Sunday, 8 July, 2007

ചിമ്മാരുമറിയം - 14

പുതിയ ദൗത്യം (ചിമ്മാരുമറിയം ഭാഗം - 14)

കാട്ടിലെ വീട്ടില്‍ തിരിച്ചെത്തിയ മറിയം കുറെദിവസങ്ങള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. തിരിച്ചുവന്നാല്‍ ഉടന്‍ വീടിന്റെ പണി ആരംഭിക്കണമെന്ന് കരുതിയാണ് യാത്രപോയത് എന്നാല്‍ തിരിച്ചുവന്നപ്പോഴാകട്ടെ അതിലും അത്യാവശ്യമായ ചില കാര്യങ്ങള്‍ തനിക്ക് ചെയ്തുതീര്‍ക്കാന്‍ ഉണ്ടെന്ന് മറിയം തിരിച്ചറിഞ്ഞിരുന്നു. പട്ടിണിയും പരിവട്ടവുമായ് കഴിയുന്ന പാവങ്ങളെ തന്നാല്‍ ആകുന്നപോലെ സഹായിക്കണം.

മുതിരപ്പുഴ നിറഞ്ഞൊഴുകുകയാണ്...

തീരത്തെ പാറയില്‍ ഇരുന്ന് മറിയം പുഴവെള്ളത്തില്‍ കാല്‍നനച്ചു. തണുപ്പ് കാലുകളിലൂടെ തലച്ചോറുവരെ അരിച്ചുകയറുന്നതുപോലെ അവള്‍ക്ക് തോന്നി. തല തണുത്തു, ചൂടുപിടിച്ച ചിന്തകളും. ഇളവെയില്‍ മെത്തവിരിച്ച പാറയില്‍ അവള്‍ തലചായ്ചു. മനോഹരമായ കാലുകള്‍ അപ്പോഴും തെളിവെള്ളത്തില്‍ ഓളങ്ങള്‍ വിരിച്ചുകൊണ്ടിരുന്നു. മലനീരിന്റെ കുളിരും ഇളം വെയിലിന്റെ ചൂടും ജീവിതത്തിലെ സുഖവും ദുഖവുമായ് മറിയത്തിനുതോന്നി; ശരിയായ അനുപാദത്തില്‍ അവ ചേര്‍ന്നപ്പോല്‍ ചിന്തകളില്ലാത്ത ലോകത്തിലേയ്ക്ക് മറിയം വഴുതിവീണു...കണ്ണുകള്‍കൂമ്പി.

......................

ചുട്ടുപഴുത്ത മണലിലൂടെ വാടിത്തളര്‍ന്ന് ഒരു സംഘം ആളുകള്‍ നീങ്ങുകയാണ്. ജീവിതത്തിന്റെ കടുത്ത താപത്തില്‍ കരിവാളിച്ച മുഖമാണ് എല്ലാവര്‍ക്കും. നരച്ച താടിയും മുടിയുമുള്ള ഒരാളാണ് സംഘത്തെ നയിക്കുന്നത്. തിളങ്ങുന്ന കണ്ണുകളുള്ള ഒരു പടുവൃദ്ധന്‍, പ്രതീക്ഷയുടെ ഒരു പച്ചതുരുത്ത് ആ കണ്ണുകള്‍ നാളുകളായ് പരതുന്നുണ്ട്. തേനും പാലുമൊഴുകുന്ന ഒരു ദേശം... വഴിയില്‍ പലരും മരിച്ചുവീഴുന്നു... പഴിപറഞ്ഞും പല്ലുകടിച്ചും യാത്രതുടരുന്ന സംഘത്തില്‍നിന്നും വൃദ്ധന്‍ മറിയത്തെ അടുത്തുവിളിച്ചു, അധികാരത്തിന്റെ വടി അവളെയേല്പ്പിച്ചിട്ട് അയാള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലേക്ക് പറന്നു കയറി. കാനാന്‍ ദേശത്തേയ്ക്ക് നീവേണം ഇനി ഇവരെ നയിക്കാനെന്ന് ഒരു അരുളപ്പാടും മേഘങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ്...


"മറിയാമ്മോ......ഈ പാറപ്പുറത്ത് ബന്നുകിടന്ന് ഒറങ്ങാനെക്കൊണ്ട് അനക്ക് പുരാന്ത് പിടിച്ചാ.."

മറിയം മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു.... കണ്മുന്‍പില്‍ പാലും തേനുമൊഴുകുന്ന മുതിരപ്പുഴ, പുഴയ്ക്ക് മറുകരയില്‍ കാനാന്‍ദേശം. കിടന്നകിടപ്പില്‍ മറിയം ആയാസത്തോടെ തലതിരിച്ചുനോക്കി പടച്ചട്ടയും കിന്നരിതലപ്പാവും വച്ച് ഫറവോ....

"ജ്ജ് എന്തിനാണി പൊരിവെയിലത്ത് ഇബടബന്ന് കെടക്കണീ..." ഫറവോ ചോദിക്കുകയാണ് കൈയും കാലും അനക്കാനാവാതെ മറിയം കിടന്നു... രാജകിങ്കരന്റെ വാള്‍ തന്റെ ശിരസും ഉടലും വേര്‍പെടുത്തുത്താനുയരുന്നപോലെ അവള്‍ക്ക് തോന്നി...

"അള്ളാ... ചുട്ട് പൊള്ളണപനിയാണല്ലാ..." മറിയത്തിന്റെ നെറ്റിയില്‍ കൈവച്ചുകൊണ്ട് ആസ്യത്താത്ത കാര്‍ത്ത്യാനിയോട് പറഞ്ഞു.

"ഒന്നു താങ്ങിക്കോളില്‍ ... കുടീലോട്ടെടുക്കാം" ആസ്യത്താത്തയും കാര്‍ത്ത്യാനിയും കൂടി മറിയത്തെ താങ്ങിയെടുത്ത് അവളുടെ വീട്ടിലേക്ക് നടന്നു. മറിയം ഒന്നും അറിഞ്ഞില്ലാ അവളുടെ ചിന്തകളില്‍ അപ്പോഴും തേനും പാലുമൊഴുകുന്ന കാനാന്‍ ദേശം നിറഞ്ഞുനിന്നിരിന്നു.


മറിയത്തിനു പിടിപെട്ടത് മലമ്പനിയായിരുന്നു. തീരെ അപ്രതീക്ഷിതമായ് ആ സമയം ആസ്യത്താത്ത അവിടെ വന്നെത്തിയത്. ഏറുമാടത്തിന്റെ ചുവട്ടിലെ തണലില്‍ കിടക്കവിരിച്ച് മറിയത്തെ കിടത്തി. ആസ്യത്താത്ത മറിയത്തെ ശുശ്രൂഷിച്ചപ്പോള്‍ കാര്‍ത്യായനി ചില ഓഷധങ്ങല്‍ എടുത്തുവരാനായ് അവരുടെ വീട്ടിലേക്ക് പോയ്.

ഏകദേശം ഒരാഴ്ചയോളം മറിയം കടുത്ത രോഗബാധയില്‍ ആയിരുന്നു. മനോഹരമായ അവളുടെ മുടിയിഴകള്‍ ഒട്ടുമുക്കാലും കൊഴിഞ്ഞുപോയ്. ചുണ്ട് ഒരു വശത്തേയ്ക്ക് കോടി മുഖത്തിന്റെ ഭംഗിയും നഷ്ടപ്പെട്ടു. ജീവന്‍ തന്നെയും തിരിച്ചുകിട്ടുമെന്ന് കരുതിയതല്ലാ... ചില പച്ചമരുന്നുകളിട്ടു കാര്‍ത്യായനി തിളപ്പിച്ച വെള്ളവും രാപകല്‍ ഉറക്കമൊഴിഞ്ഞിരുന്നുള്ള ആസ്യത്താത്തായുടെ പരിചരണവും മറിയത്തെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.


ഈ ദിവസങ്ങളിലെല്ലാം വെള്ളച്ചാമി ഒരു നിഴലുപോലെ അവിടെ ചുറ്റിപ്പറ്റിനിന്നിരുന്നു. ആസ്യത്താത്തയുടെ വിളിപ്പുറത്തു എന്തുസഹായവും ചെയ്യാന്‍ തയ്യാറായ് അവനുണ്ടായിരുന്നു. മറിയം ഏഴാം ദിവസമാണ് വളരെ ആയാസപ്പെട്ട് ഏറുമാടത്തിലോട്ട് കയറിയത്. അന്നുതന്നെ വെള്ളച്ചാമി എവിടെനിന്നോ ഒരു കാട്ടുമുയലിനെ പിടിച്ചുകൊണ്ടുവന്നു. അതിനെ തൊലിയുരിഞ്ഞു സൂപ്പുവച്ചുകൊടുത്തതും അവന്‍‌തന്നെ. പിന്നീടുള്ള ദിവസങ്ങളില്‍ വെള്ളച്ചാമി പിടിച്ചുകൊണ്ടുവന്ന കാട്ടുകുരങ്ങ്, മലയണ്ണാന്‍, മരപ്പട്ടി, കടവാവല്‍, ഉടുമ്പ്, മുള്ളന്‍പന്നി ഇവയെല്ലാം സൂപ്പായ് മറിയം കഴിച്ചു. അവള്‍ നന്ദിയോടെ വെള്ളച്ചാമിയെ നോക്കി...ആ നോട്ടത്തില്‍ നന്ദിപ്രകാശനത്തിലുമുപരിയായതെന്തൊക്കെയോ ഉണ്ടായിരുന്നു.... ആ ഒരു നോട്ടം മാത്രം മതിയായിരുന്നു വെള്ളച്ചാമിക്കു ജീവിതസായൂജ്യമടയുവാന്‍.... മുഴുമുഴുത്ത കാട്ടുപന്നികളുടെ പുറകെ അവന്‍ ലക്കുകെട്ട് ഓടി...


മറിയം പതിയെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്നു. എറുമാടത്തിനു താഴെയിറങ്ങി തന്റെ കൃഷിയിടത്തിലൂടെ നടന്നപ്പോള്‍ തന്നെ എല്ലാ തളര്‍ച്ചയും അവളെ വിട്ടുമാറി. ആസ്യത്താത്ത സഹതാപത്തോടെ മറിയത്തിന്റെ മുഖത്തുനോക്കി നിന്നു.

മാനത്തുനിന്നും ചിറകറ്റ് ഭൂമിയില്‍ വീണ ഒരു മാലാഖയാണ് മറിയമെന്ന് അവര്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അവളുടെ സൗന്ദര്യം കണ്ണിമയ്ക്കാതെ നോക്കി നിന്നവരുടെ കൂട്ടത്തില്‍ ആസ്യത്താത്തയുമുണ്ട്. രോഗം വന്നുതിരിച്ചുപോയപ്പോള്‍ മറിയത്തിന്റെ പനംകുലപോലുള്ളമുടിയും മുഖലാവണ്യവും എടുത്തുകൊണ്ട് പോയിരുന്നു....ജീവന്‍ തിരിച്ചുനല്‍കിയതുതന്നെ ഭാഗ്യം.


"മറിയാമോ... അന്നെബന്നുകണ്ട് അത്യാബിശമായി ഒരു കാര്യം പറയാനെക്കൊണ്ടാ ഞമ്മളുബന്നത്. അന്നേംകൊണ്ട് അന്നേക്കന്നു തിരിച്ചു പോബാന്നു ഞമ്മളുകരുതി..... ഇപ്പോത്തന്നെ ബല്ലാണ്ട് വൈകീക്കണു... അബടത്തെ കാര്യങ്ങള്‍ അനക്കറിയാല്ലാ ...എല്ലാം ഹലാക്കിന്റെ അബലും കഞ്ഞീം ആയീക്കണുണ്ടാവും"

മറിയം മറുപടി ഒന്നും പറഞ്ഞില്ലാ. അവള്‍ ആസ്യത്താത്തായുടെ മുഖത്ത് കൗതുകത്തോടെ നോക്കിനിന്നു.... ആദ്യമായ് കാണുന്നതുപോലെ. അവള്‍ തന്റെ അമ്മയുടെ രൂപമാണവിടെ കണ്ടത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആസ്യത്താത്തായുടെ രൂപത്തില്‍ അവതരിച്ച പെറ്റമ്മ.


"അബടേ ബെള്ളത്തീന്നു ബെളിച്ചമൊണ്ടാക്കാന്‍ പണിക്കാരെ എടുക്കണ്!!... മോള് ഉമ്മാനോടൊപ്പം പോന്നോളിന്‍..ഈ കാട്ടിലു കെടന്നു അന്റെ ജീബിതം ബെടക്കാക്കാനു ഞമ്മളു ശമ്മതിക്കൂലാ..." മൂന്നാറിലും പരിസരങ്ങളിലുമായ് പണിതീര്‍ന്ന ജലവൈദ്യുത പദ്ധതിയുടെ പള്ളിവാസല്‍ പവ്വര്‍ ഹൗസിലേക്ക് ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളായവര്‍ക്കാണു മുന്‍‌ഗണന.

മറിയം അനുകൂലമായ് ഒന്നുമൂളിയാല്‍ മതി അവള്‍ക്ക് അവിടെജോലിയില്‍ പ്രവേശിക്കാം. കാരണം തിരുവിതാംകൂറിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റിന്റെ അമ്മയായിരുന്നു ചിമ്മാരുമറിയം.


നിര്‍മ്മാണപ്രവര്‍ത്തനത്തിനിടയില്‍ വിദേശികളും സ്വദേശികളുമായ ഉദ്യോഗപ്രമുഖര്ക്കു‍മുതല്‍‍ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കുവരെ ആഹാരം വച്ചുവിളമ്പിയത് മറിയമായിരുന്നു.

മഹാരാജാവു ശ്രീചിത്തിരതിരുനാള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാണാന്‍ മൂന്നാര്‍ സന്ദര്‍ശിച്ച വേളയില്‍ പാല്‍ക്കഞ്ഞികുടിച്ചത് മറിയത്തിന്റെ കാന്റീനില്‍നിന്നായിരുന്നു. അസ്സമയത്ത് വന്നുകയറിയ രാജാവ് പാല്‍ക്കഞ്ഞി ചോദിച്ചപ്പോള്‍ ആസ്യത്താത്ത ഒന്നുപരിഭ്രമിച്ചുപോയ്... മറിയം ഒട്ടും കൂസാതെ പണിക്കാര്‍ക്ക് വിളമ്പിയ കഞ്ഞിയുടെ ബാക്കിയില്‍ കാന്റീന്റെ പുറകില്‍ മേഞ്ഞുനടന്നിരുന്ന ഒരാടിന്റെ പാല്‍ ഡയറക്റ്റായ് കറന്നൊഴിച്ചാണ് പ്രശ്നം പരിഹരിച്ചത്. പള്ളിക്കഞ്ഞികുടിച്ച് പെരുത്തിഷ്ടമായ രാജാവന്ന് മറിയത്തിനോട് അനന്ദപുരിക്ക് തന്റെ കൂടെ പോരുന്നോ എന്ന് കളിയായ് ചോദിക്കുകയുമുണ്ടായ്. അന്നു രാജാവ് തന്റെ ചെറുവിരലില്‍ അധികപറ്റായ് കിടന്നിരുന്ന വജ്രം പതിച്ച മോതിരം ഊരിയെടുത്ത് മറിയത്തിനു നല്‍കാന്‍ കുറേ പിടിപിടിച്ചതായിരുന്നു. വല്ലാത്തമുറുക്കമായതിനാല്‍ ആ ശ്രമം നടന്നില്ല.


ഇവരെകൂടാതെ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ വരുമ്പോള്‍ എല്ലാം മറിയത്തിന്റെ കാന്റീനില്‍ വന്നു ദോശയും സാമ്പാറും കഴിച്ചിരുന്നു.


കുറേ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇങ്ങനെ ഒരു തൊഴിലവസരം തന്റെ മുമ്പില്‍ തുറന്നുകിട്ടിയിരുന്നതെങ്കില്‍ മറിയം ഒന്നും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെട്ടേനെ... അതും അനന്തപ്ത്മനാഭന്റെ പത്തു ചക്രം കിട്ടുന്ന തൊഴില്‍... പക്ഷേ ഇപ്പോള്‍ അവളുടെ മനസില്‍ നിറയെ മരുഭൂമിയിലൂടെ ഉഴലുന്ന ജനങ്ങളും കാണാമറയത്തുള്ള പാലും തേനുമൊഴുകുന്ന കാനാന്‍ ദേശവുമാണ്.


"ഞാന്‍ ഇവിടം വിട്ട് ഇനി എങ്ങോട്ടും വരുന്നില്ലുമ്മാ..." ........ആസ്യത്താത്ത ഈ മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ലാ... എങ്കിലും മറിയത്തിനെ കണ്ണുകളിള്‍ നോക്കിയ ആസ്യത്താത്തയ്ക്ക് ഒരു കാര്യം ഉറപ്പായ്... തനിക്ക് പരിചയമുള്ള, കഥകളെ പ്രണയിക്കുന്ന കൊച്ചുപെണ്ണ് മറിയമല്ലാ ഇത്. അവള്‍ എന്തെല്ലാമോ കരുതിക്കൂട്ടി ഉറപ്പിച്ചിരിക്കുന്നപോലെ.

മറിയത്തിനെ അവളുടെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നു ബോധ്യമായപ്പോള്‍ ആസ്യത്താത്ത ഇങ്ങനെ ഒരു നിര്‍ദേശം വച്ചു.


"ജ്ജ് ബരണില്ലങ്കി മേണ്ടാ... അന്റെ മാപ്പിളേനെ ഞമ്മടെകൂടെ ബിട്...എന്തെങ്കിലും തൊയിലു ചെയ്ത് ജീബിക്കട്ടെ...ഓരെക്കൊണ്ട് ഇബടെ ബല്യകാര്യമൊന്നുമില്ലല്ല.."

മറിയം കാട്ടില്‍ ഒറ്റപ്പെടുമെന്നറിയാമെങ്കിലും ഇതുപോലൊരു സുവര്‍ണ്ണാവസരം കളഞ്ഞുകുളിക്കുന്നതില്‍ ആസ്യത്താത്തയ്ക്ക് വല്ലാത്ത സങ്കടമായിരുന്നു.

"ഉമ്മാടെ കൂടെ പൊയ്ക്കോളു..." മറിയം പൈലോയോടു പറഞ്ഞു. അനുസരണയുള്ള കുട്ടിയായ് പൈലോ ആസ്യത്താത്തയോടൊപ്പം നടന്നുനീങ്ങുന്നത് അവള്‍ നിര്‌വ്വികാരയായ് നോക്കിനിന്നു.

നേരം സന്ത്യമയങ്ങിയപ്പോള്‍ മറിയം ഏറുമാടത്തില്‍ തിരിച്ചുകയറി. തെല്ലുകഴിഞ്ഞില്ലാ ഒരു ഉടുമ്പിനെയും തൂക്കിയെടുത്ത് വെള്ളച്ചാമി താഴെവന്നു വിളി തുടങ്ങി....

"അമ്മാ... ഉടുമ്പു...ഉടുമ്പു... ഉടലുക്ക് രൊമ്പ നല്ലാര്‍ക്ക്... "

"കയറിവാ..." മറിയം വിളിച്ചു.

കാട്ടുടുമ്പിനെ വെള്ളച്ചാമി മറിയത്തിന്റെ മുമ്പില്‍ ഇട്ടുകൊടുത്തു... ജീവന്‍ പിരിഞ്ഞിട്ടില്ലാ... ആ ജീവിയുടെ വാല് മെല്ലെ ചലിച്ചുകൊണ്ടിരിരുന്നത് അരണ്ട വെളിച്ചത്തില്‍ മറിയം കണ്ടു.

"അമ്മാ .... ഇതിനുടെ നാവ് നീങ്കള്‍ ഉയിരോടെ ശാപ്പിടവേണ്ടും... ഇതു ഉടമ്പുക്ക് രൊമ്പ നല്ലമരുന്തുതാന്‍... ഇതുക്ക് ബധലായ് ഇന്ത ഉലകത്തിലേതുമേ കിടയാത്..."


ഉടുമ്പിന്റെ നാവു പിഴുതെടുക്കാന്‍ മുതിരുന്ന വെള്ളച്ചാമിയെ മറിയം വിലക്കി...

"നേരമൊരുപാടായ്... ഇനി നീ പൊയ്ക്കോളു..."

ഒന്നും മിണ്ടാതെ വെള്ളച്ചാമി ഏറുമാടത്തില്‍ നിന്നും താഴെയിറങ്ങി ഇരുളില്‍ മറഞ്ഞു. ജീവിതത്തില്‍ ആദ്യമായ് മറിയം തനിച്ചായ്....


നെരിപ്പോടിലെ വിറകുമുട്ടികളെ തീനാളങ്ങള്‍ തിന്നുതീര്‍ത്തപ്പോള്‍ മുറിയില്‍ കനലിന്റെ തിളക്കം മാത്രമായ്... കനലിനെ ചാരം പതിയെ പതിയെ പൊതിഞ്ഞപ്പോള്‍ കാത്തിരുന്ന ഇരുട്ട് എല്ലായിടവും കൈയടക്കി.... മറിയം ഉറങ്ങി.... പിറ്റേന്ന് ഉണരുന്നതുവരെ.


(തുടരും...)

12 comments:

(സുന്ദരന്‍) said...

ചെറിയ ഒരിടവേളയ്ക്ക് ശേഷം പുതിയ ഭാവവും പുതിയരൂപവുമായ് ചിമ്മാരുമറിയം വീണ്ടും വരുന്നു....

പിന്മൊഴിയില്‍ നിന്നും മറുമൊഴിയിലേക്ക് മാറിയ ചിമ്മാരുമറിയത്തിന്റെ സൗന്ദര്യത്തിലും സ്വഭാവത്തിലും വന്ന മാറ്റം കരുതിക്കൂട്ടിചെയ്തതല്ലാ... ചരിത്രത്തിന്റെ പോക്ക് അങ്ങിനെയാണ്....

Ambi said...

സുന്നരാ..എന്താദ്..ഈ പതിനാലെണ്ണോം ഒറ്റയിരുപ്പിന്..അതിശയോക്തിയല്ല ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്തു.ഇന്നുവരെ ഇങ്ങോട്ട് നോക്കിയിട്ടില്ലായിരുന്നു..

അത് നന്നായി, ഇതെല്ലാം ഒരുമിച്ച് വായിയ്ക്കുന്നതിന്റെ സുഖം ഒരു സുഖമായിരുന്നു.ആ ഹൈറേഞ്ചിലെ കുളിരും കാറ്റും മഴയും മണ്‍നും എല്ലാം അനുഭവിയ്ക്കുന്ന പോലെ..

എന്താ ഒരു ഭാഷ..പുകഴ്ത്താന്‍ വാക്കുകളില്ല..ഇത് ഇവിടെയൊന്നും നിര്‍ത്തരുത്..നാലാളു കാണേണ്ട എഴുത്താണിത്..കമ്പ്യൂട്ടറില്ലാത്തവനും ഇതൊക്കെ കാണണം.യൂറോപ്യന്‍ സ്വപ്നങ്ങളെപ്പോലെ ഇവനേയും നമുക്ക് കടലാസിലാക്കണം..യാതൊരു പരിധികളും വയ്ക്കാതെ എഴുതുക..ഒരു ഇതിഹാസമാവട്ടേ..

ആവനാഴി said...

ഹൈ സുന്ദര്‍,

ചിമ്മാരു അങ്ങനെ തഴുത്തു കൊഴുത്തു മുന്നേറുന്നു. വളരെ രസകരമായിരിക്കുന്നു. നല്ല ശൈലി.

ചിത്തിരതിരുനാള്‍ മഹാരാജാവ് ചിമ്മാരുവിന്റെ റിസ്റ്റോറന്റില്‍ നിന്നു പാല്‍ക്കഞ്ഞി കുടിക്കുന്നു. മായം ചേര്‍ത്ത പാലാകരുത് എന്നു മറിയത്തിനു നിര്‍ബ്ബന്ധം. നോക്കിയപ്പോള്‍ ഒരു വഴി കണ്ടു. പുറകുവശത്തെ ആട്ടിന്‍‌കൂട്ടില്‍ മുല നിറയെ പാലുനിറഞ്ഞുകുമിഞ്ഞുനില്‍ക്കുന്ന മലമുലച്ചിയാട്. ഒട്ടും വൈകിച്ചില്ല. ചിമ്മാരു ഓട്ടുകിണ്ണത്തില്‍ കഞ്ഞിയുമായി ആട്ടിന്‍‌കൂട്ടില്‍ കയറുന്നു. നേരെ കഞ്ഞിയിലേക്കു പാല്‍ കറന്നൊഴിച്ചു. പതനത്തില്‍ പാലൊന്നു പതഞ്ഞു. കഞ്ഞിയുമായി കൂട്ടിയിളക്കി മഹാരാജാവിനു സമര്‍പ്പിക്കുന്നു. ഇത്ര നല്ല കഞ്ഞി തന്റെ കൊട്ടാരത്തില്‍ പോലും രാജാവു കഴിച്ചിട്ടില്ല.ചെറുപ്പത്തില്‍ കൃഷ്ണന്റെ ബാല്യകാലകഥകള്‍ കേട്ടു വളര്‍ന്ന രാജാവ് ഒരു ദിവസം ഭൃത്യന്മാര്‍ കറന്നുകൊണ്ടു വച്ച പതമുറ്റിയ പാല്‍ കട്ടു കുടിച്ചു. അതിനും ഇത്ര സ്വാദും മധുരിമയും അനുഭവപ്പെട്ടിട്ടില്ല.

രാജാവ് മറിയത്തിന്റെ കൈത്തണ്ടയിലേക്കു നോക്ക്കി. അവളുടെ വാഴപ്പിണ്ടിപോലെ ഉരുണ്ട കൈത്തടങ്ങളില്‍ സ്വര്‍ണ്ണവളകള്‍ ഉണ്ടായിരുന്നില്ല.എന്നിട്ടും അന്ത:പുരത്തിലെ രാജപത്നിമാരേക്കാള്‍ എന്തു സൌന്ദര്യം! അവളുടെ ശരീരത്തില്‍നിന്നുതിര്‍ന്ന വിയര്‍പ്പിനു കൈതപ്പൂവിന്റെ സുഗന്ധം. അവളുടെ നയനങ്ങള്‍ വിടര്‍ന്ന താമരപ്പൂക്കളെ ഓര്‍മ്മിപ്പിച്ചു. അവളുടെ ചുണ്ടുകള്‍ക്കു തോണ്ടിപ്പഴത്തിന്റെ നിറം. രാജാവിന്റെ മനോമുകുരത്തില്‍ വേളിയെപ്പറ്റിയുള്ള മധുരചിന്തകള്‍ നൃത്തമാടി. മറിയേ.., നീ പോരുന്നോ? എന്നു രാജാവു ചോദിച്ചു. ചോദ്യം മനോമുകുരത്തിലൊതുങ്ങിയതിനാല്‍ മറിയം അതു കേട്ടില്ല.രാജാവു മറിയത്തെ മനതാരില്‍ പ്രേയസിയാക്കി. അതെ,അവളുടെ വിരലില്‍ തന്റെ ചെറുവിരലിലെ മോതിരം കിടന്നു തിളങ്ങുന്നത് തനിക്കു കാണണം.പിന്നെ സമയം വൈകിച്ചില്ല. വ് തന്റെ ചെറുവിരലില്‍ അധികപറ്റായ് കിടന്നിരുന്ന വജ്രം പതിച്ച മോതിരം ഊരിയെടുക്കാന്‍ രാജാവു കുറേ പിടിച്ചു വലിച്ചു. വല്ലാത്തമുറുക്കമായതിനാല്‍ ആ ശ്രമം നടന്നില്ല.വിരലങ്ങു മുറിച്ചാലോ എന്നു ഒരു നിമിഷം ശങ്കിച്ചു. വേണ്ട, അംഗഭംഗം വന്ന രാജാവ് എന്ന ദുഷ്കീര്‍ത്തിക്കു പാത്രമാവില്ലേ? തന്റെ മന്ത്രിമുഖ്യനോട് രാജാവു കല്‍പ്പിച്ചു: “ദാ, ഈ മോതിരമൊന്നു വലിച്ചെടുക്കൂ”. മന്ത്രി രാജാവിന്റെ ചെറുവിരലില്‍ പിടുത്തമിട്ടു. ശക്തിയായി വലിച്ചു. ചന്തിയടിച്ചു നിലത്തു വീണതല്ലാതെ വജ്രമോതിരത്തിനു യാതൊരു കുലുക്കവുമുണ്ടായില്ല. തന്നെയുമല്ല “എന്നെ ഊരാന്‍ മാത്രം‍ നീ വളന്നോ?” എന്നു കളിയാക്കുന്ന മട്ടില്‍ വജ്രമോതിരം തന്നെ നോക്കി ചിരിക്കുന്നതായി മന്ത്രിക്കു തോന്നി.

എങ്കിലും മഹാരാജാവ് മറിയത്തെ തന്റെ പ്രാണപ്രേയസിയായി തന്റെ മനസില്‍ പ്രതിഷ്ഠിച്ചു.

ഹൈ സുന്ദര്‍, ഞാന്‍ സുന്ദറിന്റെ ആഖ്യായികക്കു ഒരു ആസ്വാദനം എഴുതാന്‍ ശ്രമിച്ചതാണ്.

വളരെ നന്നായിരിക്കുന്നു. അടുത്തത് ഉടന്‍ പ്രസിദ്ധീകരിക്കൂ.

സസ്നേഹം
ആവനാഴി

ikkaas|ഇക്കാസ് said...

ബെന്ന്യാപ്ലേ..
ചിമ്മാരു മറിയം പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നപ്പോള്‍ എന്തോ ഒരു നിരാശ തോന്നുന്നു..
വരെട്ടെ, മുന്നോട്ടുള്ള കഥാഗതി ചിലപ്പൊ നിരാശ മാറ്റിയെടുത്തേക്കും.

G.manu said...

രോഗം വന്നുതിരിച്ചുപോയപ്പോള്‍ മറിയത്തിന്റെ പനംകുലപോലുള്ളമുടിയും മുഖലാവണ്യവും എടുത്തുകൊണ്ട് പോയിരുന്നു....ജീവന്‍ തിരിച്ചുനല്‍കിയതുതന്നെ ഭാഗ്യം.

സുന്ദരാ...കഥ കേട്ട്‌ കഥ കേട്ട്‌ സ്വയം മറന്നുപോയി...നര്‍മ്മത്തില്‍ നിന്നും സീരിയസിലേക്കുള്ള നിണ്റ്റെ ചാഞ്ചാട്ടം ഗംഭീരം....അടുത്ത എപി.... ഡോഡ്‌ നു വേണ്ടി പനിക്കുന്നു

Anonymous said...

സുന്ദരന്‍ മാഷെ ചിമ്മാരുമറിയം കലക്കുന്നുണ്ട്. ഇടക്കിടെ വന്ന് നോക്കാറുണ്ട്. പുതിയ ലക്കം വന്നോ എന്ന്. പണ്ട് മനോരമയിലേയും മംഗളത്തിലേയും തുടരന്‍ വായിച്ച്, അടുത്ത ലക്കത്തിനായി കാത്തിരുന്നതോര്മ്മ വരുന്നു. വര്‍ഷങ്ങള്‍ ചിലത് കടന്ന് പോയപ്പോള്‍ പൈങ്കിളിയോടുള്ള താല്‍പ്പര്യം പോയി ഒപ്പം തുടരനായി വരുന്ന എന്തിനോടും.

പിന്നീട് ആ താല്‍പ്പര്യം തിരിച്ചു കൊണ്ട് വന്നത് കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങളായിരുന്നു. ഇപ്പോ സുന്ദരന്റെ ചിമ്മാരു മറിയവും. തീര്‍ച്ചയായും ഇതൊരു നല്ല ശ്രമം ആണ്‍. ചരിത്രത്തെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നത്. മുഷിയുകയുമില്ല, അറിവുണ്ടാവുകയും ചെയ്യും. കമന്റുകളുടെ എണ്ണം നോക്കാതെ നന്നയെഴുതു. എല്ല ഭാവുകങ്ങളും.

രാജീവ്::rajeev said...

സുന്ദരന്‍ മാഷെ ചിമ്മാരുമറിയം കലക്കുന്നുണ്ട്. ഇടക്കിടെ വന്ന് നോക്കാറുണ്ട്. പുതിയ ലക്കം വന്നോ എന്ന്. പണ്ട് മനോരമയിലേയും മംഗളത്തിലേയും തുടരന്‍ വായിച്ച്, അടുത്ത ലക്കത്തിനായി കാത്തിരുന്നതോര്മ്മ വരുന്നു. വര്‍ഷങ്ങള്‍ ചിലത് കടന്ന് പോയപ്പോള്‍ പൈങ്കിളിയോടുള്ള താല്‍പ്പര്യം പോയി ഒപ്പം തുടരനായി വരുന്ന എന്തിനോടും.

പിന്നീട് ആ താല്‍പ്പര്യം തിരിച്ചു കൊണ്ട് വന്നത് കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങളായിരുന്നു. ഇപ്പോ സുന്ദരന്റെ ചിമ്മാരു മറിയവും. തീര്‍ച്ചയായും ഇതൊരു നല്ല ശ്രമം ആണ്‍. ചരിത്രത്തെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നത്. മുഷിയുകയുമില്ല, അറിവുണ്ടാവുകയും ചെയ്യും. കമന്റുകളുടെ എണ്ണം നോക്കാതെ നന്നയെഴുതു. എല്ല ഭാവുകങ്ങളും.

കുതിരവട്ടന്‍ :: kuthiravattan said...

വായിച്ചു, അടുത്ത ഭാഗം പോരട്ടെ :-)

Dinkan-ഡിങ്കന്‍ said...

ചിമ്മാരു മറിയം കീ ജയ്..കീ..ജയ്..

പോരട്ടെ സുന്ദരാ അടുത്തതും :)

വേണു venu said...

ചിമ്മാരുമറിയം രസകരമായി പാരായണം ചെയ്യുന്നുണ്ടു്.
അടുത്ത ഭാഗമെന്തേ താമസം.:)

മാവേലി കേരളം said...

സുന്ദരാ

നന്നായിരിയ്ക്കുന്നു. മിക്കവാ‍ാറും ഞാന്‍ വായിയ്ക്കും, അല്ലെങ്കില്‍ മാഷു വായിച്ചിട്ടു കഥപറയും. പക്ഷെ കമന്റിടുന്നത് ആദ്യാ.

എല്ലാ ആശംസകളും

കുറുമാന്‍ said...

വൌ........ഇവിടെ വരെ ഒറ്റയടിക്ക് വായിച്ചു.

പള്ളിക്കഞ്ഞികുടിച്ച് പെരുത്തിഷ്ടമായ രാജാവന്ന് മറിയത്തിനോട് അനന്ദപുരിക്ക് തന്റെ കൂടെ പോരുന്നോ എന്ന് കളിയായ് ചോദിക്കുകയുമുണ്ടായ്. അന്നു രാജാവ് തന്റെ ചെറുവിരലില്‍ അധികപറ്റായ് കിടന്നിരുന്ന വജ്രം പതിച്ച മോതിരം ഊരിയെടുത്ത് മറിയത്തിനു നല്‍കാന്‍ കുറേ പിടിപിടിച്ചതായിരുന്നു. വല്ലാത്തമുറുക്കമായതിനാല്‍ ആ ശ്രമം നടന്നില്ല - സുന്ദരാ.........നിന്റെ എഴുത്തും അതീവ സുന്ദരം തന്നെ,.