Monday, 5 March, 2007

ഒരു ധാരണപ്പിശക്‌

ആലുവയിലുള്ള അമ്മായിയുടെ വീട്ടിലെ കാവല്‍ക്കാരി 'ഡോണ' അവളുടെ കടിഞ്ഞൂല്‍ പ്രസവത്തിനു തയ്യാറെടുക്കുന്ന വിവരം വളരെ താമസ്സിച്ചാണു കവലയിലെ എന്റെ വീട്ടിലറിഞ്ഞത്‌.

"അല്ലെങ്കിലും നിന്റെ വീട്ടുകാര്‍ നല്ലകാര്യങ്ങളൊന്നും സമയത്തിനും കാലത്തിനും നമ്മളെ അറിയിക്കാറില്ലല്ലോ" അപ്പച്ചന്‍ പറഞ്ഞു.

അമ്മായി വല്യ ചതിയാ ചെയ്തത്‌...അമ്മായിയുടെ വീട്ടില്‍ ചെല്ലുമ്പോളൊക്കെ ഞങ്ങള്‍ ആദരവോടും അല്‍പം ഭയത്തോടും ഈ കാവല്‍ക്കരിയെ നോക്കി നിന്നിട്ടുള്ളതാണു. അവളുടെ ഹൈലോങ്ങ്‌ ചെയ്സും കാരെള്ളിന്റെ കളറും, കുതിരയേപ്പോലുള്ള കുതിപ്പും, ബോബ്കട്ട്‌ ചെയ്ത വാലും... എല്ലാം...എല്ലാം.

ഇവള്‍ക്കു കുടുമ്പവും കുട്ടികളും ഒക്കെ ആകുന്ന കാലത്ത്‌ ഇവരുടെ ഒരു ബ്രാഞ്ച്‌ ഞങ്ങടെ നാട്ടുകവലയിലും തുടങ്ങണം എന്ന് ഞങ്ങള്‍ വളരെയതികം ആഗ്രഹിച്ചിരുന്നു.

"വെറും ചാവാലിപ്പട്ടികളെ വളര്‍ത്തുന്ന പോലെ വളര്‍ത്താന്‍ പറ്റിയ ഇനമല്ലിത്‌...ഇത്‌ സൈസുമാറിയതാ...ഡോബര്‍മാന്‍ എന്നു കേട്ടിട്ടുണ്ടോ...ഡോബര്‍മാന്‍,... ഇതു നിങ്ങളെക്കൊണ്ട്‌ കൂട്ടിയാല്‍ കൂടുന്ന സാധനമല്ല മക്കളെ." ഇതാണമ്മായീടെ ലൈന്‍.

അഭിമാനത്തിന്റെ അടിവരമ്പില്‍ സ്പര്‍ശിച്ച ഈ പ്രഖ്യാപനം അമ്മായി നടത്തിയ ആ നിമിഷം തന്നെ ഞാനും കൊച്ചേട്ടനും അമ്മായീടെ വീട്ടില്‍നിന്നും പിണങ്ങിയിറങ്ങാന്‍ തുടങ്ങിയതാണു...പക്ഷേ നേരം വളരെ വൈകിയതിനാല്‍ അന്നവിടെ കിടന്നിട്ട്‌ പിറ്റേന്നു രാവിലത്തെ ബ്രേയ്‌ക്‍ഫാസ്റ്റും കഴിച്ചിട്ട്‌ പിണങ്ങിയിറങ്ങി.

മൂന്നാറിലെ തേയ്‌ലക്കും, അമ്മയും അയല്‍ക്കൂട്ടം പെണ്ണുങ്ങളും ചേര്‍ന്നുണ്ടാക്കുന്ന സ്പെഷ്യല്‍ കാപ്പിപ്പൊടിക്കും പിന്നെ ഞങ്ങളുടെ സ്വന്തം വളപ്പില്‍ രാസവളമോ കീട നാശിനികളോ ഉപയോഗിക്കാതെ അപ്പച്ചന്‍ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളുടെ വീതത്തിനും മാസ്സം തോറും നാട്ടുകവലയിലെ ഞങ്ങളുടെ വീട്ടില്‍ വരുന്ന അമ്മായിക്കിട്ടൊന്നു കൊട്ടാന്‍ തക്കംനോക്കി ഞാനുമിരുന്നു.

പതിവുപോലൊരു വൈകുന്നേരം പതിവു പല്ലവിയും പാടി അമ്മായിയെത്തി...

"എന്റെ വീട്ടില്‍ കെട്ടിയോനും പിള്ളേര്‍ക്കും മാര്‍ക്കറ്റില്‍നിന്നും എന്തു സാധനം മേടിച്ചു കറിവച്ച്‌ കൊടുത്താലും ഇഷ്ടപ്പെടില്ല...ചേച്ചീടെ വീട്ടീന്നു കൊണ്ടുവരുന്ന പാവയ്ക്കയും പടവലങ്ങയുമൊക്കെ കറിവച്ചു കൊടുത്താല്‍ ചട്ടി വടിച്ചു കൂട്ടിക്കോളും"

"നിങ്ങളുടെ ഒരു പട്ടിക്കുഞ്ഞിനെ ഞങ്ങള്‍ കൂട്ടിയാല്‍ കൂടില്ലായെങ്കില്‍ ഇനിമേലാല്‍ ഇവിടന്നു സാധനങ്ങള്‍ കൊണ്ടുപോയ്‌ കറിവെച്ച്‌ നിങ്ങള്‍ കൂട്ടിയാലും കൂടില്ല" ....

എന്നു പറഞ്ഞതു ഞാന്‍ തന്നെ എന്റെ സ്വന്തം ഐഡിയായില്‍...അതിന്റെ കോപ്പി റൈറ്റും എനിക്കുതന്നെ ചെട്ടന്മാര്‍ക്കതില്‍ പങ്കില്ല.

വീട്ടിലെ ഇളയ കുട്ടിയായാലുള്ള ഏറ്റവും വലിയ അഡ്വാന്റേജാണിത്‌, അമ്മായിയോട്‌ ഇങ്ങനെയൊക്കെ എന്തെങ്കിലും പറയണമെന്ന് എന്റെ അമ്മ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം....പറഞ്ഞാല്‍ പിന്നെയത്‌ നാത്തൂന്‍ പാരാ... നാത്തൂന്‍ പോരാ... എന്നൊക്കെ വ്യഖ്യാനിക്കപ്പെടും.

മാതാപിതാക്കളുടെ ഇമ്മാതിരിയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ എന്നേക്കൊണ്ട്‌ ആകുംവിധം ഭംഗിയായ്‌ നടത്തികൊടുത്തുകൊണ്ടിരുന്ന എന്റെ ബാല്യകാലത്ത്‌, പ്രതിഫലമായി ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എങ്കില്‍കൂടി...എല്ലായിപ്പൊഴുംതന്നെ അമ്മയുടെ വക സമ്മാനം 'ഉടനടി'കിട്ടാറുണ്ടായിരുന്നു.

അമ്മായീടെ മുഖമന്നു വട്ടയപ്പം പോലെ വീര്‍ത്തുവെങ്കിലും ഞങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെട്ടു..."അവനു പട്ടിക്കുഞ്ഞിനെ കൊടുക്കില്ലാന്നു പറഞ്ഞതിന്റെ ദേഷ്യമാ എന്നോട്‌....ഈ പേറിലെ അഞ്ചുകുഞ്ഞുങ്ങള്‍ക്കുവരെ ബുക്കിങ്ങായിപ്പോയി..ആറാമതൊരെണ്ണം ഉണ്ടായാല്‍ കൊടുത്തേക്കാം.... അല്ലെങ്കില്‍ അടുത്ത പേറുവരെ കാത്തിരിക്കാന്‍ പറ..എന്നാലും അവനെന്നൊടിങ്ങനെ പറഞ്ഞല്ലോ..." അത്താഴത്തിനു ശേഷം അടുക്കളയില്‍നിന്ന് അമ്മയോട്‌ രഹസ്യമായിട്ടാണിത്‌ പറഞ്ഞതെങ്കിലും ഒളിച്ചുനിന്ന് ഞാനത്‌ കേള്‍ക്കുകയുണ്ടായി.

പിറ്റേന്ന് രണ്ടുകൈയ്യിലും തൂക്കിയെടുക്കാന്‍ പറ്റാവുന്നത്ര സാധനങ്ങളുമായി വീട്ടില്‍നിന്നും ഇറങ്ങിയ അമ്മായി നടക്കല്ലില്‍ വാലാട്ടി നിന്നിരുന്ന സ്നേഹത്തിന്റെ പ്രതീകമായ ഞങ്ങളുടെ കൈസറിനിട്ട്‌ 'ഹൈഹീല്‍' വച്ച്‌ ഒരു ചവിട്ടു കൊടുത്തു....കൂടെ ഒരു കമന്റും...

"ഈ വക വര്‍ഗ്ഗത്തെ ഈ നാട്ടില്‍ നിന്നുതന്നെ ഓടിക്കാതെ ഡോബര്‍മാന്റെ കുഞ്ഞിനെ വളര്‍ത്തീട്ടു കാര്യമില്ല..."

കൈസര്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കവലയിലെ എല്ലാ ചാവാലി ബ്രാന്‍ഡുകള്‍ക്കുമിട്ടാണ്‍ അന്നാ ചവിട്ടേറ്റത്‌.


പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അമ്മായീടെ ഡോബര്‍ വുമണിനു കടിഞ്ഞൂല്‍ പേറില്‍ മിനിമം ആറു ഡോബര്‍ ബേബികള്‍ ഉണ്ടാകുകയാണെങ്കില്‍ മാത്രം സുഖപ്രസവം അനുവദിച്ചു കൊടുക്കണമേ... എന്നു തമ്പുരാന്‍ കര്‍ത്താവിനോടു മുട്ടിപ്പായി പ്രാര്‍ത്ഥന ആരംഭിച്ചു.

എന്റെ പ്രാര്‍ത്ഥനയുടെ പവ്വര്‍ കൊണ്ടാണെന്നു ഞാനും ...മൃഗ ഡോക്ടറുടെ മിടുക്കുകൊണ്ടാണെന്ന് അമ്മായീം പറയുന്നു...........പട്ടി പെറ്റു, ആറുകുഞ്ഞുങ്ങള്‍...

അമ്മായി വാക്കുമാറുന്നതിനുമുമ്പേ ഞങ്ങളുടെ വീതം ഞങ്ങളുമേടിച്ചു. ഒരുപാട്‌ കരാറുകളെല്ലാം അംഗീകരിക്കേണ്ടി വന്നു എന്നാലും....

ചന്നം പിന്നം മഴചാറുന്ന ഒരു വൈകുന്നേരമാണ്‍ ഡോബര്‍ ബേബി കവലയിലെ വീട്ടിലെത്തുന്നത്‌. അന്നു തന്നെ തങ്കപ്പനാശാരിയെ വിളിച്ച്‌ ഒന്നാന്തരമൊരു പട്ടിക്കൂ(വീ)ട്‌ ഉണ്ടാക്കാനുള്ള കരാറുകൊടുക്കുകയാണു. ഈ തങ്കപ്പനാശാരിയാണു ഖത്തറിലെ സുല്‍ത്താന്റെ കൊട്ടാരം പുതിക്കിപണിതപ്പോള്‍ മൊത്തം മരപ്പണികളുടേയും മേല്‍നോട്ടം വഹിച്ചത്‌.

അമ്മായീടെ നിര്‍ദ്ധേശപ്രകാരം അപ്പച്ചന്‍ ഡോഗ്‌ ട്രെയ്നറായി ചാര്‍ജെടുത്തു. ആഹാരം കൊടുക്കുന്നതും, നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതും പലരുകൂടി ചെയ്യെണ്ടകാര്യമല്ലന്നാണ്‍ ഒരു നല്ല നായ്‌ പരിശീലകയായ അമ്മായീടെ അഭിപ്രായം.

ഒരു പ്രസവത്തിലുണ്ടായ ആറുകുട്ടികള്‍ക്കും അവരുടെ അമ്മയുടെ പേരിന്റെ ആദ്യ അക്ഷരമായ 'ഡി' യില്‍ത്തുടങ്ങുന്ന പേരിട്ടുവിളിക്കണം എന്നു കരാറില്‍ പറഞ്ഞിട്ടുള്ളതനുസരിച്ച്‌ ഞങ്ങള്‍ ഡോബര്‍ ബേബിയെ ഡാല്‍വിന്‍ എന്ന കിണ്ണങ്കാച്ചി പേരിട്ടുവിളിച്ചു. ..അന്നേദിവസ്സം കവലയില്‍ മിഢായിവിതരണമൊക്കെ നടത്തി.

വെറും കൈസര്‍, ടിപ്പു, കൂക്കുരു എന്ന പഴഞ്ചന്‍ പേരുകളില്‍ മാത്രം അറിയപ്പെട്ടിരുന്ന ആ പഞ്ചായത്തിലുള്ള സകലമാന ശുനകന്മാരും അന്നു രാത്രി മുഴുവനും ഓളിയിടുകയുണ്ടായി....പ്രതിക്ഷേതമാണോ...ആഹ്ലാദമാണോ എന്നറിയില്ല...

ഡാല്‍വിനു ദുര്‍മാതൃക ആകാതിരിക്കാന്‍ കൈസറിനെ തൊമ്മന്‍ ചേട്ടന്റെ (റെഡ്‌ അലര്‍ട്ട്‌ എന്ന പോസ്റ്റ്‌ കാണുക) വീട്ടിലേയ്ക്ക്‌ നാടുകടത്തി ഒരിക്കലും കുരച്ചിട്ടില്ലാത്ത കൈസര്‍ ഒരു ഊമയായിരുന്നോ എന്ന സംശയം ഇപ്പൊളും ബാക്കി. ആരെക്കണ്ടാലും വാലാട്ടിനില്‍ക്കുന്നതിനാല്‍ വാലാട്ട്‌ കുഞ്ഞിക്കണ്ണന്‍ എന്ന പുതിയ പേരിലാണ്‍ തൊമ്മഞ്ചേട്ടന്റെ വീട്ടില്‍ കൈസര്‍ അറിയപ്പെടുന്നത്‌.


ഡാല്‍വിന്റെ വരവോടുകൂടി പാച്ചുനായരുടെ ചായക്കടയുമായ്‌ ഉണ്ടായിരുന്ന രണ്ടുലിറ്റര്‍ പാലിന്റെ ബിസിനസ്സ്‌ നിന്നുപോയി.

കറുകറുത്ത ഡാല്‍വിന്‍ വെളുവെളുത്ത പാല്‍ 'ബ്ലക്ക്‌..' 'ബ്ലക്ക്‌..' എന്ന് നക്കിക്കുടിക്കുമ്പോള്‍ ഡാല്‍വിനിലും കറുത്ത കട്ടങ്കാപ്പി കുടിച്ചു ഞങ്ങള്‍ സന്തോഷത്തോടെ ആ കാഴ്ച്ച നോക്കി നിന്നിട്ടുണ്ട്‌.


നിങ്ങളുടെ പുതിയ പട്ടീനെയൊന്ന് കാണാന്‍ വന്നതാ എന്ന് പറഞ്ഞ്‌ വീട്ടില്‍ കയറിവന്ന ഷീണംപാപ്പനോട്‌ അപ്പച്ചന്‍ കുറേ തട്ടിക്കയറി...ഡാല്‍വിനെ ഒന്നു കാണാന്‍ വന്നതാണെന്നോ, ഡോബര്‍മാന്‍ എന്തെടുക്കുന്നു എന്നോ ചോദിച്ചിരുന്നെങ്കില്‍ ആവശ്യമില്ലാതെ ഈ ശകാരം കേള്‍ക്കെണ്ടി വരില്ലായിരുന്നു.

ഡാല്‍വിന്റെ വാലുമുറിക്കലിനു നൂറാള്‍ക്കുള്ള സദ്യ ഉണ്ടായിരുന്നു...വല്യേട്ടന്റെ കൊച്ചിന്റെ ഒന്നാം പിറന്നാളിനുപോലും ഇത്രയും വലിയ സദ്യ നടത്തിയില്ല...അതിന്റെ പരാതി ഇന്നും ചേടത്തിയമ്മക്കു തീര്‍ന്നിട്ടില്ല.

വെള്ളത്തൂവലിലെ ബേക്കറിക്കാരന്‍ പീതാമ്പരന്‍ ആദ്യമായി പട്ടിബിസ്ക്കറ്റ്‌ എന്ന ഐറ്റം ഉണ്ടാക്കിയത്‌ ഡാല്‍വിനു വേണ്ടിയായിരുന്നു...വലിയ കാഡ്‌ബോഡ്‌ പെട്ടിയില്‍ നിറച്ച്‌, സൈക്കിളിന്റെ പിറകില്‍ വച്ചു കെട്ടി കൊണ്ടുവരുന്ന ബിസ്കറ്റുകള്‍ അപ്പച്ചന്‍ ഓരോ കൂടും പ്രത്യേകം പ്രത്യേകം സീരിയല്‍ നമ്പറിട്ട്‌ പത്തായത്തില്‍ അടുക്കി വച്ചിരുന്നു...ഞങ്ങള്‍ എടുത്ത്‌ തിന്നാതെ.

കൈസറിനു പഴംകഞ്ഞിവെള്ളം മാത്രം കൊടുത്താല്‍ മതിയായിരുന്നു...ഇത്‌ ഈ പോക്കുപോയാല്‍ നമ്മളെ കുത്തുപാളയെടുപ്പിക്കും എന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. എങ്കിലും ഡാല്‍വിന്‍ വന്നതിനുശേഷമാണു കവലയില്‍ ഞങ്ങള്‍ക്കൊരു നിലയും വിലയും ഒക്കെ ആയത്‌.

രാവിലെ അപ്പച്ചന്‍ അര ലിറ്റര്‍ പാലില്‍ ഒരു ഡസന്‍ പട്ടി ബിസ്കറ്റ്‌ പൊടിച്ച്‌ ചേര്‍ത്ത്‌ ഒരു സമീകൃതാഹാരം തയ്യാറാക്കും....

"ഡാല്‍വിന്‍...കമാണ്‍..." എന്നു വിളിക്കുന്നതും നൂറെ നൂറില്‍ പറന്നൊരു വരവുണ്ട്‌ ഡാല്‍വിന്‍...

വന്ന് പട്ടിബിസ്കറ്റും പാലും കൂടിക്കുഴഞ്ഞ മിശ്രിതത്തിലോട്ട്‌ മൂക്കും കുത്തിയൊരു ക്രാഷ്‌ ലാന്‍ഡിങ്ങ്‌...അമ്മായീടെ ആക്ക്രാന്തം അതുപടി പകര്‍ത്തികൊണ്ടുവന്നിരിക്കുകയാണെന്നു തോന്നും.

ട്രെയ്നിങ്ങിന്റെ ഭാഗമായി ഒരു ചൂരവടിയൊക്കെ അപ്പച്ചന്‍ കരുതിയിട്ടുണ്ട്‌...ഞങ്ങളെ ഉദ്ധേശിച്ച്‌ വാങ്ങിയതാ...വിചാരിച്ച ഗുണം കിട്ടീല്ല...എന്നാല്‍ ഡോബര്‍മാനിലുംകൂടി പരീക്ഷിച്ചു നോക്കാനുള്ള പുറപ്പാടിലാ..

ആഹാര സാധനങ്ങള്‍ കൊടുക്കുമ്പോള്‍ ആക്ക്രാന്തത്തോടെ ചാടിവീണാല്‍ ഉടനടി അടികൊടുക്കുക എന്നതാണ്‍ പാഠം ഒന്ന്.

"ഡാല്‍വിന്‍ ടേയ്ക്കിറ്റ്‌" എന്നു പറയുമ്പോള്‍ ആഹാരം കഴിക്കുക എന്നത്‌ പാഠം രണ്ട്‌.

ഇതെല്ലാം പഠിച്ചെടുക്കാന്‍ ഒരുപാട്‌ അടിയും ഡാല്‍വിന്‍ അപ്പച്ചന്റെ കൈയ്യില്‍നിന്നും മേടിച്ചുകൂട്ടിയിട്ടുണ്ട്‌.

കാലചക്രം ഉരുളുന്നതിനൊപ്പം ഡാല്‍വിന്‍ വളര്‍ന്നു...കുറച്ചേറെക്കാര്യങ്ങള്‍ പഠിച്ചു...

ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും....കിടക്കാന്‍ പറഞ്ഞാള്‍ കിടക്കും ഷെയ്ക്‌ക്‍ഹാന്റ്‌ തരും...പന്തെറിഞ്ഞാല്‍ എടുത്ത്‌ കൊണ്ടുവരും...

അപ്പച്ചന്‍ അത്ര മോശം ഡോഗ്‌ ട്രെയ്നര്‍ അല്ലായെന്ന് ഞങ്ങള്‍ക്കും ബോദ്യമായി, അമ്മായീടേം സര്‍ട്ടിഫിക്കേറ്റ്‌ കിട്ടി.

ഈ ട്രെയിനിങ്ങ്‌ മക്കള്‍ക്കും കൂടി കൊടുക്കാന്‍ പാടില്ലേ മനുഷ്യാ.. എന്നാണു അമ്മ ചോദിച്ചത്‌.


പെട്ടെന്നൊരു ദിവസം എന്തോ അത്യാവശ്യം പ്രമാണിച്ച്‌ അപ്പച്ചനു ഗൂടല്ലൂരിലുള്ള കൊച്ചാപ്പന്റെ വീട്ടില്‍ പോകേണ്ടി വന്നപ്പോളാണു കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌. ഡാല്‍വിന്‍ ബിസ്കറ്റും പാലും ഒക്കെ നിറുത്തി ദിവസത്തിലൊരുനേരം മാത്രം നല്ല നോന്‍വെജ്‌ ഒക്കെകൂട്ടി ഒരു പെരുംതീറ്റ തിന്നുന്ന കാലം.

ആഹാരമൊക്കെ പതിവുപോലെ തയ്യാറാക്കി വച്ചിട്ട്‌, "ഡാല്‍വിന്‍ കമോണ്‍ ...ടേയ്ക്കിറ്റ്‌ " എന്നു ഞങ്ങള്‍ പറഞ്ഞിട്ട്‌ ഡാല്‍വിന്‍ തിരിഞ്ഞുപോലും നോക്കുന്നില്ല...ആളുമാറി ആളുമാറി വിളിച്ചു നോക്കി...രക്ഷയില്ല...

മലയാളത്തിലും തമിഴിലും പിന്നെ പട്ടാളം അപ്പൂപ്പന്‍ ഹിന്ദിയിലും ഒക്കെ വിളിച്ചു....ഡാല്‍വിന്‍ വന്നില്ല ...ആഹാരം കഴിച്ചില്ല.

ആളുമാറിയതിന്റെ പരിഭവമാണെന്നുകരുതി....പിറ്റേന്ന് ശരിയായിക്കോളും എന്ന പ്രതീക്ഷയില്‍ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്നും 'ചങ്കരന്‍ വീണ്ടും കേര(ള)ത്തില്‍ത്തന്നെ....

'ഗൂഡല്ലൂര്‍ക്ക്‌ അര്‍ജന്റായീ ട്രങ്ക്‌ കോള്‍ പോയി....കൊച്ചാപ്പന്റെ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടാത്ത കാലമായിരുന്നു. അടുത്ത വീട്ടിലെ നമ്പറിലാണു വിളിക്കുന്നത്‌.വളരെ കഷ്ടപ്പെട്ട്‌ വൈകുന്നേരത്തോടെ അപ്പച്ചനെ ലൈനില്‍കിട്ടി.... 'ഡാല്‍വിന്‍ ആഹാരം കഴിക്കുന്നില്ല അപ്പച്ചന്‍ എത്രയും പെട്ടന്നു തിരിച്ചുവരണം' എന്നു പറഞ്ഞ്‌ കാര്യങ്ങളുടെ ഗുരുതരാവസ്ഥ വിവരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ...അപ്പച്ചനിടയ്ക്കുകയറിപ്പറഞ്ഞു..

"ങാ...ഞാനാക്കാര്യം പറയാന്‍ വിട്ടുപോയ്‌...ഡാല്‍വിനു ആഹാരം വിളമ്പിവച്ചിട്ട്‌ 'കമോണ്‍ ടെയ്ക്കിറ്റ്‌' എന്നു പറയുന്ന ഒപ്പം ചൂരവടികൊണ്ട്‌ ഒരു അടിയും കൊടുക്കണം എന്നാലെ അവന്‍ ആഹാരം കഴിക്കു..."

പറഞ്ഞതുപോലെ ചൂരല്‍ പ്രയോഗം നടത്തിയപ്പോള്‍ ഡാല്‍വിന്‍ ആഹാരം കഴിച്ചു...എല്ലാവരും ഹാപ്പിയായി.

പിന്നീട്‌ ഇതേക്കുറിച്ച്‌ അപ്പച്ചനോടു ചോദിച്ചപ്പോള്‍ "ട്രെയ്നിങ്ങിനിടയില്‍ പറ്റിയ ഒരു ധാരണപ്പിശക്‌" എന്നാണു അപ്പച്ചന്‍ മറുപടി പറഞ്ഞത്‌.

ഇതിലും ബുദ്ധി കൈസറിനായിരുന്നു എന്ന് അമ്മയും പറഞ്ഞു.

17 comments:

സുന്ദരന്‍ said...

നാട്ടുകവലയിലെ ആദ്യത്തെ വി.ഐ.പി. ഡോഗിനെക്കുറിച്ചുള്ള പോസ്റ്റ്‌

Nousher said...

നന്നായിരിക്കുന്നു, നല്ല ഒഴുക്കോടെയുള്ള വിവരണം. എങ്കിലും, ക്ലൈമാക്സ് അല്പം പാളിയോന്നൊരു സംശയം.

ആഷ said...

ഹ ഹ
രസിച്ചു വായിച്ചു
നന്നായിരിക്കുന്നു

ഇത്തിരിവെട്ടം© said...

സുന്ദരാ... നല്ല വിവരണം

ദിവ (diva) said...

ഹ ഹ ഹ സുന്ദരോ‍ാ‍ാ‍ാ‍ാ‍ാ

വളരെ പണ്ട്, ഒരു നല്ലയിനം പട്ടിക്കുഞ്ഞിനെ വാങ്ങാന്‍ നടന്ന എന്നെ, ഒരു സാമദ്രോഹി പറ്റിച്ചു. അള്‍സേഷ്യനാണെന്ന് പറഞ്ഞ് തന്നത് വെളുത്ത ഒരു നാടന്‍ പട്ടിക്കുഞ്ഞിനെ. രണ്ടിനെയും തമ്മില്‍ തിരിച്ചറിയാന്‍ മാത്രമുള്ള വിവരം അന്ന് ആയിട്ടില്ല.

വാങ്ങി കുറേക്കഴിഞ്ഞ് നാടന്‍ പട്ടിയാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോളേയ്ക്കും എന്തോ എനിക്കാ പട്ടിയെ ഇഷ്ടപ്പെട്ടുപോയിരുന്നു. പക്ഷേ, ഒരു ദുശീലം മാത്രം, ‘ടോമി’ (അങ്ങനെ ആരെങ്കിലും പട്ടിയ്ക്ക് പേരിടുമോ) പാലും ചൌവും മാത്രമേ കഴിയ്ക്കൂ. ചോറും മറ്റുമൊന്നും ടോമിയ്ക്ക് വേണ്ട. ആ പട്ടിയ്ക്ക് വേണ്ടി ഞാന്‍ ഒറ്റയ്ക്ക് പണിത കൂട് പോപ്പുലറായിരുന്നു. ആഹ്, അതൊക്കെയൊരു കാലം :-)

ഈ കഥയുടെ ബാക്കി ഭാഗം, ട്രാജഡിയാണ്. ടെന്‍ഷന്‍ മൂത്തുനില്‍ക്കുന്നതിനിടയില്‍, ഒരു തമാശ പോസ്റ്റില്‍, അത് വിവരിക്കാന്‍ നില്‍ക്കുന്നില്ല :)

Sul | സുല്‍ said...

:) സുന്ദരം.

-സുല്‍

ഇടിവാള്‍ said...

സുന്ദരാ.. മുഴുനീള കോമഡിയാണല്ലോ ;)

അലക്കി...

ചേട്ടമാര്‍ക്കില്ലാത്ത കോപ്പിറൈറ്റ്, പട്ടികളുടെ പ്രതിഷേധക്കൂവല്‍, എന്നീ പ്രയോഗങ്ങള്‍ എല്ലാം ആനുകാലിക പ്രസക്തങ്ങളാണല്ലോ? ;)

അവസാനം മാത്രം ചീറ്റിപ്പോയോന്നൊരു സംശയം !

venu said...

കൊള്ളാം.:)

G.manu said...

നിന്നിട്ടുള്ളതാണു. അവളുടെ ഹൈലോങ്ങ്‌ ചെയ്സും കാരെള്ളിന്റെ കളറും, കുതിരയേപ്പോലുള്ള കുതിപ്പും, ബോബ്കട്ട്‌ ചെയ്ത വാലും... എല്ലാം...എല്ലാം.

enna bhavana bhavanyude araadhaka

kasari.......alla kaisary

hahahhah

Siju | സിജു said...

അവസാനം അമ്മയുടെ കമന്റ് അടിപോളി

ശാലിനി said...

“അന്നു തന്നെ തങ്കപ്പനാശാരിയെ വിളിച്ച്‌ ഒന്നാന്തരമൊരു പട്ടിക്കൂ(വീ)ട്‌ ഉണ്ടാക്കാനുള്ള കരാറുകൊടുക്കുകയാണു. ഈ തങ്കപ്പനാശാരിയാണു ഖത്തറിലെ സുല്‍ത്താന്റെ കൊട്ടാരം പുതിക്കിപണിതപ്പോള്‍ മൊത്തം മരപ്പണികളുടേയും മേല്‍നോട്ടം വഹിച്ചത്‌.“

നന്നായിട്ടുണ്ട് പോസ്റ്റ്.

sandoz said...

ഒരു പഴയ ശുനക കഥ ഓര്‍ത്തു....സുന്ദരന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍---പണ്ട്‌ ഒരു ജങ്കന്‍ അള്‍സേഷ്യനെ സ്വപ്നം കണ്ട്‌.....അള്‍സേഷ്യനെ കിട്ടണമെങ്കില്‍ കാശ്‌ ഇമ്മിണി പൊടിയും എന്ന് മനസ്സിലാക്കി.... അവസാനം കൂട്ടുകാരന്‍ കൊണ്ടുവന്ന തന്ന ഒരു നാടന്‍സേഷ്യനെ വീട്ടില്‍ വാഴിച്ചു.ആണ്‍പട്ടിയാണോ..പെണ്‍പട്ടിയാണോ എന്നൊന്നും അപ്പോള്‍ നോക്കില്ല.കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ എന്റെ വേറൊരു സുഹൃത്ത്‌ ആണു ചോദിച്ചത്‌ ..'എട പോത്തേ....നീ ഇവിടെ പട്ടി ഫാം വല്ലതും തുടങ്ങാന്‍ പോണെണ്ടാ....'അപ്പഴാ എനിക്ക്‌ കത്തിയത്‌....നാട്ടിലെ സകല ചാവാലികളും പറമ്പില്‍ കയറി ഇറങ്ങുന്നതിന്റെ ഗുട്ടന്‍സ്‌.
പിന്നെ രാത്രിക്ക്‌ രാത്രി..ഒരു ചാക്കിലാക്കി.....വണ്ടീല്‍ കയറ്റി പഞ്ചായത്ത്‌ കടത്തി.രാത്രി മാരുതി വാനില്‍ നിന്ന് ഒരു സുന്ദരി ഇറങ്ങി വരുന്നത്‌ കണ്ട്‌ അയല്‍ പഞ്ചായത്തിലെ ശുനക പോക്രികള്‍ ഓലിയിട്ടു...സന്തോഷം കൊണ്ട്‌.വെറുതെ കലുങ്കിലിരുന്നപ്പോ ......കരിഷ്മകപൂര്‍ വന്ന് ഞാനും കൂടട്ടേ എന്ന് ചോദിച്ചാല്‍ ആരാ വേണ്ടാ എന്നു പറയാ.....

സുന്ദരാ....ഇറ്റലിക്കാരാ......നീ ഇങ്ങനെ ആളെ ചിരിപ്പിക്കല്‍ സ്ഥിരം പരിപാടി ആക്കിയാല്‍ ഞാന്‍ ഇറ്റാലിയന്‍ മാഫിയക്ക്‌ കൊട്ടഷന്‍ കൊടുക്കും......

കൃഷ്‌ | krish said...

വെറും ചാവാലിപ്പട്ടികളെ വളര്‍ത്തുന്ന പോലെ വളര്‍ത്താന്‍ പറ്റിയ ഇനമല്ലിത്‌...ഇത്‌ സൈസുമാറിയതാ...ഡോബര്‍മാന്‍ എന്നു കേട്ടിട്ടുണ്ടോ...ഡോബര്‍മാന്‍,... ഇതു നിങ്ങളെക്കൊണ്ട്‌ കൂട്ടിയാല്‍ കൂടുന്ന സാധനമല്ല മക്കളെ."

പട്ടിചരിതം കൊള്ളാമല്ലോ സുന്ദരാ.

കൃഷ്‌ | krish

രാജീവ്‌ (Rajeev) said...

വളരെ നന്നായിരിക്കുന്നു.

Anonymous said...

Pattiyude name Mathai ennalle, Athu mattiyathu sariyayilla. Ennu ninte chettan.

ഇസാദ്‌ said...

സുന്ദരം. :)

Babu Kalyanam | ബാബു കല്യാണം said...

:-)