Sunday 30 December 2007

ബ്രിജ്‌വിഹാരത്തിലൊരു പുതുവത്സരം

ഡിസംബറിലെ ഒടുക്കത്തെആഴ്ച....
മാസവും വര്‍ഷവും എല്ലാം ഒന്നിച്ചുതീരാന്‍പോണു.

തീരാതെകിടക്കണത് ജോലികളുമാത്രം. പഴയവര്ഷത്തിന്റെ ഫയലുകള്‍ എങ്ങനെയെങ്കിലും ചുരുട്ടികെട്ടി ക്ലോസുചെയ്യാനായ് ഡിപ്പാര്‍ട്ടുമെന്റ്മൊത്തമായ് ആഞ്ഞുപിടിക്കണനേരം ...


മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വാഴക്കൂമ്പില്‍ അറഞ്ഞുകൊത്തുന്ന അമ്മായിയമ്മയെപ്പോലെ കീബോര്‍ഡില്‍ വിരലുകള്‍ കൊത്തിയിരിക്കുന്ന നേരത്താണ് ആപ്പിസിലെ പ്യൂണ്‍ അന്നത്തെ മെയിലില്‍ വന്നതും, സാമാന്യം വലിപ്പമുള്ളതുമായ ഒരു എന്‍വലപ്പ് എന്റെ ടേബിളിലോട്ട് വലിച്ചെറിഞ്ഞിട്ട് പോയത്...മാക്സിമം ബഹുമാനത്തോടെ.


കീബോഡില്‍നിന്നും കൈയെടുക്കാതെതന്നെ ഞാനൊന്നു പാളിനോക്കി... വന്നുപതിച്ച സംഭവം ഒരു കല്യാണ ക്ഷണപത്രമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഏതുപൊട്ടനും മനസ്സിലാലും...എനിക്കും മനസ്സിലായി.
കവറിനു മുകളില്‍തന്നെ സ്വര്‍ണ്ണ‌വര്‍ണ്ണത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നത് 'വെഡിംഗ്' എന്നാണോ 'വെല്‍ഡിംഗ്' എന്നാണോ എന്ന് വായിക്കാന്‍ പറ്റുന്നില്ലാ...


വിലകുറഞ്ഞ പ്രിംന്റിംഗായതിനാലാണെന്നുതോന്നുന്നു ദീര്‍ഘയാത്രക്കിടയില്‍ അക്ഷരങ്ങള്‍ പൊടിഞ്ഞും തേഞ്ഞും പോയിരിക്കുന്നു.... ഇതൊക്കെതന്നെ ധാരാളം, അല്ലെങ്കില്‍തന്നെ ഒരു കല്യാണംനടത്തുമ്പോള്‍ എന്തൊക്കെയാ ചെലവുകള്‍.... ഒരു ഇന്‍‌വിറ്റെഷന്‍ കാര്ഡ് പ്രിന്റ്ചെയ്യാന്‍ വേണ്ടിമാത്രം നൂറും നൂറ്റമ്പതും മുടക്കുന്നതുകൊണ്ടെന്തുനേട്ടം... സമയാസമയത്ത് ആ പാചകക്കാരനു നൂറും നൂറ്റമ്പതും (ഒഴിച്ച്)കൊടുത്താല്‍ സദ്യയെങ്കിലും വെടിപ്പാകും...


വെല്‍‍ഡിംഗിന്റെ താഴെയായ് രണ്ട് ഇണക്കുരുവികളുടെ ചിത്രമാണ്...അതും ഗോള്‍ഡ് കളര്‍, കൊക്കുരുമുകയാണോ കൊത്തുകൂടുകയാണോന്ന് നിശ്ചയമില്ലാ... സാരമില്ല അതെല്ലാം കല്യാണം കഴിഞ്ഞ് മനസ്സിലാക്കാവുന്നതല്ലെയൊള്ളു.

അതിനടിയിലായ് ........ .

'മോളിക്കുട്ടി വിത്ത് ജോസുകുട്ടി'

യ്യോ.....


ഞാന്‍ ഭാവിജീവിതത്തെക്കുറിച്ചു നെയ്തുകൂട്ടണ സീരിയല്‍ സ്വപ്നങ്ങളിലെ നായികയല്ലെ ഈ മോളിക്കുട്ടി. ജസ്റ്റ് പത്തുമിനിറ്റുമുമ്പെ ഞാന്‍ സ്വപ്നത്തിന്റെ ഒരു എപ്പിസോഡ് അവസാനിപ്പിച്ചതെയൊള്ളാരുന്നു... അടുത്ത എപ്പിസോഡില്‍ മോളിക്കുട്ടിയെ പതിവു വേഷമായ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ധരിപ്പിച്ചാലോ എന്നു ചിന്തിച്ചിരുന്നപ്പോഴാ ഉല്‍ക്കപോലെ അവളുടെ കല്യാണക്കുറിവന്നുപതിച്ചത്...


എന്റെമാത്രം സ്വന്തമെന്നുകരുതി ഞാന്‍ ഇത്രനാളും സ്നേഹിച്ചുനടന്ന മോളിക്കുട്ടിയെ ഏതോ ഒരു വിത്ത്‌‌ജോസൂട്ടി വെല്‍ഡ് ചെയ്യാന്‍ പോകുന്നു.......

തലയ്ക്കുമുകളില്‍ പിടിപ്പിച്ചിരുന്ന അലമാരയാണോ അതിനും മുകളില്‍ പിടിപ്പിച്ചിരിക്കുന്ന എയര്‍കണ്ടീഷണറാണോ ...എന്താണെന്നറിയില്ലാ, എന്തോ എന്റെ തലയില്‍ വന്നുപതിക്കുന്നതുപോലെ തോന്നി.... കണ്ണില്‍ ഇരുട്ടുകയറി, അതുതോന്നലായിരുന്നില്ലാ... ഞാന്‍ നിലംപതിച്ചു...

........

മുഖത്ത് അതിശക്തമായ് വെള്ളം വന്നുപതിച്ചപ്പോഴാണ് വളരെ അപൂര്‍വ്വമായ് മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചുവന്നത്.... വെള്ളം കുടയുന്നത് പ്രിയപ്പെട്ടകൂട്ടുകാരന്‍ മനു ആയിരിക്കണം..... ഇത്രശക്തിയില്‍ വെള്ളമടിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക....

മനു എന്നെ പിടിച്ച് കസേരയില്‍ ഇരുത്തി...

'ഡാ കുഞ്ഞെ... ആ കഴുവര്‍‍ടെമോള് നിന്നെവലിപ്പിച്ചിട്ട് പോയിക്കളഞ്ഞു ഇല്ലെ?.....'

മനു..അവന്‍ കല്യാണക്കുറി കണ്ടിരിക്കുന്നു.... എന്റെ ജീവിതത്തിലേക്ക് പവര്‍കട്ടുമായ് വന്നുകയറിയ ആ കുറിമാനത്തെ ഒരിക്കല്‍കൂടി ഞാന്‍ പാളിനോക്കി... ഒരിക്കല്‍കൂടി ബോധംകെട്ടുവീഴാനുള്ള ശേഷിയില്ലാതെ കസേരയില്‍ ചാഞ്ഞിരുന്നു...

എന്നാലും മോളിക്കുട്ടി ...അവള്‍ക്കെങ്ങിനെ എന്നോടിങ്ങനെയൊക്കെ പെരുമാറാന്‍ തോന്നി....


'ഡാ ചെക്കാ.... നിന്നെയൊക്കെ ശീലയൂരിയടിക്കണം.... ആ എന്തിരവള്‍ക്ക്‌വേണ്ടി കാശെത്രപൊടിച്ചെടാ നീ... നിന്നോടന്നുഞാന്‍ പറഞ്ഞതല്ലെ?...... ' മനു ഉറഞ്ഞുതുള്ളുകയാണ്.

'ക്യാ ഹോഗയാ യാര്‍?...' എച്ച്.ആര്‍.ഡി ഡിവിഷനിലെ മനോജ് ഗുപ്ത... ആളുകള്‍ കൂടുകയാണ്

' ഓ... ഒന്നുമില്ലമച്ചു... ഇവന്റെ ഗേള്‍ഫ്രന്‍ഡിന്റെ കല്യാണത്തിന്റെ ഇന്‍‌വിറ്റേഷന്‍ വന്നതാ...' മനു എത്ര നിസ്സാരമായിട്ടാണ് സംസാരിക്കുന്നത്...


മനോജ് ഗുപ്ത മിഴിച്ചുനില്‍ക്കുന്നു..... മലയാളത്തില്‍ പറഞ്ഞിട്ട് മനസ്സിലാകാഞ്ഞിട്ടോ.. അതോ ഇതിലൊക്കെ എന്താണിത്ര വിഷമിക്കാന്‍ എന്നുകരുതിയിട്ടോ... അറിയില്ലാ.

' കോയീബാത്ത് നഹിയാര്‍ ...ചിന്താമത്കരോ ......' എന്റെ തോളത്തുതട്ടി മനോജ് ഗുപ്ത പറഞ്ഞ സാന്ത്വന വാക്കുകള്‍ക്കും എന്റെഉള്ളിലെ നീറ്റല്‍ കുറയ്ക്കുവാന്‍ കഴിഞ്ഞില്ലാ....ഒരു തമിഴത്തി പെണ്ണിനെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍നിന്നും പുറത്താക്കപ്പെട്ട ഗുപ്താപയ്യന്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതായിരിക്കാം... ഒരപകടമൊഴിവായതോര്‍ത്തു സന്തോഷിക്കാന്‍....

പക്ഷെ

മോളിക്കുട്ടി...അവള്‍ക്കെങ്ങിനെ എന്നോട് ഇങ്ങനെ പെരുമാറാന്‍ കഴിഞ്ഞു....


'അവള്‍ നാട്ടില്പോകുമ്പോള്‍ ഇരുപതിനായിരം രൂപ കടംകൊടുക്കണമെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ ....കൊടുത്തോ?....' മനു രഹസ്യമായ് ചോദിച്ചു..

'ഇല്ലാ കൊടുക്കാന്‍ പറ്റിയില്ലാ... അവള്‍ക്ക് നാട്ടില്‍നിന്നും ഫോണ്‍‌വന്നിട്ട് പെട്ടന്നങ്ങുപോകേണ്ടിവന്നില്ലെ...അപ്പനുസുഖമില്ലാന്നുംപറഞ്ഞ്.... ഞാന്‍ രാവിലെ ബാങ്കില്‍നിന്നും കാശുമെടുത്ത് റയില്‍‌വെ സ്റ്റേഷന്‍വരെ ചെന്നതാ ... അപ്പോഴേക്കും ട്രെയിന്‍ വിട്ടു...'


'ഭാഗ്യം ...കെയെസാര്‍ട്ടീസിയെലൊക്കെ ചാടിതൂങ്ങുന്നപോലെ തൂങ്ങാതിരുന്നത്... ഇവിടന്നു വിട്ടാല്‍ അങ്ങു ഫരീദാബാദിലേ നിര്‍ത്തു... ഏതായാലും നീവാ... ലഞ്ച് കഴിച്ചിട്ട് വന്നിട്ട് ബാക്കി പറയാം..... ' മനു


ലഞ്ച്കഴിക്കാന്‍.... എന്നോട് ....ആപ്പിസിലെ ഗഡ്‌വാളിപ്പെണ്ണ് ശിവാനി ഒരുദിവസം ഗുഡ്മോണിംഗ് പറഞ്ഞിട്ട് മറുപടി പറയാതെപോയതിനാല്‍ ലഞ്ച്കഴിക്കാനാവാതെ വിഷമിച്ച എന്നെപ്പോലുള്ള ലോലഹൃദയനോട്... അതും മോളിക്കുട്ടിയുടെ കല്യാണക്കുറി കൈപ്പറ്റിയിട്ട് മണിക്കൂറുകള്‍ പോലും കഴിയും മുമ്പെ... ലഞ്ച് കഴിക്കാമെന്ന്!!!....

അവനതു പറഞ്ഞില്ലങ്കിലെ അത്ഭുതമൊള്ളു.... പണ്ട് നെഹ്റുപ്ലേസില്‍ ഭൂമികുലുക്കമുണ്ടായന്ന് എല്ലാവരും ഇറങ്ങി ഓടിയപ്പോഴും കൂളായിട്ടിരുന്നു ശാപ്പാടടിച്ചവനല്ലെ...


'കണ്ടവളുമാര്‍ക്ക് പത്തും ഇരുപതും ആയിരം കൊണ്ടുകൊടുത്തിട്ട് മൂന്നുരൂപായുടെ ഛോലാകുല്‍ചവാങ്ങിക്കഴിച്ച് ജീവിക്കണ യെവനെയൊക്കെ ശീലയൂരിയടിക്കണം....ഒരിക്കലും നനയ്ക്കാത്തശീലയൂരി ....' മനു ദേഷ്യപ്പെട്ടാണുപോയത്...


മനുപോയപ്പോള്‍ സജിമോന്‍ വന്നു ....

കേരളത്തില്‍ ചൂടുകൂടുതലാണെന്നുപറഞ്ഞ് ജോലി രാജിവച്ച് മദ്രാസില്‍ ജോലിതേടിപ്പോയവന്‍ ...അവിടെനിന്നും ഡല്‍ഹിയില്‍ എത്തിയവന്‍...

അല്പനേരം തനിച്ചിരുന്നു വിരഹിക്കാന്‍ എന്നെഅനുവദിക്കാതെ സജിമോന്‍ ചോദ്യങ്ങളാരംഭിച്ചു...

'എന്നാ അവളുടെ കല്യാണം?...'

'നാളെകഴിഞ്ഞ്'

'അപ്പോള്‍ കല്യാണത്തിനിനി വെറും രണ്ടേ രണ്ടുദിവസം മാത്രമെ ബാക്കിയൊള്ളു... കേരള എക്സ്പ്രസിനു കയറി നാട്ടിലെത്താന്‍ തന്നെ മൂന്നുദിവസം വേണം... ഏഴായിരം രൂപമുടക്കാന്‍ പറ്റുമോ?..'

'എന്തിനാ സജിമോനെ...'

'പറന്ന് പോണം... വിമാനത്തിനു....എന്നാലെ കല്യാണത്തിനു മുമ്പെ നാട്ടിലെത്താന് പ്റ്റു....'

എഴായിരം രൂപയും പൊടിച്ച് വിമാനത്തിലേറി മോളിക്കുട്ടിയുടെ കല്യാണത്തിനു മുമ്പെ അവിടെ എത്തിയിട്ട്?... സദ്യയുണ്ട്പോരാനൊ..? അതോ ദൂരെമാറിനിന്നു ' മാനസ മൈനേ വറൂ...' എന്ന് പാടാനോ..?


പാടാനാണെങ്കില്‍ ഇവിടിരുന്ന് ആ മുഹൂര്‍ത്തം നോക്കി പാടിയാലും പോരെ...എനിക്കൊന്നും മനസ്സിലായില്ലാ...'

'ആ കല്യാണം മൊടക്കണം...' സജിമോന്‍ സീരിയസാണ് ...

അത് അവന്റെ കണ്ണുകളില്‍ നോക്കിയാല്‍ മനസ്സിലാകും...
സജിമോന്‍ ഒരു വാക്ക് പറഞ്ഞാല്‍ രജനീകാന്തിനേക്കാളും കഷ്ടമാണ്...

'അവള്അയച്ച പഴയ് ലെറ്ററുകളും ഫോട്ടോകളും ഒക്കെ എടുത്തിട്ടുവേണം പോകാന്‍...പെട്ടന്നുതന്നെ അതിന്റെ കുറെ ഫോട്ടോകോപ്പികളും എടുക്കണം...ഒറിജിനല്‍ എപ്പോഴും നമ്മുടെ കയ്യില്‍ സൂക്ഷിക്കണം... നാട്ടിലെത്തിയാല്‍ നേരെ അവളെകെട്ടാന്‍പോണചെറുക്കന്റെവീട്ടില്‍ചെന്ന് ഒരു ഫോട്ടോകോപ്പി ചുമരിലൊട്ടിക്കണം.... ബാക്കിയുള്ളത് വിതരണം ചെയ്യണം....അടുത്തവീടുകളിലും ... കവലയിലും...'


സജിമോന്‍ പറയണതിലും കാര്യമുണ്ട് പക്ഷെ എന്തുചെയ്യാനാ മോളിക്കുട്ടി എനിക്ക് ആകെപ്പാടെ ഒരേയൊരു കത്തെ അയച്ചിട്ടൊള്ളു... അതവളുടെ കല്യാണക്കുറിയാണ്... (അതേലെയ്ക്കു നോക്കിയപ്പോള്‍ പിന്നെം തലചുറ്റാന്‍ തുടങ്ങി...)


ഒരേഫ്ലാറ്റിലെ അടുത്തടുത്ത മുറികളില്‍ താമസിച്ചിരുന്നവരായതിനാല്‍ ആത്മഗതങ്ങള്‍പോലും പരസ്പരം കേള്‍ക്കാന്‍പറ്റുന്ന് അകലമല്ലെ ഉണ്ടായിരുന്നൊള്ളു....പിന്നെ എങ്ങിനെ കത്തെഴുതാന്‍.

ലാല്‍ക്കിലയിലൊക്കെപോയ് മതിലില്‍ ചാരിനിന്നു കുറച്ചു നല്ല ഫോട്ടോസൊക്കെ എടുക്കാന്‍ പ്ലാന്‍ചെയ്തിരുന്നപ്പോഴാ അവളുടെ അപ്പനുവലിവുകൂടിയതുംപറഞ്ഞ് ഫോണ്‍‌വന്നതും അവള്‍ നാട്ടിലേക്ക് പോയതും...


'വേറെ എന്തെങ്കിലും തെളിവുകളുണ്ടോ സുന്ദരാ തന്റെകയ്യില്‍... ഒന്നോര്‍ത്തുനോക്കിക്കെ... ടൈം ഈസ് നോട്ട് ഫ്ലെക്സിബിള്‍...വേഗം വേണം...' സജിമോന് എങ്ങിനെയെങ്കിലും എന്നെ സഹായിക്കണമെന്നുണ്ട്..


'ശര്‍മ്മാജിയുടെ പലചരക്കുകടയില്‍നിന്നും എന്റെ അക്കൗന്‍ഡില്‍ മോളിക്കുട്ടി പലപ്പോഴായ് വാങ്ങിയ അരി, പാല്‍, പഞ്ചസാര മറ്റ് അല്ലറചില്ലറ സാധനങ്ങള്‍....അതിനു പറ്റുബുക്കില്‍ തെളിവുണ്ട്... അതിന്റെ ഫോട്ടോകോപ്പിയെടുപ്പിച്ചാലോ?.....'


' അതുമതിയാകും...കോപ്പിയെടുത്ത് ശര്‍മ്മാജിയെകൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിച്ചിട്ട് നാലായിട്ട്‌മടക്കി..... ബാക്കിഞാന്‍ പറയുന്നില്ലാ...' സജിമോന്‍ എന്റെ കേസുവിട്ടു ലേഡീസ് കൂടുതലുള്ള ഡിപ്പാര്‍ട്ടുമെന്റുനോക്കി റൗന്‍ഡ്‌സിനുപോയി.


ഞാന്‍ തനിയെ വിരഹിച്ചിരിക്കാന്‍ തയ്യാറെടുത്തതും മനു തിരിച്ചെത്തി....

'അവന്റെ ഒരു മോളിക്കുട്ടി....കളഞ്ഞിട്ട് പോടെയ്.......' ആഹാരംകഴിഞ്ഞുവന്നപാടെ കൂടുതല്‍ ശക്തിയായ് ശകാരം ആരംഭിച്ചു...

അവനതുപറയാം... പത്തനംതിട്ടകളക്ടറാപ്പീസിന്റവിടന്ന് കോട്ടയംനാഗമ്പടംമൈതാനംവരെ ചങ്ങലപിടിക്കാനും‌മാത്രം കാമുകിമാരുള്ള അവന് ഒന്നല്ല പത്തെണ്ണം ഒരുമിച്ചുകെട്ടിപ്പോയാലും നോപ്രോബ്ലം.


'എടാ കുഞ്ഞെ... നിന്നോട് ഞാന്‍ നേരത്തെപറഞ്ഞതല്ലെ ആവശ്യമില്ലാത്തപണിക്ക് പോകരുതെന്ന് ....ഇനിയിരുന്നു മോങ്ങാതെ സ്വന്തംകാര്യംനോക്ക്....ബി പ്രാക്ടികല്‍ ....' മനു


'നീ എന്തുതേങ്ങാന്നാ പറഞ്ഞത്...' എനിക്കും ദേഷ്യം വന്നു...

'മോളിക്കുട്ടിക്ക് എന്നോടുള്ള വികാരം പ്രണയമല്ലാതെ മറ്റൊന്നുമല്ലെന്ന് ചില നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും ഒരു ക്വാളിറ്റി ടെസ്റ്റിലൂടെ അതെന്റെമുമ്പില്‍ തെളിയിക്കുകയും ചെയ്തത് നീതന്നെയല്ലേടാ ദുഷ്ടാ... എന്നിട്ടിപ്പം അവളുകാലുമാറിയ ഒപ്പം നീ വാക്കുമാറ്റുന്നോ?'

സംഭവം ഇങ്ങനെ....

മോളിക്കുട്ടി പതിവായ് നേരംപരപരാന്നു വെളുക്കുന്നതിനുമുമ്പെ എഴുന്നേല്‍ക്കുന്ന പ്രകൃത്ക്കാരിയാണ്...വളര്‍ത്തുദോഷം
നേരത്തെവെളുക്കാന്‍ നേരം‌പോലും മടിക്കുന്ന വിന്റര്‍‍സീസണില്‍ പരപരാന്ന് അവള്‍ തേങ്ങാചിരകുന്നതിന്റെ ശബ്ദംകേട്ടാണ് സൂര്യനുദിച്ചിരുന്നത്.

മടിച്ചിപ്പാറുക്കളായ അവളുടെ സഹമുറിയത്തികള്‍ ..'നാശം...നാശം' എന്നു പുലമ്പീട്ട് ഇംഗ്ലീഷ്‌വല്യക്ഷരം 'ജി' പോലെ കിടന്നുറങ്ങുമ്പോഴും മോളിക്കുട്ടി അടുക്കളയില്‍ ജോലികള്‍ ചെയ്തുകൊണ്ടെയിരിക്കും....


കാപ്പി തയ്യാറായാല്‍ മോളിക്കുട്ടി വല്യവെട്ടുഗ്ലാസ്സില്‍ നിറയെ ആവിപറക്കുന്ന കാപ്പിയും പകര്‍ന്ന് എന്നെവന്നു വിളിക്കും... കട്ടിലില്‍ കിടന്നുതന്നെ ഞാന്‍ കാപ്പിവാങ്ങി ഒരുകവിള്‍ കുടിക്കുന്നതുപോലെ ആക്ട്ചെയ്തിട്ട് ...'കൊള്ളാം നന്നായിരിക്കുന്നു' എന്നുപറയും.


മോളിക്കുട്ടി പോയ്ക്കഴിയുമ്പോല്‍ കാപ്പികൊണ്ടുപോയ് കമഴ്ത്തിക്കളഞ്ഞിട്ട് ഓടിവന്ന് ഗ്ലാസ് കട്ടിലിനടിയില്‍ വയ്ക്കുകയും വീണ്ടും കിടന്ന് ഉറങ്ങുകയും ചെയ്യും... കാപ്പിമോശമായിട്ടല്ലാ.... എനിക്ക് കാപ്പിയും ചായയും പണ്ടിനാലെ അലര്‍ജിയാണ്.


പ്രഭാതത്തില്‍ ബഡ്കോഫിയുമായ് വന്ന് സ്നേഹത്തോടെ വിളിക്കുന്ന മോളിക്കുട്ടി....ആ സുന്ദര നിമിഷങ്ങളെ കേവലം അലര്‍ജിയുടെ പേരുപറഞ്ഞ് നഷ്ടപ്പെടുത്താന്‍ മനസ്സുവരാത്തതിനാല് ഞാന്‍ ഈ രഹസ്യം വെളിപ്പെടുത്താനും‌പോയില്ലാ.


അങ്ങിനെയിരിക്കെ ഒരുദിവസം ബ്രിജ്‌വിഹാരം മനു എന്റെവീട്ടില്‍ വരുന്നു... ഓള്ഡ് മങ്കിവേണം, പൊന്മന്കുഞ്ഞ് എവിടെ, കല്യാണിപോലുമില്ലെ എന്നൊക്കെ മനുചോദിക്കുന്നുണ്ട് ഞാനതൊന്നും കേള്‍‍ക്കാത്തമട്ടില്‍ നടന്നു... മോളിക്കുട്ടിയെങ്ങാനുമറിഞ്ഞാല്‍ മോശമല്ലെ....


പതിവുപോലെ അത്താഴത്തിനു നായരുചേട്ടന്റെ കടയിലേക്ക് പോകാന്‍ തീരുമാനമായ്. സരളച്ചേച്ചീടെ കൈകൊണ്ട് കാലാക്കിയത് കഴിക്കാന്‍ വേണ്ടിക്കൂടിയാണ് മനു വല്ലപ്പോഴും ശ്രീനിവാസപുരത്തെയ്ക്ക് വരുന്നതുതന്നെ.

അപ്പോഴാണ് മോളിക്കുട്ടി കടന്നുവന്നത്.

'ആഹാരം ഇപ്പോള്‍ തരാട്ടോ...കറിക്കൊന്നു വറുത്തിടേണ്ട താമസ്സം മാത്രം...' കുണുങ്ങി ചിരിച്ചിട്ട് അവള്‍ കറിക്ക് കടുക് വറുക്കാന്‍ പോയി...

'അളിയാ...ഇതാണോ നീ പറഞ്ഞ ബഡ്കോഫീ... സെറ്റപ്പ് കൊള്ളാലോ...' മനു


ചോറ് വിളമ്പിയതും മോളിക്കുട്ടിതന്നെ....
സൈഡില്‍ മീന്‍ കറിയും മീന്‍ വറുത്തതുമുണ്ടായിരുന്നു...
നാം മലയാളികളാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒന്നാംന്തരം വടുകപ്പുളിയന്‍ നാരങ്ങാ അച്ചാറും വേപ്പിലക്കട്ടിയും പിന്നീട് വിളമ്പി....
അടുത്തതായ് നാം ഇപ്പോള്‍ കേരളത്തിലല്ലാ ഡല്‍ഹിയിലാണെന്ന് എന്നോര്‍മ്മിപ്പിക്കുവാന്‍ ആലു ഗോപിസുക്കാ, എന്തുവിചാരിച്ചാലും പ്രശ്നമില്ലാ എന്നമട്ടില്‍ പഞ്ചാബി പപ്പടംപൊള്ളിച്ചതും വച്ചിട്ട് ഞങ്ങള്‍ ഊണുകഴിയുന്നതുവരെ അവള് വാതില്പ്പടിയില്‍ ചാരിനിന്നു...

' സൂപ്പര്‍ മച്ചാ...സൂപ്പര്‍... ' മനു ശരിക്കും കഴിച്ചു...ഞാനും

'ഒരുപാടു നാളായ് പെങ്ങളെ ഇത്രയും രുചികരമായ് ആഹാരം കഴിച്ചിട്ട്... കോന്നീലെ സ്വന്തം‌വീട്ടിലിരുന്നു കഴിച്ചപോലെ തോന്നി...' സാധാരണഗതിയില്‍ എന്തുവെട്ടിയരിഞ്ഞു വേവിച്ചുകൊടുത്താലും സൂപ്പര്‍ ..സൂപ്പര്‍ എന്നു പറയുന്ന മനു മോളിക്കുട്ടിക്ക് കോമ്പ്ലിമെന്റ് പറഞ്ഞത് കാര്യമായിത്തന്നെയാണെന്നു ഞാന്‍ കരുതുന്നു.


രാവിലെ പതിവുപോലെ ബഡ്കോഫി വന്നു...രണ്ടാള്‍ക്കും.

'അളിയാ ...നീ കള്ളുകുടി നിര്‍ത്തി കാപ്പികുടി തുടങ്ങിയോ.... ഓരോരോ മാറ്റങ്ങളെ....' മനു

' അളിയാ പതുക്കെ ...അവളുകേള്‍ക്കല്ലെ. ഞാന്‍ കാപ്പികുടിക്കില്ലാന്നുള്ളകാര്യം അവള്‍ക്കറിയില്ലാ...ഞാന്‍ പതിവായ് കാപ്പി കമിഴ്ത്തിക്കളയുകയാ...'


' ഇന്നേതായാലും കമഴ്ത്തണ്ടാ ...രണ്ടുഗ്ലാസ് കാപ്പിയൊക്കെ കുടിക്കാനുള്ള ആളില്ലെ ഞാന്‍....' മനു അവനു കൊടുത്ത കാപ്പികുടികഴിഞ്ഞ് എന്റെ വീതം കാപ്പിയും വാങ്ങിക്കുടിച്ചു.....

'സുന്ദരാ എത്രനാളായ് ഈ കാപ്പിയില്‍ കലക്കിയ പ്രണയം തുടങ്ങിയിട്ട്..'

'പ്രണയം! .... ഇതുവരെ അതങ്ങോട്ട് ഉറപ്പായിട്ടില്ലാ..'


'എന്നാല്‍ ഉറപ്പിച്ചോ ... ആ പെങ്കൊച്ചിനു നിന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നപ്പോള്‍ തൊട്ട് ഞാന്‍ ശ്രദ്ധിക്കുന്നതാ... ഈ കാപ്പികുടിച്ചപ്പോള്‍ എനിക്കുറപ്പായ്... ' മനുവെന്നാല്‍ മനശാസ്ത്രം അറിയാവുന്നവന്‍ എന്നര്‍ത്ഥം... കുറഞ്ഞപക്ഷം സ്ത്രീകളുടെ.

'അതെന്താ കാപ്പികുടിച്ചപ്പോള്‍ പ്രത്യേകിച്ചൊരുറപ്പുവരാന്‍ കാര്യം?...' എനിക്ക് മനസിലായില്ലാ

'അവള്‍ എനിക്കുതന്ന കാപ്പിയില്‍ പാലും പഞ്ചസാരയും കുറവായിരുന്നു....നിനക്കുവേണ്ടി തന്നതില്‍ ആവിശ്യത്തിലധികം പഞ്ചസാരയും പാലും....' മനുവിന്റെ നിഗമനം....


സബ്ജറ്റ് നോളജുള്ള എന്റെ ഉറ്റചങ്ങാതിയുടെ ക്വാളിറ്റി ടെസ്റ്റ് റിസല്‍ട്ട് കിട്ടിയ ശേഷമാ ഞാന്‍ ആഞ്ഞ് പ്രണയിക്കാന്‍ തുടങ്ങിയത്. എന്നിട്ടിപ്പോള്‍ എന്തായി. നാളെകഴിഞ്ഞ് അവള്‍ വിത്ത് ജോസൂട്ടി...പഞ്ചസാര കൂടുതല്‍ കലക്കിയാല്‍ പ്രണയമല്ലാ പ്രമേഹമാണെന്ന് ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു........

ഓഫീസില്‍ സംഭവം പരക്കാന്‍ തുടങ്ങി‍... കാഴ്ചബംഗ്ലാവിലെ മൃഗത്തെ നോക്കിക്കാണുന്നപോലെ പെണ്ണുങ്ങള്‍ ചില്ലുവാതിലിനു വെളിയില്‍നിന്നും എന്നെ നോക്കുകയും അടക്കംപറഞ്ഞു ചിരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോല്‍ ഹാഫ് ഡേ ലീവെഴുതിക്കൊടുത്ത് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.


വീട്ടില്‍ വന്ന് കഞ്ഞിയും വെള്ളവും കുടിക്കാതെ സുഖമായിട്ട് വിരഹിച്ചുകിടന്നു. പിറ്റേന്ന് ലീവ് ഒരു ദിവസത്തെയ്ക്ക് കൂടിനീട്ടിയെടുത്ത് വിരഹിച്ചു. അതിനുപിറ്റേന്ന് ലീവ് വീണ്ടും ഒരു ദിവസത്തെയ്ക്കുകൂടി നീട്ടുകയും വെറുതെ മനോവിചാരങ്ങളെ കുട്ടനാട്ടുള്ള മോളിക്കുട്ടിയുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തു...

കല്യാണം ഇപ്പോള്‍ കഴിഞ്ഞകാണും... സദ്യകഴിക്കുകയായിരിക്കും... ബിരിയാണിയായിരിക്കും... ബിരിയാണികഴിക്കുമ്പോള്‍ അവള്‍ എന്നെ ഓര്ക്കുമായിരിക്കുമോ?..... ഗോവിന്ദപുരിയില്‍നിന്നും ഞാന്‍ പാഴ്സല്‍ വാങ്ങിക്കൊണ്ടുവന്നുകൊടുത്ത ബിരിയാണിയെക്കുറിച്ച് എന്തായാലും ഓര്‍ക്കാതിരിക്കില്ല....കുറഞ്ഞപക്ഷം കഴിച്ചുകൊണ്ടിരിക്കുന്ന കല്യാണ ബിരിയാണിയുമായ് ഒരു താരതമ്യപഠനത്തിനെങ്കിലും...


ഞാന്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി....

കണ്ണ് നന്നായ് കുഴിഞ്ഞിട്ടുണ്ട്...കൊള്ളാം. പക്ഷെ മുഖത്ത് രോമവളര്‍ച്ച അത്രയങ്ങട് പോരാ, പാരമ്പര്യം....

മുഖത്ത് കൂടിയഅളവില്‍ നിരാശതളംകെട്ടിനിര്‍ത്താന്‍ കരുത്തുള്ള രോമങ്ങളില്ലാത്തതില്‍ എനിക്ക് കടുത്ത നിരാശതോന്നി.


വൈകുന്നേരമായപ്പോള്‍ മനു എന്നെകാണാന്‍ വന്നു...

'..?£;$%&$%$.... ' വന്നപാടെ കുറെ നല്ല പേരുകള്‍ എന്നെ വിളിച്ചു.

'നിനക്കറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത?....' മനു ചോദിച്ചു

'ഇന്ന് എന്റെ എല്ലാമെല്ലാ മായിരുന്ന മോളിക്കുട്ടി..... ' എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലാ


'മോളിക്കുട്ടി ...അവളോട് പോകാന്‍പറ അളിയാ.....'മോളി കുട്ടി'പോയാ 'മോളി വല്യതു'വരും...ഇല്ലങ്കില്‍ നമ്മളുവരുത്തും... ... ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്ന്... ഗെറ്റ് റെഡിമാന്‍... ലെറ്റ്സ് ഗോ ബ്രിജ് ‌വിഹാരം... നമുക്ക് രണ്ട് ബിയറടിച്ച് പഴയ വര്‍ഷത്തെ യാത്രയാക്കാം.... രണ്ട് സ്മാളടിച്ച് പുതിയവര്‍ഷത്തെ സ്വീകരിക്കാം....കമാണ്‍... ക്യുക്ക്...ക്യുക്ക്...' മനു വിളിച്ചു...സ്നേഹത്തോടെ.


എല്ലാം മറക്കാന്‍ എനിക്കും ഒരു യാത്ര ആവശ്യമായിരുന്നു...
കാപ്പിയുടെ പൊള്ളുന്ന ഓര്‍മ്മയില്‍നിന്നും കള്ളിന്റെ കുളിരുള്ള റിയാലിറ്റിയിലേക്ക്.
പഴയ വര്‍ഷത്തില്‍നിന്നും പുതിയവര്‍ഷത്തിലേക്ക്.

മനുവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍... രണ്ടുകൈകൊണ്ടും അവനെ വട്ടമിട്ടുപിടിക്കാന് ശ്രമിച്ചിട്ട് പിടികൂടാത്തതിനാല്‍ വെറുതെ ഫോര്‍മാലിറ്റിക്ക് തോളത്തുകൈവച്ചിരുന്നു... ബൈക്ക് ബ്രിജ്‌വിഹാരത്തിലേക്ക് കുതിക്കുകയാണ്....

ചെളിവെള്ളം ഒഴുകുന്ന യമുനാനദി ക്രോസ് ചെയ്തപ്പോള്‍ എന്നിലെ കവി ഉണര്‍ന്നു...

ബ്രിജ്ജ്‌വിഹാരം വിളിക്കുന്നു....
വിരഹിക്കാനിനി നേരമില്ലാ
പോയ്മറയുന്ന പഴയവര്‍ഷത്തില്
‍നിന്‍ഓര്‍മ്മകള്‍കൂട്ടിപ്പൊതിയുന്നുഞാന്‍
...............................

മഹാകവി മുന്നിലിരുന്നിട്ടാണോന്നറിയില്ലാ പതിവുപോലുള്ള ഒഴുക്കുകിട്ടാത്തതിനാല്‍ കവിത നിര്‍ത്തി....


ബ്രിജ്‌വിഹാര്‍ ഇതാ കണ്മുമ്പില്‍ ....

മദ്യഷാപ്പിന്റെ പിന്നിലെ ചായ്പ്പില്‍ ഡിസംബറിന്റെ തണുപ്പിനെ വകവയ്ക്കാതെ ഞങ്ങള്‍ തണുത്തബിയറില്‍ ആരംഭിച്ചു...

കിംഗ്ഫിഷര്‍ കിട്ടിയില്ലാ....

പകരം കല്യാണി വന്നു...

' കല്യാണീ തഗണം മൂന്ന് ഗുരു രണ്ടോട് ചേരുകില്‍..' എന്നാണത്രെ ശാസ്ത്രം പറയുന്നത് ..
അതുതെറ്റിക്കുന്നത് ശരിയല്ലാത്തതിനാല്‍ തഗണം തിഗുണം രണ്ടാമത്തെകുപ്പിയും ഫിനിഷ്ചെയ്തു....

'അളിയാ....മോളിക്കുട്ടി ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നുണ്ടോ?...' മനുചോദിച്ചു...

'ചെറുതായിട്ട്...'

'എന്നാല്‍ അളിയന്‍ ഇവിടിരുന്നു ഒരു വിരഹ ഗാനം പാടിക്കോ...ഞാന്‍ ടപ്പേന്ന് വന്നേക്കാം....പിന്നെ വ്യോളിയം കൂടരുതെട്ടോ ഇത് ഡല്‍ഹിയല്ലാ...സ്റ്റേറ്റ് മാറിയാണ്...'

മൂത്രമൊഴിക്കാനാണോ എന്തോ മനു പെട്ടന്നി‌റങ്ങി ഓടുന്നകണ്ടു...


തിരിച്ചുവന്നപ്പോള്‍ മനുവിനെ എനിക്ക് നാലായ് തോന്നി.. രണ്ടുബിയറിനു ഇത്രയും കിക്കുണ്ടായാല്‍ ബിയറുണ്ടാക്കിയ കമ്പനിക്കാരനുനഷ്ടം എനിക്ക് ലാഭം.... ഞാന്‍ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി... വെറുതെ തോന്നിയതാ...മനു അവന്റെ മൂന്നുകൂട്ടുകാരെയും കൂട്ടി തിരിച്ചുവന്നതാണ്.

'ഒരു ചെകുത്താന്‍ പോയ് അവനിലും ശക്തരായ ഒന്നിലതികം ചെകുത്താന്മാരുമായ് മടങ്ങിവരും...' എന്ന ബൈബിള്‍ വാക്യം എനിക്കോര്‍മ്മവന്നു. ബാറിലിരുന്ന് ബൈബിള്‍ പറയാന്‍ കൊള്ളാത്തതിനാല്‍ മിണ്ടിയില്ല.

പ്രസന്നന്‍, കണ്ണന്‍, ഗുരുജി.... ത്രയം


ഇവമ്മാരെ കണ്ടതെ ബാറുകാരന്‍ ഗോഡൗണിലിരിക്കണകുപ്പിമുഴുവന്‍ എടുത്തിട്ടുവരാന്‍ ആളെവിട്ടുകഴിഞ്ഞു...

' അളിയമ്മാരെ... സുന്ദനു ഒരു പ്രണയ നൈരാശ്യം നമുക്കതൊന്നു മാറ്റിക്കൊടുക്കണ്ടെ...' മനു

'ഒന്നെയൊള്ളോ.... പുവര്‍ ബായ്....മിനിമം ഒന്‍പത് പ്രണയനൈരാശ്യമെങ്കിലും കാണും ഈ കണ്ണന്റെ കൈവശം.... പ്രസന്നനാണെങ്കില്‍ ഇപ്പോള്‍ എണ്ണമൊന്നും നിശ്ചയമേയില്ലാ....' ഗുരുജി...

'പ്രസന്നനു പണ്ടും എണ്ണം നിശ്ചയമില്ലാ...' കണ്ണന്‍

കൂട്ടുകാരിലേറ്റംതലയെടുപ്പ് ഗുരുജിക്കാണ്... മനുവിന്റെ അകന്ന ബന്ധുവും ബ്രിജ്‌വിഹാരത്തിലെ സഹലകലാവല്ലവനുമായ രാധാകൃഷ്ണന്‍നായര്‍, നാട്ടുകാരുടെ പ്രിയങ്കരനായ ഗുരുജി.....


ഞാന്‍ ബ്രിജ്‌വിഹാരത്തില്‍ ആദ്യംമായ് ചെന്നകാലത്ത് ഗുരുജി ഏതോ ഒരു സ്കൂളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു... സോമപാനത്തിന്റെ കൂടുതലുകൊണ്ട് ക്ലാസിക്കല്‍ഡാന്‍സ് സിനിമാറ്റിക് ഡാന്‍സായ് മാറിപ്പോയതിനാല്‍ ജോലി നഷ്ടമായഹതഭാഗ്യന്‍.

എന്നാല്‍ പ്രതിഭയുള്ളവനെ പിടിച്ചുകെട്ടാനാര്‍ക്കുകഴിയും ...ഒരാഴ്ചക്കുള്ളില്‍ തൊട്ടടുത്ത സ്കൂളില്‍ ഡ്രില്‍ മാസ്റ്ററായിട്ടാണ് ഗുരുജി പ്രത്യക്ഷപ്പെടുന്നത്.. പിറ്റെമാസം വേറൊരുസ്കൂളിലെ കളരിപ്പയറ്റ്മാഷ്, പിന്നെ കരാട്ടെ മാഷ്, .....


'മാഷ്ക്ക് ഇപ്പോള്‍ എന്താണ് പൊസിഷന്‍?...' ഞാന്‍ ഗുരുജിയോട് ചോദിച്ചു

'ഞാനിപ്പോള്‍ യോഗാസനം... '

'അതല്ലാ ...ഞാന്‍ ചോദിച്ചത് എന്തുജോലിയാണ്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ്...'


'അതുതന്നെയാ പറഞ്ഞത്...ഞാന്‍ ഇപ്പോള്‍ ഗംഗാറാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യോഗാദ്ധ്യാപകനാണ്..... '

ചാരായ ഷാപ്പിലെ ഓള്‍ഡ് സ്റ്റോക്കും കീശയും കാലിയായപ്പോല്‍ പഴയവര്ഷം ബ്രിജ്‌വിഹാറിനെ അനുഗ്രഹിച്ചിട്ട് കടന്നുപോയി....


പുതിയ വര്‍ഷം പിറന്നപ്പോള്‍ ഞങ്ങള്‍ അതിനെ വരവേല്‍ക്കാനായ് കുറച്ചുനേരം പാര്‍ക്കിലൂടെ നടന്നു....


പിന്നെ പുതിയവര്‍ഷത്തില്‍ അല്പംകൂടി ഡീസന്റായിരിക്കണം എന്ന ആഗ്രഹത്തോടെ വിദേശമദ്യം മാത്രം കിട്ടുന്ന ബാറിലെയ്ക്ക് നടന്നു.

അവിടെനിന്നും എന്തൊക്കെയൊ കഴിച്ചു... കൈകഴുകാനായ് കൊടുത്ത ചൂടുവെള്ളത്തില്‍ ഗുരുജി നാരങ്ങയും സോപ്പും ചേര്‍ത്തു... പിന്നെ അറിഞ്ഞോ അറിയാതെയോ അതും കുടിച്ചു. ഞങ്ങള്‍ ആദരവോടെ അദ്ധേഹത്തെ നമിച്ചു...


വീണ്ടും പാര്‍ക്കില്‍...

മനുവും പ്രസന്നനും കണ്ണനും പാര്‍ക്കിലൂടെ സീനറികണ്ടു നടന്നപ്പോള്‍.... നടന്നാല്‍ വീണുപോകുന്നു എന്നതിനാല്‍ ഗുരുജി ഒരു ബഞ്ചില്‍ ഇരുന്നു...യോഗാഭ്യാസത്തില്‍ താല്പര്യമുള്ളതിനാല്‍ ഞാന്‍ ഗുരുജിയോടൊപ്പം കൂടി .

യോഗാഭ്യാസത്തിന്റെ ഹീലിംഗ്പവ്വറിനെപ്പറ്റി ഗുരുജി സംസാരിച്ചുതുടങ്ങി...
ആസനങ്ങള്‍ എല്ലാംതെന്നെ ദു:ഖങ്ങളെ അകറ്റാന്‍ പര്യാപ്തമാണെന്നും ... ഉള്ളിലുള്ള എല്ലാവിഷമങ്ങളെയും പുറത്തുകളയാന്‍ ശീര്ഷാസനം അത്യുത്തമമാണെന്നും ഗുരുജി പറഞ്ഞു....


ചെറുപ്പത്തില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് വൈകുന്നേരങ്ങളില്‍ കുട്ടുകാരൊത്ത് ചിലകസര്‍ത്തുകള്‍ കാട്ടിനടന്നകാലം എനിക്കോര്‍മ്മവന്നു. തലനിലത്തുകുത്തി കാലുമേലോട്ടുയര്‍ത്തി നില്‍ക്കാന്‍ പരിശീലിച്ചിരുന്നല്ലോ.. അതുതന്നെയാണോ ഇങ്ങേരുപറയുന്ന ഈ ശീര്‍ഷാസനം.


ഉള്ളിലെ ദുഖം ഈ ആസനത്തിലൂടെ പുറത്തുപോകുമെങ്കില്‍ അതൊരു നല്ലകാര്യമാണല്ലോ എന്നോര്‍ത്ത് ഞാനൊരല്പനേരം പാര്‍ക്കില്‍ ഉച്ചിയുംകുത്തിനിന്നു......

രണ്ടുമിനിറ്റു കഴിഞ്ഞില്ലാ.... ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു... ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി... ഉള്ളില്‍നിന്നും പുറത്തുപോയ ദു:ഖം ദുരന്തമായിത്തീരുന്നതിനുമുമ്പെ ഞങ്ങള്‍ സ്ഥലം കാലിയാക്കി....


മനുവിന്റെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ നേരം വെളുപ്പിനുമൂന്നുമണി...

പിറ്റേന്ന് എപ്പോഴാണുണര്‍ന്നതെന്നെനിക്കറിയില്ലാ...

ഉണര്‍ന്നപ്പോല്‍ ബ്രിജ്‌വിഹാരത്തിലെ മലയാളികളില്‍ പലരും മനുവിന്റെ വീട്ടിലുണ്ട്... വീണ്ടും പുതിയ ആളുകള്‍പലരും വരുന്നു... പോകുന്നു...അടക്കം പറയുന്നു..

'നല്ല ഉറക്കമാണെന്നാ തോന്നുന്നെ...ശ്ശ്ശ്ശ് പതുക്കെ ശബ്ദമുണ്ടാക്കാതെവാ...'

'അങ്ങോട്ടിത്തിരി മാറെടോ ഞങ്ങള്‍ക്കും കാണണ്ടെ...'

'ഇങ്ങേരാ ഇന്നലെ പാര്‍ക്കില്‍ ഉച്ചിയും കുത്തിനിന്നു വാളുവെച്ചത്....'

'ഓഹോ... ആദ്യമായിട്ട ഇങ്ങനെ ഒരു സംഭവം കേള്‍ക്കണത്..'


ബ്രിജ് വിഹാരത്തിലെ മലയാളി പ്രജകള്‍ ഒരു എന്നെക്കാണാനാണ് തള്ളിത്തള്ളിവരുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചാടിയെഴുന്നേറ്റു...

ബഷീറിക്കാന്റെ റബര്മൂക്കന്‍ അമ്മയോട് പറഞ്ഞതുപോലെ ഞാനും പറഞ്ഞുപോയ്...
'ഈ മൂശാട്ടകളെ ആട്ടിപുറത്ത്ചാടിച്ചിട്ട് വാതിലടച്ചെ....'

........

പിറ്റേന്ന് ബ്രിജ്‌വിഹാരത്തില്‍നിന്നും തിരിച്ചുപോകാനിറങ്ങുമ്പോള്‍ മനുചോദിച്ചു....


'അളിയാ...ഇപ്പോള്‍ എന്തെങ്കിലും പ്രയാസം മനസ്സില്‍...ഇനിയും മോളിക്കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ബാക്കി നില്‍ക്കുന്നുണ്ടോ?...'

'ഹേയ്... തീരെയില്ലാ, മോളിക്കുട്ടിയെ ഓര്‍ത്തിനി ജോസുകുട്ടി പ്രയാസപ്പെട്ടോളും .. പക്ഷെഎനിക്ക് വേറൊരു

പ്രയാസമുണ്ട്....'

അതെന്താ?...


ബ്രിജ്‌വിഹാരത്തില്‍ നിന്നും തിരിച്ചുപോകാനുള്ള പ്രയാസം...
നിന്നെവിട്ട് പിരിയാനുള്ള പ്രയാസം...

27 comments:

(സുന്ദരന്‍) said...

ബ്രിജ്‌വിഹാരത്തിലെ പുതുവത്സരം ഞാനൊരിക്കലും മറക്കില്ലാ....
ബ്രിജ്‌വിഹാരത്തിലെ പ്രജകള്‍ എന്നേയും...
ശരിയല്ലെ മനു....

വാല്‍മീകി said...

പ്രശ്നമായോ സുന്ദരാ? മനു കുടിപ്പിച്ചു കിടത്തിയോ?
പണ്ടൊരു ന്യൂ ഇയറിന് അടിച്ച് പൂക്കുറ്റി ആയി ടേബിള്‍ ടെന്നീസ് ടേബിളിന്റെ മുകളില്‍ കിടന്ന് ഉറങ്ങിയ കാര്യം ഓര്‍ത്തുപോയി.
നന്നായി സുന്ദരാ...

SAJAN | സാജന്‍ said...

സുന്ദരോ സുന്ദരന്‍ സുന്നരനല്ലല്ലൊ , സുന്ദരനാണല്ലോ?
അപ്പൊ നമ്മുടെ മനൂ ആളത്ര ശരിയല്ല അല്ലേ?
സാരമില്ല,
എഴുത്തില്‍ മനുവിനൊരു ഗോമ്പറ്റീഷനാ‍ണല്ലൊ സുന്ദരാ:)
കഥ മൊത്തത്തില്‍ ട്രാജെഡിയാണെങ്കിലും ചിരിപ്പിച്ചു മണ്‍നുകപ്പിച്ചു ദേ ഇതുപോലെ

സുന്ദരനും കുടുംബത്തിനും ന്യൂ ഇയര്‍ ആശംസ കള്‍സ്:))

അനൂപ്‌ തിരുവല്ല said...

നന്നായിട്ടുണ്ട്.

ശ്രീ said...

കലക്കി... അടിപൊളി.
:)

“മുഖത്ത് അതിശക്തമായ് വെള്ളം വന്നുപതിച്ചപ്പോഴാണ് വളരെ അപൂര്‍വ്വമായ് മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചുവന്നത്.... വെള്ളം കുടയുന്നത് പ്രിയപ്പെട്ടകൂട്ടുകാരന്‍ മനു ആയിരിക്കണം..... ഇത്രശക്തിയില്‍ വെള്ളമടിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക...”

മനുവേട്ടനും തകര്‍‌ത്തൂ...

രണ്ടു ആത്മസ്നേഹിതര്‍‌ക്കും പുതുവത്സരാശംസകള്‍‌!
:)

simy said...

കൂട്ടുകാരാ,

എറ്റവും പുതിയ മലയാളം ബ്ലൊഗ്‌ പോസ്റ്റുകള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിലേക്കായി ഒരു ചെറിയ ഗാഡ്ജെറ്റ്‌ ഞാന്‍ ഗൂഗിളില്‍ ഹോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. താഴേകാണുന്ന ലിങ്കില്‍ നിന്നും നിങ്ങല്‍ക്കു നിങ്ങളുടെ ബ്ലോഗിലോ , വെബ്സൈറ്റിലൊ ഇതു ഉപയോഗിക്കാവുന്നതാണു

http://gmodules.com/ig/creator?synd=open&hl=en&url=http://hosting.gmodules.com/ig/gadgets/file/102198116407053772391/SIMY-RSS-MALAYALAM-BLOG.xml

മുന്‌കൂരായി നന്ദി
- സിമി
http://latestmalayalamposts.blogspot.com/

കുറുമാന്‍ said...

സുന്ദരാ വിവരണം കലക്കി........

സുന്ദരനും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശാംസകള്‍ നേരുന്നു.

ഇന്നേതാസനമാ.......ശീര്‍ഷനോ അതോ ശവാസനമോ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി..

നിരാശാകാമുകന്മാര്‍ക്കൊരു ബ്രിജ് വിരഹ ഗീതം...

“പത്തനംതിട്ടകളക്ടറാപ്പീസിന്റവിടന്ന് കോട്ടയംനാഗമ്പടംമൈതാനംവരെ ചങ്ങലപിടിക്കാനും‌മാത്രം കാമുകിമാരുള്ള”

മൊത്തം മനുവേട്ടനിട്ട് താങ്ങാണല്ലോ...

G.manu said...

എടാ സുന്ദരാ.........

ഠപ്പോ.. (ഇതു നിനക്കല്ല, നിനക്കാ പേരിട്ടവനു - പുതിയ ഫോട്ടോ കണ്ടപ്പോ തോന്നിയത)

മോളിക്കുട്ടി....

കര്‍ത്താവേ... ഓര്‍മ്മകളുടെ ബാക്ക്‌പൈപ്പര്‍ ബോട്ടിലില്‍ എവിടെയോ മുങ്ങിപ്പോയ ഒരു പെണ്‍മുഖം.

കാലത്ത്‌ തലയെവിടെ മൂടെവിടെ എന്ന് അറിയാത്തവിധം കിടന്നുറങ്ങിയ നിന്നെ വിളിച്ചുണര്‍ത്തി ബെഡ്ചായ തന്ന ഈറന്‍ തോര്‍ത്തുമുടിക്കെട്ടുകാരി..

ഒരുചൂലും, മണലു നിറഞ്ഞ മുറ്റവും ഇവിടെ ഉണ്ടാരുന്നെങ്കില്‍ കോവിലകം ഇപ്പോള്‍ ഫീല്‍ ചെയ്തേനേമെടാ എന്ന് എന്നെക്കൊണ്ട്‌ പറയിച്ച ചുവപ്പു ചുരിദാരുകാരി..

മൈ ഗോഡ്‌ .. ഓര്‍മ്മകള്‍ക്കെന്തു കുന്തിരിക്ക ഗന്ധം

നീെയും ഞാനും ജനുവരി മഞ്ഞും, തലകീഴായി കമട്ടിയ നിണ്റ്റെ രൂപവും..മോനേ ദിനേശാ ചിരിച്ചു ചിരിച്ചു വശം കെട്ടു...

സുല്‍ |Sul said...

സുന്ദരാ... കിടിലന്‍.... ഞെരിപ്പന്‍ പിന്നെ സുന്ദരനും. അടിപൊളി എഴുത്ത്.

“അവനതുപറയാം... പത്തനംതിട്ടകളക്ടറാപ്പീസിന്റവിടന്ന് കോട്ടയംനാഗമ്പടംമൈതാനംവരെ ചങ്ങലപിടിക്കാനും‌മാത്രം കാമുകിമാരുള്ള അവന് ഒന്നല്ല പത്തെണ്ണം ഒരുമിച്ചുകെട്ടിപ്പോയാലും നോപ്രോബ്ലം.“ മനുവിന്റെ കഥകളുടെ മൊത്തം അടിവേരാണല്ലോ ഈ വാക്യം.

-സുല്‍

പേര്.. പേരക്ക!! said...

പുതുവത്സരാശംസകള്‍!

ചന്ദ്രകാന്തം said...

സുന്ദരമായ എഴുത്ത്‌.
ചിരിച്ച്‌ ചിരിച്ച്‌ ഒരു വഴിയ്ക്കായി. പാര്‍ക്കിലെ ശീര്‍ഷാസനത്തിന്റെ "ഭീകര ദൃശ്യം" ശരിയ്ക്കും കണ്മുന്നില്‍ കൊണ്ടുവച്ചപോലെ.
സൗഹൃദത്തിന്റെ നന്മ സൂക്ഷിയ്ക്കുന്ന മനസ്സുകളില്‍, നല്ല ദിവസങ്ങള്‍ മാത്രം കടന്നു വരാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

പുതുവല്‍സരാശംസകള്‍...

ആഗ്നേയ said...

Sarikkum chirichchupOyi
happy newyear

ആഗ്നേയ said...

ഒരു കാര്യം കൂടെ. ഒറിജിനല്‍ മനുവിനേക്കാളും,സുന്ദരനേക്കാളും ഇഷ്ട്ടപ്പെട്ടത് മനു പരിചയപ്പെടുത്തിയ സുന്ദരനേയും,സുന്ദരന്‍ പരിചയപ്പെടുത്തിയ മന്നുവിനേയും,,:-)
രണ്ടാള്‍ക്കും എന്തൊരു വിനയം!!എന്തൊരെളിമ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി മാഷേ.

സുന്ദരനും സുന്ദരനെ പരിചയപ്പെടുത്തിയ മനുജിക്കും അഭിനന്ദനങ്ങള്‍

പുതുവത്സ്സരാശംസകള്‍

ഏറനാടന്‍ said...

സുന്ദരാ... കലക്കന്‍ വിവരണം ഇഷ്‌ടപ്പെട്ടു. പുതുവര്‍ഷം ഇനിയുമിനിയും ബെസ്റ്റ്‌ പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സുന്ദരോ....ഇപ്പോഴാ കണ്ടേ....കലക്കീട്രോ...:)

ഇസാദ്‌ said...

സുന്ദരാ.. നല്ല വിവരണം.ചിരിച്ച് ചിരിച്ച് മനുഷ്യന്റെ അടപ്പെളകി. അപാര കഴിവു തന്നെ. ഇതൊക്കെ എങ്ങനെ സാധിക്കുന്നിഷ്ട്ടാ ??
ചില ഭാഗമൊക്കെ വായിച്ചപ്പോ കണ്ട്രോള് പോയി ചിരിച്ചു. ഹൊ.

മനുവിനോട് കിടപിടിക്കത്തക്ക നര്‍മ്മബോധം.
സുന്ദരന്‍ എഴുത്ത് !!

Shaf said...

സുന്ദരാ... കലക്കന്‍ വിവരണം ഇഷ്‌ടപ്പെട്ടു. പുതുവര്‍ഷം ഇനിയുമിനിയും ബെസ്റ്റ്‌ പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

Babu Kalyanam | ബാബു കല്യാണം said...

മുഖത്ത് കൂടിയഅളവില്‍ നിരാശതളംകെട്ടിനിര്‍ത്താന്‍ കരുത്തുള്ള രോമങ്ങളില്ലാത്തതില്‍ എനിക്ക് കടുത്ത നിരാശതോന്നി.!!!!!

നവരുചിയന്‍ said...

ഞാന്‍ വരാന്‍ ഒരുപാടു ലേറ്റ് ആയി പോയി ....... എന്തായാലും കൊള്ളാം മാഷെ ..ഞാന്‍ നല്ല പോലെ ചിരിച്ചു .........

Eccentric said...

chetta, supper susuuuupppppeeeeeeeerrrrrrr

പിരിക്കുട്ടി said...

kollam kenkhemam...........
sundharettaaaaaaa

പിരിക്കുട്ടി said...

kollam kenkhemam...........
sundharettaaaaaaa

സുന്ദരി said...

ചേട്ടാ, സത്യം പറ. ചേട്ടന്‍ വേണ്ടാത്തതെന്തോ ആ ചേച്ചിയോടു ചെയ്തിട്ടല്ലേ ചേച്ചി ചേട്ടനെ കല്യാണം കഴിക്കാത്തത്. അതു പറയാന്‍ മടി അല്ലേ? മനസ്സിലായി.

lakshmy said...

സുന്ദരാ, മനോഹരാ..ആ പാവം പെങ്കൊച്ച് സ്വന്തം ആങ്ങളയെ പോലെയല്ലേ കരുതിയെ. എന്തിനാ ചുമ്മാ ഓരോന്നു മനസ്സിൽ മെനഞ്ഞുണ്ടാക്കിയത്?

കൊള്ളാട്ടോ എഴുത്ത്. മനുവിട്ട പാലത്തിൽ കൂടിയാണിവിടെ എത്തിയത്. ഈ മനോഹരവിഹാരത്തിലേക്ക്. വന്നത് നന്നായി എന്നു തോന്നി. അപ്പൊ...പിന്നെ കാണാം

Satheesh Haripad said...

കണ്ണ് നന്നായ് കുഴിഞ്ഞിട്ടുണ്ട്...കൊള്ളാം. പക്ഷെ മുഖത്ത് രോമവളര്‍ച്ച അത്രയങ്ങട് പോരാ, പാരമ്പര്യം....

ഇതു വായിച്ചപ്പോള്‍ നാടോടിക്കാറ്റിലെ ഒരു രംഗമോര്‍ത്ത് ചിരിച്ചുപോയി:

"ഒരാള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ഇത്ര താടി വരുമോ?"
" അതെന്താന്നറിയില്ല! ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും പാരമ്പര്യമായിട്ടുള്ള ഒരു പ്രത്യേകതയാണീ താടി വളര്‍ച്ച."

നന്നായിട്ടുണ്ട് മാഷേ..!