‍ ബഹുമാനം കൊണ്ടായിരിക്കാം.

മറിയത്തിനോട് മസിലുപിടിക്കാന്‍ വന്നത് കാട്ടുപന്നിയാണ്. ഒരു സുപ്രഭാതത്തില്‍ മറിയം നോക്കിയപ്പോള്‍ മുതിരവിതച്ചതെല്ലാം ഉഴുതുമറിച്ചിട്ടിരിക്കുന്നു കള്ളപ്പന്നി. ഉറക്കമിളച്ചു കാവലിരിക്കുന്ന രാത്രി ഇവന്‍ ആ വഴിവരില്ല. ആനയും പോത്തും വരുന്നപോലെ കാടിളക്കിവരില്ല. ആരുമറിയാതെ വന്ന് എല്ലാം മുടിച്ച് തേച്ചുകഴുകി ആരുമറിയാതെ തിരിച്ചു പോകും... അതാണ് കാട്ടുപന്നിയുടെ മനശാസ്ത്രം.

പന്നിയുടെ മുമ്പില്‍ പകച്ചുനില്‍ക്കാനൊന്നും ചിമ്മാരുമറിയത്തെകിട്ടില്ല. അവള്‍ കുര്യേപ്പുമുതലാളിയുടെ എസ്റ്റേറ്റുബംഗ്ലാവിലേയ്ക്ക് നടന്നു. പാറപൊട്ടിക്കാനായ് മുതലാളി കമ്പത്തുനിന്നും കൊണ്ടുവന്നിരുന്ന വെള്ളച്ചാമി എന്ന തമിഴന്‍ പന്നിപ്പടക്കമുണ്ടാക്കുന്നതില്‍ വിരുതനായിരുന്നു. ആ വിദ്യ എങ്ങനേലും ചോദിച്ച് മനസിലാക്കണം എന്ന ലക്ഷ്യത്തിലാണ് മറിയം ബംഗ്ലാവിലേക്ക് ചെന്നത്. മറിയം ഒരുവാക് ചോദിക്കേണ്ട താമസം തോട്ടയും വെടിമരുന്നും പടക്കവും ഒക്കെയായ് തമിഴന്‍ കൂടെയിറങ്ങി... മറിയത്തെപ്പോലൊരു സുന്ദരി ആവശ്യ‍പ്പെട്ടാല്‍ കാട്ടുപന്നിയെ വട്ടംകേറിപിടിക്കാന് മാന്യമഹാജനങ്ങള്‍ ചാടിയിറങ്ങിയെന്നിരിക്കും പിന്നെ ഞരമ്പുരോഗിയായ തമിഴന്റെകാര്യം പറയണോ.

മീന്തലയ്ക്കകത്ത് തോട്ടാ വച്ച് വെള്ളച്ചാമി പടക്കങ്ങള്‍ തയ്യാറാക്കി. അന്തിമയങ്ങിയ നേരത്ത് പറമ്പിന്റെ പലയിടങ്ങളിലായ് അവയെ പ്രതിഷ്ടിച്ചതും ചാമിതന്നെ. രാത്രി പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയ്. നേരം വെളുക്കാറായപ്പോളാണ് മറിയം ഉറങ്ങിയതുതന്നെ.

ഠേ.....

പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണവള്‍ ഞെട്ടിയുണര്‍ന്നത്... പ്രാണ വെപ്രാളത്തോടെ പരക്കം പായുന്ന പന്നിയുടെ അലറിവിളി കാടുനടുക്കി. സംഭവ സ്ഥലത്ത് ചോരയും മാസത്തുണ്ടുകളും ചിതറിക്കിടന്നിരുന്നു. തലയുടെ പകുതിയെന്നല്ലാ തലതന്നെ പോയാലും ഈ പാര്‍ട്ടികളു കിലോമീറ്ററുകള്‍ ഓടിയ ശേഷമെ നിത്യവിശ്രമമെടുക്കു.

നേരം നന്നായ് പുലര്‍ന്നിട്ടാണ് മറിയം പന്നിയെ തേടിയിറങ്ങിയത്. അപ്പോഴേയ്ക്കും വെള്ളച്ചാമിയും വന്നെത്തി. ചോരപ്പാടും പന്നി തകര്‍ത്തോടിയ വഴിച്ചാലും നോക്കി ഏതാനും മണിക്കൂറുകള്‍ തിരഞ്ഞശേഷം കല്ലാര്‍ പുഴയുടെ തീരത്തോളം ചെന്ന് ചത്തുമലച്ചുകിടക്കുന്ന പന്നിക്കൂറ്റനെ കണ്ടെത്തി. മറിയം ആദ്യംതന്നെ എളിയില്‍നിന്നും കത്തിയെടുത്ത് പന്നിയുടെ ചെവികളും വാലും അറുത്തെടുത്തു... ഒരു വള്ളിയില്‍ കോര്‍ത്ത് പ്രദര്‍ശിപ്പിക്കാന്‍, മറ്റുപന്നികള്‍ക്ക് ഒരു താക്കീതെന്നപോലെ.


ഈ കാലയളവില്‍ മറിയത്തിന്റെ സാമ്പത്തീക സ്ഥിതി വളരെ മോശമായിരുന്നു. കയ്യില്‍ കരുതിയിരുന്ന പണം എല്ലാം തീര്‍ന്നു. കൃഷികളില്‍ നിന്നും ആദായം ഒന്നുംതന്നെ ലഭിച്ചുതുടങ്ങിയിട്ടുമില്ല. ഭൂമി വാങ്ങിയ വകയില്‍ കുര്യേപ്പുമുതലാളിക്ക് കൊടുക്കാനുള്ള പണം കൊടുക്കാനുള്ള അവധിയും അടുത്തുവരുന്നു.

ഒരു വഴിഅടയുമ്പോള്‍ മറ്റൊന്നുതുറക്കും എന്നാണ് മറിയത്തിന്റെ അനുഭവം. പുതിയ വഴി മറിയത്തിനു തുറന്നത് തിരുവിതാം കൂര്‍ ദിവാന്‍ സര്‍. സി.പി ആയിരുന്നു എന്നതാണ് ഏറ്റവും വിസ്മയകരമായ സംഗതി.

തിരുവിതാം കൂറില്‍ കൊച്ചുരാജാവിനു പ്രായവും പക്വതയും ഒക്കെആയെന്നുതോന്നിയപ്പോള്‍ ഇളയമ്മ റീജന്റ് ഭരണം നിറുത്തി. ചിത്തിരതിരുനാള്‍ മഹാരാജാവ് ഭരണം കുഴപ്പമില്ലാതെ കൊണ്ടുപോയിരുന്നെങ്കിലും ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറില്‍ സര്‍. സി.പി. ദിവാനായ് വന്നതോടെയാണ് ഭരണം കൊഴുത്തത്.


സര്‍. സി.പി ഒരു വേനല്‍കാലത്ത് മൂന്നാറു കാണാന്‍വരുന്നു. ഫിന്‍ലേ കമ്പനിയുടെ മാനേജര്‍മാരായ ചില പക്വതയില്ലാത്ത സായിപ്പന്മാരു സ്വാമിയുടെ കെട്ടും മട്ടുമൊക്കെകണ്ട് കളിയാക്കിചിരിച്ചു.

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണമല്ലേ മൂന്നാറില്‍ വെള്ളക്കാരുടെ തോട്ടവും സാമ്രാജ്യവും. അവിടെയുള്ള സായിപ്പന്മാരില്‍ ഭൂരിഭാഗത്തിനും അവരെക്കഴിഞ്ഞേ ലോകത്തില്‍ കേമന്മാരൊള്ളു എന്ന വിചാരമുണ്ടായതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സി.പി ദിവാനാളു ചില്ലറക്കാരനാണോ? മദിരാശി അഡ്വേക്കറ്റ് ജനറലായിരുന്നു, വൈസ്രോയീടെ ഭരണ സഭയിലെ നിലയും വിലയുമുള്ള മെമ്പറായിരുന്നു ഇപ്പോള്‍ തിരുവിതാംകൂറുമൊത്തം ഭരിക്കുന്ന രാജാവിലും പ്രതാപിയായ രാജാവിന്റെ ദിവാനുമാണ്.

ചിരിച്ചവര്‍ക്ക് താമസംകൂടാതെ ചിരിനിറുത്തേണ്ടിവന്നു. അനന്തപുരിയില്‍ തിരിച്ചെത്തിയ ദിവാല്‍ രാജാവിനെക്കൊണ്ട് പുതിയ ഉത്തരവിറക്കിച്ചു. തിരുവിതാംകൂറില്‍ ഇനി മേലില്‍ ഒരുത്തനും സ്വന്തമായ് കരണ്ടുണ്ടാക്കുന്ന പരിപാടി നടക്കില്ല. ആവശ്യക്കാര്‍ക്ക് കരണ്ട് ഞങ്ങള്‍ ഉണ്ടാക്കിത്തരും അത് ഉപയോഗിച്ചാല്‍ മതി.

ആരാണന്ന് മലയാള രാജ്യങ്ങളില്‍ കരണ്ടുണ്ടാക്കിയിരുന്നത്... മൂന്നാറില്‍ സായിപ്പുമാത്രം. അത് പൂട്ടിക്കെട്ടുക എന്ന ഒരു ലക്ഷ്യമായിരുന്നു ദിവാന്. ഏതായാലും പള്ളിവാസലില്‍ പച്ചവെള്ളം കടഞ്ഞ് വൈദ്യുതി ഉണ്ടാക്കാനുള്ള തുടക്കം ഇങ്ങനെയായിരുന്നു.

അണക്കെട്ടുകളുടെയും പവ്വര്‍ ഹൗസിന്റേയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും താമസം വിനാ ആരംഭിച്ചപ്പോള്‍ ആയിരക്കണക്കിനു തൊഴിലവസരങ്ങളാണ് തുറന്നത്. വീണ്ടും മൂന്നാറ്റിലേയ്ക്ക് ജനപ്രവാഹം ആരംഭിച്ചു. ഇതായിരുന്നു കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടം.


ആസ്യത്താത്ത തന്റെ കടയോട് ചേര്‍ന്ന് ഒഴിഞ്ഞുകിടന്ന മുറിയില്‍ ഒരു ഭക്ഷണ ശാല ആരംഭിച്ചത് ഈ സമയത്താണ്. കടയിലെ വന്‍ തിരക്കുമൂലം നട്ടം തിരിഞ്ഞ താത്ത ചിമ്മാരുമറിയത്തിന്റെ സഹായം തേടി ആളെഅയക്കുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മറിയവും താത്തയും കൂടി മൂന്നാറില്‍ കച്ചവടത്തിലൂടെ പണം വാരിക്കൂട്ടി.

സായിപ്പുപിള്ളാരുടെ അസ്ഥാനത്തുള്ള ആ ചിരികൊണ്ട് തിരുവിതാംകൂറിനു പള്ളിവാസല്‍ പവ്വര്‍ ഹൗസും, പട്ടിണിയാല്‍ നട്ടം തിരിഞ്ഞിരുന്ന അനേകമാളുകള്‍ക്ക് തൊഴിലും മലമുകളില്‍ ജീവിത സൗകര്യങ്ങളും, ആസ്യത്താത്തായ്ക്കും ചിമ്മാരുമറിയത്തിനും എടുത്താല്‍ പൊങ്ങാത്തോണം ചില്ലറയും കിട്ടി.


(തുടരും)

Friday, 1 June, 2007

ചിമ്മാരുമറിയം - 11

ജെ.സി.ബിയെക്കുറിച്ചു പ്രവചനം (ചിമ്മാരുമറിയം -11)

നേരം പുലര്‍ന്നതും മഴതുടങ്ങിയിരുന്നു.

മൂന്നാറിലെ മലമടക്കുകളിലെ സ്തിരതാമസക്കാരനാണ് കോടമഞ്ഞ്, കാറ്റിന്റെ കൈപിടിച്ച് തേയില തോട്ടങ്ങളിലൂടെ കോടമഞ്ഞ് സവാരി നടത്തുന്നതു കാണുന്നതു തന്നെ കണ്ണിനു കുളിര്‍മയാണ്. എന്നാല്‍ മഴമേഘങ്ങളാകട്ടെ ക്ഷണിക്കപ്പെടാത്ത അഥിതികളും. കറുത്ത മുഖവുമായ് മലമുകളില്‍ വന്ന് നില്‍ക്കും, പിന്നെ നേരവും കാലവും നോക്കാതെ കോരിച്ചൊരിയും. മഴ നനഞ്ഞു കുതിര്‍ന്ന് കാറ്റ് തലങ്ങും വിലങ്ങും തണുപ്പുമായ് ഓട്ടം തുടങ്ങുമ്പോള്‍ ആളുകളെല്ലാം വാതിലടച്ച് വീടിനുള്ളില്‍ ത്തന്നെ കൂടും.

എസ്റ്റേറ്റ് ബംഗ്ലാവിന്റെ ചില്ലുജാലകത്തിലൂടെ ഇരുട്ടടച്ചുപെയ്യുന്ന മഴയെ നോക്കി ശാപവാക്കുകള്‍ പറഞ്ഞിട്ട് സായിപ്പ് പൈപ്പ് ആഞ്ഞുവലിച്ച് ഓഫീസ്മുറിയില്‍ കുത്തിയിരുന്ന് ഒരു കാര്യവുമില്ലാതെ ഫയലുകള്‍ മറിക്കും. തോട്ടം തൊഴിലാളികള്‍ ഒരു ദിവസത്തെ പണിനഷ്ടമായതില്‍ ദുഖിതരെങ്കിലും കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി അടുത്ത ജന്മത്തിലെങ്കിലും സായിപ്പായ് ജനിക്കുന്നതിനേപറ്റി കിനാവുകണ്ട് മയങ്ങും.

മഴയുള്ള ദിവസം കടയില്‍ പോകാന്‍ ആസ്യത്താത്തയ്ക്കും മടിയാണ്. വീടിനുള്ളില്‍ നെരിപ്പോടും വച്ച് ചൂടും കൊണ്ടിരിക്കണത് ഉമ്മായ്ക്ക് വല്യ ഇഷ്ടമാണ്.

"ഉമ്മാ... യ്ക്ക് കപ്പലണ്ടി ബറുത്ത് താ മ്മാ" റഹീം ഉമ്മായുടെ അടുത്ത് വന്ന് ചിണുങ്ങാന്‍ തുടങ്ങി...

"ജ്ജ് പോണണ്ടാബിടന്ന്..." ആസ്യത്താത്ത മകന്റെ നേരെ കൈയോങ്ങി.

ബാപ്പായുടെ സ്നേഹവും ഉമ്മായുടെ സ്നേഹവും താന്‍ തന്നെ കൊടുക്കണമല്ലോ എന്ന വിചാരത്തില്‍ റഹീമിന്റെ എല്ലാ ആഗ്രഹങ്ങളും ആദ്യം എതിരു പറഞ്ഞിട്ടാണെങ്കിലും സാധിച്ചു കൊടുക്കുന്നതില്‍ ആസ്യത്താത്തായ്ക്ക് മടിയില്ലായിരുന്നു. വറചട്ടിയില്‍ തൊണ്ടോടുകൂടിയ നിലക്കടല വറുത്തെടുത്ത് ഉമ്മ എല്ലാവര്‍ക്കും പങ്കുവച്ചു.

പുറത്ത് അപ്പോഴും മഴ തകര്‍ത്തുപെയ്യുകയാണ്. തണുത്ത പ്രഭാതത്തില്‍ വറുത്ത കടലയും കൊറിച്ച് നെരിപ്പോടിനോട് ചേര്‍ന്നിരുന്നപ്പോള്‍ ചിമ്മാരുമറിയം ജീവിതത്തിന്റെ എല്ലാ ആവലാതികളും തല്‍കാലത്തേയ്ക്കെങ്കിലും മറക്കുകയായിരുന്നു. കുടിയേറ്റ കഥകളുടെ പുതിയ ഏടുകള്‍ തുറന്ന് ഉമ്മായും അടുത്തിരുന്നു.


ചൈനയിലെ ചായക്ക് ടേസ്റ്റ്പോരാ! എന്നും പറഞ്ഞാണ് സായിപ്പ് അവിടെ നട്ടുവളര്‍ത്തിയ തോട്ടം ഉപേക്ഷിച്ച് ഇന്ത്യയിലോട്ട് ചാടിയത്...എന്നാല്‍ ചൈനാക്കാരനു സായിപ്പിന്റെ ടേസ്റ്റ് പിടിക്കാഞ്ഞിട്ട് അവിടെനിന്നും ഓടിച്ചതാണെന്ന് അവര്‍ പറയുന്നു.

സത്യം എന്തായാലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗാളിലെ കുന്നുകളില്‍ നിന്നും കടല്‍കടന്നെത്തിയ ഇന്ത്യന്‍ തേയ്‌ല സായിപ്പിന്റെ ലേലപ്പുരകളില്‍ തരംഗമായ്. ഇന്ത്യന്‍ ടീ... ഇന്ത്യന്‍ ടീ... എന്നുചോദിച്ചു വരുന്ന ആവശ്യക്കാരുടെ നിര ഇന്ത്യന്‍ ടൈ പോലെ ലേലപ്പുരയും നിറഞ്ഞ് പുറത്തേയ്ക്ക് നീണ്ടുകിടന്നു.

തൊണ്ണൂറുകളുടെ ആരംഭത്തില് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡക്ടസിന്റെ പുതിയ തേയ്‌ല ലണ്ടനില്‍ എത്തിയപ്പോള്‍ ഒരു കൊടുങ്കാറ്റുതന്നെയാണുണര്‍ന്നത്. ചായ രുചിച്ച് ക്വാളിറ്റി നിശ്ചയിക്കുന്ന മച്ചമ്പിമാരു ഈ ചായ രുചിച്ചിട്ട് ദിവസങ്ങളോളം വായും പിളര്‍ന്നിരുന്നു എന്ന് ചരിത്രം.

കണ്ണന്‍ ദേവന്‍ ചായയുടെ ടേസ്റ്റ് മെഷേസ് ഫിന്‍ലെ മുയര്‍ കമ്പനിക്ക് വല്ലാതങ്ങുപിടിച്ചതോടെയാണ് മൂന്നാറിന്റെ മുഖഛായ മാറിയത്. നോര്‍ത്ത് തിരുവിതാംകൂര്‍ പ്ലാന്റേഴ്സ് അസ്സോസിയേഷന്റെ മൂന്നാറിലുണ്ടായിരുന്ന തോട്ടങ്ങള്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ മുയര്‍ കമ്പനി ഏറ്റെടുത്തതോടെ കച്ചവടത്തിന്റെ കണ്ണുകള്‍ മലകളില്‍ പതിഞ്ഞു.

ഭാര്യമരിച്ച ദുഖത്തില്‍ ശോകഗാനം പാടി നടന്നിരുന്ന ഹെണ്ട്രി നൈറ്റാണ് മൂന്നാറില്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജരായത്. കാടും മേടും വെട്ടിത്തെളിച്ച് തോട്ടം വിസ്തൃതമാക്കാന്‍ നല്ല ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള ഒരാളെ നിയമിക്കാനുള്ള കമ്പനിയുടെ അന്വേഷണം ചെന്നവസാനിച്ചത് സിലോണില്‍ കിടക്കുന്ന മാര്‍ട്ടിന്‍ ടോബിയിലാണ്. ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള ക്ഷണം സ്വീകരിക്കാന്‍ ടോബിക്ക് സന്തോഷമേയുണ്ടായിരുന്നൊള്ളു പക്ഷേ സുലൈമാന്‍ മരയ്ക്കാരെ തന്റെ സഹായത്തിനു കൂടെ ചേര്‍ത്തുകൊടുക്കണം എന്ന ഒരു നിബന്ധന അയാള്‍ കമ്പനി മേലാളന്മാരുടെ മുമ്പില്‍ വച്ചു.

"നിക്കാഹ് കയിഞ്ഞിട്ട് മൂന്നുദെബസം‌പോലും കയ്യണേനു മുമ്പാണ് വല്യശായിപ്പ് കാറിമ്മെ ഞമ്മടെ ബീട്ടിബന്നത്... ഇക്കാനേം കൈയ്യോടെ കൂട്ടി ശായിപ്പ് അന്നുതന്നെ ഈ മലേയ്ക്ക് പോന്ന്.... പിന്നെ എത്ര നാളുകയിഞ്ഞാണ് പഹയമ്മാര് നമ്മടെ ഇക്കാനെ നാട്ടിലോട്ട് ബിടനത്...... അപ്പോയേക്കും പുയ്യാപ്ല പയേമാപ്ലേയായി പോയില്ലേ മറിയാമോ!! "

സുലൈമാന്‍ മരയ്ക്കാരെ കൊണ്ടുവരാന്‍ മട്ടാഞ്ചേരിയില്‍ സായിപ്പ് നേരിട്ട് ചെന്ന കാര്യം ആസ്യത്താത്താ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

കോതമംഗലത്തുനിന്ന് കുട്ടന്‍പുഴകടന്ന് മാംങ്കുളം കാട്ടിലൂടെ - സായിപ്പു പണിതീര്‍ത്ത വഴിയിലൂടെ സായിപ്പിന്റെ കാറില്‍- സായിപ്പിനോടൊപ്പം രാജകീയമായാണ് സുലൈമാന്‍ മരയ്ക്കാര്‍ മൂന്നാറില്‍ വന്നിറങ്ങുന്നത്. മാര്‍ട്ടിന്‍ ടോബിയാകട്ടേ സിലോണില്‍നിന്നും ഒരു ഉരുവില്‍ കഷ്ടപ്പെട്ട് രാമേശ്വരം മധുരൈ ബോഡി നായ്കന്നൂര്‍ വന്ന് അവിടെനിന്നും കാട്ടുവഴിയിലൂടെ കുന്നുകയറി അവശനായ് മൂന്നാറില്‍ വന്നിറങ്ങുന്നു. സുലൈമാനും ടോബിയും മൂന്നാറില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഒന്നരമണിക്കൂറോളം കെട്ടിപ്പിടിച്ചു നിന്നു എന്ന് ചില പഴമക്കാര്‍ സാഷ്യപ്പെടുത്തുന്നു.

സുലൈമാന്‍ മരയ്ക്കാര്‍ തന്റെ കുട്ടിയേയും നവ വധുവിനേയും തല്‍കാലത്തെയ്ക്ക് മറന്ന ദിവസങ്ങളായിരുന്നു പിന്നീട്; മാര്‍ട്ടിന്‍ ടോബിയാകട്ടേ വിവാഹമേ വേണ്ടെന്നുവച്ച് തേയ്‌ലത്തോട്ടങ്ങളെ പുണര്‍ന്നു. അവസാനം രണ്ടുപേരും മൂന്നാറിന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു.

മൂന്നാര്‍ മലകളില്‍ ഒരു പടയോട്ടം തന്നെയാണു രണ്ടാളും കൂടി നടത്തിയത്. പുതിയ ഏസ്റ്റേറ്റുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ പതിനായിരക്കണക്കിനു പണിക്കാരെയായിരുന്നു ആവശ്യമായ് വന്നത്. ഹൈറേഞ്ചിലേയ്ക്ക് കുടിയേറ്റം അങ്ങിനെയാണ് ആരംഭിക്കുന്നത്. മലയാളത്താന്മാരെക്കൊണ്ട് തോട്ടമുണ്ടാക്കിച്ചാല്‍ ഈ ജന്മത്തില്‍ പണി തീര്‍ത്തെടുക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ് വളരെപ്പെട്ടന്ന് ടോബി സായിപ്പിനുണ്ടായ്. സുലൈമാനെയും കൂട്ടി നേരെ ബോഡി നായ്ക്കന്നൂരു ചെന്ന് ഫിന്‍ലെ കമ്പനിയുടെ പേരില്‍ മൂന്നാറിലേയ്ക്ക് മാത്രമായ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഓഫീസ് തുറന്നു. അങ്ങിനെയാണ് മൂന്നാറിലേയ്ക്ക് തമിഴന്മാരൊഴുകി കയറിയത്.

ഏക്കറുകളില്‍നിന്നും ഏക്കറുകളിലേയ്ക്ക് തേയിലയുടെ പച്ചപ്പ് വ്യാപിച്ചപ്പോള്‍ മണ്ണിലേയ്ക്ക് വെളിച്ചം കടക്കാനനുവദിക്കാതെ അഹങ്കാരത്തോടെ തല ഉയര്‍ത്തിനിന്നിരുന്ന വൃക്ഷങ്ങള്‍ ഒരിക്കലും തിരിച്ചുവരാനാവാതെ എങ്ങോട്ടെന്നില്ലാതെ മറയുകയായിരുന്നു.

എസ്റ്റേറ്റുകളിലെ ഉയര്‍ന്ന ജോലികളില്‍ നിയമിതരായ് സായിപ്പുമാര്‍ കടല്‍കടന്നെത്തി, കൂടെ മദാമ്മ പിന്നെ സായിപ്പിന്‍ കുഞ്ഞുങ്ങള്‍. കപ്പലുകളില്‍ അവരുടെ സുഖ ജീവിതത്തിനു വേണ്ടുന്ന സൗകര്യങ്ങള്‍ മലമുകളില്‍ ഒരുക്കാനുള്ള അന്‍സാരികളും വന്നെത്തിക്കൊണ്ടിരുന്നു. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കിടയിലാണ് കൊടും കാട് പട്ടണമായ് മാറിയത്.

സായിപ്പിനു സവാരിക്കായ് നല്ലയിനം കുതിരകള്‍ അവയ്ക്ക് മത്സരിച്ചോടാന്‍ ഗ്രൗണ്ട്, സായംകാലത്തും ഒഴിവു ദിനങ്ങളിലും ഒത്തുകൂടാനുള്ള ക്ലബ്, കുട്ടികള്‍ക്കു പഠിക്കാനുള്ള സ്കൂള്, ആര്‍ഭാടത്തിനു കുറവില്ലാത്ത ബംഗ്ലാവുകള് ...

ഫാക്ടറിയുടെയും ബംഗ്ലാവിന്റേയും ആവശ്യങ്ങളെ ലക്ഷ്യമാക്കി ഒരു ഹൈഡ്രോ ഇലട്രിക് പവ്വര്‍ ജനറേറ്റര്‍ ആദ്യ വര്‍ഷങ്ങളില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഫാക്ടറികള്‍ വന്‍തോതില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തേയില കുന്നുകൂടി. ചരക്കുകളുടെ സുഖമമായ നീക്കത്തിനുവേണ്ടിയായിരുന്നു മൂന്നാര്‍ കുണ്ടള റയില്‍വേയും റോപ് വേയും ആരംഭിച്ചത്.

സുഖലോലുപതയില്‍ മലമുകളിലെ നഗരം മുങ്ങിയപ്പോഴാണ് മൂന്നാര്‍ ക്രൈസ്റ്റ് ദേവാലയത്തിലെ കൊച്ചച്ചന്‍ വില്യം ഫ്രാങ്ക്ലിന്‍ ചില സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സ്വപ്നത്തില്‍ അച്ചനു പ്രത്യക്ഷപ്പെട്ട ദൈവം ആദ്യം ഉപമകള്‍ കൂടാതെ തുറന്നുതന്നെ കാര്യങ്ങള്‍ പറഞ്ഞു.

"ഫ്രാങ്ക്ലിന്‍ ...ഫ്രാങ്ക്ലിന്‍... ഈ ജനത്തിന്റെ പാപങ്ങള്‍ എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. ഇവരുടെ ലാഭക്കൊതിക്കും സുഖതൃഷ്ണയ്ക്കും ഞാന്‍ ശിക്ഷ വിധിക്കാന്‍ പോവുകയാണ്. ഇവിടെനിന്നും നാമാവിശേഷമാക്കിയ കാടിന്റെ കണ്ണീര് ഞാന്‍ കാണുന്നു...ആ കാടുപേക്ഷിച്ച് പലായനംചെയ്ത കാട്ടുരാജാവിന്റെ കണ്ണീര് ഞാന്‍ കാണുന്നു... അവിടുത്തെ പ്രജകളായിരുന്ന മുതുവാന്മാരുടെയും മന്നാന്മാരുടെയും കണ്ണീരു ഞാന്‍ കാണുന്നു... കാട്ടു മൃഗങ്ങളുടെ കണ്ണുനീരു ഞാന്‍ കാണുന്നു... ഒരു ജലപ്രളയത്താല്‍ ഞാനിവരെ നശിപ്പിക്കാന്‍ പോവുകയാണ്. "

സ്വപനത്തില്‍നിന്നും ഉണര്‍ന്ന ഫ്രാങ്ക്ലിനച്ചന്‍ തനിക്കുണ്ടായ ദര്‍ശനത്തെക്കുറിച്ച് പറയാന്‍ പാതിരാത്രിയില്‍തന്നെ വല്യച്ചനെ അന്യേഷിച്ചു... കണ്ടില്ല, വല്യച്ചന്‍ നിശാക്ലബില്‍ ആയിരുന്നിരിക്കണം.

പിറ്റേന്നുമുതല്‍ പലരോടും ഇക്കാര്യം പറഞ്ഞെങ്കിലും ആരും ഫ്രാങ്ക്ലിനച്ചനു ചെവികൊടുത്തില്ല. പഴയ നിയമ പുസ്തകത്തിലെ നോഹിന്റെ കാലത്തെ ജലപ്രളയത്തിനെക്കുറിച്ച് പലയാവര്‍ത്തി അച്ചന്‍ വായിച്ചു. നോഹുമായ് ദൈവം ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഇനിയൊരിക്കലും ജലപ്രളയത്താല്‍ ഞാന്‍ ഭൂമുഖത്തെ ജനങ്ങളെ മുഴുവനും നശിപ്പിക്കില്ല എന്ന ഭാഗം ചെമപ്പുമഷിയാല്‍ അടിവരയിട്ട് വേദപുസ്തകം തുറന്നുവച്ചു... ദൈവത്തിനു കാണാന്‍. അന്നത്തെ ഉടമ്പടിയുടെ ഒപ്പായിരുന്ന മഴവില്ല് മൂന്നാര്‍ മലകളില്‍ വിരിയുന്നുണ്ടോ എന്നുനോക്കി കൊച്ചച്ചന്‍ ഒഴിവു സമയങ്ങളില്‍ അലഞ്ഞുതിരിഞ്ഞു.... മഴവില്ല് കണ്ടാലെ ദൈവത്തിനു പഴയ ഉടമ്പടി ഓര്‍മ്മവരു എന്ന് നിഷ്കളങ്കനായ ആ പാതിരി ചിന്തിച്ചുപോയ്.


ഒരു മാറ്റവുമില്ലാതെ ഏതാനും വര്‍ഷങ്ങള്‍കൂടി കടന്നുപോയ്. ഫ്രാങ്ക്ലിനച്ചന്റെ സ്വപ്നത്തെപ്പറ്റി അച്ചന്‍പോലും മറന്നുപോയിരിക്കെ ഒരു ദിവസം നിനച്ചിരിക്കാതെ മഴതുടങ്ങി. അതിനിവേശത്തിന്റെ അതിക്രമങ്ങള്‍ക്ക് മേല്‍ പ്രപഞ്ചത്തിന്റെ പ്രതികാരം നിലയ്ക്കാത്ത മഴയായ്. അപരാതികളും നിരപരാതികളുമടക്കം കുറെയേറെപ്പേരുടെ ജീവന്‍ നഷ്ടമായ്... സായിപ്പിന്റെ അഭിമാന സ്മാരകങ്ങളായിരുന്ന റയില്‍വേയും റോപ് വേയും പിന്നീടൊരിക്കലും പുനസ്താപിക്കാനാവാത്തവണ്ണം കുത്തിയൊലിച്ചുപോയ്. ബോസ്റ്റണ്‍ ടീപാര്‍ട്ടിയിലും ഗംഭീരമായ് മൂന്നാര്‍ ടീപാര്‍ട്ടി നടന്നു. ടണ്‍കണക്കിനു തേയില മഴവെള്ളത്തില്‍ കലര്‍ന്ന് മലമുകളില്‍നിന്നും താഴേയ്ക്ക് ഒഴുകി. ഇടനാടിനെയും തീരദേശത്തെയും പോലും ചായയും ചോരയും കലര്‍ന്ന വെള്ളം വിഴുങ്ങിക്കളഞ്ഞു.

ഫ്രാങ്ക്ലിനച്ചന്‍ കര്‍ത്താവിന്റെ ക്രൂശിതരൂപത്തിനടുത്ത് മുട്ടിന്മേല്‍നിന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇടയെക്കെങ്ങോ അച്ചന്‍ മയങ്ങിപ്പോയപ്പോള്‍ വീണ്ടും സ്വപനത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. "ഫ്രാങ്ക്ലിന്‍ ഫ്രാങ്ക്ലിന്‍... ഇനി ഈ ജനതയെ ഞാന്‍ ഇങ്ങനെ ഒരു ജലപ്രളയത്താല്‍ ശിക്ഷിക്കില്ല. ഈ ഉടമ്പടിയുടെ അടയാളമായ് ഞാന്‍ എന്റെ വില്ല് ഈ മലയിടുക്കില്‍ സ്താപിക്കും... അത് കാണുമ്പോള്‍ ഞാന്‍ എന്റെ ഉടമ്പടിഓര്‍ക്കുകയും ഇതുപോലുള്ള ജലപ്രളയത്തെ തടയുകയുംചെയ്യും. പക്ഷേ ഒരു കാര്യം നീ ഈ ജനത്തിനോട് പറയുക. ഈ മലമുകളില്‍ ഇനിയും ഇതുപോലുള്ള കയ്യേറ്റങ്ങള്‍ ആവൃത്തിച്ചാല്‍ ഇവിടെ ചത്തൊടുങ്ങിയ ആനകള്‍ ഉരുക്കിന്റെ പേശികളും ഇരുമ്പിന്റെ കാലുകളുമായ് പുനര്‍ജനിച്ച് ഇവിടെല്ലാം ഇടിച്ചുനിരത്തും."

ഈ രണ്ടു പ്രവചനങ്ങളും എവിടെ എങ്ങിനെ നിറവേറിയെന്ന് ഫ്രാങ്ക്ലിനച്ചന്‍ അറിഞ്ഞിട്ടുണ്ടാകാന്‍ വഴിയില്ല കാരണം തൊട്ടടുത്ത വര്‍ഷത്തില്‍ ആ പാവത്താന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ടു.


(വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കിയില്‍ കുറവന്‍ മയയ്ക്കും കുറത്തിമലയ്ക്കും ഇടയില്‍ പണിതീര്‍ന്ന ആര്‍ച്ച് ഡാമിനെ ദൈവത്തിന്റെ വില്ലായ് കണക്കാക്കാം. ആ ഡാം വന്നതിനു ശേഷം പെരിയാറ്റില്‍ വെള്ളം പൊങ്ങുകയോ കേരളത്തിന്റെ ഇടനാട്ടിലും തീരദേശങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടാവുകയോ ചെയ്തിട്ടില്ല. ഉരുക്കിന്റെ പേശിയും ഇരുമ്പിന്റെ കാലുകളുമായ് പുനര്‍ജനിച്ച ആനകള്‍ ശ്രീ. അച്ചുതാനന്ദനും ജെ.സി.ബി.യും അല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല)

(അടുത്ത ലക്കത്തില്‍ സര്‍. സി.പിയും കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടവും)