Sunday, 23 September, 2007

ചിമ്മാരുമറിയം - 23

ചെങ്കുളം - പന്നിയാര്‍ പവ്വര്‍ഹൗസുകള്‍ (ചിമ്മാരുമറിയം - 23)


മുതിരപ്പുഴ പണ്ടുതൊട്ടേ ഒഴുകുന്നതിങ്ങനെയായിരുന്നു; സഹ്യാദ്രിയില്‍ജനനം, വനത്തിലൂടെ കുളിരും പുതച്ച് സ്വതന്ത്രമായ ഒഴുക്ക്. മലമുകളിലെ നൂല്‍മഴയുടെ സമൃദ്ധിയും സുലഭമായ ഉറവക്കണ്ണുകളും കരുത്തുചോരാതെ അവളെ വര്‍ഷത്തിലെന്നപോലെ വേനലിലും കാത്തിരുന്നു. അവളുടെ കൗമാരത്തില്‍ കളിചിരിയുമായ് കൂട്ടുകൂടാന്‍ പന്നിയാറും പിന്നെ കല്ലാറും വന്നെത്തും..... യൗവ്വനത്തില്‍ പെരിയാറിന്റെ മാറിലേയ്ക്ക് അവള്‍ പടര്‍ന്നുകയറും.
അവിടെ അവള്‍ക്ക് സ്വന്തം പേരുനഷടമാവും. താമസിയാതെ ഉപ്പുവെള്ളത്തില്‍ മുങ്ങി മരണവും സംഭവിക്കും.

ഉയരങ്ങളില്‍നിന്നും തെളിനീരുമായ് ഒഴുകുന്നവഴിയില്‍ അവള്‍ ജലപാത‌മാവും....അവളില്‍ ചുഴികള്‍ വിരിയും... അടിയൊഴുക്കുകള്‍ ഉണ്ടാവും.... ഈ ജലപാതത്തിന്റെ കരുത്തോ, ചുഴികളുടെയും അടിയൊഴുക്കിന്റേയും വേഗമോ പ്ണ്ട് ആരും അറിഞ്ഞിരുന്നില്ല, അവള്‍പോലും. യഥാര്‍ദ്ധത്തില്‍ അവളുടെ കരുത്തെന്താണെന്ന് ലോകം അറിഞ്ഞതും അളന്നതും അവളുടെ ഒഴുക്കിനും സ്വാതന്ത്യത്തിനുമെതിരെ അണക്കെട്ടുകള്‍ ഉയര്‍ന്നപ്പോഴാണ്. മനുഷ്യന്‍ വരച്ച വരകളിലൂടെ ഒഴുകി കൂറ്റന്‍ യന്ത്രങ്ങള്‍ കടഞ്ഞ് അവള്‍ നാടിനു വെളിച്ചമായ്, ദാഹിക്കുന്നവനു കുടിനീരായ്.


ഒന്നോര്‍ത്താല്‍ ചിമ്മാരുമറിയവും മുതിരപ്പുഴയും നേര്‍സോദരിമാരാണ്.

ചിമ്മാരുമറിയം ജനിച്ചത് സമൃദ്ധിയുടെ നടുവില്‍... മാതാപിതാക്കളും പന്ത്രണ്ട് സഹോദരന്മാരും അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉറ്റുനോക്കി ചുറ്റിനും...കളിചിരിയുമായ് കൗമാരം. യൗവ്വനാരംഭത്തിനുമുമ്പെ വിവാഹം.

അവിടെ അവള്‍ക്ക് പേരുനഷ്ടമായേനെ..താലികെട്ടിയവന്‍ കാട്ടുന്ന ചാലിലൂടെ ഒഴുകി ആ ജീവിതം ഒരിക്കല്‍ അവസാനിച്ചേനെ...സമൃദ്ധിയുടെ നടുവിലായിരുന്നെങ്കില്‍ എന്തായിരുന്നു തന്റെകരുത്തന്നും നിയോഗമെന്നും അറിയാതെ ആജീവിതവും അധികമാരാലും അറിയപ്പെടാതെ മണ്ണിലലിഞ്ഞേനെ....
പ്രതിസന്ധികളുടെ തടയണകള്‍ ജീവിതത്തിന്റെ സമൃദ്ധിക്കും ഒഴുക്കിനുമെതിരെ ഉയര്‍ന്നപ്പോഴാണ് ചിമ്മാരുമറിയത്തിന്റെ കരുത്ത് തിരിച്ചറിയപ്പെട്ടത്...ആ കരുത്താണ് അനേകര്‍ക്ക് വെളിച്ചവും ജീവിതമാര്‍ഗ്ഗവുമായ് മാറിയത്..... മുതിരപ്പുഴയെപ്പോലെ.

സ്വതന്ത ഭാരതത്തിന്റെ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍തന്നെ നാട്ടുകവലയും സ്ഥാനം‌പിടിച്ചിരുന്നു. അതിനു കാരണമായതോ നിറഞ്ഞൊഴുകുന്ന ഈ പുഴതന്നെ.

തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്ധ്യുതപദ്ധതിയായ മൂന്നാര്‍ പള്ളിവാസല്‍ പവ്വര്‍ഹൗസിലെ ജര്‍മ്മന്‍ നിര്‍മ്മിത ജനറേറ്ററുകളോട് മല്ലടിച്ച് ക്ഷീണിച്ചുപുറത്തുചാടുന്ന മുതിരപ്പുഴയ്ക്ക് ഒഴുകാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരിക്കും!..... ക്ഷീണിച്ച പുഴയെ പമ്പുചെയ്ത് ചെങ്കുളം തടാകത്തിലെത്തിക്കുന്നിടത്തുനിന്നും കേരളത്തിലെ രണ്ടാമത്തെ ഹൈഡ്രോ ഇലക്ട്രിക് പവ്വര്‍ പ്രോജക്റ്റ് ആരംഭിക്കുകയാണ്.

ചെങ്കുളം തടാകത്തില് ‍വിശ്രമിച്ച് കരുത്ത് വീണ്ടെടുക്കുന്ന പുഴ മനുഷ്യരുടെ ഇഷ്ടത്തിനു ഒഴുകുകയാണ്....തുരങ്കത്തിലൂടെ. നാട്ടുകവലമലയുടെ തൊട്ടടുത്ത മലയായ എലിക്കുന്നിന്റെ നെറുകയില്‍ ഉയര്‍ത്തിയ കൂറ്റന്‍സംഭരണിയില്‍ പിന്നെ തടവുശിക്ഷ.

തടവറയില്‍നിന്നും മോചിതയാകുന്ന പുഴ കീഴ്ക്കാംതൂക്കായമലഞ്ചെരുവിലൂടെ വിതാനിച്ച ഭീമന്‍ പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൂടെ അന്തം‌വിട്ടൊരു പാച്ചിലാണ് വെളിച്ചംകാണാതെയുള്ള മരണപ്പാച്ചില്‍.... നാട്ടുകവലയുടെ താഴ്വാരത്തിലെ പവ്വര്‍ഹൗസില്‍ ഒരുക്കിയ നാലു ജലച്ചക്രങ്ങളുടെമേല്‍ കരുത്തും കലിയുമടക്കി പുഴ വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് കടക്കും.... അവിടെ ചോരുന്ന പുഴയുടെ ഒഴുക്കിനെ ലോഹനിര്‍മ്മിത ചാലകങ്ങളില്‍ ആവാഹിച്ചെടുക്കുമ്പോള്‍ അത് നാടിനു വെളിച്ചമാക്കും.


വെള്ളം തൂവിത്തെറിക്കുന്ന ആ താഴ്വര വെള്ളത്തൂവല്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

ചെങ്കുളം ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ് ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലന്വേഷകരുടെ കുടിയേറ്റം വീണ്ടും ശക്തിപ്രാപിച്ചു. വനത്തില്‍ പദ്ധതിയുടെ സിരാകേന്ദ്രമായ വെള്ളത്തൂവലിനോട് എറ്റവും അടുത്തുകിടക്കുന്ന ജനവാസകേന്ദ്രമെന്നനിലയില്‍ നാട്ടുകവലയിലായിരുന്നു ഏറ്റവും വലിയതിരക്കായത്.

നാട്ടുകവലമലയുടെ കിഴക്കേചരിവുമുഴുവനും മറിയം ടെമ്പററികോളനിക്കായ് വിട്ടുകൊടുത്തു. ആയിരക്കണക്കിനു തൊഴിലാളികളും കച്ചവടക്കാരും കരാറുകാരും, വിദേശികളും സ്വദേശികളുമായ മേലുദ്ധ്യോഗസ്ഥന്മാരുമായ് നാട്ടുകവല വനത്തിനു നടുവില്‍ ഒരുകൊച്ചുപട്ടണം‌പോലെ ഉയരുകയായിരുന്നു.

പീരുമുഹമ്മദുസേട്ടു ചിമ്മാരുമറിയത്തിനായ് നിര്‍മ്മിച്ചുനല്‍കിയ മണ്‍പാത വീതികൂട്ടി ടാറിട്ടു. എക്സ്മിലട്ടറി വാഴച്ചാലിവര്‍ഗ്ഗീസ് ചിമ്മാരുമറിയത്തിന്റെ നാച്ചക്ക്രമഞ്ഞക്കിളിയെ മാത്രം തെളിച്ചിരുന്ന വഴിയിലൂടെ അസംഖ്യം നാച്ചക്ക്രവാഹനങ്ങളും അവയെകൂടാതെ ആറും എട്ടും പത്തും ....ചിലപ്പോള്‍ അതിലധികവും ചക്ക്രങ്ങളുള്ള കൂറ്റന്‍ ട്രക്കുകളും ഓടിത്തുടങ്ങി.


കവലയിലെ ഒട്ടുമിക്കആണുങ്ങളും തല്‍ക്കാലത്തേക്ക് കൃഷിപ്പണിക്ക് അവധികൊടുത്തിട്ട് പവ്വര്‍ ഹൗസിന്റെയും അനുബന്ധ പദ്ധതികളുടെയും നിര്‍‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ്.


മറിയത്തിന്റെ പലചരക്കുപീടികയില്‍ തിരക്കിട്ടകച്ചവട‌മായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. ആഴ്ചയില്‍ ഒരു പ്രാവശ്യം തമിഴ്നാട്ടില്‍നിന്നും പലചരക്കെടുക്കാന്‍ ഓട്ടം‌പോയിരുന്ന മഞ്ഞക്കിളിക്ക് ദിവസം രണ്ടു ട്രിപ്പൊക്കെ എടുക്കേണ്ടിവന്നു. വെള്ളച്ചാമിക്കും വര്‍ഗ്ഗീസിനും ലോഡിംഗും അണ്‍ലോഡിംഗുമായ് നടുവൊടിയാത്തദിവസങ്ങള്‍ പിന്നീടുണ്ടായിട്ടില്ലായെന്നുവേണം പറയാന്‍.

ഈ അവസരത്തിലാണ് കാട്ടുമത്തായി എന്ന കരുത്തനായ പുലയ യുവാവിനെ പര്‍ച്ചെയ്സിംഗ് അസിസ്റ്റന്റായ് ഇരുവരും കൂടെകൂട്ടിയത്. ചിമ്മാരുമറിയത്തിന്റെ കച്ചവടം പൂട്ടാനുള്ള ഒരു മുടിഞ്ഞ നിയമനമായ് അത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിണമിക്കുകയും ചെയ്തു.


അന്നൊരുദിവസം തമിഴ്നാട്ടിലെ കമ്പം‌മെട്ടില്‍നിന്നും വണ്ടിനിറയെ സാധനങ്ങളുമായ് മൂവര്‍സംഘം ചുരംകയറിവരുന്നതിനിടയിലാണ് തികച്ചും അനാവശ്യമായ ഒരു ചോദനം എക്സ്മിലിട്ടറിക്കാരനുണ്ടായത്. കാട്ടുമരത്തിന്റെ വേരും തൊലിയിമിട്ട് ആദിവാസികള്‍ വാറ്റിയെടുക്കുന്ന ഒരു തരം ചാരായമുണ്ട് അത് അല്പം കഴിക്കണം. യാത്രക്കിടയില്‍ ഇത്തരം ഔഷധസേവ വര്‍ഗ്ഗീസിനു പതിവാണ്. ഒരു കമ്പനിക്ക് ചിലപ്പോള്‍ വെള്ളച്ചാമിയും കൂടും.

മലകയറ്റം പൂര്‍ത്തിയായിട്ടില്ലാ. ഒരു പ്രത്യേക പോയന്റില്‍ മഞ്ഞക്കിളിയെ ഒതുക്കിയിട്ട് വര്‍ഗ്ഗീസ് ചാടിയിറങ്ങി. വഴിയുടെ ഓരംചേര്‍ന്നുനിന്ന് ആനച്ചൂരുണ്ടോ എന്ന് മണം‌പിടിച്ചുനോക്കി.....ചുറ്റും കാടാണ്.

കാട്ടുമത്തായി ആദ്യമായിട്ടാണീവഴിക്ക് അവനൊന്നും മനസിലായില്ല.

"കൂയ്....കൂയ്.... "

വര്‍ഗ്ഗീസിന്റെ കൂക്കുവിളി കാടുകയറി. അതുവെറുമൊരു വനരോദനമായില്ലാ..

"ഓയ്...ഓയ്.... "

വനത്തില്‍നിന്ന് മറുപടിയും കിട്ടി.

താമസിയാതെ ഒരു മുതുവാന്‍ മുളംകുറ്റികളില്‍ വീര്യമുള്ള റാക്കുമായ് വന്നു. വര്‍ഗീസ് ആവശ്യത്തിനുകുടിച്ചു വെള്ളച്ചാമിയും കുടിച്ചു ബാക്കിവന്നത് കാട്ടുമത്തായിക്കുംകൊടുത്തു.

'ഉള്ള്കത്തണല്ലോ തമ്പ്രാ... ' തീക്കട്ടവിഴുങ്ങിയിട്ടെന്നപോലെ കാട്ടുമത്തായി വായ്‌പിളര്‍ന്നുനിന്നു.അവന്‍ ആദ്യമായിട്ടാണ് മദ്യപിക്കുന്നത്....(അവസാനമായിട്ടും.)

വണ്ടിയില്‍നിന്നും കുറച്ച് പുകയിലയും ചക്കരയും എടുത്തുകൊടുത്ത് മുതുവാനെ തിരിച്ചയച്ചു. ഹാപ്പിയായ് അവന്‍ കാട്ടിലേയ്ക്ക് ഊളിയിട്ടപ്പോള്‍ മൂവര്‍സംഘം വെരിവെരി ഹാപ്പിയായ് യാത്രതുടര്‍ന്നു. പട്ടാളത്തില്‍ വച്ച് കുതിരയ്ക്ക് മൈലേജുകൂട്ടാല്‍ ഉപയോഗിക്കുന്ന റം ഉപയോഗിച്ച് ശീലമുള്ളതിനാല്‍ വര്‍ഗ്ഗീസിനു ഇതൊന്നും പുത്തരിയല്ലായിരിക്കാം. കാട്ടുമത്തായിക്ക് റാക്ക് തലയ്ക്ക്‌പിടിച്ചു...അവനുമത്തായി.

വണ്ടി ചുരം കയറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് വണ്ടിയുടെ മുന്നോട്ടുള്ള ചലനം നിലച്ചു.... പിന്നിലേക്ക് ഉരുളാനാരംഭിച്ചു. വര്‍ഗീസ്സ് ആക്സിലേറ്ററില്‍ കാലുമൊത്തമായ്ഊന്നിയിട്ടും രക്ഷയുണ്ടായില്ലാ. ബ്രേയ്ക്ക് ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല...

'അയ്യോ....ചാടിക്കോ'

അസാമാന്യമെയ് വഴക്കമുണ്ടായിരുന്ന വെള്ളച്ചാമി ഇടതുവശത്തേയ്ക്കും പട്ടാളത്തില്‍ ഡൈവിംങ്ങിനു പ്രത്യേക പരിശീലനം ലഭിച്ചിരുന്ന വര്‍ഗ്ഗീസ് വലതുവശത്തേയ്ക്കും ചാടി രക്ഷപെട്ടപ്പോള്‍ ഈ രണ്ടു മഹാന്മാരുടെയും നടുവിലായിരുന്ന- മെയ്‌വഴക്കമോ മിലട്ടറി പരിശീലനമോ ലഭിച്ചിട്ടില്ലാത്ത കാട്ടുമത്തായിയെയുംകൊണ്ട് മഞ്ഞക്കിളി അഗാധമായ ഗര്‍ദ്ധത്തിലേക്ക് പറന്നിറങ്ങി. അപ്പോഴും ആ യുവാവിന്റെ വലതുകാല്‍ വണ്ടിയുടെ ക്ലച്ചില്‍ അമര്‍ന്നുതന്നെയിരുന്നു. അതുതന്നെയായിരുന്നു അപകടകാരണവും.


വര്‍ഗ്ഗീസ് പിന്നീട് കുറേനാളത്തെക്ക് ഷോക്കിലായിരുന്നു. ചിമ്മാരുമറിയത്തിനെ അഭിമുഖീകരിക്കാനുള്ള പേടികൊണ്ട് നാട്ടുകവലയിലേക്ക് വരാന്‍പോലും അയാള്‍ മടിച്ചു. പട്ടംകോളനിയില്‍ തനിക്കു സര്‍ക്കാരനുവദിച്ചുതന്ന ഭൂമിവിറ്റ് ആ കാശുമായാണ് ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടുകവലയില്‍ മറിയത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

മറിയം ആ കാശുവാങ്ങിയില്ല വര്‍ഗ്ഗീസിനെ ശകാരിച്ചുമില്ലാ. കാട്ടുമത്തായിയുടെ കുടുമ്പത്തിനു കഴിയുന്ന സഹായം ചെയ്യാന്‍ പറഞ്ഞു അത്രമാത്രം.


മറിയം പിന്നീട് വണ്ടിവാങ്ങിയില്ലാ. പലചരക്ക് പീടിക തുടര്‍ന്ന് നടത്തിയുമില്ല. മറിയം നാട്ടുകവലയില്‍ പീടിക തുറന്നത് തനിക്കുവേണ്ടിയല്ലാ അവിടുത്തെ പാവങ്ങള്‍ക്കുവേണ്ടിയാണ്....വണ്ടിവാങ്ങിയത് തനിക്കുവേണ്ടിയല്ലാ പീടികയുടെ നടത്തിപ്പിനുവേണ്ടിയാണ്. ഇപ്പോള്‍ നാട്ടുകവല സ്വയം പര്യാപ്തതയിലെത്തിയിരിക്കുന്നു...ഇനി ചിമ്മാരുമറിയത്തിന്റെ പീടികയോ, മഞ്ഞക്കിളിയോ അവിടെ ആവശ്യമില്ലാ.


ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ പണിപൂര്‍ത്തിയായ മുറയ്ക്ക് വെള്ളത്തൂവല്‍ വീണ്ടുമൊരു വന്‍ പദ്ധതിക്കു വേദിയാവുകയായ്....

പന്നിയാര്‍ ജലവൈദ്യുതപദ്ധതി.

മുതിരപ്പുഴയിലെ വെള്ളം വെറുതെ ഒഴുകിപോയതുകൊണ്ട് ആര്‍ക്ക്‌ഗുണം, വെള്ളത്തൂവലില്‍ നിന്നും ആറുകിലോമീറ്റര്‍ കിഴക്ക് പൊന്മുടിയില് വലിയ അണക്കെട്ടും അതിനോടനുബന്ധിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായ് പന്നിയാര്‍ പദ്ധതി പുരോഗമിക്കുന്നു....

ആദിവസങ്ങളിലാണ് പൈലോ നാട്ടുകവലയില്‍ വന്നിറങ്ങിയത്.


(തുടരും)

16 comments:

(സുന്ദരന്‍) said...

തടവറയില്‍നിന്നും മോചിതയാകുന്ന പുഴ കീഴ്ക്കാംതൂക്കായമലഞ്ചെരുവിലൂടെ വിതാനിച്ച ഭീമന്‍ പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൂടെ അന്തം‌വിട്ടൊരു പാച്ചിലാണ് വെളിച്ചംകാണാതെയുള്ള മരണപ്പാച്ചില്‍.... നാട്ടുകവലയുടെ താഴ്വാരത്തിലെ പവ്വര്‍ഹൗസില്‍ ഒരുക്കിയ നാലു ജലച്ചക്രങ്ങളുടെമേല്‍ കരുത്തും കലിയുമടക്കി പുഴ വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് കടക്കും.... അവിടെ ചോരുന്ന പുഴയുടെ ഒഴുക്കിനെ ലോഹനിര്‍മ്മിത ചാലകങ്ങളില്‍ ആവാഹിച്ചെടുക്കുമ്പോള്‍ അത് നാടിനു വെളിച്ചമാക്കും

ആവനാഴി said...

ഹൈ സുന്ദര്‍,

തുടരന്‍ വായിച്ചു. ചരിത്രം ചുരുളഴിയുന്നു. പെരുത്ത് വായനാസുഖം നല്‍കുന്ന ആഖ്യായിക.

അടുത്തതിനായി കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി.

ശാലിനി said...

ഈ പോസ്റ്റ് നന്നായിട്ടുണ്ട്. വല്യപ്പച്ചന്‍ പറഞ്ഞുതന്നതാണെങ്കീലും ഇത്രയും നന്നായി അത് അവതരിപ്പിക്കുന്നുണ്ടല്ലോ!

ഇതു വായിച്ചു വായിച്ച് മുതിരപ്പുഴയും നാട്ടുകവലയുമൊക്കെ നല്ല പരിചയം.

അപ്പോ വര്‍ഗ്ഗീസ് അപ്പച്ചന്‍ മറിയത്തെവിട്ടുപോയോ?

ഇക്കാസ് മെര്‍ച്ചന്റ് said...

ഈ ലക്കം പതിവിലും സൂപ്പറായി മാപ്ലെ. അഭിവാദ്യങ്ങള്‍.

Jishad said...

ഇതും ഇഷ്‌ടമായി. ശരിക്കും ചരിത്രകാരന്‍ തന്നെ.

sandoz said...

മുതിരപ്പുഴയെ വര്‍ണ്ണിച്ചിരിക്കുന്ന ഭാഗമുണ്ടല്ലോ.....വാഹ്‌..
എന്നാ മൊതലാ....
ഡണ്‍...സൂപ്പറെടാ....

G.manu said...

Best episode sundara. charithrakhyaanam chandanasamam..great

എതിരന്‍ കതിരവന്‍ said...

സുന്ദരാ, ബ്ലോഗിലെ അതിസുന്ദരനായി മാറുകയാണല്ലൊ.

വാക്കുകള്‍ക്കും എന്തു ഭംഗി!

ആഷ | Asha said...

സുന്ദരാ, ശാലിനി പറഞ്ഞ പോലെ ഇതു വായിച്ചു വായിച്ചു ഇപ്പോ നാട്ടുകവല വളരെ പരിചിതമായി കഴിഞ്ഞിരിക്കുന്നു.
ആ മുതിരപ്പുഴയെ വര്‍ണ്ണിച്ച ഭാഗം വളരെ ഇഷ്ടപ്പെട്ടു. സുന്ദരന്റെ തൂലികയ്ക്ക് എന്തും വഴങ്ങുമെന്നു തെളിയിച്ചിരിക്കുന്നു. ആരാണാവോ ഈ പൈലോ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരോ...
സുന്ദര്‍ക്കവലയുടെ ജൈത്രയാത്ര തുടരട്ടെ.
പൈലോക്ക് സ്വാഗതം.

കുതിരവട്ടന്‍ :: kuthiravattan said...

മത്തായിക്ക് മത്ത് ആയി അല്ലേ :-) ഒരു സംശയം, പുലയ യുവാവിനു മത്തായി എന്ന പേര്‍ എങ്ങനെ വന്നു?

കുറുമാന്‍ said...

പൈലോയുടെ നഷ്ടപെട്ടിരുന്ന (ഇല്ലാതിരുന്ന) പത്ത് പൈസ തിരികെ കിട്ടിയോ? വേഗം വരട്ടെ സുന്ദരാ 24, 25, 26..............40 :)

ശാലിനി said...

സുന്ദരാ, എവിടെപ്പോയി?

പൈലോയെ കൊണ്ടുവരാന്‍ പോയിട്ട് എന്തുപറ്റി?

കാര്‍വര്‍ണം said...

പൈലൊയെ കാത്തു കണ്ണു കഴചല്ലോ സുന്ദരാ, വേഗം വരൂ...

വാത്മീകി said...

ഇതിപ്പോഴാണ് കണ്ടത്. നന്നയിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

(സുന്ദരന്‍) said...

chimmaaru 24 posted on 17.10.