Wednesday, 21 February, 2007

നീ ഉടുത്തില്ലെങ്കിലും....

ട്രിണിം....ട്രിണിം....ട്രിണിം...ട്രിണിം...

രാവിലെ ഓഫീസിലെത്തി കസേരയില്‍ മൂടുറപ്പിച്ചില്ല അതിനുമുമ്പേ അടിതുടങ്ങി...ടെലഫോണ്‍..
തമിഴന്‍ മാനേജരായിരിക്കും ....

"സുന്ദര്‍..അന്ത ബേങ്ക്‌ റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്‌മന്റ്‌...മുടിഞ്ചാച്ച...ടെന്‍തര്‍ട്ടിക്ക്‌ ജി.യെം. വാണ്ട്‌ ടു സീ ദ്‌ സ്റ്റേറ്റ്‌മന്റ്‌...ഇമ്മിഡിയറ്റായ്‌ പണ്ണുങ്കോ".

ഇത്‌ ഇയാളുതെ സ്ഥിരം പല്ലവിയാ....ബേങ്ക്‌ റീ കണ്‍സീലിയേഷന്‍..ബേങ്ക്‌ റീ കണ്‍സീലിയേഷന്‍...

ബേങ്കിലെന്തോന്ന് ഉണ്ട കൊണ്ടിട്ടിട്ടാ എന്നുമെന്നും റീ കന്‍സീലു ചെയ്യാന്‍.....ഒരു ദിവസ്സം ഇയാളുടെ വായ്‌ ഞാന്‍ സീലുചെയ്യും...അതാ ഉണ്ടാകാന്‍ പോകുന്നെ.....

"സുന്ദരാ...ദേര്‍ ഈസ്‌ എ കോള്‍ ഫോര്‍ യൂ......നാട്ടീന്നാ...പാസുചെയ്യാം"

ഷേര്‍ളിയാ...റിസപ്ഷനീന്ന്.....

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി...ആദ്യമായിട്ടാ എസ്‌.ടി.ഡി. എന്നെത്തീടി വരുന്നത്‌...ആരെങ്കിലും വെടിതീരാറായി കിടന്നാല്‍പോലും അമ്പതു പൈസയുടെ ഇല്ലന്റില്‍കൂടുതല്‍ ചെലവു ചെയ്യാത്ത എന്റെ വീട്ടുകാരായിരിക്കില്ല...പിന്നെ ആരാണാവോ...ഈ രാവിലെ മനുഷ്യനെ പേടിപ്പിക്കാന്‍.

"സുന്ദരാ...എന്നെ മനസിലായോ...."
അങ്ങേത്തലയ്ക്കലെ പുരുഷ ശ്ബ്ദം എനിക്കു പിടികിട്ടിയില്ല...
"ഇതു ഞാനാ...ഡൊമനിക്‌.. ഡൊമനിക്‍ഉചേട്ടന്‍.."

ഹൗ...എന്റെ പരുമലത്തിരുമേനി... ഞങ്ങളുടെ കവലയിലെ പ്രമാണിയാണു ഡൊമനിക്‍ചേട്ടന്‍...ഇഷ്ടമ്പോലെ പണം...നല്ല മൂര്‍ച്ചയുള്ള ബ്ലേഡ്‌ കച്ചവടം വട്ടി..ചട്ടി...ഇതിനൊക്കെപുറമെ കവലയുടെ രോമാഞ്ചമായിരുന്ന രണ്ടു സുന്ദരിമാരുടെ അപ്പന്‍ പദവിയും....

"മോനെ ഞാന്‍ പ്രിയമോളുടെ അവിടെവരെ ഒന്നു പോകാന്‍ തീരുമാനിച്ചു....ഈ വെള്ളിയാഴ്ച്ച ഞാന്‍ ഡല്‍ഹിയില്‍ വരും...അന്നു നിന്റെ വീട്ടില്‍ തങ്ങിയിട്ട്‌ പിറ്റേന്നു ജലന്തറിനു പോകാനാണുദ്ധേശിക്കുന്നത്‌....അത്രിടം വരെ വന്നിട്ട്‌ നിന്റെ വീട്ടിലൊന്നു കേറാതെ പോയാല്‍ മോശമല്ലെ...ജലന്തറിനുള്ള ഒരു ടിക്കറ്റ്‌ നീ ബുക്കുചെയ്തേക്കണം..."

പിന്നെയും ഏതാണ്ടൊക്കെ പറഞ്ഞു...ഞാന്‍ ഒന്നും കേട്ടില്ല....

ഇരുമ്പുകൂടത്തിനു തലയ്ക്കടിയേറ്റവനെപ്പോലെ ആയി ഞാന്‍......ഒന്നു തലകറങ്ങി വീണാല്‍ കൊള്ളാമെന്നുണ്ടായിരുന്നു...പക്ഷെ അതിനുപോലും ശേഷിയില്ലാതെ ഞാന്‍ നിന്നുപോയി..

ദൈവമെ...ഇന്നു ബുധനാഴ്ച.....ഇന്നവിടെനിന്നു തിരിച്ചാലെ വെള്ളിയാഴ്ച്ച ഇവിടെയെത്തു.....കാലമാടന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണെന്നു തോന്നുന്നു വിളിച്ചത്‌. ഇന്നലെ എങ്ങാനുമായിരുന്നു വിളിച്ചിരുന്നതെങ്കില്‍; -ഇവിടെ വീണ്ടും പ്ലേഗ്‌ തുടങ്ങി, അടുത്ത ദിവസം തന്നെ ഡെങ്ക്യൂവും വരുന്നുണ്ടെന്നു കേട്ടു...- എന്നും പറഞ്ഞൊരു കമ്പിയടിച്ചു നോക്കാമായിരുന്നു...

ഡൊമനിക്കുചേട്ടന്റെ മൂത്തമകള്‍ നേഴ്സ്‌...കുവൈറ്റില്‍, അവളെ കെട്ടിയിരിക്കുന്നത്‌ ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അവനും കുവൈറ്റില്. ‍ഇളയമകള്‍ ജലന്തറില്‍ നേഴ്സിങ്ങ്‌ പഠനം കഴിഞ്ഞ്‌ ബോണ്ട തിന്നുകൊണ്ടിരിക്കുന്നു...അവളുടെ അടുത്തേയ്ക്കുള്ള പ്രയാണത്തിനിടയിലാണു ഡൊമനിക്കുചേട്ടന്‍ എന്റെ വീടൊരു ഇടത്താവളമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഈ എമര്‍ജെന്‍സി വിസിറ്റിനുപിന്നില്‍ വേറെയും ചില ലഷ്യങ്ങള്‍ ഉണ്ടെന്നത്‌ വ്യക്തം...ഡല്‍ഹിയിലെ എന്റെ സെറ്റപ്പ്‌ നേരില്‍ കാണുക.... കവലയിലെ ആളുകള്‍ പറയുന്നതുപോലെ സുന്ദരന്‍ ഒരു മഹാ സംഭവവും, പ്രസ്ഥാനവുമൊക്കെ യാണെങ്കില്‍ മകളെപ്പിടിച്ചങ്ങു കുരുക്കുക...

എല്ലാം ഞാന്‍ വരുത്തിവച്ച വിനയാണു...

കിട്ടുന്ന ശമ്പളംകൊണ്ട്‌ മാസാവസ്സാനം പോലും കാണാനൊക്കാത്ത ഞാന്‍ ആദ്യവര്‍ഷം നാട്ടില്‍ പോയപ്പോള്‍ മൂന്നു വലിയ പെട്ടി നിറയേ സാധനങ്ങളാണു കൊണ്ടുപോയത്‌...
എല്ലാം ലാല്‍ക്കിലയിലെ ചോരീ മാര്‍ക്കറ്റില്‍ നിന്നും അഞ്ചും പത്തും രൂപയ്ക്കു വാങ്ങിയവ...
ചാന്ദിനി ചൗക്കില്‍നിന്നും രണ്ടു വലിയ കമ്പിളിപ്പുതപ്പ്‌..കൂടാതെ നഗപ്പൂരില്‍ നിന്നും രണ്ടു വലിയ കൂട ഓറഞ്ച്‌.

എന്തിനു പറയുന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പിക്കപ്പ്‌ജീപ്പു വാടകയ്ക്കു വിളിച്ചാണു സാധനങ്ങള്‍ വീട്ടിലെത്തിച്ചത്‌. അന്നു കവലയില്‍ മുഴുവനും എന്നെക്കുറിച്ചായിരുന്നു ജന സംസാരം.

ഖത്തറീന്നു ഇബ്രാഹീംകുട്ടി വന്നപ്പോള്‍ പോലും ഇത്രയും ലഗേജില്ലായിരുന്നു എന്നാണു ഗുസ്തിക്കൊച്ച്‌ പറഞ്ഞത്‌.

പെട്ടികള്‍ തുറന്നപ്പോള്‍ എന്റെ അപ്പച്ചന്‍ പറഞ്ഞത്‌ "ഈ മുതലെല്ലാം ആലുവ പുഴയില്‍ തട്ടിയേച്ചു പോന്നേരുന്നേല്‍ ജീപ്പ്പുകൂലി ലാഭിക്കാമായിരുന്നു" എന്നാണു.

നാഗപ്പൂര്‍ ഓറഞ്ച്‌ കൂടയോടെ എടുത്ത്‌ വാഴച്ചോട്ടില്‍ തട്ടേണ്ടിവന്നു എങ്കിലും വെറും പത്തുരൂപ മുതല്‍ മുടക്കില്‍കിട്ടിയ ആ കൂടകള്‍, കവലയിലെ എന്റെ ഇമേജ്‌ പത്ത്‌ കിലോയെങ്കിലും ഉയര്‍ത്തിയിട്ടുണ്ടാകണം.

പിന്നീടുള്ള ദിവസ്സങ്ങളിലും ഞാന്‍ കുറെ അഹംങ്കാരം കവലയില്‍ നിന്നും കാണിക്കുകയുണ്ടായി...

"ചായകുടിക്കാന്‍ എന്തെങ്കിലും താ മോനെ" എന്നു പറഞ്ഞ അന്നത്തള്ളയ്ക്ക്‌ നൂറുരൂപയാ എടുത്ത്‌ കൊടുത്തത്‌...എല്ലാവരും കാണ്‍കേ....

ഒരു സര്‍ബത്ത്‌ കുടിച്ച്‌, ചില്ലറയെല്ലാം ആരും കാണാതെ പോക്കറ്റില്‍ താഴ്ത്തീട്ട്‌ അഞ്ഞൂറിന്റെ നോട്ടെടുത്ത്‌ മുറുക്കാന്‍കടയില്‍ വീശിയതും.....നിഷ്കളങ്കരായ കവല വാസ്സികള്‍ കൂട്ടത്തോടെ പറഞ്ഞു....സുന്ദരന്‍ ഇതാ ഒരു മഹാ സംഭവമായ്‌ മാറിയിരിക്കുന്നു.


ശ്രീനിവാസ്പുരിയിലെ എന്റെ വീട്ടില്‍ ഇല്ലായ്മകളേയൊള്ളു.പക്ഷെ അതൊന്നും ഡൊമനിക്‍ചേട്ടന്‍ അറിയാന്‍ പാടില്ല. എന്തുവിലകൊടുത്തും അഭിമാനം സംരക്ഷിക്കണം....(മകളെ കെട്ടിച്ചു തന്നാല്‍ അതൊരു മലങ്കോളുതന്നെയാണെ!)

ആദ്യം തന്നെ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കണം.

ഒരു ഗെസ്റ്റ്‌ വീട്ടില്‍ വന്നാല്‍ ആദ്യമായി ഒരു തുണിമാറിയുടുക്കാന്‍ കൊടുക്കണ്ടേ...എന്റെ വീട്ടില്‍ ആകെപ്പാടെ ഒരു കിറ്റെക്സ്‌ ലുങ്കിയേയുള്ളു...ഞായറാഴ്ചകളില്‍ ഇവനെ അലക്കി ടെറസില്‍ വിരിച്ചിട്ട്‌ കടുകെണ്ണയൊക്കെ ദേഹത്ത്‌ തേച്ച്‌ ഞാന്‍ അരമണിക്കൂര്‍ കസര്‍ത്ത്‌ നടത്തും അതിനു ശേഷം വിസ്തരിച്ചൊരു കുളി....എന്തിനാ മുണ്ട്‌ ഉണങ്ങി കിട്ടുന്നതുവറെയുള്ള സമയം കളയാന്‍....സമ്മറിലാണെങ്കില്‍ കടുകെണ്ണേം വേണ്ട കസര്‍ത്തും വേണ്ട ... ടെറസ്സിലോട്ട്‌ തിരിച്ചും മറിച്ചും ഒന്നു വിരിച്ചെടുത്താല്‍ മതി മുണ്ട്‌ പപ്പടം പരുവമായിക്കിട്ടും.

അപ്പോള്‍ ഉടുതുണിയൊരെണ്ണം അത്യാവശ്യമായി വാങ്ങണം. തുണി ഉടുപ്പിച്ചുകഴിഞ്ഞ്‌ പിന്നെ ചായ കൊടുക്കണം...അതിനു നല്ല ഗ്ലാസുകള്‍ അല്ലറ ചില്ലറ പലഹാരങ്ങള്‍ ഡിസ്പ്ലേ ചെയ്യാന്‍ നല്ല തളികകള്‍ അതും വാങ്ങണം.

കളര്‍ ടെലിവിഷനും കേബിള്‍കണക്ഷനും ഉള്ളതു നന്നായി...ചായ കുടിക്കുമ്പോള്‍ ടി.വി. ഓണ്‍ ചെയ്തിട്ടു റിമോട്ട്‌ അടുത്തോട്ടു വെച്ചു കൊടുക്കാം...അല്ലങ്കില്‍ വേണ്ട ചായകുടി കഴിഞ്ഞിട്ടുമതി.. ഹല്‍വയാണെന്നോര്‍ത്ത്‌ റിമോട്ടെടുത്ത്‌ കടിച്ചാലൊ...ഒരുപാടു പലഹാരങ്ങള്‍ നിരത്തി വെച്ചേക്കുമ്പോള്‍ കണ്‍ഫ്യൂഷനാക്കണ്ട....

പിന്നെ മൂന്നു നാലുകൂട്ടം കറിയെങ്കിലും കാണിച്ച്‌ അത്താഴം...അതിനൊരു ഡിന്നര്‍ സെറ്റ്‌ തന്നെ വാങ്ങേണ്ടിവരും. പാത്രങ്ങളില്‍ ചിലതിന്റെ വക്കും മൂലയും ചെറിയ പോറലുകള്‍ വീഴ്ത്തിയെടുക്കണം (ഇതൊക്കെ നിത്യവും പെരുമാറുന്നതാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്‍ ലക്ഷ്യം)

ഡിന്നറിനു വേണ്ടുന്ന കറികളെല്ലാം ശ്രീനിവാസ്പുരിയിലെ നായരു ചേട്ടന്റെ ചായക്കടയില്‍ നിന്നും വാങ്ങാം...അതാകുമ്പോള്‍ കടയില്‍നിന്നും വാങ്ങിയതാണെന്ന് തോന്നുകയേയില്ല, ഒരാഴ്ച്ചമുമ്പേ വീട്ടില്‍ ഉണ്ടാക്കിയതാണെന്നേ തോന്നു.

പിന്നെ കിടത്തിയുറക്കണം...പുതിയ ഒരു ബെഡ്ഷീറ്റ്‌ വാങ്ങി പഴയ കിടക്കയെ പുതപ്പിക്കാം ഒരു പുതപ്പും വാങ്ങണം...ചന്ദ്രന്റെ വീട്ടില്‍നിന്നും ഒരു ദിവസത്തേയ്ക്ക്‌ ടേബിള്‍ഫാന്‍ കടം വാങ്ങിയാല്‍ അത്യാവശ്യത്തിനു കാറ്റടിച്ചും കൊടുക്കാം.

പിന്നെ നേരം വെളുപ്പിനെ ചില ഷോ അറെഞ്ചു ചെയ്യണം...പത്രക്കാരനോട്‌ ശനിയാഴ്ച്ച കാലത്ത്‌..(അന്നു മാത്രം) ആദ്യം ദിഹിന്ദുവും രണ്ടാമത്‌ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സും വളരെ ശക്തിയില്‍ വാതില്‍പ്പാളിയില്‍ തട്ടുംവിതത്തില്‍ വലിച്ചെറിയാന്‍ പറയണം.

താഴെവീട്ടില്‍ പാലുകൊടുക്കുന്ന ബോലോറാമിനോട്‌ ശനിയാഴ്ച്ച എന്റെ വീട്ടിലും ഒരു ലിറ്റര്‍ പാലുകൊണ്ടുവന്നു തരണമെന്നും പറയാം.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടെ എല്ലാ സെറ്റപ്പും പൂര്‍ത്തിയാകി ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ പോകാന്‍ തയ്യാറെടുത്തു. നാലുമണിക്ക്‌ വന്നെത്തേണ്ട കേരളാ എക്സ്പ്രസ്സ്‌ അന്ന് നാലുമണിക്കൂര്‍ വൈകിയണെത്തിയത്‌.

ക്ഷീണിച്ചവശനായ ഡൊമിനിക്‍ചേട്ടനേയുംകൊണ്ട്‌ ഒരു ടാക്സിയില്‍ ശ്രീനിവാസ്‌ പുരിയിലേക്കു പോകുമ്പോള്‍ ഡ്രൈവറോട്‌ കലപില കലപിലാന്ന് ഹിന്ദിയില്‍ സംസാരിച്ചു....ഡൊമനിക്‍ചേട്ടന്‍ കേള്‍ക്കട്ടെ...എനിക്കൊരു മാരുതി 800 വണ്ടിയുണ്ടെന്നും ഇന്നലെ അതൊന്നു പണിമുടക്കിയിട്ട്‌ വര്‍ക്‌ക്‍ഷോപ്പില്‍ കയറ്റിയിരിക്കുകയാണെന്നും വെറുതെ വെയിറ്റ്കൂട്ടാന്‍വേണ്ടി പറഞ്ഞു...

നാട്ടിലെന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? എന്ന ചോദ്യത്തിനു മറുപടി ഒന്നും വരാത്തതുകൊണ്ടാണു ഞാന്‍ തിരിഞ്ഞുനോക്കിയത്‌...പിന്‍സീറ്റില്‍ സുഖമായി ചാരിക്കിടന്നുറങ്ങുന്നു ദുഷ്ടന്‍...ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ.

ഏറെത്താമസിക്കാതെ വീടെത്തി. ഡൊമിനിക്‍ചേട്ടനെയും നയിച്ചുകൊണ്ട്‌ വീടിന്റെ വാതില്‍ക്കലെത്തിയ ഞാന്‍ പൂമുഖപ്പടിയില്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചകണ്ടു വിറങ്ങലിച്ചു നിന്നുപോയി.....

എന്റെ കസിന്‍ബ്രദര്‍......ഡല്‍ഹിക്കടുത്തുള്ള ഗുഡുഗാവ്‌ എന്ന സ്ഥലത്ത്‌ ജോലിചെയ്യുന്ന 'ജോബി' യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ വീട്ടില്‍ വന്നിരിക്കുന്നു....ഡൊമനിക്‍ചേട്ടനു ഉടുക്കാന്‍ കൊടുക്കാന്‍ ഞാന്‍ വാങ്ങിവച്ചിരുന്ന പുതുപുത്തന്‍ ലുങ്കിയും ഉടുത്താണു പൂമുഖപ്പടിയില്‍ പൂംന്തിങ്കളായി നില്‍ക്കുന്നത്‌.

രണ്ടാം നിലയില്‍ നിന്നു ചാടി ചത്താലോ എന്നു പോലും ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി....

തുണിമാറിയുടുക്കാനില്ലാതെ പാന്‍സൊക്കെയിട്ട്‌ ടിപ്‌ടോപിലാണു ഡൊമനിക്കുചേട്ടന്‍ അന്നുകിടന്നുറങ്ങിയത്‌....ഉറങ്ങിയോന്ന് തന്നെ അറിയില്ല...ചിലപ്പോള്‍ -
'സ്വന്തമായി തുണിക്കടകള്‍ വരെയുള്ള ചുള്ളന്മാര്‍ നിരന്നുനില്‍ക്കുമ്പോള്‍ ഒരു ഉടുതുണിമാറാന്‍ പോലുമില്ലാത്തവനു മകളെ പിടിച്ചുകൊടുക്കുന്നതെങ്ങനേന്നു ചിന്തിച്ചു കിടന്നു കാണാനും വഴിയുണ്ട്‌'.

"നീ വന്നാ മുണ്ട്‌ എടുത്തുടുത്ത്‌ ഡൊമനിക്‍ചേട്ടന്റെ മുമ്പില്‍ എന്റെ മാനം കളഞ്ഞു" എന്നു ജോബിയെ കുറ്റപ്പെടുത്തിയപ്പോള്‍ -

ഞാന്‍ എല്ലാപ്രാവശ്യവും വരുമ്പോള്‍ ചെയ്യുന്നതുപോലെ മുണ്ടുടുക്കാതെയെങ്ങാനുമായിരുന്നു നിന്നിരുന്നതെങ്കില്‍ നിന്റെ മാനം എന്താകുമായിരുന്നു എന്ന മറുചോദ്യമാണവന്‍ ചോദിച്ചത്‌.

22 comments:

സുന്ദരന്‍ said...

നീ ഉടുത്തില്ലെങ്കിലും....

സുന്ദരന്റെ നാട്ടുകവലയില്‍ പുതിയ പോസ്റ്റ്‌...

G.manu said...

super machaaaa super.......nammude chandran bhaai ippol evideyaa?

ദിവ (d.s.) said...

ഹ ഹ ഹ

ഇതും ഇഷ്ടപ്പെട്ടു. രസമായിട്ടുണ്ട്. :))

ക്വോട്ടാന്‍ നില്‍ക്കുന്നില്ല.

ശ്രീനിവാസ്പുരിയില്‍ ഏതുബ്ലോക്കിലായിരുന്നു ? വര്‍ഷം ? ഞാനും നായരുചേട്ടന്റെയൊരു പഴയ കസ്റ്റമറാണേ.

:)

ശാലിനി said...

നന്നായി എഴുതിയിരുക്കുന്നു.

സു | Su said...

ഹിഹിഹി ഇത് നന്നായിട്ടുണ്ട് സുന്ദരാ. :)

അവസാനം എന്തായി കാര്യങ്ങള്‍?

വിശാല മനസ്കന്‍ said...

സൂപ്പര്‍ ഡ്യൂപ്പര്‍!!!

“ബേങ്കിലെന്തോന്ന് ഉണ്ട കൊണ്ടിട്ടിട്ടാ എന്നുമെന്നും റീ കന്‍സീലു ചെയ്യാന്‍.....“

എന്തിറ്റാ പെട! ഞെരിപ്പന്‍ പോസ്റ്റ്. വളരെ ഇഷ്ടമായി.

ഇക്കാസ് ::ikkaas said...

സുന്ദരന്‍ പോസ്റ്റ് സുന്ദരാ..
ദില്ലിക്കഥകള്‍ മുടങ്ങാതെ എഴുതൂ.

സുഗതരാജ് പലേരി said...

Sundaraaa ee kathhayum athisundaram :-)

സുല്‍ | Sul said...

സുന്ദരം :)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സുന്ദരാ.. ബടിയാ പോസ്റ്റ്....

ഓര്‍ കഹാനിയാം ലിഘോ.....

- ബിജോയ്

sandoz said...

ചുള്ളാ കലക്കീട്ടോ അലക്ക്‌.... ഡെല്‍ ഹി വിശേഷങ്ങള്‍ ഇനിയു പോരട്ടെ....

ഉത്സവം said...

ഇതാണ്‍ സുന്ദരപ്പുലി!!
കലക്കണ്‍ണ്ട്..! കഥകള്‍ ഇനിയും പോരട്ടെ!

ദില്‍ബാസുരന്‍ said...

സുന്ദരേട്ടാ,
കിടുക്കന്‍ പോസ്റ്റ് വീണ്ടും. ദില്ലി ബ്ലോഗേഴ്സ് കസറുന്നുണ്ടല്ലോ ഈയിടെയായിട്ട്. :-)

പടിപ്പുര said...

ജോബിയുടെ മറുചോദ്യം എനിക്കിഷ്ടപ്പെട്ടു.

(അങ്ങിനെയങ്ങാനായിരുന്നെങ്കില്‍....)

Siju | സിജു said...

ജോബിക്കപ്പോള്‍ വരാന്‍ തോന്നിയത് പ്രിയ മോളുടെ ഭാഗ്യം :D

ചക്കര said...

:)

സുന്ദരന്‍ said...

ദിവോ....ശ്രീനിവാസ്പുരിയില്‍ ഏതുബ്ലോക്കിലായിരുന്നു എന്നു ചോദിക്കരുത്‌...ഏതു ബ്ലോക്കില്‍ അല്ലായിരുന്നു എന്നുവേണം ചോദിക്കാന്‍.എല്ലാ ബ്ലോക്കിലും താമസ്സിക്കാനുള്ള (ദൗര്‍)ഭാഗ്യം കിട്ടിയിട്ടുണ്ട്‌...വര്‍ഷം 94-2000.

ഒരു ------യുടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്യുട്ട്‌ അറിയുമോ...അതായിരുന്നു എന്റെ ഗുരുകുലം....വാടക കൊടുക്കാതാകുമ്പോള്‍ വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കിവിടും ...അങ്ങിനെ എല്ലാ ബ്ലോക്കുകളിലും ഇന്‍സ്റ്റിട്യുട്ട്‌ സഹിതമായിരുന്നു യാത്ര....കൂടുതല്‍ പറയുന്നില്ല പോസ്റ്റിടാം...

കമന്റിയ...
മനു,ദിവ,ശാലിനി, സു,വിശാല മനസ്കന്‍ (ഓ മൈ ഗോഡ്‌....സാക്ഷാല്‍ കൊടകര സുല്‍ത്താന്‍....ഞാന്‍ ധന്യനായി...)ഇക്കാസ്‌, സുഗതരാജ്‌ പലേരി, സുല്‍, ബിജോയ്‌ മോഹന്‍, ഉത്സവം, ദില്‍ബാജുരന്‍, പടിപ്പുര, സിജു, ചക്കര....എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദി...

ഇനിയും കാണണം.....സുന്ദരന്‍

സുന്ദരന്‍ said...

എന്റെ ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗ്‌ ലിസ്റ്റില്‍ വരുന്നില്ല.... ബന്ധപ്പെട്ടവര്‍ ആരെങ്കിലും ഒന്നു നോക്കണെ -
സുന്ദരന്‍

ബിന്ദു said...

കൊള്ളാമല്ലൊ. എന്നിട്ട് അവസാനം എന്തായി? :)

evuraan said...

സുന്ദരാ,

ഒന്നു രണ്ട് മണിക്കൂറുകള്‍ക്കുള്ളിലും ഒന്നും വരുന്നില്ലെങ്കില്‍, അറിയിക്കുക.

ഇതു കണ്ടിരുന്നുവോ?

qw_er_ty

Peelikkutty!!!!! said...

ഓരൊ പോസ്റ്റും ഒന്നിനൊന്ന് അടിപൊളി..
ചിരിക്കാന്‍‌ വേണ്ടിത്തന്നെ ഞാന്‍‌ പിന്നെയും പിന്നെയും വായിക്കാറുണ്ട് :)

Eccentric said...

olam macha olam