Thursday, 30 August, 2007

ചിമ്മാരുമറിയം - 20

എന്റെ പട്ടാളമപ്പൂപ്പന്‍ (ചിമ്മാരുമറിയം - 20)

വാഴച്ചാലില്‍ ഉലഹന്നാന്‍ വര്‍ഗ്ഗീസ്....
തിരുവിതാംകൂറിലെ കിഴക്കമ്പലം എന്ന കര്‍ഷക ഗ്രാമത്തിലെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കര്‍ഷകകുടുമ്പത്തില്‍ ജനനം...

നാട്ടുനടപ്പുപോലെ നടന്ന് നാലാംക്ലാസുവരെ പഠിച്ചു, പിന്നെ കൃഷിയില്‍ അപ്പനെ സഹായിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത് ഒരു കൃഷിക്കാരനായ്. കുറച്ചുകൂടി പ്രായവും പക്വതയുമായപ്പോള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിപണനം സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു, എല്ലാആഴ്ചയും കച്ചവടത്തിനായ് അയല്‍‌രാജ്യമായ കൊച്ചിയില്‍ പോകാം എന്നതിലായിരുന്നു വര്‍ഗ്ഗീസിനു കൂടുതല്‍ സന്തോഷം.

കളിയും ചിരിയും സന്തോഷവും നിറഞ്ഞ കൗമാരത്തില്‍ ഒരു ദുസ്വപ്നത്തില്പോലും പട്ടാളക്കാരനാകുന്നതിനെപ്പറ്റി വര്‍ഗ്ഗീസ് ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ അവസാനം എത്തപ്പെട്ടതോ ബ്രിട്ടീഷ് പട്ടാളത്തില്‍, അതും സാതന്ത്ര്യസമരം നടക്കണകാലത്ത്.

പതിവുപോലെ അന്നും കായ്ക്കുലയും കറിവേപ്പിലയും നാളീകേരവുമൊക്കെയായ് കാളവണ്ടിയില്‍ ഏറണാകുളം മാര്‍ക്കറ്റില്‍ കച്ചവടത്തിനു പോയതാണ് വര്‍ഗ്ഗീസ്... നേരമന്തിയായിട്ടും മടങ്ങിയെത്തിയില്ലാ, എത്ര സ്ലോമോഷനില്‍ വണ്ടിവിട്ടാലും തിരിച്ചുവരേണ്ട സമയം കഴിഞ്ഞു...

"എന്റെ പുണ്യാള...ഞങ്ങടെ കാളകളെ കാത്തുകൊള്ളണേ...." എന്ന പ്രാര്‍ത്ഥന വാഴച്ചാലിക്കുടുമ്പത്തില്‍ ഉയര്‍ന്നുതുടങ്ങി... അക്കാലത്ത് കര്‍ഷകകുടുമ്പങ്ങളില്‍ കാളകള്‍ കഴിഞ്ഞിട്ടാണ് മക്കള്‍ക്ക് സ്ഥാനം. പോരാത്തതിനു കാക്കനാടിനും പുക്കാട്ടുപടിക്കും ഇടയിലുള്ള വിജനപ്രദേശങ്ങളിന്‍ 'വാലങ്കിരി' എന്നപേരില്‍ അറിയപ്പെടുന്ന ഒരു ചെകുത്താനുണ്ടെന്നും, അസമയത്ത് ആവഴിയിലൂടെ സഞ്ചരിക്കുന്ന കാളകളെ (ഒരു ചെയ്ഞ്ചിനു ചിലപ്പോള്‍ മനുഷ്യരെയും) പിടിച്ച് ആഹരിക്കലാണ് മൂപ്പരുടെ ഹോബിയെന്നും അക്കാലത്ത് ബലമായ ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു.

വര്‍ഗ്ഗീസിനെ വാലങ്കിരി പിടിച്ചതാണോ?
മൂപ്പുകുറഞ്ഞ വാഴക്കുല മാര്‍ക്കറ്റില്‍ വിറ്റത്തിനു കൊച്ചിരാജാവുപിടിച്ച് തുറങ്കിലടച്ചോ... നാട്ടുകാര്‍ പലരീതിയില്‍ ചിന്തിച്ചു. പലവഴിയിലും അന്യേഷിച്ചു.

നേര്‍ച്ചകളും കാഴ്ചകളും ഒരുപാടു നടത്തിയതിനു ഫലം കിട്ടാതിരിക്കുമോ...
വര്‍ഗ്ഗീസ് തിരിച്ചെത്തി...
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം, പട്ടാളയൂണിഫോമില്‍.

"മോനെ നമ്മടെ കാളേമ്മാര്?... " വന്നപാടെ അമ്മചോദിച്ചു

കാളേന്മാരെപ്പറ്റി അപ്പോഴാണ് വര്‍ഗ്ഗീസും ചിന്തിക്കുന്നത്. കാളേന്മാര്‍ക്ക് എന്തുപറ്റിയാവോ?ചിലപ്പോള്‍ എറണാകുളം പരിസരങ്ങളിലെവിടെയെങ്കിലുമുള്ള അമ്പങ്ങളില്‍ അമ്പലക്കാളയായ് പ്രമോഷന്‍ കിട്ടിയിരിക്കും... അല്ലെങ്കില്‍ പരിസരത്തെവിടെയെങ്കിലുമുള്ള ഭക്ഷണശാലകളില്‍ ഫ്രൈയായ് മോക്ഷപ്രാപ്തിനേടിയിരിക്കും.

വര്‍ഗ്ഗീസിനെന്തുപറ്റി എന്നുചിലരെങ്കിലും ചോദിച്ചു.....

കാര്‍ഷികോല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റതിനു ശേഷം തിരിച്ചുവരുന്ന വഴിക്കാണ് വഴിസൈഡില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. തമിഴന്മാരുടെ തെരുവു സര്‍ക്കസാവും, അല്ലെങ്കില്‍ മരുന്നുവില്‍ക്കുന്ന ലാടഗുരുക്കള്‍... രണ്ടായാലും വര്‍ഗ്ഗീസിനു താല്പര്യമുള്ള വിഷയമാണ്. വഴിസൈഡില്‍ കാളവണ്ടി പാര്‍ക്കുചെയ്തിട്ട് ചെന്ന് ഒന്ന് എത്തിനോക്കിയതേയൊള്ളു.... ആരൊക്കെയോ ചേര്‍ന്നു പുറകില്‍നിന്നും വട്ടം പിടിച്ചു, ബലമായ് വണ്ടിയില്‍ കയറ്റി. വണ്ടിക്കുള്ളില്‍ പരിഭ്രാന്തരായ് മറ്റുപലയുവാക്കളുമുണ്ടായിരുന്നു. എപ്പോഴോ വണ്ടി നീങ്ങാന്‍‌തുടങ്ങി.

നേരം വെളുക്കുന്നതിനുമുമ്പെ കോയമ്പത്തൂരിലെ ഒരു പട്ടാളക്യാമ്പില്‍ യാത്ര അവസാനിച്ചു. പട്ടാളത്തിലേയ്ക്ക് ആളെയെടുക്കുന്ന റിക്രൂട്ട്‌മെന്റിനിടയിലേക്കാണല്ലോ സര്‍ക്കസുകാണാന്‍ താന്‍ പോയ് എത്തിനോക്കിയത് എന്നു വര്‍ഗ്ഗീസ് മനസിലാക്കിയപ്പോഴേയ്ക്കും വളരെ താമസിച്ചുപോയിരുന്നു.

ബ്രിട്ടീഷ് പട്ടാളക്യാമ്പിലെ ട്രെയ്നിംഗ് പിരീഡ് വളരെ ക്ലേശകരമായിരുന്നു. അതിനാല്‍ തന്നെയാണ് പട്ടാളത്തില്‍ ചേരാന്‍ അക്കാലത്ത് ആളുകള്‍ തയ്യാറാകാതിരുന്നതും. ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ വരുമ്പോള്‍ ആത്മഹത്യചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ഒരു പരീക്ഷണം എന്നനിലയില്‍ പട്ടാളത്തില്‍ ചേര്‍ന്നവരും, ബലാല്‍ക്കാരമായ് പിടിച്ചുകൊണ്ടുവന്നവരുമായ ഇന്ത്യാക്കാരെകൂടാതെ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടിണിപ്പാവങ്ങളായ സായിപ്പുയുവാക്കളും വര്‍ഗ്ഗീസിനൊപ്പം പട്ടാളക്യാമ്പില്‍ പരിശീലനത്തിനുണ്ടായിരുന്നു.

മനസില്ലാമനസോടെയാണെങ്കിലും വിജയകരമായ് പരിശീലനം പൂര്‍ത്തിയാക്കിയ വര്‍ഗ്ഗീസിനു നാസിക്കിലായിരുന്നു ആദ്യ നിയമനം. പിന്നെ പ്രൊമോഷന്‍ ശമ്പളവര്‍ദ്ധനവു, കുടിക്കാന്‍ ഇഷ്ടമ്പോലെ ലഹരി, ഇടയ്ക്കിടയ്ക്ക് ഇന്ത്യയിലെ പലപല സ്ഥലങ്ങളിലേയ്ക്കും യാത്ര...പുതിയ പുതിയ കാഴ്ചകള്‍.... വര്‍ഗ്ഗീസ് പട്ടാള ജീവിതം ആസ്വദിച്ചുതുടങ്ങി.

ബ്രിട്ടീഷുകാരായാ പട്ടാള മേലധികാരികള്‍ ഡ്യൂട്ടിസമയത്ത് കണിശക്കാരും ഡ്യൂട്ടികഴിഞ്ഞാല് റാങ്കുനോക്കാതെ സഹപ്രവര്‍ത്തകരുടെ തോളില്‍ കൈയിടാന്മടിക്കാത്തവരുമായിരുന്നു. റിക്രിയേഷന്‍ ക്ലബില്‍ ബില്യാട്സ് കളിക്കുന്നതിനിടയില്‍ കമ്പുവച്ച് വര്‍ഗ്ഗീസ് പലപ്പോഴും ഉയര്‍ന്ന മേലുദ്യോഗസ്ഥന്മാരുടെ പള്ളക്കിട്ടു കളിയായ് കുത്തുകപോലും ചെയ്തിട്ടുണ്ട്..... 'യൂ ആര്‍ നോട്ടി... ഹാന്‍സം ഗൈ'...എന്നുപറഞ്ഞ് തോളത്തുതട്ടുകയല്ലാതെ ചെവിയില്‍ പിടിച്ച് ഒന്നുതിരിക്കുകപോലും അവര്‍ചെയ്തിട്ടില്ലാ.

പറമ്പിലും പാടത്തും കൊത്തിക്കിളച്ചുനടന്നു യൗവ്വനത്തിന്റെ ആദ്യനാളുകള്‍ പാഴാക്കിയതില്‍ വര്‍ഗ്ഗീസിനു നിരാശതോന്നിയിരുന്നു.... കാശ്മീരിലെ മഞ്ഞുറഞ്ഞ സായാഹ്നങ്ങളില്‍ കല്‍ക്കരിയിട്ടു കത്തിക്കുന്ന നെരിപ്പോടിനരികിലിരുന്നു ലഹരി നുണങ്ങിറക്കുമ്പോള്‍, ത്ന്റെ അനുവാദം കൂടാതെ തന്നെപ്പിടിച്ചു പട്ടാള ട്രക്കില്‍ തള്ളിയ അഞ്ജാതനായ ആ ബലിഷ്ടകരങ്ങളുടെ ഉടമയെ മനസിലോര്‍ത്ത് ഒരു ചിയേഴ്സ് പറയാന്‍ വര്‍ഗ്ഗീസ് മറക്കാറില്ലായിരുന്നു.

ചുമലില്‍ പലപല അധികാരങ്ങളും അധികാരങ്ങളുടെ അടയാളങ്ങളും കയറിയ പത്തുവര്‍ഷങ്ങള്‍ പെട്ടെന്നു കടന്നുപോയ്. അന്നൊരിക്കല്‍ ഓഫീസില്‍വച്ച് വര്‍ഗ്ഗീസിനോട് മേലധികാരി പറഞ്ഞു..

" നിങ്ങളുമായുള്ള കരാറിന്‍ പ്രകാരം പത്തുവര്‍ഷത്തെ സര്‍വ്വീസ് വിജയകരമായ് പൂര്‍ത്തിയായിരിക്കുന്നു...ആനുകൂല്യങ്ങളെല്ലാം പറ്റി ഇനി നിങ്ങള്‍ക്കുമടങ്ങാം, താല്പര്യമെങ്കില്‍ ഇനിയും പുതിയ എഗ്രിമെന്റെ സൈന്‍‌ചെയ്ത് സര്‌വ്വീസില്‍ തുടരാം.."

ഞാന്‍ എങ്ങോട്ടും പോണില്ലാ ഒരു ആജീവനാന്ത എഗ്രിമെന്റിങ്ങ് എഴുതിക്കോ.... എന്നുപറയാന്‍ വര്‍ഗ്ഗീസിനു ഒരു പ്രാവശ്യം‌പോലും ആലോചിക്കേണ്ടിവന്നില്ലാ. വീണ്ടും പത്തുവര്‍ഷസര്‌വ്വീസിനു കരാറെഴുതി.
രണ്ടുവര്‍ഷം കൂടി ആഘോഷമായ് കടന്നുപോയ്. അപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതും ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടിയതും.

ഇന്ത്യന്‍പട്ടാളമേലധികാരികള്‍ ഭരണംകയ്യടക്കിയപ്പോള്‍ മറ്റുപലരേപ്പോലെ വര്‍ഗ്ഗീസും ഹാപ്പിയായിരുന്നു.
ഹാപ്പിയായിരുന്ന വര്‍ഗ്ഗീസ് ആപ്പിലായത് പെട്ടന്നാണ്... ബ്രിട്ടീഷുകാരുടെ ഹൃദയവിശാലതയൊന്നും ഇന്ത്യന്‍ ആപ്പിസര്‍മാര്‍ക്കില്ലായിരുന്നു. വര്‍ഗ്ഗീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അല്പനു കുടകിട്ടിയതുപോലെ....ഉറങ്ങുമ്പോഴും തലയ്ക്കുമുകളില്‍ കെട്ടിത്തൂക്കിയിടും. സബോര്‍ഡിനേറ്റ്സിനോട് എങ്ങിനെ കൂടുതല്‍ മോശമായ് പെരുമാറാം എന്നതില്‍ അക്കാലത്ത് മേലാളന്മാരുടെയിടയില്‍ ഒരു മത്സരം തന്നെ നടന്നിരുന്നു. എല്ലാത്തിലും കഷ്ടം മേംസാബുമാരുടെ പീഡനങ്ങളാണ്.

മേലുദ്ധ്യോഗസ്തന്മാര്‍ക്കുകൊടുക്കുന്ന അതേ റെസ്പെക്ട അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും കൊടുക്കാന്‍ കീഴ്ജീവനക്കാര്‍ നിര്‍ബന്ധിതരായപ്പോല്‍ അറിയാതെ അവര്‍ പറഞ്ഞുപോയ്....അയ്യോ ഇതായിരുന്നു സ്വാതന്ത്ര്യമെങ്കില്‍ ഇതു ഞങ്ങള്‍ക്ക് വേണ്ടായിരുന്നൂട്ടോ.

വാഴച്ചാലി വര്‍ഗ്ഗീസ് വഴക്കാളി വര്‍ഗ്ഗീസാകാന്‍ പിന്നെ കാലതാമസംമുണ്ടായില്ല. ആരോപണങ്ങള്‍ പലതും വാങ്ങിച്ച് സ്വന്തം ക്രഡിറ്റില്‍ വച്ചു. സായിപ്പായിട്ടു തോളിം ചാര്‍ത്തിക്കൊടുത്ത പല റാങ്കുകളും നാടപ്പന്മാരു തിരികെമേടിച്ചു....എന്നാലും പട്ടാള ക്യാമ്പിലെ റിബല്‍ ഗ്രൂപ്പിലെ സുബാഷ്ചന്ദ്രബോസായിരുന്നു വര്‍ഗ്ഗീസ്.


ഒരുദിവസം മേയറുടെ ഭാര്യ കടന്നുവന്നപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍വര്‍ഗ്ഗീസ് കൂട്ടാക്കിയില്ലാന്നുമാത്രമല്ലാ തറയില്‍ വയ്ക്കേണ്ട കാലെടുത്ത് മേശപ്പുറത്ത് വച്ച് വിശാലമായ് ഇരിക്കുകയും ചെയ്തു. മേംസാബു കോപിച്ചു, അതു വല്യ ഇഷ്യൂവായ്... എനിക്കു നിങ്ങളുടെ ജോലിവേണ്ടാടാ പുല്ലന്മാരെ എന്നുപറഞ്ഞ് ഏഴരവര്‍ഷ സര്‍വ്വീസ് ബാക്കിവച്ച് വര്‍ഗ്ഗീസ് പട്ടാളജീവിതത്തോടു വിടപറഞ്ഞു.

1948 ഫെബ്രുവരിമാസം എട്ടാം തിയതി അച്ചിക്കോന്തനായ മേയറെ ഇംഗ്ലീഷ്,മലയാളം, തമിഴ്,തെലുംഗ്,ഹിന്ദി എന്നീ തനിക്കറിയാവുന്ന എല്ലാ ഭാഷകളിലെയും നിലവാരമുള്ള തെറിവിളിച്ചിട്ട് വര്‍ഗ്ഗീസ് ക്യാമ്പിന്റെ പടിയിറങ്ങി. സര്‍വ്വീസ് പൂര്‍ത്തിയാക്കാതെപോകുന്നവരെ പിടിക്കാന്‍ പുറകെ ആളെവിടുന്ന പതിവുണ്ടെങ്കിലും വര്‍ഗ്ഗീസിന്റെ പുറകെ ആരെയും അയച്ചില്ല...പകരം സ്വാതന്ത്യദിനം ആഗസ്റ്റ് പതിനഞ്ചില്‍നിന്നും ഫെബ്രുവരി എട്ടിനാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഒരു രഹസ്യയോഗം ചേര്‍ന്നോന്നു സംശയം.

............................

സ്വതന്ത്ര ഭാരതത്തിലെ തിരുക്കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള വിമുക്തഭടന്മാരെ പുനരതിവസിപ്പിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. കേരളത്തില്‍ പലയിടങ്ങളിലായ് വിമുക്തഭടന്മാര്‍ക്ക് ഭൂമി സൗജന്യമായ് കൊടുക്കാനായിരുന്നു പ്ലാന്‍.

സര്‍വ്വീസില്‍നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ പോലും കൈപ്പറ്റാതെ ഇറങ്ങിപ്പോന്ന വാഴച്ചാലി വര്‍ഗ്ഗീസും ഒരു അപേക്ഷസമര്‍പ്പിച്ചു. മൂന്നാറിനടുത്ത് വിമുക്തഭടന്മാര്‍ക്കായ് തിരുക്കൊച്ചി സര്‍ക്കാര്‍ പതിച്ചുകൊടുത്ത വനഭൂമിയില്‍ വര്‍ഗ്ഗീസിനും കിട്ടി ഒരുതുണ്ട് ഭൂമി. പട്ടംതാണുപിള്ളയോടു ബന്ധപ്പെടുത്തി ആ ഭൂപ്രദേശം പട്ടംകോളനി എന്നുവിളിക്കപ്പെട്ടു.


മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായ് എന്ന പഴംചൊല്ലുപോലെ വര്‍ഗ്ഗീസ് വീണ്ടും ഒരു കൃഷിക്കാരനായ്...പക്ഷേ പൊരുത്തപ്പെടാനായില്ല. ആയിടക്ക് എക്സ്മിലിട്ടറിക്കാരനായ ഒരു കൂട്ടുകാരനാണ് വര്‍ഗ്ഗീസിനോട് ഒരു പുതിയ ജോലിയുടെ കാര്യം പറഞ്ഞത്, ഒരു ഡ്രൈവര്‍ പോസ്റ്റ്.
പോകേണ്ടവഴിയും ചെന്നെത്തേണ്ട സ്ഥലവും കാണേണ്ട ആളുടെ പേരും എല്ലാം എഴുതിവാങ്ങി പോക്കറ്റിലിട്ട് പട്ടംകോളനിയില്‍നിന്നും വര്‍ഗ്ഗീസ് യാത്രതിരിച്ചു....

പോകേണ്ടവഴി അടിമാലി കല്ലാര്‍കൂട്ടി ....ചെന്നെത്തേണ്ടസ്ഥലം നാട്ടുകവല... കാണേണ്ടയാളുടെപേരു ചിമ്മാരുമറിയം... ഓടിക്കേണ്ടവാഹനം ജീപ്പ്. ഇതൊക്കെയായിരുന്നു പോക്കറ്റിലെ കടലാസിലെഴുതിയിരുന്നത്.

(തുടരും)

8 comments:

(സുന്ദരന്‍) said...

കാക്കനാടിനും പുക്കാട്ടുപടിക്കും ഇടയിലുള്ള വിജനപ്രദേശങ്ങളിന്‍ 'വാലങ്കിരി' എന്നപേരില്‍ അറിയപ്പെടുന്ന ഒരു ചെകുത്താനുണ്ടെന്നും, അസമയത്ത് ആവഴിയിലൂടെ സഞ്ചരിക്കുന്ന കാളകളെ (ഒരു ചെയ്ഞ്ചിനു ചിലപ്പോള്‍ മനുഷ്യരെയും) പിടിച്ച് ആഹരിക്കലാണ് മൂപ്പരുടെ ഹോബിയെന്നും അക്കാലത്ത് ബലമായ ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

പുതിയ കഥാപാത്രം എത്തിയല്ലോ.

G.manu said...

"എന്റെ പുണ്യാള...ഞങ്ങടെ കാളകളെ കാത്തുകൊള്ളണേ...." എന്ന പ്രാര്‍ത്ഥന വാഴച്ചാലിക്കുടുമ്പത്തില്‍ ഉയര്‍ന്നുതുടങ്ങി...

angane appooppanum ethi...ennittu??

ആവനാഴി said...

ഹൈ സുന്ദര്‍,

തിരക്കൊന്നൊഴിഞ്ഞോട്ടെ. എല്ലാം വായിച്ചിട്ട് കമന്റുന്നതാണു. തുടരൂ!
സസ്നേഹം,
ആവനാഴി

ശാലിനി said...

ഈ വല്യപ്പച്ചനെകുറിച്ച് നേരത്തേ എഴുതിയിട്ടില്ലേ. ഇദ്ദേഹത്തിന്റെ സൌന്ദര്യത്തെകുറിച്ചും.

അങ്ങനെ സ്വന്തം കുടുംബചരിത്രത്തിലേക്കും എത്തി. ചിമ്മാരുമറിയം ജീപ്പ് വാങ്ങിയോ, അപ്പോള്‍ നേട്ടങ്ങള്‍ക്കനുസരിച്ച് പുരോഗതിയും ഉണ്ടല്ലേ. നന്നായി.

ഇത് അവസാനിച്ചുകഴിഞ്ഞ് ഒന്നുകൂടി മുഴുവന്‍ വായിക്കണം.

sathees makkoth | സതീശ് മാക്കോത്ത് said...

പട്ടാളമപ്പൂപ്പനെക്കുറിച്ച് നേരത്തെ എഴുതിയിട്ടുണ്ടല്ലോ. അല്പം കൂടി ശ്രദ്ധിച്ച് എഴുതുക.എഴുത്തിന്റെ ഒഴുക്ക് മുന്‍പുണ്ടായിരുന്നത്രേം ഉണ്ടോ എന്ന് സംശയിക്കുന്നു.

ആഷ | Asha said...

അങ്ങനെ അപ്പൂപ്പന്‍ കഥയിലേയ്ക്ക് കടന്നു വരുന്നു.

കുറുമാന്‍ said...

വാഴച്ചാലി വര്‍ഗ്ഗീസ് വഴക്കാളി വര്‍ഗ്ഗീസാകാന്‍ പിന്നെ കാലതാമസംമുണ്ടായില്ല. ആരോപണങ്ങള്‍ പലതും വാങ്ങിച്ച് സ്വന്തം ക്രഡിറ്റില്‍ വച്ചു. സായിപ്പായിട്ടു തോളിം ചാര്‍ത്തിക്കൊടുത്ത പല റാങ്കുകളും നാടപ്പന്മാരു തിരികെമേടിച്ചു....എന്നാലും പട്ടാള ക്യാമ്പിലെ റിബല്‍ ഗ്രൂപ്പിലെ സുബാഷ്ചന്ദ്രബോസായിരുന്നു വര്‍ഗ്ഗീസ് - വര്‍ഗ്ഗീസപ്പൂപ്പന്‍ പുരാണവും തകര്‍ത്തു.........