Tuesday, 4 December, 2007

ചിമ്മാരുമറിയം - 26

ചുരുളഴിയുന്ന രഹസ്യം.... (ചിമ്മാരുമറിയം - 26)

നാട്ടുകവല 1988 ഒരു സായാഹ്നം.

മന്നാത്തച്ചന്‍ വടിയും കുത്തിപ്പിടിച്ച് വളരെ കഷ്ടപ്പെട്ട് കുന്നിറങ്ങിവരുന്നു.. താഴ്വരയിലെ ചിമ്മാരുമറിയം ലൈബ്രറി കം റിക്രിയേഷന്‍ ക്ലബിലോട്ട് ചീട്ട്‌കളിക്കാനുള്ള യാത്രയിലാണ്.

'കിളവനു വീട്ടില്‍ കുത്തിയിരുന്നാല്പോരെ...വയസാങ്കാലത്ത് വഴിയിലെങ്ങാനും വീണുകിടന്ന് മനുഷ്യരെക്കൊണ്ട് മക്കളെ ചീത്തവിളിപ്പിക്കാന്‍...'
മന്നാത്തച്ചന്റെ പതിവു സായാഹ്ന സവാരിയെ മരുമകള്‍ തുറിച്ചുനോക്കി അമര്‍ഷത്തോടെ ഇങ്ങനെ പ്രതികരിക്കുമ്പോള്‍....

'വൈകുന്നേരങ്ങളില്‍ അപ്പന്‍ മലകയറിയിറങ്ങുന്നത് ഒരു നല്ല എക്സര്‍സൈസല്ലെ... രക്തയോട്ടംകൂടി ശരീരത്തിനു ബലംകിട്ടും..പിന്നെ റമ്മികളിയില്‍നിന്നും മാനസീകോല്ലാസവും...'
പട്ടാളക്കാരനായ മകന്റെ അഭിപ്രായം ഇങ്ങനെയാണ്.
കഴിഞ്ഞപ്രാവശ്യം അവധിക്കുവന്നപ്പോള്‍ ക്ലബിലെക്ക് നാലുകസേരയും പിന്നെ വിന്നറിന്റെ ആറുകുത്ത് കാര്‍ഡ്സും സംഭാവനചെയ്യുകയും ചെയ്തിട്ടാണ് ജയ് ജവാന്‍ അതിര്‍ത്തിയിലേക്ക് മടങ്ങിയത്.

മക്കള്‍ സിന്ദാബാദ്...മരുമക്കള്‍ മൂര്‍ദ്ധാബാദ് എന്ന് വയസാങ്കാലത്ത് കാര്‍ന്നോരെക്കൊണ്ട് കഷ്ടപ്പെട്ടു വിളിപ്പിക്കേണ്ട വല്ലകാര്യമുണ്ടാരുന്നോ....

താഴ്വരയിലേക്കുള്ള യാത്രാമദ്ധ്യേ പഴയതടിപ്പാലം... പാലത്തിനടിയിലൂടെ കുണുങ്ങിയൊഴുകുന്നു അമ്മായിത്തോട്..മുതിരപ്പുഴയാറിന് നാട്ടുകവലയുടെവക ഒരുചെറിയസപ്പോര്‍ട്ട്. അതങ്ങനെ സദാസമയവും പതഞ്ഞൊഴുകുകയാണ്....

മന്നാത്തച്ചന്‍ പതിവുപോലെ പാലത്തിന്റെ കൈവരിയില്‍ ചാരിനിന്നു....ക്രമംതെറ്റിയ ശ്വാസതാളം ചിട്ടപ്പെടുത്താനുള്ള പുറപ്പാടില്‍ ആഞ്ഞാഞ്ഞ് വലിച്ചു.

'ആരെങ്കിലുമൊക്കെ എവിടേങ്കിലും കുളിക്വോ നനയ്ക്വോ ചെയ്യണൊണ്ടാവും... അല്ലാണ്ടിത്ര പതയാന്‍ കാര്യമില്ലാ...' എന്ന റീസണബിളായ ഒരു കമന്റ് അമ്മായിത്തോടിനെ നോക്കി പാസാക്കുകയും ചെയ്തു.

മന്നാത്തച്ചന്‍ ആള്പഴഞ്ചനാണെങ്കിലും നാട്ടുകവലയ്ക്ക് പുതുസാണ്....ചിമ്മാരുമറിയത്തിന്റെ കാലശേഷം വന്നുപെട്ടവരില്‍ ഒരാള്‍. ഇയാള്‍ വരുന്നതിനുമുമ്പും ഈ തോടിങ്ങനെ പതഞ്ഞൊഴുകിയിരുന്നു...നാട്ടുകവലയിലെ അന്തേവാസികള്‍ സോപ്പുപയോഗിക്കാതെകുളിച്ചിരുന്നകാലത്തും...പിന്നീട് തീരെ പതയില്ലാത്ത അലക്കുസോപ്പ് തേച്ചുകുളിച്ചിരുന്നകാലത്തും...

അക്കാലത്ത് തോടിനു പ്രത്യേകമായ ഒരു പേരില്ലായിരുന്നു എന്ന ഒരു കുറവുമാത്രമെ ഉണ്ടായിരുന്നൊള്ളു...

പേരുവന്നത് അടുത്തകാലത്ത് ...കാരണഭൂതയായത് കാരയ്ക്കല്‍ അമ്മായി എന്ന് എല്ലാവരാലും വിളിക്കപ്പെട്ടിരുന്ന കാരയ്ക്കലെ കമലാക്ഷി.... തോടിനു പേരുവീഴാനുള്ള വീഴ്ചക്കിടയില്‍ കമലാക്ഷിചേച്ചിക്ക് നഷ്ടമായത് ഒരു മുഴുത്തതേങ്ങാമുറിയും സ്വന്തം ജീവനും...

പെര്‍മിഷ്ന്‍ ചോദിക്കാതെ തന്റെ അടുക്കളിയില്‍ കയറി, ചിരവകാണാത്ത ഒന്നാന്തരം ഒരു തേങ്ങാമുറിയും കടിച്ചെടുത്തോണ്ട് ഓടിയ പത്മനാഭനാശാരീടെ പെറ്റ് ടിപ്പൂ... ടിപ്പൂന്റെപിറകെ 'നീയോ ഞാനോ' ന്നും ചോദിച്ചോണ്ട് ഓടിയ കാരയ്ക്കല്‍ അമ്മായി ഈ തോടുചാടുന്നതിനിടയിലാണ് കാലുവഴുതി കല്ലില്‍ തലയടിച്ചുവീണത്. അമ്മായീടെ ദേഹീ ദേഹത്തില്‍നിന്നും മേലോട്ട് ഒരുമിന്നല്‍‌പിണര്‍ക്കണക്കെ പാഞ്ഞപ്പോള്‍ ടിപ്പൂ കപ്പത്തോട്ടം‌വഴി അവന്റെ ജീവനുംകൊണ്ട് ഒരു മിന്നല്പിണര്‍പോലെ പായുകയായിരുന്നു...-

ഏതായാലും പരേതയോടുള്ള ആദരസൂചകമായ് നാട്ടുകവലനിവാസികള്‍ പേരും‌പെരുമയുമൊന്നും ഇല്ലാതെ വര്‍ഷങ്ങളോളം ഒഴുകിയ തോടിനു അമ്മായിത്തോടെന്ന പേരുചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.... ദൈവാനുഗ്രഹത്താല്‍ ആപേര് ഇന്നും അങ്ങിനെതന്നെ നിലനില്‍ക്കുന്നു... അമ്മായിചാടിയതിലും ഗംഭീരമായ ഒരു ചാട്ടം ഇനി ആരെങ്കിലും ചാടുന്നവരെ അതങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും.

അമ്മായിത്തോടിന്റെ കരയിലിരുന്ന് മന്നാത്തച്ചന്‍ ആയാസപ്പെട്ട് ശ്വാസം‌വലിക്കുന്നതിനിടയിലാണ് പട്ടാളമപ്പൂപ്പനും ഞാനും എന്റെ കൂട്ടുകാരന്‍ കല്ലൂട്ടിചാക്കോച്ചിയും കുന്നിറങ്ങിവരുന്നത്...
ശനിയാഴ്ച ആയതിനാല്‍ ലൈബ്രറിയില്‍നിന്നും എന്തെങ്കിലും പുസ്തകം എടുത്ത്കൊണ്ടുവരാം എന്നുള്ള ലക്ഷ്യമാണ് എനിക്കും ചാക്കോച്ചിക്കും.

ലൈബ്രറി തുടങ്ങിയ അന്നുതൊട്ട് അമ്മഞ്ചേരി ജോസേട്ടനാണ് നടത്തിപ്പുകാരന്‍. കോട്ടയം പുഷ്പനാഥിനും ഏറ്റുമാനൂര്‍ ശിവകുമാറിനും അപ്പുറത്ത് മറ്റൊരു സാഹിത്യകാരനില്ലാ എന്നശക്തമായ വിശ്വാസം കാലങ്ങളായ് വച്ചുപുലര്‍ത്തുന്ന ജോസേട്ടന്റെ ഭരണകാലത്ത് എവിടെത്തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം മാന്ത്രീക നോവലുകളല്ലാതെ മറ്റൊന്നും തടഞ്ഞിരുന്നില്ലാ.

നാട്ടുകവലയിലെ കുട്ടികള്‍ക്ക് അക്കാലങ്ങളില്‍ രാത്രി‍കാളകളായിരുന്നു...അഥവാ കാളരാത്രികളായിരുന്നു. കറുത്ത ളോഹയിട്ട് ഇരുളിന്റെ മറവില്‍നിന്നും ഇറങ്ങിവരുന്ന വിക്ടറച്ചന്‍...കൈയ്യിലെ ആറാമത്തെ എക്സ്ടാ വിരലില്‍നിന്നും പേനാകത്തിപോലുള്ള നഖം ഒരുകാരണവുമില്ലാതെപുറത്തിറക്കി മനുഷ്യന്റെ കൊരവള്ളിക്കു കുത്തിക്കയറ്റുന്നതും സര്‍ബത്തുകുടിക്കണപോലെ ഈസിയായ് ചോരവലിച്ചുകുടിക്കണതും....

പിന്നെ ചുണ്ണാമ്പിങ്ങ് എടുത്തുതന്നിട്ട് നീയൊക്കെ മൂത്രമൊഴിച്ചാമതി... എന്നുംപറഞ്ഞ് മുറ്റത്തുനില്‍ക്കണ യക്ഷികളും... അക്കാലത്തു പേടിച്ചിട്ട് ഞങ്ങള്‍കുട്ടികളും ചുരുക്കം ചില മുതിര്‍ന്നവരും രാത്രികാലങ്ങളില്‍ വീടിനുള്ളില്‍ ബക്കറ്റുകള്‍ക്ക് ഓവര്‍ടൈം ഡ്യൂട്ടികൊടുത്തിരുന്നു....

രാത്രിചെലവഴിക്കാന്‍ അല്പം പ്രയാസമുണ്ടെങ്കിലും എന്തെങ്കിലും വായിച്ച്‌വളര്‍ന്നില്ലെങ്കില്‍ മോശമാണല്ലോ എന്ന ഒറ്റകാരണത്താലാണ് ഞങ്ങള്‍ ലൈബ്രറിയിലേക്ക് പിന്നേം പിന്നേം പോണത്.

ഞങ്ങള്‍ തടിപ്പാലത്തിങ്കല്‍ എത്തുമ്പോഴും മന്നാത്തച്ചന്‍ ട്രാക്ക്‌തെറ്റിത്തന്നെയാണ് ശ്വാസംവലിച്ച് നില്‍ക്കുന്നത്..

'അളിയോ...ഇറക്കമിറങ്ങുമ്പോള്‍ ഇതാണ്‌വലിയെങ്കില്‍ തിരിച്ചുകയറുമ്പോള്‍ എന്തായിരിക്കും...വീട്ടിലിരുന്നൂടെ.' പട്ടാളമപ്പൂപ്പന്‍ മന്നാത്തച്ചനു ഇരയിട്ടു...

'നീപോടാ.....കഴു.....' കാര്‍ന്നോര്‍ക്ക് ബാക്കി പറയാന്‍ പറ്റീലാ...
ശ്വാസതടസ്സംകൊണ്ട് ദോഷങ്ങളുള്ളതുപോലെ ചില ഗുണങ്ങളുമുണ്ടെന്ന് അന്ന് തീരുമാനമായ്.

ഞങ്ങള്‍ ക്ലബിന്റെ പരിസരത്തെത്തിയപ്പോല്‍ പതിവുകാരില്‍ പലരും നേരത്തെതന്നെ എത്തിയിട്ടുണ്ട്... ജോസേട്ടന്‍ ഇതുവരെ എത്തിയിട്ടുമില്ലാ...ക്ലബ്തുറന്നിട്ടുമില്ലാ... അങ്ങേരെവിടെയോ പ്രേതത്തെ ഒഴിപ്പിച്ചോണ്ട്‌വരാന്‍ പോയതാണെന്ന് തോന്നുന്നു. ലൈബ്രറിയില്‍ കൊണ്ടുവന്ന് കുടിയിരുത്താന്‍.

'വാ അളിയാ...ഒരുകാലിച്ചായകുടിച്ചിട്ടുവരാം.... നിനക്കുവേണോടാ..?' പട്ടാളമപ്പൂപ്പന്‍ കുട്ടിയമ്മയുടെ ചായക്കടയെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ എനിക്കും കിട്ടി ഒരോഫര്‍...


'ഇങ്ങേര്‍ക്ക് കുട്ടിയമ്മേടെ ശീലകഴുകിയവെള്ളം രണ്ടുനേരം കുടിച്ചില്ലായെങ്കില്‍ ഉറക്കം വരില്ലാ..' ഇത് അമ്മൂമ്മയുടെ വക അപ്പൂപ്പനെക്കുറിച്ചുള്ള സ്റ്റേറ്റ്മെന്റ്.

സംഭവം നൂറുശതമാനവും ശരിയുമണ് ... അപ്പൂപ്പനു മന്നാത്തച്ചനെപ്പോലെ ചീട്ടുകളിയിലോ...ജോസേട്ടനെപ്പോലെ മന്ത്രവാദനോവലുകളിലോ... ക്ഷീണം പാപ്പനെപ്പോലെ സ്പോര്‍ട്ട്സിലോ കാര്യമായ താല്പര്യം ഒന്നുംതന്നെ ഉണ്ടായിരുന്നില്ലാ. മലയിറങ്ങുന്നതിന്റെ മുഖ്യ ലക്ഷ്യം രണ്ടുനേരവും മുടങ്ങാതെ സേവിച്ചിരുന്ന കുട്ടിയമ്മയുടെ ശീലകഴുകിയ ചായവെള്ളംതന്നെ...
(അക്കാലത്ത് ചായക്കടകളില്‍ ഒരുത്രം ശീലയില്‍ ചായപ്പൊടിയിട്ടാരുന്നു ചായ ഉണ്ടാക്കിയിരുന്നെ....മറ്റൊയാതോരുതരം ശീലയെയും കുറിച്ചല്ലാ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്....അമ്മൂമ്മ അങ്ങിനെ വിചാരിച്ചിട്ടുംകൂടിയുണ്ടാവില്ലാ...അമ്മൂമ്മയാണെ സത്യം)

രാവിലെയാണെങ്കില്‍ അപ്പൂപ്പനോടൊത്ത് ചായക്കടയില്‍ പോകാന്‍ എനിക്ക് വല്യതാല്പര്യമായിരുന്നു.... പട്ടിനാക്കിന്റെ കനത്തില്‍ കുട്ടിയമ്മ ചുട്ടെടുക്കുന്ന ഒന്നാന്തരം വെള്ളയപ്പം...ചമ്മന്തിയൊക്കെ ഒഴിച്ച് കഴിക്കാം. വൈകിട്ട് വെറും ചായമാത്രം എനിക്ക് ചായയോട് താല്പര്യം തീരെകുറവാണുതാനും.... എങ്കിലും ഞാന്‍ പോകും...കാരണം ചായക്കടകളിലെ പെര്‍ഫട്ബ്ലെന്‍ഡ് ചായ മുന്നില്‍ വരുമ്പോഴാണ് കുടിയേറ്റക്കിളവന്മാര്‍ ഇതുവരെ കേള്‍ക്കാത്ത പല ചരിത്രത്തിന്റെം കെട്ടുകളഴിക്കുന്നത്.

ചായക്കടയിലിരുന്നാല്‍ ക്ലബിന്റെ പിന്‍ഭാഗം കാണാം...

ചിമ്മാരുമറിയംമെമ്മോറിയല്‍ ക്ലബ് സ്ഥാപിതമായിട്ട് വര്‍ഷം ഒന്നാകാന്‍ പോകുന്നു. ഇതുവരെ അതിനൊരു രജിസ്ട്രേഷനുവേണ്ടകാര്യം ആരും ചെയ്തിട്ടില്ലാ.

പഞ്ചായത്ത് ഇലക്ഷ്ന്‍‌കഴിഞ്ഞതിനുശേഷം ഇടതനോ വലതനോ ക്ലബിന്റെകാര്യത്തില്‍ ഒരു താല്പര്യവുമില്ല. രണ്ടുപക്ഷവും സീറ്റുകള്‍ ഒപ്പത്തിനൊപ്പം പിടിച്ചതിനാലും കാലുകള്‍ മാറി മാറി എല്ലാ മെമ്പറുമാരുടെയും കാലുകള്‍ പണ്ടേ കുഴഞ്ഞതിനാലും ആവര്‍ഷം ഇരുപാര്‍ട്ടിയും ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാറി മാറി ഭരിക്കുകയായിരുന്നു.

എന്തൊക്കെ മേളമാരുന്നു കഴിഞ്ഞവര്‍ഷം... മറിയത്തിന്റെ പ്രതിമ സ്ഥാപിക്കും...കെട്ടിടം വെട്ടുകല്ലിനുകെട്ടിവാര്‍ക്കും. സ്വന്തമായ് മൈക്കുസെറ്റുവാങ്ങും. പ്ലെഗ്രൗണ്ടുണ്ടാക്കും....


മാളിയെക്കക്കാരുടെ വീടിനു പെയിന്റടിച്ചിട്ടു പോണവഴിക്ക് പെയിന്റ്പാട്ടേടെമൂട്ടില്‍ ടര്‍പ്പനൊഴിച്ചിളക്കി പാവം വേലന്‍ നാരായണന്‍ -'ചിമ്മാരുമറിയം ആഴ്സ് & പോഴ്സ് ക്ലബ്' - എന്ന് ക്ലബിന്റെ ഭിത്തിയില്‍ എഴുതി വച്ചസംഭവമൊഴികെ...പറയത്തക്ക പരിഷ്കാരമൊന്നും കഴിഞ്ഞ ഒരുവര്‍ഷമായിട്ട് അവിടെ നടന്നിട്ടില്ല.

'ക്ലബുള്ളതിനാല്‍ പോലീസിനെ പേടിക്കാതെ ഇരുന്നു ശീട്ട്‌കളിക്കാലോ....' ഷീണം പാപ്പന്‍ പറഞ്ഞു.

'തേ ...അപ്പറഞ്ഞത് കാര്യം...'
മന്നാത്തച്ചന്റെവക സപ്പോര്‍ട്ട്. സപ്പോര്‍ട്ട്ചെയ്തില്ലങ്കിലെ അതിശയമൊള്ളു കാരണം ഈ പ്രായത്തില്‍ പോലീസല്ലാ പട്ടാളം ഫുള്‍ബറ്റാലിന്‍ വന്നാലും ഓടാനുള്ള ശേഷി മന്നാത്തച്ചനില്ലാ...അതുതന്നെ.

ഞാനിന്നും ഓര്‍ക്കുന്നു... കളിയും കാര്യവും പറഞ്ഞിരുന്നു കവലമൂപ്പന്മാര്‍ ചായകുടിച്ചുകൊണ്ടിരുന്ന ആ വൈകുന്നേരം... അന്നാണ് പട്ടാളമപ്പൂപ്പന്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തപറഞ്ഞത്...


'ചിമ്മാരുമറിയത്തിന്റെ മൃതദേഹം ഈ ക്ലബ് പണിയണേനുമുമ്പെ ഇവിടുണ്ടായിരുന്ന ചതുപ്പില്ലെ ...അതിലാണ് അടക്കം ചെയ്തിരുന്നത്.... അടക്കംചെയ്തെന്നുപറഞ്ഞാല്‍ ശരിയാവൂല്ലാ...കൊണ്ടുവന്നു ചവിട്ടിത്താഴ്ത്തിയത്...'
......
......

'അപ്പോള്‍ ഇടവകപ്പള്ളീലെ സെമിത്തേരീലോട്ട് കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയന്നാണല്ലോ കേട്ടുകേള്‍‌വി...'

'കേട്ടുകേള്വി... നല്ല ഉറപ്പുള്ള അസ്ഥിയാ മറിയപ്പെങ്ങടെ... ഇപ്പോള്‍ മാന്തിനോക്കിയാലും അത് ജീര്‍ണ്ണിക്കാതെ ഇവിടെത്തന്നെകാണും....കാലങ്ങളോളം...'

പട്ടാളം അപ്പൂപ്പന്‍ വെറും കാലിച്ചായേടെപുറത്ത് തള്ളിയ വെറും‌വാക്കായിരുന്നില്ലാ അത്.

അതുപറഞ്ഞപ്പോള്‍ യുദ്ധഭൂമിയില്‍നിന്നും ശത്രുക്കള്‍ക്കെതിരെ 'പോയിന്റ്ത്രിനോട്ട്‌ത്രി' റൈഫിളില്‍ ഉന്നം‌പിടിക്കുന്ന പടയാളിയുടെ രൗദ്രഭാവമായിരുന്നു ആമുഖത്ത്.

വായിലേക്ക് ഒഴിച്ച ചൂടുചായ ഇറക്കാന്‍പോലും മറന്ന് ഇരുന്നുപോയ് പലരും.

ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയില്‍നിന്നും ഒരു സമൂഹത്തിനെമൊത്തം സമൃദ്ധിയുടെ പച്ചപ്പിലേക്കു കൈപിടിച്ചുനടത്തിയ ചിമ്മാരുമറിയം ഒരു ചെളിക്കുണ്ടില്‍ അന്ത്യവിശ്രമംകൊള്ളുന്നു...

അവസാനമായ് ഹൈറേഞ്ചില്‍ പെയ്ത ഒരുമാസം നീണ്ടുനിന്ന നൂല്‍മഴയെയും....
ചിമ്മാരുമറിയത്തിന്റെ അവസാന നാളുകളെയും കുറിച്ചുള്ള കഥ പട്ടാളമപ്പൂപ്പന്‍ പറഞ്ഞുതുടങ്ങി...


(അവസാനിക്കാനായ് ഒരിക്കല്‍കൂടി തുടരും...)

8 comments:

(സുന്ദരന്‍) said...

അവസാനമായ് ഹൈറേഞ്ചില്‍ പെയ്ത ഒരുമാസം നീണ്ടുനിന്ന നൂല്‍മഴയെയും....
ചിമ്മാരുമറിയത്തിന്റെ അവസാന നാളുകളെയും കുറിച്ചുള്ള കഥ പട്ടാളമപ്പൂപ്പന്‍ പറഞ്ഞുതുടങ്ങി...

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം സുന്ദരാ. ചിമ്മാരുമറിയത്തിന്റെ അവസാന നാളുകളെക്കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നു.

ആഷ | Asha said...

ചിമ്മാരുമറിയം എന്നു ഗുഗിള്‍ സേര്‍ച്ചില്‍ കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി.
സുന്ദരന്‍ വീണ്ടും എഴുതാന്‍ തുടങ്ങിയല്ലോയെന്നു വിചാരിച്ച്.

അവസാനഭാഗത്തിനായി കാത്തിരിക്കുന്നു.

ശാലിനി said...

സുന്ദരാ, പെട്ടെന്ന് തീര്‍ക്കാന്‍ വേണ്ടി വെട്ടിചുരുക്കല്ലേ, പ്ലീസ്. ചരിത്രം എഴുതുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് അറിയാം. സുന്ദരന്റെ സ്റ്റൈലില്‍ എഴുതിയതുകൊണ്ടാണ് വായിച്ചവരുടെ മനസില്‍ ഇത്രയും നന്നായി ഇത് പതിഞ്ഞത്. തമാശ ഒഴിവാക്കിയത് നന്നായി.(തമാശയ്ക്ക് വേറൊരു ബ്ലോഗ് തുടങ്ങൂ, താങ്കള്‍ക്ക് തമാശയും നന്നായി വഴങ്ങും).

ചിമ്മാരുമറിയത്തിനെ ചവിട്ടി താഴ്ത്തി എന്നു വായിച്ചപ്പോള്‍ കുടിച്ചുകൊണ്ടിരുന്ന കാപ്പി ഇറക്കാന്‍ മറന്നു ഞാനും.

ഇത് പുസ്തകമാക്കുമല്ലോ അല്ലേ.

പ്ലീസ്, വെട്ടിചുരുക്കി തീര്‍ക്കല്ലേ.ഈ ബ്ലോഗ് വായിക്കുന്നവരാരും ഒരു നേരമ്പോക്കിനുവേണ്ടിയല്ല ഇത് വായിക്കുന്നെന്നാണ് എനിക്ക് തോന്നുന്നത്. സോ, അല്പം നീണ്ടാലും ഞങ്ങള്‍ വായിക്കാന്‍ തയാറാണ്.

SAJAN | സാജന്‍ said...

സുന്ദരാ:)
ശാലിനി എഴുതിയതേ എനിക്കും പറയാനുള്ളൂ
എന്തുപറ്റി?
പെട്ടെന്ന് തീര്‍ക്കാന്‍ പ്ലാന്‍ ഉള്ളത്പോലെ തോന്നുന്നു ഈ ഭാഗം വായിച്ചപ്പോള്‍,
പ്ലീസ് അതു വേണ്ടാ കേട്ടോ
കുറേ നാളായല്ലൊ കണ്ടിട്ട് നാട്ടില്‍ പോയിരുന്നു അല്ലേ?

Jishad said...

ayyo ithu petennu theerkkalle
please

G.manu said...

'തേ ...അപ്പറഞ്ഞത് കാര്യം...'

alla.. karya alla....ithentha pettennu nirthunne sundara....

Jishad said...

ബാക്കി എവിടെ