Thursday, 15 February, 2007

ഡല്‍ഹി മാഫിയ

പ്രിയപ്പെട്ട സുന്ദര,

നീ എന്നെ മറന്നിട്ടില്ലന്നു കരുതുന്നു, ഞാന്‍ എന്നും നിന്റെ കാര്യം ഓര്‍ക്കും എന്തു രസ്സമായിരുന്നു നമ്മുടെ കോളേജ്‌ലൈഫ്‌.

നമ്മുടെ കൂട്ടുകാരെ ആരെക്കണ്ടാലും നീ എന്റെ അന്വേഷണം അറിയിക്കണം.

പിന്നെ...നീ ഇപ്പോള്‍ എന്തുചെയ്യുന്നു, കോപ്പ്രേറ്റീവ്‌ സൊസൈറ്റിയില്‍ പറഞ്ഞ ജോലി ശരിയായോ?

ഞാനിപ്പോള്‍ തലസ്ഥാനത്താണു സുഹൃത്തെ...ഇവിടെ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോഗ്രാമിംഗ്‌ പഠിക്കുന്നു ഒപ്പം പാര്‍ട്ട്‌ ടൈം ജോലിയും ചെയ്യുന്നു. മാസ്സം ഒരയ്യായിരമെങ്കിലും തടയും. പിന്നെ ഇവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ലിഷ്ട..ജീവിതം സുഖം.

ഇനിയെല്ലാം അടുത്ത കത്തില്‍. അവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു. നീ മറുപടി അയക്കുമല്ലോ,

എന്നു നിന്റെ കൂട്ടുകാരന്‍,

ബിജു ചെറിയാന്
‍എന്‍-134
രാജാ ഗാര്‍ഡന്
‍ന്യൂഡല്‍ഹി

ബി.കോം പഠനത്തിനു ശേഷം വെറുതെ കോക്കൊയുടെ ചുവടുകിളച്ചു നടന്ന ഞാന്‍ എന്റെ പ്രിയ കൂട്ടുകാരന്‍ ബിജു ചെറിയാന്റെ അപ്രതീക്ഷിതമായ്‌ കത്ത്‌ എത്ര ആവൃത്തി വായിച്ചു എന്നു എനിക്കുതന്നെ അറിയില്ല...

സ്നേഹമുള്ളവനാണു ബിജു... ഒരു നല്ലകാലം വന്നപ്പോള്‍ ആദ്യം എന്നെ ഓര്‍ത്തല്ലൊ.

പോറ്റിഹോട്ടലില്‍ നിന്നും ഞാന്‍ എത്ര വട്ടം അവനു ഊണുവാങ്ങി കൊടുത്തിട്ടുള്ളതാ... അടിമാലി മാതായില്‍ എത്രയോ മാറ്റിനികള്‍ എന്റെ ചെലവില്‍ കണ്ടിട്ടുള്ളവനാ... ഒന്നും മറന്നിട്ടില്ല നന്ദിയുള്ളവനാ...ആദ്യം എനിക്കുതന്നെ കത്തെഴുതിയില്ലെ..


ഗള്‍ഫില്‍നിന്നും കൊച്ചേട്ടന്റെ കത്ത്‌വരുമ്പോള്‍ ചേടത്തിയമ്മ കച്ചിത്തുറുവിന്റേം മറപ്പുരയുടെം മറവില്‍ നിന്നു പല ആവൃത്തി ആ കത്തു വായിക്കുകയും നെടുവീര്‍പ്പിടുകയും കുറെക്കഴിഞ്ഞ്‌ പിന്നേം വായിക്കുകയും പിന്നേം നെടുവീര്‍പ്പിടുകയും ചെയ്യുന്നതു മനസ്സിലാക്കാം...പക്ഷേ എനിക്കിതെന്തു സംഭവിച്ചു എന്നു ന്യായമായൊരു സംശയം എന്റെ അമ്മയ്ക്കുണ്ടായതില്‍ തെറ്റുപറയാനൊക്കില്ല.

അമ്മ ഒരു പട്ടാളക്കാരന്റെ മകളായതിനാലാണൊ എന്തൊ ചില പട്ടാള ചിട്ടകളും രഹസ്യാന്വേഷണങ്ങളും വീട്ടില്‍ പതിവായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി, ഇളയ പുത്രന്റെ കയ്യില്‍ എന്തോ അത്ര പന്തിയല്ലാത്ത ഒരു കത്ത്‌ വന്നുപെട്ടിട്ടുണ്ട്‌ എന്ന തെറ്റിദ്ധാരണയുടെ പുറത്ത്‌, അമ്മ എന്റെ പ്രിയ സുഹൃത്ത്‌ ബിജു ചെറിയാന്‍ എനിക്കയച്ച്‌ ലവ്‌ ലെറ്റര്‍ തട്ടിയെടുത്തു.

മറ്റുള്ളവര്‍ക്കുവരുന്ന കത്തുകള്‍ അവരുടെ അനുവാദമില്ലാതെ വായിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയവനോട്‌ 'പോടാ പുല്ലേ' എന്നു പറഞ്ഞുകൊണ്ട്‌ കണ്ണാടിയെടുത്തുവച്ച്‌ അമ്മ രണ്ടാവൃത്തി ആ കത്ത്‌ വായിച്ചു.

എന്റെ സുഹൃത്ത്‌ ബിജുവിനോടുള്ള സ്നേഹം കൊണ്ടോ സിമ്പതികൊണ്ടോ ഒന്നുമല്ല അമ്മ കത്ത്‌ അരിച്ചു പെറുക്കുന്നത്‌ ...അതില്‍ എന്തെങ്കിലും കൊളുത്തുകളുണ്ടെങ്കില്‍ കണ്ടുപിടിച്ചിട്ട്‌ എന്നെ ചോദ്യം ചെയ്യാനാണു.

വി. മത്തായി സ്ലീഹ എനിക്ക്‌ പ്രൈവറ്റായി ഒരു സുവിശേഷം എഴുതി അയച്ചാലും എന്റെ അമ്മ കണ്ണാടിവച്ചു മനസ്സിരുത്തി രണ്ടാവര്‍ത്തി വായിച്ചാല്‍ അതിലും ചില കൊളുത്തുകള്‍ കണ്ടുപിടിക്കും.
പിന്നെയാ ബിജു ചെറിയാന്‍...

"എടാ...അവിടെ കളറുകള്‍ക്കൊരു പഞ്ഞവുമില്ല അല്ലേ ...ഇതിലെന്തോ ഗൂഡാര്‍ത്ഥമുണ്ടല്ലോ..."
അമ്മ മര്‍മ്മസ്ഥാനത്ത്‌ തന്നെ പിടിച്ചു...

എടീ റോസിയേ...ഈ 'കളര്‍' എന്നുവച്ചാല്‍ എന്താടീ? അമ്മ ചേച്ചിയുടെ സഹായം തേടി.

ചരക്ക്‌, പീസ്‌, ലയിന്‍ തുടങ്ങിയ പഴയ പദങ്ങളു മാത്രമേ ചേച്ചിയുടെ വൊക്കാബുലറീല്‍ ഉണ്ടായിരുന്നൊള്ളു...മുഴുവനും പഠിച്ച്‌ പാസ്സാകുന്നതിനുമുമ്പേ പിടിച്ച്‌ കെട്ടിച്ചതിന്റെ ദോഷം!!

"അമ്മെ ഡെല്‍ഹിയിലെ കളറുകള്‍ എന്നു പറഞ്ഞാല്‍ ഹോളിയായിരിക്കും ഉദ്ധ്യേശിച്ചിരിക്കുന്നത്‌... നിറങ്ങളുടെ ഉത്സവമല്ലേ ഹോളി." അമ്മായിയമ്മേം മരുമോളും അങ്ങിനെ ഒരു തീരുമാനത്തിലെത്തിയാല്‍ എനിക്കു കൊള്ളാം...

"ശരിയാണമ്മെ...ഹോളിതന്നെയാ ....ഇന്നാളുനമ്മള്‍ ടെലിവിഷനില്‍ കണ്ടില്ലേ ഡല്‍ഹിയില്‍ ആളുകള്‍ കളറടിച്ചു കളിക്കണത്‌...അതുതന്നെ ഈ കളര്‍" എന്നു പറഞ്ഞു ഞാന്‍ സ്ഥലം കാലിയാക്കാന്‍ നോക്കിയ നേരത്ത്‌ അമ്മ പറഞ്ഞു ..

"എന്നാലും എനിക്കത്ര വിശ്യാസമായിട്ടില്ല"

"അതു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടെലിവിഷനില്‍ കാണുന്നതു കൊണ്ടാണ്‍...കളറു കലക്കിയാലും കരി കലക്കിയാലും ഒരുപോലിരിക്കും...എത്ര നാളായി പറയുന്നു ഒരു കളര്‍ ടെലിവിഷന്‍ വാങ്ങാന്‍..." ചേചി പറഞ്ഞത്‌ സീരിയസ്സായിട്ടായിരുന്നു.

"എടീ ..എനിക്കു വിശ്യാസമാകാത്തത്‌ ടെലിവിഷനെയല്ല...ഇവന്റെ കൂട്ടുകാരനെയാ"
എന്നെ ചൂണ്ടി അമ്മ പറഞ്ഞപ്പോള്‍, എത്രയും പെട്ടെന്ന് ഈ നാട്ടില്‍ നിന്നും രക്ഷപെടുന്നതെങ്ങനേ എന്നാണു ഞാന്‍ ചിന്തിച്ചത്‌, അല്ലെങ്കില്‍ ബിജുചെറിയാന്റെ അടുത്തകത്തില്‍ കളറുകളുടെ പടം വരച്ചു ഭാഗങ്ങളടയാളപ്പെടുത്തിയതോ, കളറുകളെക്കുറിച്ചുള്ള ഉപന്ന്യാസമോ വന്നാല്‍ അമ്മയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരും.

ഒരു പ്രവാസ ജീവിതത്തിനുള്ള പ്ലാനോ തയ്യാറെടുപ്പുകളോ അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. ബിജുവിന്റെ പുതിയ സെറ്റപ്പും പ്രതാപവും നാട്ടുകവല വിടാനുള്ള ഒരു പ്രചോതനമായിത്തീരുകയായിരുന്നു.

ഒരുള്‍വിളി...'ചലോ ചലോ ഡല്‍ഹി' എന്നാരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നപോലെ... ഇനി ആലോചിക്കാനില്ല പോവുക തന്നെ...

ഡല്‍ഹി യാത്രക്കുവെണ്ടി വിസ സ്റ്റാമ്പുചെയ്യാന്‍ ഞാന്‍ സമര്‍പ്പിച്ച അപേക്ഷ അപ്പച്ചന്‍ നിര്‍ദാഷീണ്യം തള്ളിക്കളഞ്ഞു...

"അറിയോം കേക്കോം ഇല്ലാത്ത നാട്‌...എവിടെ താമസ്സിയ്ക്കും, എന്തു കഴിക്കും ആരുണ്ട്‌ സഹായിക്കാന്‍" ഇതെല്ലാമായിരുന്നു അപേക്ഷ തള്ളിയതിന്റെ കാരണമായി അമ്പാസിഡര്‍ പറഞ്ഞത്‌.

എല്ലാത്തിനും ചേര്‍ത്ത്‌ എനിക്കൊറ്റ ഉത്തരമേ പറയാനുണ്ടായിരുന്നൊള്ളു...'ബിജു ചെറിയാന്‍'
ഞാന്‍ ബിജു ചെറിയാന്റെ വീട്ടില്‍ താമസ്സിക്കും,
ഞാന്‍ ബിജു ചെറിയാന്റെ കൂടെ ആഹാരം കഴിക്കും,
ഞാന്‍ ബിജു ചെറിയാനാല്‍ സഹായിക്കപ്പെടും...

എന്നിലും ഉയരം കുറഞ്ഞവന്‍,സൗന്ദര്യം കുറഞ്ഞവന്‍, ബുദ്ധി കുറഞ്ഞവന്‍...എന്നിട്ടുംഅവന്‍ കമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പഠിക്കുന്നു..ഞാന്‍ തൊഴുത്തില്‍ ചാണകം വടിക്കുന്നു...അവന്‍ മാസ്സം അയ്യായിരം രൂപയ്ക്കു പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു ഞാന്‍ അഞ്ചു പൈസ പോലും കിട്ടതെ ഫുള്‍ടൈം ജോലി ചെയ്യുന്നു...അവന്‍ രാജാ ഗാര്‍ഡനില്‍ താമസിക്കുന്നു ഞാന്‍ രാജാക്കാട്ടില്‍ താമസ്സിക്കുന്നു...

വളരെ നാളത്തെ നിരാഹാരത്തിനും (നിശാഹാരത്തൊടുകൂടിയത്‌) പണിമുടക്ക്‌, ഹര്‍ത്താല്‍ ബന്ത്‌ തുടങ്ങിയ സമര മുറകള്‍ക്കും ഒടുവില്‍ എനിക്കു ഡല്‍ഹിക്കു പോകാനുള്ള വിസ അപ്പച്ചന്‍ അടിച്ചുതന്നു.

"ആദ്യമായി ദീര്‍ഘയാത്ര ചെയ്യുന്നതല്ലേ... ചാക്കോച്ചായീനേം കൂട്ടിപോയാല്‍ മതി..അവനാകുമ്പം രണ്ടു പ്രാവശ്യം ബോംബേയ്ക്ക്‌ പോയിട്ടുള്ള പരിചയം ഉണ്ടല്ലോ..പോരാത്തതിനു ഹിന്ദീം വശമുണ്ട്‌" എന്നമ്മ പറഞ്ഞു..

ചാക്കോച്ചായി ഞങ്ങളുടെ ഒരു അടുത്ത ബന്ദുവാണു, ഒറിജിനല്‍ പേര്‍ ജേക്കബ്‌. ആവശ്യമുണ്ടായിട്ടല്ല...എങ്കിലും ഇരിക്കട്ടെ ഒരു ജേക്കബ്‌ കൂടെ, ഇനി അതിന്റെ പേരില്‍ അടിച്ച വിസ ക്യാന്‍സലാക്കിക്കളയേണ്ട.

മുന്നൂറ്റിതൊണ്ണൂറ്റിയഞ്ചു രൂപ വീതം മുടക്കി കേരളാ എക്സ്‌പ്രസ്സിന്റെ സെക്കന്റ്‌ ക്ലാസ്സ്‌ സ്ലീപ്പര്‍ കോച്ചില്‍ ന്യൂഡല്‍ഹിവരെ ചെന്നെത്താനുമ്മാത്രം പോന്ന രണ്ടു ടിക്കറ്റുകള്‍ എടുത്ത്‌ കീശയിലിട്ട്‌ യാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു.

ബിജുവിനു, യാത്ര തുടങ്ങുന്ന ദിവസ്സം ട്രെയിന്‍ അവിടെ എത്തുന്ന ദിവസ്സം സമയം കോച്ച്‌ നമ്പര്‍ സീറ്റ്‌ നമ്പര്‍ ഇതെല്ലാം കാണിച്ച്‌ ഒരു നീണ്ട കത്ത്‌ അഡ്വാന്‍സായി പൂശി.

ഞാന്‍ ബിജുവിനിഷ്ടമുള്ള ഉണക്കക്കപ്പ, ഉണക്ക മീന്‍, അച്ചാറുകള്‍, അവുലോസുണ്ടാ, നേന്ത്രയ്ക്കാ ഉപ്പേരി അങ്ങിനെ കണസാ കുണസാ സാധനങ്ങള്‍ പെട്ടിയില്‍ അടുക്കുമ്പോള്‍, ചാക്കോച്ചായി യാത്രക്കായി ഒരു ഷര്‍ട്ടും, ആ ഷര്‍ട്ടിനകത്തിടാനൊരു ബനിയനും ആ ബനിയനകത്ത്‌ സ്പെഷ്യലായി ഒരു പോക്കറ്റും ആ പോക്കറ്റിലിടാന്‍ നിറയെ കാശും എന്റെ അപ്പച്ചന്‍ വഴിയായി സങ്കടിപ്പിച്ചു.

ഞാന്‍ ഡെല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതില്‍ എന്റെ അമ്മൂമ്മ ഒത്തിരി സങ്കടപ്പെട്ടു. ഞങ്ങളുതമ്മിലുള്ള ഇരിപ്പ്‌ അങ്ങനെയായിരുന്നു. പോകുന്നതിന്റെ തലേന്നു എന്റെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു..

"എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും".

എന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നതുകൊണ്ട്‌ സീറ്റുകളില്‍ എല്ലാം നിറയെ ആളുകളുണ്ടായിരുന്നു. വണ്ടിയില്‍ കയറിയപ്പോള്‍മുതല്‍ ചാക്കോച്ചായി ഉപദേശങ്ങള്‍ ആരംഭിച്ചു.
ട്രെയിന്‍ യാത്രയില്‍ സൂക്ഷിക്കെണ്ട കാര്യങ്ങള്‍. റയില്‍വേ സ്റ്റേഷനിലും ട്രെയിനിനുള്ളിലും ഉള്ള ചെറിയ പിടിച്ചുപറിക്കാര്‍ തുടങ്ങി വലിയ മോഷണ മാഫിയകളെക്കുറിച്ചുവരെ ഇഷ്ടന്‍ വായ്തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

കേരളം മുതല്‍ ഡെല്‍ഹി വരേയും നീളുന്ന അവരുടെ നെറ്റ്വര്‍ക്ക്‌, ഉദാഹരണത്തിനു ഒരു യാത്രക്കാരന്റെ കയ്യില്‍ പണമോ വിലപിടിപ്പുള്ള മേറ്റ്‌ന്തങ്കിലുമോ ഉണ്ടെന്നു ഒരു കുഞ്ഞുമാഫിയക്കു തോന്നിയാല്‍മതി ആ യാത്രയിലുടനീളമുള്ള മാഫിയാ ചെയിനെ മൊത്തത്തില്‍ വിവരമറിയിക്കും. യാത്രയിലെവിടെയെങ്കിലും വച്ചു ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ കൊള്ള നടത്തുകയും ചെയ്യും....

പാലക്കാടു കഴിങ്ങപ്പോള്‍ സത്യമായിട്ടും ഞാന്‍ മയങ്ങിപ്പോയി...പിന്നെ സേലത്തു ചെന്നപ്പോളാണെന്നുതോന്നുന്നു ഞാനുണര്‍ന്നത്‌, അപ്പോളും ചാക്കോച്ചായി സംസാരിച്ചുകോണ്ടേയിരിക്കുന്നു...

"ഇപ്പോള്‍ മനസ്സിലായോ ഇത്രയും പോക്കറ്റുകള്‍ വെളിയിലുള്ളപ്പോള്‍ ഞാനെന്തിനാ ബനിയത്തിന്റെ അകത്ത്‌ ഒരു പോക്കറ്റ്‌ ഉണ്ടാക്കിച്ചതെന്ന്?"

"മനസ്സിലായി..കേരളം തുടങ്ങി ഡല്‍ഹി വരെയുള്ള ചെറുതും വലുതുമായ സകലമാന മാഫിയകളേം പറ്റിക്കാനായിട്ട്‌" ഈ ചാക്കോച്ചായീടെ ഒരു ബുദ്ധിയേ...ഇഷ്ട്ടന്‍ ഞങ്ങളുടെ കവലയിലൊന്നും ജനിക്കേണ്ട ആളല്ലന്നു എനിക്കു പിന്നേം തോന്നി.

അവസാനം ഡല്‍ഹിയിലെത്തി...ഭാഗ്യത്തിനു വണ്ടി കൃത്യസമയത്തു തന്നെ എത്തിച്ചേര്‍ന്നു.
അല്ലെങ്കില്‍ ബിജു കാത്തിരുന്നു വിഷമിച്ചെനെ...

കാത്തിരുന്നു വിഷമിച്ചു...
ഞങ്ങള്‍...ബിജുവിനെ...

ഏകദേശം രണ്ടുമണിക്കൂറുനേരം അവിടെ നോക്കി നിന്നിട്ടും അവന്‍ വന്നില്ല. ഇവനു കോള്ളേജില്‍പഠിക്കുന്ന കാലത്ത്‌ പോറ്റിഹോട്ടലില്‍നിന്നും....
അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല.

ചാക്കോച്ചായി നെര്‍വ്വസ്സാകാനും കുത്തുവാക്കുകള്‍ (എന്നെം എന്റെ ഫ്രണ്ടിനേം)പറയാനും തുടങ്ങി. പുള്ളിക്കാരനേം പറഞ്ഞിട്ടു കാര്യമില്ല അപരിചിതമായ സ്ഥലത്ത്‌ അതും മാഫിയകള്‍ ഒത്തിരിയുള്ള അസ്സമയത്ത്‌, ഒരു കങ്കാരു തന്റെ കുഞ്ഞിനെ എന്നപോലെ മാറത്തെ രഹസ്യ സ്ഞ്ചിയില്‍ ആയിരക്കണക്കുനു രൂപയും വച്ചുകൊണ്ട്‌ നില്‍ക്കുന്നതിലെ റിസ്ക്‌ പുള്ളിക്കു നന്നായിട്ടറിയാം.

ബിജുവിനു തിരക്കുണ്ടാവും...കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ കട്ട്ചൈത്‌ വരാന്‍ അത്ര എളുപ്പമായിരിക്കില്ല അല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് അവധികിട്ടിക്കാണില്ല...ചിലപ്പോള്‍ എന്റെ എഴുത്ത്‌ മിസ്സായിട്ടുണ്ടാകുമോ? ഇന്ത്യയില്‍ അങ്ങിനേം സംഭവിക്കാമല്ലോ...ഏതായാലും അവന്റെ താമസ്സ സ്ഥലം തേടിപ്പിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ബോംബേ എക്സ്‌പീരിയെന്‍സും ഹിന്ദി ഭൂഷനും കൈമുതലായുള്ള ചാക്കോച്ചായി കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ഭയപ്പെടണം.

സ്റ്റേഷനു പുറത്തിറങ്ങിയപ്പോള്‍ നന്നായി വിശക്കാന്‍ തുടങ്ങിയിരുന്നു...ഉച്ച്യ്ക്കു ട്രെയിനിലേ ആഹാരം വാങ്ങി കഴിക്കാതിരുന്നത്‌ മനപ്പൂര്‍വമാണു. കാരണം ബിജുവിന്റെ വീട്ടില്‍ എനിക്കായി വളരെ ഹെവിയായിത്തന്നെ സദ്യ ഒരുക്കിയിട്ടുണ്ടാവും...ഞാന്‍ ശരിക്കും കഴിച്ചില്ലങ്കില്‍ തീര്‍ച്ചയായും അവനു വിഷമമാവും...(പോറ്റി ഹോട്ടലില്‍നിന്നും ഞാന്‍ അവനു ഒരുപാട്‌ ഊനുവാങ്ങിക്കൊടുത്തിട്ടുള്ളതല്ലെ...)

വഴിവക്കിലിരുന്നൊരു പഴക്കച്ചവടക്കാരന്‍ "സേവ്‌..സേവ്‌.." എന്നുറക്കെ എന്നെ നോക്കി വിളിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു അയാളെന്തോ അപകടത്തില്‍പെട്ടിട്ട്‌ എന്നോടു സഹായം ചോദിക്കുകയാണെന്ന്.

നല്ല ഫ്രെഷ്‌ കാഷ്മീരി ആപ്പിള്‍ കണ്ടപ്പോള്‍ ചാക്കോച്ചായിക്കു വിശപ്പു വര്‍ദ്ധിച്ചു (എനിക്കും)കച്ചവടക്കാരന്റെ അരികില്‍ചെന്നു മുഴുത്ത ഒരാപ്പിളില്‍ ചൂണ്ടിക്കൊണ്ട്‌ ചാക്കൊച്ചായി ഹിന്ദി പറയാനാരംഭിച്ചു

"ദോ ദേദീജിയെ"

ചാക്കോച്ചായീടെ ഹിന്ദി കേട്ടിട്ട്‌ അസൂയകൊണ്ടാണോ എന്നറിയില്ല ആ ജാട്ട്‌ കച്ചവടക്കാരന്‍ ഞങ്ങളെ രണ്ടാളേം കുറേനേരം തറപ്പിച്ചു നോക്കി.....എന്നിട്ടു രണ്ടാപ്പിളെടുത്ത്‌ തൂക്കം നോക്കി അഞ്ചു രൂപ കൊടുക്കാന്‍ പറഞ്ഞുകൊണ്ടു ചാക്കോച്ചായിയുടെ കയ്യില്‍ കൊടുത്തു.

ഇവനെ കണ്ടാല്‍ ഒരു മാഫിയ ലുക്കുണ്ടല്ലോ എന്നടക്കം പറഞ്ഞാണു ചാക്കോച്ചായി അഞ്ചുരൂപ കച്ചവടക്കാരനു കൊടുത്തത്‌.

അടുത്ത്‌ നിമിഷം എന്താണു നടക്കുന്നത്‌ എന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനുമുമ്പെ ഭീമാകാരനായ ആ കച്ചവടക്കാരന്‍ ഒരു കത്തിയെടുത്ത്‌ ഞങ്ങളുടെ നേരെ വീശിക്കൊണ്ടു.....
"ചാക്കൂ ചായിയേ" എന്നു പറഞ്ഞതും.......

ഓടിക്കോടാ സുന്ദരാാ...എന്നും പറഞ്ഞു ചാക്കോച്ചായിയും പുറകെ ഞാനും പ്രാണനും കൊണ്ടോടിയതും മാത്രമെ ഓര്‍മ്മയുള്ളു.....

ഭാഗ്യത്തിനു ഒരു ടാക്സി കാര്‍ എതിരെ വന്നതിനെ ബുദ്ധിപൂര്‍വ്വം കൈകാണിച്ചു നിര്‍ത്തി ചാക്കൊച്ചായിരും പുറകെ ഞാനും അതില്‍കയറിപ്പറ്റിയപ്പോളാണു ശ്വാസം നേരെവീണത്‌.

"ഇപ്പോള്‍ ഞാന്‍ പറഞ്ഞത്‌ നിനക്കു വിശ്വാസമായിക്കാണുമല്ലോ ഇല്ലെ?" ചാക്കോച്ചായി ചോദിച്ചു...

"മാഫിയ ശരിക്കും നമ്മുടെ പുറകേയുണ്ട്‌...നമ്മുടെ സകല ഡീറ്റയില്‍സും അവമ്മാര്‍ക്കു കിട്ടിക്കഴിഞ്ഞു....കേട്ടില്ലെ അവന്‍ കത്തിയെടുത്തപ്പോള്‍ എന്റെ പേരു വിളിച്ചത്‌......ചാക്കൂച്ചായിയേന്ന്!!! "

....ഓ...ഈ മാഫിയകളുടെ ഒരു കാര്യമേ.....

___________________________________
ഡല്‍ഹി മാഫിയ (തുടരും)

18 comments:

സുന്ദരന്‍ said...

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ എന്റെ കണ്‍മുന്നില്‍നിന്നാണു ചന്ദ്രന്റെ പെട്ടി അടിച്ചോണ്ടു പോയത്‌...അതും മാഫിയ തന്നെ ആയിരിക്കണം...

സുന്ദരന്റെ പുതിയ പോസ്റ്റ്‌

Nousher said...

തുടരന്‍ തീരെ പ്രതീക്ഷിച്ചില്ല. ഇതൊരു മാതിരി ചതിയായിപ്പോയി. ഏതായാലും ബാക്കി വല്ലാണ്ട് വൈകണ്ടാ. വൈകിയാല്‍  X(
-
-
-
-
-
-
-
-
-
-
-ഞാന്‍  കാത്തിരിക്കും അല്ലണ്ടെന്താ ചെയ്യാ. ;)

G.manu said...

എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും".

എടാ സുന്ദരാ..ചിരിച്ച്‌ അടപ്പു തെറ്റി..നിനക്കിത്ര നര്‍മബോധം ഉണ്ടായിരുന്നോ..മൈ ഗോഡ്‌...

പിന്നെ നീ ഇപ്പൊ ബ്ളോഗ്‌ ഷുഗറിനു അടിമയായതില്‍ പിന്നെ മെയില്‍ ഒന്നും നോക്കറില്ലെ..വല്ലപ്പൊഴും മറുപടി അയക്കെടാ.. മനോരമ ഡെല്‍ഹി എഡിഷനിന്‍ നാളെ "ഇന്ദ്രപ്രസ്ഥത്തിലെ ഏ-ചുവരെഴുത്തുകാറ്‍" എന്ന ആര്‍റ്റിക്കില്‍ വരുന്നുണ്ട്‌. നിണ്റ്റെ നാട്ടുകവലക്ക്‌ പ്രശസ്തികൂടാന്‍ പോകുന്ന് മോനേ..

ശ്രീജിത്ത്‌ കെ said...

അവസാനം കസറി. ഹ ഹ. അത്ര അമറന്‍ ഒരു അലക്ക് പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Peelikkutty!!!!! said...

സുന്ദരേട്ടാ ഇതു കലക്കി.ഓ.ടോ:വീട്ടിലാ ല്ലെ ജനിച്ചെ..:-)

Siju | സിജു said...

ഡല്‍ഹി മാഫിയ സൂപ്പര്‍

സുന്ദരനിപ്പോള്‍ ഇറ്റാലിയന്‍ മാഫിയയിലാണോ :-)

കുറുമാന്‍ said...

ഹ ഹ ഹ, ബൂ ഹാ ഹാ

എന്നിലും ഉയരം കുറഞ്ഞവന്‍,സൗന്ദര്യം കുറഞ്ഞവന്‍, ബുദ്ധി കുറഞ്ഞവന്‍...എന്നിട്ടുംഅവന്‍ കമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പഠിക്കുന്നു..ഞാന്‍ തൊഴുത്തില്‍ ചാണകം വടിക്കുന്നു...അവന്‍ മാസ്സം അയ്യായിരം രൂപയ്ക്കു പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു ഞാന്‍ അഞ്ചു പൈസ പോലും കിട്ടതെ ഫുള്‍ടൈം ജോലി ചെയ്യുന്നു...അവന്‍ രാജാ ഗാര്‍ഡനില്‍ താമസിക്കുന്നു ഞാന്‍ രാജാക്കാട്ടില്‍ താമസ്സിക്കുന്നു - കലക്കി സുന്ദരാ, സുമുഖാ, സുവാഷ്.....സോറി സഭാഷ്....അടുത്തത് പോരട്ടെ.

വിചാരം said...

കുറുമാന്‍റെ ബുള്‍ഗാന്‍ വെച്ചുള്ള ഹ ഹ ഹ ബുഹ ചിരികേട്ടിട്ടാ ഞാനിങ്ങ് വന്നത് കുഴുവന്‍ വായിച്ചു കഴിയുമ്പോഴേക്കും പല തവണ ഹി ഹി ഹി ഹി ഹി ആയിപ്പോയിഷ്ടാ ..... കലക്കന്‍

ഇതാണ് ഉപദേശം അനുഭവസ്ഥാപദേശം:"എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും".

കൃഷ്‌ | krish said...

ചാക്കൂചായിയെ...മാഫിയ വരുന്നു.. മുട്ടവില്‍പ്പനക്കാരന്‍ വിളിക്കാതിരുന്നത്‌ നന്നായി.
കൊള്ളാം ട്ടൊ. കലക്കി.

കൃഷ്‌ |krish

ഉത്സവം said...

"വി. മത്തായി സ്ലീഹ എനിക്ക്‌ പ്രൈവറ്റായി ഒരു സുവിശേഷം എഴുതി അയച്ചാലും എന്റെ അമ്മ കണ്ണാടിവച്ചു മനസ്സിരുത്തി രണ്ടാവര്‍ത്തി വായിച്ചാല്‍ അതിലും ചില കൊളുത്തുകള്‍ കണ്ടുപിടിക്കും."

ഹഹഹഹ സുന്ദരോ ഇതും വെടിച്ചില്ല് പോസ്റ്റ്!!

രണ്ടാം ഭാഗം വേഗം പോരട്ടെ..

ദിവ (d.s.) said...

നാട്ടാരേ, യെവന്‍ പുലിയാണ്‍ കേട്ടാ !!

സുന്ദരോഓഓഓഓ, തുടക്കം മുതലേ ചിരിപ്പിച്ചു. ഹ ഹ ഹ. തന്നെയല്ല, വളരെ straight forward ആയി കഥ പറഞ്ഞുപോകുന്ന രീതിയും ഇഷ്ടപ്പെട്ടു. നല്ല സെന്സ് ഓഫ് ഹ്യൂമര്. കളറിന്റെ കാര്യം പറഞ്ഞ് അമ്മയെപ്പറ്റിച്ചതുള്പ്പെടെ ഓരോ ജോക്കും അടിപൊളി.

കൊക്കോയുടെ ചുവടുകിളച്ചുനടന്നു എന്ന് പറഞ്ഞതുമാത്രം ഞാന്‍ വിമര്ശിച്ചിരിക്കുന്നു.

:-))

വേണു venu said...

എവിടെ പോയാലും മോനു നല്ലതേ വരു...ഏതു കാര്യം ചെയ്യുന്നതിനും മുമ്പെ അപ്പൂപ്പനെ ഓര്‍ക്കണം...എന്നിട്ട്‌ അപ്പൂപ്പന്‍ എന്തുചെയ്യുമായിരുന്നോ അതിന്റെ എതിരങ്ങു ചെയ്തേക്കണം...എല്ലാം ഭംഗിയായിത്തീരും
എന്‍റമ്മൂമ്മയോടിതു വേണാരുന്നോ സുന്ദരാ...
ചിരിച്ചേ...ബാക്കി പോരട്ടേ...

വിവി said...

‘മാലൂം നഹി’ മരിച്ചു പോയി
‘ചാകൂ ചായിയേ’ ചാക്കൊചായന്‍
എന്നീ ഹിന്ദി നമ്പറുകള്‍ കേട്ടിട്ടുണ്ട് എന്നാലും നീ അത് വലിച്ച് നീട്ടി ത്രെഡ് പൊട്ടിക്കാതെ തമാശ കലര്‍ത്തി കീച്ചീല്ലോ ഗഡി.. കലക്കീന്‍ഡ്രാ പെടകള്. ഈയ് സുന്ദരനല്ല..സുന്നരനാ സുന്നരന്‍.

സങ്കുചിത മനസ്കന്‍ said...

അടുത്ത ലക്കം നാളെ പൂശിയില്ലെങ്കില്‍
സുന്ദരാ.... ഒറിജിനല്‍ മാഫിയയെക്കൊണ്ട്
റോമിലിട്ട് തട്ടും....

-അല്ല പിന്നെ

-സങ്കുചിതന്‍

വക്കാരിമഷ്‌ടാ said...

ഹ ക്യൂബ് ഹ... നല്ല സുന്ദരന്‍ പോസ്റ്റ്. സ്ടെയിറ്റ് ഫോര്‍വേഡ് പോസ്റ്റ്. അമ്മൂമ്മയുടെ ഉപദേശം നല്ല ഒന്നാന്തരം. അടിപൊളി.

ഒരു ബ്യാഗ് വാങ്ങാന്‍ അതിന് വിലയെത്രയെന്ന് ചോദിച്ചപ്പോള്‍ പച്ചീസ് എന്ന് പറഞ്ഞ ബോംബേ വഴിക്കടക്കാരനെ എന്നെയാണോ മോനേ പറ്റിക്കുന്നതെന്ന ഭാവത്തില്‍ പേശുമ്പോള്‍ പകുതിയില്‍ നിന്ന് പേശിത്തുടങ്ങണമെന്ന പേശ് തിയറിപ്രകാരം പച്ചാസ് എന്ന് തറപ്പിച്ച് ആത്മവിശ്വാസത്തോടെ കടക്കാരനോട് പറഞ്ഞത് കേട്ടതിന്റെ ഷോക്കില്‍ ഒന്നും മിണ്ടാതെ പച്ചാസും വാങ്ങിച്ച് കടക്കാരന്‍ അത്ഭുതസ്തബ്ധനായി നിന്നപ്പോള്‍ എന്റെ സുഹൃത്തിന് ലോകം കീഴടക്കി എന്ന ഭാവമായിരുന്നു.

അടുത്തത് ചൂടാറാതെ പോരട്ട്.

ഇടിവാള്‍ said...

സുന്ദരാ.. കലക്കീണ്ട് ട്ട്രാ ഗെഡീ..

പോസ്റ്റു വായിക്കുപോള്‍ ഉടനിളം ചുണ്ടിലൊരു ചിരി തങ്ങിനിന്നിരുന്നു..

തുടരൂ ..

ചക്കര said...

......ചാക്കൂച്ചായിയേന്ന്!!!

:)

ദില്‍ബാസുരന്‍ said...

സുന്ദരേശന്‍ ചേട്ടാ,
കൊട് കൈ! കലക്കിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ഉടന്‍ അടിച്ചിറക്കേണ്ടി വരും. തെറ്റിദ്ധരിയ്ക്കരുത്, ഇതിന്റെ ബാക്കി ഭാഗം അടിച്ചിറക്കുന്ന കാര്യമാണ് പറഞ്ഞത്. :-)