Thursday, 24 May, 2007

ചിമ്മാരുമറിയം - 10

സുലൈമാന്‍ മരയ്ക്കാര്‍ (ചിമ്മാരുമറിയം - 10)


"ഉമ്മോ... ങ്ങളിവിടെ കെസ്സും പറഞ്ഞിരുന്നാ കടയിലെക്കാര്യം എടങ്ങേടാവൂട്ടാ."

വെളുത്ത് സുമുഖനായ ഒരു യുവാവ് അവിടേയ്ക്ക് കടന്നുവന്നു..

"ആരിത് റഹ്‌മാനാ... ജ്ജെന്താണു ബരാത്തെ ബരാത്തേന്നോര്‍ത്തിരിക്കയാര്‍ന്നു. ബയസ് പത്തുമുപ്പത്താറാകാന്‍പോണ് ഇബനെക്കൊണ്ട് ഞമ്മള് തോറ്റ്.... ബാപ്പാന്റെ പേര് ബടക്കാക്കാനൊണ്ടായ പഹയന്‍"

ആസ്യത്താത്തായ്ക്ക് ഇത്രയും വലിയ മകനോ!... മറിയത്തിനു വിശ്വസിക്കാനായില്ല..

"ന്റെ ബാപ്പാ ഇങ്ങളെ നിക്കാഹു കയിച്ചതേ ചായത്തോട്ടത്തിബന്ന് കുത്തിയിരിക്കാനെക്കൊണ്ട... ന്റെ കാര്യങ്ങള് ബെടിപ്പായിട്ട് നോക്കാനെക്കൊണ്ടാ" യുവാവ് താത്തായെ പ്രകോപിപ്പിച്ചു.

"ജ്ജെന്റെ കൈബടക്കാക്കാണ്ട് പൊയ്ക്കോളിന്‍... ഹിമാറെ" ആസ്യത്താത്ത കയ്യോങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റപ്പോള്‍ യുവാവ് വന്നവഴിക്ക് തിരിച്ചോടി....

"ഉമ്മാ കടേല് അരിക്കച്ചവടക്കാരു തമിഴമ്മാരു ബന്നേക്കണ്... ഉമമ ബന്നൊന്ന് ബെലപേശുമമാ... ന്നെ അവമ്മാരു കളിപ്പിക്കാന്‍ നോക്കണ്...." പോണപോക്കില്‍ അവന്‍ വിളിച്ചുപറഞ്ഞു.

ഹി..ഹി..ഹി... ആസ്യത്താത്ത എന്തോ ഓര്‍ത്തിരുന്നു ചിരിക്കുകയാണ്...

"ഓന്‍ പറഞ്ഞതു മോളു കേട്ടാ... ഓന്റെ കാര്യങ്ങളുനോക്കാനാണ് ഓന്റെ ബാപ്പാ ഞമ്മളെ നിക്കാഹ് കയിച്ചതെന്ന്... മുയുവനുംശത്യാണ്. ഓനെ ഞമ്മള് പെറ്റില്ലാന്നെയൊള്ള്...ബളത്തി ബലുതാക്കീതീ കയ്യികൊണ്ടാ..." പഴയ കാര്യങ്ങള്‍ പറയുമ്പോള്‍ ആസ്യത്താത്തായുടെ കണ്ണുകള്‍ക്ക് നല്ല തിളക്കം, പുഞ്ചിരിയോടെ ഉമ്മാ തുടര്‍ന്നു....

" നിക്കാഹുകയിഞ്ഞന്ന് സുലൈമാനിക്കാ ഓനെയെടുത്ത് ഞമ്മടെ കയ്യിമ്മെബച്ചുതന്നിട്ട് പറ്ഞ്ഞതെന്താണെന്ന് കേക്കണ്ടെ അനക്ക്.... ആസ്സ്യാ... ജ്ജാണ് ഇനി ഓന്റെ ഉമ്മാ .... ഓനൊരു എറ്റങ്ങേറുംബരുത്താണ്ട് ജ്ജ് ബേണം ഇനി നോക്കാന്‍. ഞമ്മക്കന്ന് പതിമൂന്ന്ബയസ് പ്രായം ...ഓന് ഒരു ബയസീത്തായെ... ബെശന്ന് കരഞ്ഞ് ഓനന്ന് പാലന്നേശിച്ചകാര്യം..... ഇന്നാളീന്ന്പറഞ്ഞപോലെ ഓര്‍ക്കണ്..."

"അപ്പോള്‍ റഹ്‌മാന്റെ ഉമ്മാ?...." മറിയം ചോദിച്ചു

"ഓള്ങ്ങ് ബടക്കേരാജിയക്കാരിയാര്‍ന്ന്.... സുലൈമാനിക്കാടെ ആദ്യത്തെ ബീടര്. ഇക്ക ലാഹോറിലാരുന്നപ്പം നിക്കാഹുചെയ്തതാണ്... ഓള് മയ്യത്തായ്, ഓളുടെ ബീട്ടുകാരു കൊന്നതാണെന്നാ പറേണത്.ഈ കതകളു മുയ്‌വനും പറഞ്ഞുതരാതെകൊണ്ട് അന്നെ ഇപ്രാവശ്യം ഞമ്മള് ബിടൂല്ല... ഇപ്പ ഞമ്മക്ക് പീടിയേലൊന്ന് പോയ്നോക്കാം എന്തൂട്ട് എടങ്ങേറാണൊണ്ടാക്കി ബച്ചേക്കണേന്ന്..."

ആസ്യത്താത്തയും മറിയവും തേയിലച്ചെടികള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ നടന്നു. സൂര്യന്‍ തലയ്ക്കുമുകളില്‍ എത്താറായിട്ടും മൂന്നാറിലെ വെയിലിനുപോലും കുളിരായിരുന്നു. കോടമഞ്ഞിന്റെ പാളികള്‍ തേയിലച്ചെടികളെ തഴുകി അലസമായ് ഒഴുകിനടക്കുന്നു. റേയ്സ് കോഴ്സില്‍ നിന്നും കുതിരകളുടെ കുളമ്പടി ശബ്ദം കേള്‍ക്കാം.

പുഴയുടെ അരികിലായ് ധാരാളം പൈന്‍‌മരങ്ങള്‍...മരത്തിലിരുന്ന് പാടുന്ന ഒരുപാടുതരം കിളികള്‍...പഞ്ഞമാസങ്ങളില്പോലും വിരുന്നുകാരെ വിളിച്ചുവരുത്തി വീട്ടുകാരെ ദ്രോഹിക്കുന്ന കറുത്ത പക്ഷികളുടെ ക്രാ... ക്രാ.... സംഗീതംമാത്രം അവിടെയെങ്ങും കേള്‍ക്കാനുണ്ടായിരുന്നില്ല..

** ** ** ** ** **

സുലൈമാന്‍ അഹമദ് മരയ്ക്കാര്‍... കളരി അഭ്യാസി, മര്‍മ്മങ്ങളിലെല്ലാം ചൂണ്ടാന്‍ വിരുതുളളവന്‍ എല്ലാറ്റിനും പുറമെ നല്ലൊന്നാന്തരം തിരുമ്മുകാരന്‍. കൊച്ചിയിലെ തറവാട്ടുവീട്ടില്‍നിന്നും ബാപ്പായോടു പിണങ്ങി പത്തൊമ്പതാമത്തെ വയസില്‍ നാടുവിടുന്നു.

കറങ്ങിത്തിരിഞ്ഞ് അവസാനം ലാഹോറിലുള്ള മൂത്താപ്പായുടെ വീട്ടില്‍ ചെന്നെത്തി.

മുഗള്‍ രാജാക്കന്മാരുടെ കാലത്തെങ്ങാണ്ടു പണികഴിപ്പിച്ചെതെന്നു പറയപ്പെടുന്ന 'ഹാജി ഹം‌മം' പൊതു കുളിപ്പുര വാടകയ്ക്കെടുത്ത് സായിപ്പുമാരെയും സമ്പന്നരായ നാടപ്പന്മാരെയും കളിപ്പിച്ചും കുളിപ്പിച്ചും കിടത്തുന്ന ബിസിനസ്സായിരുന്നു ലാഹോറി മൂത്താപ്പയ്ക്ക്.


സുലൈമാന്റെ വരവോടെ കുളിപ്പുര ഉഷാറായ്... ഉഴിച്ചില്‍ പിഴിച്ചില്‍ പുഴുങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സുലൈമാന്‍ ഏറ്റെടുത്തതോടെ മൂത്താപ്പാന്റെ പണപ്പെട്ടിയില്‍ പണം കുമിഞ്ഞുകൂടാന്‍ തുടങ്ങി. വെള്ളിത്തുട്ടുകള്‍ കിലുങ്ങുന്നപോലായിരുന്നു അക്കാലത്ത് മൂത്താപ്പ ചിരിച്ചിരുന്നത്.

അക്കാലത്താണ് സുലൈമാന്‍ ഒരു പഞ്ചാബി ഹിന്ദു സ്ത്രീയുമായ് പ്രണയത്തിലാവുകയും, രഹസ്യമായ് അവളെ വിവാഹം കഴിച്ചുകൂടെപ്പാര്‍പ്പിക്കുകയും ചെയ്തത് മൂത്താപ്പായുടെ ഒത്താശയോടെ ആയിരുന്നു. സുലൈമാനും മൂത്താപ്പയും അടയും ചക്കരയും പോലെ കഴിഞ്ഞിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ടോബിയെന്ന സായിപ്പ് അടയില്‍നിന്നും ചക്കര അടര്‍ത്തിയെടുത്തത്.


ലാഹോറിനടുത്തുള്ള അത്താരിയില്‍ കരിമ്പും പുകയിലയും വന്‍‌തോതില്‍ കൃഷിചെയ്തിരുന്ന മാര്‍ട്ടിന്‍ ടോബി എന്ന യുവ ബ്രിട്ടീഷ് പ്ലാന്റര്‍ എവിടെയോ കയറി വീണ് കാലിന്റെ കുഴതെറ്റിയത് ഒരു ചരിത്ര സംഭവമല്ലായിരിക്കാം; എന്നാല്‍ അതോടെയാണ് സുലൈമാന്റെ നല്ലകാലവും മൂത്താപ്പായുടെ കഷ്ടകാലവും ആരംഭിക്കുന്നത്.


സുലൈമാന്‍ അഹമദ് എന്ന മിടുമിടുക്കനായ തിരുമുകാരനെക്കുറിച്ച് കേട്ടറിഞ്ഞ ടോബി സായിപ്പ് ഒരു പരീക്ഷണമായിട്ടായിരുന്നു കുഴതെറ്റിയ തന്റെ കാല്‍ ഉഴിയാന്‍ വിട്ടുകൊടുത്തത്. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുത കരമായ സൗഖ്യം അനുഭവപെട്ടപ്പോള്‍ സായിപ്പ് സുലൈമാന്‍ ഫാനായ്മാറി. തല്ഫലമായ് സുലൈമാന്‍ ലാഹോറിലെ കുളിപ്പുരയില്‍നിന്നും അത്താരിയിലെ സായിപ്പിന്റെ ബംഗ്ലാവിലേയ്ക്ക് സകുടുമ്പം പറിച്ചുനടപ്പെട്ടു.


ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരം കത്തിജ്വലിക്കുന്ന കാലമായിരുന്നതിനാല്‍ അത്താരിയിലെ തോട്ടങ്ങളിലും പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങിയിരുന്നു. പത്താന്മാരും അഫ്രിദികളും സിക്കുകാരുമൊക്കെയാണ് സായിപ്പിന്റെ തലയെടുക്കാന്‍ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്നത്. സുലൈമാനു താന്‍ മസാജു ചെയ്യുന്ന സായിപ്പിന്റെ ബോഡി മറ്റാരും കയറി കശാപ്പുചെയ്യാതെ നോക്കുന്ന ജോലിയായിരുന്നു അക്കാലത്ത് മുഖ്യം.

മാര്ട്ടിന്‍ ടോബി ഇന്ത്യയെയും ഇന്ത്യാക്കാരെയും വളരെയധികം ബഹുമാനിച്ചിരുന്നവനും ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഭരണം തുടരുന്നതിനെ എതിര്‍ത്തിരുന്നവനും ഒക്കെയാണ്.... പക്ഷെ കൃപാണിനൊരു പൂശുകിട്ടിക്കഴിഞ്ഞിട്ട് അതാരുന്നു....ഇതാരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.


സിലോണിലെ തേയിലത്തോട്ടങ്ങളുടെ മേല്‍നോട്ടത്തിനായുള്ള വന്‍ ഓഫര്‍ ടോബി സായിപ്പിനു ലഭിച്ചത് അക്കാലത്താണ്. ഇന്‍ഡ്യവിടാന്‍ വലിയ താല്പര്യമില്ലായിരുന്നിട്ടുകൂടി സ്വന്തം സുരക്ഷയെമാത്രംകരുതിയാണ് സായിപ്പ് കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ് മാറിയ സുലൈമാനെയും കുടുമ്പത്തെയും കൂടെകൂട്ടാന്‍ സായിപ്പിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. എന്നാല്‍ വിധിയെ തടുക്കാന്‍ ആര്‍ക്കുകഴിയും.


ഒരു ഇസ്ലാമിനെ വിവാഹംകഴിച്ച ഹിന്ദുസ്ത്രീയെ ജീവനോടെയിരിക്കാന്‍ സമൂഹം അനുവദിച്ചില്ല. തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ അവള്‍‍കൊലചെയ്യപ്പെട്ടു. ജനിച്ചിട്ട് രണ്ടുമാസം പോലും പ്രായമാകാത്ത കുഞ്ഞിനെയുമെടുത്ത് സുലൈമാന്‍ മരയ്ക്കാര്‍ക്ക് തന്റെ ജന്മനാട്ടിലേയ്ക്ക് രാത്രിയില്‍ ഓടിപ്പോരേണ്ടിവന്നു; അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ ഒളിച്ചോട്ടമായിരുന്നു അത്.

(തുടരും)


8 comments:

(സുന്ദരന്‍) said...

സുലൈമാന്‍ മരയ്ക്കാരും മാര്‍ട്ടിന്‍ ടോബിയും ആദ്യമായ് കണ്ടുമുട്ടുന്നത് ലാഹോറില്‍ വച്ചായിരുന്നു.... അതു കൊണ്ടു മാത്രം നോര്‍ത്ത് ഇന്‍ഡ്യയിലേക്കൊന്നു പോയ്...
മൂന്നാറിലേയ്ക്കുള്ള ഏറ്റവും വലിയ കുടിയേറ്റത്തിനു കളമൊരിക്കിയവരാണിവര്‍ രണ്ടും...

ഇവരുടെ ചരിത്രം പറയാതെങ്ങിനെ മൂന്നാറിന്റെ ചരിത്രം പറയും?....

SAJAN | സാജന്‍ said...

ഠേ!!
ഒരു തേങ്ങ ഇന്ന് സുന്ദരന് എന്റെ വകയായിക്കൊള്ളട്ടേ..
സംഭവം സീര്യസാവുകയാണല്ലൊ:)

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദര്‍ജീ,
സം‌ഭവം തുടരൂ.നന്നാവുന്നുണ്ട് എന്ന് എപ്പോഴുമെപ്പോഴും പറയണോ?

വേണു venu said...

സുന്ദരാ വായിക്കുന്നു. ഈ ലക്കത്തേക്കാള്‍‍ 9 കൂടുതലിഷ്ടപ്പെട്ടു. രണ്ടിനുമായൊരു കമന്‍റു്. തുടരുക.ഹൃദ്യമാകുന്നു.:)

ആവനാഴി said...

ഹൈ സുന്ദര്‍,

കഥയങ്ങനെ കൊഴുക്കുന്നു. രസകരമായി വായിച്ചു. ചിമ്മാരുമറിയം അങ്ങിനെ മൂന്നാറിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലേക്കൊളിവീശിയാണല്ലോ മുന്നേറുന്നത്.

അടുത്തതിനായി കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി

sandoz said...

പക്ഷെ കൃപാണിനൊരു പൂശുകിട്ടിക്കഴിഞ്ഞിട്ട് അതാരുന്നു....
ഇതാരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഈ കീറ്‌ കലക്കി....
പിന്നേ...
എപ്പഴുമെപ്പഴും തുടരെടോ......നന്നായി...
എന്നൊന്നും പറയാന്‍ എന്നെകൊണ്ട്‌ പറ്റൂലാ.....
ഹയ്‌...ഇയാള്‍ തുടരടോ.....
നന്നായീടോ..
ഇങ്ങനെ പറയാനേ പറ്റോള്ളൂ..

കുതിരവട്ടന്‍ | kuthiravattan said...

തമാശയേക്കാള്‍ നന്നായി സീരിയസ് കഥകള്‍ എഴുതാന്‍ അറിയാമല്ലേ. വളരെ നന്നായിരിക്കുന്നു.

ശാലിനി said...

യ്യോ ഞാനീ പോസ്റ്റ് ഇന്നാണല്ലോ കണ്ടത്. ഈയിടെയായി വായിക്കാനിഷ്ടമുള്ള പല പോസ്റ്റുകളും താമസിച്ചാണ് കാണുന്നത്.

സുന്ദരാ ഇത്രയും നന്നായി ഈ കഥകളൊക്കെ ആരാ പറഞ്ഞുതന്നത്? ഇതൊക്കെ അടുക്കും ചിട്ടയോടും എഴുതാന്‍ ഏത് ആസ്യാത്തയാണ് സഹായിക്കുന്നത്?

ആ റോമാകാഴ്ചയിലും ഒരു പോസ്റ്റിടൂ.