Thursday, 26 April, 2007

ചിമ്മാരുമറിയം -3

സേതുലക്ഷ്മിബായിയുടെ കല്ല് (ചിമ്മാരുമറിയം -3)

മഴയ്ക്ക് ഒരു താളമുണ്ട് ഒരു രാഗവും...അത് ദൈവം കൊടുത്തതാണ്. മണ്ണിനും മനുഷ്യനും അനുഗൃഹമായ് മഴയുടെ സംഗീതം പെയ്തിറങ്ങുന്നു. എന്നാല്‍ മനുഷ്യന്‍ ചിലപ്പോഴെല്ലാം മഴയുടെ താളവും രാഗവും നശിപ്പിക്കും...രാഗവും താളവും പിഴച്ചമഴ മണ്ണില്‍‌വീഴുമ്പോള്‍ അത് മണ്ണിനേയും മനുഷ്യനേയും നശിപ്പിക്കും.

ആസ്യത്താത്തയ്ക്കും മറിച്ചൊരഭിപ്രായമില്ല. എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യരുടെ പാപത്തിന്റെ ഫലമാണെന്നാണ് ഉമ്മായുടെ വിശ്വാസം.

"ദുനിയാവില് മനുസേന്മാരുടെ കൊള്ളരുതാമ പെരുകീപ്പം മയക്ക് ഹാലിളകിമോളെ...പുരാന്ത് പിടിച്ചമയക്കുണ്ടോ നല്ലമനുസേന്മാരെന്നും കെട്ടമനുസേന്മാരെന്നും നോട്ടം...."

ആസ്യത്താത്ത പഴംപുരാണത്തിന്റെ ഭാണ്ഡം തുറന്നപ്പോള്‍ ചിമ്മാരുമറിയം താല്പര്യത്തോടെ കേട്ടിരുന്നു.

കഥകള്‍ കേള്‍ക്കാന്‍ മറിയത്തിനിഷ്ടമാണ്. കടുത്തുരുത്തീലോട്ട് കെട്ടിച്ചുവിടുന്നതിനുമുമ്പ് കുറവിലങ്ങാട്ടെ വീട്ടില്‍ അപ്പച്ചന്‍ മക്കളെയെല്ലാം വിളിച്ചിരുത്തി കഥകള്‍പറഞ്ഞുതരുമായിരുന്നു. അതെല്ലാം നഷ്ടമായിട്ട് വര്ഷം പത്തുപന്ത്രണ്ടുകഴിഞ്ഞു, ചിമ്മാരുമറിയം വീണ്ടും കൊച്ചുകുട്ടിയായ്...കഥകേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകുട്ടി.

"ഉമ്മാ...ങും..ങും...."

ആസ്യത്താത്തായുടെ അരികില്‍നിന്ന കുട്ടി ചിണുങ്ങാന്‍ തുടങ്ങി.....വര്‍ത്തമാനത്തിനിടയില്‍ താത്തായ്ക്ക് കണ്ണില്ല, കാതില്ലാ.... ബ്രെയ്ക്കുമില്ല; പെരുമഴയത്ത് മലമുകളിലൊഴുകിയ കലക്കവെള്ളത്തിനുപോലും ഈ നാവിന്റെ ഒഴുക്കുണ്ടായിരുന്നില്ല....

"ഉമ്മോ...ങും..ങും...."

" യീ ബലാല്!! ....ജ്ജെന്തിനാണ്ടാ തൊള്ളതൊറക്കണേ...." ആസ്യത്താത്ത ചെക്കനുനേരെ കൈയോങ്ങി.

"നിക്ക് മൂത്രമൊയിക്കാന്‍ മുട്ടണ്‌മ്മാ..."

"കയ്യിമ്മേരുന്ന കായ് മുയ്‌വ്വോനും കൊടുത്ത് കണ്ട ബെടക്ക് ബെള്ളമെല്ലാം ബാങ്ങിക്കുടിച്ച് പള്ളബീര്‍പ്പിച്ചപ്പോയേ അന്നോടു ഞമ്മള് പറഞ്ഞാ?.....അബടനില്ല്.."

ആസ്യത്താത്താ വെളിയിലേക്കുനോക്കി...വണ്ടി വനത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പുള്ള ഇടത്താവളത്തിനോടടുത്തിരിക്കുന്നു..

"പുള്ളക്ക് ബയസ് പന്ത്ര്ര്ണ്ട് കയിഞ്ഞൂ...ഇപ്പയും കൊച്ചുകുട്ടിയാന്നാ ഓന്റെബിജാരം...ബാപ്പയില്ലാത്ത പുള്ളയല്ലേന്നുമ്പറഞ്ഞ് ഓമനിച്ച് ബഷളാക്കിക്കളഞ്ഞ്...." ആസ്യത്താത്ത ചിമ്മാരു മറിയത്തിനോടായ് പറഞ്ഞു.

ഏറെതാമസമില്ലാതെ വണ്ടി ജനവാസമുള്ള ഒരു കവലയില്‍ വന്നുനിന്നു. പെരിയാറിന്റെ തീരത്തുള്ള നേര്യമംഗലം.... ഇതാണ് ശരിക്കും പറഞ്ഞാല്‍ ഹൈറേഞ്ചിന്റെ കവാടം. ഇവിടന്നങ്ങോട്ട് ചെങ്കുത്തായ മലകയറിയുള്ള യാത്ര തുടങ്ങുകയാണ്. വെളിച്ചം കടക്കാത്ത വനത്തിലൂടെ.

"എല്ലാവര്‍ക്കും ഇറങ്ങാം ...ഇനി അരമണിക്കൂര്‍ കഴിഞ്ഞേ വണ്ടി പുറപ്പെടു..." വണ്ടിയുടെ കണ്ടക്ടര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

ചൂടായ എഞ്ചിന്‍ തണുപ്പിക്കാനുള്ള വെള്ളമെടുക്കാനായ് ഡ്രൈവറും ഇറങ്ങി.

ചായയോ കാപ്പിയോ കുടിക്കേണ്ടവര്‍ക്ക് കുടിക്കാനും അത്യാവശ്യ വിശ്രമമെടുക്കാനുമുള്ള ഇടത്താവള‌മാണിത്. ഇവിടെനിന്നുവിട്ടാല്‍ മൂന്നുമണിക്കൂറ് കഴിയണം അടുത്ത താവളമായ അടിമാലിയിലെത്താന്‍.

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിനുമുമ്പെതന്നെ മൂന്നാറിലെത്താനായ് സായിപ്പുതീര്‍ത്ത മനോഹരമായ ഒരു വഴിയുണ്ടായിരുന്നു. കോതമംഗലത്തുനിന്നും കുട്ടമ്പുഴ, മാങ്കുളം കാടുകളിലൂടെ പഴയമൂന്നാറിന്റെ വിരിമാറിലേയ്ക്ക് വന്നിറങ്ങിയിരുന്ന ആ വഴി, ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്നിലെ പേമാരി കഴുകിക്കളഞ്ഞു.

അതിനു ശേഷം സായിപ്പ് മൂന്നാറിലെ പ്ലാന്റേഷനില്‍ എത്താന്‍ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഇടത്താവളമാക്കി പുതിയ വഴികള്‍ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള തോട്ടം തൊഴിലാളികളും കുടിയേറ്റക്കാരും ശരിക്കും വലഞ്ഞു.

നേര്യമംഗലം കാട്ടിലൂടെയുള്ള ഈ വഴി അന്ന് യാത്രായോഗ്യമല്ലായിരുന്നു. കാട്ടില്‍നിന്നും മരക്കച്ചവടക്കാര്‍ മരം മുറിച്ച് നാട്ടിലെത്തിക്കാനായ് തീര്‍ത്ത പോത്തും വണ്ടിച്ചാലുകളാണ് പുതിയ റോഡായ് പരിണമിച്ചത്.

തിരുവിതാംങ്കൂര്‍ റാണി സേതു ലക്ഷ്മിഭായി നേര്യമംഗലത്ത് പെരിയാറിനുകുറുകെ ഒരു പാലം നിര്‍മ്മിച്ചതോടുകൂടി ഹൈറേഞ്ചിലേയ്ക്കുള്ള വഴിതെളിഞ്ഞു.

മൂന്നാറില്‍നിന്നും 'ഫിന്‍ലെ കമ്പനിയുടെ' തേയില കയറ്റിവരുന്ന ഏതാനും ലോറികള്‍ കൂടി കവലയില്‍ വന്നുനിന്നപ്പോള്‍ കവലയില്‍ കച്ചവടം പൊടിപൊടിച്ചു.

മൂത്രശങ്കയകറ്റിയത് ആസ്യത്താത്തയുടെ മകന്‍ റഹീമു മാത്രമല്ല... ആവശ്യക്കാര്‍ക്ക് എല്ലാസൗകര്യങ്ങളുമൊരുക്കി കുറ്റിക്കാട് വഴിയോരത്ത് നിറഞ്ഞുനില്‍ക്കുന്നു.

വഴിയോരത്തുള്ള കടയില്‍ തിന്നാനും കുടിക്കാനും യാത്രക്കിടയില്‍ കരുതാനുള്ളതും ലഭിക്കുന്നു.

"മോളെ ജ്ജ്ബാ...ന്റെകെട്ടിയോനെം ബിളിച്ചോളി...ബല്ലതും കയിച്ച് ത്തിരി ചൂടുബെള്ളോംകുടിക്കാം..." ആസ്യത്താത്ത മറിയത്തെ കാപ്പിക്കടയിലേക്ക് വിളിച്ചു.

"അന്റകയ്യീ കായില്ലാന്ന് ഞമ്മക്കറിയാം...അതോര്‍ത്ത് ജ്ജ് ബേജാറാവണ്ട.... അന്റ ഉമ്മയാണ് ബിളിക്കണതെന്ന് കൂട്ടിക്കോളിന്‍."

ഉമ്മയുടെ സ്നേഹത്തിനുമുമ്പില്‍ ചിമ്മാരുമറിയം കീഴ്പ്പെട്ടുപോയ് ഭര്‍ത്താവിനെയും കൂട്ടി അവള്‍ ആസ്യത്തെയെ അനുഗമിച്ചു. രാവിലെതൊട്ട് പട്ടിണിയായതിനാല്‍ നല്ല വിശപ്പുമുണ്ടായിരുന്നു.

കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും കാന്താരിമുളകരച്ച് തൈരില്‍ചാലിച്ച ചമ്മന്തിയും...
കുടിക്കാന്‍ ചുക്കും കുരുമുളകും ചേര്‍ത്ത കട്ടന്‍‌കാപ്പി.... രണ്ടാളും വയറുനിറയെക്കഴിച്ചു.

ബസിന്റെ ഡ്രൈവര്‍ ലോറിക്കാരോട് വഴിയിലോ പരിസരത്തോ ആനയിറങ്ങിയിട്ടുണ്ടൊ എന്ന് അന്വേഷിച്ചു.

ആന വഴിമുടക്കിയ കഥകളും ആന വണ്ടികുലുക്കിയകഥകളും പലരും പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചപ്പോള്‍ ആസ്യത്താത്തായ്ക്ക് കലികയറി.

"ങ്ങളൊന്ന് നിര്‍ത്തിന്‍.... ആന‍ ആനേന്റെ‌ബയിക്കും മനുശേന്മാരു മനുശേന്മാരുടെ ബയിക്കും പോയാമതി...ആരിക്കും ചേതോല്ലാ.."

സ്വരാജ് ബസ്സിന്റെ തണുത്ത എഞ്ചിന്‍ മലകയറാനായ് വിശ്രമത്തില്‍നിന്നും ഉണര്‍ന്നു...

ടുര്‍..ടുര്‍.......ട്രും..ട്രുര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

എല്ലാവരും വണ്ടിയില്‍ കയറിയെന്നുറപ്പുവരുത്തി കണ്ടക്ടര്‍ ഡബിള്‍ബെല്ലുകൊടുത്തു...

ടിം.. ടിം..

വണ്ടി സേതു ലക്ഷിബായിയുടെ പാലം കടന്നു....റാണിയുടെ നാമവും തിരുവിതാം കൂര്‍ രാജ്യത്തിന്റെ ശംഖ്മുദ്രയും പതിച്ച ഒരു സ്മാരക ശില പാലത്തിനു ശേഷം വഴിയരുകില്‍ സ്ഥാപിച്ചിരുന്നു. അതാണ് റാണിക്കല്ല്.

കാതില്‍ തോടയിട്ട സ്ത്രീ ഈണത്തില്‍ പാടി..

"നേര്യമംഗലം പാലമാണെ...റാണിക്കല്ല് സത്യമാണെ...."

പലരും ഏറ്റുപാടി...ദൈവത്തിലുള്ള വിശ്വാസം പോലെതന്നെ രാജാവിലും വിശ്വാസമുള്ളവരാണ് കുടിയേറ്റക്കാര്‍.... 'വിശ്വാസം' അതുമാത്രമാണ് പലര്‍ക്കും കൈമുതലായിട്ടുള്ളത്.

"അന്റ് വായിലുനാവുണ്ടല്ലേ..." ആസ്യത്താത്താ തോടയിട്ട സ്ത്രീയോടു ചോദിച്ചു.

മറുപടി ഒരു തുറിച്ചുനോട്ടത്തില്‍ ഒതുക്കി അവര്‍ ഒരു തോര്‍ത്തുമുണ്ടിനാല്‍ കാതുകള്‍ അടച്ചുകെട്ടി. കടുത്ത തണുപ്പില്‍നിന്നും അന്തരീക്ഷ മര്‍ദ്ധത്തിലെ വ്യതിയാനത്തില്‍നിന്നും തന്റെ ചെവികളെ രക്ഷിക്കുന്നതിലുപരി അടുത്ത മൂന്നുമണിക്കൂറികളിലെ ആസ്യത്താത്തയുടെ നോണ്‍‍സ്റ്റോപ്പ് സ്റ്റോറി ടെല്ലിംഗ് എന്ന കില്ലിംഗില്‍നിന്നും രക്ഷപെടുക എന്നതായിരുന്നു ആ സ്ത്രീയുടെ ലക്ഷ്യം.

"മോളെ ജ്ജ് ആദ്യയാത്തിരയല്ലേ...ഒരു തോര്‍ത്തുമുണ്ടിട്ട് കാത് മൂടിക്കോളിന്‍..." ആസ്യത്താത്ത മറിയത്തിനോടു പറഞ്ഞു.

"വേണ്ടുമമ.. ഉമ്മ കഥപറയ്..." മറിയത്തിനു ചരിത്രം കേള്‍ക്കാന്‍ തിടുക്കമായ്...

"അള്ളാ.... എല്ലാരൊം ഞമ്മളോട് കത പറയല്ലേന്ന് പറയും.. ജ്ജ്മാത്തരം കത പറയാനേക്കൊണ്ട് പറയൂം..."

ആസ്യത്താത്ത മുഖം തെളിഞ്ഞുചിരിച്ചു...

"ന്നാ കേട്ടോളിന്‍ .... പൂഞ്ഞാറ് രാശാബ് ബേട്ടയ്ക്ക് പോയ കത.....റഹീമിന്റ് ബാപ്പപ്റഞ്ഞുതന്ന കതകളാണെ...ഞമ്മള് നേരീ കണ്ടതല്ല..." ആസ്യത്താത്ത അടിപടലയില്‍ നിന്നും കഥ തുടങ്ങി.

അതെ... പൂഞ്ഞാറ് രാജാവ് വേട്ടയ്ക്ക് പോയതുമുതലല്ലെ ഹൈറെഞ്ചിന്റെ ചരിത്രം തുടങ്ങുന്നത്...

(ചരിത്രം തുടരും)

Saturday, 21 April, 2007

കടിഞ്ഞൂല്‍‌പേറ്

ചക്കരയുണ്ട ആശാന്റെ കീഴില്‍ കളരിയഭ്യാസം കഴിഞ്ഞ് ഞാനും എന്റെ വല്യേട്ടനും കൊച്ചേട്ടനും ചേച്ചിയും പഠിച്ച അതേ കോണ്‍‌വെന്റ് സ്കൂളില്‍ത്തന്നെ ചേര്‍ന്നുപഠിക്കാന്‍ തീരുമാനിച്ചു...

ഞങ്ങളുടെ സ്കൂള്‍ ഊട്ടിയില്‍നിന്നും വെറും മുന്നൂറ്കിലോമീറ്റര്‍ അകലെ വെള്ളത്തൂവല്‍ എന്ന സ്ഥലത്തായിരുന്നു. പാമ്പിന്റെ പുറത്തുനില്‍ക്കുന്നകുതിരപ്പുറത്ത് കുന്തം‌പിടിച്ചിരിക്കുന്ന പുണ്യാളന്റെ പേരില്‍ സ്ഥാപിതമായ ആ സ്കൂളിലേയ്ക്ക് പുതിയ ബേഗും പുതിയ കുടയും പുതിയ സ്ലേറ്റും പെന്‍സിലും ഒക്കെയായ് ഞാനും ജൂണ്‍‌മാസ മഴയുടെ അകമ്പടിയോടെ കടന്നുചെന്നു.

ആദ്യ ദിവസം തന്നെ ഞങ്ങളുടെ ക്ലാസ്ടീച്ചര്‍ ക്രിസ്റ്റീലാമ്മ എന്റെ സ്ലേറ്റില്‍ ഒരഭിപ്രായമെഴുതിത്തന്നു....

"തറ..."

പവ്വര്‍ ഹൗസിലെ എക്സിക്കൂട്ടിവ് എഞ്ചിനീയറുടെ മകന്‍ ബിജുതാനുവിന്റെ താഴെവീണാല്‍ ഉടയാത്തതരം വിലയേറിയ പാട്ട സ്ലേറ്റില്‍ എഴുതിയത്... "തല" (അവരപ്പനും മോനും തലയുള്ളകൂട്ടത്തില്‍ പെട്ടവരല്ലേ..)

കള്ളുകുടിയന്‍ മാത്തുച്ചേട്ടന്റെ പുന്നാര മകളുടെ സ്ലേറ്റില്‍ എഴുതിക്കൊടുത്തത് "പന.."

ഇത്തരം മുഖംനോട്ടവും തരംതിരിവുമുള്ള ഒരു സ്കൂളില്‍ പഠിക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിക്കാത്തതിനാലാണ് ഞാന്‍ അവിടെ പഠിപ്പിച്ചകാര്യങ്ങള്‍ ഒന്നും പഠിക്കാതിരുന്നത്.

പഠനത്തില്‍ മോശമായപ്പോള്‍ നിലനില്പിന്റെ ഭാഗമായിട്ടായിരിക്കണം ഞാന്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിക്ടീസിലേയ്ക്ക് തിരിഞ്ഞത്.... വളരെ താമസമില്ലാതെ ഞാന്‍ ഞങ്ങളുടെ സ്കൂളിലെ ഏറ്റവും നല്ല ഗായകനെന്നു പേരെടുത്തു.

ഞാന്‍ ഒരു ഗായകനായ് മാറിയതിന്റെ ഫുള്‍ക്രെഡിറ്റും എന്റെ വീട്ടുകാര്‍ക്കാണ്...വീട്ടിലെ ഏറ്റവും ഇളയമകന്‍ എന്നനിലയില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം വലിയ വായില്‍ കരഞ്ഞ് കരഞ്ഞ് ചെറുപ്രായത്തില്‍ തന്നെ എന്റെ സ്വരം തെളിഞ്ഞിരുന്നു.

ശുദ്ധ സംഗീതത്തിനു ശക്തമായ് മഴപെയ്യിക്കാന്‍ കഴിയുമെന്ന് മൂന്നാം ക്ലാസ്സില്‍ പഠീക്കുമ്പോള്‍ത്തന്നെ ഞാന്‍ തെളിയിച്ചുകൊടുത്തിരുന്നു....സംഭവം ഇങ്ങനെ - ഒരു ജൂലൈ മൂന്നാം തിയതി വി. തോമാസ്ലീഹാ ഭാരതത്തില്‍ വന്നതിന്റെ ഓര്‍മ്മ സ്കൂളില്‍ ആചരിച്ച ദിവസം...

"ഭാരതം കതിരുകണ്ടു...
ഭൂമുഖം തെളിവുകണ്ടു
മാര്‍ത്തോമാ നീതെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്
‍ആനന്ദ കാന്തികണ്ടു.... "

ഈ ഗാനം ഞാന്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ തുടങ്ങിയ മഴ നാലുമണിക്ക് സ്കൂള്‍ വിടുന്നതുവരെ പെയ്തു. പെരും മഴയത്ത് വീട്ടില്‍‌പോകാന്‍ വയ്യാതെ പിഞ്ചുകുട്ടികള്‍ വലഞ്ഞപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു.... ഇനി മേലാല്‍ പാട്ടുകള്‍ പാടുമ്പോള്‍ അല്പം മയത്തില്‍ പാടുക...

എഴുത്തുകാരന്‍ എത്രനന്നായിട്ടെഴുതിയാലും മഴപെയ്യില്ല...അഥവാ പെയ്താലും അത് കമന്റ് മഴയായിരിക്കും എന്ന തിരിച്ചറിവൊന്നും അന്നെനിക്കില്ലായിരുന്നു, എങ്കില്‍കൂടി എന്തെങ്കിലുമൊക്കെ എഴുതണം എന്ന ഒരു മോഹം എന്നെ പിടികൂടി....

എഴുതണം എന്നമോഹവും പേറി ഞാന്‍ ആ കാലം മുഴുവന്‍ നടന്നിട്ടും വര്‍ഷാവസാന പരീക്ഷയല്ലാതെ വേറൊന്നും എഴുതുവാന്‍ എനിക്ക് കഴിഞ്ഞില്ല.....

പരീക്ഷ എഴുതിയതാവട്ടെ ക്രിസ്റ്റീലാമ്മയ്ക്ക് കുരിശുകള്‍ വരച്ച് പഠിക്കാനെ ഉപയുക്തമായുള്ളു...(ചെമപ്പുമഷിയില്‍ എന്റെ ആന്‍സര്‍ ഷീറ്റ് നിറയെ ചെരിഞ്ഞ കുരിശുകള്‍ വരച്ചപ്പോള്‍ ക്രിസ്റ്റീലാമ്മടീച്ചര്‍ നമ്മുടെ കര്‍ത്താവ് യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണയാല്‍ കണ്ണുനീര്‍ വാര്‍ത്തുകരയുകയുണ്ടായ് എന്ന് സഹപ്രവര്‍ത്തകരായ മറ്റ് അമ്മമാര്‍ സാക്ഷ്യം വഹിക്കുന്നു. അന്നു ടീച്ചര്‍ മാര്‍ജിനില്‍ ഇട്ടുകൂട്ടിയിരുന്ന മുട്ടകള്‍ ടീച്ചറിന്റെ തന്നെ കണ്ണുനീര്‍ വീണു കുതിര്‍ന്ന് രൂപാന്തരം സംഭവിച്ചു. വാലും തലയും മുളച്ച മുട്ടകള്‍ യഥാക്രമം ഒമ്പത്, പത്ത്, പത്തൊമ്പത് എന്നെല്ലാം തെറ്റിദ്ധരിക്ക പ്പെട്ടപ്പോള്‍ ഞാന്‍ തലയുള്ള ബിജുതാനുവിനെ രണ്ടാം സ്ഥാനത്തെയ്ക്ക് പിന്‍‌തള്ളി ഒന്നാമനായ് നാലാം ക്ലാസിലേയ്ക്ക് കരേറ്റപ്പെട്ടു.)

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും എന്തെങ്കിലും എഴുതിയേതീരു എന്ന എന്റെ മൂന്നാം ക്ലാസ്സ് ആഗ്രഹം എന്നെ വിടാതെ പിന്തുടര്‍ന്നിരുന്നു. പക്ഷേ എന്തെഴുതും എങ്ങിനെ എഴുതും എന്നറിയാതെ വിരസമായ ദിനങ്ങള്‍, ഞാന്‍ തള്ളാതെതന്നെ സ്വയംനീങ്ങിക്കൊണ്ടിരുന്നു.

ഒരു ദിവസ്സം ഉച്ചയ്ക്ക് ഉപ്പുമാവും കഴിച്ചിട്ട് സ്കൂളിന്റെ മുറ്റത്തുള്ള മാവിന്റെചുവട്ടില്‍ കൂട്ടുകാരുമൊത്ത് തൊങ്കിപ്പിടുത്തം എന്ന കായികവിനോദത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ അവിചാരിതമായ് ഒരുഗ്രന്‍ പ്ലോട്ട് എന്റെ തലയില്‍ വന്നുവീണു. ആദ്യം ഞാന്‍ ഓര്‍ത്തത് ആരെങ്കിലും കല്ലുവെച്ചെറിഞ്ഞതാണെന്നാണ്... പിന്നെ മനസ്സിലായ് കല്ലിലും കടുത്തത്...കുറെ നാളുകളായ് ഞാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്ന കഥയുടെ ആശയമാണ് തലയില് വന്നിടിച്ചിരിക്കുന്നതെന്ന്.

പിന്നെ ആകെ പ്രശനമായിരുന്നു...

തലയില്‍ വന്നുദിച്ച ആശയത്തെ കടലാസിലോട്ട് പകര്‍ത്താനുള്ള അമിതാവേശത്തില്‍ കളിമതിയാക്കി ക്ലാസ്സിലേയ്ക്ക് ഓടിക്കയറുന്നതിനിടയിലാണ് സുകുമാരി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വരുന്നു എന്ന അപകട സൂചന പ്യൂണ്‍ മണിയടിച്ചറിയിക്കുന്നത്.

സൃഷ്ടിയുടെ വേദന അഥവാ പ്രസവ വേദന ...അതെന്താണെന്ന് ആ ചെറിയ പ്രായത്തില്‍ തന്നെ ഞാനറിഞ്ഞു...

"നിനക്കെന്താടാ കൃമികടിക്കുന്നുണ്ടോ?..." ഞെളിപിരികൊള്ളുന്ന എന്നോടുള്ള സുകുമാരി ടീച്ചറിന്റെ ഈ ചോദ്യമായിരുന്നു എഴുതിത്തുടങ്ങുന്നതിനും മുമ്പെ എന്റെ ആദ്യത്തെ കഥയ്ക്കു ലഭിക്കുന്ന ആദ്യത്തെ കമന്റ്.

കൃമികടിക്കുന്നത് തലച്ചോറിലായിരുന്നു.... അതും സംഭവ ബഹുലമായ ഒരു കുറ്റാന്വേഷണ കഥയുമായ് ബന്ധപ്പെട്ട കൃമികള്‍...അക്രമികള്‍.

ഒച്ച് ഗ്രീസിലുവീണപോലെയാ അന്ന് ടീച്ചറുമാര് ക്ലാസെടുത്തത്.... കൂട്ടത്തില്‍ മര്യാദ്ക്കാരിയും കുട്ടികളെ ദേഹോപദ്രവം ചെയ്യാത്തവളുമായ രാജമ്മ ടീച്ചറിന്റെ സാമൂഹ്യപാഠം ക്ലാസില്‍ വച്ച് ഞാന്‍ എന്റെ അടുത്തിരിക്കുന്നവനും മനസാക്ഷി സൂഷിപ്പുകാരനുമായ (നാലാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മനസാക്ഷി ഉണ്ടല്ലോ ഇല്ലേ....ഇനി മനസാക്ഷി ഉണ്ടാകാനുള്ള പ്രായം ആയിട്ടില്ലാന്നുണ്ടെങ്കില്‍ വെറും സൂഷിപ്പുകാരനായ എന്ന് വിളിക്കാം) സുഹൃത്തിനോട് എന്റെ തലയില്‍ വന്നുവീണ കുറ്റാന്വേഷണ കഥയുടെ ഏതാനും പീസുകള്‍ വെളിപ്പെടുത്തി.

ഞാന്‍ കാണിച്ചത് ശുദ്ധ മണ്ടത്തരമാണെന്ന് എനിക്കറിയാം. കോപ്പീ റൈറ്റ് എടുക്കുന്നതിനുമുമ്പെ ഇതൊന്നും എത്ര നല്ലസുഹൃത്തിനോടായാലും വെളിപ്പെടുത്താന്‍ പാടില്ലാത്തതാണ്... പക്ഷേ പറഞ്ഞില്ലായെങ്കില്‍ ഒരു സാഹിത്യ സൃഷ്ടിപോലും നടത്താതെ മൃതിയടഞ്ഞ ബാലസാഹിത്യകാരന്‍ എന്ന ബഹുമതി എനിക്ക് കിട്ടിയേനെ...അത്ര തീവ്രമായിരുന്നു ഞാന്‍ അനുഭവിച്ച സൃഷ്ടിയുടെ വേദന.

എഴുതാത്ത കഥയ്ക്കുള്ള രണ്ടാമത്തെ കമന്റ് കൂട്ടുകാരന്റെ വക...
"ഈ കഥ എഴുതി പൂര്‍ത്തിയാകുമ്പോള്‍ മനോരാജ്യം ആഴ്ചപ്പതിപ്പിനു അയച്ചുകൊടുക്കണം"
അവന്റെ കമന്റ് എന്റെ മനം കുളിര്‍പ്പിച്ചു.

ഒരു പ്രകാരത്തില്‍ നാലുമണിയായ്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ് പ്യൂണ്‍ കൂട്ട‌മണിയടിച്ചു.

വീട്ടില്‍ വന്നെത്തിയ എനിക്ക് ആഹാരം പോലും വേണ്ടായിരുന്നു... ഹോം വര്‍ക്ക് ചെയ്യാനെന്ന വ്യാജേനെ പുസ്തകക്കെട്ടുമെടുത്ത് വീടിനുപുറത്തിറങ്ങിയ ഞാന്‍ ആദ്യ സൃഷ്ടി നടത്താനുള്ള രഹസ്യമായ ഒരു സ്ഥലം തിരയുകയായിരുന്നു. വയ്കോല്‍ത്തുറുവിന്റെ അടിയില്‍ ഞാന്‍ ഒരു സെറ്റപ്പൊക്കെ റെഡിയാക്കിയപ്പോളേക്കും എഴുതാത്ത കഥയ്ക്കുള്ള മൂന്നാമത്തെ കന്റുമായ് അമ്മ അവിടെയെത്തി...

"നീയെന്താ...മുട്ടയ്ക്ക് പരുങ്ങുന്ന കോഴിയെപ്പോലെ... "

അമ്മയേം കുറ്റം‌പറയാനൊക്കില്ല. ഞാന്‍ പതിവില്ലാതെ അസ്സമയത്ത് പുസ്തകസഞ്ചിയും ഏറ്റിനടക്കുന്നതുകണ്ടപ്പോള്‍ അമ്മയും പേടിച്ചുപോയ്.

അവസാനം എല്ലാ വൈതരണികളും കടന്ന് ഞാന്‍ ജനറല്‍ സയിന്‍സിന്റെ നോട്ടുബുക്കെടുത്തുവച്ച് എതിര്‍ വശത്തുനിന്നെഴുതിത്തുടങ്ങി.

അത്യായം ഒന്ന്

സി ഐ ഡി മൂസ കാട്ടിലൂടെ ഉലാത്തുകയായിരുന്നു

ആ ആ അമ്മാ

ഠേ....ഒരു വെടിശത്തം

ഇത്രയും എഴുതിയപ്പോഴേയ്ക്കും ഞാന്‍ ക്ഷീണിച്ചു. പുസ്തകക്കെട്ടും പേറി വീട്ടില്‍ തിരിച്ചെത്തി ആഹാരം കഴിച്ചിട്ടാകാം ബാക്കി എഴുത്ത് എന്നു കരുതി അടുക്കളയില്‍ വന്നു. പിന്നെ എല്ലാം പതിവുപോലെ.

ഞാന്‍ എഴുതാന്‍ ഉദ്യേശിച്ച കഥയിലെ നായകന്‍ സി.ഐ.ഡി. മൂസയെപ്പോലും കടത്തിവെട്ടുന്ന പ്രകൃതമായിരുന്നു എന്റെ കൊച്ചേട്ടനു ചെറുപ്പത്തില്‍ - ഇപ്പോഴും അങ്ങിനെയൊക്കെത്തന്നെ...

ഞാന്‍ അടുക്കളയിലായിരുന്ന സമയത്ത് എന്റെ പണിപൂര്‍ത്തിയാകാത്ത സൃഷ്ടി കൊച്ചേട്ടന്‍ മോഷ്ടിക്കുകയും വീട്ടിലും നാട്ടിലും എല്ലായിടത്തും പരസ്യമാക്കുകയും ചെയ്തു...

പതിവില്ലാത്ത ചിരിയും ബഹളവും കേട്ടാണ് ഞാന്‍ അടുക്കളയില്‍നിന്നും മുറ്റത്തുവന്ന് നോക്കിയത്. എന്റെ കടിഞ്ഞൂലിനെ കൊച്ചേട്ടന്‍ പരസ്യമായ് എന്റെ മുമ്പില്‍ വച്ചുതന്നെ വസ്ത്രാക്ഷേപം ചെയ്തു -

ആക്ഷേപം ഒന്ന് -

സി ഐ ഡി മൂസ കാട്ടിലൂടെ ഉലാത്തുകയായിരുന്നു - സി ഐ ഡി മൂസ എന്നല്ല മനുഷ്യരാരും കാട്ടിലൂടെ ഉലാത്തുകയില്ല...

ആക്ഷേപം രണ്ട്-

ആ ആ അമ്മാ
ഠേ....
സാധാരണഗതിയില്‍ വെടി കൊണ്ടുകഴിഞ്ഞാണ് ക്ലയിന്റുകള്‍ "ആ ആ അമ്മാ..." എന്നു കരയുന്നത്...ഇവിടെ വെടികൊള്ളുന്നതിനുമുമ്പേ കരയുന്നു.. മരിച്ചുവീഴുന്നു...

ആക്ഷേപം മൂന്ന് -

സി ഐ ഡി മൂസ എന്നത് കോട്ടയംകാരന്‍ കണ്ണാടി വിശ്വനാഥന്റെ പ്രൈവറ്റ് പ്രോപര്‍ട്ടിയാണ്. നിനക്കുവേണമെങ്കില്‍ സി.ഐ.ഡി. കുഞ്ഞിക്കാദര്‍ എന്നോ... സി. ഐ. ഡി. മമ്മാലീന്നോ ഒക്കെ പുതിയതായ് ഒരാളെ സൃഷ്ടിച്ചെടുക്കണം.

എല്ലാരും ചിരിച്ചുമറിഞ്ഞപ്പോള്‍ ഞാനന്ന് ഒരുപാടു കരഞ്ഞു... പിന്നീടൊരിക്കലും ആ ജാതി എടുത്താല്‍ പൊങ്ങാത്ത പ്ലോട്ടുകള്‍ എന്റെ തലയില്‍ വന്ന്‌പതിച്ചിട്ടില്ല.

ഗര്‍ഭത്തിലെ അലസിപ്പോയ എന്റെ ആദ്യ കഥയുടെ പേരില്‍ നാട്ടുകവലമുഴുവനും ഇന്നും ചിരിക്കുന്നു....
എന്റെ മറ്റൊരു സൃഷ്ടിയും ഇത്രയധികം ആളുകളെ ചിരിപ്പിച്ചിട്ടില്ല....ഇത്രയധികം കമന്റുകള്‍ എനിക്ക് കിട്ടിയിട്ടുമില്ല. ആയിരക്കണക്കിനു കമന്റുകളാണെനിക്ക് ഇതിന്റെ പേരില്‍ ലഭിച്ചത്.... ഇന്നും ലഭിച്ചുകൊണ്ടുമിരിക്കുന്നു.

Wednesday, 18 April, 2007

ചിമ്മാരു മറിയം - 2

ആസ്യത്താത്ത....(ചിമ്മാരു മറിയം - 2)

കിഴക്കന്‍ മലകളുടെ തിരുമുറ്റമായ കോതമംഗലം, മനോഹരമായ ഒരു വാണിജ്യ നഗരം.

നഗരത്തില്‍ ഒരുപാട് കരിയും പുകയും വര്‍ഷിച്ചുകൊണ്ട് സ്വരാജ് ബസ്സ് അലസഗമനമാരംഭിച്ചു....പോകുന്ന വഴിനീളെ പൊടിയും പറത്തി.......ദൂരെ സഹ്യന്‍ തലഉയര്‍ത്തി വെല്ലുവിളിച്ചു നില്‍ക്കുന്നു..... നിത്യഹരിത‌വനങ്ങളും അതിലൊളിപ്പിച്ച അപകടങ്ങളുമായ്.

യാത്രക്കാരെല്ലാവരും മൗനത്തിലാണ്.....പാമ്പും ഗോവണിയും കളിയില്‍ തൊണ്ണൂറ്റിയൊമ്പതില്‍നിന്നും പാമ്പ്‌വിഴുങ്ങി പൂജ്യത്തിലേയ്ക്കു പോകുന്ന കളിക്കാരുടെ അവസ്ഥയിലായിരുന്നു അവരില്‍ ഭൂരിഭാഗവും.

ആദിമ മനുഷ്യന് കാടുമടുത്തപ്പോള്‍ അവന്‍ കഷ്ടപ്പെട്ട് നാടുണ്ടാക്കി, നാട്ടുമനുഷ്യനായ്... ...
യുഗങ്ങള്‍ക്ക് ശേഷം ഇതാ ജീവിക്കാനുള്ള പരക്കം‌പാച്ചിലില്‍ പുതിയ തലമുറ നാട്‌വിട്ട് കാടുകയറുന്നു. ശിലാ യുഗത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്.

"ഉമ്മാ....ആ കൊച്ചിനെ എടുത്തൊന്ന് മടിയിലിരുത്തീട്ട് ഈ പെങ്ങളേംകൂടിയൊന്നിരുത്ത്...."

വണ്ടിയുടെ ഏറ്റവും മുമ്പില്‍ ടൂള്‍ബോക്സിനുപുറത്ത് ഒരു കുട്ടിയേയും ചേര്‍ത്തുപിടിച്ചിരിക്കുന്ന മുസ്ലീം സ്ത്രീയോട് കണ്ടക്ടര്‍ ചിമ്മാരു മറിയത്തിനു വേണ്ടി ഒരു റെക്കമെന്റേഷന്‍ നടത്തിനോക്കി.

"ജ്ജ് ഓളെ ഞമ്മടെ മടീലിരുത്താനൊന്നും പറഞ്ഞില്ലല്ലാ.... പടച്ചോന്റെ ക്രിപ..." ഉമ്മ പ്രതികരിച്ചു.

മട്ടാഞ്ചേരിക്കാരി ആസ്യത്താത്ത വണ്ടിക്കും വണ്ടിക്കാര്‍ക്കും പുതുമുഖമല്ല....അതാണ് കന്നിയാത്രക്കാരുടെ ഭയമോ പരിഭ്രമമോ അവരില്‍ കാണാത്തത്.

"വന്നോളിന്‍...ഒള്ള സലത്ത് കുത്തിരിക്ക്..." നാവിനു നീളം കൂടുതലാണെന്നേയുള്ളു അലിവുള്ള മനസ്സാണുമ്മയ്ക്ക്.

രണ്ടുപേര്‍ക്കു പോലും ഇരിക്കാനിടം തികയാത്ത ടൂള്‍ ബോക്സിനു മുകളില്‍ ആസ്യത്തയേ കൂടാതെ വേറെ ഒരു സ്ത്രീയും ഇരിക്കുനനുണ്ട്, കാതില്‍ തോടയിട്ട് റൗക്കയും ഒറ്റമുണ്ടും വേഷമുള്ള ഒരു സ്ത്രീ...
മറിയം ഇരിക്കാനൊന്നുമടിച്ചു...

"ബല്യ പത്രാസുകാട്ടാണ്ട്‌ ബന്നോളിന്‍...യാത്ര തോനെയുളളതാ ബന്നോളിന്‍..." ആസ്യത്താത്തയ്ക്ക് മിണ്ടിപ്പറഞ്ഞിരിക്കാന്‍ ആളടുത്തില്ലങ്കില്‍ വല്യപ്രയാസമുള്ള കൂട്ടത്തിലാ. കന്നിയാത്രക്കാരെ അടുത്തുകിട്ടിയാല്‍ വളരെ സന്തോഷം. ഇത്തരം യാത്രകളില്‍ നിറുത്താതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ട് സംഭവങ്ങളേയുള്ളു.... ബസിന്റെ ഭര്‍ഗോ എഞ്ചിനും ആസ്യത്താത്തായുടെ നാവും.

വേറെ സ്ത്രീകളാരുംതന്നെ ആ വാഹനത്തില്‍ ഉണ്ടായിരുന്നില്ല...ബാക്കി മുഴുവന്‍ പുരുഷ കേസരികള്‍...ബലവാന്മാര്‍. കാരണം ഇതൊരു വിനോദയാത്രയല്ലല്ലോ... കാട്ടാനയോടും മലമ്പാമ്പിനോടും ഗുസ്തിപിടിക്കാനുള്ള യാത്രയല്ലേ.

വണ്ടി പുറപ്പെട്ടിട്ട് അഞ്ച് മിനിറ്റുപോലും കഴിഞ്ഞില്ല. വഴിയരുകില്‍ കണ്ട ഒരു കുരിശിന്‍ ചുവട്ടില്‍ ഡ്രൈവര്‍ വണ്ടി ഒതുക്കി നിറുത്തി. യാത്രക്കാരെല്ലാവരും തങ്ങളുടെ കൈയില്‍ കരുതിയിരുന്ന നാണയത്തുട്ടുകള്‍ അവിടെയുള്ള ഭണ്ഡാരത്തില്‍ വലിച്ചെറിഞ്ഞു.....
ഡ്രൈവറെറിഞ്ഞു.....കണ്ടക്ടര്‍ എറിഞ്ഞു...
ആസ്യത്താത്തായും റൗക്കയിട്ട സ്ത്രീയും നാണയം വലിച്ചെറിഞ്ഞു...

ദൈവത്തിന്റെ ടോള്‍ഗേറ്റാണിത്... ഇവിടുത്തെ അധികാരി മാര്‍ ബസേലിയൂസും.

കാടും മലയും കയറുന്നതിനുമുമ്പെ അവിശ്വാസികള്‍ പോലും ഉള്ളില്‍ പറഞ്ഞുപോകും....
"അപകടം വരുത്താതെ കാത്തോളണേ...."

(ഹൈറേഞ്ചിലെയ്ക്കുള്ളയാത്രയുടെ ആരംഭത്തില്‍ കോതമംഗലത്ത് ഇന്നും ഈ 'ദൈവത്തിന്റെ ടോള്ഗേറ്റ് സജീവമാണ്)

ചിമ്മാരു മറിയത്തിന്റെ ഉള്ളില്‍ ഓര്‍മ്മകള്‍ തിരതല്ലി...

അപ്പന്‍ മരിക്കുന്നതിനുമുമ്പെ കുറവിലങ്ങാട്ടെ തറവാട്ടുവീട്ടില്‍നിന്നും എല്ലാവര്‍ഷവും കന്നിഇരുപതിനു പുണ്യാളന്റെ കബറിടം സന്ദര്‍ശിക്കുമായിരുന്നു. മക്കളെ അടുത്ത്‌വിളിച്ചിരുത്തി അപ്പന്‍ പുണ്യാളന്റെ കഥ പ്റഞ്ഞുതന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

പറങ്കികള്‍ കേരളത്തില്‍വന്ന് ഇവിടുത്തെ ക്രിസ്ത്യാനികളെ അവരുടെ വേദം പഠിപ്പിച്ച് വഴിതെറ്റിച്ചപ്പോള്‍ മാര്‍ത്തോമാ സ്ലീഹയാല്‍ സ്ഥാപിതമായ ഇന്‍ഡ്യയിലെ സഭയെ അതിന്റെ തനിമയില്‍ കാത്തുപരിപാലിക്കാനുള്ള ദൗത്യം സ്വയമേറ്റെടുത്തു വിശുദ്ധ എല്‍ദോ മാര്‍ ബസേലിയൂസ്. തൊണ്ണൂറു വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്നപ്പോഴാണ് സിറിയായില്‍നിന്നും അത്യന്തം ദുരിതപൂര്‍ണ്ണമായ ഈ യാത്രയ്ക്ക് പുണ്യവാന്‍ ഒരുങ്ങിയത്. കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയിലുവന്ന് ചേന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിഞ്ഞു, അതിന്റെ ഓര്‍മ്മപ്പെരുന്നാളാണ് കന്നി ഇരുപതിനു കൊണ്ടാടുന്നത്.

ഇവിടെ വന്ന് ആ കബറിമൊന്നു വണങ്ങണമെന്ന് എത്ര നാളുകൊതിച്ചിരുന്നതാ.... ഇന്നിപ്പോള്‍ ഗതികെട്ടവളായിട്ടെങ്കിലും ഈ നടയില്‍ വന്നെത്താന്‍കഴിഞ്ഞല്ലൊ.

മറിയം ഉള്ളുനുറുങ്ങി വിളിച്ചു, പുണ്യാള ഞങ്ങളെ ഒരു കരപറ്റിക്കണെ.....


"ജ്ജ്ന്താണുമോളെ കായെറിയാത്തത്....അന്റ്ടുത്ത് കായില്ലങ്കിപ്പറാന്ന് ഞമ്മളുതരാ...നിശേതം കാട്ടരുത് ഉമ്മയ്ക്ക് അനുബവം കൂടുതലുതോണ്ട് പറേണതാണേന്നുകൂട്ടിക്കോളിന്‍...."

കുടിയേറ്റക്കാര്‍ക്ക് ജാതിയോ മതമോ നോക്കിയുള്ള വിശ്വാസമല്ല....
ഇനിയുള്ള യാത്ര ഒരു ഞാണിമേല്‍ക്കളിയാണെന്നെല്ലാവര്‍ക്കും അറിയാം. ഒരാളുടെ അവിശ്വസ്ഥതയുടെ ശിക്ഷ പങ്കിടേണ്ടിവരുന്നത് എല്ലാവരും കൂടിയാണെന്ന ചിന്തയാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

കരിയും പുകയും പൊടിയും പറത്തി വണ്ടി നീങ്ങുകയാണ്. നിരത്തുകള്‍ക്കിരുവശവുമുള്ള കടകളും വീടുകളും പിന്നിലേയ്ക്ക് ഓടി മറയുന്നത് മറിയം ശ്രദ്ധിച്ചില്ല. അവള്‍ യാത്രക്കരുടെ ഇടയില്‍ പൈലോയെ ത്തിരഞ്ഞു.... ഇരിക്കാന്‍ സീറ്റ്കിട്ടിയിട്ടുണ്ടാവില്ല പാവത്തിന്. വണ്ടിയില്‍ പൂഴിവാരിയിട്ടാല്‍ താഴെ വീഴാത്തവണ്ണമുള്ളതിരക്കാണ്.


ആസ്യത്താത്ത മറിയത്തിന്റെ മുഖ്ത്തുനോക്കി വെറ്റിലക്കറയുള്ള പല്ലുകള്‍കാട്ടിച്ചിരിച്ചു.

"ജ്ജാദ്യായിട്ടാ മലേലെയ്ക്ക്?.."

"ങും.."

"ത്ര് ചെറുപ്രായത്തിലു ബരേണ്ടിയിരുന്നാ മോളേയനക്ക്..."

"വേറെമാര്‍ഗ്ഗ‌മൊന്നും കണ്ടില്ലാ ഉമ്മാ..." ഒരുവേള മറിയത്തിന്റെ കണ്ണു നിറഞ്ഞോ!......
കണ്ണ് നിറയ്ക്കാനാണെങ്കില്‍ ഈ സാഹസ യാത്രയ്ക്കിറങ്ങി പുറപ്പെടേണ്ടതില്ലായിരുന്നല്ലോ...നാട്ടില്‍ അതിനു ധാരാളം കാരണങ്ങളും ഉണ്ടായിരുന്നു.

"അന്റെ കെട്ടിയവനാ കൂടെബന്നീക്കണെ .... "

"ഉം.."

"ന്റെ റഹീമിന്റെ ബാപ്പ പോയീട്ടാ..."

"ആരാ റഹീം?..."

"ന്റെ പുള്ളാ...അല്ലാണ്ടാരാ.... ഓന്റെ ബാപ്പേന്റകാര്യാ പറഞ്ഞത്...."

"റഹീമിന്റെ ബാപ്പ എവിടെയാ പോയത്?..."

"അതൊരു ബല്യകതയാണുപുള്ളേ.. ..തൊണ്ണൂറ്റാറിലെ ബെള്ളപ്പൊക്കത്തിലു കുളിക്കാന്‍പോയതാണ്....പിന്നെ ബന്നിട്ടില്ലാ.....ഈ ദുനിയാവിലെബിടെങ്കിലും നീന്തി നടക്കണുണ്ടാവൂന്ന് ഞമ്മളാശിച്ച്.... ബര്‍ഷം പത്ത് കയിഞ്ഞിരിക്കണ്....ഇനി ബരൂല്ലാരിക്കും...."

ഒറ്റപ്പെട്ട വീടുകളും കൃഷിയിടങ്ങളും കഴിഞ്ഞു... വഴി തീര്‍ത്തും വിജനമായ്....സ്വരാജ് ബസിന്റെ എഞ്ചിന്‍ അലറിക്കൊണ്ടിരുന്നു.....

ആസ്യത്താത്തായുടെ നാവിന്റെ കെട്ട് പൂര്‍ണ്ണമായും അഴിഞ്ഞു...

"സായ്‌വിന്റെ വെംഗ്ലാവീന്ന് ജോലീം കയിഞ്ഞ് റഹീമിന്റെ ബാപ്പ ബീട്ടില് മയ നനഞ്ഞാ ബന്നത്.... അന്നെന്റെ പള്ളേലാണ് റഹീമിന്റെ അനുശ്ന്‍..."


കിഴക്കന്‍ മലകളെപ്പോലും മുക്കിക്കളഞ്ഞ ആയിരത്തി ത്തൊള്ളായിരത്തി ഇരുപത്തൊന്നിലെ മഴയേയും വെള്ളപ്പൊക്കത്തേയും കുറിച്ച് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...

"മയേന്നുപറഞ്ഞാ...ഇതുപോലൊരുമയ ബൂമിമലയാള്ത്തിലു കണ്ടിട്ടില്ലള്ളോ!!!.."

(ചരിത്രം തുടരും)

Friday, 13 April, 2007

ചിമ്മാരു മറിയം

നാട്ടുകവലയുടെ തന്ത്രപ്രധാന ഭാഗത്ത്‌ വികസനത്തിനു വിലങ്ങം നിന്നിരുന്ന ഒരഞ്ചര സെന്റ്‌ ചതുപ്പ്നിലം ഉണ്ടായിരുന്നു. പഞ്ചായതിന്റെ വികസന ഫണ്ടും പൗരന്മാരുടെ മസ്സില്‍പവറും പിന്നെ സാധാ മണ്ണും ഉപയോഗിച്ച്‌ ആ ചതുപ്പ്‌ നികത്തിയെടുത്തതിനു പിന്നില്‍ ആ വര്‍ഷത്തെ പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ട്ര പിതാവിന്റെ നാമത്തില്‍ ഒരു വായന ശാലയും അതിന്റെ മുറ്റത്ത്‌, അഞ്ഞൂറിന്റെ നോട്ടില്‍ ബാപ്പുജി നില്‍ക്കുന്ന അതേ പോസിലുള്ള ഒരു പ്രതിമയും സ്ഥാപിക്കുക.

നാട്ടുനടപ്പനുസരിച്ച്‌ ഭരണ പക്ഷത്തിന്റെ തീരുമാനങ്ങള്‍; അതെന്തായാലും എതിര്‍ക്കുക എന്നതാണല്ലോ പ്രതിപക്ഷ മര്യാദ....... ഇവിടെയും ശക്തമായ എതിര്‍പ്പുമായ്‌ പ്രതിപക്ഷം രംഗത്തിറങ്ങി.

രാഷ്ട്ര പിതാവിനുപോലും ബഹുമാനം കൊടുക്കാത്ത മൂരാച്ചികളേ എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിപക്ഷത്തെ ഒന്നടങ്കം വിളിച്ചാക്ഷേപിച്ചപ്പോള്‍ ബധല്‍ പ്രസ്താവനയുമായ്‌ പ്രതിപക്ഷ നേതാവ്‌ രംഗത്തുവന്നു.

കവലയില്‍ ആള്‍സഞ്ചാരം കൂടുതലുള്ള ഒരു വൈകുന്നേരം മൈക്ക്‌ വച്ചുകെട്ടി താല്‍പര്യമുള്ളവരെന്നോ ഇല്ലാത്തവരെന്നോ പാര്‍ട്ടി അനുഭാവികളെന്നോ പ്രതിയോഗികളെന്നോ വെത്യാസമില്ലാതെ സഹല ജനങ്ങള്‍ക്കുവേണ്ടിയും പ്രതിപക്ഷം നയം വ്യക്തമാക്കി.

സര്‍വ്വാദരണീയനായ രാഷ്ട്രപിതാവിനു ലോകം മുഴുവന്‍ സ്മാരകങ്ങള്‍ ഉള്ളപ്പോള്‍, ചിമ്മാരു മറിയച്ചേടത്തിക്ക്‌ ഈ ലോകത്തെവിടെയെങ്കിലും ഒരു സ്മാരകമുണ്ടോ എന്നായിരുന്നു മൈക്രോഫോണിന്റെ കഴുത്തു ഞെരിച്ചുകൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ ആദ്യമായ്‌ ചോദിച്ചത്‌.

ബാപ്പുജി വെള്ളക്കാരെ ഇന്‍ഡ്യയില്‍നിന്നും തുരത്തി നമുക്ക്‌ സ്വാതന്ത്ര്യം വാങ്ങിത്തന്നു....... അതുപോലെ തന്നെയല്ലെ മറിയച്ചേടത്തിയും ചെയ്തത്‌. കാട്ടുമൃഗങ്ങളെ ഇവിടെ നിന്നും ഓടിച്ച്‌ ഈ നാട്ടുകവല ജനവാസയോഗ്യമാക്കിത്തന്ന കാര്യം പുതിയതലമുറയ്ക്കറിയില്ലായിരിക്കാം പക്ഷേ ഭരണപക്ഷവും ഇവിടുത്തെ പഴയ തലമുറയും ഈ സംഭവങ്ങള്‍ മറന്നുകളയുന്നതിനെ എങ്ങിനെ ന്യായീകരിക്കും!! ....

മറിയച്ചേടത്തിയുടെ പേരില്‍ ഈ രാജ്യത്ത്‌ ഒരു പാലമോ, ഒരു വിമാനത്താവളമോ, ഒരു യൂണിവെഴ്സിറ്റിയോ ഒന്നും വേണമെന്നു നേതാവ്‌ ആവശ്യപ്പെട്ടില്ല പകരം ചതുപ്പുനികത്തി ബാപ്പുജിയുടെ സ്മാരകം പണിയാന്‍ തീരുമാനിച്ച സ്ഥലത്ത്‌ ചിമ്മാരു മറിയം മെമ്മോറിയല്‍ വായന ശാലയും, അതിന്റെ മുറ്റത്ത്‌ ചട്ടയും മുണ്ടുമുടുത്ത്‌ തൂമ്പായും കുത്തിപ്പിടിച്ചുനില്‍ക്കുന്ന മറിയച്ചേടത്തിയുടെ ഒരു പൂര്‍ണ്ണകായപ്രതിമയും സ്ഥാപിക്കുക. അതുമാത്രമേ പ്രതിപക്ഷം ആവശ്യപ്പെടുന്നൊള്ളു...

കൂടാതെ തങ്ങളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ അംഗീകരിച്ചില്ലങ്കില്‍ കവലയിലെ ജനജീവിതം ഏതെല്ലാം വിതത്തില്‍ സ്തമ്പിപ്പിക്കും എവിടെയെല്ലാം ഹര്‍ത്താലാചരിക്കും എവിടെയെല്ലാം പിക്കറ്റിഗ്‌ ഉണ്ടാകും ...തുടങ്ങിയ സമരമുറകളേക്കുറിച്ചും നേതാവ്‌ തൊണ്ടകീറി അലറുന്നുണ്ടായിരുന്നു... അതൊന്നും അതികമാരും ഗൗനിച്ചില്ല..പക്ഷേ കവല നിവാസികളുടെ നെഞ്ചിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങിയ ഒരു ചാട്ടുളിയായ്മാറി ചിമ്മാരു മറിയത്തിന്റെ ഓര്‍മ്മകള്‍...

ഫാസ്റ്റ്ഫുഡ്‌ തട്ടുകടയും സൂപ്പര്‍ഫൈന്‍ അരിലഭിക്കുന്ന റേഷന്‍ കടയും ഒക്കെ കവലയില്‍ വന്നപ്പോള്‍ ഞങ്ങള്‍ കുറേ അഹങ്കരിച്ച്പോയ്‌, നടന്നു വന്ന വഴികള്‍ മറന്നു....ഘോരവനത്തിലൂടെ ആ വഴികള്‍ തെളിച്ചുതന്ന ചിമ്മാരു മറിയച്ചേടത്തിയെ മറന്നു...

പരിഹാരം ചെയ്യാന്‍ പിന്നെ മത്സരമായിരുന്നു...

ചിമ്മാരുമറിയം വക വായന ശാല ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ നാട്ടുകവലയിലെ എല്ലാ പൗരന്മാരും ചേര്‍ന്നു പണിതീര്‍ത്തു, അവിടെ വായനയും തുടങ്ങി. പ്രതിമ സ്ഥാപിക്കാനുള്ള തറയെല്ലാം റെഡിയായ്‌ അവിടെ ഒരു തൂമ്പ ഓള്‍റെഡി സ്ഥാപിച്ചുകഴിഞ്ഞു...മറിയച്ചേടുത്തിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ കുഞ്ഞിരാമേട്ടനു കരാര്‍ കൊടുത്തു... 'മലമ്പുഴയില്‍ ഉപയോഗിച്ച പാറ്റേണ്‍ ഇവിടെയും ഉപയോഗിക്കും' എന്നാണു പത്രക്കുറിപ്പില്‍ കുഞ്ഞുരാമേട്ടന്‍ പ്രസ്താപിച്ചത്‌.

ചായക്കടയിലും ബാര്‍ബര്‍ ഷാപ്പിലും കള്ളുഷാപ്പിലും മാത്രമല്ല നാലാളുകൂടുന്നിടത്തൊക്കെ പുതിയ തലമുറയ്ക്ക്‌ കേള്‍ക്കാനായ്‌ പഴയ തലമുറകള്‍ ചിമ്മാരു ചരിതം റിലേയ്‌ ചെയ്തു......വിത്‌ പൊടിപ്പ്സ്‌ ഏന്‍ഡ്‌ തൊങ്ങല്‍സ്‌...

മധ്യതിരുവിതാംകൂറില്‍ ചിമ്മാരു എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സാധാ നസ്രാണിക്കുടുമ്പത്തിലെ ദൈവ ഭയമുള്ള മാതാപിതാക്കളുടെ പതിമൂന്നു മക്കളില്‍ ഒടുക്കത്തവള്‍...സുന്ദരി, സുമുഖി. അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ പതിമൂന്നാം വയസില്‍ അപ്പനും അമ്മയും പറഞ്ഞതനുസരിച്ച്‌ മുഖത്തു നോക്കാതെ അവള്‍ ഒരു ചെറുക്കന്റെ മുമ്പില്‍ തലകുനിച്ചു...അവനു താലിച്ചരട്‌ കോര്‍ത്തുകെട്ടാനെളുപ്പത്തിനു.

കടുത്തുരുത്തിക്കാരന്‍ ഒരു പൗലോസ്‌... അവനാണു മറിയത്തിന്റെ കഴുത്തില്‍ താലികെട്ടിയത്‌ - കെട്ടി എന്നു പറഞ്ഞാല്‍ അതു സത്യവിരുദ്ധമാവും, ഒരു ചരട്‌ ഊരാക്കുടുക്കിട്ട്‌ നേരേ ചൊവ്വേ കെട്ടാനൊന്നും പൈലോയ്ക്കു മിടുക്ക്‌ ഇല്ലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ...കുറച്ചു നേരം ശ്രമിച്ചുനോക്കിയിട്ടും കെട്ടാന്‍ പറ്റാതിരുന്നതിനാല്‍ വെറുതെ രണ്ടുതുമ്പും കൂട്ടി പിരിച്ച്‌ വച്ചു അത്രതന്നെ...

പുതുമണവാളന്റെ മട്ടും മാതിരീം ഒക്കെകണ്ട്‌ ആദ്യം ബന്ധുക്കളും പിന്നെ അയല്‍ക്കാരും നെടുവീര്‍പ്പിന്റെ അകമ്പടിയോടെ പറഞ്ഞുപോയ്‌..." ശ്ശോ...പാവം പെങ്കൊച്ചിനു ഈഗതിവന്നല്ലോ എന്റെ പരുമലത്തിരുമേനി..."

എന്നാല്‍ മറിയം ഒന്നും കേട്ടില്ല; അവള്‍ ഒന്നും അറിഞ്ഞില്ല; വര്‍ഷം രണ്ടുകഴിഞ്ഞിട്ടും മറിയം തന്റെ ഭര്‍ത്താവിന്റെ മുഖത്ത്‌ നോക്കുകയോ അയാളോടു എന്തെങ്കിലും സംസാരിക്കുകയോ ചെയ്തില്ല. അന്നത്തെ ട്രെന്റനുസരിച്ച്‌ ഒരു കുട്ടിയൊക്കെ ആയതിനു ശേഷമാണു നോട്ടോം പറച്ചിലും തുടങ്ങുന്നത്‌. ഇവിടെ കുട്ടീം ഉണ്ടായില്ല നോട്ടോം ഉണ്ടായില്ല...

മണകൊണാഞ്ചന്‍, കിഴങ്ങേശ്വരന്‍ എന്നീ കാറ്റഗറിയില്‍ പൈലോയെ ചേര്‍ക്കാന്‍ പ്രത്യേക പരീക്ഷകള്‍ എഴുതിക്കേണ്ട കാര്യമില്ല. ഈ കഥാപുരുഷന്റെ മിടുക്ക്‌ ഒന്നുകൊണ്ട്‌ മാത്രമാണു ഇവരുടെ കല്യാണത്തിന്റെ പൊരുത്തുകാരനു നാടുവിട്ട്പോകാനുള്ള ഭാഗ്യം ലഭിച്ചത്‌. ചിമ്മാരു കുടുമ്പത്തിലെ ആണുങ്ങളെല്ലാംകൂടി തങ്ങളുടെ കുടുമ്പത്തോടുചെയ്ത സേവനത്തിനു പകരമായ്‌ ഈ പൊരുത്ത്കാരനെ 'പൊന്നാട'യില്ലതെ ഒന്നു 'ചാര്‍ത്തി' ബഹുമാനിക്കാന്‍ തീരുമാനിച്ചപ്പോഴേയ്ക്കും കക്ഷി നാടുവിട്ടു.

പത്തുപൈസ കുറവുള്ളവനില്‍ വിവാഹശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തായിരിക്കും എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു ചുരുക്കത്തില്‍ ഈ കല്യാണം. സ്ത്രീധനമായ്‌ കിട്ടുന്ന തരക്കേടില്ലാത്ത തുകയില്‍ നിന്നും വെറും പത്തുപൈസ എടുത്തുവച്ചാല്‍ തങ്ങളുടെ മകന്റെ മാനസികാഅക്കൗണ്ട്‌ ടാലിയാകും എന്നൊരു അതിമോഹം പൈലോയുടെ അപ്പനും അമ്മയ്ക്കും ഉണ്ടായിരുന്നു.പോക്കറ്റുമണിയായ്‌ കിട്ടിയ നൂറുരൂപയും പെണ്ണിന്റെ അവകാശമായ്‌ കിട്ടിയ അരയേക്കര്‍ പുരയിടവും പൈലോയുടെ പത്തുപൈസായുടെ കുറവു നികത്താന്‍ പര്യാപ്തമായില്ല.

"ഇനി ഒരു കച്ചവടം തുടങ്ങിക്കൊടുത്താല്‍ അവന്‍ മിടുക്കനായ്ക്കോളും...", പുതിയ ആശയം അവതരിപ്പിച്ചത്‌ പൈലോയുടെ അമ്മയായിരുന്നു...വീണ്ടും പൈലോയെ വച്ചുള്ള പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചു.

വെറും പൈലോ അരിക്കച്ചവടക്കാരന്‍ പൈലോ ആയിമാറി. മറിയത്തിന്റെ വീതമായ്ക്കിട്ടിയ വസ്തുവിറ്റാണു പീടികയ്ക്കുള്ള മൂലധനം സ്വരൂപിച്ചത്‌.കച്ചവടത്തിനു സഹായിക്കാന്‍ ഒരു അസിസ്റ്റന്റും ഉണ്ടായിരുന്നു. കച്ചവടത്തിന്റെ ട്രിക്കുകള്‍ പഠിപ്പിച്ചുകൊടുക്കാനുള്ള ഒരു താല്‍ക്കാലിക നിയമനമായിരുന്നു അത്‌. രാവിലെ തൂക്കുപാത്രത്തില്‍ പൈലോ മൊതലാളിക്കുള്ള ചോറും ചുമ്മിക്കൊണ്ട്‌ പോയിരുന്നത്‌ ഈ അസിസ്റ്റന്റ്‌ ആയിരുന്നു. രാത്രി തിരിച്ച്‌ വീട്ടില്‍ കൊണ്ടുവന്നു വിടുന്നതുവരെ മുതലാളിയുടെയും കച്ചവടത്തിന്റെയും കാര്യങ്ങള്‍ നോക്കിയിരുന്നതും ഈ അസിസ്റ്റന്റ്‌ തന്നെ.

"ന്റെ മോനു സാമര്‍ത്ഥ്യം ഇല്ലാന്നാരാ പറഞ്ഞേ...കണ്ടില്ലേ പീഡ്യേടെ താക്കോലൊക്കെ അവനൊറ്റയ്ക്കാ കൊണ്ടുനടക്കണേ ..." എന്ന് പൈലോയുടെ അമ്മ അഭിമാനത്തോടെ പറഞ്ഞു... ഇവിടെ, 'കാകനും തന്‍ കുഞ്ഞ്‌ കനകക്കുഞ്ഞ്‌' എന്നു ഞാന്‍ എന്റെ ഒരു കവിതയില്‍ പറഞ്ഞകാര്യം ഓര്‍ക്കാവുന്നതാണു.

അരിക്കച്ചവടംകൊണ്ട്‌ നല്ല ഇമ്പ്രൂവ്‌മന്റ്‌ ഉണ്ടായ്‌...ആളു നന്നായ്‌, സാമ്പത്തീകമായും ഒരുപാടുവളര്‍ന്നു....പൗലോ അല്ല പൗലോയുടെ അസിസ്റ്റന്റ്‌...പൈലൊ വീണ്ടും കിഴങ്ങേശ്വരന്മാരുടെ ബൂലോഗക്ലബിലെ സ്ഥിരാംഗമായ്‌ തുടര്‍ന്നു.

എന്നിട്ടും കഥാ നായിക മറിയം ഒന്നും അറിഞ്ഞില്ല....അവള്‍ ഇതുവരെ പൈലോയുടെ തിരുമുഖം ദര്‍ശിച്ചിട്ടില്ല...അക്കൗണ്ടിലെ പത്തുപൈസയുടെ വലിയ കമ്മിയേപ്പറ്റി ആരും അവളെപ്പറഞ്ഞു ബോധ്യപ്പെടുത്തിയുമില്ല... നാട്ടു നടപ്പ്‌ അന്ന് അങ്ങനെ ആയിരുന്നു.

ഏതാനും വര്‍ഷങ്ങളെ ആരൊക്കെയോകൂടി ഉന്തിത്തള്ളി കടത്തിവിട്ടു. മറിയത്തിന്റെ മാതാ പിതക്കളും ചില അടുത്ത ബന്ധുക്കളും വീടിന്റെ ഭിത്തീമ്മെലോട്ട്‌ പല്ലികളുടെ ഒപ്പം പിടിച്ചുകയറിയപ്പോള്‍ മറിയത്തിനോട്‌ സഹതപിക്കാനും ആരുമില്ലാതായ്‌...


വിശപ്പുകൊണ്ടു പൊറുതിമുട്ടിയ ഒരു ദിവസം ആചാര മര്യാദകള്‍ തെറ്റിച്ച്‌ മറിയം ഭര്‍ത്താവിനെ കണ്ണുതുറന്നു നോക്കി...പലതും കണ്ടു പലതും മനസിലായ്‌...

അപല ചപല എന്നു പെണ്ണിനു കാലങ്ങളായ്‌ ചാര്‍ത്തിക്കൊടുത്തിരുന്ന ലേബല്‍ മറിയത്തിന്റെ നെറ്റിയില്‍നിന്നും പൊഴിഞ്ഞുപോയ്‌...തറപറ്റി മണ്ണിനോടലിയാന്‍ തുടങ്ങിയ ജീവിതം അവള്‍ പതുക്കെ തോളിലേറ്റി നിവര്‍ന്നുനിന്നു... ചില നിയോഗങ്ങള്‍ അവള്‍ക്കായ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു.

കടം കേറി ദീപാളികുളിപ്പിച്ചപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലോട്ട്‌ കുടിയേറാന്‍ പലരും മറിയത്തെ ഉപദേശിച്ചു. പക്ഷേ വിറ്റുപെറുക്കാന്‍ ഒന്നുമില്ലായിരുന്നു എന്ന കാരണത്താല്‍ ആ കുടിയേറ്റം നടന്നില്ല.

ഇടുക്കി ജില്ലയിലെ കിഴക്കന്‍ മലകളില്‍ ഏലത്തോട്ടങ്ങളിലെ ജോലി സാധ്യതയെക്കുറിച്ച്‌ അവിടെ ജോലിചെയ്യുന്ന ഒരു നാട്ടുകാരന്‍ പറഞ്ഞാണു മറിയം അറിഞ്ഞത്‌...അവള്‍ രണ്ടും കല്‍പ്പിച്ചിറങ്ങി; ഒന്നും ചിന്തിക്കാതെ, കാരണം അതു കാടിന്റെ വിളിയായിരുന്നു...അവള്‍ക്കുള്ള നിയോഗമായിരുന്നു.

പൈലോയ്ക്ക്‌ അഭിപ്രായ വ്യത്യാസം ഒന്നുമില്ലായിരുന്നു...അഭിപ്രായമേയില്ലായിരുന്നു പിന്നെ എങ്ങിനെ വ്യത്യാസമുണ്ടാകും.

കല്ലിന്മേല്‍ നിരന്തരം തല്ലിയലക്കുന്നതിനാല്‍ പിഞ്ചിപ്പോയതും നിറം മങ്ങിയതുമായ കുറച്ച്‌ വസ്ത്രങ്ങളും പിന്നെ എന്തൊക്കെയോ തട്ടുമുട്ട്‌ സാധനങ്ങളും ഒക്കെയായ്‌ ഒരു തകരപ്പെട്ടിയിലൊതുങ്ങി ആ കുടുമ്പത്തിന്റെ ആകെ സ്വത്തുക്കള്‍. ഭര്‍ത്താവിന്റെ കയ്യില്‍ പിടിച്ച്‌ പെട്ടിയുംതൂക്കി അവള്‍ പ്രയാണം ആരംഭിച്ചു... നാടിനോട്‌ മൗനമായ്‌ യാത്ര പറഞ്ഞ്‌ പരിചയമില്ലാത്ത്‌ നാട്ടിലെയ്ക്ക്‌ പരിചയമില്ലാത്ത വഴികളിലൂടെ...എന്നാല്‍ ഭയാശങ്കകള്‍ കൂടാതെ...

അമ്മയുടെ കയ്യില്‍പിടിച്ച്‌ ഉത്സവത്തിനു പോകുന്ന ഒരു കൊച്ചുകുട്ടിയുടെ മാനസീകാവസ്തയിലായിരുന്നു പൈലോ.

കോതമംഗലം എന്ന സ്ഥലത്താണു കിഴക്കന്‍ മലയിലേയ്ക്കുള്ള യാത്രക്കരുടെ തയ്യറെടുപ്പുകള്‍ അരങ്ങേറുന്നത്‌. സ്വരാജ്‌ എന്നു പേരുള്ള ഒരു കുട്ടി ബസ്സാണു ആകെയുള്ള വാഹനം അതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം. കുടിയേറ്റക്കാര്‍ തോട്ടം തൊഴിലാളികള്‍ കാട്ടില്‍ മരം മുറിക്കാന്‍ പോകുന്നവര്‍...അവരോടൊപ്പം ഈര്‍ച്ചക്കാര്‍...വണ്ടിയില്‍ നല്ലതിരക്കായിരിക്കും.

മറിയവും പൈലോയും വണ്ടിയില്‍ കയറാന്‍ വന്നപ്പോള്‍ "പെട്ടി വണ്ടിയുടെ മുകളില്‍ കയറ്റിയിടണം ചേട്ടാ... അകത്ത്‌ തീരെ സ്ഥലമില്ല " എന്നു കണ്ടക്ടര്‍ പറഞ്ഞത്‌ ആരോടാ?... കച്ചവടമുണ്ടായിരുന്നകാലത്ത്‌ പീഡികയുടെ താക്കോല്‍ എടുത്തു നടന്നതിന്റെ ക്ഷീണം ഇനിയും മാറാത്ത പൗലോയോട്‌.

അന്നു കിളികള്‍ വണ്ടിയില്‍ ജോലിചെയ്യാതെ മരക്കൊമ്പുകളിലും ആകാശത്തും മാത്രം ജീവിക്കുന്ന കാലം. മറിയത്തിനു രണ്ടെ രണ്ടു വഴികള്‍ മാത്രമേ മുന്നിലുണ്ടായിരുന്നൊള്ളു...ഒന്ന് പെട്ടി ഉപേക്ഷിച്ച്‌ യാത്ര തുടരുക, രണ്ട്‌........... അതു തന്നെ മറിയം തിരഞ്ഞെടുത്തു. ഞൊറിയിട്ടുടുത്ത മുണ്ടിന്റെ തുമ്പ്‌ പൊക്കിക്കുത്തി ഒരു കയ്യില്‍ പെട്ടിയും എടുത്ത്‌ വണ്ടിയുടെ മുകളിലോട്ട്‌ കയറി..താഴെ നിന്നവര്‍ അന്തംവിട്ടു നിന്നുപോയതിനാല്‍ ആര്‍ക്കും മറിയത്തിന്റെ ആ കയറ്റം അനലൈസുചെയ്യ്തു കാണാന്‍ കഴിഞ്ഞില്ല....എല്ലാവരും സ്ഥലകാല ബോധം വീണ്ടെടുത്തപ്പോഴേയ്ക്കും പുള്ളിക്കാരി താഴെയിറങ്ങിക്കഴിങ്ങിരുന്നു.

ആദ്യമായ്‌ സ്വരാജ്‌ ബസ്സിന്റെ മുകളില്‍ കാലുകുത്തിയ വനിത എന്ന ബഹുമതിയോടെ നമ്മുടെ കഥാ നായിക ചിമ്മാരു മറിയം തന്റെ ജീവിതത്തിലെ കയറ്റങ്ങളോരോന്നായ്‌ കയറാന്‍ തുടങ്ങുകയായിരുന്നു.

..ടുര്‍..ര്‍...ര്‍...ടുര്‍...ര്‍..ര്‍...
ണീം... ണീം....

സ്വരാജ്‌ ബെസ്‌ മറിയയേയും പൈലോയേയും വഹിച്ചുകൊണ്ട്‌ ഹൈറേഞ്ചിലെയ്ക്കുള്ള പ്രയാണം ആരംഭിച്ചു; കൂടെ ഒരുപിടി മനുഷ്യരും....

(തുടരും)

Friday, 6 April, 2007

ഒന്ന് വച്ചാല്‍ രണ്ട്

നാട്ടുകവലയ്ക്ക് ഇന്നീക്കാണുന്ന പത്രാസും പ്രൗഡീം ഒരു എഴുപത്തഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ നാട്ടുകവല അന്ന് വെറും കാട്ട്‌കവല..... കാട്ടാനേം, കാട്ടുപോത്തും, കാട്ടുകടുവയും വിഹരിച്ചിരുന്ന ഘോരവനം.

കാലക്രമത്തില്‍ കാട്തെളിഞ്ഞു കവലയായ്.....

ചായക്കടവന്നു റേഷന്‍‌കട വന്നു പലചരക്ക്‌വ്യാപാരം‌വന്നു പിന്നെ പൗരന്മാര്‍ക്ക് ചീട്ട്‌കളിച്ചിരിക്കാന്‍ ഒരു 'സ്പോര്‍ട്ട്‌സ് ക്ലബും' സ്ഥാപിതമായപ്പോള്‍ ഇടുക്കി ജില്ലയിലെ മറ്റേതു കുടിയേറ്റ ഗ്രാമങ്ങളോടും കിടപിടിക്കാന്‍ ഞങ്ങളുടെ നാട്ട്‌കവലയും പ്രാപ്തമായ്.

ആദ്യകാലകുടിയേറ്റക്കാര്‍ക്ക് മതങ്ങളില്ലായിരുന്നു... അവര്‍ ബാലാരിഷ്ടതകള്‍ പിന്നിട്ട് മടിയില്പത്ത് പുത്തനൊക്കെ ആയതിനു ശേഷമാണ് കവലയില്‍ മതങ്ങള്‍ വന്നത്.

ആദ്യം സ്ഥാപിതമായത് കത്തോലിക്കാ പള്ളിവക കുരിശ്, വിത്ത്- വായ് പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം ' വലതുകൈ കൊടുക്കുന്നത് ഇടത്കൈ അറിയരുത്' എന്നെഴുതിയത്.

വല്യ താമസമില്ലാതെ ഓപ്പോസിറ്റ് സൈഡില്‍ വേറൊരുകുരിശ്....യാക്കോബായ പള്ളിവക അതിനും വായ്പിളര്‍ന്നിരിക്കുന്ന ഭണ്ഡാരം, അവിടെ 'ഇടത്കൈ കൊടുക്കുന്നത് വലതുകൈയും അറിയരുത് ' എന്നാണ് എഴുതിയിരുന്നത്.

അടുത്തത് മുസ്ലീംങ്ങളുടെ ഊഴമായിരുന്നു. പച്ച ചന്ദ്രനും പച്ച നക്ഷത്രവും ഒക്കെ വരച്ച അവരുടെ ഭണ്ഡാരവും വായ്പിളര്‍ന്നിരുന്നു അതില്‍ ' ദാനധര്‍മ്മങ്ങള്‍ ആപത്ത്‌കളെ തടയും' എന്നതായിരുന്നു തിരുവെഴുത്ത്.

കുടിയേറ്റക്കാരുടെ ഏരിയ ആയതുകൊണ്ടാണോ എന്തോ ഭാരതത്തില്‍ പണ്ട് തൊട്ടേയുള്ളവര്‍ ഏറ്റവും അവസാനമാണ് വന്നത്. വായ് പിളര്‍ന്നിരിക്കുന്ന അവരുടെ വക ഭണ്ഡാരത്തില്‍ 'നാട്ട്‌കവല ശ്രീ ധര്‍മ്മശാസ്താവിന്റെ കാണിക്കവഞ്ചി' എന്നെഴുതിയിരിക്കുന്നു.

മത സൗഹാര്‍ദ്ധം കളിയാടാന്‍ തുടങ്ങിയ നേരത്താണ് കവലയുടെ ഒത്തനടുക്ക് പോക്കറ്റടിക്കാരന്‍ കുഞ്ഞൗസേപ്പ് കുത്തിയിരുന്നത്. മുന്‍പില്‍ പടം വിരിച്ച് അവന്‍ കിലുക്കിക്കുത്തി.....

"ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..ക്‌ടിം"

വയ് രാജാ വയ് ഒന്ന് വച്ചാല്‍ രണ്ട്.....രണ്ട് വച്ചാല്‍ നാല്...
താരതമ്മ്യേനെ ഭേതപ്പെട്ട ഓഫര്‍...

പാവം വിശ്വാസികള്‍ കണ്‍ഫ്യൂസ്ഡായ്....

ആരെ വിശ്വസിക്കും? എവിടെ പണമെറിയും?....