Thursday, 10 March 2016

കുറച്ച് പഴയ ചിത്രങ്ങള്‍

നാട്ടുകവല

ചിമ്മാരുമറിയത്തോടൊപ്പം തുടക്കം‌മുതല്‍ സഞ്ചരിക്കുന്ന ശാലിനി .....പഴയ ഫോട്ടോ വല്ലതുമുണ്ടോ?.... എന്നു ചോദിച്ചത് നാട്ടുകവല എങ്ങിനെ ഇരിക്കുന്നു എന്നു കാണാനാള്ള ആഗ്രഹംകൊണ്ടായിരിക്കും എന്നു കരുതി സന്തോഷിക്കുന്നു... ( ഒരാള്‍ക്കെങ്കിലും അങ്ങനെ തോന്നീലോ...)

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയിട്ടു വന്നപ്പോള്‍ ഞാനൊരു ബ്ലോഗുടമയാകുമെന്നോ...ചിമ്മാരുചരിതം എഴുതുമെന്നോ സ്വപ്നത്തില്‍ പോലും കരുതാത്തതുകൊണ്ട് ആവശ്യത്തിനു ഫോട്ടോസൊന്നും കൈയില്‍ സ്റ്റോക്കില്ല...പിന്നെ പഴയ ആല്‍ബമൊക്കെ എടുത്തു മറിച്ചുനോക്കിയപ്പോള്‍ ചിലപടങ്ങള്‍ കിട്ടി...പണ്ട് കുട്ടിക്യാമറവച്ച് ക്ലിക്കും ക്ലിക്കും എന്നെടുത്ത ബോറന്‍ പടങ്ങളാണെ....എങ്കിലും ഇതിവിടെ പോസ്റ്റുചെയ്യുന്നു....

സമര്‍പ്പണം ശാലിനിക്കുതന്നെ....

(ചിമ്മാരുമറിയം ഞാന്‍ ജനിക്കും മുമ്പേ പോയ്.... അവരുടെ ഫോട്ടോ ഒരിടത്തുനിന്നും കിട്ടുമെന്നു തോന്നുന്നില്ലാ... ഫോട്ടോ എടുത്തിട്ടുണ്ടാവാനെ ചാന്‍സില്ല. പിന്നെ പഴയ ആളുകളുടെ വര്‍ണ്ണനകളില്‍നിന്നും ആശയമുള്‍ക്കൊണ്ട് ഞാന്‍തന്നെ ഒരെണ്ണം വരയ്ക്കുന്നുണ്ട്.... അതു പിന്നെ പോസ്റ്റുചെയ്യാം.... വെള്ളച്ചാമി, മുഹമ്മദ്സേട്ട് കുര്യേപ്പുമുതലാളി, എന്നിവരുടെ ചിത്രം ഒന്നാഞ്ഞു ശ്രമിച്ചാല്‍ ഒപ്പിക്കാവുന്നതേയുള്ളു.... അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു... )
.........................................................................................

ചിത്രം ഒന്ന്.

കല്ലാര്‍കൂട്ടിപ്പുഴ. മുതിരപ്പുഴയില്‍ കല്ലാര്‍ വന്നു ചേരുന്ന പുണ്യസ്ഥാനം.... ഈപുഴയുടെ തീരത്തുള്ള കാട്ടിലാണ് ചിമ്മാരുമറിയവും പൈലോയും ആദ്യം വന്നു താമസിക്കുന്നത്. ദൂരെ കാണുന്ന ഉയര്‍ന്ന മലയാണ് കൂമ്പന്‍പാറ... പണ്ട് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം ആരംഭിച്ചകാലത്ത് അടിമാലിയേക്കാലും പ്രസിദ്ധി കൂമ്പന്‍പാറയ്ക്കായിരുന്നു. മൂന്നാറിലേക്കുള്ള യാത്രാ മധ്യേ കൂമ്പന്‍ പാറയില്‍ വന്നിറങ്ങി കാല്‍നടയായാണ് കല്ലാര്‍കുട്ടിഭാഗത്തേയ്ക്ക് വന്നിരുന്നത്. ചിമ്മാരുമറിയത്തിന്റെ ആദ്യ യാത്രയില്‍ ബസില്‍ വച്ച് പരിചയപ്പെട്ട കാര്‍ത്ത്യാനിച്ചേച്ചി ആ മലയുടെ താഴ്വാരത്തായിരുന്നു താമസിച്ചിരുന്നത്.





ചിത്രം രണ്ട്.

തനിക്കുപ്രിയപ്പെട്ടവര്‍ക്ക് വാസമൊരുക്കാനായ് ആരും കുടിയേറാത്ത ഭൂമി തേടി ചിമ്മാരുമറിയം വെള്ളച്ചാമിയേയും കൂട്ടി ഒഴുക്കിനെതിരെ തുഴഞ്ഞുകേറിയ മുതിരപ്പുഴയാണീക്കാണുന്നത്...


ചിത്രം മൂന്ന്

പുഴയില്‍നിന്നും ചിമ്മാരുമറിയം ചെങ്കുത്തായ പാറക്കെട്ടുകള്‍ കയറി ആരും കൈവയ്ക്കാത്ത മണ്ണിലെത്തി....അവിടെയാണു നാട്ടുകവല സ്ഥാപിതമായത്
"ചിമ്മാരുമറിയവും വെള്ളച്ചാമിയും ദേ ഇതിലെയാണ് കയറിവന്നതെ.......എന്റെമ്മച്ചിയേ അവരെ സമ്മദിക്കണോട്ടോ...ഒന്നു കാല്‌വഴുതിയാല്‍ പൊടിപോലുമുണ്ടാവില്ലാ കണ്ടുപിടിക്കാന്‍...."
സുന്ദരന്റെ ചേട്ടന്‍ എങ്ങിനെയാണ് ചിമ്മാരുമറിയം പാറകയറിവന്നതെന്നു ഗസ്റ്റുകള്‍ക്ക് ഡെമോ കാണിക്കുന്നു.



ചിത്രം നാല്

"ഡാ..മോനെ ജോസേ.... സൂക്ഷിച്ച്....മറിയച്ചേടുത്തിക്ക് നല്ല സ്റ്റാമിനയാരുന്നു...നിനക്കതുപോലെയാണോ.... ഇത്രേക്കെമതി പ്രദര്‍ശനം ങ്ങാട്ട് കയറിപ്പോരെ....നിനക്കു മൂന്ന് പെണ്‍കുട്ടികളുള്ളതാന്നു മറക്കണ്ടാ"
ശ്വാസമടക്കിപ്പിടിച്ചു ജോസേട്ടന്റെ പ്രകടനം വീക്ഷിക്കുന്നു ഗസ്റ്റുകള്‍....ഗസ്റ്റുകളെ സുഖിപ്പിക്കാന്‍ ഞങ്ങള്‍ നാട്ടുകവലക്കാര്‍ ആവശ്യമെങ്കില്‍ പാറപ്പുറത്തുനിന്നു എടുത്തുചാടുകവരെചെയ്യും....
ഗസ്റ്റ്ദേവോ ഭവ....




ചിത്രം അഞ്ച്

വാഴച്ചാലി വര്‍ഗ്ഗീസ് ഉലഹന്നാന്‍ എന്ന എക്സ് മിലിട്ടറിക്കാരന്‍ ...എന്റെ സ്വന്തം പട്ടാളം അപ്പൂപ്പന്‍...ചിമ്മാരുമറിയത്തിന്റെ ജീപ്പ് കൊക്കയിലേക്കു മറിച്ച മിടുമിടുക്കന്‍ ഡ്രൈവര്‍...

(ഞാന്‍ ലാല്‍ക്കിലായിലെ ചോരിമാര്‍ക്കറ്റില്‍നിന്നും ഇരുന്നൂറ്റി അമ്പതുരൂപകൊടുത്തുവാങ്ങിയ ഡിജിറ്റല്‍ ക്യാമറയില്‍ നടത്തിയ പരീക്ഷണം.... എന്തു പരീക്ഷണങ്ങള്‍ക്കും അപ്പൂപ്പന്‍ തയ്യാറാ...
ഇതാണോ സുന്ദരനപ്പൂപ്പന്‍ എന്നൊന്നും ചോദിക്കരുതേ .... കുഴപ്പം എന്റെതന്നെയാ...എന്നോടാരെങ്കിലും പറഞ്ഞോ ലാല്‍ക്കിലപ്പോയ് ഡിജിറ്റല്‍ ക്യാമറമേടിക്കാന്‍...എനിക്കങ്ങനെതന്നെവേണം. )

ഈ അപ്പൂപ്പനാ ചിമ്മാരുമറിയത്തിന്റെ ചരിത്രംവും കുടിയേറ്റചരിത്രവും പറഞ്ഞുതരുന്നത്... ചിലപ്പോള്‍ ചില ഓര്‍മ്മക്കേടൊക്കെ ഉണ്ടാവാറുണ്ട് ... വെള്ളപ്പൊക്കം തൊണ്ണൂറ്റാറിലാരുന്നു എന്ന് എന്നെ പറഞ്ഞ് പറ്റിച്ചത് ആ ഓര്‍മ്മക്കുറവിന്റെ ഭാഗമാണെന്നു തോന്നുന്നു.... ഇപ്പോള്‍ രണ്ടുനേരം സന്തോഷ് ബ്രംഹ്മി കൊടുക്കുന്നുണ്ട്. ഇപ്പഴെ ഇങ്ങനെ ഓര്‍മ്മക്കേടുവന്നാല്‍ കുറച്ചു പ്രായമാകുമ്പോള്‍ എന്തായിരിക്കും അവസ്ത.




ചിത്രം ആറ്

ഷേവ്ചെയ്തു...കുളിച്ചു...സുന്ദര‍ക്കുട്ടപ്പനായ് മൂന്നുപെണ്മക്കളോടോപ്പം.... തൊണ്ണൂറ്റിയഞ്ചാം ബെര്‍ത്ത്‌ഡേ ആഘോക്ഷവേളയില്‍..

(കുട്ടിയാന്റിയും മറിയാമാന്റിയും എന്റെ അമ്മച്ചിയും ഒക്കെയുണ്ട്...
അപ്പനെന്താപ്പാ വേണ്ടെ ...അപ്പനെന്താപ്പാ വേണ്ടെ....
ഈ പെണ്മക്കടെ വിചാരം അപ്പന്റെ അക്കൗണ്ടില്‍ ഒരുപാടു കാശുണ്ടന്നാ...(എന്റെ അമ്മക്കില്ലാട്ടോ.... ചേട്ടന്‍ ഇതെങ്ങാനും വായിച്ചിട്ടു കുത്തിത്തിരിപ്പുണ്ടാക്കിയാല്‍.... ഞാന്‍ മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിക്കുന്നു........)

ചിമ്മാരുമറിയത്തിന്റെ സ്വത്തുമുഴുവന്‍ അപ്പൂപ്പനുകിട്ടിയെന്നൊരു സംസാരം കവലയിലുണ്ട്...സത്യം എനിക്കും അപ്പൂപ്പനും പിന്നെ മരിച്ചുപോയ മറിയച്ചേടത്തിക്കും മാത്രമറിയാം....ജീപ്പുമറിച്ചവകയില്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടിവന്നു.....

"ഉം..ഉം...മുറുക്കെപ്പിടിച്ചോ... ഇപ്പക്കിട്ടും!!!!"




ചിത്രം ഏഴ്

നാട്ടുകവലയിലെ പുതിയ തലമുറ...
ചിമ്മാരുമറിയംപാറയില്‍ കപ്പവാട്ടിയത് ഉണങ്ങാനിട്ടിട്ട് കാവലിരിക്കുന്നു അമലയും വിമലയും... ഈയിടയായ് നാട്ടുകവലയിലും കാക്കകള്‍ വന്നെത്തിയിട്ടുണ്ട്...( മുകളില്‍ പര്‍വ്വതാരോഹണം നടത്തിക്കാണിക്കുന്ന ജോസേട്ടന്റെ മക്കള്‍...ഇനി ഒരാളൂടെയുണ്ട്...അല്ഫോന്‍സാ അതിനെ കാവലിരുത്താറായില്ലാ... അതിനെ കാവലിരുത്തിയാല്‍ കാക്ക ചിലപ്പോള്‍ ആദ്യം കൊത്തിക്കൊണ്ടുപോണതവളെയായിരിക്കും... )

പിന്നെ ഒരു പ്രധാന കാര്യം...പുഴയുടെ അക്കരെകാണുന്ന നീലമലകള്‍കണ്ടോ.ആ മലയിലൊന്നില്‍ ഒരു മഹാ പ്രതിഭ ജനിച്ചിട്ടുണ്ട് നമ്മടെ ബീനാമോളേ...ഓട്ടക്കാരി

കൂടാതെ ഒരു മിടുമിടുക്കന്‍ ശാസ്ത്രജ്ഞന്‍.... (മലയാളം ബ്ലോഗറുമാണ്) ...ആരാന്നുമനസിലായോ..പ്രതീപ്... ഐ.ഐ.ടി. റൂര്‍ക്കി.

പുഴയുടെ ഇക്കരെ തല്‍ക്കാലം ഒരു പ്രതിഭയേയൊള്ളു... :)








ചിത്രം എട്ട്
എന്റെ ആദ്യത്തെ പോസ്റ്റ്...
ഫ്രാന്‍സീസ്..





ഇനി ബാക്കി ചിത്രങ്ങള്‍ എന്നെങ്കിലും നാട്ടില്‍ പോകുമ്പോള് എടുത്തിട്ടുവരാം...
അന്നുവരെ എനിക്കു ബ്ലോഗുണ്ടായിരിക്കണെ...
ആമേന്‍.