Tuesday 11 September 2007

ചിമ്മാരുമറിയം - 22

കേരളപ്പിറവി (ചിമ്മാരുമറിയം - 22)

തന്നെ ഏല്പ്പിച്ച ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ നെടുങ്ങാടിയച്ചന്‍ നാട്ടുകവലയില്‍ പള്ളിപണി ആരംഭിക്കാനുള്ള അവസാനവട്ടചര്‍ച്ചയ്ക്ക് ചിമ്മാരുമറിയത്തിനടുത്തിരുന്നു. കടുപ്പമുള്ള വട്ടമേശപോലെ നാട്ടുകവലപാറപ്പുറം അവര്‍ക്കുമുമ്പില്‍.

നാട്ടുകവലയില്‍ കുടിയേറിയിരിക്കുന്നവരില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്... അവരെല്ലാം ഒരുകുടുമ്പത്തിലെ അംഗങ്ങളെപ്പോലെയാണ് കഴിഞ്ഞുവരുന്നത്. അവരുടെ ഇടയില്‍ ഒരു പള്ളി പണിതുയര്‍ത്തിയാല്‍ അതു മനുഷ്യനെ തമ്മിലടുപ്പിക്കുകയല്ല പകരം തമ്മിലടിപ്പിക്കുകയെയുള്ളുവെന്നും ഇല്ലാത്ത അതിരുകള്‍ തീര്‍ത്ത് ഓരോരുത്തരും തന്നിലെക്കുതന്നെതിരിയാനും അതു കാരണമാകുമെന്നുമായിരുന്നു ചിമ്മാരുമറിയത്തിന്റെ അഭിപ്രായം.

ചുരുക്കത്തില്‍ നാട്ടുകവലയെന്ന വാഗ്ദാനഭൂമിയില്‍ തല്‍കാലം പള്ളിയോ അമ്പലമോ മോസ്കോ ഒന്നും മറിയം അനുവദിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ താന്‍ എല്ലുമുറിയെ പണിയെടുത്ത് ആദ്യമായ് സ്വന്തമാക്കിയ മണ്ണ്... കല്ലാറുകുട്ടിപ്പുഴയുടെ തീരത്തുള്ള അഞ്ചേക്കര്‍ ഭൂമി, അത് ഇഷ്ടദാനമായ് മറിയം പള്ളിക്കുനല്‍കി.

"ഞാന്‍ അവിടെപ്പോയ് പള്ളിവച്ചോളാം...പക്ഷേ നിങ്ങളൊന്നോര്‍ക്കണം മറിയാമ്മോ. മരിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ശരീരം അവിടെവരെ എടുത്തുകൊണ്ടുവരേണ്ടിവരും തിരുകര്‍മ്മങ്ങളുചെയ്ത് മറവുചെയ്യാന്‍... ഇവിടെ ഒരു പള്ളിവച്ചാല്‍ വെറുതെ ആളുകളെ കഷ്ടപ്പെടുത്തണോ...." നെടുങ്ങാടിയച്ചന്‍ അവസാനത്തെ അമ്പയച്ചുനോക്കുകയാണ്.

"മനുഷ്യാ നീ മണ്ണാകുന്നു...നീ മണ്ണിലേക്ക് മടങ്ങും എന്നാ തമ്പുരാന്‍പറഞ്ഞിരിക്കുന്നതച്ചോ...ഞാന്‍ ഈ മണ്ണിലേക്ക് മടങ്ങിക്കോളാം... എന്നെ ആരും പള്ളിയിലേക്കെടുക്കേണ്ടാ...."

മറിയം ചര്‍ച്ച അവസാനിപ്പിച്ചു.

അഞ്ചേക്കര്‍ ഭൂമിയുടെ ആധാരവുമായ് നെടുങ്ങാടിയച്ചന്‍ മലയിറങ്ങിയപ്പോള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.... സുഹൃദജപമായിരിക്കില്ലാന്ന് നിശ്ചയം.

'ഇതൊരുമാതിരി മറ്റേപരിപാടിയായിപ്പോയ്' എന്നായിരിന്നിരിക്കുമോ...ആവോ.

മറിയത്തിന്റെ വിയര്‍പ്പ് ആദ്യം‌വീണമണ്ണില്‍ താമസിയാതെ ഒരു ദേവാലയം സ്ഥാപിതമായ്...
(കാലക്രമത്തില്‍ അല്പം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറിയെങ്കിലും ആ ദേവാലയം ഇന്നും നിലനില്‍ക്കുന്നു.)

നാട്ടുകവല വളരുകയായിരുന്നു....

ചിമ്മാരുമറിയം ദാനമായ് നല്‍കിയ ഭൂമിയെ കുടിയേറ്റ കര്‍ഷകര്‍ കീഴ്മേല്‍ മറിച്ചു. വന്മരങ്ങളുടെ കുറ്റിയും വേരും പിഴുതും, കല്ലുടച്ച് കയ്യാലകള്‍ തീര്‍ത്തും പുതുമണ്ണിനെ അവര്‍ പരുവപ്പെടുത്തി. അവരുടെ വിയര്‍പ്പുമണികള്‍ മണ്ണിനീര്‍പ്പം കൂട്ടിയപ്പോള്‍ മണ്ണിലെറിഞ്ഞ വിത്തുകളെല്ലാം കരുത്തോടെ മുളച്ചുപൊന്തി.

ആണും പെണ്ണും തോളോടു തോള്‍ചേര്‍ന്നു മുന്നേറിയപ്പോള്‍ അതിരുകളും അവകാശികളുമില്ലാതെ കിടന്ന കാട് അവരുടെ കരുത്തിനുമുമ്പില്‍ പിന്നെയും വഴിമാറിക്കൊടുത്തു, കൃഷിയിടങ്ങള്‍ വളര്‍ന്നു. അവര്‍ മണ്ണില്‍ വിതച്ചവിത്തുകള്‍പോലെതന്നെ മാംസത്തില്‍ വിതച്ചവിത്തുകളും കുരുത്തപ്പോള്‍ നാട്ടുകവലയ്ക്ക് കൂടുതല്‍ അവകാശികളുമുണ്ടായ്.


എല്ലാം നോക്കിക്കണ്ട്കൊണ്ട് ചിമ്മാരുമറിയം എന്നും കുറേനേരം മലമുകളിലിരിക്കും. താഴ്വരയിലാകെ ചെറിയ ചെറിയ വീടുകള്‍. വീടുകള്‍ക്ക് ചുറ്റും പച്ചപ്പിന്റെ സമൃദ്ധി. വീട്ടുമുറ്റത്ത് കുട്ടികളുടെ കളിചിരികള്‍....

ഇനി ഏറെകാലം ഈ കാഴ്ചകള്‍ കണ്ടിരിക്കാനാവില്ലാ... മുള്ളുമുരിക്കിലൂടെ കുരുമുളകുവള്ളികള്‍ വളരുകയല്ലാ....ഒഴുകുകയാണ്, മേലോട്ട്. മാവും പ്ലാവും കാപ്പിയും അടയ്ക്കാമരവും തെങ്ങുമെല്ലാം ചേര്‍ന്ന് മറിയത്തിനുമുമ്പില്‍ പച്ചപ്പിന്റെ മതില്‍കെട്ട് തീര്‍ക്കുകയാണ്. കാഴ്ചകളെ കണ്ണില്‍നിന്നും മറച്ചാലും ആ മതില്‍കെട്ടിനുള്ളില്‍ നിന്നും സമൃദ്ധിക്ക് പുറത്തേക്കിറങ്ങാന്‍‍ പഴുതുകളുണ്ടാവില്ല. അതായിരുന്നു മറിയം ആഗ്രഹിച്ചതും.


തിരുക്കൊച്ചിയുടെ ചരിത്രത്തിലാദ്യമായ് ന്യായവിലഷോപ്പ് തുടങ്ങിയത് ചിമ്മാരുമറിയം ആയിരിക്കണം. ഒരു പൈസപോലും ലാഭമെടുക്കാതയാണ് മറിയം നാട്ടുകവലയില്‍ നിത്യോപയോഗസാധനങ്ങള്‍ വിറ്റഴിച്ചിരുന്നത്.
കച്ചവടകാര്യങ്ങളുടെ മേല്‍നോട്ടം വെള്ളച്ചാമിക്കായിരുന്നു. മഞ്ഞക്കിളിയെ പറപ്പിച്ചു ഒപ്പം വര്‍ഗ്ഗീസുമുണ്ടാവും. മൂന്നാറില്‍നിന്നും കോതമംഗലത്തുനിന്നും തമിഴ്നാട്ടിലെ ബോഡി, കംപം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം മുടക്കം കൂടാതെ പലചരക്കുകള്‍ നാട്ടുകവലയിലെത്തിയിരുന്നതിന്റെ മിടുക്ക് ഇവര്‍ക്കു രണ്ടാള്‍ക്കുമായിരുന്നു.


മറിയത്തോടുള്ള സഹവാസം വെള്ളച്ചാമിയില് ഏറെ മാറ്റങ്ങള്‍ വരുത്തി. കാട്ടുമൃഗങ്ങളുടെ പുറകെയുള്ള അന്തം‌വിട്ട ഓട്ടമെല്ലാം നിറുത്തി ഒരു വിശ്വസ്തനായ സഹചാരിയായ് അയാള്‍ മറിയത്തോടൊപ്പം നിന്നു.
വാഴച്ചാലി വര്‍ഗ്ഗീസ്സ് മാത്രമായിരുന്നു മറിയത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പംവളരാന്‍ കൂട്ടാക്കാതെനിന്ന ഒരേയൊരു വ്യക്തി.

ഒരു ഡ്രൈവര്‍ എന്നനിലയില്‍ മിടുമിടുക്കന്‍...പക്ഷെ ഒഴിവുസമയങ്ങളില്‍ തനിക്കുകിട്ടിയ ഭൂമിയില്‍ ഒരു തൂമ്പയെടുത്ത് കൊത്താന്‍പോലും അയാള്‍ കൂട്ടാക്കിയില്ലാ. അബദ്ധ‌വശാലെങ്ങാനും ഒരു തൂമ്പകയ്യിലെടുത്താല്‍ വണ്ടിയുടെ ഗിയര്‍ മാറുന്നതുപോലെ അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് നിന്ന് പട്ടാളക്കഥകള്‍ പറഞ്ഞുതുടങ്ങും. ചുരുക്കത്തില്‍ വര്‍ഗ്ഗീസ് പണിക്കിറങ്ങിയാല്‍ പണിയെടുക്കുന്നവര്‍ പോലും പണിനിര്ത്തി കഥയും കേട്ടുനില്‌പാകും.


ഒരിക്കല്‍ രണ്ടാംലോകമയായുദ്ധത്തിന്റെ ചരിത്രവും പറഞ്ഞ് കുറേആളുകളുടെ ജോലിയും തടസപ്പെടുത്തി നില്‍ക്കുന്ന നേരത്ത് അപ്രതീക്ഷിതമായ് ചിമ്മാരുമറിയം ശകാരത്തിന്റെ ആറ്റം‌ബോമ്പുകള്‍ വര്‍ഷിച്ചുകൊണ്ട് വര്‍ഗ്ഗീസിനുമുമ്പില്‍ ചാടിവീണു. ചരിത്രം മുഴുവനും കേട്ടില്ലായെങ്കിലും എങ്ങിനെയാണ് സഖ്യകക്ഷികളുടെ മുമ്പില്‍ ജര്‍മ്മിനി തോറ്റോടിയെതെന്ന് ചുറ്റും നിന്നവര്‍ അന്നു കണ്ടുമനസിലാക്കി.


ഒരു കര്‍ഷകപുത്രനായ് ജനിച്ച് കര്‍ഷകനായ് വളര്‍ന്ന മനുഷ്യനെ മണ്ണിനോട് അലര്‍ജിയുള്ളവനാക്കിയതിനു ഉത്തരവാധികള്‍ ആരാണ്... ബ്രിട്ടീഷ് പട്ടാളമേതാവികളോ...ഇന്ത്യന്‍ പട്ടാളമേതാവികളോ... ഉത്തരമില്ലാത്ത ചോദ്യമായ് അതിന്നും അവശേഷിക്കുന്നു.


നാട്ടുകവല ഉണ്ടായ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഭാഷയുടെഅടിസ്ഥാനത്തിലുള്ള ഉടച്ച്‌വാര്‍ക്കല്‍ ഇന്ത്യയൊട്ടാകെ നടന്നത്. തിരുവിതാംകൂറും കൊച്ചിയും മലബാറും എല്ലാം ചരിത്രത്തിന്റെ താളുകളിലേക്കൊതുങ്ങിയപ്പോള്‍ കേരളം പിറക്കുകയായ്. മലയാള ഭാഷ സംസാരിക്കുകയും തേങ്ങയും വെളിച്ചെണ്ണയും ഒരുപാടുപയോഗിക്കുകയും ചെയ്യുന്നവര്‍ക്കായുള്ള സംസ്ഥാനം.

മൂന്നാറിലെയും പരിസരങ്ങളിലേയും ‍തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും ജോലിക്കായ് എത്തിയിരുന്നവരില്‍ ഏറിയ ഭാഗവും തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. തോട്ടം മേഘലയിലെ തമിഴരുടെ ഈ ഭൂരിപക്ഷം മൂന്നാറുള്‍പ്പെടെയുള്ള ഹൈറേഞ്ചിന്റെ വലിയൊരു ഭാഗം തമിഴ്നാട്ടില്‍ ലയിക്കുന്നതിനുള്ള വഴിമരുന്നിട്ടു.


കന്യാകുമാരി തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍പോലും മലയാളിക്ക് ഇത്ര നഷ്ടമോ ദു:ഖമോ തോന്നിയില്ലാ... കേരളം ഒരു ഭ്രാന്താലയമാണെന്നു പരസ്യമായ് വിളിച്ച സ്വാമിയുടെ ഇരിപ്പിടമല്ലെ ....അതു തമിഴ്നാടെടുത്തോട്ടെ എന്നായിരുന്നിരിക്കാം ശരാശരിമലയാളിയുടെ കാഴ്ചപ്പാട്...പക്ഷെ മൂന്നാറെങ്ങിനെ വിട്ടുകൊടുക്കും.


തമിഴരും മലയാളികളും ഏറ്റുമുട്ടലുകള്‍ ആരംഭിച്ചപ്പോള്‍ അവസാന വിധിപറയാനായ് അധികാരികള്‍ തലയെണ്ണം നോക്കാന്‍ തീരുമാനിച്ചു.


നിലവിലുള്ള കണക്കിന്‍പ്രകാരം തമിഴുപേശുന്നവര്‍ മലയാളം പറയുന്നവരെക്കാള്‍ അല്പം കൂടുതലായ് കണ്ടെത്തി. ഇതു തമിഴ്നാടെന്നും പറഞ്ഞ് സഹ്യന്റെ വിരിമാറിലൂടെ ചെമപ്പുമഷിക്ക് അതിരുവരച്ചുതുടങ്ങിയതായിരുന്നു മേലാളന്മാര്‍........


അപ്പോഴാണ് ഇതുവരെ കണക്കില്‍ പെടാതെകിടക്കുന്ന ഒരു കുടിയേറ്റഗ്രാമത്തിന്റെ വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചത്. അത് ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയല്ലാതെ മറ്റൊന്നുമായിരുന്നില്ലാ... അവിടെ നിന്നും തമിഴ്സംസാരിക്കുന്ന ഒരാളെപ്പോലും കിട്ടിയില്ലാ....വെള്ളച്ചാമിപോലും അവിടെ മലയാളം സംസാരിച്ചുതുടങ്ങിയിരുന്നു...... ഫലമോ തോട്ടം മേഘലയില്‍ മലയാളികള്‍ ഭൂരിപക്ഷംനേടുകയും മൂന്നാര്‍ കേരളത്തില്‍ ചേര്‍ക്കപ്പെടുകയുംചെയ്തു.


ചിമ്മാരുമറിയമോ നാട്ടുകവലയിലെ കുടിയേറ്റക്കാരോ മലയാളക്കരയ്ക്കായ് തങ്ങള്‍ നേടിയെടുത്തതെന്താണെന്ന് അന്നൊന്നും അറിഞ്ഞിട്ടുണ്ടാവില്ലാ.
തിരുവിതാംകൂറായാലും തിരുക്കൊച്ചിയായാലും കേരളമായാലും തമിഴ്നാടായാലും അവര്‍ക്കെന്താ....പട്ടിണികൂടാതെ ജീവിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചെ അവര്‍ചിന്തിക്കുന്നൊള്ളു.... സ്വന്തം കൃഷിഭൂമിയുടെ അതിരിനെപ്പറ്റിയോ അളവിനെപ്പറ്റിയോപോലും അവര്‍ക്ക് നിശ്ചയമില്ലാ. പിന്നെ എങ്ങിനെയാണവര്‍ നാടിന്റെ അതിരിനെക്കുറിച്ച ആകുലപ്പെടുന്നത്.


(തുടരും)

12 comments:

(സുന്ദരന്‍) said...

കന്യാകുമാരി തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍പോലും മലയാളിക്ക് ഇത്ര നഷ്ടമോ ദു:ഖമോ തോന്നിയില്ലാ... കേരളം ഒരു ഭ്രാന്താലയമാണെന്നു പരസ്യമായ് വിളിച്ച സ്വാമിയുടെ ഇരിപ്പിടമല്ലെ ....അതു തമിഴ്നാടെടുത്തോട്ടെ എന്നായിരുന്നിരിക്കാം ശരാശരിമലയാളിയുടെ കാഴ്ചപ്പാട്...പക്ഷെ മൂന്നാറെങ്ങിനെ വിട്ടുകൊടുക്കും.

G.manu said...

hai hai.....hai......katha kettu katha kettu..... kathirippu..

vidu adutha episode..

ശാലിനി said...

സുന്ദരാ,ചരിത്രം എന്നും ഒരു കീറാമുട്ടിയായിരുന്നു എനിക്ക്. ഇത്രയും ക്ഷമയോടെ ചരിത്രം വായിപ്പിക്കുന്നതിന് നന്ദി.

ശരിക്കും മൂന്നാര്‍ ചിമ്മാരുമറിയത്തിന്റെ കുടിയേറ്റഭൂമികാരണമാണോ കേരളത്തില്‍ ചേര്‍ത്തത്? ആ കന്യാകുമാരിയെകുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ടു.

“മുള്ളുമുരിക്കിലൂടെ കുരുമുളകുവള്ളികള്‍ വളരുകയല്ലാ....ഒഴുകുകയാണ്, മേലോട്ട്. മാവും പ്ലാവും കാപ്പിയും അടയ്ക്കാമരവും തെങ്ങുമെല്ലാം ചേര്‍ന്ന് മറിയത്തിനുമുമ്പില്‍ പച്ചപ്പിന്റെ മതില്‍കെട്ട് തീര്‍ക്കുകയാണ്. കാഴ്ചകളെ കണ്ണില്‍നിന്നും മറച്ചാലും ആ മതില്‍കെട്ടിനുള്ളില്‍ നിന്നും സമൃദ്ധിക്ക് പുറത്തേക്കിറങ്ങാന്‍‍ പഴുതുകളുണ്ടാവില്ല.“ കണ്ണടച്ചിരുന്ന് ഇതൊന്ന് കാണാന്‍ ശ്രമിക്കുകയായിരുന്നു. ആ പച്ചപ്പ് ഉള്ളില്‍നിന്ന് പോകുന്നില്ല.

വേണു venu said...

അത് ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയല്ലാതെ മറ്റൊന്നുമായിരുന്നില്ലാ... അവിടെ നിന്നും തമിഴ്സംസാരിക്കുന്ന ഒരാളെപ്പോലും കിട്ടിയില്ലാ....വെള്ളച്ചാമിപോലും അവിടെ മലയാളം സംസാരിച്ചുതുടങ്ങിയിരുന്നു...... ഫലമോ തോട്ടം മേഘലയില്‍ മലയാളികള്‍ ഭൂരിപക്ഷംനേടുകയും മൂന്നാര്‍ കേരളത്തില്‍ ചേര്‍ക്കപ്പെടുകയുംചെയ്തു.
ഇതൊരു പുതിയ അറിവാണു സുന്ദരാ. ചരിത്രകാരന്മാര്‍ക്കു് പഠിക്കാന്‍‍ ഈ കുറിപ്പുകളില്‍‍ പലതുമില്ലേ. തുടരുക.:)

SAJAN | സാജന്‍ said...

സുന്ദരാ, എഴുത്ത് പതിവു പോലെ നന്നായി കൂട്ടത്തിലുള്ള ഈ ചരിത്ര പഠനവും ഇഷ്ടപ്പെട്ടു:)

sandoz said...

സുന്ദരാ...കൂടെയുണ്ട്‌.....

ആവനാഴി said...

ഹായ് സുന്ദര്‍,

എന്നെ ആകര്‍ഷിച്ചത് മറ്റാരുമായിരുന്നില്ല; ചിമ്മാരു മറിയം എന്ന വനിതയായിരുന്നു. പള്ളിയും, അമ്പലവും മോസ്കുമെല്ലാം മനുഷ്യനെ മതത്തിന്റെ ചട്ടക്കൂട്ടില്‍ തളച്ചിടുന്ന ചെങ്ങലകളാണെന്നു അന്നേ മറിയം പറഞ്ഞു.

മറിയത്തിന്റെ തത്വശാസ്ത്രം മനുഷ്യനന്മ മാത്രമായിരുന്നു. മണ്ണില്‍ ജനിച്ച മനുഷ്യന്‍ മണ്ണോടു തന്നെ ചേരും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കൃസ്ത്യാനിക്കു സ്വര്‍ഗ്ഗരാജ്യം കിട്ടാന്‍ മൃതദേഹം പള്ളിയില്‍ത്തന്നെ അടക്കം ചെയ്യണം എന്ന കാര്യത്തില്‍ മറിയത്തിനു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

അവള്‍ പറഞ്ഞു:“...ഞാന്‍ ഈ മണ്ണിലേക്ക് മടങ്ങിക്കോളാം... എന്നെ ആരും പള്ളിയിലേക്കെടുക്കേണ്ടാ...."

തന്റെ വിയര്‍പ്പുതുള്ളികള്‍ വീണു നനഞ്ഞ മണ്ണില്‍ മുള്ളുമുരുക്കിലൂടെ മുകളിലേക്കു “ഒഴുകി” യൊഴുകിപ്പോകുന്ന കുരുമുളകു വള്ളികളും, മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന പ്ലാവുകളും മാവുകളും തെങ്ങുകളും കമുകളുമെല്ലാം നിറഞ്ഞ ആ തൊടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നതിനേക്കാള്‍ സ്വര്‍ഗ്ഗം ലഭിക്കുന്നത് ഭൂമിയുടെ വേറേതു മൂലയിലാണ്! അതായിരുന്നു ചിമ്മാരു.

സുന്ദര്‍, ചരിത്രത്തിന്റെ ഏടുകള്‍ കസവുനൂലുകളെപ്പോലെ മെനഞ്ഞുചേര്‍ത്ത താങ്കളുടെ ആഖ്യായിക കേരളസംസ്ഥാനരൂപീകരണത്തിന്റെ ചരിത്രപരമായ ഇടനാഴികളിലേക്കു വെളിച്ചം വീശുന്നു.

മനോഹരമായ ആഖ്യാനചാതുരി താങ്കള്‍ക്ക് കരതലാമലകം പോലെയാണല്ലോ. ഹാസ്യവും അതോടൊപ്പം ഗൌരവമായ പ്രതിപാദനശൈലിയും ഒരുപോലെ കൈകാര്യം ചെയ്യുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍!

തുടരൂ, ഒട്ടും വൈകാതെ.

സസ്നേഹം
ആവനാഴി.

കുതിരവട്ടന്‍ :: kuthiravattan said...

:-)

കൊച്ചുത്രേസ്യ said...

തുടരനാണ്‌ എന്നുള്ള ഒറ്റ കാരണം കൊണ്ടാ ഇതു വരെ ചിമ്മാരുമറിയത്തിനെ മൈന്റാക്കതിരുന്നത്‌. ഇതിപ്പോ സുന്ദരന്റെ തമാശപോസ്റ്റുകളൊക്കെ വായിച്ച്‌ അബദ്ധത്തിലിവിടേം എത്തിപ്പെട്ടു. പിന്നൊരു മാരത്തോണ്‍ വായനയായിരുന്നു. ചുമ്മാ ഇഷ്ടപ്പെട്ടുന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും. അതിഭയങ്കരമായി ഇഷ്ടപ്പെട്ടൂന്ന്‌ തന്നെ പറയാം. വെല്ലിച്ചനും അമ്മച്ചീമൊക്കെ പറയുന്ന കുടിയേറ്റ-വീര കഥകള്‍ അന്തം വിട്ടിരുന്ന്‌ കേള്‍ക്കുന്ന അതേ പ്രതീതിയാണ്‌ ഇതു വായിച്ചപ്പോഴുണ്ടായത്‌. ബാക്കിയുള്ള ഭാഗങ്ങളും കുടി പെട്ടെന്നു പോസ്റ്റൂ(തുടരന്‍ തന്നെ വേണമെന്നില്ല കേട്ടോ. പത്തു-പതിനഞ്ചു പേജുള്ള ഒറ്റ പോസ്റ്റായാലും മതി)
-ഒരു ചിമ്മാരുമറിയം ഫാന്‍

sathees makkoth | സതീശ് മാക്കോത്ത് said...

സുന്ദരാ,
എത്ര ലളിതവും ഭംഗിയായുമാണ് ചരിത്രമെഴുതിയിരിക്കുന്നത്.കൊള്ളാം.

ഇക്കാസ് മെര്‍ച്ചന്റ് said...

വായിക്കുന്നുണ്ട്ട്ടാ.. സൌകര്യം പോലെ ബാക്കി എഴുത് ബെന്ന്യാപ്ലേ..

ആഷ | Asha said...

സുന്ദരാ അങ്ങനെ ചരിത്രകഥകള്‍ പറഞ്ഞ് ഇതങ്ങനെ മുന്നോട്ടു പോവട്ടെ.