Tuesday, 13 March, 2007

മണലെഴുത്ത്‌

ഒരുകാലത്ത്‌ നാട്ടുകവലയിലെ എല്ലാകുട്ടികളും ചക്കരയുണ്ട ആശാന്റെ കളരിയിലാണു എഴുത്ത്‌ പഠിക്കാന്‍ പോയിരുന്നത്‌.

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം 'നമസ്കാരം ഗുരുദേവാ' എന്നുപറഞ്ഞു തൊഴുതു നില്‍ക്കുന്ന ശിഷ്യഗണങ്ങളേക്കൊണ്ട്‌ പഞ്ചായത്ത്‌ നിറഞ്ഞുകവിഞ്ഞപ്പോള്‍,
"ഈ പോക്കുപോയാല്‍ ലോകം മുഴുവന്‍ എന്റെ ശിഷ്യന്മാരെക്കൊണ്ടു നിറയും" എന്ന ഒരു എടുത്താല്‍ പൊങ്ങാത്ത പ്രവചനവും ആശാന്‍ നടത്തുകയുണ്ടായി.

ആശാന്റെ പ്രവചനത്തെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കവലയിലെ അക്കാലത്തെ ജനന നിരക്ക്‌...എന്തുമാത്രം പടുകുരുപ്പുകളെയാ ആശാന്‍ അവിടെ പഠിപ്പിച്ചു തള്ളിയത്‌...ഒരെളുപ്പത്തിനു പറയാന്‍ വീടൊന്നുക്ക്‌ പത്ത്‌ ശിഷ്യന്മാര്‍ എന്നതായിരുന്നു കണക്ക്‌.

ഈ ആശാന്റെ പേരെന്താണെന്നു ചോദിച്ചാല്‍ കാക്കത്തൊള്ളായിരം ശിഷ്യന്മാരും ആശാന്‍ പഠിപ്പിച്ച അക്ഷരമാലയിലെ 'ക'യും 'ഷ'യും കൂട്ടി എഴുതിനില്‍ക്കുകയേയുള്ളു......ആര്‍ക്കുമറിയില്ല ഗുരുവിന്റെ നാമം.... കേള്‍ക്കെ ആശാനേന്നും... , കേള്‍ക്കാതെ ചക്കരയുണ്ടഅശാനേന്നും വിളിക്കും.

ആശാന്റെ വലത്തു കൈയുടെ മുട്ടിന്മേലുള്ള മുഴുത്ത ഒരു മുഴയാണീ വിളിപ്പേരിന്റെ അടിസ്ഥാനം. ആശാന്‍ മണലില്‍ അക്ഷരങ്ങള്‍ എഴുതി മായ്ക്കുമ്പോള്‍ പഠിച്ചുപഠിച്ച്‌ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹമുള്ള ശിഷ്യന്മാര്‍ അക്ഷരങ്ങളേയും...ഗവേഷകരാകാന്‍ താല്‍പര്യമുള്ള ശിഷ്യന്മാര്‍ ആശാന്റെ ഉണ്ടയും (കൈമുട്ടിന്മേലുള്ള) നോക്കിയിരുന്നു കാലം കഴിച്ചിരുന്നു ആ നല്ല നാളുകളില്‍....

അപ്രതീക്ഷിതമായി ആശാനു ശനിദിശ ആരംഭിക്കുന്നു...ശനി വന്നതോ ....വെള്ളയുടുപ്പും തലയില്‍ മുണ്ടും കഴുത്തില്‍ കുരിശും ഒക്കെയിട്ട കന്യാസ്ത്രീ രൂപത്തിലും. കവലയുടെ വിദ്യാഭ്യാസ മേഖലയിലെ ആശാന്റെ കുത്തക പൊളിക്കാനായ്‌ പള്ളിവക പ്രൈമറി സ്കൂളിനോടു ചേര്‍ന്ന് കന്യാസ്ത്രീമാര്‍ ഒരു നഴ്സറിസ്കൂള്‍ ആരംഭിച്ചു.

കളിക്കുതിരയിലേറ്റി കളിപ്പിക്കാം... കളിയൂഞ്ഞാലാട്ടിത്തരാം... എന്നെല്ലാം പറഞ്ഞ്‌ കുറേയേറെ കുട്ടികളെ അവര്‍ വശീകരിച്ചു... മലയാളത്തോടൊപ്പം ഇംഗ്ലീഷും പഠിപ്പിക്കാം എന്നുംപറഞ്ഞ്‌ കുട്ടികളുടെ അപ്പനമ്മമാരേയും വശീകരിച്ചു...കലാശക്കൊട്ടായ്‌ കന്യാസ്ത്രീകള്‍ കവലയിലെ ഭൂരിഭാഗം വരുന്ന ക്രിസ്ത്യന്‍ വീടുകളില്‍ കയറി കുരിശും കൊന്തയും കാശുരൂപവും വിതരണം നടത്തിയതോടെ എല്ലാം പൂര്‍ത്തിയായി...

ഫലമോ...സ്ക്രീനും ഹാളും നിറഞ്ഞോടിയിരുന്ന ജയമാലിനി ഫിലിം മാറ്റിയിട്ട്‌ കുമാരസംഭവം ഓടിച്ച വെള്ളത്തൂവല്‍ വിജയാ ടാക്കീസിന്റേം...ചക്കരയുണ്ട ആശാന്റെ എഴുത്തുപുരയുടേം സ്ഥിതി ഏകദേശം ഒന്നു തന്നെയായിരുന്നു.

പുതിയ ബേഗും പുതിയ ഉടുപ്പും കഴുത്തുമ്മേ കുടുക്കും കാലുമ്മ്മെ ഷൂസും ഒക്കെയായി പുതുകുരുപ്പുകള്‍ എഴുത്തുപുരയ്ക്കുമുമ്പിലൂടെ നഴ്സറിസ്കൂളിളോട്ടൊഴുകിയപ്പോള്‍ ഇമിറ്റേഷന്‍ ചക്കരയുണ്ട കാണിച്ച്‌ ഒരു വശീകരണ ശ്രമത്തിനു ആശാനും മുതിര്‍ന്നു...എന്നാല്‍ ഒറിജിനല്‍ അരിയുണ്ടയും എള്ളുണ്ടയും കുട്ടികള്‍ക്കു കൈക്കൂലി കൊടുത്ത്‌ കന്യാസ്ത്രിയമ്മമാര്‍ തിരിച്ചടിച്ചു.

കവലയിലെ ഏകദേശം എല്ലാ വീടുകളിലും 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഹിറ്റ്‌ ഗാനം പലവുരു ഉയര്‍ന്നിട്ടും ... ഞാന്‍ ഈ നാട്ടുകാരനല്ലേ!!!... എന്ന മട്ടിലാരുന്നു എന്റെ അപ്പച്ചന്റെ പെരുമാറ്റം.

കവലയിലെ എല്ലാകുട്ടികളേയും പോലെ കളിക്കുതിരയും കളിയൂഞ്ഞാലും മോഹിച്ച എനിക്കു വിധിച്ചതോ ചക്കരയുണ്ട ആശാന്റെ കീഴില്‍ മണലെഴുത്ത്‌...കൂട്ടുകാരെല്ലാം മുത്തുപിടിപ്പിച്ച സ്ലേറ്റിലും കടലാസ്സിലും ഒക്കെ എഴുതുമ്പോള്‍ കുഞ്ഞിളം വിരലിനാല്‍ ഞാനെഴുതേണ്ടതു മണലില്‍...

ഭാവി ജീവിതത്തിന്റെ അടിത്തറ സുശ്ക്തമാകണമെങ്കില്‍ അടിസ്ഥാനം ആശാങ്കളരിയില്‍ തന്നെയിടണം എന്നാണു അപ്പച്ചന്റെ നിലപാട്‌....നഴ്സറിസ്കൂളിലെ ഉയര്‍ന്ന നിരക്കിലുള്ള ഫീസല്ലെ ഇത്തരം പഴഞ്ചന്‍ തത്വ ശാസ്ത്രങ്ങള്‍ അപ്പച്ചനെ കൊണ്ട്‌ പറയിപ്പിച്ചത്‌ എന്ന് ഇന്നും ഞാന്‍ ബലമായി സംശയിക്കുന്നു.

കീഴ്ക്കോടതി ശിക്ഷ വിധിച്ച പ്രതി മേല്‍ക്കോടതിയേ സമീപിക്കുന്നതുപോലെ ഞാന്‍ പട്ടാളം അപ്പൂപ്പന്റെ അടുത്ത്‌ അപ്പീലിനു പോയ്നോക്കി...

എനിക്കു മണലില്‍ എഴുതുന്ന ആശാന്‍ കളരി വേണ്ട നഴ്സറിസ്കൂളില്‍ വിടാന്‍ ശുപാര്‍ശ ചെയ്യണം എന്നു പറഞ്ഞപ്പോള്‍ പട്ടാളക്കാരന്‍ ചോദിക്കുകയാ...

"മുതിരപ്പുഴ ആറിനു കുറുകേ പാലം പണിതപ്പോള്‍ കമ്പീം മെറ്റലും സിമന്റും പിന്നെ മണലും അല്ലെ ചേര്‍ത്തത്‌...കളിക്കുതിരേം കളിയൂഞ്ഞാലും ബൂക്കും കല്ലുപെന്‍സിലും ഒന്നുമല്ലാല്ലോ...." ജവാന്‍ പറഞ്ഞുവരുന്നത്‌ എന്താണെന്നു വച്ചാല്‍ വിദ്യാഭ്യാസത്തിനു കോണ്‍ക്രീറ്റുപോലെ ഉറച്ച അടിത്തറ കിട്ടാനാണു മണലില്‍ എഴുതുന്നതെന്നാണു.

അങ്ങിനെയാണെങ്കില്‍ വല്യേട്ടന്‍ എഴുതേണ്ടത്‌ മിറ്റലിലും കൊച്ചേട്ടനെഴുതേണ്ടത്‌ കമ്പിയിലും ചേച്ചി എഴുതേണ്ടതു സിമന്റിലുമല്ലേ എന്ന എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ പട്ടാള ക്യാമ്പിലേയ്ക്കു മടങ്ങുകയാണുണ്ടായത്‌....അപ്പൂപ്പന്‍ യുദ്ധത്തില്‍ തോറ്റുപോട്ടെ....

എന്റെ ആശാന്‍ കളരി ജീവിത കാലത്ത്‌ ആശാന്‍ മണലില്‍ എഴുതിയ അക്ഷരങ്ങളേക്കാളും കൂടുതല്‍ ഞാന്‍ ഉറ്റുനോക്കിയത്‌ ആശാന്റെ കൈമുട്ടിലെ ആ ഉണ്ടയാണു...കൈയുടെ ഓരോ ചലനത്തിനും ഒപ്പിച്ചു ചലിക്കുന്ന ആ ഉണ്ടയാണു ഞങ്ങളില്‍ പലരുടേയും ഹോംസിക്നെസ്സ്‌ മറ്റിത്തന്നത്‌. ഈ ആശാന്റെ ശിഷ്യന്മാര്‍ ഞാനടക്കം അക്ഷരത്തെറ്റോടുകൂടി എഴുതുതാനുള്ള കാരണവും ഈ ഉണ്ട നോട്ടം തന്നെയല്ലെ എന്നും ഞാന്‍ ബലമായ്‌ സംശയിക്കുന്നു. (പഠിക്കാന്‍ വിട്ടകാലത്ത്‌ ഉണ്ടയും നോക്കി നടന്നു എന്ന പഴംചൊല്ല് നാട്ടുകവലയില്‍ ഉണ്ടായതിങ്ങനെയാണു)

വര്‍ഷങ്ങള്‍ ഒരുപാടുകഴിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ആശാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു...എന്തൊക്കെപറഞ്ഞാലും എഴുത്തുപുരയിലെ മണലെഴുത്തില്‍ നിന്നാണു വളരെ മനോഹരമായ കൈയക്ഷരം എനിക്കു ലഭിച്ചത്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു ഒപ്പം പ്രിയപ്പെട്ട ആശാനെ നന്ദിയോടെ സ്മരിക്കുന്നു.

ഈയിടെ ഒരു ഇറ്റാലിയന്‍ സഹപ്രവര്‍ത്തകന്‍ എന്റെ മനോഹരമായ കൈയക്ഷരം കണ്ട്‌ അത്ഭുതപ്പെട്ട്‌ ചോദിച്ചു ..

"സുന്ദരാ എങ്ങിനെ നിനക്കിത്ര സുന്ദരമായി എഴുതാന്‍ കഴിയുന്നു?..."

ആശാങ്കളരിയിലെ മണലെഴുത്ത്‌!!....അതിനാണു ഞാന്‍ ഫുള്‍ ക്രെഡിറ്റും കൊടുത്തത്‌.

കാടിവെള്ളത്തിനു പകരം കള്ളുകുടിച്ച പോത്ത്‌ കണ്ടം ഉഴുതതുപോലെയുള്ള അവന്റെ കയ്യക്ഷരത്തില്‍ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവന്‍ അവനോടു തന്നെ പറഞ്ഞു...

"ഇറ്റലിയിലും കുട്ടികള്‍ക്ക്‌ മണലെഴുത്ത്‌ നിര്‍ബന്ധമാക്കണം ...എന്നാലേ നല്ല കയ്യക്ഷരത്തില്‍ എഴുതുന്ന പുതിയ തലമുറ ഇവിടെ ഉണ്ടാകൂ...."

....പിന്നെ പിന്നെ ഒരുപാടെഴുതിയതുതന്നേ........മണലുകണ്ടാല്‍ തുണിയുംപറിച്ചെറിഞ്ഞിട്ട്‌ അതിന്മേലോട്ട്‌ മലര്‍ന്നുകിടക്കണ ഇവന്റെയൊക്കെ കൈയക്ഷരം നന്നാക്കാന്‍ രണ്ടുകൈമുട്ടിലും ഉണ്ടയുള്ള ആശാന്‍ വന്നാല്‍പോലും നടക്കില്ല ....നടക്കില്ല....നടക്കില്ല!!!..

9 comments:

സുന്ദരന്‍ said...

പിന്നെ പിന്നെ ഒരുപാടെഴുതിയതുതന്നേ........മണലുകണ്ടാല്‍ തുണിയുംപറിച്ചെറിഞ്ഞിട്ട്‌ അതിന്മേലോട്ട്‌ മലര്‍ന്നുകിടക്കണ ഇവന്റെയൊക്കെ കൈയക്ഷരം നന്നാക്കാന്‍ രണ്ടുകൈമുട്ടിലും ഉണ്ടയുള്ള ആശാന്‍ വന്നാല്‍പോലും നടക്കില്ല ....നടക്കില്ല....നടക്കില്ല!!!..

വക്കാരിമഷ്‌ടാ said...

ഹ...ഹ... സുന്ദരാ, തകര്‍ത്ത് വാരുകയാണല്ലോ. ആശാന്റെ മണലെഴുത്തിലിരിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പണ്ട് ഓലയും പിടിച്ച് പിള്ളേര്‍ പോകുന്നത് കണ്ടിട്ടുണ്ട്.

മണല് കണ്ടാല്‍ മലര്‍ന്ന് കിടക്കുന്ന സായിപ്പിനെ പറഞ്ഞത് സൂപ്പര്‍.

ഇറ്റാലിയന്‍ ബ്ലോഗറാണോ? കമന്റീ എന്നൊക്കെ കാണുന്നല്ലോ)

ഇത്തിരിവെട്ടം said...

ഫലമോ...സ്ക്രീനും ഹാളും നിറഞ്ഞോടിയിരുന്ന ജയമാലിനി ഫിലിം മാറ്റിയിട്ട്‌ കുമാരസംഭവം ഓടിച്ച വെള്ളത്തൂവല്‍ വിജയാ ടാക്കീസിന്റേം...

സുന്ദരാ... ഇത് കലക്കി.

G.manu said...

ഫലമോ...സ്ക്രീനും ഹാളും നിറഞ്ഞോടിയിരുന്ന ജയമാലിനി ഫിലിം മാറ്റിയിട്ട്‌ കുമാരസംഭവം ഓടിച്ച വെള്ളത്തൂവല്‍ വിജയാ ടാക്കീസിന്റേം...ചക്കരയുണ്ട ആശാന്റെ എഴുത്തുപുരയുടേം സ്ഥിതി ഏകദേശം ഒന്നു തന്നെയായിരുന്നു.

ninte bhavana cinema nati bhavaneyepole manoharam avunnu sundaraaaaaaaa....my cheers!

സുന്ദരന്‍ said...

വക്കാരി മഷ്ടാ....
വന്നതിനും രണ്ടുവാക്കു പറഞ്ഞതിനും നന്ദി....

കമന്റി എന്നു കാണുന്നത്‌ എന്താണാവോ....മീനിംഗ്‌ കമന്റ്‌ എന്നുതന്നെ..

ഇത്തിരിവെട്ടം...ഒത്തിരി നന്ദി..ഇനിയും ആ വെട്ടം ഇതിലെയൊക്കെ കാണണം.

മനു...ടാങ്ക്സെടാ

G.manu said...

commenil ninnu word verification eduthu kala sundara...aarum angane budhimuttarilla..

pinne spam onnum ivide varilla mashey

ആവനാഴി said...

ഹൈ സുന്ദര്‍,

“.......മണലുകണ്ടാല്‍ തുണിയുംപറിച്ചെറിഞ്ഞിട്ട്‌ അതിന്മേലോട്ട്‌ മലര്‍ന്നുകിടക്കണ ഇവന്റെയൊക്കെ കൈയക്ഷരം നന്നാക്കാന്‍ രണ്ടുകൈമുട്ടിലും ഉണ്ടയുള്ള ആശാന്‍ വന്നാല്‍പോലും നടക്കില്ല ....നടക്കില്ല....നടക്കില്ല!!!..”

എന്തൊരു കാച്ചാ ഇത് സുന്ദര്‍!

ഇവിടെയുമുണ്ട് മണലുകണ്ടാല്‍ തുണിവലിച്ചെറിഞ്ഞു നടക്കുന്ന ഒരു സ്ഥലം. നേറ്റുറിസം എന്നോ മറ്റോ ആ പരിപാടിക്കു പേര്.

ചക്കര said...

:)

കുതിരവട്ടന്‍ | kuthiravattan said...

കൊള്ളാം, ഇന്നിതു മുഴുവന്‍ വായിച്ചടുക്കീട്ടേ ഞാന്‍ പോകുന്നുള്ളു. ;-)