Sunday, 22 July, 2007

ചിമ്മാരുമറിയം - 15

പുതിയ ലോകം (ചിമ്മാരുമറിയം - 15)അങ്ങുകിഴക്ക് ആനമുടിയ്ക്കും അകലെയായ് വെളിച്ചത്തിന്റെ ചെറിയ ചാലുകള്‍ ഇരുളിനുമേലെ ചിത്രം വരയ്ക്കാന്‍ തുടങ്ങിയതേയുള്ളു....

മറിയം തട്ടിപ്പിടഞ്ഞു കിടക്കപ്പായില്‍ എഴുന്നേറ്റിരുന്നു....
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും പ്രഭാതത്തില്‍ പതിവായ് ചൊല്ലി കാഴ്ചവച്ചിരുന്ന നെടുങ്കന്‍ നമസ്കാരങ്ങള്‍ക്ക് പകരമായ് തിടുക്കത്തില്‍ ഒരു സ്തുതി ചൊല്ലിപ്രഭാതപ്രാര്‍ത്ഥന അവസാനിപ്പിച്ചു.

ഏറുമാടത്തിന്റെ ഒഴിഞ്ഞകോണില്‍ തൂക്കിയിട്ടിരിക്കുന്ന ചിരയ്ക്കാക്കുടുക്കയ്ക്കരികില്‍ വന്ന് മറിയം തെല്ലൊന്നുനിന്നു. ഉപ്പും കരിക്കട്ടയും കൂട്ടിപ്പൊടിച്ച മിശ്രിതമാണതില്‍... വെള്ളിച്ചില്ലുപോലെ തിളങ്ങുന്ന പല്ലുകളുടെ രഹസ്യം... അതിനെ പാടെ അവഗണിച്ചു അവള്‍ പണിയായുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. വട്ടവാള്‍ മഴു വെട്ടുകത്തി കയര്‍ എല്ലാം എടുത്തുകൊണ്ട് യാത്ര പുറപ്പെടുകയായ്.
കിഴക്കേ ചക്രവാളത്തില്‍ വീണ വെള്ളിവരകള്‍ കാടിന്റെ കനമേറിയ മേലാപ്പും കടന്ന് കുടിയേറ്റക്കാരുടെ ഇടയിലേക്ക് മടിച്ചുമടിച്ച് ഇറങ്ങിവന്നുതുടങ്ങി...


മറിയം മരത്തിന്റെ മുകളില്‍ നിന്നും കയറിന്റെ കെട്ട് താഴേയ്ക്കിട്ടു.....

"പാമ്പ് ...പാമ്പ് ....കടവുളേ.... കാപ്പാത്തുംങ്കോ....." കയറുചെന്ന് താഴെപതിക്കുന്ന ശബ്ദത്തിനു പകരം ഒരു നിലവിളിയാണ് അവിടെ ഉയര്‍ന്നത്.

"ആരെടാത്?..." മറിയം വിളിച്ചുചോദിച്ചു...

"ഇതു നാന്ന്താനമ്മാ....വെള്ളച്ചാമി.." പേടിച്ചരണ്ട ശബ്ദം മരത്തിനു താഴേനിന്നും.

" നിനക്കീനേരത്തിവിടെന്തുകാര്യം...." കലിതുള്ളിയാണു മറിയം മരത്തില്‍നിന്നും ഇറങ്ങിയത്..
മറിയത്തിന്റെ മട്ടും ഭാവവും മാറിയെന്നറിഞ്ഞ വെള്ളച്ചാമി പിന്നേയും പേടിച്ചു...

"അത്...നാന്‍ വന്ത്.... "

"നിന്നോടു ഞാന്‍ ഇന്നലെ എന്താ പറഞ്ഞുവിട്ടത്.... പിന്നേം നീ ഇവിടെക്കിടന്നു ചുറ്റിക്കറങ്ങുന്നതിന്റെ ഉദ്ധേശമെന്താണ്..."

........

ഒന്നും ഉരിയാടാതെ വെള്ളച്ചാമി തലയും കുമ്പിട്ടുനില്പ്പായി. കാര്യം പറഞ്ഞാന്‍ അവന്‍ ഇന്നലെ തിരിച്ചുപോയതായിരുന്നു. പാതിരാത്രിയായിട്ടും അവനുറങ്ങാല്‍ കഴിഞ്ഞില്ലാ. മറിയം ഒറ്റയ്ക്ക് കാടിന്റെ നടുവില്‍ ഒരേറുമാടത്തില്‍ കിടക്കുന്നു. അവളുടെ അസുഖം ശരിക്കും ഭേതമായിട്ടില്ലാ...എന്തെങ്കിലും ഒരാപത്തുവന്നുവിളിച്ചാല്‍ വിളിപ്പുറത്തൊന്നും ഒരു മനുഷ്യനുമില്ലാ. പാവം തമിഴന്‍ തിരിച്ചുവന്നു പാതിരാതൊട്ട് മരത്തിനു കീഴെ മറിയത്തിനു കാവലിരിക്കുകയായിരുന്നു...

വെള്ളച്ചാമിയുടെ ആത്മാര്‍ത്ഥതയില്‍ മറിയത്തിനു സംശയമൊന്നും ഉണ്ടായിട്ടല്ലാ, കുറഞ്ഞപക്ഷം കഴിഞ്ഞ ഒരാഴ്ചയായ് അവന്‍ കഴിക്കുന്ന ത്യാഗം അവിസ്മരണീയമാണ്താനും. എങ്കിലും കാട്ടുമൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന രാത്രിനേരത്ത് മഞ്ഞും തണുപ്പുമടിച്ച് വെറും മരച്ചുവട്ടില്‍ ഒരു പെണ്ണിനു കാവലിരിക്കുകയെന്നുന്നുവച്ചാല്‍....

"നീയെനിക്ക് കാവലിരിക്കാന്‍ വന്നതാണോ...പൈത്യക്കാരാ..." ഗൗരവം വിടാതെയാണു മറിയം ചോദിച്ചത്..

"ആമാ... ഉന്നെയ് തനിയെവിടാന്‍ മനസുവരലാമ്മാ..." വെള്ളച്ചാമി പറഞ്ഞു.

" ഒരു കയറുവീണപ്പോള്‍ പാമ്പെന്നും പറഞ്ഞു കരഞ്ഞോടിയ ധൈര്യശാലിയെത്തന്നെ കാവലിനു കിട്ടിയല്ലോ...ഭാഗ്യം.." മറിയത്തിനു ചിരിവന്നുപോയ്.

മറിയം ചിരിച്ചപ്പോഴാണു വെള്ളച്ചാമിക്കു സമാധാനമായത്..

"അമ്മാ നാന്‍ ഇങ്കെ രൊമ്പനേരം ജാഗ്രതയായ് ഇരുന്താച്ച്.... എപ്പളുതാന്‍ തൂക്കം വന്തെതെന്നു ഞാപകമില്ലൈ... അതുക്കപ്പുറമെന്നാച്ചെന്ന് തെരിയുമാ.?...അന്തമരത്തിനുമേലെ... പരമശിവന്‍ വന്താച്ച് പാര്‍‌വ്വതീദേവി വന്താച്ച്..... റൊമ്പനേരം രണ്ടാളും നൃത്തമാടിയാച്ച് ...നിജമാ...... പ്രമാദമാന നൃത്തം..." വെള്ളച്ചാമിയുടെ മുഖത്ത് ഭക്തിപാരവശ്യം.

സ്വപനത്തിലാണെങ്കില്‍കൂടി ഭഗവാന്റെ നൃത്തം, അതും ഭാര്യയോടൊന്നിച്ചുള്ളത് കാണാനൊത്തത് നിസാര കാര്യമല്ലല്ലോ. ചടുലമായ ചുവടുകള്‍ കണ്ട് രസിച്ചിരുന്നപ്പോഴാണ് മറിയം വലിച്ചെറിഞ്ഞ കയറ്വന്ന് അവന്റെ തലയില്‍ വീണത്. ഭഗവാന്റെ ഫാസ്റ്റ് മൂവ്മെന്റ്റിസിനിടയില്‍ കഴുത്തില്‍ കിടന്ന പാമ്പ് സ്ലിപ്പായ് താഴെ കളികണ്ടുനിന്നിരുന്ന തന്റെ തലയില്‍ വീണതാണെന്നു കരുതിയാണ് പാവം പേടിച്ചുകരഞ്ഞത്.


മറിയം തിരക്കിലായിരുന്നു... പണിയായുധങ്ങളുമായ് അവള്‍ തിടുക്കത്തില്‍ പുഴക്കരയിലേക്ക് നടന്നു...

എങ്ങോട്ടെന്നോ എന്തിനെന്നോ അറിയാതെ എന്തിനും തയ്യാറായ് വെള്ളച്ചാമിയും കൂടെനടന്നു.
പുഴക്കരയിലെ മുളങ്കാടിനടുത്തെത്തിയപ്പോള്‍ മറിയം യാത്രനിര്‍ത്തി...

"എനിക്കീ പുഴയിലൂടെയാണിനി സഞ്ചരിക്കാനുള്ളത്......"

മറിയം പറഞ്ഞുതീരേണ്ട താമസം വെള്ളച്ചാമി വെട്ടുകത്തിയുമായ് മുളം കൂട്ടത്തിലേക്കുകയറി. കാട്ടുതാളരിഞ്ഞുകൂട്ടുന്ന ലാഘവത്തോടെ അവന്‍ മൂപ്പെത്തിയ മുളകള്‍ വെട്ടിവീഴ്ത്തിത്തുടങ്ങി. അസാമാന്യമായ കൈവേഗവും മെയ്‌വഴക്കവും ഒത്തിണിങ്ങിയ വെള്ളച്ചാമിയെ ആദ്യമായ് കാണുന്നതുപോലെ മറിയം തെല്ലുനേരം നോക്കിനിന്നു.

"എനിക്ക് പുഴകടക്കാന്‍ തല്‍ക്കാലം ഒരു ചങ്ങാടം കെട്ടിയാല്‍ മതി....പാലം പണിയുന്നത് പിന്നീടാകാം..." തെല്ലുകളിയായിട്ടാണെങ്കിലും മറിയം ഇങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ വെള്ളച്ചാമി ആ കാട്ടിലെ മുളകളെല്ലാം അരിഞ്ഞു തള്ളിയേനെ.

അവര്‍ ഇരുവരും ചേര്‍ന്ന് മുളകള്‍ ആവശ്യത്തുനുനീളത്തില്‍ മുറിച്ച് ചെത്തിയൊരുക്കി. കാട്ടുവള്ളികളും കയറുമുപയോഗിച്ച് അവയെല്ലാം ചേര്‍ത്തു വരിഞ്ഞുമുറുക്കി ചങ്ങാടം വെള്ളത്തിലിറക്കി. ആഴത്തിനുമീതെ നില്‍ക്കാന്‍ പോന്നതരത്തില്‍ നീളവും ബലവുമുള്ള ഒരു മുള ഊന്നുകോലാക്കി അവര്‍ പുഴയിലൂടെയുള്ള യാത്ര ആരംഭിച്ചു.

മുതിരപ്പുഴ അലസമായ് ഒഴുകുന്ന വേനല്‍ക്കാലം. മൂന്നാര്‍ പദ്ധതിയുടെ ഭാഗമായ്‌വന്ന ആനയിറങ്കല്‍ ഡാം മുതിരപ്പുഴയിലെ നീരൊഴുക്കിന്റെ അഹങ്കാരം തെല്ലൊന്നു കുറച്ചിട്ട് നാളുകളേറെ ആയിട്ടുമില്ല. ഒഴുക്കിനെതിരെയുള്ള യാത്ര എന്നിട്ടും ആയാസകരമായിരുന്നു... എത്ര പ്രയാസപ്പെട്ടായാലും ഒഴുക്കിനെതിരെ സഞ്ചരിക്കാനാണ് മറിയത്തിനു താല്പര്യം. കാലം അവളെ പടിപ്പിച്ച പാഠം അതാണ്. ഒഴുക്കിലൂടെ പോയാല്‍ പുഴക്കിഷ്ടമുള്ളയിടങ്ങളിലെ എത്തൂ അവിടെയൊന്നും മറിയം സ്വപ്നത്തില്‍ കണ്ട പാലും തേനുമൊഴുകുന്ന ഭൂമി ഉണ്ടായിരിക്കാന്‍ തരമില്ലാ.

പുഴയുടെ ഇരുവശവും ഏലക്കാടുകളുണ്ട്. ചില ഭാഗങ്ങളില്‍ കാടുതെളിച്ച് തൈലപ്പുല്ലുകൃഷിയും തുടങ്ങിയിട്ടുണ്ട്. കണ്ണെത്തും ദൂരത്തെഭൂമിയെല്ലാം വന്‍ മുതലാളിമാരുടെ കൈകളില്‍ കുരുങ്ങിക്കിടക്കുന്നു.

കുറേയേറെനേരത്തെ യാത്രയ്ക്കുശേഷം പുഴയുടെ ഭാവം മാറുന്നത് അവരിരുവരും അറിഞ്ഞു. ഒഴുക്കിന്റെ ശക്തി കൂടുകയും, പുഴയില്‍ അങ്ങിങ്ങായ് പാറക്കെട്ടുകള്‍ ദൃശ്യമാവുകയും ചെയ്തപ്പോള്‍ ചങ്ങാടം ഉപേക്ഷിച്ച് മുന്നേറാന്‍ മറിയം തീര്‍ച്ചയാക്കി.


വഴുവഴുപ്പുള്ള കല്ലുകളില്‍ ചവിട്ടി ശക്തിയുള്ള നീരൊഴുക്കില്‍ വീണുപോവാതുള്ള യാത്ര വളരെ ശ്രമകരമായിരുന്നു. ഏറെ താമസിയാതെ പുഴയ്ക്കിരുവശവും കരിംപാറക്കെട്ടുകള്‍നിറഞ്ഞ ചെങ്കുത്തായ മലനിരകള്‍ കാണപ്പെട്ടുതുടങ്ങി. കാടിന്റെ ഇരുളിമയും പച്ചപ്പും തീരെയില്ലാത്തിടം.

പാറക്കെട്ടിനുമുകളിലെ മണ്ണില്‍ വീണ ഹതഭാഗ്യരായ വടവൃക്ഷങ്ങളുടെ കുഞ്ഞുങ്ങള്‍ വേരോട്ടമില്ലാതെ കുള്ളന്മാരായ് അവിടെയുമിവിടെയും വിളറിനില്‍ക്കുന്നു. കുറ്റിക്കാടും വള്ളിപ്പടര്‍പ്പുകളും സുലഭം.


"ഇനി എനിക്കീ മലകയറണം..." മറിയം ആത്മഗതമായാണതുപറഞ്ഞത്...

വെള്ളച്ചാമി അമ്പരന്നുപോയ്...

മണ്ണില്‍ കനകം വിളയിച്ച് ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയുമായ് കാടുകയറിവരുന്ന ഒരു മനുഷ്യനും ഒന്നുനോക്കിയാല്‍ പിന്നീടൊന്നുകൂടി തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കാത്ത പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞ കുന്നിന്‍പുറം നോക്കി മറിയം നിന്നപ്പോള്‍.... ആ കണ്ണുകളില്‍ കണ്ട തിളക്കത്തിന്റെ പൊരുള്‍ .... അതു മനസിലാക്കാന്‍ വെള്ളച്ചാമിയുടെ ചെറിയ ബുദ്ധിതീരെ മതിയാവില്ല.

മറിയം മലകയറാന്‍ തുടങ്ങി...

സംശയിച്ചുനിന്ന വെള്ളച്ചാമിയോട് തിരിഞ്ഞു നോക്കാതെ മറിയം പറഞ്ഞു....

"തിരിച്ചുപോകു.... ഈ മലകയറാന്‍ വലിയ പ്രയാസമായിരിക്കും... തിരിച്ചിറങ്ങാന്‍ അതിലേറെയും"

മറിയം വീണ്ടും കയറുകയാണ്...

വെള്ളച്ചാമിക്ക് കണ്ണില്‍ ഇരുട്ടുകയറുന്നതായ് തോന്നി. പുഴയിലെ വെള്ളമല്ലാതെ ഒന്നും അവനിന്ന് കഴിച്ചിട്ടില്ല. ആനയെ തിന്നാലും ഇനിയും എന്തെങ്കിലുമുണ്ടോ എന്നു ചോദിക്കുന്ന പ്രകൃതമാ.. പാവം തളര്‍ന്നിരുന്നുപോയ്. വള്ളിക്കെട്ടുകളില്‍ പിടിച്ച് പാറയുടെ ചെരിവുകളിലൂടെ കയറിപോക്കുന്ന മറിയത്തെ തലയുയര്‍ത്തി നോക്കിയ വെള്ളച്ചാമി ഞെട്ടിപ്പോയ്..

സാക്ഷാല്‍ ശ്രീ പാര്‌വ്വതി.... മലകയറിപ്പോവുകയാണ് ദേവി..

വെള്ളച്ചാമിക്ക് ഒരു കാര്യം ഉറപ്പായ്. മറിയത്തിന്റെ രൂപ്ത്തില്‍ തന്റെ മുമ്പില്‍ ജീവിച്ചിരുന്നത് വെറും മനുഷ്യസ്ത്രീയല്ലാ. ദേവിയാണ്... ദേവി. കഴിഞ്ഞ രാത്രിയിലെ സ്വപ്നവും ചേര്‍ത്ത് വായിച്ചപ്പോള്‍ എല്ലാം വ്യക്തമായ്...

"അമ്മാ....തായേ...ദേവീ മന്നിച്ചിടുങ്കോ..."

ഭക്തിയുടെ കാലിന്മേല്‍ ചെങ്കുത്തായ പാറപ്പുറത്തോടെ വെള്ളച്ചാമി ഓടിക്കയറി. തളര്‍ച്ച അവനെ പാടെ വിട്ടുമാറിയിരുന്നു.

...............................

മലയുടെ മുകളിലെത്തിയപ്പോള്‍ ഇരുളുവീഴാന്‍ അധികനേരം ബാക്കിയുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചത്തില്‍ താരതമ്യേന നിരപ്പാര്‍ന്ന ഭൂമിയാണ് കണ്മുമ്പില്‍ കാണുന്നത്. അകലെ കാട്ടാനക്കൂട്ടം നടന്നുനീങ്ങുന്നു.
വെള്ളച്ചാമി ഭക്തിയുടെ ലഹരിയില്‍നിന്നും അപ്പോഴും മോചിതനായിരുന്നില്ല. തനിക്കുചുറ്റും ഇരുളുവീഴുന്നതോ വന്യമൃഗങ്ങള്‍ വിഹരിക്കുന്നതോ അവന്‍ കാര്യമാക്കിയില്ല.

പാറക്കെട്ടിന്റെ ചെരിവില്‍ പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ഒരു മരത്തില്‍ രാത്രി കഴിച്ചുകൂട്ടാനായ് അവര്‍ കയറി. മരത്തില്‍ പടര്ന്നുകിടന്ന കാട്ടുവള്ളിയൊന്നിളക്കി വെള്ളച്ചാമി തന്റെ അരയിലൂടെ ചുറ്റി. തലേ ദിവസത്തെ പോലെ മരക്കൊമ്പില്‍ നൃത്തമുണ്ടായാല്‍ ... കുലുക്കത്തില്‍ പാമ്പിനുപറ്റിയതുപോലെ താഴെ വീഴാനിടവരരുത്.

മറിയം തളര്‍ന്ന് മരക്കൊമ്പില്‍ ചാരിയിരുന്നു. കട്ടപിടിച്ച ഇരുളുവന്ന് കാഴ്ചകളെ കണ്ണില്‍നിന്നു മറച്ചപ്പോഴും താന്‍ തേടിവന്ന പാലും തേനുമൊഴുകുന്ന ഭൂമിയാണ് ഇരുളില്‍ മറഞ്ഞതെന്നു മറിയം അറിഞ്ഞിരുന്നില്ല.

(തുടരും)

8 comments:

(സുന്ദരന്‍) said...

ചിമ്മാരുമറിയം ശ്രീപാര്‍വ്വതിയുടെ അവതാരം.... വെള്ളച്ചാമിയുടെ ഓരോ കാര്യങ്ങളേ..

ആവനാഴി said...

ഹൈ സുന്ദര്‍,

ചിമ്മാരു അത്യന്തശോഭയേന്തി മുന്നേറുന്നു.

മലമുകളിലേക്കു ആണാളെ വെല്ലുന്ന ശൌര്യത്തില്‍ കയറിപ്പോകുന്ന മറിയത്തെ വെള്ളച്ചാമി നോക്കി നിന്നു. വിശറിപോലെ കിടന്നിരുന്ന അവളുടെ മുണ്ടിന്റെ ഞൊറി നിതംബത്തിന്റെ താളലയത്തില്‍ നൃത്തമാടി.

“പൊക്കോ,നിനക്കീ കുന്നു കേറാനുള്ള കെപ്പ് പോരാ.”

വെള്ളച്ചാമിയെ നോക്കി മറിയം വിളിച്ചു പറഞ്ഞു.

“കയറു കണ്ടു പാമ്പാണെന്നു കൂവി വിളിച്ച പേടിത്തൊണ്ടന്‍!”

അല്ല, ഇതു ഞാന്‍ ഏറുമാടത്തിനുകീഴില്‍ കാവലിരുന്നു സംരക്ഷിച്ച ചിമ്മാരുവല്ല. സാക്ഷാല്‍ പറോതിയാണു പാറോതി.

തലേന്നു കണ്ട സ്വപ്നം അയാളുടെ മനോമുകുരത്തില്‍ മിന്നിമറിഞ്ഞു. ശിവനോടൊപ്പം നൃത്തമാടുന്ന പാര്‍‌വതി. ഹിമവല്‍‌പര്‍വതസാനുക്കളില്‍ നിന്നു വെള്ളക്കാളപ്പുറത്തു വന്ന ശിവനും പാര്‍വതിയും.

കോടമഞ്ഞുവീണുകിടന്നിരുന്നുവെങ്കിലും മലയുടെ താഴ്വാരത്തെ ഷാപ്പില്‍ നിന്നു കുടിച്ച റാക്കു അയാളുടെ സിരകളില്‍ സുഖദമായ ചൂടേകി ചംക്രമണം ചെയ്തപ്പോള്‍ അയാളോന്നു മയങ്ങി. ഡമരുവിന്റെ ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ അതാ തന്റെ മുന്നില്‍ നൃത്തമാടുന്ന ശിവപാര്‍വതിമാര്‍.

വെള്ളച്ചാമി ചിമ്മാരുവിന്റെ നേര്‍ക്കു നോക്കി. താന്‍ തലേ രാത്രി കണ്ട സ്വപ്നം. പാര്‍വതിയുടെ അതേ പല്ലുകള്‍, അതേ പാദങ്ങള്‍ , അതേ അളകങ്ങള്‍.അല്ല അതു സ്വപ്നമായിരുന്നില്ല എന്നയാള്‍ക്കു തോന്നി. ദാ, തന്റെ മുന്നില്‍ കൈലാസത്തിലേക്കടിവച്ചടിവച്ചു കയറിപ്പോകുന്ന സക്ഷാല്‍ പാര്‍വതി.

അമ്മേ ദേവീ കാപ്പാത്തുങ്കോ ..... ആവേശിതനെപ്പോലെ അയാള്‍ മറിയത്തെ പിന്തുടര്‍ന്നു.


അടുത്തത് പോരട്ടേ.

സസ്നേഹം
ആവനാഴി

കുതിരവട്ടന്‍ | kuthiravattan said...

സുന്ദരോ, വായിക്കുന്നുണ്ട്. തുടരട്ടെ.

G.manu said...

സുന്ദരാ.......മറിയത്തിണ്റ്റെയും ചാമിയുടെയും കൂടെ ഞാനും അറിയാതെ നടക്കുന്നു എന്ന ഫീലിംഗ്‌.. നിണ്റ്റെ വിവരണ ശൈലിക്ക്‌ ഒരു മെഴുകുതിരി കൂടി കൊളുത്തുന്നു....

അടുത്ത ഭാഗം ഇത്ര അമാന്തിക്കല്ലേ...

എതിരന്‍ കതിരവന്‍ said...

സുന്ദരാ..

വളരെ വ്യ്ത്യ്സ്ഥമായ കഥാപത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ‘ലൊക്കേഷന്‍’ഉം. ചിമ്മാരുമറിയത്തെ പിന്തുടരാന്‍ എനിയ്ക്ക് ഇതാണ് കാരണം.
ഈ എപിസോഡ് വളരെ നനായിരിക്കുന്നു. വെള്ളച്ചാമിക്ക് കൂടുതല്‍ മിഴിവ്.

വിന്‍സ് said...

CHEYY oru niraasaabodham... veerey onnum kondallaa.... randu divasamaayi pani okkey maatti vachu officil irunnu Sundarante randu blogileyum kadhakal vaayikkukayayirunnu. mothathil onnichirunnu motham vaayikkunnathinte oru thrill veerey thanney aaney. pakshe ithippam 15 il ethi ninnu pooyallo, ini aduthathinaayi wait cheyyuka ennu paranjal oru maathiri parupaadi aanu. oru moonnalu maasam koodi kazhinjittu sundarante ee sundaramaaya blogil vannaal mathiyayirunnu. appolekkum vaayikkan kureey undaakumayirunnallo!

aduthathinaayi wait cheyyunnu.

ഇക്കാസ് മെര്‍ച്ചന്റ് said...

ബെന്ന്യാപ്ലെ, തന്റെ മറിയത്തിന്റെ ആത്മ ബലം എനിക്കുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോകുന്നു.. ബാക്കി വായിക്കട്ടെ

കുറുമാന്‍ said...

വെള്ളച്ചാമിക്ക് ഒരു കാര്യം ഉറപ്പായ്. മറിയത്തിന്റെ രൂപ്ത്തില്‍ തന്റെ മുമ്പില്‍ ജീവിച്ചിരുന്നത് വെറും മനുഷ്യസ്ത്രീയല്ലാ. ദേവിയാണ്... ദേവി. കഴിഞ്ഞ രാത്രിയിലെ സ്വപ്നവും ചേര്‍ത്ത് വായിച്ചപ്പോള്‍ എല്ലാം വ്യക്തമായ്..

കഥയുടേ ഈ ട്വിസ്റ്റ് ഇഷ്ടായി ബെന്നീ.