Friday, 1 June, 2007

ചിമ്മാരുമറിയം - 11

ജെ.സി.ബിയെക്കുറിച്ചു പ്രവചനം (ചിമ്മാരുമറിയം -11)

നേരം പുലര്‍ന്നതും മഴതുടങ്ങിയിരുന്നു.

മൂന്നാറിലെ മലമടക്കുകളിലെ സ്തിരതാമസക്കാരനാണ് കോടമഞ്ഞ്, കാറ്റിന്റെ കൈപിടിച്ച് തേയില തോട്ടങ്ങളിലൂടെ കോടമഞ്ഞ് സവാരി നടത്തുന്നതു കാണുന്നതു തന്നെ കണ്ണിനു കുളിര്‍മയാണ്. എന്നാല്‍ മഴമേഘങ്ങളാകട്ടെ ക്ഷണിക്കപ്പെടാത്ത അഥിതികളും. കറുത്ത മുഖവുമായ് മലമുകളില്‍ വന്ന് നില്‍ക്കും, പിന്നെ നേരവും കാലവും നോക്കാതെ കോരിച്ചൊരിയും. മഴ നനഞ്ഞു കുതിര്‍ന്ന് കാറ്റ് തലങ്ങും വിലങ്ങും തണുപ്പുമായ് ഓട്ടം തുടങ്ങുമ്പോള്‍ ആളുകളെല്ലാം വാതിലടച്ച് വീടിനുള്ളില്‍ ത്തന്നെ കൂടും.

എസ്റ്റേറ്റ് ബംഗ്ലാവിന്റെ ചില്ലുജാലകത്തിലൂടെ ഇരുട്ടടച്ചുപെയ്യുന്ന മഴയെ നോക്കി ശാപവാക്കുകള്‍ പറഞ്ഞിട്ട് സായിപ്പ് പൈപ്പ് ആഞ്ഞുവലിച്ച് ഓഫീസ്മുറിയില്‍ കുത്തിയിരുന്ന് ഒരു കാര്യവുമില്ലാതെ ഫയലുകള്‍ മറിക്കും. തോട്ടം തൊഴിലാളികള്‍ ഒരു ദിവസത്തെ പണിനഷ്ടമായതില്‍ ദുഖിതരെങ്കിലും കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി അടുത്ത ജന്മത്തിലെങ്കിലും സായിപ്പായ് ജനിക്കുന്നതിനേപറ്റി കിനാവുകണ്ട് മയങ്ങും.

മഴയുള്ള ദിവസം കടയില്‍ പോകാന്‍ ആസ്യത്താത്തയ്ക്കും മടിയാണ്. വീടിനുള്ളില്‍ നെരിപ്പോടും വച്ച് ചൂടും കൊണ്ടിരിക്കണത് ഉമ്മായ്ക്ക് വല്യ ഇഷ്ടമാണ്.

"ഉമ്മാ... യ്ക്ക് കപ്പലണ്ടി ബറുത്ത് താ മ്മാ" റഹീം ഉമ്മായുടെ അടുത്ത് വന്ന് ചിണുങ്ങാന്‍ തുടങ്ങി...

"ജ്ജ് പോണണ്ടാബിടന്ന്..." ആസ്യത്താത്ത മകന്റെ നേരെ കൈയോങ്ങി.

ബാപ്പായുടെ സ്നേഹവും ഉമ്മായുടെ സ്നേഹവും താന്‍ തന്നെ കൊടുക്കണമല്ലോ എന്ന വിചാരത്തില്‍ റഹീമിന്റെ എല്ലാ ആഗ്രഹങ്ങളും ആദ്യം എതിരു പറഞ്ഞിട്ടാണെങ്കിലും സാധിച്ചു കൊടുക്കുന്നതില്‍ ആസ്യത്താത്തായ്ക്ക് മടിയില്ലായിരുന്നു. വറചട്ടിയില്‍ തൊണ്ടോടുകൂടിയ നിലക്കടല വറുത്തെടുത്ത് ഉമ്മ എല്ലാവര്‍ക്കും പങ്കുവച്ചു.

പുറത്ത് അപ്പോഴും മഴ തകര്‍ത്തുപെയ്യുകയാണ്. തണുത്ത പ്രഭാതത്തില്‍ വറുത്ത കടലയും കൊറിച്ച് നെരിപ്പോടിനോട് ചേര്‍ന്നിരുന്നപ്പോള്‍ ചിമ്മാരുമറിയം ജീവിതത്തിന്റെ എല്ലാ ആവലാതികളും തല്‍കാലത്തേയ്ക്കെങ്കിലും മറക്കുകയായിരുന്നു. കുടിയേറ്റ കഥകളുടെ പുതിയ ഏടുകള്‍ തുറന്ന് ഉമ്മായും അടുത്തിരുന്നു.


ചൈനയിലെ ചായക്ക് ടേസ്റ്റ്പോരാ! എന്നും പറഞ്ഞാണ് സായിപ്പ് അവിടെ നട്ടുവളര്‍ത്തിയ തോട്ടം ഉപേക്ഷിച്ച് ഇന്ത്യയിലോട്ട് ചാടിയത്...എന്നാല്‍ ചൈനാക്കാരനു സായിപ്പിന്റെ ടേസ്റ്റ് പിടിക്കാഞ്ഞിട്ട് അവിടെനിന്നും ഓടിച്ചതാണെന്ന് അവര്‍ പറയുന്നു.

സത്യം എന്തായാലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗാളിലെ കുന്നുകളില്‍ നിന്നും കടല്‍കടന്നെത്തിയ ഇന്ത്യന്‍ തേയ്‌ല സായിപ്പിന്റെ ലേലപ്പുരകളില്‍ തരംഗമായ്. ഇന്ത്യന്‍ ടീ... ഇന്ത്യന്‍ ടീ... എന്നുചോദിച്ചു വരുന്ന ആവശ്യക്കാരുടെ നിര ഇന്ത്യന്‍ ടൈ പോലെ ലേലപ്പുരയും നിറഞ്ഞ് പുറത്തേയ്ക്ക് നീണ്ടുകിടന്നു.

തൊണ്ണൂറുകളുടെ ആരംഭത്തില് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡക്ടസിന്റെ പുതിയ തേയ്‌ല ലണ്ടനില്‍ എത്തിയപ്പോള്‍ ഒരു കൊടുങ്കാറ്റുതന്നെയാണുണര്‍ന്നത്. ചായ രുചിച്ച് ക്വാളിറ്റി നിശ്ചയിക്കുന്ന മച്ചമ്പിമാരു ഈ ചായ രുചിച്ചിട്ട് ദിവസങ്ങളോളം വായും പിളര്‍ന്നിരുന്നു എന്ന് ചരിത്രം.

കണ്ണന്‍ ദേവന്‍ ചായയുടെ ടേസ്റ്റ് മെഷേസ് ഫിന്‍ലെ മുയര്‍ കമ്പനിക്ക് വല്ലാതങ്ങുപിടിച്ചതോടെയാണ് മൂന്നാറിന്റെ മുഖഛായ മാറിയത്. നോര്‍ത്ത് തിരുവിതാംകൂര്‍ പ്ലാന്റേഴ്സ് അസ്സോസിയേഷന്റെ മൂന്നാറിലുണ്ടായിരുന്ന തോട്ടങ്ങള്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ മുയര്‍ കമ്പനി ഏറ്റെടുത്തതോടെ കച്ചവടത്തിന്റെ കണ്ണുകള്‍ മലകളില്‍ പതിഞ്ഞു.

ഭാര്യമരിച്ച ദുഖത്തില്‍ ശോകഗാനം പാടി നടന്നിരുന്ന ഹെണ്ട്രി നൈറ്റാണ് മൂന്നാറില്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജരായത്. കാടും മേടും വെട്ടിത്തെളിച്ച് തോട്ടം വിസ്തൃതമാക്കാന്‍ നല്ല ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള ഒരാളെ നിയമിക്കാനുള്ള കമ്പനിയുടെ അന്വേഷണം ചെന്നവസാനിച്ചത് സിലോണില്‍ കിടക്കുന്ന മാര്‍ട്ടിന്‍ ടോബിയിലാണ്. ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള ക്ഷണം സ്വീകരിക്കാന്‍ ടോബിക്ക് സന്തോഷമേയുണ്ടായിരുന്നൊള്ളു പക്ഷേ സുലൈമാന്‍ മരയ്ക്കാരെ തന്റെ സഹായത്തിനു കൂടെ ചേര്‍ത്തുകൊടുക്കണം എന്ന ഒരു നിബന്ധന അയാള്‍ കമ്പനി മേലാളന്മാരുടെ മുമ്പില്‍ വച്ചു.

"നിക്കാഹ് കയിഞ്ഞിട്ട് മൂന്നുദെബസം‌പോലും കയ്യണേനു മുമ്പാണ് വല്യശായിപ്പ് കാറിമ്മെ ഞമ്മടെ ബീട്ടിബന്നത്... ഇക്കാനേം കൈയ്യോടെ കൂട്ടി ശായിപ്പ് അന്നുതന്നെ ഈ മലേയ്ക്ക് പോന്ന്.... പിന്നെ എത്ര നാളുകയിഞ്ഞാണ് പഹയമ്മാര് നമ്മടെ ഇക്കാനെ നാട്ടിലോട്ട് ബിടനത്...... അപ്പോയേക്കും പുയ്യാപ്ല പയേമാപ്ലേയായി പോയില്ലേ മറിയാമോ!! "

സുലൈമാന്‍ മരയ്ക്കാരെ കൊണ്ടുവരാന്‍ മട്ടാഞ്ചേരിയില്‍ സായിപ്പ് നേരിട്ട് ചെന്ന കാര്യം ആസ്യത്താത്താ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

കോതമംഗലത്തുനിന്ന് കുട്ടന്‍പുഴകടന്ന് മാംങ്കുളം കാട്ടിലൂടെ - സായിപ്പു പണിതീര്‍ത്ത വഴിയിലൂടെ സായിപ്പിന്റെ കാറില്‍- സായിപ്പിനോടൊപ്പം രാജകീയമായാണ് സുലൈമാന്‍ മരയ്ക്കാര്‍ മൂന്നാറില്‍ വന്നിറങ്ങുന്നത്. മാര്‍ട്ടിന്‍ ടോബിയാകട്ടേ സിലോണില്‍നിന്നും ഒരു ഉരുവില്‍ കഷ്ടപ്പെട്ട് രാമേശ്വരം മധുരൈ ബോഡി നായ്കന്നൂര്‍ വന്ന് അവിടെനിന്നും കാട്ടുവഴിയിലൂടെ കുന്നുകയറി അവശനായ് മൂന്നാറില്‍ വന്നിറങ്ങുന്നു. സുലൈമാനും ടോബിയും മൂന്നാറില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഒന്നരമണിക്കൂറോളം കെട്ടിപ്പിടിച്ചു നിന്നു എന്ന് ചില പഴമക്കാര്‍ സാഷ്യപ്പെടുത്തുന്നു.

സുലൈമാന്‍ മരയ്ക്കാര്‍ തന്റെ കുട്ടിയേയും നവ വധുവിനേയും തല്‍കാലത്തെയ്ക്ക് മറന്ന ദിവസങ്ങളായിരുന്നു പിന്നീട്; മാര്‍ട്ടിന്‍ ടോബിയാകട്ടേ വിവാഹമേ വേണ്ടെന്നുവച്ച് തേയ്‌ലത്തോട്ടങ്ങളെ പുണര്‍ന്നു. അവസാനം രണ്ടുപേരും മൂന്നാറിന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു.

മൂന്നാര്‍ മലകളില്‍ ഒരു പടയോട്ടം തന്നെയാണു രണ്ടാളും കൂടി നടത്തിയത്. പുതിയ ഏസ്റ്റേറ്റുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ പതിനായിരക്കണക്കിനു പണിക്കാരെയായിരുന്നു ആവശ്യമായ് വന്നത്. ഹൈറേഞ്ചിലേയ്ക്ക് കുടിയേറ്റം അങ്ങിനെയാണ് ആരംഭിക്കുന്നത്. മലയാളത്താന്മാരെക്കൊണ്ട് തോട്ടമുണ്ടാക്കിച്ചാല്‍ ഈ ജന്മത്തില്‍ പണി തീര്‍ത്തെടുക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ് വളരെപ്പെട്ടന്ന് ടോബി സായിപ്പിനുണ്ടായ്. സുലൈമാനെയും കൂട്ടി നേരെ ബോഡി നായ്ക്കന്നൂരു ചെന്ന് ഫിന്‍ലെ കമ്പനിയുടെ പേരില്‍ മൂന്നാറിലേയ്ക്ക് മാത്രമായ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഓഫീസ് തുറന്നു. അങ്ങിനെയാണ് മൂന്നാറിലേയ്ക്ക് തമിഴന്മാരൊഴുകി കയറിയത്.

ഏക്കറുകളില്‍നിന്നും ഏക്കറുകളിലേയ്ക്ക് തേയിലയുടെ പച്ചപ്പ് വ്യാപിച്ചപ്പോള്‍ മണ്ണിലേയ്ക്ക് വെളിച്ചം കടക്കാനനുവദിക്കാതെ അഹങ്കാരത്തോടെ തല ഉയര്‍ത്തിനിന്നിരുന്ന വൃക്ഷങ്ങള്‍ ഒരിക്കലും തിരിച്ചുവരാനാവാതെ എങ്ങോട്ടെന്നില്ലാതെ മറയുകയായിരുന്നു.

എസ്റ്റേറ്റുകളിലെ ഉയര്‍ന്ന ജോലികളില്‍ നിയമിതരായ് സായിപ്പുമാര്‍ കടല്‍കടന്നെത്തി, കൂടെ മദാമ്മ പിന്നെ സായിപ്പിന്‍ കുഞ്ഞുങ്ങള്‍. കപ്പലുകളില്‍ അവരുടെ സുഖ ജീവിതത്തിനു വേണ്ടുന്ന സൗകര്യങ്ങള്‍ മലമുകളില്‍ ഒരുക്കാനുള്ള അന്‍സാരികളും വന്നെത്തിക്കൊണ്ടിരുന്നു. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കിടയിലാണ് കൊടും കാട് പട്ടണമായ് മാറിയത്.

സായിപ്പിനു സവാരിക്കായ് നല്ലയിനം കുതിരകള്‍ അവയ്ക്ക് മത്സരിച്ചോടാന്‍ ഗ്രൗണ്ട്, സായംകാലത്തും ഒഴിവു ദിനങ്ങളിലും ഒത്തുകൂടാനുള്ള ക്ലബ്, കുട്ടികള്‍ക്കു പഠിക്കാനുള്ള സ്കൂള്, ആര്‍ഭാടത്തിനു കുറവില്ലാത്ത ബംഗ്ലാവുകള് ...

ഫാക്ടറിയുടെയും ബംഗ്ലാവിന്റേയും ആവശ്യങ്ങളെ ലക്ഷ്യമാക്കി ഒരു ഹൈഡ്രോ ഇലട്രിക് പവ്വര്‍ ജനറേറ്റര്‍ ആദ്യ വര്‍ഷങ്ങളില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഫാക്ടറികള്‍ വന്‍തോതില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തേയില കുന്നുകൂടി. ചരക്കുകളുടെ സുഖമമായ നീക്കത്തിനുവേണ്ടിയായിരുന്നു മൂന്നാര്‍ കുണ്ടള റയില്‍വേയും റോപ് വേയും ആരംഭിച്ചത്.

സുഖലോലുപതയില്‍ മലമുകളിലെ നഗരം മുങ്ങിയപ്പോഴാണ് മൂന്നാര്‍ ക്രൈസ്റ്റ് ദേവാലയത്തിലെ കൊച്ചച്ചന്‍ വില്യം ഫ്രാങ്ക്ലിന്‍ ചില സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സ്വപ്നത്തില്‍ അച്ചനു പ്രത്യക്ഷപ്പെട്ട ദൈവം ആദ്യം ഉപമകള്‍ കൂടാതെ തുറന്നുതന്നെ കാര്യങ്ങള്‍ പറഞ്ഞു.

"ഫ്രാങ്ക്ലിന്‍ ...ഫ്രാങ്ക്ലിന്‍... ഈ ജനത്തിന്റെ പാപങ്ങള്‍ എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. ഇവരുടെ ലാഭക്കൊതിക്കും സുഖതൃഷ്ണയ്ക്കും ഞാന്‍ ശിക്ഷ വിധിക്കാന്‍ പോവുകയാണ്. ഇവിടെനിന്നും നാമാവിശേഷമാക്കിയ കാടിന്റെ കണ്ണീര് ഞാന്‍ കാണുന്നു...ആ കാടുപേക്ഷിച്ച് പലായനംചെയ്ത കാട്ടുരാജാവിന്റെ കണ്ണീര് ഞാന്‍ കാണുന്നു... അവിടുത്തെ പ്രജകളായിരുന്ന മുതുവാന്മാരുടെയും മന്നാന്മാരുടെയും കണ്ണീരു ഞാന്‍ കാണുന്നു... കാട്ടു മൃഗങ്ങളുടെ കണ്ണുനീരു ഞാന്‍ കാണുന്നു... ഒരു ജലപ്രളയത്താല്‍ ഞാനിവരെ നശിപ്പിക്കാന്‍ പോവുകയാണ്. "

സ്വപനത്തില്‍നിന്നും ഉണര്‍ന്ന ഫ്രാങ്ക്ലിനച്ചന്‍ തനിക്കുണ്ടായ ദര്‍ശനത്തെക്കുറിച്ച് പറയാന്‍ പാതിരാത്രിയില്‍തന്നെ വല്യച്ചനെ അന്യേഷിച്ചു... കണ്ടില്ല, വല്യച്ചന്‍ നിശാക്ലബില്‍ ആയിരുന്നിരിക്കണം.

പിറ്റേന്നുമുതല്‍ പലരോടും ഇക്കാര്യം പറഞ്ഞെങ്കിലും ആരും ഫ്രാങ്ക്ലിനച്ചനു ചെവികൊടുത്തില്ല. പഴയ നിയമ പുസ്തകത്തിലെ നോഹിന്റെ കാലത്തെ ജലപ്രളയത്തിനെക്കുറിച്ച് പലയാവര്‍ത്തി അച്ചന്‍ വായിച്ചു. നോഹുമായ് ദൈവം ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഇനിയൊരിക്കലും ജലപ്രളയത്താല്‍ ഞാന്‍ ഭൂമുഖത്തെ ജനങ്ങളെ മുഴുവനും നശിപ്പിക്കില്ല എന്ന ഭാഗം ചെമപ്പുമഷിയാല്‍ അടിവരയിട്ട് വേദപുസ്തകം തുറന്നുവച്ചു... ദൈവത്തിനു കാണാന്‍. അന്നത്തെ ഉടമ്പടിയുടെ ഒപ്പായിരുന്ന മഴവില്ല് മൂന്നാര്‍ മലകളില്‍ വിരിയുന്നുണ്ടോ എന്നുനോക്കി കൊച്ചച്ചന്‍ ഒഴിവു സമയങ്ങളില്‍ അലഞ്ഞുതിരിഞ്ഞു.... മഴവില്ല് കണ്ടാലെ ദൈവത്തിനു പഴയ ഉടമ്പടി ഓര്‍മ്മവരു എന്ന് നിഷ്കളങ്കനായ ആ പാതിരി ചിന്തിച്ചുപോയ്.


ഒരു മാറ്റവുമില്ലാതെ ഏതാനും വര്‍ഷങ്ങള്‍കൂടി കടന്നുപോയ്. ഫ്രാങ്ക്ലിനച്ചന്റെ സ്വപ്നത്തെപ്പറ്റി അച്ചന്‍പോലും മറന്നുപോയിരിക്കെ ഒരു ദിവസം നിനച്ചിരിക്കാതെ മഴതുടങ്ങി. അതിനിവേശത്തിന്റെ അതിക്രമങ്ങള്‍ക്ക് മേല്‍ പ്രപഞ്ചത്തിന്റെ പ്രതികാരം നിലയ്ക്കാത്ത മഴയായ്. അപരാതികളും നിരപരാതികളുമടക്കം കുറെയേറെപ്പേരുടെ ജീവന്‍ നഷ്ടമായ്... സായിപ്പിന്റെ അഭിമാന സ്മാരകങ്ങളായിരുന്ന റയില്‍വേയും റോപ് വേയും പിന്നീടൊരിക്കലും പുനസ്താപിക്കാനാവാത്തവണ്ണം കുത്തിയൊലിച്ചുപോയ്. ബോസ്റ്റണ്‍ ടീപാര്‍ട്ടിയിലും ഗംഭീരമായ് മൂന്നാര്‍ ടീപാര്‍ട്ടി നടന്നു. ടണ്‍കണക്കിനു തേയില മഴവെള്ളത്തില്‍ കലര്‍ന്ന് മലമുകളില്‍നിന്നും താഴേയ്ക്ക് ഒഴുകി. ഇടനാടിനെയും തീരദേശത്തെയും പോലും ചായയും ചോരയും കലര്‍ന്ന വെള്ളം വിഴുങ്ങിക്കളഞ്ഞു.

ഫ്രാങ്ക്ലിനച്ചന്‍ കര്‍ത്താവിന്റെ ക്രൂശിതരൂപത്തിനടുത്ത് മുട്ടിന്മേല്‍നിന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇടയെക്കെങ്ങോ അച്ചന്‍ മയങ്ങിപ്പോയപ്പോള്‍ വീണ്ടും സ്വപനത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. "ഫ്രാങ്ക്ലിന്‍ ഫ്രാങ്ക്ലിന്‍... ഇനി ഈ ജനതയെ ഞാന്‍ ഇങ്ങനെ ഒരു ജലപ്രളയത്താല്‍ ശിക്ഷിക്കില്ല. ഈ ഉടമ്പടിയുടെ അടയാളമായ് ഞാന്‍ എന്റെ വില്ല് ഈ മലയിടുക്കില്‍ സ്താപിക്കും... അത് കാണുമ്പോള്‍ ഞാന്‍ എന്റെ ഉടമ്പടിഓര്‍ക്കുകയും ഇതുപോലുള്ള ജലപ്രളയത്തെ തടയുകയുംചെയ്യും. പക്ഷേ ഒരു കാര്യം നീ ഈ ജനത്തിനോട് പറയുക. ഈ മലമുകളില്‍ ഇനിയും ഇതുപോലുള്ള കയ്യേറ്റങ്ങള്‍ ആവൃത്തിച്ചാല്‍ ഇവിടെ ചത്തൊടുങ്ങിയ ആനകള്‍ ഉരുക്കിന്റെ പേശികളും ഇരുമ്പിന്റെ കാലുകളുമായ് പുനര്‍ജനിച്ച് ഇവിടെല്ലാം ഇടിച്ചുനിരത്തും."

ഈ രണ്ടു പ്രവചനങ്ങളും എവിടെ എങ്ങിനെ നിറവേറിയെന്ന് ഫ്രാങ്ക്ലിനച്ചന്‍ അറിഞ്ഞിട്ടുണ്ടാകാന്‍ വഴിയില്ല കാരണം തൊട്ടടുത്ത വര്‍ഷത്തില്‍ ആ പാവത്താന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ടു.


(വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കിയില്‍ കുറവന്‍ മയയ്ക്കും കുറത്തിമലയ്ക്കും ഇടയില്‍ പണിതീര്‍ന്ന ആര്‍ച്ച് ഡാമിനെ ദൈവത്തിന്റെ വില്ലായ് കണക്കാക്കാം. ആ ഡാം വന്നതിനു ശേഷം പെരിയാറ്റില്‍ വെള്ളം പൊങ്ങുകയോ കേരളത്തിന്റെ ഇടനാട്ടിലും തീരദേശങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടാവുകയോ ചെയ്തിട്ടില്ല. ഉരുക്കിന്റെ പേശിയും ഇരുമ്പിന്റെ കാലുകളുമായ് പുനര്‍ജനിച്ച ആനകള്‍ ശ്രീ. അച്ചുതാനന്ദനും ജെ.സി.ബി.യും അല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല)

(അടുത്ത ലക്കത്തില്‍ സര്‍. സി.പിയും കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടവും)

5 comments:

(സുന്ദരന്‍) said...

ജെ.സി.ബിയെക്കുറിച്ചു പ്രവചനം (ചിമ്മാരുമറിയം -11)

പൊതുവാള് said...

സുന്ദരാ,
വളരെ വളരെ നന്നാവുന്നുണ്ട്.

താങ്കളുടെ രചനാശൈലി എന്നെ വളരെയേറെ ആകര്‍ഷിച്ചു.

ഒരു നോവല്‍ എന്നതിനപ്പുറം ചരിത്രവിശകലനം സാദ്ധ്യമാക്കുന്ന ഒരു കൃതിയായി മാറുന്നു താങ്കളുടേത്.
അഭിനന്ദനങ്ങള്‍..........

ആവനാഴി said...

ഹൈ സുന്ദര്‍,

വളരെ മനോഹരമായിരിക്കുന്നു ആ ദേശത്തിന്റെ കഥ.

“ഇന്ത്യന്‍ ടീ... ഇന്ത്യന്‍ ടീ... എന്നുചോദിച്ചു വരുന്ന ആവശ്യക്കാരുടെ നിര ഇന്ത്യന്‍ ടൈ പോലെ ലേലപ്പുരയും നിറഞ്ഞ് പുറത്തേയ്ക്ക് നീണ്ടുകിടന്നു ”

ഇതാണു കറ തീര്‍ന്ന ഹാസ്യം.

അടുത്തതിനായി കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി

G.manu said...

ഇന്ത്യന്‍ ടീ... ഇന്ത്യന്‍ ടീ... എന്നുചോദിച്ചു വരുന്ന ആവശ്യക്കാരുടെ നിര ഇന്ത്യന്‍ ടൈ പോലെ ലേലപ്പുരയും നിറഞ്ഞ് പുറത്തേയ്ക്ക് നീണ്ടുകിടന്നു.


Mega style mannaney...mega style...

ആഷ | Asha said...

ചായ രുചിച്ച് ക്വാളിറ്റി നിശ്ചയിക്കുന്ന മച്ചമ്പിമാരു ഈ ചായ രുചിച്ചിട്ട് ദിവസങ്ങളോളം വായും പിളര്‍ന്നിരുന്നു എന്ന് ചരിത്രം.

ഇതാ പറയണേ ചായ തിളച്ചപടി കുടിക്കരുതെന്നു അണ്ണാക്ക് പൊള്ളിയ എതു മച്ചമ്പിമാരും വായും പിളര്‍ന്നിരുന്നു പോവും ;)

ഈ ലക്കം വളരെ നന്നായിരുന്നു അടുത്ത ലക്കത്തിലേയ്ക്ക് പായുന്നു.

എന്നാലും സുന്ദരാ ആ ഇടുക്കി ഡാമും ജെ.സി.ബിയും...