Saturday, 12 January, 2008

ഹെയര്‍സ്റ്റൈല്‍...

പട്ടണത്തിലെ കാളേജില്‍നിന്നും ഓണാവധിക്ക് നാട്ടില്‍ വന്നത് ഒത്തിരി പ്രതീക്ഷകളോടെയായിരുന്നു. എന്നാല്‍ നാട്ടുകവലയില്‍ ബസ്സിറങ്ങിയപ്പോള്‍മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍...

പരിഷ്കാരമെന്തെന്നറിയാത്ത എന്റെ നാട്ടുകാരായ പുവ്വര്‍ കണ്ട്രി ഫെല്ലോസ് എന്നെനോക്കി അടക്കം പറയാനും ചിരിക്കാനുമാരംഭിച്ചു...

'ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!'
ചായക്കടയില്‍നിന്നും കുഞ്ഞൗസേപ്പ് വിളിച്ചുചോദിക്കുകയാണ്...
കോറസായ് പലതരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികള്‍.

എന്റെ ജീന്‍സിനെ പരിഹസിക്കുന്നതാണ്.

മൂട് വെട്ടിക്കീറിയ പഴന്ചന്‍കൈലിയും മുട്ടോളം ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍‍‌വെയറും കിഴുത്തവീണ ബനിയനും ധരിച്ചുനടക്കുന്നവരാണ് 'മേഡ് ഇന്‍ തായ്‌ലാന്‍ഡ്' ജീന്‍സിട്ടുവന്നിരിക്കുന്ന എന്നെ കളിയാക്കിചിരിക്കുന്നത്...


ബോട്ട്‌ജെട്ടിക്കടുത്തുള്ള ഫുഡ്പാത്തില്‍ കച്ചവടക്കാരന്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു ജീന്‍സുകള്‍. അതിനിടയില്‍ എത്രനേരം തിരഞ്ഞിട്ടാണ് എന്റെ അരവണ്ണത്തിനോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നതൊരെണ്ണം കണ്ടുകിട്ടിയത്, അതും പഴയത്. ഭൂകമ്പബാധിത പ്രദേശത്തെ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസം‌മുഴുവനും സ്വന്തം ഭാര്യയെ തേടിനടന്നിട്ട് ഒടുവില്‍ അമ്മായിഅമ്മയെ കണ്ടെത്തിയ ബോലാറാമിന്റെ ദുരവസ്തയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത്;

എന്നാലും നാട്ടുകവലയിലെ ജീനുകളെപ്പറ്റിയോ ജീന്‍സുകളെപ്പറ്റിയോ ഗ്രാഹ്യമില്ലാത്ത ജനങ്ങളുടെഇടയില്‍ ഒരു പത്തുദിവസം വീശിനടക്കാന്‍ ഇതൊക്കെ ധാരാളം എന്നുകരുതിവന്നപ്പോഴാണ്.... തലയ്ക്കുനട്ടപ്ര അടിക്കുന്ന ചോദ്യം...

ഇതെവിടെന്നുകിട്ടിയെടാ ഈ ചാക്ക്...!!!വീട്ടില്‍ വന്നുകയറിയപ്പോള്‍ അതിലും ഗുരുതരമായ പ്രശ്നങ്ങളാണ്...

ഇതെന്താടാ നിന്റെ തലയില്‍? അപ്പൂപ്പന്‍ ചോദിക്കുന്നു..

എന്റെ തലയില്‍ ഒന്നുമില്ലാലോ... എന്താ ചോദിച്ചെ?

'നിന്റെ തലയ്ക്കകത്തെകാര്യമല്ലാ ചോദിച്ചെ... ഈ മുടിയെന്താ കാണിച്ചുവച്ചേക്കുന്നേന്നാ ചോദിച്ചെ...'

'ഓ... അതോ... അതാണു ലേറ്റസ്റ്റ്ഫാഷന്‍...'

'ഡീയേയ്...കുഞ്ഞേലിയേ.... ദേണ്ടെ നിന്റെ എളേമോന്‍ ഭാഷ്യനും തലയിലേറ്റിവന്നിരിക്കുന്നു....'


അടുക്കളയില്‍ എന്തോ തിരക്കിട്ട് ചമച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ ശ്രദ്ധ എന്റെ ലേറ്റസ്റ്റ് ഹെയര്‍ സ്റ്റൈലിലേക്ക് തിരിക്കാനാണ് കാര്‍ന്നോരുടെ ശ്രമം.

മുടിയുടെ ഇരുവശങ്ങളും പുതുതായ് ക്യാമ്പില്‍ പ്രവേശിച്ച പട്ടാളക്കാരന്റെ സ്റ്റൈലില്‍ തലയോട്ടി കാണാവുന്നവിധത്തില്‍ പറ്റെവെട്ടിയിട്ട്...മുന്‍‌വശത്തുള്ളമുടി നീളത്തില്‍ ലിയനാര്‍ഡോ ഡിസ്കാപ്രിയോ സ്റ്റൈലില്‍ മുറിച്ച്...പിന്‍ഭാഗം പ്രത്യേകിച്ചൊരു സ്റ്റൈലുമില്ലാതെ സ്വതന്ത്രമായ് നീട്ടിയിട്ടിരിക്കുന്ന നൂതനമായ ഒരു ഹെയര്‍സ്റ്റൈലാണ് ഞാനും പരിഷ്കാരികളായ എന്റെ കോളേജ്മേറ്റ്സും ആകാലയളവില്‍ സ്വീകരിച്ചിരുന്നത്.


അമ്മ ആദ്യദര്‍ശനത്തില്‍ ഒന്നും പറഞ്ഞില്ലാ...താടയ്ക്ക് കൈയുംകൊടുത്ത് രണ്ടുമിനിറ്റ് നോക്കിനിന്നു....
ഇഷ്ടപ്പെട്ടോ... അതോ ഇഷ്ടപ്പെട്ടില്ലെ.... ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വല്ലാത്തൊരു നില്പ്.


'അപ്പന്‍ വന്ന് കാണനേനുമുമ്പെ ഈ അങ്കവാലൊക്കെ കൊണ്ടോയ് മുറിച്ചുകളഞ്ഞോ ...ന്നിട്ട് വീട്ടിലേക്ക് കയറിയാമതി..' അമ്മയ്ക്ക് തീരെ ഇഷ്ടായില്ലാ...

'തീരെ മനസ്സില്ലാ...
ഞാന്‍ പട്ടണത്തിലെ കാളേജില്പഠിക്കുന്നു എന്നൊരു വിചാരമുണ്ടോ അമ്മയ്ക്ക്...
നാടോടുമ്പോള്‍ നടുകെഓടണമെന്നാ പ്രമാണം...സൈഡിലൂടെ ഓടാനെങ്കിലും എന്നെ അനുവദിച്ചുകൂടെ...

അങ്കവാലെന്നുപറഞ്ഞ് അപമാനിച്ച ഈ സാധനം മുറിച്ചുകളഞ്ഞിട്ട് ഞാന്‍ പത്തുദിവസം കഴിയുമ്പോള്‍ എങ്ങിനെ എന്റെ കൂട്ടുകാരുടെ ഇടയിലേക്ക് തിരികെപോകും.മനീഷ്കുമാറിന്റെയും അജീഷ്മോന്റെയും തോളത്തുഞാനെങ്ങിനെ കൈയിടും... കാമ്പസില്‍ എങ്ങിനെ തലഉയര്‍ത്തിനടക്കും...'

ഇങ്ങനെയൊന്നും പറഞ്ഞില്ലാ...മനസ്സില്‍ ഓര്‍ത്തതെയൊള്ളു.
കാരണം മുറ്റത്ത് അപ്പോഴും മുള്ളവള്ളി പടര്‍ന്നുനില്‍ക്കുന്നുണ്ടായിരുന്നു.... കുറേവര്‍ഷങ്ങള്‍ക്കുമുമ്പെ ഈ ഹെയര്‍കട്ട് പ്രശ്നത്തിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍'വേഗം പോയ് വെട്ടിച്ച് കളയെടാ......' എന്നലറിക്കൊണ്ട് മുല്ലവള്ളിപൊട്ടിച്ച് അമ്മ എന്റെ പൃഷ്ടഭാഗത്തിട്ടു രണ്ടുപൂശുതന്നതിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെടുന്നു. അതിന്റെ തിണര്‍പ്പ് ചാക്കുപോലുള്ള് ജീന്‍സിനുപുറത്തൂടെ കൈയോടിച്ചിട്ടും അനുഭവപ്പെടുന്നതുപോലെ തോന്നി.

ഓര്‍മ്മകള്‍ മുടിയിഴകളില്‍ പിടിച്ച് പഴയകാലത്തിന്റെ ഏടുകളിലേക്ക് വലിഞ്ഞുകയറുകയാണ്...

........................................

മുല്ലവള്ളിയും ഗന്ദരാജനും നന്ത്യാര്‍‌വട്ടവും തെച്ചിയും പിന്നെ പേരറിയാവുന്നതും അറിയാന്‍പാടില്ലാത്തതുമായ മറ്റുപൂച്ചെടികളും സമൃദ്ധമായ് വളരുന്ന ഞങ്ങളുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലും കഷ്ടപ്പെട്ടു പിച്ചവയ്ക്കുന്ന എന്റെ ശൈശവം.

എന്നെ പൊക്കിയെടുത്ത് തോളത്തിരുത്തി മൂന്നുകിലോമീറ്റര്‍ അകലെയുള്ള ബാര്‍ബര്‍ഷോപ്പിലേക്ക് അപ്പച്ചന്‍ കൊണ്ടുപോയത് ഓര്‍ക്കുന്നു.
കുതിരപ്പുറത്തിരിക്കുന്നതുപോലെ ഉയരമുള്ള ഒരു കസേരയില്‍ ഇരുത്തിയതും വെള്ളത്തുണികൊണ്ട് കസേരയോട്ചേര്‍ത്ത് അനങ്ങാനാവാത്തവിധം ബന്ധിച്ചതും...

'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....' അപ്പച്ചന്‍ നിര്‍ദ്ധേശംകൊടുത്തു

സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്‍...

ഗുരുസ്വാമി പറ്റെവെട്ടി...

എന്നിട്ടും തൃപ്തിയാകാതെ ഗുരുസ്വാമി പച്ചക്കുതിരയുടെ ഷേപ്പുള്ള ഒരു യന്ത്രം പുറത്തെടുത്തു തലയുടെപുറകില്‍ വച്ചു

' ക്ണിക്കും..ക്ണിക്കും..ക്ണിക്കും..'

മുടിയെല്ലാം പറിച്ചെടുക്കുന്നപോലെ...കണ്ണുനിറഞ്ഞൊഴുകിപ്പോയി...തോളത്ത് എടുത്ത്കൊണ്ടുപോകുന്ന പരുവം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ കൈപിടിച്ച് നടത്തികൊണ്ടുപോകാന്‍ തുടങ്ങി...

ബാര്‍ബര്‍ഷാപ്പിലെ കുതിരപ്പുറംമ്പോലുള്ള കസേരയില്‍ ഇരുത്തി..

'പറ്റെവെട്ടിയേരെ ഗുരുസ്വാമി....' പഴയ നിര്‍ദ്ധേശം..

പഴയ ഗുരുസ്വാമി, പഴയ വെള്ളത്തുണി കെട്ട്, പഴയകത്രിക, പഴയ പച്ചക്കുതിരയന്ത്രം...
സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്

‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും

എല്ലാം പഴയതുപോലെ തുടര്‍ന്നു....സ്കൂളില്‍ പോകുന്നപ്രായമായപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്.
മുടിനീട്ടിയും, ഭംഗിയായ് മുറിച്ചും ക്ലാസിലെത്തുന്ന സഹപാഠികളെ അസൂയയോടെ നോക്കിനിന്നുപോയിട്ടുണ്ട്. മാമാട്ടികുട്ടിയമ്മ സ്റ്റൈലിന്റെ ഓള്‍ഡ്‌വെര്‍ഷനായ 'ബ്രൂസിലികട്ട്' അതായിരുന്നു അക്കാലത്തെ എന്റെ ദിവാസ്വപ്നം.


ബാര്‍ബര്‍ഷോപ്പിലെ പഴയ കുതിരപ്പുറം കസേരയില്‍ കയറിയിരിക്കുമ്പോള്‍ ക്ഷുരകന് നിര്‍ദ്ധേശം കൊടുക്കാന്‍ അപ്പച്ചന്‍ അക്കാലത്തും മറന്നിരുന്നില്ലാ...

'പറ്റെവെട്ടിയേരെ ഗുരുസ്വാമി ....'
ഓ..കഷ്ടമുണ്ടെ. തയ്യല്‍ക്കാരന്റെ അടുത്ത് വര്‍ഷത്തിലൊരിക്കലാണ് ഒരു ട്രൗസറും ഷര്‍ട്ടും തുന്നിക്കാന്‍ ചെല്ലുന്നത്... അവിടെ അപ്പച്ചന്‍പറയും 'രണ്ടിഞ്ച് കൂട്ടിയിട് ..രണ്ടിഞ്ച് കൂട്ടിയിട്...'തയ്യല്‍ക്കാരനോട് പറയുന്നത് ജീവിതത്തിലൊരിക്കലെങ്കിലും ബാര്‍ബറോട് പറഞ്ഞിരുന്നെങ്കില്‍...


അല്പംകൂടി തിരിച്ചറിവായപ്പോള്‍ അപ്പച്ചന്‍ കേള്‍ക്കാതെ ഞാന്‍ ബാര്‍ബറോട് പറഞ്ഞുതുടങ്ങി...

'ഒരു ബ്രൂസിലിക്കട്ട്...'

'ആമാ...'

സ്നില്‍...സ്നില്‍ സ്നില്‍ സ്നില്‍.....സ്ന്..സ്ന്..സ്ന് ...സ്നില്‍ സ്നില്

‍ക്ണിക്കും..ക്ണിക്കും..ക്ണിക്കും ...എല്ലാം പഴയതുപോലെതന്നെ

പ്രതീക്ഷകൈവെടിയാതെ അടുത്തപ്രാവശ്യം പറയും...

'ഒരു സ്റ്റെപ്കട്ട്..'

'ആമാ...'

അതിനടുത്ത പ്രാവശ്യം

'ഒരു ഡിസ്കോ കട്ട്'

'ആമാ...'

ആമാ...ആമാ... വെട്ടെല്ലാംകഴിഞ്ഞ് കണ്ണാടിയില്‍ നോക്കുമ്പോള്‍ തലയിലെഴുത്തുവരെ വായിക്കാന്‍ സാധിക്കും...'ജീവിതത്തിലൊരിക്കലും സ്വന്ത ഇഷ്ടപ്രകാരം മുടിമുറിക്കാന്‍യോഗമില്ലാത്തവന്‍' എന്നാണെന്റെ തലയിലെഴുത്ത് ...

സില്‍ക്കിനു സമയായ എന്റെ ഹെയര്‍സ്റ്റൈലെല്ലാം ക്ഷുരകന്‍ അടിച്ചുകൂട്ടി കണ്ട അണ്ടന്റെയും അഴകോടന്റെയും രോമങ്ങളോട് ചേര്ക്കുമ്പോള്‍ ഉള്ളില്‍ ചോരപൊടിയുന്നുണ്ടാവും.


ഓരോപ്രാവശ്യവും മുടിവെട്ടിന്റെ പേരില്‍ പുത്രാവകാശ ധ്വംസനം നടത്തിക്കഴിഞ്ഞതിനു ശേഷം കോമ്പന്‍സേഷനായ് തൊട്ടടുത്തുള്ള പരമുനായരുടെ ചായക്കടയില്‍നിന്നും ചൂടന്‍പരിപ്പുവടവാങ്ങിത്തരുമായിരുന്നു അപ്പച്ചന്‍.


സ്വന്തം ഗുരുനാഥനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്ത യൂദാസിന്റെ മുമ്പില്‍ മുപ്പതുവെള്ളിക്കാശ് ......എന്റെമുമ്പിലെ പ്ലേറ്റില്‍ ആവിപറക്കുന്ന പരിപ്പുവടകള്‍ ...
കുറ്റബോധത്തോടെയല്ലെ അതു തിന്നാന്‍ സാധിക്കൂ.....

പിന്നെ പരമുനായരുടെ പരിപ്പുവടയ്ക്ക് എല്ലാ വേദനകളും ശമിപ്പിക്കാനുള്ള ഒരു ഹീലിംഗ്പവ്വര്‍ ഉണ്ടായിരുന്നുവെന്നകാര്യം സമ്മതിക്കാതിരിക്കാന്നാവില്ലാ.


*******

ഗുരുസ്വാമിയുടെ ഷൗരക്കടയ്ക്ക് ചില പരിഷ്കാരങ്ങളൊക്കെ വന്നിരിക്കുന്നു. ഫ്രന്‍ഡെല്ലാം ഗ്ലാസിട്ടിരിക്കുന്നു. ഒരു കാസറ്റ്പ്ലെയര്‍ ഫുള്‍ടൈം തമിഴ്പാട്ട് പാടിക്കൊണ്ടിരിക്കുന്നു...കുതിരപ്പുറമ്പോലുള്ള മരക്കസേരകള്‍ക്കുപകരം. കറങ്ങുന്ന സിംഹാസനങ്ങള്....

ഗുരുസ്വാമി വെട്ടെല്ലാംനിര്‍ത്തി മേല്‍നോട്ടം മാത്രമായിരിക്കുന്നു...കൂലിക്കാരു രണ്ടുപേരാണ് ഇപ്പോള്‍ സ്നില്‍... സ്നില്‍... സ്നില്‍... വയ്ക്കുന്നത്


ഞാന്‍ കസേരയില്‍ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനോക്കി...കുഴപ്പമില്ലാ രസമുണ്ട്. ഞാന്‍ വലുതായ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് ഇതുപോലൊരു കസേര വീട്ടില്‍ വാങ്ങിയിടും...ഷൗരക്കടതുടങ്ങാനല്ലാ ...വെറുതെയിരുന്ന് റിലാക്സ്ചെയ്യാന്‍.


വെള്ളത്തുണിയിട്ട് വരിഞ്ഞുകെട്ടിയിട്ട് കൂലിക്കാരന്‍ പയ്യന്‍ ചോദിച്ചു...

'എന്നാസ്റ്റൈല്‍ വേണം?'...

'നിന്റെ കൈയ്യില്‍ എന്തൊക്കെയുണ്ട് ?'

മഷ്റൂം, അപ്പാച്ചി, രജനി, അമിതാബച്ചന്‍,

........

'പറ്റെയങ്ങുവെട്ടിയേരെ..... വേഗം വേണം നായരുടെ കടയില്‍ പരിപ്പുവട തീരുന്നതിനുമുമ്പെ ....'

അവന്റെ ഒരു മഷ്റൂമും അമിതാബച്ചനും.....
എനിക്ക് വീട്ടില്‍ കയറേണ്ടേടാ തമിഴാ..


അങ്ങിനെ ലിയനാര്‍ഡോ ഡിസ്കാപ്രിയോയും മാമാട്ടിക്കുട്ടിയമ്മയും എന്റെ തലയില്‍നിന്നും ഇറങ്ങി ഗുരുസ്വാമിയുടെ ഷൗരക്കടയുടെ ഒരുമൂലക്ക് സാധാരണക്കാരുടെ രോമങ്ങള്‍ക്കൊപ്പം കൂട്ടുകൂടിയപ്പോള്‍ ഞാന്‍ പരമുനായരുടെ ചായക്കട ലക്ഷ്യമാക്കിനടന്നു....

പരിപ്പുവടതിന്നിട്ട് നേരെ വീട്ടിലേയ്ക്കും......

അനുസരണയുള്ള കുഞ്ഞാടായ്...

-------------------------
http://gorgazola.blogspot.com/ (ഇതു എന്റെ പുതിയ പാചകബ്ലോഗാണുകേട്ടോ....സൂ വിന്റെ കറിവേപ്പിലപോലെ, സാന്‍ഡോസിന്റെ അലുമിനിയക്കലം‌പോലെ... പേരു ഗൊര്‍ഗന്‍സോള....)

20 comments:

(സുന്ദരന്‍) said...

'ഒരു സ്റ്റെപ്കട്ട്..'

'ആമാ...'

അതിനടുത്ത പ്രാവശ്യം

'ഒരു ഡിസ്കോ കട്ട്'

'ആമാ...'

മൂര്‍ത്തി said...

കൊള്ളാം...
പറ്റെ വെട്ടാന്‍ മുടിയുള്ളതും ഒരു ഭാഗ്യം. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനുസരണയുള്ള കുഞ്ഞാടേ, ഇനി പറ്റെയായി മൊട്ടയാക്കിക്കോ. എന്നപിന്നെ സ്റ്റൈല്‍ മാറിപ്പോയന്നു പറയില്ല.

ഗോപന്‍ - Gopan said...

:-)
വളരെ രസകരമായി എഴുതിയിരിക്കുന്നു..
ഓ ടോ: ഇപ്പോഴത്തെ ഹെയര്‍സ്റ്റൈലില്‍ ജെല്‍ പുരട്ടി... പാതി ചപ്പിയ മാങ്ങ പോലിരിക്കുന്ന തലയുമായി ചില അണ്ണന്‍സിനെ ഇവിടെ ലണ്ടനില്‍ കാണാം..ആ തലയങ്ങു ദിവസങ്ങളോളം നില്‍ക്കും മുഷിയാതെ.. കുളിക്കുകയും വേണ്ട..പരമസുഖം..

മാണിക്യം said...

അങ്ങിനെ ലിയനാര്‍ഡോ ഡിസ്കാപ്രിയോയും മാമാട്ടിക്കുട്ടിയമ്മയും എന്റെ തലയില്‍നിന്നും ഇറങ്ങി ഗുരുസ്വാമിയുടെ ഷൗരക്കടയുടെ ഒരുമൂലക്ക് സാധാരണക്കാരുടെ രോമങ്ങള്‍ക്കൊപ്പം കൂട്ടുകൂടിയപ്പോള്‍ ഞാന്‍ പരമുനായരുടെ ചായക്കട ലക്ഷ്യമാക്കിനടന്നു....

ഉവ്വ് ഉവ്വേ !!അതൊരു നടപ്പ് തന്നെ!
കൊള്ളാം നല്ലാ നര്‍മം ..
ജീവനുള്ള രചന!
ആശംസകള്‍.....

SAJAN | സാജന്‍ said...

സുന്ദര്‍, എനിക്കും ഉള്ളതും ഇത്തരം സമാനമായ അനുഭവങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം കഥയിതൊക്കെ തന്നെ!
ഇതൊക്കെ ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്ന സുന്ദരന്റെ ഭാവനയെ നമിക്കുന്നു:)

ഹരിത് said...

ഒഴുക്കുള്ള എഴുത്ത്. കൊള്ളാം

ചന്ദ്രകാന്തം said...

ആ 'അങ്കവാല്‌' പലതും ഓര്‍മ്മിപ്പിച്ചു.
രസമായി വിവരിച്ചു എല്ലാം.

അങ്കിള്‍ said...

മിടുക്കന്‍.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

രസായിരിക്കുന്നു ..:)

മിനീസ് said...

വളരെ രസായിട്ടുണ്ട് എഴുത്ത്. പഴയ ഓര്‍മ്മകളൊക്കെ ഒന്നു തികട്ടുകയും ചെയ്തു... :-)

ദേവന്‍ said...

:)
ഞാന്‍ മുടിവെട്ടാന്‍ വരുന്ന അണ്ണാച്ചിയോട് മീശയുള്ള ഹെയര്‍ സ്റ്റൈല്‍ വേണമെന്നാണ്‌ കൊച്ചിലേ പറയാറുണ്ടായിരുന്നത്. ഓരോതവണയും വെട്ടി തീരുമ്പോള്‍ മീശയുടെ കാര്യം മറന്നു പോയെന്നും അടുത്ത തവണ ആകട്ടേന്നും പറഞ്ഞിട്ട് അണ്ണാച്ചി പോകും.

കൊച്ചിലേ മുടി എങ്ങനെ വെട്ടണമെന്ന് അച്ഛന്‍ പറഞ്ഞു. പിന്നെ ഓഫീസിനു ചേരുന്ന ഹെയര്‍ സ്റ്റൈല്‍ വേണമെന്ന് സര്‍ക്കുലര്‍ ഇറക്കി മുതലാളിത്തം വീണ്ടുമെന്നെ തോല്പ്പിച്ചു. ഇപ്പോള്‍ മുടിയെങ്ങനെ വേണമെന്ന് ഭാര്യ നിര്‍ദ്ദേശിക്കുന്നു. വരും കാലത്തും തല കുറുമാന്‍-തമനു സ്റ്റൈല്‍ ആയില്ലെങ്കില്‍ നിര്‍ദ്ദേശം എന്റെ മോന്റെയടുത്തു നിന്നായിരിക്കും.

മുടിയില്‍ പോലും പരമാധികാരമില്ലാത്ത മുടിഞ്ഞ ജന്മങ്ങളായിപ്പോയല്ലോ സുന്ദരാ നമ്മളൊക്കെ.

അലി said...

സുന്ദരാ.....
കൊള്ളാം.

ഏ.ആര്‍. നജീം said...

'ഡീയേയ്...കുഞ്ഞേലിയേ.... ദേണ്ടെ നിന്റെ എളേമോന്‍ ഭാഷ്യനും തലയിലേറ്റിവന്നിരിക്കുന്നു....'

ഹഹാ....അത് കലക്കീ....:)

വാല്‍മീകി said...

തലക്കകത്ത് ഒന്നുമില്ലെന്ന് എന്തിനാ സുന്ദരാ ഇങ്ങനെ വിളിച്ചുപറയുന്നത്?
നല്ല ഓര്‍മ്മക്കുറിപ്പ്. പഴയതും പുതിയതുമായ കുറെ ഓ‌ര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ സഹായിച്ചു.

സുഗതരാജ് പലേരി said...

സുന്ദരന്‍റെ ഈ പോസ്റ്റിന്‌ താങ്ങിയില്ലെങ്കില്‍ എനിക്കെന്നോട് തന്നെ ക്ഷമിക്കാന്‍ കഴിയില്ല. ഒരുപാടോര്‍മ്മകള്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ മനസിന്‍റെ ബാക്ഗ്രൌണ്ടില്‍......

ഓര്‍മ്മകള്‍ക്കെന്തുസുഗന്ധം.......

പിന്നെ, എനിക്ക് പരിപ്പുവടയെക്കാളും ഇഷ്ടം പഴംപൊരിയും, ഉണ്ടക്കായയുമായിരുന്നു.

അതൊരുകാലം.......... തിരിച്ചുകിട്ടാത്ത..........

G.manu said...

ഭൂകമ്പബാധിത പ്രദേശത്തെ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസം‌മുഴുവനും സ്വന്തം ഭാര്യയെ തേടിനടന്നിട്ട് ഒടുവില്‍ അമ്മായിഅമ്മയെ കണ്ടെത്തിയ ബോലാറാമിന്റെ ദുരവസ്തയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത്

hahah sundaraaaaaaaaaaaaaaaa
kiNukkan aLilyaa kiNukkan

Gopu said...

looks like you saw the movie "katha parayumbol" anD went back to your old barber shop experiences.

ആഷ | Asha said...

ആ ഹെയര്‍കട്ട് പ്രശ്നത്തിന്റെ വാക്കു തര്‍ക്കവും മുല്ലവള്ളി പ്രയോഗവും കിട്ടിയ സംഭവം എഴുതീല്ലല്ലോ സുന്ദരാ

പിരിക്കുട്ടി said...

same pichu...........

enna taste aa ee parippuvadakku alle?

penkutyolaya njangalkku ishtappetta hairstyle pareekshikkam....

ikkaryathil poor boys