Friday, 13 April, 2007

ചിമ്മാരു മറിയം

നാട്ടുകവലയുടെ തന്ത്രപ്രധാന ഭാഗത്ത്‌ വികസനത്തിനു വിലങ്ങം നിന്നിരുന്ന ഒരഞ്ചര സെന്റ്‌ ചതുപ്പ്നിലം ഉണ്ടായിരുന്നു. പഞ്ചായതിന്റെ വികസന ഫണ്ടും പൗരന്മാരുടെ മസ്സില്‍പവറും പിന്നെ സാധാ മണ്ണും ഉപയോഗിച്ച്‌ ആ ചതുപ്പ്‌ നികത്തിയെടുത്തതിനു പിന്നില്‍ ആ വര്‍ഷത്തെ പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ട്ര പിതാവിന്റെ നാമത്തില്‍ ഒരു വായന ശാലയും അതിന്റെ മുറ്റത്ത്‌, അഞ്ഞൂറിന്റെ നോട്ടില്‍ ബാപ്പുജി നില്‍ക്കുന്ന അതേ പോസിലുള്ള ഒരു പ്രതിമയും സ്ഥാപിക്കുക.

നാട്ടുനടപ്പനുസരിച്ച്‌ ഭരണ പക്ഷത്തിന്റെ തീരുമാനങ്ങള്‍; അതെന്തായാലും എതിര്‍ക്കുക എന്നതാണല്ലോ പ്രതിപക്ഷ മര്യാദ....... ഇവിടെയും ശക്തമായ എതിര്‍പ്പുമായ്‌ പ്രതിപക്ഷം രംഗത്തിറങ്ങി.

രാഷ്ട്ര പിതാവിനുപോലും ബഹുമാനം കൊടുക്കാത്ത മൂരാച്ചികളേ എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിപക്ഷത്തെ ഒന്നടങ്കം വിളിച്ചാക്ഷേപിച്ചപ്പോള്‍ ബധല്‍ പ്രസ്താവനയുമായ്‌ പ്രതിപക്ഷ നേതാവ്‌ രംഗത്തുവന്നു.

കവലയില്‍ ആള്‍സഞ്ചാരം കൂടുതലുള്ള ഒരു വൈകുന്നേരം മൈക്ക്‌ വച്ചുകെട്ടി താല്‍പര്യമുള്ളവരെന്നോ ഇല്ലാത്തവരെന്നോ പാര്‍ട്ടി അനുഭാവികളെന്നോ പ്രതിയോഗികളെന്നോ വെത്യാസമില്ലാതെ സഹല ജനങ്ങള്‍ക്കുവേണ്ടിയും പ്രതിപക്ഷം നയം വ്യക്തമാക്കി.

സര്‍വ്വാദരണീയനായ രാഷ്ട്രപിതാവിനു ലോകം മുഴുവന്‍ സ്മാരകങ്ങള്‍ ഉള്ളപ്പോള്‍, ചിമ്മാരു മറിയച്ചേടത്തിക്ക്‌ ഈ ലോകത്തെവിടെയെങ്കിലും ഒരു സ്മാരകമുണ്ടോ എന്നായിരുന്നു മൈക്രോഫോണിന്റെ കഴുത്തു ഞെരിച്ചുകൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ ആദ്യമായ്‌ ചോദിച്ചത്‌.

ബാപ്പുജി വെള്ളക്കാരെ ഇന്‍ഡ്യയില്‍നിന്നും തുരത്തി നമുക്ക്‌ സ്വാതന്ത്ര്യം വാങ്ങിത്തന്നു....... അതുപോലെ തന്നെയല്ലെ മറിയച്ചേടത്തിയും ചെയ്തത്‌. കാട്ടുമൃഗങ്ങളെ ഇവിടെ നിന്നും ഓടിച്ച്‌ ഈ നാട്ടുകവല ജനവാസയോഗ്യമാക്കിത്തന്ന കാര്യം പുതിയതലമുറയ്ക്കറിയില്ലായിരിക്കാം പക്ഷേ ഭരണപക്ഷവും ഇവിടുത്തെ പഴയ തലമുറയും ഈ സംഭവങ്ങള്‍ മറന്നുകളയുന്നതിനെ എങ്ങിനെ ന്യായീകരിക്കും!! ....

മറിയച്ചേടത്തിയുടെ പേരില്‍ ഈ രാജ്യത്ത്‌ ഒരു പാലമോ, ഒരു വിമാനത്താവളമോ, ഒരു യൂണിവെഴ്സിറ്റിയോ ഒന്നും വേണമെന്നു നേതാവ്‌ ആവശ്യപ്പെട്ടില്ല പകരം ചതുപ്പുനികത്തി ബാപ്പുജിയുടെ സ്മാരകം പണിയാന്‍ തീരുമാനിച്ച സ്ഥലത്ത്‌ ചിമ്മാരു മറിയം മെമ്മോറിയല്‍ വായന ശാലയും, അതിന്റെ മുറ്റത്ത്‌ ചട്ടയും മുണ്ടുമുടുത്ത്‌ തൂമ്പായും കുത്തിപ്പിടിച്ചുനില്‍ക്കുന്ന മറിയച്ചേടത്തിയുടെ ഒരു പൂര്‍ണ്ണകായപ്രതിമയും സ്ഥാപിക്കുക. അതുമാത്രമേ പ്രതിപക്ഷം ആവശ്യപ്പെടുന്നൊള്ളു...

കൂടാതെ തങ്ങളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ അംഗീകരിച്ചില്ലങ്കില്‍ കവലയിലെ ജനജീവിതം ഏതെല്ലാം വിതത്തില്‍ സ്തമ്പിപ്പിക്കും എവിടെയെല്ലാം ഹര്‍ത്താലാചരിക്കും എവിടെയെല്ലാം പിക്കറ്റിഗ്‌ ഉണ്ടാകും ...തുടങ്ങിയ സമരമുറകളേക്കുറിച്ചും നേതാവ്‌ തൊണ്ടകീറി അലറുന്നുണ്ടായിരുന്നു... അതൊന്നും അതികമാരും ഗൗനിച്ചില്ല..പക്ഷേ കവല നിവാസികളുടെ നെഞ്ചിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങിയ ഒരു ചാട്ടുളിയായ്മാറി ചിമ്മാരു മറിയത്തിന്റെ ഓര്‍മ്മകള്‍...

ഫാസ്റ്റ്ഫുഡ്‌ തട്ടുകടയും സൂപ്പര്‍ഫൈന്‍ അരിലഭിക്കുന്ന റേഷന്‍ കടയും ഒക്കെ കവലയില്‍ വന്നപ്പോള്‍ ഞങ്ങള്‍ കുറേ അഹങ്കരിച്ച്പോയ്‌, നടന്നു വന്ന വഴികള്‍ മറന്നു....ഘോരവനത്തിലൂടെ ആ വഴികള്‍ തെളിച്ചുതന്ന ചിമ്മാരു മറിയച്ചേടത്തിയെ മറന്നു...

പരിഹാരം ചെയ്യാന്‍ പിന്നെ മത്സരമായിരുന്നു...

ചിമ്മാരുമറിയം വക വായന ശാല ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ നാട്ടുകവലയിലെ എല്ലാ പൗരന്മാരും ചേര്‍ന്നു പണിതീര്‍ത്തു, അവിടെ വായനയും തുടങ്ങി. പ്രതിമ സ്ഥാപിക്കാനുള്ള തറയെല്ലാം റെഡിയായ്‌ അവിടെ ഒരു തൂമ്പ ഓള്‍റെഡി സ്ഥാപിച്ചുകഴിഞ്ഞു...മറിയച്ചേടുത്തിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ കുഞ്ഞിരാമേട്ടനു കരാര്‍ കൊടുത്തു... 'മലമ്പുഴയില്‍ ഉപയോഗിച്ച പാറ്റേണ്‍ ഇവിടെയും ഉപയോഗിക്കും' എന്നാണു പത്രക്കുറിപ്പില്‍ കുഞ്ഞുരാമേട്ടന്‍ പ്രസ്താപിച്ചത്‌.

ചായക്കടയിലും ബാര്‍ബര്‍ ഷാപ്പിലും കള്ളുഷാപ്പിലും മാത്രമല്ല നാലാളുകൂടുന്നിടത്തൊക്കെ പുതിയ തലമുറയ്ക്ക്‌ കേള്‍ക്കാനായ്‌ പഴയ തലമുറകള്‍ ചിമ്മാരു ചരിതം റിലേയ്‌ ചെയ്തു......വിത്‌ പൊടിപ്പ്സ്‌ ഏന്‍ഡ്‌ തൊങ്ങല്‍സ്‌...

മധ്യതിരുവിതാംകൂറില്‍ ചിമ്മാരു എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സാധാ നസ്രാണിക്കുടുമ്പത്തിലെ ദൈവ ഭയമുള്ള മാതാപിതാക്കളുടെ പതിമൂന്നു മക്കളില്‍ ഒടുക്കത്തവള്‍...സുന്ദരി, സുമുഖി. അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ പതിമൂന്നാം വയസില്‍ അപ്പനും അമ്മയും പറഞ്ഞതനുസരിച്ച്‌ മുഖത്തു നോക്കാതെ അവള്‍ ഒരു ചെറുക്കന്റെ മുമ്പില്‍ തലകുനിച്ചു...അവനു താലിച്ചരട്‌ കോര്‍ത്തുകെട്ടാനെളുപ്പത്തിനു.

കടുത്തുരുത്തിക്കാരന്‍ ഒരു പൗലോസ്‌... അവനാണു മറിയത്തിന്റെ കഴുത്തില്‍ താലികെട്ടിയത്‌ - കെട്ടി എന്നു പറഞ്ഞാല്‍ അതു സത്യവിരുദ്ധമാവും, ഒരു ചരട്‌ ഊരാക്കുടുക്കിട്ട്‌ നേരേ ചൊവ്വേ കെട്ടാനൊന്നും പൈലോയ്ക്കു മിടുക്ക്‌ ഇല്ലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ...കുറച്ചു നേരം ശ്രമിച്ചുനോക്കിയിട്ടും കെട്ടാന്‍ പറ്റാതിരുന്നതിനാല്‍ വെറുതെ രണ്ടുതുമ്പും കൂട്ടി പിരിച്ച്‌ വച്ചു അത്രതന്നെ...

പുതുമണവാളന്റെ മട്ടും മാതിരീം ഒക്കെകണ്ട്‌ ആദ്യം ബന്ധുക്കളും പിന്നെ അയല്‍ക്കാരും നെടുവീര്‍പ്പിന്റെ അകമ്പടിയോടെ പറഞ്ഞുപോയ്‌..." ശ്ശോ...പാവം പെങ്കൊച്ചിനു ഈഗതിവന്നല്ലോ എന്റെ പരുമലത്തിരുമേനി..."

എന്നാല്‍ മറിയം ഒന്നും കേട്ടില്ല; അവള്‍ ഒന്നും അറിഞ്ഞില്ല; വര്‍ഷം രണ്ടുകഴിഞ്ഞിട്ടും മറിയം തന്റെ ഭര്‍ത്താവിന്റെ മുഖത്ത്‌ നോക്കുകയോ അയാളോടു എന്തെങ്കിലും സംസാരിക്കുകയോ ചെയ്തില്ല. അന്നത്തെ ട്രെന്റനുസരിച്ച്‌ ഒരു കുട്ടിയൊക്കെ ആയതിനു ശേഷമാണു നോട്ടോം പറച്ചിലും തുടങ്ങുന്നത്‌. ഇവിടെ കുട്ടീം ഉണ്ടായില്ല നോട്ടോം ഉണ്ടായില്ല...

മണകൊണാഞ്ചന്‍, കിഴങ്ങേശ്വരന്‍ എന്നീ കാറ്റഗറിയില്‍ പൈലോയെ ചേര്‍ക്കാന്‍ പ്രത്യേക പരീക്ഷകള്‍ എഴുതിക്കേണ്ട കാര്യമില്ല. ഈ കഥാപുരുഷന്റെ മിടുക്ക്‌ ഒന്നുകൊണ്ട്‌ മാത്രമാണു ഇവരുടെ കല്യാണത്തിന്റെ പൊരുത്തുകാരനു നാടുവിട്ട്പോകാനുള്ള ഭാഗ്യം ലഭിച്ചത്‌. ചിമ്മാരു കുടുമ്പത്തിലെ ആണുങ്ങളെല്ലാംകൂടി തങ്ങളുടെ കുടുമ്പത്തോടുചെയ്ത സേവനത്തിനു പകരമായ്‌ ഈ പൊരുത്ത്കാരനെ 'പൊന്നാട'യില്ലതെ ഒന്നു 'ചാര്‍ത്തി' ബഹുമാനിക്കാന്‍ തീരുമാനിച്ചപ്പോഴേയ്ക്കും കക്ഷി നാടുവിട്ടു.

പത്തുപൈസ കുറവുള്ളവനില്‍ വിവാഹശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തായിരിക്കും എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു ചുരുക്കത്തില്‍ ഈ കല്യാണം. സ്ത്രീധനമായ്‌ കിട്ടുന്ന തരക്കേടില്ലാത്ത തുകയില്‍ നിന്നും വെറും പത്തുപൈസ എടുത്തുവച്ചാല്‍ തങ്ങളുടെ മകന്റെ മാനസികാഅക്കൗണ്ട്‌ ടാലിയാകും എന്നൊരു അതിമോഹം പൈലോയുടെ അപ്പനും അമ്മയ്ക്കും ഉണ്ടായിരുന്നു.പോക്കറ്റുമണിയായ്‌ കിട്ടിയ നൂറുരൂപയും പെണ്ണിന്റെ അവകാശമായ്‌ കിട്ടിയ അരയേക്കര്‍ പുരയിടവും പൈലോയുടെ പത്തുപൈസായുടെ കുറവു നികത്താന്‍ പര്യാപ്തമായില്ല.

"ഇനി ഒരു കച്ചവടം തുടങ്ങിക്കൊടുത്താല്‍ അവന്‍ മിടുക്കനായ്ക്കോളും...", പുതിയ ആശയം അവതരിപ്പിച്ചത്‌ പൈലോയുടെ അമ്മയായിരുന്നു...വീണ്ടും പൈലോയെ വച്ചുള്ള പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചു.

വെറും പൈലോ അരിക്കച്ചവടക്കാരന്‍ പൈലോ ആയിമാറി. മറിയത്തിന്റെ വീതമായ്ക്കിട്ടിയ വസ്തുവിറ്റാണു പീടികയ്ക്കുള്ള മൂലധനം സ്വരൂപിച്ചത്‌.കച്ചവടത്തിനു സഹായിക്കാന്‍ ഒരു അസിസ്റ്റന്റും ഉണ്ടായിരുന്നു. കച്ചവടത്തിന്റെ ട്രിക്കുകള്‍ പഠിപ്പിച്ചുകൊടുക്കാനുള്ള ഒരു താല്‍ക്കാലിക നിയമനമായിരുന്നു അത്‌. രാവിലെ തൂക്കുപാത്രത്തില്‍ പൈലോ മൊതലാളിക്കുള്ള ചോറും ചുമ്മിക്കൊണ്ട്‌ പോയിരുന്നത്‌ ഈ അസിസ്റ്റന്റ്‌ ആയിരുന്നു. രാത്രി തിരിച്ച്‌ വീട്ടില്‍ കൊണ്ടുവന്നു വിടുന്നതുവരെ മുതലാളിയുടെയും കച്ചവടത്തിന്റെയും കാര്യങ്ങള്‍ നോക്കിയിരുന്നതും ഈ അസിസ്റ്റന്റ്‌ തന്നെ.

"ന്റെ മോനു സാമര്‍ത്ഥ്യം ഇല്ലാന്നാരാ പറഞ്ഞേ...കണ്ടില്ലേ പീഡ്യേടെ താക്കോലൊക്കെ അവനൊറ്റയ്ക്കാ കൊണ്ടുനടക്കണേ ..." എന്ന് പൈലോയുടെ അമ്മ അഭിമാനത്തോടെ പറഞ്ഞു... ഇവിടെ, 'കാകനും തന്‍ കുഞ്ഞ്‌ കനകക്കുഞ്ഞ്‌' എന്നു ഞാന്‍ എന്റെ ഒരു കവിതയില്‍ പറഞ്ഞകാര്യം ഓര്‍ക്കാവുന്നതാണു.

അരിക്കച്ചവടംകൊണ്ട്‌ നല്ല ഇമ്പ്രൂവ്‌മന്റ്‌ ഉണ്ടായ്‌...ആളു നന്നായ്‌, സാമ്പത്തീകമായും ഒരുപാടുവളര്‍ന്നു....പൗലോ അല്ല പൗലോയുടെ അസിസ്റ്റന്റ്‌...പൈലൊ വീണ്ടും കിഴങ്ങേശ്വരന്മാരുടെ ബൂലോഗക്ലബിലെ സ്ഥിരാംഗമായ്‌ തുടര്‍ന്നു.

എന്നിട്ടും കഥാ നായിക മറിയം ഒന്നും അറിഞ്ഞില്ല....അവള്‍ ഇതുവരെ പൈലോയുടെ തിരുമുഖം ദര്‍ശിച്ചിട്ടില്ല...അക്കൗണ്ടിലെ പത്തുപൈസയുടെ വലിയ കമ്മിയേപ്പറ്റി ആരും അവളെപ്പറഞ്ഞു ബോധ്യപ്പെടുത്തിയുമില്ല... നാട്ടു നടപ്പ്‌ അന്ന് അങ്ങനെ ആയിരുന്നു.

ഏതാനും വര്‍ഷങ്ങളെ ആരൊക്കെയോകൂടി ഉന്തിത്തള്ളി കടത്തിവിട്ടു. മറിയത്തിന്റെ മാതാ പിതക്കളും ചില അടുത്ത ബന്ധുക്കളും വീടിന്റെ ഭിത്തീമ്മെലോട്ട്‌ പല്ലികളുടെ ഒപ്പം പിടിച്ചുകയറിയപ്പോള്‍ മറിയത്തിനോട്‌ സഹതപിക്കാനും ആരുമില്ലാതായ്‌...


വിശപ്പുകൊണ്ടു പൊറുതിമുട്ടിയ ഒരു ദിവസം ആചാര മര്യാദകള്‍ തെറ്റിച്ച്‌ മറിയം ഭര്‍ത്താവിനെ കണ്ണുതുറന്നു നോക്കി...പലതും കണ്ടു പലതും മനസിലായ്‌...

അപല ചപല എന്നു പെണ്ണിനു കാലങ്ങളായ്‌ ചാര്‍ത്തിക്കൊടുത്തിരുന്ന ലേബല്‍ മറിയത്തിന്റെ നെറ്റിയില്‍നിന്നും പൊഴിഞ്ഞുപോയ്‌...തറപറ്റി മണ്ണിനോടലിയാന്‍ തുടങ്ങിയ ജീവിതം അവള്‍ പതുക്കെ തോളിലേറ്റി നിവര്‍ന്നുനിന്നു... ചില നിയോഗങ്ങള്‍ അവള്‍ക്കായ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു.

കടം കേറി ദീപാളികുളിപ്പിച്ചപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലോട്ട്‌ കുടിയേറാന്‍ പലരും മറിയത്തെ ഉപദേശിച്ചു. പക്ഷേ വിറ്റുപെറുക്കാന്‍ ഒന്നുമില്ലായിരുന്നു എന്ന കാരണത്താല്‍ ആ കുടിയേറ്റം നടന്നില്ല.

ഇടുക്കി ജില്ലയിലെ കിഴക്കന്‍ മലകളില്‍ ഏലത്തോട്ടങ്ങളിലെ ജോലി സാധ്യതയെക്കുറിച്ച്‌ അവിടെ ജോലിചെയ്യുന്ന ഒരു നാട്ടുകാരന്‍ പറഞ്ഞാണു മറിയം അറിഞ്ഞത്‌...അവള്‍ രണ്ടും കല്‍പ്പിച്ചിറങ്ങി; ഒന്നും ചിന്തിക്കാതെ, കാരണം അതു കാടിന്റെ വിളിയായിരുന്നു...അവള്‍ക്കുള്ള നിയോഗമായിരുന്നു.

പൈലോയ്ക്ക്‌ അഭിപ്രായ വ്യത്യാസം ഒന്നുമില്ലായിരുന്നു...അഭിപ്രായമേയില്ലായിരുന്നു പിന്നെ എങ്ങിനെ വ്യത്യാസമുണ്ടാകും.

കല്ലിന്മേല്‍ നിരന്തരം തല്ലിയലക്കുന്നതിനാല്‍ പിഞ്ചിപ്പോയതും നിറം മങ്ങിയതുമായ കുറച്ച്‌ വസ്ത്രങ്ങളും പിന്നെ എന്തൊക്കെയോ തട്ടുമുട്ട്‌ സാധനങ്ങളും ഒക്കെയായ്‌ ഒരു തകരപ്പെട്ടിയിലൊതുങ്ങി ആ കുടുമ്പത്തിന്റെ ആകെ സ്വത്തുക്കള്‍. ഭര്‍ത്താവിന്റെ കയ്യില്‍ പിടിച്ച്‌ പെട്ടിയുംതൂക്കി അവള്‍ പ്രയാണം ആരംഭിച്ചു... നാടിനോട്‌ മൗനമായ്‌ യാത്ര പറഞ്ഞ്‌ പരിചയമില്ലാത്ത്‌ നാട്ടിലെയ്ക്ക്‌ പരിചയമില്ലാത്ത വഴികളിലൂടെ...എന്നാല്‍ ഭയാശങ്കകള്‍ കൂടാതെ...

അമ്മയുടെ കയ്യില്‍പിടിച്ച്‌ ഉത്സവത്തിനു പോകുന്ന ഒരു കൊച്ചുകുട്ടിയുടെ മാനസീകാവസ്തയിലായിരുന്നു പൈലോ.

കോതമംഗലം എന്ന സ്ഥലത്താണു കിഴക്കന്‍ മലയിലേയ്ക്കുള്ള യാത്രക്കരുടെ തയ്യറെടുപ്പുകള്‍ അരങ്ങേറുന്നത്‌. സ്വരാജ്‌ എന്നു പേരുള്ള ഒരു കുട്ടി ബസ്സാണു ആകെയുള്ള വാഹനം അതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം. കുടിയേറ്റക്കാര്‍ തോട്ടം തൊഴിലാളികള്‍ കാട്ടില്‍ മരം മുറിക്കാന്‍ പോകുന്നവര്‍...അവരോടൊപ്പം ഈര്‍ച്ചക്കാര്‍...വണ്ടിയില്‍ നല്ലതിരക്കായിരിക്കും.

മറിയവും പൈലോയും വണ്ടിയില്‍ കയറാന്‍ വന്നപ്പോള്‍ "പെട്ടി വണ്ടിയുടെ മുകളില്‍ കയറ്റിയിടണം ചേട്ടാ... അകത്ത്‌ തീരെ സ്ഥലമില്ല " എന്നു കണ്ടക്ടര്‍ പറഞ്ഞത്‌ ആരോടാ?... കച്ചവടമുണ്ടായിരുന്നകാലത്ത്‌ പീഡികയുടെ താക്കോല്‍ എടുത്തു നടന്നതിന്റെ ക്ഷീണം ഇനിയും മാറാത്ത പൗലോയോട്‌.

അന്നു കിളികള്‍ വണ്ടിയില്‍ ജോലിചെയ്യാതെ മരക്കൊമ്പുകളിലും ആകാശത്തും മാത്രം ജീവിക്കുന്ന കാലം. മറിയത്തിനു രണ്ടെ രണ്ടു വഴികള്‍ മാത്രമേ മുന്നിലുണ്ടായിരുന്നൊള്ളു...ഒന്ന് പെട്ടി ഉപേക്ഷിച്ച്‌ യാത്ര തുടരുക, രണ്ട്‌........... അതു തന്നെ മറിയം തിരഞ്ഞെടുത്തു. ഞൊറിയിട്ടുടുത്ത മുണ്ടിന്റെ തുമ്പ്‌ പൊക്കിക്കുത്തി ഒരു കയ്യില്‍ പെട്ടിയും എടുത്ത്‌ വണ്ടിയുടെ മുകളിലോട്ട്‌ കയറി..താഴെ നിന്നവര്‍ അന്തംവിട്ടു നിന്നുപോയതിനാല്‍ ആര്‍ക്കും മറിയത്തിന്റെ ആ കയറ്റം അനലൈസുചെയ്യ്തു കാണാന്‍ കഴിഞ്ഞില്ല....എല്ലാവരും സ്ഥലകാല ബോധം വീണ്ടെടുത്തപ്പോഴേയ്ക്കും പുള്ളിക്കാരി താഴെയിറങ്ങിക്കഴിങ്ങിരുന്നു.

ആദ്യമായ്‌ സ്വരാജ്‌ ബസ്സിന്റെ മുകളില്‍ കാലുകുത്തിയ വനിത എന്ന ബഹുമതിയോടെ നമ്മുടെ കഥാ നായിക ചിമ്മാരു മറിയം തന്റെ ജീവിതത്തിലെ കയറ്റങ്ങളോരോന്നായ്‌ കയറാന്‍ തുടങ്ങുകയായിരുന്നു.

..ടുര്‍..ര്‍...ര്‍...ടുര്‍...ര്‍..ര്‍...
ണീം... ണീം....

സ്വരാജ്‌ ബെസ്‌ മറിയയേയും പൈലോയേയും വഹിച്ചുകൊണ്ട്‌ ഹൈറേഞ്ചിലെയ്ക്കുള്ള പ്രയാണം ആരംഭിച്ചു; കൂടെ ഒരുപിടി മനുഷ്യരും....

(തുടരും)

20 comments:

(സുന്ദരന്‍) said...

ഫാസ്റ്റ്ഫുഡ്‌ തട്ടുകടയും സൂപ്പര്‍ഫൈന്‍ അരിലഭിക്കുന്ന റേഷന്‍ കടയും ഒക്കെ കവലയില്‍ വന്നപ്പോള്‍ ഞങ്ങള്‍ കുറേ അഹങ്കരിച്ച്പോയ്‌, നടന്നു വന്ന വഴികള്‍ മറന്നു....ഘോരവനത്തിലൂടെ ആ വഴികള്‍ തെളിച്ചുതന്ന ചിമ്മാരു മറിയച്ചേടത്തിയെ മറന്നു...

SAJAN | സാജന്‍ said...

ഠേ..!!!
ഇതിന്റെ പോക്ക് കണ്ടിട്ട് ഈ ബസ് ഇവിടെങ്ങും നില്‍ക്കുന്ന ലക്ഷണം ഇല്ല ..ഇതെവിടങ്കിലും ഒന്നു ചെന്നു നില്‍ക്കട്ടെ എന്നിട്ടെല്ലാംകൂടെ ഒരൊറ്റ കമന്റ്..
:)

വക്കാരിമഷ്‌ടാ said...

ഹോ, സുന്‍‌താരാ, നയന്‍‌താരാ, സൂപ്പര്‍. ഇത് ഒരു യൂറോപ്യന്‍ പര്യടനം പോലൊന്നാകാനുള്ള സ്കോപ്പുണ്ടല്ലോ. ചിമ്മാരു മറിയേടേ ഹൈറേഞ്ച് പര്യടനമെന്നോ മറ്റോ.

രസിച്ച് വായിച്ചു കേട്ടോ.

ആവനാഴി said...

ഹായ് സുന്ദര്‍,

ഇതൊരു വലിയ നോവലാകും. ഹൈറേഞ്ചിലേക്കല്ലേ പോക്കു. കുടിയേറ്റക്കാരുടെ സന്താപവും, സന്തോഷവും എല്ലാം ഇടകലര്‍ന്ന മണ്ണിന്റെ മണമുള്ള കഥ.

അഭിനന്ദനങ്ങള്‍.

സസ്നേഹം
ആവനാഴി.

സുഗതരാജ് പലേരി said...
This comment has been removed by the author.
സുഗതരാജ് പലേരി said...

കവല നിവാസികളുടെ നെഞ്ചിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങിയ ചിമ്മാരു മറിയത്തിന്റെ ഓര്‍മ്മകള്‍ രസിച്ച് വായിച്ചു കേട്ടോ.

അഭിനന്ദനങ്ങള്‍.

o.t.: 'മലമ്പുഴയില്‍ ഉപയോഗിച്ച പാറ്റേണ്‍ ഇവിടെയും ഉപയോഗിക്കും' ha ha ha.

വേണു venu said...

ചിമ്മാരു മറിയത്തിന്റെ ഓര്‍മ്മകള്‍ നന്നായിട്ടുണ്ടു് സുന്ദരാ..അനുമോദനങ്ങള്‍‍.:)

ശാലിനി said...

തുടരുമല്ലോ..

ചക്കര said...

:)

ചേച്ചിയമ്മ said...

ചിമ്മാരു മറിയത്തിന്റെ കഥ നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം തന്നെ പോസ്റ്റൂ..

kaithamullu - കൈതമുള്ള് said...

മറിയച്ചേടത്തീനെ അധികം വലക്കല്ലേ സുന്ദരാ...

santhosh balakrishnan said...

നന്നായിട്ടുണ്ട്‌..രണ്ടാഭാഗത്തിനായി കാത്തിരിക്കുന്നു..

sandoz said...

സുന്ദരാ.....ഡണ്‍....ഒന്നാഞ്ഞ്‌ പിടിച്ചാല്‍ ഇതൊരു സംഭവം ആക്കാം.......ചില പ്രയോഗങ്ങള്‍ ഒക്കെ കസറീട്ടുണ്ട്‌.........കുറച്ച്‌ നീണ്ടുപോയാലും കുഴപ്പമില്ലാ...പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറഞ്ഞ്‌ തന്നെ തീര്‍ക്കണം.......എങ്ങനെയെങ്കിലും ഒന്ന് തീര്‍ക്കണം എന്ന് കരുതി ഓടിച്ചിട്ട്‌ എഴുതരുത്‌......സാധാരണ തുടരനുകള്‍ക്കു പറ്റുന്ന പോലെയാകരുത്‌......കുറുമാന്റെ യാത്രാവിവരണ തുടരനുകള്‍ക്കു ശേഷമുള്ള മറ്റൊരു തുടരന്‍ ഹിറ്റ്‌ ഇതാകട്ടെ...എല്ലാ ആശംസകളും.......

Kiranz..!! said...

:)

ദില്‍ബാസുരന്‍ said...

അവസാനമായപ്പോഴേയ്ക്ക് പതിവ് ഹാസ്യം കലര്‍ത്തുന്ന ശൈലി മാറി കഥയ്ക്ക് പ്രത്യേക താളവും വേഗവും വന്നിരിക്കുന്നു. ഒരു സീരിയസ്നസ്സ്. ആ രീതി എനിയ്ക്ക് ഇഷ്ടമായി. അങ്ങനെ തന്നെ എഴുതൂ.. നര്‍മ്മത്തിന് വേണ്ടി നര്‍മ്മം ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് സ്വാഭാവിക ഒഴുക്കില്‍ കഥ പറയുന്നതാണ്.

G.manu said...

ചിമ്മാരു കുടുമ്പത്തിലെ ആണുങ്ങളെല്ലാംകൂടി തങ്ങളുടെ കുടുമ്പത്തോടുചെയ്ത സേവനത്തിനു പകരമായ്‌ ഈ പൊരുത്ത്കാരനെ 'പൊന്നാട'യില്ലതെ ഒന്നു 'ചാര്‍ത്തി' ബഹുമാനിക്കാന്‍ തീരുമാനിച്ചപ്പോഴേയ്ക്കും കക്ഷി നാടുവിട്ടു.

DOUBLE CHEERS

നീയും ഞാനും said...

നെയ്യപ്പത്തിനു കുറച്ചു നെയ്യു കൂടിയാലും കുഴപ്പമില്ല....നന്നായിരിക്കുന്നു.....തുടരുക....

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരോ...താമസിച്ചു പോയി
അടുത്ത ബസ്സ് പിടിക്കട്ടെ

ആഷ | Asha said...

നല്ല ഒഴുക്കുണ്ട് കഥയ്ക്ക്
അടുത്ത ഭാഗത്തിലോട്ടു പോവുന്നു

മാളൂ said...

ഇവിടെ എത്തിയതിപ്പൊഴാ എന്നു പറഞ്ഞിട്ടെന്താ ചിമ്മാരു മറിയം കൊള്ളാം ! അബലയും ചപലയും ആയ പെണ്ണ് , സാഹചര്യം കൊണ്ടെത്തിക്കുന്നു എന്നെ പറയാനുള്ളു..
പലതിനും മരുന്ന് ഒന്നു പെണ്ണ് കെട്ടിയാ അവനങ്ങ് ശരിയാവും ...ബാക്കി കൂടി നോക്കട്ടെ നല്ല ഒഴുക്ക്.