Friday, 11 May, 2007

ചിമ്മാരു മറിയം - 7

ഏറുമാടത്തിലെ രാത്രി (ചിമ്മാരു മറിയം - 7)

കൊടുംകാട് വൈകിയനേരം ആകെയുണ്ടായിരുന്ന പ്രതീക്ഷയും പൊലിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നറിയാതെ മറിയം പകച്ചുനിന്നു.

"ഇവരുനമ്മുടെ കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ നാട്ടുകാരാ... ഇവിടെ എന്തേലും പണികിട്ടുമോന്നറിയാന്‍ വന്നതാ..." സഹയാത്രക്കാരിലൊരുവന്‍ മറിയത്തിനുവേണ്ടി സംസാരിച്ചുതുടങ്ങി...

"കുഞ്ഞുവര്‍ക്കിക്കുപോലും ഇവിടെപണിയില്ല... മുതലാളി അവനെ കോതമംഗലത്തേയ്ക്ക് കൊണ്ടുപോയിട്ട് രണ്ടാഴ്ചകഴിഞ്ഞല്ലോ... ഈ സംഭവങ്ങളൊന്നും നിങ്ങളറിഞ്ഞില്ലെ. നിങ്ങളു റപ്പേലാശാന്റെ കൂടെ വന്നവരല്ലേ..." ബംഗ്ലാവിന്റെ പുതിയ സൂക്ഷിപ്പുകാരന്‍ പറഞ്ഞു.

"അതെയതെ... പക്ഷേ ഞങ്ങളിവിടെനിന്നും പോയിട്ട് അഞ്ചാറാഴ്ചകഴിഞ്ഞു... പണിയെളുപ്പം തീര്‍ക്കണമെന്ന് മുതലാളീപറഞ്ഞിട്ടാണ് ആശാന്‍ ഞങ്ങളെ തിരിയെ വിളിച്ചത്.. ... അപ്പോള്‍ ഈ അസമയത്ത് ഇവരിനി എവിടെപോകും... ഈ ഒരു രാത്രികഴിയാനിടംകൊടുക്ക്...നാളെ രാവിലെയാറ്റെ തിരിച്ചുപോട്ടെ.."

എവിടേയ്ക്ക് തിരിച്ചുപോകാന്‍ ...അങ്ങിനെ ഒരിടമുണ്ടായിരുന്നങ്കില്‍ ഇറങ്ങിപ്പോരേണ്ടതില്ലായിരുന്നല്ലോ... മറിയം മനസ്സിലോര്‍ത്തു.

"യ്യോ..എന്നെ വലയ്ക്കല്ലെ...ഞാന്‍ പ്രാരാപ്തക്കാരനാണേ... മുതലാളിയുടെ അനുവാദമില്ലാതെ ആരെയും ഇതിനകത്ത് കയറ്റാനൊക്കില്ല..." കൂടുതലൊന്നും പറയാന്‍നില്‍ക്കാതെ പുതിയ കാര്യസ്ഥന്‍ ബംഗ്ലാവിനുള്ളിലേയ്ക്കുവലിഞ്ഞു.

" ഇനിയെന്താചെയ്യണെ പെങ്ങളെ...ഈ സമയത്തിനി തിരിച്ചുപോകുന്നത് പന്തിയല്ലാ.."

................. മറിയം ഒന്നും പറഞ്ഞില്ല

" നിങ്ങളു ഞങ്ങടെകൂടെപ്പോരെ.... ബംഗ്ലാവൊന്നുമില്ലങ്കിലും തലചായ്ക്കാനൊരിടം ഞങ്ങള്‍ക്കുമുണ്ട്...ഒരു മുതലാളിയുടെയും അനുവാദോം ആവശ്യമില്ല..."

"അതെയതെ.... ഒരുമുതലാളീടെം ഒത്താശവേണ്ടാ ഞങ്ങളുടെവീട്ടില്‍ കയറാന്‍... അത്യാവശ്യം മരംകയറാന്‍ അറിഞ്ഞാല്‍ മാത്രംമതി..."

"മരം കയറുന്നകാര്യത്തില്‍ ഈ പെങ്ങള് നമ്മളേം കടത്തിവെട്ടും...കോതോംഗലത്തുവച്ച് അതെനിക്ക് ബോധ്യമായതാ..."

മറിയം ഒന്നും പറഞ്ഞില്ല.... അവരുടെ കൂടെ നടന്നു...

ഒരുവഴിഅടയുമ്പോള്‍ മറ്റൊന്നു തുറക്കുന്ന ദൈവസ്നേഹം പാവപ്പെട്ട പണിക്കാരിലൂടെ അവള്‍ അറിയുകയായിരുന്നു.

കാടിന്റെ നടുക്ക് വന്മരത്തിന്മേല്‍ റപ്പേലാശാനും അനുചരന്മാരും മുളവാരികൊണ്ടുതീര്‍ത്ത ഏറുമാടത്തിനരികെ അന്നത്തെ യാത്ര അവസാനിക്കുകയായ്.

റപ്പേലാശാന്‍ പേരുകേട്ട ഒരു ഈര്‍ച്ചക്കാരനാണ്. കുര്യേപ്പു മുതലാളി തോട്ടം വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ നല്ലമരങ്ങള്‍ അറുത്ത് ഉരുപ്പടികളാക്കി നാട്ടിലെത്തിക്കാനുള്ള ജോലി വേലുവാശാനെയാണ് ഏല്പ്പിച്ചത്. കാമരത്തിനുമുകളില്‍ ഈര്‍ച്ചവാളിനോടൊപ്പം കുനിഞ്ഞും നിവര്‍ന്നും പതിറ്റാണ്ടുകള്‍ പഴകിയമനുഷ്യന്‍...

ആശാന്‍ ഏറുമാടത്തിനുതാഴെ‍കൂട്ടിയ അടുപ്പിന്‍‌ചുവട്ടില്‍ ‍ഒരു ചോദ്യചിഹ്നം‌പോലെ വളഞ്ഞുകൂടിയിരുന്ന് അത്താഴത്തിനുള്ള വട്ടംകൂട്ടുന്ന നേരത്താണ് പണിക്കാരുടെ പുതിയ സംഘം വന്നെത്തുന്നത്.

" ങാ...നിങ്ങളുവന്നാ...വരണ്ടസമയം കഴിഞ്ഞല്ലാന്ന് ദേ...യിപ്പ നുമ്മ മനസ്സിലോര്‍ത്തതേയൊള്ളുകെട്ടാ... ഇതാരാണപ്പാ പുതിയാളുകളൊക്കെയുണ്ടല്ലാ.. " ആശാന്‍ ശിഷ്യമ്മാരെ കാത്തിരിക്കുകയായിരുന്നു.

നടന്നസംഭവങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ ആശാന്‍ മറിയത്തിനോടും പൗലോയോടുമായ് പറഞ്ഞു...

"നിങ്ങ പേടിക്കണ്ടകെട്ടാ... നിങ്ങ വന്നതീ ഞങ്ങക്ക് സന്തോഷമേയൊള്ള്..."

"നിങ്ങളോട് എങ്ങിനെ നന്ദിപറയണമെന്നെനിക്കറിയില്ല..." മറിയത്തിന്റെ കണ്ണുകള്‍നിറഞ്ഞു...

"ഇങ്ങാട്ട് നന്നിയൊന്നുംപറഞ്ഞേക്കല്ലെ മകാളെ.... വായിക്ക് രുചിയായിട്ടൊരു കൂട്ടാന്‍ വച്ചുതന്നാ അങ്ങാട്ട് നന്ദി എത്രവേണേലും നുമ്മ പറയാം .... പച്ചച്ചോറ് തിന്ന് മടുത്ത്..." റപ്പേലാശാന്‍ മറിയത്തിനോട് പറഞ്ഞു.

"അവമ്മരൊക്കെ എന്ത്യേ ആശാനെ....കുളിക്കാന്‍പോയതാണോ..."

"ങാ... കുളിക്കാന്‍ പോയേക്കണയാണ് ..... നിങ്ങ പറഞ്ഞ സാമാനങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടാ.. ആ പൊകലപ്പൊടി ഇങ്ങുതന്നേച്ച് ബാക്കിയെല്ലാം മോളിളൊട്ടെടുത്തോ.... ഞാനിത്തിരി ചൂടുവെള്ളമാക്കി മേലുകഴുകീട്ട് വരാ.."

ഇരുട്ടുന്നതിനു മുമ്പെ എല്ലാവരും ഏറുമാടത്തില്‍ കയറി. പൈലോ പ്രയാസം കൂടാതെ കയറുമോയെന്നകാര്യത്തില്‍ മറിയവും മറിയം പ്രയാസം കൂടാതെ കയറുമോയെന്ന കാര്യത്തില്‍ റപ്പേലാശാനും ആശങ്കാകുലരായിരുന്നു.

മരത്തിനുമുകളില്‍ ഒരു ചെറിയ കൊട്ടാരംതന്നെ ഒരുക്കിയിരിക്കുന്നു റപ്പേലാശാന്‍. പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരവും ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ മുളയും അത്യാവശ്യം കലാവാസനയും ചേര്‍ന്നപ്പോള്‍ ആശാന്‍ പിശുക്കുകാണിക്കേണ്ട ആവശ്യമില്ലല്ലോ.

കൗതുകമുണര്‍ത്തുന്ന പലകാഴ്ചകളും കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു. മുളംകുറ്റിയില്‍ പന്നിയുടെ കൊഴുപ്പുനിറച്ച് കത്തിക്കുന്ന വിളക്ക്. ത്ണുപ്പകറ്റാനും ആഹാരം പാകംചെയ്യാനും ഉപയുക്തമായരീതിയില്‍ തയ്യാറാക്കിയ നെരിപ്പോട്. കാട്ടുമരത്തിന്റെ തോലുചതച്ചുണക്കിയുണ്ടാക്കിയ പുതപ്പുകള്‍.

കാട്ടാനയെയും വന്യമൃഗങ്ങളെയും വിരട്ടിയോടിക്കുന്നതെങ്ങിനെയെന്ന് റപ്പേലാശാന്‍ തന്നെയാണ് മറിയത്തിനും പൈലോയ്ക്കും കാണിച്ചുകൊടുത്തത്.

"ഈ കയാറിലങ്ങാട്ടോരു വലിയങ്ങുവലിച്ചാലുണ്ടല്ലാ ...കാടുനടുങ്ങും മകാളേ......ഇതെല്ലാം നുമ്മ കണ്ടുപിടിച്ചതാണുകെട്ടാ!!!..."

വലിച്ചുകെട്ടിയ ഒരു കയര്‍. അതില്‍‌പിടിച്ച് ആശാന്‍ ഒന്നു വലിച്ചപ്പോള്‍ നാലുചുറ്റിലുമുള്ളമരങ്ങളില്‍ നിന്നും ഭയാനക ശബ്ദങ്ങളുണ്ടായ്.

അകലെ മറ്റുകാവല്‍മാടങ്ങളില്‍നിന്നും പ്രത്യഭിവാദ്യം‌പോലെ സമാന ശബ്ദങ്ങള്‍....

മറിയത്തിന്റെ കാട്ടിലെ ജീവിതം ആരംഭിക്കുകയാണ്...
കുറഞ്ഞോരു സമയത്തിനുള്ളില്‍ നാട്ടില്‍നിന്നു കാട്ടിലേയ്ക്കും മണ്ണില്‍നിന്ന് മരത്തിലേയ്ക്കും ജീവിതം മാറുകയാണ്.

അവള്‍ പരിഭ്രമിച്ചില്ല പകച്ചില്ല....

പരിപ്പും കായും കൂട്ടിയൊരു ചാറുകറി, ഉണക്കചെമ്മീനും തേങ്ങയും ചുട്ട് പുളിചേര്‍ത്തരച്ച് ഒരു ചമ്മന്തി, കാട്ടിറച്ചിയുണങ്ങിയത് ചുട്ട് ചതച്ച് വേറൊരു കൂട്ടാന്‍...

റപ്പേലാശാനും ശിഷ്യന്മാരും ആഹാരം കഴിക്കാന്‍ നിരന്നിരുന്നു....മുമ്പില്‍ തേക്കില വിരിച്ചു. ചോറും കറിയും വിളമ്പിയത് മറിയമായിരുന്നു...

എല്ലാവരും സ്മൃദ്ധമായ് കഴിച്ചു.... മനസ്സും വയറും നിറഞ്ഞപ്പോള്‍ ആശാനും ശിഷ്യന്മാരും ഏമ്പക്കം വിട്ടു. താഴെ ഇരതേടി നടക്കുകയായിരുന്ന ഒരു കടുവ പതിവില്ലാത്ത ബഹളംകേട്ട് ഭയന്നോടി...

ഏറെതാമസിക്കാതെ ആശാന്‍ നെരിപ്പോടിനടുത്ത് മരവുരി വിരിച്ചു കരിമ്പടം പുതച്ചു കിടന്നു... എന്നിട്ട് എല്ലാവരും കേള്‍ക്കെ പറഞ്ഞു..

"ദേ...യിപ്പോളാണുകെട്ടാ ഇതൊരു വീടായത് .... നിങ്ങയെന്തായാലും ജാലിതേടിവന്നതല്ലേ...ഞങ്ങ പോണവരെ ഇനിയെങ്ങാട്ടും പോകേണ്ടാ... മൊതലാളിവരുമ്പ നുമ്മ പറഞ്ഞ് വേണ്ടത് ചെയ്തോളാം കെട്ടാ...."

" അതു ഞങ്ങളും പറയാനിരിക്കുവാരുന്ന്..." ശിഷ്യന്മാരും അഭിപ്രായം ശരിവച്ചു.

"മാതാ പിതാക്കളെക്കാണുവാനായ് പുണ്യാന്‍...
മോദമായ് രാജാവിന്‍ കല്പന വാങ്ങിയോന്‍...
കുതിരപ്പുറത്തു കുതിച്ചുപാഞ്ഞീടുന്നോന്‍...
കുലമതിമഹിമയാല്‍ കാത്തുവാണീടുന്നോന്‍..."

ഒരു ചവിട്ടുനാടകത്തിന്റെ ശീലുകള്‍ പാടി റപ്പേലാശാന്‍ കിടന്നു....കുറേക്കഴിയുമ്പോള്‍ ഈ പാട്ട് നിലയ്ക്കും പിന്നെ കൂര്‍ക്കം വലിതുടങ്ങും...

മറ്റുള്ളവര്‍ കുറേനേരം പകിട പകിട പന്ത്രണ്ടേന്നും പറഞ്ഞു ഒരു മുളയുടെ തണ്ടുരുട്ടി എന്തോ കളികളിലേര്‍പ്പെട്ടു...

മറിയത്തിനും പൈലോയ്ക്കും കിടക്കാന്‍ വിരികളും പുതപ്പുകളും പ്രത്യേകം നെരിപ്പോടും ഒക്കെ ശരിയാക്കികൊടുക്കാന്‍ എല്ലാവരും പ്രത്യക താല്പര്യമെടുത്തു....

വിളക്കണഞ്ഞു...

വനത്തിന്റെ സംഗീതം....
ഇരുളില്‍ തിളങ്ങുന്ന കണ്ണുകള്‍...
എവിടെയോ ഒരൊറ്റയാന്റെ ചിഹ്നം വിളികേട്ടുവോ....

എങ്കിലും മറിയത്തിനു എന്നെത്തേക്കാളും സുരക്ഷിതത്വംതോന്നി....

അവള്‍ നന്നായ് ഉറങ്ങി.....

ഉണരാനായിട്ടുതന്നെ...


(തുടങ്ങിപ്പോയില്ലേ തുടരാതെപറ്റില്ലല്ലോ)

12 comments:

(സുന്ദരന്‍) said...

ചിമ്മാരുമറിയം.... ആദ്യത്തെകുടിയേറ്റക്കാരി
ഏഴാം ഭാഗം

Kiranz..!! said...

തേങ്ങ എന്നൊരു സാധനം ബ്ലോഗിലുണ്ടെങ്കില്‍ ഹരിഹരസുതനയ്യനയ്യപ്പനാണേ..വേളാങ്കണ്ണി മാതാവാണെ..ഞാനടിക്കുന്നേ...:)

സുന്ദരാ എനിക്കതിശയം ഇതൊന്നുമല്ല,എത്ര യാദൃശ്ചികമായിരീക്കുന്നു ഈ പോസ്റ്റും നാട്ടില്‍ നടക്കുന്ന കയ്യേറ്റവാര്‍ത്തകളും..!

ശാലിനി said...

തുടരണം.

ഇടയ്ക്ക് റോമാകാഴ്ചകളിലും ഓരോ പോസ്റ്റ് ഇടരുതോ?

ആവനാഴി said...

ഹൈ സുന്ദര്‍,

വളരെ വളരെ നന്നായിരിക്കുന്നു.

ആ ഏറുമാടത്തില്‍ കയറിക്കിടക്കുന്ന പ്രതീതി. കായയും പരിപ്പും കൂടി വച്ച ആ കൂട്ടാനും ആ ചമ്മന്തീം...വായില്‍ വെള്ളമൂറുന്നൂ.

അടുത്തത് വരട്ടെ!

സസ്നേഹം
ആവനാഴി.

sandoz said...

സുന്ദരാ..കൂടെയുണ്ട്‌...ധൈര്യമായി മുന്നോട്ട്‌ പൊയ്ക്കോ.........

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരാ,സുന്ദരമാകുന്നുണ്ട്.നിര്‍ത്താതങ്ങട്ട് എഴുതന്നെ...ഞങ്ങ ഇവടെ കുത്തിയിരിക്കാം കേട്ടാ.
കടുവായെ പേടിപ്പിച്ച പോലെ ഏമ്പക്കം വിട്ട് പേടിപ്പിക്കണ്ട കേട്ട.

കുതിരവട്ടന്‍ | kuthiravattan said...

എല്ലാ പോസ്റ്റുകളും ഇന്നു വായിച്ചു. തുടരണം. നന്നാവുന്നുണ്ട്. ചിമ്മാരു മറിയത്തിനു വേണ്ടി വേറെ ഒരു ബ്ലോഗ് തുടങ്ങണമായിരുന്നോ? ഇനിയിപ്പോ കൊച്ചു കൊച്ചു കഥകള്‍ ഇതവസാനിപ്പിക്കാതെ എങ്ങനെ എഴുതും?

കുറുമാന്‍ said...

സുന്നരാ, സുന്ദരന്റെ ചിമ്മാരു മറിയം മൊത്തം വായിക്കാന്‍ കിടക്കുന്നു........പകല്‍ സമയങ്ങളില്‍ വായനയില്ലാതായതും (കുറ്റബോധം മൂലം), രാത്രി അരമണിക്കൂര്‍ മാത്രം കിട്ടുന്നതിനാലും, വ്യാഴാഴ്ച ഒന്നുകില്‍ ഞാന്‍ എഴുതാന്‍ ഇരിക്കുകയോ അല്ലേല്‍ ബോധം മറയുകയോ ചെയ്യുന്നതിനാലും, വെള്ളിയാഴ്ച കമ്പ്യൂട്ടറില്‍ കയറാന്‍ സമയം കിട്ടാത്തതിനാലും, ശനിയാഴ്ച മടിപിടിക്കുന്നതിനാലും, ഒട്ടനവധി പോസ്റ്റുകള്‍ വായിക്കാന്‍ ബാക്കി. രണ്ടു ദിവസത്തിനുള്ളില്‍ ചിമ്മാരു മറിയത്തെ ഞാന്‍ മറിക്കും....ഇത് സത്യം, ങാ സത്യം, സത്യം.

SAJAN | സാജന്‍ said...

സുന്ദരാ നന്നായിരിക്കുന്നു.. കടുവ ഭയന്നോടിയത് എഴുതണ്ടായിരുന്നെന്ന് തോന്നുന്നു.. അത് ഒരു തമാശയായി തോന്നിയില്ല!!
വ്വെഗം അടുത്തതും കൂടെ പോരട്ടെ:)

വക്കാരിമഷ്‌ടാ said...

സുന്ദരാ, സുന്‍‌താരാ, നയന്‍‌താരാ, നല്ല ഒന്നാം ക്ലാസ്സ് എഴുത്ത്. നര്‍മ്മത്തിന് നര്‍മ്മവും കാര്യത്തിന് കാര്യവും സമം സമം ഈസ് ഈക്വല്‍ റ്റു സമാസമം.

നാലുതൊട്ട് ഏഴ് വരെ ഇപ്പോഴാണ് വായിച്ചത്. കുറുമയ്യന്റെ യൂറോപ്യന്‍ പാടശേഖരങ്ങള്‍ക്ക് ശേഷം സുന്ദരന്റെ ചിമ്മാരുമറിയത്തുടരന്‍...

(ആ നല്ല ആള്‍ക്കാരുടെ നല്ല നാടാണല്ലോ ഇപ്പോള്‍ എല്ലാവനും കൂടി കൈയ്യേറി നാശകോലാടിയാക്കിയത്)

G.manu said...

മൂന്നു നേരത്തെ വിശപ്പ്‌, അതിജീവനം, കുടിയേറ്റം, അടുത്ത ഊണിലേക്കു മാത്രമായുള്ള ഭാവിചിന്ത...

മനസ്‌ ചിമ്മാരുവില്‍ നിന്ന്, മൂന്നാറില്‍ നിന്ന്...പിന്നെയും പറക്കുന്നു സുന്ദരാ...

കുറുമാന്‍ said...

4, 5, 6, 7 കഴിഞ്ഞു സുന്ദരാ....അടിപൊളി.....

പരിപ്പും കായും കൂട്ടിയൊരു ചാറുകറി, ഉണക്കചെമ്മീനും തേങ്ങയും ചുട്ട് പുളിചേര്‍ത്തരച്ച് ഒരു ചമ്മന്തി, കാട്ടിറച്ചിയുണങ്ങിയത് ചുട്ട് ചതച്ച് വേറൊരു കൂട്ടാന്‍...

റപ്പേലാശാനും ശിഷ്യന്മാരും ആഹാരം കഴിക്കാന്‍ നിരന്നിരുന്നു....മുമ്പില്‍ തേക്കില വിരിച്ചു. ചോറും കറിയും വിളമ്പിയത് മറിയമായിരുന്നു...
- അവരില്‍ ഒരുവനായി തേക്കിലക്ക് മുന്‍പില്‍ ഇരുന്ന് വയറു നിറയെ ഉണ്ട ഒരു ഫീല്ലിങ്ങ്സ്.