Friday, 4 January, 2008

ഫോക്സ് പ്രോ...

അങ്ങ് അമേരിക്കാവില്‍ ആഷ്ടന്_ടെറ്റും, ഫോക്സ് സോഫ്ട്‌വെയറും കടിപിടി ആരംഭിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞങ്ങളുടെ നാട്ടുകവലയില്‍ ഫോക്സുകള്‍ കടിപിടികൂടിയിരുന്നു. ഫുള്‍ട്ടന്‍ സായ്‌വും ബില്‍ ‍സായ്‌വും ഫോക്സ് പ്രോഎന്നു ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്തുപോലും മിക്കരാത്രികളിലും ഞങ്ങളുടെ വീട്ടിലെ കോഴിക്കൂടിനടിയില്‍ ഫോക്സ് പ്രോ അരങ്ങേറിയിരുന്നു.


നാട്ടുകവലയിലെ ചിമ്മാരുമറിയംപാറയുടെ ചരിവുകളില്‍ ധാരാളം അള്ളുകളുണ്ട്, പരിസരങ്ങളില്‍ ഇടതൂര്‍ന്നുവളരുന്ന തെരുവപ്പുല്ലിന്റെ മറവും...കുറുക്കന്മാര്‍ക്ക് സ്വൈരവിഹാരത്തിനു മറ്റെന്തുവേണം.


ആയിരത്തിതൊള്ളായിരത്തി എമ്പതുകളുടെ തുടക്കത്തില്‍ നാട്ടുകവലയില്‍ കുറുക്കന്മാരുടെ ശല്യം ഗണ്യമായ് വര്‍ദ്ധിക്കുകയുണ്ടായ്. ഫാമിലിയെപ്പറ്റിയോ ഫാമിലിപ്ലാനിംഗിനെപ്പറ്റിയോ യാതൊരുവിധ ധാരണയോ മതിപ്പോ ഇല്ലാത്ത കുറുക്കന്മാരായിരുന്നു അക്കാലത്തുണ്ടായിരുന്നവയില്‍ ഏറിയപങ്കും.


എന്റെ അമ്മൂമ്മയുടെ അഭിപ്രായം കാടുകയറിപ്പോകുന്ന കണ്ടന്‍ പൂച്ചകളാണ് പിന്നീട് കുറുക്കന്മാരായ് കോഴിമോഷണത്തിനു തിരിച്ചുവരുന്നതെന്നാണ്. ഇതൊരു കിറുക്കന്‍ ചിന്താഗതിയാണെന്നു പറഞ്ഞ് ഞാന്‍ തര്‍ക്കിക്കും.


പലകാലത്തായ് ഞങ്ങളുടെ വീട്ടില്‍നിന്നും പ്രായപൂത്തിയായ കണ്ടന്‍പൂച്ചകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷരായിട്ടുണ്ട്.... പുരുഷന്‍, ഹനുമാന്‍, മണിക്കുട്ടന്‍...എന്നിവര്‍ അവരില്‍ പ്രമുഖര്‍. ചോറും വിളമ്പിവച്ച് എത്രയോ ദിവസം കാത്തിരുന്നിട്ടുണ്ട് ഞങ്ങള്‍.... കാടുകയറിപ്പോയ കണ്ടന്മാര്‍ ഞങ്ങളെ മണ്ടമാരാക്കി....ആരും തിരിച്ചുവന്നിട്ടില്ലാ.

ദിവസവും ഇറച്ചിക്കറിവയ്ക്കുന്ന അലിമാമായുടെ വീട്ടില്‍നിന്നും കാടുകയറിപ്പോയ കണ്ടന്‍പൂച്ചപോലും ഇതുവരെ തിരിച്ചുവന്നിട്ടില്ലാ; അമ്പുപെരുന്നാളും ക്രിസ്മസ്സും ഒഴികെയുള്ളദിവസ്സങ്ങളില്‍ കപ്ലങ്ങയും കുമ്പളങ്ങളും ചക്കുക്കുരുവും കറിവയ്ക്കുന്ന ഞങ്ങളുടെ വീട്ടിലെ പൂച്ചകള്‍ മടങ്ങിവരണമെന്നാഗ്രഹിച്ചാല്‍ അതിനെ അത്യാഗ്രഹം എന്നല്ലെ പറയാന്‍പറ്റു...


കുടുമ്പജീവിതം മടുത്ത് എല്ലാം ഇട്ടെറിഞ്ഞിട്ട് വാനപ്രസ്ഥത്തിനു പോവുകയാണ് കണ്ടന്‍പൂച്ചകള്‍ .... അവരാണ്ര് രാത്രിയില്‍ വന്നു കോഴികളെ പിടിക്കുന്നതെന്ന് അമ്മൂമ്മ....

മുഴുത്ത ടര്‍ക്കിക്കോഴിയെ ഫ്രീയായിട്ട് കൊടുക്കാന്നുപറഞ്ഞാല്പോലും അവര്‍ തിരിച്ചുവരില്ലാന്ന് ഞാന്‍....
കാരണം കുടുമ്പജീവിതം അത്രകണ്ട് മടുത്തിട്ടാണ് അവര്‍ വീടുവിട്ടുപോയത്.....

ഞങ്ങളുടെയൊക്കെ വീടല്ലെ പൂച്ചകളെ കുറ്റം പറഞ്ഞിട്ട് കാര്യോണ്ടോ? കാട്ടില്‍കയറാന്‍ പേടിയായിട്ടാ അല്ലെങ്കില്‍ ഞാനൊക്കെ എത്രപ്രാവശ്യം വാനപ്രസ്ഥത്തിനുപോയേനെ...


ചുരുക്കത്തില്‍ പറഞ്ഞാല്‍ കോഴിക്കള്ളന്മാരു കുറുക്കന്മാരുകാരണം രാത്രി മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റിയിരുന്നില്ലാ എന്നതാണ് സത്യം. മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി നല്ല സ്വപ്നവും കണ്ടുറങ്ങുമ്പോഴായിരിക്കും...

കീ....ഈ...യോ.....കീ....ഈ...യോ.....

കോഴിക്കൂട്ടില്‍നിന്നും അപകടസയറണ്‍മുഴങ്ങുന്നു. ...

ഈ സയറണ്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് ഏതോ ഒരു കോഴിയുടെ കാലിന്മേല്‍ ഫോക്സ് പ്രോ ആരംഭിച്ചിരിക്കുന്നു.

അപൂര്‍വ്വം ചിലദിവസങ്ങളില്‍ കോഴിയുടെ കഴുത്തിലായിരിക്കും കുറുക്കന്‍ പ്രോഗ്രാം തുടങ്ങുന്നത് ..... അപ്പോള്‍ യാതൊരു ബഹളവും കേള്‍ക്കില്ലാ...നമുക്ക് സുഖമായ് ഉറങ്ങാം, നേരം വെളുക്കുന്നതുവരെ ...നേരം‌വെളുക്കുമ്പോള്‍ 'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് ചങ്കത്തിടിച്ച് അമ്മയുടെ വക സൈറണ്‍ ആരംഭിക്കും......


കീ....ഈ...യോ..... എന്നു കോഴി സൈറണ്‍ കൊടുത്താല്‍ ഉടന്‍തന്നെ

ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്....ഹൂയ്‌യ്‌യ്.... ........ എന്നും വിളിച്ച് അമ്മ ചാടിയെഴുന്നേല്‍ക്കുന്നു...

വെളക്കെവിടെടീ......... വടിയെവിടെടീ............... അലറിക്കൊണ്ട് അപ്പച്ചന്‍ അതിനൊപ്പം....

'പിടിയെടാ..പിടിയെടാ ' പാറപ്പുറത്ത് ചിരട്ട ഉറയ്ക്കുന്നതിനു സമാനമായ റഫ് ആന്‍ഡ് ടഫ് വോയ്സില്‍ വിളിച്ച് പട്ടാളമപ്പൂപ്പന്‍.
(പിടിയെടാ എന്നുപറയുന്നത് കുറുക്കനോട് കോഴിയെ പിടിക്കാനല്ലാ...കൈസറിനോട് കുറുക്കനെപിടിക്കാനാണ്.... വെറുതെ ഒരു ആഗ്രഹത്തിനു പറയുന്നെന്നെയുള്ളു...)


ബഹളക്കാരുടെ സംഘം വടിയും വിളക്കും ഒക്കെയായ് ചെല്ലുമ്പോഴേക്കും പലപ്പോഴും കോഴിക്കൂടിനടിയിലിരുന്ന് ഫോക്സ് തന്റെപ്രോഗ്രാം മുഴുവന്‍ എററൊന്നുമില്ലാതെ റണ്‍ ചെയ്തിട്ടുണ്ടാകുമെന്നുമാത്രമല്ല കോഴിയേംകൊണ്ട് വടക്കോട്ട് അതിവേഗം റണ്‍ ‍ചെയ്തിട്ടുമുണ്ടാവും...


പ്രോഗ്രാമില്‍ ചില മൈനര്‍ പ്രോംബ്ലംസ് ഒക്കെ വരുന്ന ദിവസങ്ങളില്‍ ചിലപ്പോള്‍ കോഴിയുടെ കാല് അല്ലെങ്കില്‍ നെഞ്ചില്‍നിന്നൊരു പീസ് ഒക്കെ കടിച്ചെടുത്തിട്ട് ഫോക്സ് തടിതപ്പും.... അതൊരു നല്ലകാര്യമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്....കുമ്പളങ്ങാ കറിക്കുപകരം പിറ്റേന്ന് വികലാംഗകോഴിക്കറിയുണ്ടാവും... 'എന്റെ ദിവസോം മുടങ്ങാതെ മുട്ടയിടണ കോഴിഒന്നുപോയെ.... ' എന്നും പറഞ്ഞ് അമ്മ ഇടയ്ക്കിടയ്ക്ക് ചങ്കത്തിടിക്കുന്നതൊഴിച്ചാല്‍ കൂട്ടാന്‍ കുഴപ്പമില്ലാ...
അതിപ്പോള്‍ പൂവന്‍ കോഴിയാണ് കുറുക്കന്‍പിടിച്ചുപോണതെങ്കിലും അമ്മ ഈ മുട്ടയുടെ കാര്യം പറഞ്ഞാണ് ചങ്കത്തിടിക്കാറ്...


പാതിരായില്‍ കുറുക്കനെ പിടിക്കാന്‍ പോയ അമ്മ, അപ്പച്ചന്‍, അപ്പൂപ്പന്‍ മൂവര്‍ സംഘം മടങ്ങിവരുന്ന വഴിയില്‍ 'ഞാനൊന്നും അറിഞ്ഞില്ലെ നാരായണാ.....' എന്നമട്ടില്‍ തിണ്ണയില്‍ കിടന്നുറങ്ങുന്നു കൈസര്‍ ....

'പ്ലാം.....'
കൊടുക്കും അപ്പച്ചന്‍ വടിവീശി അവന്റെ നടുമ്പുറത്തിനൊന്ന്....
'തിന്നുമുടിക്കാന്‍ മാത്രം കൊള്ളാം....അസ്സത്ത്..'


കാര്യം ശരിയാണ്. കൈസറിന്റെ കൈയാണോ, കാലാണോ, വാലാണോ വളരുന്നെതെന്നോര്‍ത്ത് വളര്‍ത്തികൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ക്കും ചില സ്വപ്നങ്ങളുണ്ടായിരുന്നു....ആവശ്യനേരത്ത് കുരയ്ക്കുകയും അത്യാവശ്യമാണെങ്കില്‍ കടിക്കുകയും ചെയ്യുന്ന ഒരു ശുനകനായ് അവന്‍ വളര്‍ന്നുവരുമെന്ന സ്വപ്നം.


കൈസറാകട്ടെ വായില്‍ കോലിട്ടുകുത്തിയാല്പോലും കടിക്കില്ലാത്ത ജനുസ്... വെറുതെ തമാശയ്ക്കുപോലുമൊന്ന് കുരയ്ക്കില്ലാ... പക്ഷെ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, കൈസറിന്റെ സ്നേഹം... ഇത്രയും ശക്തിയില്‍ വാലാട്ടുന്ന മറ്റൊരു നായെ ഞാന്‍ ഇന്നുവരെ ലോകത്തെവിടെയും കണ്ടിട്ടില്ലാ.

കുറുക്കന്‍ വന്നാലും കോഴിവന്നാലും കള്ളന്‍ വന്നാലും കത്തനാരുവന്നാലും ഈ വാലുകൊണ്ടുള്ള അഭ്യാസം മാത്രമെ കൈസറിനു വശമൊള്ളു.

കുറുക്കനോടുള്ള കലി പട്ടിയുടെ പുറത്ത് തീര്‍ക്കുന്ന അപ്പച്ചനോടും കൈസറ് വാലുവീശി ടാങ്ക്സ് പറയുന്നു.... മറ്റേതുപട്ടികളാണെങ്കിലും പല്ലെല്ലാം കടിച്ചുപിടിച്ച് 'ഗ്‌ഗ്‌ഗ്‌ര്‍‌‌ര്‍‌ര്‍‌ര്‍.....' എന്നെങ്കിലും കേള്‍പ്പിച്ചേനെ.

ഉറങ്ങിക്കിടക്കണ വളര്‍ത്തുനായുടെ നടുംപുറംനോക്കിയടിച്ചത് വല്യമിടുക്കായിപ്പോയ്.... ചുണയുണ്ടെങ്കില്‍ ആ കുറുക്കനിട്ടൊന്നടിക്ക് കാണട്ടെ... എന്നു ചോദിക്കണമട്ടില്‍ ഒരിക്കലും കൈസര്‍ അപ്പച്ചനെ നോക്കിയിട്ടേയില്ലാ...


തിണ്ണയില്‍നിന്നും വീടിനകത്തെയ്ക്ക് കയറുന്ന അപ്പച്ചനു വന്‍‌തോതില്‍ പ്രകോപനം ഉണ്ടാക്കികൊണ്ട് ചുരുണ്ടുകൂടികിടന്നുറങ്ങുന്നു ചേട്ടന്‍... ചേട്ടനോട് ചേര്‍ന്നുമറ്റൊരു ചുരുളായ് ഞാന്‍...

'ഈ ബഹളമെല്ലാമുണ്ടായിട്ട് കിടന്നുറങ്ങുന്നകണ്ടില്ലേ.... യെവമ്മാരെ കട്ടിലോടുകൂടി ചവിട്ടിമറിക്കാന്‍ തോന്നുന്നു....' അപ്പച്ചന്‍ പല്ലിറുമ്മി.

ഇങ്ങനെ പറയാറെയുള്ളു...ഒരിക്കലും കട്ടിലുചവിട്ടിമറിച്ചിട്ടില്ലാ. അതത്ര ഏഴുപ്പവുമല്ലാലൊ.


ചേട്ടന്‍ ഉറക്കം അഭിനയിച്ചുകിടക്കുന്നു എന്ന സത്യം എനിക്കും, ഞാന്‍ ഉറക്കം നടിക്കുന്നു എന്നു ചേട്ടനും അറിയാം. ഈ തണുപ്പത്ത് എഴുന്നേറ്റുചെന്നാലും ചെന്നില്ലങ്കിലും സംഭവിക്കാനുള്ളതു സംഭവിക്കും...കാരണം ഫോക്സ്പ്രോ എന്നുപറയുന്നത് വളരെ ഫാസ്റ്റ് പ്രോഗ്രാമാണ്...

കുറുക്കന്‍ കടിച്ചു ചാവാനാ കോഴിയുടെ വിധിയെങ്കില്‍ കുട്ടികള്‍‍ക്കെന്തുചെയ്യാന്‍ കഴിയും. കോഴിയുടെ തലവര മനുഷ്യരായിട്ട് മാറ്റിവരയ്ക്കാന്‍ കഴിയുമോ. മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയണ ഒരേയൊരു കാര്യം മോശമായ വരയുള്ള ആ തലയങ്ങുമൊത്തമായ് വെട്ടിമാറ്റുക എന്നതുമാത്രം. തലയില്ലാത്ത കോഴിയുടെ തലവരയ്ക്ക് പ്രശക്തിയില്ലല്ലോ... കറിക്ക് പ്രശസ്തി കൂടുകയും ചെയ്യും.


പിറ്റേന്ന് നേരം വെളുക്കുമ്പോഴെ അനുശോജനവുമായ് അയല്‍‌വാസി ഗോപാലന്‍ വൈദ്യന്‍ വരും.

ഇന്നലെ രാത്രി ബഹളം കേട്ടല്ലോ... കൊണ്ടുപോയോ?...

'ഒന്നും പറയണ്ടെന്റെ വൈദ്യരെ... ദിവസ്സോം മുടങ്ങാതെ മുട്ടയിടുന്ന കോഴിയാരുന്നു... ഒരു രണ്ട് രണ്ടര കിലോയ്ക്ക് ഒരു കുറവുമില്ലാ.... '

അമ്മ പറഞ്ഞത് പാവം കുറുക്കനെങ്ങനും കേട്ടിരുന്നെങ്കില്‍ സമയവും കാലവും നോക്കാതെ അവന്‍ കൂക്കിവിളിച്ചേനെ.....ഒരുരാത്രി മെനക്കേടിനു കിട്ടിയത് ഒരുകിലോപോലുമില്ലാത്ത കോഴിയും രണ്ടരക്കിലോ പേരുദോഷവും...'


'കോഴിക്കൂടിനടിയില്‍ ഒരു എലിക്കത്രിക കെണിച്ചുവച്ചുനോക്കിക്കൂടെ?... '


' ഓ ഒരുകാര്യവുമില്ലെന്നെ.... എത്രപ്രാവശ്യം ചെയ്തിരിക്കുന്നു. അവസാനം ഇവിടുത്തെ പൂച്ചതന്നെ പോയ്ചാടി..'


' അതിപ്പോള്‍ എന്താ പറയ്കാ... കുറുക്കനോളം കൗശലമുള്ളൊരു ജീവി ഭൂമിയില്‍ വേറെയില്ലാ...കെണിയിലൊക്കെ വീഴ്ത്താന്‍ വല്യപാടാ..'


'കല്‍ക്കട്ടായീന്ന് മോന്റെ കത്ത് വന്നോ... അവരീവര്‍‍ഷം വരുന്നൊണ്ടോ?..'

'ഒന്നും പറയണ്ടാകുഞ്ഞെ അവിടുത്തെകാര്യമെല്ലാം വല്യകഷ്ടത്തിലാ... എണ്ണിച്ചുട്ട അപ്പം‌പോലെ കിട്ടണ മാസശംബളം എന്തിനാ തികയ്കാ... അവന്റെ പെണ്ണുമ്പിള്ളയ്ക്കാണേല്‍ ചുരുക്കി ചെലവുചെയ്ത് ജീവിക്കാനും അറിയില്ലാ...ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലും കൂടി പോയ്ത്തുടങ്ങീലെ ...ഒന്നും മിച്ചമില്ലാന്നാ അവന്‍ പറയണത്.... വീട്ടിലേക്കൊരു പത്തുപൈസാ അയച്ചിട്ട് മാസം അഞ്ച്ചാറായ്... ഉം...അവരുടെകാര്യങ്ങളെങ്കിലും മുടക്കില്ലാതെ നടക്കണെന്നുകേട്ടാമതിയാരുന്നു...'


' ഈ ചെക്കന്‍ ഈ കണ്ടനാട്ടിലൊക്കെ പോയ്ക്കിടന്നു ഇത്ര കഷ്ടപ്പെടണതെന്തിനാ... പത്തും പലതുമൊന്നുമില്ലാലോ ഒറ്റമോല്ലെയുള്ളു ... കൂലിപ്പണിയെടുത്തായാലും സ്വന്തം നാട്ടില്‍ കഴിയണ സുഖംകിട്ടോ അന്യനാട്ടില്‍... അവനിവിടെയുണ്ടെങ്കില്‍ വയസായ കാര്‍ന്നോന്മാര്ക്കൊമൊരു തുണയാകില്ലെ ...'


'അതൊക്കെ പറഞ്ഞുകൊടുത്തു ചെയ്യിക്കണ്ടപ്രായം കഴിഞ്ഞില്ലെ....ഇനി അവര്‍ക്ക് സ്വയം തോന്നിചെയ്യണെങ്കില്‍ ചെയ്യട്ടെ... എന്നാല്‍ ഞാനിറങ്ങണു മോളെ...' ഗോപാലന്‍ വൈദ്യര്‍ പോകാനിറങ്ങുകയാണ്..


'എന്താ ഇത്ര തിടുക്കം...പശുവിനെ കറക്കാനാളു പോയിട്ടുണ്ട്. അല്പം കൂടി നിന്നാല്‍ ചായകുടിച്ചിട്ടുപോകാം...'


'വേണ്ട മോളെ... അല്പം തിടുക്കമുണ്ട്, ഞാന്‍ ഇത്തിരി പച്ചമരുന്നു തേടിയിറങ്ങീതാ.. ഒരു മരുന്നുകാച്ചാന്‍..' വൈദ്യര്‍ ചായപോലുംകുടിക്കാതെ കൊച്ചുവെളുപ്പാന്‍ കാലത്ത് പച്ചമരുന്ന് തേടിയിറങ്ങി....

എന്തിനാണാവോ ഗോപാലന്‍ വൈദ്യര്‍ ഇങ്ങനെ മരുന്നു കാച്ചി കൂട്ടണത്....നാട്ടുകവലയിലെയൊ പരിസരപ്രദേശത്തെയൊ ഒരുമനുഷ്യനും ഇങ്ങരുടെ അടുത്ത് ചികിത്സയ്ക്കോ മരുന്നിനോ വരാറില്ലാ.. അവസാനമായ് വന്നത് കടപ്ലാരി അന്നതള്ളയാണ് - രണ്ടുവര്‍ഷം മുമ്പെ, രോഗം മുടിപൊഴിച്ചില്‍. ചികിത്സയൊക്കെ കഴിഞ്ഞു... ഇപ്പോള്‍ പള്ളിയില്‍ പോകുമ്പോള്‍ മാത്രമല്ലാ കുളിക്കുമ്പോള്‍ പോലും തലയില്‍നിന്നും പുതമുണ്ട് മാറ്റാറില്ലാ...


കഴിഞ്ഞ ആഴ്ച കറുമ്പിപിടയെ കുറുക്കന്‍ പിടിച്ചുപോയതിന്റെ പിറ്റേന്നും വൈദ്യര്‍ പച്ചമരുന്നുപറിക്കാന്‍ കാട്ടില്‍ പോയിരുന്നു.

അന്ന് കറ്റാര്‍വാഴയുടെ പോളയെടുക്കാനാണ് പോയത്. കറ്റാര്‍‌വാഴയുടെ പോളയിട്ട് കാച്ചുന്ന പ്രത്യെകതരം എണ്ണ മുടിവളരാന്‍ അത്യുത്തമമാണത്രെ... വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലങ്കില്‍ ഉള്ളം‌കൈയില്പോലും രോമം വളരുമത്രെ...

ഈ മരുന്ന് ആ കടപ്ലാരി തള്ളയുടെ തലയില്‍ ഇത്തിരിതേച്ചുകൊടുത്താല്‍ എന്താ ഈ വൈദ്യര്‍ക്ക്.... ഒരുപക്ഷെ തലയില്‍ എണ്ണതേയ്ക്കാന്‍ ചെല്ലുന്ന വൈദ്യരുടെ തലതന്നെ പോയെന്നിരിക്കും.... അത്രയ്ക്ക് ദേഷ്യത്തിലാണ് തള്ളമ്മ.


'വൈദ്യരിന്നു ദശപുഷ്പം അന്യേഷിച്ചാണ് പോയേക്കണത്...' വല്യേട്ടന്‍ പറഞ്ഞു...

'എന്താ ദശപുഷ്പം എന്നുവച്ചാല്‍....'

'ദശയെന്നാല്‍ മാംസം.....അപ്പോള്‍ ദശപുഷ്പം മാംസപുഷ്പം.....മാംസപുഷ്പം കിട്ടാന്‍ വല്ല കശാപ്പുകടയിലും പോകാതെ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് വൈദ്യരെന്തിനാണാവോ കാടുകയറുന്നത്..' കൊച്ചേട്ടന്‍ പറഞ്ഞു...


'പോടാ മണ്ടാ....ദശമെന്നാല്‍ പത്ത് എന്നാണ് അര്‍ത്ഥം....ദശപുഷ്പം എന്നാല്‍ പത്തുപുഷ്പം എന്നും...' വല്യേട്ടന്‍

പത്തുപൂവ് പറിക്കാന്‍ വൈദ്യര്‍ക്ക് കാട്ടില്‍തന്നെ പോണോ? നാട്ടിലെങ്ങും കിട്ടില്ലെ.?... ഈ വര്‍ഷം മകരമാസത്തിലും ഓണമുണ്ടോ ... പൂക്കളമിട്ടുകളിക്കാന്‍?

നൂറുനൂറു സംശയങ്ങള്‍....


ആരുടെയെങ്കിലും കോഴിയെ കുറുക്കന്‍ പിടിക്കുന്നതിനു പിന്നാലെയുള്ള വൈദ്യരുടെ പച്ചമരുന്ന് പര്യവേഷണത്തില്‍ എന്തൊക്കെയൊ ദുരൂഹത തോന്നിയിട്ടാണ് വല്യേട്ടന്‍ വൈദ്യരു പോയ വഴിക്ക് നിരീഷണത്തിനിറങ്ങിയത്... വല്യേട്ടനോടൊപ്പം ഞാനുംകൂടി...ദശപുഷ്പം കാണുക എന്ന ഒറ്റ ലക്ഷ്യമേ എനിക്കുണ്ടായിരുന്നൊള്ളു.


കോഴിയുടെ പപ്പുംതൂവലും ചിതറിക്കിടക്കുന്ന വഴിച്ചാലുനോക്കി വൈദ്യര്‍ മുന്നേറുകയാണ്. മേച്ചില്പുല്ലുകള്‍ വകഞ്ഞുമാറ്റി...ചിലന്തിവലകള്‍ തകര്‍ത്ത്...


ചിമ്മാരുമറിയംപാറപ്പുറത്തെത്തിയപ്പോള്‍ വൈദ്യര്‍ പിന്നില്‍ കാല്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കുകയും ഞങ്ങളെ കണ്ടെത്തുകയും ചെയ്തു.... മുഖത്തും തലയിലും നെഞ്ചത്തും ചിലന്തിവലകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വൈദ്യരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.....ആദ്യത്തെ സ്പൈഡര്‍മാന്‍.


'എന്താ രണ്ടാളുംകൂടി....' വൈദ്യര്‍ ഒരു വളിച്ച ചിരി പാസാക്കി..പിന്നെ പാറപ്പുറത്തിരുന്നു മുറുക്കാന്‍ പൊതി അഴിച്ചു വിസ്തരിച്ചു മുറുക്കാന്‍ ആരംഭിച്ചു....


'ഞങ്ങള്‍ക്ക് ആ ദശപുഷ്പം ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു...' ചേട്ടന്‍ പറഞ്ഞു

'ക്രാ....ഭൂ.... ' രണ്ടുവിരല്‍ ചുണ്ടിചേര്ത്തുപിടിച്ച് നീട്ടിത്തുപ്പി വൈദ്യര്‍ പാറപ്പുറം മെനകേടാക്കി...

'അതു മക്കളെ...അങ്ങിനെ കാണാനും മാത്രമൊന്നുമില്ലാ...കൊറേ പച്ചമരുന്നുകള്‍...പൂവാംകുറുന്തല്‍, മുയല്‍ചെവിയന്‍, കറുക, നിലപ്പന, കുഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറുപൂള, തിരുതാളി, ഉഴിഞ്ഞ, മുക്കൂറ്റി..... മനസ്സിലായോ വല്ലതും...'


കുഞ്ഞുണ്ണിയെ മാത്രം മനസിലായ്....വേറെ ആരേം അറിയില്ലാ....


'എല്ലാമൊന്നും ഈകാട്ടില്‍ കിട്ടില്ലാ....നിലപ്പനയും മുയല്‍ചെവിയനും കിട്ടാതിരിക്കില്ലാ...എന്നാല്‍ മക്കളിവിടെയിരിക്ക്...ഞാന്‍ തോഴോട്ടിറങ്ങി നോക്കട്ടെ...' വൈദ്യര്‍ കീഴ്ക്കാം തൂക്കായ ചരിവിലൂടെ താഴേക്ക് കഷ്ടപ്പെട്ടിറങ്ങിപ്പോയ്..


രാവിലെ ഇത്രിടം വരെ കഷ്ടപ്പെട്ടുവന്നിട്ട് വെറുതെ മടങ്ങാന്‍ ഞങ്ങള്‍ക്കും പ്രയാസം...നിലെപ്പനയെങ്കില്‍ നിലപ്പന മുയല്‍ചെവിയനെങ്കില്‍ അത്...എന്തെങ്കിലും കണ്ടിട്ടേ മടങ്ങുന്നൊള്ളു എന്ന തീരുമാനത്തില്‍ ഞങ്ങള്‍ വീണ്ടും വൈദ്യരറിയാതെ വൈദ്യരെ പിന്തുടര്‍ന്നു....ഏറെ താമസിയാതെ പാറക്കെട്ടിന്റെ താഴെ ചെരിവില്‍ മണ്ണില്‍ കുത്തിയിരുന്ന് മാന്തുന്ന വൈദ്യരെ ഞങ്ങള്‍ കണ്ടെത്തി. കല്ലുകള്‍‍ക്കിടയില്‍ മറഞ്ഞിരുന്ന് ഞങ്ങള്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്നുനോക്കി.

അള്ളുകള്‍ക്ക് എതിര്‍‌വശത്തായ് ഇളകിയ മണ്ണില്‍ വൈദ്യര്‍ രണ്ടുകൈകൊണ്ടും ഉത്സാഹിച്ച് മാന്തുകയാണ്.
ഏതെങ്കിലും ഔഷധസസ്സ്യത്തിന്റെ വേരായിരിക്കും വൈദ്യര്‍ തിരയുന്നതെന്നുകരുതിയ ഞങ്ങള്‍ക്ക് തെറ്റി.... മണ്ണുമാന്തി വൈദ്യര്‍ പൊക്കിയെടുത്തത് തലേന്നു രാത്രിവരെ ഞഞ്ഞളുടെ കോഴിക്കൂടിനലങ്കാരവും കുറുക്കന്മാര്‍ക്ക് പ്രലോഭനവുമായിരുന്നു ഞങ്ങളുടെ സ്വന്തം കോഴിയുടെ ചേതനയറ്റശരീരം...

ഷോക്ക്....

തലേന്നുരാത്രി ഞങ്ങളുടെ ഉറക്കം കെടുത്തിയത്.... കൈസറിനു അപ്പച്ചന്റെ കൈയില്‍നിന്നും തല്ലുവാങ്ങിക്കൊടുത്തത്... അമ്മയെകൊണ്ട് കാലത്തുമുതല്‍ നെഞ്ചത്തിടിപ്പിച്ചത്....എന്താണ് കുറുക്കാ ഈ പ്രോഗ്രാമിന്റെ അര്‍ത്ഥം ... ഈമണ്ണില്‍കൊണ്ടുവന്നു കുഴിച്ചുമൂടാനാണോ ഇത്രവലിയ സാഹസം കാട്ടണത്?....


വൈദ്യരുടെ കയ്യിലിരുന്ന കോഴിപ്പിടയുടെ ശരീരം ഞാനൊന്നേ നോക്കിയൊള്ളു... സുന്ദരിയായ പുള്ളിപ്പിടയെ കുറുക്കന്‍ കടിച്ചുകീറി ആകെ വികൃതമാക്കിയിരിന്നു. ചോരയും പൂഴിമണ്ണും കൂടിക്കലര്‍ന്ന്... കണ്ടാല്‍ അറപ്പുളവാക്കുന്ന രീതിയില്‍...

കേവലം നിസാരമായ ഒരു പൂവ് പൊഴിഞ്ഞ് വീണുകിടക്കണകണ്ടപ്പോള്‍ 'ശ്രീഭൂവിലസ്തിരം അസംശയ‌മിന്നുനിന്റെ ആഹൂതിയെങ്ങുപുനരെങ്ങുകിടപ്പതോര്‍ത്താല്' എന്നു പാടിയ ആശാനെങ്ങാനും ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ മനോഹരമായ മറ്റൊരുകവിത മലയാളത്തിനു കിട്ടുകില്ലായിരുന്നൂന്നാരറിഞ്ഞു...


കോഴിയെ കൂടയിലിട്ട് തിരിഞ്ഞുനടക്കണ വൈദ്യരോട് വല്യേട്ടന്റെ വക ചോദ്യം ഉടനെയുണ്ടായ്....

'ദശപുഷ്പം കിട്ടിയോ വൈദ്യരെ?'....


ശബ്ദംകേട്ടഭാഗത്തെയ്ക്ക് നോക്കിയ വൈദ്യര്‍ക്ക് പാറയുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഞങ്ങളുടെ തലമാത്രമെ കാണാന്‍ കഴിയുകയൊള്ളു...


പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിപ്പാത്രത്തിലിരുന്ന് ചില ചോദ്യങ്ങള്‍ ചോദിച്ച് ഹേറോദേശ് രാജാവിനെ പേടിപ്പിച്ചപോലെ പാറപ്പുറത്ത് കാണപ്പെട്ട വല്യേട്ടന്റെ തല വൈദ്യരെയും വല്ലാതെ പേടിപ്പിച്ചു..

'യ്യോ കുഞ്ഞേ ആരോടും പറയരുതെ...ദാരിദ്ര്യം കൊണ്ടാണെ.... നാണംകെടുത്തരുത്...'


ആരുടെയെങ്കിലും കോഴികളെ കുറുക്കന്‍ പിടിക്കുന്നതിന്റെ പിറകേയുള്ള വൈദ്യരുടെ പച്ചമരുന്നു പര്യവേഷണ രഹസ്യത്തിന്റെ ചുരുളുകളങ്ങിനെ അഴിയുകയായി...


കുറുക്കന്റെ മനശാസ്ത്രം നന്നായ് അറിയാവുന്ന വൈദ്യര്‍ പറഞ്ഞുതുടങ്ങി....

ഇരയെപിടിച്ചാല്‍ ഒറ്റദിവസം കൊണ്ട് അതിനെ തിന്നുതീര്‍ക്കാതെ പിറ്റെദിവസത്തെയ്ക്ക് സൂക്ഷിച്ചുവയ്ക്കുന്ന ബുദ്ധിശാലികളാണ് കുറുക്കന്മാര്‍. ഇരയുടെ ശരീരഭാഗത്തിലെ എളുപ്പം ചീത്തയാകുന്ന ആന്തരാവയവങ്ങളാണ് കുറുക്കന്‍ ആദ്യദിവസം ആഹരിക്കുന്നത്. ബാക്കിഭാഗം പെട്ടെന്ന് ചീത്തയാകാതിരിക്കാനായിട്ട് മണ്ണില്‍ കുഴിച്ചിടുകയാണ്....

'ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയാണുമക്കളെ കുറുക്കന്‍... 'ഫോക്സ്പ്രൊയ്ക്ക് ഗോപാലന്‍ വൈദ്യരുടെ വക ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍.........


മണ്ണില്‍ കുഴിച്ചിട്ട കോഴിയെ മാന്തിയെടുത്ത് ശാപ്പിടാന്‍ തിരികെവരുന്ന പാവം
കുറുക്കനെക്കുറിച്ചായിരുന്നു ആ ദിവസ്സം മുഴുവന്‍ എന്റെ വിചാരം... കുറേ നേരം മണ്ണില്‍ മാന്തിയിട്ടും കോഴിയെ കിട്ടാതെവരുമ്പോല്‍ ഇളിഭ്യനായ് മടങ്ങുന്ന പാവം കുറുക്കന്‍...


ഭൂമിയിലെ ജീവികളിലേക്കുംവച്ച് ഏറ്റവും കൗശലമുള്ള ജീവിയേതാണു എന്നുചോദിച്ചാല്‍...... രണ്ടാമതൊന്നു ആലോചിക്കാതെ ആ കുറുക്കന്‍ മറുപടി പറഞ്ഞേനെ .....


'ഗോപാലന്‍ വൈദ്യന്‍!!!...അല്ലാതാരാ.'

21 comments:

(സുന്ദരന്‍) said...

ആയിരത്തിതൊള്ളായിരത്തി എമ്പതുകളുടെ തുടക്കത്തില്‍ നാട്ടുകവലയില്‍ കുറുക്കന്മാരുടെ ശല്യം ഗണ്യമായ് വര്‍ദ്ധിക്കുകയുണ്ടായ്.

ഫാമിലിയെപ്പറ്റിയോ ഫാമിലിപ്ലാനിംഗിനെപ്പറ്റിയോ യാതൊരുവിധ ധാരണയോ മതിപ്പോ ഇല്ലാത്ത കുറുക്കന്മാരായിരുന്നു അക്കാലത്തുണ്ടായിരുന്നവയില്‍ ഏറിയപങ്കും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അയ്യോ എന്റമ്മോ ചിരിച്ചിട്ടു വയ്യ.

ഇങ്ങോട്ടെടുത്തെഴുതാന്‍ നിന്നാല്‍ ആ പോസ്റ്റ് മുഴുവന്‍ കമന്റായി മാറും.

കലക്കി മാഷേ

ഓ.ടോ:നിങ്ങള്‍ കൂട്ടുകാരു രണ്ടും ചിരിപ്പിക്കാനായിട്ട് ഇറങ്ങീതാ ല്ലേ

G.manu said...

നര്‍മ്മത്തിണ്റ്റെ പുതിയ ഭാവങ്ങള്‍ നിണ്റ്റെ പോസ്റ്റില്‍ നിറയുന്നു സുന്ദരാ..

ഫോക്സ്‌ പ്രോ എന്ന വാക്ക്‌ തന്നെ ഉദാഹരണം. വിവരണത്തിലെ ചില കുസൃതികള്‍ മാറ്റു കൂട്ടുന്നു..

ക്ളാസ്‌ നര്‍മ്മത്തിലേക്കുള്ള പ്രയാണം തുടരൂ.... സം തിംഗ്‌ ഈസ്‌ ദെയര്‍ ഫോര്‍ യു..

വേണു venu said...

കാടുകയറിപ്പോകുന്ന കണ്ടന്‍ പൂച്ചകളാണ് പിന്നീട് കുറുക്കന്മാരായ് കോഴിമോഷണത്തിനു തിരിച്ചുവരുന്നത്.
കാടുകയറുന്ന ഗോപാലന്‍ വൈദ്യരെന്ന കണ്ടന്‍‍ പൂച്ച.
ഹാഹാ...സുന്ദരന്‍‍.
ഉഗ്രന്‍‍ ഹാസ്യം.:)

ആഗ്നേയ said...

ഒരു തിരുത്ത്....ഞാനുള്ള വീടല്ലേ ആരായാലും വാനപ്രസ്ഥം നടത്തും ..അങ്ങനല്ലേ വേണ്ടേ?(അങ്ങനാണെന്നെന്നോടൊരാള്‍ പറഞ്ഞതാ)ഞാന്‍ പോയി..

ഒരു “ദേശാഭിമാനി” said...

ഇപ്പൊ “കുറുക്കന്‍” ആരാന്നു മനസ്സിലായി! സൂപ്പര്‍.

ആശംസകള്‍! ഇനിയും ചിരിപ്പിക്കണം!

ശ്രീ said...

:)

pilakool said...

ബെന്നിച്ചാ, നന്നായി...
സരസമായി ഒരു കാലഘട്ടത്തിന്റെ വേദനകളുമായി‍
സംവേദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...
എന്തെ, ഓര്‍ക്കൂട്ടില്‍ ഇപ്പോ കാണാറില്ല്യ..??
എന്നെ ഓര്‍മ്മണ്ടോ, ആവോ...?

വാല്‍മീകി said...

ഫോക്സ്‌പ്രോ കൊള്ളാമല്ലോ.
ഈ പ്രോഗ്രാം എങ്ങനെയാ പഠിക്കുന്നത്? വൈദ്യര്‍ കോഴ്സ് വല്ലതും നടത്തുന്നുണ്ടോ?

ചന്ദ്രകാന്തം said...

ഫോക്സിന്‌, 'നാളേയ്ക്കെടുത്തു വയ്ക്കല്‍' എന്നൊരു പ്രോഗ്രാം ഉണ്ടെന്ന്‌ അറിയില്ലായിരുന്നു ഇതുവരെ.
....പിന്നീട്‌ ആരെങ്കിലും വൈദ്യര്‍ക്ക്‌ ശിഷ്യപ്പെട്ടോ...ആവോ..!!!

കുതിരവട്ടന്‍ :: kuthiravattan said...

കാടു കയറിപ്പോകുന്ന കണ്ടന്‍ പൂച്ചയെ കോക്കാന്‍ പൂച്ച എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്. അതും കോഴിയെപ്പിടിക്കും. നാട്ടുകവലയില്‍ അങ്ങനെയാണോ വിളിച്ചിരുന്നത്?

ഫോക്സ്പ്രോ കൊള്ളാം. പാവം വൈദ്യന്‍.

കാര്‍വര്‍ണം said...

സത്യമായും ചിരിയല്ല കരച്ചിലാ വന്നത്. എന്തോരം ഗതികെട്ടിട്ടാവും ഒരാള്‍ കുറുക്കന്റെ എച്ചില്‍ തേടി ഇറങ്ങിയത്

ഉപാസന | Upasana said...

Good one bhai
:)
upaasana

അനാഗതശ്മശ്രു said...

നന്നായി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഇത്രയും ശക്തിയില്‍ വാലാട്ടുന്ന മറ്റൊരു നായെ ഞാന്‍ ഇന്നുവരെ ലോകത്തെവിടെയും കണ്ടിട്ടില്ലാ”

കുറുക്കനേക്കാളും ബുദ്ധിയുള്ള ആളു കൊള്ളാം..

sandoz said...

ഹ.ഹ..മന്നാജന്‍ പൊളിച്ചടുക്കി...
ആ കൈസര്‍ പുരാണം കെങ്കേമം...
ബെന്നീ...നടപ്പു യോഹന്നാന്‍ മറക്കരുതെട്ടാ...

sathees makkoth | സതീശ് മാക്കോത്ത് said...

സുന്ദരൊ, കുറുക്കനേക്കാള്‍ കൌശലക്കാരനെ ഇഷ്ടപ്പെട്ടു.

വിന്‍സ് said...

ശെരിക്കും പൊട്ടി ചിരിപ്പിച്ച പോസ്റ്റ്.

സുഗതരാജ് പലേരി said...

സുന്ദരോ കുറുക്കന്‍മാര്‍ക്കിടയിലും ഫാമിലിപ്ലാനിംഗ് തുടങ്ങിയെന്നു തോന്നുന്നു. ദിവസവും കുറുക്കന്‍മാരെ (4ഉം 5ഉം വരെ) കണ്ടിരുന്ന എന്‍റെ നാട്ടില്‍ ഇപ്പോള്‍ മരുന്നിനു പോലും ഒന്നിനെ കാണാന്‍ കിട്ടുന്നില്ല.

രാത്രികളിലുള്ള ആ സംഗീതകച്ചേരി പലപ്പോഴും, മൂത്രമൊഴിക്കാനുള്ള ആഗ്രഹിനെ കൂച്ചുവിലങ്ങിട്ട്, എത്രയോ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുന്നു.

ആഷ | Asha said...

ഇത് വായിച്ചു ചിരിച്ചുവെങ്കിലും കുറുക്കന്‍ തിന്നതിന്റെ ബാക്കി തിന്നുന്നയൊരാളുടെ ഗതികേടോര്‍ത്ത് വിഷമമായി അവസാനം.

പിരിക്കുട്ടി said...

pandu njangalude veetil kurukkan kozhiye pidichaal pittennu atrhinu kuzhichu moodum..........
aapol njana chodhikkarundarnnu ithine kari vechoodennuu.....
appol enne odippikkum amma..
enthayalum ningalkku pittennu kari enkilum kittumallo?

ennalum vaisyan aalu kollammm