Tuesday, 20 March, 2007

ചതി..

കവലയിലെ ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ പുതുതായി സ്ഥലംമാറിവന്ന നളിനി ടീച്ചറിനു ആര്‍ഭാടമായ ഒരു വരവേല്‍പ്പാണു ലഭിച്ചത്‌.

സ്കൂള്‍ ഗ്രൗണ്ടില്‍ എല്ലാകുട്ടികളും റബര്‍തൈ നട്ടതുമാതിരി കിറുകൃത്യമായി അണിനിരന്നു. ക്രെഡിറ്റ്‌ മുഴുവന്‍ ഒരു കൃഷിക്കാരനുംകൂടിയായിരുന്ന ഞങ്ങളുടെ ട്രില്‍ മാഷിനു. ലീലാമ്മ, സുശീല, ഷാഹിറാ എന്നീ ആ(അ)സ്ഥാന ഗായികമാരുടെ അതിഗംഭീരമായ അഖിലാണ്ടമണ്ഢലം അണിയിച്ചൊരുക്കലായിരുന്നു ആദ്യയിനം...

പിന്നെ സ്കറിയാസാര്‍ (ഹെഡ്മാഷ്‌) നളിനി ടീച്ചറിനെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടിങ്ങനെ പറഞ്ഞു...

"ഇനി പരീക്ഷയ്ക്കു തോറ്റിട്ട്‌ ബയോളജി പഠിപ്പിക്കാന്‍ ടീച്ചറില്ല...ബയോളജി പഠിപ്പിപ്പിക്കാന്‍ ടീച്ചറില്ല എന്നുമ്പറഞ്ഞ്‌ ആരുമിങ്ങ്‌ പോരേണ്ട ....ഇതാ നില്‍ക്കുന്നു ഒന്നാന്തരം ബയോളജി ടീച്ചര്‍ ഒരെണ്ണം..."

കൈയ്യടി....

"ടീച്ചറെ ഇവിടെ ലാബും എക്വിപ്മെന്റ്സും ഒന്നുമില്ലങ്കിലും ഇഷ്ടമ്പോലെ തവളേം പാമ്പും എട്ടുകാലീം ഒക്കെ കിട്ടും ... എന്താ വേന്‍ണ്ടേന്നു വച്ചാല്‍ പറഞ്ഞാമതി ഇവമ്മാരു പിടിച്ചുകൊണ്ടുവന്നു തരും ....മുഴുവോനെയോ ..പീസുപീസാക്കിയോ എങ്ങനെയാന്നു വച്ചാല്‍ പഠിപ്പിക്കുക അതെല്ലാം ടീച്ചറിന്റെ ഇഷ്ടം"

പിന്നെയും കൈയ്യടി...

അക്കാലത്ത്‌ ഞങ്ങള്‍ക്കു കൈയ്യടിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടാ....(ഒരിക്കല്‍ ഇഗ്ലീഷ്‌ ടീച്ചര്‍ ട്രീസ കോരയുടെ കുട്ടിക്കു ടൈഫോയിട്‌ പിടിപെട്ട്‌ സീരിയസായി ഹോസ്പിറ്റലില്‍ അഡ്മിറ്റായ കാര്യംപറഞ്ഞപ്പോളും ഇതുപോലെ കൈയ്യടിക്കുകയുണ്ടായി). മതി മതി എന്നുപറഞ്ഞു സാറുമാരാരെങ്കിലും വിലക്കിയില്ലങ്കില്‍ നാലുമണിയ്ക്കു കൂട്ടമണി അടിക്കണവരേയും കൈയ്യടിച്ചുനില്‍ക്കാന്‍ എല്ലാവരും തയ്യാര്‍...ഒരു ദിവസം പോയ്ക്കിട്ടുമല്ലോ...

നന്ദിപ്രസംഗത്തില്‍ നളിനി ടീച്ചര്‍ ഇങ്ങനെ പറഞ്ഞു...

"പ്രിയപ്പെട്ട കുട്ടികളെ ....ഇതെല്ലാം കാണുമ്പോള്‍ എന്റെ കണ്ണു നിറയുകയാണു....സന്തോഷംകൊണ്ട്‌"

കണ്ണുനിറയുകയാണെന്നു ടീച്ചര്‍ പറഞ്ഞത്‌ പരമാര്‍ത്ഥം....ആദ്യമായിട്ടു ഞങ്ങളുടെ സ്കൂളില്‍ വരുന്ന എല്ലാ ടീച്ചര്‍മാര്‍ക്കും കണ്ണുനിറയാറുണ്ട്‌.... പിന്നെ സന്തോഷംകൊണ്ടാണു കണ്ണു നിറഞ്ഞത്‌ എന്നു പറഞ്ഞതില്‍ എത്രമാത്രം ശരിയുണ്ടെന്നു പിറ്റേന്നുമുതല്‍ ട്രാന്‍സ്ഫറിനു ശ്രമിക്കുന്നതു കാണുമ്പോള്‍ മനസ്സില്ലാക്കാവുന്നതേയുള്ളു...

ഏതായാലും ട്രില്‍മാഷ്‌ അസമ്പ്ലി പിരിച്ചുവിട്ടു...ജെയ്ഹിന്ദ്‌... എല്ലാരും ഗോ ടു അവരവരുടെ ക്ലാസ്സ്‌.......

നളിനി ടീച്ചര്‍ നാട്ടിന്‍പുറത്തൊരു മോഡല്‍ ഹൈസ്കൂളില്‍ ടീച്ചറായിരുന്നു. തടിമാടനും വക്കീലുമായ ഒരു ഭര്‍ത്താവും, ഏട്ടം ക്ലാസ്സില്‍ പഠിക്കുന്ന തങ്കക്കുടം പോലൊരു മകളും അടങ്ങിയ ചെറിയകുടുമ്പം സന്തുഷ്ട കുടുമ്പമായി ടീച്ചര്‍ കഴിയുന്ന കാലത്തായിരുന്നു കാട്ടിന്‍പുറമായ ഞങ്ങളുടെ കവലയിലോട്ടുള്ള വിളിവന്നത്‌.

നിത്യവും രാവിലെ കുളിച്ച്‌ ഈറനുടുത്ത്‌ അടുത്തുള്ള ക്ഷേത്രത്തിലെ ദേവിയെ തൊഴുതിരുന്ന ടീച്ചര്‍ ദേവിയോട്‌, "ദേവി...അവിടുത്തെ ഈ ക്ഷേത്രത്തില്‍ സ്ഥിരമായി പ്രതിഷ്ടിച്ചിരുത്തിയിരിക്കുന്നപോലേ എന്നെയും പെന്‍ഷനാകുന്നവരേയും മോഡല്‍സ്കൂളില്‍ തന്നെ ഇരുത്തിതരേണമേ " എന്നു സ്ഥിരമായ്‌ അപേക്ഷിക്കുകയും പ്രത്യേക എഫെക്ട്‌ കിട്ടാനായ്‌ ഇടയ്ക്കിടയ്ക്ക്‌ തകര്‍പ്പന്‍ വെടികള്‍ വഴിപാടായ്‌ കഴിക്കുകയും ചെയ്തിരുന്നു...എന്നിട്ടും രക്ഷയുണ്ടായില്ല...

"ഈ നാട്ടില്‍ തല്‍ക്കാലം ഒരു സ്ഥിരപ്രതിഷ്ട മതിയെന്റെ നളിനി.." എന്ന നിലപാടാണു ദേവി സ്വീകരിച്ചത്‌.ഞങ്ങളുടെ ഹെഡ്മാഷ്‌ പറയുന്നപോലെ ഒരു ബയോളജി ടീച്ചര്‍ക്കു സന്തോഷം പകരുന്ന ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഉണ്ടിവിടെ...അതിപ്പോള്‍ സുവോളജി ആയാലും ബോട്ടണിയായാലും സന്തോഷത്തിനു ഒരു കുറവുമുണ്ടാകില്ല...പാമ്പുകള്‍ തവളകള്‍ എലികള്‍ ചെറിയ ടൈപ്പ്‌ ഡിനോസറുകള്‍ (ഓന്ത്‌ എന്നാണെന്നു തോന്നുന്നു ഇവയുടെ ശാസ്ത്രനാമം) അത്യപൂര്‍വ്വങ്ങളായ സസ്യങ്ങള്‍ ......

പക്ഷേ ഇതുമാത്രം മതിയോ ഒരു ബയോളജി ടീച്ചറിനു ജീവിക്കാന്‍...

താമസിക്കാന്‍ പറ്റിയ നല്ല വീടുകിട്ടാനില്ല... റാങ്ക്‌ പ്രതീക്ഷയുള്ള മകള്‍ക്കുപഠിക്കാന്‍ പറ്റിയ സ്റ്റാന്‍ഡേര്‍ഡുള്ള ഒരു സ്കൂളുപോലും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലെങ്ങുമില്ല ...നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത്‌ രണ്ടുകിലോമീറ്ററെങ്കിലും നടക്കണം.....

ഇതൊക്കെ ഓര്‍ത്തായിരിക്കാം ടീച്ചറിണ്ടെ കണ്ണില്‍ നിന്നും സന്തോഷാശൃക്കള്‍ പൊഴിഞ്ഞത്‌.

"ഞങ്ങളും ഇവിടെ വന്നപ്പോള്‍ ഈ പ്രയാസമൊക്കെകണ്ടു പരിഭ്രമിച്ചതാ...പക്ഷേ ഒന്നുരണ്ടുമാസം കഴിയുമ്പോള്‍ എല്ലാം ശീലമായിക്കോള്ളും" എന്ന ഉപദേശമാണു പഴയ അദ്യാപികമാര്‍ സൗജന്യമായി നളിനി ടീച്ചറിനു കൊടുത്തത്‌.

സുകുമാരി ടീച്ചര്‍, രാജമ്മ ടീച്ചര്‍, ശങ്കുണ്ണി സാര്‍ ...ഇവരെയെല്ലാം പോലെ ലളിതടീച്ചറും ഇലക്ട്രിസിറ്റി ബോര്‍ഡുവക ക്വാട്ടേര്‍സില്‍ താമസം തുടങ്ങി.

ഈ അവസരത്തിലാണു ഞാനും നളിനിടീച്ചറും തമ്മില്‍ ഒരു ബിസിനസ്സ്‌ ഡീലുറപ്പിക്കുന്നത്‌.

വീട്ടിലെ അമ്പിളിപശു ചുരത്തുന്ന ഔഷധവീര്യമുള്ള പാല്‍ ഒരുതുള്ളിപോലും വീട്ടിലെടുക്കാതെ ന്യായമായ രീതിയില്‍ വെള്ളവും ചേര്‍ത്ത്‌ പാച്ചുനായരുടെ ചായക്കടയില്‍ കൊടുക്കാനായ്‌ ഓടുന്ന നേരത്താണു ടീച്ചര്‍ എന്നെപിടികൂടിയത്‌. ദിവസവും അരലിറ്റര്‍ പാല്‍ ടീച്ചറിന്റെ വീട്ടില്‍ കൊടുക്കണം എന്ന ഡിമാന്റ്‌ അംഗീകരിക്കാന്‍ എനിക്കു സന്തോഷമേ ഉണ്ടായിരുന്നൊള്ളു. അമ്പിളിപ്പശുവിന്റെ പാലുമുഴുവന്‍ ചായക്കടയില്‍ വെറും ആപ്പ ഊപ്പ ലോക്കല്‍സ്‌ വന്നു കുടിച്ചിട്ടുപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ നളിനിടീച്ചറും മകളും കുടിക്കുന്നതു തന്നെ...ടീച്ചര്‍ പാലുകുടിച്ചാല്‍ അതിന്റെ ഗുണം ഞാനുള്‍പ്പെടുന്ന സ്കൂളിലെ മൊത്തം കുട്ടികള്‍ക്കും കൂടിയാണു ലഭിക്കുന്നത്‌.

ഗുരുഭക്തി കൂടിയ ഇനത്തില്‍ പെട്ട ഞാന്‍ ചായക്കടയില്‍ കൊടുക്കുന്നതിലും ക്വാളിറ്റി കൂടിയ പാല്‍ ടീച്ചറിനുകൊടുക്കണം എന്ന ആഗ്രഹത്തിന്‍ പുറത്ത്‌ എന്റെ അമ്മയോട്‌ പറഞ്ഞു..

"അമ്മെ ടീച്ചറിനു കൊടുക്കനുള്ള പാലില്‍ വെള്ളമൊഴിക്കരുത്‌"

"പാലില്‍ വെള്ളമൊഴിക്കാതെ വിറ്റാല്‍ പശുവിന്റെ അകിടിനു കേടാ...." എന്നായിരുന്നു അമ്മയുടെ മറുപടി.


ടീച്ചറിനു കൊടുക്കുന്ന പാലിന്റെ ക്വാളിറ്റി കൂട്ടാന്‍ ചായക്കടയില്‍ കൊടുക്കുന്ന പാലിന്റെ ക്വാളിറ്റി വീണ്ടും വെള്ളം ചേര്‍ത്ത്‌ കുറയ്ക്കുക എന്ന ഒറ്റ വഴിമാത്രമേ ഞാന്‍ കണ്ടൊള്ളു....(എന്റെ ഗുരുഭക്തി എന്നേക്കൊണ്ടതൊക്കെ ചെയ്യിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി)

കവലയിലെ കടയില്‍ നിന്നും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കാനും എന്റെ സഹായം ടീച്ചറിനാവശ്യമായ്‌വന്നു. ഈ കച്ചവടത്തില്‍ എനിക്കു ആഴ്ച്ചതോറും കുറഞ്ഞത്‌ ഒരു രണ്ടു രൂപയെങ്കിലും ടിപ്പായും ലഭിച്ചിരുന്നു.

അതിനെല്ലാം പുറമെ ഞങ്ങളുടെ സ്കൂളിലെ കുട്ടികളില്‍ നളിനി ടീച്ചറിനു ഏറ്റവും ഇഷ്ടം എന്നോടായിരുന്നു...മറ്റുകുട്ടികള്‍ക്ക്‌ അതില്‍ എന്നോടുണ്ടായിരുന്ന അസൂയ ചില്ലറയല്ല. ഞാന്‍ പരീക്ഷയില്‍ തോറ്റാലൊ, പഠിക്കാതെ വന്നാലൊ ക്ലാസില്‍ കയറാതെ സൈക്കിളുചവിട്ടാന്‍ പോയാലൊ ...ടീച്ചറിനൊരുപരാതിയുമില്ല. മറ്റുള്ളവരാണെങ്കില്‍ നല്ല ചുട്ട അടികൊടുക്കുകയും ചെയ്യും...

ഇങ്ങനെ കാര്യങ്ങളു സ്മൂത്തായി പോയ്ക്കൊണ്ടിരുന്നപ്പോളാണു ഞങ്ങളുടെ സ്കൂളിലെ ചില പൂവാലന്മാര്‍ ടീച്ചറിന്റെ മകളുടെ ഗ്ലാമര്‍ കണ്ട്‌ ഭ്രമിച്ചുപോയത്‌. പല പല വോള്‍ട്ടേജിലുള്ള ലയിനുകളും വലിച്ചുകൊണ്ട്‌ കുറെനാള്‍ പെണ്ണിന്റെ പുറകേ ഇവന്മാര്‍ ചുറ്റിത്തിരിഞ്ഞു...പക്ഷെ മീറ്ററുപിടിപ്പിച്ചു കണക്ഷന്‍ കൊടുക്കാന്‍ ഒരുത്തനും കഴിഞ്ഞില്ല.

ടീച്ചറിന്റെ വീട്ടില്‍ എനിക്കുള്ള പൊസിഷന്‍ അറിയാവുന്ന ലയിന്മാന്മാര്‍ പിന്നെ എന്റെ പുറകെ നടക്കാന്‍ തുടങ്ങി.

പിന്നീട്‌ എനിക്കു നല്ലകാലമായിരുന്നു...എന്നും ചെലവുചെയ്യാന്‍ ആളുകളേറെ ....വെറും പത്തുപൈസാ മിഢായി ഇരന്നാല്‍പോലും വാങ്ങിത്തരാതിരുന്നവമാര്‍ പൊറോട്ടയും മുട്ടക്കറിയും ഒക്കെ വാങ്ങിത്തന്ന് എന്നെ വല്ലാതെ സ്നേഹിക്കാന്‍ തുടങ്ങി...

"രണ്ടുനാഴി അരിയുടെ ചോറുണ്ടാലും മതിയാവാത്ത ചെറുക്കനാ അവനെയൊന്നു ഡോക്ടറെ കാണിക്കണം ഈയിടയായ്‌ ആഹാരം തീരെ കഴിക്കുന്നില്ല!!!..." എന്നെന്റെ അമ്മയേകൊണ്ടു ഇവന്മാരു പറയിപ്പിച്ചു.....

പക്ഷേ ഹെവി ആഹാരം വാങ്ങിത്തരുന്നതിനൊപ്പം ഹെവി ഉത്തരവാദിത്യങ്ങളും ഇവന്മാരെന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങി...ടീച്ചറിണ്ടെ മകള്‍ക്കുകൊടുക്കാന്‍ ചില സമ്മാനങ്ങള്‍, കാര്‍ഡുകള്‍ ചെറിയ ഉപന്യാസങ്ങള്‍......ഇവയില്‍ സമ്മാനങ്ങള്‍ ഞാനെടുക്കുകയും ഉപന്യാസങ്ങളും കാര്‍ഡുകളും വായിച്ചിട്ട്‌ കീറിക്കളയുകയും ചെയ്തുപോന്നു.....

വിശ്യാസ വഞ്ചനയാണു ഞാന്‍ കാണിക്കുന്നതെന്നെനിക്കറിയാം...തിന്നപൊറൊട്ടയ്ക്കുള്ള നന്ദിയെങ്കിലും കാണിക്കണമെന്നും അറിയാം... പക്ഷേ ഇവമ്മാരൊന്നും വിചാരിക്കുന്നതുപോലെ അത്ര എളുപ്പ്മല്ലായിരുന്നു കാര്യങ്ങളുടെ കിടപ്പ്‌..

ഞാന്‍ ടീച്ചറിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെങ്കിലും ഒരിക്കല്‍പോലും ടീച്ചറിന്റെ മകളോട്‌ മിണ്ടുകയോ...എന്തിനു, അവളുടെ മുഖത്ത്‌ നോക്കുകപോലും ചെയ്തിട്ടില്ലാ.അടുത്തുവരുമ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കുന്നതും, ഒരിക്കല്‍ മത്സരത്തില്‍ ഒന്നാം സമ്മനംകിട്ടിയ എന്റെ പുഞ്ചിരി അവളുടെമുമ്പില്‍ പൊഴിക്കുന്നതും, കുശലങ്ങള്‍ ചോദിക്കുന്നതും ഒക്കെ സ്വപ്നം കാണാറുണ്ടായിരുന്നു...

ചില ദിവസങ്ങളില്‍ ടീച്ചര്‍ മകളോടു പറയും "മണിക്കുട്ടീ...സുന്ദരന്റെ കൈയീന്നാ പാല്‍ക്കുപ്പിവാങ്ങിച്ചോളു....ആ സഞ്ചിയെടുത്ത്‌ സുന്ദരന്റെ കൈയില്‍ കൊടുത്തോളു " എന്നൊക്കെ ...

പക്ഷേ ആളടുത്തുവരുമ്പോള്‍..പണ്ടു ശിശുദിനത്തിനു പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറിയ അവസ്ഥയില്‍ ഒന്നും മിണ്ടാതെ തറയില്‍ നോക്കി നില്‍ക്കാനേ എനിക്കു കഴിഞ്ഞിരുന്നൊള്ളു...(ഇതിനെ ഒക്കെ ആയിരിക്കാം അടക്കമൊതുക്കം എന്നും നാട്ടുമ്പുറത്തിന്റെ പരിശുദ്ധിയെന്നും ഒക്കെ വിളിക്കുന്നത്‌!!)

ഈ അവസ്ഥയിലുള്ള ഞാനെങ്ങിനെ എന്റെ സുഹൃത്തുക്കളുടെ ഹൈപവ്വര്‍ ഉപന്യാസങ്ങളും, രണ്ടുകുരുവികള്‍ കൊക്കുരുമുന്ന പടമുള്ള കാര്‍ഡുകളും, ഐ ലവ്‌യു എന്നെഴുതിയ സമ്മാനങ്ങളും അവള്‍ക്കുകൊടുക്കും...

ഇതൊന്നും പൊറൊട്ട മുട്ടക്കറിയുടെ ചാറും കൂട്ടി കുഴച്ചടിക്കുന്ന അത്ര ഈസിയായ പണിയല്ലന്നേ...ഇതൊന്നും പറഞ്ഞാല്‍ ആ മണ്ടന്മാര്‍ക്കു മനസ്സിലാവുകയില്ല അതുകൊണ്ട്‌ ഞാന്‍......

റോയിയോട്‌ ഹോട്ടലില്‍ വച്ച്‌, " നീ ഇന്നലെ ത്തന്ന കത്ത്‌ ഞാന്‍ അവള്‍ക്കുകൊടുത്തപ്പോള്‍ ...ഓ..അവളുതെ മുഖം ചെമന്നുതുടുത്തു....മറുപടി ക്രിസ്തുമസ്സ്‌ പരീക്ഷ കഴിയുന്ന അന്നുതരാമെന്നു പറഞ്ഞ്‌... ഒരു പൊറോട്ടകൂടിയാവാമില്ലേ..."എന്നൊക്കെ പറയും അപ്പോള്‍ അവനും സന്തോഷം എനിക്കും സന്തോഷം.

ഈ കാര്യം തന്നെ വേണുവിണോടും, ഷാജിയോടും, ആന്റോയോടും...പല അവസരത്തില്‍ ചെറിയ ചെറിയ ചെയ്ഞ്ചുകള്‍ വരുത്തി പറഞ്ഞു മോശമല്ലാത്ത രീതിയില്‍ ഞാന്‍ ജീവിച്ചു പോന്നു....ടീച്ചര്‍ മകള്‍ക്കു ടി.സി. വാങ്ങി ഏതോ നല്ലയൊരു ബോര്‍ഡിംഗ്‌ സ്കൂളിലാക്കുന്നതുവരെ...

ഇവിടെ നിര്‍ത്തിയാല്‍ കൊച്ചിന്റെ ഭാവി പോകും എന്നുമ്പറഞ്ഞാണാ കടുംകൈ ടീച്ചര്‍ ചെയ്തത്‌...

പൂവാലന്മാരെല്ലാം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയപ്പോള്‍ ഒരു ജീരകമിഢായിക്കുപോലും മാര്‍ഗ്ഗമില്ലാത്തവനായ്‌ ഞാന്‍ അലഞ്ഞുതിരിഞ്ഞു...

"നമ്മടെ സര്‍ക്കാരാശൂത്രീലെ പുതിയ ഡാക്ടറില്ലേ..മിടുമിടുക്കനാ...ഇവിടുത്തെ എളേവന്‍ വിശപ്പില്ലതായപ്പം ഒന്നുകൊണ്ടോയിക്കാണിച്ചു...പുറത്തേയ്ക്കു കുറിച്ചുതന്നേയൊള്ളു...മരുന്നു വാങ്ങികൊടുത്തുപോലുമില്ല.....ഇപ്പം ഒരു സ്റ്റാമ്പൊട്ടിക്കാന്‍പോലും ചോറിന്‍പറ്റു ഞങ്ങടെവീട്ടിലെടുക്കാനില്ല..."അമ്മ വേലിക്കനിന്ന് അടുത്തവീട്ടിലെ റാഹേലു ചേടത്തിയോടു എന്റെ തിരിച്ചുവന്ന വിശപ്പിനെക്കുറിച്ചു സംസാരിക്കുകയാണ്‍....കേട്ടുനില്‍ക്കുന്ന പെണ്‍കൂട്ടമെല്ലാം ചിരിച്ചുമറിയുന്നു....

എന്നാലുമെന്റെ നളിനിടീച്ചറെ എന്റെ പൊറോട്ടയില്‍ കോക്രോച്ചിനെപിടിച്ചിട്ടല്ലൊ......

20 comments:

സുന്ദരന്‍ said...

നളിനിടീച്ചറിന്റെ മകള്‍ക്ക്‌....ഒരുകാലത്ത്‌ നീ എനിക്കൊത്തിരി പൊറൊട്ട തരപ്പെടുത്തിത്തന്നിട്ടുണ്ട്‌....നിന്നെ ഞാന്‍ ഇവിടെ ഒരു പോസ്റ്റായി പതിക്കുന്നു...ഒരുപാടു കമന്റുകള്‍ വാങ്ങിത്തന്ന് എന്നെ കാത്തുകൊള്ളണം...അല്ലെങ്കില്‍ ഞാന്‍ ബ്ലോഗ്‌ പരിപാടി നിര്‍ത്തും...

ആവനാഴി said...

സുന്ദര്‍,

“പിന്നെ സന്തോഷംകൊണ്ടാണു കണ്ണു നിറഞ്ഞത്‌ എന്നു പറഞ്ഞതില്‍ എത്രമാത്രം ശരിയുണ്ടെന്നു പിറ്റേന്നുമുതല്‍ ട്രാന്‍സ്ഫറിനു ശ്രമിക്കുന്നതു കാണുമ്പോള്‍ മനസ്സില്ലാക്കാവുന്നതേയുള്ളു.”

അല്ല, എന്തോന്നു കലക്കാ മാഷേ ഇതു.
വായിച്ചു, വളരെ വളരെ ഇഷ്ടപ്പെട്ടു.

സസ്നേഹം
ആവനാഴി

SAJAN | സാജന്‍ said...

സുന്ദരാ ഈ പോസ്റ്റിനു കമന്റിയില്ലെങ്കീ പിന്നേതു പോസ്റ്റിനാ കമന്റുന്നതു..കലക്കനായിട്ടുണ്ട്..

അപ്പു said...

വെറും പത്തുപൈസാ മിഢായി ഇരന്നാല്‍പോലും വാങ്ങിത്തരാതിരുന്നവമാര്‍ പൊറോട്ടയും മുട്ടക്കറിയും ഒക്കെ വാങ്ങിത്തന്ന് എന്നെ വല്ലാതെ സ്നേഹിക്കാന്‍ തുടങ്ങി...

സുന്ദരാ.... കൊടുകൈ.

G.manu said...

kalakkan kalakku mashey

പ്രിയംവദ said...

ഈ നാട്ടില്‍ തല്‍ക്കാലം ഒരു സ്ഥിരപ്രതിഷ്ട മതി എന്ന ദേവി യുടെ നിലപാടിഷ്ടായി
qw_er_ty

സു | Su said...

സുന്ദരാ :) "ഇപ്പം ഒരു സ്റ്റാമ്പൊട്ടിക്കാന്‍പോലും ചോറിന്‍പറ്റു ഞങ്ങടെവീട്ടിലെടുക്കാനില്ല..."

ഹി...ഹി...

Siju | സിജു said...

:-)

ആഷ said...

അവസാനം സൂപ്പറായീട്ടോ :)
അവസാനാം ഒഴികെ മറ്റെല്ലാം പൊളിയെന്ന് വിചാരിച്ചു കളയല്ലേ. മൊത്തത്തില്‍ നന്നായിരുന്നു.
ഒരുപാടു കമന്റുകള്‍ വാങ്ങിത്തന്ന് എന്നെ കാത്തുകൊള്ളണം...അല്ലെങ്കില്‍ ഞാന്‍ ബ്ലോഗ്‌ പരിപാടി നിര്‍ത്തും... എന്തര് സുന്ദരാ ഇത്. അടി അടി...സുന്ദരനെന്ന് കാണുമ്പോ ഓടിവന്നു വായിക്കുന്ന എന്നെ പോലെ ചിലരുണ്ടേ ഇവിടെ. അപ്പോ അടുത്തകഥ പോരട്ടെ.

സ്വപ്നാടകന്‍ said...

ആഹാ സുന്ദരമായിരിക്കുന്നു കഥയും കഥാപാത്രങ്ങളും...:)

sandoz said...

ഒരുപാടുനാളു... 'സുന്ദരഹംസന്‍' അഭിനയിച്ച്‌.... പാവപ്പെട്ട വികരജീവികളുടെ കൈയില്‍ നിന്ന്......അതുങ്ങള്‍ തേങ്ങയും അടക്കയും റബ്ബറും അടിച്ചുമാറ്റി വിറ്റു കിട്ടണ കാശിനു ഓസിനു ചാമ്പീട്ടുണ്ടല്ലേ.......പെങ്കൊച്ചിനെ നാടു കടത്തീതു നന്നായി...അല്ലെങ്കില്‍ ക്ഷമ കെട്ട്‌ ഏതെങ്കിലും ഒരുത്തന്‍ നേരിട്ട്‌ മുട്ടും...
അന്ന് പൊട്ടും......
സുന്ദരനു കിട്ടും.......
അവന്മാര്‍ എടുത്തിട്ട്‌ ചളുക്കിയേനേ...എന്ന്

കൃഷ്‌ | krish said...

സുന്ദരാ.. ഇതൊരു സുന്ദരന്‍ പോസ്റ്റ്‌. ടീച്ചര്‍ മണിക്കുട്ടിയെ നേരത്തെ ബോര്‍ഡിങ്ങിലാക്കിയതു നന്നായി.. അല്ലെങ്കില്‍ ഒരു നാള്‍ കൂട്ടുകാരുടെ പൊറൊട്ടക്കുള്ള മറുപടി കിട്ടിയേനെ..

ഇത്തിരിവെട്ടം|Ithiri said...

പുറത്തേയ്ക്കു കുറിച്ചുതന്നേയൊള്ളു...മരുന്നു വാങ്ങികൊടുത്തുപോലുമില്ല.....ഇപ്പം ഒരു സ്റ്റാമ്പൊട്ടിക്കാന്‍പോലും ചോറിന്‍പറ്റു ഞങ്ങടെവീട്ടിലെടുക്കാനില്ല...

കലക്കി സുന്ദരന്‍ ചുള്ളാ...

കുറുമാന്‍ said...

ടീച്ചറിന്റെ വീട്ടില്‍ എനിക്കുള്ള പൊസിഷന്‍ അറിയാവുന്ന ലയിന്മാന്മാര്‍ പിന്നെ എന്റെ പുറകെ നടക്കാന്‍ തുടങ്ങി ....(ദൈവമെ ലസ്ബിയന്‍ എന്ന വാക്കുപോലും നാട്ടുകവലയില്‍ കേള്‍ക്കാത്ത കാലമായിരുന്നതുകൊണ്ട്‌ ആരും മിസണ്ടര്‍സ്റ്റാന്‍ഡ്‌ ചെയ്തിട്ടുണ്ടാകില്ലാന്നു കരുതാം..) - അല്ല സുന്ദരാ, ഇവിടെ ലെസ്ബിയന്‍ പ്രതിപാദിക്കുവാനുള്ള കാരണം മനസ്സിലായില്ല?

പഴയ പോസ്റ്റുകളുടെ അത്ര നിലവാരമില്ല ഈ പോസ്റ്റിന്. എന്റെ മാത്രം അഭിപ്രായമാണ്, തുറഞ്ഞു പറഞ്ഞതില്‍ പരിഭവിക്കരുത് (ഓ പിന്നെ, പരിഭവിച്ചാല്‍ ഗ്രാസ്സ്:)

തറവാടി said...

സുന്ദരാ,

കണ്ട ഞാവലിണ്റ്റെ മുകളിലും ,പറങ്കി മാവിണ്റ്റെ മുകളിലുമൊക്കെ കയറി , ഇതൊന്നുമില്ലെങ്കില്‍ ഒറ്റക്ക്‌ കോട്ടി ( ഗോലി?) എറിഞ്ഞു മിക്ക ദിവസവും സ്കൂളിലെത്തുമ്പോള്‍ ആ " റബ്ബര്‍ " പരിപാടി " ഡിസ്പേര്‍സ്‌.... " ആയിരിക്കും,

ചില ദിവസങ്ങലില്‍ അഖിലാണ്ട... നടക്കുമ്പോഴായിരിക്കും അബദ്ധത്തില്‍ ഗ്രൌണ്ടിലെത്തുന്നത്‌ ,

മുണ്ട്‌ മടക്കുത്തഴിച്ചിട്ട്‌ അനങ്ങാതെ നിക്കുമ്പോള്‍ , മിക്കവാറും വര്‍ഗ്ഗീസ്‌ മാഷൊ പൊടിയന്‍ മാഷോ വല്ലാത്ത ഒരു നോട്ടം വിടും അതിനര്‍ത്ഥം

" നിന്നെ യൊന്നും പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ലെടാ , നീ യൊന്നും ഒരുകാലത്തും നന്നാവില്ല.. "

എന്നായിരുന്നോ ആവോ? ഒരു ദിവസം പോലും ഞാനാ പരിപാടിക്ക്‌ വരിയില്‍

നിന്നതായിട്ടെനിക്കൊര്‍മ്മയില്ല , അഥവാ വല്ല വിധേനെയും നേരത്തെ സ്കൂളിലെത്തിയാല്‍ ജനല്‍ വഴിയേ ക്ളാസ്സില്‍ കയറൂ ,

കാരണം മുന്നിലൂടെ കയറിയാല്‍ മാഷന്‍മാര്‍ കണ്ടാലോന്ന്‌ കരുതി...

ഗ്രൌണ്ടില്‍ നിന്നും കുറച്ചപ്പുറത്തായതിനാല്‍ മുറ്റത്തുള്ള കാറ്റാടിയുടെതല്ലാത്ത മറ്റൊരു ശബ്ദവും

ക്ളാസ്സില്‍ അപ്പോള്‍ ഞാന്‍ കേള്‍ക്കാറില്ലായിരുന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എല്ലാം ഓര്‍മ്മവന്നു ,

നന്ദി

കുറുമാന്‍ said...

സുന്ദരാ, യൂറോപ്പിലൊക്കെ അല്പം കറങ്ങീന്നല്ലാണ്ട്, സത്യമാണേ, മലയാളം തന്നെ എനിക്ക് തപ്പും പിടിയുമാ, പിന്നായേ മറ്റു ഭാഷകള്‍!

തന്റെ ഈമെയില്‍ ഐഡി rageshku@gmail.com ലേക്ക്എനിക്കൊന്നു മെയില്‍ ചെയ്യൂ.

ദിവ (diva) said...

Sundar

:-)

കുതിരവട്ടന്‍ | kuthiravattan said...

:-) കാണാന്‍ വൈകിപ്പോയല്ലോ, അടിപോളി.

ഇസാദ്‌ said...

:)

ഇസാദ്‌ said...

:)