Saturday, 5 May, 2007

ചിമ്മാരുമറിയം - 5

കാടുമുടിയുന്നു (ചിമ്മാരുമറിയം ഭാഗം -5)

കുറ്റിക്കാട്ടില്‍ അത്യാവശ്യ വെടിപരിശീലനം നടത്തിയ ആത്മ‌വിശ്വാസത്തോടെ രാജാവ് കൊടുംകാട്കയറാന്‍ തീരുമാനിച്ചു.

രാജാവിന്റെ അഭാവത്തില്‍ കുറച്ചുദിവസ്സമെങ്കിലും (ഭാഗ്യമുണ്ടെങ്കില്‍ സ്ഥിരമായിട്ടും) രാജ്യഭരണം നടത്തുവാനുള്ള അവസരം കൈവന്നതിനാല്‍ മന്ത്രി രാജാവിനോടൊപ്പം വേട്ടയ്ക്ക് പോകാന്‍ കൂട്ടാക്കിയില്ല. കൊട്ടാരത്തിലെ അവശേഷിച്ച ഭടന്മാരെല്ലാവരും കാടിളക്കാനെന്നപേരില്‍ രാജാവിനോടൊപ്പം പോകാന്‍ മുന്നിട്ടിറഞ്ഞിയെങ്കിലും രാജ ഗോപുരത്തിനു കാവല്‍നില്‍ക്കുന്നവനും, തനിക്കേറ്റവും പ്രിയപ്പെട്ടവനുമായ ഒരേയൊരു പടയാളിയെമാത്രമേ രാജാവ് കൂടെ കൂട്ടിയതൊള്ളു.

('മധുരൈ മന്നന്‍ മാനവിക്രമ കുലശേഖര പെരുമാള്‍' പൂഞ്ഞാര്‍ രാജവംശം സ്ഥാപിച്ചനാള്‍മുതല്‍ രാജകുടുമ്പത്തോട് ഏറ്റവും കൂറും വിശ്വസ്തതയും കാട്ടിയിരുന്ന ഒരുകുടുമ്പത്തിലെ വീരശൂരപരാക്രമികളായ പുരുഷപ്രജകളായിരുന്നു രാജഗോപുരത്തിന്റെ കാവല്‍കാര്‍. മാനവിക്രമ കുലശേഖര പെരുമാളുടെ ശേഷക്കാരനായ്‌വന്ന ഏതോ ഒരു രാജാവ് ഗോപുരം കാക്കുന്ന ഈ വീരന്മാരുടെ കുടുമ്പപ്പേര് 'ഗോപുരത്തിങ്കല്‍' എന്നാക്കിമാറ്റി കല്പനപുറപ്പെടുവിച്ചതായ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു).

പതിവുപോലെ പ്രഭാത പ്രാര്‍ത്ഥനയും പൂജയും കഴിഞ്ഞു രാജാവ് തോക്കുമെടുത്തിറങ്ങി. പുറകില്‍ ഒരു കൈയില്‍ കുന്തവും മറുകൈയില്‍ ഒരു സഞ്ചിയില്‍ ഉളി,കൊട്ടുവടി, ചെറിയ വാള്, ചവണ, നഖം‌വെട്ടി തുടങ്ങിയ അന്‍സാരികളുമായ് കാവല്‍ഭടനും.

രാജാവിന്റെ തേരില്‍ രാജകീയ യാത്ര...എവിടെവരെ.... നേര്യമംഗലത്ത് പെരിയാറിന്റെ തീരം‌വരെ. അതുകഴിഞ്ഞു ആദിവാസികളുടെ ഈറ്റ ചങ്ങാടത്തിലായിരുന്നു പുഴകടന്നത്.

രാജാവും കാവല്‍ക്കാരനും വളരെ പ്രയാസപ്പെട്ട് വനത്തിലൂടെ നടന്നു.

സ്വന്തം വനമാണെന്നുപറഞ്ഞിട്ടു കാര്യമില്ല കുറച്ചുകഴിഞ്ഞപ്പോഴേയ്ക്കും രാജാവിനു വരേണ്ടിയിരുന്നില്ല എന്നു തോന്നിത്തുടങ്ങി. വന്യജീവികളുടെ മുരള്‍ച്ചയും കാടിന്റെ നിഗൂഡതളും രാജാവില്‍ അവശേഷിച്ചിരുന്ന ധൈര്യം കൂടി ഇല്ലാതാക്കി. രാജാവ് തന്റെ ഇഷ്ടമൂര്‍ത്തിയെ വിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

സാധാരണഗതിയില്‍ വേട്ടയ്ക്കുപോകുന്ന രാജാക്കന്മാര്‍ക്ക് ഇങ്ങനെയുള്ള അവസരത്തില്‍ വഴിതെറ്റുക പതിവാണ്. ഇവിടെ അതുണ്ടായില്ല, കാരണം ഈ കാട്ടില്‍ വഴിയേഇല്ല.

പെട്ടന്ന് ഒരു കാട്ടുപന്നി അവരുടെനേരെ പാഞ്ഞുവന്നു.

തോക്കെടുത്ത് ഉന്നം‌പിടിച്ച് അതിന്റെ തിരുനെറ്റിക്കിട്ടൊരു ചാമ്പുചാമ്പാനുള്ളതിനുപകരം രാജാവ് തലയും കുനിച്ച് വിനീതനായ് വണങ്ങിനിന്നു. പണ്ട് ത്ന്റെ പൂര്‍വ്വികന്‍, വേലുത്തമ്പിദളവ യുദ്ധത്തിനുവന്നപ്പോള്‍ വണങ്ങിനിന്നു ഒത്തുതീര്‍പ്പുടമ്പടി സ്ഥാപിച്ചപോലെ ഇവിടെയും ശ്രമിച്ചുനോക്കിയതാണോ...
ഭഗ്‌വാന്റെ പത്ത് അവതാരത്തിലൊന്ന് തന്റെമുമ്പില്‍ പ്രത്യക്ഷപ്പെട്ടതാണെന്നുകരുതിയിട്ടാണോ...
പൊരുതിയാലും രക്ഷപെടില്ലന്നറിഞ്ഞുകൊണ്ട് വിധിയുടെമുമ്പില്‍ സ്വയം കീഴടങ്ങിയതാണോ....

രാജാവിന് എന്തുവേണമെങ്കിലുമാവാം.... പക്ഷേ കാവല്‍ക്കാരനതുപറ്റില്ലല്ലോ. രാജാവിന്റെ ജീവന്‍ കാക്കണം ഒത്താല്‍ തന്റേയും.... ഏതാനും മിനിറ്റുകളുടെ ഒടുവില്‍ തീരുമാനമായ്. കുന്തമുനയില്‍ പന്നിയുടെ പ്രാണന്‍ കോര്‍ത്തെടുത്തു വീരന്‍.

രാജാവ് ജീവിതത്തില്‍ രണ്ടെരണ്ടുപേരെമാത്രമേ കെട്ടിപ്പിടിച്ചിട്ടൊള്ളു. ഒന്ന് അന്തപ്പുരത്തില്‍ പട്ടമഹിഷിയേയും പിന്നെ കൊടും‌കാട്ടില്‍‌വച്ചൊരു ഭടനെയും...

"നീ കൂറ്റനാണെടാ കൂറ്റന്‍ ...ഇനിമുതല്‍ നീയും നിന്റെ പിന്‍‌തലമുറകളും കൂറ്റനെന്നപേരില്‍ അറിയപ്പെടും..."

ഭീമാകാരനായ കാട്ടുപന്നിയുടെ തേറ്റയുമറുത്തെടുത്ത് കൊട്ടാരത്തില്‍ മടങ്ങിയെത്തിയ രാജാവിനും കാവല്‍ക്കാരനും വീരോചിതമായ വരവേല്പ്പാണു ലഭിച്ചത്. പന്നിയുടെ തേറ്റകണ്ടിട്ട് രാജാവ് ആനക്കൊമ്പൂരിക്കൊണ്ടുവന്നു എന്നാണ് പ്രജകള്‍ കരുതിയത്. അത്രയ്ക്കുണ്ടായിരുന്നു അതിന്റെ വലിപ്പം.

രാജാവ് രണ്ടു കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

തന്റെ ജീവന്‍ രക്ഷിച്ച ഗോപുരം കാവല്‍ക്കാരനു കൂറ്റന്‍ എന്നബഹുമതി പരസ്യമായ് നല്‍കുകയും ആവിവരം ഒരു ചെമ്പോലയില്‍ എഴുതി രാജമുദ്രപതിച്ചു സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തതാണ് ആദ്യത്തെ തീരുമാനം.


രണ്ടാമത്തെ തീരുമാനം നടപ്പാക്കാന്‍ രാജാവ് ജെ.ഡി. മണ്‍റോ എന്ന ഇംഗ്ലീഷുകാരന്‍ പ്ലാന്ററെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. ഹൈറേഞ്ചിലെ വനം വെട്ടിത്തെളിച്ച് തോട്ടം തുടങ്ങിക്കോട്ടെ എന്നുചോദിച്ച് ഈ സായിപ്പ് കൊട്ടാരത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കുറേനാളായിരുന്നു. സായിപ്പിന്റെ ആഗ്രഹം‌പോലെ മൂന്നാറും പരിസരപ്രദേശങ്ങളു‌മടങ്ങിയ കണ്ണന്‍ ദേവന്‍ (കണ്ണന്‍ തേവര്‍ - ഒരു പഴയ ആദിവാസി രാജാവ്) മലയിലെ അറുനൂറു സ്ക്വയര്‍ കിലോമീറ്റര്‍ വനഭൂമി കച്ചവടമുറപ്പിച്ചു.


രാജാവ് വനം വെറുത്തുപോയെന്നറിഞ്ഞ ഒരു മരക്കച്ചവടക്കാരന്‍ ആദിവസങ്ങളില്‍ രാജാവിനെ മുഖംകാണിക്കാന്‍ കൊട്ടാരത്തില്‍ എത്തി.

മനോഹരമായ ഒരു വെള്ളിത്തളികയില്‍ ഇരുപത്തിയഞ്ചു ചെറുനാരങ്ങ തിരുമുമ്പില്‍ കാഴ്ചവച്ചിട്ട് തലചൊറിഞ്ഞുനിന്നു ആ പാവത്താന്‍ ഉണര്‍ത്തിച്ചു...

" മഹാ രാജാവ് നീണാല്‍ വാഴട്ടെ "

"ഉം..ഉം... വന്നകാര്യം പറഞ്ഞിട്ട് പോകാന്‍ നോക്ക്.."

" രാജന്‍ തിരുവുള്ളക്കേടുണ്ടാകില്ലങ്കില്‍ ...അവിടുത്തെ ഭരണത്തിലുള്ള നേര്യമംഗലം വനത്തില്‍നിന്നും കുറച്ചു മരം മുറിച്ചെടുക്കാന്‍ ഈയുള്ളവന് അനുവാദം തരേണമേ എന്നപേക്ഷിക്കുന്നു..."


വെള്ളിപ്പാത്രത്തിലെ ഇരുപത്തഞ്ചു ചെറുനാരങ്ങയ്ക്കുപകരമായ് കൊട്ടാരത്തിലെ ഊട്ടുപുരയില്‍നിന്നും വല്യ വടുകപ്പുളിയന്‍ നാരങ്ങക്കറിയും കൂട്ടി രാജകീയമായ ഒരൂണും, നേര്യമംഗലം കാട്ടില്‍നിന്നും ആവശ്യം‌പോലെ തടിമുറിച്ചെടുക്കുവാനുള്ള പെര്‍മിഷനുമായാണ് മരക്കച്ചവടക്കാരന്‍ മടങ്ങിയത്.സ്വരാജ് ബസ്സ് കയറ്റം കയറി മടുത്ത് വനത്തിലൊരിട കിതച്ചുനിന്നു. വണ്ടിയുടെ എഞ്ചിന്‍ വീണ്ടും ചുട്ടുപഴുത്തിട്ടുണ്ടാകും. തണുത്തവെള്ളമെടുക്കാനായ് ഡ്രൈവര്‍ താഴെയിറങ്ങിയപ്പോള്‍ പല പല ആവശ്യങ്ങള്‍ക്കായ് യാത്രക്കാരില്‍ പലരും പുറത്തിറങ്ങി.

ചിലര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍, ചിലര്‍ക്ക് മൂത്രശങ്ക തീര്‍ക്കാന്‍ വേറെചിലര്‍ക്ക് സൗകര്യമായൊന്നു മുറുക്കിത്തുപ്പാന്‍.

" ആരും അകലേയ്ക്ക് പോകരുത്...കഴിയുന്നതും എല്ലാവരും അടുത്തുകൂടിനില്‍ക്കണേ..." കണ്ടക്ടര്‍ വിളിച്ചുപറഞ്ഞു.

"മോളുബാ... മ്മ്ക്കുമിത്തിരി ബെളിയിലിറങ്ങിനോക്കാ.." ആസ്യത്താത്ത മറിയത്തെ വിളിച്ചു.

അല്പമകലെയായ് മലയുടെ മാറിലൂടെ ഒരു വെള്ളി രേഖവരച്ചുകൊണ്ട് വാളറ ജലപാതം. കോടമഞ്ഞിന്റെ നേര്‍ത്തപാളികള്‍ തന്നെതഴുകികടന്നുപോയപ്പോള്‍ ചിമ്മാരുമറിയത്തിനു ഉന്മേഷം തോന്നി. തന്നെക്കാത്തിരിക്കുന്ന കാടിനെയും അതിന്റെ ആവാസ വ്യവസ്തകളേയും അവളറിയാതെതന്നെ ഉള്‍ക്കൊള്ളുകയായിരുന്നു.

"നേരമന്തിയായാല്‍ ഇവിടെയെല്ലാം ആനകളുടെ കോലുകളിനട്ക്കും..." ഏതോ ഒരാള്‍ വീണ്ടും ആനക്കഥകളിലേയ്ക്ക് തിരിയുകയാണ്...

"ജ്ജ്തൊന്നുംകേട്ട് ബേജാറാബണ്ടപുള്ളേ....ബരിന്‍ ബ്ണ്ടി പുറപ്പെടാറായീന്നാതോന്നണെ.."

വണ്ടിവീണ്ടും അതിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള ഇഴ്ച്ചിലാരംഭിച്ചു......

അന്ന് രാജാവിന്റെ അനുവാദവും വാങ്ങിവന്ന മരക്കച്ചവടക്കാരന്‍, മഴുവീഴുമ്പോള്‍ തീപ്പൊരിപാറുന്നകാതലുള്ള തേക്കും ഈട്ടിയും മുറിച്ചു പോത്തും വണ്ടിയില്‍ കയറ്റി നാട്ടിലെത്തിക്കാനായ് വെട്ടിയ വഴിയിലൂടെ....

" ആ ബലാലിനെക്കൊണ്ട് അങ്ങിനെ ഒരു കൊണംമാത്രം ഈ ദുനിയാവിനുണ്ടായ്....മനുശേന്മാരിക്ക് യാത്തരചെയ്യാനെക്കൊണ്ടൊരു ബയിതൊറന്നുകിട്ടി.." ആസ്യത്താത്ത ഒരു കഥകൂടി പറഞ്ഞുനിര്‍ത്തി.

കാതില്‍ തോടയിട്ട സ്ത്രീ ദീര്‍ഘനിശ്വാസത്തോടെ തലയിലെ കെട്ടഴിച്ചുകുടഞ്ഞു... വീണ്ടും കെട്ടാനായ് തയ്യാറെടുത്തിരുന്നു...

അപ്പോള്‍ കഥ ഇനിയും തുടരുമെന്നകാര്യം ഉറപ്പ്.

8 comments:

(സുന്ദരന്‍) said...
This comment has been removed by the author.
(സുന്ദരന്‍) said...

വണ്ടിവീണ്ടും അതിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള ഇഴ്ച്ചിലാരംഭിച്ചു......

അന്ന് രാജാവിന്റെ അനുവാദവും വാങ്ങിവന്ന മരക്കച്ചവടക്കാരന്‍, മഴുവീഴുമ്പോള്‍ തീപ്പൊരിപാറുന്നകാതലുള്ള തേക്കും ഈട്ടിയും മുറിച്ചു പോത്തും വണ്ടിയില്‍ കയറ്റി നാട്ടിലെത്തിക്കാനായ് വെട്ടിയ വഴിയിലൂടെ....

-------------
ആ മരക്കച്ചവടക്കാരനെ കാട്ടുകള്ളന്‍ എന്നുവിളിച്ച് രോഷംകൊള്ളുമ്പോഴും ഇന്നും മറക്കാനാവാത്ത ഒരു സത്യം അവശേഷിക്കുന്നു... നൂറ്റാണ്ടൊന്നുകഴിഞ്ഞിട്ടും അയാള്‍ വെട്ടിയ വഴിച്ചാലുകള്‍ക്കെന്തുമാറ്റം.... കാലമതിനെ ദേശീയ രാജപാതവരെയാക്കി ഉയര്‍ത്തി... പക്ഷേ അടിസ്ഥാന സൗകര്യങ്ങളിപ്പോഴും ആ പഴയ പോത്തും‌വണ്ടി സ്റ്റൈല്‍തന്നെ...

kaithamullu - കൈതമുള്ള് said...

സുന്ദരമായി കഥ പറഞ്ഞുപോകുന്ന സുന്ദരാ, ഞാനെടേക്കേറി എടങ്ങേറുണ്ടാക്കുന്നില്ലാ, ബാക്കി പോരട്ടേ!

ഏറനാടന്‍ said...

സുന്ദരോ എഴുത്തും അതിസുന്ദരം. പോരട്ടേ ബാക്കികൂടി. എന്തേ ഇതാദ്യം കണ്ടില്ല ഞാന്‍?????????????????

തറവാടി said...

:)

ആവനാഴി said...

ഹൈ സുന്ദര്‍,

"തോക്കെടുത്ത് ഉന്നം‌പിടിച്ച് അതിന്റെ തിരുനെറ്റിക്കിട്ടൊരു ചാമ്പുചാമ്പാനുള്ളതിനുപകരം രാജാവ് തലയും കുനിച്ച് വിനീതനായ് വണങ്ങിനിന്നു. പണ്ട് ത്ന്റെ പൂര്‍വ്വികന്‍, വേലുത്തമ്പിദളവ യുദ്ധത്തിനുവന്നപ്പോള്‍ വണങ്ങിനിന്നു ഒത്തുതീര്‍പ്പുടമ്പടി സ്ഥാപിച്ചപോലെ ..”

ദാ, ആ തലയൊന്നു കുനിക്കൂ. “ഫലിതചക്രവര്‍ത്തിപ്പട്ടം” ആ തലയിലൊന്നു വച്ചോട്ടെ.

രാത്രിയാണു വായിച്ചത്. എന്റെ ചിരി അട്ടഹാസമായി മറുന്നതുകണ്ടു വീട്ടുകാരൊക്കെ എഴുനേറ്റുവന്നു എന്തു പറ്റി എന്നു തിരക്കി. എന്നിട്ടും എനിക്കു നിര്‍ത്താന്‍ കഴിഞ്ഞില്ല.ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.

സസ്നേഹം
ആവനാഴി.

G.manu said...

വേലുത്തമ്പിദളവ യുദ്ധത്തിനുവന്നപ്പോള്‍ വണങ്ങിനിന്നു ഒത്തുതീര്‍പ്പുടമ്പടി സ്ഥാപിച്ചപോലെ ഇവിടെയും ശ്രമിച്ചുനോക്കിയതാണോ...
ഭഗ്‌വാന്റെ പത്ത് അവതാരത്തിലൊന്ന് തന്റെമുമ്പില്‍ പ്രത്യക്ഷപ്പെട്ടതാണെന്നുകരുതിയിട്ടാണോ...


mahaneeeyam.....mahaaSaya...vanakkam

സതീശ് മാക്കോത്ത് | sathees makkoth said...

അപ്പോ വണ്ടി വിട്ടു പോട്ടെ.