Monday, 27 August, 2007

ചിമ്മാരുമറിയം -18

കീരിക്കാട്ട് പീരുമുഹമ്മദ് സേട്ട് (ചിമ്മാരുമറിയം -18)


"ആരടാവിടെ... നിങ്ങക്കിപ്പം എന്താവേണ്ടെ?"

മസിലും പിടപ്പിച്ചു ചന്ദ്രഹാസം മുഴക്കിനില്‍ക്കുന്ന കരിമുട്ടിപോലുള്ള മല്ലന്മാരെ കണ്ടിട്ടും ചിമ്മാരുമറിയത്തിനു തെല്ലും പരിഭ്രാന്തിയുണ്ടായില്ലാ.

കീരിക്കാടന്‍ പീരുമുഹമ്മദ് സേട്ട് വടക്കെമലബാറില്‍ നിന്നും ഇറക്കുമതിചെയ്ത് ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്ന അതിഭീകരന്മാരായ ഗുണ്ടകളാണിവരെന്ന് മറിയത്തിനുണ്ടോ മനസിലാവുന്നു.

മല്ലന്മാര്‍ക്ക് കലിയിരട്ടിച്ചു. മീശമുളച്ചതിനു ശേഷം ആദ്യമായാണ് കൂസലില്ലാതെ ഒരാളു തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്കാണുന്നത്... അതും ഒരു സ്ത്രീ. വീതിയേറിയ തുകല്‍‌ബെല്‍റ്റ് ഒരാവശ്യവുമില്ലാതെ അഴിച്ചുകെട്ടി ഒരുവന്‍, അരയില്‍ ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറം കത്തിയുടെ പിടി മറിയത്തിനെ കാണിക്കാനായിരിക്കും...

"ആരുപറഞ്ഞിട്ടാടീ ഈ അറാമ്പിറപ്പിന്റെ പണികാട്ടണെ.... ഈ കാട് ഞമ്മടെ മൊയലാളീന്റയാണ്.. മൊഹമ്മദുസേട്ടൂന്നു പറഞ്ഞാ ഇബടെ ഒറ്റയാന്‍പോലും മൂത്ര്യൊയിക്കും അറിയാമോ അനക്ക്!!!.."

"ഞാനിപ്പം മൊഹമ്മദുസേട്ടൂന്ന് കേട്ടു.... ഇനി മൂത്രമൊഴിക്കണം എന്നാണോ നിങ്ങളു പറയണെ..?" മറിയത്തിനു കൂസലില്ലാ.

"കളിയാക്കുന്നോടി ഹിമാറെ..." ഗുണ്ടാത്തലവന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു....പരാക്രമം സ്ത്രീകളോട് പാടില്ലാന്നാ കളരിയാശാന്‍ പഠിപ്പിച്ചത്. പക്ഷേ അഭിമാനത്തിന്മേല്‍ ഈ രീതിയിലൊരു ചൊറിച്ചിലു ചൊറിഞ്ഞാല്‍ എന്തുചെയ്യും...

ഒരുവന്‍ മിന്നല്‍ വേഗത്തില്‍ ചാടി മറിയത്തിന്റെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് കുനിച്ച് പുറത്ത് കൈചുരുട്ടി ഒരിടികൊടുത്തു. മറിയം നിലത്തുവീണുപോയ്.

'ബ്ധീം...' എന്ന ഇടിശബ്ധം കേട്ടപ്പോഴാണ് വെള്ളച്ചാമി മയക്കം‌വിട്ടുണര്‍ന്നത്...അമ്മ ദാ തറയില്‍ക്കിടക്കുന്നു... ഇടികൊണ്ടത് മറിയത്തിന്റെ പുറത്താണെങ്കിലും കലങ്ങിയത് വെള്ളച്ചാമിയുടെ നെഞ്ചാണ്. അവന്‍ ശരവേഗത്തില്‍ ഏറുമാടം ലക്ഷ്യമാക്കി ഓടി. പേടിച്ചോടിയതല്ലാ...തോക്കെടുക്കാന്‍ ഓടിയതാ. വെള്ളച്ചാമി ഏറുമാടത്തില്‍ കയറി നിറതോക്കെടുത്തു. മറിയത്തെ ഇടിച്ചുവീഴ്ത്തിയ കാപാലികന്റെ തിരുനെറ്റിക്ക് പുള്ളികുത്തി....

കാഞ്ചിവലിച്ചില്ല...

അപ്പോഴേയ്ക്കും മറിയം ചാടിയെഴുന്നെറ്റു... കൈയില്‍ പാറയിടുക്കില്‍ തഴച്ചുവളരുന്ന മടക്കയെന്ന കാട്ടുചെടിയുടെ ചുളുചുളുപ്പന്‍ കമ്പ്... വീണുകിടന്നിടത്തുനിന്ന് കൈയെത്തിച്ച് ഒടിച്ചെടുത്തതാണ്. തന്നെ ഇടിച്ചുവീഴ്ത്തിയവന്റെ ചന്തിക്കിട്ട് കൊടുത്തു പുളപ്പന്‍ അടിയൊരണ്ണം.....

'ഊഊഊഊഊഊഊഊഊഊ....'

ഒന്നെയ്...രണ്ടെയ്....മൂന്നെയ് ...വെള്ളച്ചാമിക്ക് മൂന്നിനുശേഷം എന്താണെന്ന് അറിയാത്തതുകൊണ്ട് പിന്നെ എണ്ണം‌പിടിക്കാനായില്ല.....

തടസം‌പിടിക്കാന്‍ വന്ന കൂട്ടുകാരനിട്ടും കിട്ടി മറിയത്തിനെ മടക്കയടി പൊതിരെ... കടന്നല്‍കൂട്ടം ഇളകിവരുന്നതുപോലുള്ള സീല്‍ക്കാരവും ചിലമിന്നലുകളും മാത്രമേ അന്തരീക്ഷത്തില്‍ അവര്‍ക്ക് കാണായൊള്ളു. കണ്ണിലൂടെ പൊന്നീച്ചപാറിനടന്നാല്‍ എല്ലാവരുടെയും ഗതി ഇതൊക്കെത്തന്നെ.

കളരിവീരന്മാര്‍ രണ്ടും പ്ഠിച്ച അഭ്യാസം മൊത്തമായ് മറന്ന നിമിഷങ്ങളായിരുന്നു... പിന്നെ ആകെ ഓര്‍മ്മയില്‍ ബാക്കിനിന്നിരുന്നത് അനുഭവത്തിന്റെ കളരിയില്‍നിന്നും പഠിച്ച അഭ്യാസമാണ്...

മാപ്ലച്ചിക്ക് പുരാന്താണ്ടാ അബൂട്ടീ....ഓടിക്കോടാ എന്നും പറഞ്ഞ് ഒരുവന്‍ ഓടി ...അവന്റെ മുമ്പില്‍ കടന്നിട്ടേയൊള്ളൂ എന്നമട്ടില്‍ മറ്റവനും ഓടി.

"തലേലാകെ അഞാറുമുടിയൊണ്ടാരുന്നത് വലിച്ചുപറിച്ചു കാലമാടന്‍...." മറിയം പുലമ്പിക്കൊണ്ട് ഏറുമാടത്തിലേക്ക് തിരിച്ചുകയറി.


വെള്ളച്ചാമി അപ്പോഴും തോക്കും ചൂണ്ടി നിന്നനില്പുതന്നെ....അവന്‍ തന്റെ വിശ്വാസം വീണ്ടും അടിവരയിട്ടുറപ്പിക്കുകയായിരുന്നു... ഇവര്‍ മനുഷ്യ സ്ത്രീയല്ലാ!!!

.................................

കീരിക്കാടന്‍ പീരുമുഹമ്മദ് സേട്ടുവിന്റെ ബംഗ്ലാവില്‍ ആകെ പ്രശ്നം. ആദ്യമായാണ് സേട്ടുവിന്റെ അംഗരക്ഷകന്മാര്‍ തോറ്റുമടങ്ങിയിരിക്കുന്നത്, അതും തന്ത്രപ്രധാനഭാഗങ്ങളിലെല്ലാം അടയാളത്തോടെ.
സേട്ടുകലിതുള്ളുകയാണ്....

"ഈ ഹിമാറുകളുക്കു തീനുകൊടുക്കന കായ്ണ്ടല്ലാ....കൊച്ചിക്കാ, ബല്ല പൊയേലും ഒയുക്കി കളേന്നതാര്‍ന്നു ബേതം..." തന്റെ മനസാക്ഷിസൂക്ഷിപ്പുകാരനും സന്തതസഹചാരിയുമായ 'കൊച്ചിക്കാ' എന്നു എല്ലാവരും വിളിക്കുന്ന കുഞ്ഞാലിയോട് അമര്‍ഷം മറച്ചുവയ്ക്കാതെ സേട്ടുപറഞ്ഞു.

"ഐ‌എന്‍എ....ഉം..ഉം..ഉം..." (അതുതന്നെ... ) സേട്ട് എന്തുപറഞ്ഞാലും കൊച്ചിക്കായുടെ റഡിമെയ്ഡ് ഉത്തരമാണിത്.

"ബല്യ കളരി അബ്യാശികളു... ചന്തിക്ക് അടീംബാങ്ങിഓടീരിക്കണ്....ഫൂ...."

"ഐ‌എന്‍എ....ഉം..ഉം..ഉം..."

സേട്ടുവിനുവേണ്ടി അനേകം മല്ലന്മാരെ ഇടിച്ചു തരിപ്പണമാക്കിയ കളരിയഭ്യാസികള്‍ അടികൊണ്ടു ചോരപൊടിയുന്ന തിണര്‍പ്പുകളില്‍ വെളിച്ചെണ്ണതേച്ച് ഭാര്യമാരെക്കൊണ്ട് വീശിച്ചുകൊണ്ടിരുന്നപ്പോഴാണ് സേട്ടുവിന്റെ വക പരിഹാസവും കൊച്ചിക്കയുടെ ഐ‌എന്‍‌എ‌യും...


"മൊയലാളി....കഡാര, ഉറുമി, ചുരിക, വടി, കുറുവടി.... ഇതുമ്മെ ഏതെടുത്താലും പ്രയോകിക്കാനും പ്രതിരോതിക്കാനും ഞമ്മക്കറിയാം... ഈ ചുള്ളിക്കമ്പിനുതച്ചാ ഞമ്മക്കുന്നല്ലാ ഒരുകളരി അബ്യാശിക്കും ഓടോല്ലാതെ ബേറേ ബയീല്ലാ... ബേറൊരു പ്രതിരോതോം ഒരു കളരിയാശാനും ഞമ്മക്കു പടിപ്പിച്ചുതന്നിട്ടുമില്ലാ..."

"ചുള്ളിക്കമ്പിനു അടീം അയിന്റെ പ്രതിരോതവും പടിപ്പിക്കണ ബേറൊരു കളരിയൊണ്ട്...എയുത്താശാന്റെ കളരി....യ്‌ന്നും അയിന്റെ പടികാണാത്തതിനെ കൊയപ്പ്മാ .... തലേമ്മെ മൂളയില്ലാ...." സേട്ടു പറഞ്ഞതാണ്കാര്യം....

"ഐ‌എന്‍എ....ഉം..ഉം..ഉം..."
സേട്ടുപറയണത് പൊട്ടത്തരമായാലും കൊച്ചിക്കാ ഐ‌എന്‍‌എ എന്നെപറയു, അതാണ് അയാളുടെ വിജയരഹസ്യം.

"മ്മക്കൊന്നു കാണണമല്ലാ ആ ബമ്പത്തിയെ കൊച്ചിക്കാ.... അവളെ കച്ചേരികേറ്റിട്ടേ ഈ പീരുമൊഹമ്മതിനു ബിശ്രമമൊള്ളു..."

ഐ‌എന്‍എ....ഉം..ഉം..ഉം...

സേട്ടുവും കൊച്ചിക്കയും ചിമ്മാരുസംഹാരത്തിനു ഇറങ്ങിപ്പുറപ്പെട്ടു. രണ്ടാളും പിന്‍ഭാഗത്ത് വരകളോടുകൂടി തിരിച്ചുവരുന്നത് ഭാവനയില്‍ കണ്ട് അബൂട്ടി വേദനയിലും ചിരിച്ചു.

.........

ഹൈറേഞ്ചിലെ വനഭൂമി കൃഷിആവശ്യങ്ങള്‍ക്കായ് പാട്ടത്തിനു കൊടുത്തക്കാന്‍ തുടങ്ങിയ കാലത്ത് ആയിരമേക്കര്‍ ഭൂമി ഏലപ്പാട്ടത്തിനെടുത്തതാണ് കല്ലായിക്കാരന്‍ കീരിക്കാട്ട് പീരുമുഹമ്മദ് സേട്ടു. മൂന്നാറില്‍ സായിപ്പു കൃഷിക്കായ് പാട്ടത്തിനു വനഭൂമി എടുത്ത കാലത്തുതന്നെ സേട്ടുവും ഹൈറേഞ്ചില്‍ കയറിയിരുന്നു. അടിമാലിക്കും കല്ലാര്‍കൂട്ടിക്കും ഇടയിലായിരുന്നു സേട്ടുപാട്ടത്തിനെടുത്ത ആയിരമേക്കര്‍ വനഭൂമി (ഈ സ്ഥലത്തിനു പില്‍ക്കാലത്ത് ആയിരമേക്കര്‍ എന്നപേരു വീഴുകയുണ്ടായ്... ഇന്നും അങ്ങിനെതന്നെ അറിയപ്പെടുന്നു).

സേട്ടു ഏലപ്പാട്ടത്തിനു വനഭൂമിയെടുത്തെങ്കിലും ഏലകൃഷി ചെയ്തില്ലാ. വനത്തിലെ നല്ലയിനം തടികള്‍ മുറിച്ച് കച്ചവടം ചെയ്യുക എന്നതായിരുന്നു സേട്ടുവിന്റെ ലക്ഷയ്ം. അതുകൂടാതെ പരിസരത്തുള്ള കാടുകളില്‍ എവിടെയെങ്കിലും പാവപ്പെട്ട ഒരു കുടിയേറ്റക്കാരന്‍ കുറച്ച് ഭൂമിവെട്ടിയെടുത്താല്‍ അവിടെയെത്തും സേട്ടുവിന്റെ ഗുണ്ടകള്‍. ആയിരമേക്കര്‍ ഭൂമിയുടെ എഗ്രിമെന്റ് കൈയിലുള്ളതുകാണിച്ച് വനമെല്ലാം തന്റെ സ്വന്തമാണെന്ന് പറഞ്ഞു സേട്ടു ആളുകളെ കബളിപ്പിച്ചിരുന്നു. അവസാനം സേട്ടുവിനു വിലകൊടുത്ത് വേണം പാവം കര്‍ഷകനു അവന്‍ കുടിയേറിയ പുറമ്പോക്ക് സ്വന്തമാക്കാന്‍.

ചിമ്മാരുമറിയത്തിനോടും സേട്ടുപയറ്റാന്‍ പോകുന്നത് ഈ ആയിരമേക്കര്‍ തന്ത്രംതന്നെയാണ്.

ഇതുവരെ ആരുടെയടുത്തും തോറ്റചരിത്രം പീരുമുഹമ്മദ്സേട്ടുവിനില്ലാ.
ചിമ്മാരുമറിയമാകട്ടെ തോല്‌വിയുടേ കയ്പ്പ്‌ ഒരുപാട് കുടിച്ചവളാണ്...

പക്ഷേ ഇനി ഒരുത്തന്റെം മുമ്പില്‍ തോല്‍ക്കാന്‍ അവള്‍ക്ക് തീരെ മനസില്ലാ.(തുടരും....)


പ്രത്യേക അറിയിപ്പ്.
കീരിക്കാടന്‍ സേട്ടുവിന്റെ ഫാമിലിയുമായ് ബന്ധപ്പെട്ട ആരെങ്കിലും ഈ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാനിടയായാല്‍, എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ ദയവായ് അറിയിക്കണം (സേട്ടു നാട്ടുകവലയുടെ ഉപകാരിയായ് മാറിയകഥയാണ് തുടരാന്‍പോകുന്നത്...). മറ്റുകഥാപാത്രങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ ബന്ധപ്പെട്ടവരോട് അനുവാദം ചോദിക്കാന്‍ ഞാന്‍ ഒരുപാടു ശ്രമിക്കുകയുണ്ടായ്....നാട്ടുകവലഉപേഷിച്ചു നിങ്ങളുടെ കുടുമ്പത്തിന്റെ എല്ലാക്കണ്ണികളും ഒരുപാടുവര്‍ഷങ്ങള്‍ക്കുമുമ്പേ പോയതിനാലും....ഞാന്‍ ജീവിതസമരം നയിക്കുന്നത് നിങ്ങളില്‍നിന്നും ഒരുപാട് അകലെയായതിനാലും ...നാട്ടുകവലയുടെ ചരിത്രം സേട്ടുവിനെ പരാമര്‍ശിക്കാതെ തുടരാന്‍ കഴിയാത്തതിനാലും ...... ഞാന്‍ എഴുതുന്നു.
(benny_xavior@yahoo.co.in)

9 comments:

(സുന്ദരന്‍) said...

ചിമ്മാരുമറിയവും പീരുമുഹമ്മദ് സേട്ടുവുമായുള്ള പോരാട്ടം

G.manu said...

"ഞാനിപ്പം മൊഹമ്മദുസേട്ടൂന്ന് കേട്ടു.... ഇനി മൂത്രമൊഴിക്കണം എന്നാണോ നിങ്ങളു പറയണെ..?" മറിയത്തിനു കൂസലില്ലാ

namicheda.... chimmaru ente manasil vallathe keezhadangi nilkkunnu..plss.... next post vegam

ശാലിനി said...

സുന്ദരാ, ഇതുവരെ ശരിക്കും ഒരു കുടിയേറ്റ കഥ വായിക്കുന്നതുപോലെയാണ് തൊന്നിയത്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നി ഇതു കഥയല്ല, ചരിത്രമാണെന്ന്. വാല്‍കഷണം വായിച്ചപ്പോള്‍ മനസിലായി സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണെന്ന്.

അടുത്ത പുസ്തകം ഇതാവുമോ?

sandoz said...

സുന്ദരാ....
ചിമ്മാരുവിന്റെയൊപ്പം നീയും ചരിത്രത്തിലേക്ക്‌.....
ചുമ്മാ അങ്ങട്‌ കലക്കെടാ....
ഇടക്ക്‌ ഓടിപ്പിടിച്ച്‌ വന്ന് ഞാന്‍ കമ്പ്ലീറ്റ്‌ വായിക്കുന്നുണ്ട്‌...

കുതിരവട്ടന്‍ :: kuthiravattan said...

എന്നാലും രണ്ടു മല്ലന്മാരെ ഒന്നിച്ച് മറിയത്തിനെക്കൊണ്ടു തല്ലിച്ചത് അക്രമമായിപ്പോയി, ഒരാളെ മതിയായിരുന്നു. :-)

വേണു venu said...

സുന്ദരാ വായിക്കുന്നു.
ഈ കുടിയേറ്റ കഥ യഥാര്‍ഥ കഥയാണെന്ന അറിവും വായനയ്ക്കു് പുതിയ മാനങ്ങള്‍‍ പകരുന്നു. തുടരുക.

sathees makkoth | സതീശ് മാക്കോത്ത് said...

കളി മറിയത്തിനോടാ...
സുന്ദരം.സുന്ദരാ...

ആഷ | Asha said...

ഒന്നെയ്...രണ്ടെയ്....മൂന്നെയ് ...വെള്ളച്ചാമിക്ക് മൂന്നിനുശേഷം എന്താണെന്ന് അറിയാത്തതുകൊണ്ട് പിന്നെ എണ്ണം‌പിടിക്കാനായില്ല.....


ഹ ഹ കൊള്ളാം
ഞാനങ്ങനെ രസിച്ച് വായന തുടരുകയാണ്.

കുറുമാന്‍ said...

മറിയത്തിന്റെ ശേഷിച്ച മുടിയും കൂടെ കോഴിയുടെ പപ്പ് പറിക്കുന്ന ലാഘവത്തോടെ മമ്ല്ലന്മാര്‍ പറിച്ചത് ശരിയായില്ല സുന്ദരാ :)