Thursday, 18 October, 2007

ചിമ്മാരുമറിയം - 25

കുറവന്‍‌മല കുറത്തിമല ( ചിമ്മാരുമറിയം - 25)

പാലരുവി പതഞ്ഞൊഴുകുന്ന സുന്ദരമായ മലയോരം... പണ്ട് പണ്ട് അവിടെ ഒരു കുറവനും കുറത്തിയും കുടിലുകെട്ടിതാമസിച്ചിരുന്നു...

പരസ്പരം പ്രണയിക്കുന്നതില്‍ മത്സരമായിരുന്നു കുറവനും കുറത്തിയും. രാവിനോ പകലിനോ ഊണിനോ ഉറക്കത്തിനൊ ഒരുനിമിഷം‌പോലും അവരെ വേര്‍തിരിക്കാനായിരുന്നില്ലാ.....

ചന്ദ്രന്‍ ഇവരുടെ മാനത്തുവരുമ്പോഴെല്ലാം പതിവിലധികം തേന്‍പൊഴിക്കുക പതിവാണ്...... അതില്‍ അതിസ്വോഭാവികത ഇല്ലതാനും... എന്നാല്‍ സൂര്യന്‍...തനിക്ക് തേന്‍പൊഴിച്ചു ശീലമില്ലങ്കില്‍കൂടി ഈ കുറവന്റെം കുറത്തീടെം അനിര്‍വ്വചനീയ സ്നേഹത്തിനുമുമ്പില്‍ തേനല്ലാതെ മറ്റെന്തുപൊഴിക്കും എന്നുകരുതിമാത്രം തേന്‍പൊഴിച്ചിരുന്നു...
.
പിന്നെ മാനത്തൂന്ന് തേന്മഴ....

മരക്കൊമ്പുകളില്‍എല്ലാം വലിയതേനീച്ചയുടെ വന്‍‌തേന്‍സംഭരണികള്‍

മണ്ണിലെ പൊത്തുകളിലും കല്ലിടുക്കുകളിലും കുറ്റിപ്പല്ലീ എന്ന കുഞ്ഞന്‍തേനീച്ചയുടെ തേന്‍സംഭരണികള്‍...

എന്തിനുപറയുന്നു.... കുറവനും കുറത്തിയും ജീവിച്ചിരുന്ന മേഘലയിലെ കുളവിക്കൂടുകളില്പോലും അക്കാലത്ത് നിറയെ തേനായിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞുനടക്കുന്നത്...


ദേവന്മാര്‍ക്ക് മൊത്തത്തില്‍ പ്രത്യേകിച്ച് പരമശിവന് കുറവനോടും കുറത്തിയോടും വല്ലാത്ത മതിപ്പായിത്തീര്‍ന്നപ്പോള്‍ ശ്രീപാര്‍വ്വതീദേവിയടക്കമുള്ള സകലമാന സ്വര്‍ലോകവാസികളായ സ്ത്രീരത്നങ്ങളും കടുത്ത അസൂയ‌യോടെയാണ് കുറവകുടുമ്പത്തെ നോക്കിക്കണ്ടത്.

അവസാനം പാര്‍വ്വതീദേവി കടുത്ത ഒരു തീരുമാനമെടുത്തു. കുറവനെയും കുറത്തിയേയും പരസ്പരം ചേരാനാവാത്തവണ്ണം അകറ്റുക....


പാലരുവിയില്‍ പതിവുള്ളനീരാട്ടിനു കുറവനും കുറത്തിയും രാവിലെവന്നപ്പോള്‍ അരുവിയില്‍ തേനൊഴുകാന്‍ തുടങ്ങി... കുളിച്ചും കുളിപ്പിച്ചും രണ്ടാളും കരയ്ക്ക് കയറിയപ്പോള്‍ അതി ത്വേജസിയായ ഒരു സ്ത്രീ അവരുടെമുമ്പില്‍ പ്രത്യക്ഷപ്പെട്ടു.... ശ്രീപാര്‍വ്വതിയല്ലാതെ മറ്റാരുമായിരുന്നില്ലാ അത്....

കുറവനും കുറത്തിയും ദേവിയെ സാഷ്ടാംഗം‌പ്രണമിച്ചു....

'എനിക്ക് വല്ലാതെ വിശക്കുന്നു....നിങ്ങളുടെ കൂരയില്‍ എന്താണ് എനിക്ക് കഴിക്കാനായിട്ടുള്ളത്...' ദേവി ചോദിച്ചു....

'തേനട...' കുറവനും കുറത്തിയും ഒന്നിച്ചുമറുപടി പറഞ്ഞു....

'മൊത്തം തേന്മയമാണല്ലോ... എതായാലും ഞാനൊന്നു നീന്തിക്കുളിച്ചുവരട്ടെ...ഞാന്‍ വരുന്നതുവരെ നിങ്ങള്‍ രണ്ടാളും ഈ അരുവിയുടെ ഇരുകരയിലുമായ് എന്നെ കാത്തുനില്‍ക്കണം.. ഞാന്‍ വരാതെ നില്‍ക്കുന്നിടത്തുനിന്ന് അനങ്ങരുത്...'

ഇത്രയും പറഞ്ഞ് ദേവി അരുവിയിലിറങ്ങി... ഒഴുക്കിനെതിരെ നീന്തിപ്പോയ്.... പിന്നെ തിരികെ വന്നിട്ടില്ലാ ഇന്നുവരെ....


കുറവനും കുറത്തിയും അരുവിയുടെ ഇരുപുറത്തും കാത്തുനിന്നു....കാലങ്ങളോളം...

അവസാനം അവര്‍ വന്മലകളായ് രൂപാന്തരപ്പെട്ടു...വഴിക്കണ്ണുമായ് ദേവിയെ കാത്തുനില്‍ക്കുന്നു.... ദേവിക്കെന്തുപറ്റി എന്ന ആകുലതയോടെ.... പരസ്പരം ചേരാനാവാതെ നിസംഗതയോടെ....

ദേവി എവിടെതിരിച്ചുവരാന്‍...ഇടുക്കിയില്‍നിന്നു നീന്തിയ ദേവി കുളമാവുവഴി ദേവലോകത്തോട്ട് എന്നെപോയിരുന്നു....

കാലങ്ങള്‍ ഏറെചെന്നപ്പോള്‍ കുറവന്‍ മലയുടെ പ്രതീക്ഷ നശിച്ചു...എന്നാല്‍ കുറത്തിമല ദേവിയെ ഇപ്പോഴും പ്രതീക്ഷിക്കുന്നതായ് പരിസരവാസികള്‍ വിശ്വസിക്കുന്നു... അതിനാലാണത്രെ കുറത്തിമല കുറവന്മലയേക്കാളും ഉയരത്തില്‍ വളര്‍ന്നതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതും...!!!

പരമശിവന്‍ ഈ സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ വളരെ താമസിച്ചിരുന്നു...അപ്പോള്‍തന്നെ പരിഹാരത്തിനായ് ശ്രമിക്കുകയുണ്ടായി. കുറവനെയും കുറത്തിയെയും എങ്ങിനെയെങ്കിലും പഴയതുപോലെ യോചിപ്പിക്കാനുള്ള ദൗത്യവും ഏല്പിച്ചു തന്റെ ഭൂതഗണത്തില്‍നിന്നും മിടുക്കനായ ഒരാളെ ഭൂമിയിലോട്ട് അയക്കാന്‍ തീരുമാനിച്ചു...


പക്ഷേ ഇങ്ങനെ ഒരു ചതിചെയ്തുവച്ചിരിക്കുന്നിടത്തോട്ട് പോകാന്‍ ആരും തയ്യാറല്ലായിരുന്നു... അതും തനികാടന്‍ സ്വഭാവക്കാരായ ഇടുക്കിക്കാരുടെ അടുത്തെയ്ക്ക് (പണ്ട്...ഇപ്പോള്‍ ഒത്തിരി നന്നായി).


അവസാനം ഭഗവാന്‍ ഹെഡ്‌ലൈറ്റടിക്കും എന്നസ്ഥിതിവന്നപ്പോള്‍ ഭൂതഗണത്തിലൊന്ന് മനസില്ലാമനസോടെ ഇടുക്കിയിലെക്ക് പുറപ്പെട്ടു.... നേരെ വന്ന് ലാന്‍ഡ്ചെയ്യുന്നതു ബുദ്ധിമോശമാണെന്നറിയാവുന്നതുകൊണ്ട് ഒരു വളഞ്ഞവഴി സ്വീകരിച്ചു...

ഇടുക്കിയില്‍ അക്കാലത്ത് വസിച്ചിരുന്നത് മലയരയന്മാരായിരുന്നു. അരയന്മാരുടെ രാജാവിന്റെ വീട്ടില്‍ ഒരു കുഞ്ഞ്‌വാവയായ് പരമശിവ ദൗത്യവാഹകന്‍ പിറവിയെടുത്തു.....അരയരാജാവിനു വളരെ വര്‍ഷങ്ങളുടെ ശ്രമഫലമായ് കിട്ടിയ മിടുമിടുക്കനൊരാണ്‍കുട്ടി...

ഇതു ശിവന്റെ പാളയത്തില്‍നിന്നും വന്നതാണെന്നറിയാതെ തന്റെ മിടുക്കില്‍ അഭിമാനിച്ചുകൊണ്ട് രാജാവ്.

'നമ്മ രാശാവ് ബയങ്കരമാനയാള്....'
അരയപ്രജകള്‍ ശിശുവിന് ഒന്നാന്തരം ഒരു പേരുവിളിച്ചു....

കൊലുമ്പന്‍...

ആ കുഞ്ഞുവാവയാണ് പില്‍ക്കാലത്ത് ചരിത്രപ്രസിദ്ധനായ ശ്രീ. കരുവേലയന്‍ കൊലുമ്പന്‍... കുറവന്‍ മലയെയും കുറത്തിമലയേയും തമ്മില്‍ യോചിപ്പിച്ച ഇടുക്കി ഡാമിന്റെ ഉത്ഭവത്തിനു കാരണക്കാരനും അയാള്‍തന്നെ.

സംഭവം നടക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ്. ബ്രിട്ടീഷുകാരായ അനേകം പ്ലാന്റര്‍മാര്‍ ഹൈറെയ്ച് മേഘലകളില്‍ വെട്ടും കിളയുമായ് നടക്കുന്ന കാലം.

പീരിമേട് മലങ്കര എസ്റ്റെറ്റ് സൂപ്രണ്ട് ജോണ്‍സായ്‌വും മാനേജര്‍ മാത്യൂസായ്‌വും എസ്റ്റേറ്റില്‍ ജോലിയില്ലാതിരിന്നിട്ടാവില്ലാ തോക്കുമെടുത്ത് കാടുകയറിയത്...ഒക്കെ മുകളിലിരിക്കുന്നവന്റെ തീരുമാനം..
വേട്ടയ്ക്ക് എന്നപേരില്‍ വെറുതെ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ് അവസാനം അണ്ണന്മാര്‍ക്ക് വഴിതെറ്റി... അതുപ്രത്യേകം പറയേണ്ടകാര്യമില്ലാലൊ...മഹാരാജാക്കന്മാര്‍ക്കും സായിപ്പുമാര്‍ക്കും കാട്ടിലായാലുംശരി നാട്ടിലായാലും ശരി വേട്ടയ്ക്ക്‌പോകുമ്പോള്‍ വഴിതെറ്റുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു....ഇവര്‍ വഴിതെറ്റാന്‍‌വേണ്ടിമാത്രമാണോ വേട്ടയ്ക്ക് പോകുന്നതെന്നുപോലും സംശയിക്കേണ്ടിയിരുന്നു അക്കാലത്ത്.

വഴിതെറ്റി കരുവേലയന്‍ കൊലുംബന്റെ അരയ സാമ്രാജ്യത്തിലാണ് സായിപ്പുമാര്‍ വന്നെത്തിയത്.... കൊലുമ്പനാകട്ടേ കുറവന്‍ മലയെയും കുറത്തിമലയേയും ഒന്നുകൂട്ടിമുട്ടിക്കാന്‍ കെല്പ്പുള്ളവരെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായിരുന്നു.

സായിപ്പുമാര്‍ക്ക് തിരികെ പോകാന്‍ വഴികാട്ടുന്നതിനിടയില്‍ കരുവേലയന്‍ കൊലുമ്പന്‍ കുറവന്റെയും കുറത്തിയുടെയും കഥകള്‍മുഴുവന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു. കഥകള്‍ കേട്ടപ്പോള്‍ ... മലകള്‍ നേരില്‍കണ്ടപ്പോള്‍.. അതിനിടയിലൂടെയുള്ളനീരൊഴുക്കുകണ്ടപ്പോള്‍ ജോണ്‍സായ്പ്പിന്റെ മനസിലും മലകളെത്തമ്മില്‍ കെട്ടിച്ചാല്‍വളരെ നന്നായിരിക്കും എന്ന ആശയം വളരെ ശക്തമായ് ഉത്ഭവിച്ചു....

തിരികെ എസ്റ്റേറ്റിലെത്തിയ സായിപ്പ് മനസില്‍ വരച്ചത് കടലാസില്‍ പകര്‍ത്തി...വീണ്ടും കുറവന്മലയും കുറത്തിമലയും കൊലുമ്പനോടൊപ്പം സന്ദര്‍ശിച്ചു.....വീണ്ടും വീണ്ടും പുതിയതായ് വരച്ചു... അവസാനം ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവിനു കുറവന്മലയേയും കുറത്തിമലയേയും ഒരു അണക്കെട്ടിനാല്‍ ബന്ധിപ്പിക്കുന്നതിനേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌സമര്‍പ്പിക്കുകയാണ്....


ആയിരത്തി തൊള്ളായിരത്തി നാല്പത്തിഏഴില്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ധേശപ്രകാരം രാജ്യത്തെ പ്രധാന ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ സായ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച് ഭേതഗതികള്‍‌വരുത്തി. അമ്പത്തിആറില്‍ കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയ്ക്കായ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അറുപത്തിയൊന്നില്‍ പ്ലാനിംഗ്കമ്മീഷന്‍ സന്തോഷത്തോടെ ഇടുക്കി ആര്ച്ച്ഡാമിനു നിര്‍മ്മാണാനുമതി കൊടുക്കുകയും ചെയ്തു...


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നില്‍ പദ്ധതിയുമായ് ബന്ധപ്പെട്ട നിര്‍മ്മാണ‌പ്രവൃത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും അനേകകാലമായ് പരസ്പരം പുണരാന്‍ കാത്തിരുന്ന കുറവനെയും കുറത്തിയേയും കൂട്ടിക്കെട്ടിയ ആര്‍ച്ച്ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊമ്പതിലാണ്.

എഴുപത്തിമൂന്നില്‍ പണിപൂര്‍ത്തിയായപ്പോള്‍ കുറവന്റെയും കുറത്തിയുടെയും നീണ്ടകാത്തിരുപ്പവസാനിച്ചു....

പക്ഷേ ഇപ്പോള്‍ തേനല്ലാഇടുക്കിയിലൊഴുകുന്നത് ...അടുത്തോടെപോയാല്തന്നെ കരിച്ച് ഭസ്മമാക്കാന്‍ പോന്നത്ര ശക്തിയുള്ള ഹൈവോള്‍ട്ടേജ് കരണ്ടാണ്. ഇനി ഒരു ദേവിയും അവിടെക്കിടന്നു നീന്താന്‍ കുറവനും കുറത്തിയും സമ്മതിക്കുമെന്ന് തോന്നുന്നില്ലാ....

എന്തായാലും നമുക്ക് ഏഷ്യയിലെതന്നെ ഏറ്റവും‌വലിയ ആര്ച്ച‌ഡാം കിട്ടിയല്ലോ...അതിനു ശ്രീപാര്‍വ്വതി പരമശിവായ ഭൂതഗണായ കൊലുംബായ സായ്പ്പായ കാനഡയാ പഞ്ചവത്സര പദ്ധതിയായ നമഹ:

.................................

ഇടുക്കിയില്‍ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ ആരംഭിച്ച് ഏകദേശം ഒരുവര്‍ഷംകൂടികഴിഞ്ഞാണ് പന്നിയാര്‍ ജലവൈദ്ധ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയാകുന്നത്. പന്നിയാര്‍ പവ്വര്‍ഹൗസിന്റെ ആസ്ഥാനമായ വെള്ളത്തൂവലില്‍നിന്നും നിര്‍മ്മാണ സാമഗ്രികളും തൊഴിലാളികളും ഇടുക്കിയിലോട്ട് ഇതിനോടകം നീങ്ങിത്തുടങ്ങിയിരുന്നു.

മണല്‍മാഫിയ തലവനായിരുന്ന ചിമ്മാരു ഔസേപ്പും തോമായും പുതിയ പദ്ധതിപ്രദേശത്തെയ്ക്ക് തങ്ങളുടെ സേവനം നീക്കുന്നതിന്റെ ഭാഗമായ് ചിലകരാറുകള്‍ സംസാരിച്ച് ഉറപ്പിക്കാന്‍ ചീഫ് എക്സികൂട്ടിവ് എഞ്ചിനീയറേയും പ്രതീക്ഷിച്ച് വെള്ളത്തൂവലില്‍ തന്നെയുള്ള പഴയ പവ്വര്‍ഹൗസിന്റെ (ചെങ്കുളം - 1954) വാതുക്കല്‍ നില്‍ക്കുന്നനേരത്താണ് കാക്കിപാന്റൊക്കെയിട്ട് ഒരു പാവത്താന്‍ കൂനിക്കൂടിയിരിക്കുന്നത്കാണുന്നത്.

'ചേട്ടായീ...ലതു നമ്മടെ പെങ്ങടെകെട്ടിയോനെപ്പോലുണ്ടല്ലൊ.. ' ചിമ്മാരുതോമാ ഔസേപ്പിനോട്പറഞ്ഞു.

'ശരിയാണല്ലോടാ തോമാച്ചാ....'

അത്...ചിമ്മാരുമറിയത്തിന്റെ കെട്ടിയവന്‍ പൈലോതന്നെ സാക്ഷാല്‍ കടുത്തുരുത്തിക്കാരന്‍ പൈലോ... ചെങ്കുളം പവ്വര്‍ഹൗസിലെ കരുത്തനായ ഒരു പോരാളി!!.


നാട്ടുകവലയില്‍ പെങ്ങളുടെ ഔദാര്യം യാചിച്ച് തെണ്ടിത്തിരിഞ്ഞു വന്നുകയറിയിട്ട് വര്‍ഷം കുറേയായെങ്കിലും ചേട്ടനും അനിയനും പെങ്ങളെ കെട്ടിയവനെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ ഇപ്പോഴാണ്....

അളിയാ....
അളിയാ....

രണ്ടളിയന്മ്മാരും പൈലോയ്ക്ക് നേരെ ഓടിയടുത്തു...

പൗലോ പകച്ചുപോയ്. എഴുന്നേറ്റോടാന്‍ മടിയായതുകൊണ്ട് ഒന്നുകൂടി ചുരുണ്ടുകൂടിയിരുന്നു...


(തുടരും)

8 comments:

(സുന്ദരന്‍) said...

എന്തിനുപറയുന്നു.... കുറവനും കുറത്തിയും ജീവിച്ചിരുന്ന മേഘലയിലെ കുളവിക്കൂടുകളില്പോലും അക്കാലത്ത് നിറയെ തേനായിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞുനടക്കുന്നത്...

കുറുമാന്‍ said...

സീരിയസ്സായി വരുന്ന ഈ കഥ അല്ലെങ്കില്‍ ചരിത്രം എന്നു പറയാവുന്ന സംഭവ്ത്തില്‍ ചുമ്മാ തമാശ അനാവശ്യമായി കയറ്റി വെടക്കാക്കല്ലെ ബെന്ന്യേ.....പ്ലീസ്.

ഇനി അടുത്തത്

പാലരുവിയില്‍ പതിവുള്ളനീരാട്ടിനു കുറവനും കുറത്തിയും രാവിലെവന്നപ്പോള്‍ അരുവിയില്‍ തേനൊഴുകാന്‍ തുടങ്ങി... കുളിച്ചും കുളിപ്പിച്ചും രണ്ടാളും കരയ്ക്ക് കയറിയപ്പോള്‍ അതി ത്വേജസിയായ ഒരു സ്ത്രീ അവരുടെമുമ്പില്‍ പ്രത്യക്ഷപ്പെട്ടു.... ശ്രീപാര്‍വ്വതിയല്ലാതെ മറ്റാരുമായിരുന്നില്ലാ അത്....

കുറവനും കുറത്തിയും ദേവിയെ സാഷ്ടാംഗം‌പ്രണമിച്ചു....

'എനിക്ക് വല്ലാതെ വിശക്കുന്നു....നിങ്ങളുടെ കൂരയില്‍ എന്താണ് എനിക്ക് കഴിക്കാനായിട്ടുള്ളത്...' ദേവി ചോദിച്ചു....

'തേനട...' കുറവനും കുറത്തിയും ഒന്നിച്ചുമറുപടി പറഞ്ഞു....

'മൊത്തം തേന്മയമാണല്ലോ... എതായാലും ഞാനൊന്നു നീന്തിക്കുളിച്ചുവരട്ടെ...ഞാന്‍ വരുന്നതുവരെ നിങ്ങള്‍ രണ്ടാളും ഈ അരുവിയുടെ ഇരുകരയിലുമായ് എന്നെ കാത്തുനില്‍ക്കണം.. ഞാന്‍ വരാതെ നില്‍ക്കുന്നിടത്തുനിന്ന് അനങ്ങരുത്...'

ഇത്രയും പറഞ്ഞ് ദേവി അരുവിയിലിറങ്ങി... ഒഴുക്കിനെതിരെ നീന്തിപ്പോയ്.... പിന്നെ തിരികെ വന്നിട്ടില്ലാ ഇന്നുവരെ....


കുറവനും കുറത്തിയും അരുവിയുടെ ഇരുപുറത്തും കാത്തുനിന്നു....കാലങ്ങളോളം...

മൂഞ്ചിക്കാന്‍ പെണ്ണുങ്ങള്‍ പണ്ടും മുന്‍പേയാന്ന് ചരിത്രം വരെ പറയുന്നു :‌)

benny said...
This comment has been removed by the author.
(സുന്ദരന്‍) said...

കുറുമാന്‍‌ജി

താങ്കളെപ്പോലെ ശക്തനായ ഒരെഴുത്തുകാരന്റെ അഭിപ്രായത്തെ ഞാന്‍ കാര്യമായിട്ടെടുക്കുന്നു...
ഇനി നൊ തമാശ...ഫുള്‍സീരിയസ്...
കൈമാക്സ്...


(ഈയിടയായ് ചായക്കടയില്‍ പുട്ട്‌മേക്കിംഗ് ഡിപ്പാര്‍ട്ടുമെന്റിലാ....
ഈ തേങ്ങായും അരിപ്പൊടിയും ഇടകലര്‍ത്തിപോസ്റ്റ്ചെയ്യുന്ന ആ രീതി എഴുത്തിലും പരീക്ഷിച്ചത....
പുട്ടിന്റെ പരിപാടിതന്നെ നിര്‍ത്തിയേക്കാം...)

പിന്നെ പെണ്ണുങ്ങളെക്കുറിച്ച് അങ്ങിനെയൊന്നും വിചാരിച്ചില്ലാട്ടോ.... എല്ലാരും പാവങ്ങളാണെന്നെ...
എന്റെ നോവലിലെ നായികയും ഒരു സ്ത്രീയല്ലെ... അസാമാന്യകരുത്തുള്ള ഒരു പാവം സ്ത്രീ.

ആവനാഴി said...

ഹൈ സുന്ദര്‍,

അംഗ്രേജിയില്‍ ‘സീം‌ലെസ്’എന്നൊരു പ്രയോഗമുണ്ട്. ഒരു പാടു പോലും ഇല്ലാതെ കൂട്ടിച്ചേര്‍ക്കുക എന്നാണതിന്റെ അര്‍ത്ഥം. ഇവിടെ കഥാകൃത്ത് ഒരു മിത്തിനെ റിയാലിറ്റിയുമായി കൂട്ടിക്കലര്‍ത്തിയിരിക്കുന്നത് സീം‌ലെസ് ആയിട്ടാണു. ഒരു കോസ്മെറ്റിക് സര്‍ജന്റെ കരവിരുത് നമുക്ക് ഇവിടെ ദൃശ്യമാകുന്നു.ലിറ്ററേച്ചറിലെ കോസ്മറ്റികത അതിന്റെ എല്ലാ ലാവണ്യഭാവത്തോടുംകൂടി ഇവിടെ ഒളിവീശിനില്‍ക്കുന്നു.

ഫലിതത്തിന്റെ തേന്‍പ്രവാഹം അനുവാചകനു ആവോളം നല്‍കുന്നുണ്ട് സര്‍ഗ്ഗധനനായ ശ്രി.സുന്ദര്‍.

“...മഹാരാജാക്കന്മാര്‍ക്കും സായിപ്പുമാര്‍ക്കും കാട്ടിലായാലുംശരി നാട്ടിലായാലും ശരി വേട്ടയ്ക്ക്‌പോകുമ്പോള്‍ വഴിതെറ്റുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു...”

ഒരു പടി കൂടി കടന്നു കഥാകൃത്ത് പറഞ്ഞുവക്കുന്നത് വഴിതെറ്റണം എന്ന ആല്‍മാര്‍ത്ഥമായ ആഗ്രഹത്തോടെയാണു അവര്‍ വേട്ടക്കുപോകുന്നത് എന്നാണു. വഴി തെറ്റി കറങ്ങി അവസാനം പലരോടും വഴി ചോദിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നതിന്റെ ആ ത്രില്ലും ആ പരമാനന്ദരസവും പറവാനെളുതാമോ?.

സസ്നേഹം
ആവനാഴി.

G.manu said...

അവസാനം അവര്‍ വന്മലകളായ് രൂപാന്തരപ്പെട്ടു...വഴിക്കണ്ണുമായ് ദേവിയെ കാത്തുനില്‍ക്കുന്നു.... ദേവിക്കെന്തുപറ്റി എന്ന ആകുലതയോടെ.... പരസ്പരം ചേരാനാവാതെ നിസംഗതയോടെithu print eduthu spiral bind cheythe pato........pakka....

keep going appas

കുതിരവട്ടന്‍ :: kuthiravattan said...

:-)

sandoz said...

മന്നാജാ...നീയിങ്ങനെ ചിമ്മാരൂനെ വൈകിച്ചാല്‍ ബാലന്‍സ്‌ പോകും..നിന്റെയല്ലാ..എന്റെ..
നീ എവിടെയാ നിര്‍ത്തിയേന്നറിയാന്‍ പോയി പഴേത്‌ മറിച്ച്‌ നോക്കേണ്ടി വന്നു എനിക്ക്‌...
പോരട്ടേ..ഇടുക്കീടെ ചരിത്രം പോരട്ടേ....
മിയ മോള്‍ സുഖമായി ഇരിക്കുന്നെന്ന് കരുതുന്നു....
ഇനി തണുപ്പ്‌ അധികം കൊള്ളണ്ടാ...
നല്ല തുകല്‍ സെറ്റര്‍ വേണേല്‍ അയച്ച്‌ തരാം....ബാച്ചികള്‍ ഉപയോഗിക്കുന്നത്‌....

[ഹ.ഹ...അടങ്ങ്‌ കുറുമാനേ..അടങ്ങ്‌..]