Sunday, 11 March, 2007

ജിജോയും അവന്റെ ഫാദറും പിന്നെ ഞാനും

ശ്രീനിവാസ്പുരിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌ ആരാണെന്നു ചോദിച്ചാല്‍ എനിക്കു രണ്ടാമതൊന്ന് ചിന്തിക്കെണ്ട കാര്യമില്ല ജിജോ എന്നു പറയാന്‍.

അവന്‍ എന്നേപ്പോലെ സുന്ദരനാണു....എന്നേക്കാളും മൂന്നിരട്ടി ഫിഗറുള്ളവനാണു....ഡബിള്‍ ചങ്കനാണു...

ഒരിക്കല്‍ മലയാളീ അസ്സോസിയേഷന്റെ വാര്‍ഷികത്തിനു വലിക്കാന്‍ കൊണ്ടുവന്ന ഒന്നാന്തരം വടം കൊടുവാളിനു വെട്ടി രണ്ട്‌ പീസാക്കിമാറ്റിയിട്ട്‌ "പുവര്‍ ക്വാളിറ്റി" എന്നുപറഞ്ഞ വിനീത മാനസ്സനാണവന്‍.

എന്റെ കാലുകളുടെ വണ്ണം അവന്റെ കൈകള്‍ക്കുണ്ടായിരുന്നതിനാല്‍ കയ്യെത്താ ദൂരത്ത്‌ മാറി നിന്നിട്ടാണെങ്കിലും ഒരിക്കല്‍, " നിന്റെ അപ്പനിട്ടു ഇന്നു ഞാന്‍ രണ്ടുപൊട്ടിക്കും" എന്ന് അവന്റെ മുഖത്തുനോക്കിപറയേണ്ട ഗതികേട്‌ എനിക്കുണ്ടായി.

ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല.....

ഡല്‍ഹിയില്‍ ചെന്നതിന്റെ പിറ്റേന്നാരംഭിച്ചതാണു തൊഴിലന്വേഷണം...പരിചയമില്ലാത്ത ഭാഷയും അത്രപോലും പരിചയമില്ലാത്ത വഴികളും...പത്രത്താളുകളില്‍ ജോലിക്ക്‌ ആളുകളെ ആവശ്യമുണ്ടെന്ന പരസ്യം കാണുമ്പോള്‍ മുതല്‍ അന്വേഷിച്ചാല്‍ ഇന്റര്‍വ്യൂവും കഴിഞ്ഞ്‌, നിയമനവും കഴിഞ്ഞ്‌, ആദ്യ മാസത്തെ ശമ്പളവും കൊടുത്തുകഴിഞ്ഞിട്ടാവും ഞാന്‍ സ്ഥലം കണ്ടുപിടിച്ചെത്തുന്നത്‌.

ഈ ദുരവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ഭാരമേറിയതെങ്കിലും തന്റെ ഇരുകരങ്ങളും നീട്ടിവന്നവനാണു ജിജോ.... ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ 'തൊഴിലന്വേഷകരെ ഇതിലേ..ഇതിലേ'യും ചുരുട്ടിപ്പിടിച്ച്‌ ന്യൂഡല്‍ഹിയുടേയും ഓള്‍ഡ്‌ഡല്‍ഹിയുടെയും അറയും നിരയും അരിച്ചുപെറുക്കിയവരാണു ഞങ്ങള്‍.

"യൂ ആര്‍ അണ്‍ ഫിറ്റ്‌" എന്നുകേള്‍ക്കുമ്പോള്‍ വെറും കരിമ്പിന്‍ നീരുവാങ്ങിക്കുടിച്ച്‌ ദുഖം പങ്കിട്ടവരും പങ്കിട്ട്‌ പങ്കിട്ട്‌ ദുഖമെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പെപ്സി വാങ്ങിക്കുടിച്ച്‌ 'ആഹാ!' ളാദിച്ചവരും ഞങ്ങള്‍.

ഒരു മാസ്സത്തെ നിരന്തരമായ തൊഴിലന്വേഷണത്തിനു ശേഷം ഒരാഴ്ച്ചത്തെ ലീവെടുത്ത്‌ ഫുള്‍ടൈം പാര്‍ക്കില്‍ ക്രിക്കറ്റു കളിച്ച്‌ അര്‍മാദിച്ചുനടന്ന ആ നല്ല നാളുകളില്‍ ലോകമനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ശ്രീനിവാസ്പുരിയില്‍ അരങ്ങേറി‌....സതീശന്‍ബായി എന്നറിയപ്പെടുന്ന ഒരു ഡല്‍ഹി മലയാളീ പൗരന്റെ വീടിന്റെ പൂട്ട്‌ പട്ടാപകല്‍ തല്ലിപ്പൊളിച്ച്‌ പതിനായിരത്തോളം രൂപയുടെ ഇലക്ട്രോണിക്സ്‌ സാധനങ്ങളും, ചിട്ടിപിടിച്ചുവച്ചിരുന്ന നാല്‍പത്തയ്യായിരത്തോളം രൂപയും, നാട്ടില്‍ പെങ്ങളുടെ കല്യാണത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന മൂന്നരപ്പവന്‍ പൊന്നും ഏതോ ചില ______മക്കള്‍ അടിച്ചുമാറ്റിക്കൊണ്ടുപോയി.

ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയ സതീശന്‍ബായി ഒരു വര്‍ഷത്തെ തന്റെ പരിശ്രമ ഫലം ഒരു ദിവസ്സംകൊണ്ട്‌ അപ്രത്യക്ഷമായതറിഞ്ഞ്‌ ജലപാനംപോലും കഴിക്കാതെ ശൂന്യതയിലേക്കു നോക്കി കുത്തിയിരിപ്പാരംഭിച്ചു....എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കണം എന്നറിയാതെ അടുത്ത സുഹൃത്തുക്കള്‍ മൗനത്തില്‍ പങ്കു ചേര്‍ന്ന് ഒഴിവുകണ്ടിടത്തെല്ലാം കുത്തിയിരുന്നപ്പോള്‍; ഒരേഒരാള്‍ മാത്രം കഡോര, കിഡോര, കടിന, കിടിനമായ ഒരു പ്രസ്ഥാവനയുമായി രംഗത്തുവന്നു...

"എന്റെ മോനേം അവന്റെ പുതിയ കൂട്ടുകാരനേം പിടിച്ച്‌ നാലു പൂശുപൂശിയാല്‍ കളവുമുതല്‍ പോയ വഴിയേതിരിച്ചുവരും"

ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കിയതിനു ഈ കലാകാരന്‍ പറയുന്ന കാരണം ...

"അവമ്മാരുമാത്രമേ തൊഴില്‍ രഹിതരായ്‌ ഈ കോളനിയില്‍ ഉള്ളു എന്നാണു."

സ്വന്തം മകനേയുംകൂടി കക്ഷിചേര്‍ത്ത്‌ മനോഹരമായ ഒരു പ്രസ്ഥാവനഇറക്കിയ ഈ കലാകാരനിട്ട്‌ രണ്ടുപൊട്ടിക്കും എന്നാണു ആമകന്റെ മുഖത്തുനോക്കി കയ്യകലത്തില്‍ നിന്നാണെങ്കിലും ഞാന്‍ പറഞ്ഞത്‌.

അപ്പോള്‍ ജിജോ അവന്റെ കഥപറഞ്ഞതിങ്ങനെ....

നാട്ടില്‍ നിലയും വിലയും ഉള്ള ഒരു കുടുമ്പത്തില്‍ പിറന്ന ഒരു 'പടുകുരുപ്പാ'യിരുന്നു അവന്റെ താതന്‍. വീതമായികിട്ടിയ കുടുമ്പസ്വത്തെല്ലാം കുടിച്ചും കളിച്ചും മുടിച്ചു. കടം കേറിമൂടി നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ രാവുക്ക്‌ രാമാനം നാടുവിടുന്നു, ഒരു കൈക്കുഞ്ഞുമായി ഭാര്യയും പുറകേ.

അവസാനം ഡല്‍ഹിയില്‍ വന്നടിഞ്ഞു...

അവിടെയും വളരെ മനോഹരമായി വെള്ളമടി തുടരുന്നു. അമ്മ സ്വന്തം താലിമാല വിറ്റ്‌ (ഭാഗ്യത്തിനോ..ദൗര്‍ഭാഗ്യത്തിനോ അതുമാത്രം അവശേഷിച്ചിരുന്നു) ഒരു തയ്യല്‍മിഷ്യന്‍ വാങ്ങി രാപകലില്ലാതെ ചക്രം ചവിട്ടി കുടുമ്പം മുന്‍പോട്ടുകൊണ്ടുപോകുമ്പോഴും... ചില്ലറ നാണയങ്ങളും വീട്ടുപകരണങ്ങളും അപഹരിക്കാനും പിന്നെ കഞ്ഞികുടിക്കാനും മാത്രമേ കലാകാരന്‍ വീട്ടില്‍ വന്നിരുന്നൊള്ളു.

നന്നായ്‌ പഠിക്കാനുള്ള കഴിവുണ്ടായിരുന്ന ജിജോ പ്ലെസ്‌ ടു പോലും മുഴുമിപ്പിക്കാതെ വിഷാദരോഗത്തിനു അടിമയായിത്തീര്‍ന്നു.

ഈ ലോകത്തില്‍ കിട്ടാവുന്ന എത്രമുന്തിയ തരം ഫില്‍റ്റര്‍ വച്ചരിച്ചാലും ജിജോയുടെ അപ്പനില്‍നിന്നും ഒരു തരി നന്മ തിരിച്ചെടുക്കാനാവില്ല എന്നത്‌ ഞാനും നേരിട്ടനുഭവിച്ച സത്യം.

** ** ** ** ** ** ** **
കാലം പല അത്ഭുതങ്ങള്‍ക്കും സാക്ഷി ആകേണ്ടിവന്നിട്ടുണ്ടല്ലോ അതുപോലെയൊന്ന്, എനിക്കും ജോലിയായി...
പിന്നെ ചില വര്‍ഷങ്ങളും കഴിഞ്ഞു...

എല്ലാ വൈകുന്നേരങ്ങളിലും ജിജോ എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഒരു ദിവസംപോലും അവനെന്നെയോ എനിക്കവനെയോ കാണാതിരിക്കാന്‍ വയ്യാത്ത അവസ്ഥ. എനിക്ക്‌ ജിജോ സ്വന്തം അനിയനേപ്പോലെ ആയിത്തീര്‍ന്ന ആ കാലങ്ങളില്‍ വീട്ടില്‍ വന്നാലുടന്‍ തന്നെ എന്റെ ഗിറ്റാര്‍ എടുത്ത്‌ അവന്‍ പാടും... ശ്രീനിവാസപുരിയിലെ ഒരു മലയാളിക്കും മനസ്വിലാകാത്ത ഭാഷയില്‍ ....

"യെങ്കാ...പിങ്കാ മാലുപ്പുട്ടാളാ...
മാലുപ്പുട്ടാളാ....യെനഗേ മാലുപ്പുട്ടാളാ....
യെങ്കാ പിങ്കാ പുതീഗന ബുട്ടാളാ...
ചമഗ്‌ ചമഗ്‌ മപ്പീലു ബക്കേയാവരു പുട്ടാളാ
യെങ്കാ പിങ്കാ മാലുപ്പുട്ടാളാ"

എത്ര ചോദിച്ചിട്ടും ഈ പാട്ടിന്റെ അര്‍ത്ഥം ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടില്ലവന്‍..

ഉള്ളിന്റെ ഉള്ളിലെ വിങ്ങല്‍ ഏതോ ഒരു ആദിവാസി ഭാഷയില്‍ പാടുന്നതായിരിക്കാമെന്നാണു എന്റെ കസിന്‍ ജോബിയുടെ വിലയിരുത്തല്‍...

പതിവിനു വിവരീതമായി ഒരു ദിവസം ജിജോ എന്റെ വീട്ടില്‍ വന്നില്ല. എന്താണു കാരണം എന്നറിയാന്‍ ഞാനും ജോബിയും അവന്റെ വീട്ടില്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ അവിടെയെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല. അടുത്ത വീട്ടിലുള്ളവരോടു ചോദിച്ചപ്പോളാണു ഞെട്ടിക്കുന്ന ആ വാര്‍ത്ത ഞങ്ങളറിഞ്ഞത്‌.

ജിജോയുടെ പിതാശ്രീ അന്തരിച്ചു....

.സംഭവം ഇങ്ങനെ...ഉച്ചയൂണിനു ശേഷം കട്ടിലില്‍ മലര്‍ന്നുകിടന്നു വിശ്രമിക്കുകയായിരുന്ന കഥാപുരുഷന്‍ സീലിങ്ങില്‍ ഫാന്‍ കൊളുത്തിയിടാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ കൊളുത്ത്‌ കാണുകയും തന്റെ വകയായി എന്റെങ്കിലും അവിടെ തൂക്കണമല്ലോ എന്നോര്‍ത്ത്‌ സ്വയം അതിമ്മേലോട്ടു തൂങ്ങുകയുമാണുണ്ടായത്‌.

പിറ്റേന്നു ഗവണ്മെന്റാശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃദദേഹം ഏറ്റുവാങ്ങാന്‍ അടുത്ത പരിചയക്കാരായ ഞങ്ങള്‍ എല്ലാം പോയിരുന്നു. ശവശരീരങ്ങള്‍ കണ്ടാല്‍ തലകറങ്ങും എന്ന ഒറ്റക്കാരണത്താല്‍ ഒരു മരണവീട്ടില്‍പോലും പോയിട്ടില്ലാത്ത എന്റെ കസിന്‍ ജോബിയും ഫ്രണ്ട്ഷിപ്പിന്റെ ആഴം ഒന്നുകൊണ്ടുമാത്രമാണു കൂടെ വന്നത്‌.

മോര്‍ച്ചറിയുടെ വരാന്തയില്‍ കുത്തിയിരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്ന ഞങ്ങളുടെ പുറകില്‍ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ ഏതാനും പരേതന്മ്മാരെ കൊണ്ടുവന്നു കിടത്തിയത്‌ ചര്‍ച്ചയുടെ ചൂടില്‍ ആരും ശ്രദ്ധിച്ചില്ല. ജീവിതത്തിലൊരിക്കലും കണ്ടിട്ടുകൂടിയില്ലാത്ത ഏതോ ഒരു മനുഷ്യന്റെ ബോഡിയെ തഴുകിക്കൊണ്ടിരുന്ന ജോബി അവിചാരിതമായൊന്നു തിരിഞ്ഞുനോക്കുകയും അഭിപ്രായമൊന്നും പറയാതെ നിലംപതിക്കുകയും ചെയ്തു.

രണ്ടുലിറ്റരിന്റെ ബിസ്‌ലേരി മിനറല്‍ വാട്ടര്‍ ബോട്ടില്‍ തിടുക്കത്തില്‍ വാങ്ങിക്കൊണ്ടുവന്നു. അരലിറ്ററോളം വിലയേറിയ വെള്ളം മുഖത്തു തളിച്ചതിനു ശേഷമാണു അവന്‍ കണ്ണുതുറന്നത്‌...ബാക്കി ഒന്നര ലിറ്റര്‍ വെള്ളം ഒറ്റയിരുപ്പില്‍ കുടിക്കുകയും ചെയ്തു.

പിതാ ശ്രീയുടെ ബോഡി ഒപ്പിട്ടുവാങ്ങാന്‍ മോര്‍ച്ചറിക്കകത്തോട്ടു പോയ ജിജോ മതിലുമ്മേല്‍ അടിച്ച പന്തുപോലെയാണു തിരിച്ചു വന്നത്‌. മോര്‍ച്ചറിയിലെ മണം സഹിക്കവയ്യാത്തതിനാല്‍ മൂക്കും വായും മൂടിക്കെട്ടാന്‍ ഒരു ടവ്വല് ചോദിക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ഗ്യാങ്ങില്‍ ജോബി മാത്രമേ അന്നു ടവ്വല്‍ ഉപയോഗിചിരുന്നൊള്ളു...അവനാണെങ്കില്‍ വിയര്‍പ്പിന്റെ അസുഖം കൂടുതലുള്ളവനും....

ജോബിയുടെ ടവ്വല്‍ വാങ്ങി മൂക്കിനോടടുപ്പിച്ച ജിജോ പെട്ടന്നു തന്നെ ടവ്വല്‍ തിരിച്ചുകൊടുത്തിട്ടു പറഞ്ഞു "പൊന്നു സുഹൃത്തേ മോര്‍ച്ചറി ഇത്രയൊന്നുമില്ലാട്ടൊ"...

അന്തിമ ശുശ്രൂഷകള്‍ക്കായി പരേതന്റെ ദേഹം പള്ളിയകത്ത്‌ വച്ചപ്പോള്‍ കര്‍മ്മങ്ങള്‍ക്കു നേതൃത്തം നല്‍കാന്‍ വന്നത്‌ ആയിടെ നാട്ടില്‍നിന്നും എത്തിയ ഒരു കൊച്ചച്ചനായിരുന്നു. പരേതനെ എന്നല്ല, ആകൂട്ടത്തിലുള്ള ആരേയും തന്നെ ഇതിനുമുമ്പു കണ്ടിട്ടും കൂടിയില്ലാത്ത കൊച്ചച്ചന്‍ ചടങ്ങുകള്‍ ആരംഭിച്ചു.

പെട്ടന്നു പള്ളിയിലെ കരണ്ട്‌ പോവുകയും ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാല്‍ പ്രാര്‍ത്ഥനകള്‍ ശരിയായ്‌ ചൊല്ലാന്‍ അച്ചനു സാധിക്കാതെ വരികയും ചെയ്തു. പള്ളിയുടെ ഒരു മൂലയ്ക്കു മാറി ചുരുണ്ടുകൂടി നിന്നിരുന്ന ജോബിയെ കൈകാട്ടി വിളിച്ച്‌ അച്ചന്‍ പറഞ്ഞു, "താനോരു മെഴുകുതിരിയും കത്തിച്ചുപിടിച്ചിവിടെ നില്‍ക്കു..."

മെഴുകുതിരിയുമായ്‌ ജോബി വന്നപ്പോള്‍ അച്ചന്‍ വീണ്ടും വായന ആരംഭിച്ചു...
"ഒന്നുകില്‍ അച്ചന്റെ പുറത്ത്‌ അല്ലെങ്കില്‍ ഡെഡ്‌ ബോഡീടെ നെഞ്ചത്ത്‌" എന്ന പഴംചൊല്ലിനെ സാധൂകരിക്കാന്‍ എവിടെയെങ്കിലും ജോബി വീഴും എന്നു കരുതിയവര്‍ വെറുതേ മണ്ടന്മാരായി... ജോബി വീണില്ല...അന്നത്തോടെ അവന്റെ പേടി മാറുകയാണുണ്ടായത്‌.

അവസാനമായി അച്ചന്റെ വക ചരമപ്രസംഘം ആരംഭിച്ചു...

മരിച്ചവരെപ്പറ്റി നല്ലതു മാത്രമേ പറയാവൂ എന്ന ഒരു കീഴ്‌വഴക്കം ഉള്ളതിനാലും, പരേതനെ വ്യക്തിപരമായ്‌ അറിയില്ലാത്തതിനാലും അച്ചന്‍ തന്റെ പ്രസംഗത്തിനിടയില്‍ ഇങ്ങനെയെല്ലാം പറയുകയുണ്ടായി...

"ഈ മകന്റെ ജീവിതം ഇവിടെ കൂടിയിരിക്കുന്ന നമുക്കോരൊരുത്തര്‍ക്കും മാതൃകയാണു...ഒരു നല്ല ക്രിസ്ത്യാനി എങ്ങിനെ ജീവിക്കണമെന്നു,...സഹജീവികളോട്‌ എങ്ങനെ പെരുമാറണമെന്ന് അഥവാ എങ്ങിനെ ബിഹേവു ചെയ്യണമെന്ന് ...തന്റെ ജീവിതത്തിലൂടെ നമുക്ക്‌ കാട്ടിത്തന്നിരിക്കുകയാണ്‍......നമുക്കു മനസ്സിലാക്കിത്തന്നിരിക്കുകയാണ്‍....."

"ഒരു നല്ല ഭര്‍ത്താവായി അഥവാ ഗൃഹ നാഥനായി,..കുടുമ്പ നാഥനായി...ഒരു നല്ല പിതാവായി...സ്നേഹമുള്ള ഒരപ്പച്ചനായി...ഒരു ഫാദറായീ.................."

പ്രസംഗം അങ്ങിനെ നീളുമ്പോള്‍ ജിജോയുടെ അമ്മ വിതുമ്പിക്കരച്ചില്‍ നിറുത്തി ചുറ്റും നോക്കിയിട്ട്‌ അടുത്തിരുന്ന മകന്റെ ചെവിയില്‍ എന്തോ ചോദിക്കുകയുണ്ടായി.....

"മരിച്ചത്‌ നമ്മുടെ അപ്പച്ചന്‍ തന്നെയല്ലേ മോനേ....?!!!" എന്നായിരിക്കാം.

12 comments:

സുന്ദരന്‍ said...

മരിച്ചവരേപ്പറ്റി നല്ലതുമാത്രമേ പറയാവൂ....
അല്ലെങ്കില്‍ കുറേയേറെ പറയുവാനുണ്ടായിരുന്നു

മുക്കുവന്‍ said...

ഡല്‍ഹിയില്‍ ചെന്നതിന്റെ പിറ്റേന്നാരംഭിച്ചതാണു തൊഴിലന്വേഷണം...പരിചയമില്ലാത്ത ഭാഷയും അത്രപോലും പരിചയമില്ലാത്ത വഴികളും...പത്രത്താളുകളില്‍ ജോലിക്ക്‌ ആളുകളെ ആവശ്യമുണ്ടെന്ന പരസ്യം കാണുമ്പോള്‍ മുതല്‍ അന്വേഷിച്ചാല്‍ ഇന്റര്‍വ്യൂവും കഴിഞ്ഞ്‌, നിയമനവും കഴിഞ്ഞ്‌, ആദ്യ മാസത്തെ ശമ്പളവും കൊടുത്തുകഴിഞ്ഞിട്ടാവും ഞാന്‍ സ്ഥലം കണ്ടുപിടിച്ചെത്തുന്നത്‌.

മാഷെ തൊഴിലന്വേഷണം നടത്തിയിട്ടില്ലെങ്കിലും, ഞാന്‍ പല സഹമുറിയരുടേയും കൂടെ ബാഗ്ലൂരില്‍ നടന്നിട്ടുള്ള പഴയ കാലത്തേക്കു കൊണ്ടുപോയ കഥ.

കൊള്ളാം... മടിക്കാതെ ഇനിയും എഴുതൂ...

ആഷ said...

ഇതാണല്ലേ സുന്ദരന്‍ വേറൊരു കഥയില്‍ പാരച്ചൂട്ടില്‍ വന്നിറങ്ങിയെന്ന് സൂചിപ്പിച്ചത്.

“മരിച്ചവരേപ്പറ്റി നല്ലതുമാത്രമേ പറയാവൂ....
അല്ലെങ്കില്‍ കുറേയേറെ പറയുവാനുണ്ടായിരുന്നു ”

അപ്പോ നമ്മുടെ കഥപുരുഷന്റെ വീരകഥകള്‍ ഇനിയുമുണ്ടെന്നു സാരം.
നന്നായിരിക്കുന്നു :)

G.manu said...

.സംഭവം ഇങ്ങനെ...ഉച്ചയൂണിനു ശേഷം കട്ടിലില്‍ മലര്‍ന്നുകിടന്നു വിശ്രമിക്കുകയായിരുന്ന കഥാപുരുഷന്‍ സീലിങ്ങില്‍ ഫാന്‍ കൊളുത്തിയിടാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ കൊളുത്ത്‌ കാണുകയും തന്റെ വകയായി എന്റെങ്കിലും അവിടെ തൂക്കണമല്ലോ എന്നോര്‍ത്ത്‌ സ്വയം അതിമ്മേലോട്ടു തൂങ്ങുകയുമാണുണ്ടായത്‌

aliyaaaaaa super

ദില്‍ബാസുരന്‍ said...

ഹ ഹ സുന്ദരാ,

രസികന്‍ എഴുത്ത്. മുടങ്ങാതെ വായിക്കുന്നുണ്ട്. ആ ഫാന്‍ പ്രയോഗം തകര്‍ത്തു. :-)

sandoz said...

സുന്ദരാ.....കലക്കന്‍ വെടിക്കെട്ട്‌.
ആ ജോബി ആണു എന്നെ ചിരിപ്പിച്ചത്‌.ഒരു ഡെഡ്ബോഡീഡെ നെഞ്ചത്ത്‌ ചാരി ഇരുന്ന് കൊച്ചുവര്‍ത്തമാനം പറഞ്ഞ ബൂലോഗത്തെ ആദ്യ കഥാപാത്രം ജോബി ആയിരിക്കും.

കൃഷ്‌ | krish said...

"എന്റെ മോനേം അവന്റെ പുതിയ കൂട്ടുകാരനേം പിടിച്ച്‌ നാലു പൂശുപൂശിയാല്‍ കളവുമുതല്‍ പോയ വഴിയേതിരിച്ചുവരും"

കൂട്ടുകാരന്‍റെ അപ്പന് സുന്ദരനോടുള്ള കാഴ്ചപ്പാട് ഫയകരം. (എന്നിട്ടു വല്ലതും കിട്ടിയോ?)


സംഭവം രസകരമായിട്ടുണ്ട്.. സുന്ദരാ..

RR said...

സുന്ദരാ, സൂപ്പര്‍....:) ഇനിയും ഇങ്ങനത്തെ ഒക്കെ പോരട്ടെ.
qw_er_ty

വക്കാരിമഷ്‌ടാ said...

സുന്ദരാ...

ഞാന്‍ സുന്ദരന്‍

ഫാനായി (ഒറ്റ വരിയിലും വായിക്കാം).

അടിപൊളീ.
(ഒരു എമര്‍ജന്‍സി പരിപാടിയിലാണേ, ഓടിനടന്ന് കമന്റേണ്ടിയിരിക്കുന്നു :) )

Siju | സിജു said...

:-)

കുതിരവട്ടന്‍ | kuthiravattan said...

പാവം ജിജോ.

ഇസാദ്‌ said...

...അവിചാരിതമായൊന്നു തിരിഞ്ഞുനോക്കുകയും അഭിപ്രായമൊന്നും പറയാതെ നിലംപതിക്കുകയും ചെയ്തു.


thakarthu ... :)