Wednesday, 18 April, 2007

ചിമ്മാരു മറിയം - 2

ആസ്യത്താത്ത....(ചിമ്മാരു മറിയം - 2)

കിഴക്കന്‍ മലകളുടെ തിരുമുറ്റമായ കോതമംഗലം, മനോഹരമായ ഒരു വാണിജ്യ നഗരം.

നഗരത്തില്‍ ഒരുപാട് കരിയും പുകയും വര്‍ഷിച്ചുകൊണ്ട് സ്വരാജ് ബസ്സ് അലസഗമനമാരംഭിച്ചു....പോകുന്ന വഴിനീളെ പൊടിയും പറത്തി.......ദൂരെ സഹ്യന്‍ തലഉയര്‍ത്തി വെല്ലുവിളിച്ചു നില്‍ക്കുന്നു..... നിത്യഹരിത‌വനങ്ങളും അതിലൊളിപ്പിച്ച അപകടങ്ങളുമായ്.

യാത്രക്കാരെല്ലാവരും മൗനത്തിലാണ്.....പാമ്പും ഗോവണിയും കളിയില്‍ തൊണ്ണൂറ്റിയൊമ്പതില്‍നിന്നും പാമ്പ്‌വിഴുങ്ങി പൂജ്യത്തിലേയ്ക്കു പോകുന്ന കളിക്കാരുടെ അവസ്ഥയിലായിരുന്നു അവരില്‍ ഭൂരിഭാഗവും.

ആദിമ മനുഷ്യന് കാടുമടുത്തപ്പോള്‍ അവന്‍ കഷ്ടപ്പെട്ട് നാടുണ്ടാക്കി, നാട്ടുമനുഷ്യനായ്... ...
യുഗങ്ങള്‍ക്ക് ശേഷം ഇതാ ജീവിക്കാനുള്ള പരക്കം‌പാച്ചിലില്‍ പുതിയ തലമുറ നാട്‌വിട്ട് കാടുകയറുന്നു. ശിലാ യുഗത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്.

"ഉമ്മാ....ആ കൊച്ചിനെ എടുത്തൊന്ന് മടിയിലിരുത്തീട്ട് ഈ പെങ്ങളേംകൂടിയൊന്നിരുത്ത്...."

വണ്ടിയുടെ ഏറ്റവും മുമ്പില്‍ ടൂള്‍ബോക്സിനുപുറത്ത് ഒരു കുട്ടിയേയും ചേര്‍ത്തുപിടിച്ചിരിക്കുന്ന മുസ്ലീം സ്ത്രീയോട് കണ്ടക്ടര്‍ ചിമ്മാരു മറിയത്തിനു വേണ്ടി ഒരു റെക്കമെന്റേഷന്‍ നടത്തിനോക്കി.

"ജ്ജ് ഓളെ ഞമ്മടെ മടീലിരുത്താനൊന്നും പറഞ്ഞില്ലല്ലാ.... പടച്ചോന്റെ ക്രിപ..." ഉമ്മ പ്രതികരിച്ചു.

മട്ടാഞ്ചേരിക്കാരി ആസ്യത്താത്ത വണ്ടിക്കും വണ്ടിക്കാര്‍ക്കും പുതുമുഖമല്ല....അതാണ് കന്നിയാത്രക്കാരുടെ ഭയമോ പരിഭ്രമമോ അവരില്‍ കാണാത്തത്.

"വന്നോളിന്‍...ഒള്ള സലത്ത് കുത്തിരിക്ക്..." നാവിനു നീളം കൂടുതലാണെന്നേയുള്ളു അലിവുള്ള മനസ്സാണുമ്മയ്ക്ക്.

രണ്ടുപേര്‍ക്കു പോലും ഇരിക്കാനിടം തികയാത്ത ടൂള്‍ ബോക്സിനു മുകളില്‍ ആസ്യത്തയേ കൂടാതെ വേറെ ഒരു സ്ത്രീയും ഇരിക്കുനനുണ്ട്, കാതില്‍ തോടയിട്ട് റൗക്കയും ഒറ്റമുണ്ടും വേഷമുള്ള ഒരു സ്ത്രീ...
മറിയം ഇരിക്കാനൊന്നുമടിച്ചു...

"ബല്യ പത്രാസുകാട്ടാണ്ട്‌ ബന്നോളിന്‍...യാത്ര തോനെയുളളതാ ബന്നോളിന്‍..." ആസ്യത്താത്തയ്ക്ക് മിണ്ടിപ്പറഞ്ഞിരിക്കാന്‍ ആളടുത്തില്ലങ്കില്‍ വല്യപ്രയാസമുള്ള കൂട്ടത്തിലാ. കന്നിയാത്രക്കാരെ അടുത്തുകിട്ടിയാല്‍ വളരെ സന്തോഷം. ഇത്തരം യാത്രകളില്‍ നിറുത്താതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ട് സംഭവങ്ങളേയുള്ളു.... ബസിന്റെ ഭര്‍ഗോ എഞ്ചിനും ആസ്യത്താത്തായുടെ നാവും.

വേറെ സ്ത്രീകളാരുംതന്നെ ആ വാഹനത്തില്‍ ഉണ്ടായിരുന്നില്ല...ബാക്കി മുഴുവന്‍ പുരുഷ കേസരികള്‍...ബലവാന്മാര്‍. കാരണം ഇതൊരു വിനോദയാത്രയല്ലല്ലോ... കാട്ടാനയോടും മലമ്പാമ്പിനോടും ഗുസ്തിപിടിക്കാനുള്ള യാത്രയല്ലേ.

വണ്ടി പുറപ്പെട്ടിട്ട് അഞ്ച് മിനിറ്റുപോലും കഴിഞ്ഞില്ല. വഴിയരുകില്‍ കണ്ട ഒരു കുരിശിന്‍ ചുവട്ടില്‍ ഡ്രൈവര്‍ വണ്ടി ഒതുക്കി നിറുത്തി. യാത്രക്കാരെല്ലാവരും തങ്ങളുടെ കൈയില്‍ കരുതിയിരുന്ന നാണയത്തുട്ടുകള്‍ അവിടെയുള്ള ഭണ്ഡാരത്തില്‍ വലിച്ചെറിഞ്ഞു.....
ഡ്രൈവറെറിഞ്ഞു.....കണ്ടക്ടര്‍ എറിഞ്ഞു...
ആസ്യത്താത്തായും റൗക്കയിട്ട സ്ത്രീയും നാണയം വലിച്ചെറിഞ്ഞു...

ദൈവത്തിന്റെ ടോള്‍ഗേറ്റാണിത്... ഇവിടുത്തെ അധികാരി മാര്‍ ബസേലിയൂസും.

കാടും മലയും കയറുന്നതിനുമുമ്പെ അവിശ്വാസികള്‍ പോലും ഉള്ളില്‍ പറഞ്ഞുപോകും....
"അപകടം വരുത്താതെ കാത്തോളണേ...."

(ഹൈറേഞ്ചിലെയ്ക്കുള്ളയാത്രയുടെ ആരംഭത്തില്‍ കോതമംഗലത്ത് ഇന്നും ഈ 'ദൈവത്തിന്റെ ടോള്ഗേറ്റ് സജീവമാണ്)

ചിമ്മാരു മറിയത്തിന്റെ ഉള്ളില്‍ ഓര്‍മ്മകള്‍ തിരതല്ലി...

അപ്പന്‍ മരിക്കുന്നതിനുമുമ്പെ കുറവിലങ്ങാട്ടെ തറവാട്ടുവീട്ടില്‍നിന്നും എല്ലാവര്‍ഷവും കന്നിഇരുപതിനു പുണ്യാളന്റെ കബറിടം സന്ദര്‍ശിക്കുമായിരുന്നു. മക്കളെ അടുത്ത്‌വിളിച്ചിരുത്തി അപ്പന്‍ പുണ്യാളന്റെ കഥ പ്റഞ്ഞുതന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

പറങ്കികള്‍ കേരളത്തില്‍വന്ന് ഇവിടുത്തെ ക്രിസ്ത്യാനികളെ അവരുടെ വേദം പഠിപ്പിച്ച് വഴിതെറ്റിച്ചപ്പോള്‍ മാര്‍ത്തോമാ സ്ലീഹയാല്‍ സ്ഥാപിതമായ ഇന്‍ഡ്യയിലെ സഭയെ അതിന്റെ തനിമയില്‍ കാത്തുപരിപാലിക്കാനുള്ള ദൗത്യം സ്വയമേറ്റെടുത്തു വിശുദ്ധ എല്‍ദോ മാര്‍ ബസേലിയൂസ്. തൊണ്ണൂറു വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്നപ്പോഴാണ് സിറിയായില്‍നിന്നും അത്യന്തം ദുരിതപൂര്‍ണ്ണമായ ഈ യാത്രയ്ക്ക് പുണ്യവാന്‍ ഒരുങ്ങിയത്. കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയിലുവന്ന് ചേന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിഞ്ഞു, അതിന്റെ ഓര്‍മ്മപ്പെരുന്നാളാണ് കന്നി ഇരുപതിനു കൊണ്ടാടുന്നത്.

ഇവിടെ വന്ന് ആ കബറിമൊന്നു വണങ്ങണമെന്ന് എത്ര നാളുകൊതിച്ചിരുന്നതാ.... ഇന്നിപ്പോള്‍ ഗതികെട്ടവളായിട്ടെങ്കിലും ഈ നടയില്‍ വന്നെത്താന്‍കഴിഞ്ഞല്ലൊ.

മറിയം ഉള്ളുനുറുങ്ങി വിളിച്ചു, പുണ്യാള ഞങ്ങളെ ഒരു കരപറ്റിക്കണെ.....


"ജ്ജ്ന്താണുമോളെ കായെറിയാത്തത്....അന്റ്ടുത്ത് കായില്ലങ്കിപ്പറാന്ന് ഞമ്മളുതരാ...നിശേതം കാട്ടരുത് ഉമ്മയ്ക്ക് അനുബവം കൂടുതലുതോണ്ട് പറേണതാണേന്നുകൂട്ടിക്കോളിന്‍...."

കുടിയേറ്റക്കാര്‍ക്ക് ജാതിയോ മതമോ നോക്കിയുള്ള വിശ്വാസമല്ല....
ഇനിയുള്ള യാത്ര ഒരു ഞാണിമേല്‍ക്കളിയാണെന്നെല്ലാവര്‍ക്കും അറിയാം. ഒരാളുടെ അവിശ്വസ്ഥതയുടെ ശിക്ഷ പങ്കിടേണ്ടിവരുന്നത് എല്ലാവരും കൂടിയാണെന്ന ചിന്തയാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

കരിയും പുകയും പൊടിയും പറത്തി വണ്ടി നീങ്ങുകയാണ്. നിരത്തുകള്‍ക്കിരുവശവുമുള്ള കടകളും വീടുകളും പിന്നിലേയ്ക്ക് ഓടി മറയുന്നത് മറിയം ശ്രദ്ധിച്ചില്ല. അവള്‍ യാത്രക്കരുടെ ഇടയില്‍ പൈലോയെ ത്തിരഞ്ഞു.... ഇരിക്കാന്‍ സീറ്റ്കിട്ടിയിട്ടുണ്ടാവില്ല പാവത്തിന്. വണ്ടിയില്‍ പൂഴിവാരിയിട്ടാല്‍ താഴെ വീഴാത്തവണ്ണമുള്ളതിരക്കാണ്.


ആസ്യത്താത്ത മറിയത്തിന്റെ മുഖ്ത്തുനോക്കി വെറ്റിലക്കറയുള്ള പല്ലുകള്‍കാട്ടിച്ചിരിച്ചു.

"ജ്ജാദ്യായിട്ടാ മലേലെയ്ക്ക്?.."

"ങും.."

"ത്ര് ചെറുപ്രായത്തിലു ബരേണ്ടിയിരുന്നാ മോളേയനക്ക്..."

"വേറെമാര്‍ഗ്ഗ‌മൊന്നും കണ്ടില്ലാ ഉമ്മാ..." ഒരുവേള മറിയത്തിന്റെ കണ്ണു നിറഞ്ഞോ!......
കണ്ണ് നിറയ്ക്കാനാണെങ്കില്‍ ഈ സാഹസ യാത്രയ്ക്കിറങ്ങി പുറപ്പെടേണ്ടതില്ലായിരുന്നല്ലോ...നാട്ടില്‍ അതിനു ധാരാളം കാരണങ്ങളും ഉണ്ടായിരുന്നു.

"അന്റെ കെട്ടിയവനാ കൂടെബന്നീക്കണെ .... "

"ഉം.."

"ന്റെ റഹീമിന്റെ ബാപ്പ പോയീട്ടാ..."

"ആരാ റഹീം?..."

"ന്റെ പുള്ളാ...അല്ലാണ്ടാരാ.... ഓന്റെ ബാപ്പേന്റകാര്യാ പറഞ്ഞത്...."

"റഹീമിന്റെ ബാപ്പ എവിടെയാ പോയത്?..."

"അതൊരു ബല്യകതയാണുപുള്ളേ.. ..തൊണ്ണൂറ്റാറിലെ ബെള്ളപ്പൊക്കത്തിലു കുളിക്കാന്‍പോയതാണ്....പിന്നെ ബന്നിട്ടില്ലാ.....ഈ ദുനിയാവിലെബിടെങ്കിലും നീന്തി നടക്കണുണ്ടാവൂന്ന് ഞമ്മളാശിച്ച്.... ബര്‍ഷം പത്ത് കയിഞ്ഞിരിക്കണ്....ഇനി ബരൂല്ലാരിക്കും...."

ഒറ്റപ്പെട്ട വീടുകളും കൃഷിയിടങ്ങളും കഴിഞ്ഞു... വഴി തീര്‍ത്തും വിജനമായ്....സ്വരാജ് ബസിന്റെ എഞ്ചിന്‍ അലറിക്കൊണ്ടിരുന്നു.....

ആസ്യത്താത്തായുടെ നാവിന്റെ കെട്ട് പൂര്‍ണ്ണമായും അഴിഞ്ഞു...

"സായ്‌വിന്റെ വെംഗ്ലാവീന്ന് ജോലീം കയിഞ്ഞ് റഹീമിന്റെ ബാപ്പ ബീട്ടില് മയ നനഞ്ഞാ ബന്നത്.... അന്നെന്റെ പള്ളേലാണ് റഹീമിന്റെ അനുശ്ന്‍..."


കിഴക്കന്‍ മലകളെപ്പോലും മുക്കിക്കളഞ്ഞ ആയിരത്തി ത്തൊള്ളായിരത്തി ഇരുപത്തൊന്നിലെ മഴയേയും വെള്ളപ്പൊക്കത്തേയും കുറിച്ച് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...

"മയേന്നുപറഞ്ഞാ...ഇതുപോലൊരുമയ ബൂമിമലയാള്ത്തിലു കണ്ടിട്ടില്ലള്ളോ!!!.."

(ചരിത്രം തുടരും)

19 comments:

(സുന്ദരന്‍) said...

ഹൈറേഞ്ചിന്റെ ചരിത്രവും കൊളോണിയല്‍ പ്ലാന്റേഷനുകളുടെയും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്നു.....കുടിയേറ്റകാലത്തെക്കുറിച്ച് പഴയ ആളുകള്‍ പറഞ്ഞുകേട്ട സംഭവങ്ങളാണ് ഈ കഥകളുടെ ആധാരം...ചരിത്രവുമായ് ചിലപ്പോള്‍ പരിപൂര്‍ണ്ണാമായ് ഇണങ്ങിയെന്നുവരില്ല...സംഭവങ്ങളുടെ ഡെയ്റ്റുകളില്‍ ചിലപ്പോള്‍ പിഴവുവരാം...(ഉദാ...വെള്ളപ്പൊക്കം തൊണ്ണൂറ്റാറിലാണോ...തൊണ്ണൂറ്റിയൊമ്പതിലാണോ എന്നുറപ്പില്ല...പട്ടാളം അപ്പൂപ്പനെ വിളിച്ച് ചോദിച്ചപ്പോള്‍ തൊണ്ണൂറ്റിയാറെന്നാണു പറഞ്ഞത്.... അപ്പനിപ്പോള്‍ ഓര്‍മ്മ തീരെയില്ല വയസ്സ് തൊണ്ണൂറ്റഞ്ചായില്ലേന്ന് എന്റെ അമ്മ പറയുന്നു...)...

അതുകൊണ്ട് തെറ്റുകള്‍ വന്നാല്‍ ക്ഷ്മിക്കുക....
ചിമ്മാരു മറിയത്തിന്റ് ചരിത്രം ഒരു തുടര്‍ക്കഥ ആക്കാന്‍ പ്രോല്‍സാഹനം തന്ന എല്ലാ ബൂലോഗര്‍ക്കും നന്ദി...നമസ്കാരം..

G.manu said...

ദൈവത്തിന്റെ ടോള്‍ഗേറ്റാണിത്... ഇവിടുത്തെ അധികാരി മാര്‍ ബസേലിയൂസും


thenga ente vaka...ttteeeeee

ചേച്ചിയമ്മ said...

ചരിത്രം തുടരൂ....

ശാലിനി said...

ആ വെള്ളപൊക്കം തൊണ്ണൂറ്റോന്‍പതിലാണെന്നാണ് വല്യപ്പച്ചന്‍ പറഞ്ഞ് കേട്ടിട്ടുള്ളത്.

എനിക്കിഷ്ടമാണ് കുടിയേറ്റ കഥകളും പഴമ്പുരാണങ്ങളും കേള്‍ക്കാന്‍.

തുടരുമല്ലോ..

Manu said...

സുന്ദരാ.. വെറും സുന്ദരനല്ല.. നല്ല സുന്നരന്‍ എഴുത്ത്..പുരാണങ്ങള്‍ പരിചയമില്ലെങ്കിലും വായിക്കാനിഷ്ടമാണ് .. തുടരുമല്ലോ

G.manu said...

വെള്ളപ്പൊക്കം തൊണ്ണൂറ്റി ഒമ്പതിലാടാ മങ്കീ...
ഹിസ്റ്ററി ക്ളാസില്‍ ഔസേപ്പു സാറിണ്റ്റെ ഹിസ്‌.സ്റ്റോറിയും പറഞ്ഞിരുന്നപ്പോള്‍ ഒര്‍ക്കണമായിരുന്നു....

വല്യമ്മായി said...

:)

സുഗതരാജ് പലേരി said...

SundarO, ithenthaa ingane
.....തൊണ്ണൂറ്റാറിലെ ബെള്ളപ്പൊക്കത്തിലു കുളിക്കാന്‍പോയതാണ്....പിന്നെ ബന്നിട്ടില്ലാ.....ഈ ദുനിയാവിലെബിടെങ്കിലും നീന്തി നടക്കണുണ്ടാവൂന്ന് ഞമ്മളാശിച്ച്.... ബര്‍ഷം പത്ത് കയിഞ്ഞിരിക്കണ്....ഇനി ബരൂല്ലാരിക്കും...."

കിഴക്കന്‍ മലകളെപ്പോലും മുക്കിക്കളഞ്ഞ ആയിരത്തി ത്തൊള്ളായിരത്തി ഇരുപത്തൊന്നിലെ മഴയേയും വെള്ളപ്പൊക്കത്തേയും കുറിച്ച് ആസ്യത്താത്ത പറഞ്ഞുതുടങ്ങി...

ezhuthu valare nannavundu. thuTaraNam. Itaykku vacchu nirtharuth~.

വേണു venu said...

കാട്ടാനയോടും മലമ്പാമ്പിനോടും ഗുസ്തിപിടിക്കാനുള്ള യാത്രയല്ലേ.
സുന്ദരാ ഈ ബസ്സു് യാത്ര ഇഷ്ടപ്പെടുന്നു.
സുന്ദരന്‍റെ ഹാസ്യം ബൂലോകത്തു് പുതുമയുള്ള ഒരു അനുഭവം കാഴ്ച്ച വയ്ക്കുന്നുണ്ടു്. ഹാസ്യത്തിലെ ഈ പുതിയ അനുഭവത്തെ ഞാനെന്തു വിശേഷിപ്പിക്കണം.?
ആശംസകള്‍‍. ബസ്സു് അതിന്‍റെ ലക്ഷ്യം നിറവേറ്റട്ടെ.:)

sandoz said...

സുന്ദരാ....എന്ത്‌ വിശേഷിപ്പിക്കണം എന്നറിയില്ലാ......ഒരു ഇഴച്ചിലോ വലിച്ചിലൊ ഇല്ലാതെ....കൃത്യമായ സംഭാഷണങ്ങള്‍ ചേര്‍ത്ത്‌......നല്ല കയ്യടക്കത്തോട്‌ കൂടി........മനോഹരം.....ഞാനും കബറില്‍ ഒന്ന് വണങ്ങി.......

RR said...

സുന്ദരാ, നല്ല രസമുള്ള വായന. തുടരട്ടെ...

Rajeeve Chelanat said...

നല്ല എഴുത്ത്‌. കയ്യൊതുക്കം. പറയാതെ വയ്യ.
ആശംസകള്‍

SAJAN | സാജന്‍ said...

സുന്ദരാ ഈ ബസില്‍ ആളുകൂടുതലാ.. ഞങ്ങളെല്ലാവരും.. ആ‍സ്യതാത്തയോടും.. ചിമ്മാരു മറീയത്തൊടും കാതില്‍ തോടയിട്ട സ്ത്രീ യോടും ഒപ്പം ഉണ്ട്.. ഇതൊരു വഴിയാകാതെ ഞങ്ങളീ ബസില്‍ നിന്നും ഇറങ്ങില്ല..പുരുഷന്‍മാര്‍
പിന്നോട്ട് മാറീ നിന്നേ എന്നൊന്നും പറഞ്ഞിട്ടു ഒരു കാര്യോമില്ല ... സുന്ദരന്‍ നില്‍ക്കിന്നിടത്തെ ഞങ്ങളും നില്‍ക്കൂ.:)

സു | Su said...

ആസ്യത്താത്ത കഥ തുടരട്ടെ.

പൊന്നപ്പന്‍ - the Alien said...

...ഈ ദുനിയാവിലെബിടെങ്കിലും നീന്തി നടക്കണുണ്ടാവൂന്ന് ഞമ്മളാശിച്ച്....

സുന്ദരാ.. എന്തായിത്? ഈ കാഴ്ചയെവിടുന്നു കിട്ടി? എന്തൊരാഴമാ ഇതിന്!

കുതിരവട്ടന്‍ said...

ഞമ്മളും വായിക്കണൂണ്ട്ട്ടാ
qw_er_ty

സതീശ് മാക്കോത്ത് | sathees makkoth said...

വെള്ളപൊക്കചരിതം അമ്മൂമ്മയുടെ നാവില്‍ നിന്നും പലതവണ കേട്ടിട്ടുള്ളതാണ്.
പൊങ്ങി വരുന്ന മലവെള്ളം കണ്ട് അന്തിച്ചു നിന്നിട്ടുള്ള ഞങ്ങളോട് അമ്മൂമ്മ “ഇതെന്തോരു വെള്ളപ്പൊക്കം...” എന്നോരു കാച്ചല്‍ തുടങ്ങാറുണ്ടായിരുന്നത് ഓര്‍മ്മ വരുന്നു.

നല്ല എഴുത്ത്
ഞാനപ്പോ അടുത്ത വണ്ടിയില്‍ കയറട്ടെ

ആഷ | Asha said...

ഈ ബൂലോകത്ത് ഞാന്‍ തേടിപ്പിടിച്ചു വായിക്കുന്ന ബ്ലോഗുകളില്‍ ഒന്നാണ് സുന്ദരന്റേത്.

വളരെ നന്നായിരിക്കുന്നു
അടുത്ത ഭാഗത്തിലേയ്ക്ക്

മാളൂ said...

തൊണ്ണൂറ്റോന്‍പതിലാ വെള്ളപൊക്കം
എന്നിട്ട് ,ഹും പറ പറ വേഗം വേഗം..............
ആസ്യത്താത്ത കോള്ളാട്ടോ