Tuesday, 1 May, 2007

ചിമ്മാരുമറിയം - 4

പൂഞ്ഞാര്‍ രാജാവ് (ചിമ്മാരുമറിയം - 4)

വനത്തില്‍ ഇതുവരെ കാണാത്ത ഒരു ലോകമാണ് മറിയത്തിന്റെമുമ്പില്‍ അവതരിച്ചത്...നട്ടുച്ചയ്ക്ക് സൂര്യനസ്തമിച്ചതുപോലെ.

മണ്ണിലേക്കരിച്ചിറങ്ങാനുള്ള പഴുതുകാണാതെ വെളിച്ചം പച്ചമേലാപ്പിനുമുകളില്‍ വഴിതെറ്റിഅലയുമ്പോള്‍ ഇടുങ്ങിയ ചെങ്കുത്തായ വഴിയിലൂടെ സ്വരാജ് ബസ്സ് അതിന്റെ ലക്ഷ്യത്തിലേയ്ക്ക് ഇഴഞ്ഞുകയറി.

ഭൂഗുരുത്തബലത്തിനോട് ഞാനോ നീയോയെന്നു ചോദിച്ചുകൊണ്ട് അലറുന്ന ബസ്സിന്റെ എഞ്ചിനെ തെല്ലും വകവയ്ക്കാതെ ആസ്യത്താത്ത പൂഞ്ഞാര്‍ രാജാവിന്റെ കഥ പറഞ്ഞുതുടങ്ങി. ചിമ്മാരു മറിയം ആസ്യത്താത്തയോട് പറ്റിച്ചേര്‍ന്നിരുന്നു....കഥ നന്നായ് കേള്‍ക്കാനാവാം... അതിലുപരി ഒരമ്മയുടെ കരുതലും സ്നേഹവും താല്‍കാലികമായാണെങ്കിലും കണ്ടെത്തിയതിനാലുമാവാം..

ആസ്യത്താത്ത പറഞ്ഞ കഥ യുടെ ചുരുക്കം ഇങ്ങനെ -

ഒരിക്കല്‍ പാണ്ടിനാട്ടിലുനിന്നൊരു യുവ രാജാവ് കേരളത്തില്‍ നുഴഞ്ഞുകയറി. അക്കാലത്തെ ഏതോ ഒരു നാട്ടുരാജാവിന്റെ കൃപയാല്‍ മീനച്ചില്‍ ആറിനോടു ചേര്‍ന്നുകിടന്ന കുറച്ചുഭൂമി വീടുവച്ചുതാമസിക്കാന്‍ അനുവദിച്ചുകിട്ടി. ദാനമായ് കിട്ടിയ ഭൂമിയില്‍ ഈ രാജാവ് ചെറിയ ഒരു കൊട്ടാരം പണിതു, ചെറിയ കുടുമ്പവും ചെറിയ പരിചാരകര വൃന്ദവുമായ് ജീവിതമാരംഭിച്ച രാജാവിനു മീനച്ചിലാറിന്റെ ഇക്കരെവച്ചാല്‍ അക്കരെയെത്തുന്നതരം നീളമുള്ള ഒരു പേര്, 'മധുരൈ മന്നന്‍ മാനവിക്രമ കുലശേഖര പെരുമാള്‍',

തന്ത്രശാലിയായ രാജാവിനു നീളമുള്ള പേരിലുമുപരി നീളമുള്ള സാമ്രാജ്യമായിരുന്നു ലക്ഷ്യം... അടുത്ത രാജ്യങ്ങളൂടെ അതിരുകള്‍ മാന്തി മാന്തി രാജാവു വളര്‍ന്നുകൊണ്ടിരുന്നു...

ഏറെത്താമസിക്കാതെ തെക്കും കൂര്‍ രാജവംശത്തെ ഭാഗീകമായ് വിഴുങ്ങി... കൊടും കാടായിരുന്ന കിഴക്കന്‍ ഹൈറേഞ്ച് മലനിരകളും തന്റെ സാമ്രാജ്യത്തോടു ചേര്‍ത്തു 'മ.മ.മാ.കു. പെരുമാള്‍'. (പേരെഴുതാന്‍ എഴുതാനെളുപ്പത്തിനു ചുരുക്കിയതാണ്).

ഇങ്ങനെയാണു പൂഞ്ഞാര്‍ രാജവംശം കേരളത്തില്‍ ജന്മംകൊണ്ടത്.

'മ.മ.മാ.കു. പെരുമാളിന്റെ കാലശേഷം പിന്നീടു വന്ന പൂഞ്ഞാര്‍ രാജാക്കന്മാര്‍ക്ക് മിടുക്കും കാര്യശേഷിയും കുറവായിരുന്നിട്ടോ, തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് മിടുക്കും കാര്യശേഷിയും കൂടുതലായിരുന്നിട്ടോ... ഏതാണു ശരിയെന്നറിയില്ല, ആയിരത്തി എഴുന്നൂറ്റി അമ്പതിനു ശേഷം പൂഞ്ഞാര്‍ രാജവംശം മാര്‍ത്താണ്ഡവര്‍മ്മയുടെ ആശൃതരായിമാറി.

നൂറ്റാണ്ടൊന്നുകഴിഞ്ഞിട്ടും തിരുവിതാംകൂറിന്റെ മേല്‍ക്കോയ്മയില്‍നിന്നും പൂഞ്ഞാര്‍ രാജവംശം സ്വതന്ത്രമായില്ല. തന്റെ രാജ്യത്തെ പ്രജകള്‍ തന്നോടുള്ളതിലും ഭയ ഭക്തി ബഹുമാനവും വിശ്വാസവും എന്തുകൊണ്ട് തിരുവിതാംകൂര്‍ രാജാവിനോട് കാണിക്കുന്നു എന്ന ചിന്ത യുവരാജാവിനെ കുറച്ചൊന്നുമല്ല അലട്ടിയത്.

പ്രശ്നപരിഹാരത്തിനു തന്റെ മന്ത്രിക്കെന്തെങ്കിലും നിര്‍ദ്ധേശമുണ്ടോ എന്നറയാന്‍ രാജാവ് തീര്‍ച്ചയാക്കി.

"ആരവിടെ"
......
"ആ ര വി ടെ......"
......

രാജാവ് രണ്ടുപ്രാവശ്യം വിളിച്ചിട്ടും 'അടിയന്‍' എന്നുപറ്ഞ്ഞുവന്ന് കുമ്പിട്ടുനില്‍ക്കാനൊരുത്തനും വന്നില്ല... 'മന്തിയോട് നമ്മെ മുഖം കാണിക്കാന്‍ പറയു...' എന്ന് ആജ്ഞാപിക്കാന്‍ പഴുതില്ലാതെ രാജാവ് കണ്‍ഫ്യൂഷനായ്. അവസാനം രണ്ടും കല്പിച്ച് അലറി ഒരുവിളിയങ്ങ് വിളിച്ചു...

" മന്ത്രീയേ..... ..."

"ഓയ്..." ഊട്ടുപുരയില്‍നിന്നും ബഹുമാനപുരസരം മന്ത്രി വിളികേട്ടു...കഴിച്ചുകൊണ്ടിരുന്ന ആഹാരം മുഴുമിപ്പിക്കാനാവാത്തതിന്റെ അമര്‍ഷമൊന്നും പുറത്തുകാട്ടാതെ രാജാവിന്റെ മുമ്പില്‍ വന്നു കുമ്പിട്ടു..

"എന്താണ് തിരുമനസ്സ് രാവിലെതന്നെ കിടന്നു വിളിച്ചുകൂവുന്നത്....."

"വിളിച്ചുകൂവാതെന്തുചെയ്യും...നമുക്ക് ഒരു കാര്യമുണര്‍ത്തിക്കാന്‍ ഒരു പരിചാരകന്‍പോലും വിളിപ്പുറത്തില്ല എന്നു പറയുന്നത് ലജ്ജാവഹം തന്നെ"

"അത് തിരുമനസ്സെ... അന്തപ്പുരത്തിലെ പരിചാരകരുടെയും അംഗരക്ഷകരുടെയും എണ്ണം ചെലവുചുരുക്കലിന്റെ ഭാഗമായ് വെട്ടിച്ചുരുക്കിയത് അങ്ങേയ്ക്കും അറിയാമല്ലോ...ഭരണമെല്ലാം തിരുവിതാംകൂര്‍ ചക്രവര്‍ത്തി പറയുന്നതുപോലെയല്ലേ നടക്കു... അടിയന്‍ കൊട്ടാരത്തില്‍ അവശേഷിച്ച പത്തുഭടന്മാരേയും ഗോപുരവാതില്‍ക്കല്‍ കാവന്‍ നിറുത്തിയിരിക്കുകയാണ്.... പുറത്തുനിന്നു നോക്കുന്നവര്‍ക്ക് കൊട്ടാരത്തിലെ പഞ്ഞം മനസ്സിലാകരുതല്ലോ..."

"മന്ത്രീ...താങ്കളുടെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും അധികമായില്ല... നീരാട്ട് നടത്തിയില്ലങ്കിലും കൗപീനം കൊട്ടാരഗോപുരത്തിലെ പതാകയോടൊപ്പം കിടന്നുപാറട്ടെ..."

"അടിയനെ എന്തിനാണാവോ തിരുമനസ്സ് വിളിച്ചത്?.."

"നോം മന്ത്രിയെ വിളിച്ചതെന്തിനാണെന്നുവച്ചാല്‍ ...ഈയിടയായ് നമ്മുടെ പ്രജകള്‍ക്ക് നമ്മോടല്പം ബഹുമാനക്കുറവുണ്ടോ എന്നൊരു സംശയം....എന്താണു താങ്കളുടെ അഭിപ്രായം"

"അവിടുത്തെ സംശയം ശരിയല്ല പ്രഭോ.... പ്രജകള്‍ക്കവിടത്തോട് തീരെ ബഹുമാനമില്ലന്നുപറയുന്നതാവും ശരി"

"നമുക്കെന്താണു മന്ത്രീ ഒരു കുറവ്...."

"തിരുമനസ്സിനു തിരുവുള്ളക്കേടുണ്ടാവില്ലങ്കില്‍ ഞാന്‍ കാര്യം പറയാം..... ഞാനിടയ്ക്കെല്ലാം നേരമന്തിയാകുമ്പോള്‍ തലയില്‍ മുണ്ടിട്ട്, അവിടുത്തെ പ്രജകളുടെ ക്ഷേമമറിയാനായ് ചില സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങാറുണ്ട് .... ആ പോക്കില്‍ കിട്ടിയ ഒരു വാര്‍ത്തയാണ്"

"എന്തായാലും മടിക്കാതെ പറയു..."

"അവിടന്നൊരു ഭീരു വാണെന്നാണ് ജന സംസാരം പ്രഭോ... ധീരനായ ഒരു രാജാവിനെയെ പ്രജകള്‍ ബഹുമാനിക്കു..."

"നോം ഒരു ധീരനാണെന്ന് നമ്മുടെ പ്രജകളെ എങ്ങിനെ കാട്ടിക്കൊടുക്കും മന്ത്രി.... കള്ളിയങ്കാട്ടിലൂടെ പാതിരായ്ക്ക് ഒറ്റയ്ക്കൊരു സവാരി നടത്തിയാലോ..."

"തമ്പുരാനുവേറെ പണിയൊന്നുമില്ലേ.... കള്ളിയങ്കാട്ടിലൂടെ കൊച്ചുകുട്ടികള്‍പോലും ഒറ്റയ്ക്ക് നടക്കുന്നു.."

"പിന്നെ നോം എന്തുവേണമെന്നാ മന്ത്രിയുടെ അഭിപ്രായം"

" തിരുമനസ്സെ അവിടുത്തെയ്ക്കറിയാമല്ലോ തിരുവിതാംകൂര്‍ ചക്രവര്‍ത്തി അനന്തപുരിയിലൊരു മൃഗശാല തുടങ്ങിയ കാര്യം...അവിടേയ്ക്ക് കടുവ പുലി കാട്ടുപോത്ത് തുടങ്ങി സഹല വന്യമൃഗങ്ങളെയും ചക്രവര്‍ത്തി നേരിട്ട് കാട്ടില്പോയ് പിടിച്ചുകൊണ്ടുവന്നതാണ്...അതിനു ശേഷം തിരുവിതാംകൂറില്‍ മാത്രമല്ല ഈ പൂഞ്ഞാറ്റില്‍ വരെ ചക്രവര്‍ത്തിതിരുമനസ്സിന്റെ യശസ്സ് വാനോളമുയര്‍ന്നു... അവിടുന്ന് അത്രയൊന്നും ചെയ്യണമെന്ന് ഞാന്‍ പറയില്ല... കുറഞ്ഞപക്ഷം കാട്ടില്‍ പോയ് ഒരു മൃഗത്തെ വേട്ടയാടി കൊന്നെങ്കിലും കൊണ്ട് വരണം "

" അതൊരു നല്ല ആശയം തന്നെ മന്ത്രി...നമ്മള്‍ ഇന്നുതന്നെ കൊട്ടാരത്തിന്റെ തെക്കുവശത്തുള്ള കുറ്റിക്കാട്ടില്‍ വേട്ടയ്ക്കുപോകുന്നു..."

"കുറ്റിക്കാട്ടിലോ ...കൊള്ളാം, കാട്ടുമുയലിനേം എലികളെയും പിടിച്ച് ഒരു വള്ളിയില്‍ കോര്‍ത്ത് കഴുത്തിലണിഞ്ഞ് രാജവീഥിയിലൂടെ നടന്നുവരണം....തമ്പുരാനെ ഉള്ള വിലകൂടി കളയല്ലേ...നമ്മുടെ സ്വന്തം കാടല്ലേ തിരുമനസ്സെ കിഴക്കന്മലകളില്‍ നെടുനീളം കിടക്കുന്നത്...കയറി ഒരു പൂശങ്ങ് പൂശ് "

"കിഴക്കന്മലയിലോ....നമ്മള്‍ അത്രയും അകലെപ്പോകുമ്പോള്‍ ഇവിടുത്തെകാര്യങ്ങള്‍ കുഴഞ്ഞുമറിയില്ലേ.."

"തിരുമനസ്സേ നമ്മള്‍ രണ്ടാളും കൂടി വേട്ടയ്ക്കുപോയാലുള്ളകുഴപ്പം മറ്റൊന്നാണ്...അവിടുന്നൊരു മൃഗത്തെ ഒറ്റയ്ക്ക്പിടിച്ചാലും ജനങ്ങള്‍ എന്തുപറയും, ...മന്ത്രികൂടെയുള്ളതുകൊണ്ട് കാര്യം നടന്നു. അതൊഴിവാക്കുന്നതല്ലെ നല്ലത്. അവിടുന്ന് ധൈര്യമായ് പോണം കൊട്ടാരത്തിലെ കാര്യമെല്ലാം അടിയന്‍ നോക്കിക്കൊള്ളാം"

"വനത്തില്‍ ഒറ്റയ്ക്ക് പോകുന്നതിലും നമുക്ക് ഭയം മന്ത്രിയെ കൊട്ടാരത്തില്‍ ഒറ്റയ്ക്ക് വിട്ടിട്ടുപോകുന്നകാര്യമോര്‍ക്കുമ്പോഴാണ്...ഏതായാലും നോം വേട്ടയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. കഴിഞ്ഞ മാസം ആ വെള്ളക്കാരന്‍ കൊട്ടാരം സന്ദര്‍ശ്ശിക്കാന്‍ വന്നപ്പോള്‍ നമുക്ക് കാഴ്ചവച്ച ആ ഇരട്ടക്കുഴല്‍ തോക്ക് ഇങ്ങെടുത്തുതരു...നോം പരിശീലനം നടത്തട്ടെ"

ഇരട്ടക്കുഴല്‍ തോക്കുമായ് രാജാവ് കുറ്റിക്കാട്ടിലേയ്ക്ക് പോകാനിറങ്ങിയപ്പോള്‍ മന്ത്രി പറഞ്ഞു.

"തിരുമനസ്സേ ഈ കുറ്റിക്കാട്ടിലെ മുയലുകളെ വെടിവയ്ക്കാന്‍ വളരെ പരിചയ സമ്പന്നരായ വെടിക്കാര്‍ക്കേ കഴിയു; പ്രത്യേകിച്ചും ആളനക്കം കണ്ടാല്‍ ഇവറ്റകള്‍ ഓടിക്കളയും. ഒരു തുടക്കക്കാരനെന്നനിലയില്‍ അങ്ങേയ്ക്ക് ധൈര്യമായ് കിഴക്കന്‍ മലകളിലേയ്ക്ക് പോകാം. ഒരു കാട്ടുപോത്തിനേയോ കാട്ടാനയേയോ വെടിവയ്ക്കുന്നത് മുയലുകളെ വെടിവയ്ക്കുന്നതിലും എന്തെളുപ്പമാണ്, കാരണം ഉന്നം പിഴക്കില്ല, വെടി എവിടേലും കൊണ്ടിരിക്കും. മുയലിനേപ്പോലെ അവറ്റകള്‍ തിരിഞ്ഞോടില്ല...നേര്‍ക്കുനേരെ നിന്നുംതരും"

"എങ്കിലും ഒരു പരിശീലനം നല്ലതല്ലേ മന്ത്രീ..." രാജാവ് കുറ്റിക്കാട്ടിലേയ്ക്ക് നന്നു.

മന്ത്രി അവധിപോലുമെടുക്കാതെ മീനച്ചിലാറുംകടന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഭാര്യവീട്ടിലേയ്ക്ക് പോയി. കാരണം രാജാവ് ആദ്യമായിട്ടായിരുന്നു തോക്കുപയോഗിക്കുന്നത്.


(തുടരും)

12 comments:

(സുന്ദരന്‍) said...

മണ്ണിലേക്കരിച്ചിറങ്ങാനുള്ള പഴുതുകാണാതെ വെളിച്ചം പച്ചമേലാപ്പിനുമുകളില്‍ വഴിതെറ്റിഅലയുമ്പോള്‍ ഇടുങ്ങിയ ചെങ്കുത്തായ വഴിയിലൂടെ സ്വരാജ് ബസ്സ് അതിന്റെ ലക്ഷ്യത്തിലേയ്ക്ക് ഇഴഞ്ഞുകയറി.

ചിമ്മാരു മറിയം നാലാം ഭാഗം

ശാലിനി said...

ചിമ്മാരു മറിയത്തെ വിട്ടിട്ട് രാജവംശത്തിന്റെ കഥയിലേക്കാണല്ലോ പോക്ക്. എന്തായാലും വായിക്കാന്‍ രസമുണ്ട്. നര്‍മ്മത്തോടൊപ്പം അറിവും കിട്ടുന്നു.

സു | Su said...

ശാലിനിയുടെ അഭിപ്രായം പോലെ, കഥ, ആസ്യത്താത്തയെ വിട്ട്, ചിമ്മാരു മറിയത്തെ വിട്ട്, രാജാവിന്റെ അടുത്തെത്തിയല്ലോ.

sandoz said...

സുന്ദരാ..ഡണ്‍....
ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌.......
ഒരു രാജവംശത്തിന്റെ കഥ പറയാനുള്ള ശ്രമം നന്നായി......
പതുക്കെ.... സൂക്ഷിച്ച്‌...
ലക്കം എത്ര നീണ്ടാലും കുഴപ്പമില്ലാ....
വേഗം അവസാനിപ്പിക്കണം എന്ന ചിന്ത വന്നാല്‍ ഈ ഫ്ലോ പോകും....

അടുത്തത്‌ വേഗം പോരട്ടേ....

(സുന്ദരന്‍) said...

ശാലിനിക്കും സുവിനും സാന്‍ഡോസിനും നന്ദി....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും-

ശാലിനിയും സു-വും പറഞ്ഞത് ശരിയാണ്. ചിമ്മാരു മറിയത്തിനെയും ആസ്യത്താത്തയേയും വിട്ട് കഥ കാടുകയറി.


ചിമ്മാരുമറിയം നാട്ടുകവലയിലെ ആദ്യകുടിയേറ്റക്കാരിയായിരുന്നു (1931). മറിയത്തിന്റെ കഥ ഒരു രണ്ടു പോസ്റ്റില്‍ പറഞ്ഞ് അവസാനിപ്പിക്കാമെന്നായിരുന്നു ഞാന്‍ കരുതിയത്. ആദ്യ പോസ്റ്റ് വായിച്ചവര്‍ ഇതൊരു നീണ്ടകഥയാക്കാനും, കുടിയേറ്റത്തിന്റെ കഥപറയാനും, പറയാനുള്ളകാര്യം ഇടയ്ക്കുനിര്‍ത്താതെ പറഞ്ഞുതന്നെ തീര്‍ക്കണം എന്നും‌മറ്റുമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞപ്പോഴാണ് - ആസ്യത്താത്തയും, ബ്രിട്ടീഷ് ഫിന്‍ലെ കമ്പനിയും, പൂഞ്ഞാര്‍ രാജാവും കഥയില്‍ കടന്നുവന്നത്.

ഹൈറേഞ്ചിലെ വനങ്ങള്‍മുഴുവനും പൂഞ്ഞാര്‍ രാജകുടുമ്പത്തിന്റെ കൈകളിലായിരുന്നു- വെറും നൂറുവര്‍ഷങ്ങള്‍കൊണ്ട് കാട് നാടായ്മാറിയ കഥപറയുമ്പോള്‍ ഇതിനെല്ലാം തുടക്കം കുറിച്ച കേരളവര്‍മ്മ രാജാവിനെക്കുറിച്ചും ജെ.ഡി. മണ്‍റോ സായ്പ്പിനെക്കുറിച്ചും പറയാതിരിക്കാനാവില്ലല്ലോ.

രാജാവ് കാട്ടില്‍ വേട്ടയ്ക്കുപോയതും ഒരു കാട്ടുപന്നി രാജാവിനെ പേടിപ്പിച്ചതും ചരിത്ര സംഭവമാണ്....
വനം വെട്ടിത്തെളിക്കാന്‍ അതും ഒരു കാരണമായി എന്നാണ് പറയപ്പെടുന്നത്...

അപ്പോള്‍ ശാലിനിയും സു വും ഇനിയും വരണം - അഭിപ്രായങ്ങള്‍ പറയണം.. കഥ ചുരുക്കണമെങ്കില്‍ ചുരുക്കാം... നീട്ടണമെങ്കില്‍ നീട്ടാം -

സുന്നരന്‍

SAJAN | സാജന്‍ said...

ഒരിക്കലും അരുത് ഒരു വായനക്കാരന്‍ എന്ന നിലയിലുള്ള സജഷന്‍സ് ചുരുക്കാന്‍ ശ്രമിക്കരുത്.. തമാശ ചേര്‍ക്കാനുള്ള ശ്രമത്തില്‍ ചരിത്രം വളച്ചൊടിക്കരുത്!..
എഴുത്തിന്റെ ശൈലി ഒക്കെ ഗംഭീരം..
qw_er_ty

G.manu said...

"മന്ത്രീ...താങ്കളുടെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും അധികമായില്ല... നീരാട്ട് നടത്തിയില്ലങ്കിലും കൗപീനം കൊട്ടാരഗോപുരത്തിലെ പതാകയോടൊപ്പം കിടന്നുപാറട്ടെ..."

aliyaaaaaa chirichu atappilaki..
aduthathu poratte mashey

Pramod.KM said...

ഹഹ.സുന്ദരന്‍ ചേട്ടാ...കലക്കി മറിച്ചു കേട്ടാ‍ാ...
നറ്മ്മത്തില്‍ പൊതിഞ്ഞ ചരിത്രം വായനക്ക് ഗുണം ചെയ്യാം.തുടരൂ...;)

വേണു venu said...

ഹാഹാ സുന്ദരാ..
രാജ ചരിതം കഴിഞ്ഞും തുടരട്ടെ.:)

ശിശു said...

സുന്നരാ.. അടിപൊളി. ബാക്കികൂടി പോരട്ടെ.

(സുന്ദരന്‍) said...

test...

സതീശ് മാക്കോത്ത് | sathees makkoth said...

ചുന്ദരോ,ചിമ്മാരു മറിയം ഇത്രേം ആയോ. വായിക്കാന്‍ പറ്റിയില്ല.
എന്തായാലും ഞങ്ങ ഇന്നിത് മുഴുവനും വായിക്കണുണ്ട് കേട്ടാ...