Saturday, 11 August, 2007

ചിമ്മാരുമറിയം - 16

ആദ്യ തലൈവന്‍, ആദ്യപ്രജ (ചിമ്മാരുമറിയം ഭാഗം-16)


പണ്ട്കാലംതൊട്ടേ മനുഷ്യനു ഒരു വിശ്വാസമായിരുന്നു മലമുകളിലെ ദൈവസാന്നിദ്യം. അതുകൊണ്ടായിരിക്കാം സഹല പ്രവാചകന്മാരും ദൈവവുമായുള്ള ചാറ്റിംഗിനു മലമുകളിലോട്ട് കയറിപ്പോയിരുന്നത്. കൊടുംങ്കാട്ടിലെ മലയാകുമ്പോള്‍ ദൈവസാന്നിദ്യം വളരെകൂടുതലായിരിക്കും...പാറക്കെട്ടുകള്‍ നിറഞ്ഞമലകൂടിയാണെങ്കില്‍ പിന്നെ പറയാനുമില്ലാ.


മലമുകളില്‍നഗരം‌പണിയുന്നവരും പാറപ്പുറത്ത് വീടുവയ്ക്കുന്നവരും ബുദ്ധിമാന്മാരാണെന്ന് ബൈബിള്‍ വ്യാഖ്യാനിച്ച് കുറവിലങ്ങാട്ടുപള്ളീലെ വല്യച്ചന്‍ പ്രസംഗിക്കുന്നത് ചിമ്മാരുമറിയം പലപ്പോഴും കേട്ടിട്ടുണ്ടാവണം. അത് അവളുടെ അവബോധമനസ്സില്‍ പതിഞ്ഞുകിടപ്പുമുണ്ടാവാം...അതായിരിക്കുമോ ഈ മലയും പാറയും കയറി ഇവിടെവരെ വന്നത്.


നേരം പരപരാവെളുത്ത് വരുന്നതെയൊള്ളു, വെള്ളച്ചാമി മരത്തിന്റെ മുകളിലിരുന്ന് കണ്ണുതിരുമ്മി വെളിച്ചത്തെ സ്വീകരിക്കാന്‍ തയ്യാറായ്. തലേന്ന് എപ്പോള്‍ ഉറങ്ങിയെന്നറിയില്ലാ പക്ഷേ ഉണര്‍ന്നത് എപ്പോഴാണെന്നും എങ്ങിനെ യാണെന്നും നന്നായ് അറിയാം.... മരത്തില്‍ മഴുപതിക്കുന്ന ശബ്ദംകേട്ടാണ് ഉണര്‍ന്നത്, താഴെ മറിയം കാടുവെട്ടിത്തെളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൊച്ചുവെളുപ്പിനുതന്നെ. സഹിക്കാന്‍ വയ്യാത്ത തണുപ്പും അതിലുപരി വിശപ്പും ചാമിയെ വല്ലാതെ അലട്ടിയിരുന്നു. മറിയത്തിനു വിശപ്പ് കുളിരു ചൂട് മഞ്ഞ് മഴ ഇതൊന്നും ബാധകമല്ലായെന്ന് വെള്ളച്ചാമിക്കറിയാം.... അവന്റെ മനസില്‍ ദൈവപരിവേഷം ചൂടിനില്‍ക്കുകയാണ് ചിമ്മാരുമറിയം.


മരത്തില്‍നിന്നും താഴെയിറങ്ങിയ വെള്ളച്ചാമിക്ക് ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നൊള്ളു...എന്തെങ്കിലും അത്യാവശ്യമായ് തിന്നണം. മറിയത്തിനു വണക്കം പറയാന്‍പോലും അയാള്‍ മറന്നുപോയ്. വിചാരവും വിവേകവും കുറഞ്ഞ പാവത്താനു വിശപ്പിനുമുമ്പില്‍ എന്തുദൈവവിചാരം! ഒരു കാട്ടുകമ്പും ചെത്തിക്കൂര്‍പ്പിച്ച് ഹതഭാഗ്യരായ മുയലോ മുള്ളനോ തിരഞ്ഞ് ചാമി സാവധാനം നടന്നു. ഓടാനുള്ള ശേഷി തല്‍ക്കാലം അവനില്ലായിരുന്നു.


ഒട്ടുകഴിയും‌മുംബെ ചാമി കൈനിറയെ ആഹാരസാധനങ്ങളുമായ് തിരിച്ചെത്തി. ചതുപ്പിനരികിലെ പൊന്തയില്‍നിന്നും മുട്ടയിടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കുളക്കോഴിയെ ഒറ്റയടിക്ക് വീഴ്ത്തി പരിസരത്ത് പരതിയപ്പോള്‍ കുറേ മുട്ടകളും കിട്ടി. പിന്നെ ചില കിഴങ്ങുകളും വേരുകളും. ചാമി മനസുവച്ചാല്‍ പാറപ്പുറത്തുനിന്നുപോലും ആഹാരം കണ്ടെത്തും അവന്‍ കാട്ടിലെ വാസം തുടങ്ങിയിട്ട് കാലം കുറേയായതാണെ.

"അമ്മാ വണക്കം... വാങ്കെ ശാപ്പിടലാം... "

"ഉം.. "

വെള്ളച്ചാമി മറിയത്തിന്റെ മുമ്പില്‍ കാട്ട് വിഭവങ്ങള്‍ അഭിമാനത്തോടെ നിരത്തി. ഏതാനും മുട്ടകള്‍ അവന്‍ പൊട്ടിച്ച് വായിലൊഴിച്ചു. മറിയം ചാമിയുടെ അടുത്ത് വന്ന് പാറമേലിരുന്നു. ഒരു കാട്ടുകിഴങ്ങ് കല്ലിന്മേലുരച്ച് തൊലിനീക്കി അവളും ഭക്ഷിച്ചു... അവള്‍ക്കും വല്ലാതെ വിശക്കുന്നുണ്ടായിരുന്നു.

"ഈ സ്ഥലം നിനക്കിഷ്ടമായോ ചാമി... മറിയം വെള്ളച്ചാമിയോട് ചോദിച്ചു "

വിശപ്പ് തെല്ലൊന്നടങ്ങിയപ്പോഴാണ് വെള്ളച്ചാമിക്ക് കണ്ണിനു ശരിക്കും കാഴ്ച കിട്ടിയത്... അവന്‍ ചുറ്റും കണ്ണുമിഴിച്ചു നോക്കി.


"റൊമ്പ നല്ലായിടം. നല്ലമണ്ണ്, തണ്ണിയുമിറുക്ക്..... അമ്മാ ഇങ്കെ നീങ്കള്ക്ക് ഒരു ബങ്ക്ലാവ് കെട്ടവേണം. ..""ഉം... ഒരു ഇവിടെത്തന്നെ ഒരു ബംഗ്ലാവുകെട്ടണം ചാമി....എനിക്കല്ലാ നിനക്ക്. ഈ കാണായ കാടെല്ലാം വെട്ടിത്തെളിച്ച് അനേകം ചെറിയ വീടുകളും വയ്ക്കണം, ജീവിതം വഴിമുട്ടി കാടുകയറിവരുന്നവരെ പാര്‍പ്പിക്കാന്‍. പിന്നെ കൃഷികളിറക്കണം റോഡുകള്‍ വെട്ടണം അരിയും പലവ്യെഞ്ജനവും വില്‍ക്കുന്ന കടകള്വേണം.... എല്ലാം നോക്കിനടത്താല്‍ ഊരുക്ക് തലൈവനായ് നീയും‌വേണം... "


"അമ്മാ.... ഊരുക്ക് നാന്‍ തലൈവനോ.... ഉനക്ക് തെരിയാതാ നാനൊരു പൈത്യക്കാരന്‍... അറിവുകെട്ടവന്‍ "

"അറിവുകെട്ടപൈത്യക്കാരാ, നീ കരുത്തനാണ്...ഞാന്‍ ഈ കാടിനെ പാലും തേനുമൊഴുകുന്ന ദേശമാക്കും. അതിന്റെ അധിപനാകാന്‍ യോഗ്യനായപുരുഷന്‍ നീമാത്രം "

"അമ്മാ...എനക്കൊന്നുമെ തെരിയാത്.... "

"പേടിക്കേണ്ട പൈത്യക്കാരാ എല്ലാം കണ്ടുകൊണ്ട് ഞാനും ഇവിടെയൊക്കെയുണ്ടാവും... ആ മരത്തിന്റെ മുകളില്‍. "


മറിയം എന്താണു പറയുന്നതെന്നോ എന്തൊക്കെയാണ് അവളുടെ മനസിലെ പ്ലാനെന്നോ വെള്ളച്ചാമിക്ക് മനസിലായില്ലാ. വെള്ളച്ചാമിക്കെന്നല്ലാ ഈ ലോകത്തില്‍ ആര്‍ക്കും മറിയത്തിന്റെ ചിന്തകളെ മനസിലാക്കാന്‍ കഴിയില്ലാ. അത് പാറമേല്‍ പായുന്ന പാമ്പിനു തുല്യമാണ്. മറ്റാര്‍ക്കും അതിന്റെ ഗതിവിഗതികളെ പ്രവചിക്കാനാവില്ലാ.


കാട്ടുമരത്തിന്റെ കായ്കകളും വേരുകളും തിന്ന് നിറഞ്ഞപ്പോളാണ് വെള്ളച്ചാമിക്ക് കുളക്കോഴിയെ ചുട്ട്‌തിന്നാല്‍ കൊള്ളാമെന്നുതോന്നിയത്. തീയില്ലാതെ എങ്ങിനെ കോഴിയെ ചുടും. തലേന്ന് മറിയത്തിന്റെ പിറകെ ഇറങ്ങിത്തിരിച്ചപ്പോല്‍ ഇതൊരു സ്ഥിരതാമസത്തിനുള്ള പുറപ്പാടാണെന്ന് വെള്ളച്ചാമി സ്വപ്നേപിനിരൂപിച്ചിരുന്നില്ലാ. അറിഞ്ഞിരുന്നെങ്കില്‍ തീപ്പെട്ടിയെങ്കിലും എടുത്തിട്ട് പോരാമായിരുന്നു.


കരിയിലയും ചുള്ളിക്കമ്പുകളും പാറയില്‍ കൂട്ടിവച്ച് കല്ലില്‍കല്ലുരസി തീയുണ്ടാക്കാന്‍ ചാമി കുറേ ശ്രമിച്ചുനോക്കി... മിന്നാമിന്നിയുടെ മിന്നലുപോലെ ചില തീപ്പൊട്ടുകള്‍ ഉണ്ടായെന്നതു സത്യം, എന്നാല്‍ ഒരു കോഴിയെ ചുട്ടെടുക്കാന്‍പോന്നരീതിയിലോട്ടത് വളര്‍ന്നില്ലാ. ഒരാവശ്യവുമില്ലാത്തനേരത്ത് ഒരു പറയോന്ത് പാറയില്‍ ഉരുട്ടിവിടുന്നകല്ലില്‍നിന്നും ഏക്കറുകണക്കിനുവനം കത്തിനശിക്കാനും പോന്ന കാട്ടുതീയൊക്കെ ഉണ്ടാകാറുണ്ട്. ഇവിടെയും ഉണ്ടായിട്ടുണ്ടാവാം എന്നാല്‍ ഇപ്പോള്‍ ഉണ്ടാകാന്‍ തീയ്ക്ക് തീരെ താല്പര്യമില്ലാതന്നെ. വെള്ളച്ചാമിയെ പച്ചയിറച്ചിതിന്നവന്‍ എന്ന ചീത്തപ്പേരും കേള്‍പ്പിച്ചു വ്യവസ്ഥയില്ലാത്ത തീ.


മറിയം വീണ്ടും കാടിനോടും പടര്‍പ്പിനോടും ഏറ്റുമുട്ടാനാരംഭിച്ചു...
വെള്ളച്ചാമി തലയും ചൊറിഞ്ഞ് മറിയത്തിന്റെ അടുത്ത് ചെന്ന് ഒരു സങ്കടമുണര്‍ത്തിച്ചു.

"അമ്മാ... ഇവിടെ നമുക്ക് ഒന്നുമേകിടയാത്. അരിശികിടയാത് ...തീയ് കിടയാത് ഉപ്പ് ചപ്പ് കിപ്പ് ഒന്നുമെ കിടയാത് തിരുമ്പിപ്പോയ് അതെല്ലാമെടുത്തിട്ട് വരവേണ്ടും, എന്നുടെ തുപ്പാക്കി തോട്ടാവ് വെടിമരുന്ത് യെല്ലാമെ അങ്കെ മുതലാളിയുടെ ബംഗ്ലാവിലുതാനിറുക്ക്.... അതില്ലാമെ ഇങ്കെയിരുപ്പത് പ്രച്ചനംതാന്‍... "

"നീ പോയ്‌വരു, വരാന്‍ താല്പര്യമുണ്ടെങ്കില്‍..... മുന്നോട്ട് വച്ചകാല്‍ ഞാന്‍ പിന്നോട്ട് വയ്ക്കില്ലാ. ഒരു തിരിച്ചുപോക്കിനി എന്തെ ജീവിതത്തില്‍ ഉണ്ടാകില്ലാ. "


മറിയത്തിന്റെ തീരുമാനം മാറ്റങ്ങള്‍ക്കതീതമാണ്. അതു മാറ്റുന്നതിലുമെളുപ്പമായ് ഒരു വന്മരം പിഴുതുമാറ്റാം. വെള്ളച്ചാമി തനിയെ മലയിറങ്ങാന്‍ തീരുമാനിച്ചു. അത്യാവശ്യ സാധനങ്ങള്‍ എടുത്ത് തിരിച്ച് വരണം. മറിയത്തെ ഒറ്റ്യ്ക്ക് കൊടുംങ്കാട്ടില്‍ ഉപേക്ഷിച്ചുപോകാനൊന്നും വെള്ളച്ചാമിക്കാവില്ല.

തലേദിവസം കയറിയ ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ കാട്ടുവള്ളികളില്പിടിച്ച് ഇറങ്ങി മറയുന്ന വെള്ളച്ചാമിയെനോക്കി ചിമ്മാരുമറിയം ഒരുവേള തിരിഞ്ഞുനിന്നു.... അവന്‍ തിരിച്ചുവരാതിരിക്കരുതേയെന്ന് ഹൃദയപൂര്‍‌വ്വം ആഗ്രഹിക്കുകയും ചെയ്തു.


പ്ണ്ട് പ്ണ്ട് പ്രളയജലം ഭൂമിയില്‍നിന്നും പൂര്‍ണ്ണമായ് ഇറങ്ങിയോ എന്നറിയാന്‍ നോഹാ തന്റെ പെട്ടകത്തില്‍നിന്നും പുറത്തയച്ച മലങ്കാക്ക പിന്നീടൊരിക്കലും പെട്ടകത്തിലേയ്ക്ക് തിരിച്ചുവന്നില്ലാ. എന്നാല്‍ രണ്ടാമൂഴം നോഹ പരീക്ഷിച്ച പ്രാവ് ഒലിവിന്റെ തളിര്‍ക്കൊമ്പും കൊത്തിയെടുത്താണ് പെട്ടകത്തില്‍ തിരിച്ചെത്തിയത്. ഭൂമിയില്‍ വെള്ളം വറ്റി എന്നറിയിക്കാന്‍ .....


വെള്ളച്ചാമിയെ മലങ്കാക്കയുടെ ഗണത്തില്‍ പെടുത്താമെന്ന് മറിയം കരുതിയിരുന്നപ്പോഴാണ് മൂന്നം ദിവസം ഒരു വെള്ളരിപ്രാവുകണക്കെ വെള്ളച്ചാമി തിരിച്ചെത്തിയത്. ഒലിവു ശാഖയ്ക്ക് പകരം തോക്ക് വെടിമരുന്ന് എന്നിവയാണെന്ന നിസാര വ്യത്യാസം മാത്രം.


വെള്ളരിപ്രാവ് മറിയത്തിന്റെ ഏറുമാടത്തില്‍ കയറി അവളുടെ നിക്ഷേപങ്ങള്‍ സൂക്ഷിച്ചിരുന്നതും കുറവിലങ്ങാട്ടെവീട്ടില്‍നിന്നും കുടിയേറ്റത്തിനു ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കൂടെകൊണ്ടുവന്നതുമായ തകരപ്പെട്ടിയും കൂടിഎടുത്തുകൊണ്ടാണവന്നത്.

ഇതിലെല്ലാം ഉപരിയായ് മറിയത്തിന്റെ സാമ്രാജ്യത്തിലേയ്ക്ക് അവളുടെ ജന്മനാട്ടില്‍നിന്നുവന്ന ഒരു പുരുഷപ്രജയും വെള്ളച്ചാമിയോടൊപ്പം മലകയറിയെത്തിയിരുന്നു .......

മറിയം അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളിനിന്നുപോയ്...

പ്രജ മറിയത്തിന്റെ പുതിയ രൂപം കണ്ടൊന്നു പകച്ചു....
വെളുക്കെ ചിരിച്ചു....
പിന്നെ മലകയറിയ ക്ഷീണത്തില്‍ നിന്നു കിതച്ചു.


കപ്യാരു കുഞ്ഞവിരാ.....മറിയത്തിന്റെ ഒരകന്ന ബ്ന്ധു.


(തുടരും)

9 comments:

സാല്‍ജോҐsaljo said...

:)

ഇക്കാസ് മെര്‍ച്ചന്റ് said...

ഉം... ഒരു ഇവിടെത്തന്നെ ഒരു ബംഗ്ലാവുകെട്ടണം ചാമി....എനിക്കല്ലാ നിനക്ക്. ഈ കാണായ കാടെല്ലാം വെട്ടിത്തെളിച്ച് അനേകം ചെറിയ വീടുകളും വയ്ക്കണം, ജീവിതം വഴിമുട്ടി കാടുകയറിവരുന്നവരെ പാര്‍പ്പിക്കാന്‍. പിന്നെ കൃഷികളിറക്കണം റോഡുകള്‍ വെട്ടണം അരിയും പലവ്യെഞ്ജനവും വില്‍ക്കുന്ന കടകള്വേണം.... എല്ലാം നോക്കിനടത്താല്‍ ഊരുക്ക് തലൈവനായ് നീയും‌വേണം ബെന്നിച്ചേട്ടാ, മറിയത്തിന്റെ വഴികളെ മറിയം നിയന്ത്രിക്കുന്നതായിരുന്നു ഈ വരികള്‍ക്ക് മുന്‍പുവരെ.. എന്നാല്‍ അത്ല് കൃത്രിമത്വം കലര്‍ത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നതായി തോന്നി ഈ വരികള്‍ മുതല്‍.. സോ, ബീ കെയര്‍ഫുള്‍

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം...

വിന്‍സ് said...

kollaam sundaraaa... aduthathinayi wait cheyyunnu.

SAJAN | സാജന്‍ said...

സുന്നരാ , സുന്നരാ
ഇത് സുന്നരം സുന്നരം
ഇങ്ങനെ പോരട്ടെ പോരട്ടെ:)

ശാലിനി said...

നന്നായിട്ടുണ്ട്. ബാക്കികൂടെ വേഗം എഴുതൂ.

സതീശ് മാക്കോത്ത് | sathees makkoth said...

കുറേ നാളായി ബ്ലോഗില്‍ വന്നിട്ട്. അതുകൊണ്ട് ബാക്കിയുള്ള ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചത്.നന്നായിട്ടുണ്ട്. തുടരൂ.

G.manu said...

അമ്മാ... ഇവിടെ നമുക്ക് ഒന്നുമേകിടയാത്. അരിശികിടയാത് ...തീയ് കിടയാത് ഉപ്പ് ചപ്പ് കിപ്പ് ഒന്നുമെ കിടയാത് തിരുമ്പിപ്പോയ് അതെല്ലാമെടുത്തിട്ട് വരവേണ്ടും, എന്നുടെ തുപ്പാക്കി തോട്ടാവ് വെടിമരുന്ത് യെല്ലാമെ അങ്കെ മുതലാളിയുടെ ബംഗ്ലാവിലുതാനിറുക്ക്.... അതില്ലാമെ ഇങ്കെയിരുപ്പത് പ്രച്ചനംതാന്‍... "


എടാ സുന്ദൂ..നീ എന്നാടാ എങ്ങനെ തമിഴൊക്കെ പറയാന്‍ പഠിച്ചത്‌.. ദില്ലിവച്ചു ഒന്നുമേ ശൊല്ലിയില്ലല്ലോ കടവുളേ..... നോവല്‍ തകര്‍ക്കുന്നു കുട്ടാ..ചിമ്മാരു ഹൃദയം കവര്‍ന്നു കഴിഞ്ഞു...

ആഷ | Asha said...

മറിയത്തോടൊപ്പം ഞാനും യാത്ര തുടരുന്നു .
ഇതു നന്നായിട്ടുണ്ട്.
ഒത്തിരി ദൂരം എനിക്കും സഞ്ചരിക്കാനുണ്ട് അതു കൊണ്ട് വേഗം പോവട്ടെ :)