Thursday, 17 May, 2007

ചിമ്മാരു മറിയം -9

എലയനോറയുടെ ശ‌വകുടീരം (ചിമ്മാരു മറിയം -9)

പിറ്റേന്നു രാവിലെതന്നെ ചിമ്മാരുമറിയത്തിനെയും പൈലോയെയും കൂട്ടി ആസ്യത്താത്ത മൂന്നാര്‍ ടൗണ്‍ കാണാനിറങ്ങി. അതി കഠിനമായ കുളിരില്‍ പല്ലുകള്‍ കൂട്ടയടിനടത്തിയപ്പോള്‍ പൈലോ കമ്പിളിപ്പുതപ്പിനകത്തെ പഴയ കാഴ്ചകളിലേയ്ക്ക് തിരിച്ചുപോയ്.

ആസ്യത്താത്തായുടെ കൈപിടിച്ച് മറിയം നടന്നു. പുറത്തു തൂക്കിയ വലിയ കൂടകളുമായ് കലപില പേശുന്ന തമിഴത്തികള്‍ കൊളുന്തുനുള്ളാന്‍ പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്.

" ജ്ജ് പത്തുബരിഷത്തിനു മുമ്പേയാണ് ബന്നിരുന്നെങ്കി ഉമ്മാ തീബണ്ടി കാട്ടിത്തരാര്ന്ന്... കയറിമ്മെതൂങ്ങി ഈ ദുനിയാവു മൊത്തം ചിറ്റണ ബണ്ടീം ഒണ്ടാര്‍ന്ന്... എല്ലാം ആ മയയത്ത് ഒലിച്ചുപോയില്ലെ ന്റെ ബദരീങ്ങളെ...."

ആസ്യത്താത്തയുടെ കണ്ണുകള്‍ നിറഞ്ഞു. ഫിന്‍ലെ കമ്പനിയുടെ കുണ്ടള റയില്‍‌വേയും, മൂന്നാര്‍ റോപ്‌വേയും മഴയത്തൊലിച്ചിട്ടാവില്ല ഉമ്മാ കരയുന്നത്... ആ മഴയില്‍തന്നെയാണ് അവരുടെ ഭര്‍ത്താവിന്റേതടക്കം മറ്റനേകം മനുഷ്യ ജീവിതങ്ങള്‍ മലവെള്ളപ്പാച്ചിലിന്‍ ഒലിച്ചത്.

കുന്നിന്‍ ചെരിവില്‍ കരിംകല്ലില്‍ പണിതുയര്‍ത്തിയ പടുകൂറ്റന് ദേവാലയം കണ്ടപ്പോള്‍ മറിയം മനസിലോര്‍ത്തു നാട്ടില്‍നിന്നും കാട്ടില്‍ കയറിയ ശേഷം ആദ്യമായാണ് ഒരു ദേവാലയം അടുത്തുകാണുന്നത്.

"ആ കാണണ പള്ളിപ്പറമ്പിലാണ് എലബനോറ മദാമ്മേടെ കബറ്... ആ കത കേട്ടാ മോളേ ഖ്ല്‍ബു നുറുങ്ങും.. "

കേരളത്തിന്റെ ടാജ്മഹല്‍ എന്ന് പില്‍കാലത്തറിയപ്പെടാന്‍ തുടങ്ങിയ വെള്ളക്കാരുടെ ദേവാലയത്തിനെയും ആ ദേവാലയനിര്‍മ്മാണത്തിനു കാരണമായ എലയനോറ നൈറ്റിന്റെ അകാല നിര്യാണത്തിന്റെയും കഥയുടെ ചെപ്പുകള്‍ തുറക്കുകയായിരുന്നു ആസ്യത്താത്ത.

" റഹീമിന്റെ ബാപ്പാ ഇബടെ ബന്നേനും ഒരു ബര്‍ഷം മുമ്പ് നടന്ന ശംങ്ങതിയാണ്.... ഇപ്പോരു പത്ത് മുപ്പത്തഞ്ച് ബരി‍ഷം കയിഞ്ഞിരിക്കണ്......" ഇളവെയിലും കൊണ്ട് തേയിലച്ചെടികള്‍ക്കടുത്ത് ഒരു പാറമേലിരുന്ന് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...


മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള... മൂന്നു പുഴകളൊഴുകുന്ന മൂന്നാര്‍ മലമുകളില്‍ കുളിരിനു പഞ്ഞമില്ലായിരുന്നു. അവിടെ ഒരു വേനല്‍ക്കാല വിശ്രമ സങ്കേതമൊരുക്കുക എന്ന് സായിപ്പ് ആഗ്രഹിച്ചില്ലെങ്കിലേ അതിശയമുള്ളു.

നോര്‍ത്ത് ട്രാവണ്‍കൂര്‍ ലാന്‍ഡ് പ്ലാന്റിഗ് ആന്‍ഡ് അഗ്രികള്‍ചര്‍ സൊസൈറ്റി എന്ന ഒരു കുടയുണ്ടാക്കി മിടുക്കന്മാരായ കുറേ സായിപ്പുമാര്‍ അതിനടിയില്‍ അണിനിരന്നത് തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് പത്തുചക്രം കീശയിലാക്കാനാണ്; എന്നാല്‍ പൂഞ്ഞാര്‍ രാജാവുമായ് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം കണ്ണന്‍ദേവന്‍ മല മൊത്തമായ് വിഴുങ്ങിയപ്പോള്‍ തോട്ടനിര്‍മ്മാണമായിരുന്നില്ല സായിപ്പിന്റെ പ്രധാന ലക്ഷ്യം.

സായിപ്പ് കണ്ണന്‍ദേവന്‍ മലമുകളില്‍ കാട് വെട്ടിത്തെളിച്ച് കാപ്പി നട്ടുനോക്കി, കശുമാവ് നട്ടു നോക്കി ഏലം നട്ടുനോക്കി ഒന്നും ശരിയായില്ല വെറും ലാഭം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ എപ്പോഴെ കളഞ്ഞിട്ട് പോയേനെ.... അവസാനം ഷാര്‍പ്പ് സായിപ്പ് മനോഹരമായ കൈകൊണ്ട് ഒരു തെയ്‌ലച്ചെടി കുഴിച്ചു വച്ചതുമുതല്‍ മൂന്നാറിന്റെ ചരിത്രം മാറുകയായിരുന്നു. അമ്പത് ഏക്കര്‍ കാട് വെട്ടിത്തെളിച്ച് നിറയെ തെയ്‌ലച്ചെടികള്‍ ഷാര്‍പ്പ് ഷാര്‍പ്പായ് നട്ടുവളര്‍ത്തി, പാര്‍വ്വതി എസ്റ്റേറ്റ് എന്ന് അതിനു പേരും കൊടുത്തു അതായിരുന്നു ഹൈറേഞ്ചിലെ ആദ്യത്തെ തേയിലത്തോട്ടം.

"ആ ബര്‍ശത്തിലാണ് മോളെ... കെണ്ടിറി സായിപ്പും മദാമ്മേം മലകേറി ഇബടെ ബരണത്..." ആസ്യത്താത്ത കഥ തുടര്‍ന്നു

മലകളില്‍നിന്നു താഴ്വരകളിലേയ്ക്കും താഴ്വരയില്‍നിന്ന് അടുത്ത മലകളിലേയ്ക്കും തോട്ടം വളര്‍ത്താനുള്ള ദൗത്യവുമായാണ് ഹെന്‍‌റി നൈറ്റ് എന്ന യുവ പ്ലാന്റ്റര്‍ ഭാര്യ എലയനോറയോടൊപ്പം മൂന്നാറിലെത്തുന്നത്.

വിവാഹം കഴിഞ്ഞിട്ട് പുതുമോടി മാറാത്ത സായിപ്പും മദാമ്മയും ഹണിമൂണ്‍ മൂഡിലാണ് മൂന്നാറില്‍ വന്നിറങ്ങുന്നതുതന്നെ.

വന്നദിവസം തന്നെ മൂന്നാറിന്റെ പ്രകൃതിസൗന്ദര്യം കണ്ട് മതിമറന്ന് ഹെന്‍‌റിയും എലയനോറയും മലഞ്ചെരിവിലൂടെ കൈകോര്‍ത്തു നടക്കുകയായിരുന്നു..

"ഡാര്‍ളിഗ്...ഞാനൊരു ആഗ്രഹം പറയട്ടേ?..." എലയനോറ ഹെന്‍‌റിയോട് ചോദിച്ചു.

"ഒന്നാക്കുന്നതെന്തിനു സ്വീറ്റ്ഹാര്‍ട്ട്..... ആഗ്രഹങ്ങള്‍ മുഴുവനും പോരട്ടെ..." പുതുമോടിയായതുകൊണ്ട് ഹെന്‍‌റി പിശുക്കൊന്നും കാണിച്ചില്ല...

"ഒരേയൊരാഗ്രഹം മാത്രം ഡിയര്‍....ഞാനിവിടെവച്ചു മരിച്ചാല്‍ എന്റെ ശരീരം ഈ മണ്ണില്‍ അടക്കം ചെയ്യണം... ഈ സുന്ദരമായ പ്രകൃതിയും മണ്ണും വിട്ട് എനിക്കെവിടെയും പോകേണ്ട..."

എലവനോറപറഞ്ഞത് ഹൃദയത്തില്‍ തട്ടിയായിരുന്നു.... മൂന്നാറിനെ ഇത്രയധികം സ്നേഹിച്ച മറ്റൊരാള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു!


അന്നു രാത്രിയില്‍ എലയനോറ അസുഖം ബാധിച്ച് കിടപ്പാകുന്നു... പിറ്റേന്ന് പാതിരായ്ക്ക് മരിക്കുന്നു രണ്ടുദിവസം തികച്ച് ആ സ്വപ്നഭൂമിയില്‍ കഴിയാന്‍ വിധി ആ യുവതിയെ അനുവദിച്ചില്ല.

തന്റെ പ്രാണപ്രേയസിയുടെ ചേതനയറ്റശരീരം, അവള്‍ എവിടെനിന്ന് തന്റെ ആഗ്രഹം വെളിപ്പെടുത്തിയോ അവിടെത്തന്നെ അടക്കം ചെയ്തു ഹെന്‍‌റി സായിപ്പ്. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്നോര്‍ത്തയാള്‍ വര്‍ഷങ്ങളോളം വിലപിച്ചു.


"മതാമ്മേന്റെ കബറടക്കം കയിഞ്ഞ് അഞ്ചാരു ബര്‍ശോംകൂടി കയിഞ്ഞാണ് കബറിനോട്ചേര്‍ന്ന് പള്ളിപണിയണത് ..... ഈ പുതിയ്പള്ളി ഇബട പണിതബര്‍ശത്തിലാണ് റഹീമിന്റെ ബാപ്പ ഞമ്മളെ ഇങ്ങോട്ട് കൊണ്ട്ബന്നത്.." പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനെന്ന മട്ടില്‍ ആസ്യത്താത്ത കുറേനേരം മൗനമായിരുന്നു...

"അന്ന് റഹീമിന്റെ ബാപ്പ ഞമ്മളോട് പറഞ്ഞതെന്താണന്ന് അനക്ക് കേക്കണാ.... ന്റെഹൂറി...ജ്ജ് ഈ മലേമ്മെനിന്ന് ഹറാമ്പിറന്ന മോഹങ്ള് മോഹിക്കല്ലെ...ഞമ്മക്കിവിടെ ഒരു താജുമഹാലൊണ്ടാക്കാനെക്കൊണ്ട് ശാതിക്കൂല..."

ആസ്യത്താത്ത മറിയത്തിന്റെ കണ്ണൂകളില്‍ നോക്കി എന്നിട്ട് തുടര്‍ന്നു.

"ന്നിട്ട് അബസാനം മതാമ്മേന്പ്പോലെ ....ന്റെ റഹീമിന്റെബാപ്പായും ഈ മണ്ണിലു............" പറഞ്ഞുതീര്‍ക്കാന്‍ ഉമ്മായ്ക്കായില്ല...

ഉള്ളിന്റെയുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ ചിമ്മരുമറിയത്തിനു തോന്നി.

അവള്‍ കണ്ണുകളുയര്‍ത്തി മലഞ്ചെരുവിലെ ദേവാലയത്തിലേക്ക് നോക്കി ...
അവിടെ അപ്പോള്‍ മണിമുഴങ്ങുന്നുണ്ടായിരുന്നു. ആ മണിനാദം നേര്‍ത്ത അലകളായ് മലകളില്‍തട്ടി തിരിച്ചുവരുന്നു... എലയനോറ നൈറ്റിന്റെ സംഗീതമായിരിക്കാമത്... സുലൈമാന്‍ മരയ്ക്കാരും മാര്‍ട്ടിന്‍ ടോബിയും അതിനോടൊപ്പം മൂളുന്നുമുണ്ടാവാം.(ഇനീം കഥകളുണ്ട്)

Wednesday, 16 May, 2007

ചിമ്മാരുമറിയം - 8

മൂന്നാറിലേയ്ക്ക് (ചിമ്മാരുമറിയം - 8)


കാട്ടിലെ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ചിമ്മാരുമറിയം പഠിച്ചത് റപ്പേലാശാനില്‍നിന്നായിരുന്നു.

കാട്ടുമൃഗങ്ങളോടെങ്ങനെ പെരുമാറണം എന്നതായിരുന്നു ഏറ്റവും ആദ്യമായ് പഠിപ്പിച്ചത്. ആനക്കൂട്ടത്തെകണ്ടാല്‍ എന്തുചെയ്യണം, ഒറ്റയാന്‍ വരുമ്പോളെടുക്കേണ്ട മുന്‍‌കരുതലുകള്‍, കാട്ടുപോത്തിനു മുമ്പില്പെട്ടാല്‍ എന്തു ചെയ്യണം, മലമ്പാമ്പിനെ എങ്ങിനെ ഏറിയണം....

മറിയത്തിനു കാട്ടില്‍ ഏറ്റവും പേടിയുണ്ടായിരുന്നത് തോട്ടപ്പുഴുവിനെയായിരുന്നു. തലമുടിനാരിലും ചെറിയോരു തോട്ടപ്പുഴു......കാലില്‍ കടിച്ചാല്‍ അറിയുകയില്ല. രക്തം കുടിച്ച് കുടിച്ച് പെരുവിരലിനോളം വലുതാകുന്നതു കാണുമ്പോള്‍ പേടിയാകും.

ഒരിക്കല്‍ മറിയത്തിന്റെ കാലില്‍ തോട്ടപ്പുഴു കടിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് ഓടി... കാട്ടാനയെപ്പോലും പേടിയില്ലാത്ത മറിയത്തിന്റെ കരച്ചിലും ഓട്ടവും കണ്ടപ്പോള്‍ ആശാനടക്കം എല്ലാവരും പേടിച്ചുപോയ്. കാര്യമെന്താണെന്നറിഞ്ഞപ്പോള്‍ ആശാന്‍ ഒരു നുള്ളു പുകയിലപ്പൊടിയെടുത്ത് പുഴുവിന്റെ തലയിലിട്ടു പുഴു കടിവിട്ടു താഴെവീണു.

"കണ്ടാടാ... ഈ തോട്ടപ്പുഴൂം എന്നാപ്പോലെ പൊടിവലിക്കാരനാണുകെട്ടാ " ആശാന്‍ പുഴുവിനെ തോണ്ടിയെടുത്ത് അടുപ്പിലെറിഞ്ഞു.


മറിയത്തിന്റെ അസാമാന്യമായ കൈവേഗവും പുരുഷന്മാരെപ്പോലും തോല്പിക്കുന്ന കരുത്തും ധൈര്യവും എല്ലാത്തിലുമുപരിയായ ബുദ്ധിശക്തിയും ആശാനില്‍ അത്ഭുതമുളവാക്കി.

സമയാസമയങ്ങളില്‍ രുചികരമായ് ആഹാരം പാകപ്പെടുത്തി എല്ലാവര്‍ക്കും വിളമ്പുമ്പോള്‍ മറിയം ഒരു തികഞ്ഞ വീട്ടമ്മയാകും. മരം‌മുറിക്കാനും വടംകെട്ടിവലിക്കാനും അറുത്ത് ഉരുപ്പിടികളാക്കാനും തലച്ചുമടായ് മുതലാളിയുടെ ബംഗ്ലാവിലെത്തിക്കാനും മറ്റുപണിക്കാരോടൊപ്പം ചാടിയിറങ്ങുമ്പോള്‍ മറിയത്തില്‍ പുരുഷ ലക്ഷണങ്ങള്‍ മാത്രമേ കാണു.


ആദ്യകാലങ്ങളില്‍ റപ്പേലാശാന്‍ മറിയത്തിനെ വിലക്കാന്‍ ശ്രമിച്ചിരുന്നു.

"മകാളെ... ആണുങ്ങ ചെയ്യണ ജ്വോലി നിന്നേക്കൊണ്ടെടുപ്പിക്കണതൊരു ശേലുകേടാണല്ലാ... സമയാ സമയത്തിരി കഞ്ഞിയുണ്ടാക്കി തരണം അതിലുകൂടുതലൊന്നും നുമ്മ പ്രതീഷിക്കണില്ലാട്ടാ... നീ മേലാത്ത പണിക്കൊന്നും നിക്കണ്ടാ.."

മറിയത്തിനു മേലാത്ത പണിയൊന്നുമില്ലാ എന്ന് ആശാനു വല്യ താമസം കൂടാതെ മനസിലായ്. പൈലോയെ പണികള്‍ പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ആശാന്‍ എല്ലാവരും കേള്‍ക്കെത്തന്നെ ആ കാര്യം പറയുകയും ചെയ്തു...

"ദൈവം രണ്ടാക്കുംകൂടി കൊടുക്കേണ്ട സാമര്‍ത്യമുണ്ടല്ലാ....ഒരാക്കങ്ങ കൊടുത്തു ...അത്രേയൊള്ള്.... "


അങ്ങിനെയിരിക്കേയൊരു ദിവസമാണ് കുര്യേപ്പുമുതലാളി തോട്ടത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സമയക്കുറവുമൂലം റപ്പേലാശാനെ വന്നുകാണാതെ ആളെവിട്ട് ബംഗ്ലാവിലേയ്ക്ക് വിളിപ്പിക്കുകയാണു ചെയ്തത്.

പണിക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ ചിമ്മാരുമറിയത്തിനെക്കുറിച്ച് ആശാന്‍ മുതലാളിയോട് പറയുകയുണ്ടായ്. മറിയത്തിന്റെ കഥകള്‍കേട്ട മുതലാളി അക്ഷരാര്‍ത്ഥത്തില്‍ വായ്പിളര്‍ന്ന് ഇരുന്നുപോയ്. എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് മറിയാസാഹസങ്ങള്‍ നേരില്‍ കാണാന്‍മുതലാളി ഇറങ്ങിപുറപ്പെട്ടു.


ഉച്ചഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്ന മറിയം കറിയില്‍ ചേര്‍ക്കാന്‍ ഉപ്പോ മുളകോ എടുക്കാനായ് ഏറുമാടത്തിനുമുകളില്‍ കയറിയിരുന്ന സമയത്താണ് മുതലാളിയും ആശാനും മരത്തിനു താഴെ വന്നത്. ഇതൊന്നുമറിയാതെ മറിയം സമയലാഭത്തിനായ് ഏണിയിലൂടെ ഇറങ്ങാതെ മരകൊമ്പില്‍ കെട്ടിയിരുന്ന കയറുവഴി താഴേയ്ക്ക് ഊര്‍ന്നിറങ്ങുകയാണ്ചെയ്തത്. വന്നിറങ്ങിയത് മുതലാളിയുടെ മുമ്പിലും. മുതലാളിമാത്രമല്ല ആശാനും കണ്ണുതള്ളിനിന്നുപോയ്. മരത്തിനുമുകളില്‍നിന്നും താഴെയ്ക്കും താഴെനിന്നു മുകളിലേയ്ക്കും സാധനങ്ങള്‍ കെട്ടിയിറക്കാനും കയറ്റാനുമുള്ള ലക്ഷ്യം മാത്രമേ ആ കയറവിടെ കെട്ടിയപ്പോള്‍ ആശാന് ഉണ്ടായിരുന്നൊള്ളു.

ചരിത്രത്തിലാദ്യമായ് കുര്യേപ്പു മുതലാളി അന്ന് പണിക്കാരോടൊപ്പംമിരുന്ന് ആഹാരം കഴിച്ചു... മുതലാളിയുടെ ജീവിതത്തിലന്നോളം കഴിച്ചതില്‍ ഏറ്റവും രുചികരമായ ആഹാരം.


ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ റപ്പേലാശാന്റെ കാട്ടിലെ ദൗത്യം പൂര്‍ത്തിയായ്. ശിഷ്യന്മാരെയെല്ലാം അടുത്ത്‌വിളിച്ച് ആശാന്‍ ഇങ്ങനെപ്റഞ്ഞു...

"മക്കളേ... നുമ്മ പണിനിര്‍ത്തണയാണ്... ഇനിയീ മലേം കാടും കേറിയിറങ്ങാ ആശാനു ശ്ക്‌തിയില്ലകേട്ടാ... കുടുമ്മത്ത്പോണം ഇത്തിരി വിശ്രമിക്കണം.... കര്‍ത്താവു വിളിക്കുമ്പ അങ്ങാ പോണം.."

പുതിയ ജോലികള്‍ ശിഷ്യന്മാരെ പറ്ഞ്ഞ് ഏല്പിച്ചതിനു ശേഷം ആശാന്‍ മറിയത്തിനെ അടുത്ത് വിളിച്ചു.കുറച്ചുപണം അവളുടെ കൈയ്യില്‍ ഏല്പിച്ചിട്ട് പറഞ്ഞു.

"നിന്നെപ്പിരിയാന്‍ ആശാനു സങ്കടമുണ്ട് കേട്ടാ... ന്നാലും പിരിയാതെ പറ്റില്ലല്ലാ.. ...മകാള് ഒന്നുകൊണ്ടും പേടിക്കണ്ട... ആശാന്‍ മൊതലാളിയോട്പറഞ്ഞ് എല്ലാം ഏര്‍‍പ്പാടാക്കീട്ടൊണ്ട്കെട്ടാ..."

ഏറുമാടം ഇരിക്കുന്ന സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി മറിയത്തിനു പണിക്കൂലിയായ് കൊടുക്കാനും, അതിനോടു ചേര്ന്നുള്ളോരു അഞ്ചേക്കര്‍ ഭൂമി തെളിച്ച് കൃഷിചെയ്യാന്‍ അനുവദിക്കാനും ആ സ്ഥലത്തിന്റെ വില സാവധാനം തന്നുതീര്‍ത്തുകൊള്ളുമെന്നും മറിയത്തിനുവേണ്ടി ആശാന്‍ മുതലാളിയോട് ശുപാര്‍ശചെയ്തിരുന്നു. മുതലാളി അതേപടി ചെയ്യുകയും മറിയം മണ്ണിനുടമയാവുകയും ചെയ്തു.


ഏറുമാടത്തിനകത്ത് പെരുമാറിക്കൊണ്ടിരുന്ന എല്ലാ സാധനങ്ങളും അത്യാവശ്യം വേണ്ട പണി ആയുധങ്ങളും മറിയത്തിനു കൊടുത്തിട്ട് ആശാനും ശിഷ്യന്മാരും കാടിറങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ തനിക്ക് കിട്ടിയ മണ്ണിലെ കാട് വെട്ടിത്തെളിക്കാനുള്ള ശ്രമത്തിലായിരുന്നു മറിയം. എന്നാല്‍ വീട്ടിലുണ്ടായിരുന്ന അരിയും മറ്റ് ആഹാര സാധനങ്ങളും തീര്‍ന്നപ്പോള്‍ കാട്ടില്‍നിന്നും പുറത്തിറങ്ങാതെ അവര്‍ക്ക് മറ്റുമാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.


അന്നു രാത്രി ഉറക്കത്തില്‍ മറിയം ജനിച്ചുവളര്‍ന്ന വീടും മരിച്ചുപോയ അമ്മയെയും സ്വപ്നം കണ്ടു... അമ്മയോടു കൂടെ കുറവിലങ്ങാട്ട് പള്ളിയിലേയ്ക്ക് തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ അമ്മയുടെ രൂപവും ഭാവവും മാറുകയാണ്....തലയില്‍ തട്ടമിട്ട ആസ്യത്താത്തയുടെ രൂപമായിരുന്നു അമ്മയ്ക്ക്..

മറിയം ഞെട്ടിയുണര്‍ന്നു... പതിവില്ലാതെ അവള്‍ക്ക് പേടിതോന്നിപൈലോയോട് ചേര്‍ന്നുകിടന്നിട്ട് അവള്‍ അയാളെ കുലുക്കിവിളിച്ചു....

അതേയ്...നാളെ നമുക്ക് ഒരിടം വരെ പോകണം...

ഉം.... അയാള്‍ മൂളി. ഉറക്കത്തിലാണോയെന്നറിയില്ല.


പിറ്റേന്നു മറിയം പൈലോയെയും കൂട്ടി കാട്ടുവഴിയിലൂടെ തിരിച്ചുനടന്നു. കുര്യേപ്പുമുതലാളിയുടെ ബംഗ്ലാവും കല്ലാര്‍ മുതിരപ്പുഴയില്‍ ചേരുന്ന കല്ലാറുകൂട്ടിയും കടന്ന് കൂമ്പന്‍‌പാറ മലയുടെ താഴ്വാരത്തിലൂടെ...

കൂമ്പന്‍പാറയിലെത്തിയപ്പോള്‍ മറിയത്തിനു കാര്‍ത്ത്യാനിചേച്ചിയെ ഓര്‍മ്മവരികയും പൈലോയെയും കൂട്ടി അവരുടെ വീട്ടിലേക്കു കടന്നുചെല്ലുകയും ചെയ്തു. ചെറുതെങ്കിലും കരിങ്കല്ലാല്‍ കെട്ടിയ ബലമുള്ള ഭിത്തികളുണ്ടായിരുന്നു ആ വീടിന്. കുര്യേപ്പുമുതലാളിയുടെ ബംഗ്ലാവിനു ചുറ്റുമുള്ളപോലെ ആഴത്തില്‍ കിടങ്ങുംതീര്‍ത്തിരുന്നു വീടിനുചുറ്റും.

സ്നേഹോഷ്മളമായ സ്വീകരണമാണ് അവിടെ മറിയത്തിനും പൈലോയ്ക്കും ലഭിച്ചത്. തന്റെ ആദ്യയാത്രയില്‍ ബസില്‍ വച്ച് ക്ണ്ടുമുട്ടുകയും അളന്നുതൂക്കി മാത്രം സംസാരിക്കുകയും ചെയ്തിരുന്ന കാതില്‍ തോടയിട്ട ആ സ്ത്രീയേയല്ല ഇവിടെ കാണുന്നത്. വാതോരാതെ വിശേഷങ്ങള്‍ പറയുന്ന വീട്ടുകാരി. റപ്പേലാശാനും കൂട്ടരും പോയതിനു ശേഷം മനുഷ്യരെ കാണാതിരുന്ന മറിയത്തിനു സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു ആ കൊച്ചുവീട്ടില്‍.

വീട്ടിലേയ്ക്ക് അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ കോതമംഗലത്തിനു പോകുന്നതിലും എളുപ്പം മൂന്നാറിനു പോകുന്നതായിരിക്കുമെന്ന് കാര്‍ത്ത്യാനിചേച്ചിയുടെ ഭര്‍ത്താവ് മറിയത്തിനോട് പറഞ്ഞു. അതു തന്നെയായിരുന്നു മറിയത്തിന്റേം ആഗ്രഹം... ആസ്യത്താത്തായെ കാണാമല്ലോ.

മൂന്നാറിലേയ്ക്ക് പിറ്റെദിവസമെ വണ്ടിയൊള്ളു. അന്നത്തെ ദിവസം സന്തോഷമായ് കാര്‍ത്ത്യാനിചേച്ചിയുടെ വീട്ടില്‍ ഉറങ്ങി.... എത്രയോ മാസങ്ങളായ് മരത്തിനു മുകളില്‍ ഉറങ്ങുന്നു.

പിറ്റേന്ന് ഉച്ചഭക്ഷണവും കഴിഞ്ഞാണ് മറിയവും പൈലോയും കാര്‍ത്ത്യാനിചേച്ചിയോടും കുടുമ്പത്തോടും യാത്രപറഞ്ഞിറങ്ങിയത്. അടിമാലിയില്‍ നിന്നും വീണ്ടും സ്വരാജ് ബസ്സില്‍ തന്നെയായിരുന്നു യാത്ര.

"ഇത്തവണ പെട്ടി എടുത്തില്ലേ പെങ്ങളേ .." പഴയ കണ്ടക്ടര്‍ മറിയത്തെ കണ്ടതേ തിരിച്ചറിഞ്ഞു..

മറിയം വീണ്ടും യാത്ര ആരംഭിച്ചു...വെള്ളക്കാരുടെ കിഴക്കന്‍ മലയിലെ സാമ്രാജ്യത്തിലേയ്ക്ക്... സഹ്യന്റെ തോളത്തുള്ള മൂന്നാറിലോട്ട്...


മലമുകളില്‍ മൂന്നാറൊരു വിസ്മയ ലോകമാണ് മറിയത്തിനു മുമ്പില്‍ തുറന്നത്.... വനത്തിന്റെ ഇരുളും കാഴ്ചയുടെ അടവും പെട്ടന്നകന്നു. നോട്ടമെത്താത്തിടത്തോളം പച്ചപരവതാനി വിരിച്ച് തേയിലചെടികള്‍... വെണ്‍‌മേഘങ്ങള്‍ ഭൂമിയിലേക്കിറങ്ങിവരുന്നു. കലപിലകൂട്ടി നടന്നുനീങ്ങുന്ന തോട്ടം തൊഴിലാളികളില്‍ കൂടുതലും സ്ത്രീകളാണ്. കുതിരപ്പുറത്ത് ചാടിത്തുള്ളിനീങ്ങുന്ന വെള്ളക്കാര്‍....എല്ലാം പുതുമയുള്ള കാഴ്ചകള്‍തന്നെ.

ആസ്യത്താത്തയുടെ പീടിക കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.... മൂവന്തിക്ക് തിരക്കിട്ട കച്ചവടം നടക്കുന്ന നേരമാണ്. അടുത്തു വന്നപ്പോഴാണ് താത്താ മറിയത്തിനെ കണ്ടത്...

"അള്ളാ...പടച്ചോനെ ആരാ യീ ബന്നേക്കണേ... അന്നെ യിന്നലേം ഞമ്മള് കിനാവുകണ്ടീക്കുണു മോളെ.."ആസ്യത്താത്ത പീടികയില്‍നിന്നും ചാടിയിറങ്ങിവന്ന് മറിയത്തിനെ കെട്ടിപ്പിടിച്ചു...

"എടാ ബലാലെ അനക്ക് ബേണോങ്ങി കച്ചോടം നടത്ത്വോ... പീട്യാ അടയ്ക്യോ ന്താന്നുബച്ചാ ചെയ്തോളിന്‍...ഞമമളു ബീട്ടിപോണ് ...അനക്കറിയോ യിതാരാ ബന്നേക്കണീന്ന്... ന്റെ പുന്നാര മോളാണ്...മൊഞ്ചത്തി..."

മറിയത്തിനേം കൂട്ടി ആസ്യത്താത്താ അവരുടെ വീട്ടിലേയ്ക്ക് നടന്നു.


(മൂന്നാറിന്റെ ചരിത്രവുമായ് അടുത്ത പോസ്റ്റ് തുടരും)