Wednesday, 7 March, 2007

വേലിയില്‍ ഇരുന്നത്‌

രാവിലെ ഒമ്പതുമണിതൊട്ട്‌ വൈകുന്നേരം അഞ്ചുമണിവരെ ആപ്പീസില്‍ കുത്തിയിരുന്ന് ജോലിചെയ്തുകഴിഞ്ഞ്‌ എത്രയും പെട്ടന്നു വീട്ടിലെത്താനായി എല്ലാ ജോലിക്കാരും അവരുടെ കെട്ടും ഭാണ്ഡവും മുറുക്കുന്ന നേരത്ത്‌ തമിഴന്‍ മാനേജരുവന്ന് പറയും -

"റൊമ്പ അര്‍ജന്റാന ഒറു വേലയിരുക്ക്‌ ...അന്ത ഐ.ഡി.ബി.ഐ. പ്രൊജെക്ടില്ലയാ....ബ്ല..ബ്ല..ബ്ല...ബ്ല..............."

ഒരു മൂന്നു മണിക്കൂറുകൂടി ആരെങ്കിലും എന്നോടൊപ്പം ഇവിടെ കുത്തിയിരിക്കണം. അതി ഭീകരമായ ഒരു പ്രോജക്ട്‌ ഉണ്ടാക്കി നമുക്ക്‌ എം.ഡി. യുടെ മേശപ്പുറത്ത്‌ ഇന്നുതന്നെ തട്ടിയേച്ചു പോകണം ...നാലെ രാവിലെ വരുമ്പോള്‍ കണ്ട്‌ ഞെട്ടട്ടെ..എന്നെല്ലാമാണു തമിഴന്‍ പറയുന്നത്‌.

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ അഞ്ചുമണിവരെ വെറുതെ പഞ്ചസാരയും കലക്കി കണ്ട ഗോസായിപെണ്ണുങ്ങളുടെ മുമ്പിലൂടെ സ്പ്രേ ചെയ്തു നടന്നിട്ട്‌ അഞ്ചുമണികഴിഞ്ഞപ്പോളാണ്‍ ജോലിചെയ്യാന്‍ വരുന്നത്‌...

ഒരു ശരാശരി ജീവനക്കാരന്‍ എങ്ങിനെ പ്രതികരിക്കും...

"സാര്‍..ദിസ്‌ ഈസ്‌ റ്റൂ മച്‌ സാര്‍...
ഇന്നേയ്ക്കു വീട്ടില്‍ അര്‍ജന്റായി ഒരു വേലയിറുക്ക്‌ സാര്‍...എന്നെ വിട്ടിടിങ്കോ.."

എന്നാല്‍ സുന്ദരനായ ഈ ഞാന്‍ മാത്രം എക്സ്ട്രാ ഡ്യൂട്ടീടെ കാര്യം ആരുപറഞ്ഞാലും ഇങ്ങനയേ പ്രതികരിക്കൂ....

"വിത്ത്‌ ഗ്രേറ്റ്‌ പ്ലെഷര്‍ സാര്‍..."

ജോലിയോട്‌ അന്നും ഇന്നും എനിക്കുള്ള ആത്മാര്‍ത്ഥ....അതൊന്നുകൊണ്ടുമാത്രമാണ്‍...(കള ..കള..വെറുതെ ഓവറാക്കണ്ട)

എട്ടുമണിവരെ ആപ്പീസില്‍ എന്തെങ്കിലും കാരണം പറഞ്ഞു കുത്തിയിരുന്നാല്‍ ഒരു അമ്പത്‌ രൂപ ആട്ടോചാര്‍ജായി എഴുതിയെടുക്കാം. ആപ്പീസില്‍നിന്നും ഒരുപാട്‌ അകലെ താമസ്സിക്കുന്ന മനുവിനാണെങ്കില്‍ ഈ അമ്പതിന്റെ പുറത്ത്‌ വേറെ ഒരു അമ്പത്‌ ഇട്ടാലെ വീട്ടില്‍ ചെന്നെത്താന്‍ പറ്റു. എന്നാല്‍ ഞാനാകട്ടെ ഈ അമ്പതു രൂപയെ പോക്കറ്റിലിട്ട്‌ വഴിയുടെ ഓരംചേര്‍ന്ന് അരമണികൂര്‍ നടന്ന് വീട്ടിലെത്തും.

നേരത്തെ വീട്ടിലൊട്ടു ഓടിപ്പാഞ്ഞ്‌ ചെന്നിട്ടും പ്രത്യേക ഗുണമൊന്നും ഇല്ല....
ആട്ടകുഴയ്ക്കുക, പിന്നെ അതുരുട്ടുക, പിന്നെ അത്‌ പരത്തുക, പിന്നെ അതു ചുട്ടെടുക്കുക... അറുബോര്‍...

എന്നാല്‍ എട്ടുമണിവരെ ജോലിചെയ്താല്‍ നേരെ നായരുചേട്ടന്റെ കടയിലോട്ട്‌ പോയാല്‍ മതി അവിടെ ഒരു ടൊന്റി മണീസ്‌ വീശിയാല്‍; കുഴക്കുക പിന്നെ ഉരുട്ടുക പിന്നെ ഡയറക്റ്റായി വിഴുങ്ങുക എന്നീ മൂന്നെ മൂന്നു പണിയില്‍ കാര്യങ്ങല്‍ തീര്‍ക്കാം. പരത്താനും ചുടാനും ഒന്നും നില്‍ക്കേണ്ട...

നാട്ടിലെ സ്വന്തം വീടിന്റെ അടുക്കളയില്‍ ഇരുന്ന് കഴിക്കുന്ന ഒരു ഫീലിങ്ങാണു നായരുചേട്ടന്റെ കടയിലെ ആഹാരത്തെ കൂടുതല്‍ രുചികരമാക്കുന്നത്‌...നായരുചേട്ടനും സരളച്ചേച്ചിയും പതിവായ്‌ കസ്റ്റമേഴ്സിന്റെ മുമ്പില്‍ വച്ചു നടത്തുന്ന ചില കശപിശകള്‍ പുതുമുഖങ്ങള്‍ക്ക്‌ അരോചകമായി തോന്നിയാലും പതിവായ്‌ ഇതെല്ലാം കേള്‍ക്കുന്ന ഞങ്ങള്‍ക്ക്‌ കറിയില്ലാതെ ചോറുണ്ണുന്നതിലും പ്രയാസമാണ്‍ ഈ കശപിശ കേള്‍ക്കാതെ ചോറുണ്ണുന്നത്‌....

അങ്ങിനെ ജനുവരിമാസത്തിലെ കുളിരുള്ള ഒരു രാത്രിയില്‍ ഓവര്‍ടൈം ഡ്യൂട്ടിയും കഴിഞ്ഞ്‌ അമ്പതു രൂപ ആട്ടോചാര്‍ജും വാങ്ങി പോക്കറ്റില്‍ ഇട്ട്‌ ഞാന്‍ ആപ്പീസില്‍ നിന്നും ഇറങ്ങി. പതിവുപൊലെ രാത്രിയാത്ര ലോട്ടസ്‌ ടെമ്പിളിന്റെ മുമ്പിലൂടെ തന്നെ...നിയോന്‍ പ്രഭയില്‍ ആ മാര്‍ബിള്‍ മന്ദിരം കണ്ണിനു മാത്രമല്ല കരളിനും കുളിരേകും..എന്റെ മനസ്സില്‍ ടാജ്‌ മഹലിലും ഒരു പടിമുകളിലാണ്‍ ലോട്ടസ്‌ ടെമ്പിളിന്റെ ശില്‍പഭംഗി.

ലോട്ടസ്‌ ടെമ്പിളില്‍ നിന്നും ഓക്കല പച്ചക്കറി മൊത്തവ്യാപാര ചന്തയുടെ ഓരം ചേര്‍ന്നു വച്ചുപിടിച്ചാല്‍ പത്തുമിനിറ്റിനകം ഓക്കല റെയില്‍വേ സ്റ്റേഷനായി....റെയില്‍ പാളത്തിന്റെ ഇപ്പുറത്തുള്ള, എരുമകളും എരുമകളിലും വിലകുറഞ്ഞ കുറേയേറെ മനുഷ്യജീവികളും വസിക്കുന്ന ഇടുങ്ങിയ തെരുവും മുറിച്ചുകടന്നാല്‍ എന്റെ സ്വന്തം ഗ്രാമമായി...ശ്രീനിവാസ്പുരി...

നായരുചേട്ടന്റെ കടയില്‍ ഊണു ക്ലോസ്‌ എന്ന ബോര്‍ഡ്‌ തൂങ്ങുന്നതിനുമുമ്പേ എത്തണമെന്ന ആഗ്രഹത്തില്‍ വേഗത്തിലും, എരുമച്ചാണകത്തില്‍ ചവിട്ടി ഷൂസിനു പുറമെ മറ്റൊരു ഷൂസുണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധയോടും ഞാന്‍ മുന്നേറുമ്പോള്‍, വഴിയരുകില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന ഒരപൂര്‍വ കാഴ്ച കണ്ടു.

ഒരു പോളിത്തീന്‍ കവറില്‍ എന്തൊ ഒരു സാധനം തൂക്കിപ്പിടിച്ച്‌ ഒരു ബീഹാറി നില്‍ക്കുന്നു..

"ഓര്‍ തോഡാ ദേദോനാ...ഓര്‍ തോഡാ ദേദോനാ" എന്നു പറഞ്ഞ്‌ ഒരാള്‍ അവന്റെ അടുത്ത്‌ ചുറ്റിപറ്റിനില്‍ക്കുന്നു...

"ഗര്‍ ജാ...സാലേ കുത്തേ..മദ്രാസീ..." എന്നെല്ലാം പറഞ്ഞ്‌ ബീഹാറി അയാളെ ആട്ടി ഓടിക്കാന്‍ നോക്കുന്നു...

എന്നെ കണ്ടതും അയാള്‍ എന്റെ നേരെ നടന്നു വന്നു...(ഇഴഞ്ഞു വന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി) വെളിച്ചക്കുറവുള്ളതിനാല്‍ ആളടുത്തു വന്നപ്പോളാണു മനസ്സിലായത്‌..ഒരു പാവം മലയാളി പൗരന്‍....

ഞങ്ങളുതമ്മില്‍ വലിയ ഫ്രണ്ട്ഷിപ്പ്‌ ഒന്നും ഇല്ലങ്കിലും പരസ്പരമറിയാം...രാജു എന്നാണീ ചങ്ങാതീടെ പേര്‍...വന്നപാടെ എന്നോട്‌ ഒരഞ്ചുരൂപ വേണമെന്നാവശ്യ്പ്പെട്ടു...അത്യാവശ്യമാണത്രേ...

മൂന്നോ നാലോ എക്സ്ട്രാ കാലുകള്‍ വച്ചുകെട്ടികൊടുത്താല്‍ പോലും നേരെ നില്‍ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ലാ...അത്രയ്ക്കും ഫോമിലാണാശാന്‍.

ഇവന്റെ കെട്ട്യോള്‍ തങ്കമണി ആളൊരല്‍പ്പം പിശകാ.. ഈ കോലത്തില്‍ വീട്ടിലോട്ടു ചെന്നാല്‍ ഇവനെ എടുത്തിട്ടു ചവിട്ടും എന്ന കാര്യം ഉറപ്പ്‌....അപ്പോള്‍ അഞ്ചു രൂപ ചോദിച്ചത്‌ തൈരുവാങ്ങിക്കുടിച്ച്‌ സ്റ്റബിലിറ്റി വീണ്ടെടുക്കാനായിരിക്കും...ബീഹാറി തൈരുകച്ചവടക്കാരന്‍ ആയിരിക്കാം...

ഞാന്‍ ആ പാവത്തിനു അഞ്ചു രൂപ കൊടുത്തു...

പണ്ടിനാലെ ഞാന്‍ അങ്ങിനെ ഒരു പ്രകൃതമാ...ആരു ചോദിച്ചാലും വാരിക്കോരിക്കൊടുക്കും...

നിന്റെ വൈഫിന്റെ സ്വഭാവം നിനക്കു നന്നായി അറിയാവുന്നതല്ലെ രാജൂ...ഇങ്ങനെ ഓവറായി അടിക്കാമൊ... ഇനി അടിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുറഞ്ഞപക്ഷം തൈരുമേടിക്കാനുള്ള പണം മാറ്റിവച്ചിട്ടു വേണ്ടെ ....ഇന്നിപ്പോള്‍ ഞാന്‍ ഇതുവഴി വന്നു... എന്നും എനിക്ക്‌ ഓവര്‍ടൈം കിട്ടിക്കോളണമെന്നില്ലാട്ടൊ....എന്നെല്ലാം രാജുവിനെ ഉപദേശിക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു പക്ഷേ അതിലും നല്ലത്‌ തൊട്ടപ്പുറം നില്‍ക്കുന്ന എരുമയുടെ ചെവിയില്‍ ഒരു പാട്ടുപാടുന്നതായിരിക്കും എന്ന തിരിച്ചറിവില്‍ ഞാന്‍ സയിലനായി നിന്നു...

രാജൂ ഇഴഞ്ഞിഴഞ്ഞ്‌ ബീഹാറിയേ സമീപിക്കുന്നതിനിടയില്‍ ഒരു സൈക്കിള്‍ റിക്ഷാ ചീറിപ്പാഞ്ഞുവന്ന് ബീഹാറിയുടെ മുമ്പില്‍ സൈഡാക്കി...റിക്ഷാ വാലാ ചാടിയിറങ്ങി ബീഹാറിയുടെ മുമ്പില്‍ കൈക്കുമ്പിള്‍ നീട്ടി കുനിഞ്ഞുനിന്നു....പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ നില്‍ക്കുന്നതുപോലെ.

ബീഹാറി പോളിത്തീന്‍ ബാഗില്‍ നിന്നും ആ കൈക്കുമ്പിളിലോട്ട്‌ ഒരു നിശ്ചിത അളവില്‍ ഒഴിച്ചുകൊടുക്കുന്നു...പണവും കൊടുത്ത്‌ റിക്ഷാവാല സ്റ്റാന്റ്‌ വിട്ടപ്പോല്‍ നമ്മുടെ രാജുവിന്റെ ഊഴമായി....

എന്നൊടു വങ്ങിയ അഞ്ചു രൂപ ബീഹാറിക്കു കൊടുത്തിട്ട്‌ രാജുവും കൈക്കുമ്പിള്‍ കാട്ടി കുനിഞ്ഞു നില്‍ക്കുകയാണു...ബീഹാറി പോളിത്തീന്‍ ബാഗില്‍ നിന്നും രാജുവിനും ഒഴിച്ചുകൊടുത്തു...

"ഓര്‍ തോഡാ ദേദോനാ...ഓര്‍ തോഡാ ദേദോനാ"

"ഗര്‍ ജാ...സാലേ കുത്തേ..മദ്രാസീ... "ബാക്കിയെല്ലാം പഴയതുപോലെ...

നല്ല ദേശി ചാരായത്തിന്റെ മണം അവിടെ വ്യാപിച്ചപ്പോളാണു ഇതുവെറും മോരുംവെള്ളം കച്ചവടമല്ല സൈക്കിള്‍ റിക്ഷാക്കാരുടെ പെട്രോള്‍ പമ്പാണെന്നു മനസ്സിലായത്‌.

നായരുടെ കട അടയ്ക്കുന്നതിനുമുമ്പേ എത്തണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത്‌ വണ്ടിവിടാന്‍ തുടങ്ങിയ എന്നെ രാജു പുറകില്‍നിന്നും വിളിച്ചു...

"എടോ...താനെങ്ങോട്ടാ ഈ വായുഗുളിക വാങ്ങാന്‍ പോണപോലോടണത്‌....എനിക്ക്‌ സംസാരിക്കാനുണ്ട്‌.."

ആഹാ...സാര്‍, ചേട്ടാ എന്നെല്ലാം വിളിച്ചു തുടങ്ങിയവനു തിരിച്ചറിവായിക്കഴിഞ്ഞു...അവസാനംകഴിച്ചതാണു തിരിച്ചറിവിന്റെ ബ്രാന്റ്‌.

ഞാന്‍ എന്തിനാ ഇങ്ങനെ അടിക്കണതെന്നറിയാമോ...മനപ്രയാസംകൊണ്ടാ..മനപ്രയാസംകൊണ്ട്‌.

"എന്താണാവോ ഇത്രയും മനപ്രയാസം വരാന്‍ കാരണം?.." ഞാന്‍ ചോദിച്ചു.

"എന്റെ ഭാര്യ എന്നെ പറഞ്ഞു പറ്റിച്ചു ഡല്‍ഹിയില്‍ വരുത്തിയതാ...നാട്ടില്‍ ഞാന്‍ അന്തസായി ജോലിചെയ്ത്‌ ജീവിച്ചിരുന്നതാ ഇവിടെ എനിക്കു ജോലിയും ഇല്ല കൂലിയും ഇല്ല...ഒക്കെ അവളുകാരണമാ. .. തനിക്കറിയാമോ ഞങ്ങളുടെ കല്യാണത്തിനുമുമ്പേ അവള്‍ എന്നോടെന്താണു പറഞ്ഞതെന്നു..."

അതു ഞാനെങ്ങിനെ അറിയാനാ സുഹൃത്തെ...നിങ്ങളുടെ കല്യാണത്തിനുമുമ്പെ, അവള്‍ എന്നോടുപറഞ്ഞകാര്യമാണെങ്കില്‍ ഓര്‍ത്തുനോക്കിയിട്ടു പറയാം (അങ്ങിനെ ഞാന്‍ പറഞ്ഞില്ല വെറുതെ മനസ്സില്‍ വിചാരിച്ചേയുള്ളു വെറുതെ അഞ്ചു രൂപകൊടുത്തിട്ട്‌ അടിവാങ്ങണോ)

"അവള്‍ എന്നോടു പറഞ്ഞത്‌ അവള്‍ക്ക്‌ ഡെല്‍ഹിയില്‍ ഒരു ജപ്പാന്‍ കമ്പനിയില്‍ ഉയര്‍ന്ന പോസ്റ്റിലുള്ള ജോലിയാന്നാ ...ഇവിടെ വന്നപ്പോളല്ലെ പേനയില്‍ മഷി ഒഴിക്കണ പണിയാണെന്നു മനസ്സിലായത്‌..." രാജു കൂട്ടിച്ചേര്‍ത്തു.

തങ്കമണി പറഞ്ഞതില്‍ തെറ്റൊന്നുമില്ല ...അവള്‍ ജോലിചെയ്യുന്ന ലക്ഷ്ര്‍ പെന്‍ കമ്പനിക്ക്‌ ജപ്പാന്‍ കൊളാബ്രേഷനുള്ളതാണു...പിന്നെ ഉയര്‍ന്ന പോസ്റ്റിലെന്നു പറഞ്ഞത്‌ ഏറ്റവും മുകളിലെ നിലയില്‍ എന്നും ആകാമല്ലൊ. (ഇതും ഞാന്‍ പറഞ്ഞില്ല വെറുതെ അഞ്ചുരൂപകൊടുത്ത്‌...)

"മഷിയൊഴിക്കുന്ന ജോലി മോശം ജോലിയാണോ രാജൂ?...നീ ഇവിടെ വന്നിട്ട്‌ ഒരു വര്‍ഷമായില്ലെ...ഇതുവരെയും ഒരു ജോലിക്കും പോയിട്ടില്ലന്നാണല്ലോ കേള്‍ക്കുന്നത്‌...ദിവസവും ആഹാരം കഴിക്കുന്നത്‌ അവളീ മഷിയൊഴിച്ചുണ്ടാക്കിയ കാശുകൊണ്ടല്ലെ ?..." ഇതു ഞാന്‍ ചോദിച്ചതാണു...എനിക്ക്‌ എന്നോടു തന്നെ മതിപ്പു തോന്നിയ നിമിഷങ്ങള്‍ ..ഓ..തങ്കമണിയെങ്ങാനും ഇതുകേട്ടിരുന്നെങ്കില്‍ എന്നേപ്പറ്റിയുള്ള മതിപ്പ്‌ ക്വിന്റലുകണക്കിനു കൂടിയേനെ.

"അതുപിന്നെ എനിക്കറിയാവുന്ന ജോലികിട്ടിയാലല്ലെ എനിക്കു ചെയ്യാന്‍ പറ്റു...എനിക്കു റബറുവെട്ടാന്‍ മാത്രമേ അറിയൂ...ഇവിടെ ഒരു റബറെങ്കിലും ഉണ്ടോ...ഡല്‍ഹിയാണത്രേ ഡല്‍ഹി...ഫൂൂ ......." രാജു നീട്ടിത്തുപ്പി.

അവന്‍ പറഞ്ഞതു ശരിയാ ഇവിടെ ആകെയുള്ള റബര്‍ വണ്ടീടെ ടയറാ...അതുമ്മെ വെട്ടാന്‍ പറ്റില്ലല്ലൊ..

"ഞാന്‍ നാട്ടിലോട്ടു തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു..അവളിവിടെ ജപ്പാന്‍ കമ്പനിയും കെട്ടിപ്പിടിച്ചിരിക്കാന്‍ തന്നെയാ തീരുമാനം...അവളെന്റെ കൂടെ വരുന്നില്ലായെങ്കില്‍ നാളെ ഞാന്‍ കേരളാ എക്സ്പ്രസ്സ്‌ കേറും" രാജു പറഞ്ഞു.

"അതുതന്നെയാ രാജൂ നല്ലത്‌ നീ നാട്ടില്‍ ചെന്ന് ജോലിയൊക്കെ ശരിയാക്ക്‌ എന്നിട്ട്‌ അവളെ വിളിച്ചാല്‍ വരാണ്ടിരിക്കില്ല ...എന്നാല്‍ ഞാന്‍ പോട്ടെ ഒരു പാടു താമസ്സിച്ചു.." എനിക്കീ പാമ്പിന്റെ ചുറ്റ്‌ എങ്ങിനേങ്കിലും ഒന്നഴിഞ്ഞുകിട്ടിയാല്‍ മതിയെന്നായിരുന്നു.

"അതേയ്‌..ഞാന്‍ കെരള എക്സ്പ്രസ്സ്‌ കേറും എന്നു പറഞ്ഞതിനര്‍ത്ഥം അതിന്റെ അടീലോട്ടു കേറും എന്നാ...അല്ലതെ അകത്തോട്ടു കേറും എന്നല്ല...മര്യാദയ്ക്ക്‌ എന്റെ കൂടെ വീട്ടിലോളം വന്ന് അവളെ കാര്യം പറഞ്ഞ്‌ മനസ്സിലാക്ക്‌...അല്ലെങ്കില്‍ നാളെ ഈ നേരത്ത്‌ ഞാനില്ല..." രാജു പറഞ്ഞു.

ഇവിടെ ഞാന്‍ കുടുങ്ങി...ഒരു മനുഷ്യ ജീവനാണു കണ്മുമ്പില്‍ കിടന്നു പാമ്പുപോലാടുന്നത്‌...കണ്ടില്ലാന്നു നടിച്ചു പോകാം പക്ഷേ ...
അടുത്തിടയാണു ഒരു ഫ്രണ്ടിന്റെ അപ്പന്‍ പാരച്യൂട്ടിലിറങ്ങിയത്‌...ഇവമ്മാര്‍ക്കൊക്കെ എപ്പോഴാ വാക്കു പാലിക്കാന്‍ തോന്നണതെന്നു പറയാന്‍ പറ്റില്ല...

രാജുവിനെ താങ്ങിപ്പിടിച്ച്‌ 'ജെ' ബ്ലോക്കിലുള്ള അവന്റെ വാടക വീടിലെത്തിച്ചത്‌ വളരെ പ്രയാസപ്പെട്ടാണ്‍...തങ്കമണി വന്നു വാതില്‍ തുറന്നതും രാജു ചാടിയകത്തുകേറി കട്ടിലിലോട്ടു മറിഞ്ഞു....നാളെ നേരത്തേ എഴുന്നേറ്റു വണ്ടിക്കടവയ്ക്കാന്‍ പോടെണ്ടതല്ലേ!!

"തങ്കമണീ എനിക്കു നിന്നോടൊരു കാര്യം പറയാനുണ്ട്‌" വലിയ മുഖവുരയൊന്നും കൂടാതെ ഞാന്‍ തുടങ്ങിയതാ...

"വേണ്ടെടാ.....എന്റെ കെട്ട്യോനെ കള്ളുമേടിച്ചുകോടുത്ത്‌ ഒരു മൂലയ്ക്കു കിടത്തീട്ട്‌ നിന്നേപ്പോലുള്ള ആഭാസന്മാര്‍ക്ക്‌ എന്താണു പറയാനുള്ളതെന്ന് എനിക്കറിയാം....പക്ഷെ അതെന്റെയടുത്ത്‌ നടക്കില്ല..." തങ്കമണി പറഞ്ഞു തീര്‍ന്നില്ല -

ഞാന്‍ ഓടി...ഒളിമ്പിക്സിനോടണപോലെ ഓടി...

21 comments:

സുന്ദരന്‍ said...

ഡല്‍ഹി അനുഭവക്കുറിപ്പുകളുമായി സുന്ദരന്‍ വീണ്ടും....

സുന്ദരന്‍ said...

ഡിയര്‍ ഏവൂരാന്‍..

നാട്ടുകവലയിലെ പുതിയ പോസ്റ്റ്‌ ഇട്ട്‌ ഉടനെതന്നെ ഞാന്‍ മലയാലം ബ്ലോഗ്‌ പോര്‍ട്ടലില്‍ നോക്കിയപ്പോള്‍ - posted - at8hour 36 mi. ago എന്നു കാണുന്നു


aggregator ലിസ്റ്റ്‌ ചെയ്യുമ്പോള്‍ ടോപ്പില്‍ വരാതെ എട്ടര മണിക്കൂര്‍ മുമ്പുള്ള പോസ്റ്റുകളുടെ ഇടയില്‍ പോകുന്നു....

സഹായിക്കണം

evuraan said...

സുന്ദരാ, ഏറ്റവും മുകളില്‍ തന്നെ വരുന്നുണ്ടല്ലോ? എന്താണു് ഉദ്ദേശിച്ചതു്?

ആവനാഴി said...

ഹൈ സുന്ദര്‍,

കഥ നന്നായിട്ടുണ്ട്. ഹാസ്യത്തിന്റെ അമിട്ടിനു തീ കൊളുത്തി അല്ലേ.


“പണ്ടിനാലെ ഞാന്‍ അങ്ങിനെ ഒരു പ്രകൃതമാ...ആരു ചോദിച്ചാലും വാരിക്കോരിക്കൊടുക്കും”

ങും എന്തു ഉദാരമനസ്കന്‍! എനിക്കും അങ്ങിനെ ആകാന്‍ പറ്റിയിരുന്നെങ്കില്‍.

എന്നാലും “വേലീമ്മെയിരുന്നതിനെ എടുത്ത്................”

ആഷ said...

എപ്പോഴത്തേതു പോലെ ഇതും അസലായിരിക്കുന്നു.

ittimalu said...

ആദ്യമായാണോ ഇങ്ങനെ ഒരു ഓട്ടം .. എന്തായാലും കൊള്ളാം .. നന്നായിരിക്കുന്നു...

ദിവ (diva) said...

ഹ ഹ ഹ

സുന്ദരോ‍ാ‍ാ‍ാ‍ാ

ഇതും കലക്കി. ഇനിയും പോരട്ടെ. ഈ രാജു J-74 ല്‍ ആയിരുന്നോ. ബാക്കിയെല്ലാം ഒക്കുന്നുണ്ട്, അങ്ങേര് ഇത്രയും പാമ്പാകാറില്ലായിരുന്നു. ആഹ് ഇനി ഞാനൊക്കെ ശ്രീനിവാസ്പുരിയില്‍ വന്നു കഴിഞ്ഞ് നന്നായതായിരിക്കും :^)

btw, ഞാനും ലോട്ടസ് ടെമ്പിളിന്റെ ഒരു ആരാധകനാണ്. ചിക്കാഗോയിലുള്ള ലോട്ടസ് ടെമ്പിളില്‍ പോയ സമയത്ത്, ഡെല്‍ഹിയിലുള്ള ലോട്ടസ് ടെമ്പിളിനെപ്പറ്റി ഒരിക്കല്‍ എഴുതിയ ഒരു കമന്റ് ഈ പോസ്റ്റിന്റെ പകുതിയ്ക്ക് ശേഷം കാണാം. http://keralachicago.blogspot.com/2006/07/blog-post_23.html

ഇടിവാള്‍ said...

സുന്ദരാ.. തന്റെ പ്രസന്റേഷന്‍ അടിപൊളി ഹാസ്യം തന്നെ..

പക്ഷേ ക്ലൈമാക്സ്.. എന്തോ പാളുന്നു..ഒന്നു കൂടി രസകരമാക്കാമായിരുന്നു ;)

കഴിഞ്ഞ കഥയും ഏതാണ്ടിതുപോലെയായിരുന്നു..

കൃഷ്‌ | krish said...

വഴിയില്‍ കിടന്ന പാമ്പിനെയും എടുത്ത്‌, തങ്കമണിയുടെ വായിലുള്ളതും കേട്ട്‌, സുന്ദരന്‍ ഓടിയ ഓട്ടം.. ഓടിയവഴിക്ക്‌ പുല്ലു മുളക്കാന്‍ സാധ്യത ഇല്ല.
ഓട്ടം കൊള്ളാം.

Siju | സിജു said...

ആക്ച്യുലി തങ്കമണിയോട് എന്താ പറയാന്‍ പോയത്.. :-)

G.manu said...

sundara.......ithu thaaaaaan sundaram


spcial nariyal thereliye.......

ശാലിനി said...

ഈ പോസ്റ്റ് ചിരിപ്പിച്ചു. പ്രത്യേകിച്ച്, ആ ഉരുള ഉരുട്ടലും, പരത്തലും.

സതീശ് മാക്കോത്ത് | sathees makkoth said...

സുന്ദരാ,
സുന്ദരമായിരിക്കുന്നു

സു | Su said...

“ "അതുപിന്നെ എനിക്കറിയാവുന്ന ജോലികിട്ടിയാലല്ലെ എനിക്കു ചെയ്യാന്‍ പറ്റു...എനിക്കു റബറുവെട്ടാന്‍ മാത്രമേ അറിയൂ...ഇവിടെ ഒരു റബറെങ്കിലും ഉണ്ടോ...ഡല്‍ഹിയാണത്രേ ഡല്‍ഹി...ഫൂൂ ......." രാജു നീട്ടിത്തുപ്പി."


ഹിഹിഹി.

എന്തായാലും തങ്കമണീയോട് ഒന്നും പറയാന്‍ സമ്മതിക്കാതെ തന്നെ അവള്‍ പറഞ്ഞത് നന്നായി. അഞ്ച് രൂപയ്ക്കുള്ളത് കിട്ടിയല്ലോ.

കുറുമാന്‍ said...

സുന്ദരാ, ..........കലക്കി......

sandoz said...

സുന്ദരാ.....
സ്നേക്‌......സീക്രട്ട്‌ പ്ലെയിസ്‌......ഹാപ്പി.......സമ്പൂര്‍ണ്ണ ഹാപ്പി......

സുന്ദരന്‍ said...

evuraan said...
സുന്ദരാ, ഏറ്റവും മുകളില്‍ തന്നെ വരുന്നുണ്ടല്ലോ? എന്താണു് ഉദ്ദേശിച്ചതു്?
........
ഏവൂരാന്‍
ഏറ്റവും മുകളില്‍ കാണാന്‍ പറ്റാതെ എട്ടര മണിക്കൂര്‍ മുമ്പുള്ള പോസ്റ്റ്കളുടെ ഇടയില്‍ വീണതു കണ്ടിട്ടാണ്‍ ഇന്നലെ അങ്ങിനെ എഴുതിയത്‌.....
ഓ.കെ.

ടാങ്ക്യൂ വെരിമച്ച്‌.

സുന്ദരന്‍ said...

ആവനാഴി-നന്ദി ...ഇവിടെവരെ വന്നല്ലോ

ആഷ- സ്വാഗതം

ഇട്ടിമാളു- വെല്‍ക്കം ടു നാട്ടുകവല

ദിവോ-ഈ രാജു എന്ന പേര്‍ ഞാന്‍ മറ്റിയിട്ടത...കാരണം ആദ്യകാലപോസ്റ്റ്കളില്‍ നാട്ടുകാരായ ചിലരുടെ കഥകള്‍ പേരും വീട്ടുപേരും സഹിതം എഴുതി - നാട്ടിലൊട്ടു വന്നേരെടാ കാലു തല്ലിഒടിച്ചേക്കാം എന്ന ഒരു കമന്റാണു മള്‍ട്ടി തങ്കച്ചന്‍ കവലയില്‍ നിന്നു പറയുന്നത്‌ എന്നു കേട്ടു...

അതുകൊണ്ടാണു കവലയിലെ കളി മതിയാക്കി ഡല്‍ഹിയിലോട്ട്‌ ചാടിയതും..പേരുകള്‍ മാറ്റിഎഴുതുന്നതും...

ചിക്കാഗൊ ലോട്ടസ്‌ ടെമ്പിളിന്റെ ലിങ്കിനു നന്ദി...ഫോടൊ കണ്ടിട്ട്‌ ഒരു ബുദ്ധവിഹാരം പോലെ തോന്നി.. അടിപോളിതന്നെ... ബഹായികളുടെ മറ്റുള്ള ടെമ്പിളുകളുടെ ഒരു ലിസ്റ്റ്‌ ലോട്ടസ്‌ ടെമ്പിളില്‍ കണ്ടത്‌ ഇപ്പോള്‍ ഓര്‍ക്കുന്നു.

നിങ്ങളുടെ മറ്റുള്ള പോസ്റ്റ്കള്‍ വളരെ രസകരങ്ങളാണട്ടോ എല്ലാം ഒന്നു വായിച്ചു തീര്‍ക്കട്ടെ ഇനിയും കാണാം...കാണണം

ഇടിവാള്‍- ഇനി ഇങ്ങനെ സംഭവിക്കതെ നോക്കാം...തുറന്നു പറഞ്ഞതില്‍ ഒത്തിരി നന്ദിയുണ്ട്‌

കൃഷ്‌- എന്റെയൊപ്പം കാണൂല്ലോ ഇല്ലെ?

സിജു- തങ്കമണിയോട്‌ കെട്ട്യോന്റെ കൂടെ നാട്ടില്‍ പോയി സെറ്റിലായിക്കൂടെ എന്നു ചോദിക്കാനാ തുടങ്ങിയേ....അവളെന്നോടു ചോദിക്യാ... നീ ആരാ ബാലന്‍ കെ. നായരോന്ന്

മനു- മാഷേ നിന്റെ പേരുമാത്രം ഈ പോസ്റ്റില്‍ ഞാന്‍ ഒറിജിനലായിട്ടിട്ടു...എന്റെ കാലു തല്ലിഒടിക്കാന്‍ പ്ലാനുണ്ടെങ്കില്‍ ഒന്നറിയിച്ചേക്കണം...

ശാലിനി- നന്ദി ഇനിയും വരണം...

സതീശ്‌ മാക്കോത്ത്‌- നന്ദി...ഇനിയും കാണാം...

സു- തിരക്കിനിടയിലും ഇവിടെ വന്നതിനു എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.

കുറുമാന്‍- താങ്കളുടെ വല്ലപ്പോഴും കിട്ടുന്ന ഒരു വരി കമന്റ്‌...ആഴ്ച്ചകളോളം ഞാന്‍ അതിന്റെ ത്രില്ലിലായിരിക്കും...

sandoz - ഇപ്പോള്‍ മുഴുവന്‍ സമയവും കമന്റാണല്ലൊ...പുതിയ പോസ്റ്റ്‌ ഒന്നും കാണുന്നില്ല...(എന്തിനാ പോസ്റ്റ്‌...ആ കമന്റുകള്‍ വായിച്ച്‌ ചിരിച്ച്‌ ഇന്നലെ ജോലി പോയിക്കിട്ടിയേനെ.....ആ വെള്ളത്തില്‍ പെയ്ന്റടിക്കാന്‍ മോഹം ...ട്രെയിന്‍ കാലുവച്ച്‌ പാളം തെറ്റിക്കാന്‍ മോഹം...)

ഇനി ആരെങ്കിലും വന്നാല്‍ അവര്‍ക്കും അഡ്വാന്‍സായി നന്ദി

സുന്ദരന്‍

മുക്കുവന്‍ said...

സുന്ദരാ.... വായിക്കാന്‍ വൈകി. നന്നായിരിക്കുന്നു.

കുതിരവട്ടന്‍ | kuthiravattan said...

:-)

ഇസാദ്‌ said...

സുന്ദരാ.കലക്കി :)