Wednesday 29 August 2007

ചിമ്മാരുമറിയം - 19

നാട്ടുകവല പിറക്കുന്നു (ചിമ്മാരുമറിയം - 19)


വനത്തിലൂടെയുള്ളകുറുക്കുവഴികള്‍ പീരുമുഹമ്മദ് സേട്ടിനു മറ്റാരേക്കാളും പരിചിതമാണ്. നല്ലയിനം തടികള്‍തേടി കുറേയേറെ വര്‍ഷങ്ങള്‍ സേട്ടു ഹൈറേഞ്ചിലെ കാടുകളില്‍ അലഞ്ഞിട്ടുണ്ട്. വെറും പീരുമുഹമ്മദില്‍ നിന്നും പീരുമുഹമ്മദ് സേട്ടുവിലേയ്ക്കുള്ള വളര്‍ച്ചയില്‍ ആനച്ചൂരടിക്കുന്ന കാടുകളിലെ കടിനാദ്വാനത്തിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ടാവും സേട്ടുവിനു...പിന്നീട് പണവും പ്രതാപവും ആവശ്യത്തിലധികം വന്നുകൂടിയപ്പോല്‍ അയാളും ദേഹമനങ്ങാതെ പണംസമ്പാദിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു.

സേട്ടുവിന് മറിയം കുടിയേറിയ വനഭൂമിയിലേക്ക് നടന്നെത്താന്‍ മുതിരപ്പുഴമുറിച്ചുകടക്കുകയോ അതിസാഹസികമായരീതിയില്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചുകയറുകയോ ആവശ്യമായ് വന്നില്ലാ. വനത്തിന്റെ ഇരുളിലൂടെ ദിശമാറാതെ അയാള്‍ ലക്ഷ്യത്തിലേയ്ക്ക് നടന്നു കൂടെ നിഴലുപോലെ കൊച്ചാപ്പയും.

മറിയത്തിന്റെ സാമ്രാജ്യത്തിലെത്തിയ സേട്ടു അലകെനിന്നെ പരിസരം വീക്ഷിച്ചു. മറിയം ഒരുവന്മരം മറിക്കാനായ് മടയിരുത്തിനില്‍ക്കുന്ന നേരമാണ്.

" ഇതൊരു ശാതാരണ പെണ്ണാണല്ലാ കൊച്ചാപ്പാ...അബമ്മാരു പറഞ്ഞപ്പ നമ്മളുകരുതി ബല്ല ജിന്നുമാരിക്കൂന്ന്.."

"ഐഎന്‍‌എ... ഉം..ഉം..ഉം... ഞമ്മളും അതുതന്നെ കരുതീരുന്ന്... പച്ചേങ്കില് ബേറൊരു കൊയപ്പമുണ്ട്. തോക്കുകൊണ്ട് ഒരു ബലാല് ഓളുടെകൂടെ കൂടീട്ടൊണ്ടെന്നാ അബൂട്ടി പറ്ഞ്ഞെ...ഒളിഞ്ഞുനിന്നു ബെടിബെക്കാനും‌മതി"

"അങ്ങിനെ ബയിക്ക്‌ബാ... ഇപ്പ കാര്യം പുടികിട്ടി....തോക്കുകണ്ടാണ് പഹയന്മാരോടിത്, ന്നിട്ട് ഇത്തിരിപ്പോന്ന ഈപെണ്ണൊരു ജിന്നാണെന്നും ചുള്ളിക്കമ്പെടുത്ത് തച്ചപ്പ പേടിച്ചോടീന്നുപറഞ്ഞാ ബിശ്വസിക്കാനെക്കൊണ്ട് ഞമ്മക്ക് തലക്ക് പുരാന്തൊന്നുമില്ലാ..."

മറിയം മഴുവീശിവെട്ടുകയാണ്. സേട്ടുവിന്റെ അന്നോളമുള്ള കാഴ്ചപ്പാടില്‍ സ്ത്രീകള്‍ വീടിനുവെളിയില്‍ ഇറങ്ങാത്തവരാണ്. കുട്ടികളെ പ്രസവിക്കുക ആഹാരം കാലാക്കി വിളമ്പുക ഇതില്‍ കവിഞ്ഞ ഒരു ജോലിക്കും സ്ത്രീകള് പര്യാപ്തരല്ലാ എന്ന ചിന്താഗതിക്കാരനായിരുന്ന അയാള്‍ക്ക് മറിയം വേറിട്ട ഒരു കാഴ്ചയായ്. കൗതുകത്തോടെ അയാളിലെ മരക്കച്ചവടക്കാരന്‍ മരം‌വെട്ടുകാരിയെ വിലയിരുത്തി... മഴുവിലെ പിടുത്തം, മരത്തിന്റെ ചായ്‌വിനനുസൃതമായ് മടയിരുത്തിയത്, വെട്ടിന്റെ ഏക്കം.... ഒന്നിലും യാതൊരു കുറ്റവും പറയാനില്ല.

"കൊച്ചിക്കാ ഇബരു ശാതാരണ പെണ്ണല്ലാട്ടാ..."

"ഐഎന്‍‌എ... ഉം..ഉം..ഉം... "

പാറക്കെട്ടും ചതുപ്പും നിറഞ്ഞ, വനാന്തര്‍ഭാഗത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെകിടന്ന ഒരുപ്രദേശം ചുരുങ്ങിയ കാലംകൊണ്ട് ജനവാസയോഗ്യമാക്കിമാറ്റിയ മറിയത്തിന്റെ കഴിവിനെ അംഗീകരിച്ചുകൊടുക്കാതിരിക്കാന്‍ സേട്ടുവിനായില്ല. ഉള്ളിലിരിപ്പു കൊച്ചിക്കയോടു തല്‍ക്കാലം വെളിപ്പെടുത്താതെയാണ് സേട്ടു ചിമ്മാരുമറിയത്തിന്റെ അടുത്തേയ്ക്ക് ചെന്നത്.

'ഞമ്മളാണ് പീരുമുഹമ്മദ് ശേട്ട്...'
...
മറിയം മറുപടി ഒന്നും പറഞ്ഞില്ല... ചോദ്യഭാവത്തില്‍ സേട്ടുവിനെ നോക്കുകമാത്രം ചെയ്തു.

"യീ ശേട്ടൂന്റെയാ ഇക്കാണണകാടെല്ലാം..." കൊച്ചിക്കായുടെ സേട്ടുവിനെ കൂടുതല്‍ പരിചയപ്പെടുത്തുകയാണ്.. അതിനും മറിയം മറുപടിപറഞ്ഞില്ലാ...

" ശേട്ടൂന്റെ കുണ്ടന്മാരെ തച്ചോടിക്കാന് ജ്ജാരാ അറയ്ക്കബീബിയാ.... അനക്കറിയാബാടില്ലാ ശേട്ടൂനെ, ശൊന്തം വീടരെ ഒറ്റത്തൊയിക്ക് മയ്യത്താക്കിയ ആളാണ്‍ .... " കുഞ്ഞിക്ക സേട്ടുവിന്റെ വീരകഥകള്‍ വിളമ്പി...അതാണ് അയാളുടെ പ്രധാന ദൗത്യവും.

"ഇനിയും തൊഴിക്കണത് സ്വന്തം‌വീട്ടിലുമതിയെ. ഇവടെയെങ്ങാനും തൊഴിക്കാന്‍ വന്നാ... ആരായാലും കൊള്ളാം ആ കാലുഞാന്‍ വെട്ടിയെടുക്കും....." മറിയം മഴു ഉയര്‍ത്തികാണിച്ചു.


"മുണ്ടാണ്ടിരി കൊച്ചിക്കാ... ഓളോട് ഞമ്മളു ചോതിക്കട്ടെ..... " ....

"ഈ ബൂമി അന്റെയാണെന്നതിനെക്കൊണ്ട് ബല്ലരേകയും കയ്യിലൊണ്ടാ?"

മുഹമ്മദ് സേട്ടിന്റെ ചോദ്യത്തിനുമുമ്പില്‍ ഒരു വേള മറിയം മൗനമായ് നിന്നു....മറിയത്തിനു ഉത്തരം മുട്ടിയെന്നു കരുതി സേട്ടുവും കൊച്ചിക്കായും പരസ്പരം നോക്കി കണ്ണിറുക്കി ചിരിച്ചു.

"ഈ മണ്ണ് എന്റേതാണെന്നതിനു എന്റെ കൈയ്യിലുള്ള രേഗ ഇതാണ്..."
മറിയം മുഷിഞ്ഞ കൈത്തലങ്ങള്‍ മലര്‍ക്കെപ്പിടിച്ചു.... മണ്ണിനോടും മരത്തിനോടും കല്ലിനോടും കാട്ടുമൃഗങ്ങളോടും എതിരിട്ട കൈത്തലങ്ങള്‍.

വടവൃക്ഷത്തിന്റെ വേരുകള്‍പോലെ തഴമ്പുകള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കൈത്തലത്തില്‍ നോക്കി സേട്ട് തരിച്ചുനിന്നുപോയ്... അയാള്‍ അന്നുവരെ നെയ്പ്പത്തിരിയുടെ മാര്‍ദവ്മുള്ള കരതലങ്ങളേ സ്ത്രീകള്‍ക്കു കണ്ടിരുന്നൊള്ളു...

ആ മണ്ണുമുഴുവന്‍ മറിയത്തിനു സ്വന്തമാണെന്നതിനു അതില്‍കവിഞ്ഞ ഒരു രേഗയും ആവശ്യമായിരുന്നില്ല. മണ്ണില്‍ അദ്വാനിക്കുന്നവനു മണ്ണുതന്നെ കയ്യില്‍ പതിച്ചുനല്‍കുന്ന ഉടമസ്ഥാവകാശമാണത്. അതിനെതിരെ തന്റെ കയ്യിലെ കടലാസുപ്രമാണങ്ങള്‍ എടുത്തുകാട്ടാന്‍ സേട്ടുവിന്റെ മനസനുവദിച്ചില്ലാ.

മറിയത്തിന്റെ ചരിത്രം മുഴുവന്‍ ചോദിച്ചറിഞ്ഞിട്ടേ സേട്ടു അവിടെനിന്നും മടങ്ങിയൊള്ളു.

അഷ്ടിക്ക്‌വകയില്ലാത്തവരെ പുനരതിവസിപ്പിക്കാനായ് മറിയം അനുഭവിക്കുന്ന ത്യാഗങ്ങള്‍ സേട്ടുവിന്റെ ചിന്താഗതി മാറ്റിമറിക്കുകയായിരുന്നു.

ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം കണ്ടുമടങ്ങാറുള്ള സേട്ടുവിനു മറിയത്തോട് പരാജയപ്പെട്ടു... എങ്കിലും വീരോജ്വലമായ ഒരു പ്രഖ്യാപനത്തിലൂടെ തന്റെ പരാജയം വിജയമാക്കിമാറ്റുകയാണ് കീരിക്കാടന്‍ മുഹമ്മദ് സേട്ട് ചെയ്തത്.

"കല്ലാറൂട്ടിപ്പുയേടെ തീരത്തൂന്ന് ദേ ഇബടബരെ ഞമ്മളു ശൊന്തംകായ്മൊടക്കി ഒരു ബയിബെട്ടിത്തരും ...അന്നേക്കൊണ്ട് ശാതിക്കാത്ത ഒരുകാര്യം ഞമ്മളായിട്ട് ശെയ്തുതരണൂന്ന് കൂട്ടിക്കോളിന്‍"

ഇപ്പോള്‍ ആരുജയിച്ചു...

തല ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് സേട്ടു മലയിറങ്ങിയത്. 'മടക്ക'വടിയുടെ അടിവീണ് ദേഹത്ത് പാടുകള്‍ വീഴാതെ...എന്നാല്‍ മനസ്സില്‍ ഒരുപാടു വിങ്ങലുകള്‍ ഉണ്ടാവുകയും ചെയ്തു, ചെയ്തുകൂട്ടിയ തെറ്റുകളെക്കുറിച്ചുള്ള മനസ്താപമായിരിക്കാം.

ഐഎന്‍‌എ ഉം..ഉം..ഉം..പറയാതെ കൊച്ചിക്ക ജീവിതത്തിലാദ്യമായ് സേട്ടുവിനു പിറകെ വച്ചുപിടിച്ചു. ഇതെന്തുകൂടോത്രമാ തന്റെ മൊതലാളിക്കിട്ട് മറിയാമവെച്ചതെന്നാവും അയാള്‍ ചിന്തിച്ചിരുന്നത്. തന്റെ കഷ്ടകാലം തുടങ്ങീയെന്ന് അയാള്‍ അറിഞ്ഞോ ആവോ?

പിറ്റേന്നുതന്നെ സേട്ടു തന്റെ വാക്കിന്റെ വിലകാത്തു....മല്ലന്മാരും കളരിഅഭ്യാസികളും വീട്ടുപണിക്കാരും മരം‌വെട്ടുകാരും എല്ലാം കൈക്കോട്ടും കട്ടപ്പാരയും ഒക്കെയായ് വഴിപണിയാരംഭിച്ചു. മറിയത്തിന്റെ സാമ്രാജ്യത്തിലേയ്ക്ക് നീളുന്ന രാജവീഥി. എല്ലാം നോക്കിനടത്താന്‍ സേട്ടു മുമ്പില്‍ തന്നെഉണ്ടായിരുന്നു.


വഴിപണി പൂര്‍ത്തിയാകുന്നതിനു മുമ്പേതന്നെ മറിയത്തിന്റെ സാമ്രാജ്യത്തിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചുകഴിഞ്ഞിരുന്നു. കുറവിലങ്ങാട്ടുനിന്നും മറിയത്തിന്റെ പന്ത്രണ്ട് ആങ്ങളമാരില്‍ എട്ടുപേരും കപ്യാരു കുഞ്ഞവിരായോടൊപ്പം പുറപ്പെട്ടുപോന്നു, അതുകൂടാതെ ജീവിതം വഴിമുട്ടിനിന്നിരുന്ന ഏതാനും കര്‍ഷകരും അവരോടൊപ്പം കൂടി.

സേട്ടുവിന്റെ വഴിപണി പൂര്‍ത്തിയായപ്പോള്‍, പലദേശത്തുനിന്നും പല ജാതിയിലും തരത്തിലും പെട്ടവര്‍ ബന്ധമോ പരിചയമോ നോക്കാതെ മറിയത്തിനെത്തേടിയെത്തി. ... അവരില്‍ പൊതുവായുണ്ടായിരുന്ന ഘടകം പട്ടിണിമാത്രമായിരുന്നു.

മുഖംനോക്കാതെ മറിയം എല്ലാവര്‍ക്കും വീടുവയ്ക്കാനിടവും കൃഷിചെയ്യാനുള്ള മണ്ണും തിരിച്ചുകൊടുത്തു. ചിമ്മാരുമറിയത്തിന്റെ നേതൃത്വപാടവവും, മുഹമ്മദുസേട്ടിന്റെ സമ്പത്തും, വെള്ളച്ചാമിയുടെ നിര്‍മ്മാണപാടവവും മലയില്‍ ചെറിയ ചെറിയ വീടുകളായ് ഉയര്‍ന്നുവന്നു.

ഏടുമാടത്തില്‍നിന്ന് തിരയടങ്ങിയ മനസോടെ മറിയം ജനജീവിതം നോക്കിക്കണ്ടു.... വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ പുഞ്ചിരിച്ചു....വെള്ളച്ചാമിയുടെ അരികില്‍ ചേര്ന്നുനിന്ന് അവള്‍ പറഞ്ഞു....

'ചാമീ ഇതാണെന്റെ നാട്ടുകവല....'

നാട്ടുകവലയുടെ ഏറ്റവും ആകര്‍ഷകമായ കുറച്ചേറെ ഭൂമി ആര്‍ക്കും കൊടുക്കാതെ മറിയം കാത്തുസൂക്ഷിച്ചിരുന്നു...അതില്‍ വെള്ളച്ചാമിക്കായ് ഒരു വീട്തീര്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു... വെള്ളച്ചാമി അവിടെ മറിയത്തിനായ് വീടുവയ്ക്കാന്‍ വാശിപിടിച്ചു. അവസാനം രണ്ടുപേരും വീടുവയ്ക്കുന്നില്ലാഎന്നുതീരുമാനിക്കുകയും നാട്ടുകവലയുടെ ഏറ്റവും വലിയ ഉപകാരിയായ്നിലകൊള്ളുന്ന മുഹമ്മദ് സേട്ടിനു ആ സ്ഥലം സമ്മാനമായ് നല്‍കുകയും ചെയ്തു.

അവിടേയാണു നാട്ടുകവലയുടെ ചരിത്രത്തില്‍ ആദ്യമായ് മനോഹരമായ ഒരു രണ്ടുനിലമാളിക* ഉയര്‍ന്നത്. തേക്കിന്റെയും ഈട്ടിയുടെയും കാതല്‍ മാത്രമുപയോഗിച്ചാണ് ആ വീടിന്റെ എറിയകൂറും നിര്മ്മിച്ചിരുന്നത്.

ഈ കാലയളവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നത്. തിരുക്കൊച്ചിയുടെ പ്രധാനമന്ത്രിയായ് പട്ടംതണുപിള്ള അധികാരമേറ്റു. പിന്നീടുള്ള വര്‍ഷങ്ങളില്‍ നാട്ടുകവലയും ചരിത്രത്തിലേക്ക് വളരുകയായിരുന്നു.

( തുടരും )


* (സേട്ടു മരണം‌വരെ ആവീട്ടിലായിരുന്നു ജീവിച്ചിരുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കടംകേറിമൂടി സേട്ടുവിന്റെ കുടുംമ്പം ഒരു പുതുമടിശീലക്കാരനു ആ വീട് വിറ്റിട്ട് വേറെ ഏതോ ദേശത്തെയ്ക്ക് പോവുകയുണ്ടായ്. പുതിയ ഉടമ എമ്പത്തിഅഞ്ചു വരെ ആ മാളിക നിലനിര്‍ത്തിയിരുന്നു...പിന്നീട് ഇടിച്ചുപൊളിച്ചു കോണ്‍ക്രീറ്റിന്റെ വീടുപണികഴിച്ചു. സേട്ടുവിനു ശേഷം മറ്റാരും നാട്ടുകവലയില്‍ രണ്ടുനില വീട് പണികഴിപ്പിച്ചിട്ടില്ലാ....ഇന്നുവരെ)

5 comments:

(സുന്ദരന്‍) said...

ഈ കാലയളവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നത്. തിരുക്കൊച്ചിയുടെ പ്രധാനമന്ത്രിയായ് പട്ടംതണുപിള്ള അധികാരമേറ്റു. പിന്നീടുള്ള വര്‍ഷങ്ങളില്‍ നാട്ടുകവലയും ചരിത്രത്തിലേക്ക് വളരുകയായിരുന്നു

G.manu said...

"ഈ മണ്ണ് എന്റേതാണെന്നതിനു എന്റെ കൈയ്യിലുള്ള രേഗ ഇതാണ്..."
മറിയം മുഷിഞ്ഞ കൈത്തലങ്ങള്‍ മലര്‍ക്കെപ്പിടിച്ചു.... മണ്ണിനോടും മരത്തിനോടും കല്ലിനോടും കാട്ടുമൃഗങ്ങളോടും എതിരിട്ട കൈത്തലങ്ങള്‍

ee sentensinu ninakkoru cheers sundaraa.....nenchitippu pidanju poyi...

ശാലിനി said...

സുന്ദരാ, ഇതെന്താ എങ്ങെനെയെങ്കിലും തീര്‍ത്താല്‍ മതി എന്ന ചിന്തയില്‍ വേഗം എഴുതി തീര്‍ക്കുവാണോ? കുറച്ചുകൂടി വിശദീകരിച്ചെഴുതാമായിരുന്നു ഈ ഭാഗം എന്ന് തോന്നി.

വായിച്ചുവന്നപ്പോള്‍ നാട്ടുകവലയില്‍ നില്‍ക്കുന്നതുപോലെ തോന്നി. പഴയ ഫോട്ടോ വല്ലതും ഉണ്ടെങ്കില്‍ പോസ്റ്റൂ. സേട്ടുവിന്റെ വീട് പൊളിച്ചെന്ന് കേട്ടപ്പോഒള്‍ ഒരു വിഷമം. പഴയതെല്ലാം പൊളിച്ചടുക്കിയാലേ പുതിയതുണ്ടാക്കാന്‍ പറ്റൂ എന്ന് വാശി!

sathees makkoth | സതീശ് മാക്കോത്ത് said...

നാട്ടുകവലയിലേയ്ക്ക് പെട്ടെന്ന് എത്തിച്ചേര്‍ന്നതുപോലെ...
കുറച്ച് കൂടി ശ്രദ്ധിച്ച് മുന്നേറുക.

ആഷ | Asha said...

ഐഎന്‍‌എ ഇത് എന്തൂട്ടാ സാധനം?

സമ്പത്തും പ്രതാപവും ഒന്നും ശാശ്വതമല്ല അല്ലേ ബെന്നി. അതെന്തേ നാട്ടുകവലയില്‍ ഇരുനില വീടുകള്‍ ഇപ്പോഴുമില്ലാത്തേ?