Wednesday, 9 May, 2007

ചിമ്മാരുമറിയം - 6

വഴിത്തിരിവ് (ചിമ്മാരുമറിയം - 6)

മുറ്റത്ത് പിച്ചവയ്ക്കുന്ന ഒരു കുഞ്ഞിനെ അമ്മ വാരിയെടുക്കുന്നപോലാണ് ഹൈറേഞ്ചിലോട്ടുള്ള കുടിയേറ്റം.....

രണ്ടുകൈകളാലും കോരിയെടുത്ത് ഒക്കത്തുവയ്ക്കുമ്പോള്‍ അടിമാലിയായ്.

കൊഞ്ചിച്ച് തോളത്തെടുത്തിരുത്തുമ്പോള്‍ മൂന്നാറിലെത്തിയെന്നുപറയാം.

പിന്നെ അപൂര്‍‌വ്വമായ് തലയിലിരുത്തും അപ്പോള്‍ ആനമുടിയുടെ നെറുകയിലെത്തി.

അവിടന്നങ്ങോട്ട് പിന്നെ ഒരു കുടിയേറ്റമില്ല....കുടിയിറക്കങ്ങള്‍മാത്രം...

സ്വരാജ് ബസ്സ് സഹ്യാദ്രിയാകുന്ന അമ്മയുടെ ഒക്കത്തെത്തി; അടിമാലി.
ആസ്യത്താത്തയോട് യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ചിമ്മാരുമറിയത്തിന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു.

"മോള് ബേജാറാബേണ്ട...പടച്ചോന്‍ ഒരു ബയികാണിച്ച് തരാണ്ടിരിക്യോ..." ആസ്യത്താത്ത ചിമ്മാരുമറിയത്തിന്റെ നെറുകയില്‍ വാത്സല്യപൂര്‍‌വ്വം തലോടിക്കൊണ്ട് പറഞ്ഞു..

"ഞ്ഞിപ്പേ യെന്തേലും എടങ്ങേരുണ്ടായാല് മോള് ആസ്യത്താന്റെ ബീട്ടിലോട്ട് പോന്നോളിന്‍...മൂന്നാരില്ബന്ന് ആസ്യ്ത്താന്റെപീട്യാ എബടാന്ന് ചോയിച്ചാ ആരും കാട്ടിത്തരും.."


കാതില്‍ തോടയിട്ട സ്ത്രീയും അവിടെ ഇറങ്ങുകയായിരുന്നു. യാത്രക്കാരില്‍ പകുതിയോളം പേരും അവിടെയിറങ്ങി. കാട്ടില്‍ മരം മുറിക്കാന്‍പോകുന്നവരുടെ വാളും മഴുവും പണിയായുധങ്ങളും വണ്ടിയുടെ മുകളില്‍നിന്നും അവരിലൊരാള്‍ ഇറക്കുകയാണ്.

"ന്റെ സാമാനങ്ങളുകൂടിയിങ്ങ് ഇറക്ക് കുഞ്ഞിരാമാ... ആയിരിക്കണ ചാക്ക് കെട്ടും തഴപ്പായും...." കാതില്‍ തോടയിട്ട സ്ത്രീ വണ്ടിക്ക് മുകളില്‍ കയറിയവനോട് വിളിച്ച് പറഞ്ഞു.

"അതുപിന്നെ കാര്‍ത്ത്യാനിചേച്ചി പ്രത്യേകം പറഞ്ഞിട്ടുവേണോ...." വണ്ടിക്കുമുകളില്‍നിന്ന കുഞ്ഞുരാമന്‍ പരോപകാരിയായിരുന്നു.

ചാകുകെട്ടും തഴപ്പായും മാത്രമല്ല മറിയത്തിന്റെപെട്ടിയും മറ്റുപലരുടേയും പലവക സാധനങ്ങളും താഴെയിറക്കിയത് കുഞ്ഞിരാമന്‍ തന്നെയായിരുന്നു. മറിയത്തിനു വീണ്ടും വണ്ടിയുടെ മുകളില്‍ കയറാനിടവന്നില്ല.

അടിമാലിയില്‍നിന്നും പുതിയ കുറേ യാത്രക്കാരെയും കയറ്റി സ്വരാജ് ബസ്സ് സഹ്യന്റെ തോളത്തോട്ടുള്ള കയറ്റം ആരംഭിച്ചു...മൂന്നാറിലേയ്ക്ക്.

ആസ്യത്താത്ത ഒരിക്കല്‍ക്കൂടി മറിയത്തിനെ കൈവീശിക്കാണിച്ച് തലപുറത്തിട്ട് വിളിച്ചുപറഞ്ഞു...

"ജ്ജ് ബരണോട്ടാ...ഞമ്മള് കാത്തിരിക്കും....ഇനീം ഒരുപാട് കതകളുണ്ട് ഉമ്മേടടുത്ത് അന്നോട്പറയാനെക്കൊണ്ട്...".

ടുര്ര്ര്ര...ടുര്ര്ര്ര്ര്ര്ര്ര്ര്.... വണ്ടി കുന്നുകയറിമറഞ്ഞു.....കുറെ കരിയും പുകയും പൊടിപടലവും
അവശേഷിപ്പിച്ചിട്ട്... കുറച്ചുകഴിഞ്ഞപ്പോള്‍ അതും മറഞ്ഞു.

അടിമാലിയില്‍ ഇറങ്ങിയവര്‍ക്കെല്ലാംതന്നെ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നതിനാല്‍ കെട്ടും ഭാണ്ഡവും തലയിലേറ്റി ആ ലക്ഷ്യങ്ങളിലേയ്ക്ക് അവര്‍ പ്രയാണമാരംഭിച്ചു. തോട്ടംതൊഴിലാളികള്‍, മരം‌വെട്ടുകാര്‍, കുടിയേറ്റകര്‍ഷകര്‍...എല്ലാവരും തിടുക്കപ്പെട്ട് നടക്കുകയാണ്. മലയും പുഴയും കാടും താണ്ടിയുള്ളയാത്രയാണ്. നേരം വൈകിയാല്‍ വന്യമൃഗങ്ങളുടെ വിഹാരരംഗങ്ങളാണവിടം.

ഒരു ലക്ഷ്യവും ഇല്ലാതിരുന്ന പൗലോ വെറുതെ കാഴ്ചകള്‍കണ്ടു...മുളവാരിയാല്‍തീര്‍ത്ത് കാട്ടുപുല്ലുമേഞ്ഞ ഒരു ഷെഡ്മാത്രമേ മനുഷ്യ സൃഷ്ടിയായ് അവിടെയുള്ളു. വഴിക്കിരുപുറവും ചതുപ്പുനിലങ്ങളാണ്. നാലുചുറ്റും കോട്ടപോലെ വന്മലകള്‍. വടക്കേമലയില്‍നിന്നും കുതിച്ചൊഴുകിവരുന്ന കുഞ്ഞരുവി പാല്‍നുരചിതറുന്നു...അത്രേയുള്ളു അടിമാലിയില്‍. ജനവാസം തീരെയില്ല.

"നിങ്ങള്‍ക്ക് എവിടെയാ കൂട്ടരെ പോകേണ്ടത്?.." ചാക്കുകെട്ടും തഴപ്പായും തലയിലേറ്റുന്നതിനിടയില്‍ കാര്‍ത്ത്യാനി മറിയത്തിനോട് ചോദിച്ചു.

"കുര്യേപ്പ് മുതലാളിയുടെ തോട്ടത്തില്‍...നാട്ടുകാരനൊരാള്‍ അവിടെയുണ്ട്. എന്തെങ്കിലും ജോലി കിട്ടുമോന്നറിയാന്‍ വന്നതാ " മറിയം പ്രതിവചിച്ചു.

"ന്നാല്‍ വേഗം നടന്നോളിന്‍... ല്ലമലകണ്ടോ അതിന്റ് അപ്പുറം കയറിയിറങ്ങണം..." കാര്‍ത്ത്യാനി നടപ്പുതുടങ്ങി.

"ഞങ്ങളുമാവഴിക്കാ പെങ്ങളെ......നിങ്ങളുടെ നാട്ടുകാരന്റെ പേരെന്താ?.." മരം‌വെട്ടുകാരില്‍ ഒരാള്‍ ചോദിച്ചു

"കുഞ്ഞുവര്‍ക്കി...." മറിയം മറുപടിപറഞ്ഞു.

"ഓ കുഞ്ഞുവര്‍ക്കിച്ചായന്റെ നാട്ടീന്നാ...അപ്പോള്‍ പെങ്ങള് കുറവിലങ്ങാട്ടൂന്നാല്ലേ.."

"ഞങ്ങളിപ്പോള്‍ കടുത്തുരുത്തീന്നാ വരുന്നെ... കുറവിലങ്ങാട്ടായിരുന്നു എന്റെവീട്..."

"കുഞ്ഞുവര്‍ക്കിച്ചായന്‍ കുര്യേപ്പുമുതലാളീടെ കാര്യസ്തനാ.... നല്ലമനുഷ്യന്‍.."

"പക്ഷേ പെങ്ങളേ കുര്യേപ്പുമുതലാളീ തോട്ടമെല്ലാം വെട്ടിത്തെളിക്ക്യാണല്ലോ....അതിനാ ഞങ്ങളുപോണത്. പണിക്കാരെ യെല്ലാം പറഞ്ഞുവിടുവാ... ഏലത്തോട്ടം നഷ്ടമാണെന്നാ മുതലാളിപറയണത്..." വട്ടവാളുംകൊണ്ടു മുമ്പില്‍ നടന്നിരുന്ന കഷണ്ടിക്കാരനാണതുപറഞ്ഞത്.

"അതിനെന്താകുഴപ്പം... മുതലാളി ഏക്കറളന്നുതിരിച്ച് വിറ്റോണ്ടിരിക്കുവല്ലേ. നല്ല പുതുമണ്ണാപെങ്ങളെ കുറേവാങ്ങി കൃഷിയിറക്കിയാല്‍ വേറെ ഏതുപണിക്കുപോകുന്നതിലും പേതമാ..."

മറിയം മറുപടി ഒന്നും പറഞ്ഞില്ല. ഉള്ളൊന്നാന്തിയോയെന്ന് സംശയം.

കൂമ്പന്‍പാറ മലയുടെ ചെരുവിലെത്തിയപ്പോള്‍ ചില കൃഷിയിടങ്ങളും വീടുകളും ദൃശ്യമായ്. അതിലൊന്നിലാണ് കാര്‍ത്ത്യാനിച്ചേച്ചിയുടെ വീട്. (ഹൈറേഞ്ചിലെ ഏറ്റവും പഴയ കുടിയേറ്റ മേഘലകളിലൊന്നാണ് കൂമ്പന്‍പാറ.)

"നേരം വൈകിയതിനാല്‍ നിങ്ങളെ എന്റെ വീട്ടിലോട്ട് വിളിക്കുന്നില്ല ...എന്നെങ്കിലും ഇതിലെ പോകുമ്പോള്‍ എന്റെ വീട്ടിലോട്ട് വരാതിരിക്കരുത്" മറിയത്തിന്റെ കൈയില്‍ പിടിച്ചുകൊണ്ടു കാര്‍ത്ത്യായനിചേച്ചി പറഞ്ഞു.


വനത്തിലെ വഴിച്ചാലിലൂടെ ബാക്കിയുള്ളവര്‍ പിന്നേയും നടപ്പുതുടര്‍ന്നു. കല്ലാര്‍ മുതിരപ്പുഴയുമായ്ചേരുന്നിടമായ്... അതാണു കല്ലാറുകൂട്ടി. പുഴ ഇറങ്ങിക്കടന്നുവേണം ഇനിയുള്ളയാത്ര. മഴക്കാലമായാല്‍ ഈ വഴിയേയുള്ള യാത്ര അസാദ്യമാണ്.

വഴിനടന്നുകുഴഞ്ഞ കാലുകള്‍ പുഴ്യിലെ തണുത്ത വെള്ളത്തില്‍നിന്നും പുതുജീവന്‍ കണ്ടെത്തിയപ്പോള്‍ അവര്‍ പുഴകടന്ന് യാത്ര തുടര്‍ന്നു.

ഏതു യാത്രയ്ക്കും ഒരു ഒടുക്കമുണ്ടാവില്ലെ... ഇതാ പറയത്തക്ക കേടുപാടുകളൊന്നുമില്ലാതെ ചിമ്മാരുമറിയവും പൈലോയും കുര്യേപ്പുമുതലാളിയുടെ എസ്റ്റേറ്റിലെത്തി. വനത്തിനുനടുവില്‍ കരിങ്കല്ലാല്‍ തീര്‍ത്ത ബംഗ്ലാവ്. ബംഗ്ലാവിനു നാലുചുറ്റും ആഴത്തില്‍ കിടങ്ങുതീര്‍ത്തിരുന്നു.

"കുഞ്ഞുവര്‍ക്കിച്ചായോ...പൂയ്.... ദേ വിരുന്നുകാരുണ്ടേയ്...." ഒരുവന്‍ വിളിച്ചുകൂകി.

"ആരാദ്...."

അമ്പതിനുമേലെ പ്രായമുള്ള ഒരു മനുഷ്യന്‍ വീടിനുവെളിയിലിറങ്ങിവന്നു.

"കുഞ്ഞുവര്‍ക്കി ഇവിടെയില്ലല്ലോ......നിങ്ങളാരാ എന്താവേണ്ടെ.."


മറിയം ഷോക്കടിച്ചപോലെ തരിച്ചുനിന്നുപോയ്...


(തുടരാം..)

8 comments:

(സുന്ദരന്‍) said...

മുറ്റത്ത് പിച്ചവയ്ക്കുന്ന ഒരു കുഞ്ഞിനെ അമ്മ വാരിയെടുക്കുന്നപോലാണ് ഹൈറേഞ്ചിലോട്ടുള്ള കുടിയേറ്റം.....

രണ്ടുകൈകളാലും കോരിയെടുത്ത് ഒക്കത്തുവയ്ക്കുമ്പോള്‍ അടിമാലിയായ്.
കൊഞ്ചിച്ച് തോളത്തെടുത്തിരുത്തുമ്പോള്‍ മൂന്നാറിലെത്തിയെന്നുപറയാം.
പിന്നെ അപൂര്‍‌വ്വമായ് തലയിലിരുത്തും അപ്പോള്‍ ആനമുടിയുടെ നെറുകയിലെത്തി.

കരീം മാഷ്‌ said...

വായിക്കുന്നുണ്ട്, തുടരണം.

ആവനാഴി said...

ഹൈ സുന്ദര്‍,

വായിച്ചു. അങ്ങിനെ ചുമ്മാരു മറിയം ജീവിതയാത്ര തുടരുകയാണു. അടുത്തതിനു കാത്തിരിക്കുന്നു.
സസ്നേഹം
ആവനാഴി

G.manu said...

മൂന്നാറിലെ കുടിയേറ്റ പ്രശ്നം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒരു നിമിത്തം പോലെ, സുന്ദരാ നിണ്റ്റെ മറിയക്കഥകള്‍ക്ക്‌ കൌതുകം ഏറുന്നു..ആരും ഇതൊന്നും വായിക്കുന്നില്ലേ....

Kiranz..!! said...

ഈ തുടര്‍ക്കഥ തീരുമ്പോള്‍ ഒരറിയിപ്പ് തരണേ..കംബ്ലീറ്റായി വായിച്ചാലേ ഒരു സുഖമുള്ളു..:)

വേണു venu said...

വായിക്കുന്നുണ്ടു് സുന്ദരാ, ജീവിതയാത്ര തുടരട്ടെ.:)

sandoz said...

സുന്ദരാ...
വായിക്കുന്നു....
ഹൈറേഞ്ച്‌ കേറി ഞാനും എത്തി....

സതീശ് മാക്കോത്ത് | sathees makkoth said...

അപ്പോ വണ്ടീന്നിറങ്ങി മ്മിണി നടക്കട്ടെ.