Sunday, 25 February, 2007

അത്ഭുത ചക്ക

ഞങ്ങള്‍ നാട്ടുകവലയിലെ ബസ്സ്‌ സ്റ്റോപ്പിനു തൊട്ടടുത്തുള്ള വീടുവാങ്ങി താമസ്സമാരംഭിച്ചിട്ടു ഇത്‌ അഞ്ചാം വര്‍ഷമാണു. കുന്നിന്മുകളിലെ വീട്ടില്‍നിന്നും വഴിയോരത്തുള്ള ഈ വീട്ടിലേയ്ക്ക്‌ താമസ്സം മാറിയതിന്റെ പ്രധാന കാരണം യാത്രാ ക്ലേശം പരിഹരിക്കുക എന്നതായിരുന്നു. ഇപ്പോള്‍ ബസ്സില്‍നിന്നിറങ്ങിയാല്‍ വീടീന്റെ മുറ്റത്തോട്ട്‌ കാലെടുത്ത്‌ വയ്ക്കാം.

ഇതുകൂടാതെ വേറേയും ചില സൗകര്യങ്ങള്‍ ഈ വീടിനുണ്ട്‌. ഇവിടെ കഞ്ഞിക്ക്‌ വെള്ളം അടുപ്പില്‍ തിളയ്ക്കുന്ന നേരത്ത്‌ പോയാലുംമതി അരിവാങ്ങാന്‍...പലചരക്ക്‌ പീടിക അത്ര അടുത്ത്‌...പച്ചക്കറി, മീന്‍, ഇറച്ചി എന്നിവയുമായി കച്ചവടക്കാര്‍ വീട്ടില്‍ വരും.

ന്യൂസ്‌ പേപ്പര്‍ ബോയ്ക്ക്‌ സൈക്കിളില്‍ഇരുന്നുതന്നെ പേപ്പര്‍ ഞങ്ങളുടെ വീടിന്റെ വരാന്തയില്‍ എറിഞ്ഞിടാന്‍ പറ്റും.

പിന്നെ വരാന്തയില്‍ ഇരുന്നാല്‍ മതി കവലയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ലൈവായ്‌ കാണാം കേള്‍ക്കാം.

ഇതിനെല്ലാം പുറമേ അപ്പച്ചന്റെയും അമ്മയുടെയും ശകാര വര്‍ഷങ്ങള്‍ക്ക്‌ കവലയിലെ വീട്ടില്‍ ഗണ്യമായ കുറവുണ്ടായി...മാതൃകാ കുടുമ്പം എന്ന ഇമേജ്‌ നാട്ടുകാരുടെ ഇടയില്‍ തകരാതിരിക്കാന്‍ ചീത്തവിളികള്‍ പരമാവതി കുറച്ചു ....ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ശബ്ദം വളരെ താഴ്ത്തി എന്തെങ്കിലും ശകാര വാക്കുകള്‍ ഉപദേശ രൂപേണ പറയുകയോ, ഒന്നും പറയാതെ കണ്ണുരുട്ടി കാണിക്കുകയോ ഒക്കെ ചെയ്ത്‌ തൃപ്തിപ്പേടേണ്ടിവന്നു അപ്പച്ചനു.

കവലയിലെ വീട്ടിലെ ചില അസൗകര്യങ്ങളും ഇവിടെ പറയാതിരിക്കാന്‍ വയ്യ...

യാചക ശല്യം വളരെ കൂടുതല്‍ ഒരുപാട്‌ കളിപ്പീരു പ്രസ്ഥാനക്കാര്‍......മലമുകളിലെ വീട്ടില്‍ ഒരു യാചകനും ഇതുവരെ കയറിയിട്ടില്ല...നല്ല ആരോഗ്യമുള്ള ആളുകള്‍ പോലും നടന്നവിടെ എത്തുമ്പോള്‍ പരിപ്പിളകും പിന്നെ ദുര്‍ബലരായ യാചകര്‍ എങ്ങിനെയെത്താനാണു. ഇനി യാചകനാണെന്നും പറഞ്ഞ്‌ ആരെങ്കിലും ആ വീട്ടില്‍ വന്നെത്തിയാല്‍ അയാള്‍ നല്ല ആരോഗ്യവാനായ മനുഷ്യനായിരിക്കും എന്നുറപ്പ്‌

"പോയ്‌ വേലയെടുത്ത്‌ തിന്നടാ........" എന്നു ധൈര്യമായി പറഞ്ഞുവിടാം.

രണ്ടാമത്ത്‌ പ്രശ്നം വിരുന്നു കാരുടെ തിരക്കാണു. പഴയ വീട്ടിലോട്ട്‌ ഏറ്റവും അടുത്ത ബന്ധുക്കളെ വിളിച്ചാല്‍പോലും വരില്ലായിരുന്നു...

"മലയാറ്റൂര്‍ മുത്തപ്പന്റെ മലകേറിട്ടുതന്നെ വിഷമിച്ചുപോയ്‌...പിന്നെയെങ്ങിനെയാ നിങ്ങളുടെ വീട്ടില്‍ വരുന്നത്‌ എന്നാണു ഒരാള്‍ ചോദിച്ചത്‌".

എന്നാല്‍ പുതിയ വീട്ടില്‍ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടിട്ടുമില്ലാത്ത ആളുകള്‍പോലും ..അമ്മായീടെ നാത്തൂന്റെ...അളിയന്റെ...വെല്ല്യപ്പന്റെ എന്നിങ്ങനെ പാതാളത്തോളം നീളമുള്ള ഫാമിലി ട്രീയുടെ വേരുകളും പിഴുതോണ്ട്‌ വരും. മൂന്നാറിനോട്‌ അടുത്തായതുകൊണ്ട്‌ വരുന്ന ആളുകള്‍ക്കെല്ലാം ഞങ്ങളെ സന്ദര്‍ശിക്കുക എന്നതിലുപരി ഒരു വിനോദ യാത്ര നടത്തുക എന്നതായിരിക്കും ലക്ഷ്യം.

ഇതിലെല്ലാം കഷ്ടമാണ്‍ ചില കച്ചവടക്കാരുടെ കാര്യം....

നമ്മുടെ നാട്ടില്‍ കുളത്തിലും കണ്ടത്തിലുമൊക്കെ ധാരാളം കാണുന്ന ഒരുതരം പായലില്ലെ... അതും പെറിക്കിയെടുത്ത്‌ ചില വിദ്വാന്മാര്‍ കച്ചവടത്തിനിറങ്ങിയിരുന്നു.... അസോള എന്ന ഒരിനം പായലാണിത്‌...കന്നുകാലികള്‍, കോഴി താറാവ്‌ പട്ടി പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കും വേണമെങ്കില്‍ മനുഷ്യര്‍ക്കും ആഹാരമായി ഉപയോഗിക്കാം എന്നതാണു ഈ പായലിന്റെ പ്രത്യേകത എന്നെല്ലാം പറഞ്ഞ്‌ ...

ഇന്‍സ്റ്റാള്‍മെന്റില്‍ തുണിവില്‍ക്കുന്ന തമിഴന്‍, മണിചെയിന്‍ ഏജന്റ്‌, ഇന്‍ഷൂറന്‍സ്കാര്‍, അമ്മി കൊത്താനുണ്ടോക്കാര്‍, ഈയം പൂശാനുണ്ടോക്കാര്‍, കൈനോട്ടക്കര്‍, ആന്ത്രായില്‍ വെള്ളം പൊക്കിയവര്‍, ലാടഗുരുക്കന്മാര്‍, പരദേശികള്‍, പാമ്പാട്ടികള്‍ എന്നു വേണ്ട മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പിരിവുകാര്‍വരെ ഏതു സമയവും കയറിയിറങ്ങുന്ന ഒരു വഴിയമ്പലം പോലായി വീട്‌.

"അപ്പോഴേ...നമ്മുക്കീ മുറ്റത്തിനൊരു മതിലും കെട്ടി ഒരു ഗേറ്റും പിടിപ്പിക്കെണ്ടെ", എന്ന അമ്മയുടെ അഭ്യര്‍ത്ഥനയേ "ഇപ്പോള്‍ ഇത്തിരി ടൈറ്റാടീ...കുറെ കഴിയട്ടെ" എന്നുമ്പറഞ്ഞ്‌ അപ്പച്ചന്‍ നിരസിക്കുകയുണ്ടായെങ്കിലും.....

അടിമാലി പൊന്മുടി റൂട്ടില്‍ ഓടുന്ന ഷട്ടില്‍ ബസ്സ്‌ 'അര്‍ഫ' ഒരു ദിവസം പിടിവിട്ടുവന്ന് ഞങ്ങളുടെ പട്ടിക്കൂടുമ്മെ ഇടിച്ചു നില്‍ക്കുകയും, മുറ്റത്ത്‌ ആളിറക്കുകയും ചെയ്തതും.....

ഏതോ ചില വഴിപോക്കര്‍ ചായക്കടയാണെന്നു തെറ്റിദ്ധരിച്ച്‌ ഞങ്ങളുടെ വരാന്തയില്‍ കിടന്ന ബഞ്ചില്‍ കയറിയിരുന്ന്, "രണ്ടു ചായയും ഒരു പാലുംവെള്ളോം...കടിക്കനെന്താള്ളേ ചേട്ടാ.." എന്ന് അപ്പച്ചനോട്‌ നേരിട്ട്‌ ചോദിച്ചതും.....

മതിലുപണിയുടെ കാര്യം പറയുമ്പോള്‍ 'ടയിറ്റാ'...'ടയിറ്റാ' എന്നു പറയുന്ന അപ്പച്ചനെ പെട്ടന്നു ലൂസാക്കി. ഒരാഴ്ചകൊണ്ട്‌ മതിലും ഭംഗിയുള്ള ഒരു ഗെയിറ്റും റെഡി.

അതിനു ശേഷം അനധികൃത സന്ദര്‍ശകരുടെ തിരക്ക്‌ ഗണ്യമായി കുറയുകയുണ്ടായി...

ഒരു ദിവസ്സം സുമുഖനായ ഒരു യുവാവ്‌ ചാരിയിട്ടിരുന്ന ഗെയിറ്റ്‌ തള്ളിത്തുറന്നു കടന്നു വന്നു. വരാന്തയിലെ സോഫായിലിരുന്ന് പത്രം അരിച്ചുപെറുക്കി വായിച്ചുകൊണ്ടിരുന്ന അപ്പച്ചനും, തറയിലിരുന്ന് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പേനീരികൊന്നുകൊണ്ടിരുന്ന അമ്മയും അപരിചിതനെ കണ്ട്‌ ബഹുമാന പുരസ്സരം എഴുന്നേറ്റുപോയ്‌...

സത്യം പറയാമല്ലോ അത്രയും പേഴ്സണാലിറ്റിയുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ കവലയില്‍ ഇതിനുമുമ്പെ വന്നിട്ടില്ല...എന്നേക്കാളും സുന്ദരന്‍..ടൈ ഒക്കെ കെട്ടി കയ്യില്‍ ഒരു വി.ഐ.പി. സൂട്ട്കേയ്സൊക്കെ പിടിച്ചാണു വരവ്‌...

വന്നപാടെ കയറി സോഫയില്‍ ഇരുന്നു അപ്പച്ചനോട്‌ ഇരിക്കാന്‍ ആവശ്യപ്പെട്ടു ...സൗന്ദര്യത്തോടൊപ്പം മര്യാദയുമുള്ള ചെറുപ്പക്കാരന്‍.

"എന്റെ പേര്‍ കെ.ജി. നാഥ്‌ ...വീട്‌ കൊട്ടാരക്കര...മണ്ണൂത്തി കാര്‍ഷിക കോളേജില്‍ ഗവേഷണം നടത്തുന്നു.."

പോക്കറ്റില്‍ നിന്നും കളര്‍ ഫോട്ടോയോടുകൂടിയ ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എടുത്ത്‌ അപ്പച്ചന്റെ കയ്യില്‍ കൊടുത്തുകൊണ്ടയാള്‍ പറഞ്ഞു.

കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി ഒന്നും മനസിലാകാതെ നിന്ന അപ്പച്ചന്‍ ചോദ്യ ഭാവത്തില്‍ നാഥിനെ നോക്കി...

"ഞാന്‍ വളരെ സന്തോഷകരമായ ഒരു കാര്യം പറയാനാണുവന്നിരിക്കുന്നത്‌...കൃഷിയില്‍ താല്‍പര്യം ഉണ്ടല്ലോ ഇല്ലേ?" നാഥ്‌ പെട്ടി തുറന്നു...ചക്കക്കുരുവിന്റെ വലിപ്പമുള്ള ഈരണ്ട്‌ വിത്തുകള്‍വീതമുള്ള ഏതാനും പായ്ക്കറ്റുകള്‍ ടീപ്പ്പ്പോമേല്‍ വിതറിയിട്ടു.

കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വളരെക്കാലത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത അപൂര്‍വ മായ ഒരുതരം ചക്കയുടെ വിത്താണിത്‌ഇടുക്കി ജില്ലയിലെ മലയോര കര്‍ഷക ഗ്രാമങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനായി ചുരുക്കം ചില കര്‍ഷകരെ ഞങ്ങള്‍ സന്ദര്‍ശിക്കുകയാ‍......അതില്‍ ഒരു ഭാഗ്യവാനാണു ചേട്ടന്‍ ...കൈകൊട്‌.....

എന്താണീ ഭാഗ്യമെന്നു കൃത്യമായി മനസ്സിലായില്ലങ്കിലും എന്തോ ഒരു ഭാഗ്യം ചക്കക്കുരുവിന്റെ രൂപത്തില്‍ ഞങ്ങളെത്തേടി വന്നിരിക്കുന്നു എന്ന് മനസ്സിലായി. നാഥ്‌ കാര്യങ്ങള്‍ സുതാര്യമാക്കി..."ഇതൊരു അത്ഭുത ചക്കയുടെ വിത്താ.....‍"

"ചേച്ചി...ഒരു ചക്കക്കൂട്ടാന്‍ വയ്ക്കാന്‍ എത്ര സമയം ചെലവഴിക്കണം" നാഥ്‌ അമ്മയോട്‌ ചോദിച്ചു...

"എല്ലാവര്‍ക്കും വിളമ്പിയെത്തിക്കണമെങ്കില്‍ മിനിമം ഒരു രണ്ട്‌ ചക്കയെങ്കിലും വേണം ...വെട്ടിപ്പറിച്ചെടുക്കുമ്പം ഒരു നാലുമണിക്കൂറെങ്കിലും വേണ്ടിവരും" അമ്മ പറഞ്ഞു.

"സമ്മതിച്ചേ...അതിനു ശേഷം മാനിക്കൂറുചെയ്യാന്‍ ഒരരമണികൂറും, ഇരുനൂറുമില്ലി എണ്ണയുംവേണ്ടേ..എന്നാല്‍ ഞങ്ങള്‍ മോഡേണ്‍ ടെക്നോളജിയിലൂടെ ഡെവലപ്പു ചെയ്തെടുത്ത ഈ അത്ഭുത ചക്കക്കുരുവില്‍നിന്നും ഉണ്ടാകാന്‍ പോകുന്ന അത്ഭുത ചക്കകള്‍ എങ്ങിനെയുള്ളതായിരിക്കും എന്നറിയാമോ...മുള്ളോ മടലോ പോലുള്ള അനാവശ്യമായ ഒരു എലമെന്റും ഈ ചക്കയില്‍ ഉണ്ടാവുകയില്ല ...ഒരു വലിയ ചക്കച്ചുള പ്ലാവില്‍ ഉണ്ടാകുന്നു....മേശമേല്‍ വച്ച്‌ കേക്ക്‌ മുറിക്കുന്നതുപോലെ ആവശ്യാനുസരണം മുറിച്ചെടുക്കാം....കറിയാക്കാം, ബാക്കിയുണ്ടെങ്കില്‍ പഴുക്കാന്‍ വയ്ക്കാം...വലിയ പീസ്സായിമുറിച്ച്‌ കത്തിയും മുള്ളും ഉപയോഗിച്ച്‌ കഴിക്കേണ്ടവര്‍ക്കങ്ങിനെ...ചെറിയ പീസുകളാക്കിയാല്‍ പണ്ടത്തെ ചക്ക തിന്നുന്നതുമാതിരി കൈകൊണ്ട്‌ തിന്നേണ്ടവര്‍ക്കങ്ങിനെ....ഉപ്പേരി ഉണ്ടാക്കാന്‍ പല രൂപത്തിലും ഭാവത്തിലും അരിഞ്ഞെടുക്കാം...വട്ടത്തിലോ ചതുരത്തിലോ..എങ്ങിനെ വേണമെന്നു നിങ്ങള്‍ തീരുമാനിക്കുക."

"ഇനി ഒരു ഡ്രോബായ്ക്ക്‌ ഉള്ളതെന്താണെന്നുവച്ചാല്‍ ആകെ ഒരേയൊരു കുരുമാത്രമേ നിങ്ങള്‍ക്കിതില്‍നിന്നും കിട്ടു എന്നതാണ്‍, ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്‌ എന്തെങ്കിലും പോംവഴികണ്ടുപിടിക്കാതിരിക്കില്ല... "

നാഥിന്റെ വാചാലതയ്ക്കുമുമ്പില്‍ അന്തം വിട്ടുനിന്നുപോയ ഞങ്ങളോട്‌ വളരെ അപ്രിയമായ ഒരു സത്യവും നാഥ്‌ വെളിപ്പെടുത്തി....

"ഒരു വീടിനു കേവലം രണ്ടെ രണ്ടുകുരുമാത്രം...കൂടുതല്‍ ചോദിക്കരുത്‌".

കാലുപിടിച്ച്‌ കെഞ്ചി ചോദിച്ചിട്ടാണ്‍ നാലു ചക്കക്കുരു ഞങ്ങള്‍ക്കു തരാമെന്ന് നാഥ്‌ സമ്മദിച്ചത്‌ പക്ഷേ ഒരു വ്യവസ്ഥയില്‍ മാത്രം...രണ്ടു കുരുവില്‍ കൂടുതല്‍ ഒരു വീട്ടില്‍ നടരുത്‌....അത്ഭുത ചക്കകള്‍ കായ്ക്കുന്ന രണ്ടിലതികം പ്ലാവുകള്‍ ഒരുവീട്ടില്‍ കണ്ടാല്‍ അദ്ധേഹത്തിന്റെ പണിപോകുമത്രേ.

നാലു ചക്കക്കുരുവിന്റെ വിലയായി നൂറുരൂപയും വാങ്ങി പടിയിറങ്ങിയപ്പോള്‍ നാഥ്‌ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു..വിത്ത്‌ വാങ്ങിയവര്‍ക്ക്‌ വളം ഫ്രീയാണ്‍....അടുത്ത മാസം തന്നെ വളവുമായി ആളുകള്‍ വരുമ്പോള്‍ പണമൊന്നും കൊടുക്കാന്‍ നിന്നേക്കരുത്‌..

നാഥ്‌ നാഥിന്റെ പാട്ടിനു പോയി.....

അത്ഭുത ചക്കയുടെ കുരു കാഴ്ച്ചയില്‍ സാധാ ചക്കക്കുരുവില്‍നിന്നും വലിയ മാറ്റമൊന്നും ഇല്ലാത്തതായിരുന്നു...വളപ്പിലെ കണ്ണായ സ്ഥലത്തുതന്നെ രണ്ടു കുരു അന്നുതന്നെ നട്ടു...

"ഇനി ഇതിവിടെ വെച്ചോണ്ടിരുന്നാല്‍ വല്ല അന്വേഷണവുമുണ്ടായാല്‍ ആ പാവത്തിന്റെ പണിപോകും" എന്നുമ്പറഞ്ഞ്‌ അപ്പച്ചന്‍ ബാക്കി രണ്ടുകുരുക്കളില്‍ ഒരെണ്ണം വല്യേട്ടന്റെ വീട്ടിലെയ്ക്കും ഒരേണ്ണം പെങ്ങളെകെട്ടിച്ചയച്ച വീട്ടിലേയ്ക്കും പിറ്റെന്നു തന്നെ കൊണ്ടുപോയിക്കൊടുത്തു...

ചേട്ടന്റെ വീട്ടില്‍ കിട്ടിയ ചക്കക്കുരു കുട്ടികള്‍ മാറി മാറി പരിശോധിക്കുന്നതിനിടയില്‍ പിടിവിട്ട്‌ മുറിയുടെ മൂലയ്ക്കു കൂട്ടിയിട്ടിരുന്ന സാധാ ചക്കക്കുരുവിന്റെ കൂടെ മിക്സായിപ്പോയി...

ഡ്യൂക്കിലി ചെക്കന്റെയൊപ്പം നാടുവിട്ട വല്യവീട്ടിലെ പെണ്ണിനെ അവളുടെ ചട്ടമ്പിമാരായ ആങ്ങളമാര്‍ അന്വേഷിച്ചു നടക്കുന്നതുപോലെ അത്ഭുത ചക്കയുടെ കുരുവിനെ ഞങ്ങള്‍ കുറേ നേരം തിരഞ്ഞു നോക്കി ...പക്ഷേ കിട്ടിയില്ല....

ജീനിയസായ വല്യേട്ടന്‍ അതിരിനോടുചേര്‍ന്ന് നൂറ്റിപ്പതിനാലു കുഴികള്‍ കുഴിച്ച്‌ നാഥിന്റെ കുരുഉള്‍പ്പെടെ എല്ലാത്തിനേയും സംസ്കരിച്ചു....ചക്കയുണ്ടാകുന്ന കാലത്ത്‌ അത്ഭുത ചക്കകായ്ക്കുന്ന പ്ലാവിനെ നിറുത്തിയിട്ട്‌ ബാക്കിയെല്ലാം വെട്ടിവില്‍ക്കാം എന്നാണു തീരുമാനം.

പെങ്ങളുടെ വീട്ടില്‍ നട്ടത്‌ മുളച്ചു പക്ഷേ ആടുകടിച്ചുപോയി...

വീട്ടില്‍ നട്ടത്‌ നന്നായി വളര്‍ന്നു ഇതുവരെയും കായ്ച്ചിട്ടില്ല നാലുവര്‍ഷം കഴിഞ്ഞു...ഈ വര്‍ഷം കായ്ക്കുമായിരിക്കും...ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്ഭുത ചക്കക്കായി....

Wednesday, 21 February, 2007

നീ ഉടുത്തില്ലെങ്കിലും....

ട്രിണിം....ട്രിണിം....ട്രിണിം...ട്രിണിം...

രാവിലെ ഓഫീസിലെത്തി കസേരയില്‍ മൂടുറപ്പിച്ചില്ല അതിനുമുമ്പേ അടിതുടങ്ങി...ടെലഫോണ്‍..
തമിഴന്‍ മാനേജരായിരിക്കും ....

"സുന്ദര്‍..അന്ത ബേങ്ക്‌ റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്‌മന്റ്‌...മുടിഞ്ചാച്ച...ടെന്‍തര്‍ട്ടിക്ക്‌ ജി.യെം. വാണ്ട്‌ ടു സീ ദ്‌ സ്റ്റേറ്റ്‌മന്റ്‌...ഇമ്മിഡിയറ്റായ്‌ പണ്ണുങ്കോ".

ഇത്‌ ഇയാളുതെ സ്ഥിരം പല്ലവിയാ....ബേങ്ക്‌ റീ കണ്‍സീലിയേഷന്‍..ബേങ്ക്‌ റീ കണ്‍സീലിയേഷന്‍...

ബേങ്കിലെന്തോന്ന് ഉണ്ട കൊണ്ടിട്ടിട്ടാ എന്നുമെന്നും റീ കന്‍സീലു ചെയ്യാന്‍.....ഒരു ദിവസ്സം ഇയാളുടെ വായ്‌ ഞാന്‍ സീലുചെയ്യും...അതാ ഉണ്ടാകാന്‍ പോകുന്നെ.....

"സുന്ദരാ...ദേര്‍ ഈസ്‌ എ കോള്‍ ഫോര്‍ യൂ......നാട്ടീന്നാ...പാസുചെയ്യാം"

ഷേര്‍ളിയാ...റിസപ്ഷനീന്ന്.....

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി...ആദ്യമായിട്ടാ എസ്‌.ടി.ഡി. എന്നെത്തീടി വരുന്നത്‌...ആരെങ്കിലും വെടിതീരാറായി കിടന്നാല്‍പോലും അമ്പതു പൈസയുടെ ഇല്ലന്റില്‍കൂടുതല്‍ ചെലവു ചെയ്യാത്ത എന്റെ വീട്ടുകാരായിരിക്കില്ല...പിന്നെ ആരാണാവോ...ഈ രാവിലെ മനുഷ്യനെ പേടിപ്പിക്കാന്‍.

"സുന്ദരാ...എന്നെ മനസിലായോ...."
അങ്ങേത്തലയ്ക്കലെ പുരുഷ ശ്ബ്ദം എനിക്കു പിടികിട്ടിയില്ല...
"ഇതു ഞാനാ...ഡൊമനിക്‌.. ഡൊമനിക്‍ഉചേട്ടന്‍.."

ഹൗ...എന്റെ പരുമലത്തിരുമേനി... ഞങ്ങളുടെ കവലയിലെ പ്രമാണിയാണു ഡൊമനിക്‍ചേട്ടന്‍...ഇഷ്ടമ്പോലെ പണം...നല്ല മൂര്‍ച്ചയുള്ള ബ്ലേഡ്‌ കച്ചവടം വട്ടി..ചട്ടി...ഇതിനൊക്കെപുറമെ കവലയുടെ രോമാഞ്ചമായിരുന്ന രണ്ടു സുന്ദരിമാരുടെ അപ്പന്‍ പദവിയും....

"മോനെ ഞാന്‍ പ്രിയമോളുടെ അവിടെവരെ ഒന്നു പോകാന്‍ തീരുമാനിച്ചു....ഈ വെള്ളിയാഴ്ച്ച ഞാന്‍ ഡല്‍ഹിയില്‍ വരും...അന്നു നിന്റെ വീട്ടില്‍ തങ്ങിയിട്ട്‌ പിറ്റേന്നു ജലന്തറിനു പോകാനാണുദ്ധേശിക്കുന്നത്‌....അത്രിടം വരെ വന്നിട്ട്‌ നിന്റെ വീട്ടിലൊന്നു കേറാതെ പോയാല്‍ മോശമല്ലെ...ജലന്തറിനുള്ള ഒരു ടിക്കറ്റ്‌ നീ ബുക്കുചെയ്തേക്കണം..."

പിന്നെയും ഏതാണ്ടൊക്കെ പറഞ്ഞു...ഞാന്‍ ഒന്നും കേട്ടില്ല....

ഇരുമ്പുകൂടത്തിനു തലയ്ക്കടിയേറ്റവനെപ്പോലെ ആയി ഞാന്‍......ഒന്നു തലകറങ്ങി വീണാല്‍ കൊള്ളാമെന്നുണ്ടായിരുന്നു...പക്ഷെ അതിനുപോലും ശേഷിയില്ലാതെ ഞാന്‍ നിന്നുപോയി..

ദൈവമെ...ഇന്നു ബുധനാഴ്ച.....ഇന്നവിടെനിന്നു തിരിച്ചാലെ വെള്ളിയാഴ്ച്ച ഇവിടെയെത്തു.....കാലമാടന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണെന്നു തോന്നുന്നു വിളിച്ചത്‌. ഇന്നലെ എങ്ങാനുമായിരുന്നു വിളിച്ചിരുന്നതെങ്കില്‍; -ഇവിടെ വീണ്ടും പ്ലേഗ്‌ തുടങ്ങി, അടുത്ത ദിവസം തന്നെ ഡെങ്ക്യൂവും വരുന്നുണ്ടെന്നു കേട്ടു...- എന്നും പറഞ്ഞൊരു കമ്പിയടിച്ചു നോക്കാമായിരുന്നു...

ഡൊമനിക്കുചേട്ടന്റെ മൂത്തമകള്‍ നേഴ്സ്‌...കുവൈറ്റില്‍, അവളെ കെട്ടിയിരിക്കുന്നത്‌ ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അവനും കുവൈറ്റില്. ‍ഇളയമകള്‍ ജലന്തറില്‍ നേഴ്സിങ്ങ്‌ പഠനം കഴിഞ്ഞ്‌ ബോണ്ട തിന്നുകൊണ്ടിരിക്കുന്നു...അവളുടെ അടുത്തേയ്ക്കുള്ള പ്രയാണത്തിനിടയിലാണു ഡൊമനിക്കുചേട്ടന്‍ എന്റെ വീടൊരു ഇടത്താവളമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഈ എമര്‍ജെന്‍സി വിസിറ്റിനുപിന്നില്‍ വേറെയും ചില ലഷ്യങ്ങള്‍ ഉണ്ടെന്നത്‌ വ്യക്തം...ഡല്‍ഹിയിലെ എന്റെ സെറ്റപ്പ്‌ നേരില്‍ കാണുക.... കവലയിലെ ആളുകള്‍ പറയുന്നതുപോലെ സുന്ദരന്‍ ഒരു മഹാ സംഭവവും, പ്രസ്ഥാനവുമൊക്കെ യാണെങ്കില്‍ മകളെപ്പിടിച്ചങ്ങു കുരുക്കുക...

എല്ലാം ഞാന്‍ വരുത്തിവച്ച വിനയാണു...

കിട്ടുന്ന ശമ്പളംകൊണ്ട്‌ മാസാവസ്സാനം പോലും കാണാനൊക്കാത്ത ഞാന്‍ ആദ്യവര്‍ഷം നാട്ടില്‍ പോയപ്പോള്‍ മൂന്നു വലിയ പെട്ടി നിറയേ സാധനങ്ങളാണു കൊണ്ടുപോയത്‌...
എല്ലാം ലാല്‍ക്കിലയിലെ ചോരീ മാര്‍ക്കറ്റില്‍ നിന്നും അഞ്ചും പത്തും രൂപയ്ക്കു വാങ്ങിയവ...
ചാന്ദിനി ചൗക്കില്‍നിന്നും രണ്ടു വലിയ കമ്പിളിപ്പുതപ്പ്‌..കൂടാതെ നഗപ്പൂരില്‍ നിന്നും രണ്ടു വലിയ കൂട ഓറഞ്ച്‌.

എന്തിനു പറയുന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പിക്കപ്പ്‌ജീപ്പു വാടകയ്ക്കു വിളിച്ചാണു സാധനങ്ങള്‍ വീട്ടിലെത്തിച്ചത്‌. അന്നു കവലയില്‍ മുഴുവനും എന്നെക്കുറിച്ചായിരുന്നു ജന സംസാരം.

ഖത്തറീന്നു ഇബ്രാഹീംകുട്ടി വന്നപ്പോള്‍ പോലും ഇത്രയും ലഗേജില്ലായിരുന്നു എന്നാണു ഗുസ്തിക്കൊച്ച്‌ പറഞ്ഞത്‌.

പെട്ടികള്‍ തുറന്നപ്പോള്‍ എന്റെ അപ്പച്ചന്‍ പറഞ്ഞത്‌ "ഈ മുതലെല്ലാം ആലുവ പുഴയില്‍ തട്ടിയേച്ചു പോന്നേരുന്നേല്‍ ജീപ്പ്പുകൂലി ലാഭിക്കാമായിരുന്നു" എന്നാണു.

നാഗപ്പൂര്‍ ഓറഞ്ച്‌ കൂടയോടെ എടുത്ത്‌ വാഴച്ചോട്ടില്‍ തട്ടേണ്ടിവന്നു എങ്കിലും വെറും പത്തുരൂപ മുതല്‍ മുടക്കില്‍കിട്ടിയ ആ കൂടകള്‍, കവലയിലെ എന്റെ ഇമേജ്‌ പത്ത്‌ കിലോയെങ്കിലും ഉയര്‍ത്തിയിട്ടുണ്ടാകണം.

പിന്നീടുള്ള ദിവസ്സങ്ങളിലും ഞാന്‍ കുറെ അഹംങ്കാരം കവലയില്‍ നിന്നും കാണിക്കുകയുണ്ടായി...

"ചായകുടിക്കാന്‍ എന്തെങ്കിലും താ മോനെ" എന്നു പറഞ്ഞ അന്നത്തള്ളയ്ക്ക്‌ നൂറുരൂപയാ എടുത്ത്‌ കൊടുത്തത്‌...എല്ലാവരും കാണ്‍കേ....

ഒരു സര്‍ബത്ത്‌ കുടിച്ച്‌, ചില്ലറയെല്ലാം ആരും കാണാതെ പോക്കറ്റില്‍ താഴ്ത്തീട്ട്‌ അഞ്ഞൂറിന്റെ നോട്ടെടുത്ത്‌ മുറുക്കാന്‍കടയില്‍ വീശിയതും.....നിഷ്കളങ്കരായ കവല വാസ്സികള്‍ കൂട്ടത്തോടെ പറഞ്ഞു....സുന്ദരന്‍ ഇതാ ഒരു മഹാ സംഭവമായ്‌ മാറിയിരിക്കുന്നു.


ശ്രീനിവാസ്പുരിയിലെ എന്റെ വീട്ടില്‍ ഇല്ലായ്മകളേയൊള്ളു.പക്ഷെ അതൊന്നും ഡൊമനിക്‍ചേട്ടന്‍ അറിയാന്‍ പാടില്ല. എന്തുവിലകൊടുത്തും അഭിമാനം സംരക്ഷിക്കണം....(മകളെ കെട്ടിച്ചു തന്നാല്‍ അതൊരു മലങ്കോളുതന്നെയാണെ!)

ആദ്യം തന്നെ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കണം.

ഒരു ഗെസ്റ്റ്‌ വീട്ടില്‍ വന്നാല്‍ ആദ്യമായി ഒരു തുണിമാറിയുടുക്കാന്‍ കൊടുക്കണ്ടേ...എന്റെ വീട്ടില്‍ ആകെപ്പാടെ ഒരു കിറ്റെക്സ്‌ ലുങ്കിയേയുള്ളു...ഞായറാഴ്ചകളില്‍ ഇവനെ അലക്കി ടെറസില്‍ വിരിച്ചിട്ട്‌ കടുകെണ്ണയൊക്കെ ദേഹത്ത്‌ തേച്ച്‌ ഞാന്‍ അരമണിക്കൂര്‍ കസര്‍ത്ത്‌ നടത്തും അതിനു ശേഷം വിസ്തരിച്ചൊരു കുളി....എന്തിനാ മുണ്ട്‌ ഉണങ്ങി കിട്ടുന്നതുവറെയുള്ള സമയം കളയാന്‍....സമ്മറിലാണെങ്കില്‍ കടുകെണ്ണേം വേണ്ട കസര്‍ത്തും വേണ്ട ... ടെറസ്സിലോട്ട്‌ തിരിച്ചും മറിച്ചും ഒന്നു വിരിച്ചെടുത്താല്‍ മതി മുണ്ട്‌ പപ്പടം പരുവമായിക്കിട്ടും.

അപ്പോള്‍ ഉടുതുണിയൊരെണ്ണം അത്യാവശ്യമായി വാങ്ങണം. തുണി ഉടുപ്പിച്ചുകഴിഞ്ഞ്‌ പിന്നെ ചായ കൊടുക്കണം...അതിനു നല്ല ഗ്ലാസുകള്‍ അല്ലറ ചില്ലറ പലഹാരങ്ങള്‍ ഡിസ്പ്ലേ ചെയ്യാന്‍ നല്ല തളികകള്‍ അതും വാങ്ങണം.

കളര്‍ ടെലിവിഷനും കേബിള്‍കണക്ഷനും ഉള്ളതു നന്നായി...ചായ കുടിക്കുമ്പോള്‍ ടി.വി. ഓണ്‍ ചെയ്തിട്ടു റിമോട്ട്‌ അടുത്തോട്ടു വെച്ചു കൊടുക്കാം...അല്ലങ്കില്‍ വേണ്ട ചായകുടി കഴിഞ്ഞിട്ടുമതി.. ഹല്‍വയാണെന്നോര്‍ത്ത്‌ റിമോട്ടെടുത്ത്‌ കടിച്ചാലൊ...ഒരുപാടു പലഹാരങ്ങള്‍ നിരത്തി വെച്ചേക്കുമ്പോള്‍ കണ്‍ഫ്യൂഷനാക്കണ്ട....

പിന്നെ മൂന്നു നാലുകൂട്ടം കറിയെങ്കിലും കാണിച്ച്‌ അത്താഴം...അതിനൊരു ഡിന്നര്‍ സെറ്റ്‌ തന്നെ വാങ്ങേണ്ടിവരും. പാത്രങ്ങളില്‍ ചിലതിന്റെ വക്കും മൂലയും ചെറിയ പോറലുകള്‍ വീഴ്ത്തിയെടുക്കണം (ഇതൊക്കെ നിത്യവും പെരുമാറുന്നതാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്‍ ലക്ഷ്യം)

ഡിന്നറിനു വേണ്ടുന്ന കറികളെല്ലാം ശ്രീനിവാസ്പുരിയിലെ നായരു ചേട്ടന്റെ ചായക്കടയില്‍ നിന്നും വാങ്ങാം...അതാകുമ്പോള്‍ കടയില്‍നിന്നും വാങ്ങിയതാണെന്ന് തോന്നുകയേയില്ല, ഒരാഴ്ച്ചമുമ്പേ വീട്ടില്‍ ഉണ്ടാക്കിയതാണെന്നേ തോന്നു.

പിന്നെ കിടത്തിയുറക്കണം...പുതിയ ഒരു ബെഡ്ഷീറ്റ്‌ വാങ്ങി പഴയ കിടക്കയെ പുതപ്പിക്കാം ഒരു പുതപ്പും വാങ്ങണം...ചന്ദ്രന്റെ വീട്ടില്‍നിന്നും ഒരു ദിവസത്തേയ്ക്ക്‌ ടേബിള്‍ഫാന്‍ കടം വാങ്ങിയാല്‍ അത്യാവശ്യത്തിനു കാറ്റടിച്ചും കൊടുക്കാം.

പിന്നെ നേരം വെളുപ്പിനെ ചില ഷോ അറെഞ്ചു ചെയ്യണം...പത്രക്കാരനോട്‌ ശനിയാഴ്ച്ച കാലത്ത്‌..(അന്നു മാത്രം) ആദ്യം ദിഹിന്ദുവും രണ്ടാമത്‌ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സും വളരെ ശക്തിയില്‍ വാതില്‍പ്പാളിയില്‍ തട്ടുംവിതത്തില്‍ വലിച്ചെറിയാന്‍ പറയണം.

താഴെവീട്ടില്‍ പാലുകൊടുക്കുന്ന ബോലോറാമിനോട്‌ ശനിയാഴ്ച്ച എന്റെ വീട്ടിലും ഒരു ലിറ്റര്‍ പാലുകൊണ്ടുവന്നു തരണമെന്നും പറയാം.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടെ എല്ലാ സെറ്റപ്പും പൂര്‍ത്തിയാകി ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ പോകാന്‍ തയ്യാറെടുത്തു. നാലുമണിക്ക്‌ വന്നെത്തേണ്ട കേരളാ എക്സ്പ്രസ്സ്‌ അന്ന് നാലുമണിക്കൂര്‍ വൈകിയണെത്തിയത്‌.

ക്ഷീണിച്ചവശനായ ഡൊമിനിക്‍ചേട്ടനേയുംകൊണ്ട്‌ ഒരു ടാക്സിയില്‍ ശ്രീനിവാസ്‌ പുരിയിലേക്കു പോകുമ്പോള്‍ ഡ്രൈവറോട്‌ കലപില കലപിലാന്ന് ഹിന്ദിയില്‍ സംസാരിച്ചു....ഡൊമനിക്‍ചേട്ടന്‍ കേള്‍ക്കട്ടെ...എനിക്കൊരു മാരുതി 800 വണ്ടിയുണ്ടെന്നും ഇന്നലെ അതൊന്നു പണിമുടക്കിയിട്ട്‌ വര്‍ക്‌ക്‍ഷോപ്പില്‍ കയറ്റിയിരിക്കുകയാണെന്നും വെറുതെ വെയിറ്റ്കൂട്ടാന്‍വേണ്ടി പറഞ്ഞു...

നാട്ടിലെന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? എന്ന ചോദ്യത്തിനു മറുപടി ഒന്നും വരാത്തതുകൊണ്ടാണു ഞാന്‍ തിരിഞ്ഞുനോക്കിയത്‌...പിന്‍സീറ്റില്‍ സുഖമായി ചാരിക്കിടന്നുറങ്ങുന്നു ദുഷ്ടന്‍...ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ.

ഏറെത്താമസിക്കാതെ വീടെത്തി. ഡൊമിനിക്‍ചേട്ടനെയും നയിച്ചുകൊണ്ട്‌ വീടിന്റെ വാതില്‍ക്കലെത്തിയ ഞാന്‍ പൂമുഖപ്പടിയില്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചകണ്ടു വിറങ്ങലിച്ചു നിന്നുപോയി.....

എന്റെ കസിന്‍ബ്രദര്‍......ഡല്‍ഹിക്കടുത്തുള്ള ഗുഡുഗാവ്‌ എന്ന സ്ഥലത്ത്‌ ജോലിചെയ്യുന്ന 'ജോബി' യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ വീട്ടില്‍ വന്നിരിക്കുന്നു....ഡൊമനിക്‍ചേട്ടനു ഉടുക്കാന്‍ കൊടുക്കാന്‍ ഞാന്‍ വാങ്ങിവച്ചിരുന്ന പുതുപുത്തന്‍ ലുങ്കിയും ഉടുത്താണു പൂമുഖപ്പടിയില്‍ പൂംന്തിങ്കളായി നില്‍ക്കുന്നത്‌.

രണ്ടാം നിലയില്‍ നിന്നു ചാടി ചത്താലോ എന്നു പോലും ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി....

തുണിമാറിയുടുക്കാനില്ലാതെ പാന്‍സൊക്കെയിട്ട്‌ ടിപ്‌ടോപിലാണു ഡൊമനിക്കുചേട്ടന്‍ അന്നുകിടന്നുറങ്ങിയത്‌....ഉറങ്ങിയോന്ന് തന്നെ അറിയില്ല...ചിലപ്പോള്‍ -
'സ്വന്തമായി തുണിക്കടകള്‍ വരെയുള്ള ചുള്ളന്മാര്‍ നിരന്നുനില്‍ക്കുമ്പോള്‍ ഒരു ഉടുതുണിമാറാന്‍ പോലുമില്ലാത്തവനു മകളെ പിടിച്ചുകൊടുക്കുന്നതെങ്ങനേന്നു ചിന്തിച്ചു കിടന്നു കാണാനും വഴിയുണ്ട്‌'.

"നീ വന്നാ മുണ്ട്‌ എടുത്തുടുത്ത്‌ ഡൊമനിക്‍ചേട്ടന്റെ മുമ്പില്‍ എന്റെ മാനം കളഞ്ഞു" എന്നു ജോബിയെ കുറ്റപ്പെടുത്തിയപ്പോള്‍ -

ഞാന്‍ എല്ലാപ്രാവശ്യവും വരുമ്പോള്‍ ചെയ്യുന്നതുപോലെ മുണ്ടുടുക്കാതെയെങ്ങാനുമായിരുന്നു നിന്നിരുന്നതെങ്കില്‍ നിന്റെ മാനം എന്താകുമായിരുന്നു എന്ന മറുചോദ്യമാണവന്‍ ചോദിച്ചത്‌.

Sunday, 18 February, 2007

ഡല്‍ഹി മാഫിയ 2

ചാക്കൊച്ചായീടെ ഹിന്ദി കേരളത്തിലെ 'സുഖമാ' ഹിന്ദിയാണു, പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കേറ്റ്‌ ചില്ലിട്ടു ഭിത്തിയില്‍ ഇഷ്ട്ടന്റെ അമ്മൂമ്മയുടെ മാലയിട്ട ഫോട്ടൊയുടെ അടുത്തു തന്നെ തൂക്കീട്ടുമുണ്ട്‌, പക്ഷെ ഡെല്‍ഹിയില്‍ 'സുഖമ' ഹിന്ദി ദുഖമാ ഹിന്ദിയായ്‌ മാറുന്നതിനു എനിക്കു സാക്ഷിയാകേണ്ടിവന്നു.

ബിജു ചെറിയാന്റെ രാജാ ഗാര്‍ഡനിലുള്ള വീട്തേടിയുള്ള യാത്രയില്‍ ടാക്സിക്കാരനായ പഞ്ചാബിയുടെ ചോദ്യങ്ങള്‍ക്ക്‌ ചാക്കോച്ചായി 'ങേ...ഹേ...ഹായ്‌...ഹും...ങും!!!' എന്നൊക്കെയുള്ള, ഗ്രാമറാല്‍ സമ്പുഷ്ടമായ 'സുഖമാ' ഹിന്ദിയില്‍ മറുപടിപറഞ്ഞപ്പോള്‍... "ബാന്‍ ചൂത്‌" എന്നു മാത്രം ആ പഞ്ചാബി ഡ്രൈവര്‍ പ്രതിവചിച്ചു.

പിന്നീട്‌ റോങ്ങ്‌ സൈഡിലൂടെ ഒരു ചുള്ളന്‍ ബൈക്കുകാരന്‍ തന്റെ വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്തപ്പോളും, തിടുക്കക്കാരനായ ഒരു കാല്‍നടക്കാരന്‍ വണ്ടിക്കു കുറുകെചാടിയപ്പോളും,
വണ്ടി ട്രാഫിക്‌ ജാമില്‍ കിടന്നപ്പോളും,
സിഗ്നല്‍ലൈറ്റ്‌ ചെമപ്പുകണ്ണുതുറന്നു നോക്കിയപ്പോളും...വീണ്ടും വീണ്ടുമാ 'വാക്ക്‌' അയാള്‍ ആവര്‍ത്തിക്കുന്നതു കേട്ടു...

ചിലപ്പോള്‍ പ്രത്യേക കാരണമോ പ്രകോപനമോ ഇല്ലാതെപോലും അയാള്‍ അതേ വാക്ക്‌ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടുമിരുന്നു...

അന്നു ഞാന്‍ എന്റെ എളിയ ബുദ്ധിയില്‍ ചിന്തിച്ചത്‌, ഇയാള്‍ പഞ്ച പാണ്ടവന്മാര്‍ക്കു പണ്ട്‌ പറ്റിയതുപോലുള്ള വല്ല കള്ള ചൂതുകളിയിലും തോറ്റ ഒരു പഞ്ചാബി രാജാവായിരിക്കുമെന്നാണു.

തന്റെ കൊട്ടാരം ഒരു മാര്‍ക്ക്‌ 3 അംബാസിഡര്‍ കാറും, ചെങ്കോല്‍ ഒരു ഗിയര്‍ ലിവറും, കിരീടം മുഷിഞ്ഞുനാറിയ അഞ്ചാറുമീറ്റര്‍ തുണിയുടെ ഒരു കെട്ടുമായ്‌ മാറിയതിന്റെ അമര്‍ഷത്തിലായിരിക്കും ഇയാള്‍ ഈ ചൂതുകളിയുടെ കാര്യം എപ്പോളും പറയുന്നത്‌.

ഏറെ താമസ്സിയാതെ ഞങ്ങള്‍ രാജാഗാര്‍ഡന്‍ എന്‍ -134 നു സമീപം എത്തി. ചോദിച്ച കാശ്‌ ടാക്സിക്കൂലിയായി കൊടുത്തതുകൊണ്ടാണോ എന്നറിയില്ല, തടിയന്‍ പഞ്ചാബി ചൂതുകളിയെപ്പറ്റി ഒന്നും പറഞ്ഞില്ല പകരം ചിരിച്ചു...'ധന്യവാര്‍' എന്നുപറഞ്ഞ്‌ അയാളുടെ പോക്കിനു പോയി.

വലിയ ഒരു പൂന്തോട്ടവും അതിനു നടുവിലായി ഒരു കൊട്ടാരം പോലുള്ള വീടും പ്രതീക്ഷിച്ച്‌ വന്ന എന്റെ മുമ്പില്‍ മലിന ജലമൊഴുകുന്ന ഓടയും ഇടുങ്ങിയ ഗലികളും....

ഓ..ദൈവമെ...രാജാവിന്റെ പൂന്തോട്ടം ഈ മാതിരിയാണെങ്കില്‍; സാധാ പ്രജകളുടെ പൂന്തോട്ടം ഇവിടെ എങ്ങിനെയായിരിക്കും ഞാന്‍ ചാക്കൂച്ചായിനെ ഒന്നു പാളിനോക്കി.. ഹേ..പുള്ളിക്കരനൊരു ഭാവവ്യത്യാസവുമില്ല......

നിന്റെയല്ലെ കൂട്ടുകാരന്‍ ഇതിലും കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല എന്ന മട്ടില്‍ നില്‍ക്കുകയാണെന്നു തോന്നി...അതൊ മാഫിയ പുറകെവരുന്നു എന്ന ഭയത്തില്‍ ഇന്ദ്രിയങ്ങള്‍ പണിമുടക്കിയതാണോയെന്നും അറിയില്ല.

സമയം എട്ടുമണി രാത്രിയോടടുത്തു..ഷീണവും വിശപ്പും അതിനുപുറമെ അപരിചിതമായ സ്ഥലത്ത്‌ ഇനിയെന്തുചെയ്യണം എന്നറിയാതെയുള്ള നില്‍പ്പും...

ഏതായാലും എന്‍-134 എന്നെഴുതിയ വീട്ടില്‍ കയറി 'സുഖമ' ഹിന്ദി പരീക്ഷിച്ചുനോക്കാം എന്നു തീര്‍ച്ചയാക്കി. ഭാഗ്യത്തിനു വലതുകാലെടുത്തുവച്ച്‌ കയറിയത്‌ പാന്‍പരാഗ്‌, സിഗററ്റ്‌, ദേശി ചാരായം തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലേക്കാണു.

എന്റെ കൂട്ടുകാരനായതുകൊണ്ട്‌ പുകഴ്ത്തിപ്പറയുകയാണെന്നോര്‍ക്കരുത്‌, ബിജു ചെറിയാന്‍ ഈ ഏരിയയില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കടയിലെ ഒരു സ്ഥിരം സന്ദര്‍ശ്കനായിരിക്കും...

കടക്കാരനോടു ഒരുവിധത്തില്‍ കാര്യം പറഞ്ഞു മനസ്സിലാകാന്‍ ചാക്കോച്ചായി പെടാപ്പാടുപെടുന്ന നേരത്ത്‌ ഒരു മലയാളി ദൈവദൂതനേപ്പോലെ അവിടെ വന്നുചേരുകയാണു...

ഈ മദ്രാസി അളിയന്മാര്‍ക്കെന്താണു വേണ്ടതെന്നു ചോദിക്കാന്‍ കടക്കാരന്‍ പറഞ്ഞതനുസരിച്ച്‌ ദൈവദൂതന്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും...മാഫിയ ഓടിച്ചതൊഴികേയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.

ബിജു ചെറിയാന്‍ എന്ന ഒരു മലയാളിയെ പേര്‍സണലായി അറിയില്ലന്നും, സതീശന്‍ എന്ന തന്റെ ഒരു സുഹൃത്ത്‌ വസിക്കുന്നത്‌ എന്‍ 134 ലെ ഒരു മാളത്തിലാണെന്നും, അതുപോലെ അനേകം സതീശന്മാരും അനേകം മാളങ്ങളും ചേരുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പ്ലെക്സാണിതെന്നും ദൈവദൂതന്‍ പറഞ്ഞു.

അങ്ങോട്ടുള്ള പ്രവേശന കവാടം പുറകുവശത്തെ ഗലിയില്‍ നിന്നാണെന്നും, ഞാന്‍ കൊണ്ടുപോയി കാണിച്ചുതരാം എന്നും കൂട്ടിച്ചേര്‍ത്ത്‌ ആ നല്ല ദൈവദൂതന്‍ കടയില്‍നിന്നും ഒരു മാലയിടാന്‍ മാത്രം നീളത്തില്‍ പാന്‍പരാഗും രണ്ടുപായ്ക്കറ്റ്‌ സിഗര്‍റ്റും വാങ്ങി തിരിച്ചെത്തി.

ഞങ്ങള്‍ മൂന്നാളും കൂടി ബിജവിന്റെ മാളം അന്യേഷിച്ച്‌ വീടിന്റെ പിന്‍വശത്തെ ഇടുങ്ങിയ ഗലിയിലെത്തി. വീടിന്റെ വാതില്‍ പൂര്‍ണ്ണമായും മറച്ചുകൊണ്ട്‌ ഒരു കയറുകട്ടില്‍ നടവഴിയിലിട്ട്‌ അതില്‍ ഏകദേശം ഒരുക്വിന്റലോളം തൂക്കംവരുന്ന ഒരു തള്ളമ്മ കിടക്കുന്നു.

മക്കാ മാലിക്കത്തിയാ...എന്നു പതുക്കെ ഞങ്ങളോടുപറഞ്ഞ്‌ വളരെ ഭവ്യതയോടെ ദൈവദൂതന്‍ തള്ളമ്മയെ വണങ്ങിയിട്ട്‌ മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങിയതായിരുന്നു...

ഇടിവെട്ടുന്ന സ്വരത്തില്‍ തള്ളമ്മ അലറി..

"കാം..ജ്യാരേ...?"

പിന്നെ പൂരത്തിനു മാലപ്പടക്കം പൊട്ടുന്നതുപോലെ ഗ്രാമ ഭാഷയില്‍ ഒരലക്കായിരുന്നു...

ഇതിനിടയില്‍ ചാക്കൊച്ചായി ഒരു കണ്ടുപിടുത്തം നടത്തി എന്നോടു സ്വകാര്യമായി പറഞ്ഞു.."ഈ തള്ളയ്ക്കു ഹിന്ദി ഒരു ചുക്കുമറിയില്ല കേട്ടില്ലെ പറഞ്ഞത്‌...'കാംജ്യാരേന്ന്...' കഹാം ജാ രെഹാഹേ എന്നു വേണം ചോദിക്കാന്‍".

ഞാന്‍ ജീവിതത്തിലാദ്യമായിട്ട്‌...എന്നിലും പ്രായത്തില്‍മൂത്തവനും, അടുത്ത ബന്ദുവുമായ ചാക്കൊച്ചായിയെ എന്റെ കണ്ണുകള്‍ ഉരുട്ടാവുന്നതിന്റെ മാക്സിമം ഉരുട്ടി ഒരു നോട്ടം നോക്കിപ്പോയി...എന്നൊടു ക്ഷമിക്കുക..

തള്ളമ്മ പറയുന്നതിന്റെസാരം ദൈവദൂതന്‍ വിവരിച്ചതിങ്ങനെ...പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ താമസ്സിക്കുന്ന മാളങ്ങളില്‍ രാത്രി എട്ടുമണിക്കു ശേഷം സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

ലേഡീസ്‌ ഹോസ്റ്റലിനു ചുറ്റി നടക്കുന്ന പൂവാലന്മാരെ മേട്രന്‍ ആട്ടിപ്പായിക്കുന്നതുപോലെ ഞങ്ങളെ ആട്ടിയോടിക്കുകയാണു തള്ളമ്മ.

ആ സമയം ബോംബെയിലേയും ഡല്‍ഹിയിലേയും വാടക കെട്ടിട മാഫിയകളേപ്പറ്റി ചാക്കൊച്ചായി ചുരുക്കത്തില്‍ ഒന്നു വിവരിച്ചു...

ഒരുനിലയും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ മൂന്നും നാലും നിലകളിലെത്തിയത്‌ കേരളാ എക്സ്പ്രസ്സില്‍ ദിനംതോറും വന്നിറങ്ങുന്ന മലയാളികളെ ചൂഷണം ചെയ്താണെന്നും...ഇവര്‍ തീര്‍ത്ത മാളങ്ങളുപേക്ഷിച്ചു എല്ലാമലയാളികളും ഒരു ദിവസ്സം തിരിച്ചുപോയാല്‍ ഇവരെല്ലാം മൂക്കുകൊണ്ട്‌ "ങാ..ങേ...ഹാ...ഹും..."എന്ന് വരയ്ക്കുമെന്നും ചാക്കൊച്ചായി വിശ്വസിക്കുന്നു.

പക്ഷേ അക്ഷരാര്‍ത്ഥില്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍ മൂക്കുകൊണ്ട്‌ 'ക്ഷ' വരച്ചു നിന്നപ്പോളാണു ഭാഗ്യത്തിനു സതീശന്‍ നാലാംനിലയില്‍നിന്നൂം ഭൂമിയിലേക്കിറങ്ങിവന്നത്‌.

പെട്ടിയും പ്രമാണവുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ സതീശന്‍ ക്യാഹൂവാ എന്നമട്ടില്‍ ഞങ്ങളെ ഒന്നു നോക്കിയിട്ട്‌ ദൈവദൂതനോട്‌, ഞങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.

അല്‍പ സമയത്തിനു ശേഷം രണ്ടാളുംകൂടി ഞങ്ങളുടെ അടുത്ത്‌ വന്നു.

"നിങ്ങളുടെ കൂട്ടുകാരനെ പിടികിട്ടി..സതീശന്റെ സഹമുറിയനാ...സന്തോഷമായില്ലേ" എന്നു ദൈവദൂതന്‍ അരുളിചെയ്തപ്പോള്‍ എങ്ങിനെ ആമനുഷ്യനോടു നന്ദിപറയണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയായിരുന്നു...

പക്ഷേ സതീശന്‍ വല്യ ഗൗരവത്തിലാണെന്നു തോന്നി...

"ഹലോ..എന്റെ പേര്‍ സുന്ദരന്‍, ഇതെന്റെ അച്ചാച്ചന്‍ ചക്കോച്ചായി...നിങ്ങളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം" എന്നു വളരെ മര്യാദയോടെ പറഞ്ഞു ഷെയിക്‍ഹാന്റിനായി കൈനീട്ടിയ എന്റെമുമ്പില്‍, ദേഹത്തുതൊട്ടുള്ള കളിവേണ്ട എന്ന മട്ടില്‍ രണ്ടുകയ്യും കൂപ്പി ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റയ്‌ലില്‍ "നമസ്കാരം" എന്നുപറഞ്ഞൊഴിഞ്ഞു സതീശന്‍....അഹങ്കാരി...

"ഞാന്‍ ചപ്പാത്തിക്ക്‌ ആട്ട കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു...അല്‍പം വെള്ളംകൂടിപ്പോയി...കടയടക്കുന്നതിനുമുമ്പേ കുറച്ച്‌ ആട്ടകൂടി വങ്ങി കൊണ്ടുവന്നാലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പറ്റു...കൈകഴുകാതെ തിടുക്കത്തില്‍ ഓടുകയായിരുന്നു..."

എന്നു സതീശന്‍ പറഞ്ഞപ്പോള്‍ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ അഹങ്കാരിയെന്നു വിളിച്ചല്ലൊ എന്നോര്‍ത്തായിരുന്നു എനിക്കു സങ്കടം...സുന്ദരമായ എന്റെ കയ്യില്‍ ആട്ട പറ്റാതിരിക്കാനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍...

"ചേട്ടന്‍ എന്റെ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ കൂടെയാണല്ലേ താമസ്സിക്കുന്നത്‌..." എന്ന എന്റെ ചോദ്യത്തിനു

"അല്ല...ഞാന്‍ അവന്റെകൂടെയല്ല അവന്‍ എന്റെ കൂടെയാണു താമസം" എന്നായിരുന്നു സതീശന്റെ ഉത്തരം...

"ബിജു റൂമിലുണ്ടോ...ഞങ്ങള്‍ വരുന്ന കാര്യം പറഞ്ഞ്‌ അവനെഴുതിയിരുന്നു...റെയില്‍വേ സ്റ്റേഷനില്‍ കാണാതെ ഞങ്ങളൊന്നുപേടിച്ചു..ഇപ്പോളാണാശ്യാസമായത്‌..." എന്നു ഞാന്‍ പറഞ്ഞപ്പോള്

"‍ആശ്യസിക്കാന്‍ വരട്ടെ..ബിജു ഇവിടെയില്ല...ജോലിക്കുപോയിരിക്കുന്നു ....രാത്രിയില്‍ എപ്പോളാണു ജോലികഴിഞ്ഞ്‌ വരുന്നതെന്നു പറയാന്‍പറ്റില്ല..."എന്നായിരുന്നു സതീശന്റെ മറുപടി.

"നമ്മള്‍ക്ക്‌ റൂമിലേയ്ക്ക്‌ പോകാം..അവിടെയാകുമ്പോള്‍ ഇരുന്നു സംസാരിക്കാമല്ലോ...ബിജു വരുമ്പോള്‍ വരട്ടെ എന്നെകാണുമ്പോള്‍ അവന്‍ വണ്ടറടിക്കണം...പിന്നെ ഞാന്‍ ഇനി നിങ്ങളുടെ ഒപ്പം കൂടാനുള്ള തയ്യാറേടുപ്പിലാവന്നിരിക്കുന്നത്‌...ദേ...പെട്ടികണ്ടില്ലെ" എന്നുള്ള എന്റെ തീര്‍ത്തും ന്യായമായ അഭ്യര്‍ത്ഥനയെ മുഖവിലയ്ക്കുപോലുമെടുക്കാതെ സതീശന്‍ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.......

"പൊന്നു സുഹൃത്തേ ചതിക്കരുത്‌ നിങ്ങളുടെ കൂട്ടുകാരനെ കൂടെ താമസ്സിപ്പിച്ച്‌ ഞാന്‍ ആപ്പിലായിരിക്കുകയാ...

...ഇപ്പോള്‍ നിങ്ങളെ ഞാന്‍ റൂമിലോട്ടു വിളിച്ചാല്‍ ഒന്നിരിക്കാന്‍ പറയാന്‍ ഒരു ചെയര്‍പോലുമില്ല...
അല്ല ചെയറുവാങ്ങി ഇടാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല ആകെയുള്ള സ്ഥലത്ത്‌ എന്റെ കട്ടിലിട്ടിരിക്കുകയാ.... അതേലോട്ടാണു ഞാന്‍ ഇന്നത്തേക്കും നാളെരാവിലത്തേക്കുമുള്ള ചപ്പാത്തി പരത്തിവയ്ക്കാന്‍ പോകുന്നത്‌...
അല്ലങ്കില്‍ ആ കട്ടിലില്‍ കുറച്ചുനേരമെങ്കിലും നിങ്ങള്‍ക്കിരിക്കാമായിരുന്നു.... ബിജു വരുമ്പോള്‍ ബാക്കിയുള്ള സ്ഥലത്ത്‌ കിടക്കവിരിച്ച്‌ അവനും കിടക്കും...പിന്നെ ഒരു കൊതുകിനുപോലും മാന്യമര്യാദ്യ്ക്ക്‌ പറക്കാനുള്ള സ്ഥലം എന്റെ റൂമില്‍ഇല്ല ....

നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരുവഴിയെ കാണുന്നുള്ളു....

ഗോവിന്ദപുരിയിലുള്ള 'ഗോഷല്‍ ഡിസൈന്‍സ്‌ ആന്‍ഡ്‌ എക്സ്പോര്‍ട്ട്സ്‌' എന്ന സ്ഥാപനത്തില്‍ പൂഞ്ഞാറുകാരന്‍ ഒരു സജി പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്നുണ്ട്‌ അവിടെ ചെന്നു അയാളെ കണ്ടാല്‍ താമസത്തിനുള്ള സ്ഥലം അറെഞ്ച്‌ ചെയ്തു തന്നു സഹായിക്കും...

അവിടെയാണു നിങ്ങളുടെ പ്രിയ സുഹ്രുത്ത്‌ ബിജു ജോലിചെയ്തുകൊണ്ടിരിക്കുന്നത്‌..."


സതീശനോടും കൂട്ടുകാരനോടും നന്ദിപറഞ്ഞു രാജാവിന്റെ പൂന്തോട്ടത്തില്‍നിന്നും ഗോവിന്ദന്റെപുരിയിലേയ്ക്ക്‌ ഒരു ഓട്ടോയില്‍ ഞങ്ങള്‍ യാത്രതിരിച്ചു...

ഞാന്‍ ബിജുവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായതുകൊണ്ട്‌ അവന്റെ കമ്പനിവക ഗെസ്റ്റ്‌ ഹൗസില്‍ ഞങ്ങള്‍ക്കു താമസസൗകര്യം ഒരുക്കിത്തരുമായിരിക്കും ...

ഗോവിന്ദപുരി കണ്ടപ്പോള്‍, രാജാ ഗാര്‍ഡനു ആ പേരിട്ടിരിക്കുന്നതില്‍ ഒരുതെറ്റും പറയാനില്ലെന്നു ബോദ്യമായി...

നമ്മുടെ കോതമംഗലത്തിനടുത്തുള്ള പോത്താനിക്കാട്‌ എന്ന സ്ഥലപ്പേരാണു ഗോവിന്ദപുരിക്ക്‌ കുറച്ചുകൂടി നന്നായ്‌ ഇണങ്ങുന്നത്‌. പോത്തുകള്‍ പലപ്രാവശ്യം ഞങ്ങളുടെ ഓട്ടോ തടഞ്ഞിടുകയുണ്ടായി.

ഗോയല്‍ എക്സ്പോര്‍ട്ടിങ്ങ്‌ കമ്പനിയുടെ കാര്യം പറഞ്ഞാല്‍, ഞങ്ങള്‍ കരുതിയപോലെ കറങ്ങുന്ന കസേരയിലിരിക്കുന്ന ബോസുമാരോ മിനിസ്കേര്‍ട്ടിട്ട്‌ ഓടിനടക്കുന്ന വനിതാ സെക്രട്ടറിമാരോ ഒന്നുമില്ലത്ത ഒരു സ്ഥാപനം

തറ എന്നു പറയാന്‍ പറ്റില്ല...
അതിലും താഴെ.....
ബേസ്‌മന്റ്‌...

ബേസ്‌മെന്റിലേക്കുള്ള പടികളിറങ്ങിചെന്ന ഞങ്ങള്‍ക്ക്‌, കോട്ടയം അയ്യപ്പാസില്‍ കയറിയാലുണ്ടാകുന്ന ഫീലിങ്ങാണുണ്ടായത്‌. അതിവിശാലമായ ഷോറൂം...

വലിയ ഹാളിന്റെ മുക്കിലും മൂലയിലും കുന്നുകൂടിക്കിടക്കുന്ന തുണിക്കെട്ടുകള്‍, വിദേശയാത്രയ്ക്കൊരുങ്ങുന്ന വിവിധതരം വസ്ത്രങ്ങള്‍

പാരഗണ്‍ ചെരുപ്പിന്റെയത്ര കനമുള്ള സുക്കാ റൊട്ടി പച്ചമുളകും, സബോള വട്ടത്തിലരിഞ്ഞതും കൂട്ടി കറുമുറെ തിന്നുന്ന ബീഹാറീ ജെനറല്‍ മാനേജരുടെ അടുത്തിരിരുന്നു ബിസിനസ്സ്‌ തന്ത്രങ്ങള്‍ മെനയുന്നു പ്രൊഡക്ഷന്‍ മാനേജര്‍ പൂഞ്ഞാര്‍ സജി...

ഒരുവശത്തായി മലപോലെ കൂട്ടിയിട്ടിരിക്കുന്ന എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കളസങ്ങള്‍ക്കു ദ്രുദഗതിയില്‍ വള്ളികോര്‍ത്ത്‌ തള്ളുന്ന ചുറുചുറുക്കുള്ള കുറേയേറെ ചെറുപ്പക്കാര്‍....

അവരുടെഇടയില്‍ ഞാന്‍ ഇത്രയും നേരം തേടിയലഞ്ഞവനും...പ്രലോഭനപരമായ ഒരു കത്തയച്ച്‌ എന്നെ ഡല്‍ഹിയിലോളം വരുത്തിച്ചവനുമായ എന്റെ പ്രിയപ്പെട്ടവന്‍..സാക്ഷാല്‍ ബിജു ചെറിയാന്‍...
പല വര്‍ണ്ണങ്ങളില്‍ പലപല തരങ്ങളില്‍ പട്ടിലും, ലിനനിലും, കോട്ടനിലുമുള്ള കളസങ്ങള്‍ വള്ളികോര്‍ത്ത്‌ തള്ളുകയാണവന്‍....

ഇവിടെ കളറുകള്‍ക്കൊറു പഞ്ഞവുമില്ലന്നു പറഞ്ഞത്‌ എത്രശരി!!!...
മാസ്സം അയ്യായിരം തടയുമെന്നുപറഞ്ഞതും ശരി...മലപോലെയല്ലെ കൂട്ടിയിട്ടിരിക്കുന്നത്‌!

എന്നാലും എന്റെ സുഹൃത്തേ ...പോറ്റിഹോട്ടലില്‍നിന്നും നിനക്കു ഞാനെത്ര ഊണുവാങ്ങി തന്നിട്ടുള്ളതാ....
അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം........

Thursday, 15 February, 2007

ഡല്‍ഹി മാഫിയ

പ്രിയപ്പെട്ട സുന്ദര,

നീ എന്നെ മറന്നിട്ടില്ലന്നു കരുതുന്നു, ഞാന്‍ എന്നും നിന്റെ കാര്യം ഓര്‍ക്കും എന്തു രസ്സമായിരുന്നു നമ്മുടെ കോളേജ്‌ലൈഫ്‌.

നമ്മുടെ കൂട്ടുകാരെ ആരെക്കണ്ടാലും നീ എന്റെ അന്വേഷണം അറിയിക്കണം.

പിന്നെ...നീ ഇപ്പോള്‍ എന്തുചെയ്യുന്നു, കോപ്പ്രേറ്റീവ്‌ സൊസൈറ്റിയില്‍ പറഞ്ഞ ജോലി ശരിയായോ?

ഞാനിപ്പോള്‍ തലസ്ഥാനത്താണു സുഹൃത്തെ...ഇവിടെ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോഗ്രാമിംഗ്‌ പഠിക്കുന്നു ഒപ്പം പാര്‍ട്ട്‌ ടൈം ജോലിയും ചെയ്യുന്നു. മാസ്സം ഒരയ്യായിരമെങ്കിലും തടയും. പിന്നെ ഇവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ലിഷ്ട..ജീവിതം സുഖം.

ഇനിയെല്ലാം അടുത്ത കത്തില്‍. അവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു. നീ മറുപടി അയക്കുമല്ലോ,

എന്നു നിന്റെ കൂട്ടുകാരന്‍,

ബിജു ചെറിയാന്
‍എന്‍-134
രാജാ ഗാര്‍ഡന്
‍ന്യൂഡല്‍ഹി

ബി.കോം പഠനത്തിനു ശേഷം വെറുതെ കോക്കൊയുടെ ചുവടുകിളച്ചു നടന്ന ഞാന്‍ എന്റെ പ്രിയ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ അപ്രതീക്ഷിതമായ്‌ കത്ത്‌ എത്ര ആവൃത്തി വായിച്ചു എന്നു എനിക്കുതന്നെ അറിയില്ല...

സ്നേഹമുള്ളവനാണു ബിജു... ഒരു നല്ലകാലം വന്നപ്പോള്‍ ആദ്യം എന്നെ ഓര്‍ത്തല്ലൊ.

പോറ്റിഹോട്ടലില്‍ നിന്നും ഞാന്‍ എത്ര വട്ടം അവനു ഊണുവാങ്ങി കൊടുത്തിട്ടുള്ളതാ... അടിമാലി മാതായില്‍ എത്രയോ മാറ്റിനികള്‍ എന്റെ ചെലവില്‍ കണ്ടിട്ടുള്ളവനാ... ഒന്നും മറന്നിട്ടില്ല നന്ദിയുള്ളവനാ...ആദ്യം എനിക്കുതന്നെ കത്തെഴുതിയില്ലെ..


ഗള്‍ഫില്‍നിന്നും കൊച്ചേട്ടന്റെ കത്ത്‌വരുമ്പോള്‍ ചേടത്തിയമ്മ കച്ചിത്തുറുവിന്റേം മറപ്പുരയുടെം മറവില്‍ നിന്നു പല ആവൃത്തി ആ കത്തു വായിക്കുകയും നെടുവീര്‍പ്പിടുകയും കുറെക്കഴിഞ്ഞ്‌ പിന്നേം വായിക്കുകയും പിന്നേം നെടുവീര്‍പ്പിടുകയും ചെയ്യുന്നതു മനസ്സിലാക്കാം...പക്ഷേ എനിക്കിതെന്തു സംഭവിച്ചു എന്നു ന്യായമായൊരു സംശയം എന്റെ അമ്മയ്ക്കുണ്ടായതില്‍ തെറ്റുപറയാനൊക്കില്ല.

അമ്മ ഒരു പട്ടാളക്കാരന്റെ മകളായതിനാലാണൊ എന്തൊ ചില പട്ടാള ചിട്ടകളും രഹസ്യാന്വേഷണങ്ങളും വീട്ടില്‍ പതിവായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി, ഇളയ പുത്രന്റെ കയ്യില്‍ എന്തോ അത്ര പന്തിയല്ലാത്ത ഒരു കത്ത്‌ വന്നുപെട്ടിട്ടുണ്ട്‌ എന്ന തെറ്റിദ്ധാരണയുടെ പുറത്ത്‌, അമ്മ എന്റെ പ്രിയ സുഹൃത്ത്‌ ബിജു ചെറിയാന്‍ എനിക്കയച്ച്‌ ലവ്‌ ലെറ്റര്‍ തട്ടിയെടുത്തു.

മറ്റുള്ളവര്‍ക്കുവരുന്ന കത്തുകള്‍ അവരുടെ അനുവാദമില്ലാതെ വായിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയവനോട്‌ 'പോടാ പുല്ലേ' എന്നു പറഞ്ഞുകൊണ്ട്‌ കണ്ണാടിയെടുത്തുവച്ച്‌ അമ്മ രണ്ടാവൃത്തി ആ കത്ത്‌ വായിച്ചു.

എന്റെ സുഹൃത്ത്‌ ബിജുവിനോടുള്ള സ്നേഹം കൊണ്ടോ സിമ്പതികൊണ്ടോ ഒന്നുമല്ല അമ്മ കത്ത്‌ അരിച്ചു പെറുക്കുന്നത്‌ ...അതില്‍ എന്തെങ്കിലും കൊളുത്തുകളുണ്ടെങ്കില്‍ കണ്ടുപിടിച്ചിട്ട്‌ എന്നെ ചോദ്യം ചെയ്യാനാണു.

വി. മത്തായി സ്ലീഹ എനിക്ക്‌ പ്രൈവറ്റായി ഒരു സുവിശേഷം എഴുതി അയച്ചാലും എന്റെ അമ്മ കണ്ണാടിവച്ചു മനസ്സിരുത്തി രണ്ടാവര്‍ത്തി വായിച്ചാല്‍ അതിലും ചില കൊളുത്തുകള്‍ കണ്ടുപിടിക്കും.
പിന്നെയാ ബിജു ചെറിയാന്‍...

"എടാ...അവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ല അല്ലേ ...ഇതിലെന്തോ ഗൂഡാര്‍ത്ഥമുണ്ടല്ലോ..."
അമ്മ മര്‍മ്മസ്ഥാനത്ത്‌ തന്നെ പിടിച്ചു...

എടീ റോസിയേ...ഈ 'കളര്‍' എന്നുവച്ചാല്‍ എന്താടീ? അമ്മ ചേച്ചിയുടെ സഹായം തേടി.

ചരക്ക്‌, പീസ്‌, ലയിന്‍ തുടങ്ങിയ പഴയ പദങ്ങളു മാത്രമേ ചേച്ചിയുടെ വൊക്കാബുലറീല്‍ ഉണ്ടായിരുന്നൊള്ളു...മുഴുവനും പഠിച്ച്‌ പാസ്സാകുന്നതിനുമുമ്പേ പിടിച്ച്‌ കെട്ടിച്ചതിന്റെ ദോഷം!!

"അമ്മെ ഡെല്‍ഹിയിലെ കളറുകള്‍ എന്നു പറഞ്ഞാല്‍ ഹോളിയായിരിക്കും ഉദ്ധ്യേശിച്ചിരിക്കുന്നത്‌... നിറങ്ങളുടെ ഉത്സവമല്ലേ ഹോളി." അമ്മായിയമ്മേം മരുമോളും അങ്ങിനെ ഒരു തീരുമാനത്തിലെത്തിയാല്‍ എനിക്കു കൊള്ളാം...

"ശരിയാണമ്മെ...ഹോളിതന്നെയാ ....ഇന്നാളുനമ്മള്‍ ടെലിവിഷനില്‍ കണ്ടില്ലേ ഡല്‍ഹിയില്‍ ആളുകള്‍ കളറടിച്ചു കളിക്കണത്‌...അതുതന്നെ ഈ കളര്‍" എന്നു പറഞ്ഞു ഞാന്‍ സ്ഥലം കാലിയാക്കാന്‍ നോക്കിയ നേരത്ത്‌ അമ്മ പറഞ്ഞു ..

"എന്നാലും എനിക്കത്ര വിശ്യാസമായിട്ടില്ല"

"അതു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടെലിവിഷനില്‍ കാണുന്നതു കൊണ്ടാണ്‍...കളറു കലക്കിയാലും കരി കലക്കിയാലും ഒരുപോലിരിക്കും...എത്ര നാളായി പറയുന്നു ഒരു കളര്‍ ടെലിവിഷന്‍ വാങ്ങാന്‍..." ചേചി പറഞ്ഞത്‌ സീരിയസ്സായിട്ടായിരുന്നു.

"എടീ ..എനിക്കു വിശ്യാസമാകാത്തത്‌ ടെലിവിഷനെയല്ല...ഇവന്റെ കൂട്ടുകാരനെയാ"
എന്നെ ചൂണ്ടി അമ്മ പറഞ്ഞപ്പോള്‍, എത്രയും പെട്ടെന്ന് ഈ നാട്ടില്‍ നിന്നും രക്ഷപെടുന്നതെങ്ങനേ എന്നാണു ഞാന്‍ ചിന്തിച്ചത്‌, അല്ലെങ്കില്‍ ബിജുചെറിയാന്റെ അടുത്തകത്തില്‍ കളറുകളുടെ പടം വരച്ചു ഭാഗങ്ങളടയാളപ്പെടുത്തിയതോ, കളറുകളെക്കുറിച്ചുള്ള ഉപന്ന്യാസമോ വന്നാല്‍ അമ്മയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരും.

ഒരു പ്രവാസ ജീവിതത്തിനുള്ള പ്ലാനോ തയ്യാറെടുപ്പുകളോ അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. ബിജുവിന്റെ പുതിയ സെറ്റപ്പും പ്രതാപവും നാട്ടുകവല വിടാനുള്ള ഒരു പ്രചോതനമായിത്തീരുകയായിരുന്നു.

ഒരുള്‍വിളി...'ചലോ ചലോ ഡല്‍ഹി' എന്നാരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നപോലെ... ഇനി ആലോചിക്കാനില്ല പോവുക തന്നെ...

ഡല്‍ഹി യാത്രക്കുവെണ്ടി വിസ സ്റ്റാമ്പുചെയ്യാന്‍ ഞാന്‍ സമര്‍പ്പിച്ച അപേക്ഷ അപ്പച്ചന്‍ നിര്‍ദാഷീണ്യം തള്ളിക്കളഞ്ഞു...

"അറിയോം കേക്കോം ഇല്ലാത്ത നാട്‌...എവിടെ താമസ്സിയ്ക്കും, എന്തു കഴിക്കും ആരുണ്ട്‌ സഹായിക്കാന്‍" ഇതെല്ലാമായിരുന്നു അപേക്ഷ തള്ളിയതിന്റെ കാരണമായി അമ്പാസിഡര്‍ പറഞ്ഞത്‌.

എല്ലാത്തിനും ചേര്‍ത്ത്‌ എനിക്കൊറ്റ ഉത്തരമേ പറയാനുണ്ടായിരുന്നൊള്ളു...'ബിജു ചെറിയാന്‍'
ഞാന്‍ ബിജു ചെറിയാന്റെ വീട്ടില്‍ താമസ്സിക്കും,
ഞാന്‍ ബിജു ചെറിയാന്റെ കൂടെ ആഹാരം കഴിക്കും,
ഞാന്‍ ബിജു ചെറിയാനാല്‍ സഹായിക്കപ്പെടും...

എന്നിലും ഉയരം കുറഞ്ഞവന്‍,സൗന്ദര്യം കുറഞ്ഞവന്‍, ബുദ്ധി കുറഞ്ഞവന്‍...എന്നിട്ടുംഅവന്‍ കമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പഠിക്കുന്നു..ഞാന്‍ തൊഴുത്തില്‍ ചാണകം വടിക്കുന്നു...അവന്‍ മാസ്സം അയ്യായിരം രൂപയ്ക്കു പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു ഞാന്‍ അഞ്ചു പൈസ പോലും കിട്ടതെ ഫുള്‍ടൈം ജോലി ചെയ്യുന്നു...അവന്‍ രാജാ ഗാര്‍ഡനില്‍ താമസിക്കുന്നു ഞാന്‍ രാജാക്കാട്ടില്‍ താമസ്സിക്കുന്നു...

വളരെ നാളത്തെ നിരാഹാരത്തിനും (നിശാഹാരത്തൊടുകൂടിയത്‌) പണിമുടക്ക്‌, ഹര്‍ത്താല്‍ ബന്ത്‌ തുടങ്ങിയ സമര മുറകള്‍ക്കും ഒടുവില്‍ എനിക്കു ഡല്‍ഹിക്കു പോകാനുള്ള വിസ അപ്പച്ചന്‍ അടിച്ചുതന്നു.

"ആദ്യമായി ദീര്‍ഘയാത്ര ചെയ്യുന്നതല്ലേ... ചാക്കോച്ചായീനേം കൂട്ടിപോയാല്‍ മതി..അവനാകുമ്പം രണ്ടു പ്രാവശ്യം ബോംബേയ്ക്ക്‌ പോയിട്ടുള്ള പരിചയം ഉണ്ടല്ലോ..പോരാത്തതിനു ഹിന്ദീം വശമുണ്ട്‌" എന്നമ്മ പറഞ്ഞു..

ചാക്കോച്ചായി ഞങ്ങളുടെ ഒരു അടുത്ത ബന്ദുവാണു, ഒറിജിനല്‍ പേര്‍ ജേക്കബ്‌. ആവശ്യമുണ്ടായിട്ടല്ല...എങ്കിലും ഇരിക്കട്ടെ ഒരു ജേക്കബ്‌ കൂടെ, ഇനി അതിന്റെ പേരില്‍ അടിച്ച വിസ ക്യാന്‍സലാക്കിക്കളയേണ്ട.

മുന്നൂറ്റിതൊണ്ണൂറ്റിയഞ്ചു രൂപ വീതം മുടക്കി കേരളാ എക്സ്‌പ്രസ്സിന്റെ സെക്കന്റ്‌ ക്ലാസ്സ്‌ സ്ലീപ്പര്‍ കോച്ചില്‍ ന്യൂഡല്‍ഹിവരെ ചെന്നെത്താനുമ്മാത്രം പോന്ന രണ്ടു ടിക്കറ്റുകള്‍ എടുത്ത്‌ കീശയിലിട്ട്‌ യാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു.

ബിജുവിനു, യാത്ര തുടങ്ങുന്ന ദിവസ്സം ട്രെയിന്‍ അവിടെ എത്തുന്ന ദിവസ്സം സമയം കോച്ച്‌ നമ്പര്‍ സീറ്റ്‌ നമ്പര്‍ ഇതെല്ലാം കാണിച്ച്‌ ഒരു നീണ്ട കത്ത്‌ അഡ്വാന്‍സായി പൂശി.

ഞാന്‍ ബിജുവിനിഷ്ടമുള്ള ഉണക്കക്കപ്പ, ഉണക്ക മീന്‍, അച്ചാറുകള്‍, അവുലോസുണ്ടാ, നേന്ത്രയ്ക്കാ ഉപ്പേരി അങ്ങിനെ കണസാ കുണസാ സാധനങ്ങള്‍ പെട്ടിയില്‍ അടുക്കുമ്പോള്‍, ചാക്കോച്ചായി യാത്രക്കായി ഒരു ഷര്‍ട്ടും, ആ ഷര്‍ട്ടിനകത്തിടാനൊരു ബനിയനും ആ ബനിയനകത്ത്‌ സ്പെഷ്യലായി ഒരു പോക്കറ്റും ആ പോക്കറ്റിലിടാന്‍ നിറയെ കാശും എന്റെ അപ്പച്ചന്‍ വഴിയായി സങ്കടിപ്പിച്ചു.

ഞാന്‍ ഡെല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതില്‍ എന്റെ അമ്മൂമ്മ ഒത്തിരി സങ്കടപ്പെട്ടു. ഞങ്ങളുതമ്മിലുള്ള ഇരിപ്പ്‌ അങ്ങനെയായിരുന്നു. പോകുന്നതിന്റെ തലേന്നു എന്റെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു..

"എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും".

എന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നതുകൊണ്ട്‌ സീറ്റുകളില്‍ എല്ലാം നിറയെ ആളുകളുണ്ടായിരുന്നു. വണ്ടിയില്‍ കയറിയപ്പോള്‍മുതല്‍ ചാക്കോച്ചായി ഉപദേശങ്ങള്‍ ആരംഭിച്ചു.
ട്രെയിന്‍ യാത്രയില്‍ സൂക്ഷിക്കെണ്ട കാര്യങ്ങള്‍. റയില്‍വേ സ്റ്റേഷനിലും ട്രെയിനിനുള്ളിലും ഉള്ള ചെറിയ പിടിച്ചുപറിക്കാര്‍ തുടങ്ങി വലിയ മോഷണ മാഫിയകളെക്കുറിച്ചുവരെ ഇഷ്ടന്‍ വായ്തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

കേരളം മുതല്‍ ഡെല്‍ഹി വരേയും നീളുന്ന അവരുടെ നെറ്റ്വര്‍ക്ക്‌, ഉദാഹരണത്തിനു ഒരു യാത്രക്കാരന്റെ കയ്യില്‍ പണമോ വിലപിടിപ്പുള്ള മേറ്റ്‌ന്തങ്കിലുമോ ഉണ്ടെന്നു ഒരു കുഞ്ഞുമാഫിയക്കു തോന്നിയാല്‍മതി ആ യാത്രയിലുടനീളമുള്ള മാഫിയാ ചെയിനെ മൊത്തത്തില്‍ വിവരമറിയിക്കും. യാത്രയിലെവിടെയെങ്കിലും വച്ചു ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ കൊള്ള നടത്തുകയും ചെയ്യും....

പാലക്കാടു കഴിങ്ങപ്പോള്‍ സത്യമായിട്ടും ഞാന്‍ മയങ്ങിപ്പോയി...പിന്നെ സേലത്തു ചെന്നപ്പോളാണെന്നുതോന്നുന്നു ഞാനുണര്‍ന്നത്‌, അപ്പോളും ചാക്കോച്ചായി സംസാരിച്ചുകോണ്ടേയിരിക്കുന്നു...

"ഇപ്പോള്‍ മനസ്സിലായോ ഇത്രയും പോക്കറ്റുകള്‍ വെളിയിലുള്ളപ്പോള്‍ ഞാനെന്തിനാ ബനിയത്തിന്റെ അകത്ത്‌ ഒരു പോക്കറ്റ്‌ ഉണ്ടാക്കിച്ചതെന്ന്?"

"മനസ്സിലായി..കേരളം തുടങ്ങി ഡല്‍ഹി വരെയുള്ള ചെറുതും വലുതുമായ സകലമാന മാഫിയകളേം പറ്റിക്കാനായിട്ട്‌" ഈ ചാക്കോച്ചായീടെ ഒരു ബുദ്ധിയേ...ഇഷ്ട്ടന്‍ ഞങ്ങളുടെ കവലയിലൊന്നും ജനിക്കേണ്ട ആളല്ലന്നു എനിക്കു പിന്നേം തോന്നി.

അവസാനം ഡല്‍ഹിയിലെത്തി...ഭാഗ്യത്തിനു വണ്ടി കൃത്യസമയത്തു തന്നെ എത്തിച്ചേര്‍ന്നു.
അല്ലെങ്കില്‍ ബിജു കാത്തിരുന്നു വിഷമിച്ചെനെ...

കാത്തിരുന്നു വിഷമിച്ചു...
ഞങ്ങള്‍...ബിജുവിനെ...

ഏകദേശം രണ്ടുമണിക്കൂറുനേരം അവിടെ നോക്കി നിന്നിട്ടും അവന്‍ വന്നില്ല. ഇവനു കോള്ളേജില്‍പഠിക്കുന്ന കാലത്ത്‌ പോറ്റിഹോട്ടലില്‍നിന്നും....
അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല.

ചാക്കോച്ചായി നെര്‍വ്വസ്സാകാനും കുത്തുവാക്കുകള്‍ (എന്നെം എന്റെ ഫ്രണ്ടിനേം)പറയാനും തുടങ്ങി. പുള്ളിക്കാരനേം പറഞ്ഞിട്ടു കാര്യമില്ല അപരിചിതമായ സ്ഥലത്ത്‌ അതും മാഫിയകള്‍ ഒത്തിരിയുള്ള അസ്സമയത്ത്‌, ഒരു കങ്കാരു തന്റെ കുഞ്ഞിനെ എന്നപോലെ മാറത്തെ രഹസ്യ സ്ഞ്ചിയില്‍ ആയിരക്കണക്കുനു രൂപയും വച്ചുകൊണ്ട്‌ നില്‍ക്കുന്നതിലെ റിസ്ക്‌ പുള്ളിക്കു നന്നായിട്ടറിയാം.

ബിജുവിനു തിരക്കുണ്ടാവും...കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ കട്ട്ചൈത്‌ വരാന്‍ അത്ര എളുപ്പമായിരിക്കില്ല അല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് അവധികിട്ടിക്കാണില്ല...ചിലപ്പോള്‍ എന്റെ എഴുത്ത്‌ മിസ്സായിട്ടുണ്ടാകുമോ? ഇന്ത്യയില്‍ അങ്ങിനേം സംഭവിക്കാമല്ലോ...ഏതായാലും അവന്റെ താമസ്സ സ്ഥലം തേടിപ്പിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ബോംബേ എക്സ്‌പീരിയെന്‍സും ഹിന്ദി ഭൂഷനും കൈമുതലായുള്ള ചാക്കോച്ചായി കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ഭയപ്പെടണം.

സ്റ്റേഷനു പുറത്തിറങ്ങിയപ്പോള്‍ നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു...ഉച്ച്യ്ക്കു ട്രെയിനിലേ ആഹാരം വാങ്ങി കഴിക്കാതിരുന്നത്‌ മനപ്പൂര്‍വമാണു. കാരണം ബിജുവിന്റെ വീട്ടില്‍ എനിക്കായി വളരെ ഹെവിയായിത്തന്നെ സദ്യ ഒരുക്കിയിട്ടുണ്ടാവും...ഞാന്‍ ശരിക്കും കഴിച്ചില്ലങ്കില്‍ തീര്‍ച്ചയായും അവനു വിഷമമാവും...(പോറ്റി ഹോട്ടലില്‍നിന്നും ഞാന്‍ അവനു ഒരുപാട്‌ ഊനുവാങ്ങിക്കൊടുത്തിട്ടുള്ളതല്ലെ...)

വഴിവക്കിലിരുന്നൊരു പഴക്കച്ചവടക്കാരന്‍ "സേവ്‌..സേവ്‌.." എന്നുറക്കെ എന്നെ നോക്കി വിളിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു അയാളെന്തോ അപകടത്തില്‍പെട്ടിട്ട്‌ എന്നോടു സഹായം ചോദിക്കുകയാണെന്ന്.

നല്ല ഫ്രെഷ്‌ കാഷ്മീരി ആപ്പിള്‍ കണ്ടപ്പോള്‍ ചാക്കോച്ചായിക്കു വിശപ്പു വര്‍ദ്ധിച്ചു (എനിക്കും)കച്ചവടക്കാരന്റെ അരികില്‍ചെന്നു മുഴുത്ത ഒരാപ്പിളില്‍ ചൂണ്ടിക്കൊണ്ട്‌ ചാക്കൊച്ചായി ഹിന്ദി പറയാനാരംഭിച്ചു

"ദോ ദേദീജിയെ"

ചാക്കോച്ചായീടെ ഹിന്ദി കേട്ടിട്ട്‌ അസൂയകൊണ്ടാണോ എന്നറിയില്ല ആ ജാട്ട്‌ കച്ചവടക്കാരന്‍ ഞങ്ങളെ രണ്ടാളേം കുറേനേരം തറപ്പിച്ചു നോക്കി.....എന്നിട്ടു രണ്ടാപ്പിളെടുത്ത്‌ തൂക്കം നോക്കി അഞ്ചു രൂപ കൊടുക്കാന്‍ പറഞ്ഞുകൊണ്ടു ചാക്കോച്ചായിയുടെ കയ്യില്‍ കൊടുത്തു.

ഇവനെ കണ്ടാല്‍ ഒരു മാഫിയ ലുക്കുണ്ടല്ലോ എന്നടക്കം പറഞ്ഞാണു ചാക്കോച്ചായി അഞ്ചുരൂപ കച്ചവടക്കാരനു കൊടുത്തത്‌.

അടുത്ത്‌ നിമിഷം എന്താണു നടക്കുന്നത്‌ എന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനുമുമ്പെ ഭീമാകാരനായ ആ കച്ചവടക്കാരന്‍ ഒരു കത്തിയെടുത്ത്‌ ഞങ്ങളുടെ നേരെ വീശിക്കൊണ്ടു.....
"ചാക്കൂ ചായിയേ" എന്നു പറഞ്ഞതും.......

ഓടിക്കോടാ സുന്ദരാാ...എന്നും പറഞ്ഞു ചാക്കോച്ചായിയും പുറകെ ഞാനും പ്രാണനും കൊണ്ടോടിയതും മാത്രമെ ഓര്‍മ്മയുള്ളു.....

ഭാഗ്യത്തിനു ഒരു ടാക്സി കാര്‍ എതിരെ വന്നതിനെ ബുദ്ധിപൂര്‍വ്വം കൈകാണിച്ചു നിര്‍ത്തി ചാക്കൊച്ചായിരും പുറകെ ഞാനും അതില്‍കയറിപ്പറ്റിയപ്പോളാണു ശ്വാസം നേരെവീണത്‌.

"ഇപ്പോള്‍ ഞാന്‍ പറഞ്ഞത്‌ നിനക്കു വിശ്വാസമായിക്കാണുമല്ലോ ഇല്ലെ?" ചാക്കോച്ചായി ചോദിച്ചു...

"മാഫിയ ശരിക്കും നമ്മുടെ പുറകേയുണ്ട്‌...നമ്മുടെ സകല ഡീറ്റയില്‍സും അവമ്മാര്‍ക്കു കിട്ടിക്കഴിഞ്ഞു....കേട്ടില്ലെ അവന്‍ കത്തിയെടുത്തപ്പോള്‍ എന്റെ പേരു വിളിച്ചത്‌......ചാക്കൂച്ചായിയേന്ന്!!! "

....ഓ...ഈ മാഫിയകളുടെ ഒരു കാര്യമേ.....

___________________________________
ഡല്‍ഹി മാഫിയ (തുടരും)

Monday, 12 February, 2007

ജൂനിയര്‍ ചാത്തനും സീനിയര്‍ ചാത്തനും

ആയിരത്തി തൊള്ളായിരത്തി എമ്പതുകളുടെ ആരംഭത്തില്‍ എന്റെ വീട്ടിലെ മെമ്പര്‍മാരുടെ വിലനിലവാരപ്പട്ടികയില്‍ ഞാനും വളര്‍ത്തുനായ കൈസറും പോയിന്റ്‌ ഒന്നുമില്ലാതെ ഏറ്റവും അടിയില്‍കിടക്കുകയായിരുന്നു.

വീടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന അപ്പച്ചന്‍ ഏറ്റവും ഉയര്‍ന്ന പോയിന്റോടുകൂടി ഒന്നാം സ്ഥാനത്തു നിന്നപ്പോള്‍, കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടേയും ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല വഹിക്കുന്ന അമ്മ ഏതാനും പോയിന്റ്കളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത്‌ നിന്നു.

രാവിലേയും വൈകിട്ടുമായി പത്തു ലിറ്ററോളം പാലും ധാരാളം ചാണകവും തരുന്ന അമ്പിളിപ്പശു എതിരാളികളില്ലാതെ മൂന്നാം സ്ഥാനത്തുവന്നപ്പോള്‍ നാലാം സ്ഥാനത്തിനുവേണ്ടി എന്റെ വല്യേട്ടനും കറുമ്പിയാടും തമ്മില്‍ ഒരു പിടിവലി തന്നെ നടന്നു എന്നു പറയാം.

അടുത്തവീട്ടിലെ കുട്ടികള്‍ക്കു ട്യൂഷനെടുത്തു മാസം പതിനഞ്ചു രൂപയോളം സമ്പാദിക്കുന്ന വല്യേട്ടനെ, മാസം പതിനാറുരൂപയ്ക്കുള്ള പാലുചുരത്തിക്കൊണ്ടു കറുമ്പിയാട്‌ അഞ്ചാം സ്ഥാനത്തേയ്ക്കു പിന്തള്ളുകയാണുണ്ടായത്‌. (ആട്ടിങ്കാട്ടം റബര്‍ കൃഷിക്കാര്‍ ഇന്നത്തെപ്പോലെ വലിയ വിലയ്ക്കുവാങ്ങുന്ന ഏര്‍പ്പാട്‌ അന്നില്ലായിരുന്നു.... അല്ലെങ്കില്‍ ഒരു പക്ഷെ കറുമ്പിയാട്‌ എന്റെ അപ്പച്ചനേം വെട്ടിച്ചു ഒന്നാം സ്ഥാനത്തു നിന്നേനെ.)

ജനുവരിയില്‍ മുപ്പത്തൊന്ന് മുട്ടകളും ഫെബ്രുവരിയില്‍ ഇരുപത്തെട്ട്‌ മുട്ടകളും(ലീപിയറില്‍ ഒരു ബോണസ്‌ മുട്ടകൂടിചേര്‍ത്ത്‌ ഇരുപത്തി ഒമ്പത്‌ മുട്ടകളും) അങ്ങിനെ കൃത്യനിഷ്ടയോടെ മുട്ടകള്‍ പ്രൊഡ്യൂസ്ചെയ്ത്‌ ഏകദേശം ഒമ്പത്‌ രൂപയോളം മാസത്തില്‍ കൊണ്‍ട്രിബ്യൂട്ട്ചെയ്യുന്ന പുള്ളിപ്പിട ആറാം സ്ഥാനത്തും, ധാരാളം ചാണകമിട്ടു സഹകരിക്കുന്നതിനാലും ശരീരത്തിലെ ഇറച്ചിയുടെ മാര്‍ക്കറ്റ്‌ വാല്യൂ പരിഗണിച്ചും സായിപ്പുകുട്ടന്‍ എന്ന കാള ഏഴാം സ്ഥാനത്തും വന്നപ്പൊള്‍, എലിപിടുത്തത്തില്‍ എസ്പെര്‍ട്ടായ വല്‍സപ്പൂച്ച, മണീ കോണ്ട്രിബൂഷന്‍ ഒന്നും ഇല്ലെങ്കില്‍തന്നെയും ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യം ഒന്നുമാത്രം പരിഗണിച്ച്‌ എട്ടാം സ്ഥാനം കൊടുത്ത്‌ ആദരിക്കപ്പെട്ടു.

വീട്ടില്‍ അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുന്ന കൊച്ചേട്ടനും കുഞ്ഞേച്ചിയും ഒമ്പതാം സ്ഥാനം പങ്കിട്ടപ്പോള്‍, പൂവന്‍ കോഴികളേയും അവരുടെ കൂടെ വെറുതെ സൊള്ളിനടക്കുന്ന, (ഇടയ്ക്കു ടയിംപാസ്സിനു വേണ്ടി മാത്രം ഓരോമുട്ടകളിടുന്ന) പിടക്കോഴികളേയും മൊത്തത്തില്‍ ഇറച്ചിവില മാത്രം പരിഗണിച്ച്‌ പത്താം റാങ്കില്‍പെടുത്തിയിട്ടു ടോപ്പ്‌ ടെന്‍ ലിസ്റ്റ്‌ അവിടെ അവസാനിപ്പിക്കുകയാണു.

വളര്‍ത്തുനായായ കൈസറും ഞാനും ലിസ്റ്റിനു പുറത്ത്‌.

പരിചയം ഉള്ളവരെകണ്ടാലും ഇല്ലാത്തവരെകണ്ടാലും ഒരേ താളത്തില്‍ വാലാട്ടിനില്‍ക്കുന്നതും, താനൊരു ശുനകനാണെന്നു നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനായിട്ടെങ്കിലും ഒന്നുകുരയ്ക്കാത്തതും, നല്ലൊന്നാന്തരമൊരു പിടക്കോഴിയെ രാത്രി കുറുക്കന്‍ വന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പശുവിന്റെ പുല്ലുകൂട്ടില്‍ കിടന്നുറങ്ങിയതും... ബഹളം കേട്ട്‌ ആളുകള്‍ ഇറങ്ങിവന്നപ്പോള്‍ വെറുതേ വാലാട്ടിനിന്നതും... എല്ലാം കൈസറിനു വിനയായിത്തീര്‍ന്നു എന്നത്‌ മനസ്സിലാക്കാം......

പക്ഷേ എന്റെകാര്യമോ...........ഞാനെന്തുപിഴച്ചു........

കവലയിലെ ഏകദേശം എല്ലാ വീടുകളിലേയും സ്ഥിതി അക്കാലത്ത്‌ ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. വീട്ടിലെ ഇളയ കുട്ടികള്‍ക്ക്‌ യാതൊരു മാര്‍ക്കറ്റ്‌ വാല്യുവും ഇല്ല. എന്തെങ്കിലും കാര്യങ്ങളില്‍ ഇനിഷ്യേറ്റീവാകാം എന്നുവച്ചാല്‍ വീട്ടില്‍ ആരും നമ്മളെ ഒരുകാര്യത്തിലും തൊടീക്കില്ല...എന്തോരും വളര്‍ന്നാലും കാര്യമില്ല... 'കൊച്ച്‌' എന്ന പരിഗണനയേ ലഭിക്കുകയൊള്ളു.


"അടുത്ത വീട്ടിലെ ആന്റപ്പനെ നോക്കിപ്പഠിക്കെടാ....നിന്റെയൊക്കെപ്രായമല്ലേ...അവന്‍ കണ്ടം കിളക്കും, എരുമയെ കുളിപ്പിക്കും, വീട്ടിലെ പണികളെല്ലാം ചെയ്യും...അതിനിടയില്‍ പഠിക്കാനും പോകും...‌" എന്നു അപ്പച്ചന്‍ ഉപദേശിക്കുമ്പോള്‍,

"അതുമാത്രമോ...ഈ പഞ്ചായത്തില്‍ എവിടെയെങ്കിലും ഒരു തേങ്ങയോ മാങ്ങയോ പൊഴിഞ്ഞാല്‍ അതവന്റെ വീട്ടിലെത്തിക്കും...ഇവിടെയോ...സ്വന്തം വളപ്പില്‍ പൊഴിയുന്നതുപോലും കരക്കാര്‍ കൊണ്ടുപോകും....എന്തിനുകൊള്ളാമിവനെ...അടുക്കളയില്‍ എന്തെങ്കിലും വേവിച്ചുവെച്ചാല്‍ പാത്രം കാലിയാക്കിത്തരാനറിയാം" ഇതായിരുന്നു അമ്മയുടെ അഭിപ്രായം.

കൈസര്‍ ഉറക്കെ രണ്ടു കുരകുരച്ചാല്‍ വീട്ടില്‍ അവനും പ്രമോഷനായി എന്നിലും ഉയര്‍ന്ന റാങ്കില്‍ കയറാനിടയുള്ളതിനാല്‍, എന്റെ കഴിവു മറ്റുള്ളവരുടെ മുമ്പില്‍ എത്രയും പെട്ടെന്നു തെളിയിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത്‌ എന്റെ ഏറ്റവും വലിയ ഒരാവശ്യമായി മാറി.

ഈ ഒരേ ഒരാവശ്യം മുന്‍നിര്‍ത്തിയാണു ഞാന്‍ രണ്ടരക്കിലോയോളം തൂക്കവും, വീട്ടിലെ റാങ്ക്‌ ലിസ്റ്റില്‍ എന്നിലും ഉയരത്തില്‍ നിന്നവനുമായ കോഴിപ്പൂവനെ വല്‍സമ്മ ടീച്ചറിനു ഇരുപത്തിയഞ്ചു രൂപക്കു കച്ചവടമുറപ്പിച്ചത്‌.

ഇറച്ചിക്കാരന്‍ അലിമാമാ വന്നു തലേ ദിവസം ഇരുപത്തിരണ്ടു രൂപ വിലപറഞ്ഞിട്ടും, ഇരുപത്തിയഞ്ച്‌ തികച്ചു തരാതെ കോഴിയേത്തരില്ല എന്ന് അമ്മ പറഞ്ഞത്‌ ഞാന്‍ കേട്ടിരുന്നു.

"ഇരുപത്തി രണ്ടു രൂപയില്‍ ഒരു പൈസ അധികം ഈ കോഴിക്കു ഒരാളും തരില്ല ...ഇതിവിടെ വില്‍ക്കാച്ചരക്കായി നിന്ന് മൂത്ത്‌ മുരടിച്ചു കുറുക്കന്‍പോലും ഉപേക്ഷിച്ച്‌,.. കടിച്ചാല്‍ മുറിയാതാവുമ്പോള്‍ നിങ്ങള്‍ത്തന്നെ വേവിച്ചു തിന്നേണ്ടിവരും.." എന്നു ശപിച്ചുകൊണ്ടാണു ഇറച്ചിക്കാരന്‍ അലിമാമ അന്നു പടിയിറങ്ങിപ്പോയത്‌.

"മൂന്നുരൂപ കുറവായാലും കൊടുത്തേക്കാന്‍ മേലാരുന്നോടീ..." എന്നു അപ്പച്ചന്‍ വൈകുന്നേരം ജോലികഴിഞ്ഞു വന്നപ്പോള്‍ അമ്മയൊടു ചോദിക്കുകയും ഉണ്ടായി.

ഈ അവസരത്തില്‍ വല്‍സമ്മ ടീച്ചറുമായി ഞാനുറപ്പിച്ച കച്ചവടം, സ്ഥിരമായി കോഴികളെ വിലകുറച്ചു വാങ്ങുന്ന അലിമാമയുടെ കുത്തക പൊളിക്കാനും, മൂന്നു രൂപയോളം ലാഭം (ഞാന്‍ വഴിയായി) വീട്ടുകാര്‍ക്ക്‌ ഉണ്ടാകാനും മാത്രമല്ല...പിന്നെയൊ ഞാന്‍ വെറും 'ഉണ്ണാക്കന്‍' അല്ലായെന്നു മറ്റുള്ളവരുടെ മുമ്പില്‍ തെളിയിക്കാനും - അതുവഴി അടുത്ത റാങ്‌ക്‍ലിസ്റ്റില്‍ പത്താം സ്ഥാനത്തെങ്കിലും കയറിപ്പറ്റാനുള്ള എന്റെ ശ്രമത്തിന്റെ ഭാഗവുമായിരുന്നു.

വല്‍സമ്മ ടീച്ചറിനും ഈ കച്ചവടം ഒരു നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന കെട്ട്യോന്റെ വീട്ടുകാരുമായുള്ള ബന്ദം പുനസ്ഥാപിക്കാനായി പണിയുന്ന പാമ്പന്‍ പാലത്തിനു ഉറപ്പേകുന്ന പിന്‍ബലം നല്‍കാനാണു ശങ്കര്‍ സിമന്റിനുപകരം ഒരു കോഴിപ്പൂവനെ കറിയായി ഉപയോഗിക്കാം എന്നു ടീച്ചര്‍ തീരുമാനിച്ചത്‌.

മിനിമം രണ്ടരക്കിലോയെങ്കിലും തൂക്കമുള്ള ഒരു കോഴിയെ പിറ്റേന്നു രാവിലെ ഒമ്പതു മണിക്കുമുമ്പായി ടീച്ചറിന്റെ വീട്ടില്‍ എത്തിക്കണം എന്ന വ്യവസ്ഥ്‌യില്‍ അഡ്വാന്‍സായി ഇരുപത്തിയഞ്ച്‌ രൂപ കോഴിയുടെ വിലയും ഒരു രൂപ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജും ചേര്‍ത്ത്‌ ഇരുപത്തിയാറു രൂപ ഞാന്‍ കൈപ്പറ്റി.

ഒരു രൂപയ്ക്ക്‌ അന്നു തന്നെ ഒരു വാട്ടര്‍കളര്‍ബോക്സ്‌ വാങ്ങി. ബാക്കി പണം അമ്മയുടെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അഭിമാനത്താല്‍ ഹൃദയം തുടിക്കുകയായിരുന്നു.

പിറ്റേന്നു പതിവിലും നേരത്തെ ഉണര്‍ന്നു. അമ്മയുടെ സഹായത്താല്‍ കോഴിച്ചാത്തനെ പിടിച്ച്‌ ചാക്കുനൂലാല്‍ കാലുകള്‍ ബന്തിച്ചു. വേളാങ്കണ്ണി മാതാവിന്റെ പടം ഒരുവശത്തും തമിഴില്‍ എന്തൊക്കെയോ മറുവശത്തും പ്രിന്റുചെയ്ത ഒരു തുണി സഞ്ചിയില്‍ കോഴിയെ ഇരുത്തി, ഒരുകയ്യില്‍ പുസ്ഥക സഞ്ചിയും മറുകയ്യില്‍ കോഴിസഞ്ചിയുമായി ഞാന്‍ വീട്ടില്‍നിന്നുമിറങ്ങി.

ഇനി ഏതെങ്കിലും ടീച്ചര്‍മാര്‍ക്ക്‌, കോഴിയെ മാത്രമല്ല ആടിനെയോ കാളയെയൊ ആവശ്യമുണ്ടെങ്കില്‍ പോലും എന്നൊടു പറഞ്ഞാല്‍ മതിയെന്നു വല്‍സമ്മ ടീച്ചറിനോടു പറയണം‌. ഒരു വലിയ കച്ചവടക്കാരനായി മാറുന്നതും, വീട്ടില്‍, 'ദേ..ഇളയവനെക്കണ്ട്‌ പഠിക്കെടാ' എന്നു അമ്മയും അപ്പച്ചനും ചേട്ടന്മാരോടു പറയുന്നതും ഞാന്‍ സ്വപ്നം കണ്ടു.

ചുള്ളന്‍ നായരുടെ വീടിനടുത്തെത്തിയപ്പോള്‍ ഞാന്‍ കൈ ഒന്നു മാറിപ്പിടിക്കാനാണെന്നു തോന്നുന്നു, കോഴിസഞ്ചി താഴെവച്ചു. പൂവന്‍ കോഴി പിടക്കോഴി ആകുമെന്നു സ്വപ്നത്തില്‍പോലും ഞാന്‍ ഓര്‍ത്തില്ല. പൂവന്‍ രണ്ടു പിട...ദേ കിടക്കണു സഞ്ചിക്ക്‌ വെളിയില്‍.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. റോട്ടില്‍നിന്നും അവന്‍ ഒരു കുതിപ്പിനു ചുള്ളന്‍ നായരുടെ വേലി കടന്നു പിന്നെ ഒരു ചാട്ടത്തിനു ആദ്യത്തെ കയ്യാലയും കടന്നു... എന്റെ സ്വപ്നങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്‌ ചാത്തന്‍ കോഴി ചുള്ളന്‍ നായരുടെ വീടിന്റെ ഡയറക്ഷനില്‍ മുന്നേറുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു പോയി.

തുണി സഞ്ചിയിലെ മാതാവിനോട്‌ എന്നാലും ഈ ചതി എന്നൊടു ചെയ്തല്ലോ എന്നു പറഞ്ഞു തീരുന്നതിനുമുമ്പെ മാതാവ്‌ അയച്ചു തന്നതു പോലെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ആന്റോ അവിടെ എത്തി.
ആന്റോയുടെ ഐഡിയപ്രകാരം ഞങ്ങള്‍ രണ്ടാളും വേലിചാടി കോഴിയുടെ പുറകെ ഓടാന്‍ തുടങ്ങി.

കൂനിന്മേ കുരു അതിനു പുറത്തൊരു കൊതു...എന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നായരുടെ പട്ടി കേസേറ്റെടുത്തു. പട്ടിയെങ്ങാനും വന്നു കോഴിയെ പിടിച്ചാല്‍ പിന്നെ രണ്ടരക്കിലോ പോയിട്ടു രണ്ടര ഗ്രാം പോലും ബാക്കി കിട്ടില്ല ..അതാണു ഇനം.

പട്ടി കുരച്ചോണ്ടു പാഞ്ഞുവന്നു കോഴിയെ പിടിച്ചു പിടിച്ചില്ല എന്നായപ്പോള്‍ കാലില്‍ കെട്ടിയ ചാക്കുനൂലും പൊട്ടിച്ചു കോഴി പറന്ന് നായരുടെ വീടിന്റെ മുകളില്‍പോയിരിപ്പായി. അവിടെ ഇരുന്നു ചിറകെല്ലാം കൂട്ടിത്തട്ടി വലിയ വായിലൊന്നു കൂകി ..."കൊക്കരക്കോ...കോാാ..."

പുരപ്പുറത്തിരുന്നു കോഴി എന്നേയും ആന്റോയേയും നായരുടെ പട്ടിയേയും കളിയാക്കി ചിരിക്കുന്നത്‌ പോലെ തോന്നി.

ബഹളം കേട്ടു ചുള്ളന്‍ നായരിറങ്ങിവന്നു. രണ്ടു ഓതറൈസ്‌ഡ്‌ ഭാര്യമാരും അനേകം അണ്‍ഓതറൈസ്‌ഡ്‌ ഭാര്യമാരും ഉള്ള നായര്‍ക്ക്‌ 'ചുള്ളന്‍' എന്ന പേര്‍ ആരുകൊടുത്തതാണെങ്കിലും ആ പേരിനു അതിലും യോഗ്യനായ ഒരാള്‍ ഞങ്ങളുടെ നാട്ടില്‍ അന്നു വേറെയില്ല.

കൊഴിയുടെ ചരിത്രം ചുരുക്കത്തില്‍ ഞാന്‍ നായരെ ധരിപ്പിച്ചു. ഒമ്പതു മണിക്കുമുമ്പെ കോഴിയെ ടീച്ചറിന്റെ വീട്ടില്‍ എത്തിച്ചില്ലങ്കില്‍ ഒരുപക്ഷെ അമ്മായിയമ്മയും മരുമകളും ഈ ജന്മത്തില്‍ ഒന്നിച്ചുപോയില്ല എന്നു വരും. മാത്രമല്ല വലിയ ചതിചെയ്ത എന്റെ പരീക്ഷാ പേപ്പറില്‍ പിടക്കോഴി ചെയ്യുന്ന പണിചെയ്തുവയ്ക്കാനും ടീച്ചര്‍ മടിച്ചെന്നു വരില്ല.

കോഴിയുടെ മനശാസ്ത്രം നന്നായി അറിയാവുന്ന നായര്‍ പറഞ്ഞു. "പുരപ്പുറത്തിരിക്കുന്ന കോഴിയെ പിടിക്കുവാന്‍ ഒട്ടും എളുപ്പമല്ല...അതിനാല്‍ കോഴിയെ താഴത്തിറക്കണം..."
"അതിനു നമ്മള്‍ താഴെനിന്നു വിളിച്ചാല്‍ അവനിറങ്ങി വരുമോ?.. ഇല്ലേ ഇല്ല..."

"പിന്നെ എന്തു ചെയ്യും?"...ഞങ്ങള്‍ ചോദിച്ചു.

"പെണ്ണുങ്ങളെ ഇറക്കണം...." എന്നു പറഞ്ഞു നായര്‍ നായരുടെ വീട്ടിലെ പിടക്കോഴികളെ കൂടുതുറന്നു വിട്ടു.

പല പ്രായക്കാര്‍ പല വേഷക്കാര്‍ പല പല ഇനങ്ങളില്‍പ്പെട്ട കോഴിസുന്ദരികള്‍ താഴെ പല ആംഗിളില്‍ നിന്നു വശീകരിച്ചിട്ടും ഞങ്ങടെ പൂവന്‍ വീണില്ല. ഇത്രയും സെല്‍ഫ്‌ കണ്ട്രോളുള്ള ഒരു പൂവനെ ഞാന്‍ ആദ്യമായാ കാണുന്നതെന്നു പറഞ്ഞു ചുള്ളന്‍ നായര്‍ സുല്ലിട്ടു.

എന്റെ പ്രശ്നം പരിഹരിക്കപ്പെടാതെ പുരപ്പുറത്ത്‌ സ്ഥിര താമസമാക്കനുള്ള പുറപ്പാടു കണ്ടപ്പോള്‍ നായരെനിക്കു ഒരു പകരക്കാരനെ പിടിച്ചു തരാമെന്നേറ്റു. രണ്ടര കിലോ നെറ്റ്‌ വെയ്റ്റുള്ള എന്റെ കോഴിക്കു പകരം നായര്‍ പിടിച്ചു തന്നകോഴി പപ്പും തൂവലും കാലില്‍ ഉണങ്ങിപ്പിടിച്ചിരുന്ന നൂറു ഗ്രാം ചാണകവും ഉള്‍പ്പെടെ തൊള്ളായിരം ഗ്രാമില്‍ ഒട്ടും കൂടില്ല.

എന്റെ ഗതികേടുകൊണ്ട്‌ ഞാന്‍ ആ ജൂനിയര്‍ ചാത്തനേയും കൊണ്ട്‌ വല്‍സമ്മ ടീച്ചറിന്റെ വീട്ടിലെക്കു പാഞ്ഞു.

ഞാന്‍ ഓടിപ്പിടഞ്ഞു ചെന്നപ്പോളേക്കും അരമണിക്കൂറോളം വൈകിയിരുന്നു. കോഴിക്കറിക്കുള്ള ഗ്രേവി ഒക്കെ തയ്യാറാക്കി ടീച്ചര്‍ കലിതുള്ളി ഇരിക്കുകയാണു...തമിഴന്‍ സഞ്ചിയില്‍ നിന്നും ഞാന്‍ തൊള്ളായിരം ഗ്രാമിന്റെ ജൂനിയര്‍ ചാത്തനെ എടുത്തു പൊക്കിയപ്പോള്‍ ടീച്ചര്‍ എന്നെ ഒരു നോട്ടം നോക്കി....

കീരിക്കാടന്‍ ജോസിനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞയച്ച സഹ സംവിധായകന്‍ ഇന്ദ്രന്‍സിനെ വിളിച്ചുകൊണ്ടുവന്നാല്‍ സംവിധായകന്‍ എങ്ങിനെ നോക്കും..അതേ നോട്ടം.

അപ്പോള്‍ ടീച്ചറിന്റെ ഭര്‍ത്താവ്‌ ഇറങ്ങിവന്നു കോഴിയെകാണുകയും "ഇതെന്റെ വീട്ടുകാര്‍ക്കു മൂക്കിപ്പൊടീടെ കൂടെ ചേര്‍ത്തു വലിക്കാന്‍ പോലും തികയില്ല" എന്നു പറഞ്ഞിട്ടു തിരിച്ചു പോവുകയും ചെയ്തു.

അരക്കിലോയുള്ള കോഴിയെ രണ്ടരക്കിലോ എന്നു പറഞ്ഞു തന്നു വിട്ട നിന്റെ അപ്പനേം വിളിച്ചോണ്ടുവന്നിട്ടു ഇനി നീ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നും, ഇരുപത്തിയാറു രൂപ മടക്കി കൊടുക്കണമെന്നും, ജൂനിയര്‍ ചാത്തനേം കൊണ്ട്‌ എത്രയും പെട്ടന്നു സ്ഥലം കാലിയാക്കണമെന്നും ടീച്ചര്‍ കല്‍പ്പിച്ചു...

വീട്ടില്‍ വന്നു സംഭവം പറഞ്ഞപ്പോള്‍ ഒരുകാര്യം ഉറപ്പായി....അടുത്ത റാങ്‌ക്‍ലിസ്റ്റില്‍ മൈനസ്സ്‌ പോയിന്റോടുകൂടി ഞാന്‍ കൈസറിനും താഴെ പോകും...

പിറ്റേന്ന് വീടുമുതല്‍ സ്കൂളുവരെ എന്നെ ശകാരിച്ചുകൊണ്ട്‌ അപ്പച്ചന്‍ വരികയും ഇരുപതിയഞ്ച്ചു രൂപ ടീച്ചറിനു തിരികെ കൊടുത്ത്‌ ഒരു സോറിയും പറഞ്ഞു തിരിച്ചുപോവുകയും ചെയ്തു.

ആ വര്‍ഷം ഞാന്‍ ആറാം ക്ലാസ്സില്‍ തോറ്റതും...പിറ്റേ വര്‍ഷം വല്‍സമ്മ ടീച്ചറും ഭര്‍ത്താവും തമ്മില്‍ ബന്തം പിരിഞ്ഞതും ആ നശിച്ച കോഴിച്ചാത്തന്മ്മാരു കാരണമാണെന്നു ഞാന്‍ ഇന്നും ഉറച്ച്‌ വിശ്വസിക്കുന്നു.

Wednesday, 7 February, 2007

ഉന്നംതെറ്റിയ വെടി

ഏഴാം ക്ലാസ്സില്‍നിന്നും ഓള്‍പ്രമോഷനായി ഞങ്ങള്‍ എല്ലാവരും, ആന്റപ്പനുള്‍പ്പെടെ എട്ടാം ക്ലാസ്സിലേക്കു കയറുകയല്ല എട്ടാംക്ലാസ്സിലേക്കു ഇറങ്ങുകയാണു ചെയ്തത്‌.

വെള്ളത്തൂവല്‍ ഗെവണ്‍മന്റ്‌ ഹൈസ്കൂളിന്റെ അഞ്ചുമുതല്‍ ഏഴുവരെയുള്ള അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍ ഒരു കുന്നിന്റെ നിറുകയിലുള്ള കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്‌. ആകുന്നിന്റെ തന്നെ താഴ്‌വാരത്തിലുള്ള രണ്ടു കെട്ടിടങ്ങളിലായി ഹൈസ്കൂളും, അതുകൊണ്ടാണു ഞങ്ങള്‍ക്കു ജയിച്ചാലും ക്ലാസ്സു കയറ്റം കിട്ടാതെ ക്ലാസ്സിറക്കം കിട്ടിയിരുന്നത്‌.

എട്ടാംക്ലാസ്സില്‍ 'ഇ' ഡിവിഷനിലായിരുന്നു ഞാനും എന്റെ അടുത്ത കൂട്ടുകാരും. ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ പുഷ്പമ്മ ടീച്ചറുടെ അഭിപ്രായം ഞങ്ങളില്‍ ബെഹു ഭൂരിപക്ഷവും ഭൂമിയുടെ ആകര്‍ഷണ ശ്ക്തി ഒന്നുകൊണ്ടുമാത്രമാണു ഏഴാം ക്ലാസ്സില്‍നിന്നും എട്ടാം ക്ലാസ്സില്‍ എത്തിയത്‌ എന്നായിരുന്നു.

ഹൈസ്കൂളിലെത്തുന്ന എല്ലാ കുട്ടികളും ആദ്യകാലങ്ങളില്‍ വളരെ ഹാപ്പിയായിരിക്കും, ദരിദ്ര കുടുമ്പത്തില്‍നിന്നും സമ്പന്ന കുടുമ്പത്തിലോട്ടു കെട്ടിച്ചുവിടുന്ന പെണ്ണിനേപ്പോലെ. കാരണം മലമുകളിലെ സ്കൂളില്‍ ഒരുതുള്ളി വെള്ളം കാണണമെങ്കില്‍ മഴപെയ്യണം അല്ലെങ്കില്‍ ആരെങ്കിലും കരയണം. ഓടിച്ചാടി കളിച്ചുനടക്കാന്‍ പറ്റിയ ഗ്രൗണ്ടില്ല, നേരാംവണ്ണം നടക്കാനുള്ള വഴിപോലുമില്ല....സൂക്ഷിച്ചു നടന്നില്ലങ്കില്‍ ചിലപ്പോള്‍ പരീക്ഷ പോലും എഴുതാതെ എട്ടാംക്ലാസ്സില്‍ വന്നു വീഴും.

ഇതിലെല്ലാം കഷ്ടം ഐസുവില്‍പ്പനക്കാര്‍ ഈ സ്കൂളിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ടിരിക്കുന്നു എന്നതാണു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ ഐസുപെട്ടിയും തലയിലേറ്റി മലകയറിനോക്കി മുകളിലെത്തിയപ്പോളേക്കും ക്ലാസ്സു കഴിഞ്ഞു കുട്ടികള്‍ വീട്ടിലെത്തിയിരുന്നു...ഏതായാലും ഇവിടെവരെ കഷ്ടപ്പെട്ടുവന്നതല്ലേ ഇനിയിതു വിറ്റിട്ടേ പോകുന്നൊള്ളു എന്നോര്‍ത്ത്‌ അയാള്‍ അന്നവിടെ ഹാള്‍ട്ടുചെയ്തു...പിറ്റേന്നു കുട്ടികള്‍ വന്നപ്പോല്‍ ഐശ്വര്യമായിട്ടു ഐസുപെട്ടി തുറന്നുനോക്കിയപ്പോള്‍ കുറെ കോലുകള്‍ മാത്രമേ കിട്ടിയൊള്ളു എന്നാണു ഐതീഹ്യം.

ഒരു സൈക്കിളുപോലും കയറാത്ത കേരളത്തിലെ തന്നെ ഏക അപ്പര്‍ പ്രൈമറി സ്കൂള്‍ഇതായിരിക്കണം.

ഹൈസ്കൂളിലാവട്ടെ സഥാസമയവും നിറഞ്ഞൊഴുകുന്ന ഒരു അരുവിയും ഈ അരുവി ചെന്നു ചേരുന്ന ഒരു വലിയപുഴയും (മുതിരപ്പുഴ- പെരിയാറിന്റെ ഒരു ശാഖ) മുറ്റത്തുതന്നെയുണ്ടെന്നു പറയാം, "കുടിക്കാന്‍ മാത്രമല്ല കുളിക്കാനും കൂടിയുള്ള സൗകര്യം...", എന്നാണു ആദ്യ ദിവസ്സം തന്നെ അരുവികണ്ടു നെയ്യന്‍ പൗലോ പറഞ്ഞത്‌.

ഇലക്ട്രി സിറ്റി ബോര്‍ഡിന്റെ ഏക്കറുകണക്കിനു സ്ഥലം സ്കൂളിനു ചുറ്റും കാടുകയറികിടക്കുന്നതിനാല്‍ സ്കൂളിനു പ്രത്യേകമായി മൂത്രപ്പുര ആവശ്യമായിരുന്നില്ല. കള്ളനും പോലീസുമോ കൊടകരക്കാരുടെ അമ്പസ്ഥാനിയൊ ഇഷ്ടം പോലെ കളിക്കാം എന്നതു ഈ കാടുകൊണ്ടുള്ള മറ്റോരു ബനഫിറ്റ്‌.

ഹൈഡ്രോ ഇലക്ട്രിക്‌ പവ്വര്‍ ഹൗസിലേക്കു മലമുകളില്‍ നിന്നും കിലോമീറ്ററുകളൊളം നീളുന്ന പൈപ്പുലയിന്‍ അതിനോട്‌ അനുബന്ദിച്ചുള്ള വാല്‍വു ഹൗസ്‌ ഇതെല്ലാം നവാഗതരിലുണര്‍ത്തുന്ന കൗതുകം ചില്ലറയൊന്നുമല്ല.

ഇതുകൂടാതെ ഒരു ബാസ്ക്കറ്റു ബോള്‍ കോര്‍ട്ട്‌ (ഒരു സൈഡില്‍ റിങ്ങ്‌ ഇല്ലാത്ത ബോര്‍ഡോടുകൂടിയത്‌), ഒരു വോളീ ബോള്‍ കോര്‍ട്ട്‌....അങ്ങിനെ ഒരു കുടിയേറ്റ മേഘലയിലെ സ്കൂള്‍ കുട്ടികള്‍ക്കു അര്‍മാദിക്കുവാന്‍ എന്തെല്ലാം കിട്ടുമോ അതെല്ലാം ചേര്‍ന്ന ഒരു സെറ്റപ്പ്‌ അതാണു വെള്ളത്തൂവല്‍ ഗവ.ഹൈ. സ്കൂള്‍.

ക്ലാസ്സിലിലെ കുട്ടികളെ അവര്‍തന്നെ രണ്ടു വിഭാഗമായി തിരിച്ചിരുന്നു,

കളസധാരികളായ കിളുന്തന്മാരും, മുണ്ടുടുത്ത ഏട്ടന്മാരും.

കിളുന്തന്മാരെല്ലാം മുന്‍പിലുള്ള ബഞ്ചില്‍ ഇരുന്നുകൊള്ളണമെന്നൊരു എഴുതപ്പെടാത്ത നിയമം പരക്കെ അംഗീകരിക്കപ്പെട്ട ഒരു കാലമായിരുന്നു അത്‌.

അങ്ങിനെ മുന്‍ ബെഞ്ചില്‍ ഞാനും ഏഴാം ക്ലാസ്സില്‍നിന്നും വന്ന എന്റെ കൂട്ടുകാരായ കളസധാരികളും ഇരിക്കുന്ന കൂട്ടത്തില്‍ ഒരു പാവത്താന്‍ വന്നു സ്ഥാനമ്പിടിച്ചു.

അവന്റെ പേര്‍ റോയി സി.സി. ഞങ്ങള്‍ക്കു പുതുമുഖമാണെങ്കിലും ആശാന്‍ സ്കൂളിനും എട്ടാംക്ലാസ്സ്‌ 'ഇ' ഡിവിഷനും വളരെ പഴയ മുഖമായിരുന്നു. എട്ടാം ക്ലാസ്സ്‌ പഞ്ചവല്‍സര പദ്ധതി ആക്കാനുള്ള ലക്ഷ്യമായിരുന്നോ എന്നറിയില്ല, മൂന്നു വര്‍ഷമായി അതേ ക്ലാസ്സില്‍ അതെ ബഞ്ചില്‍ റോയി പ്രതിഷ്ടിക്കപ്പെട്ടിട്ട്‌.

ക്ലാസ്സില്‍ പഞ്ച പാവത്താനെപ്പോലെ ഇരിക്കുന്ന റോയിക്കു ഇന്റര്‍വെല്‍ സമയമാകുമ്പോല്‍ ആകെ ഒരു വെപ്രാളമാണു. പെണ്‍കുട്ടികളുടെ ക്ലാസ്സിനു മുന്‍പിലൂടെയും അവര്‍ കൂട്ടം കൂടി സഞ്ചരിക്കുന്നതിനിടയിലൂടെയും ഒരു സര്‍ക്കീട്ട്‌ നടത്തിയില്ലങ്കില്‍ മൂപ്പര്‍ക്കു ചില പരമ്പരാഗത കുടിയന്മാര്‍ക്കു സമയത്തിനു അടിച്ചില്ലങ്കില്‍ ഉണ്ടാകുന്നതുപോലുള്ള ഒരു വിറയല്‍ അനുഭവപ്പെടും.

ഈ പതിവു സവാരിക്കു ഒറ്റക്കുപോകാന്‍ റോയി ഇഷ്ടപ്പെട്ടിരുന്നില്ല. തോളത്തു കയ്യിട്ടുപോകാന്‍ ആരെങ്കിലും കൂടെവേണം. ചെത്ത്‌, വീശ്‌ ലയിനടി എന്നീ അര്‍ത്ഥ സമ്പുഷ്ടമായ പദങ്ങള്‍ മലയാള ഭാഷയില്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത കാലമായതിനാല്‍ 'ഷയിന്‍' ചെയ്യാന്‍ പോകാം എന്നു പറഞ്ഞാണു റോയ്‌ തോളില്‍ കയ്യിടാനുള്ള ആളുകളെ സങ്കടിപ്പിച്ചിരുന്നത്‌.

എന്നാല്‍ കൂടെ പോകുന്നവര്‍ക്കെല്ലം ഇതു പഴയകാലം തുടങ്ങി നടപ്പിലുള്ള "വായീനോട്ടം" തന്നെയാണെന്നു മനസ്സിലാകാന്‍ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല.

ഒരു ദിവസ്സം റോയി പാവത്താന്മാരില്‍ പാവത്താനായ എന്നേയും പിടികൂടി. ഇടവേളകളില്‍ റോയിയുടെ കയ്യും തോളിലേറ്റിക്കൊണ്ടു, പെണ്‍പടകള്‍ക്കിടയിലൂടെ നടക്കുന്നതിനു കനത്ത പ്രതിഫലവും ഓഫര്‍ ചെയ്യുകയുണ്ടായി.

അവന്റെ അഛന്റെ മുറുക്കാന്‍ കടയില്‍ നിന്നും അടിച്ചു മാറ്റികൊണ്ടുവരുന്ന പല തരം മിഢായികള്‍.

മിഢായി ഭരണിയുടെ തൊട്ടടുത്തിരിക്കുന്ന മരത്തിന്റെ വലിച്ചുതുറക്കുന്ന അടപ്പുള്ള പെട്ടിയിലെ ചെറിയ ചെറിയ നാണയങ്ങള്‍ അടിച്ചുമാറ്റി കൊണ്ടുവന്നു സ്കൂള്‍ പരിസരത്തെ കച്ചവടക്കാരി കടല അമ്മാമ്മയുടെ അടുത്തുനിന്നു പിന്നേം മിഢായി...ഇഷ്ടമ്പോലെ ഐസ്‌...അങ്ങിനെ പോകും കാര്യങ്ങള്‍.

കളവാണികളുടെ മനോഹരമായ വായില്‍നിന്നും ഇവിടെ എഴുതാന്‍പറ്റാത്ത ചില സമ്മാനങ്ങള്‍ കൂടെക്കൂടെ കിട്ടുന്നതിനുപുറമെ, വായില്‍ നോക്കി എന്ന വിളിപ്പേരു ഒരു കാശുചെലവുംകൂടാതെ സമ്പാതിക്കാനും ഈ നടപ്പുകൊണ്ട്‌ ഈസിയായി സാധിച്ചു.

എന്നാലും എന്നും ഓസിനു കിട്ടുന്ന മിഢായിയും ഐസും നഷ്ടപ്പെടുത്താനും മനസ്സുവന്നില്ല.

അങ്ങിനെ കാലം കഴിഞ്ഞിരുന്നപ്പോളാണാ ദുരന്തം അരങ്ങേറിയത്‌. ഞങ്ങള്‍ എട്ടാം ക്ലാസ്സിലെ എല്ലാ കുട്ടികളുംതന്നെ ബോണ്ട ഇഷ്ടപ്പെടുന്നവരാകയാല്‍ ബോണ്ടാ പട്ടളത്തില്‍ ചേര്‍ന്നിരുന്നു (സ്കൂളില്‍ എന്‍.സി.സി. കേഡറ്റുകള്‍ക്കു റിഫ്രെഷ്‌മന്റ്‌ കൊടുത്തിരുന്നതു ബോണ്ടയായിരുന്നതിനലാണു ബോണ്ടാ പട്ടാളം എന്ന പേരുണ്ടായത്‌).

ട്രെയിനിംഗിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കല്‍ വെടിവെയ്പ്പു പരിശീലനം നടത്താനും ഈ ബോണ്ടാ പട്ടാളക്കാര്‍ക്ക്‌ അവസരം ലഭിച്ചിരുന്നു. ആവര്‍ഷത്തെ വെടിവെയ്പ്പു പരിശീലനം നടക്കുന്നതിനിടയിലാണു എന്‍.സി.സി. ഓഫീസര്‍ പി.വി. രാജപ്പന്‍സാര്‍ റോയിക്കു ഒരു കണ്ണു അടച്ചു പിടിച്ചു നോക്കാനുള്ള കഴിവു താരതമ്യേന കുറവാണെന്നു കാണ്ടുപിടിച്ചത്‌.

അവനു ഇന്ത്തരത്തിലുള്ള ഒരു എബിലിറ്റി ഇല്ലായെന്നുള്ളതു എല്ലാവര്‍ക്കും വിചിത്രമായിത്തോന്നി.

വെടിവെയ്പ്പിനു ബുള്‍സ്‌ഐയില്‍ എയിം ചെയ്യണമെങ്കില്‍ അത്യാവശ്യമായി സൈറ്റടി പഠിച്ചിരിക്കണം എന്ന യാഥാര്‍ത്യം റോയിയെ വല്ലാതെ വിഷമിപ്പിക്കുകയും അതിനായുള്ള നിരന്തര പരിശ്രമം ആരംഭിക്കുകയും ചെയ്തു.

നടപ്പിലും ഇരിപ്പിലും ഊണിലും ഉറക്കത്തിലും (ഉറക്കത്തില്‍ രണ്ടുകണ്ണും അടഞ്ഞുപോകും അവനോടു ക്ഷമിക്കുക..) റോയ്‌ തീവ്ര സൈറ്റടി പരിശീലനം ആരംഭിച്ചു.

അന്നൊരു ദിവസം പുഷ്പമ്മ ടീച്ചര്‍ കണക്കിന്റെ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്നു...

സയിന്‍ തീറ്റ...
കോസ്‌ തീറ്റ....
ടാന്‍ തീറ്റ...

എല്ലാവരും കണക്ക്‌ തീറ്റയില്‍ മുഴുകിയിരുന്നപ്പോള്‍ റോയ്‌ മുന്‍ബെഞ്ചില്‍ ഇരുന്നു കണ്ണടച്ചു പരിശീലിക്കുകയായിരുന്നു.

ക്ലാസ്സ്‌ മുറിയുടെ വാതിലിന്റെ രണ്ടുപാളികളില്‍ ഒരെണ്ണം മാത്രമെ നിലവിലുണ്ടായിരുന്നൊള്ളു. നിലവിലുള്ള ആ ഒറ്റപ്പാളിയില്‍ ധാരാളം സുഷിരങ്ങളും ഉണ്ടായിരുന്നു.
ഒരു നല്ല വെടിക്കരനാവാനുള്ള ആഗ്രഹം ഒന്നുകൊണ്ടുമാത്രം റോയ്‌ ആ സുഷിരങ്ങളില്‍ ഒരു കണ്ണടച്ചു മാറി മാറി എയിം ചെയ്തു പരിശീലിക്കുന്നതിനിടയിലാണു എല്ലാം സംഭവിച്ചത്‌.

ക്ലാസ്സിനു പുറത്തു കൂടി പോവുകയായിരുന്ന സയിലാമണി അമ്മാള്‍- എന്ന മലയാളം ടീച്ചര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു ഇരച്ചുകയറി വരുകയും, റോയിയെ കയ്യില്‍പിടിച്ചു ബെഞ്ചില്‍നിന്നും വലിച്ചു ചാടിക്കുകയും, പുഷ്പമ്മ ടീച്ചരിന്റെ കയ്യിലിരുന്ന വടി പിടിച്ചു മേടിച്ചു അവന്റെ ചന്തിക്കിട്ടു നാലു പെരുക്കു പെരുക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ ഈ മിന്നലാക്രമണത്തില്‍ പുഷ്പമ്മ ടീച്ചറടക്കം എല്ലാവരും ഞെട്ടി...

തല്ലുകൊണ്ട റോയിക്കോ അടുത്തിരുന്ന ഞങ്ങള്‍ക്കൊ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചറിനോ പോലും കാര്യമെന്താണെന്നു മനസ്സിലായില്ല.

ഇനി മലയാളത്തിന്റെ പദ്യം ബൈഹാര്‍ട്ട്‌ പഠിക്കാന്‍ തലേന്നു പറഞ്ഞുവിട്ടത്‌ പഠിക്കാതെ വന്നതിന്റെ ശിക്ഷ അഡ്വാന്‍സായിതന്നതാണോ എന്നു പോലും റോയ്‌ ചിന്തിച്ചിട്ടുണ്ടാകണം...

എല്ലാവരുടെയും കണ്‍ഫ്യൂഷന്‍ തീര്‍ത്തുകൊണ്ട്‌ സയിലാമണി അമ്മാള്‍ എന്ന വാദ്യാരിണി പുഷ്പ്പമ്മ ടീച്ചറിനോടായി..എന്നാല്‍ എല്ലാവരും കേള്‍ക്കാനും മാത്രം ഉറക്കെ ഇങ്ങനെ പറഞ്ഞു..

"അവനു സൈറ്റടിക്കാന്‍ മറ്റാരേം കണ്ടില്ല...അതും രണ്ടു പെറ്റ എന്നെ..."

അമ്മാള്‍ ടീച്ചര്‍ ചവിട്ടിത്തിമിര്‍ത്ത്‌ ഇറങ്ങിപ്പോയപ്പോള്‍ ഉണ്ടയൊഴിങ്ങ തോക്കുപോലെ തളര്‍ന്നിരുന്നുപോയി പാവം റോയ്‌ സി.സി.

(സയിലാമണി അമ്മാള്‍ ടീച്ചര്‍ എന്നെങ്കിലും ഈ പോസ്റ്റ്‌ വായിക്കനിടയായാല്‍...അക്ഷരത്തെറ്റിന്റെ പേരില്‍ എന്നെ പഴിക്കും എന്നെനിക്കറിയാം എന്നാലും പാവം റോയ്‌ സി.സി.യെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയിരുന്നെങ്കില്‍ ഞാന്‍ ധന്യനായി..... ഒപ്പം ഈ ബ്ലോഗും)

Saturday, 3 February, 2007

അപ്പൂപ്പന്റെ ഉപഷാപ്പ്‌

എന്റെ അമ്മ സാക്ഷാല്‍ വഴച്ചാലിക്കുഞ്ഞേലി കവലയിലെ അയല്‍ക്കൂട്ടം പെണ്ണുങ്ങളുടെ സെക്രട്ടറിയായി സ്ഥാനമേറ്റകാലത്ത്‌ പ്രസ്ഥുത പെണ്‍കൂട്ടം ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു.

കവലയിലെ ആണുങ്ങളെല്ലാം ഒരുകാലത്ത്‌ എല്ലുമുറിയെപണിയെടുക്കുന്നവരായിരുന്നു. അന്നവരുടെ വീട്ടിലെ പെണ്ണുങ്ങല്‍ക്കു പല്ലുമുറിയെ തിന്നുകയും ബാക്കിയുള്ളസമയത്ത്‌ പരദൂഷണം പറയുകയും മാത്രമേ പണിയുണ്ടായിരുന്നൊള്ളു. കുടപ്പനക്കുന്നൊ മധുമോഹനൊ ജനിച്ചിട്ടില്ലാത്ത കാലമായതിനാല്‍ സീരിയലുകല്‍ കാണുക എന്ന ഓവര്‍ടൈം ഡ്യൂട്ടി ആര്‍ക്കും ചെയ്യാനുണ്ടായിരുന്നില്ല.

ഞങ്ങളുടെ കവല എന്നും ഡീസന്റ്‌ കവലയാരിരുന്നു..പക്ഷെ അടുത്ത കവലയായ കല്ലാറുകൂട്ടിയില്‍ ഷാപ്പ്‌, ഉപഷാപ്പ്‌, അനധികൃത ഷാപ്പ്‌ എന്നിങ്ങനെയുള്ള അനവധി കുടിവെള്ളപദ്ധതികള്‍ ആരംഭിച്ചപ്പൊള്‍ ഞങ്ങളുടെ കവലയിലെ ആണുങ്ങള്‍ എല്ലുമുറിയെ പണിയെടുത്തു പള്ളനിറയെ അടിക്കുന്നവരായിമാറി.

ഇതിന്റെ അനന്തര ഫലമെന്നവണ്ണം കവലയിലെ വീടുകളില്‍ തീ പുകയാതാവുകയും കുട്ടികള്‍ ള്ളേ.. ള്ളേന്നു കരയുകയും പെണ്ണുങ്ങള്‍ സ്ലിം ബ്യൂട്ടികളാവുകയും ചെയ്തു.

പൊതുവേ ശിശുസഹചരായ ഞങ്ങളുടെ കവലയിലെ ആണുങ്ങള്‍ ഇനിഒരിക്കലും കുടിക്കില്ലയെന്നു സത്യംചെയ്ത്‌ രാവിലെ വീട്ടില്‍ നിന്നിറങ്ങുകയും ശിശുക്കളെപ്പോലെ നാലുകാലിലിഴഞ്ഞു രാത്രിയില്‍ വീട്ടില്‍വരുകയും ചെയ്തുപോന്നു.

കരച്ചിലും പിഴിച്ചിലും പ്രാത്ഥനയും നിസ്സഹകരണവും ഒന്നും ഈ നിഷ്കളങ്കന്മാരുടെ മുമ്പില്‍ ചെലവാകാതെ വന്നപ്പോള്‍ ബുദ്ധിമതികളായ കവലയിലെ പെണ്ണുങ്ങള്‍ കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടികളെ പട്ടിണിക്കിടാതിരിക്കാനും സ്വയം പട്ടിണി കിടക്കാതിരിക്കാനും സ്വന്തമായെന്തെങ്കിലും വരുമാനമാര്‍ഗ്ഗം കണ്ടെത്തുക എന്ന ആശയതിന്റെ അനന്തര ഫലമായാണു കവലയില്‍ അയല്‍ക്കൂട്ടം എന്ന പെണ്‍ സംഘടന ഉണ്ടായത്‌.

പരദൂഷണത്തിനു പാടേ അവധി കൊടുത്തുകൊണ്ട്‌ അയല്‍ക്കൂട്ടം പെണ്ണുങ്ങള്‍ അതിമനോഹരമായ തുളകളും വളകളുമുള്ള അച്ചപ്പം, പട്ടിയുടെ വാലുവരെ നിവര്‍ത്താന്‍ മാത്രം ബലമുള്ള കുഴലപ്പം, നെയ്യപ്പത്തിനേക്കാളും വലിപ്പമുള്ളതരം ഉണ്ണിയപ്പം എന്നിവയെല്ലാം ഉണ്ടാക്കി വിപണിയിലേക്കിറങ്ങി.

അംഗവൈകല്യം സംഭവിച്ച പലഹാരങ്ങള്‍ വീട്ടിലെ കുട്ടികളും തങ്ങളും കഴിച്ചു കുടുമ്പം മൊത്തമായി തടിച്ചുകൊഴുക്കുകയും ചെയ്തു. കവലയിലെ വീടുകളില്‍നിന്നു നിരന്തരം തീ പുകയുകയും, ഐശ്വര്യത്തിന്റെ പ്രതീകമായ ആ പുകപടലങ്ങള്‍ സദാ സമയവും കവലയില്‍ ചുറ്റിത്തിരിയുകയും ചെയ്തു.

കവലയിലെ നിഷ്കളങ്കരായ ആണ്‍ജന്മങ്ങള്‍ ഈ അവസരത്തില്‍ എല്ലുമുറിയാതെ എങ്ങിനെ പള്ളനിറയ്ക്കാം എന്നു ചിന്തിക്കുകയും അരിപ്പെട്ടിയുടെ അടിയില്‍ പെണ്ണുങ്ങള്‍ രഹസ്സ്യമായി സൂക്ഷിച്ചിരുന്ന മിച്ചധനം കട്ടെടുക്കുകയും ചെയ്തു. പുതിയ പുതിയ വീര്യമുള്ള ബ്രാന്‍ഡുകള്‍ അടിച്ചുവന്ന പാവത്താന്മാര്‍ കഴിച്ച ബ്രാന്‍ഡിന്റെ മഹത്വത്തിനായി വീട്ടിലെ പെണ്ണുങ്ങളെ മുടിക്കുചുറ്റിപ്പിടിച്ചു മുതുകിനിടിക്കാനും തുടങ്ങി.

കവലയിലെ പെണ്ണുങ്ങള്‍ക്കു പകലരിയിടിയും രാത്രി മുതുകിനിടിയും എന്ന വിഷമ കാലഘട്ടതിതിലാണു എന്റെ അമ്മ സംഘടനയുടെ ഭാരം സ്വയം ഏറ്റെടുക്കുന്നത്‌. ആദ്യമായിത്തന്നെ അമ്മ വിളിച്ചുകൂട്ടിയ അടിയന്തിര യോഗതില്‍, കവലയിലെ ആണുങ്ങളെല്ലം പാവങ്ങളാണെന്നും അവരെ ചീത്തയാക്കുന്ന ഷാപ്പുകളെ അടച്ചുപൂട്ടാനുള്ള നടപടിയാണു വേണ്ടതെന്നും തീരുമാനമായി.

അടുത്ത പടിയായി പെണ്ണുങ്ങളെല്ലം ഒരു ദിവസ്സം കല്ലാറുകൂട്ടിയിലെ ഒരു ഷാപ്പിന്റെ പടിക്കല്‍ പിക്കറ്റിങ്ങ്‌ ആരംഭിച്ചു. ഷാപ്പ്‌ അടച്ചു പൂട്ടുക, ഞങ്ങളുടെ ആണുങ്ങളെ വിട്ടുതരിക, മദ്യം വിഷം എന്നൊക്കെ എഴുതിയ പ്ലാക്കാഡുകല്‍ ഉയര്‍ത്തിപിടിച്ച്‌ ആ കാര്യങ്ങള്‍ത്തന്നെ അത്തിലും ഉയര്‍ത്തി വിളിച്ചുപറഞ്ഞ്‌ അവര്‍ ഷാപ്പിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നു.

പരമ്പരാഗത കുടിയന്മാരുടെ ഇങ്കമിങ്ങും ഔട്ട്‌ഗോയിങ്ങും തടസ്സപ്പെട്ടപ്പോള്‍ ഷാപ്പുടമയുടെ നേതൃത്തത്തില്‍ ചില കുടിയന്മാര്‍ പെണ്ണുങ്ങലെ പുലഭ്യം പറഞ്ഞു. കടന്നല്‍ക്കൂടിളകിയ പോലെ പെണ്ണുങ്ങള്‍ ഷാപ്പിലോട്ടിരച്ചുകയറുകയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുടക്കുകയും ചെയ്തു. ഷാപ്പുടമയ്ക്കും കിട്ടി സ്പെഷ്യല്‍ പെട.

ഇനി ഞാന്‍ ഷാപ്പ്‌ നടത്തില്ലാന്നെ... എന്നെ തല്ലല്ലെ പൊന്നു പെങ്ങന്മാരേ...എന്നുമ്പറഞ്ഞു ഷാപ്പുടമസ്തന്‍ കല്ലാറുകുട്ടിപുഴയില്‍ചാടി നീന്തി രക്ഷപെട്ടു.

ഇതുകണ്ടു അടുത്തുള്ള ചാരായക്കടക്കാരന്‍ ഷട്ടറുതാത്തി പുറകിലുള്ളവാതിലിലൂടെ കടന്നുകളഞ്ഞു. അങ്ങിനെ ഒരു വലിയ സാമൂഹിക പ്രശ്നം ഈസിയായി പരിഹരിച്ച എന്റെ അമ്മയുടെ ബുദ്ധിശക്തിയെ മറ്റു അല്‍പബുദ്ധികളായ പെണ്ണുങ്ങള്‍ വാനോളം പുകഴ്ത്തി.

വിജയശ്രീലാളിത ആയിനിന്ന എന്റെ അമ്മയെ ലാക്കാക്കി അപ്പോളാണു മലമ്പാമ്പുപോലെ ഒരു വലിയ പ്രശ്നം ഇഴഞ്ഞടുത്തത്‌. അതു മറ്റാരുമല്ല, അമ്മയുടെ പ്രിയ താതന്‍ എന്റെ അപ്പൂപ്പന്‍, സക്ഷാല്‍ എക്സ്‌ മിലട്ടറി വാഴച്ചാലില്‍ വറുഗീസ്‌... ബ്രിഗേഡിയര്‍...തോളത്തു ഭാരമേറിയ ഒരു എയര്‍ബാഗ്‌ തൂക്കി വളരെ കഷ്ടപ്പെട്ടു നടന്നടുക്കുകയാണു.

അപ്പൂപ്പന്‍ എന്റെ അമ്മയോടു പറഞ്ഞു, "മോളെ കുഞ്ഞേലീ...നിന്നെ കണ്ടതു നന്നായി...അപ്പനൊറ്റക്കിതു ചുമന്നു വീട്ടിലെത്തിക്കാന്‍ പറ്റില്ല...മോള്‍ വീട്ടിലേക്കുപോവുവാണൊ...ഞാന്‍ അല്‍പംകഴിഞ്ഞുവന്നേക്കാം". ഓടിത്തളര്‍ന്ന റിലേഓട്ടക്കാരന്‍ ബാറ്റന്‍ അടുത്തയാള്‍ക്കു കൈമാറുന്നതുപോലെ അപ്പൂപ്പന്‍ ബായ്ഗ്‌ അമ്മക്കു കൈമാറി.

അപ്പൂപ്പന്‍ കൊച്ചി നേവല്‍ ബേസില്‍നിന്നും എക്സ്‌ മിലട്ടരിക്കാരന്റെ സര്‍ക്കാര്‍വക സമ്മാനമായ മൂന്നുകുപ്പി ത്രിഗുണനും, രണ്ടു കുപ്പി ഹണിബീയും ഒരുകുപ്പി ബിജോയിസും വാങ്ങി വരുന്നവഴിക്കാണു പെണ്ണുങ്ങളുടെ പിക്കറ്റിങ്ങുമൂലം ഗതാഗത തടസ്സ്മുണ്ടായത്‌.

സാദാരണയായി അപ്പൂപ്പന്‍ ഈ കുപ്പികള്‍ മുടങ്ങാതെ വാങ്ങിയിരുന്നെങ്കിലും ഒരു തുള്ളിപോലു കുടിക്കാത്ത മര്യാദക്കാരനായിരുന്നു. താന്‍ സ്ഥിരമായി താമസ്സിക്കുന്ന വല്യച്ചാച്ചന്റെ വീടിനടുത്തുള്ള കുടിയന്മാര്‍ക്കു ഈ കുപ്പികള്‍ ഉയര്‍ന്നവിലയില്‍ മറിച്ചുവിറ്റു ഉപജീവനം കഴിക്കുന്ന ഒരു പാവത്താനായിരുന്നു എന്റെ അപ്പൂപ്പന്‍.

വല്യച്ചാച്ചന്റെ വീടിനടുത്തുള്ള കച്ചവടം അല്‍പ്പം ഡള്ളായതിനാലാണു അപ്പൂപ്പന്‍ റൂട്ടുമാറ്റി ഞങ്ങളുടെ കവലയിലോട്ടു വള്ളമടുപ്പിച്ചത്‌.

വിജയകരമായി പിക്കറ്റിഗ്‌ നടത്തി കവലയിലോട്ടു മടങ്ങുന്ന വഴിയില്‍ ഭാരമുള്ള ബാഗും തോളില്‍ തൂക്കി നീങ്ങുന്ന എന്റെ അമ്മയോടു പെണ്ണുങ്ങള്‍ ചോദിച്ചു...

"ബാഗിലെന്താ ചേച്ചി കനമായിട്ട്‌ "

"അപ്പനു വലിവിന്റെ അസുഖമല്ലെ..ഇപ്പം നാട്ടിലൊരു വൈദ്യരുടെ ചികില്‍സേലാ...കഷായം മുടങ്ങാണ്ടുകഴിക്കണം...എന്നുമെന്നും പോകാന്‍ പറ്റുമോ അതുകൊണ്ട്‌ ഒരഞ്ചാറുകുപ്പി ഒരുമിച്ചിങ്ങുവാങ്ങി..." അമ്മ ഒരുവിതത്തില്‍ തടിതപ്പി.

പിന്നീട്‌ തന്റെ ആദര്‍ശ്ശങ്ങളെ കാറ്റില്‍പറത്തിയതിന്റെ ഇശ്ചാഭംഗം കുറെകാലത്തേയ്ക്ക്‌ അമ്മയെ വേദനിപ്പിച്ചെങ്കിലും സ്വന്തം അപ്പന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ ഏതുമകള്‍ക്കു കഴിയും എന്ന ചിന്ത അല്‍പം ആശ്വാസം പകര്‍ന്നു.