Thursday, 6 September, 2007

ചിമ്മാരുമറിയം - 21

ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി (ചിമ്മാരുമറിയം - 21)നാട്ടുകവലയില്‍ ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ആഹാരാവശ്യങ്ങള്‍ക്കുവേണ്ടുന്ന സാധനങ്ങളുടെ ദൗര്‍ലഭ്യമായിരുന്നു ആദ്യകാല പ്രതിസന്ധികളില്‍ മുഖ്യം.

അരിയും മറ്റുപലവ്യഞ്ചനങ്ങളും വാങ്ങാന്‍ ദിവസങ്ങളോളം നീണ്ടയാത്രതന്നെ വേണ്ടിയിരുന്നതിനാല്‍ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. തമിഴ്നാട്ടില്‍നിന്നും ഇത്യാതി വ്സ്തുക്കള്‍ തലച്ചുമടായ് കൊണ്ടുവന്ന് കുടിയേറ്റഗ്രാമങ്ങളില്‍ കഴുത്തറപ്പന്‍ വിലയ്ക്കു വില്‍ക്കുന്ന അണ്ണാച്ചിമാരെ ആശ്രയിച്ചു കൂടുതല്‍ കാലം മുന്നോട്ടുപോകാനാവില്ലാ എന്ന ഘട്ടമായ്.


പ്രശ്നത്തിനു ശാശ്വതമായ ഒരു പരിഹാരംകാണാന്‍ ചിമ്മാരുമറിയം തലപുകഞ്ഞ് നടക്കുന്ന നേരത്താണ് നെടുങ്ങാടിയച്ചന്‍ മലകയറി എത്തുന്നത്.

ഹൈറെഞ്ചിലെ കുടിയേറ്റമേഘലകളില്‍ പള്ളികള്‍ സ്ഥാപിച്ച് ജനങ്ങളെ വിശ്വാസജീവിതത്തില്‍ നിന്നും അകന്നുപോകാതെ പിടിച്ചുനിര്‍ത്തുക എന്ന ഭാരിച്ച് ദൗത്യമാകുന്ന കുരിശ് പാവം കൊച്ചച്ചന്മാരുടെ ചുമലില്‍ വച്ചുകൊടുത്തിട്ട് മെത്രാനച്ചന്‍ അരമനയിലിരുന്ന് കൈചൂണ്ടും; ഗാഗുല്‍ത്താമലയിലും മുന്തിയ ഇനം മലകളിലേക്ക്. അവിടെയാകട്ടെ കുടിയേറിയിരിക്കുന്നതില്‍ ഭൂരിഭാഗവും യൂദാസ്,പീലാത്തോസ്, കയ്യാഫാസ് പിന്മുറയില്പെട്ടവരും. ചിമ്മാരുമറിയത്തെ സ്വാധീനിച്ച് നാട്ടുകവലയില്‍ ഒരു പള്ളി സ്ഥാപിക്കാം എന്ന ശുഭപ്രതീക്ഷയുംകൊണ്ടാണ് നെടുങ്ങാടിയച്ചന്‍ കഷ്ടപ്പെട്ടു മലകയറിവന്നതുതന്നെ.


"ആദ്യം വിശക്കുന്നവനു ആഹാരംകൊടുക്കണമച്ചോ..... വയറെരിയണ മനുഷേന്മാര് വേദം കേള്‍ക്കാന്‍ നിന്നുതരൂല്ലാ..."

ചിമ്മാരുമറിയത്തെ അനുഭവം പഠിപ്പിച്ച ദൈവശാസ്ത്രവും നെടുങ്ങാടിയച്ചന്‍ സെമിനാരിയില്‍ പഠിച്ച ദൈവശാസ്ത്രവും തമ്മില്‍ നാട്ടുകവല പാറപ്പുറത്തിരുന്നേറ്റുമുട്ടി.

അവസാനം അച്ചന്‍ തോറ്റു....ആദ്യം കവലയില്‍ ഒരു പലവ്യജ്ഞനക്കട...അതിനു ശേഷം പള്ളി പണിയുടെ കാര്യം ആലോചിക്കാം. മറിയം വിധികല്പ്പിച്ചു.


നാട്ടുകവലയില് കടയുടെ നിര്‍മ്മാണമെല്ലാം കഴിഞ്ഞപ്പോള്‍ പുതിയ പ്രതിസന്ധി തലപൊക്കി. ഏറ്റവും അടുത്ത ചന്ത മൂന്നാറിലാണുള്ളത്. അവിടെനിന്നും മൊത്തമായ് വാങ്ങുന്ന സാധനങ്ങള്‍ കവലയിലെത്തിക്കുമ്പോള്‍ ചുമട്ടുകൂലിയും വണ്ടിക്കൂലിയും എല്ലാംകൂടി വലിയ തുക അതികച്ചെലവുവരുന്നു. പരിഹാരമാര്‍ഗ്ഗം മറിയത്തിനു ഉപദേശിച്ചുകൊടുത്തത് നെടുങ്ങാടിയച്ചനായിരുന്നു... ഒരു വാഹനം വാങ്ങുക.


വണ്ടിവാങ്ങുകയാണെങ്കില്‍ കാളവണ്ടി ഒഴികെ മറ്റേതെങ്കിലും വണ്ടി വാങ്ങിയാല്‍ മതിയെന്നു കപ്യാരുകുഞ്ഞവിരാ അഭിപ്രായപ്പെട്ടു. ഒരു കാളവണ്ടിയും മൂന്നുകാളകളും (ഒന്ന് മരുമകന്‍) തന്റെ ജീവിതത്തില്‍ വരുത്തിയ നാശനഷടത്തിന്റെ കഥ അയാള്‍ പുനസം‌പ്രേഷണവും ആരംഭിച്ചു.

നാട്ടുകവലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പുവച്ചുനോക്കുമ്പോള്‍ ഒരു പതിനഞ്ചു ആരോഗ്യ ദൃഢഗാത്രന്മാരായ കാളകളെങ്കിലും വേണ്ടിവരും ഒരു ഇടത്തരം വണ്ടി വലിച്ചു മലമുകളിലെത്തിക്കാന്‍. അതൊന്നും പ്രായോഗികമല്ലാത്തതിനാലാണ് ഒരു ജീപ്പുവാങ്ങുന്നതിനെക്കുറിച്ച് മറിയവും അച്ചനും ചിന്തിച്ചുതുടങ്ങിയത്.


പിന്നീടുള്ള ദിവസങ്ങളില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ച അച്ചനു മറിയത്തിനുവേണ്ടി ഒരു വണ്ടിബ്രോക്കറെപ്പോലെ അലയേണ്ടിവന്നു. കുറേ ദിവസങ്ങള്‍ അലഞ്ഞുതിരിഞ്ഞിട്ടും കാര്യങ്ങള്‍ക്കു തീരുമാനമായില്ല. മെത്രാനച്ചനെങ്ങാനും ഇതറിഞ്ഞിരുന്നെങ്കില്‍ പെട്ടന്നുതീരുമാനമായേനെ.... അച്ചന്റെകാര്യത്തില്‍.


അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ബൈബിള്‍ വാക്യം എത്ര ശരിയാണെന്നു സ്വന്തം ജീവിതാനുഭവം ഉദ്ധരിച്ച് പ്രസംഗിക്കാന്‍ അച്ചനു താമസിയാതെ അവസരമുണ്ടായ്. നെല്ലിമറ്റംകാരന്‍ മാട്ടേല്‍ കുഞ്ഞേട്ടനെന്ന ജന്മിയുടെ മഞ്ഞക്കിളിക്ക് ചിമ്മാരുമറിയത്തിനുവേണ്ടി അച്ചന്‍ അച്ചാരം കൊടുത്തു.


ഏതോ പട്ടാള‌ക്യാമ്പില്‍നിന്നും പടിയടച്ചു പിണ്ഢം‌വച്ച പച്ച‌ച്ചാണകത്തിന്റെ കളറുള്ള 'അമേരിക്കന്‍ വില്ലിക്സ്' നാച്ചക്രവാഹനം- അതു ലേലത്തില്‍ പിടിച്ച് തേച്ചുകഴുകി മഞ്ഞക്കളറടിച്ച് തന്റെ അഭിമാനത്തിന്റെ അടയാളമാക്കിമാറ്റിയെടുത്തതിന്റെ മുഴുവന്‍ ക്രഡിറ്റും മാട്ടേകുഞ്ഞേട്ടനവകാശപ്പെട്ടതാണ്. പൊടിയും കരിപ്പുകയും പറപ്പിച്ചു മുതലാളി തന്റെ വാഹനത്തില്‍ പായുന്നത് വഴിയരുകില്‍ കൗതുകത്തോടെ നോക്കിനിന്നിരുന്ന നാട്ടുകാരാണ് ആദ്യം വിളിച്ചത്....മാട്ടേകുഞ്ഞേട്ടന്റെ മഞ്ഞക്കിളി.


സന്തോഷവാര്‍ത്തയുമായ് നാട്ടുകവലയില് തിരിച്ചെത്തിയ അച്ചനു ഗംഭീര വരവേല്പ്പാണുലഭിച്ചത്. നാട്ടുകവലയുടെ പുരോഗതിയില്‍ നാഴികക്കല്ലായ ഒരു സംഭവമായിരുന്നു പ്രസ്തുത വണ്ടിക്കച്ചവടം. ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി നാട്ടുകവലയില്‍ പാറാന്‍പോകുന്നതിന്റെ സന്തോഷം എല്ലാവര്‍ക്കും. അവസരം മുതലാക്കി അച്ചന്‍ മറിയത്തോടു ചോദിച്ചു...

"അപ്പോള്‍ പള്ളിക്കുള്ള സ്ഥലമിങ്ങു കാണിച്ചുതന്നാല്‍ കുരിശങ്ങുവച്ചേക്കാരുന്നു..."

കുരിശു തല്‍ക്കാലം അച്ചന്റെ തോളില്‍ തന്നെയിരുന്നതെയൊള്ളു. കാരണം ഒരു വണ്ടിക്ക് അഡ്വാന്‍സുകൊടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിച്ചില്ലല്ലോ. വണ്ടി ആരാണ് ഓടിക്കുക എന്നതായ് പുതിയപ്രശ്നം. ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളിയെ പറപ്പിക്കാന്‍ ഒരു ഡ്രൈവറെ കണ്ടുപിടിക്കുക എന്നദൗത്യമാകുന്ന കുരിശും അച്ചന്‍ തന്നെ തോളിലേറ്റി.... എങ്ങിനെയെങ്കിലും പള്ളിപണിയാനുള്ള സ്ഥലം വാങ്ങിച്ചെടുക്കേണ്ടെ.


തിരുക്കൊച്ചിം മലബാറും കൂട്ടി മൊത്തത്തില്‍ അരിച്ചുപെറുക്കിയാലും കൈയുടെയും കാലിന്റെയും വിരലുകള്‍തികച്ചെണ്ണാനുള്ള ഡ്രൈവര്‍മാരെപ്പോലും കിട്ടാനില്ലാത്ത സമയം. ഒരു ജീപ്പ് ഡ്രൈവറെ അന്യേഷിച്ചുകണ്ടെത്തുന്നതാണ് യഥാര്‍ത്തപീഡാനുഭവമെന്ന് തന്റെ പ്രസംഗങ്ങളില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് നെടുങ്ങാടിയച്ചന്‍ ചിന്തിച്ചുതുടങ്ങി.

കപ്യാരുകുഞ്ഞവിരായുടെ മകളും മരുമകനും നാട്ടുകവലയിലെത്തിയത് ഈ ദിവസങ്ങളിലാണ്. ഓനച്ചനു ജീപ്പോടിക്കാന്‍ അറിയാമെന്ന് ആളുകള്‍ പറഞ്ഞതുകേട്ടാണ് നെടുങ്ങാടിയച്ചന്‍ ഓടിക്കിതച്ച് ഓനച്ചനെകാണാനെത്തിയത്.

"ജീപ്പുഞാനോടിച്ചോളാം.... പക്ഷേ വേറെ ഒരു ഡ്രൈവറേംകൂടി അടുത്തിരുത്തണം..." ഓനച്ചന്‍ പറഞ്ഞു.

"ഓ! ജീസസ്സ്... ഇതെന്തൊരു പരീക്ഷണം... ഒരു ജീപ്പോടിക്കാന്‍ രണ്ടു
ഡ്രൈവര്‍മാര്‍ ..... ഇവനെന്താണുപറയുന്നതെന്ന് ഇവനറിയുന്നില്ല, ഇവനോട് പൊറുക്കേണമെ."

"ഒന്നെങ്കി ബ്രെയിക്ക് അല്ലെങ്കി ക്ലച്ച്.....ഏതുഞാന്‍ ചവിട്ടണോന്ന് അച്ചന്‍പറഞ്ഞോ, രണ്ടുംകൂടി എനിക്കുമേലാ"

പാവം ഓനച്ചന്‍; അവന്റെ ഒരുകാലു കാളവണ്ടിക്ക് ഊടുവച്ചവകയില്‍ ഒരുപ്പോക്കായ് പോയില്ലെ. ഒരു മുടന്തനെ സൗഖ്യമാക്കാന്‍പോലും തന്നെക്കൊണ്ടിതുവരെ കഴിഞ്ഞിട്ടില്ലാ പിന്നല്ലെ ഒരു കാലുമൊത്തത്തില്‍ പോയവന്റെകാര്യം...അച്ചനാകേസുവിട്ടു.

നാട്ടുകവലയില്‍ പള്ളിപണിയാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ തന്നെ നെടുങ്ങാടിയച്ചന്‍ തീര്‍ച്ചപ്പെടുത്തി. ചിമ്മാരുമറിയത്തോടു യാത്രപോലും പറയാതെ അച്ചന്‍ മലയിറങ്ങാന്‍ തുടങ്ങി. യാത്രപറയാന്‍ ചെന്നാല്‍ ചിലപ്പോള്‍ പോകാന്‍ അനുവദിച്ചെന്നുവരില്ലാ.... മറിയത്തിന്റെ സമ്പ്യാദ്യത്തില്‍നിന്നും നല്ലൊരുതുക താനായിട്ടു കൊണ്ടുപോയ് മഞ്ഞക്കിളിക്ക് അച്ചാരം കൊടുത്തിരിക്കുകയാണ്.

പാതിവഴിയില്‍ എതിരെ വന്ന ഒരു അപരിചിതന്‍ അച്ചനോടു ചോദിച്ചു.

"ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ടോ...."

" ഈ മലയങ്ങു കയറിച്ചെന്നാല്‍ നാട്ടുകവലയായ്...... ഇവിടെ പരിചയമില്ലാത്ത ആളാന്നുമനസിലായ്... എവിടെന്നാ?... " അച്ചന്‍ ചോദിച്ചു.

"ഞാന്‍ പട്ടം കോളനിയില്‍നിന്നും വരുവാ... കിഴക്കമ്പലമാണ് സ്വദേശം. ഇവിടെ ഒരു ഡ്രൈവറെ അന്വേഷിക്കുന്നെന്ന് കേട്ട് വന്നതാ...ഞാനൊരു വിമുക്തഭടനാണെ..."

കൊടിയവേനലില്‍ ദാഹിച്ചുവലങ്ങിരിക്കുന്ന വേഴാമ്പലിന്റെ തലയിലോട്ട് അപ്രതീക്ഷിതമായ് ശക്തമായ മഴപെയ്യുന്നു....വെറും‌മഴയല്ലാ ആലിപ്പഴത്തോടുകൂടിയത്. അതേ അനുഭവമാണ് നെടുങ്ങാടിയച്ചനുണ്ടായത്.

"വരു ഞാന്‍ വഴികാട്ടിത്തരാം..." അച്ചന്‍ വീണ്ടും നാട്ടുകവലയില്‍ പണിയാന്‍പോകുന്ന പള്ളിയുടെ മടക്കിവച്ച പ്ലാന്‍ മനസില്‍ നിവര്‍ത്തിയിട്ടു.

"അച്ചനു ബുദ്ധിമുട്ടാവില്ലേ?....വഴിപറഞ്ഞുതന്നാല്‍മതി ഞാന്‍ തനിച്ചുപോക്കോളാം..."

"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍ വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം"

എങ്ങിനെയെങ്കിലും ഈ മുതലിനെ എത്രയും പെട്ടന്നു മറിയച്ചേടത്തിയുടെ മുമ്പില്‍ ഹാജരാക്കുക എന്നതുമാത്രമായിരുന്നു അച്ചന്റെ ആവശ്യം.

വാഴച്ചാലി വര്‍ഗ്ഗീസ് നാട്ടുകവലയില്‍ കാലുകുത്തി. അതുവരെ നാട്ടുകവലയില്‍ വന്നുചേര്‍ന്ന ആരെയും‌പോലല്ലാ വര്‍ഗ്ഗീസിന്റെ വരവു. നാട്ടുകവല വര്‍ഗ്ഗീസിനെ കാത്തിരിക്കുകയായിരുന്നു...അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വര്‍ഗ്ഗീസിന്റെ സേവനം കൂടിയേ കഴിയുമായിരുന്നോള്ളു.

മറിയം പാറപ്പുറത്ത് ഉയര്‍ന്ന സ്ഥലത്തിരുന്നു....

വര്‍ഗ്ഗീസിനു അത് അത്രയങ്ങ് ഇഷ്ടപ്പെട്ടില്ലാ. പട്ടാളത്തില്‍ വച്ചുതന്നെ മേംസാബുമാര്‍ കമാന്‍ഡുചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വര്‍ഗ്ഗീസ് ഇടയാന്‍ തുടങ്ങിയത്. പിടക്കോഴി കൂവുന്ന വീടും പെണ്ണുഭരിക്കുന്ന നാടും മുടിയും എന്നതാണ് വര്‍ഗ്ഗീസിന്റെ ഫിലോസഫി.

ഇന്റര്‌വ്യൂ ആരംഭിച്ചു. ചിമ്മാരുമറിയത്തിനുവേണ്ടി അച്ചനാണു ചോദ്യങ്ങള്‍ ആരംഭിച്ചത്...

"നിങ്ങള്‍ക്ക് ജീപ്പോടിക്കാനറിയുമോ?.."

"അറിയാമോന്നോ....അതെന്തു ചോദ്യം, തെര്‍ട്ടി സിക്സിലാണെന്നുതോന്നുന്നു... ഞാന്‍ നാസിക്കില്‍നിന്നും രണ്ടുമാസത്തെ അവധിക്കായ് നാട്ടിലോട്ട് പോരുന്ന സമയം. കോയമ്പത്തൂരുവന്നപ്പോള്‍ ഡ്രൈവര്‍ക്ക് ഒരു നെഞ്ചുവേദന...യാത്ര അവിടെ മുടങ്ങേണ്ടതായിരുന്നു....ഞാന്‍ ഡ്രൈവര്‍സീറ്റേലോട്ടങ്ങുകയറീട്ട് പിന്നെ ആലുവയില്‍വന്നിട്ടാ വണ്ടിനിറുത്തണെ....അതും കല്‍ക്കരി തീര്‍ന്നിട്ട് അല്ലെങ്കില്‍ എറണാകുളത്തേ നിര്‍ത്തുവാരുന്നൊള്ളു..." വര്‍ഗ്ഗീസ് വാചാലനായ്. അയാള്‍ ഒരു റിട്ട്. പട്ടാളക്കാരനാണെന്നോര്‍ക്കണം.

"ജീസസ്സ് കല്‍ക്കരിയിലോടിക്കുന്ന ജീപ്പോ .... ആദ്യമായിട്ടുകേള്‍ക്കുന്നു. " അച്ചനു അത്ഭുതമായ്.

"ജീപ്പാണന്നാരുപറഞ്ഞു ...തീവണ്ടിയാണുഞാന്‍ ഓടിച്ചത്....."

"ആളുമോശമല്ലാലോ.... ..."

"അതുശരി...അപ്പോള്‍ നയണ്ടീന്‍ ഫോര്‍ട്ടിവണ്ണിലു ഞാന്‍ ബാംബെ ഹാര്‍ബറില്‍ ഒരു കപ്പല്‍ തിരിച്ചിട്ടകാര്യം കേട്ടാലോ.... ഞങ്ങള്‍ യുദ്ധത്തിനുള്ള........"
വര്‍ഗ്ഗീസ് പറഞ്ഞുതുടങ്ങിയതേയൊള്ളു പൂര്‍ത്തിയാക്കാനൊത്തില്ലാ....

"ഫാ.......ഇവിടാരും കപ്പലും തീവണ്ടീം വാങ്ങീട്ടില്ലാ...നിനക്ക് ജീപ്പോടിക്കാനറിയാമോന്നാ ചോദിച്ചെ...അറിയാമെങ്കി ഇവിടെനിന്നോ...ഇല്ലങ്കില്‍ വന്നപോലെ തിരിച്ചുവിട്ടോ.."
പട്ടാളബഡായികള്‍കേട്ട് മറിയത്തിനു ചെകിടിച്ചു. അവര്‍ കലിതുള്ളി എഴുന്നേറ്റുപോയ്.

മറിയത്തിന്റെ ഭാവപകര്‍ച്ചകണ്ട് വര്‍ഗ്ഗീസ് നടുങ്ങിപ്പോയ്. അയാള്‍ ഇന്നുവരെ കണ്ടിരുന്ന സ്ത്രീകള്‍ കയര്‍ത്തുസംസാരിക്കുമ്പോള്‍പോലും ബന്ധനത്തിലായ മാന്‍പേട രക്ഷപെടാനായ് കുതറുമ്പോള്‍ കാട്ടുന്ന ചേഷ്ടകളാണ് അവരില്‍ ദൃശ്യമായിരുന്നത്. ആ ദൈന്യത കാണുവാനായ്തന്നെ അയാള്‍ പട്ടാള മേലധികാരികളുടെ ഭാര്യമാരെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു..... എന്നാല്‍ നാട്ടുകവലയില്‍ പെട്ടുപോയ്, ഒരു ഈറ്റപ്പുലിയുടെ ശൗര്യമാണ് ചിമ്മാരുമറിയത്തിന്റെ കണ്ണുകളില്‍ വര്‍ഗ്ഗീസിനു കാണാന്‍ കഴിഞ്ഞത്.

കൂടുതലു കഥകളൊന്നും പറയാന്‍ നില്‍ക്കാതെ വര്‍ഗ്ഗീസ് മലയിറങ്ങി. കൂടെ അച്ചനുമുണ്ടായിരുന്നു. നേരെ നെല്ലിമറ്റത്തിനു.

പിറ്റേന്നു ഉച്ചയാകുന്നതിനുമുമ്പെ നാട്ടുകവലയില്‍ ഇരമ്പംകേട്ടു... ആളുകളെല്ലാം കാഴ്ചകാണാന്‍ ഓടിക്കൂടി പൊടിയും കരിപ്പുകയും പറത്തി നാട്ടുകവലയുടെ വിരിമാറിലേക്ക് ആദ്യമായ് ഒരു വാഹനം കയറിവന്നു. വാഴച്ചാലി ഉലഹന്നാന്‍ വര്‍ഗ്ഗീസ് ഓടിച്ച് കയറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

മഞ്ഞക്കിളി....
ചിമ്മാരുമറിയത്തിന്റെ മഞ്ഞക്കിളി.....

ആളുകള്‍ ആര്‍ത്തുവിളിച്ചു.

(തുടരാം..)

10 comments:

(സുന്ദരന്‍) said...

കൊടിയവേനലില്‍ ദാഹിച്ചുവലങ്ങിരിക്കുന്ന വേഴാമ്പലിന്റെ തലയിലോട്ട് അപ്രതീക്ഷിതമായ് ശക്തമായ മഴപെയ്യുന്നു....വെറും‌മഴയല്ലാ ആലിപ്പഴത്തോടുകൂടിയത്. അതേ അനുഭവമാണ് നെടുങ്ങാടിയച്ചനുണ്ടായത്.

SAJAN | സാജന്‍ said...

ചിമ്മരു മറിയം കലക്കി പൊളിക്കുവാണല്ലൊ:)
അങ്ങനെ പട്ടാളമപ്പൂപ്പന്‍ ഫ്രെയിമില്‍ വന്നു അല്ലേ?

G.manu said...

"ഓ! ജീസസ്സ്... ഇതെന്തൊരു പരീക്ഷണം... ഒരു ജീപ്പോടിക്കാന്‍ രണ്ടു
ഡ്രൈവര്‍മാര്‍ ..... ഇവനെന്താണുപറയുന്നതെന്ന് ഇവനറിയുന്നില്ല, ഇവനോട് പൊറുക്കേണമെ."

wow ennittu....ennittu..para sundara......vegam

കുതിരവട്ടന്‍ :: kuthiravattan said...

സുന്ദരാ എന്തോ ഒരു മാറ്റം. സീരിയസ് നിര്‍ത്തി വീണ്ടും തമാശയിലേക്ക് മാറിയോ :-) പെട്ടെന്നു ശൈലി മാറ്റിയാല്‍ പൂര്‍വവും ഉത്തരവും രണ്ടു കഷണമായിപ്പോവുമേ :-)

ശാലിനി said...

കുതിരവട്ടന്‍ പറഞ്ഞതുപോലെ ഒത്തിരി തമാശ ചേര്‍ക്കേണ്ട സുന്ദരാ. പഴയതുപോലെ പോകട്ടെ.

ആവനാഴി said...

ഹൈ സുന്ദര്‍,

ഇതിനിട്ട് നല്ലോണമൊന്നു താങ്ങാതിരുന്നാല്‍ ശരിയാവില്ല.

വിശപ്പും വേദവും. വിശക്കുന്ന മനുഷ്യര്‍ വേദം കേള്‍ക്കാന്‍ നിന്നു തരികയില്ല എന്ന വാക്കുകളിലൂടെ സുന്ദര്‍ പച്ചയായ മനുഷ്യന്റെ ദാര്‍ശനികത വരച്ചു കാട്ടിയിരിക്കുന്നു. ആദ്യം വിശപ്പിന്റെ വിളിക്കു പരിഹാരമുണ്ടാക്കണം ;എന്നിട്ടാകാം സങ്കീര്‍ത്തനങ്ങള്‍.

ഫലിതം അതിന്റെ ഉദാത്ത രീതിയില്‍ പരിലസിക്കുന്ന അനേകം ഉദാഹരണങ്ങള്‍ സുന്ദറിന്റെ ഈ ആഖ്യായികയില്‍ നമുക്കു ദര്‍ശിക്കാം.
ഇതാ ഒരെണ്ണം:

“ഹൈറെഞ്ചിലെ കുടിയേറ്റമേഘലകളില്‍ പള്ളികള്‍ സ്ഥാപിച്ച് ജനങ്ങളെ വിശ്വാസജീവിതത്തില്‍ നിന്നും അകന്നുപോകാതെ പിടിച്ചുനിര്‍ത്തുക എന്ന ഭാരിച്ച് ദൗത്യമാകുന്ന കുരിശ് പാവം കൊച്ചച്ചന്മാരുടെ ചുമലില്‍ വച്ചുകൊടുത്തിട്ട് മെത്രാനച്ചന്‍ അരമനയിലിരുന്ന് കൈചൂണ്ടും; ഗാഗുല്‍ത്താമലയിലും മുന്തിയ ഇനം മലകളിലേക്ക്.” പാവം കൊച്ചച്ചന്മാര്‍ അന്യായ ഭാരമുള്ള ആ കുരിശുകളുമേന്തി ഗാഗുല്‍ത്താമലകളെ വെല്ലുന്ന മലകളുടെ ഉച്ചിയിലേക്കു നടന്നു കയറും. വിയര്‍ത്തൊലിച്ച് ദാഹിച്ചു വലഞ്ഞ് കുരിശുമേന്തി എത്തിപ്പെടുന്നതോ യൂദാസ്,പീലാത്തോസ്, കയ്യാഫാസ് തുടങ്ങിയ വേന്ദ്രന്‍‌മാരുടെ പിന്‍‌മുറക്കാരുടെ മുന്നിലും.

വിശപ്പിന്റെ വിളീയാണു അവരെ അവിടെ എത്തിച്ചത്. കഠിനാധ്വാനം കൊണ്ട് ‍ മണ്ണിനെ കിളച്ചു മറിച്ച് അവരവിടെ കപ്പയും വാഴയും കുരുമുളകും പ്ലാവും നാരകവും ഇഞ്ചിയും ഏലവും നട്ടുപിടിപ്പിച്ച് സ്വര്‍ഗ്ഗരാജ്യം തീര്‍ത്തു. പറമ്പില്‍നിന്നു നാലു മൂടു കപ്പ പറിച്ചു പുഴുങ്ങി നല്ല എരിവുള്ളകാന്താരിമുളകും ഉപ്പും ഉള്ളിയും ചേര്‍ത്തുടച്ച് ശകലം പച്ചവെളിച്ചെണ്ണ വീഴ്ത്തിയുണ്ടാക്കിയ ചമ്മന്തിയില്‍ മുക്കി തിന്നുന്ന സുഖത്തേക്കാള്‍ വലിയ സ്വര്‍ഗ്ഗമൊന്നും അവര്‍ക്കു വേണ്ട.

അതുകൊണ്ടു തന്നെയാണു "അപ്പോള്‍ പള്ളിക്കുള്ള സ്ഥലമിങ്ങു കാണിച്ചുതന്നാല്‍ കുരിശങ്ങുവച്ചേക്കാരുന്നു..." എന്നു നെടുങ്ങാടിയച്ചന്‍ പറയുമ്പോള്‍ പ്രായോഗികജീവിതത്തിന്റെ ദൈവശാസ്ത്രത്തില്‍ പി.എച്ഛ്.ഡി എടുത്ത ചിമ്മാരു പറയുന്നത് തല്‍ക്കാലം അതു അച്ചന്റെ തോളില്‍ത്തന്നെ ഇരുന്നോട്ടെ എന്നു.

ആദ്യം വേണ്ടത് ഒരു പീടികയാണു. അവിടേക്കു പലവ്യജ്ജനങ്ങള്‍ കൊണ്ടു വരാന്‍ ഒരു വാഹനവും. മറിയത്തിന്റെ ചിന്ത ആ വഴിക്കാണു പോയത്.

ഏതിനാണു പ്രയോറിറ്റി കൊടുക്കേണ്ടതെന്നു മറിയത്തിനറിയാം. ഇവിടെ നാം കാണുന്നത് സാമൂഹ്യപരിഷ്ക്കര്‍ത്താവായ മനുഷ്യസ്നേഹിയായ മറിയത്തിനെയാണു.

എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന സുപ്രസിദ്ധ നോവലില്‍ ഒരു കഥാപാത്രമുണ്ട്.ഗബ്രിയേല്‍ സായ്‌വിന്റെ പുത്രന്‍ റോബേര്‍ സായ്‌വ്.

റോബേര്‍ രാവിലെ നേരത്തെ എഴുനേല്‍ക്കുകയോ പല്ലു തേക്കുകയോ ചെയ്യില്ല. ഗബ്രിയേല്‍ സായ്‌വ് ഒരു കോപ്പ വെള്ളവുമായി വന്നു വിളീക്കും, ‘മോം പെത്തീ, എണീക്ക്. മോംഷേര്‍ പെത്തീ, എണീക്ക്’

റോബേര്‍ അപ്പോഴും കൂര്‍ക്കം വലിച്ചുകിടക്കും. സഹികെട്ട് ഗബ്രിയേല്‍ സായ്‌വ് പുത്രന്റെ മുഖത്തേക്കു കോപ്പയിലെ വെള്ളം വലിച്ചെറിഞ്ഞിട്ട് ഒറ്റ ഓട്ടം കൊടുക്കും. സടകുടഞ്ഞേറ്റ റോബേര്‍ ഒരു പോത്തിനെപ്പോലെ കുതിച്ചെത്തി തന്നെ കുത്തിമലത്തുമെന്നു ഗബ്രിയേലിനറിയാമായിരുന്നു.

റോബേര്‍ ഒരലര്‍ച്ചയോടെ എഴുനേറ്റ് മുഖം പോലും കഴുകാതെ പ്രാതല്‍ കഴിഞ്ഞ് പുസ്തകസഞ്ചിയുമായി മുറ്റത്തിറങ്ങുമ്പോള്‍ അവനെ സ്കൂളീലേക്കു ചുമന്നു കൊണ്ടു പോകാനായി തന്തസായ്‌വ് നിയമിച്ച പൊക്കന്‍ കാത്തു നില്‍പ്പുണ്ടാകും. അങ്ങിനെ പൊക്കന്റെ പുറത്തുകയറി റോബേര്‍സായ്‌വ് എന്നും സ്കൂളില്‍ പോയി. എല്ലാ ക്ലാസ്സുകളിലും റോബേര്‍ ഒന്നും രണ്ടും കൊല്ലം തോറ്റു. അപ്പോഴും തന്നേക്കാള്‍ ഉയരം കൂടിയ റോബേര്‍ സായ്‌വിനെ ചുമലിലേറ്റി പൊക്കന്‍ സ്കൂളില്‍കൊണ്ടാക്കി.

ഇനി സുന്ദറിന്റെ ചിമ്മാരുമറിയം എന്ന ആഖ്യായികയിലേക്കു തിരിച്ചു വരാം.

കിഴക്കമ്പലത്തുനിന്നു‍ ഒരു വിമുക്തഭടന്‍ നാട്ടുകവലയില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നറിഞ്ഞു താഴ്വാരത്തെത്തുന്നു. എതിരെ വരുന്ന നെടുങ്ങാടിയച്ചനോടു വഴി ചോദിക്കുന്നു.

"വരു ഞാന്‍ വഴികാട്ടിത്തരാം..." അച്ചന്‍ വീണ്ടും നാട്ടുകവലയില്‍ പണിയാന്‍പോകുന്ന പള്ളിയുടെ മടക്കിവച്ച പ്ലാന്‍ മനസില്‍ നിവര്‍ത്തിയിട്ടു

"അച്ചനു ബുദ്ധിമുട്ടാവില്ലേ?....വഴിപറഞ്ഞുതന്നാല്‍മതി ഞാന്‍ തനിച്ചുപോക്കോളാം..."

"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍ വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം.

നര്‍മ്മരസം അതിന്റെ പാരമ്യതയില്‍ എത്തിക്കുന്നു ഈ വരികളിലൂടെ കഥാകൃത്തായ സുന്ദര്‍. വായനക്കാരനു‍ നര്‍മ്മരസത്തിന്റെ രതിമൂര്‍ഛ അനുഭവിക്കാന്‍ പര്യാപ്തമായ പ്രയോഗങ്ങള്‍!

അതുകൊണ്ടു തന്നെയാണു ഓരോ അദ്ധ്യായം കഴിയുമ്പോഴും ചിമ്മാരുവിന്റെ അടുത്ത അദ്ധ്യായത്തിനു വേണ്ടി അനുവാചകര്‍ കാത്തിരിക്കുന്നതും.

ഇതാ നര്‍മ്മസാഹിത്യത്തിനൊരു പുതിയ മാനം സൃഷ്ടിക്കുന്ന കഥാകാരന്‍. ഇതാണു ഞാന്‍ സുന്ദറിനെ ചൂണ്ടി പറയുന്നത്.

സസ്നേഹം
ആവനാഴി.

കൊച്ചുത്രേസ്യ said...
This comment has been removed by the author.
sathees makkoth | സതീശ് മാക്കോത്ത് said...

ഇടയ്ക്കിടയ്ക്ക് കയ്യറി വരുന്ന നര്‍മ്മം നല്ലതായിട്ടാണെനിക്ക് തോന്നിയിട്ടുള്ളത്. ജീവിതഗന്ധിയായൊരു കഥ പറയുമ്പോള്‍ ആവശ്യാനുസരണം നര്‍മ്മം ചേര്‍ക്കാം. അധികമാകാതെ ശ്രദ്ധിച്ചാല്‍ മതി.മുന്‍ രണ്ട് ലക്കങ്ങളേക്കാളും എനിക്ക് ഇഷ്ടപ്പെട്ടു ഇത്.

ആഷ | Asha said...

"ജീപ്പുഞാനോടിച്ചോളാം.... പക്ഷേ വേറെ ഒരു ഡ്രൈവറേംകൂടി അടുത്തിരുത്തണം..." ഓനച്ചന്‍ പറഞ്ഞു.

"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍ വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം"


ഈ ഭാഗങ്ങള്‍ വായിച്ചു ഞാന്‍ പൊട്ടി ചിരിച്ചു പോയി. അപ്പൂപ്പന്റെ ബഡായിയും എല്ലാം ചേര്‍ന്ന് വളരെ രസകരമായി ഈ ലക്കം.

കുറുമാന്‍ said...

"വരു ഞാന്‍ വഴികാട്ടിത്തരാം..." അച്ചന്‍ വീണ്ടും നാട്ടുകവലയില്‍ പണിയാന്‍പോകുന്ന പള്ളിയുടെ മടക്കിവച്ച പ്ലാന്‍ മനസില്‍ നിവര്‍ത്തിയിട്ടു.

"അച്ചനു ബുദ്ധിമുട്ടാവില്ലേ?....വഴിപറഞ്ഞുതന്നാല്‍മതി ഞാന്‍ തനിച്ചുപോക്കോളാം..."

"എന്തുബുദ്ധിമുട്ട് സഹോദരാ... നിങ്ങള്‍ ദീര്‍ഘദൂരം നടന്നതിനാല്‍ വളരെ ക്ഷീണിതനാണെന്നുതോന്നുന്നു....എന്റെ തോളത്തോട്ട് കയറിക്കോളു ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം" - 21 അധ്യായം ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്തെങ്കിലും ഏറ്റവും ചിരിപൊട്ടിയയ് വരികള്‍ ഇത് തന്നെ സുന്ദരാ. വേതാളത്തിനെ ചുമക്കാന്‍ വിധിക്കപെട്ട വിക്രമാദിത്യനെ ഓര്‍മ്മ വന്നു.