Sunday, 25 February, 2007

അത്ഭുത ചക്ക

ഞങ്ങള്‍ നാട്ടുകവലയിലെ ബസ്സ്‌ സ്റ്റോപ്പിനു തൊട്ടടുത്തുള്ള വീടുവാങ്ങി താമസ്സമാരംഭിച്ചിട്ടു ഇത്‌ അഞ്ചാം വര്‍ഷമാണു. കുന്നിന്മുകളിലെ വീട്ടില്‍നിന്നും വഴിയോരത്തുള്ള ഈ വീട്ടിലേയ്ക്ക്‌ താമസ്സം മാറിയതിന്റെ പ്രധാന കാരണം യാത്രാ ക്ലേശം പരിഹരിക്കുക എന്നതായിരുന്നു. ഇപ്പോള്‍ ബസ്സില്‍നിന്നിറങ്ങിയാല്‍ വീടീന്റെ മുറ്റത്തോട്ട്‌ കാലെടുത്ത്‌ വയ്ക്കാം.

ഇതുകൂടാതെ വേറേയും ചില സൗകര്യങ്ങള്‍ ഈ വീടിനുണ്ട്‌. ഇവിടെ കഞ്ഞിക്ക്‌ വെള്ളം അടുപ്പില്‍ തിളയ്ക്കുന്ന നേരത്ത്‌ പോയാലുംമതി അരിവാങ്ങാന്‍...പലചരക്ക്‌ പീടിക അത്ര അടുത്ത്‌...പച്ചക്കറി, മീന്‍, ഇറച്ചി എന്നിവയുമായി കച്ചവടക്കാര്‍ വീട്ടില്‍ വരും.

ന്യൂസ്‌ പേപ്പര്‍ ബോയ്ക്ക്‌ സൈക്കിളില്‍ഇരുന്നുതന്നെ പേപ്പര്‍ ഞങ്ങളുടെ വീടിന്റെ വരാന്തയില്‍ എറിഞ്ഞിടാന്‍ പറ്റും.

പിന്നെ വരാന്തയില്‍ ഇരുന്നാല്‍ മതി കവലയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ലൈവായ്‌ കാണാം കേള്‍ക്കാം.

ഇതിനെല്ലാം പുറമേ അപ്പച്ചന്റെയും അമ്മയുടെയും ശകാര വര്‍ഷങ്ങള്‍ക്ക്‌ കവലയിലെ വീട്ടില്‍ ഗണ്യമായ കുറവുണ്ടായി...മാതൃകാ കുടുമ്പം എന്ന ഇമേജ്‌ നാട്ടുകാരുടെ ഇടയില്‍ തകരാതിരിക്കാന്‍ ചീത്തവിളികള്‍ പരമാവതി കുറച്ചു ....ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ശബ്ദം വളരെ താഴ്ത്തി എന്തെങ്കിലും ശകാര വാക്കുകള്‍ ഉപദേശ രൂപേണ പറയുകയോ, ഒന്നും പറയാതെ കണ്ണുരുട്ടി കാണിക്കുകയോ ഒക്കെ ചെയ്ത്‌ തൃപ്തിപ്പേടേണ്ടിവന്നു അപ്പച്ചനു.

കവലയിലെ വീട്ടിലെ ചില അസൗകര്യങ്ങളും ഇവിടെ പറയാതിരിക്കാന്‍ വയ്യ...

യാചക ശല്യം വളരെ കൂടുതല്‍ ഒരുപാട്‌ കളിപ്പീരു പ്രസ്ഥാനക്കാര്‍......മലമുകളിലെ വീട്ടില്‍ ഒരു യാചകനും ഇതുവരെ കയറിയിട്ടില്ല...നല്ല ആരോഗ്യമുള്ള ആളുകള്‍ പോലും നടന്നവിടെ എത്തുമ്പോള്‍ പരിപ്പിളകും പിന്നെ ദുര്‍ബലരായ യാചകര്‍ എങ്ങിനെയെത്താനാണു. ഇനി യാചകനാണെന്നും പറഞ്ഞ്‌ ആരെങ്കിലും ആ വീട്ടില്‍ വന്നെത്തിയാല്‍ അയാള്‍ നല്ല ആരോഗ്യവാനായ മനുഷ്യനായിരിക്കും എന്നുറപ്പ്‌

"പോയ്‌ വേലയെടുത്ത്‌ തിന്നടാ........" എന്നു ധൈര്യമായി പറഞ്ഞുവിടാം.

രണ്ടാമത്ത്‌ പ്രശ്നം വിരുന്നു കാരുടെ തിരക്കാണു. പഴയ വീട്ടിലോട്ട്‌ ഏറ്റവും അടുത്ത ബന്ധുക്കളെ വിളിച്ചാല്‍പോലും വരില്ലായിരുന്നു...

"മലയാറ്റൂര്‍ മുത്തപ്പന്റെ മലകേറിട്ടുതന്നെ വിഷമിച്ചുപോയ്‌...പിന്നെയെങ്ങിനെയാ നിങ്ങളുടെ വീട്ടില്‍ വരുന്നത്‌ എന്നാണു ഒരാള്‍ ചോദിച്ചത്‌".

എന്നാല്‍ പുതിയ വീട്ടില്‍ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടിട്ടുമില്ലാത്ത ആളുകള്‍പോലും ..അമ്മായീടെ നാത്തൂന്റെ...അളിയന്റെ...വെല്ല്യപ്പന്റെ എന്നിങ്ങനെ പാതാളത്തോളം നീളമുള്ള ഫാമിലി ട്രീയുടെ വേരുകളും പിഴുതോണ്ട്‌ വരും. മൂന്നാറിനോട്‌ അടുത്തായതുകൊണ്ട്‌ വരുന്ന ആളുകള്‍ക്കെല്ലാം ഞങ്ങളെ സന്ദര്‍ശിക്കുക എന്നതിലുപരി ഒരു വിനോദ യാത്ര നടത്തുക എന്നതായിരിക്കും ലക്ഷ്യം.

ഇതിലെല്ലാം കഷ്ടമാണ്‍ ചില കച്ചവടക്കാരുടെ കാര്യം....

നമ്മുടെ നാട്ടില്‍ കുളത്തിലും കണ്ടത്തിലുമൊക്കെ ധാരാളം കാണുന്ന ഒരുതരം പായലില്ലെ... അതും പെറിക്കിയെടുത്ത്‌ ചില വിദ്വാന്മാര്‍ കച്ചവടത്തിനിറങ്ങിയിരുന്നു.... അസോള എന്ന ഒരിനം പായലാണിത്‌...കന്നുകാലികള്‍, കോഴി താറാവ്‌ പട്ടി പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കും വേണമെങ്കില്‍ മനുഷ്യര്‍ക്കും ആഹാരമായി ഉപയോഗിക്കാം എന്നതാണു ഈ പായലിന്റെ പ്രത്യേകത എന്നെല്ലാം പറഞ്ഞ്‌ ...

ഇന്‍സ്റ്റാള്‍മെന്റില്‍ തുണിവില്‍ക്കുന്ന തമിഴന്‍, മണിചെയിന്‍ ഏജന്റ്‌, ഇന്‍ഷൂറന്‍സ്കാര്‍, അമ്മി കൊത്താനുണ്ടോക്കാര്‍, ഈയം പൂശാനുണ്ടോക്കാര്‍, കൈനോട്ടക്കര്‍, ആന്ത്രായില്‍ വെള്ളം പൊക്കിയവര്‍, ലാടഗുരുക്കന്മാര്‍, പരദേശികള്‍, പാമ്പാട്ടികള്‍ എന്നു വേണ്ട മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പിരിവുകാര്‍വരെ ഏതു സമയവും കയറിയിറങ്ങുന്ന ഒരു വഴിയമ്പലം പോലായി വീട്‌.

"അപ്പോഴേ...നമ്മുക്കീ മുറ്റത്തിനൊരു മതിലും കെട്ടി ഒരു ഗേറ്റും പിടിപ്പിക്കെണ്ടെ", എന്ന അമ്മയുടെ അഭ്യര്‍ത്ഥനയേ "ഇപ്പോള്‍ ഇത്തിരി ടൈറ്റാടീ...കുറെ കഴിയട്ടെ" എന്നുമ്പറഞ്ഞ്‌ അപ്പച്ചന്‍ നിരസിക്കുകയുണ്ടായെങ്കിലും.....

അടിമാലി പൊന്മുടി റൂട്ടില്‍ ഓടുന്ന ഷട്ടില്‍ ബസ്സ്‌ 'അര്‍ഫ' ഒരു ദിവസം പിടിവിട്ടുവന്ന് ഞങ്ങളുടെ പട്ടിക്കൂടുമ്മെ ഇടിച്ചു നില്‍ക്കുകയും, മുറ്റത്ത്‌ ആളിറക്കുകയും ചെയ്തതും.....

ഏതോ ചില വഴിപോക്കര്‍ ചായക്കടയാണെന്നു തെറ്റിദ്ധരിച്ച്‌ ഞങ്ങളുടെ വരാന്തയില്‍ കിടന്ന ബഞ്ചില്‍ കയറിയിരുന്ന്, "രണ്ടു ചായയും ഒരു പാലുംവെള്ളോം...കടിക്കനെന്താള്ളേ ചേട്ടാ.." എന്ന് അപ്പച്ചനോട്‌ നേരിട്ട്‌ ചോദിച്ചതും.....

മതിലുപണിയുടെ കാര്യം പറയുമ്പോള്‍ 'ടയിറ്റാ'...'ടയിറ്റാ' എന്നു പറയുന്ന അപ്പച്ചനെ പെട്ടന്നു ലൂസാക്കി. ഒരാഴ്ചകൊണ്ട്‌ മതിലും ഭംഗിയുള്ള ഒരു ഗെയിറ്റും റെഡി.

അതിനു ശേഷം അനധികൃത സന്ദര്‍ശകരുടെ തിരക്ക്‌ ഗണ്യമായി കുറയുകയുണ്ടായി...

ഒരു ദിവസ്സം സുമുഖനായ ഒരു യുവാവ്‌ ചാരിയിട്ടിരുന്ന ഗെയിറ്റ്‌ തള്ളിത്തുറന്നു കടന്നു വന്നു. വരാന്തയിലെ സോഫായിലിരുന്ന് പത്രം അരിച്ചുപെറുക്കി വായിച്ചുകൊണ്ടിരുന്ന അപ്പച്ചനും, തറയിലിരുന്ന് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പേനീരികൊന്നുകൊണ്ടിരുന്ന അമ്മയും അപരിചിതനെ കണ്ട്‌ ബഹുമാന പുരസ്സരം എഴുന്നേറ്റുപോയ്‌...

സത്യം പറയാമല്ലോ അത്രയും പേഴ്സണാലിറ്റിയുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ കവലയില്‍ ഇതിനുമുമ്പെ വന്നിട്ടില്ല...എന്നേക്കാളും സുന്ദരന്‍..ടൈ ഒക്കെ കെട്ടി കയ്യില്‍ ഒരു വി.ഐ.പി. സൂട്ട്കേയ്സൊക്കെ പിടിച്ചാണു വരവ്‌...

വന്നപാടെ കയറി സോഫയില്‍ ഇരുന്നു അപ്പച്ചനോട്‌ ഇരിക്കാന്‍ ആവശ്യപ്പെട്ടു ...സൗന്ദര്യത്തോടൊപ്പം മര്യാദയുമുള്ള ചെറുപ്പക്കാരന്‍.

"എന്റെ പേര്‍ കെ.ജി. നാഥ്‌ ...വീട്‌ കൊട്ടാരക്കര...മണ്ണൂത്തി കാര്‍ഷിക കോളേജില്‍ ഗവേഷണം നടത്തുന്നു.."

പോക്കറ്റില്‍ നിന്നും കളര്‍ ഫോട്ടോയോടുകൂടിയ ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എടുത്ത്‌ അപ്പച്ചന്റെ കയ്യില്‍ കൊടുത്തുകൊണ്ടയാള്‍ പറഞ്ഞു.

കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി ഒന്നും മനസിലാകാതെ നിന്ന അപ്പച്ചന്‍ ചോദ്യ ഭാവത്തില്‍ നാഥിനെ നോക്കി...

"ഞാന്‍ വളരെ സന്തോഷകരമായ ഒരു കാര്യം പറയാനാണുവന്നിരിക്കുന്നത്‌...കൃഷിയില്‍ താല്‍പര്യം ഉണ്ടല്ലോ ഇല്ലേ?" നാഥ്‌ പെട്ടി തുറന്നു...ചക്കക്കുരുവിന്റെ വലിപ്പമുള്ള ഈരണ്ട്‌ വിത്തുകള്‍വീതമുള്ള ഏതാനും പായ്ക്കറ്റുകള്‍ ടീപ്പ്പ്പോമേല്‍ വിതറിയിട്ടു.

കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വളരെക്കാലത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത അപൂര്‍വ മായ ഒരുതരം ചക്കയുടെ വിത്താണിത്‌ഇടുക്കി ജില്ലയിലെ മലയോര കര്‍ഷക ഗ്രാമങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനായി ചുരുക്കം ചില കര്‍ഷകരെ ഞങ്ങള്‍ സന്ദര്‍ശിക്കുകയാ‍......അതില്‍ ഒരു ഭാഗ്യവാനാണു ചേട്ടന്‍ ...കൈകൊട്‌.....

എന്താണീ ഭാഗ്യമെന്നു കൃത്യമായി മനസ്സിലായില്ലങ്കിലും എന്തോ ഒരു ഭാഗ്യം ചക്കക്കുരുവിന്റെ രൂപത്തില്‍ ഞങ്ങളെത്തേടി വന്നിരിക്കുന്നു എന്ന് മനസ്സിലായി. നാഥ്‌ കാര്യങ്ങള്‍ സുതാര്യമാക്കി..."ഇതൊരു അത്ഭുത ചക്കയുടെ വിത്താ.....‍"

"ചേച്ചി...ഒരു ചക്കക്കൂട്ടാന്‍ വയ്ക്കാന്‍ എത്ര സമയം ചെലവഴിക്കണം" നാഥ്‌ അമ്മയോട്‌ ചോദിച്ചു...

"എല്ലാവര്‍ക്കും വിളമ്പിയെത്തിക്കണമെങ്കില്‍ മിനിമം ഒരു രണ്ട്‌ ചക്കയെങ്കിലും വേണം ...വെട്ടിപ്പറിച്ചെടുക്കുമ്പം ഒരു നാലുമണിക്കൂറെങ്കിലും വേണ്ടിവരും" അമ്മ പറഞ്ഞു.

"സമ്മതിച്ചേ...അതിനു ശേഷം മാനിക്കൂറുചെയ്യാന്‍ ഒരരമണികൂറും, ഇരുനൂറുമില്ലി എണ്ണയുംവേണ്ടേ..എന്നാല്‍ ഞങ്ങള്‍ മോഡേണ്‍ ടെക്നോളജിയിലൂടെ ഡെവലപ്പു ചെയ്തെടുത്ത ഈ അത്ഭുത ചക്കക്കുരുവില്‍നിന്നും ഉണ്ടാകാന്‍ പോകുന്ന അത്ഭുത ചക്കകള്‍ എങ്ങിനെയുള്ളതായിരിക്കും എന്നറിയാമോ...മുള്ളോ മടലോ പോലുള്ള അനാവശ്യമായ ഒരു എലമെന്റും ഈ ചക്കയില്‍ ഉണ്ടാവുകയില്ല ...ഒരു വലിയ ചക്കച്ചുള പ്ലാവില്‍ ഉണ്ടാകുന്നു....മേശമേല്‍ വച്ച്‌ കേക്ക്‌ മുറിക്കുന്നതുപോലെ ആവശ്യാനുസരണം മുറിച്ചെടുക്കാം....കറിയാക്കാം, ബാക്കിയുണ്ടെങ്കില്‍ പഴുക്കാന്‍ വയ്ക്കാം...വലിയ പീസ്സായിമുറിച്ച്‌ കത്തിയും മുള്ളും ഉപയോഗിച്ച്‌ കഴിക്കേണ്ടവര്‍ക്കങ്ങിനെ...ചെറിയ പീസുകളാക്കിയാല്‍ പണ്ടത്തെ ചക്ക തിന്നുന്നതുമാതിരി കൈകൊണ്ട്‌ തിന്നേണ്ടവര്‍ക്കങ്ങിനെ....ഉപ്പേരി ഉണ്ടാക്കാന്‍ പല രൂപത്തിലും ഭാവത്തിലും അരിഞ്ഞെടുക്കാം...വട്ടത്തിലോ ചതുരത്തിലോ..എങ്ങിനെ വേണമെന്നു നിങ്ങള്‍ തീരുമാനിക്കുക."

"ഇനി ഒരു ഡ്രോബായ്ക്ക്‌ ഉള്ളതെന്താണെന്നുവച്ചാല്‍ ആകെ ഒരേയൊരു കുരുമാത്രമേ നിങ്ങള്‍ക്കിതില്‍നിന്നും കിട്ടു എന്നതാണ്‍, ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്‌ എന്തെങ്കിലും പോംവഴികണ്ടുപിടിക്കാതിരിക്കില്ല... "

നാഥിന്റെ വാചാലതയ്ക്കുമുമ്പില്‍ അന്തം വിട്ടുനിന്നുപോയ ഞങ്ങളോട്‌ വളരെ അപ്രിയമായ ഒരു സത്യവും നാഥ്‌ വെളിപ്പെടുത്തി....

"ഒരു വീടിനു കേവലം രണ്ടെ രണ്ടുകുരുമാത്രം...കൂടുതല്‍ ചോദിക്കരുത്‌".

കാലുപിടിച്ച്‌ കെഞ്ചി ചോദിച്ചിട്ടാണ്‍ നാലു ചക്കക്കുരു ഞങ്ങള്‍ക്കു തരാമെന്ന് നാഥ്‌ സമ്മദിച്ചത്‌ പക്ഷേ ഒരു വ്യവസ്ഥയില്‍ മാത്രം...രണ്ടു കുരുവില്‍ കൂടുതല്‍ ഒരു വീട്ടില്‍ നടരുത്‌....അത്ഭുത ചക്കകള്‍ കായ്ക്കുന്ന രണ്ടിലതികം പ്ലാവുകള്‍ ഒരുവീട്ടില്‍ കണ്ടാല്‍ അദ്ധേഹത്തിന്റെ പണിപോകുമത്രേ.

നാലു ചക്കക്കുരുവിന്റെ വിലയായി നൂറുരൂപയും വാങ്ങി പടിയിറങ്ങിയപ്പോള്‍ നാഥ്‌ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു..വിത്ത്‌ വാങ്ങിയവര്‍ക്ക്‌ വളം ഫ്രീയാണ്‍....അടുത്ത മാസം തന്നെ വളവുമായി ആളുകള്‍ വരുമ്പോള്‍ പണമൊന്നും കൊടുക്കാന്‍ നിന്നേക്കരുത്‌..

നാഥ്‌ നാഥിന്റെ പാട്ടിനു പോയി.....

അത്ഭുത ചക്കയുടെ കുരു കാഴ്ച്ചയില്‍ സാധാ ചക്കക്കുരുവില്‍നിന്നും വലിയ മാറ്റമൊന്നും ഇല്ലാത്തതായിരുന്നു...വളപ്പിലെ കണ്ണായ സ്ഥലത്തുതന്നെ രണ്ടു കുരു അന്നുതന്നെ നട്ടു...

"ഇനി ഇതിവിടെ വെച്ചോണ്ടിരുന്നാല്‍ വല്ല അന്വേഷണവുമുണ്ടായാല്‍ ആ പാവത്തിന്റെ പണിപോകും" എന്നുമ്പറഞ്ഞ്‌ അപ്പച്ചന്‍ ബാക്കി രണ്ടുകുരുക്കളില്‍ ഒരെണ്ണം വല്യേട്ടന്റെ വീട്ടിലെയ്ക്കും ഒരേണ്ണം പെങ്ങളെകെട്ടിച്ചയച്ച വീട്ടിലേയ്ക്കും പിറ്റെന്നു തന്നെ കൊണ്ടുപോയിക്കൊടുത്തു...

ചേട്ടന്റെ വീട്ടില്‍ കിട്ടിയ ചക്കക്കുരു കുട്ടികള്‍ മാറി മാറി പരിശോധിക്കുന്നതിനിടയില്‍ പിടിവിട്ട്‌ മുറിയുടെ മൂലയ്ക്കു കൂട്ടിയിട്ടിരുന്ന സാധാ ചക്കക്കുരുവിന്റെ കൂടെ മിക്സായിപ്പോയി...

ഡ്യൂക്കിലി ചെക്കന്റെയൊപ്പം നാടുവിട്ട വല്യവീട്ടിലെ പെണ്ണിനെ അവളുടെ ചട്ടമ്പിമാരായ ആങ്ങളമാര്‍ അന്വേഷിച്ചു നടക്കുന്നതുപോലെ അത്ഭുത ചക്കയുടെ കുരുവിനെ ഞങ്ങള്‍ കുറേ നേരം തിരഞ്ഞു നോക്കി ...പക്ഷേ കിട്ടിയില്ല....

ജീനിയസായ വല്യേട്ടന്‍ അതിരിനോടുചേര്‍ന്ന് നൂറ്റിപ്പതിനാലു കുഴികള്‍ കുഴിച്ച്‌ നാഥിന്റെ കുരുഉള്‍പ്പെടെ എല്ലാത്തിനേയും സംസ്കരിച്ചു....ചക്കയുണ്ടാകുന്ന കാലത്ത്‌ അത്ഭുത ചക്കകായ്ക്കുന്ന പ്ലാവിനെ നിറുത്തിയിട്ട്‌ ബാക്കിയെല്ലാം വെട്ടിവില്‍ക്കാം എന്നാണു തീരുമാനം.

പെങ്ങളുടെ വീട്ടില്‍ നട്ടത്‌ മുളച്ചു പക്ഷേ ആടുകടിച്ചുപോയി...

വീട്ടില്‍ നട്ടത്‌ നന്നായി വളര്‍ന്നു ഇതുവരെയും കായ്ച്ചിട്ടില്ല നാലുവര്‍ഷം കഴിഞ്ഞു...ഈ വര്‍ഷം കായ്ക്കുമായിരിക്കും...ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്ഭുത ചക്കക്കായി....

27 comments:

സുന്ദരന്‍ said...
This comment has been removed by the author.
സുന്ദരന്‍ said...

ഒരു സംഭവ കഥയുടെ ചുരുളുകളഴിക്കുന്നു പുതിയ പോസ്റ്റില്‍ സുന്ദരന്‍...

കെ.ജി. നാഥ്‌ എന്ന ഗവേഷകന്‍ ഈ ഭൂമിയിലെവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ .....ഒന്നറിയിക്കണെ

അത്ഭുത ചക്കയുണ്ടാകുമ്പോള്‍ ഒരു സമ്മാനും കൊടുക്കാനായിരുന്നു...

പാവം സുന്ദരന്‍

സുന്ദരന്‍ said...

ഏവൂരാന്‍...

പിന്നെയും അതേ പ്രശ്നം...

ഇന്ന് പുതിയ പോസ്റ്റിട്ടു 4 മണിക്കൂര്‍ കഴിഞ്ഞിട്ടും ലിസ്റ്റില്‍ വരുന്നില്ല...

റോമക്കാഴ്ച്ച എന്ന എന്റെ പുതിയബ്ലോഗ്‌ ബ്ലോഗ്‌റോള്‍സിലും ഇല്ല...

Typist | എഴുത്തുകാരി said...

ശരിക്കും ചിരിച്ചുപോയി സുന്ദരാ,
മൂന്നാറിനടുത്തല്ലേ, ചക്ക ഉണ്ടാവുമ്പോള്‍ പറയണം, അങ്കോം കാണാം താളിയും ഒടിക്കാം എന്നു പറയുമ്പോലെ, ചക്കേം കാണാം, മൂന്നാറും കാണാം.

എഴുത്തുകാരി.

G.manu said...

മതിലുപണിയുടെ കാര്യം പറയുമ്പോള്‍ 'ടയിറ്റാ'...'ടയിറ്റാ' എന്നു പറയുന്ന അപ്പച്ചനെ പെട്ടന്നു ലൂസാക്കി. ഒരാഴ്ചകൊണ്ട്‌ മതിലും ഭംഗിയുള്ള ഒരു ഗെയിറ്റും റെഡി.

enthoru peda mone

Siju | സിജു said...

:-)
ഞാന്‍ പണ്ട് വാങ്ങിയത് അത്ഭുത മാവിന്‍‌തൈ ആയിരുന്നു. ആറു മാസം കൊണ്ട് മാങ്ങയുണ്ടാകുന്ന..
ഇപ്പോ അഞ്ചു കൊല്ലമായി, ഇതു വരെ പൂവിട്ടിട്ടു പോലുമില്ല

Sul | സുല്‍ said...

സുന്ദരാ കൊച്ചു കള്ളാ, അടിപൊളി മോനെ അടിപൊളി.

-സുല്‍

സു | Su said...

ഹിഹി അതും നോക്കിയിരിക്കുന്നതിനു പകരം ആ കുരു തന്നയാളെ കണ്ടുപിടിക്കുന്നതാവും എളുപ്പം.

Peelikkutty!!!!! said...

അത്ഭുത ചക്ക കലക്കി:)

സിജൂ,ഞങ്ങടെ വീട്ടിലും ഉണ്ട് ഒരു ഒട്ടുമാവ്..15 വര്‍‌ഷായി;വളര്‍‌ന്നിട്ടില്ല...പൂത്തിട്ടില്ല..ഉണങ്ങിയിട്ടും ഇല്ലാ..!

evuraan said...

സുന്ദരാ,

മുഴുവന്‍ ലിസ്റ്റില്‍ വരുന്നുണ്ടല്ലോ?

qw_er_ty

കൃഷ്‌ | krish said...

സുന്ദര(ചക്ക) കൊള്ളാം.

ഏവൂരാന്‍: പുതിയ പോസ്റ്റുകല്‍ തനിമലയാളം ലിസ്റ്റില്‍ മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്‌.

ദൃശ്യന്‍ | Drishyan said...

സുന്ദരാ...

നന്നായിട്ടുണ്ട് കേട്ടോ... വീടിനെ പറ്റിയുള്ള ധാരണ വായനക്കാരനില്‍ വളരെ ഭം‌ഗിയായ് ഉണ്ടാക്കാന്‍ കഥയിലെ ആദ്യഭാഗത്തിന്‍ കഴിഞ്ഞു.

പറയാനുള്ളത് ലളിതമായ് പറയുന്ന ഈ ശൈലിയില്‍ ഇനിയും കഥകള്‍ പോരട്ടെ.

സസ്നേഹം
ദൃശ്യന്‍

ആഷ said...

ഹ ഹ
ചക്കയുണ്ടാകുമ്പോ ഒന്നറിയിക്കണേ

അപ്പു said...

ആറുമാസംകൊണ്ട് കായിക്കുന്ന മുരിങ്ങതൈകള്‍ ഇന്നലെ രണ്ടെണ്ണം വാങ്ങി. അതുകഴിഞ്ഞാണു സുന്ദരാ ഇതു വായിച്ചത്....

സതീശ് മാക്കോത്ത് | sathees makkoth said...

നല്ല ശൈലി.ഇഷ്ടപ്പെട്ടു.ചക്കയുണ്ടാകുമ്പോള്‍ പറയാന്‍ മറക്കരുതേ!

കുറുമാന്‍ said...

സുന്ദരോ, ഈയിടേയായി, ഓഫീസില്‍ നിന്നൊന്നും ബ്ലോഗുന്നില്ല, കമന്റുന്നൂമില്ല, വായിക്കുന്നുമില്ല. അതിനാല്‍ രണ്ടോ മൂന്നോ ദിവസം ഡിലേ (കെ എസ് ആര്‍ ടി സി പോലെ), വന്നുപോകുന്നു.

ചക്കക്കുരു പുരാണം നന്നായി. ആയിടക്ക് സുന്ദരന്‍ നാട്ടിലുണ്ടായിരുന്നോ എന്നൊന്നറിഞ്ഞാല്‍ കൊള്ളാം.

sandoz said...

സുന്ദരാ....ആ 101 കുഴിയെടുത്ത സംഭവം ഇഷ്ടപ്പെട്ടു......

വേണു venu said...

സുന്ദരോ...എന്നു വിളിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫാ ഏതോ സിനിമയില്‍ പറഞ്ഞതാന്ണു് ഓര്‍മ്മ വരുന്നതു്.
“അതൊക്കെ എല്ലാവര്‍ക്കും അറിയാം.നീ സുന്ദരാ എന്നൊന്നും വിളിച്ചങ്ങനെ സുഖിപ്പിക്കയ്ണ്ടാ”.
എനിക്കു് ആ പഴയ വീടിനെ പോലെയുള്ള ഒരു വീടറിയാവുന്നതു കൊണ്ടു് എനിക്കാ ഭാഗം ഒത്തിരി ഇഷ്ടമായി.
ആശംസകള്‍.

മൈന said...

hlഅപ്പു പറഞ്ഞപോലെ ഞങ്ങള്‍ക്കും പറ്റി പണ്ടൊരബദ്ധം.! മുരിങ്ങത്തൈയായിരുന്നില്ല. വിത്തായിരുന്നു. കുറ്റം പറയരുതല്ലോ വിത്തു മുളച്ചിട്ട്‌ കൊല്ലം പത്തുപതിനഞ്ചായി. എന്റെ പകുതിപോലും പൊക്കം വെച്ചിട്ടില്ല. പൂത്തിട്ടില്ല. കായ്‌ച്ചിട്ടില്ല. ആറുമാസത്തിനകം കായെന്നായിരുന്നു. അറുപതുകൊല്ലം കഴിഞ്ഞാലും.....? ഇനിയും സംഭവിക്കാതിക്കാന്‍ ഓര്‍മക്കുവേണ്ടി, വെട്ടിക്കളഞ്ഞിട്ടില്ല.
മനോഹരമായിരിക്കുന്നു.

കരീം മാഷ്‌ said...

ഇതൊരു പുതുമയുള്ള ഭാവനയായി (സോറി) വായനയായി.
കെ.ജി നാഥിനെ കണ്ടോ?
ഒരു ചക്കക്കുരു വേണ്ടിയിരുന്നു.

ദിവ (diva) said...

സുന്ദരോ‍ാ‍ാ‍ാ‍ാ

ഇതും ഇഷ്ടപ്പെട്ടു. ഇന്നലെ വായിച്ചതാണ്; കമന്റാന്‍ പറ്റിയില്ല.


“അടിമാലി പൊന്മുടി റൂട്ടില്‍ ഓടുന്ന ഷട്ടില്‍ ബസ്സ്‌ 'അര്‍ഫ' ഒരു ദിവസം പിടിവിട്ടുവന്ന് ഞങ്ങളുടെ പട്ടിക്കൂടുമ്മെ ഇടിച്ചു നില്‍ക്കുകയും, മുറ്റത്ത്‌ ആളിറക്കുകയും ചെയ്തതും.....

ഏതോ ചില വഴിപോക്കര്‍ ചായക്കടയാണെന്നു തെറ്റിദ്ധരിച്ച്‌ ഞങ്ങളുടെ വരാന്തയില്‍ കിടന്ന ബഞ്ചില്‍ കയറിയിരുന്ന്, "രണ്ടു ചായയും ഒരു പാലുംവെള്ളോം...കടിക്കനെന്താള്ളേ ചേട്ടാ.." എന്ന് അപ്പച്ചനോട്‌ നേരിട്ട്‌ ചോദിച്ചതും.....

മതിലുപണിയുടെ കാര്യം പറയുമ്പോള്‍ 'ടയിറ്റാ'...'ടയിറ്റാ' എന്നു പറയുന്ന അപ്പച്ചനെ പെട്ടന്നു ലൂസാക്കി. ഒരാഴ്ചകൊണ്ട്‌ മതിലും ഭംഗിയുള്ള ഒരു ഗെയിറ്റും
റെഡി“

:-)

Santhosh Balakrishnan said...

കൊള്ളം...നന്നായിട്ടുണ്ട്..

അല്ലാ..നാഥ് വളം കൊന്ടുവന്നോ?

പൊതുവാള് said...

നന്നായിട്ടുണ്ട് ചക്കക്കുരു പുരാണം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കെ.ജി. നാഥ് വന്ന ദിവസം കലണ്ടറില്‍ നോക്കിയായിരുന്നോ..അതിന്റെ തലേ ദിവസമായിരുന്നില്ലേ മാര്‍ച്ച് 31?

കുട്ടിച്ചാത്തന്‍ said...

ഒരുകാര്യം പറയാന്‍ വിട്ടുപോയീ..പോസ്റ്റിന്റെ തുടക്കം കുറച്ച് നീണ്ടുപോയീ, പറയാനുദ്ദേശിച്ച കഥയുമായി ആഭാഗത്തിനു വലിയ കണക്ഷനൊന്നുമില്ലാലോ...

ചക്കര said...

:)

വിന്‍സ് said...

HAHAHAHA.....