Saturday, 25 August, 2007

ചിമ്മാരുമറിയം -17

കപ്യാരു കുഞ്ഞവിരായുടെ ദുര്‌വിധി (ചിമ്മാരുമറിയം -17)


കപ്യാരു കുഞ്ഞവിരാ...നാട്ടില്‍ നല്ലനിലയില്‍ കഴിഞ്ഞിരുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ അറിയാത്തവണ്ണം മാറിപ്പോയ്. ക്ഷീണിച്ച് എല്ലുംതോലുമായിരിക്കുന്നു.

"യുദ്ധോം ക്ഷാമോന്നുമല്ലാ എന്നെ തളര്‍ത്തിയത് മറിയാമോ..." അയാള്‍ കഥപറയാനാരംഭിച്ചു.

മറിയം പാറപ്പുറത്ത് ഉയര്‍ന്നഭാഗത്ത് കുത്തിയിരിക്കുകയാണ്, ഒരു ‍സിംഹം ഇരിക്കുന്നതുപോലെ. തോളില്‍കിടന്ന തോര്‍ത്തുമുണ്ടെടുത്ത് കുടഞ്ഞുവിരിച്ച് അവളുടെ അരികത്തായ് കുഞ്ഞവിരായുമിരുന്നു.

"റാഹേലിന്റെ കെട്ട്യോന്‍ കാണിച്ച പുത്തിമോശമാ എന്നെ ഈ നെലേലെത്തിച്ചത്.... കെടപ്പാടം നഷ്ടമായിമോളെ....നാളെ ഞാന്‍ സുകോല്ലാത്തപെണ്ണുമ്പിള്ളേനെം മക്കളേംകൊണ്ട് തെരുവിലേക്കിറങ്ങേണ്ടിവരും..." കുഞ്ഞവിരാവിതുമ്പിപ്പോയ്...

അറുത്തകൈക്ക് ഉപ്പുതേയ്ക്കാത്തവനായിരുന്നു കുഞ്ഞവിരാച്ചന്‍. തലമുറയായ് കൈമാറിക്കിട്ടിയ സ്വത്ത് കൂടാതെ കപ്യാരുദ്യോഗംചെയ്തും കുറച്ചൊക്കെ സമ്പാദിച്ചിരുന്നു. ധര്‍മ്മംചോദിച്ചുവരുന്നവനുപോലും ഒരണ നെറ്റിയേ‌ല്‍ പോറാന്‍ കൊടുക്കാത്ത മനുഷ്യന്‍... ആ മനുഷ്യനെ ചതിച്ചത് ദുര്‍വിധിയായിരുന്നു... ആ വിധികടന്നുവന്നതാവട്ടെ മരുമകന്റെ കാലില്‍ പിടിച്ചും...

ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള അതൃപ്തിയും മുറുമുറുപ്പും നിലനില്‍ക്കെതന്നെ ഇന്ത്യ എന്തിനാണു സഖ്യകക്ഷികളോടുചേര്‍ന്ന് യുദ്ധമുഖത്തോട്ട് പോയതെന്നും, അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഇങ്ങിനെ തുടര്‍ന്നാല്‍ നാട്ടിലെല്ലാം പട്ടിണിമരണമായിരിക്കും അനന്തരഫലമെന്നും കവലയില്‍ ആളുകള്‍ കൂടിനിന്നു ചര്‍ച്ചചെയ്യുന്നിടത്തൊന്നും കുഞ്ഞവിരാച്ചനെ ആരും കണ്ടിട്ടില്ലാ. ജര്‍മ്മനായാലും ബ്രിട്ടനായാലും യുദ്ധമായാലും സമാധാനമായാലും അയാള്‍ക്ക് ഒരുപോലെയായിരുന്നു....കാരണം അയാളുടെ പത്തായത്തില്‍ നിറയെ നെല്ലുണ്ടായിരുന്നു.

യുദ്ധകെടുതികള്‍ക്കൊപ്പം 'ബോണസായ്' പ്രകൃതിയൊരുക്കിയ വരള്‍ച്ചയും കൃഷിനാശവും വേണ്ടിവന്നു കുഞ്ഞവിരാച്ചനെ മറിച്ച് ചിന്തിപ്പിക്കുവാന്‍. കതിരുവിളഞ്ഞ് പവന്‍‌നിറമായ്കിടക്കേണ്ട ഇരുപ്പൂനിലങ്ങളില്‍നിന്നും ‍ഉഷ്ണക്കാറ്റ് പൊടിപറത്തുന്ന ഉച്ചനേരത്താണ് പാടത്തിനുനടുവിലൂടെയുള്ള നടവഴിയിലൂടെ കുഞ്ഞവിരാച്ചനെ കുത്തുപാളയെടുപ്പിക്കാനുള്ള ഐഡിയായുമായ് മരുമകന്‍ അന്നൊരുദിവസം നടന്നുവന്നത്.

കുഞ്ഞവിരായുടെ മൂത്തമകള്‍ റാഹേലിന്റെ കെട്ടിയവനും ഓനാച്ചന്‍ എന്ന് എല്ലാവരാലും ഓമനിച്ചു വിളിക്കപ്പെടുന്നവനുമായ ജോണ്‍ സാമുവല്‍, വെട്ടുകല്ല് ബിസിനസ്സ്മാന്‍. ഒരു പണിക്കാരനെ മാത്രമേ ഓനാച്ചന്റെ മടയില്‍ കാണാന്‍പറ്റു, ഒന്നില്‍കൂടുതലാളുകള്‍ വെട്ടിയാല്‍ കല്ലിന്റെ വലിപ്പത്തിനു വ്യത്യാസം വരുമെന്നൊരു മുടന്തന്‍ ന്യായവും, സംസാരിച്ചുനിന്നു സമയം കളയുമെന്നൊരു മുടന്താത്ത ന്യായവും ഇതിനേക്കുറിച്ച് ഓനാച്ചനു പറയാനുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേയ്ക്കും എണ്ണിച്ചുട്ട അപ്പം‌പോലെ ഒരുവണ്ടിക്കുള്ള കല്ലു തയ്യാറാകും. സ്ലോമോഷനില്‍ കാളകളെ നടത്തി വര്‍ക്ക്‌സൈറ്റില്‍ എത്തിക്കുന്നത് ഓനാച്ചന്‍‌തന്നെ.

സാധാരണഗതിയില്‍ വീടുപണിതുടങ്ങാന്‍ പ്ലാനിടുന്നതിനും ഒരുവര്‍ഷം മുമ്പെങ്കിലും ഓനാച്ചനെകൊണ്ട് കല്ലിറക്കിച്ചുതുടങ്ങാന്‍ അനുശാസിക്കുന്നതായിരുന്നു ആനാട്ടിലെ തച്ചുശാസ്ത്രം. ഗുണമേന്മയുള്ള വെട്ടുകല്ലുകള്‍ ആ പരിസരത്ത് ഓനാച്ചന്റെ വളപ്പില്‍മാത്രം അലോട്ടുചെയ്ത ദൈവമാണ് നാട്ടുകാരെ വെട്ടിലാക്കിയത്.

ഈ എക്സ്പീരിയന്‍സുവെച്ചാണ് ഓനാച്ചന്‍ കോട്ടയത്ത് ജസ്യൂട്ട്‌പാതിരിമാരുപണിയുന്ന സെമിനാരിക്ക് വെട്ടുകല്ലിറക്കികൊടുക്കാനുള്ള കരാറുചാടിപ്പിടിച്ചത്. പതിവു സ്റ്റൈലില്‍ കല്ലിറക്കാന്‍ തുടങ്ങിയ ഓനാച്ചനുമുമ്പില്‍ വെള്ളക്കാരന്‍ എഞ്ചിനീയര്‍ വെള്ളംകുടിച്ചുപോയ്.

"ഗെറ്റ് മി മോര്‍ ‍ബ്രിക്സ് ഓര്‍ ഗെറ്റ്ലോസ്റ്റ് ഫൂള്‍... " എന്ന് സായിപ്പലറിയപ്പോള്‍ മുഖഭാവത്തില്‍നിന്നും ഓനച്ചന്‍ കാര്യം മനസിലാക്കിയെടുത്തു.

കൂടുതല്‍ പണിക്കാരെയിറക്കി കല്ലുവെട്ട് ഉഷാറാക്കിയില്ലായെങ്കില്‍ ബിസിനസ് പൂട്ടേണ്ടിവരും എന്ന അവസ്ഥയിലായി ഓനാച്ചന്‍. മൂലധനമാണ് പ്രശ്നം. പത്തുകാശ് കൈയ്യിലുള്ളപ്പോള്‍ അമ്മായിഅപ്പനെ തെറിവിളിക്കുകയും പത്തുകാശിനു ആവശ്യം‌വരുമ്പോള്‍ അമ്മായി‌അപ്പന്റടുത്തോട്ട് ഓടിവരുകയും ചെയ്യുന്ന ആചാരമര്യാദതെറ്റിക്കാതെ ഓനാച്ചനും പൊരിവെയിലത്ത് നടവരമ്പിലൂടെ ഭാര്യവീട്ടിലേക്ക് വലിച്ചുവിട്ടു.

കൈവച്ചാല്‍ തെന്നുന്ന ഫിഗറായിരുന്ന തന്റെ വണ്ടിക്കാളകളുടെ മുതുക് തേങ്ങാപൊതിക്കാവുന്ന പരുവമായതിന്റെ വിഷമത്തില്‍ പച്ചപ്പിന്റെ നാമ്പുപോലുമില്ലാത്ത പാടത്ത് കാളേമ്മാര്‍ക്ക് ഒരു മിത്തിക്കല്‍ ഫീഡിംഗിനു ശ്രമിക്കുകയായിരുന്ന കുഞ്ഞവിരാച്ചന്‍ മരുമോന്റെ വരവ് അകലേന്നെകണ്ടു.

പണമിടപാടില്‍ ദൈവത്തിനെപോലും വിശ്വസിക്കാന്‍ ഒരുക്കമല്ലാത്ത ആളായിരുന്നു കുഞ്ഞവിര, നാളിതുവരെ ആരുമായും യാതോരുവിധത്തിലുമുള്ള കൂട്ടുകച്ചവടവും അയാള്‍ നടത്തിയിട്ടുമില്ലാ,അതിനാല്‍തന്നെ ഒന്നും നഷ്ടമായിട്ടുമില്ലാ. എന്നാല്‍ ഇക്കുറിപെട്ടുപോയ്...

ലാഭം‌മുഴുവന്‍ അപ്പച്ചനെടുത്തോ എന്ന് മരുമോന്‍ പറഞ്ഞതുകൊണ്ടോ...
ഷാമം‌മൂലം മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്ലാതായതുകൊണ്ടോ...എന്താണെന്നറിയില്ലാ വെട്ടുകല്ലുമടയിലേക്ക് പണമിറക്കാന്‍ കുഞ്ഞവിരാ തീരുമാനിച്ചു.

പിറ്റേന്നുമുതല്‍ കല്ലുവെട്ട്‌മടയില്‍ ആളനക്കമായ്. വര്‍ക്ക് സൈറ്റിലേക്ക് കല്ലെത്തിക്കാന്‍ ഒരു വണ്ടിയൊന്നും പോരാതെവന്നപ്പോല്‍ പരിചയക്കാരുടെയടുത്തുനിന്നും ഓനാച്ചന്‍ ഏതാനും വണ്ടികള്‍കൂടി വാടകയ്ക്കെടുത്തു കാളേന്മാര്‍ സഹിതം.

കൂടുതല്‍ ദിവസം തുടരാനായില്ല, അതിനിടയില്‍ ദുരന്തം സംഭവിച്ചു. പതിവിലധികം കട്ടകള്‍ കയറ്റിയ ഒരു വണ്ടി മടയില്‍നിന്നും പ്രധാന നിരത്തിലേയ്ക്ക് കയറുന്ന ഇടവഴിയില്‍ വച്ച് പിന്നോട്ട് ഉരുളാനാരംഭിച്ചു. ക്ഷാമകാലമായതിനാല്‍ പോഷകാഹാരക്കുറവുണ്ടായിരുന്ന കാളേന്മാര്‍ ആഞ്ഞുപിടിച്ചിട്ടും വണ്ടിയുടെ റിവേഴ്സ് ഗിയര്‍ മാറ്റാനായില്ലാ. കാളേന്മാരുടെ ഗ്രിപ്പ് പോയതക്കത്തിനു ഡ്രൈവിംഗിന്റെ അടിസ്ഥാന മര്യാദപോലും മറന്ന് വണ്ടിക്കാരന്‍ വണ്ടിയില്നിന്നും എടുത്തുചാടി.

പിന്നോട്ടുരുളുന്ന വണ്ടി കണ്ട് ഓനാച്ചന്‍ ആദ്യമൊന്നു പകച്ചു. ഒരു പഴഞ്ചന്‍ കാളവണ്ടിം എല്ലുപൊടിക്കാന്‍ പരുവമായ രണ്ടു കാളേന്മാരും പോയാല്‍ പോകട്ടേന്നു കരുതിയാല്‍ മതിയായിരുന്നു. ഇരുമ്പിന്റെ പട്ടയടിച്ച കാളവണ്ടിചക്രത്തിനടിയില്‍ സ്വന്തം കാലുകൊണ്ട് ഊട്‌വച്ചതെന്തിനാണെന്ന് ഓനച്ചനു അന്നുമറിയില്ലാ ഇന്നുമറിയില്ലാ.

കപ്പത്തണ്ടൊടിയണപോലെ കാലൊടിഞ്ഞുകിടന്ന ഓനച്ചന്റെ ബിസിനസെല്ലാം പൊളിഞ്ഞു. സ്വന്തമായ് ഉണ്ടായിരുന്നതെല്ലാം ചികിത്സയുടെ പേരും പറഞ്ഞ് പലവൈദ്യന്മാരും കൊണ്ടുപോയ്. കാലിന്റെ മുറിവു പഴുത്ത് ആള് ഇഹലോകവാസം വെടിയുന്ന പരുവമായപ്പോള്‍ കുഞ്ഞവിരായ്ക്ക് വീണ്ടും പണമിറക്കേണ്ടിവന്നു. മകള്‍ വിധവയാകുമെന്നതിലും പ്രധാനമായ് കല്ലുമടയില്‍ താനിറക്കിയ കാശ് തിരികെ ചോദിക്കാനെങ്കിലും മരുമകന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് അയാളുടെ മാത്രം ആവശ്യമായ് മാറുകയായിരുന്നു.

അവസാനവിജയം കുഞ്ഞവിരായ്ക്കും മരുമകനുമായിരുന്നു. ഒരുകാലിന്റെ നീളം കുറഞ്ഞെങ്കിലും ഓനച്ചനു ജീവിതത്തിന്റെ നീളംകൂട്ടിക്കിട്ടി. അപ്പോഴേയ്ക്കും രണ്ടാളുടെയും സ്വത്ത് മുഴുവന്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും വൈദ്യന്മാര്‍ കൊണ്ടുപോയിരുന്നു.

ഈ സംഭവത്തിനു ശേഷമാണ് മലയാളക്കരയില്‍ വിനാശകാലെ വിവരീതബുദ്ധിയെന്നുപറയുന്ന പഴംചൊല്ല് ഉണ്ടായത്.

കഥകേട്ടുകഴിഞ്ഞപ്പോള്‍ ചിമ്മാരുമറിയം വിധിപറഞ്ഞു.

"കഴിഞ്ഞതൊന്നുമോര്‍ത്ത് സങ്കടപ്പെട്ടതുകൊണ്ട് ഇനികാര്യമില്ലാ. നാടുവിട്ട് കാടുകയറാന്‍ തലയിലെഴുത്തുണ്ടെങ്കില്‍ അതുതന്നെ നടക്കും.... ഇതാ ഈ കാണുന്നതാണ് എന്റെ ലോകം. തെരുവിലേക്കിറങ്ങുന്നതിലും ഭേതമാണെന്നു തോന്നുന്നെങ്കില്‍ ഇവിടെ എവിടെയെങ്കിലും കൂടിക്കോളു ...."

"വല്യ ഒപകാരം മോളെ..." കപ്യാരു അള്‍ത്താരയില്‍ തിരുസ്വരൂപത്തെ
സാഷ്ടാംഗം‌വീണുനമസ്കരിക്കുന്നതുപോലെ മറിയത്തെ നമസ്കരിച്ചു.

"പിന്നെ ഇതു കാടാണെന്നും അതിജീവനത്തിനു കരുത്താണാവശ്യമെന്നും മറക്കരുത്. നാട്ടിലേക്ക് മടങ്ങി കൂടുതല്‍ ആളുകളെയും കൂട്ടിവാ... പട്ടിണിയും പരിവട്ടവും കൊണ്ട് കഷ്ടപ്പെടുന്ന നമ്മുടെ ആളുകളോടെല്ലാം പോരാന്‍ പറയൂ..."

മറിയം പണിയായുധങ്ങള്‍ കയ്യിലെടുത്ത് എഴുന്നേറ്റപ്പോള്‍ കുഞ്ഞവിരായും എഴുന്നേറ്റു. തോര്‍ത്തുമുണ്ട് തട്ടിക്കുടഞ്ഞ് തോളത്തിട്ട് വീണ്ടും തൊഴുതുനിന്ന അയാളെ നോക്കി ഒരു നിമിഷം മറിയം നിന്നു.

"മണ്ണിലിരിക്കാനും കിടക്കാനുമൊക്കെ മനസുള്ളവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍മതി....ദേഹത്ത് പൊടിയും മണ്ണുമൊക്കെ പറ്റാതെ ജീവിക്കണോന്നുള്ളോര്‍ വേറെ വഴിനോക്കണം..." മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മറിയം തന്റെ ജോലിയിലേക്ക് തിരിഞ്ഞു. തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തോടെ കുഞ്ഞവിരാച്ചന്‍ മലയിറങ്ങിയപ്പോള്‍ ചിമ്മാരുമറിയത്തിന്റെ കാനന സാമ്രാജ്യത്തില്‍ ആദ്യപ്രജ ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.

....................................

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറിയവും വെള്ളച്ചാമിയും അടിക്കാടുവെട്ടിത്തെളിച്ച് കുറേയേറെ ഭൂമി കൈവശമാക്കി. കാറ്റ് അനുകൂലമായിരുന്ന സമയംനോക്കി ചപ്പുചവറുകള്‍ക്ക് തീയും കൊളുത്തി. പാഴ്മരങ്ങളും മുഴ്പ്പടര്‍പ്പുകളും വിഴുങ്ങി മുന്നേറിയ തീയ് ചിലപ്പോള്‍ വന്മരങ്ങളെയും തഴുകി. മാനം‌മുട്ടെ ഉയരുന്ന പുകയും തീനാളങ്ങളും വെള്ളച്ചാമിയില്‍ ഭയാശങ്കകള്‍ ഉയര്‍ത്തിയെങ്കിലും മറിയം തെല്ലും പതറിയില്ലാ. പഞ്ചഭൂതങ്ങള്‍ മറിയവുമായ് ധാരണയിലായിരുന്നു.

കനലെരിഞ്ഞടങ്ങാന്‍ പിന്നേയും കുറേദിവസങ്ങളെടുത്തു. ആ ദിവസങ്ങളില്‍ മറിയം പാറക്കെട്ടിന്റെ ചരിവില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന മരത്തില്‍ ഏറുമാടം കെട്ടാനുള്ള ശ്രമത്തിലായിരുന്നു. കാട്ടിലെ ജീവിതാരംഭകാലങ്ങളില്‍ റപ്പേലാശാനില്‍ നിന്നും പടിച്ച വിദ്യകളെല്ലാം ഉറപ്പുള്ള ഒരു ഏറുമാടം തീര്‍ക്കാന്‍ മറിയത്തിനെ സഹായിച്ചു. എല്ലാനേരത്തും നിഴല്പോലെ കൂടെയുള്ള വെള്ളച്ചാമിയുടെ കരുത്തും ഏറുമാടത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി.

കുറച്ചുനാള്‍ മുമ്പുവരെ മറിയത്തിന്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു കല്ലുകൊണ്ടു കെട്ടിയ ഉറപ്പുള്ള ഒരു വീട്. വെള്ളച്ചാമിക്ക് മറ്റാരെക്കാളും നന്നായ് ഈ കാര്യം അറിയാമായിരുന്നതിനാല്‍ അവന്‍ തന്നെ മുന്നിട്ടിറങ്ങി കല്ലുപൊട്ടിക്കാന്‍ ആരംഭിച്ചതുമാണ്. എന്നാല്‍ മറിയം അവനെ നിരുല്‍സാഹപ്പെടുത്തുകയാണുണ്ടായത്.

"ഇവിടെയെല്ലാം കൊച്ചുകൊച്ചുവീടുകള്‍ കൊണ്ട് നിറയുന്ന കാലം അകലെയല്ലാ ചാമി... ഈ മണ്ണില്‍ മനുഷ്യര്‍ പെരുകുന്നതുകണ്ട് മുകളിലിരിക്കാനാണെനിക്കിഷ്ടം....."

താന്‍ ഏറുമാടത്തില്‍ കഴിഞ്ഞോളാം എന്നാണ് മറിയം അര്‍ത്ഥമാക്കിയതെങ്കിലും ദൈവങ്ങള്‍ ഉയരത്തിലിരുന്ന് മനുഷ്യരെ വീക്ഷിക്കുന്നവരാണല്ലോ എന്ന രീതിയിലാണ് വെള്ളച്ചാമി മറിയം പറഞ്ഞതിനെ സ്വയം വ്യാഖ്യാനിച്ചെടുത്തത്.

അന്നൊരിക്കല്‍ ഒരു ഉച്ചനേരത്ത് അപരിചിതരായ രണ്ടാളുകള്‍ മറിയത്തിന്റെ വീടിനടുത്തെത്തി. താന്‍ വേട്ടയാടി പിടിച്ച ‌മ്ലാവിന്റെ ഇറച്ചി ഉണങ്ങിയെടുക്കാനായ് പാറയില്‍ പതിച്ചുവച്ചിട്ട് അതിനടുത്ത് ഒരു മരത്തിന്റെ തണലില്‍ വിശ്രമിക്കുകയായിരുന്നു വെള്ളച്ചാമി. മറിയം ഏറുമാടത്തി എന്തോ ആഹാരം തയ്യാറാക്കുന്ന തിരക്കിലും.

" ഏതു ഇബിലീസിന്റെ മോനാടാ... കീരിക്കാടന്‍ മൊയലാളീടെ കാട്ടിലു കേറി ബീട് ബച്ചെ @*....."വന്നപാടെ അവരിലൊരാള്‍ അലറി.

എറച്ചിക്ക് കാവലിരുന്നു വെള്ളച്ചാമി മയങ്ങിപ്പോയിരുന്നു. ബഹളം കേട്ട് ചാടിയെഴുന്നേറ്റവന്‍ പേടിച്ചലറിക്കരഞ്ഞു....

"അയ്യോ പാമ്പ്....." ഈയിടെയായ് വെള്ളച്ചാമി എപ്പോഴും പാമ്പുകളെയാണ് സ്വപ്നം കാണുന്നത്.

"പാമ്പ് ...ചേംബ്... ഹറാമ്പിറന്നോനെ ആരോടു ചോയിച്ചിട്ടാടാ ഇബടെക്കേറി താമസിക്കണത്...." വന്ന ആളുകള്‍ വല്യ അധികാരഭാവത്തിലാണ്.

വെള്ളച്ചാമി പരിസരബോധം വീണ്ടെടുക്കുന്നതിനുമുമ്പെ മറിയം ബഹളം കേട്ട് ഏറുമാടത്തില്‍നിന്നും താഴേക്കുനോക്കി.

" തായെ എറങ്ങിബാടീ മൊട്ടേച്ചി.... നിനക്ക് കീരിക്കാടന്‍ മൊയലാളീടെ കാട്ടിലുകേറി തീയുംകത്തിച്ചു കളിക്കാനെ ആരാണ്‍‌ടി ലൈശന്‍സു തന്നത്..."

മല്ലന്മാര്‍ വെല്ലുവിളിനടത്തുന്നു.... മറിയം പതിയെ ഗോഥായിലോട്ടിറങ്ങിവന്നു....ഇനിയവിടെ എന്തും സംഭവിക്കാം...


(താമസം കൂടാതെ തുടരും...)

9 comments:

(സുന്ദരന്‍) said...

ചിമ്മാരുമറിയം പതിനേഴാം ഭാഗം....
വനത്തിലെ ചില പ്രോബ്ലങ്ങള്

സ്‌റ്റെല്ലൂസ്‌ formerly known asതരികിട said...

eluppam thudarane... nannayittundu...

Happy Onam

ദിവ (എമ്മാനുവല്‍) said...

നന്നായിരിക്കുന്നു സുന്ദരന്‍. പഴയ ലക്കങ്ങള്‍ മുതല്‍ വായിക്കട്ടെ.

ശാലിനി said...

ഇതിപ്പോ വലിയ താമസമാണല്ലോ പോസ്റ്റുകള്‍ക്കിടയില്‍?

Pramod.KM said...

ചിമ്മാരുമറിയം പൊടിപൊടിക്കുന്നു:)

എതിരന്‍ കതിരവന്‍ said...

സുന്നരന്‍:

“പഞ്ചഭൂതങ്ങള്‍ മറിയവുമായി ധാരണയിലായിരുന്നു”

ഇതല്ലെ ഈ കഥയുടെ കാതല്‍?

ഇത്തരം വാചകങ്ങള്‍ ഇനിയും കാണണേ എന്നു പ്രാര്‍ത്ഥന.

ഉഗ്രന്‍ എഴുത്ത്.

ഇക്കാസ് മെര്‍ച്ചന്റ് said...

ഇവിടെയെല്ലാം കൊച്ചുകൊച്ചുവീടുകള്‍ കൊണ്ട് നിറയുന്ന കാലം അകലെയല്ലാ ചാമി... ഈ മണ്ണില്‍ മനുഷ്യര്‍ പെരുകുന്നതുകണ്ട് മുകളിലിരിക്കാനാണെനിക്കിഷ്ടം
മറിയം കരുത്താര്‍ജ്ജിക്കുന്നു. തുടരൂ

sathees makkoth | സതീശ് മാക്കോത്ത് said...

അടുത്തതിലേയ്ക്ക്...

ആഷ | Asha said...

ഈ സംഭവത്തിനു ശേഷമാണ് മലയാളക്കരയില്‍ വിനാശകാലെ വിവരീതബുദ്ധിയെന്നുപറയുന്ന പഴംചൊല്ല് ഉണ്ടായത്.

സുന്ദരോ...:))