Thursday, 21 June, 2007

ചിമ്മാരുമറിയം 13

പിറന്ന നാടിന്റെ ദു:ഖം (ചിമ്മാരുമറിയം ഭാഗം - 13)


സാമ്പത്തീക നില ഭദ്രമായപ്പോള്‍ ചിമ്മാരുമറിയം മരത്തിന്റെമുകളില്‍ നിന്നും താഴെയിറങ്ങാന്‍ ആഗ്രഹിച്ചു. കുര്യേപ്പുമുതലാളി പുതുതായ് പണികഴിപ്പിക്കുന്ന എസ്റ്റേറ്റുബംഗ്ലാവിന്റെയത്ര വലുതല്ലെങ്കിലും കരിങ്കല്ലുകൊണ്ടുകെട്ടിയ ഉറപ്പുള്ള ഒരു വീടുതനിക്കും വേണം. കാട്ടാനയുടെ ശല്യം കാര്യമായ് ഇപ്പോള്‍ ഇല്ലെങ്കിലും തന്റെ വീടിനു ചുറ്റും കിടങ്ങുകുഴിപ്പിക്കണം.... രാത്രിയില്‍ ഉറക്കമിളച്ചു കാവലിരിക്കാനൊന്നും ഇനി വയ്യ.

മറിയം ആഗ്രഹിക്കട്ടെ...ഇതുവരെ അവള്‍ എന്തെങ്കിലും ആഗ്രഹിച്ചിരുന്നതായ് ആര്‍ക്കും അറിയില്ലാ... അവളുടെ ആഗ്രഹങ്ങളെ ഗൗനിക്കാന്‍ അവള്‍ക്കുപോലും സാഹചര്യമുണ്ടായിരുന്നില്ലാ എന്നതാണു സത്യം.

വീടുപണി തുടങ്ങുന്നതിനുമുമ്പെ കുര്യേപ്പുമുതലാളിക്കുകൊടുക്കാനുള്ള പണം കൊടുത്തുതീര്ക്കണം. പണം കൊടുത്തുതീര്‍ക്കാനുള്ള അവധി പിന്നെയും കുറേയേറെ വര്‍ഷങ്ങള്‍കൂടിയുണ്ടായിരുന്നെങ്കിലും താന്‍ ആദ്യമായ് പണിയിക്കുന്ന വീട് മറ്റാരോടും ബാധ്യതയില്ലാത്ത മണ്ണിലായിരുന്നാല്‍ കൂടുതല്‍ നല്ലതായിരിക്കും എന്ന് മറിയത്തിനു തോന്നി.

"നാളേ.. നമുക്ക് കോതോംങ്ങലം വരെയൊന്നുപോണം..." രാത്രിയില്‍ മറിയം പൈലോയോടു പറഞ്ഞു...

"ഉം..." അയാള്‍ ഉറങ്ങിയിട്ടില്ലാ....

എന്തിനാണെന്നോ എപ്പോഴാണെന്നോ അയാള്‍ ചോദിച്ചില്ല... അങ്ങിനെ ഒരു രീതി അയാള്‍ക്കില്ലാത്തതിനാല്‍ ആ സംഭാഷണം അവിടെ അവസാനിച്ചു...കുറച്ചുകഴിഞ്ഞപ്പോള്‍ അയാളുടെ കൂര്‍ക്കം വലി ഏറുമാടത്തില്‍ മുഴങ്ങി. പുറത്ത് പാതിരാ പക്ഷികള്‍ അതിനൊപ്പിച്ച് മൂളി...

മറിയം തിരിഞ്ഞുകിടന്നു...രാത്രിയിലെപ്പോഴൊ അവളും ഉറങ്ങിപ്പോയ്.

രാവിലെ മറിയം കോടിമുണ്ട് ഞൊറിഞ്ഞുടുത്ത് പുതിയ ചട്ടയും കസവിന്റെ പൂക്കള്‍ തുന്നിയ നേര്യതും പുതച്ചു യാത്രയ്ക്ക് തയ്യാറായ്, പുത്തന്‍ മുണ്ടും കുപ്പായവുമിട്ട് പൈലോയും. വിശറിവാലിളക്കി മറിയം മുമ്പില്‍ നടന്നു പിന്നാലെ നിഴല്പോലെ കണവനും.

കാടെല്ലാം തെളിഞ്ഞുപോയിരിക്കുന്നു. വഴിയും വീതികൂട്ടി വെട്ടിയിരിക്കുന്നു. ഇപ്പോള്‍ അടിമാലിയില്‍ നിന്നും കുര്യേപ്പുമുതലാളിയുടെ ജീപ്പിനാണ് പുതിയ ബംഗ്ലാവിനുള്ള പണിസാധനങ്ങള്‍ എത്തിക്കുന്നത്. ബംഗ്ലാവിന്റെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.

മറിയവും പൈലോയും കടന്നുപോയപ്പോള്‍ മാനത്തുനിന്നും പൊട്ടിവീണതുപോലെ വെള്ളച്ചാമി മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കൂടെ വന്ന പണിക്കാരെല്ലാം മടങ്ങിയിട്ടും വെള്ളച്ചാമി തിരിച്ചുപോകാനുള്ള ഭാവമില്ലാ. അയാള്‍ക്ക് ബോഡിനായ്ക്കന്നൂരില്‍ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ഇല്ലന്നാണു ജനസംസാരം.

"അമ്മാ... ഇതുകേള്, അതുക്ക് പിന്നാടി കാട്ടുപന്നി തിരുമ്പിവന്തതെയില്ലൈ!!!... നാന്‍ എന്ന പ്രമാദമാന വെടിതാന്‍ വെടിച്ചതെന്ന് തെരിഞ്ചാച്ചാ...." ഊളച്ചിരിയും ചിരിച്ചുനില്‍ക്കുന്നു വെള്ളച്ചാമി.

"വഴീന്നുമാറിനിക്കടാ കാട്ടുപന്നീ...." ഈ ജാതി കേസുകളെ നിറുത്തണ്ടിടത്തു നിറുത്താന്‍ മറിയത്തിനറിയാം.

കല്ലാറുകൂട്ടി കടവു കടന്നു കയറാന്‍ തടിപ്പാലമിട്ടിരിക്കുന്നു... ഇപ്പോള്‍ കാലുനനയ്ക്കാതെ കടന്നുപോകാം. തണുത്തവെള്ളത്തില്‍ കാലുനനയ്ക്കുന്നത് ഒരു സുഖം തന്നെയാ മറിയം പഴയതുപോലെ വെള്ളത്തിലിറങ്ങിയാണ് പുഴകടന്നത്.


കാര്‍ത്ത്യാനി ചേച്ചിയുടെ വീടിനടുത്തെത്തുന്നതു വരെ ഈ വഴിയില്‍ ഒരു വീടുപോലും പണ്ടില്ലായിരുന്നു. ഇപ്പോള്‍ പുതിയ ചില വീടുകള്‍ വഴിയരുകില്‍ തന്നെ കാണാം. വെട്ടും കിളയുമായ് പുതുമണ്ണിനെ പരുവപ്പെടുത്താന്‍ കുടിയേറ്റകര്‍ഷകര്‍ രാവിലെതന്നെ ഇറങ്ങിയിട്ടുണ്ട്.


പ്തിവുപോലെ മറിയം കാര്‍ത്ത്യാനി ചേച്ചിയെ കാണാന്‍ വേണ്ടിയാണ് അവരുടെ വീട്ടില്‍ കടന്നുചെന്നത്. ആവഴിയെ പോകുമ്പോഴൊക്കെ ആ വീട്ടില്‍ കടന്നുചെന്ന് പഴയ സൗഹൃദം പുതുക്കാതെ മറിയം പോകാറില്ലാ. അവിടുന്ന് കിട്ടിയ ഇടങ്ങഴി മുതിരയാണല്ലോ അവളുടെ മണ്ണില്‍ ആദ്യമായ് പച്ച നാമ്പുകള്‍ വിരിച്ചത്.

മറിയവും പൈലോയും കോതമംഗലത്തിനു പോകുന്നു എന്നുകേട്ടപ്പോള്‍ കാര്‍ത്ത്യാനിചേച്ചിയും ‍കൂടെകൂടി. പെരുമ്പാവൂരിലുള്ള തന്റെ തറവാട്ടില്‍ ഇടയ്ക്കിടയ്ക്ക് പോയ് കുറച്ചുദിവസം താമസിച്ച് നാത്തൂന്മാരെക്കൊണ്ട് പറയിക്കുക എന്നത് അവരുടെ ഒരു ശീലമായ് മാറിയിരുന്നു.


അടിമാലിയിലും ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പഴയ ഷെഡ് ഇരുന്ന ഭാഗത്ത് ഒരു ചായക്കടയും കൂടുതല്‍ അകലെയല്ലാതെ ചില വീടുകളും കാണാം. പഴയ സ്വരാജ് ബസു സര്‍വ്വീസ് നിറുത്തി. ഇപ്പോള്‍ സി.ടി. എസ്സ് എന്ന പേരില്‍ കുറച്ചുംകൂടി വലിപ്പമുള്ള ഒരു ബസാണ് കോതമംഗലത്തിനു പോകുന്നത്.


പത്തു വര്‍ഷത്തിനു ശേഷം ആദ്യമായ് മറിയം മലയിറങ്ങുകയാണ്. കടം കൊണ്ട് ദീപാളികുളിച്ച് ഇരുട്ടിലൂടെ മലമുകളിലേയ്ക്ക് കയറിയ കൊച്ചുപെണ്ണു മറിയമല്ലാ ഇപ്പോള്‍ തിരിച്ചിറങ്ങുന്നത്. സ്വപരിശ്രമത്താല്‍ ജീവിതത്തിനെ വരുതിയില്‍ നിറുത്തിയ പക്വതയുള്ള ഒരു സ്ത്രീയാണ്.


അടിമാലി വിട്ടു കുറച്ചുകഴിഞ്ഞതും ഇരുളുമൂടിയ വനമായ്. ഈ വനത്തിനുമാത്രം ഒരു മാറ്റവും വന്നിട്ടില്ല. കാട്ടുമൃഗങ്ങള്‍ ഇപ്പോളും ഇവിടെ സ്വൈരവിഹാരം നടത്തുന്നു. പഴയ ഇടുങ്ങിയ വഴിയും അങ്ങിനെതന്നെയുണ്ട്. വാളറക്കുത്തിലും ചീയപ്പാറക്കുത്തിലും ജലപാതം പഴയതുപോലെ ശക്തം.
നേര്യമംഗലത്തു ചെന്നപ്പോള്‍ പുതിയ പാലത്തിലൂടെയായിരുന്നു പെരിയാറുകടന്നത്. പള്ളിവാസല്‍ പവ്വര്‍ഹൗസും, മൂന്നാറിലും മാട്ടുപ്പെട്ടിയിലും അണക്കെട്ടും നിര്‍മ്മിച്ചതിന്റെ മുന്നോടിയായ് പണിതീര്‍ത്തതായിരുന്നു പുതിയ പാലം.

നേര്യമംഗലത്തു വെള്ളം കുടിക്കാനും വിശ്രമിക്കാനും അരമണിക്കൂറോളം താമസമെടുത്തിട്ട് സി.ടി.എസ്സ് യാത്രതുടര്‍ന്നു.

കോഴിപ്പിള്ളിക്കവലകടന്ന് പരിശുദ്ധ ബസേലിയൂസ് തിരുമേനിയുടെ കബറിടമായ ചെറുപള്ളിത്താഴെ വണ്ടിയെത്തി. അപകടമില്ലാതെ മലമുകളില്‍നിന്നും താഴെയിറക്കിതന്നതിന്റെ നന്ദിസൂചകമായ് യാത്രക്കാരെല്ലാം ചെറിയ നാണയങ്ങള്‍ ഭ്ണ്ഡാരത്തില്‍ വലിച്ചെറിഞ്ഞു. മറിയം ഒരു പിടി നാണയങ്ങളാണ് വാരിയെറിഞ്ഞത്. പഴയ കുടിശികയും ഒത്തിരി തന്നതിന്റെ നന്ദിയും ചേര്‍ത്ത്...


കാര്‍ത്ത്യാനിചേച്ചിയോട് യാത്രയും പറഞ്ഞ് മറിയം വഴിപിരിഞ്ഞു. കുര്യേപ്പുമുതലാളിയുടെ വീട് അന്യേഷിച്ച് കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. അക്കാലത്ത് കോതമംഗലത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായിരുന്നു കുര്യേപ്പുമുതലാളി.


മറിയവും പൈലോയും കടന്നുചെന്നപ്പോള്‍ പൂമുഖത്ത് ചാരുകസേരയില്‍ ചാരിക്കിടക്കുകയാണ് മുതലാളി. അടുത്ത് വന്നശേഷമാണ് മുതലാളിക്ക് ആളെമനസിലായത്. കസേരയില്‍നിന്നും ബദ്ധപ്പെട്ട് എഴുന്നേറ്റുമുതലാളി. ചിമ്മാരുമറിയത്തോട് കുര്യേപ്പുമുതലാളിക്ക് ഒരു ആരാധനകലര്‍ന്ന ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്.

"ടീ തെയ്യാമോ...താരാ വ്ന്നെക്കണെന്ന് നോക്ക്യേ..." മുതലാളി വിളിച്ചുപറഞ്ഞു. മുടിമുഴുവന്‍ പഞ്ഞിക്കുടം പോലെ നരച്ച ഒരു സ്ത്രീയായിരുന്നു മുതലാളിയുടെ ഭാര്യ. മറിയം ആദ്യമായാണു അവരെ കാണുന്നത്.


"ഇതാണ് ചിമ്മാരുമറിയം...നമ്മടെ തോട്ടത്തിലെ....ഞാന്‍ പറഞ്ഞിട്ടില്ലേ..." മുതലാളി പരിചയപ്പെടുത്തേണ്ട താമസം തെയ്യാമ്മ മുറ്റത്തിറങ്ങിവന്നു മറിയത്തെ കെട്ടിപ്പിടിച്ചു...

"അകത്തെയ്ക്ക് വാ..."

"യ്യോ വേണ്ട ഞങ്ങളിവിടെ നിന്നോളാം.."

"അതെന്താ ഞങ്ങളു മനുഷ്യരല്ലേ... മറിയാമ്മ ഇങ്ങുവന്നെ ഞാന്‍ നിന്നെയൊന്നുകാണാന്‍ എത്ര ആശിച്ചിരുന്നു എന്നറിയാമോ? " തെയ്യാമ പറഞ്ഞത് വെറും ഭംഗിവാക്കായിരുന്നില്ല.

കുര്യേപ്പുമുതലാളിയും കുടുമ്പവും പാവപ്പെട്ടവരോട് എന്നും കരുണയോടെയെ പെരുമാറിയിട്ടൊള്ളു. ഹൈറേഞ്ചിലെ ആദ്യകാല കുടിയെറ്റക്കാരില്‍ പലരും ആ കാരുണ്യത്തിന്റെ തണലില്‍ വളര്‍ന്നുകയറിയവരാണ്.

മുതലാളി തന്നെ അലട്ടുന്ന വാതരോഗത്തെപ്പറ്റിയും. മൂത്ത മകന്‍ കാട്ടില്‍ പണികഴിപ്പിക്കുന്ന ബംഗ്ലാവിനെപ്പറ്റിയും. പുതുതായ് ആയിരം ഏക്കര്‍ സ്ഥലത്തു കൃഷിചെയ്യാന്‍ പോകുന്ന തൈലപ്പുല്ലിനെക്കുറിച്ചും നിറയെ സംസാരിച്ചു.

കൊടുക്കാനുള്ളതില്‍ നിന്നും കുറച്ചേറെ സംഖ്യ ഇളവുചെയ്തുകൊടുത്തു മുതലാളി. ഉച്ചയൂണിന്റെ സമയം കഴിഞ്ഞിരുന്നെങ്കിലും ആഹാരം നിര്‍ബന്ധിച്ചു കഴിപ്പിച്ചിട്ടെ വീട്ടമ്മ അവരെ പോകാനനുവദിച്ചൊള്ളു.

യാത്രപറഞ്ഞിറങ്ങിയപ്പോള്‍ മുതലാളി എന്തോ ഓര്‍ത്തിട്ടെന്നപോലെ പൊട്ടിച്ചിരിച്ചു...
മറിയം പകച്ചുനിന്നുപോയതുകണ്ടു മുതലാളി ചോദിച്ചു...

" ഇപ്പോഴും കയറ്റവും ഇറക്കവും വടത്തിലൂടെ തന്നെയാണോ?.."

മറിയം നാണിച്ചു തലതാഴ്ത്തി നിന്നുപോയ്..... ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം.കോതമംഗലം വരെ വന്ന സ്ഥിതിക്ക് കുറവിലങ്ങാട്ടുവരെ പോകാന്‍ മറിയം തീരുമാനിച്ചു. തന്റെ കൂടപ്പിറപ്പുകളെ കാണാനുള്ള മോഹം മറിയത്തിനുള്ളില്‍ തലപൊക്കിതുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായിരുന്നു. തന്റെ ദുരിതകാലത്ത് തന്നെ തള്ളിക്കളഞ്ഞ ആങ്ങളമാരോടുള്ള വാശിയും വൈരാഗ്യവും കാലം അവളില്‍ നിന്നും മായിച്ചുകളഞ്ഞിരുന്നു.

"നിന്റെ ആങ്ങളമാരുടെയടുത്തേയ്ക്ക് എന്റെ പട്ടിപോകും..." എന്ന് പൈലോ പറഞ്ഞില്ല...

അയാള്‍ അങ്ങിനെയെങ്ങാനും ഒന്നു പറഞ്ഞ് തിരിച്ചുപോയിരുന്നെങ്കില്‍ മറിയം അനുസരണയോടെയും സന്തോഷത്തോടെയും അയാളുടെ പിന്നാലെ പോയേനെ. അങ്ങിനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ അന്നു കോതമംഗലത്താകാശത്തൂടെ കാക്കകള്‍ മലര്‍ന്നു പറന്നും പോയേനെ!!

അങ്ങിനെ ഒന്നും സംഭവിച്ചില്ല...

മറിയവും പൈലോയും കുറവിലങ്ങാട്ടെത്തിയപ്പോള്‍ നേരം രാത്രിയായിരുന്നു. കവലയില്‍ നിന്നും ഏറ്റവും അടുത്തുള്ള വെല്യാങ്ങളയുടെ വീട്ടിലേയ്ക്ക് ചെന്നെത്താന്‍ പാടമിറങ്ങിക്കടക്കേണം. പാടമിറങ്ങിക്കടന്നുപോകാന്‍ വെളിച്ചം കൂടാതെവയ്യ.

പരിസരത്തുള്ള ഒരു വീട്ടിലും വെളിച്ചമുണ്ടായിരുന്നില്ല... കുട്ടികളുടെ കരച്ചിലും, മുതിര്‍ന്നവരുടെ പ്രാക്കും വിളിയും പലവീടുകളില്‍നിന്നും കേള്‍ക്കാമായിരുന്നു.

മറിയം അമ്മയുടെ അകന്ന ബന്ധത്തില്പെട്ട കപ്യാരു കുഞ്ഞവിരയുടെ വീടിനോളം തപ്പിതടഞ്ഞെത്തി. ആ വീടും ഇരുളിലായിരുന്നു. അവിടാര്‍ക്കും തന്നെ മറിയത്തെ മനസിലായതുകൂടിയില്ല. വര്‍ഷമെത്രകഴിഞ്ഞിരിക്കുന്നു അവള്‍ ആ നാടുവിട്ടിട്ട്, വെളിച്ചമുണ്ടെങ്കില്‍കൂടി മനസിലാകാത്തവിധം അവള്‍ മാറിപ്പോയിരുന്നു.


ചൂട്ടുകറ്റകളില്‍ ഏറ്റവും മോശമായ വയ്കോല്‍ ചൂട്ടാണ് അവിടെനിന്നും തരപ്പെട്ടത്. ഒരു പ്രകാരത്തില്‍ പാട മിറങ്ങിക്കടന്നു. വഴിതെറ്റിയില്ല പടിക്കലെത്തിയപ്പോഴെ വീടിന്റെ ഉമ്മറത്തുനിന്നും ചോദ്യമുയര്‍ന്നു...

"ആരാദ് ..."

വല്യാങ്ങളയുടെ ശബ്ദത്തിനു ഒരു മാറ്റവുമില്ല. പള്ളിമണിയുടെ മുഴക്കവും, ചിമ്മാരുതാഴത്ത് ഔസേപ്പിന്റെ ശബ്ദവും ഒരുപോലയെന്നായിരുന്നു ഒരു കാലത്ത് നാട്ടിലെ ആളുകള്‍ പറഞ്ഞു നടന്നിരുന്നത്. ഞായറാഴ്ചകളില്‍ സുറിയാനി കുര്‍ബാനകള്‍ക്ക് അര്ത്ഥമറിയാതെ അലറിപ്പാടിയിരുന്നത് ഔസേപ്പായിരുന്നു.

ശബ്ദം ക്ഷയിച്ചില്ലെങ്കിലും തന്റെ മൂത്താങ്ങള പത്തുവര്‍ഷംകൊണ്ട് പടുവൃദ്ധനായ് മാറിയെന്ന് അരണ്ടവെളിച്ചത്തിലും മറിയം തിരിച്ചറിഞ്ഞു.

വീടിന്റെ കോലായെല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായ് കഴിയുന്ന ആ ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലൊന്നായിരുന്നു അതും.

"നീപോയതിനു ശേഷം കഷ്ടകാലമായിരുന്നു മറിയാമെ...ശാപം കിട്ടിയതുപോലെ എല്ലാം നശിച്ചു..." വിശേഷങ്ങള്‍ പറഞ്ഞുവന്നപ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു...

"കുടിക്കാന്‍ വല്ലതും...." നാത്തൂന്റെ വക ഉപചാരം...

ചോദിച്ചതല്ലാതെ ഒന്നും കിട്ടിയില്ല ...കൊടുക്കാന്മാത്രം അവിടെ ഒന്നും ഉണ്ടായിരുന്നില്ല.

"ഇക്കൊല്ലം കൃഷി പിഴച്ചു. പിന്നെ യുദ്ധവുംകൂടി ആയപ്പോള്‍ ഒന്നും കിട്ടാനില്ലാതെയായ്..." ഔസേപ്പ് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു..

രണ്ടാം ലോക മഹായദ്ധകാലമായിരുന്നു.നാട്ടില്‍ മുഴുവന്‍ ഷാമം,
ആഹാരത്തിനു വകയില്ല, വീടുകളില്‍ വിളക്കെരിക്കാനുള്ള മണ്ണെണ്ണപോലും കിട്ടാനില്ല.

ഹിറ്റ്ലര്‍, റോം ബെര്‍ളിന്‍ ടോക്കിയോ അച്ചുത്ണ്ട്, സ്ഖ്യ കക്ഷികളുടെ പ്രതിരോധം... യാത്രയില്‍ പലയിടത്തും പലരും ഇതൊക്കെ ചര്‍ച്ചചെയ്യുന്നതു കേട്ടെങ്കിലും മറിയമതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആര്‍ ആര്‍ക്കുവേണ്ടി എവിടെ എന്തിനു യുദ്ധം ചെയ്യുന്നു?... മറിയത്തിനൊന്നും മനസിലായതുമില്ല. ഒന്നു മാത്രം മനസിലായ് തന്റെ വീടും വീട്ടുകാരും, നാടും നാട്ടുകാരും ദുരിതത്തിലാണ്.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. രാവിലെ മറിയം ഉണര്‍ന്നു പള്ളിയില്പോയി... അപ്പന്റെയും അമ്മയുടെയും കുഴിമാടത്തില്‍ പോയ് പ്രാര്‍ത്ഥിച്ചു. വിശുദ്ധ്കുര്‍ബാനയില്‍ പങ്കുകൊണ്ടു.

കുര്‍ബാനയ്ക്കു ശേഷം ആരോ വിളമ്പിയ നേര്‍ച്ച ചോറിനായ് പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ പട്ടികളെപ്പോലെ പള്ളിമുറ്റത്തു കടിപിടികൂടുന്നതു കണ്ടു.. അതില്‍ മറിയത്തിന്റെ വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നു.

വിങ്ങുന്ന ഹൃദയവുമായാണ് മറിയം ഹൈറേഞ്ചിലേക്ക് മടങ്ങിയത്. ആരോടും പറയാത്ത ചില കടുത്ത തീരുമാനങ്ങള്‍ മനസ്സിലുറപ്പിക്കുകയും ചെയ്തിരുന്നു. വലിയൊരു വിഭാഗം ജനതയുടെ പട്ടിണിയില്‍നിന്നുള്ള കരകയറ്റവും, ചിമ്മാരുമറിയത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റവും ആതീരുമാനങ്ങളുടെ അനന്തരഫലമായിരുന്നു.

(തുടരും)

12 comments:

(സുന്ദരന്‍) said...

രണ്ടാം ലോക മഹായുദ്ധവും അതിനോടനുബന്ധിച്ചുണ്ടായ ദാരിദ്ര്യവും ഹൈറേഞ്ചിലെക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച മൂന്നാമത്തെ ഘടകം..

ചിമ്മാരു മറിയം പതിമൂന്നാം ഭാഗം

കുതിരവട്ടന്‍ | kuthiravattan said...

സുന്ദരാ, പതിവുപോലെ നന്നായിട്ടുണ്ട്.

കുറുമാന്‍ said...

സുന്ദരാ......വൈകിയതിനു ക്ഷമീര്. ഞാന്‍ ഇന്നാ ഒന്നു ഫ്രീയായത്. ഇനി ഒന്നു മുതല്‍ വായിക്കട്ടെ......

വിശദമായി വായിച്ചതിനു ശേഷം കമന്റാം, അല്ലേല്‍ മെയില്‍ അയക്കാം.

ചുള്ളിക്കാലെ ബാബു said...

‘കുറച്ചുകഴിഞ്ഞപ്പോള്‍ അയാളുടെ കൂര്‍ക്കം വലി ഏറുമാടത്തില്‍ മുഴങ്ങി. പുറത്ത് പാതിരാ പക്ഷികള്‍ അതിനൊപ്പിച്ച് മൂളി...‘
എന്താ കഥ! അടുത്തതിന്ന് കാത്തിരിക്കുന്നു.

ശാലിനി said...

:)

വേണു venu said...

വായിക്കുന്നു. രസിക്കുന്നു.:)

ആവനാഴി said...

ഹൈ സുന്ദര്‍,

ചിമ്മാരു ഒന്നിനൊന്നു മെച്ചമായി വരുന്നു. ഒരു ചരിത്രം ചുരുളഴിയുന്ന പ്രതീതി. കുടികയറ്റക്കാര്‍, അവര്‍ ഇളക്കിമറിച്ച് പതപ്പെടുത്തുന്ന മണ്ണു, യുദ്ധക്കെടുതിയില്‍ നാടെങ്ങും പഞ്ഞമനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യര്‍, ഇടങ്ങഴി മുതിരകൊണ്ട് സ്വര്‍ണ്ണം വിളയിച്ച മറിയം,............

ഹാ, നല്ല പ്രതിപാദനം.

ചുരുക്കിപ്പറഞ്ഞാല്‍ ഈ സുന്ദരീയം ശൈലി വളരെ ഇഷ്ടപ്പെട്ടു.

അടുത്തത് വരട്ടെ.

സസ്നേഹം
ആവനാഴി

G.manu said...

സുന്ദരാ.......ശരിക്കും ഇതൊരു നോവല്‍ പോലെ (രണ്ടര്‍ഥത്തിലും)... ഒരു ചരിതം പോലെ.. കൊടുകൈ

sandoz said...

സുന്ദരാ...
വിട്ട് പോയ ഭാഗങള്‍ ദാ ഇപ്പോള്‍ വായിച്ച് തീര്‍ത്തു....
റോമാക്കഴ്ചയിലെ തെങും കള്ളും റോമന്‍ വീഞ്ഞും മിക്സ് ചെയ്ത കഥയും വായിച്ചു...

അപാര റേഞ്ചാണ് നിനക്ക്.....

ശരിക്കും ചരിത്രം തന്നെയാണ് മനോഹരമായ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഭാഷയില്‍ നീ എഴുതുന്നത്....

ഭാഷ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഒഴുകണം...
അതില്‍ നീ വിജയിച്ചിരിക്കുന്നു...

Jishad said...

ക്‍ളാസ്സിക്ക്, അതില്‍ കുറഞ്ഞ ഒന്നും പറയാന്‍ പറ്റില്ല.

(സുന്ദരന്‍) said...

ഹലോ ...ഹലോ...
മറുമൊഴി ടെസ്റ്റിംഗ്... പ്ലീസ്... മറുമൊഴി ടെസ്റ്റിംഗ്...പ്ലീസ്...

സതീശ് മാക്കോത്ത് | sathees makkoth said...

ചുന്ദരാ,കുത്തിയിരുന്ന് വായിച്ചിട്ട് കുറ്റങ്ങളൊന്നും കണ്ട് പിടിക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു വിമ്മിട്ടം.അതുകൊണ്ട് പറയുകയാ ചെറിയ അക്ഷരപിശാകുക്കളിടയ്ക്കുണ്ട്.
ഓ...സമാധാനമായി.