Thursday, 17 May, 2007

ചിമ്മാരു മറിയം -9

എലയനോറയുടെ ശ‌വകുടീരം (ചിമ്മാരു മറിയം -9)

പിറ്റേന്നു രാവിലെതന്നെ ചിമ്മാരുമറിയത്തിനെയും പൈലോയെയും കൂട്ടി ആസ്യത്താത്ത മൂന്നാര്‍ ടൗണ്‍ കാണാനിറങ്ങി. അതി കഠിനമായ കുളിരില്‍ പല്ലുകള്‍ കൂട്ടയടിനടത്തിയപ്പോള്‍ പൈലോ കമ്പിളിപ്പുതപ്പിനകത്തെ പഴയ കാഴ്ചകളിലേയ്ക്ക് തിരിച്ചുപോയ്.

ആസ്യത്താത്തായുടെ കൈപിടിച്ച് മറിയം നടന്നു. പുറത്തു തൂക്കിയ വലിയ കൂടകളുമായ് കലപില പേശുന്ന തമിഴത്തികള്‍ കൊളുന്തുനുള്ളാന്‍ പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്.

" ജ്ജ് പത്തുബരിഷത്തിനു മുമ്പേയാണ് ബന്നിരുന്നെങ്കി ഉമ്മാ തീബണ്ടി കാട്ടിത്തരാര്ന്ന്... കയറിമ്മെതൂങ്ങി ഈ ദുനിയാവു മൊത്തം ചിറ്റണ ബണ്ടീം ഒണ്ടാര്‍ന്ന്... എല്ലാം ആ മയയത്ത് ഒലിച്ചുപോയില്ലെ ന്റെ ബദരീങ്ങളെ...."

ആസ്യത്താത്തയുടെ കണ്ണുകള്‍ നിറഞ്ഞു. ഫിന്‍ലെ കമ്പനിയുടെ കുണ്ടള റയില്‍‌വേയും, മൂന്നാര്‍ റോപ്‌വേയും മഴയത്തൊലിച്ചിട്ടാവില്ല ഉമ്മാ കരയുന്നത്... ആ മഴയില്‍തന്നെയാണ് അവരുടെ ഭര്‍ത്താവിന്റേതടക്കം മറ്റനേകം മനുഷ്യ ജീവിതങ്ങള്‍ മലവെള്ളപ്പാച്ചിലിന്‍ ഒലിച്ചത്.

കുന്നിന്‍ ചെരിവില്‍ കരിംകല്ലില്‍ പണിതുയര്‍ത്തിയ പടുകൂറ്റന് ദേവാലയം കണ്ടപ്പോള്‍ മറിയം മനസിലോര്‍ത്തു നാട്ടില്‍നിന്നും കാട്ടില്‍ കയറിയ ശേഷം ആദ്യമായാണ് ഒരു ദേവാലയം അടുത്തുകാണുന്നത്.

"ആ കാണണ പള്ളിപ്പറമ്പിലാണ് എലബനോറ മദാമ്മേടെ കബറ്... ആ കത കേട്ടാ മോളേ ഖ്ല്‍ബു നുറുങ്ങും.. "

കേരളത്തിന്റെ ടാജ്മഹല്‍ എന്ന് പില്‍കാലത്തറിയപ്പെടാന്‍ തുടങ്ങിയ വെള്ളക്കാരുടെ ദേവാലയത്തിനെയും ആ ദേവാലയനിര്‍മ്മാണത്തിനു കാരണമായ എലയനോറ നൈറ്റിന്റെ അകാല നിര്യാണത്തിന്റെയും കഥയുടെ ചെപ്പുകള്‍ തുറക്കുകയായിരുന്നു ആസ്യത്താത്ത.

" റഹീമിന്റെ ബാപ്പാ ഇബടെ ബന്നേനും ഒരു ബര്‍ഷം മുമ്പ് നടന്ന ശംങ്ങതിയാണ്.... ഇപ്പോരു പത്ത് മുപ്പത്തഞ്ച് ബരി‍ഷം കയിഞ്ഞിരിക്കണ്......" ഇളവെയിലും കൊണ്ട് തേയിലച്ചെടികള്‍ക്കടുത്ത് ഒരു പാറമേലിരുന്ന് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...


മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള... മൂന്നു പുഴകളൊഴുകുന്ന മൂന്നാര്‍ മലമുകളില്‍ കുളിരിനു പഞ്ഞമില്ലായിരുന്നു. അവിടെ ഒരു വേനല്‍ക്കാല വിശ്രമ സങ്കേതമൊരുക്കുക എന്ന് സായിപ്പ് ആഗ്രഹിച്ചില്ലെങ്കിലേ അതിശയമുള്ളു.

നോര്‍ത്ത് ട്രാവണ്‍കൂര്‍ ലാന്‍ഡ് പ്ലാന്റിഗ് ആന്‍ഡ് അഗ്രികള്‍ചര്‍ സൊസൈറ്റി എന്ന ഒരു കുടയുണ്ടാക്കി മിടുക്കന്മാരായ കുറേ സായിപ്പുമാര്‍ അതിനടിയില്‍ അണിനിരന്നത് തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് പത്തുചക്രം കീശയിലാക്കാനാണ്; എന്നാല്‍ പൂഞ്ഞാര്‍ രാജാവുമായ് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം കണ്ണന്‍ദേവന്‍ മല മൊത്തമായ് വിഴുങ്ങിയപ്പോള്‍ തോട്ടനിര്‍മ്മാണമായിരുന്നില്ല സായിപ്പിന്റെ പ്രധാന ലക്ഷ്യം.

സായിപ്പ് കണ്ണന്‍ദേവന്‍ മലമുകളില്‍ കാട് വെട്ടിത്തെളിച്ച് കാപ്പി നട്ടുനോക്കി, കശുമാവ് നട്ടു നോക്കി ഏലം നട്ടുനോക്കി ഒന്നും ശരിയായില്ല വെറും ലാഭം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ എപ്പോഴെ കളഞ്ഞിട്ട് പോയേനെ.... അവസാനം ഷാര്‍പ്പ് സായിപ്പ് മനോഹരമായ കൈകൊണ്ട് ഒരു തെയ്‌ലച്ചെടി കുഴിച്ചു വച്ചതുമുതല്‍ മൂന്നാറിന്റെ ചരിത്രം മാറുകയായിരുന്നു. അമ്പത് ഏക്കര്‍ കാട് വെട്ടിത്തെളിച്ച് നിറയെ തെയ്‌ലച്ചെടികള്‍ ഷാര്‍പ്പ് ഷാര്‍പ്പായ് നട്ടുവളര്‍ത്തി, പാര്‍വ്വതി എസ്റ്റേറ്റ് എന്ന് അതിനു പേരും കൊടുത്തു അതായിരുന്നു ഹൈറേഞ്ചിലെ ആദ്യത്തെ തേയിലത്തോട്ടം.

"ആ ബര്‍ശത്തിലാണ് മോളെ... കെണ്ടിറി സായിപ്പും മദാമ്മേം മലകേറി ഇബടെ ബരണത്..." ആസ്യത്താത്ത കഥ തുടര്‍ന്നു

മലകളില്‍നിന്നു താഴ്വരകളിലേയ്ക്കും താഴ്വരയില്‍നിന്ന് അടുത്ത മലകളിലേയ്ക്കും തോട്ടം വളര്‍ത്താനുള്ള ദൗത്യവുമായാണ് ഹെന്‍‌റി നൈറ്റ് എന്ന യുവ പ്ലാന്റ്റര്‍ ഭാര്യ എലയനോറയോടൊപ്പം മൂന്നാറിലെത്തുന്നത്.

വിവാഹം കഴിഞ്ഞിട്ട് പുതുമോടി മാറാത്ത സായിപ്പും മദാമ്മയും ഹണിമൂണ്‍ മൂഡിലാണ് മൂന്നാറില്‍ വന്നിറങ്ങുന്നതുതന്നെ.

വന്നദിവസം തന്നെ മൂന്നാറിന്റെ പ്രകൃതിസൗന്ദര്യം കണ്ട് മതിമറന്ന് ഹെന്‍‌റിയും എലയനോറയും മലഞ്ചെരിവിലൂടെ കൈകോര്‍ത്തു നടക്കുകയായിരുന്നു..

"ഡാര്‍ളിഗ്...ഞാനൊരു ആഗ്രഹം പറയട്ടേ?..." എലയനോറ ഹെന്‍‌റിയോട് ചോദിച്ചു.

"ഒന്നാക്കുന്നതെന്തിനു സ്വീറ്റ്ഹാര്‍ട്ട്..... ആഗ്രഹങ്ങള്‍ മുഴുവനും പോരട്ടെ..." പുതുമോടിയായതുകൊണ്ട് ഹെന്‍‌റി പിശുക്കൊന്നും കാണിച്ചില്ല...

"ഒരേയൊരാഗ്രഹം മാത്രം ഡിയര്‍....ഞാനിവിടെവച്ചു മരിച്ചാല്‍ എന്റെ ശരീരം ഈ മണ്ണില്‍ അടക്കം ചെയ്യണം... ഈ സുന്ദരമായ പ്രകൃതിയും മണ്ണും വിട്ട് എനിക്കെവിടെയും പോകേണ്ട..."

എലവനോറപറഞ്ഞത് ഹൃദയത്തില്‍ തട്ടിയായിരുന്നു.... മൂന്നാറിനെ ഇത്രയധികം സ്നേഹിച്ച മറ്റൊരാള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു!


അന്നു രാത്രിയില്‍ എലയനോറ അസുഖം ബാധിച്ച് കിടപ്പാകുന്നു... പിറ്റേന്ന് പാതിരായ്ക്ക് മരിക്കുന്നു രണ്ടുദിവസം തികച്ച് ആ സ്വപ്നഭൂമിയില്‍ കഴിയാന്‍ വിധി ആ യുവതിയെ അനുവദിച്ചില്ല.

തന്റെ പ്രാണപ്രേയസിയുടെ ചേതനയറ്റശരീരം, അവള്‍ എവിടെനിന്ന് തന്റെ ആഗ്രഹം വെളിപ്പെടുത്തിയോ അവിടെത്തന്നെ അടക്കം ചെയ്തു ഹെന്‍‌റി സായിപ്പ്. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്നോര്‍ത്തയാള്‍ വര്‍ഷങ്ങളോളം വിലപിച്ചു.


"മതാമ്മേന്റെ കബറടക്കം കയിഞ്ഞ് അഞ്ചാരു ബര്‍ശോംകൂടി കയിഞ്ഞാണ് കബറിനോട്ചേര്‍ന്ന് പള്ളിപണിയണത് ..... ഈ പുതിയ്പള്ളി ഇബട പണിതബര്‍ശത്തിലാണ് റഹീമിന്റെ ബാപ്പ ഞമ്മളെ ഇങ്ങോട്ട് കൊണ്ട്ബന്നത്.." പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനെന്ന മട്ടില്‍ ആസ്യത്താത്ത കുറേനേരം മൗനമായിരുന്നു...

"അന്ന് റഹീമിന്റെ ബാപ്പ ഞമ്മളോട് പറഞ്ഞതെന്താണന്ന് അനക്ക് കേക്കണാ.... ന്റെഹൂറി...ജ്ജ് ഈ മലേമ്മെനിന്ന് ഹറാമ്പിറന്ന മോഹങ്ള് മോഹിക്കല്ലെ...ഞമ്മക്കിവിടെ ഒരു താജുമഹാലൊണ്ടാക്കാനെക്കൊണ്ട് ശാതിക്കൂല..."

ആസ്യത്താത്ത മറിയത്തിന്റെ കണ്ണൂകളില്‍ നോക്കി എന്നിട്ട് തുടര്‍ന്നു.

"ന്നിട്ട് അബസാനം മതാമ്മേന്പ്പോലെ ....ന്റെ റഹീമിന്റെബാപ്പായും ഈ മണ്ണിലു............" പറഞ്ഞുതീര്‍ക്കാന്‍ ഉമ്മായ്ക്കായില്ല...

ഉള്ളിന്റെയുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ ചിമ്മരുമറിയത്തിനു തോന്നി.

അവള്‍ കണ്ണുകളുയര്‍ത്തി മലഞ്ചെരുവിലെ ദേവാലയത്തിലേക്ക് നോക്കി ...
അവിടെ അപ്പോള്‍ മണിമുഴങ്ങുന്നുണ്ടായിരുന്നു. ആ മണിനാദം നേര്‍ത്ത അലകളായ് മലകളില്‍തട്ടി തിരിച്ചുവരുന്നു... എലയനോറ നൈറ്റിന്റെ സംഗീതമായിരിക്കാമത്... സുലൈമാന്‍ മരയ്ക്കാരും മാര്‍ട്ടിന്‍ ടോബിയും അതിനോടൊപ്പം മൂളുന്നുമുണ്ടാവാം.(ഇനീം കഥകളുണ്ട്)

9 comments:

(സുന്ദരന്‍) said...

അവള്‍ കണ്ണുകളുയര്‍ത്തി മലഞ്ചെരുവിലെ ദേവാലയത്തിലേക്ക് നോക്കി ...
അവിടെ അപ്പോള്‍ മണിമുഴങ്ങുന്നുണ്ടായിരുന്നു. ആ മണിനാദം നേര്‍ത്ത അലകളായ് മലകളില്‍തട്ടി തിരിച്ചുവരുന്നു... എലയനോറ നൈറ്റിന്റെ സംഗീതമായിരിക്കാമത്... സുലൈമാന്‍ മരയ്ക്കാരും മാര്‍ട്ടിന്‍ ടോബിയും അതിനോടൊപ്പം മൂളുന്നുമുണ്ടാവാം.

SAJAN | സാജന്‍ said...

ഞാന്‍ ഏറ്റവും ആസ്വദിച്ച് വായിച്ചത് ചിമ്മാരു മറിയത്തിന്റെ ഈ അദ്ധ്യായം ആയിരുന്നു
സുന്ദര്‍ ! ബഹുത്ത് സുന്ദര്‍!!

കുതിരവട്ടന്‍ | kuthiravattan said...

തുടരൂ....

ഉത്സവം : Ulsavam said...

സുന്ദരോ,
ഇടയ്ക്കിടയ്ക്ക് ചരിത്രവും, പഴം കഥകളും പറഞ്ഞുള്ള എഴുത്ത് നന്നാവുന്നുണ്ട്. കഥകള്‍‍ ഇനിയും പോരട്ടെ...

ആവനാഴി said...

ഹൈ സുന്ദര്‍,

"ഡാര്‍ളിഗ്...ഞാനൊരു ആഗ്രഹം പറയട്ടേ?..." എലയനോറ ഹെന്‍‌റിയോട് ചോദിച്ചു.

"ഒന്നാക്കുന്നതെന്തിനു സ്വീറ്റ്ഹാര്‍ട്ട്..... ആഗ്രഹങ്ങള്‍ മുഴുവനും പോരട്ടെ..." പുതുമോടിയായതുകൊണ്ട് ഹെന്‍‌റി പിശുക്കൊന്നും കാണിച്ചില്ല...

ങും. നന്നായിരുക്കുന്നു സുന്ദര്‍.

കഥകളിലൂടെ ചുരുളുകളിലൂടെ മൂന്നാറിന്റെ ചരിത്രം തെളിഞ്ഞു വരുന്നു.

സസ്നേഹം
ആവനാഴി.

ആഷ | Asha said...

നന്നായിരിക്കുന്നൂട്ടോ
പഴം‌പുരാണം ഇനിയും പോരട്ടെ
നല്ല രസം വായിക്കാന്‍

ശാലിനി said...

എലയനോറയെ കുറിച്ച് വായിച്ചിട്ടുണ്ട്. അ സമയത്ത് ധാരാളം ആളുകള്‍ പകരുന്ന ആ പനിമൂലം അവിടെ മരിച്ചിട്ടുണ്ട്.

സുന്ദരാ, പോസ്റ്റുകള്‍ക്ക് നീളം കുറയുന്നല്ലോ? സമയകുറവാകും അല്ലേ. കഥകള്‍ തുടരട്ടെ.

സതീശ് മാക്കോത്ത് | sathees makkoth said...

കഥ തുടരട്ടെ സുന്ദരാ.
ബഹുകേമം

sandoz said...

സുന്ദരാ...എട്ടിനും ഒമ്പതിനും ചേര്‍ത്ത്‌ ഒറ്റ കമന്റ്‌.....
കൂടുതലൊന്നും പറയുന്നില്ലാ...എല്ലാം പറഞ്ഞ പോലെ.....