Thursday, 26 April, 2007

ചിമ്മാരുമറിയം -3

സേതുലക്ഷ്മിബായിയുടെ കല്ല് (ചിമ്മാരുമറിയം -3)

മഴയ്ക്ക് ഒരു താളമുണ്ട് ഒരു രാഗവും...അത് ദൈവം കൊടുത്തതാണ്. മണ്ണിനും മനുഷ്യനും അനുഗൃഹമായ് മഴയുടെ സംഗീതം പെയ്തിറങ്ങുന്നു. എന്നാല്‍ മനുഷ്യന്‍ ചിലപ്പോഴെല്ലാം മഴയുടെ താളവും രാഗവും നശിപ്പിക്കും...രാഗവും താളവും പിഴച്ചമഴ മണ്ണില്‍‌വീഴുമ്പോള്‍ അത് മണ്ണിനേയും മനുഷ്യനേയും നശിപ്പിക്കും.

ആസ്യത്താത്തയ്ക്കും മറിച്ചൊരഭിപ്രായമില്ല. എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യരുടെ പാപത്തിന്റെ ഫലമാണെന്നാണ് ഉമ്മായുടെ വിശ്വാസം.

"ദുനിയാവില് മനുസേന്മാരുടെ കൊള്ളരുതാമ പെരുകീപ്പം മയക്ക് ഹാലിളകിമോളെ...പുരാന്ത് പിടിച്ചമയക്കുണ്ടോ നല്ലമനുസേന്മാരെന്നും കെട്ടമനുസേന്മാരെന്നും നോട്ടം...."

ആസ്യത്താത്ത പഴംപുരാണത്തിന്റെ ഭാണ്ഡം തുറന്നപ്പോള്‍ ചിമ്മാരുമറിയം താല്പര്യത്തോടെ കേട്ടിരുന്നു.

കഥകള്‍ കേള്‍ക്കാന്‍ മറിയത്തിനിഷ്ടമാണ്. കടുത്തുരുത്തീലോട്ട് കെട്ടിച്ചുവിടുന്നതിനുമുമ്പ് കുറവിലങ്ങാട്ടെ വീട്ടില്‍ അപ്പച്ചന്‍ മക്കളെയെല്ലാം വിളിച്ചിരുത്തി കഥകള്‍പറഞ്ഞുതരുമായിരുന്നു. അതെല്ലാം നഷ്ടമായിട്ട് വര്ഷം പത്തുപന്ത്രണ്ടുകഴിഞ്ഞു, ചിമ്മാരുമറിയം വീണ്ടും കൊച്ചുകുട്ടിയായ്...കഥകേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകുട്ടി.

"ഉമ്മാ...ങും..ങും...."

ആസ്യത്താത്തായുടെ അരികില്‍നിന്ന കുട്ടി ചിണുങ്ങാന്‍ തുടങ്ങി.....വര്‍ത്തമാനത്തിനിടയില്‍ താത്തായ്ക്ക് കണ്ണില്ല, കാതില്ലാ.... ബ്രെയ്ക്കുമില്ല; പെരുമഴയത്ത് മലമുകളിലൊഴുകിയ കലക്കവെള്ളത്തിനുപോലും ഈ നാവിന്റെ ഒഴുക്കുണ്ടായിരുന്നില്ല....

"ഉമ്മോ...ങും..ങും...."

" യീ ബലാല്!! ....ജ്ജെന്തിനാണ്ടാ തൊള്ളതൊറക്കണേ...." ആസ്യത്താത്ത ചെക്കനുനേരെ കൈയോങ്ങി.

"നിക്ക് മൂത്രമൊയിക്കാന്‍ മുട്ടണ്‌മ്മാ..."

"കയ്യിമ്മേരുന്ന കായ് മുയ്‌വ്വോനും കൊടുത്ത് കണ്ട ബെടക്ക് ബെള്ളമെല്ലാം ബാങ്ങിക്കുടിച്ച് പള്ളബീര്‍പ്പിച്ചപ്പോയേ അന്നോടു ഞമ്മള് പറഞ്ഞാ?.....അബടനില്ല്.."

ആസ്യത്താത്താ വെളിയിലേക്കുനോക്കി...വണ്ടി വനത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പുള്ള ഇടത്താവളത്തിനോടടുത്തിരിക്കുന്നു..

"പുള്ളക്ക് ബയസ് പന്ത്ര്ര്ണ്ട് കയിഞ്ഞൂ...ഇപ്പയും കൊച്ചുകുട്ടിയാന്നാ ഓന്റെബിജാരം...ബാപ്പയില്ലാത്ത പുള്ളയല്ലേന്നുമ്പറഞ്ഞ് ഓമനിച്ച് ബഷളാക്കിക്കളഞ്ഞ്...." ആസ്യത്താത്ത ചിമ്മാരു മറിയത്തിനോടായ് പറഞ്ഞു.

ഏറെതാമസമില്ലാതെ വണ്ടി ജനവാസമുള്ള ഒരു കവലയില്‍ വന്നുനിന്നു. പെരിയാറിന്റെ തീരത്തുള്ള നേര്യമംഗലം.... ഇതാണ് ശരിക്കും പറഞ്ഞാല്‍ ഹൈറേഞ്ചിന്റെ കവാടം. ഇവിടന്നങ്ങോട്ട് ചെങ്കുത്തായ മലകയറിയുള്ള യാത്ര തുടങ്ങുകയാണ്. വെളിച്ചം കടക്കാത്ത വനത്തിലൂടെ.

"എല്ലാവര്‍ക്കും ഇറങ്ങാം ...ഇനി അരമണിക്കൂര്‍ കഴിഞ്ഞേ വണ്ടി പുറപ്പെടു..." വണ്ടിയുടെ കണ്ടക്ടര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

ചൂടായ എഞ്ചിന്‍ തണുപ്പിക്കാനുള്ള വെള്ളമെടുക്കാനായ് ഡ്രൈവറും ഇറങ്ങി.

ചായയോ കാപ്പിയോ കുടിക്കേണ്ടവര്‍ക്ക് കുടിക്കാനും അത്യാവശ്യ വിശ്രമമെടുക്കാനുമുള്ള ഇടത്താവള‌മാണിത്. ഇവിടെനിന്നുവിട്ടാല്‍ മൂന്നുമണിക്കൂറ് കഴിയണം അടുത്ത താവളമായ അടിമാലിയിലെത്താന്‍.

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിനുമുമ്പെതന്നെ മൂന്നാറിലെത്താനായ് സായിപ്പുതീര്‍ത്ത മനോഹരമായ ഒരു വഴിയുണ്ടായിരുന്നു. കോതമംഗലത്തുനിന്നും കുട്ടമ്പുഴ, മാങ്കുളം കാടുകളിലൂടെ പഴയമൂന്നാറിന്റെ വിരിമാറിലേയ്ക്ക് വന്നിറങ്ങിയിരുന്ന ആ വഴി, ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്നിലെ പേമാരി കഴുകിക്കളഞ്ഞു.

അതിനു ശേഷം സായിപ്പ് മൂന്നാറിലെ പ്ലാന്റേഷനില്‍ എത്താന്‍ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഇടത്താവളമാക്കി പുതിയ വഴികള്‍ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള തോട്ടം തൊഴിലാളികളും കുടിയേറ്റക്കാരും ശരിക്കും വലഞ്ഞു.

നേര്യമംഗലം കാട്ടിലൂടെയുള്ള ഈ വഴി അന്ന് യാത്രായോഗ്യമല്ലായിരുന്നു. കാട്ടില്‍നിന്നും മരക്കച്ചവടക്കാര്‍ മരം മുറിച്ച് നാട്ടിലെത്തിക്കാനായ് തീര്‍ത്ത പോത്തും വണ്ടിച്ചാലുകളാണ് പുതിയ റോഡായ് പരിണമിച്ചത്.

തിരുവിതാംങ്കൂര്‍ റാണി സേതു ലക്ഷ്മിഭായി നേര്യമംഗലത്ത് പെരിയാറിനുകുറുകെ ഒരു പാലം നിര്‍മ്മിച്ചതോടുകൂടി ഹൈറേഞ്ചിലേയ്ക്കുള്ള വഴിതെളിഞ്ഞു.

മൂന്നാറില്‍നിന്നും 'ഫിന്‍ലെ കമ്പനിയുടെ' തേയില കയറ്റിവരുന്ന ഏതാനും ലോറികള്‍ കൂടി കവലയില്‍ വന്നുനിന്നപ്പോള്‍ കവലയില്‍ കച്ചവടം പൊടിപൊടിച്ചു.

മൂത്രശങ്കയകറ്റിയത് ആസ്യത്താത്തയുടെ മകന്‍ റഹീമു മാത്രമല്ല... ആവശ്യക്കാര്‍ക്ക് എല്ലാസൗകര്യങ്ങളുമൊരുക്കി കുറ്റിക്കാട് വഴിയോരത്ത് നിറഞ്ഞുനില്‍ക്കുന്നു.

വഴിയോരത്തുള്ള കടയില്‍ തിന്നാനും കുടിക്കാനും യാത്രക്കിടയില്‍ കരുതാനുള്ളതും ലഭിക്കുന്നു.

"മോളെ ജ്ജ്ബാ...ന്റെകെട്ടിയോനെം ബിളിച്ചോളി...ബല്ലതും കയിച്ച് ത്തിരി ചൂടുബെള്ളോംകുടിക്കാം..." ആസ്യത്താത്ത മറിയത്തെ കാപ്പിക്കടയിലേക്ക് വിളിച്ചു.

"അന്റകയ്യീ കായില്ലാന്ന് ഞമ്മക്കറിയാം...അതോര്‍ത്ത് ജ്ജ് ബേജാറാവണ്ട.... അന്റ ഉമ്മയാണ് ബിളിക്കണതെന്ന് കൂട്ടിക്കോളിന്‍."

ഉമ്മയുടെ സ്നേഹത്തിനുമുമ്പില്‍ ചിമ്മാരുമറിയം കീഴ്പ്പെട്ടുപോയ് ഭര്‍ത്താവിനെയും കൂട്ടി അവള്‍ ആസ്യത്തെയെ അനുഗമിച്ചു. രാവിലെതൊട്ട് പട്ടിണിയായതിനാല്‍ നല്ല വിശപ്പുമുണ്ടായിരുന്നു.

കൊള്ളിക്കിഴങ്ങ് പുഴുങ്ങിയതും കാന്താരിമുളകരച്ച് തൈരില്‍ചാലിച്ച ചമ്മന്തിയും...
കുടിക്കാന്‍ ചുക്കും കുരുമുളകും ചേര്‍ത്ത കട്ടന്‍‌കാപ്പി.... രണ്ടാളും വയറുനിറയെക്കഴിച്ചു.

ബസിന്റെ ഡ്രൈവര്‍ ലോറിക്കാരോട് വഴിയിലോ പരിസരത്തോ ആനയിറങ്ങിയിട്ടുണ്ടൊ എന്ന് അന്വേഷിച്ചു.

ആന വഴിമുടക്കിയ കഥകളും ആന വണ്ടികുലുക്കിയകഥകളും പലരും പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചപ്പോള്‍ ആസ്യത്താത്തായ്ക്ക് കലികയറി.

"ങ്ങളൊന്ന് നിര്‍ത്തിന്‍.... ആന‍ ആനേന്റെ‌ബയിക്കും മനുശേന്മാരു മനുശേന്മാരുടെ ബയിക്കും പോയാമതി...ആരിക്കും ചേതോല്ലാ.."

സ്വരാജ് ബസ്സിന്റെ തണുത്ത എഞ്ചിന്‍ മലകയറാനായ് വിശ്രമത്തില്‍നിന്നും ഉണര്‍ന്നു...

ടുര്‍..ടുര്‍.......ട്രും..ട്രുര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

എല്ലാവരും വണ്ടിയില്‍ കയറിയെന്നുറപ്പുവരുത്തി കണ്ടക്ടര്‍ ഡബിള്‍ബെല്ലുകൊടുത്തു...

ടിം.. ടിം..

വണ്ടി സേതു ലക്ഷിബായിയുടെ പാലം കടന്നു....റാണിയുടെ നാമവും തിരുവിതാം കൂര്‍ രാജ്യത്തിന്റെ ശംഖ്മുദ്രയും പതിച്ച ഒരു സ്മാരക ശില പാലത്തിനു ശേഷം വഴിയരുകില്‍ സ്ഥാപിച്ചിരുന്നു. അതാണ് റാണിക്കല്ല്.

കാതില്‍ തോടയിട്ട സ്ത്രീ ഈണത്തില്‍ പാടി..

"നേര്യമംഗലം പാലമാണെ...റാണിക്കല്ല് സത്യമാണെ...."

പലരും ഏറ്റുപാടി...ദൈവത്തിലുള്ള വിശ്വാസം പോലെതന്നെ രാജാവിലും വിശ്വാസമുള്ളവരാണ് കുടിയേറ്റക്കാര്‍.... 'വിശ്വാസം' അതുമാത്രമാണ് പലര്‍ക്കും കൈമുതലായിട്ടുള്ളത്.

"അന്റ് വായിലുനാവുണ്ടല്ലേ..." ആസ്യത്താത്താ തോടയിട്ട സ്ത്രീയോടു ചോദിച്ചു.

മറുപടി ഒരു തുറിച്ചുനോട്ടത്തില്‍ ഒതുക്കി അവര്‍ ഒരു തോര്‍ത്തുമുണ്ടിനാല്‍ കാതുകള്‍ അടച്ചുകെട്ടി. കടുത്ത തണുപ്പില്‍നിന്നും അന്തരീക്ഷ മര്‍ദ്ധത്തിലെ വ്യതിയാനത്തില്‍നിന്നും തന്റെ ചെവികളെ രക്ഷിക്കുന്നതിലുപരി അടുത്ത മൂന്നുമണിക്കൂറികളിലെ ആസ്യത്താത്തയുടെ നോണ്‍‍സ്റ്റോപ്പ് സ്റ്റോറി ടെല്ലിംഗ് എന്ന കില്ലിംഗില്‍നിന്നും രക്ഷപെടുക എന്നതായിരുന്നു ആ സ്ത്രീയുടെ ലക്ഷ്യം.

"മോളെ ജ്ജ് ആദ്യയാത്തിരയല്ലേ...ഒരു തോര്‍ത്തുമുണ്ടിട്ട് കാത് മൂടിക്കോളിന്‍..." ആസ്യത്താത്ത മറിയത്തിനോടു പറഞ്ഞു.

"വേണ്ടുമമ.. ഉമ്മ കഥപറയ്..." മറിയത്തിനു ചരിത്രം കേള്‍ക്കാന്‍ തിടുക്കമായ്...

"അള്ളാ.... എല്ലാരൊം ഞമ്മളോട് കത പറയല്ലേന്ന് പറയും.. ജ്ജ്മാത്തരം കത പറയാനേക്കൊണ്ട് പറയൂം..."

ആസ്യത്താത്ത മുഖം തെളിഞ്ഞുചിരിച്ചു...

"ന്നാ കേട്ടോളിന്‍ .... പൂഞ്ഞാറ് രാശാബ് ബേട്ടയ്ക്ക് പോയ കത.....റഹീമിന്റ് ബാപ്പപ്റഞ്ഞുതന്ന കതകളാണെ...ഞമ്മള് നേരീ കണ്ടതല്ല..." ആസ്യത്താത്ത അടിപടലയില്‍ നിന്നും കഥ തുടങ്ങി.

അതെ... പൂഞ്ഞാറ് രാജാവ് വേട്ടയ്ക്ക് പോയതുമുതലല്ലെ ഹൈറെഞ്ചിന്റെ ചരിത്രം തുടങ്ങുന്നത്...

(ചരിത്രം തുടരും)

9 comments:

(സുന്ദരന്‍) said...

"നേര്യമംഗലം പാലമാണെ...റാണിക്കല്ല് സത്യമാണെ...."

SAJAN | സാജന്‍ said...

സുന്ദരാ.. അപ്പൊ നിങ്ങള്‍ സീരിയസ്സാ അല്ലേ.. കഥ ഓരോ തവണ കഴിയുന്തോറൂം മെച്ചമായി വരുന്നുണ്ട്..
ഒപ്പം കേള്‍ക്കാത്ത ചരിത്രത്തിന്റെഅനാവരണങ്ങളൂടെ ആവുമ്പോള്‍ വായിക്കാന്‍ എന്താ ഒരു രസം!..
ഇതിപ്പൊ ഒന്നും നിര്‍ത്തരുത് ..:)

G.manu said...

"ങ്ങളൊന്ന് നിര്‍ത്തിന്‍.... ആന‍ ആനേന്റെ‌ബയിക്കും മനുശേന്മാരു മനുശേന്മാരുടെ ബയിക്കും പോയാമതി...ആരിക്കും ചേതോല്ലാ.."

wow.....enna style vivaranam mashey....

കരീം മാഷ്‌ said...

ആ മലപ്പുറം ഭാഷ അതിന്റെ തന്മയത്തോടെ എഴുതിയിരിക്കുന്നു.
മലപ്പുറത്തൊരു വേരില്ലാതെ ഇതിനു കഴിയില്ല.
സുന്ദരന്‍ മലപ്പുറത്തു താമസിച്ചിട്ടുണ്ടോ?
നന്നായിരിക്കുന്നു.
ഇനി മുന്നത്തെതു വായിക്കട്ടെ!

(സുന്ദരന്‍) said...

സാജന്‍ .. കഥ ഇഷ്ടപ്പെട്ടതില്‍ നന്ദി
മനു.. നന്ദി

കരീംമാഷിനു നന്ദി ....സ്വാഗതം

എനിക്ക് മലപ്പുറത്ത് വേരുകളൊന്നുമില്ല, എന്നാല്‍ നാട്ടുകവലയില്‍ ഒരുപാടു മല്പ്പുറംകാരുടെ ഇടയിലാണ് താമസം (അവരാരും പഴയ കുടിയേറ്റക്കാരല്ല....)

പിന്നെ കഥയിലെ ആസ്യത്താത്ത മലബാര്‍ രാജ്യത്തുനിന്നുള്ള ആളാണ്. മട്ടാഞ്ചേരിയിലായിരുന്നു അവരുടെ ഭര്‍ത്താവിന്റെ തറവാട്‌വീട്. വളരെ പ്രസിദ്ധമായ മരയ്ക്കാര്‍ കുടുമ്പത്തില്‍ പെട്ടവരാണവര്‍. ആസ്യത്താത്തയുടെ ഭര്‍ത്താവ് ഒരു കളരി അഭ്യാസിയും മര്‍മ്മചികിത്സക്കാരനുമൊക്കയായിരുന്നു. ഇയാള്‍ ലാഹോറില്‍ കുറെക്കാലം ജോലിനോക്കിയിരുന്നു അവിടെവച്ച് മാര്‍ട്ടിന്‍ ടോബി എന്ന ഒരു ഇംഗ്ലീഷ്കാരനുമായ് പരിചയപ്പെടുകയും, ടോബി മൂന്നാറില്‍ കണ്ണന്‍ദേവന്‍ ഫിന്‍ലെ കമ്പനിയില്‍ മാനേജരായ് വന്നപ്പോള്‍ അയാളൊടൊപ്പം മൂന്നാറില്‍ വരികയും ചെയ്തു.

(ഇവരുടെ ഫാമിലിയിലെ പുതിയ തലമുറ ഇപ്പോഴും മൂന്നാറില്‍ തന്നെ.... ഇവരുടെ ചരിത്രം ഒരു നീണ്ട നീണ്ടകഥയ്ക്കുള്ളതുണ്ട്... ചിമ്മാരുമറിയത്തിന്റെ കഥയില്‍ ഇവരെപ്പറ്റി കൂടുതലൊന്നും പറയാനുള്ള പഴുത് കിട്ടുന്നില്ല )

ആഷ | Asha said...

ടുര്‍..ടുര്‍.......ട്രും..ട്രുര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

സുന്ദരാ എന്തൊന്നായിത് ;)
മുഷിച്ചിലില്ലാതെ നല്ല ഒഴുക്കില്‍ കഥ പറഞ്ഞിരിക്കുന്നു. വായിക്കാന്‍ നല്ല രസം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അപ്പോ ഡബിള്‍ ബെല്ല് കൊടുത്തിട്ടുണ്ട് വണ്ടി അടുത്ത സ്റ്റോപ്പിലേയ്ക്ക് പോട്ടെ

ടിം.. ടിം..

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരാ മോനേ സുന്ദരമോനേ എന്തൊരു ഓട്ടവാ ഈ വണ്ടിയുടെ?
നല്ല സുന്ദരന്‍ ഡ്രൈവിംഗ്.
കാടും മലയും കാട്ടാനയും തണുപ്പും ഒന്നുമറിയണേയില്ല.
വണ്ടിയങ്ങനെ കുതിച്ചു പായട്ടെ

ഇത്തിരിവെട്ടം|Ithiri said...

സുന്ദരാ... നല്ല പോസ്റ്റ്. മനോഹരമായ അവതരണവും.

കുറുമാന്‍ said...

സുന്ദരാ.......ഒന്നു രണ്ട് മൂന്ന് ഒറ്റയിരുപ്പിന് വായിച്ചു...ഇനിയും ഇരുപതെണ്ണം കിടക്കണ് വായിക്കാന്‍. രസാവഹം തന്നെ.......അഭിനന്ദന്‍സ് :)