Friday, 26 October, 2007

പട്ടാളം‌അപ്പൂപ്പന്‍ ഇനി ഓര്‍മ്മകളില്‍

കുപ്പികള്‍ തേടി കുപ്പികള്‍ തേടികുതിച്ചുപായുന്നപ്പാപ്പാ...
റിട്ട് പട്ടാളക്കാരാ...റിട്ട് പട്ടാളക്കാരാ...
നിന്നോട് ഞാനൊരു കിന്നാരം പറഞ്ഞോട്ടെ...

(നാട്ടുകവലയില്‍നിന്നും വല്യബാഗും തോളില്‍തൂക്കി കൊച്ചിനേവല്‍ബേസ് ക്യാന്റീനില്‍നിന്നും മിലട്ടറി ക്വാട്ടാവാങ്ങാനായ്പോകുന്ന അപ്പൂപ്പനു യാത്രാ‌മംഗളമായ് കൊച്ചുമക്കള്‍ പാടിയിരുന്ന പാട്ട്....ഇനി ഈ പാട്ട് പാടി ഞങ്ങള്‍ ആരെ യാത്രയാക്കും.......)


പട്ടാളമപ്പൂപ്പന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 (24.10.2007)നു ഞങ്ങളെ വിട്ടുപിരിഞ്ഞു... ആറടിമണ്ണില്‍ മരണമൊരുക്കിയ ഡ്രഞ്ചില്‍ ആ വിമുക്തഭടന്‍ തന്റെ ഭൗതീകശരീരം ഒളിപ്പിച്ചു...ഒരിക്കലും തിരിച്ചുകയറാനാവാത്തവിധം... !!!...


കുറ്റിത്താടിമുഖത്തുരച്ച്...'അപ്പച്ചന്റെ മോനെ....' എന്നുവിളിക്കുന്ന ആ വിളിയിലാണ് എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്..
കാതിരുമാപ്ലയുടെ കടയില്‍നിന്നും രാവിലെചായകുടിച്ചുമടങ്ങിവരും‌വഴി വാഴയിലയില്പൊതിഞ്ഞുകൊണ്ടുവരുന്ന - കയ്യാത്തായുടെ സ്പെഷ്യല്‍ മെയ്ഡ്-പട്ടിനാക്കിന്റെപോലും കനമില്ലാത്ത വെള്ളേപ്പം...
എല്‍.പി സ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന കാലത്ത് വഴിസൈഡില്‍ നിന്നു കുട്ടികളെ തെറിവിളിച്ചിരുന്ന അച്ചന്‍‌കുഞ്ഞിനെ പട്ടാളസ്റ്റൈലില്‍ വിരട്ടിയോടിച്ചത്...
പത്താംക്ലാസില്‍ ക്ലാസുവാങ്ങിപാസായാല്‍ വാങ്ങിത്തരാന്നുപറഞ്ഞ (ഇതുവരെ വാങ്ങിത്തരാത്ത) അറ്റ്ലസ് സൈക്കിള്‍
പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ ഭണ്‍ഢാരം ഞങ്ങള്‍ക്കായ് തുറന്നത്...
ഓര്‍മ്മകള്‍ അവസാനിക്കില്ലാ.......

ചിമ്മാരുമറിയത്തെയും എന്നെയും നാട്ടുകവല ബ്ലോഗിനെയും പെരുവഴിയിലാക്കിപട്ടാളം അപ്പൂപ്പന്‍ യാത്രയായ്.... നീണ്ട തൊണ്ണൂറ്റഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനു തിരശീലയിട്ടുകൊണ്ട്.... മറ്റേതോ ലോകത്തെയ്ക്ക് ...

പാരലല്‍ യൂണിവേഴ്സ് എന്നൊന്ന് ഉണ്ടെങ്കില്‍ ഇനിതിരിച്ചറിയാം.... എവിടെനിന്നു പൊട്ടിച്ചിരി കേള്‍ക്കുന്നു എന്നുമാത്രം നോക്കിയാല്‍മതി.... ഡ്രൈഹ്യൂമറിനു ബ്രിട്ടീഷുകാര്‍പോലും വാഴച്ചാലി വര്‍ഗ്ഗീസെന്ന എന്റെ അപ്പൂപ്പനെ കണ്ട്പഠിക്കണം.

18 comments:

(സുന്ദരന്‍) said...

ചിമ്മാരുമറിയത്തെയും എന്നെയും നാട്ടുകവല ബ്ലോഗിനെയും പെരുവഴിയിലാക്കിപട്ടാളം അപ്പൂപ്പന്‍ യാത്രയായ്.... നീണ്ട തൊണ്ണൂറ്റഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനു തിരശീലയിട്ടുകൊണ്ട്.... മറ്റേതോ ലോകത്തെയ്ക്ക് ...

Anonymous said...

pattalam appooppanu aadaraanchalikaL

ദിവ (Slooby) said...

സുന്ദരാ
അനുശോചനങ്ങള്‍.

ആഷ | Asha said...

ഏതു ലോകത്തായാലും അവിടെ അപ്പൂപ്പന്‍ സന്തോഷമായിരിക്കട്ടെ.

SAJAN | സാജന്‍ said...

സുന്ദരാ, എന്താ പറയേണ്ടതെന്ന് അറിയില്ല, ഈ വേര്‍പാടൊരുക്കിയ ദു:ഖത്തില്‍ നിന്നും വേഗത്തില്‍ കരകയറാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ..

വേണു venu said...

സുന്ദരാ,
അപ്പൂപ്പന്‍റെ ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ടു ദുഃഖത്തില്‍‍ ഞാനും പങ്കു ചേരുന്നു...
നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..

കുതിരവട്ടന്‍ | kuthiravattan said...

പട്ടാളം അപ്പൂപ്പന്റെ നിര്യാണത്തില്‍ എന്റെ അനുശോചങ്ങള്‍. ഇവിടെ തേങ്ങ അടിക്കാതെ ഒരു ചെറിയ മെഴുകുതിരി കത്തിക്കുന്നു.

വാല്‍മീകി said...

പട്ടാളം അപ്പൂപ്പന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കാം.

sandoz said...

മലകളുടെ ചരിത്രം പറഞ്ഞ്‌ തന്ന..ചിമ്മാരുവിന്റെ കഥ പറഞ്ഞ്‌ തന്ന അപ്പൂപ്പന്‍...ഇനി നീ ബ്ലോഗിലെഴുതിയ കഥകളിലൂടെ ജീവിക്കട്ടെ...
അപ്പൂപ്പനെ സ്നേഹത്തോടെ ഓര്‍ക്കുന്നു...
ദൈവത്തിന്റടുത്ത്‌ അപ്പൂപ്പന്‍ സുഖമായി ഇരിക്കട്ടെ...

ആവനാഴി said...

ഹൈ സുന്ദര്‍,

വല്ലാതെ വേദനിപ്പിച്ചുകളഞ്ഞല്ലോ. ചിമ്മാരുചരിതവുമായി ഒരു കസവുനൂലെന്നവണ്ണം ഇഴതിങ്ങി പരിലസിച്ച പട്ടാളം അപ്പൂപ്പന്‍.

ഇറ്റാലിയന്‍ ലേയ്സിനെ വെല്ലുന്ന നേര്‍മ്മയുള്ള വെള്ളേപ്പം വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവരാറുള്ള അപ്പൂപ്പന്‍. (ഒരു നൂറെണ്ണം തിന്നാലും തിന്നെന്നു തോന്നാത്ത വെള്ളയപ്പം).

സ്നേഹത്താഴ്വരകളിലേക്കു സുന്ദറിനെ കൈപിടിച്ചു നടത്താറുള്ള അപ്പൂപ്പന്‍.കഥകളുടെ മാന്ത്രികച്ചെപ്പുകള്‍ ഒരു മഹാമാന്ത്രികനെപ്പോലെ തുറന്നുകാട്ടി സുന്ദറിനെ അല്‍ഭുതപരതന്ത്രനാക്കാറുള്ള അപ്പൂപ്പന്‍.

ആ അപ്പൂപ്പന്റെ സ്മരണക്കുമുന്നില്‍ ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കട്ടെ. ഒരു കുടന്ന വെള്ളപ്പൂക്കള്‍ ആ സമാധിയിങ്കല്‍ അര്‍പ്പിക്കട്ടെ.

പിന്നെ ആ പാട്ടിനൊരു ചെറിയ മാറ്റം വരുത്തുന്നു.

കുപ്പികള്‍ തേടി കുപ്പികള്‍ തേടി കുതിച്ചുപായുന്നപ്പൂപ്പാ
റിട്ട് പട്ടാളക്കാരാ...
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം
ഒരു കിന്നാരം ചോദിക്കാം.

ഹൈ സുന്ദര്‍, ആ കുതിച്ചുപാഞ്ഞുപോയ അപ്പൂപ്പന്റെ മുന്നില്‍ എന്റെ ആശ്രുപൂജ.

സസ്നേഹം
ആവനാഴി.

ഏറനാടന്‍ said...

അപ്പൂപ്പന്‌ ബാഷ്‌പാഞ്ജലികള്‍.. ആത്മാവിനു നിത്യശാന്തിയും...

ശാലിനി said...

സുന്ദരാ, ശരിക്കും വിഷമം തോന്നി ഇതു വായിച്ചിട്ട്. എന്‍റെ ആരോ മരിച്ചതുപോലെ. നാട്ടുകവലയിലെ എല്ലാവരേയും വായനക്കാരുടെ പ്രിയപ്പെട്ടവരായി മാറ്റിയാണ് സുന്ദരന്‍ എഴുതിയിരുന്നത്.

അപ്പൂപ്പന്‍ കഥകള്‍ മുഴുവന്‍ കൊച്ചുമകന് പറഞ്ഞു തന്നുവെന്ന് കരുതട്ടെ.

അപ്പൂപ്പന്‍റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന്ന എല്ലാവര്‍ക്കും ദൈവം ആശ്വാസം നല്കട്ടെ. 95 വയസുവരെ ജീവിച്ചിരിക്കാന്‍, കൊച്ചുമകന്‍ ഈ കഥകളൊക്കെ എഴുതുന്നു എന്നറിയാന്‍ ദൈവം ആയുസ്സ് കൊടുത്തല്ലോ.

അപ്പൂപ്പന്‍ അവിടേയും ചെന്ന് പട്ടാള കഥകള്‍ പറഞ്ഞ് ചിരിച്ചിരിക്കുവായിരിക്കും.

കുറുമാന്‍ said...

പട്ടാളമപ്പൂപ്പന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തുന്നു.

ഏ.ആര്‍. നജീം said...

അപ്പൂപ്പന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..

G.manu said...

മൂന്നാലു ദിവസമായി ഈ പോസ്റ്റിനു കമണ്റ്റാന്‍ മനസനുവദിച്ചില്ല.. വെറുതേ പോസ്റ്റില്‍ നോക്കി നോക്കി അങ്ങനെ ഇരുന്നു..... ആദരാഞ്ജലികള്‍ മനസുകൊണ്ടര്‍പ്പിക്കുന്നു എന്നൊക്കെയുള്ള ഭംഗിവാക്കുകള്‍ക്ക്‌ എന്ത്‌ പ്രസക്തി ബെന്നി..

സതീശ് മാക്കോത്ത് | sathees makkoth said...

ചിമ്മാരുമറിയത്തെയും എന്നെയും നാട്ടുകവല ബ്ലോഗിനെയും പെരുവഴിയിലാക്കിപട്ടാളം അപ്പൂപ്പന്‍ യാത്രയായ്..
സുന്ദരാ തിരിച്ച് വരണം.അപ്പൂപ്പന്റെയും ചിമ്മാരുമറിയത്തിന്റെയും,നാട്ടുകവലയുടെയും മുഴുവന്‍ കഥകള്‍ വിവരിക്കാനായി...
ആ അപ്പൂപ്പനേയും,നാ‍ട്ടുകവലേയേയും,ചിമ്മാരുമറിയത്തിനേയും സ്നേഹിക്കുന്ന ഒരുപാടുപേര്‍ക്കായി...

ശാലിനി said...

സുന്ദരാ, നാട്ടില്‍ പോയോ? തിരക്കുകളൊക്കെ ഒഴിഞ്ഞെങ്കില്‍ ബാക്കി കൂടി എഴുതൂ.

പിരിക്കുട്ടി said...

no comments .1.