Saturday, 21 April, 2007

കടിഞ്ഞൂല്‍‌പേറ്

ചക്കരയുണ്ട ആശാന്റെ കീഴില്‍ കളരിയഭ്യാസം കഴിഞ്ഞ് ഞാനും എന്റെ വല്യേട്ടനും കൊച്ചേട്ടനും ചേച്ചിയും പഠിച്ച അതേ കോണ്‍‌വെന്റ് സ്കൂളില്‍ത്തന്നെ ചേര്‍ന്നുപഠിക്കാന്‍ തീരുമാനിച്ചു...

ഞങ്ങളുടെ സ്കൂള്‍ ഊട്ടിയില്‍നിന്നും വെറും മുന്നൂറ്കിലോമീറ്റര്‍ അകലെ വെള്ളത്തൂവല്‍ എന്ന സ്ഥലത്തായിരുന്നു. പാമ്പിന്റെ പുറത്തുനില്‍ക്കുന്നകുതിരപ്പുറത്ത് കുന്തം‌പിടിച്ചിരിക്കുന്ന പുണ്യാളന്റെ പേരില്‍ സ്ഥാപിതമായ ആ സ്കൂളിലേയ്ക്ക് പുതിയ ബേഗും പുതിയ കുടയും പുതിയ സ്ലേറ്റും പെന്‍സിലും ഒക്കെയായ് ഞാനും ജൂണ്‍‌മാസ മഴയുടെ അകമ്പടിയോടെ കടന്നുചെന്നു.

ആദ്യ ദിവസം തന്നെ ഞങ്ങളുടെ ക്ലാസ്ടീച്ചര്‍ ക്രിസ്റ്റീലാമ്മ എന്റെ സ്ലേറ്റില്‍ ഒരഭിപ്രായമെഴുതിത്തന്നു....

"തറ..."

പവ്വര്‍ ഹൗസിലെ എക്സിക്കൂട്ടിവ് എഞ്ചിനീയറുടെ മകന്‍ ബിജുതാനുവിന്റെ താഴെവീണാല്‍ ഉടയാത്തതരം വിലയേറിയ പാട്ട സ്ലേറ്റില്‍ എഴുതിയത്... "തല" (അവരപ്പനും മോനും തലയുള്ളകൂട്ടത്തില്‍ പെട്ടവരല്ലേ..)

കള്ളുകുടിയന്‍ മാത്തുച്ചേട്ടന്റെ പുന്നാര മകളുടെ സ്ലേറ്റില്‍ എഴുതിക്കൊടുത്തത് "പന.."

ഇത്തരം മുഖംനോട്ടവും തരംതിരിവുമുള്ള ഒരു സ്കൂളില്‍ പഠിക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിക്കാത്തതിനാലാണ് ഞാന്‍ അവിടെ പഠിപ്പിച്ചകാര്യങ്ങള്‍ ഒന്നും പഠിക്കാതിരുന്നത്.

പഠനത്തില്‍ മോശമായപ്പോള്‍ നിലനില്പിന്റെ ഭാഗമായിട്ടായിരിക്കണം ഞാന്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിക്ടീസിലേയ്ക്ക് തിരിഞ്ഞത്.... വളരെ താമസമില്ലാതെ ഞാന്‍ ഞങ്ങളുടെ സ്കൂളിലെ ഏറ്റവും നല്ല ഗായകനെന്നു പേരെടുത്തു.

ഞാന്‍ ഒരു ഗായകനായ് മാറിയതിന്റെ ഫുള്‍ക്രെഡിറ്റും എന്റെ വീട്ടുകാര്‍ക്കാണ്...വീട്ടിലെ ഏറ്റവും ഇളയമകന്‍ എന്നനിലയില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം വലിയ വായില്‍ കരഞ്ഞ് കരഞ്ഞ് ചെറുപ്രായത്തില്‍ തന്നെ എന്റെ സ്വരം തെളിഞ്ഞിരുന്നു.

ശുദ്ധ സംഗീതത്തിനു ശക്തമായ് മഴപെയ്യിക്കാന്‍ കഴിയുമെന്ന് മൂന്നാം ക്ലാസ്സില്‍ പഠീക്കുമ്പോള്‍ത്തന്നെ ഞാന്‍ തെളിയിച്ചുകൊടുത്തിരുന്നു....സംഭവം ഇങ്ങനെ - ഒരു ജൂലൈ മൂന്നാം തിയതി വി. തോമാസ്ലീഹാ ഭാരതത്തില്‍ വന്നതിന്റെ ഓര്‍മ്മ സ്കൂളില്‍ ആചരിച്ച ദിവസം...

"ഭാരതം കതിരുകണ്ടു...
ഭൂമുഖം തെളിവുകണ്ടു
മാര്‍ത്തോമാ നീതെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്
‍ആനന്ദ കാന്തികണ്ടു.... "

ഈ ഗാനം ഞാന്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ തുടങ്ങിയ മഴ നാലുമണിക്ക് സ്കൂള്‍ വിടുന്നതുവരെ പെയ്തു. പെരും മഴയത്ത് വീട്ടില്‍‌പോകാന്‍ വയ്യാതെ പിഞ്ചുകുട്ടികള്‍ വലഞ്ഞപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു.... ഇനി മേലാല്‍ പാട്ടുകള്‍ പാടുമ്പോള്‍ അല്പം മയത്തില്‍ പാടുക...

എഴുത്തുകാരന്‍ എത്രനന്നായിട്ടെഴുതിയാലും മഴപെയ്യില്ല...അഥവാ പെയ്താലും അത് കമന്റ് മഴയായിരിക്കും എന്ന തിരിച്ചറിവൊന്നും അന്നെനിക്കില്ലായിരുന്നു, എങ്കില്‍കൂടി എന്തെങ്കിലുമൊക്കെ എഴുതണം എന്ന ഒരു മോഹം എന്നെ പിടികൂടി....

എഴുതണം എന്നമോഹവും പേറി ഞാന്‍ ആ കാലം മുഴുവന്‍ നടന്നിട്ടും വര്‍ഷാവസാന പരീക്ഷയല്ലാതെ വേറൊന്നും എഴുതുവാന്‍ എനിക്ക് കഴിഞ്ഞില്ല.....

പരീക്ഷ എഴുതിയതാവട്ടെ ക്രിസ്റ്റീലാമ്മയ്ക്ക് കുരിശുകള്‍ വരച്ച് പഠിക്കാനെ ഉപയുക്തമായുള്ളു...(ചെമപ്പുമഷിയില്‍ എന്റെ ആന്‍സര്‍ ഷീറ്റ് നിറയെ ചെരിഞ്ഞ കുരിശുകള്‍ വരച്ചപ്പോള്‍ ക്രിസ്റ്റീലാമ്മടീച്ചര്‍ നമ്മുടെ കര്‍ത്താവ് യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണയാല്‍ കണ്ണുനീര്‍ വാര്‍ത്തുകരയുകയുണ്ടായ് എന്ന് സഹപ്രവര്‍ത്തകരായ മറ്റ് അമ്മമാര്‍ സാക്ഷ്യം വഹിക്കുന്നു. അന്നു ടീച്ചര്‍ മാര്‍ജിനില്‍ ഇട്ടുകൂട്ടിയിരുന്ന മുട്ടകള്‍ ടീച്ചറിന്റെ തന്നെ കണ്ണുനീര്‍ വീണു കുതിര്‍ന്ന് രൂപാന്തരം സംഭവിച്ചു. വാലും തലയും മുളച്ച മുട്ടകള്‍ യഥാക്രമം ഒമ്പത്, പത്ത്, പത്തൊമ്പത് എന്നെല്ലാം തെറ്റിദ്ധരിക്ക പ്പെട്ടപ്പോള്‍ ഞാന്‍ തലയുള്ള ബിജുതാനുവിനെ രണ്ടാം സ്ഥാനത്തെയ്ക്ക് പിന്‍‌തള്ളി ഒന്നാമനായ് നാലാം ക്ലാസിലേയ്ക്ക് കരേറ്റപ്പെട്ടു.)

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും എന്തെങ്കിലും എഴുതിയേതീരു എന്ന എന്റെ മൂന്നാം ക്ലാസ്സ് ആഗ്രഹം എന്നെ വിടാതെ പിന്തുടര്‍ന്നിരുന്നു. പക്ഷേ എന്തെഴുതും എങ്ങിനെ എഴുതും എന്നറിയാതെ വിരസമായ ദിനങ്ങള്‍, ഞാന്‍ തള്ളാതെതന്നെ സ്വയംനീങ്ങിക്കൊണ്ടിരുന്നു.

ഒരു ദിവസ്സം ഉച്ചയ്ക്ക് ഉപ്പുമാവും കഴിച്ചിട്ട് സ്കൂളിന്റെ മുറ്റത്തുള്ള മാവിന്റെചുവട്ടില്‍ കൂട്ടുകാരുമൊത്ത് തൊങ്കിപ്പിടുത്തം എന്ന കായികവിനോദത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ അവിചാരിതമായ് ഒരുഗ്രന്‍ പ്ലോട്ട് എന്റെ തലയില്‍ വന്നുവീണു. ആദ്യം ഞാന്‍ ഓര്‍ത്തത് ആരെങ്കിലും കല്ലുവെച്ചെറിഞ്ഞതാണെന്നാണ്... പിന്നെ മനസ്സിലായ് കല്ലിലും കടുത്തത്...കുറെ നാളുകളായ് ഞാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്ന കഥയുടെ ആശയമാണ് തലയില് വന്നിടിച്ചിരിക്കുന്നതെന്ന്.

പിന്നെ ആകെ പ്രശനമായിരുന്നു...

തലയില്‍ വന്നുദിച്ച ആശയത്തെ കടലാസിലോട്ട് പകര്‍ത്താനുള്ള അമിതാവേശത്തില്‍ കളിമതിയാക്കി ക്ലാസ്സിലേയ്ക്ക് ഓടിക്കയറുന്നതിനിടയിലാണ് സുകുമാരി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വരുന്നു എന്ന അപകട സൂചന പ്യൂണ്‍ മണിയടിച്ചറിയിക്കുന്നത്.

സൃഷ്ടിയുടെ വേദന അഥവാ പ്രസവ വേദന ...അതെന്താണെന്ന് ആ ചെറിയ പ്രായത്തില്‍ തന്നെ ഞാനറിഞ്ഞു...

"നിനക്കെന്താടാ കൃമികടിക്കുന്നുണ്ടോ?..." ഞെളിപിരികൊള്ളുന്ന എന്നോടുള്ള സുകുമാരി ടീച്ചറിന്റെ ഈ ചോദ്യമായിരുന്നു എഴുതിത്തുടങ്ങുന്നതിനും മുമ്പെ എന്റെ ആദ്യത്തെ കഥയ്ക്കു ലഭിക്കുന്ന ആദ്യത്തെ കമന്റ്.

കൃമികടിക്കുന്നത് തലച്ചോറിലായിരുന്നു.... അതും സംഭവ ബഹുലമായ ഒരു കുറ്റാന്വേഷണ കഥയുമായ് ബന്ധപ്പെട്ട കൃമികള്‍...അക്രമികള്‍.

ഒച്ച് ഗ്രീസിലുവീണപോലെയാ അന്ന് ടീച്ചറുമാര് ക്ലാസെടുത്തത്.... കൂട്ടത്തില്‍ മര്യാദ്ക്കാരിയും കുട്ടികളെ ദേഹോപദ്രവം ചെയ്യാത്തവളുമായ രാജമ്മ ടീച്ചറിന്റെ സാമൂഹ്യപാഠം ക്ലാസില്‍ വച്ച് ഞാന്‍ എന്റെ അടുത്തിരിക്കുന്നവനും മനസാക്ഷി സൂഷിപ്പുകാരനുമായ (നാലാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മനസാക്ഷി ഉണ്ടല്ലോ ഇല്ലേ....ഇനി മനസാക്ഷി ഉണ്ടാകാനുള്ള പ്രായം ആയിട്ടില്ലാന്നുണ്ടെങ്കില്‍ വെറും സൂഷിപ്പുകാരനായ എന്ന് വിളിക്കാം) സുഹൃത്തിനോട് എന്റെ തലയില്‍ വന്നുവീണ കുറ്റാന്വേഷണ കഥയുടെ ഏതാനും പീസുകള്‍ വെളിപ്പെടുത്തി.

ഞാന്‍ കാണിച്ചത് ശുദ്ധ മണ്ടത്തരമാണെന്ന് എനിക്കറിയാം. കോപ്പീ റൈറ്റ് എടുക്കുന്നതിനുമുമ്പെ ഇതൊന്നും എത്ര നല്ലസുഹൃത്തിനോടായാലും വെളിപ്പെടുത്താന്‍ പാടില്ലാത്തതാണ്... പക്ഷേ പറഞ്ഞില്ലായെങ്കില്‍ ഒരു സാഹിത്യ സൃഷ്ടിപോലും നടത്താതെ മൃതിയടഞ്ഞ ബാലസാഹിത്യകാരന്‍ എന്ന ബഹുമതി എനിക്ക് കിട്ടിയേനെ...അത്ര തീവ്രമായിരുന്നു ഞാന്‍ അനുഭവിച്ച സൃഷ്ടിയുടെ വേദന.

എഴുതാത്ത കഥയ്ക്കുള്ള രണ്ടാമത്തെ കമന്റ് കൂട്ടുകാരന്റെ വക...
"ഈ കഥ എഴുതി പൂര്‍ത്തിയാകുമ്പോള്‍ മനോരാജ്യം ആഴ്ചപ്പതിപ്പിനു അയച്ചുകൊടുക്കണം"
അവന്റെ കമന്റ് എന്റെ മനം കുളിര്‍പ്പിച്ചു.

ഒരു പ്രകാരത്തില്‍ നാലുമണിയായ്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ് പ്യൂണ്‍ കൂട്ട‌മണിയടിച്ചു.

വീട്ടില്‍ വന്നെത്തിയ എനിക്ക് ആഹാരം പോലും വേണ്ടായിരുന്നു... ഹോം വര്‍ക്ക് ചെയ്യാനെന്ന വ്യാജേനെ പുസ്തകക്കെട്ടുമെടുത്ത് വീടിനുപുറത്തിറങ്ങിയ ഞാന്‍ ആദ്യ സൃഷ്ടി നടത്താനുള്ള രഹസ്യമായ ഒരു സ്ഥലം തിരയുകയായിരുന്നു. വയ്കോല്‍ത്തുറുവിന്റെ അടിയില്‍ ഞാന്‍ ഒരു സെറ്റപ്പൊക്കെ റെഡിയാക്കിയപ്പോളേക്കും എഴുതാത്ത കഥയ്ക്കുള്ള മൂന്നാമത്തെ കന്റുമായ് അമ്മ അവിടെയെത്തി...

"നീയെന്താ...മുട്ടയ്ക്ക് പരുങ്ങുന്ന കോഴിയെപ്പോലെ... "

അമ്മയേം കുറ്റം‌പറയാനൊക്കില്ല. ഞാന്‍ പതിവില്ലാതെ അസ്സമയത്ത് പുസ്തകസഞ്ചിയും ഏറ്റിനടക്കുന്നതുകണ്ടപ്പോള്‍ അമ്മയും പേടിച്ചുപോയ്.

അവസാനം എല്ലാ വൈതരണികളും കടന്ന് ഞാന്‍ ജനറല്‍ സയിന്‍സിന്റെ നോട്ടുബുക്കെടുത്തുവച്ച് എതിര്‍ വശത്തുനിന്നെഴുതിത്തുടങ്ങി.

അത്യായം ഒന്ന്

സി ഐ ഡി മൂസ കാട്ടിലൂടെ ഉലാത്തുകയായിരുന്നു

ആ ആ അമ്മാ

ഠേ....ഒരു വെടിശത്തം

ഇത്രയും എഴുതിയപ്പോഴേയ്ക്കും ഞാന്‍ ക്ഷീണിച്ചു. പുസ്തകക്കെട്ടും പേറി വീട്ടില്‍ തിരിച്ചെത്തി ആഹാരം കഴിച്ചിട്ടാകാം ബാക്കി എഴുത്ത് എന്നു കരുതി അടുക്കളയില്‍ വന്നു. പിന്നെ എല്ലാം പതിവുപോലെ.

ഞാന്‍ എഴുതാന്‍ ഉദ്യേശിച്ച കഥയിലെ നായകന്‍ സി.ഐ.ഡി. മൂസയെപ്പോലും കടത്തിവെട്ടുന്ന പ്രകൃതമായിരുന്നു എന്റെ കൊച്ചേട്ടനു ചെറുപ്പത്തില്‍ - ഇപ്പോഴും അങ്ങിനെയൊക്കെത്തന്നെ...

ഞാന്‍ അടുക്കളയിലായിരുന്ന സമയത്ത് എന്റെ പണിപൂര്‍ത്തിയാകാത്ത സൃഷ്ടി കൊച്ചേട്ടന്‍ മോഷ്ടിക്കുകയും വീട്ടിലും നാട്ടിലും എല്ലായിടത്തും പരസ്യമാക്കുകയും ചെയ്തു...

പതിവില്ലാത്ത ചിരിയും ബഹളവും കേട്ടാണ് ഞാന്‍ അടുക്കളയില്‍നിന്നും മുറ്റത്തുവന്ന് നോക്കിയത്. എന്റെ കടിഞ്ഞൂലിനെ കൊച്ചേട്ടന്‍ പരസ്യമായ് എന്റെ മുമ്പില്‍ വച്ചുതന്നെ വസ്ത്രാക്ഷേപം ചെയ്തു -

ആക്ഷേപം ഒന്ന് -

സി ഐ ഡി മൂസ കാട്ടിലൂടെ ഉലാത്തുകയായിരുന്നു - സി ഐ ഡി മൂസ എന്നല്ല മനുഷ്യരാരും കാട്ടിലൂടെ ഉലാത്തുകയില്ല...

ആക്ഷേപം രണ്ട്-

ആ ആ അമ്മാ
ഠേ....
സാധാരണഗതിയില്‍ വെടി കൊണ്ടുകഴിഞ്ഞാണ് ക്ലയിന്റുകള്‍ "ആ ആ അമ്മാ..." എന്നു കരയുന്നത്...ഇവിടെ വെടികൊള്ളുന്നതിനുമുമ്പേ കരയുന്നു.. മരിച്ചുവീഴുന്നു...

ആക്ഷേപം മൂന്ന് -

സി ഐ ഡി മൂസ എന്നത് കോട്ടയംകാരന്‍ കണ്ണാടി വിശ്വനാഥന്റെ പ്രൈവറ്റ് പ്രോപര്‍ട്ടിയാണ്. നിനക്കുവേണമെങ്കില്‍ സി.ഐ.ഡി. കുഞ്ഞിക്കാദര്‍ എന്നോ... സി. ഐ. ഡി. മമ്മാലീന്നോ ഒക്കെ പുതിയതായ് ഒരാളെ സൃഷ്ടിച്ചെടുക്കണം.

എല്ലാരും ചിരിച്ചുമറിഞ്ഞപ്പോള്‍ ഞാനന്ന് ഒരുപാടു കരഞ്ഞു... പിന്നീടൊരിക്കലും ആ ജാതി എടുത്താല്‍ പൊങ്ങാത്ത പ്ലോട്ടുകള്‍ എന്റെ തലയില്‍ വന്ന്‌പതിച്ചിട്ടില്ല.

ഗര്‍ഭത്തിലെ അലസിപ്പോയ എന്റെ ആദ്യ കഥയുടെ പേരില്‍ നാട്ടുകവലമുഴുവനും ഇന്നും ചിരിക്കുന്നു....
എന്റെ മറ്റൊരു സൃഷ്ടിയും ഇത്രയധികം ആളുകളെ ചിരിപ്പിച്ചിട്ടില്ല....ഇത്രയധികം കമന്റുകള്‍ എനിക്ക് കിട്ടിയിട്ടുമില്ല. ആയിരക്കണക്കിനു കമന്റുകളാണെനിക്ക് ഇതിന്റെ പേരില്‍ ലഭിച്ചത്.... ഇന്നും ലഭിച്ചുകൊണ്ടുമിരിക്കുന്നു.

12 comments:

(സുന്ദരന്‍) said...

ആദ്യ ദിവസം തന്നെ ഞങ്ങളുടെ ക്ലാസ്ടീച്ചര്‍ ക്രിസ്റ്റീലാമ്മ എന്റെ സ്ലേറ്റില്‍ ഒരഭിപ്രായമെഴുതിത്തന്നു....

"തറ..."

SAJAN | സാജന്‍ said...

ഠെ!!
ഇതിവിടെയും കിടക്കട്ടേ!
അപ്പൊ ഇതിന്നും ഇന്നെലെയും ഒന്നും തുടങ്ങിയ സൂക്കേടല്ല അല്ലേ...
പക്ഷെ നമ്മുടെ ബസില്‍ ഉണ്ടായിരുന്നവരൊക്കെ എവിടെ വഴിയിലിറങ്ങി പോയോ... ?

പുള്ളി said...

നല്ല സുന്ദരന്‍ എഴുത്ത്. മുളയിലേ വിളയറിഞ്ഞ് നിലവാരമളന്ന ടീച്ചറും, ആദ്യകഥയും കമന്റുകളും ഒക്കെ നന്നായി. ഇനിയുമെഴുതൂ...

ആവനാഴി said...

ഹായ് സുന്ദര്‍,

ഞാന്‍ ദേ ഒരു താങ്ങങ്ങ് താങ്ങാന്‍ പോണേണു കെട്ടാ.

“ ഞങ്ങളുടെ സ്കൂള്‍ ഊട്ടിയില്‍നിന്നും വെറും മുന്നൂറ്കിലോമീറ്റര്‍ അകലെ വെള്ളത്തൂവല്‍ എന്ന സ്ഥലത്തായിരുന്നു.”

അപ്പോള്‍ തൊകവാതത്തിനു ഒന്ന് ഊട്ടീപ്പോണോന്നു തോന്നിയാല്‍ നടന്നു പോകാനുള്ള ദൂരമേയുള്ളല്ല്.

“ചെമപ്പുമഷിയില്‍ എന്റെ ആന്‍സര്‍ ഷീറ്റ് നിറയെ ചെരിഞ്ഞ കുരിശുകള്‍ വരച്ചപ്പോള്‍ ക്രിസ്റ്റീലാമ്മടീച്ചര്‍ നമ്മുടെ കര്‍ത്താവ് യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണയാല്‍ കണ്ണുനീര്‍ വാര്‍ത്തുകരയുകയുണ്ടായ് എന്ന് സഹപ്രവര്‍ത്തകരായ മറ്റ് അമ്മമാര്‍ സാക്ഷ്യം വഹിക്കുന്നു. ”

അയ്യോ എന്റെ സെയിന്റ് ജോജ്ജ് പുണ്യാളാ ഇതിയാനെന്തു വിശാരിച്ചാ എറങ്ങിപ്പുറപ്പെട്ടിരിക്കുന്നേ? ഇവിടെ ചിരിച്ചു ചിരിച്ചു കുടലു പുറത്തു ചാടി. അങ്ങേര്‍ക്ക് റോമാസാമ്രാജ്യത്തിരുന്നു എഴുതിവിട്ടാപ്പോരേ.

ഹായ് സുന്ദര്‍, താങ്കള്‍ ഇടിച്ചുപൊടിച്ച് ധൂളിയാക്കുകയാണല്ല്.

അടുത്തത് പോരട്ടേ.

സസ്നേഹം
ആവനാഴി.

തറവാടി said...

സുന്ദരാ,

തുടക്കം വളരെ നന്നായി , നല്ല ഒരു കാമ്പും ഉണ്ട് , എന്നാല്‍ പകുതിയായപ്പോഴേക്കും അനാവശ്യ കൂട്ടുകള്‍ വായനാ സുഖം കുറച്ചു ,

"നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും എന്തെങ്കിലും എഴുതിയേതീരു എന്ന എന്റെ മൂന്നാം ക്ലാസ്സ് ആഗ്രഹം എന്നെ വിടാതെ പിന്തുടര്‍ന്നിരുന്നു. പക്ഷേ എന്തെഴുതും എങ്ങിനെ എഴുതും എന്നറിയാതെ വിരസമായ ദിനങ്ങള്‍, ഞാന്‍ തള്ളാതെതന്നെ സ്വയംനീങ്ങിക്കൊണ്ടിരുന്നു.
"

"(നാലാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മനസാക്ഷി ഉണ്ടല്ലോ ഇല്ലേ....ഇനി മനസാക്ഷി ഉണ്ടാകാനുള്ള പ്രായം ആയിട്ടില്ലാന്നുണ്ടെങ്കില്‍ വെറും സൂഷിപ്പുകാരനായ എന്ന് വിളിക്കാം) സുഹൃത്തിനോട് എന്റെ തലയില്‍ വന്നുവീണ കുറ്റാന്വേഷണ കഥയുടെ ഏതാനും പീസുകള്‍ വെളിപ്പെടുത്തി.

ഞാന്‍ കാണിച്ചത് ശുദ്ധ മണ്ടത്തരമാണെന്ന് എനിക്കറിയാം. കോപ്പീ റൈറ്റ് എടുക്കുന്നതിനുമുമ്പെ ഇതൊന്നും "


ഇതിലൊക്കെയുള്ള പ്രശ്നം , ഞാനെന്നും പറയറുള്ള അമിത ഉപമകളാണ്‌


എന്നെപ്പോലുള്ളവരുടെ വായാനാസുഖം കുറക്കുന്നവ ,

അത്മാര്ത്ഥമായെഴുതുമ്പോള്‍ ( അമിത ഉപമകള്‍ ഒഴിവാക്കി) വായനാസുഖം തരുന്നു.

ഇതൊക്കെ എന്‍റ്റെ അഭിപ്രായം , ഞാന്‍ മുമ്പും താങ്കളെ വായിച്ചിട്ടുണ്ട് , അതു കൊണ്ടു പറഞ്ഞതാ , ഉപമക്ളുണ്ടായാലേ ഹാസ്യമുണ്ടാകൂ എന്ന ചിന്തമാറ്റി യാല്‍ , നാല്ല ഒരു രചനയാവുമായിരുന്നു.

:)

ചേച്ചിയമ്മ said...

ഞാനും ആലോചിച്ചു,വെടിശത്തത്തിനുമുന്‍പ് എന്താ ഒരു അമ്മ വിളിയെന്ന്...:)
നന്നായി എഴുതിയിരിക്കുന്നു.അപ്പോള്‍ ജന്മനാ ഒരെഴുത്തുകാരനാണല്ലേ...

mathukkutychayan said...

teaherkku thankale kandappole manasilaye oru THARA aanennu

സതീശ് മാക്കോത്ത് | sathees makkoth said...

കൊച്ചു സുന്ദരാ,
അപ്പോള്‍ പണ്ടേ ഈ പണിയൊക്കെ ഉണ്ടല്ലേ?
കൊള്ളാം.

വേണു venu said...

സുന്ദരോ....ആ തറ, തല, പന, പറ ഇതൊക്കെ എഴുതുമ്പോഴേ വിധിയുടെ രുപരേഖകളെ സങ്കല്പിച്ചതിഷ്ടമായി. അതൊക്കെ ശരി....
ചിമ്മാരു മറിയം 2) ബസ്സില്‍ ഇരിക്കുന്നു...
ബാക്കി വേഗം പോരട്ടു്.:)

G.manu said...

ആദ്യ ദിവസം തന്നെ ഞങ്ങളുടെ ക്ലാസ്ടീച്ചര്‍ ക്രിസ്റ്റീലാമ്മ എന്റെ സ്ലേറ്റില്‍ ഒരഭിപ്രായമെഴുതിത്തന്നു....

"തറ..."

sudnaraaaaaaaaaaaa....super da

where is chinnamma story...athu upekshicho......

കുതിരവട്ടന്‍ | kuthiravattan said...

ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു.

ഇസാദ്‌ said...

ഉഗ്രന്‍. ശരിക്കും അസ്വദിച്ച് വായിച്ചു.
നന്ദി.

ഈ ബ്ലോഗ് ഇപ്പൊഴാണ് ശ്രദ്ധയില്‍ പെടുന്നത്. എല്ലാ പോസ്റ്റുകളും ഓരോന്നായി വായിച്ചു വരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.